നഗരത്തിന്റെ വലിയ തിരക്കില്‍പെട്ടുഴറുന്ന നേരമായിരുന്നു. ഒരേ നിറമുള്ള പക്ഷികളുടെ കൂട്ടമായി സ്കൂള്‍ കുട്ടികള്‍. എങ്ങും നീലയും വെള്ളയും ചുവപ്പും നിറങ്ങള്‍. വാഹനങ്ങളുടെ ഇരമ്പലുകളെ കവച്ചുവെയ്ക്കുന്ന തരത്തില്‍ ലോകം ശബ്ദമുഖരിതം. സാധനങ്ങളുടെ കെട്ടുമായി ആയാസപ്പെട്ട് ബസില്‍ കയറി ഒരു സീറ്റൊപ്പിച്ചു. അരികില്‍ ഇരുന്നയാള്‍ വീടെത്താനുള്ള വൈകുന്നേരത്തെ കഷ്ടപ്പാട് സൂചിപ്പിച്ചു എന്തോ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ പതിയെ സംസാരിച്ചു തുടങ്ങിയതായിരുന്നു.
“എന്റെ പേര് പ്രമോദ്” -അയാള്‍ പരിചയപ്പെടുത്തി.
അപരിചിതരുടെ ഔപചാരികതകളൊന്നുമില്ലാതെ ഞങ്ങള്‍ കുറെ മിണ്ടി. എന്തു ചെയ്യുന്നു എന്നു ചോദിച്ചപ്പോള്‍ പാരമ്പര്യമായി അദ്ധ്യാപകരാണെന്നു പറഞ്ഞ് പ്രമോദ് ചിരിച്ചു. ഞാനും അങ്ങനെത്തന്നെയെന്നു പറഞ്ഞപ്പോള്‍ത്തന്നെ ഞങ്ങള്‍ക്കിടയില്‍ ചില സാമ്യതകളുണ്ടെന്നു എനിക്കു തോന്നി. പ്രമോദ് മുന്‍പ് കഥകളെഴുതിയ ആളായിരുന്നു.
“പത്ത് പന്ത്രണ്ട് കൊല്ലമായി സ്വസ്ഥതയുണ്ട്” -പ്രമോദ് പറഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. വെറുതെ അയാളുടെ മുഖത്തുതന്നെ നോക്കി. അപ്പോഴൊക്കെയും പുതുതായി ഒരു കഥപോലും എഴുതാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുകയായിരുന്നു ഞാന്‍. അതു മനസ്സിലാക്കിയെന്നവണ്ണം പ്രമോദ് എന്നെ സമാധാനിപ്പിച്ചു.
“വന്നുപെട്ടാല്‍ വലിയ ബുദ്ധിമുട്ടാണ് രക്ഷപ്പെടാന്‍. എനിക്കറിയാം. കള്ളം എഴുതിയും പറഞ്ഞും മടുത്തു. അങ്ങനെയാണ് ഞാനിത് നിര്‍ത്താന്‍ തീരുമാനിച്ചത്.” പ്രമോദ് കഥയെഴുത്തിനെക്കുറിച്ചു വാചാലനായി. ഇറങ്ങാറായപ്പോള്‍ പ്രമോദ് എന്റെ നമ്പര്‍ വാങ്ങിച്ചു.
“വിഷമിക്കണ്ട. എന്റെ ഓര്‍മ്മയിലുള്ളൊരു സംഗതി പറയാം. കഥയാക്കാന്‍ പറ്റുമോന്ന് നോക്ക്.” പ്രമോദിന്റെ ശബ്ദം ഇറങ്ങുമ്പോള്‍ എനിക്കു പിന്നാലെ വന്നു. ഞാന്‍ ആശ്വാസത്തോടെ അയാളെ നോക്കി ചിരിച്ച ശേഷം ബസിറങ്ങി നടന്നു. വീട്ടില്‍ എത്തുന്നതിനു മുന്‍പേതന്നെ പ്രമോദിന്റെ വിളി വന്നു.
രണ്ടു ദിവസത്തിനു ശേഷം മുന്‍കൂട്ടിയുള്ള പദ്ധതി പ്രകാരം ഞങ്ങള്‍ തമ്മില്‍ നഗരത്തിലെ ഒരു ബാറില്‍ സന്ധിച്ചു. എന്തൊക്കെയോ പരസ്പരം സംസാരിച്ചു. പക്ഷേ, കഥയുടെ സംഭവം ബാറിലെ വെളിച്ചത്തിനുള്ളില്‍ തെളിയാതെ കിടന്നു. ആളുകളുടെ പതിഞ്ഞ സംസാരങ്ങള്‍ക്കിടയില്‍, ടി.വിയുടെ വലിയ ഒച്ചയ്ക്കുള്ളില്‍നിന്നും കഥ പറയാന്‍ അയാള്‍ക്കു താല്പര്യക്കുറവ് ഉള്ളതുപോലെ തോന്നി. ഒന്നുരണ്ടു തവണ അയാള്‍ വലിയ ആലോചനയില്‍ മുഴുകിയിരിക്കുന്നതു കണ്ടു.
“സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നിനെ നമ്മള്‍ നിര്‍ബ്ബന്ധിച്ചു പുറത്തെടുക്കരുതല്ലേ.” കഥ പറയാന്‍ അയാളപ്പോള്‍ ഒരുക്കമല്ലെന്നു എനിക്കു മനസ്സിലായി. ഞാന്‍ ചില തിരക്കുകള്‍ പറഞ്ഞു പെട്ടെന്നു തന്നെ അവിടം വിട്ടു. തിരിച്ചു വീട്ടിലെത്തിയ ശേഷവും പ്രമോദ് എന്നെ ഫോണ്‍ ചെയ്തു. അന്നു വലിയ മഴയുള്ള ദിവസമായിരുന്നു. തോരാതെ ആകാശത്തില്‍നിന്നും ഫോണില്‍നിന്നും പ്രവാഹമുണ്ടായി. ഉടനെത്തന്നെ അയാള്‍ കഥ പറയാന്‍ തുടങ്ങുമെന്നു ഞാന്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഏറെക്കാലമായുള്ള പരിചിതരെപ്പോലെ ഞങ്ങള്‍ മറ്റെന്തൊക്കൊയോ സംസാരിച്ചു. പ്രമോദ് പിറ്റേ ദിവസവും വിളിച്ചു. അയാള്‍ വിളിക്കാത്ത ദിവസങ്ങളില്‍ ഞാന്‍ അങ്ങോട്ട് വിളിക്കുകയും ചെയ്തു. തുടര്‍ച്ചയായ വൈകുന്നേരങ്ങളില്‍ നീണ്ട സംസാരം ഞങ്ങളുടെ ഇടയില്‍ പതിവായി വന്നു. കഥയ്ക്കുള്ള ഭാഗം അയാള്‍ എന്നെങ്കിലും പറയുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. കാത്തിരിപ്പ് നീണ്ടുപോയ ശേഷം പെട്ടെന്ന് ഒരു ദിവസമാണ് സാധാരണ സംസാരത്തില്‍നിന്നും വിഭിന്നമായി പ്രമോദ് തന്റെ ഭൂതകാലത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത്.
“മാഷേ ഞാന്‍ പണ്ടൊരു കള്ളനായിരുന്നു.” അയാള്‍ എപ്പോഴെങ്കിലും ഇതു പറയുമെന്ന് അറിയാമായിരുന്നെങ്കിലും ഞാന്‍ പുറമേയ്ക്ക് ഒന്നു ഞെട്ടല്‍ അഭിനയിച്ചു. ഒന്നുകൂടി നേരില്‍ കാണാമെന്നും വിശദമായി സംസാരിക്കാമെന്നും പറഞ്ഞപ്പോള്‍ ഞാനാണ് പ്രമോദിനെ വീടിന് ഏറെ അകലെയല്ലാത്ത കാണിക്കുന്നിന്റെ മുകളിലേയ്ക്ക് ക്ഷണിച്ചത്. ഒരുമിച്ചിരുന്നാല്‍ അത്യാവശ്യം വേണ്ടുന്ന സാധനങ്ങളുമായി ഞാന്‍ പ്രമോദിനേയും കൂട്ടി അന്നു വൈകുന്നേരം തന്നെ കുന്നിന്റെ നെറുകയില്‍ കയറി.
“ഓര്‍മ്മ ശരിയാണെങ്കില്‍ വീടിനടുത്തുള്ള പീടികയിലെ റേഡിയോയാണ് ഞാനാദ്യം കട്ടത്.”
പറഞ്ഞുനിര്‍ത്തിയതും കണ്ണുകള്‍ മുറുക്കിയടച്ചുകൊണ്ട് കയ്യിലുള്ള ഗ്ലാസിലെ മദ്യം പ്രമോദ് ഒറ്റ വലിക്കു കുടിച്ചുതീര്‍ത്തു. ഞാന്‍ അയാളെത്തന്നെ ഉറ്റുനോക്കി.
“സ്പീക്കറിന്റെ പിന്നിലെ കാന്തം എടുക്കാനായിരുന്നു” -പ്രമോദ് തുടര്‍ന്നു. കഴിഞ്ഞയാഴ്ച കണ്ടതില്‍നിന്നും അയാള്‍ ഏറെ ക്ഷീണിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍കൊണ്ട് അയാളൊരു വൃദ്ധനായതായി എനിക്കു തോന്നി. കാണിക്കുന്ന് വലിയ രഹസ്യഭാരത്തെ താങ്ങാനെന്നവിധം നിശ്ശബ്ദമായി ഇരുന്നു. പക്ഷേ, അല്പനേരം കഴിഞ്ഞതും അവിടേയ്ക്ക് ആളുകളുടെ സംഘം ചേര്‍ന്നുള്ള ഒഴുക്ക് തുടങ്ങി. ഞങ്ങള്‍ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍നിന്നും കുന്നിന്റെ ഒരു വശത്തെ താഴ്ചയിലേയ്ക്ക് മാറി വലിയൊരു പാറയ്ക്ക് പിന്നിലായിരുന്നു മദ്യം നുകരുന്ന പ്രവൃത്തി തുടര്‍ന്നു. ഞങ്ങളുടെ പുറകില്‍ കുന്നിന്റെ നെറുകയില്‍ കൊട്ടകള്‍ കമിഴ്ത്തിയതുപോലെ വളഞ്ഞു നിലം തൊടാനായുന്ന തരത്തില്‍ കുറെ മരങ്ങളുണ്ട്. സംഘങ്ങളില്‍ ചിലര്‍ അതിന്റെയുള്ളിലേയ്ക്ക് കയറി.
“ഈയടുത്തായി എനിക്കു കുടി കൂടിയെന്നു പറഞ്ഞു മോള് വല്ലാത്ത ബഹളം.”
ഞാന്‍ പറഞ്ഞപ്പോള്‍ പ്രമോദ് ഒന്നു ചിരിച്ചു. ഞങ്ങളുടെ വലതുവശത്ത് നാലഞ്ച് സ്കൂട്ടറുകള്‍ പ്രദര്‍ശനത്തിനുവെച്ച കണക്കെ നിര്‍ത്തിയിട്ടിട്ടുണ്ട്. സന്ധ്യയായാല്‍ അവയുടെ എണ്ണം ഇനിയും കൂടും. പുതുതായി വന്നുകൊണ്ടിരിക്കുന്നവയുടെ ഇരമ്പലുകള്‍ ഇപ്പോഴേ കേള്‍ക്കാം. വന്നു കൊണ്ടിരുന്ന ആളുകളെ ഞാന്‍ ശ്രദ്ധിക്കുമ്പോള്‍ ദൂരെ പരന്നുകിടക്കുന്ന വയലുകളിലേക്കായിരുന്നു പ്രമോദിന്റെ നോട്ടം. ഇടകൃഷി നടക്കുന്ന സമയമാണ്. ആ നോട്ടം വയലുകള്‍ കടന്നു തന്റെ ഭൂതകാലത്തിലേയ്ക്ക് പ്രമോദിനെ എത്തിച്ചുവെന്ന് എനിക്ക് അതിവേഗം മനസ്സിലായി. തൊട്ടടുത്തുള്ള ഇരുണ്ടനിറമുള്ള ചെറിയ പാറക്കെട്ടിനുമേല്‍ അമര്‍ന്നിരുന്നു ഞാന്‍ പ്രമോദിന്റെ ഒച്ചയ്ക്കു മാത്രം ചെവിയോര്‍ത്തു. അല്പനേരത്തെ മൗനത്തിനുശേഷം പ്രമോദ് തുടര്‍ന്നു.
“പൊട്ടിത്തകര്‍ന്ന റേഡിയോ കഷണങ്ങള്‍ ഇടവഴിയിലിട്ട് അതിന്റെ കാന്തം മാത്രമെടുത്തു ഞാന്‍ ഞങ്ങളുടെ വീടിന്റെ അലമാരയുടെ താഴെ പുസ്തകകെട്ടുകള്‍ക്കിടയില്‍ ഒളിച്ചുവെച്ചു. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അമ്മയത് കണ്ടു. പക്ഷേ, എന്നോടൊന്നും പറഞ്ഞില്ല. കുറെ കരയുക മാത്രം ചെയ്തു. പക്ഷേ, ഇതൊക്കെ അറിയുന്ന അമ്മപോലും പിന്നീട് പറയുമായിരുന്നു, രജീഷിന്റെയൊപ്പം കൂടിയാണ് ഞാനിതെല്ലാം പഠിച്ചതെന്ന്. അതു സത്യമല്ലായെന്നു അമ്മയ്ക്കും എനിക്കും അറിയാം. കാരണം ഞാന്‍ ആദ്യ കള്ളം നടത്തി കുറച്ചു കാലങ്ങള്‍ക്കുശേഷമാണ് രജീഷിനെ പരിചയപ്പെടുന്നതുപോലും. പക്ഷേ, ഒരു കാര്യമെനിക്ക് ഉറപ്പുണ്ടായിരുന്നു. അവന്റെ ശാപംകൊണ്ടാണ് പിന്നീട് ഞാന്‍ കള്ളനെന്ന പേരില്‍ അറിയപ്പെട്ടതും അപമാനിക്കപ്പെട്ടതും.”
പ്രമോദ് പറയുന്നതില്‍ എന്റെ ചെറുപ്പകാലവുമായി സാമ്യമുള്ള ചിലതില്ലേയെന്നു എനിക്കു പെട്ടെന്നൊരു സംശയം തോന്നി.
“രജീഷ് ആരാണ്.”
ഞാന്‍ വെപ്രാളപ്പെട്ടു ചോദിച്ചു.
“എന്റെയൊരു കൂട്ടുകാരന്‍. പതിനാറാം വയസ്സില്‍ തന്നെ മരിച്ചുപോയി കേട്ടോ. അതാണ് മാഷേ നിങ്ങള്‍ക്കുള്ള കഥ. അല്ലാതെ എന്റെ കളവ് ജീവിതമല്ല.”
ഒന്നു നിര്‍ത്തിയ ശേഷം പ്രമോദ് തുടര്‍ന്നു:
“കുറെ പണ്ടാണ്. ഓര്‍മ്മയൊന്നും അത്ര കൃത്യമല്ല.” അയാളെന്നെയും കൂട്ടി കഥയിലേയ്ക്ക് ഇറങ്ങി.
പ്രമോദും കുടുംബവും അയാളുടെ ചെറുപ്പത്തില്‍ രണ്ടുമൂന്നു കൊല്ലത്തോളം താമസിച്ചിരുന്നത് ഒരു മലയോര ഗ്രാമത്തിലായിരുന്നു. തന്റെ ജീവിതത്തിലെ വളരെ ചുരുങ്ങിയ കാലമാണ് അവിടെ താമസിച്ചതെങ്കിലും പ്രമോദിന്റെ ഓര്‍മ്മകള്‍ മുഴുവനും അവിടെത്തന്നെ കുരുങ്ങി കിടക്കുകയായിരുന്നു. ഒരു ചിലന്തി വല നെയ്തപോലെ പല കാലങ്ങളിലായി നെയ്തെടുത്തു സൂക്ഷിച്ച ഓര്‍മ്മകളുടെ നാരുകള്‍ അയാള്‍ വളരെ പതുക്കെ അഴിക്കാന്‍ തുടങ്ങി.
“ആ നാട്, ഒരു ചിത്രം വരച്ചിട്ടപോലെ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. മെയിന്‍ റോഡില്‍നിന്നും ഒരു കുന്നു കേറിയാലാണ് ഞങ്ങള്‍ വാടകയ്ക്കു താമസിക്കുന്ന വീട് നില്‍ക്കുന്ന സ്ഥലം. പിന്നെ റബ്ബര്‍ മരങ്ങളുടെ വലിയ തോട്ടം. അതുകഴിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ പേടിച്ചു മാത്രം കയറിയിരുന്ന, കാരന്‍കാടെന്നു പേരുള്ള നിഗൂഢമായ ഒരു കാട്ടുപ്രദേശം. അതിനപ്പുറം ഭൂമി അവസാനിക്കുന്നതുപോലെ തോന്നിയിരുന്നു ഞങ്ങള്‍ക്ക്. എന്റെ വീടിനു തൊട്ടു താഴെയായിരുന്നു രജീഷിന്റെ വീട്. പിന്നെ അടുത്തൊന്നും മറ്റു വീടുകളില്ല. സുനിയുടേയും രജിന്റേയും അരുണിന്റേയുമൊക്കെ വീടുകള്‍ കുരിശുകവലയില്‍നിന്നും പിന്നെയും താഴോട്ടിറങ്ങണം.”
പ്രമോദ് ഇടയ്ക്ക് ഒന്നു നിര്‍ത്തി ഒഴിഞ്ഞുകിടന്ന എന്റെ ഗ്ലാസ്സിലേയ്ക്ക് മദ്യം പകര്‍ന്നുതന്നു.
“ഒന്നിനു മുകളില്‍ മറ്റൊന്ന് വെച്ചതുപോലെ രണ്ടു തട്ടുകളിലായാണ് ഞങ്ങളുടെ വീടുകള്‍. ഞങ്ങടെ ഇറയത്തുനിന്നും നോക്കിയാല്‍ അവന്റെ വീടിന്റെ മേല്‍ക്കൂര കാണാം. രജീഷിന്റെ വീട്ടില്‍ അവന്റെ അച്ഛന്‍ സ്ഥിരമായി ഉണ്ടാകാറില്ല. ദൂരെ ഏതോ ഒരു എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്നു അയാളെന്നാണ് ആദ്യമൊക്കെ ഞങ്ങള്‍ക്കറിയാമായിരുന്നത്. അവന്റെ അമ്മ മണ്ണും പൂഴിയും കല്ലും കടത്താന്‍ പോകും. അവധി ദിവസങ്ങളാണെങ്കില്‍ എഴുന്നേല്‍ക്കുമ്പോഴേക്കും തിട്ടയുടെ താഴെ എന്നെ കാത്ത് രജീഷുണ്ടാകും.”
പ്രമോദ് എന്നെയോ പരിസരങ്ങളേയോ ശ്രദ്ധിക്കാതെ പറഞ്ഞുതുടങ്ങി. അയാള്‍ അനുഭവങ്ങള്‍ വിവരിക്കുന്നതിന്റെ ലഹരിയില്‍ വീണുകഴിഞ്ഞെന്നു എനിക്കു മനസ്സിലായി. അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന മനുഷ്യന്‍ കീ കൊടുത്താല്‍ കരയുന്ന ഒരു പാവയാണ്. അവനു തന്നത്താന്‍ നിയന്ത്രണം സാധ്യമല്ല. അയാള്‍ക്ക് ഈ കഥ പാതിയില്‍വെച്ച് ഇനി ഉപേക്ഷിക്കാന്‍ കഴിയുകയില്ലെന്നു എനിക്ക് ഉറപ്പായി.
“ഞങ്ങള്‍, സുനിയും രജിനും അരുണും ഒരേ ക്ലാസ്സിലായിരുന്നു. പുറംനാട്ടില്‍നിന്നും വന്ന എന്നില്‍ അമ്പരപ്പും അതിശയവും നിറയ്ക്കുന്ന വിദ്യകളായിരുന്നു രജീഷിന്റെ കയ്യിലുണ്ടായിരുന്നത്. മുള ചീന്തിയെടുത്ത് അമ്പും വില്ലും ഉണ്ടാക്കി നല്ല അസ്സലായി രജീഷ് എയ്യും. ഉന്നം കൃത്യമായിരിക്കും. ക്രിക്കറ്റ് കളി വലുതായി വഴങ്ങിയില്ലെങ്കിലും കണ്ടത്തില്‍ നല്ലൊരു ക്രിക്കറ്റ് പിച്ച് ഉണ്ടാക്കുന്നതിനെ ഓര്‍ത്തു ഞങ്ങള്‍ വേവലാതിപ്പെട്ട അന്നു നിലംതല്ലി കൊണ്ടുവന്നു പിച്ച് ഉണ്ടാക്കാനും അതിന്റെ പുറത്തു ചാണകം കൊണ്ടുവന്നു പിച്ച് മിനുസപ്പെടുത്താനും രജീഷ് ഒരുപാട് കഷ്ടപ്പെട്ടു. ഞങ്ങള്‍ക്കതെല്ലാം മടിയായിരുന്നു. ബോളും ബാറ്റും വാങ്ങിക്കാനും ചൂണ്ട വാങ്ങിക്കാനും മുട്ടായി വാങ്ങി വീട്ടുകാരറിയാതെ തിന്നാനും വല്ലപ്പോഴും ഒരു ഇളനീര്‍ കുടിക്കാനും പോലും പിന്നീട് അവന്‍ ഞങ്ങള്‍ക്കു കൂട്ട് വന്നു. ആ സമയത്താണ് ഞങ്ങള്‍ നാട്ടിലെ സ്കൂള്‍ വിടുന്നത്. പിന്നെ പോകേണ്ടത് ടൗണിലുള്ള പുതിയ സ്കൂളിലേക്കാണ്. രജീഷ് പുതിയ സ്കൂളില്‍ ചേരാനായി വന്നില്ല. കളികളുടെ മദിച്ച ജീവിതം തീര്‍ന്നുപോയെന്നു തോന്നി. പക്ഷേ, യഥാര്‍ത്ഥത്തില്‍ അതിലും മദമുള്ള ദിനങ്ങള്‍ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അക്കാലത്ത് രജീഷ് ടൗണിലെ ചില കടകളില്‍ ചുമടെടുക്കാനും മറ്റും പോയി തുടങ്ങിയിരുന്നു. സ്കൂള്‍ വിട്ട് വരുന്ന സമയങ്ങളില്‍, അല്ലെങ്കില്‍ നേരത്തെ ക്ലാസ്സില്‍നിന്നും മുങ്ങുന്ന ദിവസങ്ങളില്‍ രജീഷ് ഞങ്ങളെ കാത്തുനില്‍ക്കും. എന്നിട്ട് ഞങ്ങള്‍ അവന്റെ ചെലവില്‍ സിനിമകള്‍ കണ്ടും ബീച്ചില്‍ പോയും ഐസ്‌ക്രീം കഴിച്ചും ജീവിതം രുചിക്കും. അരുണും രജിനും മറ്റു സ്കൂളുകള്‍ മാറിപ്പോയെങ്കിലും എനിക്കും സുനിക്കും പല ബസുകളില്‍ കയറി നിയന്ത്രണമില്ലാതെ യാത്രകള്‍ നടത്താനും സിനിമ കാണാനും സിഗരറ്റ് വലിക്കാനും പണം അത്യാവശ്യമായിരുന്നു. മാസങ്ങള്‍ കൊഴിഞ്ഞപ്പോള്‍ ഐസ്‌ക്രീം പീടികയില്‍, സിഗരറ്റ് വാങ്ങിക്കുന്ന പെട്ടിക്കടയില്‍, സ്ഥിരമായി തമ്പാക്ക് വെക്കുന്ന ബീച്ചിനടുത്തുള്ള രാജസ്ഥാനിയുടെ കടയില്‍ അങ്ങനെ ചെറുതും വലുതുമായ പല കടങ്ങള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. രജീഷ് ആയിരുന്നു ഞങ്ങളുടെ ആകെയുള്ള സാമ്പത്തിക സ്രോതസ്സ്. രജീഷുമായുളള കൂട്ട് അച്ഛനും അമ്മയ്ക്കും ഇഷ്ടമായിരുന്നില്ല. പലതവണ വലിയ ഉപദേശങ്ങളും വിലക്കുകളുമുണ്ടായി. പണമാണ് ഞങ്ങളെ അവിടെ പിടിച്ചുനിര്‍ത്തുന്നതെന്നു തോന്നിയപ്പോള്‍ അവന്റെ കൂട്ടുകെട്ടുകളില്‍നിന്നും മാറി നടക്കാനായി മാത്രം അമ്മയെനിക്ക് അത്യാവശ്യത്തിനു പണം നല്‍കിത്തുടങ്ങി. ആദ്യമൊന്നും വീട്ടുകാര്‍ പറയുന്നതു ഞാന്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ പോകെപ്പോകെ രജീഷുമായുള്ള കൂട്ട് നല്ലതല്ലെന്ന് എനിക്കും തോന്നിത്തുടങ്ങി. സുനിയും എന്റെ അതേ അഭിപ്രായക്കാരനായിരുന്നു. ഉറച്ചൊരു തീരുമാനമെടുക്കാന്‍ പാകത്തില്‍ ആയിടയ്ക്ക് ഒരു സംഭവം ഉണ്ടാകുകയും ചെയ്തു.
രാത്രിയായിട്ടും അവധി ദിവസത്തിന്റെ ആലസ്യത്തില്‍ തന്നെയായിരുന്നു ഞങ്ങളുടെ വീട്. അച്ഛനും അമ്മയും ഇറയത്തിരുന്നു സംസാരിക്കുകയായിരുന്നു. അപ്പോഴാണ് ദൂരെനിന്നും മൂന്നാലു പേര്‍ നടന്നുവരുന്നതിന്റെ ശബ്ദം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോള്‍ അവര്‍ അച്ഛനെ ദൂരേയ്ക്ക് മാറ്റിനിര്‍ത്തി മുറ്റത്തുവെച്ച് ചില രഹസ്യങ്ങള്‍ മന്ത്രിക്കുന്നത് ഉറക്കത്തിന്റെ കുന്നിന്‍ മുകളില്‍നിന്നും ഞാന്‍ കണ്ടു.
“ആ ടോര്‍ച്ചിങ്ങെടുത്തേ.” അച്ഛന്‍ അമ്മയെ നോക്കി ആജ്ഞാപിച്ചു. എന്താണെന്ന് അമ്മ ആവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നെങ്കിലും അച്ഛനൊന്നും മറുപടി പറഞ്ഞില്ല. ഉടനെത്തന്നെ അദ്ദേഹം അവരുടെ കൂടെ ബാറ്ററി ടോര്‍ച്ചും തോളില്‍ തിരുകി പുറപ്പെട്ടു. അവര്‍ വെളിച്ചം തെളിച്ചു നടക്കുമ്പോള്‍ റബ്ബര്‍ കാട്, ഒറ്റപ്പെട്ട നക്ഷത്രങ്ങള്‍ മിന്നുന്ന ആകാശംപോലെ അവര്‍ക്കൊപ്പം താഴേയ്ക്ക് ഒഴുകിയിറങ്ങി. അധികസമയം കഴിയുന്നതിനു മുന്‍പേ തന്നെ അച്ഛന്‍ തിരിച്ചെത്തി.
“കള്ളന്‍ നിന്റെ രജീഷിന്റെ അച്ഛനാണ്” കണ്ണില്‍ തൂങ്ങിയാടുന്ന ഉറക്കഭാരവുമായി ഇരിക്കുന്ന എന്നെ നോക്കി അച്ഛന്‍ നിലാവിറ്റു വീഴുന്ന രാത്രിയുടെ വെളിച്ചംപോലെ ചിരിച്ചുകൊണ്ട് പറഞ്ഞു. അധികം നേരമാകുന്നതിനു മുന്‍പേത്തന്നെ വലിയൊരു ഘോഷയാത്രയുടെ ആരവം ഞങ്ങളുടെ വീടിന്റെ കാതുകളില്‍ മുഴങ്ങി. ആ ശബ്ദം ഞങ്ങള്‍ക്കരികില്‍ എത്താറായപ്പോഴേക്കും അച്ഛന്‍ ധൃതിപ്പെട്ട് എന്നെയും കൊണ്ട് രജീഷിന്റെ വീടിന്റെ പടികള്‍ ഇറങ്ങി. ചിലതെല്ലാം ഞാന്‍ നേരിട്ട് കണ്ടുപഠിക്കണമെന്ന് അച്ഛനു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ശബ്ദമുഖരിതമായ രാത്രി ചൂട്ടു വെളിച്ചങ്ങളാല്‍ പകലിന്റെ ബന്ധുവായി. ആഹ്ലാദത്തോടെ ആ ജാഥക്കൂട്ടം പടികള്‍ ഇറങ്ങി രജീഷിന്റെ വീട്ടുമുറ്റത്തേയ്ക്ക് പ്രവേശിച്ചു. അവരുടെ ഇടയില്‍ കൈകള്‍ പുറകില്‍ കെട്ടിയ നിലയില്‍ മെലിഞ്ഞ ആ മനുഷ്യനുണ്ടായിരുന്നു. കണ്ണുകള്‍ വീര്‍ത്തും കവിളുകള്‍ നീലിച്ചും അയാളെ പെട്ടെന്നെനിക്കു മറ്റാരെയോ പോലെ തോന്നി. ഒച്ചയുടെ തിരയടിക്കലില്‍ അവനും അമ്മയും വാതില്‍ തുറന്നപ്പോള്‍ ഒന്നുരണ്ടു പേര്‍ ചേര്‍ന്ന് അയാളെ വലിച്ചിഴച്ചു ഇറയത്ത് ഒരു മരത്തടി ഇട്ടപോലെ കൊണ്ടിട്ടു.
“അതിന്റെ വിത്തിതാ. അതെ സ്വഭാവമാണ്.” അതിനിടയില്‍ രജീഷിനെ നോക്കി ആരോ ഒരാള്‍ വിളിച്ചുപറഞ്ഞു. പറഞ്ഞുകഴിഞ്ഞതും രണ്ടുമൂന്നു പേര്‍ ഇറയത്തേയ്ക്ക് ചാടിക്കയറി. ഒരാള്‍ രജീഷിന്റെ മുഖത്ത് കനപ്പെട്ട ഒന്നുരണ്ടടി കൊടുത്തു. അവന്‍ ഉച്ചത്തില്‍ കരയാന്‍ തുടങ്ങി. അതിനു പിന്നാലെ ഓരോരുത്തരായി മടങ്ങി. രാത്രി എന്നെ ചേര്‍ത്തുകിടത്തി, രജീഷുമായി ഇനി മിണ്ടുകകൂടി അരുതെന്ന് അച്ഛന്‍ ഉപദേശിച്ചു. കള്ളന്റെ മകനുമായുള്ള കൂട്ടിന്റെ ഭവിഷ്യത്തുകള്‍ വിവരിച്ചുകൊണ്ടുള്ള അച്ഛന്റെ ക്ലാസ് ഏറെ നേരം നീണ്ടു. അദ്ദേഹത്തിന്റെ വിയര്‍പ്പ് ഗന്ധം മൂക്ക് തുളച്ചപ്പോള്‍ ഞാന്‍ തിരിഞ്ഞുകിടന്നു. ഏറെ വൈകിയും ഏങ്ങിയേങ്ങിയുള്ള ഒരു കരച്ചില്‍ രാത്രിയെ ഭേദിച്ച് ഞങ്ങളുടെ കിടപ്പുമുറിക്കുള്ളില്‍ അലയടിച്ചു. പിറ്റേന്നു രാവിലെ സുനിയെ കണ്ടപ്പോള്‍ വീട്ടില്‍നിന്നും കിട്ടിയ ഉപദേശങ്ങള്‍ ഞാന്‍ വിവരിച്ചു. സുനി അതിനോട് യോജിച്ചു.
“ഓന്റെ ചങ്ങായിമാരാന്ന് പറഞ്ഞാ ഇനി നമ്മക്കായിരിക്കും തല്ല്.”
പ്രമോദ് അവസാനത്തെ തുള്ളി മദ്യവും വായിലേക്കിറ്റിച്ച് ദാഹം തീരാത്ത ഒരുവനെപ്പോലെ കിതച്ചു.
“അപമാനഭാരത്താല്‍ ഇനി ഒരിക്കലും രജീഷ് ഞങ്ങളുമായി അടുത്തിടപഴകില്ലെന്ന് എനിക്കു തോന്നിയെങ്കിലും ഏതോ കാലത്ത് കയ്യില്‍നിന്നും ഒരു വറ്റ് വീണുകിട്ടിയ നായ അതിന്റെ യജമാനനെ ഓര്‍ക്കുംപോലെ അവന്‍ ഞങ്ങളെ പ്രതീക്ഷിച്ചും ഞങ്ങളോട് സംസാരിക്കാനുമായും കാത്തുനിന്നു. ഒരു സ്നേഹത്തിനുവേണ്ടിയും നമ്മള്‍ നമ്മളെ പൂര്‍ണ്ണമായും മറന്നുപോകരുത്. ആ ബന്ധങ്ങള്‍ നിലനിര്‍ത്താനായി എന്തും സഹിക്കുമ്പോള്‍ നമുക്കു നമ്മുടെ യഥാര്‍ത്ഥ ജീവിതം നഷ്ടപ്പെടും.”
അതു പറഞ്ഞശേഷം പ്രമോദ് എന്റെ മുഖത്തു നോക്കാതെ കുനിഞ്ഞിരുപ്പായി. കഥ പാതിയില്‍ നിന്നുപോയേക്കുമോയെന്ന ഭയത്താല്‍ ഞാനൊന്നും മറുപടി പറഞ്ഞില്ല.
“എത്ര ആട്ടിപ്പായിച്ചാലും വീണുകിട്ടിയ ഒരിറ്റു സ്നേഹം മനുഷ്യനെ അടിമയാക്കുമെന്നു അന്നെനിക്കു മനസ്സിലായി. വലിയ ശല്യമായെന്നു തോന്നിയപ്പോള്‍ രജീഷിനെ അവഗണിച്ചതുകൊണ്ട് മാത്രം അവന്‍ ഒഴിഞ്ഞുപോകില്ലെന്നും ഞങ്ങള്‍ക്കു മനസ്സിലായി. അവനെ കൃത്യമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കാമെന്നും അതുമല്ലെങ്കില്‍ ഒരു പദ്ധതിയുണ്ടെന്നും സുനി പറഞ്ഞു.
അതൊരു ഞായറാഴ്ച ദിവസമായിരുന്നു. സുനി ഉച്ച കഴിഞ്ഞപ്പോള്‍ വീട്ടില്‍ ചെന്ന് രജീഷിനെ വിളിച്ചുകൊണ്ട് വന്നു. ഞങ്ങള്‍ സാധാരണ കളിക്കുന്നയിടത്തുനിന്നും മാറി റബ്ബര്‍മരങ്ങളുടെ ഇടയിലൂടെ കയറി കാരന്‍കാടിനു സമീപത്തെത്തി. പൊതുവെ ആരും കയറിപ്പോകാത്ത, സൂര്യനുപോലും എത്തിനോക്കാന്‍ ഇഷ്ടമില്ലാത്ത ഒരു കാട്ടുപ്രദേശമാണ് കാരന്‍കാട്. ഞങ്ങളില്‍ അതിന്റെ ഭയപ്പാടുകള്‍ പതിഞ്ഞിരുന്നു. എന്തിനാണ് അങ്ങോട്ട് കയറുന്നതെന്ന് രജീഷ് ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും ഞങ്ങള്‍ മറുപടി പറഞ്ഞില്ല. അകത്തു കയറി കുറച്ചു മുന്‍പോട്ട് നടന്ന ശേഷം ഞങ്ങള്‍ ഒരു പുളിമരത്തിനു താഴെ ഇരുന്നു.”
“എന്തിന് നമ്മ ഈട വന്നിന്?” രജീഷ് ചോദിച്ചപ്പോള്‍ ആദ്യമൊന്നും ഞങ്ങള്‍ മറുപടി പറഞ്ഞില്ല. സുനിയാണ് പതിയെ ഞങ്ങള്‍ക്ക് പറയാനുള്ളത് തുടങ്ങിയത്.
“രജീഷേ ഇനി നമ്മള് ഇങ്ങനെ ഒന്നിച്ചു വേണ്ട. അത് വല്യ പ്രശ്നാവും.”
രജീഷ് ഒന്നും മനസ്സിലാകാത്ത മട്ടില്‍ എന്റെ മുഖത്തു നോക്കി. ഞങ്ങള്‍ കള്ളന്റെ മകനുമായുള്ള കൂട്ടുകെട്ട് തുടര്‍ന്നാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ വിവരിച്ചു. നമ്മള്‍ ഇനി നേരില്‍ കാണുമ്പോള്‍ മിണ്ടുകയോ സുഹൃത്തുക്കളായി പെരുമാറുകയോ ഇല്ലായെന്നു പറഞ്ഞത് രജീഷിനു മനസ്സിലായില്ല. അതെല്ലാം ഒരു തമാശയായി കരുതി അവന്‍ ചിരിച്ചു. പക്ഷേ, പരിഹസിക്കുന്നതുപോലെയാണ് സുനിക്കു തോന്നിയത്. അപ്പോള്‍ അവന്‍ ചൂടായി.
“നീ പൈസ തരുന്നോണ്ട് വല്യ ആളാന്ന് ബിജാരിക്കണ്ട.”
സംസാരങ്ങളുടെ ഗതി പതിയെ മാറി. ഭീഷണിയുടേയും ഗൗരവത്തിന്റേയും ചാലുകളിലേയ്ക്ക് അത് കുത്തിയൊലിച്ചു. എന്നാല്‍, ഞങ്ങളെപ്പോലും ഞെട്ടിച്ചുകൊണ്ട് രജീഷ് ചെലവിട്ട പണം തിരിച്ചു തരണമെന്നാവശ്യപ്പെട്ടു. പണം തരാമെന്നു ഞങ്ങള്‍ പറഞ്ഞെങ്കിലും രജീഷ്, അതിപ്പോത്തന്നെ വേണമെന്ന വാശിയിലായി.
ദിവസത്തിനു കനംവെച്ചു വന്നു. കാരന്‍കാട് കടന്ന് ഇരുട്ട് ഭൂമിക്കുമേല്‍ നേര്‍ത്തു വളരാന്‍ തുടങ്ങി. സുനി കണ്ണുകൊണ്ടു ആംഗ്യം കാണിച്ചപ്പോള്‍ രജീഷിനെ ഒന്നു തള്ളിയിട്ട ശേഷം ഞങ്ങള്‍ ഇരുവരും പെട്ടെന്ന് ഓടി. അവന്‍ പിന്നാലെയും. ഞങ്ങള്‍ വീട്ടിലേക്കു തിരിയുന്ന വഴിയില്‍നിന്നും വ്യത്യസ്തമായി കാരന്‍കാടിന്റെ ഏറ്റവും അകത്തേയ്ക്കു പാഞ്ഞുകയറി. തലേന്നു കണ്ടുവെച്ച വലിയ മാവിന്റെ അടയാളം കടന്നപ്പോള്‍ ഞാന്‍ വലത്തോട്ടും സുനി ഇടത്തോട്ടും ദിശ തിരിഞ്ഞു. മുന്‍പിലുള്ള വലിയ മാവിനെ ചുറ്റി വളഞ്ഞശേഷം ചതുപ്പ് മൂടിയ ഇടത്തിന്റെ വശങ്ങളിലൂടെ മുളംകാടുകള്‍ വഴി കുതിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കു നേരെ പാഞ്ഞുവന്ന രജീഷ് ഒരു മായവിദ്യയിലെ മനുഷ്യനെപ്പോലെ പുറകില്‍നിന്നും പെട്ടെന്നു മാഞ്ഞുപോയി. കാടുകള്‍ ഇളകുന്നതോ കിളികള്‍ പറക്കുന്നതോ ഒരു മനുഷ്യന്‍ കടന്നുപോയതോ പോലുള്ള യാതൊരു ലക്ഷണവും കാരന്‍കാടിന്റെ ഉള്ളില്‍നിന്നുമുണ്ടായില്ല. അദൃശ്യനാകുന്ന ഒരു മന്ത്രവാദിയെപ്പോലെ പൊടുന്നനെ രജീഷ് ഞങ്ങളുടെ കൂടെയില്ല എന്നുമാത്രം. ഞങ്ങള്‍ പദ്ധതി വിജയിച്ചുവോ എന്നറിയാന്‍ ഓട്ടം നിര്‍ത്തി രജീഷിന്റെ അനക്കങ്ങള്‍ ശ്രദ്ധിച്ചു. ഇരുട്ട് അരിച്ചിറങ്ങാന്‍ തുടങ്ങിയതിനാല്‍ പേടി ഞങ്ങളെ വല്ലാതെ മുറുക്കിയിരുന്നു. ശബ്ദം മരിച്ച ഒരു ലോകംപോലെ കാരന്‍കാട്. പൊടുന്നനെ പല ദിക്കില്‍നിന്നും ഞങ്ങള്‍ക്കു നേരെ മുളയമ്പുകള്‍ പാഞ്ഞുവന്നു. ദേഹത്ത് കൊള്ളാതിരിക്കാനായി ഞങ്ങള്‍ ആകാശത്തോളം ഉയരമുള്ള മാവുകളുടെ പുറകിലൊളിച്ചു.
“ഇതോനാണ്. പക തീര്‍ക്കുവോന്നു. ഇവര്‌ടെ പക ചുടുകാടോളം ഇണ്ടാവൂന്നു അമ്മാമ്മ പറഞ്ഞിന്” സുനി കിതച്ചുകൊണ്ട് മന്ത്രിച്ചു.
ഒരു ഒളിയുദ്ധത്തിലെന്ന കണക്കെ ഞങ്ങളിരുന്നു. വശങ്ങളിലൂടെ അമ്പുകള്‍ തേനീച്ചക്കൂട്ടം ഇളകിയതുപോലെ മൂളിപ്പറന്നു. പുറത്തേയ്ക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒന്നെന്റെ തുടയുടെ പുറകില്‍ തറച്ചു. ഞാന്‍ അറിയാതെ നിലത്തേയ്ക്ക് ചാഞ്ഞിരുന്നുപോയി. എന്നെ സുനി താങ്ങിപ്പിടിച്ചു. നിലത്തേയ്ക്ക് ചാഞ്ഞുകിടന്ന് എന്തിനേയും നേരിടാനെന്നവണ്ണം ഞങ്ങള്‍ കിടന്നു. സുനി മാത്രം “ചെയ്യല്ലെടാ രജീഷേ” എന്നുച്ചത്തില്‍ വിളിച്ചുകൂവിക്കൊണ്ടിരുന്നു. പെട്ടെന്ന് അമ്പുകളുടെ എയ്ത്തു നിലച്ചു. രംഗം ശാന്തമായപ്പോള്‍ ഞങ്ങള്‍ ഏതോ ഗുഹയില്‍നിന്നെന്ന കണക്കെ വായുവിലേയ്ക്ക് ഉയര്‍ന്നുപൊങ്ങുന്ന രജീഷിന്റെ ശബ്ദം കേട്ടു. ഇതെങ്ങനെ സംഭവിക്കുന്നുവെന്നു മാത്രം മനസ്സിലായില്ല. പദ്ധതി പൊളിഞ്ഞുപോയിരുന്നോ എന്നുതന്നെ സംശയമായി. പക്ഷേ, രജീഷിനെ കാണാനുമില്ല.
അവനെവിടെ?
പതിയെ എഴുന്നേറ്റ് നടന്നുചെന്നു ഞങ്ങള്‍ വലിയ മാവിന് അപ്പുറമുള്ള പൊട്ടക്കിണറ്റിലേയ്ക്ക് എത്തിനോക്കി. നോക്കുമ്പോള്‍ ഉദ്ദേശിച്ചതുപോലെത്തന്നെ കിണറ്റിന്റെ ഒരു മൂലയ്ക്ക് രജീഷ് ചളിയില്‍ കാലുകള്‍ പൂഴ്ന്നു കിടക്കുന്നു. കെണിയില്‍ വീണ മൃഗത്തെ കണ്ട വേട്ടക്കാരെപ്പോലെ ഞങ്ങളുടെ കണ്ണുകള്‍ തിളങ്ങി. മുകളിലേയ്ക്ക് വരാന്‍ വേണ്ടി അവന്‍ ശ്രമിക്കുകയായിരുന്നു. ഒരു വള്ളിയില്‍ പിടിച്ചുതൂങ്ങിയാണ് നില്പ്.
അവന്‍ “എന്റെ മുത്തരെ...” എന്നുച്ചത്തില്‍ വിളിക്കുകയാണ്.
അപ്പോള്‍ ആകാശത്തില്‍നിന്നുമെന്ന കണക്കെ ഞങ്ങള്‍ക്ക് നേരെ അമ്പുകള്‍ അയച്ചതാരാണ്? യഥാര്‍ത്ഥത്തില്‍ കിണറ്റില്‍പ്പെട്ടു കിടക്കുന്നത് ആരാണ്? ഞങ്ങളോ അതോ രജീഷോ?
തലകറങ്ങുന്നതുപോലെ തോന്നിയപ്പോള്‍ വാ പോകാമെന്നു പറഞ്ഞ് എന്റെ കൈപിടിച്ച് കൊണ്ട് സുനി എഴുന്നേറ്റൂ. എന്നിട്ട് അവനെ നോക്കി “ആടെ കെടക്ക് പൊലയാടി മോനെ” എന്നു പറഞ്ഞു നടക്കാന്‍ തുടങ്ങി. എനിക്കു കുറ്റബോധം തോന്നി. അല്ല ആരോടെങ്കിലും പറയണ്ടേ, അവനു കയറാന്‍ കഴിയില്ലല്ലോ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവന്റെ മുത്തര് വരട്ടെ എന്നു പറഞ്ഞ് സുനി നടത്തത്തിനു വേഗത കൂട്ടി. ഞാന്‍ മുടന്തിക്കൊണ്ട് പിന്നാലെയും. അന്നേരമെല്ലാം സമയവും ഓര്‍മ്മകളും പിശകി പോകുന്നതുപോലെ എനിക്കു തോന്നി. ചതുപ്പ് നിലങ്ങള്‍ പിന്നിട്ട് വലിയൊരു ഗുഹാദ്വാരം കടന്ന് അനേകം മരങ്ങളുടെ ഇടയിലൂടെ പാതി ബോധത്തില്‍ കാരന്‍കാടിനു പുറത്തെത്തി. അപ്പോഴെല്ലാം യഥാര്‍ത്ഥത്തില്‍ കിണറ്റില്‍നിന്നും രക്ഷപ്പെട്ടത് ഞങ്ങളാണെന്നു ഞാന്‍ വിശ്വസിച്ചു. കമ്യൂണിസ്റ്റ് പച്ച ചതച്ചു മുറിവിനുമേല്‍ ഇറ്റിച്ചു എന്റെ ഷര്‍ട്ടിന്റെ ഒരു വശം കീറി സുനി അതിനുമേല്‍ വരിഞ്ഞുകെട്ടി. ഭയപ്പാടുകൊണ്ടും അവ്യക്തതകൊണ്ടും മുന്നില്‍ ഒരു മൂടല്‍ ബാക്കിനിന്നു.
ഞാന്‍ വീട്ടില്‍ തന്നെ കിടപ്പായിരുന്നു. രണ്ടാം ദിവസം സുനി വന്നു. ജനലിനരികെ നിന്നു പതിയെ പറഞ്ഞു:
“നീയറിഞ്ഞിനാ...” ഞാന്‍ അറിഞ്ഞിരുന്നു.
“ഭയം ഞങ്ങളെ കറുത്ത മഷിയിട്ട കണ്ണുകള്‍ക്കുള്ളില്‍നിന്നും ചൂഴ്ന്നു നോക്കി.”
പറഞ്ഞുനിര്‍ത്തി പ്രമോദ് ഇരുന്നയിടത്തുനിന്നും എഴുന്നേറ്റു മുണ്ടു മുറുക്കിക്കെട്ടി.
“എന്നിട്ട്...?”
ഞാന്‍ ചോദിച്ചു.
പിന്നെ പ്രമോദ് പെട്ടെന്നു ശബ്ദം നഷ്ടപ്പെട്ട ഒരുവനെപ്പോലെയായി. ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. ഏറെനേരം നിശ്ശബ്ദനായിരുന്ന് എന്നെത്തന്നെ തുറിച്ചുനോക്കി. ഭൂമിക്കുമേല്‍ ഇരുട്ട് ഇറ്റുവീണു. വൈകിപ്പോയോ എന്നോര്‍ത്ത് ഞാന്‍ മൊബൈലില്‍ സമയം തപ്പി. പെട്ടെന്ന് പ്രമോദ് വീണ്ടും സംസാരിച്ചു.
“രജീഷിന്റെ ജഡം കിട്ടിയതിന്റെ അന്നു രാത്രി കുന്നു കയറി ഒരു ജീപ്പ് വന്നു. ഞങ്ങളതില്‍ അമ്മയുടെ വീട്ടിലേയ്ക്ക് പോയി. ഏറെ കഴിയും മുന്‍പേ തന്നെ അച്ഛനും അമ്മയ്ക്കും മറ്റൊരിടത്തു ജോലി മാറ്റം കിട്ടി. പിന്നെയൊരിക്കലും ഞാനാ നാട്ടിലേയ്ക്ക് പോയിട്ടില്ല.”
പ്രമോദ് പറഞ്ഞത് ഏതോ ഓര്‍മ്മയ്ക്കുള്ളില്‍ കുടുങ്ങിയതിനാല്‍ ഞാന്‍ വ്യക്തമായി കേട്ടില്ല. എങ്കിലും അയാള്‍ ഈ പറയുന്നത് യാഥാര്‍ത്ഥ്യം തന്നെയാണോ എന്നു ചോദിക്കാനാഞ്ഞപ്പോള്‍ നിസ്സംഗമായി ചിരിച്ചുകൊണ്ട് പ്രമോദ് തുടര്‍ന്നു:
“മുന്‍പെല്ലാം കഥകള്‍ എഴുതിയിരുന്നുവെന്നു പറഞ്ഞിരുന്നല്ലോ. അത്തരം അനേകം കഥകള്‍ക്കുള്ളില്‍നിന്നും ഞാന്‍ സ്വയമേവ മെനഞ്ഞെടുത്ത ഒരു കഥാപാത്രമായിരുന്നു രജീഷെന്നു എനിക്കു പിന്നീട് തോന്നാന്‍ തുടങ്ങി. പക്ഷേ, വെറും വിശ്വാസങ്ങള്‍ മാത്രം അല്ലായിരുന്നു കേട്ടോ. അത്ഭുതകരമായ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവിചാരിതമായി ജയിലില്‍വെച്ച് ഞാന്‍ അവന്റെ മുഖച്ഛായ ഉള്ള, കറുത്ത കണ്‍മഷിയുടെ പാടുകള്‍ കണ്ണുകളില്‍ ബാക്കിയുള്ള ഒരാളെ പരിചയപ്പെട്ടു. സംസാരിച്ചു വന്നപ്പോള്‍ രജീഷിന്റെ ജീവിതം തന്നെ അയാളും പറയുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ഫേസ് ബുക്കിലൂടെ സുനിയേയും അരുണിനേയും രജിനേയുമൊക്ക ഞാന്‍ കണ്ടുപിടിച്ചു. അവരെ നേരില്‍ പോയി കണ്ടു. പതിയെ ചെറുപ്പത്തില്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടോ എന്നന്വേഷിച്ചു. എന്നിട്ടും ആ നാട്ടിലേയ്ക്ക് പോകാനുള്ള ധൈര്യം കിട്ടിയില്ല.
രജീഷെന്നു പേരുള്ള ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നുവോയെന്ന് ആര്‍ക്കും വ്യക്തമായ ഒരു ഓര്‍മ്മ ഇല്ലാത്തതുപോലെ തോന്നി. എങ്കിലും കാരന്‍കാടിനു നടുവില്‍ ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ മുളക്കൂട്ടങ്ങളുടെ ഇടയില്‍ ഇരുന്നു പരസ്പരം തല്ലുകൂടിയതും അമ്പെയ്തു കളിച്ചതും കാട് മുഴുവന്‍ ഓടിയതും അവര്‍ക്ക് ഓര്‍മ്മയുണ്ടായിരുന്നു. എത്രയൊക്കെ മനസ്സിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചാലും ഇടയ്ക്ക് ഒരു സ്വപ്നമായി, മറ്റേതോ ജീവിതത്തില്‍ നടന്നതെന്ന കണക്കെ ഈ ഓര്‍മ്മകളും അതിന്റെ പാപങ്ങളും എന്നില്‍ തികട്ടിവരും. നിങ്ങള്‍ക്ക് എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയുമെന്ന് എനിക്കറിയാം.”
അത്രയും പറഞ്ഞ ശേഷം പ്രമോദ് പെട്ടെന്ന് എഴുന്നേറ്റ് നടക്കാന്‍ തുടങ്ങി. കയ്യിലുള്ള മദ്യത്തിന്റെ ഗ്ലാസ് വലിച്ചെറിഞ്ഞു ഞാന്‍ പിന്നാലെ ഓടി. അയാള്‍ അതിവേഗം കുന്നിറങ്ങുകയാണ്. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കഥയിലെ രജീഷിനെപ്പോലെ പ്രമോദ് പെട്ടെന്ന് അപ്രത്യക്ഷനായി. പതിയെ കാണിക്കുന്നിന്റെ ചുറ്റും ഇരുട്ട് പരക്കാന്‍ തുടങ്ങി. മരങ്ങളുടെ ഗുഹകളില്‍നിന്നും ആളുകള്‍ ഒഴിഞ്ഞുപോയിരുന്നു. മൈതാനത്ത് എന്റെ സ്കൂട്ടര്‍ മാത്രം ഏകാകിയായി നില്‍ക്കുന്നു. തിരിച്ചു ചെന്ന് സ്കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കഥയില്‍നിന്നും ഞാന്‍ വണ്ടിയിറക്കി. ഒരു സ്വപ്നത്തില്‍നിന്നും ഉണര്‍ന്ന കണക്കെ ഇരുട്ടില്‍ വീട്ടില്‍ വന്നു കയറിയെങ്കിലും സങ്കടം ഘനീഭവിച്ചു മുഖം കോടിയിരുന്നെങ്കിലും ഒരു കഥയുണ്ടായല്ലോ എന്ന സന്തോഷം മനസ്സില്‍ അലയടിച്ചിരുന്നു. എന്നാലതു പകര്‍ത്താന്‍ ധൈര്യം വന്നില്ല. എഴുതാനിരിക്കുമ്പോഴൊക്കെ എന്നെയാരോ തടഞ്ഞു. ഇനി എന്തെഴുതിയാലും, എഴുതാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കഥയുടെ മാന്ത്രികകുരുക്കില്‍നിന്നും പുറത്തുകടക്കാന്‍ കഴിയില്ലെന്നു എനിക്കു മനസ്സിലായി. പിറ്റേന്ന് ഉച്ചമയക്കത്തില്‍ കൗമാരത്തില്‍ പതിവായി കണ്ടുകൊണ്ടിരുന്ന പേടിപ്പെടുത്തുന്ന ആ സ്വപ്നം ഞാന്‍ കണ്ടു. പൊട്ടക്കിണറ്റിനു വക്കത്തുനിന്നു പൊട്ടിച്ചിരിക്കുന്ന ഒന്നു രണ്ടുപേര്‍. ആകാശത്തേയ്ക്ക് പറന്നുപോകുന്ന അമ്പുകള്‍. അതിലൊന്നു കൊള്ളുന്ന ഞാന്‍. ഞെട്ടിയെഴുന്നേറ്റ് പേടിച്ചെങ്കിലും മുതിര്‍ന്നിരുന്നുവല്ലോ എന്നു ബോധ്യം വന്നപ്പോള്‍ ആശ്വാസം കൊണ്ടു. സന്ധ്യയ്ക്ക് കുളിക്കുമ്പോള്‍ കാലില്‍ ഒരു നീറ്റല്‍. കുളി പാതിയില്‍ നിര്‍ത്തി തോര്‍ത്ത് മാത്രമുടുത്തു കിടപ്പുമുറിയിലേയ്ക്ക് കടന്നു വാതില്‍ അമര്‍ത്തിയടച്ച ശേഷം ഞാന്‍ അലമാരയുടെ വലിയ കണ്ണാടിക്കു മുന്‍പില്‍ തിരിഞ്ഞുനിന്നു കാലിന്റെ പുറകിലേയ്ക്ക് നോക്കി. തുടയുടെ പുറകു വശത്തായി പഴയ മുറിവിന്റെ ഒരു പാട്. എത്രയാലോചിച്ചിട്ടും എന്നു സംഭവിച്ച മുറിവാണെന്നു മാത്രം ഓര്‍മ്മവന്നില്ല. നീറ്റല്‍ വല്ലാതെയുണ്ട്. ആലോചനകളില്‍നിന്നും കുതറിയെഴുന്നേറ്റ് ഞാന്‍ കണ്ണാടിയിലേയ്ക്ക് നോട്ടം കൂര്‍പ്പിച്ചപ്പോള്‍ എന്റേതല്ലാത്ത, എന്നാല്‍ ഏറെ പരിചിതമായ ഒരു പ്രതിബിംബമതില്‍ പതിയെ തെളിയുന്നതായി കണ്ടു. ഒരു ചതുപ്പില്‍നിന്നെന്നപോലെ അനക്കി വെയ്ക്കാന്‍ കഴിയാത്ത അത്രയും ഭാരം കാലുകളില്‍. ഇരുട്ടൊരു കാടിന്റെ മറകെട്ടിനില്‍ക്കുന്നു. അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പേടിയെന്നെ പൊട്ടക്കിണറ്റില്‍ തള്ളിയിടുമെന്നു തോന്നിയപ്പോള്‍ നിലവിളിച്ചുകൊണ്ട്, ആയാസപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഞാന്‍ ഓടാന്‍ തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ