ഏകാകിയും വിഷാദിയും എപ്പോഴും മറഞ്ഞിരിക്കുന്നവനുമായ ദൈവം മരക്കൊമ്പുകൾക്കിടയിലെ പൂർണ്ണചന്ദ്രനെ സ്റ്റാറ്റസ് ഇട്ടു. അയാളുടെ ഉദ്ദേശ്യം ഫലിച്ചു. ചെടികളെ നനച്ചുകൊണ്ടിരുന്നത് മറന്ന് അയാളുടെ ക്രിയേറ്റിവിറ്റിയെ, സൗന്ദര്യബോധത്തെ ഞാൻ നന്നായി പുകഴ്ത്തി. നാലിലോ മറ്റോ പഠിക്കുമ്പോഴാണ് ഗാന്ധിദർശൻ പരീക്ഷയ്ക്ക് സമ്മാനമായി ഗാന്ധിജിയുടെ ആത്മകഥ കിട്ടിയത്. എന്റെ കഷ്ടകാലത്തിന് “ഈശ്വരനുമായി സ്നേഹബന്ധം അഭിലഷിക്കുന്നവൻ ഏകനായിരിക്കണം അല്ലെങ്കിൽ ലോകത്തെ മുഴുവൻ ചങ്ങാതിയാക്കണം” എന്ന വരികൾ മഞ്ഞ ക്രയോൺകൊണ്ട് വരച്ചിട്ടു. ഒരു പേപ്പറിൽ എഴുതി ചുവരിലും ഒട്ടിച്ചു. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലെ ചപലത എന്നുപോലും പരിഗണിക്കാതെ അത് വിശ്വസിച്ച് അയാൾ കൂടെക്കൂടി. എന്റെ പ്രണയങ്ങളെ, സൗഹൃദങ്ങളെ ബാബേൽ ഗോപുരം പണിത മനുഷ്യരെ ചിതറിച്ചപോലെ തകർത്തു. പോകെപ്പോകെ “കൂട്ടത്തിൽ പെടാത്തത് ഏത്” എന്ന ചോദ്യത്തിന് എന്നെ ഉത്തരമാക്കി.
***
‘മിനി’ക്കഥ
“പുല്ലേ നീച്ചേ വെക്കെടി. സുമീ... ഉമീ... മൈരേ... മേരെ സാത് ഖേൽന മത്. തേരാ തല മേം തല്ലി പൊളിക്കുമെടി.”
രാത്രി ദൂരദർശനിലെ ഹിന്ദി സീരിയൽ ‘അലിഫ് ലൈല’ കണ്ടിട്ട് അതിലെ നായകനായ സിന്ദബാദ് മലയാളത്തിൽ തെറി പറയുന്നത് വെളുപ്പാൻകാലത്ത് സ്വപ്നം കണ്ട് ചാടി എഴുന്നേൽക്കുമ്പോൾ താഴത്തെ വീട്ടിലെ സുമിയും മിനിച്ചേച്ചിയും ഘോര യുദ്ധത്തിലാണ്. കഴുകി ഉണക്കാനിട്ടിരുന്ന മിനിച്ചേച്ചിയുടെ നിക്കറുകൾ പാകിസ്താൻ വെച്ച വെടിമുഴുവൻ ഏറ്റു വാങ്ങിയതാണെന്നു പറഞ്ഞു കമ്പിൽ കുത്തിയെടുത്ത് എല്ലാവരേയും കാണിക്കുകയാണ് സുമി. മൂത്തവൾ റാണിയും അവരുടെ അമ്മ സുമതിയും അപ്പുറത്തെ വീട്ടിലെ ചില പെണ്ണുങ്ങളും ചിരിച്ചു മറിയുകയാണ്. സംഭവം ശരിയായിരുന്നു. നിറയെ ഓട്ടകൾ. എനിക്കും ചിരി വന്നെങ്കിലും ഞാനും മിനിച്ചേച്ചിയും തമ്മിലുള്ള ഗൂഢബന്ധത്തിന്റെ ഓർമ്മയിൽ അതുവഴി പോയൊരു പൂച്ചയെ കല്ലെടുത്തെറിഞ്ഞ് ചിരിയെ തിരിച്ചു. അറിയാവുന്ന തെറികളൊക്കെ പറഞ്ഞ് പിടിച്ചു നിൽക്കാനുള്ള മിനിച്ചേച്ചീടെ ശ്രമങ്ങളൊക്കെ സുമതി മാമീടെ മടലിന്റെ തുമ്പിലൊതുങ്ങിയതും സുമിയുടെ കയ്യിൽനിന്നു നിക്കറുകൾ പിടിച്ചുവാങ്ങി മിനിച്ചേച്ചി ചാടിത്തുള്ളി അകത്തേയ്ക്ക് പോയി. രംഗം ശാന്തമായെന്നു തോന്നിയപ്പോൾ തരംപോലെ പ്രതികാര നടപടികളിലേയ്ക്ക് കടക്കാമെന്നു പറഞ്ഞ് അവളെ ഞാൻ സമാധാനിപ്പിച്ചു.
സുമതി മാമിയുടെ മൂന്നു മക്കളാണ് മേൽപ്പറഞ്ഞ റാണി, സുമി, മിനി എന്നിവർ. സർക്കാർ ഓഫീസിലെ ഡ്രൈവർ ആയിരുന്ന മാമൻ കുടിച്ച് കുടിച്ച് സസ്പെൻഷനിലായി. പിന്നെ ആ വിഷമത്തിൽ കുടിച്ച് കുടിച്ച് കെട്ടിത്തൂങ്ങി മരിച്ചു. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ തന്നെ സുമിക്ക് ജോലി കിട്ടിയത് അങ്ങനെയാണ്. ഹോർലിക്സ് ഇട്ട പാൽ ഉൾപ്പെടെ ആ വീട്ടിലെ ഏറ്റവും നല്ലതെല്ലാം സുന്ദരിയും ബുദ്ധിമതിയും അപാര വൃത്തിക്കാരിയുമായ സുമിക്ക് ആയിരുന്നു. പാലിൽ കലങ്ങാതെ കിടക്കുന്ന ഹോർലിക്സിന്റെ കട്ട മുതൽ വക്ക് പൊട്ടിയ ദോശ, പഴങ്കഞ്ഞി, തലേന്നത്തെ മീൻകറി വരെ ഏറ്റവും ഇളയവളായ മിനിച്ചേച്ചിക്ക്. മിനിച്ചേച്ചി അപമാനിക്കപ്പെട്ട ആ ദിവസത്തെ വൈകുന്നേരം പ്ലാവ്, പേര ഒക്കെ നിൽക്കുന്ന, പാഷൻ ഫ്രൂട്ടിന്റെ വള്ളികൾ പന്തലിട്ട, ടിങ്കുപ്പട്ടിയെ കെട്ടിയിട്ടിരിക്കുന്ന, നീണ്ട തിണ്ണയുള്ള ഇടത്തിൽ ഞങ്ങളിരുന്നു. ഞെരുങ്ങിപ്പിതുങ്ങി വളരുന്ന മിനിച്ചേച്ചിയുടെ മുടിക്കെട്ട് അഴിച്ച് പേൻ ചീപ്പ്കൊണ്ട് അമർത്തിക്കോതിയപ്പോൾ കറുകറുത്ത കൊമ്പൻ പേനുകൾ വെളുത്ത തോർത്തിലേക്ക് ഉരുണ്ടു വീണു. ഒരു പേപ്പറിൽ അതിനെയെല്ലാം പൊതിഞ്ഞെടുത്ത് സുമി ഉറങ്ങുന്നവരെ കാത്തിരുന്നു. പിറ്റേന്ന് പ്രാന്ത്പിടിച്ച് തലചൊറിഞ്ഞു നടക്കുന്ന സുമിയെക്കണ്ട് ഞങ്ങൾ മറ്റാർക്കും മനസ്സിലാകാത്ത സന്തോഷസൂചക ശബ്ദമുണ്ടാക്കി.
സ്വർണ്ണനിറമുള്ളൊരു വൈകുന്നേരം ആകാശം കണ്ടിരിക്കുമ്പോൾ പറമ്പിലൂടെ ‘ക്രെ... ക്രെ...’ന്ന് വിളിച്ച് ജീവനുംകൊണ്ട് ചാടുന്ന തവളകളെ പിടിക്കാൻ സുമതി മാമി ഓടുന്നത് കണ്ട് ഒപ്പം കൂടി.
“പെണ്ണെ... ഇതുപോലത്തെ ഇളിതേമ്പി തവളകളെ മാത്രം പിടിച്ചാ മതി.” കമഴ്ത്തിയ അലുമിനിയം കലത്തിനുള്ളിൽനിന്നും ഒരെണ്ണത്തിനെ പൊക്കിക്കാണിച്ച് സുമതി മാമി പറഞ്ഞു. റാണിയുടെ രണ്ടുമാസം പ്രായമുള്ള കുട്ടിയെപ്പോലെ ഇളിഭാഗം നേർത്തൊരു തവള!
“ഓരോന്നിനേയും ഓരോ ദിവസം കൊച്ചിനെ കുളിപ്പിക്കുന്നതിനടുത്ത് കുഴിയെടുത്ത് ജീവനോടെ മൂടണം. അല്ലെങ്കിൽ തുണിയിൽ കെട്ടിപ്പൊതിഞ്ഞ് അടുപ്പിന്റെ മുകളിൽ തൂക്കിയിടണം. അതിന്റെ ജീവൻ പോകുന്ന മുറക്ക് കൊച്ച് വണ്ണം വച്ചോളും.” സുമതി മാമി നീട്ടിയ പാത്രം വാങ്ങി ഇളിതേമ്പി തവളകളെ പിടിക്കാനൊരുങ്ങുമ്പോഴാണ് മിനിച്ചേച്ചി നീട്ടി വിളിച്ചത്.
“കുഞ്ഞീ... വാടീ... പെട്ടന്ന് വാടീ...”
“അവൾടെ അപ്പനെ തെക്കോട്ടെടുത്തെന്നു പറയാൻ ആയിരിക്കും. നീ അവിടെ നില്ല് കൊച്ചേ.”
“നിങ്ങൾടെ അപ്പനെ എടുത്തത് പിന്നെ വടക്കോട്ടാണാ കെളവീന്ന് ചോദിക്കെടി കുഞ്ഞീ...”
ഞങ്ങളുടെ ഗൂഢ ഇടത്തിലേയ്ക്ക് മിനിച്ചേച്ചിക്കൊപ്പം ഓടിപ്പോയി. അവളെന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മവെച്ചിട്ട് നീട്ടിയ കവർ തുറന്നുനോക്കുമ്പോൾ കുഞ്ചാക്കോ ബോബന്റെ ഉഗ്രൻ രണ്ടു കളർ ഫോട്ടോകളാണ്. ‘അനിയത്തിപ്രാവ്’ സിനിമ ഇറങ്ങിയത് മുതൽ ‘കുഞ്ചാക്കോ പ്രാന്ത്’ പിടിച്ച അവൾ പത്രങ്ങളിൽ കിട്ടുന്ന പടങ്ങളെല്ലാം വെട്ടിയെടുത്ത് അലമാരക്കകത്ത് ഒട്ടിക്കും. ഒരാഴ്ച മുൻപ് കുഞ്ചാക്കോ ബോബനെ ഇഷ്ടമാണെന്നും ഫോട്ടോ അയച്ചുതരണമെന്നും എന്നെക്കൊണ്ട് ഇൻലൻഡിൽ എഴുതിപ്പിക്കുമ്പോൾ കിട്ടുമെന്നു പ്രതീക്ഷിച്ചില്ല. “എന്നും നിന്നെ പൂജിക്കാം പൊന്നും പൂവും നേതിക്കാം... വെണ്ണിലാവിൻ വാസന്ത ലതികേ...” പാട്ടും പാടി ഫോട്ടോകൾ നെഞ്ചിൽ ചേർത്ത് അവള് തുള്ളുന്നത് ഇഷ്ടത്തോടെ ഞാൻ കണ്ടിരുന്നു.
മിനിച്ചേച്ചി കുഞ്ചാക്കോ ബോബന്റെ പടങ്ങൾ ഒട്ടിച്ചുവച്ചിരുന്ന തകരത്തിലുള്ള അലമാരയുടെ മുകളിലായി സുമി അവൾക്കുപോലും എത്താത്തവിധത്തിൽ കുറെ പുസ്തകങ്ങൾ അടുക്കി വെച്ചിരുന്നു. ഓഫീസിൽ ഒരാൾ വിൽക്കാൻ കൊണ്ടുവന്നപ്പോൾ ആരൊക്കെയോ വാങ്ങുന്നത് കണ്ട് വാങ്ങിയെന്നാണ് പറഞ്ഞത്. തകഴിയുടെ ‘കയർ’ ഒക്കെ മുകളിൽ കസേരയിട്ടിരുന്ന് അങ്ങനെ നോക്കുന്നത് അതുവഴി പോകുമ്പോഴൊക്കെ കണ്ണിൽപ്പെടും. മിനിച്ചേച്ചി പത്തിലെ പരീക്ഷയ്ക്ക് തോറ്റതിന്റെയന്ന് അലമാരക്കുള്ളിലെ കുഞ്ചാക്കോ ബോബനെ സുമതി മാമി പിച്ചിക്കീറിയെടുക്കാൻ തുടങ്ങി. “അമ്മാ എടുക്കല്ലേ... കീറല്ലേ” എന്നൊക്കെ പറഞ്ഞ് മിനിച്ചേച്ചിയും. അലമാരയുടെ വാതിലിൽ പിടിയും വലിയും തുടങ്ങിയപ്പോൾ മുകളിൽ അടുക്കി വെച്ചിരുന്ന പുസ്തകങ്ങൾ താഴെ വീണു. അതൊക്കെ സുമി തിരിച്ചടുക്കി വയ്ക്കുമ്പോൾ സഹായിക്കാൻ ഞാൻ ഓടിപ്പോയി. അവസാനത്തെ പുസ്തകം വയ്ക്കുന്നതിനു മുൻപേ കസേരയിൽനിന്ന് അവൾ താഴെയിറങ്ങി.
“സുമിച്ചേച്ചീ... ഇതു വെച്ചിട്ടില്ല.”
വീണ്ടും കയറാനുള്ള മടിയോർത്ത് ആയിരിക്കും അതു നീയെടുത്തോ എന്നവൾ പറഞ്ഞു. ഞാൻ ആ പുസ്തകത്തിന്റെ പുറംകവർ നോക്കി.
‘ചിരസ്മരണ’ നിരഞ്ജനയുടെ.
പത്ത് തോറ്റതുകൊണ്ട് മിനിച്ചേച്ചിയെ തയ്യൽ പഠിക്കാൻ വിട്ടു. അവൾക്കവിടെ പുതിയ കൂട്ടുകാരികളേയും വഴിയിൽ വായ നോക്കിയിരിക്കുന്ന കുഞ്ചാക്കോ ബോബനെപ്പോലിരിക്കുന്ന ഒരുത്തന്റെ പ്രേമവും കിട്ടി.
പിന്നെപ്പിന്നെ കുഞ്ഞീ എന്നു സ്നേഹത്തോടെ വിളിച്ചിരുന്നവൾ ‘കഞ്ഞീ’ എന്നാക്കി. ഗൂഢ ഇടവും രഹസ്യങ്ങളും പഴങ്കഞ്ഞിപോലെയായി. ദി അഗ്ലി കണ്ണിങ് ദൈവം ‘മിനിക്കഥ’ അങ്ങനെ എൻഡാക്കി.
***
‘നാണി’ത്തള്ള്
‘വട്ടിയൂർക്കാവ്’ നിങ്ങൾക്ക് അറിയാമായിരിക്കും.
വളരെ പണ്ട് ചന്തയിൽനിന്നു സാധനങ്ങൾ വാങ്ങി കാൽനടയായി വരുന്നവർ വിശ്രമിക്കാനായി കാവിനടുത്തുള്ള ചുമടുതാങ്ങിയിൽ വട്ടിയിറക്കി കൊച്ചുവർത്തമാനങ്ങൾ പറഞ്ഞിരുന്നിട്ട് വീണ്ടും യാത്ര തുടങ്ങും. ആ ‘വട്ടി ഇറക്ക് കാവാ’ണ് ‘വട്ടിയൂർക്കാവ്’ ആയതെന്ന് ചുക്കിന്റെ ചായക്കടയിൽ ഇരിക്കുമ്പോൾ കേട്ടതായി നാണിത്തള്ള പറഞ്ഞിട്ടുണ്ട്.
കിഴക്കേക്കോട്ട-വട്ടിയൂർക്കാവ് റോഡിനെ നെട്ടയത്തേക്കും മൂന്നാമ്മൂട്ടിലേക്കും കൃത്യം രണ്ടായി വെട്ടിമുറിക്കുന്നത് ചുക്കിന്റെ ചായക്കടയാണ്. അവിടത്തെ പ്രശസ്തമായ ദോശയും ചമ്മന്തിയും കഴിക്കാത്ത ആണുങ്ങൾ ആ പരിസരത്തെങ്ങും ഉണ്ടാവില്ല. ചായക്കടയുടെ വലത്തേക്കുള്ള റോഡ് കയറുമ്പോൾ ആദ്യമെത്തുന്ന ‘തോപ്പുമുക്കിൽ’ പണ്ട് തെങ്ങിൻ തോപ്പ് ആയിരുന്നിരിക്കും. നിറയെ വാഴത്തോപ്പായിരുന്ന ‘വാഴോട്ടുകോണം’ ജംഗ്ഷനാണ് അടുത്തത്. പിന്നെയുള്ള ‘വയലിക്കട’യിൽ കണ്ണെത്താദൂരത്തോളം വയലും ഒരു കടയും ഉണ്ടായിരുന്നു. ഇപ്പോൾ കടകൾ മാത്രം. വയലിക്കടയിൽ ആയിരുന്നു രായൻ പൊലീസിന്റെ വായനശാല. ആറടി പൊക്കവും വണ്ണവും ഉള്ള രായൻ പൊലീസ് ഏതു പുസ്തകം ചോദിച്ചാലും നോക്കിയെടുത്തു സ്നേഹത്തോടെ തരും. കേടുകൂടാതെ തിരികെ കൊടുത്തില്ലെങ്കിൽ കണ്ണുരുട്ടും. “ഇക്കണ്ടതൊക്കെ വായിച്ചു കൂട്ടിയാ തന്തയെപ്പോലെ നെല്ലിനും പതിരിനും കൊള്ളാത്തത് ആയിപ്പോവും പെണ്ണെ” എന്നു പറഞ്ഞു വായനശാലയിൽ നിന്നെടുത്ത പുസ്തകം അമ്മ പിടിച്ചുവാങ്ങിയെറിഞ്ഞശേഷമാണ് അങ്ങോട്ടേയ്ക്ക് പോകാതായത്. വീടിനു മുറ്റത്തുള്ള തൂക്കണം ചെമ്പരത്തിയെ കെട്ടിപ്പിടിച്ച് വളരുന്ന മുല്ലവള്ളിക്ക് ഇടയിലിരുന്ന് ആകാശം കണ്ടിരിക്കുന്നതായി പിന്നത്തെ പതിവ്. ഇലകൾക്കിടയിൽ പച്ചിലപ്പാമ്പിന്റെ രൂപത്തിലൊളിഞ്ഞിരുന്ന് ദൈവം അന്നൊക്കെ എന്നെ നോക്കിയിരിക്കും.
മിനിച്ചേച്ചി പത്തിൽ തോറ്റത് കണ്ട് ഒൻപതിലേത്തന്നെ ഓമനക്കുട്ടൻ സാറിനടുത്ത് അമ്മ എന്നെ ട്യൂഷനു വിട്ടു. മലമുകളിലേക്കുള്ള വഴിയിൽ അഭ്രക്കുഴിക്ക് അടുത്തുള്ള വീട്ടിലേയ്ക്ക് ആദ്യ ദിവസം എത്തുമ്പോൾ സാർ വരാന്തയിൽ ചാരുകസേരയിൽ ഇരുന്നു പുസ്തകം
വായിക്കുകയായിരുന്നു. ഒരു കസേരയും കൂടെ ഇടാൻ കഴിയാത്തവിധം ഷോ കേസിലും തറയിലും മേശപ്പുറത്തും ഒക്കെ പുസ്തകങ്ങൾ. ടാർപ്പോളിൻ വലിച്ചുകെട്ടിയ മുറ്റത്ത് ഒന്ന്‌രണ്ട് ബഞ്ചും ഡസ്‌കുമിട്ടായിരുന്നു ക്ലാസ്സുകൾ. പഠിക്കാനുള്ളതിനപ്പുറത്തേക്കും ഇപ്പുറത്തേക്കും പഠിപ്പിക്കും. പോയി രണ്ടു ദിവസം കഴിഞ്ഞത് മുതൽ അകത്ത് അധികം വെളിച്ചമില്ലാത്തൊരിടത്ത് നിന്ന് സാറിന്റെ ഭാര്യ എന്നെ നോക്കുന്നത് ശ്രദ്ധിച്ചു. ചിരിക്കില്ല. കണ്ണെടുക്കാതെയുള്ള രൂക്ഷമായ നോട്ടം. ആ കള്ളദൈവത്തിന്റെപ്പോലെ. “അകത്തു കയറിപ്പോകൂ” എന്നു പലതവണ പറഞ്ഞിട്ടും അവർ അനങ്ങാതെ നിൽക്കുന്നതു കണ്ട് ഞങ്ങൾ അതിശയിച്ചപ്പോൾ ചെറിയൊരു മാനസിക പ്രശ്നമുണ്ടെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും സാർ പറഞ്ഞു. ഒരിക്കൽ മറ്റു കുട്ടികൾ ഇല്ലാതിരുന്ന ദിവസം ഒരു കപ്പ് ചായയുമായി അവർ അതേയിടത്ത് നിന്നു.
“മോളെ ഞങ്ങളുടെ മകൾ ഇന്ദുവിന്റെ ഛായയാ നിനക്ക്. ഇവൾക്ക് മാനസിക പ്രശ്നമുള്ളത് ഇന്ദുവിനു വിഷമമായതുകൊണ്ട് വരുന്നത് വല്ലപ്പോഴും മാത്രം. കൊല്ലത്തെ കോളേജിലാ പഠിക്കുന്നത്. മോളെ കാണുമ്പോൾ വാതിലിനരികെ അവളിങ്ങനെ കണ്ണെടുക്കാതെ നോക്കുന്നത് അതുകൊണ്ടാവും. അവളുടെ അടുക്കൽ മോള് ഒന്ന്...”
എനിക്കു പേടി തോന്നിയിട്ട് ഒന്നും പറയാതെ ബുക്കിലേക്കു നോക്കി കുനിഞ്ഞിരുന്നു. അന്നു വീട്ടിൽ നേരത്തെ പോകണമെന്നു കള്ളം പറഞ്ഞിറങ്ങി വരും വഴിയാണ് കണ്ണ് കാണാത്ത നാണിത്തള്ളയെ ആദ്യം കാണുന്നത്. റോഡിനരികിലെ മുളക് നെല്ലിയിൽനിന്നു നെല്ലിക്ക പറിക്കുകയായിരുന്നു. താഴെ വീണുപോയത് എടുത്തുകൊടുത്തപ്പോൾ എന്റെ കയ്യിലൊരു പിടുത്തം.
“നിന്റെ പേരെന്താടി?”
“കുഞ്ഞില കൃഷ്ണൻ.”
അവർ തെളിഞ്ഞൊന്ന് ചിരിച്ചിട്ട്
“മങ്കാരത്തെ കൃഷ്ണമണീടെ മോള്.
നിന്റപ്പന് എഴുത്തും വരപ്പുമൊക്കെ ഒണ്ട ഇപ്പഴും?”
“ഇല്ല. കച്ചോടമാണ്.”
നാണിത്തള്ളയുടെ അന്വേഷണം അച്ഛനെ അറിയിക്കണമെന്നു പറഞ്ഞ് മൂന്നാലു നെല്ലിക്ക എന്റെ കയ്യിലേക്ക് തിരുകി. എരിവും കയ്‌പും ചവർപ്പും പുളിപ്പും മധുരവുമുള്ള ജീവിതനെല്ലിക്കയാണതെന്നുള്ള അരമണിക്കൂർ തള്ളും. നാണിത്തള്ളയുടെ രണ്ടു ചെവിയിലും പോളോ മുട്ടായിയിലെപ്പോലത്തെ രണ്ട് തുളകളുണ്ടായിരുന്നു. മുണ്ടും കെട്ട് ബ്ലൗസുമായിരുന്നു വേഷം. അയേലിടുന്നപോലെ ഒരു തോർത്ത് തോളിലങ്ങനെ ഇട്ടേക്കും. തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞ പൊക്കം കുറഞ്ഞ ഇറുക്കി കെട്ടിപ്പിടിക്കാൻ തോന്നുന്ന ഒരു കൊച്ച് അമ്മൂമ്മ.
“ഈ വയ്യാത്ത കണ്ണും വച്ച് നാണിത്തള്ള എന്തിനാ ഇങ്ങനെ നടക്കുന്നത്. എവിടങ്കിലും ഒരിടത്ത് മിണ്ടാതെ കിടന്നൂടെ.” “ആ രണ്ടിടങ്ങൾക്കിടയിലുള്ള ദൂരമാണ് അവർക്കു ജീവിതം കുഞ്ഞീ” അച്ഛൻ പറഞ്ഞു. ആ പറഞ്ഞത് മനസ്സിലായില്ലെങ്കിലും നാണിത്തള്ളയോടും അവരുടെ തള്ളുകളോടും ഒരു ഇഷ്ടമൊക്കെ തോന്നി. കണ്ണു കാണില്ലെങ്കിലും മൂന്നാമ്മൂടും പരിസര പ്രദേശങ്ങളും അവർക്കു നന്നായി അറിയാം. തപ്പിത്തപ്പി നടക്കുന്നത് കണ്ട് ഒരു ദിവസം കൂടെപ്പോയി. മൂന്നാമ്മൂട്ടിലുള്ള മകളുടെ വീട്ടിൽനിന്ന് മലമുകളിലെ മകന്റെ വീട്ടിലേയ്ക്ക് പോകുകയായിരുന്നു അവർ. “പയ്യെ പോടീ...” എനിക്കു വേഗം കൂടിപ്പോകുമ്പോ അവർ പറയും. അവർക്കൊപ്പം പയ്യെപ്പയ്യെ നടക്കുമ്പോൾ ആ സ്ഥലവും മനുഷ്യരേയും ഒക്കെ ആദ്യമായി കാണുന്നതുപോലെ. റോഡ് കഴിഞ്ഞ് മലയിലേക്കുള്ള വഴിയിൽ ഒരു മുള്ളൻ പന്നിയേയും മൂന്നാലു കീരികളേയും നാണിത്തള്ള ചൂണ്ടിയ ഭാഗത്ത് കണ്ടതിന്റെ അത്ഭുതം മിനിച്ചേച്ചിയോട് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലായിരുന്നു. മകന്റെ വീട്ടിലെത്തി പിറ്റേന്നുതന്നെ അവർ മകളുടെ വീട്ടിലേയ്ക്ക് തിരിക്കും. കൊച്ചമ്മൂമ്മ പോകണ്ടന്നു ചിണുങ്ങുന്ന കൊച്ചുമക്കളുടെ വായിലേക്ക് നാരങ്ങമുട്ടായി തിരുകി കടയിൽ മുടുമ്പ് അമ്പലത്തിലേക്ക്, കുലശേഖരത്തുള്ള ആലിന്റെ തണുപ്പിലേക്ക്, വെള്ളയ്ക്കടവ് പാലത്തിൽ നിൽക്കുമ്പോൾ കേൾക്കുന്ന പ്രാവുകളുടെ ഒച്ചയിലേക്ക് ഒക്കെ യാത്ര നീട്ടും. ഒരു ദിവസം പോബ്‌സണിന്റെ മലയിൽ പാറ പൊട്ടിക്കുന്നതിന്റെ ശബ്ദം കേട്ട് ഞങ്ങൾ അനങ്ങാതെ നിന്നു. ‘പോബ്‌സണിന്റെ മല’ ഞാൻ പറഞ്ഞു. ‘ബാബൂന്റെ കടൽ’ അവർ പറഞ്ഞു.
“ഗോപീട ആകാശം.”
“ഷാജീട ഭൂമി...” അതൊക്കെ പറഞ്ഞു ഞങ്ങൾ ചിരിക്കുന്നതിനിടയിൽ “കഷ്ടം നീയും നിന്റെ മക്കളും മക്കളുടെ മക്കളും” എന്നവർ നെടുവീർപ്പിട്ടു.
മലയിലേയ്ക്ക് പോകുന്ന വഴിയിൽ നിറയെ തെറ്റിപ്പൂവിന്റെ പഴങ്ങളുണ്ട്. കശുമാവുകളും. നടന്ന് തളരുമ്പോൾ ഞങ്ങൾ ആ മരക്കൊമ്പുകളിൽ ചാഞ്ഞുകിടക്കും. നാണിത്തള്ള കഥകൾ തുടങ്ങും. രാജകുമാരന്റെ വേഷത്തിൽ വന്നു പെണ്ണുങ്ങളെ കല്യാണം കഴിച്ച് പൊട്ടക്കിണറ്റിൽ തള്ളിയ മന്ത്രവാദീടെ കഥ. അങ്ങനെ കുറേ പെണ്ണുങ്ങൾ ഉണ്ടായിരുന്നെന്ന്. അവരുടെ കുട്ടികളെ തിന്നിട്ടാണ് അവർ വിശപ്പ് മാറ്റിയിരുന്നതെന്ന്. “തള്ള് കെളവീ...”ന്ന് വിളിച്ച് ഞാൻ കളിയാക്കുമ്പോൾ പല്ലുകൾ പാതിയും കൊഴിഞ്ഞ വായ തുറന്ന് അവർ ചിരിക്കുന്നത് കാണാൻ രസമാണ്.
പാമ്പ്കടിയേറ്റ് പെട്ടെന്നൊരു ദിവസം അവരില്ലതായപ്പോൾ എനിക്കു മനസ്സിലായി പണ്ട് പാമ്പിന്റെ രൂപത്തിൽ വന്ന് ഹവ്വയോട് പഴം കഴിക്കാൻ പറഞ്ഞത് സാത്താനല്ല, ദൈവമായിരുന്നെന്ന്.
**
അപ്പുവും ചിരുകണ്ടനും പിന്നെ ഞാനും
നാണിത്തള്ളയോടൊപ്പമെന്നപോലെ കശുമാവിന്റെ കൈകളിൽ ചാഞ്ഞുകിടക്കുകയായിരുന്നു ഒരു ദിവസം. കരിയിലകളിൽ ആരോ ചവിട്ടുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ തോർത്ത് മാത്രമുടുത്ത രണ്ടു ചെറുക്കന്മാർ ധൃതിയിൽ ഓടുകയാണ്.
അപ്പുവും ചിരുകണ്ടനും! എനിക്കത്ഭുതം തോന്നി.
“അപ്പൂ...” അപ്പു ഓടിവന്ന് എന്റെ കൈകളിൽ മുറുക്കെ പിടിച്ചു. അപ്പുവിന് ഇരുനിറവും നീളൻ മുടിയുമാണ്. കണ്ണുകളിൽ നിലാവിന്റെ തണുപ്പുള്ള വെട്ടം. ചിരുകണ്ടനു രാത്രിയുടെ നിറവും ചുരുണ്ട മുടിയും കണ്ണുകളിൽ തീയുടെ വെളിച്ചവും.
“ചീരു... ദ് കുഞ്ഞി... ന്റെ ചങ്ങായ്.”
ആ ജാഡക്കാരൻ തിരിച്ചൊന്നും പറയാതെ കശുമാവിന്റെ വീതിയുള്ള ഒരു കൊമ്പിലേയ്ക്ക് കയറി ചാഞ്ഞുകിടന്നപ്പോൾ ഞാനും അപ്പുവും അടുത്തുള്ള പാറപ്പുറത്തേയ്ക്ക് കയറി. മാസ്റ്റർ പറഞ്ഞിട്ട് അവർ രണ്ടുപേരും പണ്ഡിറ്റിനെ കണ്ടിട്ട് വരുന്ന വഴിയായിരുന്നു.
“കുഞ്ഞീ... വെളുപ്പിനെ പാഞ്ഞിനി. പണ്ഡിറ്റിനെ കാണാന്. അമ്മ വേവിച്ച കായ തന്നതും തിന്നിറ്റ്. പൊയ കടക്കണാർന്ന് കുഞ്ഞീ. തൊണ്ടന്റ തോണീ എട്ത്ത് പോയ്‌നി. ഓട്ടെള്ളത്. ആടെ എത്തീറ്റ് ഓട്ടലിൽ പോയി ചായ കുടിച്ചിരിക്കുമ്പ വയറൻ ഒരു ഫയൽവാനെ കണ്ടിന്. ഓന്റെ വർത്താനം രസാണ്. ഓറും മാസ്റ്റർടെ ആളന്നെ.”
ഫയൽവാന്റെ തമാശകൾ പറഞ്ഞ് ഞങ്ങൾ ചിരിക്കുമ്പോഴും ചിരുകണ്ടൻ നിശ്ശബ്ദനായിരുന്നു. ഗൂഢമായതെന്തോ ആലോചിക്കുന്നതുപോലെ!
“കൊറേ വായിക്കണട്ട കുഞ്ഞീ. ന്നിറ്റ് സാഹസോക്കെ ചെയ്ത് മാസ്റ്ററപ്പോലെ ബല്യോരാളാവ്ണം. ഒരു വിപ്ലവകാരി!” -അപ്പു പറഞ്ഞു.
‘വിപ്ലവകാരി’ ആ വാക്കിനോട് എനിക്ക് സ്നേഹം തോന്നി.
“എന്താണ്?” ഞാൻ ചോദിച്ചു.
“വി പ്ല വ കാ രി... പണ്ഡിറ്റ് പറഞ്ഞത് കുഞ്ഞീ...”
അത് വീണ്ടും വീണ്ടും മനസ്സിൽ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ അപ്പു പറഞ്ഞ മറ്റൊന്നും കേട്ടില്ല. “കുഞ്ഞീ... മോന്തിയായി... പൊരേപ്പോണ്ണേ... പിന്നെ ബരാന്ന്...”
“ആയിപ്പ.”
അപ്പുവും ചിരുകണ്ടനും കൈ കാണിച്ച് ദൂരേയ്ക്ക് മറയുമ്പോൾ പിന്നെയും കാണും എന്നത് പാറപ്പുറത്തുനിന്ന് പറന്നിറങ്ങാനുള്ളത്ര സന്തോഷം തന്നു.
അടുത്ത തവണ മലയിൽ പോയപ്പോ എനിക്ക് മുൻപേ അപ്പുവെത്തിയിരുന്നു. മുട്ടിൽ രണ്ടു കയ്യും താങ്ങി തലയൽപ്പം കുനിച്ചാണ് ഇരിപ്പ്. ചിരുകണ്ടന്റെ ഭൂമി ജന്മി കള്ളത്തരങ്ങളിലൂടെ കൈവശപ്പെടുത്തിയതിന്റെ വേവിലാണ്. “പാവപ്പെട്ടൊന്റെ രക്തം കുടിച്ച് ജീവിക്ക്ന്ന എല്ലോനും തൊലയ്ണ ഒരീസം ഉണ്ടാവൂലേടോ. കടം വാങ്ങിയെന്റെ എരട്ടി തിരിച്ച് കൊടുത്ത്‌നി. പറമ്പിലൊണ്ടായതും മൊടങ്ങീറ്റില്ല. ഓന്റ മോൾടെ മങ്ങലത്തിനും നികുതി. അടിമപ്പണീം ചെയ്തിനി. കള്ള സൂളെ മക്കള്. എല്ലാത്തിന്റേം എണറെടുക്കണം.”
അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പിന്നെയവൻ ചാടിയെഴുന്നേറ്റ് നിന്ന് അന്ന് പണ്ഡിറ്റ് പറഞ്ഞത് അതുപോലെ ആവേശത്തോടെ പറഞ്ഞു:
“ആരുടേതാണീ ഭൂമി?
നമ്മുടേത്. നമ്മുടെ മാതൃഭൂമിയാണിത്.
ഈ രാജ്യം ആരുടെ?
കൃഷിഭൂമി ആരുടെ?
കൃഷിക്കാരന്റെ
കൃഷിഭൂമി കൃഷിക്കാരന്ന്.
അവനാണതിനുടമ. അല്ലേ?
അതെ സംശയമില്ല.” അപ്പു പറയുന്നതൊക്കെ കേട്ട് എനിക്ക് നേരിയൊരു വിറയൽ വന്നു.
വീട്ടിലുണ്ടാവുന്ന മാങ്ങ, കോവക്ക, ശീമച്ചക്ക, ചക്ക, ചീര, പാവക്ക ഒക്കെ പാകമായി വരുന്ന മുറക്ക് അമ്മ ചന്തയിൽ കൊണ്ടുപോകുമ്പോഴായിരുന്നു ഞാൻ എന്റെ ലോകം തേടിയിറങ്ങിയിരുന്നത്. അന്നു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അപ്പുവിന്റെ മുഖത്ത് കണ്ട കുറ്റി രോമങ്ങളും സംസാരത്തിലെ ആവേശവും ശബ്ദത്തിലെ പിരുപിരുപ്പും അവനെ ഉടനെ വീണ്ടും കാണുവാനുള്ള തോന്നലുണ്ടാക്കി. പിറ്റേന്ന് അമ്മ ചന്തയിൽ പോകാൻ എന്തെങ്കിലും വഴിയുണ്ടോയെന്ന് അടുക്കളഭാഗമാകെ പരതുമ്പോൾ ഒരു മുറം നിറയെ കോവക്ക കണ്ട് ‘സന്തോഷ് കുമാരി’ ആയി. പട്ടു പാവാട ഇട്ട് മല കയറുമ്പോൾ മനസ്സ് നിറയെ അപ്പുവായിരുന്നു. കുറേനേരം കാത്തിട്ടും ആരെയും കാണാതെ വന്നപ്പോൾ വീട്ടിലേയ്ക്ക് തിരിച്ചു.
മുല്ലവള്ളികളിലെ കനമുള്ള ഒരെണ്ണത്തിൽ ചാഞ്ഞിരുന്ന് പച്ചിലപ്പാമ്പിനെ തെരഞ്ഞു. ചന്തയിൽനിന്ന് അമ്മ വന്നത് കണ്ട് പൊതിയിലെ പലഹാരത്തിനായി അകത്തേയ്ക്ക് കയറിയതും “സുമതിയക്കാ ഓടിവരണേ” എന്നു നെഞ്ചത്തടിച്ചൊരു നിലവിളി. ഞാൻ ഭയന്നു. എന്റെ പുറകിലായി രക്തക്കറ.
“സുമതിയക്കാ പെണ്ണ് വലുതായി.”
പിറ്റേന്ന് മുതൽ എന്നെ ഒരു മുറിക്കകത്തിട്ട് അരിമാവിൽ എള്ളെണ്ണയും കരിപ്പൊട്ടിയും ചേർത്ത് കുഴച്ച് തീറ്റിക്കും. പച്ച മുട്ടയിലും നാറ്റം പിടിച്ച ആ എണ്ണയൊഴിച്ച് കുടിപ്പിക്കും. ഏത്തപ്പഴം, പുതിയ ഉടുപ്പുകൾ, സ്വർണ്ണമോതിരം ഒക്കെക്കൊണ്ട് ബന്ധുക്കൾ വരുന്നതു കാണുമ്പോൾ ജീവനോടെ മണ്ണിനടിയിലായപോലെ ആയി.
പത്ത് പതിനാല് ദിവസങ്ങൾക്കുശേഷം ആകാശം കണ്ടതിന്റെയന്ന് പറ്റിയൊരു അവസരം നോക്കി കുറെ പലഹാരങ്ങളുമായി ഞാൻ മലയിലേക്കോടി.
അന്ന് അപ്പുവും ചിരുകണ്ടനും ചൂളം കാരക്കയും മുത്തുമണിപോലത്തെ കുറേ മുന്തിരിങ്ങയുമായി വന്നിരുന്നു. കണ്ണൻ പാട്ട് പാടിയതും മാസ്റ്റർ പത്രം വായന തുടങ്ങിയതും പണ്ഡിറ്റ് വന്നപ്പോൾ ഉള്ള വിശേഷങ്ങളും കേട്ടു. ദേവകിയെ ഉപദ്രവിക്കാൻ വന്ന യജമാനന്റെ കാര്യസ്ഥനെ അപ്പു തല്ലിപ്പരുവമാക്കിയത് കേട്ട് കുറേ ചിരിച്ചെങ്കിലും “ഓന്റാളുകളു വെറ്‌തെ ഇരിക്കൊന്ന് തോന്ന്ന്നാ” എന്ന് ചിരുകണ്ടൻ പറഞ്ഞപ്പോൾ പേടിയായി. സൂക്ഷിക്കണം എന്ന് അപ്പുവിനോട് പറഞ്ഞ് മലയിറങ്ങുമ്പോൾ ഇനിയൊരിക്കലും അവരെ കാണില്ല എന്നു വെറുതെപോലും വിചാരിച്ചിരുന്നില്ല. വീട്ടിൽ എന്നെക്കാത്ത് പുളിവാറുമായി അമ്മയുണ്ടായിരുന്നു.
“കണ്ടിടത്തൊക്കെ തെണ്ടിനടക്കുന്നത് ഇന്നത്തോടെ നിർത്തിക്കോ. മലയും കൊളവും എന്നൊക്ക പറഞ്ഞ് മേലാൽ വീടിന്റെ പടിയിറങ്ങിയേക്കരുത്. പ്രായമായ പെണ്ണാണെന്ന് ബോധം വേണം.”
രണ്ടാഴ്ചകൊണ്ട് ലോകം മാറിയതിലെ പൊരുൾ മനസ്സിലാകാതെ നിൽക്കുമ്പോൾ താഴത്തെ സുമതി മാമി വീട്ടിലേയ്ക്ക് വന്നു.
“ഈ പെണ്ണിന്റ മുടി ഇനി വെട്ടിക്കളയല്ലെടി. പ്രായമായതല്ലേ. വളത്തണം.”
അച്ഛനും അച്ഛന്റെ വീട്ടുകാരും എതിർത്തിട്ടും അമ്മയുടെ ചേച്ചിയുടെ മോൾടെ മുടി വെട്ടിയ അതേ പാർലറിൽനിന്ന് എന്റേയും മുടി വെട്ടിക്കുന്നത് അമ്മയ്ക്ക് അഭിമാനമായിരുന്നു.
“ഇനി വെട്ടൂലക്ക... വളരട്ട്. പ്രായമായതല്ലേ.”
പ്രായമായതല്ലേ...
പ്രായമായതല്ലേ...
പ്രായമായ എന്താ ആകാശം ഇടിഞ്ഞുവീഴോ??
ദേഷ്യം ഇരച്ചുകയറി മിനിച്ചേച്ചിക്കൊപ്പം ഇരിക്കാറുള്ളിടത്തേക്ക് ശ്വാസം മുട്ടിയിട്ടെന്നപോലെ ഞാൻ ഓടി. ടിങ്കുപ്പട്ടി പാതി ഉറക്കത്തിലായിരുന്നു. അവൻ കേൾക്കെ തിണ്ണയിൽ കയറിനിന്ന് ഉച്ചത്തിൽ പറഞ്ഞു:
“ആരുടേതാണീ ഭൂമി?
എന്റെയും...
ആരുടേതാണീ ആകാശവും പുഴയും മലയും?
എന്റേതും...
ഇവിടത്തെ മനുഷ്യരേയും മണ്ണിനേയും എന്നിൽനിന്നു വേർതിരിക്കാൻ ആർക്ക് കഴിയും?”
ടിങ്കുപ്പട്ടി തലയുയർത്തി നോക്കി. ഒന്നു ഞരങ്ങിയ ശേഷം മയക്കം തുടർന്നു. മിനിച്ചേച്ചി അങ്ങോട്ടേയ്ക്ക് വന്നു. മുല്ല മതിമറന്നു പൂക്കുന്ന കാലമായിരുന്നു. ഒരു വട്ടിനിറയെ അമ്മ കെട്ടി വച്ചിരുന്ന പൂവ് പതിവ് പോലെ എന്റെ വീട്ടിൽനിന്നും എടുത്തിട്ടുള്ള വരവാണ്.
“കുഞ്ഞീ... നിന്റെ സാറിന്റെ ഭാര്യയില്ലേ തലയ്ക്ക് സുഖോല്ലാത്ത ആ സ്ത്രീ... അവർ മരിച്ചു പോയെന്ന്.
മരുന്ന് മാറിക്കഴിച്ചതായിരിക്കും. മോള് ഇപ്പഴും വന്നിട്ടില്ലെന്ന്.” നേരംപോക്ക് പോലെ പറഞ്ഞിട്ട് അവൾ പോകുമ്പോ നിലയില്ലാത്ത ആഴത്തിലേയ്ക്ക് വീഴുന്ന സ്വപ്നത്തിലാണോ ഞാനെന്നു തോന്നി. സാറിന്റെ വീട്ടിലേയ്ക്ക് കൂടെ വരുമോ എന്നു ചോദിക്കാനായി അകത്തേയ്ക്ക് കയറിയപ്പോൾ സുമതി മാമി സുമിക്ക് കൊടുക്കാനായി പാൽ തണുപ്പിച്ച് ഹോർലിക്സ് ഇട്ട് കലക്കുകയാണ്. മിനിച്ചേച്ചി കയ്യിൽ പൂവും പിടിച്ച് ആ പരിസരത്തു തന്നെയുണ്ട്. നാണമില്ലാത്ത ആ നിൽപ്പ് കണ്ടിട്ട് അവൾക്ക് ചെകിടത്തൊരെണ്ണം കൊടുക്കാൻ തോന്നി. സുമതി മാമീടെ കയ്യിൽനിന്നും പാൽഗ്ലാസ് പിടിച്ചുവാങ്ങി മിനിച്ചേച്ചിയുടെ കയ്യിൽ കൊടുത്തു. “കുടിക്കെടീ... മേലാൽ എച്ചിൽ നക്കാൻ നീ ഇങ്ങനെ കറങ്ങുന്നത് കണ്ടാ നിന്റമ്മ കുഞ്ചാക്കോ ബോബന്റെ പടം കീറിയതുപോലെ ആ വായ്‌നോക്കിയുമായുള്ള പ്രേമം ഞാൻ പൊളിക്കും.”
അവളെ ചുവരിൽ ചേർത്ത് ചെവിയോടടുത്ത് അത്രയും പറഞ്ഞ് കയ്യിലിരുന്ന പൂവട്ടി പിടിച്ചു വാങ്ങി ഞാൻ ഓമനക്കുട്ടൻ സാറിന്റെ വീട്ടിലെത്തുമ്പോൾ വരാന്തയിൽ തടിയൻ പുസ്തകങ്ങൾക്കിടയിൽ സാർ പൂച്ചക്കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടിയിരിക്കുന്നു. ആ അമ്മയെ കോടി പുതപ്പിച്ച് ഹാളിൽ കിടത്തിയിരിക്കുന്നു.
അഗർബത്തിയുടെ തുളച്ചുകയറുന്ന മണം. എന്നെപ്പോലെയിരിക്കുന്ന ഇന്ദു അവിടെങ്ങാനും ഉണ്ടോ എന്നു തിരയുമ്പോൾ വിളിക്കാൻ പോയിട്ടുണ്ടെന്ന് ആരോ പറഞ്ഞു. അമ്മയെ കിടത്തിയിരുന്നതിനടുത്തേയ്ക്ക് നടന്ന് പൂമാല വയ്ക്കുന്ന ഭാവേന കാലിൽ ഒന്നു തൊട്ട ശേഷം സാറിനടുത്ത് ചുവരിൽ ചാരിയിരുന്നു. എന്നെ കണ്ടതും സാർ എന്റെ കൈ ചേർത്തുപിടിച്ച് “അവള് പോയി മക്കളേ...” എന്നു തേങ്ങി. പക്ഷേ, നോക്കൂ സാർ വിഷമിക്കല്ലേ എന്നോ ഇന്ദുവിനെപ്പോലെ ഞാനും ഉണ്ടെന്നോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ഒരുങ്ങുമ്പോൾ പുസ്തകങ്ങളുടെ നെഞ്ച് വിരിച്ചുള്ള നിൽപ്പ് കണ്ണിൽപ്പെടുത്തി സാറിന്റെ കൈക്കുള്ളിൽനിന്ന് അയാൾ എന്റെ കൈ പതുക്കെ വിടുവിച്ചു.
വീട്ടിലേക്കു നടക്കുമ്പോൾ വഴിയിൽ ഒറ്റക്കായി. പേടിച്ചിട്ട് ഓടാൻ തുടങ്ങുമ്പോൾ നാണിയമ്മ പറഞ്ഞു: “പയ്യെ പോടീ...”
ഓട്ടം നിർത്തി കാലുറപ്പിച്ച് പതുക്കെ നടന്നു.
അപ്പു പറഞ്ഞപ്പോൾ സ്നേഹം തോന്നിയ വാക്ക് ഓർമ്മയിൽ വന്നപ്പോൾ ഒളിഞ്ഞിരുന്ന് എന്നെ കുത്തിയെടുക്കാൻ വന്ന ഒറ്റക്കണ്ണനെ കുട്ടികളുടെ കാൽമുന്നിൽപെട്ടയൊരു പ്ലാസ്റ്റിക് കുപ്പിയെന്നപോലെ തെറിപ്പിച്ച് വിട്ട് മേലേക്കടവാറിലേയ്ക്ക് നടന്നു. രാവുപകലുകൾ പലതു കഴിഞ്ഞിട്ടും കുളിച്ചുകയറാത്ത കുറേ മനുഷ്യർ എന്നെ നോക്കി ചിരിച്ചു. ഘടാഘടിയന്മാരായ പാറകളെ തട്ടിത്തലോടി ഒഴുകുന്ന വെള്ളത്തിൽ ചുമ്മായങ്ങു തെന്നിനീങ്ങുന്ന ഒഴുക്കിലകൾക്ക് എന്റെ ചിരി കൊടുത്തു. ഹൃദയത്തിൽ പിറന്ന ഉമ്മകളെ അവർക്കായി പറത്തിവിട്ട് തല്‍ക്കാലം ഞാൻ തീരത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ