കരിങ്കാളിച്ചാത്തൻ

By മനോഹരൻ വി. പേരകം  |   Published: 16th November 2023 12:00 PM  |  

Last Updated: 16th November 2023 12:04 PM  |   A+A-   |  

 

കരമാസമാകുന്നതേയുള്ളൂ.

എന്നിട്ടും നല്ല തണുപ്പുണ്ടല്ലോയെന്ന് നമ്പോലനു തോന്നി. മുണ്ടഴിച്ചു പുതച്ചുള്ള കിടപ്പ് തുടരുകയോ അല്ലെങ്കിൽ ചപ്പില കത്തിച്ച് ശരീരം ചൂടാക്കുകയോ വേണമെന്ന് വിചാരിക്കുമ്പോഴാണ് കോഴിക്കൂക്ക് കേട്ടത്. ഒരെണ്ണമല്ല, അഞ്ചെട്ടെണ്ണം കൂട്ടിൽ കിടന്ന് അലറിപ്പൊളിക്കുകയാണ്. പിന്നെ ഒട്ടും അമാന്തിച്ചില്ല, അയാൾ എഴുന്നേറ്റോടി കോഴിക്കൂടിനിട്ട് നാല് ചവിട്ട് ചവിട്ടിയപ്പോൾ ചാത്തങ്കോഴികൾ അന്നത്തെ കൂക്ക് നിർത്തി. “എന്തൂട്ട് മനുഷ്യനാണ്, ഇയാളൊന്ന് കൂകാനും സമ്മതിക്കില്ലെ” എന്ന് ചാത്തങ്കോഴികളും “എന്തൂട്ട് ചാത്തങ്കോഴികളാണ്, എന്തൊരു ലകളയാണ്” എന്ന് നമ്പോലനുമപ്പോൾ വിചാരിച്ച് കുറച്ചുനേരം മുഖാമുഖം നിന്നു. പിന്നെ ചാത്തങ്കോഴികൾ അവരുടെ പാട്ടിനും നമ്പോലൻ അയാളുടെ പാട്ടിനുമെന്നോണം അകത്തെത്തി മുണ്ടുടുത്ത് ചപ്പില കത്തിക്കാനുള്ള പുറപ്പാടിൽ ഭാര്യ, മുഹാമിയെ വിളിച്ചുണർത്തി. മടിയിൽ ആച്ചാണത്തെ ബീരാൻ തന്ന സിഗാർ ലൈറ്റ് വെക്കാനും അയാൾ മറന്നില്ല.

മുഹാമി മനസ്സിൽ പ്രാകിക്കൊണ്ടാണെഴുന്നേറ്റത്. കെട്ടഴിഞ്ഞ താറാക്കോണമുടുത്ത് മീതെ മുണ്ടും ചുറ്റി വടക്കോറത്തേക്ക് നടക്കുമ്പോൾ അറിയാതെ കോട്ടുവായയിട്ടു. പണിയെടുത്ത് തോറ്റതിന്റേയും നമ്പോലൻ മേല് കയറി കുത്തിക്കുലുങ്ങിയതിന്റേയും ക്ഷീണം ശരീരത്തിനു നല്ലപോലെയുണ്ട്. എന്നിട്ടും അവൾ വേഗം വടക്കോറത്തെത്തി, ഒരു നിമിഷം ഇരുട്ട് നോക്കി നിന്ന് ആലോചിച്ചു. “ദെയ് വേ, വള്ളിച്ചാതികളൊക്കെ പൊത്തിലേക്കുതന്നെ മടങ്ങിപ്പോയിട്ടുണ്ടാവ്വോ?” പിന്നെ ഉള്ളിലെ ഉറപ്പിൽ ചൂലെടുത്ത് പറമ്പിലേക്ക് നടന്ന് ചപ്പിലകളടിച്ചുകൂട്ടാൻ തുടങ്ങി. ധനുക്കുളിരേറ്റ് കുറച്ചുനേരം വിറച്ചെങ്കിലും ശരീരം ചൂടുപിടിക്കുന്നതാലോചിച്ചപ്പോൾ നമ്പോലന് ഒരുശിരൊക്കെ തോന്നി. മുഹാമിയെ വെറുതെ ഒരടി അടിച്ചാലോയെന്ന വിചാരമുണ്ടായെങ്കിലും അപ്പോഴേക്കും അവൾ ചപ്പിലകൾ അടിച്ചുകൂട്ടിയതിനാൽ അയാളത് വേണ്ടെന്നുവെച്ചു. അന്നേരം മടിയിൽനിന്നും സിഗാർ ലൈറ്ററെടുത്ത് ഒന്നുരണ്ടുതവണ അമർത്തിയെങ്കിലും തീ കത്തിയില്ല. “യെന്ത് മൈരാണിത്, ബീരാമ്മാപ്ലക്ക് നല്ല സാമാനം തന്നൂടെ?” ബീരാനെ ശപിച്ച് അയാളപ്പോൾ ദേഷ്യത്തോടെ സിഗാർ ലൈറ്റ് ചപ്പിലകൾക്കുമീതെയിട്ട് മുഹാമിയോട് കൽപ്പിച്ചു: “വെക്കം കുപ്പിച്ചിമ്മിണിയെടുത്ത് വന്നേടീ.”

അടുക്കളയിലെ ഇരുട്ടിൽനിന്നും കുപ്പിച്ചിമ്മിണി തപ്പിയെടുക്കാൻ തന്നെ മുഹാമി പാടുപെട്ടു. ചിമ്മിണി കിട്ടിയപ്പോൾ തീപ്പെട്ടി കാണാനില്ല. ഇരുട്ടിൽ തീപ്പെട്ടി തപ്പിയും അവൾ തോറ്റു. അടുപ്പുംകണ്ണിക്കൽനിന്നും മൂപ്പര് തന്നെയാവും അതെങ്ങോട്ടെങ്കിലും മാറ്റിവെച്ചിരിക്കുകയെന്ന് മുഹാമി വിചാരിച്ചു. അവസാനം നിലത്തുനിന്നും കിട്ടിയ നനഞ്ഞ കൂടിൽ കൊള്ളിയുരസി ചിമ്മിണി കത്തിച്ചെത്തുമ്പോഴേക്കും നമ്പോലന് നേരം തെറ്റിയിരുന്നു. “കൂത്തിച്ചി മോളേ, നീയ്യെന്തൊരുക്ക്വായിരുന്നു ഇത്രീം നേരം?”

മഹാമിയെ ഒറ്റയടിയടിച്ചതും കുപ്പിച്ചിമ്മിണി ചപ്പിലകൾക്കുമീതെ തെറിച്ചുവീണ് അതിന് തീ പിടിച്ചു. മുഹാമി കണ്ണു തുടച്ച് നടന്നുപോയപ്പോൾ നമ്പോലൻ അനുജൻ ചിത്തനെ കൂകിവിളിച്ചു.

യെന്ത് മൈരിനാണ് യേട്ടൻ പൊലച്ചക്കേ അവറ്ണ്ടല്ലൊ!” ചിത്തൻ ആദ്യമങ്ങനെ വിചാരിച്ചെങ്കിലും പറമ്പിൽനിന്നാണ് യേട്ടന്റെ വിളിയെന്നറിഞ്ഞപ്പോൾ അയാൾ വേഗം കിടക്കപ്പായയിൽ നിന്നെഴുന്നേറ്റു. മുണ്ടുടുത്തോടിയെത്തുമ്പോഴേക്കും തീ ആളിക്കത്താൻ തുടങ്ങിയിരുന്നു. യേട്ടൻ കൈകൾ രണ്ടും പരത്തിപ്പിടിച്ച് ചൂട് പിടിപ്പിക്കുന്നുണ്ടായിരുന്നു. ചിത്തനുമപ്പോൾ യേട്ടനഭിമുഖമായിരുന്ന് തീ നാളത്തിനടുത്തേക്ക് കൈകൾ പരത്തിക്കാട്ടി ചൂട് പിടിപ്പിക്കാൻ തുടങ്ങി.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

തീ കാഞ്ഞുള്ള ഇരിപ്പിൽ മകരവും വേലയും വരവായെന്ന് രണ്ടാളും വിചാരിച്ചു. ശരീരം ചൂടായപ്പോൾ രണ്ടാളും മൂരിനിവർന്ന് രണ്ടാൾക്കും കൂടിയുളള മുറ്റത്തെ കിണറ്റിൽനിന്നും പാളയ്ക്ക് വെള്ളംകോരി കൊൽക്കുഴിഞ്ഞു. ചിറി തുടച്ചു. രണ്ടാളും ഓരോ കൈക്കുടന്ന വെള്ളം കാർന്നോന്മാരിരിക്കുന്ന പാലച്ചോട്ടിലെ വടക്കൻ വാതിൽക്കലേക്കും തെളിച്ചു. നേരം വെളുത്തെങ്കിലും വെയിലൊന്നും വന്നിട്ടില്ലെങ്കിലും രണ്ടാളും നടക്കാൻ തുടങ്ങി. ഏരിമ്മലൂടെ വടക്കോട്ടേറെ നടന്നാൽ പന്തപ്പാരമങ്ങാടിയായി. ഉദയച്ചന്റെ നിരപ്പലകകളിട്ട പലചരക്കു പീടികക്കപ്പുറം അവറുമാപ്ലാരുടെ മീനട്ടിയും കടന്നുള്ള ചെരിവിറങ്ങിയാൽ ചൊണയൻ രൈരുച്ചന്റെ കള്ള് ഷാപ്പായി. ഉദയച്ചന്റെ പീടികയെത്തിയപ്പോൾ പുറത്തെ ഉപ്പുകൂടയിൽ തൂറി വെച്ചാലോയെന്ന് ചിത്തൻ വിചാരിച്ചെങ്കിലും യേട്ടനത് ഇഷ്ടപ്പെടില്ലെങ്കിലോ എന്നു ചിന്തിച്ചപ്പോൾ അതിന് തുനിഞ്ഞില്ല. കർക്കടം മുതല് സാമാനങ്ങൾ കടം തരാത്ത ഉദയച്ചനോടുള്ള ഈറ പലപ്പോഴും അയാൾ ഉപ്പുപെട്ടിയിൽ തൂറിവെച്ചാണ് വീട്ടാറുള്ളത്.

പന്തപ്പാരത്തെ കുടിയന്മാരെ കാത്ത് ഷാപ്പിന്റെ പനമ്പ് വാതിലെപ്പോഴും തുറന്നു കിടക്കും. കാലത്തേ കടം പറഞ്ഞ് ഒരു ചെറുകുടം അകത്താക്കിയാൽ വയറും മൊകറും ഉണരുമെന്ന ലാക്കിലാണ് രണ്ടാളുടേയും നടപ്പ്. മകരം വരവായതിനാൽ ചൊണയൻ മുഷിപ്പില്ലാതെ പറ്റ് തരുമെന്നും ചൊവ്വക്ക് കൂറയിടാൻ ഇനി ഒരാഴ്ചയേയുള്ളുവെന്നും രണ്ടാളും കരുതി. കൂറയിട്ടാൽ വേഷം കെട്ടി നാട്ടുനട തുടങ്ങിയാൽ ഏതുപറ്റും ഏഴുനാൾക്കകം വീട്ടാവുന്നതേയുള്ളൂ. അതിനുമാത്രം വേലകളാണ് മകരത്തിലുള്ളത്. പിന്നാലെയെത്തുന്ന കുംഭത്തിലും മീനത്തിലുമുണ്ട് ധാരാളം വേഷം കെട്ടലുകൾ. ഒക്കെ ചെണയനെപ്പോലെ ഉദയച്ചനുമറിയാം.

മകരമാസത്തിൽ മഞ്ഞുവീഴ്ച മാത്രമല്ല, കള്ളുവീഴ്ചയും കോഴിവെട്ടും നടക്കുന്ന മാസമാണ്. ചാത്തങ്കോഴികൾക്കും കാര്യം തിരിയും. പിടകളെ പിരിയുന്നതിന്റേയും മരണമടുക്കുന്നതിന്റേയും സങ്കടം അവരുടെ ഊക്കുകുറഞ്ഞ കൂക്കുകളിൽനിന്നും മഞ്ഞബാധിച്ച കണ്ണുകളിൽനിന്നും തിരിയും. ആയിരം കരിങ്കാളി കെട്ടിയെത്തുന്ന മാങ്ങാട്ടുകാവിലേയും മൂക്കോലക്കാവിലേയും വേലയ്ക്ക് കാളികൾ വെട്ടിയിടുന്ന കോഴിത്തലകൾ കൊട്ടയിൽ പെറുക്കിയിട്ട് മുഹാമിയും ചിത്തന്റെ പെണ്ണ് ചെമ്മരത്തിയും തോൽക്കും. അതൊക്കെ കൊണ്ടുവന്ന് വീതനപ്പുറത്ത് കൂട്ടിയിടുന്നതപ്പോൾ ചിത്തൻ മനസ്സിൽ കണ്ടു. തലയില്ലാത്ത ഉടലുകൾ ഭക്തന്മാർ കൊണ്ടുപോയാലും ഒരു തലയിൽനിന്നും ഒരു കഷണം ഇറച്ചി കിട്ടിയാലും തിന്നുതീർക്കാൻ രണ്ടു ദിവസം വേണം. ആ ഓർമ്മയിൽ ചിത്തന്റെ മുഖം തെളിഞ്ഞുകണ്ടതും നമ്പോലൻ ചോദിച്ചു: “യെന്താണ് ഉണ്ണി ഓർക്കണത്?”

യെന്റെ മനസ്സിലിപ്പോൾ കോഴിക്കൂക്കും കോഴിച്ചോരയുമാണ്!”

അനുജന്റെ മറുപടി കേട്ടപ്പോൾ നമ്പോലന് വല്ലാതായി. മൂക്കാഞ്ചാത്തൻ കെട്ടുന്നവനെന്തിനാണ് കോഴിക്കൂക്കും കോഴിച്ചോരയുമോർക്കണത്? കോഴിയിറച്ചിയാണേൽ തെറ്റില്ല. രണ്ടുമൂന്നു കൊല്ലമായി ഇവനിങ്ങനെ ആശ പറഞ്ഞുതുടങ്ങിയിട്ടെന്നും നമ്പോലൻ കരുതി. കരിങ്കാളിയുടെ ഉടുത്തുകെട്ടുകൾ തുന്നാനെടുക്കുമ്പോഴും കിരീടങ്ങളും മെയ്യാഭരണങ്ങളും വാളും മിനുക്കാനെടുക്കുമ്പോഴും അവനടുത്തുവന്നു നിൽക്കുന്നതും അതൊക്കെ കയ്യിലെടുത്തു നോക്കുന്നതും നടത്തത്തിലും നമ്പോലന് ഓർമ്മവന്നു. കൂടാതെ വാഴാവിലുള്ള മാരിപ്പെങ്ങളേയും വിളിച്ചുവരുത്തും. എരണം കെട്ടോള് ഉളുപ്പില്ലാണ്ട് പറയും: “യേട്ടന് വയ്യാണ്ടാവല്ലേ, വാള് പിടിച്ച് യേട്ടൻ വെറയ്ക്കണത് കാണുമ്പം ഉള്ളില് സങ്കടാണ്. ചിത്താങ്ങളയുള്ളതോണ്ട് യേട്ടന് സമാനിക്കാം. അവ്‌ടെ ആരാള്ളത്?” ഇവിടെ വേഷം വെച്ചുമാറാൻ ചിത്തനുണ്ടെന്നും അവക്കടെ വീട്ടിൽ അങ്ങനെയൊരനുജൻ ഇല്ലെന്നുമാണ് മാരിപ്പെങ്ങളുടെ അന്തർഗതം!

യെന്താണ് ഉണ്ണീടെ മനസ്സിലുള്ളത്, തുറന്നു പറയ്ടാ.”

മാരിപ്പെങ്ങളെ വിളിച്ചുവരുത്തി കാര്യം പറയിപ്പിക്കുകയാവും നല്ലതെന്നു വിചാരിച്ച് ചിത്തനപ്പോൾ ഒന്നും പറഞ്ഞില്ല. നടന്നുനടന്ന് ഷാപ്പടുത്തതും നല്ല മധുരക്കള്ളിന്റെ മണം മൂക്കിലടിച്ചതും അത്രനേരം മനസ്സിനെ മഥിച്ച കാര്യമൊക്കെ രണ്ടാളും മറന്നു. മധുരക്കള്ളിൽ രൈരുച്ചൻ വെഷക്കള്ള് ചേർക്കുമോ എന്നായി പിന്നത്തെ ചിന്ത. കള്ള് പാരുന്ന ഒച്ച കേൾക്കുന്നുണ്ടോ എന്ന് പനമ്പുവാതിലിൽ പിടിച്ച് കാതോർക്കുമ്പോഴും കൈനീട്ടം വിൽക്കാതെ ചൊണയൻ കടം തരില്ലെന്ന് രണ്ടാൾക്കും അറിയാമായിരുന്നു. പനമ്പുവാതിലിനു മുകളിലൂടെ നോക്കിയപ്പോൾ അകത്തൊരാളിരുന്ന് കുടിക്കുന്നത് കണ്ടതും രൈരുച്ചൻ കടം തരില്ലെന്ന ആധിയും പമ്പ കടന്നു. കള്ളിന്റേയും ഞണ്ടു കറിയുടേയും മണം മൂക്കിലേക്ക് തള്ളിവന്നതിനാൽ രണ്ടാളുടേയും വായയിൽ കൊതിവെള്ളം നിറയുകയും ചെയ്തു.

പനമ്പുമറയ്ക്കു മുകളിലൂടെ പുറത്തേക്ക് ചിത്തൻ ഒരു തൊള്ള കൊതിവെള്ളം തുപ്പിയപ്പോൾ നമ്പോലൻ അനുജനെ സമാധാനിപ്പിച്ചു: “അടങ്ങുണ്ണീ, രൈരുച്ചൻ കടം തരും.” കുറച്ചുനേരം കാത്തെങ്കിലും ചൊണയൻ പുറത്ത് വരാതായപ്പോൾ ഒന്ന് വെടെറക്കി ആളെ അറിയിച്ചാലോയെന്ന് ചിത്തൻ യേട്ടന്റെ കാതിൽ പറഞ്ഞപ്പോൾ നമ്പോലൻ തടഞ്ഞു: “വേണ്ട, രൈരുച്ചൻ മ്മടെ ആളാ. കർക്കടത്തില് ആളെത്തിരിയില്ലെങ്കിലും മകരത്തില് മൂപ്പരടെ മോത്ത് ആയിരം കണ്ണാണ്!”

കൂരാപ്പൊത്തിലൂടെ ശബ്ദം കേട്ട് രൈരു വാതിൽക്കൽ തല കാണിച്ചെങ്കിലും അവരോട് മിണ്ടിയില്ല; കണ്ട ഭാവം നടിച്ചില്ല. നമ്പോലനപ്പോൾ തല ചൊറിഞ്ഞ് മടിശീല തപ്പിയപ്പോൾ ഒരു കുടത്തിനുള്ള വകയേ കണ്ടതുള്ളൂ. ഒരു കുടെങ്കീ ഒരു കുടം, രണ്ടാൾക്കും പപ്പാതിയാക്കാം എന്ന വിചാരത്തോടെ അപ്പോൾ രണ്ടാളും നാലുകാലൻ ബെഞ്ചിലിരുന്നു. എന്നിട്ട് മടിശീല നിറച്ചും കാശുള്ള മകരമാസത്തിൽ ഉശിര് കാണിക്കുമ്പോലെ നമ്പോലൻ മുന്നിലെ ഡസ്‌കിൽ ആഞ്ഞടിച്ചു. മുളപ്പൊളി ചീന്തുന്ന എളിയിലെ പിച്ചാത്തിയൂരി ചിത്തൻ ആഞ്ഞൊരു കുത്തും കുത്തി. ഇതൊന്നുമറിയാതെ ചൊണയൻ രൈരുവപ്പോൾ രണ്ട് കുടം കള്ളും രണ്ട് വെട്ടുഗ്ലാസ്സും അവരുടെ മുന്നിൽവെച്ച് ചായ്‌പിനകത്തേക്കുതന്നെ മടങ്ങിപ്പോയി. രണ്ടു കുടം മധുരക്കള്ള് രൈരുച്ചൻ പറ്റിലെഴുതിക്കോളുമെന്ന ധാരണയിൽ രണ്ടാളും കുടി തുടങ്ങി.

ചായ്‌പിലായാലും ഷാപ്പിലാരൊക്കെയാണ്, ഏത് നേരത്തൊക്കെയാണ് വരുന്നതും പോകുന്നതുമെന്ന് രൈരുച്ചനറിയുമെന്നും പറ്റുപുസ്തകത്തിൽ കണക്ക് വരുമെന്നും പന്തപ്പാരത്തെ എല്ലാ കുടിയന്മാർക്കുമറിയാം. കുടി കഴിഞ്ഞതും നമ്പോലനും ചിത്തനും മിണ്ടാതെ പുറത്തേക്കിറങ്ങി. അങ്ങാടിയും ഷാപ്പും ഇളകിയുണരുന്നതേയുള്ളൂ. റോഡിലും ഏരിമ്മലും വെയിലുറഞ്ഞു കൂടുന്നതേയുള്ളൂ. ചെരിവ് കയറി പീടികകൾ പിന്നിട്ട് ഏരിമ്മലെത്തിയപ്പോൾ രണ്ടാളും തോളിൽ കൈയിട്ടായി നടത്തം, ആടിനടന്ന് നമ്പോലന്റെ പുരയെത്തിയതും ഉമ്മറത്തെ വിട്ടത്തിൽ മുളയലകിട്ടുണ്ടാക്കിയ തട്ടിൽ സൂക്ഷിച്ചിരുന്ന കരിങ്കാളിയുടെ കിരീടവും മുലക്കൂട്ടങ്ങളും എകിറും പാവാടകളും രണ്ടാളും കൂടിയെടുത്ത് താഴേക്കിറക്കിവെച്ചു. വേഷം കെട്ടുന്നതിനുള്ള അനദാരികളിൽ, പാവാടകളിൽ ചിലതൊക്കെ മുഷിഞ്ഞിട്ടുണ്ട്, ചിലത് കീറിയിട്ടുണ്ട്. ഓടിന്റെ മെയ്യാഭരണങ്ങളിൽ ക്ലാവ് പിടിച്ചിട്ടുണ്ട്. കിരീടങ്ങളിലെ പെയിന്റടർന്നിട്ടുണ്ട്.

ഇന്റെയേട്ടാ...”

യേട്ടനിൽനിന്നും പറ്റ് കള്ള് കുടിച്ച വികാരവായ്പിൽ ചിത്തനപ്പോൾ വിളിച്ചു. എല്ലാ നല്ല കാര്യങ്ങൾ തുടങ്ങുമ്പോഴും ചിത്തൻ, യേട്ടനായ നമ്പോലനെ വിളിച്ച് കെട്ടിപ്പിടിച്ച് കരയാറുണ്ട്. നമ്പോലനുമപ്പോൾ ഉണ്ണിയോടേറെ വിനയാന്വിതനാവും.

ഉണ്ണീ...”

നമ്പോലൻ ചിത്തനെ മാറോടടുക്കി പറഞ്ഞു: “അന്നെ ഇന്റെ കൈയിലേൽപ്പിച്ചാണ് നമ്മടമ്മ സ്വർഗ്ഗത്ത് പോയത്.”

അകത്തുള്ള മുഹാമിയും ചെമ്മരത്തിയും ആ കരച്ചിലും ഭാഷണങ്ങളും കേൾക്കുമെങ്കിലും ഗൗനിക്കാറില്ല. അവരൊക്കെ നല്ല കുടിയന്മാരാണ്, കുടിക്കുമ്പോൾ മാത്രമേ എട്ടാനുജന്മാരെന്ന വിചാരമുള്ളൂ. അതുകഴിഞ്ഞാലോ, വാക്കേറായി, കണ്ടൂടാണ്ടയായി എന്നാവും വിചാരം.

നൂറുവട്ടം കേട്ട കാര്യമാണെങ്കിലും ചിത്തനപ്പോൾ മിണ്ടാനും കരച്ചിൽ നിർത്താനും പറ്റിയില്ല.

അതൊന്നും ഓർത്ത് കരയരുതുണ്ണീ.” നമ്പോലൻ അനുജനെ ഒരുവിധം സമാധാനിപ്പിച്ചപ്പോൾ രണ്ടു പേരും പരസ്പരമുള്ള പിടിവിടുവിച്ച് മിഴികൾ തുടച്ച് നിലത്ത് ചമ്രം പടിഞ്ഞു. ചുവപ്പും കറുപ്പും വെളുപ്പും നിറങ്ങളുള്ള തുണികൾ കലർത്തിത്തുന്നിയ പാവാടകൾ അങ്ങിങ്ങ് കീറിയത് കണ്ട് അതിലൊന്നെടുത്ത് ചിത്തൻ തുന്നാൻ തുടങ്ങിയപ്പോൾ നമ്പോലൻ കിരീടത്തിൽനിന്നും അടർന്ന നിറങ്ങളിൽ ചകിരിപ്പൂഞ്ഞകൊണ്ട് ചായങ്ങൾ തേച്ചുപിടിപ്പിക്കാൻ തുടങ്ങി. അന്നേരം ഏരിമ്മലെ പച്ചക്കിരീടം ഉയർത്തിക്കാണിച്ചതുപോലെയുള്ള കൈതപ്പൊന്തകൾക്കിടയിലൂടെ ഓടയുംകൊണ്ട് ഉറുവാടൻ പോകുന്നത് ചിത്തന്റെ കണ്ണിൽപെട്ടു. അയാൾക്കപ്പോൾ അറിയാതെ ചൊണ വന്നു. വടക്കേപ്പാട്ടെ കുളം ലക്ഷ്യമാക്കിയാണ് ഉറുവാടന്റെ പോക്കെന്ന് മനസ്സിലായതും അയാൾ മുറ്റത്തേക്ക് കാർക്കലിച്ച് തുപ്പി. വെള്ളത്തിനു ചൂട് പിടിക്കുന്നതും ഉശിരന്മാരായ കണ്ണൻ മീനുകളൊക്കെ വെയിൽ കായാനായി ജലോപരിതലത്തിലെത്തുന്നതും ഉറുവാടനപ്പോൾ തൊള്ളനിറച്ചും വായു വലിച്ചെടുത്ത് ഒറ്റ ഊത്ത് ഊതുന്നതും വാലിൽ തറച്ച ഉളിയുമായി കണ്ണൻ മീൻ പിടഞ്ഞോടുന്നതും അയാളുടെ മനസ്സിൽ തെളിഞ്ഞു. എന്നും രണ്ടുമൂന്ന് കണ്ണന്മീനുകളെ മാത്രമെ ഉറുവാടൻ പിടിക്കാറുള്ളൂ. മടക്കനടത്തത്തിൽ ഉറുവാടൻ ഏരിമ്മലെത്തുമ്പോൾ കോർമ്പയിലെ കണ്ണന്മീനുകളിലൊന്ന് വായുവിലൂടെ പല മലക്കം മറിച്ചിലിനുശേഷം ചെമ്മരത്തിയുടെ സമീപത്ത് വന്നുവീഴുന്നത് അയാൾ കണ്ടിട്ടുണ്ട്. ഉച്ചത്തെ ചോറിനുള്ള കൂട്ടാൻ പാത്രത്തിൽനിന്നും മോതിരവളയങ്ങൾ പോലെയുള്ള മീൻ നുറുക്കുകൾ വിരലുകൾ മുങ്ങിയെടുക്കുമ്പോൾ ആരോ കഴുത്തിൽ പിടിമുറുക്കുന്നപോലെയും ഒപ്പം ഉറുവാടനേയും അയാൾക്കോർമ്മ വരും.

ചിത്രീകരണം- സചീന്ദ്രന്‍ കാറഡുക്ക

ഉറുവാടൻ പിടിച്ച മീനല്ലേടീ ഇത്, ഒരുമ്പെട്ടോളേ?” ചിത്തൻ എത്ര ചൊണച്ച് ചോദിച്ചാലും ചെമ്മരത്തി മുഖം താഴേക്കിട്ട് കാൽനഖം കൊണ്ട് നിലത്ത് ചിത്രമെഴുതി നിൽക്കുകയേയുള്ളൂ. ഉറുവാടന്റെ ഓർമ്മയിൽ ചെമ്മരത്തിയെ ഒരു പൂശ പൂശണമെന്ന വിചാരമുണ്ടായെങ്കിലും മനസ്സിൽ തോന്നിയ ഈറയത്രയും കാർക്കലിച്ച ഒരു തുപ്പലിലൊതുക്കി അയാൾ തുന്നിക്കൊണ്ടിരിക്കെ ഉറുവാടൻ നടന്നുമറഞ്ഞു. അന്നേരം മനസ്സിനിത്തിരി ലാഘവം വരുത്താനെന്നോണം അയാൾ തന്നത്താൻ പറഞ്ഞു:

വെരും കൊല്ലെങ്കിലും തുണികൾ മാറ്റണം.”

വേണെങ്കീ ഇക്കൊല്ലം തന്നെ മാറ്റാലോ. പന്തപ്പാരത്തെ നാറാണച്ചന്റെ പീടികേല് പറ്റ് പറയാലോ!”

നമ്പോലൻ മറുപടി പറഞ്ഞെങ്കിലും ചിത്തൻ കേട്ടില്ല.

മകരം തുടങ്ങി കുംഭം കഴിയും വരേക്കും ആഘോഷക്കാലമാണെന്ന് നമ്പോലന്റേയും ചിത്തന്റേയും അകത്തുള്ളവർക്കും അറിയാം. പുരയുടെ ചുമരുകൾ കുമ്മായം പൂശുന്നതും നിലവും വീതനപ്പുറവും ചാണകം തേച്ചുവടിച്ച് വെടിപ്പാക്കുന്നതും അവർ തന്നെയാണ്. എന്നാലേ മച്ചിൽ അരിയും നെല്ലും അവിലും മലരും തേങ്ങയും വെള്ളരിക്കയും വീതനപ്പുറത്ത് കോഴിക്കഴുത്തുകളും നിറയൂ. മകരവും കുംഭവും സ്വപ്ന സാക്ഷാല്‍ക്കാരത്തിന്റേയും ബാക്കി മാസങ്ങൾ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നതിന്റേയും മാസങ്ങളാണെന്ന് അവർക്കറിയാമായിരുന്നു.

പിറ്റേന്നും അതിന്റെ പിറ്റേന്നും അവർ വാളിന്റേയും ചിലമ്പുകളുടേയും അരച്ചട്ടമണികളുടേയും കഴുത്തൂട്ടങ്ങളുടേയും മുലക്കൂട്ടങ്ങളുടേയും ക്ലാവ് കളയാനാണ് ശ്രമിച്ചത്. കാരോട്ടുപെട്ടിയിലെ ചോന്ന ഭസ്മമെടുത്ത് തുടച്ചപ്പോൾ ഓടിന് ലേശം തിളക്കം കിട്ടിയതുപോലെയായി. ആ സന്തോഷത്തിൽ നമ്പോലൻ എഴുന്നേറ്റുനിന്ന് വാളും ചിലമ്പും കൈയിലെടുത്ത് വിറപ്പിച്ച് ശിരസ്സ് കുടഞ്ഞ് വിളിച്ചു: “ഹുവ്വേയ്... ഹുവ്വേയ്...”

പന്തപ്പാരത്തെ അയ്‌നിച്ചോട്ടിൽ കവിടി വീശിയെറിയുന്നവർ പഞ്ചീസ് വീഴ്ത്താനും വീണാലും ഇതേ ഉരം പ്രകടിപ്പിക്കാറുള്ളതും അന്നേരം തന്നെക്കണ്ടാൽ താമിപ്പുലയൻ മാത്രം കൈക്കൂപ്പുന്നതും നമ്പോലന് ഓർമ്മവന്നു. ചിത്തനാണപ്പോൾ ഞെട്ടിയത്. മുരപ്പില്ലാത്ത ശബ്ദം കേട്ട് വിശ്വാസം വരാത്തതുപോലെ അയാൾ യേട്ടനെ നോക്കി. കള്ള് കുടിച്ച് തിളക്കം കെട്ടുപോയ രണ്ട് ഉണ്ടക്കണ്ണുകൾ ഒരു വശപ്പിശകിലെന്നോണം അപ്പോൾ ചിത്തനേയും നോക്കുന്നുണ്ടായിരുന്നു.

യേട്ടന്റെ ഒച്ച തിറമ്പ്ന്ന്. പണ്ടത്തെ ഊക്കൊക്കെ പോയപോലിണ്ട്.”

ചിത്തൻ പറഞ്ഞത് കേട്ട് നമ്പോലനപ്പോൾ പന്തപ്പാരത്തെ കലാസമിതിയിലെ നാടകക്കാരെപ്പോലെ ഒച്ച ശരിയാക്കി വീണ്ടുമൊന്ന് വിളിച്ചു: “ഹുവ്വേയ്... ഹുവ്വേയ്...”

യേട്ടന്റെ ദയനീയ മുഖം കണ്ട് ചിത്തനൊന്നും പറഞ്ഞില്ല. കരിങ്കാളിയുടെ തിരുമ്പിയുണക്കിയ പാവാടകൾ മടക്കിവെക്കുമ്പോൾ ഒരെണ്ണമെടുത്ത് ചുറ്റുവാൻ ചിത്തന് മോഹമുദിച്ചു. പിന്നാലെ കിരീടം വെച്ചു നോക്കാനും. കിരീടം ചാർത്തുമ്പോൾ തലശീല കെട്ടുകയും അതിനുമുന്‍പ് വടക്കൻ വാതിലെന്ന സങ്കല്പത്തിൽ അറുപത്തിനാല് കളം വരയ്ക്കുകയും വിളക്ക് കൊളുത്തുകയും കളങ്ങളിൽ അരിയും നെല്ലും തുളസിയുമൊക്കെ ഇടുകയും വേണം. അയാളപ്പോൾ കൂടുതലൊന്നും ആലോചിക്കാതെ കിരീടം വെച്ച് അരയിൽ അരച്ചട്ടമണി കൊളുത്തിട്ടുറപ്പിച്ചു. ചെകിടിന്റെ സ്ഥാനത്ത് ഒരു ഏകിറ് വെച്ച് ഇറയിലെ പൊട്ടു കണ്ണാടിയെടുത്ത് കുറച്ചുനേരം നോക്കിനിന്നു. പിന്നെ എകിറും പൊട്ടു കണ്ണാടിയും പുല്‍പ്പായയിൽ വെച്ച് വാളും ചിലമ്പും കയ്യിലെടുത്ത് ഉച്ചത്തിൽ ഹുവ്വേയ് വിളിച്ചു. യേട്ടൻ നോക്കുന്നതു കണ്ടപ്പോൾ രണ്ടുമൂന്ന് തവണ അതാവർത്തിച്ചു. അയാൾക്കപ്പോഴേക്കും സ്ഥിരമായി കെട്ടാറുള്ള മൂക്കാഞ്ചാത്തൻ വേഷത്തോട് വല്ലാത്ത അതൃപ്തി തോന്നിയിരുന്നു. തട്ടിൽ അനാഥശവം കണക്കേ കിടന്നിരുന്ന മൂക്കാഞ്ചാത്തന്റെ വെള്ള പെയിന്റടിച്ച മുഖപടത്തോടും അതിലെ ചോരനാക്കിനോടും വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു. യേട്ടന്റെ കൂട്ടില്ലാതെ ഉദയച്ചന്റെ പീടികയിലേക്കും പഞ്ചീസുകളി കാണാനും ചെല്ലുമ്പോൾ ആളുകൾ, “തണ്ടുക്കും മുണ്ടുക്കും വര്ണ്ട്” എന്നു പറയുന്നത് അയാളുടെ പൗരുഷത്തെത്തന്നെ ഉലക്കുന്നതായി തോന്നിയിട്ടുണ്ട്. കുട്ടികളെ പേടിപ്പിക്കാനും പെണ്ണുങ്ങൾക്കു മുന്നിൽ കോമാളിയാവാനും മാത്രമേ ഈ വേഷം ഉപകരിക്കുകയുള്ളൂ. ചിത്തന്റെ രണ്ടു മൂന്ന് ഹുവ്വേയ് വിളിക്കുശേഷം നമ്പോലനും അനുജന്റെ ഉള്ളിലിരിപ്പ് തിരിഞ്ഞു കിട്ടി. കിരീടങ്ങളിലെ ഛായത്തേപ്പും ഓടുകൊണ്ടുള്ള മെയ്യാഭരണങ്ങളിലെ മിനുക്കലും കഴിഞ്ഞപ്പോൾ എല്ലാമവർക്ക് പുതിയതുപോലെയായി തോന്നി.

ഇന്റെ മക്കളേ...

ദേശ മക്കളേ...

ഇത്തറ മലവായേ...

അത്തറയുടയോരേ...

എല്ലാറ്റിനുമുടയോനായ

കരിങ്കാളിച്ചാത്താ...

ചൊവ്വക്ക് കൂറയിട്ടാൽ വേഷം കെട്ടലോടെ വടക്കൻ വാതിൽക്കൽനിന്ന് കരിങ്കാളിത്തറയിൽ ചൊല്ലിയാടിയാണ് ദേശനടക്കിറക്കുക. വിളക്കിനും വീക്കുചെണ്ടക്കും പിന്നിൽ കരിങ്കാളി ചുവട് വെക്കും. ദേശവും ദേശാന്തരങ്ങളും ചുറ്റിയാലും സൂര്യൻ നെറുകയിലെത്തുമ്പോഴേക്കും പന്തപ്പാരത്തെ ഷാപ്പിനു മുന്നിൽ എത്തിപ്പെടും. ആ വിചാരത്തോടെയുള്ള നടകളേയുള്ളൂ. കുറേ നടന്നാൽ വെയിലും കാറ്റും ദേഹത്തെ നീരെല്ലാം കുടിച്ച് വറ്റിക്കും. ശരീരത്തിന്റെ ബലവും ശബ്ദത്തിലെ ഉരവും കൂട്ടാൻ കള്ള് ഉത്തമമാണെന്ന് രണ്ടാൾക്കുമറിയാം. വെഷക്കള്ള് പാരാത്ത ഇളം കള്ള് കിട്ടണമെങ്കിൽ രൈരുച്ചന്റെ ഷാപ്പിൽതന്നെ വരണം! ദിവസവും രണ്ടുമൂന്ന് കുടുക്ക ചെത്തുകള്ള് രൈരുച്ചൻ തങ്ങൾക്കായി മാറ്റിവെച്ചിട്ടുണ്ടാവുമെന്ന് അവർ വിശ്വസിച്ചു.

ആടയാഭരണങ്ങൾ പുൽപ്പായയിൽ നിരത്തിവെച്ചപ്പോൾ ഉള്ളിലെ ഇംഗിതം യേട്ടനോട് തുറന്നു പറഞ്ഞാലോയെന്നോർത്ത് ചിത്തൻ അലക്ഷ്യമായി നടക്കുമ്പോഴാണ് മാരിപ്പെങ്ങൾ വന്നുകയറിയത്. എത്ര തിരക്കായാലും ചൊവ്വക്ക് കൂറയിടുന്നതിനു മുന്‍പേ മാരിപ്പെങ്ങൾ കുളം കലക്കാനെന്നോണം പന്തപ്പാരത്തേക്ക് പുറപ്പെട്ടെത്തുമെന്ന് നമ്പോലനറിയാം. മാരിയുടെ ആ വരവിലും നമ്പോലനത് മണത്തു. പുറത്തെ ലഹള കേട്ട് ഇരിക്കാൻ മുട്ടിപ്പലകയുമായി വാതിൽക്കൽ മുഖം കാണിച്ച് മുഹാമി ഇത്തിരിനേരം നിന്നെങ്കിലും നമ്പോലൻ വെടെറക്കിയപ്പോൾ അവൾ അകത്തേക്ക് മടങ്ങിപ്പോയി. ചെമ്മരത്തിയും നാത്തൂന് മുഖം കാണിച്ചെങ്കിലും ചിത്തന്റെ കാർക്കലിക്കൽ കേട്ട് അവളും വന്നവഴിക്ക് പോകുകയായിരുന്നു. യേട്ടാനുജന്മാരും മാരിപ്പെങ്ങളും കുറച്ചുനേരം നിന്ന് താമിയളിയന്റേയും മക്കളുടേയും വിശേഷങ്ങൾ പറഞ്ഞു. നമ്പോലന്റെ മകനായ കുഞ്ഞുണ്ണിയേയും ചിത്തന്റെ മകനായ അപ്പുണ്ണിയേയും തലോടി മാരിയും നിന്നു. അതൊക്കെക്കഴിഞ്ഞപ്പോൾ പറഞ്ഞോ എന്ന് ചിത്തനും പറയട്ടേയെന്ന് മാരിയും കണ്ണുംപിടി കാണിക്കുമ്പോൾ എന്നാൽ, കേൾക്കട്ടേയെന്ന വിചാരം നമ്പോലനുമുണ്ടായി. അന്നേരമാണ് ഉറുവാടൻ ചിത്തന്റെ കണ്ണിൽ പെട്ടത്. വായുവിലൂടെ ഒരു കണ്ണന്മീനിന്റെ പല മലക്കംമറിച്ചിൽ അയാൾ പ്രതീക്ഷിച്ചെങ്കിലും നമ്പോലന്റെ പുരയിൽ മൂന്നാളേയും ഒരുമിച്ചു കണ്ടപ്പോൾ ഉറുവാടൻ തല കുമ്പിട്ട് അറിയാത്തതുപോലെ പോകുകയായിരുന്നു. ഏരിമ്മൽ നിന്ന് പൂക്കൈതകളുടെ മറവെത്തുമ്പോഴേക്കും ഒന്നു തിരിഞ്ഞുനോക്കിയെങ്കിലും അയാളുടെ കണ്ണിൽ ചെമ്മരത്തി പെട്ടില്ല. ചെമ്മരത്തിയെ കാണാത്ത ദിവസവും കണ്ണന്മീനിനെ വായുവിലേക്കെറിയാത്ത ദിവസവും ആയുസ്സിൽ പാഴാണെന്ന് ഉറുവാൻ വിചാരിച്ചു.

ഉറുവാടന്റെ നോട്ടം തിരിഞ്ഞ ചിത്തന് ചൊണ വന്നു. എല്ലാ ശൗര്യവും വായിലേക്കെടുത്ത് കാർക്കലിച്ച് മുറ്റത്തേക്ക് തുപ്പുമ്പോഴാണ് മാരിപ്പെങ്ങൾ നമ്പോലനെ കെട്ടിപ്പിടിച്ച് നെലോളിക്കുവാൻ തുടങ്ങിയത്.

ഇന്റെ വല്യാങ്ങള ക്ഷീണിച്ചല്ലോന്റെ കാർന്നോന്മാരേ! വീറും വാശീം പോയാൽ ഇന്റാ ങ്ങളക്കെങ്ങനെ കരിങ്കാളി കെട്ടി നടക്കാൻ പറ്റും?”

ഏട്ടന് ചുവട്‌വെച്ച് കളിക്കാൻ പാടാണെന്നും ശരീരത്തിന്റെ ബലം പോയെന്നും ശബ്ദത്തിന്റെ ഊക്ക് കുറഞ്ഞെന്നും ചിത്തനും കാരണം കണ്ടുപിടിച്ച് പറഞ്ഞപ്പോൾ നമ്പോലനും കാര്യം തിരിഞ്ഞു. വീററ്റ കരിങ്കാളിയെ ആളുകൾ മാനിക്കില്ല. അതിനെത്ര ചാരായം അകത്താക്കിയിട്ടും കാര്യമില്ല. അതധികമായാലോ, ആടാനും കുഴയാനും കാരണമാകും.

ഇന്നാച്ചാൽ, ഇക്കൊല്ലം മുതൽ ഉണ്ണ്യായിക്കോ കരിങ്കാളി. ഞാൻ മൂക്കാഞ്ചാത്തൻ കെട്ടിക്കോളാം.”

ഒടുവിൽ വേഷങ്ങൾ വെച്ചുമാറാൻ നമ്പോലൻ സമ്മതിച്ചു.

വെല്ലക്കാപ്പി മോന്തി മാരിപ്പെങ്ങൾ യാത്ര പറഞ്ഞ് വഴിയിലേക്കിറങ്ങിയപ്പോൾ ചിത്തൻ പുൽപ്പായയിലെ വാളും ചിലമ്പും കയ്യിലെടുത്ത് നാലഞ്ചുതവണ ഹുവ്വേയ് വിളിച്ചു. ചെക്കനോട് വീക്കുചെണ്ട തകർത്തോളാൻ പറയണമെന്നും അയാൾക്കുണ്ടായിരുന്നു.

കരിങ്കാളി കെട്ടുകയെന്നാൽ വേറൊരു ജന്മത്തിലേക്കെത്തുകയാണെന്ന് ചിത്തൻ വിചാരിച്ചു. ദേശക്കാരുടേയും ബന്ധുക്കളുടേയും ശ്രദ്ധാകേന്ദ്രമായി നാട്ടുനടയും കാവുതീണ്ടലുമൊക്കെ കഴിയുമ്പോഴേക്കും മടിശീല നിറയും. മടിശീലയിലെ പുളപ്പൻ നോട്ടുകൾ അന്നാന്ന് പെട്ടിയിലേക്കും മറിയും.

കളിയെല്ലാം മൂക്കാഞ്ചാത്തൻ കളിച്ചോളും. വടി കൊട്ടിക്കളിക്കണം. ചാടി മറിയണം. വഴിയിൽ പണക്കാരച്ചന്മാരെ കണ്ടാൽ തല ചൊറിയണം അന്തിയാകുമ്പോഴേക്കും ക്ഷീണിച്ചുപോകും. പോരാത്തതിന് മുഖപടത്തിന്റെ താങ്ങുവടി കടിച്ചുപിടിച്ച് പല്ലും വായും കെട്ടിയ തലയും വേദനിക്കും.

മൂക്കോലയിൽ കൂറയിട്ട നാൾ ചിത്തൻ കുളിച്ചെത്തി വടക്കൻ വാതിൽക്കൽനിന്ന് അലറി വിളിച്ചു: “ഹുവ്വേയ്... ഹുവ്വുവ്വേയ്...”

തലശീല കെട്ടി കിരീടം ചാർത്തിയപ്പോൾ ചിത്തന് ഉടലാകെ വിറച്ചു.

ചിത്തൻ വിറക്കുന്നതുകണ്ട് നമ്പോലൻ വിളക്കത്തുനിന്ന് നെല്ലിന്റേയും തുളസിയുടേയും മിശ്രിതമെടുത്ത് അനുജനെ മൂന്നുവട്ടമുഴിഞ്ഞ് കളത്തിലിട്ടു. എന്നിട്ടും ചിത്തന്റെ വിറ തരംഗഗതിയിൽ ശിരസ്സോളം ചെല്ലുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ചിലപ്പോൾ അയാൾ വട്ടം തിരിഞ്ഞു, വാൾ വീശി.

കണ്ടുനിന്ന മുഹാമിക്കും ചെമ്മരത്തിക്കും ചിത്തനോടപ്പോൾ നല്ല മതിപ്പ് തോന്നി.

മാനത്ത് മഴവില്ലും നീലത്തടാകവും ചിത്തൻ കണ്ടു. ഒരേറ്റിന് തടാകക്കരയിൽ ഓടിനടന്ന് അമർത്തിച്ചവിട്ടി വെള്ളം പൊട്ടിച്ചു. അതൊക്കെയും ഇടിവെട്ടുകളായി ഭൂമിയിൽ പതിച്ചു.

കരിങ്കാളികെട്ടിയപ്പോൾ ചിത്തനുണ്ടായത് ഉശിരാണെങ്കിൽ മൂക്കാഞ്ചാത്തൻ കെട്ടിയ നമ്പോലനുണ്ടായത് ഇണ്ടലാണ്! ശരീരത്തിന്റെ ബലം ചോർന്നുപോകുന്നതോടൊപ്പം ആയുസ്സും ചോരുന്നുണ്ടെന്ന് അയാൾ ധരിച്ചു. ആ ധാരണയിൽ കളിക്കാതെ ഏറ്റവും പിന്നിൽ തലതാഴ്ത്തി നടക്കുകയായിരുന്നു അയാൾ. മുന്നിൽ നമ്പോലൻ മകൻ കുഞ്ഞുണ്ണി കുത്തുവിളക്ക് പിടിച്ചു. അവനു പിന്നിൽ വീക്കുചെണ്ടയിൽ കോലിട്ട് ചിത്തൻ മകൻ അപ്പുണ്ണി. അവനു പിന്നിൽ ചിത്തന്റെ ഉശിരുള്ള കരിങ്കാളി. കരിങ്കാളിക്കു പിന്നിൽ ചാക്കേന്തിയ ബംഗാളി. ബംഗാളിക്കു പിന്നിൽ ഉശിരൊടുങ്ങിയ മൂക്കാഞ്ചാത്തൻ!

ഏരിമ്മലേക്ക് പടിയുള്ള പല വീടുകളിലും അവർ ചെന്ന് വേല വിളിച്ചു. വെള്ളരിക്കയും ചക്കയും അരിയും നെല്ലും നിറഞ്ഞ് ബംഗാളിക്ക് ചാക്കേന്താൻ വയ്യാതായി. “ബഹുത്ത് മുശ്ക്കിൽ ഹെ!” ബംഗാളിപ്പയ്യൻ, അവന്റെ സമപ്രായക്കാരനായ ചിത്തന്റെ മകനോട് വഴിനീളെ നടന്ന് പറഞ്ഞു കൊണ്ടിരുന്നെങ്കിലും കൊട്ടുന്നതിനിടക്ക് അവൻ കേട്ടില്ല. സൂര്യൻ നെറുകയിൽ വെയിൻ വീഴ്ത്താൻ തുടങ്ങിയപ്പോൾ നമ്പോലനും ചിത്തനും മക്കൾ കാണാതെ കണ്ണും പിടിയും കാട്ടാൻ തുടങ്ങി. മീനട്ടിയിലെ അയ്‌നിച്ചോടെത്തിയപ്പോൾ പഞ്ചീസുകളിക്കാരുടെ ബഹളമുണ്ട്! നടന്നലഞ്ഞ കുട്ടികൾ കുറച്ചുനേരം വിശ്രമിച്ചോട്ടെയെന്നു കരുതി നമ്പോലനും ചിത്തനും മരത്തിനു മറപറ്റി നിന്ന് വേഷങ്ങളഴിക്കാൻ തുടങ്ങി. അപ്പോഴേക്കും വിളക്ക് മരത്തിൽ ചാരി കുഞ്ഞുണ്ണിയും ചെണ്ടക്കുറ്റിയിലിരുന്ന് അപ്പുണ്ണിയും ചാക്കുകെട്ടിനു മുകളിലിരുന്ന് ബംഗാളിപ്പയ്യനും പഞ്ചീസുകളിയിലേക്ക് ബദ്ധശ്രദ്ധരായി. വേഷമഴിച്ചതും വിളക്കൂതിക്കെടുത്തി കുഞ്ഞുണ്ണിയോട് നമ്പോലൻ പറഞ്ഞു: “നിങ്ങയിവിടെ കൊർച്ചേരം വിസ്രമിക്ക്. ഞങ്ങളിതാ വെക്കം വര്ന്ന്.” നമ്പോലനും ചിത്തനും നടന്നുപോകുന്നതും നോക്കി ബംഗാളിപ്പയ്യൻ പറഞ്ഞു: “യേ ലോഗ് പാഗൽ ഹെ.”

രൈരുച്ചന്റെ ഷാപ്പിലെത്തിയപ്പോൾ വെയിൽകൊണ്ട് നടന്നുവന്നതിനാൽ അവർ ഇരിപ്പിടം കാണാതെ കുറച്ചുനേരം തമ്പിട്ടു. കാഴ്ച തെളിഞ്ഞപ്പോൾ ബഞ്ചിലൊരടിയടിച്ച് നമ്പോലൻ ഇരുന്നയുടനെ ഡസ്‌ക്കിൽ പിച്ചാത്തി കുത്തി ചിത്തനുമിരുന്നു.

ചായ്പ്പിലെ കൂരാൻ പൊത്തിലൂടെ നമ്പോലാദികളുടെ വരവറിഞ്ഞ രൈരു, കുറച്ചു നേരത്തിനു ശേഷം രണ്ടുകുടുക്ക കള്ളും രണ്ട് വെട്ടുഗ്ലാസ്സും അവരുടെ മുന്നിൽ വെച്ച് തൊട്ടുകൂട്ടാൻ എന്താണ് വേണ്ടതെന്ന് ചോദിച്ചു. ഓരോ പ്ലേറ്റ് ഞണ്ടുകറിയായിക്കോട്ടേ എന്നായി ചിത്തൻ. ഉരുണ്ടുവണ്ണിച്ച പുഴ ഞണ്ടാണ്. രുചി കൂടും. തോടിനുള്ളിൽ പരമാവധി മാംസം കുത്തിനിറച്ച് ദൈവം പ്രത്യേകം പടച്ചിറക്കിയതാണ്. രൈരുച്ചന്റെ വെപ്പും നന്നാവും. എരിവ് കൂട്ടി ഉശിര് വരുത്തും. കുടിയും തീറ്റയും കഴിഞ്ഞപ്പോൾ രണ്ടാളും രൈരുച്ചനെ പ്രശംസിച്ച് മടുപ്പിച്ചു.

കള്ള് നന്നായിണ്ട്” -ചിത്തൻ പറഞ്ഞു.

കൂട്ടാനും നന്നായിണ്ടെന്ന് പറയൂ ഉണ്ണീ.” രൈരുച്ചനോട് പറയാനുള്ളത് നമ്പോലൻ അനുജനെ ഏൽപ്പിച്ചു.

ഒരു ശീലത്തിൽ മടിക്കുത്തിൽനിന്നും പൈസയെടുത്ത് നമ്പോലൻ ഊക്കിൽ ഡസ്‌ക്കിലൊരു തല്ല് തല്ലി വെച്ചെങ്കിലും ചിത്തൻ യേട്ടനോട് പൈസ തിരിച്ചെടുക്കാൻ പറഞ്ഞ് പുളപ്പൻ നോട്ടുകളെടുത്ത് കൊടുക്കുകയായിരുന്നു. വെച്ചുമാറലിന്റെ വേഷശിഷ്ടങ്ങളിൽനിന്നും ചിലതുൾക്കൊണ്ട് രൈരു ചിത്തനു നേരെ കൈ കൂപ്പി.

ഷാപ്പിറങ്ങുമ്പോൾ ചിത്തൻ യേട്ടൻ കാർന്നരെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി: “മിണ്ടാണ്ട് നടക്കുണ്ണീ. പഞ്ചീസുകളിക്കാരും ഉണ്ണ്യോളും അന്റെ അങ്കം കാണണ്ട.”

അത് ശരിയാണെന്നു തോന്നി ചിത്തൻ കരച്ചിൽ നിർത്തി.

മീനട്ടിയുടെ ചെരിവെത്തിയപ്പോൾ ലോകം മാറിയിട്ടുണ്ടെന്ന് അവർക്കു തോന്നി. ആകാശം മഴവില്ലിന്റെ സപ്തവർണ്ണങ്ങളാൽ പൂരിതമായിരുന്നു. നിലത്തവിടവിടെയായി തടാകത്തിന്റെ നീലനിറവും. നെറുകയിൽ നിലാവിറ്റിച്ചുകൊണ്ട് ചന്ദ്രൻ! അയ്‌നിച്ചോടെത്തിയപ്പോൾ നമ്പോലനും ചിത്തനും അഴിച്ചുവെച്ച വേഷങ്ങളെല്ലാം ഏറ്റി മക്കളെ വിളിച്ചു, പുരയിലേക്കുള്ള വഴി ചവിട്ടി. വീടെത്തി തിരിഞ്ഞുനോക്കുമ്പോൾ ഏറ്റവും പിന്നിൽ ഭാരപ്പാടോടെ ബംഗാളിപ്പയ്യൻ നടന്നു വരുന്നത് കണ്ടു.

പുരയുടെ കട്ടിളക്കൽ പെണ്ണുങ്ങൾ അകത്ത് വിളമ്പിയ ചോറിനും കൂട്ടാനിനുമെന്നോണം നമ്പോലനേയും ചിത്തനേയും കാത്ത്നിന്നിരുന്നു. വേഷങ്ങളൊരിടത്ത് വെച്ച് മുഖം കഴുകി നമ്പോലനും കുഞ്ഞുണ്ണിയും അവരുടെ പുരയിലേക്കും ചിത്തനും അപ്പുണ്ണിയും അവരുടെ പുരയിലേക്കും നൂണ്ടപ്പോൾ ബംഗാളിപ്പയ്യൻ തലയിലെ ചാക്ക് എവിടെ വെയ്ക്കണമെന്നറിയാതെ കുറച്ചുനേരം നിന്നു. പിന്നെ ഒരൂഹത്തിൽ ചിത്തന്റെ ഉമ്മറത്തുവെച്ച് പറഞ്ഞു:

മുജേഭീ ഭൂഗ് ലഗ്തെ ഭയ്യാ, മേരാ പൈസ ദേദാ തോ മേം ഹോട്ടൽ മേ ജാ സക്താ ദാ!” (എനിക്കും വിശക്കുന്നുണ്ട്. എന്റെ കൂലി തന്നാൽ എനിക്കും ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാമായിരുന്നു).

ചിത്തനു കാര്യം മനസ്സിലായില്ല. അയാൾ അപ്പുണ്ണിയെ വിളിച്ചുവരുത്തി. അപ്പുണ്ണിക്ക് എട്ടാം ക്ലാസിൽ മൂന്നു വർഷത്തെ പഠിപ്പുള്ളതിനാൽ അവന് ഹിന്ദി തിരിയുമെന്ന് ചിത്തനറിയാമായിരുന്നു.

പൈസ ഹോട്ടൽ ജായേഗാ.” അപ്പുണ്ണി പറഞ്ഞതുകേട്ട് ബംഗാളിപ്പയ്യൻ തലയിട്ടാട്ടി.

തന്റെ കൂലി കിട്ടിയാൽ ചോറിന് ഹോട്ടലിൽ പോകാമെന്നാണ് ഓൻ പറയുന്നതെന്ന് പറഞ്ഞപ്പോൾ ചിത്തൻ മടിയിൽനിന്നും അവന്റെ കൂലിയെടുത്തു കൊടുത്തു. പിറ്റേന്ന് വരാനുള്ള ഉത്സാഹത്തിന് മുപ്പതു രൂപ അധികവും കൊടുത്തപ്പോൾ ബംഗാളിപ്പയ്യന് സന്തോഷമായി.

ചിത്തൻ കൂട്ടാനിൽ തപ്പിനോക്കിയപ്പോൾ വട്ടനെ മുറിച്ച കണ്ണന്മീനിന്റെ മോതിരവളയങ്ങൾ വിരലിൽ തടഞ്ഞതും ചെമ്മരത്തിയെ ഈറയോടെ നോക്കി. അവൾക്ക് കള്ളി തിരിഞ്ഞതും തല കുമ്പിട്ട് പതിവുപോലെ കാൽനഖം കൊണ്ട് നിലത്ത് ചിത്രമെഴുതാൻ തുടങ്ങി. ഉറുവാടൻ എരിമ്മലൂടെ പാഞ്ഞിട്ടുണ്ടാവുമെന്ന് ചിത്തനപ്പോൾ കണക്കാക്കി. ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആയുസ്സ് മുറിയുന്നതിന്റെ സൂചന നൽകി ഉരുട്ടിയ ചോറുരുള കയ്യിൽനിന്നും വീണപ്പോൾ അയാൾ എഴുന്നേറ്റു. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ചിത്തൻ, കിണ്ണത്തിൽ ചവിട്ടിനിന്നു കൂട്ടാൻ പാത്രമെടുത്ത് മുറ്റത്തേക്ക് വീശിയെറിഞ്ഞ് ചെമ്മരത്തിയെ നാലു പൂശ പൂശാറുള്ളതാണ്. ഇന്ന് പക്ഷേ, ഏറെ ഖിന്നനായാണല്ലോ എഴുന്നേറ്റുപോയതെന്ന് ചെമ്മരത്തിയും വിചാരിച്ചു.

പുറത്തേക്ക് കടക്കുമ്പോൾ ഉരുട്ടിയ ഉരുള കയ്യിൽ പിടിച്ച് മകൻ, തന്നെ നോക്കുന്നത് ഒരു നിമിഷം അയാളുടെ ഉള്ളിലുടക്കി. തിണ്ണയിലെ കിണ്ടി ചായ്‌ച് വെള്ളം കൊൽക്കുഴിഞ്ഞ് പിന്നെ അയാൾ പുൽപ്പായ നിവർത്തി ഒറ്റക്കിടത്തമായിരുന്നു.

പിറ്റേന്ന് തീ കായാനിരിക്കുമ്പോൾ നമ്പോലൻ ചിത്തനോട് ചോദിച്ചു: “അണക്ക് കളിച്ചിട്ട് മേലും കയ്യും വേദനിക്ക്ണ്ട്‌റാ ഉണ്ണ്യേ? ഇന്നും അണക്ക് കളിക്കാൻ വൈക്ക്യോടാ?”

എന്തൊരു ചോദ്യാണ് കാർന്നരേ ഇത്? യേട്ടൻ തന്നെയല്ലേ പറയാറ്, മ്മടെ കാർന്നമ്മാരും ഉടയോമ്മാരും എപ്പഴും മ്മടെ കൂടെണ്ടാവുംന്ന്. ഇയ്ക്കും അവര് തൊണ വരില്ലേ കാർന്നരേ?” സർവ്വ ബഹുമാനങ്ങളോടും കൂടി ചിത്തൻ പറഞ്ഞപ്പോൾ “ഓ” എന്ന ഒറ്റ മൂളലിൽ നമ്പോലൻ വിനയം പ്രകടിപ്പിച്ചു.

പന്തപ്പാരത്തെ വഴിയായ വഴിയൊക്കെ ചവിട്ടി അഞ്ചാളും നടന്നു. വിളക്ക് പിടിച്ച കുഞ്ഞുണ്ണിക്ക് തട്ടകത്തെ വീടുകളറിയാതെ പടിമുട്ടി മടങ്ങുമ്പോഴൊക്കെ ബംഗാളിപ്പയ്യൻ പല്ലു ഞെരിച്ചു: “അരേ ചൂത്തിയാ.”

എരിമ്മലിൽനിന്നും പാടവരമ്പിലൂടെ പൂക്കൈതത്തോട്ടിലേക്ക് വിളക്ക് തിരിഞ്ഞപ്പോൾ ചിത്തൻ വിമ്മിഷ്ടപ്പെട്ടു. കാലിൽ എന്തോ ഭാരം കുടുങ്ങിയതുപോലെ നിൽപായി. പൂക്കൈതകൾ തലയിട്ടാട്ടി മറച്ചുപിടിക്കുന്ന ആദ്യത്തെ വീട് ഉറുവാടന്റേതാണ്. അലട്ടിക്കൊണ്ടിരുന്ന ഒരു പിടി വിചാരങ്ങളുടേയും വളയനുറുക്കുകളുടേയും ഓർമ്മയിൽ ചിത്തൻ കാർക്കലിച്ചു തുപ്പി, യേട്ടനോട് മുരത്തിൽ പറഞ്ഞു: “അങ്ങട്ട് കേറണ്ട.”

വിളക്കും വീക്കുചെണ്ടയും ചലനമറ്റപ്പോൾ നമ്പോലൻ പറഞ്ഞു: “അവനും നമ്മടെ തട്ടകത്തെ കുട്ട്യല്ലെ അമ്മേ!”

ന്നാച്ചാൽ മൂക്കാഞ്ചാത്തൻ വിളിച്ചു ചൊല്ലിക്കോളേണ്ട്.”

തട്ടകത്തമ്മ കുറച്ചു നേരത്തിന് പച്ചമനുഷ്യനായി, വെറും ചിത്തനായി പരകായം കൊണ്ടതിൽ നമ്പോലനു ദുഃഖം തോന്നി. ദേശമക്കളെ ഒന്നായി കാണുന്നവളാണ് തട്ടകത്തമ്മ! മുന്നിലെ വേഷം കെട്ടിനുള്ളിൽ തട്ടകത്തമ്മയോ വൈരാഗിയോ? നാളത്തെ തീക്കായലിനിടക്ക് അക്കാര്യം ഉണ്ണിയെ പറഞ്ഞു മനസ്സിലാക്കണമെന്ന് നമ്പോലൻ കരുതി. അപ്പോഴേക്കും കൊട്ടുകേട്ട് ഉറുവാടനും ഭാര്യ വള്ളിയും മക്കളും പുറത്തുവന്ന് ഭയഭക്തിയോടെ നിൽപായി. വേലയറിയിക്കാതെ പൂക്കൈതകളുടെ മറവിലൂടെ പോകുന്ന നമ്പോലനേയും കൂട്ടരേയും ഉറുവാടനും മക്കളും കൂക്കി. നമ്പോലനും ചിത്തനും മക്കളും ആ കൂക്ക് കേട്ടില്ലെങ്കിലും ബംഗാളിപ്പയ്യൻ മാത്രം ചാക്കോടെ തിരിഞ്ഞുനോക്കി.

അടുത്ത വീട് ഇട്ടപ്പനാശാരിയുടേതാണ്. ചാണകം വഴുകിയ മുറ്റത്ത് ആശാരിച്ചി, വിളക്ക് കത്തിച്ച് നിറപറ വെച്ച് കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുഞ്ഞുണ്ണി കുത്തുവിളക്ക് നിലത്ത്‌വെച്ച് മാറിനിന്നതും അപ്പുണ്ണിയുടെ വീക്കുചെണ്ടയിൽ എണ്ണം മുറുകിയതും നമ്പോലൻ വട്ടത്തിൽ നടക്കാനും ചിത്തൻ തുള്ളിക്കളിക്കാനും തുടങ്ങി. കരിങ്കാളിയുടേയും മൂക്കാഞ്ചാത്തന്റേയും കളിപ്പാടിൽ ഇട്ടപ്പനൊരു വശപ്പിശകനുഭവപ്പെട്ടു. മൂക്കാഞ്ചാത്തൻ കരിങ്കാളിയുടെ ചുവട് വെക്കുന്നു. കരിങ്കാളി മൂക്കാഞ്ചാത്തനെപ്പോലെ തുള്ളുന്നു. ഇക്കാലത്ത് എല്ലാമൊരു വഹയായെന്ന് കരുതി ഇട്ടപ്പനും വായക്ക് മറപിടിച്ച് ആശാരിച്ചിയും കളികണ്ടുനിന്നെങ്കിലും ഏറെ ഭയഭക്തിബഹുമാനത്തോടെയാണ് പറയിലെ നെല്ല് ബംഗാളിപ്പയ്യന്റെ ചാക്കിലേക്ക് ചൊരിഞ്ഞത്.

മൂക്കോലക്കാവിലെ വേലക്ക് കതിന പൊട്ടിയപ്പോൾ പാലച്ചോട്ടിലെ വടക്കൻ വാതിൽക്കലിൽ കള്ളും അരിയും നെല്ലും ഇലച്ചീന്തുകളിൽ നിരന്നുകഴിഞ്ഞിരുന്നു. വേഷം കെട്ടിനു മുന്‍പുള്ള തലശീല ചുറ്റിയപ്പോൾ ചിത്തന് നല്ല ഉശിര് തോന്നി. ചിരകാലമായുള്ള ജീവിതത്തിലെ ആശ നിറവേറുന്ന ദിവസമാണെന്ന ഓർമ്മയിൽ അയാൾക്ക് ഉള്ളിൽ ചിരിപൊട്ടി. ഇന്ന് കാവേറുമ്പോൾ ദേശക്കാർ തന്റെ നേർക്ക് പ്രാർത്ഥനയോടെ കൈക്കൂപ്പുന്നത് അയാൾ മനസ്സിൽ കണ്ടു. കോഴിച്ചോര കുടിച്ച ചുണ്ടും നാവും കണ്ട് പെണ്ണുങ്ങളും കുട്ടികളും പേടിക്കുന്നതും കണ്ടു.

വിളക്ക് പിടിച്ച കുഞ്ഞുണ്ണിയുടെ പിന്നിൽ ചെമ്പട്ടു താലമേന്തി മുഹാമിയും ചെമ്മരത്തിയും മാരിയും വരിനിന്നപ്പോൾ ചിത്തൻ മകൻ അപ്പുണ്ണിയുടെ ഒറ്റക്കൊട്ട് നടപ്പാണ്ടിയായി.

പിന്നാലെ മൂക്കാഞ്ചാത്തനും കരിങ്കാളിയും പാലച്ചോട് വിട്ടിറങ്ങി. നടന്നുള്ള വട്ടം തിരിച്ചിലിനിടക്ക് പഴം നുറുക്കിട്ട് വാറ്റിയ ചാരായത്തിനു വീറ് കുറഞ്ഞോ എന്ന് ചിത്തനും കൂടിയോ എന്ന് നമ്പോലനും ഓർത്തു. ചാക്കേന്തിയ ബംഗാളിപ്പയ്യനോട് മൂക്കോലപ്പാടത്തെ വയ്‌ലിത്തറക്കെത്തിയാൽ കരിങ്കാളികൾ വെട്ടിയിടുന്ന കോഴിത്തലകൾ ചാക്കിൽ പെറുക്കിയിടണമെന്ന് നമ്പോലൻ ചട്ടം കെട്ടിയിരുന്നു. നടത്തത്തിൽ ബംഗാളിപ്പയ്യനോട് മക്കൾ ഹിന്ദിയിൽ സംസാരിക്കുന്നത് നമ്പോലൻ കേട്ടു.

ഭായ്, പൂരാ കോഴിക്കഴുത്ത് ചാക്ക് മേം ടാലോ!”

അയാൾ ആനന്ദചിത്തനായി.

ഏരിമ്മലൂടെ പൂക്കൈതയെത്തിയപ്പോൾ ഉറുവാടന്റേയും ഇട്ടപ്പന്റേയും കുടുംബങ്ങൾ വേല കൊള്ളാൻ കൂടി. ഉറുവാനെ ചിത്തൻ കണ്ടില്ലെന്ന് നടിച്ചെങ്കിലും ചെമ്മരത്തിയുടെ മുഖം പ്രസരിപ്പാർന്നു കണ്ടപ്പോൾ അയാൾ മാനത്തേക്ക് നോക്കിപ്പോയി. മാനത്തപ്പോൾ മഴവില്ലിന്റെ ഏഴു നിറങ്ങൾക്കിടക്ക് കരിങ്കാളിച്ചാത്തനും പരിവാരങ്ങളും നിന്നാർത്തട്ടഹസിക്കുന്നു.

പലതരം പൂക്കൾ ഭൂമിയിലേക്ക് വർഷിക്കുന്നു. ചാത്തങ്കോഴികളെ പറത്തിവിടുന്നു. വർണ്ണങ്ങളിൽനിന്നും കണ്ണെടുത്ത് ഭൂമിയിൽ നോക്കുമ്പോൾ ചവിട്ടി നടക്കുന്നത് നീലവാനമാണെന്നറിയുന്നു.

ഹുവ്വേയ്... ഹുവ്വുവ്വേയ്...”

നടപ്പാണ്ടിക്കും മുകളിൽ ചിത്തന്റെ ഉറച്ചിൽ കേട്ടപ്പോൾ നമ്പോലന് ഒരു വശപ്പിശക് തോന്നി. അയാളപ്പോൾ തുള്ളിക്കളി നിർത്തി മൂക്കാഞ്ചാത്തന് ചേരാത്ത നടത്തത്തിലായി.

മൂക്കോലക്കാവടുക്കുംതോറും പുരുഷാരം കൂടിക്കൊണ്ടിരുന്നു.

ചാത്തങ്കോഴികളെ മെയ്യിലൊതുക്കി ഭക്തന്മാരും രണ്ടുമൂന്നെണ്ണത്തിനെ കയ്യിൽ തൂക്കി നടകാളികളും വയ്‌ലിപ്പാടം ലക്ഷ്യമാക്കി ഓടുന്നുണ്ടായാരുന്നു.

കാവേറി ചെമ്പട്ടു താലങ്ങൾ മൂക്കോല ഭഗവതിക്കു മുന്നിൽ ചൊരിഞ്ഞതിനുശേഷം എല്ലാ കാളിക്കൂട്ടങ്ങളും വെട്ടുതറയിലേക്കോടിയെത്തി. ആൾക്കൂട്ടത്തിലൂടെ വിളക്കിനും വീക്കുചെണ്ടക്കും ബംഗാളിപ്പയ്യനുമൊപ്പമെത്താൻ നമ്പോലൻ പാടുപെട്ടു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

വെട്ടുതറക്കുമുന്നിൽ കരിങ്കാളികളുടെ ലോകത്ത് ചിത്തൻ ആദ്യമായി പ്രവേശിക്കുകയാണ്! കിരീടങ്ങളും വാളുകളും ചിലമ്പുകളും കൂട്ടിമുട്ടുന്നതിന്റേയും വീറും വീക്കുചെണ്ടയും പെരുകിപ്പെയ്യുന്നതിന്റേയുമിടയിൽ ചാത്തങ്കോഴികളുടെ നിലവിട്ട കരച്ചിലും ചിത്തൻ കേട്ടു. എല്ലാ കരിങ്കാളികളും എണ്ണമില്ലാത്തത്ര കോഴികളെ വെട്ടി കഴുത്ത് ചുണ്ടിൽ മുട്ടിച്ച് പുറത്തേക്കൊരൊറ്റ ഏറാണ്. വഴിപാടുകാർ ഉടലെടുത്തോടുമ്പോൾ ബംഗാളിപ്പയ്യനെപ്പോലുള്ളവർ കോഴിത്തല പെറുക്കി ചാക്കിലിടാൻ മത്സരിക്കുന്നുണ്ടായിരുന്നു. തറക്ക് ചുറ്റുമുള്ള നിലത്ത് ചോരവാർന്ന് പാടത്തെ പശമണ്ണുമായി കൂടിക്കുഴഞ്ഞതിനാൽ ആടുമ്പോഴും ചുവട് വെക്കുമ്പോഴും കാൽതെറ്റി വീഴാതിരിക്കാൻ ചിത്തൻ ശ്രദ്ധിച്ചു. ചില ഭക്തന്മാരും നിലതെറ്റിയ കരിങ്കാളികളും ചോരയിൽ അടിപതറി വീഴുന്നതും കണ്ടു.

ചിത്തനപ്പോഴേക്കും നൂറുകണക്കിന് കോഴികളെ വെട്ടി ചോര മുത്തിക്കുടിച്ചിരുന്നു. ആൾത്തിരക്കിൽനിന്നും കോഴിക്കഴുത്തുകൾ പെറുക്കിയെടുത്ത് ചാക്കിലിട്ടിരുന്ന ബംഗാളിപ്പയ്യനപ്പോഴേക്കും വലഞ്ഞ് വയ്യാതായി. ഏറെ വിഷണ്ണനായി അവൻ അപ്പുണ്ണിയോട് പറഞ്ഞു: “യഹ് ബഹുത്ത് മുശ്ക്കിൽ കാം ഹെ! ജിന്ദകീ മെ മേം ഐസാ കാം നഹീ കിയാ” (ഇത് വളരെ പ്രയാസമുള്ള ജോലിയാണ്. എന്റെ ജീവിതത്തിൽ ഇതുപോലുള്ള ജോലി ഞാൻ ചെയ്തിട്ടില്ല).

അച്ചാ ഭായ്” -അപ്പുണ്ണി ഉച്ചത്തിൽ മറുപടി പറഞ്ഞു.

കോഴിവെട്ടും ചോരകുടിയും ആയിരത്തൊന്ന് കതിനയും പൊട്ടി അന്തരീക്ഷത്തിൽ പുക മാത്രമായപ്പോൾ ഊറ്റമിറങ്ങുന്നതായി കരിങ്കാളിക്കു തോന്നി. ശരീരത്തിനു നല്ല ക്ഷീണമുണ്ട്. കുഴയുന്നോ വലയുന്നോ എന്നു വിചാരിക്കുമ്പോഴേക്കും അപ്പുണ്ണി ചെണ്ടക്കുറ്റിയിൽ ചിത്തനെ പിടിച്ചിരുത്തി. ചെമ്മരത്തിയപ്പോഴേക്കും മേൽമുണ്ടുകൊണ്ട് വീശാനും തുടങ്ങി.

ചിത്തൻ കണ്ണുകൾ തുറക്കുമ്പോൾ പന്തപ്പാരത്തിന്റെ ആകാശത്ത് ദൈവം നക്ഷത്രങ്ങൾ തൂക്കിയിടുന്നതേയുള്ളൂ. അയാൾ കിരീടവും തലശീലയുമഴിച്ചു മകനെയേൽപ്പിച്ചു. ഏകിറും മുലക്കൂട്ടങ്ങളും കഴുത്തൂട്ടങ്ങളും ചെമ്മരത്തിയേയുമേൽപ്പിച്ചു. പിന്നെ വേഗം വടക്കേപ്പാട്ടെ കുളം ലക്ഷ്യമാക്കി നടന്നു. കാൽപ്പാദവും പുറവും ചുട്ടുനീറുന്നുണ്ടായിരുന്നു. കുളത്തിൽ ചെന്ന് യേട്ടൻ ചെയ്യാറുള്ളതുപോലെ കരയിലേക്ക് തലവെച്ച് ഉടൽ വെള്ളത്തിലേക്കിട്ട് കിടക്കണം. നടത്തത്തിൽ അയാൾ വിചാരിച്ചു.

വാൾ തലയ്ക്കൽവെച്ച് ഉടൽ വെള്ളത്തിലേക്കിട്ട് അയാൾ എത്ര നേരം കിടന്നുവെന്നോർമ്മയില്ല. കുളവക്കിലെ നീറോലിപ്പൊന്തയിളകുന്നതിന്റെ ഒച്ചകേട്ടാണ് ചിത്തൻ എഴുന്നേറ്റത്. നോക്കുമ്പോൾ ഉറുവാടൻ ഓടയൂതാൻ സ്ഥിരമായി കിടക്കുന്ന ഇടമാണതെന്നും ഒരോട തന്റെ നേർക്ക് ഉന്നംപിടിച്ചതായും ഝടുതിയിൽ ചുവപ്പ് കിരീടം വെച്ച ഒരുളി തന്റെ നേർക്ക് പാഞ്ഞു വരുന്നതായും ചിത്തനു തോന്നി. ആ തോന്നലിൽ ചിത്തൻ തല വെട്ടിച്ചെഴുന്നേറ്റു. അന്നേരം ചിത്തനു വല്ലാത്ത ചൊണ വന്നു. എത്ര കാർക്കലിച്ചു തുപ്പിയിട്ടും ചൊണ മാറുന്നില്ല. ഇരുട്ടിലെന്ത് കണ്ണന്മീനെന്നോർത്തപ്പോൾ കയ്യിൽ വാളുമായി കരിങ്കാളിയുടെ പകുതി വേഷത്തോടെത്തന്നെ ചിത്തൻ കുളപ്പടവുകൾ ഓടിക്കയറി, പൊന്തയിലേക്കെത്തി വെട്ടാൻ തുടങ്ങി. തെരുതെരെ തുരുതുരെ ഉറുവാടൻ കിടക്കുന്ന നിലത്തും പൊന്തകളിലും ചിത്തൻ വെട്ടി. കടയറ്റ പൊന്തയപ്പിടി ഉറുവാടനോടെ കുളത്തിലേക്ക് മറിച്ചിടുകയും ചെയ്തു.

ഒടുവിൽ വാൾ ഊക്കോടെ ആകാശത്തേക്കെറിഞ്ഞു. കുളവെള്ളത്തിന്റെ പല അടരുകളേയും ഭേദിച്ച് അതിപ്പോൾ അടിച്ചേറ്റിൽ നങ്കൂരമിട്ടിരിക്കണമെന്ന് ചിത്തൻ ഊഹിച്ചു. ശത്രുനിഗ്രഹത്തിൽ സന്തോഷിച്ച് ചുവട്‌വെച്ച് അയാൾ കുളക്കരയിലെത്തി. കുനിഞ്ഞ് കയ്‌ക്കുടന്നയിൽ ചോര കലർന്ന വെള്ളമെടുത്ത് മുഖം കഴുകി. പിന്നെ, ഉടൽ വെള്ളത്തിലേക്കിട്ട് കിടക്കുമ്പോൾ താൻ സ്വസ്ഥനായതുപോലെ ചിത്തനു തോന്നി. ഉളളിലെ ലോകവും പുറത്തെ ലോകവും ഏറ്റവും നിശ്ശബ്ദമാണെന്ന അറിവിൽ അയാളപ്പോൾ കണ്ണുകളടച്ചു.

 

 

ഈ കഥ കൂടി വായിക്കാം
'ആദിമൊഴിയും കനിമൊഴിയും'- അർജുൻ രവീന്ദ്രൻ എഴുതിയ കഥ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ