തികച്ചും അവിചാരിതം

കഴുത്തൊപ്പം മദ്യവും മാംസവും ഓളംതല്ലിയുള്ള മടക്കയാത്രയിൽ, കഥയിലെ ഒരു സുപ്രധാന സന്ദർഭത്തിൽ ഇവരെത്തിച്ചേരും എന്നുറച്ച വിശ്വാസത്തിൽ, നമുക്ക് കഥാരംഭത്തിലേക്കു പോവാം.
തികച്ചും അവിചാരിതം

കഥയുടെ ആരംഭമെന്ന് നമ്മൾ കരുതുന്ന രാത്രിയിൽ, ആലപ്പുഴ ചെത്തി കടപ്പുറത്തുനിന്നും വർഷങ്ങൾക്കു മുന്‍പ് ഭൂതത്താൻകെട്ടിലേക്കു കുടിയേറിപ്പാർത്ത ഒരു ബാല്യകാല സുഹൃത്തിന്റെ ക്ഷണമനുസരിച്ചെത്തിയ നാലു ചെത്തിവാസികൾ, ആതിഥേയന്റെ വീട്ടുമുറ്റത്തിരുന്ന് ദൂരെ നിലാവിലുറങ്ങുന്ന അണക്കെട്ടിന്റെ ഭംഗിയാസ്വദിച്ചുകൊണ്ടുള്ള മദ്യസേവയിലാണ്.

ആഘോഷ കൂട്ടായ്മ ഏതാണ്ട് അവസാനഘട്ടത്തിലേയ്ക്കെത്തിയ സമയത്ത്, ആളിക്കത്തുന്ന തീയ്ക്കു മുകളിലായി കമ്പിയിൽ കോർത്ത മാംസത്തിന്റെ മൊരിയുന്ന ഗന്ധമേറ്റ് അതിനുചുറ്റും പാട്ടുപാടി ചുവടുവെയ്ക്കുന്ന ചിലരുടെ വേച്ചുപോവാതിരിക്കാനുള്ള ശ്രമങ്ങൾ അമ്പേ പരാജയപ്പെട്ടു പോവുന്നുമുണ്ട്.

തൊട്ടുമാറി, അവരുടെ മേളാങ്കം കഴിയുന്നതും കാത്ത്, കാറിന്റെ സീറ്റിൽ ചാരിക്കിടക്കുന്ന ഡ്രൈവർ മണി മയങ്ങുകയാണെന്ന് കരുതിയെങ്കിൽ തെറ്റി.

കടപ്പുറത്തും പരിസരങ്ങളിലും ഒടക്കുമണി എന്ന ഓമനപ്പേരിലറിയപ്പെടുന്ന ആ പാവം വെറുതെ സമയം കളയാൻ, അണക്കെട്ടിന്റെ ദൃശ്യഭംഗിയെക്കുറിച്ച് നാട്ടിലുള്ള ഒരു സാധുവിന്റെ ഭാര്യയ്ക്ക് ഫോണിലൂടെ വിവരിച്ചുകൊണ്ടിരിക്കുകയാണ്.

കഴുത്തൊപ്പം മദ്യവും മാംസവും ഓളംതല്ലിയുള്ള മടക്കയാത്രയിൽ, കഥയിലെ ഒരു സുപ്രധാന സന്ദർഭത്തിൽ ഇവരെത്തിച്ചേരും എന്നുറച്ച വിശ്വാസത്തിൽ, നമുക്ക് കഥാരംഭത്തിലേക്കു പോവാം.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

1.

ഭൂതത്താൻകെട്ടിന് മുകളിൽ പുഞ്ചിരിതൂകി പരിലസിക്കുന്ന പൂനിലാവ്, അതേസമയം തന്നെ നേര്യമംഗലം - കോതമംഗലം റൂട്ടിൽ ഏതാണ്ട് മദ്ധ്യദൂരം കഴിഞ്ഞിട്ടുള്ള ഒരു നാട്ടുപ്രദേശത്തും തന്റെ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.

ആ പ്രഭയിൽ മയങ്ങി, വലിയ റബ്ബർത്തോട്ടങ്ങൾക്കു നടുവിലൂടെ വെള്ളിവരപോലെ വളഞ്ഞു തിരിഞ്ഞുപോകുന്ന റോഡിൽനിന്നും നോക്കിയാൽ പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കാൻ ശ്രമിച്ച അടയാളങ്ങളുമായി നിലകൊള്ളുന്ന ഒരു ഇരുനില വീട് അല്പം ദൂരത്തായി കാണാം.

നേരെ എതിർവശത്ത്, ആ വീടിനേക്കാളേറെ പ്രായം തോന്നിക്കുന്ന ഓടിട്ട ഒരു ലൈൻ കെട്ടിടത്തിൽ പോസ്റ്റോഫീസിന്റേയും വൈദ്യശാലയുടേയും പിന്നെയൊരു സൈക്കിൾ വർക്ക്‌ഷോപ്പിന്റേയും ബോർഡുകളിൽ ഒരെണ്ണം മാത്രം പെയിന്റടർന്ന് പേരു വ്യക്തമാവാതെ വശം തിരിഞ്ഞു തൂങ്ങിക്കിടപ്പുണ്ട്.

ഇടയ്ക്കിടെ, കൂട്ടത്തോടെയുള്ള ചീവീടുകളുടെ രാത്രികാല സംഗീതം അവിടമാകെ ശബ്ദമുഖരിതമാക്കുന്നതൊഴിച്ചാൽ സർവ്വം ശാന്തം.

2.

ഡൈനിംഗ് ഹാളിലെ ദിവാൻകോട്ടിൽ, പഴയൊരു നൈറ്റിയും ധരിച്ച് വിശാലമായി ചാരിക്കിടന്ന് ടി.വിയിൽ വാർത്ത കാണുകയാണ് കുടുംബനാഥ അച്ചാമ്മ.

കാനഡയിലും യു.കെയിലുമുള്ള പെൺമക്കളുടെ നിർബ്ബന്ധത്താൽ ജോലിയുപേക്ഷിച്ച അവർക്ക് വയസ്സമ്പത്തിനാലേയുള്ളെങ്കിലും അനാരോഗ്യത്താൽ ഒരറുപത്തഞ്ചിനു മുകളിൽ തോന്നിക്കും.

തമിഴ്‌നാട്ടിലെ തിരുട്ടു ഗ്രാമത്തിൽനിന്നും മോഷ്ടാക്കൾ പല സംഘങ്ങളായി കേരളത്തിലേക്കു കടന്നതായും ഒന്നുരണ്ടിടങ്ങളിൽ മോഷണം നടന്നുവെന്നും ടാപ്പിലെ വെള്ളം തുറന്നുവിടുക, ഗേറ്റിൽ തട്ടിവിളിക്കുക തുടങ്ങി പുതിയ ചില മോഷണരീതികളുമായിട്ടാണ് അവരുടെ വരവെന്നുമുള്ള റിപ്പോർട്ട് കണ്ട അച്ചാമ്മ റിമോട്ടിലെ ഓഫ് ബട്ടണമർത്തി പതുക്കെ എഴുന്നേറ്റു.

കാലുകളിൽ വലിയ ഭാരമെടുത്തുവെച്ചു നീങ്ങും പോലെയാണ് അവരുടെ നടത്തം. ടിവിയും ലൈറ്റും ഓഫാക്കി വന്ന് സ്റ്റെയർകേസിനടുത്തുനിന്നും മുകളിലേക്കു നോക്കി.

മുകളിലെ മുറിയിൽനിന്നുമുള്ള നേരിയപ്രകാശം മൊസൈക്കിട്ട പടികളിലേക്ക് മഞ്ഞച്ചായം കോരിയൊഴിച്ചാലെന്നോണം ലയിച്ചു കിടപ്പുണ്ട്. നിർവികാരതയോടെ ഒരു ദീർഘനിശ്വാസമെടുത്ത് അവർ തൊട്ടടുത്ത ബെഡ് റൂമിലേക്ക് കയറി.

കട്ടിലിനരുകിലുള്ള സൈഡ് ടേബിളിൽനിന്നും ഒരു ഗുളികയെടുത്തു കഴിച്ച് ഒരിറക്കിനുള്ള വെള്ളം കൂടി വായിലേക്കൊഴിച്ച് കട്ടിലിലേക്ക് ഇരുന്നു. ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന ക്രൂശിതരൂപത്തിലേക്ക് നോക്കി പ്രാർത്ഥിച്ച് കുരിശുവരച്ചശേഷം ഉറങ്ങാൻ കിടന്ന അച്ചാമ്മ ഞൊടിയിടയിൽ കൂർക്കം വലിയിലേക്കു കടന്നു.

3.

മുകളിലെ മുറിയിൽ, മൂന്നു വശത്തും നിറയെ ബുക്കുകളുള്ള ഷെൽഫുകൾക്കു നടുവിലെ ചാരുകസേരയിൽ കിടന്ന് മൊബൈലിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ് കുടുംബനാഥൻ കോശി.

ചില സമയങ്ങളിലെ അടക്കിപ്പിടിച്ച സംസാരത്തിലും തുടർന്നുള്ള ശരീരഭാഷയിലും മറുതലയ്ക്കൽ ഒരു സ്ത്രീയാകാനാണ് സാദ്ധ്യതയെന്ന് ഒറ്റനോട്ടത്തിൽതന്നെ തിരിച്ചറിയാൻ സാധിക്കും.

പെട്ടെന്ന് മൊബൈൽ വൈബ്രേറ്റു ചെയ്ത് സ്‌ക്രീനിൽ ‘സണ്ണി കോളിംഗ്’ എന്നു തെളിഞ്ഞു മറഞ്ഞു.

സംസാരം പെട്ടെന്നവസാനിപ്പിച്ച്, ഒരു ഗൂഢ മന്ദസ്മിതത്തോടെ പതുക്കെ എഴുന്നേറ്റ് ഒട്ടും ശബ്ദം കേൾപ്പിക്കാതെ സ്റ്റെപ്പുകളിറങ്ങി.

ഓരോ ചുവടും അതീവ ശ്രദ്ധയോടെ മുന്നോട്ടു വെച്ച് താഴത്തെ മുറിയുടെ വാതിൽക്കലെത്തി തലനീട്ടി നോക്കുമ്പോൾ കട്ടിലിൽ കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന അച്ചാമ്മയെ കണ്ട്, വന്നതിലും ജാഗ്രതയോടെ തിരികെ മുകളിലേക്കു കയറി.

കറുത്തൊരു ബനിയനുമെടുത്തിട്ട്, പുറത്തേക്കുള്ള ഡോർ തുറന്നിറങ്ങിയതും വീണ്ടും ഫോൺ വൈബ്രേറ്റു ചെയ്തു.

ഫോണെടുത്ത്, ദൂരെ റബ്ബർത്തോട്ടത്തിനപ്പുറത്തായി നേരിയ വെളിച്ചം കാണുന്ന വീടിനെ ലക്ഷ്യം വെച്ച് ശൃംഗാരച്ചുവകലർന്ന പതിഞ്ഞ ശബ്ദത്തിൽ കോശി പറഞ്ഞു:

അഞ്ചു മിനിറ്റ്, ദാ എത്തിക്കഴിഞ്ഞു.”

ഓപ്പൺ ടെറസിൽനിന്നും മുകളിലെ ടാങ്കിലേക്ക് കയറാൻ വെച്ചിരിക്കുന്ന പൈപ്പു ഗോവണി പതുക്കെ എടുത്ത് താഴേക്ക് ഇറക്കിവെച്ച് സാവധാനമിറങ്ങുമ്പോൾ നിലാവ് സാക്ഷിയായി ഒരു സംഘം ചീവീടുകൾ സ്വാഗതഗാനമാലപിച്ചു.

4.

പാതിരാത്രി സമയത്ത്, വിജനമായ റോഡിലൂടെ ദേഷ്യവും സങ്കടവും കടിച്ചമർത്തി പഴയൊരു ബുള്ളറ്റും തള്ളി നീങ്ങുകയാണ് ശശികുമാർ എന്ന ശശി. നെല്ലിക്കുഴി ന്യൂസ്‌റ്റൈൽ ഫർണിച്ചർ മാർട്ടിലെ പ്രധാന പണിക്കാരനും അതിലുപരി ഒരു കലാകാരനുമായ ശശി ഒന്നര മാസം മുന്‍പു വാങ്ങിയ ബുള്ളറ്റിന്റെ ബാലൻസ് തുക കൊടുക്കാൻ നേര്യമംഗലത്തിനു പോയിട്ടുള്ള തിരിച്ചു വരവാണ്.

ജോലി കഴിഞ്ഞയുടനെ, പെട്ടെന്നുതന്നെ വരാമല്ലോ എന്നു കരുതി പോയതാണെങ്കിലും ഒരാശുപത്രികേസുമായി ബന്ധപ്പെട്ട് മടക്കയാത്ര കുറച്ചു വൈകുമെന്നും താൻ വരുന്നതുവരെ കാത്തിരിക്കാതെ അമ്മയോട് ഭക്ഷണം കഴിച്ച് സമാധാനമായി കിടന്നുറങ്ങിക്കോയെന്നും മാമനെ വിളിച്ചു പറഞ്ഞ കുടുംബ സ്നേഹിയായ ശശി, യാത്രാമദ്ധ്യേ ബുള്ളറ്റ് ഒരു മുന്നറിയിപ്പുമില്ലാതെ പണിമുടക്കി താനിങ്ങനെ പെരുവഴിയിലാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

വയസ്സു മുപ്പത്തിയേഴായിട്ടും ദശാസന്ധിയാൽ ബാച്ചിലറായി തുടരാൻ വിധിക്കപ്പെട്ട ശശി, തിരികെവരുമ്പോൾ വാങ്ങിക്കൊണ്ടുവരാമെന്നേറ്റ പൈന്റും പ്രതീക്ഷിച്ചിരുന്ന ഗുരുവും കൂട്ടുപണിക്കാരനുമായ സ്വന്തം മാമൻ കുട്ടപ്പനാശാരി വിളിക്കുമ്പോഴെല്ലാം “അയാൾ പരിധിക്കു പുറത്താണെന്ന” പല്ലവി കേട്ടുകേട്ടു തളർന്നുമയങ്ങുകയും സ്വപ്നത്തിൽ ബുള്ളറ്റിന്റെ സൗണ്ട് കേട്ടിട്ടെന്നപോലെ ഒന്നുരണ്ടുതവണ ഞെട്ടിയുണർന്ന് കൂടുതൽ നിരാശനാവുകയും ചെയ്തു.

യാത്രയിലുടനീളം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന റെസിഡന്റ്‌സ് അസ്സോസിയേഷന്റെ വാർഷികാഘോഷത്തിൽ പാടേണ്ട പാട്ട്, ഹെഡ്‌ഫോണിലൂടെ കേട്ട് കൂടെ പാടിക്കൊണ്ടിരുന്നതിന്റെ ഫലമായി ചാർജ്ജു കുറഞ്ഞപ്പോൾ കുറച്ചുസമയം സ്വിച്ചോഫ് ചെയ്യുകയും പിന്നീട് ഓണാക്കിയപ്പോൾ പരിധിക്കു പുറത്താവുകയും ചെയ്ത മൊബൈലും പോക്കറ്റിലിട്ട്, വളരെയേറെ പ്രയാസപ്പെട്ട് ഒരുവിധത്തിൽ കയറ്റത്തിന്റെ നെറുകയിലേക്ക് ഉന്തിയെത്തിച്ച ബുള്ളറ്റിൽ കയറിയിരുന്ന് കുത്തനെ താഴേക്കു നീങ്ങുമ്പോൾ വീലിന്റെ കറക്കം നിൽക്കുന്നതു വരെ ഓടി സാവധാനം നിന്നത് കോശിയുടെ വീടിന്റെ ഗേറ്റിനു മുന്നിലാണ്.

ഗേറ്റിന്റെ പില്ലറിലെ ഇംഗ്ലീഷിലുള്ള നെയിംബോർഡ് ശശി കണ്ടു.

Dr. KOSHI P. FRANCO.

ശശി അത് മലയാളത്തിൽ വായിച്ചു.

ഡോക്ടർ കോഷി പി. ഫ്രാൻസോ.

നന്നേ ക്ഷീണിതനായ ശശി, മുന്നോട്ടിനി ഒട്ടുംവയ്യാ എന്നു മനസ്സിലുറപ്പിച്ച് പരിസരമാകെ ഒന്നു വീക്ഷിച്ച ശേഷം നിരകെട്ടിടത്തിനു മുന്നിലെ ചെറിയ ചാർത്തിനു താഴെയായി ബുള്ളറ്റുവെച്ച് വണ്ടിയിലുണ്ടായിരുന്ന ന്യൂസ് പേപ്പറെടുത്ത് കടത്തിണ്ണയിൽ വിടർത്തിയിട്ട് അതിന്മേലിരുന്നു.

അല്പ നിമിഷങ്ങൾക്കകം എന്തോ ആലോചിച്ചുറച്ച മട്ടിൽ എഴുന്നേറ്റു ചെന്ന് വണ്ടിയുടെ സൈഡ് ബോക്സിലിരുന്ന പൈന്റിന്റെ കുപ്പിയെടുത്തു പൊട്ടിച്ച് മുന്നെണ്ണം ഇടവേളയില്ലാതെയങ്ങകത്താക്കി. ക്ഷീണത്തെ തോൽപ്പിച്ച് ശരീരത്തിനും മനസ്സിനുമൊരു കുളിർമ വന്നപ്പോൾ തൊട്ടുചേർന്ന് നിൽക്കുന്ന ചെറിയ മരത്തിൽ ചാരിവച്ചിരുന്ന ബോർഡിലെ ഒരു പേരിലേക്ക് അറിയാതൊന്നു കണ്ണു പാളി. നേരത്തെ താൻ വായിച്ച അതേ പേര് തനി മലയാളത്തിൽ പ്രിന്റുചെയ്തു വെച്ചിരിക്കുന്നു.

ഉദ്ഘാടനം - ഡോ: കോശി പി. ഫ്രാങ്കോ.

ഉള്ളിൽ കത്തിക്കയറിക്കൊണ്ടിരുന്ന ലഹരി, സമയോചിതമായി ഒരു പഴയഫലിതം പേരു മാറ്റിയാണെങ്കിലും കൃത്യമായി ഓർമ്മയിൽ കൊണ്ടുവന്നു.

ഫ്രാങ്കോ ഞാൻ പെട്ടു.”

ഒന്നൂറിച്ചിരിച്ച് ബാക്കി വായിക്കാൻ മെനക്കെടാതെ തിരികെ വന്നിരുന്ന് സാവധാനം ഭിത്തിയിലേക്കൊന്നു നടു ചായ്‌ചു.

താമസിയാതെ ശശി ഉറക്കത്തിലേക്കു വഴുതിവീണു.

5.

ഇരുട്ടിൽനിന്നും ഒരു വാതിൽ തുറന്നു.

വാതിലിനുള്ളിൽനിന്നും പുറത്തേക്കിറങ്ങാൻ തുടങ്ങുകയാണ് കോശി. അല്പം മാത്രം തുറന്നു പിടിച്ച വാതിലിനപ്പുറം മാറിടത്തിനു മുകളിൽ വരെ ബെഡ്ഷീറ്റ് ചുറ്റിപ്പിടിച്ച ഒരു സ്ത്രീ. അവർ വല്ലാത്തൊരാലസ്യത്തോടെ വാതിലിൽ ചാരിനിന്നു. പുറത്തേക്കിറങ്ങിയ കോശി സ്ത്രീയുടെ ആ നിൽപ്പ് കണ്ട് വീണ്ടും അകത്തേക്കു കയറി അവരെയൊന്നു മുറുകെ പുണർന്നു.

ചുണ്ടുകൾക്ക് സ്വാതന്ത്ര്യം കിട്ടിയ ഉടൻ തന്നെ സ്നേഹശാസനയെന്നോണം അവർ പറഞ്ഞു:

നോക്കിയേ, സമയം പന്ത്രണ്ടര കഴിഞ്ഞു. ഇപ്പോത്തന്നെ സമയമൊത്തിരി വൈകീട്ടോ. സാറു പോകാൻ നോക്ക്. മാഡമെങ്ങാനുമുണർന്നാ...”

അവർ വാചകം പൂർത്തിയാക്കാതെ നിർത്തിയതും കോശി പറഞ്ഞു:

മരുന്നിന്റെ പവറു കുറയണമെങ്കി മിനിമം ഇനി ഒരു മണിക്കൂറെങ്കിലും പിടിക്കും. വേണമെങ്കീ...”

അയാൾ ചെവിയിലെന്തോ പറഞ്ഞപ്പോൾ അവർ നാണത്തോടെ മിഴി കൂമ്പി അയാളുടെ കൈ വിടുവിച്ചു. പോകാൻ മടിച്ചുനിന്ന അയാളെ അവർ നിർബ്ബന്ധിച്ച് പുറത്തിറക്കി.

കോശി ഒട്ടും സമയം കളയാതെ കയ്യാല ചാടിയെങ്കിലും ഉന്നം തെറ്റി ചെറുതായിട്ടൊന്നു വീണു. യജമാനന്റെ തിരിച്ചുവരവും കാത്തിരുന്നു മയങ്ങിപ്പോയ പട്ടി കരിയിലകളമർന്ന ഒച്ചകേട്ട് ചാടിയെഴുന്നേറ്റു.

6.

നല്ല ഉറക്കത്തിലായിരുന്ന ശശി എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അയാൾ കണ്ണു തിരുമ്മി നോക്കുമ്പോൾ, അല്പം മുന്നിലായി വഴിയുടെ ഓരംപറ്റി നിർത്തിയ കാറിൽനിന്നും ഒരാൾ ഡോർ തുറന്നു പുറത്തേക്കിറങ്ങി. പിന്നാലെ ഓരോരുത്തരും.

ആദ്യമിറങ്ങിയ ആൾ നെഞ്ചു തടവി വല്ലാത്ത അസ്വസ്ഥതയോടെ ഛർദ്ദിക്കാൻ തുടങ്ങി. ഒരാൾ വന്ന് പുറം തടവിക്കൊടുത്തു. എല്ലാവരും നന്നായി മദ്യപിച്ചിട്ടുള്ളതിനാൽ സംസാരമിടയ്ക്കിടെ കുഴയുന്നുണ്ട്.

ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ശശി എന്തുചെയ്യണമെന്ന ആലോചനയിലാണ്ടു.

ഛർദ്ദിച്ചുകൊണ്ടിരുന്നയാൾ നെഞ്ചുവേദന സഹിക്കാനാവാതെ അമ്മേയെന്നൊരു വലിയ നിലവിളിയോടെ റോഡിലേക്കു കുഴഞ്ഞുവീണു.

പിന്നെ ഒന്നുമാലോചിക്കാൻ നിൽക്കാതെ ശശി എഴുന്നേറ്റോടിച്ചെന്നു.

എല്ലാവരും കൂടി അയാളെ താങ്ങിപ്പിടിച്ച് ബാക്ക് സീറ്റിൽ കിടത്തി.

ശശിയെ കണ്ടയുടനെ ഒരാൾ ചോദിച്ചു:

നിങ്ങ ഇവിടെയുള്ളയാളാണാ?”

അടുത്ത് ആശൂത്രി വെല്ലതുമുണ്ടാ?”

എന്റെ പേരു ശശികുമാർ. നേര്യമംഗലത്തിനു പോയിട്ടു വരണ വഴിയാ. ബുള്ളറ്റ് കേടായപ്പോ ഇവിടിരുന്നു പോയതാണ്.”

എതിർവശത്തെ ഗേറ്റിലെ ബോർഡ് ചൂണ്ടിക്കാണിച്ച് ശശി പറഞ്ഞു:

അത് ഒരു ഡോക്ടറുടെ വീടാണെന്നു തോന്നുന്നു. തൽക്കാലം പുള്ളിയെ ഒന്നു കാണിച്ചാലോ?”

അതു കേട്ടതും രണ്ടു പേർ ആടിയോടിച്ചെന്ന് ഗേറ്റു തുറക്കാൻ ശ്രമിച്ചു. പരാജിതനായി ഗേറ്റിൽ പിടിച്ചു നേരെ നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ നെയിംബോർഡ് വളരെ സൂക്ഷിച്ചു വായിച്ച ഒരാൾ തന്റെ അറിവു പ്രകടിപ്പിച്ചു:

, കുമ്പാരി ഫ്രാൻസിലെക്ക പോയി പടിച്ച് വല്യ ഡിഗ്രിയെക്കേള്ളയാളാണെന്നാണ് തോന്നണത്.”

ഗേറ്റ് അകത്ത് താഴിട്ട് ലോക്ക് ചെയ്തിതിരിക്കുന്നതിനാൽ ഉള്ള ശക്തി സംഭരിച്ച് അവർ രണ്ടാളും കുറേ വിളിച്ചുനോക്കിയെങ്കിലും ഒട്ടും കനമില്ലാത്ത കുഴഞ്ഞ ശബ്ദം പത്തടിപോലും കടക്കാൻ പറ്റാതെ മൃതിയടഞ്ഞു.

.സി ഇട്ടിട്ടും കാറിൽ കിടക്കുന്നയാൾ വെട്ടിവിയർത്ത് മരണവെപ്രാളം കാണിച്ചപ്പോൾ ശശി പറഞ്ഞു:

അവരിത്രയൊച്ചയെണ്ടാക്കീട്ടും പട്ടിയെള്ള ലക്ഷണമൊന്നും കണ്ടില്ല...”

അതു ശരിവെക്കുംമട്ടിൽ ഡ്രൈവർമണി പറഞ്ഞു:

അദു ശരിയാണു കെട്ടാ. അല്ലെങ്കിലതെപ്പഴേ വന്നേനേ...”

ശശി അകത്തേക്കു നോക്കിയിട്ട് പറഞ്ഞു:

എന്നാ, മതിലു ചാടിച്ചെന്ന് ഡോക്ടറെ വിളിച്ചാലാ.”

അതുകേട്ടപടി മണി ശശിയുടെ തോളത്തുതട്ടി.

ഇക്കൂട്ടത്തി മതിലു ചാടാൻ കെൽപ്പുള്ളവരാരും തന്നെയില്ല ചേട്ടാ. കാലിന് ചെറിയൊരു പ്രശ്നമൊള്ളതുകൊണ്ടെനിക്കും ചാടാൻ പറ്റത്തില്ല. എല്ലാം കൊണ്ടും പറ്റിയ ആളു നിങ്ങ തന്നെയാണ്.”

ആ പ്രോത്സാഹനമേറ്റുവാങ്ങിയ ശശി ഒന്നുമാലോചിക്കാതെ മതിലു ചാടി.

ഗേറ്റിനു പുറത്ത് ശശി പോകുന്നതും നോക്കിനിന്ന മണി അടുത്തുനിന്നയാളോട് പതുക്കെ പറഞ്ഞു:

കണ്ടിട്ട്, ഏക്കറുകണക്കിനു സ്ഥലമൊള്ള വീട്ടുകാരാണെന്നാണ് തോന്നണത്. പട്ടി ഒന്നു ചുമ്മാ ചുറ്റിക്കറങ്ങാൻ വെല്ലതും പോയേക്കണതാണെങ്കി പണിയെപ്പ കിട്ടിയെന്ന് ചോദിച്ചാ മതി.”

എട മണീ, ദൈവത്തെയോർത്ത് നിന്റ കരിനാക്കെടുത്തു വളയ്ക്കാതെ” എന്നു പറഞ്ഞതും പട്ടിയുടെ കുരയും ശശിയുടെ നിലവിളിയും ഒരുമിച്ചു കേട്ടു.

വീടിനുള്ളിലും പുറത്തും ലൈറ്റുകൾ തെളിഞ്ഞു.

ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം-സചീന്ദ്രന്‍ കാറഡുക്ക

7.

ആലസ്യം ഭയത്തിനു വഴിമാറി കൊടുത്ത മുഖവുമായി കോശി ജനൽ തുറന്നതും മുറ്റത്തെ മാവിനു വട്ടംചുറ്റി കുരയ്ക്കുകയായിരുന്ന പട്ടി ഓടി ജനലിനടുത്തേക്കു വന്നു. വീണ്ടും മാവിനടുത്തേക്കോടി.

മാവിന്റെ മുകളിലെ ഇളകുന്ന കൊമ്പിലേക്കു നോക്കിയ കോശി ആ കാഴ്ച കണ്ട് ഞെട്ടി. മുകളിൽ കീറിപ്പറിഞ്ഞ ഷർട്ടുമായി ഒരാളിരിക്കുന്നു.

ദൂരെ ഗേറ്റിനു പുറത്ത് ഒരാളുടെ നിഴൽ ചലിക്കുന്നതായും അയാൾക്കു തോന്നി.

കോശി വല്ലാതെ വിയർക്കുകയും എന്തുചെയ്യണമെന്നറിയാതെ പരവേശപ്പെടുകയും ചെയ്തു.

കോശിയെക്കണ്ട് ശശി പറഞ്ഞു:

സാറെ, പട്ടിയെ ഒന്നു കൂട്ടിലാക്കാമോ?”

പേടി നിറഞ്ഞ മുഖത്തോടെ പിറകിൽ നിന്ന ഭാര്യ കോശിയോടു സ്വകാര്യമായി പറഞ്ഞു:

അച്ചായാ, കള്ളന്മാരാരിക്കും കെട്ടോ. പുതിയ അടവുകളുമായിട്ടെറങ്ങീട്ടൊണ്ടെന്ന് വാർത്തേല് പറഞ്ഞാരുന്ന്. നോക്കി നിക്കാതെ പെട്ടെന്നു പൊലീസിനെ വിളിക്ക്.”

പട്ടിയുടെ നിർത്താതെയുള്ള കുരയിൽ ശശി പറയുന്നത് വ്യക്തമായി കോശിക്ക് കേൾക്കാനാവുന്നില്ല.

ഡോക്ടർ പട്ടിയെ പേരെടുത്തു വിളിച്ചു. അതു ജനലിന്റടുത്തേക്കു പാഞ്ഞുവന്നു വാലാട്ടി നിന്നു.

കോശി ശശിയെ പേടിപ്പിക്കാനെന്നോണം പറഞ്ഞു:

ഞാൻ പൊലീസിനെ വിളിക്കും.”

അയാളെ പിറകിൽനിന്നും വലിച്ചുകൊണ്ട് ഭാര്യ പറഞ്ഞു:

അച്ചായനെന്നാ മണ്ടത്തരമാണീ പറഞ്ഞത്, കള്ളനോടനുവാദം ചോദിച്ചേച്ചാണോ പൊലീസിനെ വിളിക്കുന്നേ.”

ഒന്നും മനസ്സിലാകാതെ ശശി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:

സാറേ എന്റ നമ്പറു പറയാം അതിലോട്ടൊന്നു വിളിക്കാമോ.”

ശശി നമ്പർ വലിയ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഭാര്യയെ നോക്കി കോശി പറഞ്ഞു:

ഇയാളു കള്ളനാകാൻ വഴിയില്ല. കള്ളനാണെങ്കി മൊബൈൽ നമ്പർ തരത്തില്ലെടീ.”

ഭാര്യ പറഞ്ഞു:

എനിക്കത്ര വിശ്വാസം പോര, അച്ചായൻ വിളിച്ചുനോക്ക്...”

കോശി നമ്പർ ഡയൽ ചെയ്തു.

ശശി ഫോണെടുത്തു.

സാറേ, പൊറത്തൊരാള് കാറില് മരണവെപ്രാളമെടുത്തു കിടക്കണെണ്ട്. അയാളെ വന്നൊന്നു നോക്കാനുള്ള സന്മനസ്സു കാണിക്കണം.”

ദേഷ്യത്തോടെ കോശി ചോദിച്ചു:

ഞാൻ വന്നു നോക്കീട്ടെന്തിനാ? ഒള്ള സമയത്ത് വെല്ല ഹോസ്പിറ്റലിലും കൊണ്ടുപോടോ.”

കേഴുന്ന മട്ടിൽ ശശി പറഞ്ഞു:

വീട്ടിൽ ചികിത്സയില്ലെങ്കിലും അത്യാവശ്യം ആശൂത്രിലെത്തുന്നതു വരെ തൽക്കാലം വേദന കൊറയാനൊള്ള എന്തെങ്കിലും മരുന്നു തന്നാലും മതി ഡോക്ടർ.”

അതുകേട്ടപാടെ കോശി പറഞ്ഞു:

ഏയ് മിസ്റ്റർ, നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കയാണ്. ഞാൻ മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടറല്ല.”

അതു ശരി മൃഗഡോക്ടറാരുന്നല്ലേ? എന്നാപ്പിന്നെ ബോർഡിലങ്ങനെ എഴുതിവെക്കാൻ പാടില്ലാരുന്നോ?”

ശശിയുടെ ആ ചോദ്യത്തിൽ കോശിക്കു ദേഷ്യം വന്നു.

എടോ ഞാൻ മൃഗഡോക്ടറൊന്നുമല്ല. കൃഷിയിൽ ഡോക്ടറേറ്റെടുത്തയാളാണ്.”

എടുത്തടിച്ചതുപോലെ ശശി പറഞ്ഞു:

അതു ശരി, അപ്പോ മനുഷ്യനെ പറ്റിക്കാനാണല്ലേ ഗേറ്റിൽ വെണ്ടക്കാ മുഴുപ്പിൽ ഡോക്ടറെന്നെഴുതിവെച്ചിരിക്കണത്. ആ പട്ടിയെയൊന്നു പൂട്ടിക്കേ. ഞങ്ങളെത്രേം പെട്ടെന്ന് അയാളേം കൊണ്ട് ഹോസ്പിറ്റലി പോട്ടെ.”

കോശിയുടെ വിളിയിൽ പട്ടി ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ജനലരികത്തേക്കോടിവന്നു. കോശി ജനലഴികൾക്കിടയിലൂടെ കയ്യിട്ട് പട്ടിയുടെ കഴുത്തിലെ ബെൽറ്റിൽ പിടിച്ചു. ആ തക്കത്തിന് ഒട്ടും സമയം പാഴാക്കാതെ ശശി ചാടിയോടി. അല്പ നിമിഷങ്ങൾക്കകം കോശിയുടെ കയ്യിൽനിന്നും കുതറിമാറിയ പട്ടി ശശിക്കു പിന്നാലെ പാഞ്ഞു.

പട്ടി തൊട്ടു തൊട്ടില്ലായെന്ന മട്ടിലെത്തിയതും ശശി മതിലു ചാടി റോഡിലേക്കലച്ചുതല്ലി വീണു.

കോശിയും ഭാര്യയും അന്തിച്ചു നോക്കിനിൽക്കുമ്പോൾ കാർ സ്റ്റാർട്ടു ചെയ്തു പാഞ്ഞുപോയി.

8.

ഹൈവേയിൽനിന്നും അല്പം ഉള്ളിലേക്കു കയറിയുള്ള ഒരു ചെറിയ ആശുപത്രിയുടെ വരാന്തയിലിട്ടിരിക്കുന്ന കസേരയിൽ, കാറിൽ വന്ന മദ്ധ്യവയസ്കരായ രണ്ടുപേർ ഇരുന്നുറക്കം തൂങ്ങുമ്പോൾ കുറച്ചപ്പുറത്തു മാറി ഡ്രൈവർ മണിയും തൊട്ടുചേർന്ന് കീറിയ ഷർട്ടും ധരിച്ച് ശശിയുമിരുപ്പുണ്ട്.

കയ്യിലും മുഖത്തുമായി ചോര കിനിഞ്ഞിട്ടുണ്ടെങ്കിലും ലഹരിയുടെ കെട്ടിൽ അതത്ര കാര്യമാക്കാത്ത രീതിയിലിരിക്കുന്ന ശശിയോടായി ഡ്രൈവർ മണി പറഞ്ഞു:

ഇമ്മിണി നേരം ചേട്ടനും ഞങ്ങള പേടിപ്പിച്ചുകളഞ്ഞു കെട്ടാ.”

അബദ്ധം പിണഞ്ഞ മട്ടിൽ ശശി പറഞ്ഞു:

പണ്ട് മേൽക്കൂരേട പണിക്കെടേല് പല പ്രാവശ്യം വീണിട്ടെക്കയുണ്ട്. പക്ഷേ, ജീവിതത്തിലാദ്യമായിട്ടാണ് ബോധം പോയൊരു വീഴ്ച.”

മണി ഒരു പരിഹാസച്ചിരിയോടെ പറഞ്ഞു:

വരണവഴി ചേട്ടന്റ മൊഖത്തെ പെയിന്റു പോയിടത്തേക്ക് ഷിബൂന്റ വായീന്ന് രണ്ടു തുള്ളി ബ്രാണ്ടി തെറിച്ചുവീണപ്പഴാണ് ബോധം തെളിഞ്ഞത്.”

ശശി എന്തോ പറയാനാഞ്ഞ സമയം അവർക്കു മുന്നിലൂടെ ഡോക്ടറേയും കൂട്ടി ഒരു നഴ്‌സ് ധൃതിയിൽ അകത്തേക്കു പോയി.

അവരെ സൂക്ഷ്മം നോക്കിക്കൊണ്ട് ശശിയുടെ ചെവിയിലേക്ക് ചുണ്ടടുപ്പിച്ചിട്ട്, മണി പറഞ്ഞു:

ഒരു കുഞ്ഞവിഹിതം മണക്കണെണ്ട് കെട്ടാ.”

-ശശി ചോദിച്ചു:

അതെങ്ങന മനസ്സിലായി.”

ഇക്കാര്യത്തിൽ താനൊരു വിദഗ്ദ്ധനാണെന്ന മട്ടിൽ മണി പറഞ്ഞു:

നഴ്‌സ് ഡോക്ടറ വിളിക്കാമ്പോയിട്ട് അഞ്ചു മിനിറ്റു കഴിഞ്ഞേ...!”

ഇയാളൊരു സംഭവമാണല്ലോ എന്ന മട്ടിൽ ശശി മണിയെ ഒന്നുഴിഞ്ഞു നോക്കി.

ചാർജ്ജിലിട്ടിരിക്കുന്ന ശശിയുടെ മൊബൈലിനെ ചൂണ്ടിക്കാണിച്ചിട്ട് ഒരു കാര്യവുമില്ലാതെ മണി പറഞ്ഞു:

ഈ സാധനം വന്നതോടെ ലോകം മുഴുവൻ അവിഹിതം കൊണ്ടു നിറഞ്ഞിരിക്കേണു ചേട്ടാ”

-ശശി വെറുതെ ഒന്നു ചിരിച്ചു.

അൽപ്പം ഇരുട്ടിലേക്കു മാറ്റിയിട്ടിരിക്കുന്ന കാറിന്റെ ഡോർ മലർക്കെ തുറന്നിട്ടിരുന്ന് മദ്യപിക്കുകയാണ് യാത്രക്കാരിലൊരാളായ ഷിബു. അയാൾ ഗ്ലാസ്സിൽനിന്നും അവസാന കവിൾ എടുത്ത് ചുണ്ടുതുടച്ചു. പിന്നെ ഒരു സിഗററ്റെടുത്തു കത്തിച്ചു.

അപ്പോഴേക്കും ശശി അങ്ങോട്ടേക്കു വന്നു.

ഷിബു ശശിയെ ഒന്നു നോക്കി എന്തായി എന്ന് മുഖം കൊണ്ടു ചോദിച്ചു.

കെട്ടറങ്ങണകൊണ്ടാണെന്നു തോന്നണ്, മൊഖത്തും കൈക്കുമെക്ക കുറേച്ച വേദന തൊടങ്ങീട്ടെണ്ട്.”

ശശിക്ക് ഒരെണ്ണം കയറ്റിയൊഴിച്ചു കൊടുത്തിട്ട് തികട്ടിവന്ന കുറ്റബോധത്തെ ഒന്നു ലഘൂകരിക്കാനെന്നവണ്ണം ഷിബു പറഞ്ഞു:

നാളെ രാവിലെ പോയാ മതീന്ന് ആളാം വീതം പറഞ്ഞിട്ടും ഞാനൊരാളാ നിർബ്ബന്ധിച്ച് ഈ രാത്രീത്തന്നെ പോന്നത്. അവടെ കെടന്നാ മതിയാരുന്നു.”

ഒറ്റവലിക്കകത്താക്കിയ ഒന്നൂതിക്കൊണ്ട് ശശി നെഞ്ചു തടവി ഗ്ലാസ്സ് തിരികെ കൊടുത്തു.

അതൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്റെ സഹോ... വരാനൊള്ളത് വഴീത്തങ്ങൂല്ലന്നു കേട്ടിട്ടില്ലേ? അല്ലെങ്കിത്തന്നെ ഒന്നാലോചിച്ചു നോക്കിയേ. വൈകുന്നേരം പണീം കഴിഞ്ഞ് ബുള്ളറ്റിന്റ ബാലൻസ് കാഷ് കൊടുക്കാൻ നേര്യമംഗലത്ത് പോയിട്ട് അയാള കാണാൻ വൈകിയതും വരണവഴി വണ്ടീം കേടായി ഇരിക്കുമ്പ നിങ്ങളു വരാനും പിന്ന, പട്ടീട കടീന്നും രക്ഷപ്പെട്ട് മതിലും ചാടി ബോധോം പോയി കീറിയ ഷർട്ടുമിട്ട് ഒരു പരിചയവുമില്ലാത്ത നിങ്ങക്കട കൂട ഞാനിങ്ങനയിരിക്കുമെന്നാരെങ്കിലും വിജാരിച്ചതാണാ... നമ്മളു വിജാരിക്കുന്നപോലെയൊന്നുമല്ല ജീവിതകഥേട പോക്ക്.”

ശശിയെ സൂക്ഷിച്ചു നോക്കി തൊഴുകയ്യോടെ ഷിബു പറഞ്ഞു:

മാപ്പു നൽകു മഹാമുനേ... ഒറ്റവലക്കിത്രേം പ്രതീഷിച്ചില്ല...”

ശശി ചെറുതായിട്ടൊന്നു ചൂളിയെങ്കിലും ആ സമയത്ത് ഹോസ്പിറ്റലിന്റെ വരാന്തയിലേക്കു വന്ന ഡോക്ടറെ കണ്ടയുടൻ പെട്ടെന്നു രണ്ടാളും കാറിൽനിന്നുമിറങ്ങിയോടിച്ചെന്നു.

മദ്യലഹരിയിൽ പരിസരം മറന്നുറങ്ങിയിരുന്നവരെ ഡ്രൈവർ മണി വിളിച്ചുണർത്തിയതും ഡോക്ടർ പറഞ്ഞു:

സോറി, അല്പം വൈകിപ്പോയി നിങ്ങൾ. അരമണിക്കൂർ മുന്‍പെത്തിച്ചിരുന്നെങ്കിൽ ആൾ രക്ഷപ്പെട്ടേനെ. വെരിസോറി.”

ഒരു നിമിഷം എല്ലാവരും സ്തംഭിച്ചുനിന്നു.

ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും തന്റൊപ്പം അകത്തേക്കു വരാൻ പറഞ്ഞ ഡോക്ടറുടെ പിന്നാലെ ഉറക്കം മാറാത്ത കണ്ണുകളുമായി നിന്ന രണ്ടുപേർ പ്ലാഞ്ചിപ്ലാഞ്ചി അകത്തേക്കു പോയി.

ഡ്രൈവർ മണിയും ശശിയും കാറിൽനിന്നിറങ്ങിയ ഷിബുവും ഒന്നും മിണ്ടാനാവാതെ കസേരകളിലേക്കിരുന്നു.

ഡ്രൈവർ മണിയോടായി ഷിബു പറഞ്ഞു:

എന്റ ദയിവമേ ഇതെങ്ങന ശ്രീനിച്ചേട്ടന്റ വീട്ടിലാട്ട് വിളിച്ചറിയിക്കണമെന്നാലോചിച്ചിട്ട് ഒരെത്തും പിടീം കിട്ടണില്ലല്ലോടാ മണീ...”

മണി പറഞ്ഞു:

ചേട്ടൻ സമാധാനപ്പെട്. ഇതിപ്പ നുമ്മട കുറ്റം കൊണ്ടൊന്നുമുണ്ടായതല്ലല്ല.”

ഷിബു പറഞ്ഞു:

നിനക്കങ്ങന പറഞ്ഞൊഴിയാ... നാട്ടിലാട്ടു ചെന്നാ പണിയെനിക്കാണല്ലാ കിട്ടാമ്പോണത്...”

ആ പറച്ചിലിനെ നിസ്സാരമാക്കിക്കൊണ്ട് മണി പറഞ്ഞു:

നാട്ടുകാരോട് പോവാൻ പറചേട്ടാ... അവരിക്കട ചെലവിലാണാ നുമ്മ കഴിയണത്.

ചേട്ടൻ പോയി രണ്ടെണ്ണങ്കൂടി മണമണാന്നങ്ങടിച്ചേച്ചും വാ... ടെൻഷനെക്കയങ്ങട് മാറട്ടെ.”

മണി ഷിബുവിനെ താങ്ങി എഴുന്നേൽപ്പിച്ചു.

അഴിഞ്ഞ മുണ്ടും വാരിച്ചുറ്റി കാറിനെ ലക്ഷ്യമാക്കി ആടിയാടി നീങ്ങുമ്പോൾ ആരോടെന്നില്ലാതെ ഷിബു പറഞ്ഞു:

ഏതു സമയത്താണാ ഇയാളേം കൂട്ടി പോരാന്തോന്നിയത്...!”

മണി വന്നടുത്തിരുന്നിട്ട് ശശിയുടെ ചെവിയിൽ സ്വകാര്യമെന്നോണം പറഞ്ഞു:

ഇയാളും മരിച്ച ചേട്ടന്റ ഭാര്യേം തമ്മിലെള്ള ഡിങ്കോൾഫി നാട്ടിലു മുഴുവൻ പാട്ടാണ്. ഇനിയിപ്പ ആ ചേച്ചീന സ്വന്തമാക്കാൻ ഇയാളു കൊന്നതാണെന്നേ ഞങ്ങട നാട്ടുകാരു പറഞ്ഞെണ്ടാക്കത്തൊള്ള്. ഇപ്പ അതോർത്തിട്ടാണിയാക്കട ടെൻഷൻ മുഴുവനും, മനസ്സിലായാ...”

ശശി അന്തം വിട്ട് അവനെ നോക്കി.

കിട്ടിയ ഗ്യാപ്പിന് എഴുന്നേറ്റൽപ്പം മാറി നിന്നിട്ട് മണി ആരെയോ ഫോണിൽ വിളിച്ചു:

എടാ, കെടന്നാരുന്നാ... ഒരു കാര്യമെണ്ടായിട്ടെണ്ട്. അദു പറയാനാണ് വിളിച്ചത്.”

അപ്പുറത്തുനിന്നും കേട്ടതു തെറിയാണെന്ന് മണിയുടെ മുഖഭാവത്തിൽ തെളിഞ്ഞെങ്കിലും കൈ മറച്ചുപിടിച്ചിട്ട് പറഞ്ഞു:

എട നുമ്മട ശ്രീനിച്ചേട്ടനില്ലേ...”

അതല്ലട ഷിബൂന്റ...”

അതുതന്നെ. ഇനിയിപ്പ ഷിബൂന് ശ്രീനിച്ചേട്ടന പേടിക്കണ്ട കാര്യമില്ല...”

ഒരഞ്ചു മിനിറ്റായിക്കാണും...”

ശശി ഫോൺ സംസാരം ശ്രദ്ധിക്കുന്നതറിയാതെ മണി തുടർന്നു:

ഭൂതത്താൻകെട്ടീന്നു പോന്നിട്ടിപ്പ മനുഷ്യനും മാഞ്ചാദീമില്ലാത്ത ഏതോ ഒരൊടങ്കൊല്ലി ആശൂത്രീലാണ്.”

അകത്തേക്കു പോയ രണ്ടാളും തിരികെ വരുന്നതു കണ്ട മണി: “പിന്നെ വിളിക്കാടാ” എന്നു പറഞ്ഞ് ഫോൺ കട്ടുചെയ്ത് ശശിയുടെ അടുത്തു വന്നിരുന്നു.

നടന്നടുക്കുന്നതിനിടയിൽത്തന്നെ ഒരാൾ ചോദിച്ചു:

ഷിബുവെന്തിയേടാ...?”

മണി പറഞ്ഞു:

അയാള് പിന്നേം കേറ്റാൻ കാറിലാട്ടു പോയിട്ടെണ്ട്.”

എടാ മണിയേ, ആകെ പെട്ടല്ലോടാ...”

മണി ചോദിച്ചു:

എന്താണു ചേട്ടാ?”

ഞങ്ങ വായ പൊത്തി സംസാരിച്ചതുകൊണ്ട് മണമടിച്ചു കാണാൻ വഴിയില്ല, പക്ഷേ...”

ഒന്നു നിർത്തിയിട്ട് അയാൾ ശശിയെ ചൂണ്ടിക്കാണിച്ചിട്ടു തുടർന്നു:

ദേ, ഇയാക്കട കോലം കണ്ടിട്ടാണാന്ന് തോന്നണ്, ഡാക്കട്ടറു ചോദിച്ച് അടിപിടിയാ അലമ്പാ വെല്ലതും നടന്നാന്ന്.”

മണി ചോദിച്ചു:

എന്നിട്ട് ചേട്ടനെന്നതാണ് പറഞ്ഞത്.”

ഞാനൊന്നുമൊളിക്കാൻ പോയില്ല. നുമ്മ നാട്ടീന്നു പോന്നതു മൊതല് ഭൂതത്താൻകെട്ടില കുഞ്ഞപ്പന്റ വീട്ടുമിറ്റത്തിരുന്ന് കാട്ടുപോത്തിന്റ എറച്ചി കൂട്ടി വെള്ളമടിച്ചാടിപ്പാടിയതടക്കം ഇതുവരെ നടന്നതെല്ലാം വള്ളിപുള്ളി വിടാതങ്ങ് പറഞ്ഞുകൊടുത്തു.”

തലക്കു കൈകൊടുത്ത് മണി പറഞ്ഞു:

പഷ്ട്. നമ്മളെ വയറു നെറച്ചു സൽക്കരിച്ച ആ പാവത്തിനിട്ടും ചേട്ടൻ പണികൊടുത്തല്ലാ...”

നീയെന്തെക്കയാണീപ്പറയണത്?”

മണി ദേഷ്യപ്പെട്ടെന്നോണം പറഞ്ഞു:

ഇനിയിപ്പ കാട്ടുപോത്തിന കൊന്നു തിന്നതിന് നമുക്കെല്ലാർക്കും കൂടി ജയിലിപ്പോയിക്കെടക്കാം.”

എടാ, അദു കഴിച്ച് വയറ്റിപ്പിടിക്കാത്ത വെല്ലദും കൊണ്ടാണാ ശ്രീനി ചത്തതെന്നോർത്താണ് ഒള്ള സത്യം ഞാനങ്ങു തൊറന്നു പറഞ്ഞത്.”

അയാളാകെ വിഷമിക്കുന്നതു കണ്ട മണി ചോദിച്ചു:

എന്നട്ട് ഡോട്ടറെന്നതാണു പറഞ്ഞത്?”

ഞാൻ പറഞ്ഞുതീർത്തപ്പ അങ്ങേരു പറയുകേണ്. വീട്ടുകാരേം പൊലീസിനേമറിയിച്ച് അവർക്കൊബ്ജക്ഷനൊന്നുമില്ലെങ്കിലേ ബോഡി കൊണ്ടുപോകാൻ പറ്റത്തൊള്ളന്ന്. അല്ലെങ്കി പോസ്റ്റുമോർട്ടം ചെയ്യണമെന്ന്.”

മറുപടിയായി മണി പറഞ്ഞു:

അദു കാശു മേടിച്ചെടുക്കാനെള്ള അടവാണ്. നുമ്മ അദു മൈന്റു ചെയ്യണ്ട കാര്യമില്ല.”

ഒന്നുകൂടി എരിവു കൂട്ടാൻ മണി തുടർന്നു:

ഇത്രേം ദൂരത്തേക്കു വരണില്ലന്ന് എത്ര പ്രാവശ്യം ശ്രീനിച്ചേട്ടൻ പറഞ്ഞതാണ്. എന്നിട്ടും നിർബ്ബന്ധിച്ച് കെട്ടിയെഴുന്നള്ളിച്ചത് ആ ഷിബൂന്നു പറയണ ഒറ്റ ഒരുത്തനല്ലേ?”

അതു ശരിവെച്ച് ഒരാൾ പറഞ്ഞു:

അദു ശരിയാണു കെട്ടാ...”

മണി പറഞ്ഞു:

അല്ലെങ്കിലും ഇതിന്റ ഗുണോം ദോഷോം അയാക്കാണല്ല.”

ശശി മണിയെ തന്നെ നോക്കിയിരുന്നു.

കാറിൽ ചാരിക്കിടന്ന ഷിബു പതുക്കെ തലയുയർത്തി നോക്കി. പുറത്തേക്കിറങ്ങി അവരുടെ അടുത്തെത്തിയിട്ട് പറഞ്ഞു:

ശ്രീനിച്ചേട്ടൻ മരിക്കാൻ കാരണക്കാരൻ അയാളൊറ്റൊരാളാ.”

മനസ്സിലാകാതെ ഒരാൾ ചോദിച്ചു:

ആരട കാര്യമാണ് ഷിബൂ നീയീ പറയണത്?”

ഡോട്ടറാണെന്നു കരുതി ദേ ഇയാളു മതിലു ചാടി ചെന്നില്ലേ, അയാളു തന്നെ. പത്തിരുപതു മിനിറ്റെങ്കിലും അവടെ പോയില്ലേ. ആ സമയം നേരെ ഇങ്ങാട്ടു പോന്നാ മതിയാരുന്നല്ലാ.”

ശശി ഒന്നും പറയാതെ അതു കേട്ടിരുന്നു.

ശശിയെ ചൂണ്ടിക്കാട്ടിയിട്ട് ഒരാൾ പറഞ്ഞു:

അപ്പഴല്ലേ ഇയാള് പറഞ്ഞത് അയാള് ഡോക്ടറാണെന്ന്.”

അതുവരെ ഒന്നും മിണ്ടാതിരുന്ന ശശി പറഞ്ഞു:

അതുശരി, ഇപ്പ കുറ്റക്കാരൻ ഞാനായാ...

ഡോക്ടറെന്ന് മതിലുമ്മ എഴുതിവെച്ചിരിക്കണത് നിങ്ങളും കണ്ടതല്ലേ?”

ഷിബു ചോദിച്ചു:

താൻ മതിലു ചാടിപ്പോയിട്ടെത്ര നേരം കഴിഞ്ഞിട്ടാണ് തിരിച്ചുവന്നത്?”

അതു ശരി. പട്ടിയോടിച്ച് മരത്തേക്കേറ്റി പിന്ന റോട്ടില് തലയടിച്ചു വീണ് ഈ കോലത്തിലായ എന്നോടു തന്നെയിങ്ങന പറയണം.”

ഷിബു പറഞ്ഞു:

അയാക്കെതിരെ കേസെടുപ്പിക്കണം. കൂടെ ഇയാക്കട പേരും വെക്കണം.”

സ്വയം ശപിച്ചുകൊണ്ട് ശശി പറഞ്ഞു:

ഒരു കലാകാരനായി ജനിച്ചുപോയതുകൊണ്ട് ഇത്തിരി മനുഷ്യപ്പറ്റു കാണിച്ചു പോയി. അദാണെനിക്കു പറ്റിയ തെറ്റ്... അല്ല, എന്നപ്പറഞ്ഞാ മതിയല്ലാ. എത്ര കൊണ്ടാലും ഞാൻ പടിക്കൂല്ല.”

ഷിബു വിടാനുള്ള മട്ടില്ല:

താൻ പടിക്കുകയാ പടിക്കാതിരിക്കുകയാ എന്നതു വേണമെങ്കിലും ചെയ്തോ... അദു തന്റെയിഷ്ടം. പക്ഷേ, മനുഷ്യമ്മാരെ ചികിത്സിക്കാത്തവമ്മാരെന്തിനാണ് ഡോട്ടറെന്ന ബോർഡു വെച്ചേക്കണതെന്നാണ് എന്റ ചോദ്യം. ഇതിപ്പ ആ പേരുകൊണ്ട് അയാക്കല്ലാതെ വേറാർക്കെങ്കിലുമൊരു ഗുണമൊണ്ടാ...”

അതിനു സപ്പോർട്ടായി ഒരാൾ പറഞ്ഞു:

പടിക്കാത്തവനും പടിച്ചവനും ഒരേപോലെ കിട്ടണ ഒരു സാദനമായി മാറില്ലായിദ്.

പേരിന്റ കൂട പത്രാസു കാണിക്കാനൊരെളുപ്പവഴി. പച്ചമലയാളത്തി പറഞ്ഞാ കാശൊള്ളവന്റെയൊക്ക ഒരുതരം കുന്തളിപ്പ്. അല്ലാതെന്നാ?”

ഒടക്കിനൊരു വഴിമണത്ത മണി പറഞ്ഞു:

ചേട്ടൻ പറഞ്ഞ കണക്ക് അയാക്കട വീടിന്റ മുന്നില ബോർഡു കണ്ട് നുമ്മ അവട കളഞ്ഞ സമയമാണ് സത്യത്തീ ശ്രീനിച്ചേട്ടൻ മരിക്കാൻ കാരണം. അപ്പ കുറ്റക്കാരൻ അയാളാണല്ലാ...”

എല്ലാവരും മണിയെ സൂക്ഷിച്ചു നോക്കിയപ്പോൾ അയാളൽപ്പം സ്വരം താഴ്ത്തിപ്പറഞ്ഞു:

അഞ്ചുമിനിറ്റിലധികം ഇവടേം കളഞ്ഞിട്ടെണ്ട്. അങ്ങന വരുമ്പ ഈ ഒറിജിനൽ ഡോട്ടറ് രണ്ടാം പ്രതിയായിട്ടു വരും.”

ശശിയോടായി ഷിബു പറഞ്ഞു:

അയാള് നിങ്ങട ഫോണിലാട്ട് വിളിച്ചതല്ലേ, ആ നമ്പറിലാട്ടൊന്ന് വിളിച്ചു തന്നേടോ, ഞാൻ നല്ല രണ്ടു കടപ്പൊറം ഭാഷ പറയട്ടെ.”

ശശി ഷിബുവിനെ വല്ലാത്തൊരമ്പരപ്പോടെ ഒന്നു നോക്കി.

ഒത്താലൊക്കട്ടെയെന്നമട്ടിൽ മണി പറഞ്ഞു:

ഒരു കളികളിച്ചാ ചെലപ്പ ഇമ്മിണി കാശുകിട്ടാനെള്ള വഴീം കൂടി തെളിയണെണ്ട് കെട്ടാ...”

പക്ഷേ, അതൊന്നും കേൾക്കാത്ത മട്ടിൽ ദേഷ്യമടക്കാനാവാതെ ഷിബു പറഞ്ഞു:

എനിക്കിപ്പത്തന്നെ രണ്ടുവർത്താനം പറഞ്ഞില്ലെങ്കി ഒരു സമാധാനോം കിട്ടൂല്ല. ഒന്നു വിളിച്ചേടോ...”

ഫോണെടുത്ത് ചാർജ്ജറൂരി മണിക്കു കൊടുക്കുമ്പോൾ ശശി പതുക്കെ ചോദിച്ചു:

എന്ന കൊലക്കു കൊടുക്കാനെള്ള പണിയാണല്ലേ?”

ചിരിച്ചുകൊണ്ട് മണി പറഞ്ഞു:

അതേ ഈ സൊഭാവം ഞങ്ങട നാടിന്റെയൊരു പ്രത്യേകതയാണ്.”

മുറ്റത്തുകൂടി ഇടംവലം നടന്ന് ഫോണിലൂടെ ഷിബു പറയുന്ന പച്ചയും പഴുത്തതുമായ തെറികൾ കേട്ട് എല്ലാവരും ചെവികൾ അമർത്തി പൊത്തിപ്പിടിച്ചു.

അൽപ്പ നിമിഷത്തിനുള്ളിൽ ദേഷ്യം കൊണ്ടു വിറച്ചുതുള്ളി വന്ന ഷിബു ആക്രോശിച്ചു:

എട മണീ, കാറെടുത്തേടാ. അവന്റ കരണമടിച്ചു പൊളിച്ചിട്ടേ ഇനി ബാക്കി കാര്യമൊള്ള്.”

എല്ലാവരും ഒരുപോലെ ഞെട്ടി.

അവരുടെ കൂട്ടത്തിൽ അല്പം പ്രായം കൂടിയ ഒരാൾ പറഞ്ഞു:

എടാ ഷിബൂ, നുമ്മക്കിപ്പത്തന്ന നല്ലൊരു പണി കിട്ടിയിരിക്കേണ്. ഇനീ അടുത്ത ഒരു പണിക്കു കൂടിയെള്ള വഴിമരുന്നിടണാ?”

ഒന്നു ചുമ്മാതിരി ചേട്ടാ. എന്റ തന്തയ്ക്കു വിളിച്ചാ ഏദു പൊന്നുതമ്പുരാനാണേലും ഈ ഷിബു വെറുതെ വിടുകേല. സമ്മാനം നേരിട്ടു തരാൻ ഞാനിപ്പ അങ്ങാട് വരികേണെന്നും പറഞ്ഞിട്ടാണ് ഫോൺ വെച്ചത്. എന്നിട്ടിനി ചെല്ലാതിരുന്നാ ഞാനൊരു പേടിത്തൊണ്ടനാണെന്നവൻ കരുതൂല്ലേ... ചെത്തിക്കാരോടാണാ അവന്റ കളി. നീ കാറെടുക്കടാ മണീ...”

മണി ഒന്നും മിണ്ടാതെ കാറിനടുത്തേക്കു നടന്നു.

പിറകേ ഷിബുവും.

തന്റെ ഫോണും പോക്കറ്റിലിട്ട് കാറിനടുത്തേക്കു നടക്കുന്ന ഷിബുവിനോട് ഫോൺ ചോദിക്കാനും ചോദിക്കാതിരിക്കാനും പറ്റാത്ത അവസ്ഥയിൽ അടുത്തിരുന്നയാളോട് പതുക്കെ പറഞ്ഞു:

ചേട്ടാ, എന്റ ഫോൺ അയാൾട കയ്യിലാണ്. ഇനീപ്പ ഇവിട എന്റ ആവശ്യമില്ലല്ല... അവരുടെ കൂടെ പോയാ എനിക്കവട എറങ്ങാല്ലാ...”

മറുപടി കേൾക്കാനൊന്നും നിൽക്കാതെ ശശി ഓടിപ്പോയി കാറിൽ കയറി.

9.

കാറെടുത്ത് അല്പദൂരം പിന്നിട്ടതും മുൻസീറ്റിലിരുന്നിരുന്ന ഷിബു പെട്ടെന്നു കയ്യുയർത്തിയിട്ടു പറഞ്ഞു:

എട മണീ, ചവിട്ടിക്കേടാ...”

ഒന്നും മനസ്സിലാകാതെ മണി കാറൊതുക്കി നിർത്തി.

പുറത്തിറങ്ങിയ ഷിബു പിറകിലെ ഡോറു തുറന്ന് കാറിലേക്കു കയറിയിട്ട് മണിയെ നോക്കി ആജ്ഞാപിച്ചു:

പറപ്പിച്ചു വിടെടാ...”

പറപ്പിച്ചു വിടാനിതു വിമാനമല്ല” എന്ന് പിറുപിറുത്തുകൊണ്ട് മണി കാറെടുത്തു.

സീറ്റിന്റെ ബാക്കിൽവെച്ചിരുന്ന കുപ്പിയും ഗ്ലാസ്സുമെടുക്കുമ്പോ പേടിച്ചു വിറച്ചിരിക്കുന്ന ശശിയെക്കണ്ട് ഷിബു ചോദിച്ചു:

തനിക്കു വേണാ?”

ശശി വേണ്ടെന്നു തലയാട്ടിക്കൊണ്ടു വളരെ ഭവ്യതയോടെ പറഞ്ഞു:

എന്റ മൊബയില് ചേട്ടന്റെ പോക്കറ്റിലാണ്...”

മൊബൈൽ തിരികെക്കൊടുത്തിട്ട് ഷിബു പറഞ്ഞു:

സോറിയളിയാ, ദേഷ്യം വന്നാ ഞാൻ വേറൊരാളാണ്...”

അയാൾ വഴിനീളെ മദ്യപിച്ചുകൊണ്ടിരുന്നു.

കാറിനകം മദ്യം വീണ് മണം കൊണ്ട് നിറഞ്ഞപ്പോ മണി പറഞ്ഞു:

ചേട്ടാ, ഇങ്ങന അടിച്ചോണ്ടിരുന്നാ അവടച്ചെന്ന് അയാക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ പറ്റുവാ?”

സിഗററ്റു കത്തിച്ച് പുകയൂതിക്കൊണ്ട് ഷിബു പറഞ്ഞു:

അങ്ങനവന്നാ, അടിക്കാൻ പാകത്തിന് നിങ്ങയെന്റ കൈപ്പാങ്ങിനയാളെക്കൊണ്ടു നിർത്തിത്തരണം. അദു നിങ്ങടെ കടമേണ്...”

ഒവ്വാ” എന്നു പറഞ്ഞ് തലയാട്ടിയ മണി പിറകിലിരിക്കുന്ന ശശിയെ ചരിഞ്ഞൊന്നു നോക്കി കാർ ഒന്നുകൂടി വേഗത്തിൽ വിട്ടു.

10.

കോശിയുടെ ഗേറ്റിനു മുന്നിലെ വഴിയിൽ കാറുനിർത്തി മണി പറഞ്ഞു:

ചേട്ടാ, സ്ഥലമെത്തി കെട്ടാ... നിങ്ങയെറങ്ങിക്കോ, ഞാൻ വണ്ടിയൊന്നു തിരിച്ചേച്ചും വരാ.”

ഷിബുവും ശശിയും പുറത്തിറങ്ങി.

ശശി ഇറങ്ങിയിടത്തു തന്നെ പരുങ്ങിനിന്നു.

ഷിബു നടക്കുന്നതിനിടയിൽ ഇടയ്ക്കിടെ ത്രികോണം വരച്ചു കറങ്ങി ഒരുവിധത്തിൽ ഗേറ്റിനടുത്തേക്കെത്തി. തിരിഞ്ഞുനോക്കിയപ്പോൾ തന്റെ കൂടെ വരാതെ വഴിയരുകിൽ തന്നെ പമ്മിനിൽക്കുന്ന ശശിയോട് ഷിബു ഉച്ചത്തിലലറി:

എടാ ഉളിപ്പിടി തെണ്ടീ, നീയവട നിന്ന് ചിന്തേരുതള്ളാതെ ഇങ്ങാട്ട് വന്ന് അയാക്കെട ഫോണിലാട്ടൊന്നു വിളിച്ചു തന്നേടാ.”

പാവം ശശി പെട്ടെന്നോടി വന്ന് കോശിയുടെ ഫോണിലോട്ട് വിളിച്ചു. സ്വിച്ചോഫാണെന്നു പറയാൻ പേടിച്ചിട്ട് പതുക്കെ പറഞ്ഞു:

ബെല്ലടിക്കണെണ്ട്. പക്ഷേ, എടുക്കണില്ല.”

നിനക്കു വിളിക്കാനറിയാമ്പാടില്ലാഞ്ഞിട്ടാണ്. ആ ഫോണിങ്ങാട്ടു തന്നേ. ഞാൻ വിളിച്ചു കാണിച്ചുതരാം...”

ശശി ഫോൺ ഡയൽ ചെയ്തു കൊടുത്തു. രണ്ടു തവണ വിളിച്ചിട്ടും സ്വിച്ചോഫ് പറഞ്ഞപ്പോ ദേഷ്യം കൊണ്ടു മുഖം ചുവന്ന ഷിബു ആ ഫോൺ ഇരുട്ടിലേക്ക് വലിച്ചെറിഞ്ഞു.

അയ്യോ, എന്റ ഫോൺ” എന്നും പറഞ്ഞ് ശശി ഫോൺ വീണ സ്ഥലത്തേക്കോടി.

കാറ് അല്പം മാറ്റിനിർത്തി ഒന്നു മൂത്രമൊക്കെയൊഴിച്ച് പതുക്കെ വന്ന മണി ഗേറ്റിനരികിൽനിന്ന് തെറിവിളിക്കുന്ന ഷിബുവിന്റെ അടുത്തെത്തിയിട്ട് ചോദിച്ചു:

എന്തായി ചേട്ടാ... വെല്ലദും നടക്കുവാ?”

ഗേറ്റിന്റെ പില്ലറിൽ ചാരിനിന്ന് സിഗററ്റ് ഒരുവിധത്തിൽ കത്തിച്ചിട്ട് ഷിബു പറഞ്ഞു:

ആ നായിന്റ മോൻ ഫോൺ സിച്ചോഫാക്കി വെച്ചിരിക്കുകേണ്...”

അപ്പോഴാണ് മണി അതു ശ്രദ്ധിച്ചത്.

ഡോക്ടറുടെ നെയിംബോർഡിരുന്ന സ്ഥലം ശൂന്യം. ഉടൻ തന്നെ മണി ഗേറ്റിലേക്കു നോക്കി.

ഗേറ്റു പുറമേനിന്നു ലോക്കു ചെയ്തിരിക്കുന്നു. എല്ലാം മനസ്സിലായതുപോലെ തലയാട്ടിക്കൊണ്ട് മണി പറഞ്ഞു:

ചേട്ടോ... പണി പാളി കെട്ടാ...

നിങ്ങ വരണണ്ടെന്നു ഫോണീക്കൂട പറയണ്ട വെല്ല കാരിയവുമൊണ്ടാരുന്നാ...

അയാളു തെളിവും നശിപ്പിച്ച് വീടും പൂട്ടി രക്ഷപ്പെട്ട്.”

അതു കേട്ടതും തലപൊട്ടിത്തെറിക്കും മട്ടിലൊരൂള തെറീം വിളിച്ച് പാഞ്ഞുചെന്ന ഷിബു ഗേറ്റിനെ പല തവണ ആഞ്ഞു ചവിട്ടി. അതും പോരാഞ്ഞ് വഴിയിൽ കിടന്നിരുന്ന കല്ലുകൾ പെറുക്കിയെടുത്ത് അകത്തേക്ക് വലിച്ചെറിഞ്ഞു. പട്ടി കുരച്ചു കൊണ്ടോടിവന്നു.

ഷിബു പട്ടിയേയും കല്ലുവെച്ചെറിഞ്ഞു.

ദേഷ്യം കൊണ്ടു കണ്ണു കാണാൻ പറ്റാതെ നിന്ന ഷിബു പറഞ്ഞു:

എടാ, എനിക്കയാളെ ഇടിക്കണം. അതിനെന്നതാണ് വഴിയെന്നു പെട്ടെന്ന പറ.”

ഇദു നല്ല ചോദ്യം...! ഇവിടില്ലാത്തയാളെ എങ്ങനിടിക്കാനാണ്?”

മണി കൈമലർത്തി.

ഗേറ്റിൽ പിടിച്ചുനിന്ന ഷിബു പറഞ്ഞു:

തൽക്കാലം നീയൊന്നു കുനിഞ്ഞുനിന്നഡ്‌ജെസ്റ്റു ചെയ്യടാ... എനിക്കിത്തിരിയാശ്വാസത്തിന് വേണ്ടി രണ്ടിടിയിടിക്കട്ടെ...”

ഇത്തിരി അകലം പാലിച്ച് നിന്ന മണി കളിയായി പറഞ്ഞു:

ഒന്നു പോയെന്റ ചേട്ടാ, എനിക്കേ ചെന്നിട്ട് അമ്പലപ്പൊഴക്കൊരോട്ടമൊള്ളതാണ്.”

പെട്ടെന്നെന്തോ ഓർത്തട്ടെന്നപോലെ മണി ചോദിച്ചു:

അല്ല, നുമ്മട കൂട വന്ന കുമ്പാരിയെവടപ്പോയി?”

അതു കേട്ടതും ഷിബു വേച്ചുവച്ച് മുന്നോട്ടോടി.

അല്പം മാറി ഇരുട്ടിൽ കുനിഞ്ഞുനിന്ന് ഫോൺ പരതിക്കൊണ്ടിരുന്ന ശശിയുടെ നടുവിന് നോക്കി ഷിബു ഒറ്റ ചവിട്ടുകൊടുത്തു.

തലേം കുത്തി പുല്ലിലേക്കു വീണ ശശി വലിയ വായിൽ നിലവിളിച്ചു.

തപ്പിത്തടഞ്ഞെഴുന്നേറ്റു വന്ന ശശിയുടെ തല ഷിബു തന്റെ കക്ഷത്തിനുള്ളിലാക്കി പിടിച്ച് മുതുകിനിട്ട് രണ്ടു മൂന്നിടി കൊടുത്തപ്പോഴേക്കും കുതറിമാറാൻ ശ്രമിച്ച് പരാജയപ്പെട്ട ശശിയുടെ നിലവിളി ശക്തിയാർജ്ജിക്കുകയും ഷിബു തളരുകയും ചെയ്തു.

അത്ര പന്തിയല്ലെന്നു തോന്നിയ മണി ഓടിച്ചെന്ന് ഷിബുവിനെ പിടിച്ചുമാറ്റിയിട്ട് പറഞ്ഞു:

കട്ടവന കിട്ടിയില്ലെങ്കി കിട്ടിയവന തല്ലണതേ പൊലീസുകാരാണ്. നുമ്മ ആ നിലവാരത്തിലേക്കു താഴരുത്... ചേട്ടനിങ്ങാട്ടു വന്നേ...”

പിടിച്ചുവലിച്ചുകൊണ്ടു നീങ്ങിയ മണിയെ തട്ടിമാറ്റിക്കൊണ്ട് ഓടിയടുത്ത ഷിബു ശശിയെ വീണ്ടും ആഞ്ഞു ചവിട്ടി.

പാവം ശശി കോശിയുടെ ഗേറ്റിനരുകിലേക്ക് തെറിച്ചുപോയി മലന്നടിച്ചു വീണു.

ശശി കരഞ്ഞുകൊണ്ടു പറഞ്ഞു:

എന്റെ പൊന്നു ചേട്ടാ, എന്നയിങ്ങന പട്ടിയെപ്പോലെ തല്ലാൻ മാത്രം ഞാനെന്തു തെറ്റാണു ചെയ്തത്?”

മണി പിറകിലൂടെ ചെന്ന് ഷിബുവിനെ വട്ടം പിടിച്ചു.

അഴകൊഴമ്പനായി നിൽക്കുന്ന ഷിബു ഉള്ള ശക്തിയെടുത്തലറി:

ഞാനിപ്പം പോകേണ്.

ആ കോശീന്നു പറയണ നാറി വരുമ്പ നീ പറഞ്ഞേക്ക്.

ഷിബൂന്റ തന്തക്കു വിളിച്ച ഒരുത്തനേം വെറുതെ വിട്ടട്ടില്ലെന്ന്.”

കിടന്നിടത്തു കിടന്ന് പറ്റാവുന്നതുപോലെ ശശി തലകുലുക്കിയപ്പോൾ തലയിലാകെ പറ്റിപ്പിടിച്ച ഉണക്കപ്പുല്ലുകളിൽ ചിലത് താഴേക്കുതിർന്നുവീണു.

മണി ഒരുവിധത്തിൽ ഷിബുവിനെ കാറിൽ കൊണ്ടുകിടത്തിയിട്ട് ഇപ്പോ വരാമെന്നും പറഞ്ഞ് ശശിയുടെ അരികിലെത്തി.

ശശിയെ താങ്ങി പിടിച്ചെഴുന്നേൽപ്പിച്ച് എതിർവശത്തെ കെട്ടിടത്തിന്റെ വരാന്തയിൽ കൊണ്ടു ചെന്നിരുത്തി. അടുത്തുതന്നെ ഇരുന്നിട്ട് മണി പറഞ്ഞു:

ചേട്ടാ, ഒന്നുകൊണ്ടും ധൈര്യപ്പെടരുത്. പേടിച്ചുനിന്നാ ചേട്ടനു കൊള്ളാം അയാള് ഫൂലോക വെടക്കാണ്. ഓടിയാലോടിച്ചിട്ടടിക്കും. കിടന്നാ കിടന്നിടത്തിട്ടടിക്കും. ഇത്രത്തേലവസാനിച്ചത് ചേട്ടന്റ ഫാഗ്യം...”

ശശി ഒന്നും മിണ്ടാതെ കണ്ണു തുടച്ചു.

പിന്നേ, അയാളൊരു കാര്യം പറഞ്ഞയച്ചതു പറയാനാണ് കെട്ടാ ഞാൻ തിരിച്ചുവന്നത്.”

ശശി അമ്പരപ്പോടെ തലയുയർത്തി നോക്കി.

ചേട്ടന്റ നമ്പറൊന്നു പറഞ്ഞേ...”

പരിതാപസ്വരത്തിൽ ശശി പറഞ്ഞു:

ഫോൺ അയാളെടുത്തെറിഞ്ഞു കളഞ്ഞു.”

അദു നേരം വെളുത്തിട്ടു ചേട്ടന് തപ്പിയെടുക്കാല്ലാ...

നമ്പറൊന്നു പറത്തേക്ക്.”

ശശി നമ്പർ പറഞ്ഞുകൊടുത്തിട്ട് പറഞ്ഞു:

ഒന്നു വിളിച്ചുനോക്കിയാ ഇപ്പത്തന്നെ കണ്ടുപിടിക്കാരുന്നു.”

മണി രണ്ടു തവണ വിളിച്ചുനോക്കിയപ്പോഴും സ്വിച്ചോഫ് തന്നെ.

നിരാശപ്പെട്ടിരിക്കുന്ന ശശിയോട് മണി പറഞ്ഞു:

കുമ്പാരീട അഡ്രസ്സും കൂടി ഒന്നു തന്നേക്കു കെട്ടാ...”

സംശയത്തോടെ ശശി ചോദിച്ചു:

അതെന്തിനാണ്?”

വിളിച്ചിട്ടു കിട്ടിയില്ലെങ്കി നിങ്ങള അന്വേഷിച്ചു വരേണ്ടതല്ലേ..!”

ഈ കുടുക്കിൽനിന്നും എങ്ങനെയെങ്കിലുമൊന്നു രക്ഷപ്പെടണമെന്ന ചിന്തയോടെ തലക്കു കൈകൊടുത്തിട്ട് നിറഞ്ഞ കണ്ണുകളോടെ ശശി ചോദിച്ചു:

ഞാമ്പറയണത് കേക്കാനിത്തിരി സമയമുണ്ടാവുമോ?”

ശശിയുടെ തലയിൽ പറ്റിപ്പിടിച്ചിരുന്ന പുല്ല് തട്ടിക്കളഞ്ഞുകൊണ്ട് മണി ചോദിച്ചു:

എന്താണ് ചേട്ടാ?”

ഒന്നു മൂരിനിവർന്ന് ദീർഘശ്വാസമെടുത്ത് ശശി പറഞ്ഞുതുടങ്ങി:

അച്ഛൻ മരിക്കുമ്പ ഞാനെട്ടാം ക്ലാസ്സില് തോറ്റുനിൽക്കേണ്.”

അദു ശരി. സമയമില്ലാത്ത സമേത്ത് ചേട്ടൻ കുടുംബകഥ വിളമ്പാൻ പോകേണാ?”

മണിയുടെ ചോദ്യത്തിനെ ഒന്നു മയപ്പെടുത്താനെന്നവണ്ണം ശശി യാചിച്ചു:

മണിയെ ഞാനൊരനുജനായി കരുതി പറയണതാണ്. ഇത്തിരി സമയം എനിക്കു താ. ഞാനൊന്നു പറഞ്ഞോട്ടെ. എന്നെപ്പറ്റി പറയാൻ ഞാന്തന്നെയല്ലെയുള്ളൂ.”

മണി ഒന്നയഞ്ഞു:

ചേട്ടനൊന്നു വെക്കം പറഞ്ഞുതീർക്ക്.”

പതിനാറടിയന്തിരം കഴിഞ്ഞതിന്റെ പിറ്റേന്ന് മാമന്റെ കൂടെ പണിക്കെറങ്ങിയിട്ടിപ്പ കൊല്ലം ഇരുപത്തൊന്നായി. ആ പ്രായം മുതല് നല്ലോണം മുണ്ടു മുറുക്കി പണിയെടുക്കണതാ. രണ്ടു പെങ്ങമ്മാരേം നല്ല അന്തസ്സോടെ കെട്ടിച്ചയച്ചു.

എന്നക്കൊണ്ടു പറ്റാവുന്ന ഉപകാരമല്ലാതെ ഈ നിമിഷം വരെ ഒരാളുമായിട്ടും വഴക്കിനാ വക്കാണത്തിനാ പോയിട്ടില്ല. പക്ഷേ, വെറുതെയിരുന്നാലും കുറ്റവാളിയാകണതാണ് എന്റെ തലവിധി.”

ശശി ഒന്നു നിർത്തിയപ്പോൾ മണി ചോദിച്ചു:

തീർന്നാ?”

ശശി അതു ശ്രദ്ധിക്കാതെ തുടർന്നു:

പണ്ട്, എന്റെ വകേലുള്ളൊരു കാശുകാരൻ വെല്ലിച്ചൻ വീട്ടിലൊരു ബുള്ളറ്റുമായി വന്നപ്പ അതിന്റ കിക്കറൊന്നടിക്കാൻ നോക്കിയതിന് അങ്ങേരെന്റ തൊടയടിച്ചു പൊട്ടിച്ചു. അങ്ങേരു പോയിക്കഴിഞ്ഞപ്പ തിണർത്തു പൊട്ടിയിടത്ത് വീശാം പാള വെച്ച് വീശിക്കൊണ്ട് അമ്മ പറഞ്ഞു:

എന്റെ മോൻ വലുതാകുമ്പ ഇതുപോലൊരെണ്ണം വാങ്ങിക്കാന്ന്.”

അന്നു തൊട്ടൊള്ളൊരു മോഹമായിരുന്നു പഴയതാണെങ്കിലും ഒരു ബുള്ളറ്റ് സ്വന്തമാക്കണമെന്നുള്ളത്. അങ്ങനെയൊരെണ്ണമൊത്തു വന്നപ്പ കയ്യിലൊള്ളതും ചിട്ടി പിടിച്ചതുമൊക്കെയായി നുള്ളിപ്പെറുക്കിയിട്ടും കാശു തെകയാണ്ടു വന്നു. ബാക്കിയെള്ളതിന് രണ്ടു മാസം സാവകാശം തരാന്നു പറഞ്ഞപ്പ പിന്നെയൊന്നും നോക്കാതെ നേരെപോയി വാങ്ങിയതാണീ പണി തന്നിരിക്കണ ബുള്ളറ്റ്.”

അതു കേട്ടിട്ടെന്നവണ്ണം ഒരു കുറ്റവാളിയെപ്പോലെ ഒരു വശം ചരിഞ്ഞ് തല താഴ്ത്തിയിരിക്കുന്ന ബുള്ളറ്റിനെ ശശിയും മണിയും ഒരുമിച്ച് നോക്കി.

രണ്ടു മാസം തെകയാനിനി രണ്ടാഴ്ച കൂടിയെണ്ടെങ്കിലും കാശു റെഡിയായപ്പ കയ്യില് വെച്ചോണ്ടിരിക്കണ്ടല്ലാന്നു കരുതി അതു കൊണ്ടുകൊടുക്കാൻ പോയതാണ്. പാപി ചെന്നിടം പാതാളമെന്നു പറഞ്ഞമാദിരി അവട ചെന്നപ്പ ആ വീട്ടിലാരുമില്ല. എന്നെ പറഞ്ഞാമദീല്ലാ. ഒന്നു വിളിച്ചിട്ട് പോവേണ്ട കാര്യമേയെണ്ടാരുന്നുള്ള്. വിളിച്ചപ്പ അയാക്കട അമ്മ ഐസീയുവിലാണെന്നു പറഞ്ഞു.

നേരെ ആശൂത്രീലോട്ടു പോയി.

കാശു കയ്യിലോട്ടുവെച്ചു കൊടുത്തപ്പ ആശൂത്രീലൊത്തിരി കാശായെന്നും ഇതിപ്പ കിട്ടീത് വെല്യ ഉപകാരമായെന്നും പറഞ്ഞ് അങ്ങേര് വിങ്ങിപ്പൊട്ടി.

ഒരു പാവത്താൻ.

കൊറേക്കൊല്ലം ഗൾഫിലു കെടന്നു നരകിച്ചു നിക്കക്കള്ളിയില്ലാണ്ട് തിരിച്ചുവന്നതാണ്. എനിക്കും വല്ലാത്ത വെഷമമായി. പിന്ന ഒന്നും ചിന്തിക്കാണ്ട് പോക്കറ്റിലു ബാക്കിയുണ്ടാരുന്ന രണ്ടായിരം രൂപേന്ന് ആയിരത്തഞ്ഞൂറ് രൂപ എടുത്തു കൊടുത്തപ്പ, പാവം അയാളെന്ന കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ടു പറഞ്ഞു:

സ്വന്തം കൂടപ്പിറപ്പുപോലും കാശിന്റെ കാര്യം വന്നപ്പോ മാറിക്കളഞ്ഞു. ആ സ്ഥാനത്താ ഒരു ബന്തോമില്ലാത്ത താൻ...”

ഒന്നു നിർത്തി കണ്ണു തുടച്ചുകൊണ്ട് ശശി പറഞ്ഞു:

ദശാസന്ധി കഴിഞ്ഞ് വാങ്ങിയാ മദീന്ന് മാമൻ പറഞ്ഞതാണ്. പക്ഷേ, ലാഭത്തിനൊരെണ്ണമിങ്ങനൊത്തു വന്നപ്പ വാങ്ങിവെക്കാം, ഓടിക്കല് പിന്നെയാക്കാല്ലോന്ന് കരുതി...”

ഇടയ്ക്കു കയറി മണി ചോദിച്ചു:

മാമൻ ജോത്സ്യനാണാ?”

ജോത്സ്യനല്ല. പക്ഷേ, കൊല്ലങ്ങളായി ജോത്സ്യന്റടുത്തു പോയി പോയി എതാണ്ടൊരു ജ്യോത്സ്യനെപ്പോലെയായതാണ്.”

നിങ്ങയൊരുമിച്ചാണാ താമസം?”

ഉം. മാമനും എന്നപ്പോലെ ഒറ്റാന്തടിയാണ്.”

അദു ശരി. അപ്പ ചേട്ടൻ കല്യാണം കഴിച്ചിട്ടില്ലല്ലേ?”

സെന്റി വർക്കൗട്ടാകാതെ വന്നപ്പോ ട്രാക്കൊന്നു മാറ്റിപ്പിടിച്ചാലോ എന്നു കരുതി ശശി തലയാട്ടിക്കൊണ്ടു പറഞ്ഞു:

ആദ്യമാദ്യം മാമന് പെണ്ണുകാണാൻ ഞാൻ കൂട്ടു പോയി. ലഡു തിന്നു മടുത്തൊടുവിൽ മാമന് ഷുഗറു വന്നപ്പ ഇനി കെട്ടണ്ടാന്നുള്ള തീരുമാനമെടുത്തു. പിന്നെപ്പിന്ന എനിക്കു പെണ്ണുകാണാനായിട്ട് മാമൻ കൂട്ടുവന്നു തുടങ്ങി. പോയിപ്പോയി എനിക്കും മാമന്റെ ഗതിയായെന്നു പറഞ്ഞാ മദിയല്ലാ.”

ഒരു ദീർഘശ്വാസമെടുത്ത ശശി കഥ നിർത്തിയതാണെന്ന മട്ടിൽ മണി പറഞ്ഞു:

അപ്പ അങ്ങനയങ്ങ് പോണ് അല്ലേ ചേട്ടാ...”

മറുപടിയായി ശശി പറഞ്ഞു:

കാര്യം കൊറച്ചു കടമെക്കയെണ്ടങ്കിലും ഇപ്പ ഞങ്ങ രണ്ടാളും അമ്മേം കൂടി ഒള്ളദുകൊണ്ടോണം പോലെ കഴിയുകേണ്. ആകെക്കൂടിയൊള്ളൊരു സന്തോഷോന്നു പറഞ്ഞാ ഞാനും മാമനും കൂടി ചിന്തുകളിക്കും നാടൻ പാട്ടിനും പോണതാണ്.”

മണിയുടെ മൊബൈലിൽ “പാലാപ്പള്ളി തിരുപ്പള്ളി” എന്ന പാട്ടുച്ചത്തിൽ മുഴങ്ങി.

മണി പെട്ടെന്നു ഫോണെടുത്തു.

ദേ വരികേണ് ചേട്ടാ...”

ഇരുന്നിടത്തു നിന്നുമെഴുന്നേറ്റുകൊണ്ട് മണി ശശിയോടായി പറഞ്ഞു:

ചേട്ടാ, ഞാനെന്നാ പോട്ടെ. അവരവടെ പോകാൻ ധൃതിവച്ചോണ്ടിരിക്കേണ്.”

ശശി വെറുതെ പറഞ്ഞു:

ഇന്നലെയിരുന്ന ഇരുപ്പിങ്ങന തന്നെ ഇരുന്നിരുന്നാ വെറുതെ അയാൾട ഇടികൊള്ളണ്ടാരുന്നു...”

ഒരാക്കലിന്റെ തുപ്പൽ തെറിപ്പിച്ച് മണി പറഞ്ഞു:

ചേട്ടൻ വന്നില്ലായിരുന്നെങ്കീ ഞങ്ങ ശ്രീനിച്ചേട്ടനേം കൊണ്ട് നേരെ ആശൂത്രീലാട്ടു പോയേനേ... എങ്കിലയാളു ചാകത്തുമില്ലാരുന്നു.”

സ്വയം കുറ്റപ്പെടുത്തിക്കൊണ്ട് ശശി പറഞ്ഞു:

ഇദാണ് ഞാൻ നേരത്തേ പറഞ്ഞത്. ഒരുപകാരം ചെയ്യാമ്പോയാലും ഒടുവിൽ കുറ്റവാളിയാകുന്നത് ഞാനാരിക്കുമെന്ന്.”

ശശിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ശശിയുടെ പുറം തലോടിയിട്ട് മണി പറഞ്ഞു:

ചേട്ടൻ കരയണ്ട. എല്ലാം വിധിയാണെന്നോർത്ത് സമാധാനിച്ചാ മതി. ആ അഡ്രസ്സൊന്നു പറഞ്ഞേക്ക്.”

എന്റെ കാര്യങ്ങളൊക്കെ ഹൃദയം തൊറന്നു പറഞ്ഞിട്ടും എന്നെ വെറുതെ വിടാനൊള്ള മട്ടൊന്നുമില്ല, അല്ലേ?”

ഞാനെന്തു ചെയ്യാനാ ചേട്ടാ, അയാളു പറഞ്ഞ മാദിരി ചെയ്തില്ലെങ്കി കീറുകിട്ടാമ്പോണതെനിക്കാണ്. കളിക്കാണ്ട് ചേട്ടനഡ്രസ്സു പറയ്...”

വിതുമ്പിയും മൂക്കു ചീറ്റിയും ശശി അഡ്രസ്സു പറഞ്ഞുകൊടുത്തു.

ചേട്ടൻ നാളെയാ മറ്റന്നാളാ എപ്പഴാന്നു വെച്ചാ ഈ കോശിയെ ഒന്നു വിളിക്കണം. അല്ലെങ്കി പോയി കാണണം. എന്നിട്ടു പറയണം. ഡോട്ടറെന്ന ബോർഡു കണ്ടിവട കേറി സമയം പോയതു കൊണ്ടാണ് ശ്രീനിച്ചേട്ടൻ വടിയായതെന്നും ഞങ്ങ കേസിനു പോകാതിരിക്കണമെങ്കി തക്കതായ നഷ്ടപരിഹാരം തരണമെന്നും. എത്ര വേണോന്നു വെല്ലദും ചോദിച്ചാ എത്ര കൊടുക്കുമെന്ന് തിരിച്ചങ്ങാട്ട് ചോദിക്കണം.”

കൂർമ്മബുദ്ധിയിലെന്തോ ആലോചിച്ചിട്ട് മണി പറഞ്ഞു:

അല്ലെങ്കി വേണ്ട. ഞങ്ങയെത്ര പറയുമെന്നറിയട്ടെ എന്നിട്ട് പറയാന്നു പറഞ്ഞാ മദി. ആദ്യമയാക്കട മനസ്സറിയട്ടെ.”

ശശി ഒന്നും മിണ്ടാതെയിരുന്നു.

അപ്പ രണ്ടു ദിവസികഴിഞ്ഞ് ഞാൻ വിളിക്കാ. എല്ലാം പറഞ്ഞപോലെ...”

ശശി പറഞ്ഞതൊന്നും ചെവിക്കൊള്ളാതെ, ഒരു തരിമ്പുപോലും മനസ്സലിയാതെ, സമയവും കാലവുമൊന്നും നോക്കാതെ ഒടക്കുവലയൊരെണ്ണം വിരിച്ചതിന്റെ സന്തോഷാധിക്യത്താൽ ഒരു മൂളിപ്പാട്ടും പാടി ചിരിച്ചുകൊണ്ട് മണി നടന്നകന്നു.

കാർ പോകുന്നതും നോക്കിയിരുന്ന ശശി നടുവൊന്നു ചായാനാഞ്ഞ സമയത്ത്, അടുത്തേതോ അമ്പലത്തിൽ നിന്നുമൊഴുകിവന്ന ഭക്തിഗാനത്തിന്റെ ഈരടികൾ കേട്ട് എഴുന്നേറ്റുനിന്ന് ശബ്ദത്തിന്റെ ദിക്ക് നോക്കി കൈകൂപ്പിക്കൊണ്ടു പറഞ്ഞു:

ഈശ്വരാ, ഞാനാരെ സഹായിക്കാമ്പോയാലും എനിക്കീ ഗതിയാണല്ലാ വരണത്. എന്നയിങ്ങനെ പരീക്ഷിച്ചതു മതിയായില്ലേ?”

ശശിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം പെട്ടെന്ന് കറന്റു പോവുകയും ശബ്ദം നിലയ്ക്കുകയും ചെയ്തു.

ശശിയുടെ ആ നിൽപ്പിനും ചോദ്യത്തിനും മൂകസാക്ഷിയായ നിലാവും തന്റെ പുഞ്ചിരി മതിയാക്കി മടക്കയാത്രക്കൊരുങ്ങി.

ഈ കഥ കൂടി വായിക്കാം
ഈ കൂട്ടിൽ കോഴിയുണ്ടോ...


സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.