സുവിരാജ് പടിയത്ത് എഴുതിയ കഥ: വെശ് പ്പ്
ഉച്ചവെയിലങ്ങ് മൂപ്പെത്തി നിക്കണ നേരത്താ മുത്തപ്പൻ പ്രാഞ്ചി പ്രാഞ്ചി അടുത്തോട്ട് വന്നത്. കൃഷ്ണൻകുട്ടിക്ക് ആ നേരം മയക്കം പതിവില്ലാത്തതാണ്. കണ്ണങ്ങ് ചിമ്മി പെടഞ്ഞതോടെ താഴെ തഴ അങ്ങിങ്ങ് വിട്ടുവിട്ടു കെടക്കണ പായേലോട്ട് ചായാമെന്ന് കരുതിയപ്പോഴേക്കും മുത്തപ്പന്റെ മണം കൃഷ്ണൻകുട്ടീടെ മൂക്കിലോട്ട് അടിച്ചുകയറി. നല്ലോണം കത്തിയ എണ്ണത്തിരി നാക്കില് വച്ച് കെടുത്തി വിഴുങ്ങുമ്പോ മൂക്കിനുള്ളിലൂടെ പുറത്തേയ്ക്ക് പോണ മണം.
ലക്ഷംവീടിന്റെ വരാന്തയിൽ കേറ്റം കഴിഞ്ഞ് കൊട്ടൻചുക്കാദി കൊഴമ്പും തേച്ച് കൃഷ്ണൻകുട്ടി പായേല് ഇരുന്നപ്പോളാണ് വെറുതെയൊരൊറക്കം കേറിവന്നത്. പൊലച്ചെ(1) തന്നെ പള്ളിക്കേറ്റത്തിന് പോയതാണ്. കൂട്ടു കേറ്റക്കാരായി തങ്കനും ബാലപ്പനും ഒണ്ടായിരുന്നു. പ്രായത്തിന് എളയത്തുങ്ങളാണേലും ഒത്ത തെങ്ങ് കണ്ടാ ഇരുവരും ഒന്നു പതുങ്ങും. മുളയേണി ചാരി കമ്പേൽ ചവിട്ടി കപ്പട തണ്ടിലെത്തി(2) തളപ്പിടുമ്പോഴേക്കും അവർക്കൊരു കിതപ്പ് പതിവാ. എന്നാ ഏണീടറ്റത്തെ കപ്പട തണ്ടും കടന്ന് കാലിലെ തഴമ്പിലോട്ട് തളപ്പ് ചുറ്റി മേലോട്ട് കുതിച്ചുചാടി തെങ്ങിന്റെ കൊരക്കിലെത്തിയാലും കൃഷ്ണൻകുട്ടീടെ നെഞ്ചിടിപ്പിന് ഏറ്റം വരാറില്ല.
എന്താണന്നറീല്ല. ഇന്നത്തെ പള്ളിക്കേറ്റം കഴിഞ്ഞപ്പം വല്ലാത്തൊരു വിമ്മിഷ്ടമായിരുന്നു. സെമിത്തേരിക്കപ്രത്തെ തെങ്ങീന്ന് കാക്കക്കൂട് താഴെ വീണ് മൊട്ടകളൊക്കേം പൊട്ടിയപ്പം നെഞ്ചത്തൊരു കനംവച്ചത് അയാൾ അറിഞ്ഞിരുന്നു. അങ്ങനെ പറ്റാത്തതാണ്. അടീലെ ഓലപ്പട്ടയിൽ കാക്കക്കൂടുണ്ടെങ്കീ മോളിലെ പട്ടേലോട്ട് കേറ്റിവച്ചേ കൃഷ്ണൻകുട്ടി കൊല വെട്ടാൻ തോളത്ത് നിന്ന് വാക്കത്തിയെടുക്കൂ. കാക്കക്കൂട് താഴെ വീണ് മൊട്ടകൾ പൊട്ടിയെങ്കിലും ആർത്തു വന്ന കാക്കക്കൂട്ടം അയാളെ കൊത്തിയതുമില്ല, റാഞ്ചിയതുമില്ല. അതാണ് കൃഷ്ണൻകുട്ടിയെ കൂടുതൽ വെഷമിപ്പിച്ചത്. കാക്കേടെ ഒരു കൊത്തെങ്കിലും കൊണ്ടിരുന്നേ അത്രേം സങ്കടം ഒലിച്ചുപോയേനെ. വെള്ളക്കക്കൊല കൊതുമ്പിലെ കൂടെളകി കടന്നലു കുത്തിയാലും മതിയായിരുന്നെന്നും അയാൾ വെറുതെയോർത്തു.
കേറ്റം കഴിഞ്ഞ് യാക്കോബച്ചനും കൈക്കാരൻ വറീതിനും കരിക്കു ചെത്തിക്കൊടുത്ത് കൊത്തുതേങ്ങ(3) കൂട്ടിക്കെട്ടി ഏണിത്തുമ്പിലിടുമ്പോഴും അയാളുടെ ഉള്ളുരുക്കം മാറീല്ല. പതിവുപോലെ പണിപ്പാട്ടുകാരന്(4) അച്ചൻ ചുരുട്ടിക്കൊടുക്കുന്ന നൂറു രൂപ വാങ്ങാനും കൃഷ്ണൻകുട്ടി മറന്നു. കൈക്കാരന്റേന്ന് പണിക്കാശും വാങ്ങി ഏണീം തോളിലേറ്റി കോലോത്തുംപറമ്പിലെ ഇടവഴിയിലൂടെ പോകുമ്പം അയാൾക്കു തോന്നി, നാളെ രാമന്റെ ആലയിൽ കൊണ്ടുപോയി വാക്കത്തി ഒന്നു കാച്ചിക്കണമെന്ന്. ഏണിക്കുറ്റിമ്മേ ചരലിട്ട് എത്രതേച്ചിട്ടും വാക്കത്തിക്ക് മൂർച്ച കൂടണില്ല. ഒറ്റ വെട്ടിന് ഓലമടൽ താഴെ പറന്നിറങ്ങേണ്ടതാണ്. എന്നാൽ, മടൽത്തണ്ടിന്റെ പാതി വഴിയെ അതും കെതച്ചു നിക്കേണ്.
പണിതീർത്ത് വീട്ടിലെത്തി അടുക്കളേലും ചായ്‌പിലും എത്തിനോക്കിയെങ്കിലും അമ്മുക്കുട്ടീനെ അവിടെങ്ങും കണ്ടില്ല. കെഴക്കേത്തോട്ടീന്ന് അനക്കം കേട്ടപ്പോ മെടയാനൊള്ള ഓല വെള്ളത്തിലിടാൻ അവള് പോയതാണെന്ന് കൃഷ്ണൻകുട്ടിക്ക് തിരിഞ്ഞ്. രണ്ട് കെട്ട് ഓല മെടഞ്ഞ് പന്തലുപണിക്കാരൻ അവറാന് കൊടുത്താ ചാന്തിനും കൺമഷിക്കും പൗഡറിനും പിന്നെ ചായക്കടിക്കുമൊള്ള കാശും മൂത്തമോൻ സന്നപ്പന്റെ പിള്ളേർക്കൊള്ള മിട്ടായി പങ്കും കഴിഞ്ഞ് ചില്ലറ ബാക്കിയൊണ്ടാകും. പരമന്റെ കടേലെ പറ്റ് താൻ തീർത്തോളോന്ന് അറിയാവുന്നത് കൊണ്ട് അവക്കടെ മുണ്ടിന്റെ കോന്തലയിലെ കെട്ടിൽ ഒരുപിടി ചില്ലറ എന്നും ഒറപ്പാ.
ദെണ്ണം ഇല്ലാത്ത നേരത്തും പല നെറത്തിലൊള്ള ചാന്തും പല ഡപ്പി പൗഡറും കൺമഷീം ഇങ്ങനെ വാങ്ങിക്കൂട്ടണ കണ്ടാ അമ്മുക്കുട്ടിക്ക് വർഷം മുഴുവൻ നൊസ്സാണെന്ന് കൃഷ്ണൻകുട്ടിക്ക് പലപ്പോഴും തോന്നീട്ടിണ്ട്. വർഷത്തീ മൂന്നാലഞ്ചു വട്ടം അമ്മുക്കുട്ടിക്ക് നൊസ്സെളകും. അടുപ്പീ കത്തിക്കുമ്പോഴും ചട്ടീംകലോം ചാരമിട്ട് കഴുകി വെളുപ്പിക്കുമ്പോഴും വെള്ളമണലിൽ റാ വട്ടത്തിൽ വീശി മുറ്റമടിക്കുമ്പോഴും ഉള്ളീന്ന് ഒരു മൂളിപ്പാട്ട് തെറിക്കണ കണ്ടാ മൂന്നാം നാൾ അവക്കടെ മട്ടുംഭാവോം മാറും. പിന്നെ ആ മൂളിപ്പാട്ട് നല്ല തെളിഞ്ഞ ഒച്ചേലും താളത്തിലും ശീമക്കൊന്ന വേലീം കടന്ന് നാലയലൊക്കത്തേയ്ക്കും ഞാറ്റോല പെയ്ത്ത് പോലെ വീശിയടിക്കും.
അന്ധാ മുകേനേ തേരിലേറുമ്പോ...
കൃഷ്ണൻ കോപിച്ചു വാളുമെടുത്തൂ...
കണ്ടുനിന്നോര് കൈകൊട്ടിയാർത്തു...
പിന്നെ വന്നോര് കണ്ണുമടച്ചൂ...
ദെണ്ണമെളകി അമ്മുക്കുട്ടി പാടണല്ലാതെ ഇങ്ങനെ ഒരു പാട്ട് കൃഷ്ണൻകുട്ടി ജന്മത്ത് കേട്ടിട്ടേയില്ല. അവക്കിത് എവിടന്ന് കിട്ടീന്നും അറിയില്ല. ഓണക്കളിക്കായി വേലാനാശാൻ എഴുതിക്കൂട്ടണ തെരളിപ്പാട്ടുകളെല്ലാം(5) കൃഷ്ണൻകുട്ടി ഒരു വരിപോലും തെറ്റാതെ മനസ്സിലൊറപ്പിച്ചിട്ടുണ്ട്. കൊറെ എതിരുപാട്ടുകൾ കൃഷ്ണൻകുട്ടിയും കുത്തിക്കുറിച്ച് വച്ചിട്ടുമുണ്ട്. പക്ഷേ, ഈ പാട്ടും പാട്ടിന്റെ നീട്ടലും അമ്മുക്കുട്ടിക്കും അവക്കടെ നൊസ്സിനും മാത്രമൊള്ളതാ.
ദെണ്ണമെളകിയാ അമ്മുക്കുട്ടി ആള് വേറെയായി. വെള്ളകീറും മുന്‍പേ അവളെണീക്കും. പിന്നെ ഒറ്റമുണ്ട് മാറിനു മോളീക്കെട്ടി തെക്കേപ്രത്തെ വട്ടക്കൊളത്തിലൊരു കുളിയാണ്. കുളി കാണാൻ പൂച്ചുട്ടീം പരലും കരപ്പേല് ചാടി ചാടിക്കളിക്കണ ഇളമുറ തവളകളും നീർക്കോലി പെറപ്പുകളും നെരനെരയായി വന്നുനിൽക്കോന്ന് ഇച്ചിരെ നാണത്തോടെ അവൾ ആരും കേക്കാതെ കൃഷ്ണൻകുട്ടീടെ ചെവിട്ടീ വന്ന് പിറുപിറുക്കും.
കുളികഴിഞ്ഞാ പടർന്നുനിൽക്കണ പിച്ചിച്ചോട്ടീലേക്കാണ് പോക്ക്. താഴെ വാടാതെ വീണുകെടക്കണ പൂക്കളൊക്കെയും പെറുക്കും. പോരായ്മയുണ്ടേ ചെടിക്കൂമ്പിനെ നോവിക്കാതെ ഇച്ചിരെ പൂമൊട്ടും വിടർന്ന് തെളിഞ്ഞുവരണ പൂക്കുഞ്ഞുങ്ങളേം കൂടി നുള്ളിയെടുത്ത് മാലകെട്ടി ചാണാൻ തേച്ച് വെടിപ്പാക്കിയ ചായ്പ്പിന്റെ കോലായിൽ നനച്ച വാഴലേല് കൊണ്ടുവയ്ക്കും. അത് കഴിഞ്ഞാ ഒരുക്കമാണ്.
നെരത്തിവച്ചേക്കണ കൺമഷി ഡപ്പീകളീന്ന് ഒന്നെടുത്ത് കണ്ണെഴുത്താണ് ആദ്യം. കൺപീലി കടുപ്പത്തീ കറുപ്പിച്ചൊള്ള നീട്ടിയെഴുത്തിന്റെ അറ്റം ചെവിക്കരികെയാകും ചെന്നെത്തണത്. വില്ലുപോലെ വളഞ്ഞ പുരികങ്ങളും കൺമഷിക്കറുപ്പിൽ വെട്ടിത്തെളങ്ങണ കാണാനും നല്ല ശേലാ. ചെറുവിരലിന്റെ തുമ്പേല് കൺമഷിതൊട്ട് ഇടത് കവിളില് വലിപ്പത്തീ ഒരു മറുകും പിടിപ്പിച്ച് പിന്നെ മഷി എളകാതിരിക്കാൻ മൊഖത്താകെ പൗഡറും പൊത്തിക്കഴിഞ്ഞാ പൊട്ടുകുത്തായി. പുരികങ്ങൾക്കിടയിൽ നെറ്റി നെറഞ്ഞ് വല്യേ വട്ടത്തിലൊരു പൊട്ട്. പച്ച ചോപ്പ് നീല എന്നിങ്ങനെ ഓരോ ദെവസോം ഓരോ നെറത്തിൽ. നനഞ്ഞു കെടക്കണ മുടി തോർത്തുകൊണ്ട് നല്ലോണം അടിച്ചൊണക്കി, ചീകിയൊതുക്കി ഉച്ചിയിൽ കെട്ടിവച്ച് പിച്ചിപ്പൂമാല നല്ല മെനക്ക് ചുറ്റിവെക്കും. പെട്ടീല് അടക്കിവച്ചിരിക്കണ മുണ്ടും ബ്ലൗസും എടുത്തുടുത്ത് വയറും മാറും മറച്ച് നേര്യേതും ചുറ്റി താമ്പാളത്തീന്ന് വെറ്റില എടുത്ത് ചുണ്ണാമ്പ് തേച്ച് ഇച്ചിരെ പൊകലേം കൂട്ടി മാറാമ്പല് കളഞ്ഞ അടക്ക കഷ്‌ണോം കൂടി വായേലിട്ട് അരമതിലുമ്മേ ഒറ്റ ഇരിപ്പാ. അത് ചവച്ച് തുപ്പുമ്പോഴേക്കും അമ്മുക്കുട്ടീടെ ചുണ്ടു ചൊമന്ന് ചൊവ ചൊവാന്നിരിക്കും. ആ ഇരിപ്പു കണ്ടാ അറുപത് കഴിഞ്ഞ, അഞ്ചു പെറ്റ തള്ളേണെന്ന് ആരുപറയാൻ. ഇനി അഴുക്കും മെഴുക്കും തൊടാതെയുള്ള ദെവസങ്ങളാ അമ്മുക്കുട്ടിക്ക്. അടുക്കളേ കേറില്ല. തോട്ടിലെറങ്ങി കുതിർത്തിയ ഓലമടലെടുക്കില്ല. മെടയില്ല. ഏലിക്കുട്ടീടെ കൂടെ ചെമ്മീൻ കിള്ളാനും പോകില്ല.
കെട്ടിക്കൊണ്ടോന്ന് ഏഴാം നാളാ അമ്മുക്കുട്ടിക്ക് കൃഷ്ണൻകുട്ടീടെ വീട്ടിൽ വച്ച് ആദ്യമായി ദെണ്ണം എളകിയത്. തൊടക്കമൊന്നമ്പരന്നെങ്കിലും പെണ്ണിന്റെ മട്ടുംഭാവോം കണ്ടതോടെ ചെക്കന്റെ മനസ്സൊന്നടങ്ങി. നല്ല രസോള്ള ദെണ്ണം. അപ്പനും അമ്മേം കെറുവിക്കേം പെണ്ണിനെ വീട്ടിക്കൊണ്ടാക്കാൻ മുക്കീം മൂളീം പറയേം ചെയ്‌തെങ്കിലും ചെക്കൻ മൊഖം തിരിച്ചു. തറവാട്ടിലെ വല്യേമ്മായി ചീരുത്തള്ള മാത്രം പറഞ്ഞ്:
“കൃഷ്ണൂട്ടീയേ... അവക്കട ദെണ്ണം നെനക്ക് വർക്കത്താടാ...”
മുത്തപ്പൻ തറേല് എന്നും അന്തിത്തിരി വെക്കണ കാർന്നോത്തിയാണ്. പറഞ്ഞേല് കഴമ്പൊണ്ടാകും. അത് ശരിയാണെന്ന് തെളിയേം ചെയ്ത്. അഞ്ചു മക്കടേം വിത്ത് മൊളച്ചത് അമ്മുക്കുട്ടീടെ ദെണ്ണക്കാലത്ത് തന്നെയായിരുന്നു. അതോണ്ട് തന്നെ അവക്കടെ ദെണ്ണം ഒതുക്കാൻ ശ്രീധരൻ വൈദ്യരുടേന്ന് ഒരു കൂട്ട് മരുന്നുപോലും വാങ്ങീട്ടില്ല കൃഷ്ണൻകുട്ടി ഇതുവരെ.
ഇന്നലെ അന്തിക്ക് സുലോചന വന്നായിരുന്നെടാ. ദാമോരന്റെ എളേത്. വെളക്കും വച്ച് ഒരു കുപ്പി എണ്ണേം തന്ന്. എന്ത്യ്യാനാ... അവൾടെ കൊച്ചിന്റെ സൂക്കേട് ഞങ്ങ പിടിച്ചാ നിക്കൂല്ലാ... നീ കേക്കണിണ്ടാ വല്ലോം.
മുത്തപ്പന്റെ പതിഞ്ഞ താളത്തിലൊള്ള വർത്തമാനം എടേന്നെപ്പൊഴോ ചെവീലടിച്ചപ്പം കൃഷ്ണൻകുട്ടി ഓർമ്മേന്നൊണർന്നു. എല്ലാം കേട്ടന്ന മട്ടിൽ വെറുതെയൊന്നു മൂളി.
പണ്ടേപ്പോലെയല്ല മുത്തപ്പൻ. ഇപ്പ ആകെ ഒടഞ്ഞിട്ടൊണ്ട്. മുട്ടിനു താഴെ മാത്രം എത്തണ ഒറ്റമുണ്ട് എണ്ണക്കറതട്ടി ഇരുണ്ടുപോയിരിക്കണ്. കരിമ്പന്റെ കറുകറുത്ത കുത്തുകളും തെളിഞ്ഞ് കാണാം. കൃഷ്ണൻകുട്ടി ആദ്യം കാണുമ്പൊണ്ടായ കൊലകൊല പോലത്തെ മുടിയെല്ലാം പൊഴിഞ്ഞ് തലയോട്ടി തെളിഞ്ഞിട്ടുമുണ്ട്. ദേഹോം ആകെ മെലിഞ്ഞ് ഒണ്ടായിരുന്ന കൊടവയറും അകത്തോട്ട് വലിഞ്ഞുപോയി.
പടിഞ്ഞാറൂന്നൊള്ള കടക്കാറ്റ് മുഖത്തേറ്റപ്പോ മുത്തപ്പൻ ശ്വാസമൊന്ന് ആഞ്ഞുവലിച്ചു. നെഞ്ചിൻകൂടിനകത്തൂന്നും കുറുങ്ങണ ഒച്ചകൂടി കേട്ടതോടെ അടുത്തിരിക്കണത് ചത്തുപോയ വെല്ല്യേച്ചനാണോ എന്ന് കൃഷ്ണൻകുട്ടിക്കു സംശയമായി. അയാൾ ഒന്നൂടെ മുത്തപ്പന്റെ മൊഖത്തേക്ക് നോക്കി. നേരാണ്, ചങ്കരൻ വല്ല്യേച്ചന്റെ അതേ രൂപം. മാതവൻ അപ്പാപ്പന് കൊലകൊലയായി മുടിയും ഒത്ത കൊടവയറും ഉണ്ടായിരുന്നതായും ആ സമയം മനസ്സേ വന്നു.
“ചെക്കാ... എന്തോർത്തിരിക്കേണ്... എത്ര ദെവസായി നീ വന്ന് തറേമ്മേലൊരു വെളക്ക് കൊളുത്തീട്ട്... കാര്യോം കാഴ്‌ച്ചേം കാണാൻ വരണോരെ പോലേണാ നീ...”
മുത്തപ്പൻ ഇതെന്തെക്കേണ് പറയണത്. തറേം കല്ലുമൊക്കെ കുത്തിപ്പൊളിച്ച് കളഞ്ഞിട്ട് കാലോത്രെയായി. അന്ന് മൂന്നു തറേണ് ഒണ്ടായിരുന്നത്. വിടർന്ന് നിക്കണ പുളിമരച്ചോടിന് ഒത്തനടുക്ക് മുത്തപ്പൻ. അപ്പറോം ഇപ്പറോമായി കുട്ടിച്ചാത്തനും അറബി ജിന്നും. തറമുറ്റത്തെ വെളുവെളെയൊള്ള മണലില് വീഴണ പുളിയെല പൊലച്ചേം അന്തിക്കും ചീരു വെല്ല്യേമ്മ അടിച്ചു വെടിപ്പാക്കും. വെളക്ക് വയ്ക്കും. അതിരുകാക്കണ ചെമ്പരത്തി നെര പൂക്കാതിരിക്കണ കാലം ഒണ്ടായിട്ടേയില്ല. വലത്തായി നിക്കണ ചെന്തെങ്ങ് മാത്രം മതി ഓരോ മാസോം കലശത്തീ ചേർക്കാനൊള്ള തേങ്ങക്കും തുള്ളക്കാരന്റെ വരണ്ട തൊണ്ട തണുപ്പിക്കാനൊള്ള കരിക്കിനും. വെല്ല്യേച്ചൻ താമസിക്കണ വീടിന്റെ അരികത്തായി അപ്പന് വീതം കൊടുത്തേക്കണ മൂന്നു സെന്റിനോട് ചേർന്നായിരുന്നു തറകളും വെച്ചുപൂജേം. ഇപ്പഴത്തെ അമ്പലോം.
“നെനക്കറിയോ ചെക്കാ... നെന്റെ അപ്പാപ്പന്റെ അപ്പൻ കണ്ടങ്കോരന്റെ കൂടെയാ ഞങ്ങ ഈ കരേല് വന്നേ... കണ്ടങ്കോരൻ കാർന്നോര് മാതുത്തള്ളയെ കെട്ടീട്ട് അന്ന് നാലുമാസം. കൂടെ എളേ കൂടപ്പെറപ്പ് വേലാണ്ടീം ഒണ്ടായിരുന്ന്. പാവം വസൂരി വന്ന് ചത്തുപോയി...”
മുത്തപ്പൻ പറഞ്ഞ് തൊടങ്ങിയപ്പോഴേ ശീമക്കൊന്ന വേലിക്കപ്രത്ത് നിന്ന് പതുങ്ങനെ ഒരു ചിരിപൊട്ടി. കുട്ടിച്ചാത്തനാണ്, കൂടെ ജിന്നൂംണ്ട്. പതിവുപോലെ കലുങ്കിന്റെ തട്ടേമ്മേ കരികൊണ്ട് കളോം വരച്ച് പടവെട്ട് കളിക്കേണ് രണ്ടാളും. മുത്തപ്പൻ കൃഷ്ണൻകുട്ടീനെ കാണാൻ വന്നാ മടക്കം പെട്ടന്നാവൂല്ലെന്ന് അറിയണകൊണ്ട് വരണ വഴിയേ കളിക്കാൻ കരുവായി ചാത്തൻ പനങ്കുരുവും ജിന്ന് കുന്നിക്കുരുവും പതിനാറെണ്ണം വീതം പെറുക്കി കയ്യേ വെക്കും. മുത്തപ്പൻ വർത്താനം തൊടങ്ങിയാ ഈ കരേലേക്ക് വന്ന കഥ പറയാതെ മടങ്ങൂല്ലെന്ന് ചാത്തനുമറിയാം ജിന്നിനുമറിയാം.
കണ്ടങ്കോരൻ കാർന്നോര് ഈ കരേലോട്ട് വന്ന പുരാണം മുത്തപ്പന്റേന്ന് മാത്രോല്ല അപ്പാപ്പന്റേന്നും അപ്പന്റേന്നും കൃഷ്ണൻകുട്ടി പലവട്ടം പറഞ്ഞ് കേട്ടിട്ടുണ്ട്. കൊടുങ്ങല്ലൂരിനപ്പറം കോതപറമ്പിനും പടിഞ്ഞാറ് കാര കടപ്പൊറത്ത് പേരുകേട്ട മാപ്പിള വീട്ടുകാരുടെ കുടികെടപ്പുകാരനായിരുന്നു കാർന്നോര്. തള്ളേം തന്തേം നേരത്തെ ചത്തു. ആകെയൊള്ളത് എളേതൊരുത്തൻ വേലാണ്ടി മാത്രം. തെങ്ങ് കേറ്റോം പറമ്പിലെ പണീം ഒക്കെയായി ഏനക്കേടില്ലാതെ അങ്ങനെ പോണ കാലം. മാതൂനെ കെട്ടി രണ്ടോസം കഴിഞ്ഞ് കേറ്റത്തിനെത്തിയ കണ്ടങ്കോരനോട് തേങ്ങക്കണക്കെടുക്കാനെത്തിയ മാപ്പിളച്ചെക്കൻ പുതുപെണ്ണിനെപ്പറ്റി എന്തോ കൊണച്ചം പറഞ്ഞതേ ഓർമ്മയൊണ്ടായൊള്ളൂ. കൊത്തുതേങ്ങ തോണ്ടിയെടുക്കണപോലെ വാക്കത്തീടെ തുമ്പ് കൊണ്ട് ചെക്കന്റെ നെഞ്ചിലൊരു പോന്ത്. ചോരെ കുളിച്ചുകെടക്കണ ചെക്കൻ ചത്തോ ഇല്ലയോ എന്നു നോക്കാതെ പണി പാതിക്ക് നിർത്തി കണ്ടങ്കോരൻ പെരേലോട്ട് തിരിച്ചു പോന്ന്. കൂടും കുടുക്കേം എടുത്ത് മാതൂനേം വേലാണ്ടിനേം കൂട്ടി ചെറ്റപ്പെരേം അടച്ച് മുറ്റത്തെറങ്ങിയപ്പം നോക്കിനിക്കേണ് മുത്തപ്പൻ കല്ലും കുട്ടിച്ചാത്തൻ കല്ലും. ആവും പോലെ കള്ളും കൂരി വറുത്തതും തരാന്ന് ഉള്ളുരുകി പറഞ്ഞതോടെ കല്ലീന്ന് പൊറത്തെറങ്ങി കണ്ടങ്കോരന്റെ മുന്നിലായി മുത്തപ്പനും പിന്നിലായി ചാത്തനും നടത്തം തൊടങ്ങി.
പിന്നവര് കൊറെനാള് പുല്ലൂറ്റത്തെ മാതൂന്റെ കൂരേലായിരുന്നു. അവ്ടത്തെ തക്കം മോശാണെന്ന് ചെന്നപ്പത്തന്നെ കണ്ടങ്കോരന് തിരിഞ്ഞ്. കേറാൻ തെങ്ങും കൊറവ്. നാട്ടുകൂട്ടംപോലെ കേറ്റക്കാരും. അപ്പഴാ കേട്ടത്, അഴീക്കോടിനപ്രത്തുള്ള കരേല് ഈറ്റക്കാട് പോലെ തെങ്ങുണ്ടെന്നും മടിക്കുത്ത് നെറയും വരെ പണിക്കാശും കിട്ടോന്നും. പിറ്റേന്നുതന്നെ കണ്ടങ്കോരൻ എല്ലാരേം കൂട്ടി പുല്ലൂറ്റ് പൊഴേം കടന്ന് കാവുക്കടവിലെറങ്ങി. പിന്നെ പടിഞ്ഞാട്ട് നടന്ന് വടക്കേനടേ ചെന്ന് ദേവീനേം തൊഴുത് വസൂരിമാലക്ക് മഞ്ഞപ്പൊടീം എറിഞ്ഞ് അഞ്ചപ്പാലം വഴി അഴീക്കോട്ടെത്തി.
അഴി താണ്ടി അപ്രത്ത് കടക്കാൻ വള്ളോം കാത്ത് നിക്കുമ്പഴാ മുത്തപ്പൻ ഒരു മോങ്ങല് കേട്ടത്. വള്ളക്കടവിനടുത്തെ കല്ലുമ്മേല് അറബിക്കടലിനേം നോക്കി ഒരാളിരിക്കണ്. പുള്ളിമുണ്ടും തെളങ്ങണ കോട്ടും തലേല് മിനുക്കുപണിയൊള്ള വട്ടത്തൊപ്പീം നല്ല അത്തറിന്റെ മണോം. എന്താ ഇരുന്ന് മോങ്ങണേന്ന് മുത്തപ്പൻ ചോദിച്ചപ്പം അറബി നാട്ടീന്നൊള്ള കപ്പല് കാത്തിരിക്കേണന്നായിരുന്നു മറുപടി. വെള്ളപ്പൊക്കത്തീ മണലടിഞ്ഞ് അഴി മൂടിയെന്നും കപ്പലൊന്നും ഇനി ഇതിലൂടെ വരൂല്ലെന്നും പറഞ്ഞപ്പം ആ പാവത്തിന്റ ഏന്തല് ഏറി.
കാലം കൊറെ മുന്‍പ് അറബിനാട്ടീന്ന് കച്ചോടക്കാരുടെ കൂടെ കടല് കടന്ന് വന്നതാണ് ജിന്ന്. അഴി കടന്ന് തുറമുഖത്തേയ്ക്ക് കപ്പല് കുതിക്കാൻ ഒരുങ്ങിയപ്പോളേക്കും നല്ലൊരു കെഴക്കൻ കാറ്റ് വീശി. കടലിന്നൊള്ള തെരമാലകളും മൊഴച്ചു പൊന്തിയടിച്ചതോടെ അടിപ്പലക എളകി വെള്ളം കേറി കപ്പലങ്ങ് മുങ്ങി. അതിനിടെ പെരിയാറ്റിന്നൊള്ള വെള്ളപ്പാച്ചിലില് കപ്പിത്താനും കച്ചോടക്കാരും പടിഞ്ഞാട്ടെങ്ങാട്ടോ ഒഴുകിപ്പോകേം ചെയ്തു. ഇച്ചിരി പറക്കാനും കൊറച്ചൊക്കെ നീന്താനും വശോണ്ടായതുകൊണ്ട് തട്ടുംമുട്ടും കിട്ട്യേങ്കിലും ജിന്ന് അഴീക്കോട് കര തൊട്ടു.
അതിനു മുന്നേം പിന്നേം കപ്പല് കേറിവന്ന നൂറ്റിക്കണക്കിന് ജിന്നുകളെയൊക്കെയും അറബിക്കച്ചോടക്കാര് ഒരോ ദിക്കിലും കൊണ്ടുപോയി ഇരുത്തി. എറിയാടും മേത്തലയിലും ചേന്ദമംഗലത്തും ചെട്ടിക്കാട്ടുമടക്കം പല വീടുകളിലും തറകളിലും അവര് സുഖമായി പൊറുത്തു. കൊണ്ടുവന്നവര് ചത്തൊഴുകിപ്പോയത് കാരണം ഇങ്ങനെയൊരു ജിന്ന് വന്നതും അഴീക്കോട് കടവില് മോങ്ങിയിരിക്കണതും മനുഷ്യരാരും അറിഞ്ഞില്ല. അറിഞ്ഞ മറ്റു ചെലോരാകട്ടെ, ഒന്നും മിണ്ടീതുമില്ല.
ജിന്നിന്റെ ഇരിപ്പ് കണ്ടതോടെ മുത്തപ്പന് കഷ്ടം തോന്നി. ചാത്തന് സങ്കടോം. രണ്ടാളും കണ്ടങ്കോരനെ നോക്കി. മേത്തൊരു വെറയല് കേറീതോടെ ഈ ജിന്ന് കടല് കടന്ന് വന്നത് തന്നെ തേടിയാണെന്ന തോന്നൽ കാർന്നോർക്കൊണ്ടായി. പോറ്റാനും കൂട്ടാനും എന്ത് വേണോന്ന് ചോദിച്ചപ്പം ഒണ്ടെങ്കി മാസത്തിലൊരിക്കെ താറാമൊട്ട ഉപ്പിടാതെ വറുത്ത് തന്നാമതീന്ന് ജിന്ന് മുക്കീംമൂളീം പറഞ്ഞു. അങ്ങനെ കണ്ടങ്കോരനും കൂട്ടർക്കുമൊപ്പം ജിന്നും അഴീക്കോട്ടുനിന്നും വള്ളത്തീ കേറി. പോണ പോക്കിന് പള്ളിപ്പുറം കോട്ടേം മഞ്ഞുമാതാവിന്റെ പള്ളീം തോമാശ്ലീഹ വന്നെറങ്ങിയ മാല്യങ്കരയും കണ്ട് ഒടുക്കം അവര് ഈ കരേലെത്തി.
പടവെട്ടു കളി രണ്ടാം വട്ടോം തോറ്റപ്പാ തിരിച്ചുപോയാലോ എന്ന് കുട്ടിച്ചാത്തൻ ചോദിച്ചെങ്കിലും അവിടെ കാറ്റും വെളിച്ചോം ഇല്ലാത്ത കൂട്ടില് ഇത്ര നേരത്തെ പോയി കെടക്കണതെന്തിനാണെന്ന് മുത്തപ്പൻ പിറുപിറുത്ത്. അത് കേട്ടതും ജിന്ന് വീണ്ടും കുന്നിക്കുരു നെരത്താൻ തൊടങ്ങി. സാ മട്ടേല് ചാത്തൻ പനങ്കുരുവും.
മുത്തപ്പനിത് എന്താണിത്രേം ആലോചിക്കണേന്ന് കൃഷ്ണൻകുട്ടിക്ക് ഒരു എത്തുംപിടുത്തോം കിട്ടീല്ല. പഴേ കാര്യങ്ങള് തന്നെയാകും. അല്ലാതെ വേറെന്താകാൻ.
ഈ കരേല് വന്നതോടെ കണ്ടങ്കോരൻ കാർന്നോരുടെ തലവര തെളിഞ്ഞ്. മഴ കൂട്ടിപ്പിടിക്കണ കർക്കടകത്തിലൊഴികെ വർഷത്തീ എല്ലാ ദെവസോം കേറ്റം. കൈ നെറയെ കാശും. അതിനിടെ വേലാണ്ടി ചത്തുപോയെങ്കിലും മാതു കാർന്നോത്തി ആണുംപെണ്ണുമായി എട്ടെണ്ണത്തെ പെറ്റുകൂട്ടി. അതിലും രണ്ടു മൂന്നെണ്ണത്തിന് ആയുസെത്തിയില്ല. വളച്ചുകെട്ടി കൂരകുത്തിയ ഇറ്റിമുതലാളീടെ പത്ത് സെന്റ് സ്ഥലം കുടികെടപ്പായി. അതിന്റെ കിഴക്കേ മൂലേല് മൂന്നു കല്ലും വച്ച് മുത്തപ്പനേം ചാത്തനേം ജിന്നിനേം ഇരുത്തി. എല്ലാമാസോം ഒന്നാന്തി കള്ളും കൂരി പൊരിച്ചതും ഉപ്പിടാതെ താറാമൊട്ട വറുത്തതും വച്ചു. കൂടാതെ അരിപ്പൊടീം ശർക്കരേം തേങ്ങാപ്പീരേം ചേർത്ത് ഒരലിലിടിച്ച് ഉണ്ടാക്കിയ കലശോം പിന്നെ ആണ്ടിലൊരിക്കെ ചാത്തങ്കോഴീനേം അറുത്ത് കൊടുത്ത്...
പലനേരത്തും കണ്ടങ്കോരൻ കാർന്നോരും മുത്തപ്പനും ചാത്തനും ജിന്നും കൂടി നാട്ടുകാര്യോം വീട്ടുകാര്യോം പറയോങ്കിലും കാലം കൊറെ കഴിഞ്ഞതോടെ ഞങ്ങക്കും എന്തെങ്കിലും ചോദിക്കേം പറയേം വേണോന്ന് മാതുകാർന്നോത്തീം മക്കളും പരിഭവിച്ചു. എന്തോന്ന് ചെയ്യോന്നായി കാർന്നോര്. നീ തന്നെ എല്ലാം ചൊല്ലിക്കൊട് എന്നായി മുത്തപ്പൻ.
അങ്ങനെ ആ ആണ്ടിലെ മേടപ്പെറപ്പിന് കലശം വച്ച് തൊഴുതപ്പോ കണ്ടങ്കോരൻ കാർന്നോരുടെ കാലിന്റെ പെരുവെരലുകളീന്ന് ഒരു വെറയല് കയറി. ദേഹം മുഴുവൻ തുടിച്ച് ആ വെറയല് ഉച്ചിവരെയെത്തി. ഉപ്പൂറ്റി പൊക്കിനിന്ന് കാർന്നോര് ആകാശത്തോട്ട് കുതിച്ചുയർന്ന് നെലത്ത് ചവിട്ടി. നെലത്ത് വെക്കണ ഓരോ ചവിട്ടിലും മണ്ണെളകി തെറിച്ച് ചെതറിവീണു. വെളക്കീന്ന് കത്തണ എണ്ണത്തിരിയെടുത്ത് നാക്കിലോട്ട് വച്ച് കെടുത്തി വിഴുങ്ങി. തെറുപ്പ് ബീഡി മൂന്നെണ്ണം ഒരുമിച്ച് കത്തിച്ച് വലിച്ചു. ചെത്തിവച്ചിരുന്ന കരിക്ക് നെഞ്ചിലിടിച്ച് പൊളിച്ച് നീര് കുടിച്ചപ്പൊ ചെന്തെങ്ങ് പോലും കുലുങ്ങി. ആരാന്ന് മാതു കാർന്നോത്തി ചോദിച്ചപ്പം മുത്തപ്പനാണെന്നു പറഞ്ഞു. പിന്നെ അവര് തമ്മിലായി ചോദ്യോം പറച്ചിലും. എന്നും അന്തിക്ക് വെളക്ക് വെക്കണ കാർന്നോത്തീടെ തലേല് കൈവച്ച് മുത്തപ്പൻ സ്‌നേഹം കൊടുത്തു. കരിക്കെടുത്ത് വീണ്ടും നെഞ്ചത്തിടിക്കാൻ ഒരുങ്ങിയപ്പോഴേക്കും കൂട്ടത്തിലാരോ മൺകൊടത്തീ വെള്ളമെടുത്ത് തലേലൊഴിച്ചു. മുത്തപ്പൻ അടങ്ങി. പിന്നെ കല്ലേലോട്ട് മടങ്ങി. കണ്ടങ്കോരൻ തളർന്നിരുന്നു...
പിന്നെ വന്നത് കുട്ടിച്ചാത്തനായിരുന്നു. തളർന്നിരുന്ന കണ്ടങ്കോരൻ മേത്ത്(6) ചാത്തൻ കേറിയതോടെ കാർന്നോര് ചാടി എണീറ്റു. വാക്കത്തീം കയ്യിലെടുത്ത് അതിർത്തീല് നിക്കണ ശീലാന്തി പത്തലിന്റെ നീളോള്ള ഒരു കമ്പ് ആൾപ്പൊക്കത്തില് വെട്ടിയെടുത്ത് ചാത്തൻ തുള്ളിയാടി. ശീലാന്തി കമ്പിന്റെയറ്റം കൊണ്ട് നെലത്ത് വട്ടം വരച്ച് അതിനുള്ളിൽ മാതു കാർന്നോത്തിയെ നിർത്തി. വട്ടത്തിനുള്ളീ കേറിയ കാർന്നോത്തിയോട് ശീലാന്തി കമ്പിന്റെ അത്രേം പൊക്കോള്ള ചെത്തിവെടിപ്പാക്കിയ ചൂരലൊരണം തരോന്ന് ചോദിച്ച്. അടുത്ത പക്കം ചൂരലൊറപ്പാണെന്നു പറഞ്ഞപ്പം ചാത്തൻ നീട്ടിക്കൂവി. പിന്നെ ചുറ്റും നിക്കണ സകലരേം നോക്കി അവരുടെ തെറ്റുകുറ്റങ്ങളൊക്കെ പൊറുക്കേണേന്നും പറഞ്ഞ് തന്റെ നടുംപൊറത്ത് കമ്പ് കൊണ്ട് ആഞ്ഞാഞ്ഞ് അടിച്ചുകൊണ്ടേയിരുന്നു. അടിപ്പാട് തെണർത്ത് പൊന്തിയപ്പം പിള്ളാര് മൺകൊടവുമായി വെള്ളത്തിനായി ഓടി. വെള്ളം തലവഴി വീണതോടെ ചാത്തനും അടങ്ങി...
ആടിപ്പാടിയായിരുന്ന് ജിന്നിന്റെ വരവ്. പടിഞ്ഞാട്ട് നോക്കി അള്ളോ... എന്നു നീട്ടിവിളിച്ച് ചെവി കൂർപ്പിച്ച് നിന്ന്. അറബിക്കടലിനപ്പുറത്ത് വിളി കേട്ടെന്ന് ഒറപ്പായതോടെ നെലത്ത് ചടഞ്ഞിരുന്നു ചുറ്റും കൂടിയവരോട് കഥകള് പറയാൻ തൊടങ്ങി. അതും അറബീല്. കേട്ടവർക്കാർക്കും ഒന്നും മനസ്സിലായില്ലെങ്കിലും എല്ലാവരും തലകുലുക്കി. വാഴലേല് വച്ചിരിക്കണ ഉപ്പിടാത്ത മൊട്ട വറത്തതീന്ന് ഒരു തുണ്ട് നുള്ളി വായേല് വച്ച് പറമ്പ് മുഴുവൻ ഓടിക്കളിച്ചു. വീടിനു ചുറ്റും പറന്നുനടന്നു. ഒടുക്കം കല്ലിനു മുന്നീ വന്ന് കാൽവെരലുകൾ കുത്തി വട്ടം കറങ്ങി നൃത്തം തൊടങ്ങി. ഒരു പടിഞ്ഞാറൻ ചുഴലിക്കാറ്റടിച്ചപോലെ ചുറ്റിയാടിയ ജിന്നിന്റെ അടുത്തു ചെന്നവരെല്ലാം തെറിച്ചുപോയി. നൃത്തത്തിനൊടുവിൽ ജിന്ന് ദേഹമൊഴിഞ്ഞപ്പോ വെട്ടിയിട്ട വാഴപോലെ കണ്ടങ്കോരൻ കാർന്നോര് നെലത്ത് അലച്ചുവീണു.
അങ്ങനെ പറഞ്ഞ് കേട്ട പഴംപുരാണമൊക്കെ കൃഷ്ണൻകുട്ടീടെ ഉള്ളില് കെഴക്കൻ നെലാവ് പോലെ തെളിഞ്ഞുവന്നു. അയാൾ മുത്തപ്പനെ നോക്കി. തന്നെപ്പോലെ ഓരോരോ ആലോചനേ തന്നെയാണ് മൂപ്പരും.
കണ്ടങ്കോരൻ കാർന്നോരുടെ കാലം കഴിഞ്ഞപ്പ അപ്പൂപ്പനായി തുള്ളക്കാരൻ. അപ്പൂപ്പൻ പോയതോടെ വല്യേച്ചനും. എന്നാ വല്യേച്ചൻ വീണതോടെ ഒരു കോലോം കെട്ടാൻ പറ്റൂല്ലെന്നും പറഞ്ഞ് ആണ്‍മക്കളെല്ലാം മൊഖംതിരിച്ചു. ഒടുവില് അപ്പനതങ്ങ് ഏറ്റെടുത്തു. അപ്പന് ശേഷം താനും... അതിനെടെ മണ്ണീക്കുത്തി പൂജിച്ചിരുന്ന മൂന്നു കല്ലുകളേം പൊക്കിയെടുത്ത് തറകെട്ടി അതിനു മോളിലിരുത്തിയിരുന്നു.
അപ്പന്റെ കാലത്ത് ദെവസോം വെളക്ക് വെക്കുമെങ്കിലും മാസക്കലശോക്കെ പേരിനു മാത്രോയി. എളങ്കുന്നപ്പൊഴേന്ന് കുഞ്ഞമ്മായീം പഷ്ണത്തൂന്ന് കുമാരനേളേച്ചനും പതിവായി വരും. പിന്നെ ആണ്ടുംകൊല്ലോമെത്തി കുടുംബക്കാരീ ചെലരൊക്കെ തലകാണിച്ചു പോകും. അപ്പനും പോയതോടെ അതും ഇല്ലാണ്ടായി. താൻ തുള്ളാൻ തൊടങ്ങിയതോടെ വെളിപാട് കേക്കാനും എന്തേലും ചോദിക്കാനും വരുന്നോര് അഞ്ചാറ് പേരായി ഒതുങ്ങി. എന്തിന് കെട്ടിച്ചുവിട്ട പെൺമക്കള് ഗിരിജേം ശാന്തേം പോലും തിരിഞ്ഞുനോക്കാതായി.
ഒരു ദെവസം അന്തിത്തിരി വെയ്ക്കാൻ കൃഷ്ണൻകുട്ടി ചെന്നപ്പം ഓരോ തറയ്ക്കു മുന്നിലും പൂവെട്ടം പോലെ അഞ്ചുതിരിയിട്ട നെലവിളക്കുകൾ കത്തിനിക്കണ്. ഇതെന്ത് മറിമായം എന്ന് അമ്പരന്ന് നിക്കുമ്പം വല്യേച്ചന്റെ വീട്ടിലെ പിള്ളാരാരോ വിളിച്ച് പറഞ്ഞ് സഹദേവൻ പാപ്പൻ നേരത്തെ വന്ന് വെളക്കിട്ട് പോയെന്ന്. കൃഷ്ണൻകുട്ടിക്ക് അമ്പരപ്പേറി. വല്യേച്ചന്റെ മൂന്നാമത്തെ മോനാ സഹദേവൻ. കൃഷ്ണൻകുട്ടിയേക്കാളും രണ്ടു വയസ് എളപ്പം. എച്ച്.എം.ടി കമ്പനീല് പണീണ്ടെങ്കിലും കയ്യിലിരിപ്പു കാരണം പത്ത് പൈസേടെ ഗുണമില്ലാതായിപ്പോയി. നല്ല ചാരായം മോന്തലും. ഇത്തിരി തലമുതിർന്നേ പിന്നെ മുത്തപ്പൻ തറയുടെ ഭാഗത്തേയ്ക്കുപോലും സഹദേവൻ നോക്കാറില്ല. തല തെറിച്ചുപോയല്ലോ എന്നു പലവട്ടം തോന്നിയിട്ടുള്ള അവനിത് എന്തുപറ്റീന്നായി ചിന്ത. എന്ത് പണ്ടാറത്തിനായാലും സഹദേവന് ഇച്ചിരെ വെളിവു വന്നതിൽ മുത്തപ്പനേം കൂട്ടരേം മനസ്സ് നെറഞ്ഞ് കൃഷ്ണൻകുട്ടി തൊഴുതു.
പിറ്റേന്ന് കേറ്റോം കഴിഞ്ഞ് ഏണീം വാക്കത്തീമായിട്ട് വെട്ടുവഴിയിലെത്തിയപ്പഴാ തലേ രാത്രീലെ പൊല്ലാപ്പൊക്കെ അയാളറിഞ്ഞത്. ചാരായോം കുടിച്ച് നാലു കാലേല് വന്ന സഹദേവൻ കട്ടാമ്പാരകൊണ്ട് മൂന്നു തറേം കുത്തിപ്പൊളിച്ച് നെരത്തി ഇട്ടിരിക്കണ്. ചെതറിയ ഇഷ്ടിക കഷ്ണങ്ങൾക്കും കുമ്മായ കട്ടകൾക്കും എടേല് എണ്ണക്കറുപ്പിൽ തെളങ്ങണ മൂന്നു കരിങ്കൽ രൂപങ്ങൾ അനാഥരായി കെടക്കണ കണ്ടപ്പൊ കൃഷ്ണൻകുട്ടീടെ കണ്ണുകളിലോട്ട് വല്ലാത്തൊരിരുട്ട് പറന്ന് കേറി. മിന്നലേറ്റ് തലപോയ തെങ്ങുകണക്കെ അയാൾ കണ്ണുംപൂട്ടി നെലത്ത് കുത്തിയിരുന്നു.
മരണസംഘത്തിലെ പതിനായിരത്തിന്റെ ചിട്ടി ലേലത്തീ കിട്ടാനായിരുന്നു സഹദേവന്റെ തലേന്നത്തെ വെളക്കിടൽ. ലേലം വിളിച്ച് വിളിച്ച് ഒടുവീൽ ഏറ്റോം കൊറവിനു നറുക്കിട്ടപ്പം ഭാഗ്യം തൊണച്ചത് പറമ്പാടീലെ സുമതിയെ. പറമ്പാടി ചോവന്മാരുടെ മുത്തപ്പനും കൂട്ടർക്കും വേട്ടുവ കുടുംബത്തിരിക്കുന്നവരേക്കാളും കരുത്തും കാതലും ഇച്ചിരെ മേലെയാണെന്ന കാര്യം സഹദേവന്റെ മണ്ടേല് വന്നതുപോലുമില്ല.
കണ്ണുകളിലോട്ട് വെട്ടം പതിയെയൊന്ന് തെളിഞ്ഞുവന്നതോടെ ചെതറിക്കെടന്ന കല്ലുകള് മൂന്നും പെറുക്കിക്കൂട്ടി പുളിമരത്തിന്റെ ചോട്ടിൽ കൃഷ്ണൻകുട്ടി ചാരിവെച്ചു. അവരങ്ങനെ മഴേം വെയിലും മഞ്ഞുംകൊണ്ട് നാലഞ്ചു കൊല്ലം മാനത്തോട്ട് നോക്കി കെടന്നു. വല്ലപ്പോഴും ചെല്ലണ കൃഷ്ണൻകുട്ടി വീട്ടീന്ന് വറത്ത് കൊണ്ടുവരണ കൂരീം താറാമൊട്ടേം പിന്നെ ഒരു വെട്ടുഗ്ലാസ് കള്ളും ആരും കാണാതെ പൂഴിമണ്ണില് വച്ച് മടങ്ങും.
കുഞ്ഞിത്തൈയിലെ വിലാസിനി കുഞ്ഞമ്മേടെ എളേ മോള് ശാരദേടെ കെട്ട് നടക്കാതായതോടെയാണ് കാര്യങ്ങളൊക്കെ മാറിമറിഞ്ഞത്. നേർച്ചേം വഴിപാടുമൊക്കെയായി താലൂക്കാപ്പീസറായ അപ്പൻ കാശ് കൊറെ മൊടക്കിയെങ്കിലും മുപ്പത് കഴിഞ്ഞ പെണ്ണിനു പൊരുത്തോള്ള ഒരു ചെക്കനേം കിട്ടീല്ല. ഒടുക്കം എവടെങ്ങാണ്ടും പോയി നാളും ജാതകോം നോക്കിയപ്പൊ താവഴിയിലെ വച്ചുപൂജക്ക് മൊടക്കം വന്നെന്നും മൂർത്തികളെല്ലാം ഗതിയില്ലാതെ നടക്കേണന്നും കവടി നെരത്തി കണ്ടെത്തി. സ്വന്തം പെങ്കൊച്ചിന്റെ കാര്യത്തിൽ താലൂക്കാപ്പീസറ് തന്നെ നേരിട്ടെറങ്ങി കെട്ട്യോളുടെ കുടുംബക്കാരെയെല്ലാം വിളിച്ചുകൂട്ടി. കൃഷ്ണൻകുട്ടീം ചെന്ന്.
എല്ലാത്തിനേം എവിടെയെങ്കിലും കൊണ്ടോയ് കളയാന്ന് ചെലര് പറഞ്ഞെങ്കിലും കുടുംബത്തീ വെച്ചു പൂജയ്ക്ക് എന്തെങ്കിലും ഒള്ളത് മേൽഗതിക്ക് നല്ലതാണെന്ന ഒറപ്പിക്കലായിരുന്നു ഒടുക്കം ഒണ്ടായത്. പിന്നെയെല്ലാം എടിപിടീന്നായിരുന്നു. തറ കുത്തിപ്പൊളിച്ച സഹദേവൻ തന്നെ ആദ്യം രൂപ പതിനായിരം കൊടുത്തു. തറ പൊളിച്ചശേഷം അവനാകെ തെളിഞ്ഞിരുന്നു. നഴ്‌സിങ് പഠിച്ച മോൾ ഏതോ അറബി നാട്ടിലേക്കും മോൻ കാനഡയിലേക്കും പറന്നു. ഒള്ള കാശും വാങ്ങി എച്ച്.എം.ടീയിലെ പണി അവസാനിപ്പിച്ച് സഹദേവനാകട്ടെ, ഭൂമിക്കച്ചവടോം തൊടങ്ങി. തറ പൊളിച്ച സഹദേവൻ ഇങ്ങനെ തെളിഞ്ഞത് എന്ത് എടപാടാണെന്ന് ഒരിക്കെ കൃഷ്ണൻകുട്ടി മുത്തപ്പനോട് ചോദിച്ചതാണ്. വെളുക്കെ ചിരിച്ചതല്ലാതെ മുത്തപ്പൻ ഒരു മറുപടീം തന്നില്ല. ചെലേതിനൊന്നും മുത്തപ്പന്റടുക്കെ മറുപടിയില്ലെന്ന് പലവട്ടം അയാൾക്ക് തോന്നീട്ടുണ്ട്.
കൃഷ്ണൻകുട്ടീടെ കയ്യേ പങ്കൊന്നും കൊടുക്കാനില്ലാത്തതുകൊണ്ട് അമ്പലത്തിനു വലിപ്പം കൂട്ടാൻ തൊട്ടടുത്ത് അപ്പനു ഭാഗം കിട്ടിയ മൂന്നു സെന്റ് തന്നാ മതീന്നായി കുടുംബക്കാര്. സന്നപ്പനൊരു കൂര കുത്താമല്ലോ എന്നു കരുതിയതാ അവിടെ. മറുത്തൊന്നും പറയാൻ പറ്റീല്ല. കൊറച്ചു കാശ് വെലയായി തരാമെന്ന് പറഞ്ഞപ്പൊ ആ സ്ഥലമങ്ങ് എഴുതിക്കൊടുത്തു.
എല്ലാരും ഒത്തുപിടിച്ചതോടെ കണ്ണ് ചിമ്മി തൊറക്കണേനുള്ളിലാ തറകള് നിന്നിടത്ത് അമ്പലം പൊന്തീത്. മൂന്നെണ്ണമല്ല നാലെണ്ണം. മുത്തപ്പനും ചാത്തനും ജിന്നും കൂടാതെ ദേവീം കുടിയേറിയിട്ടുണ്ടെന്ന് പ്രശ്നംവെപ്പിൽ തെളിഞ്ഞിരുന്നു.
“ചെക്കാ... ദേവീണ്ടന്ന് പറഞ്ഞപ്പം നീയെന്തിനാടാ ആലോചിച്ച് ഉള്ളുരുക്കണത്. ആ കൊച്ച് പണ്ടേ ഞങ്ങടെ കൂടെ ഒള്ളതാടാ.. മാതു കാർന്നോത്തീം നിന്റെ അപ്പന്റെ തള്ള ശിങ്കാരീം നിന്റെ തള്ള ഓമനേം വല്ല്യേമ്മ ചീരും അങ്ങനെ എല്ലാരുമുണ്ട് ആ കൊച്ചിന്റെയുള്ളില്... ചത്തുപോയ കാർന്നോത്തിമാര് അലഞ്ഞ് നടന്നാ ശരിയാകോ...”
അന്ന് കൃഷ്ണൻകുട്ടീടെ ഉള്ളിരൊരു ശങ്ക വന്ന നേരം മുത്തപ്പൻ പറഞ്ഞതാ. അതോടെ ആ വെഷമം ഇല്ലാണ്ടായി. ദേവി ഒള്ളതുകൊണ്ട് ഇനി മൊതല് കള്ളും കൂരിം താറാമൊട്ടേം ഒന്നും അമ്പലക്കെട്ടിനുള്ളില് കേറ്റാൻ പാടില്ലാന്നും പഴേ ഏർപ്പാടായ തുള്ളലും വെളിപാട് പറച്ചിലുമൊക്കെ വേണ്ടാന്നും തീരുമാനിച്ചപ്പൊ എതിര് നിക്കാൻ ആരുമുണ്ടായില്ല. അപ്പനു പ്രായമായി വരേണെന്ന് ശാന്തേം ഗിരിജേം കണ്ണുരുട്ടി കാണിച്ചതോടെ കൃഷ്ണൻകുട്ടീടേം നാക്ക് പൊന്തീല്ല. കൂമ്പടഞ്ഞ തെങ്ങിന്റെ കുരുത്തോല ചെത്തി തുരിശ് പൂശുമ്പം തെറിച്ചുവീണ് മലർന്നു കെടന്ന് പെടക്കണ കൊമ്പൻ ചെല്ലിയെ പോലെയായിരുന്നു അന്നേരം അയാളുടെ മനസ്സ്.
ആലങ്ങാട്ടെ കൽത്തച്ചന്മാര് കൊത്തിയെടുത്ത മെഴുമെഴാന്നുള്ള മൂർത്തീ രൂപങ്ങൾ കണ്ടപ്പോ ഒരു പരിചയോം ഇല്ലാത്ത പൊറംനാട്ടുകാരെപ്പോലെ തോന്നിച്ചു കൃഷ്ണൻകുട്ടിക്ക്. വീട്ടിലോട്ട് കൊണ്ടുപോകാം എന്നു വിചാരിച്ച് പുളിമരച്ചോട്ടിൽ വച്ചിരുന്ന മൂന്നു കല്ലുകൾ തെരഞ്ഞെങ്കിലും ഒന്നും കണ്ടില്ല. അതൊക്കെ വീരൻപൊഴേ കൊണ്ടുപോയി ഒഴുക്കിക്കളഞ്ഞെന്ന് ആരോ പറയണത് കേട്ട നേരം അയാളുടെ കണ്ണ് കലങ്ങേം ഒരലിൽ കലശമിടിക്കണപോലെ ചങ്കിടിപ്പ് കൂടേം ചെയ്തു.
അതോടെ പണ്ടത്തെ കലശംവെപ്പും തുള്ളലും വെളിപാട് പറച്ചിലും ചെലരുടെയൊക്കെ ഓർമ്മേല് മാത്രോയി. ഇപ്പോ മാസവെളക്കും മേളോം വർഷത്തിൽ താലമെടുപ്പും ഉത്സവവുമൊക്കെയാണ്. എല്ലാ മാസവെളക്കിനും കൃഷ്ണൻകുട്ടി കൂട്ടത്തിപ്പെടാത്ത ആളെന്ന മട്ടിൽ പോയി ചെന്തെങ്ങേ ചാരി മാറിനിക്കും. മേളം മുറുകുമ്പോ കാലിന്റെ പെരുവെരലീന്ന് ഒരു വെറയല് മേലോട്ടു കയറണത് പതിവാണ്. ആ വെറയൽ അടിവയറ്റിലെത്തുമ്പോഴേക്കും ചാഞ്ഞു തുടങ്ങിയ ചെന്തങ്ങിന്റെ തടീല് നെറ്റി മൊഴക്കും വരെ തലയിടിച്ച് ചതിക്കല്ലേ മുത്തപ്പാ എന്ന് ഉള്ളിന്റെയുള്ളിൽ അയാൾ കരഞ്ഞു വിളിക്കും. ആ വിളിയിൽ സങ്കടപ്പെട്ട് മുത്തപ്പൻ പടംപൊഴിയും പോലെ കൃഷ്ണൻകുട്ടീടെ മേത്തൂന്ന് ഒഴിഞ്ഞ് പുളിമരച്ചോട്ടിലേക്ക് നടക്കും. അവിടെ ചാത്തനും ജിന്നിനുമൊപ്പമിരുന്ന് വെളക്കും വെളിച്ചോം മേളോമൊക്കെ നോക്കി വെറും കാഴ്‌ചക്കാരനാകും.
“കൃഷ്ണൻകുട്ടീയേ... വെശന്നിട്ട് ഉള്ള് കാന്തണെടാ... തൊണ്ട വരണ്ട് പൊട്ടണ്... അടുക്കളേ എരിവുംപുളീമൊള്ള വല്ലോം ഒണ്ടെങ്കി എടുത്ത് താ... ഉച്ചക്ക് മോന്താൻ വാങ്ങിയ ഒരു കുപ്പി കള്ളെങ്കിലും ഒണ്ടാകൂല്ലേടാ അകത്ത്...”
അങ്ങനെ ഞെരങ്ങീം വലിഞ്ഞുമൊള്ള മുത്തപ്പന്റെ ചോദ്യം കേട്ടപ്പ കൃഷ്ണൻകുട്ടി ഒന്നമ്പരന്ന്. ഇത്രേം കാലോയിട്ടും മുത്തപ്പനോ ചാത്തനോ ജിന്നോ എന്തെങ്കിലും ചോദിച്ചു വാങ്ങി തിന്നത് അയാളുടെ ഓർമ്മേലേ ഇല്ല. ആ അമ്പരപ്പ് ആറണേന് മുന്നേത്തന്നെ മൂന്നാമത്തെ പടവെട്ട് കളീം തീർത്ത് ചാത്തനും ജിന്നും അടുത്തോട്ട് വന്നു. ഒത്ത തണ്ടും തടീം ഒണ്ടായിരുന്ന ചാത്തൻ കയ്യേലിരിക്കണ ചൂരലിനേക്കാളും മെലിഞ്ഞുപോയിരിക്കണ്. കുഴിഞ്ഞുപോയ കൺതടത്തീനുള്ളീല് ഒരു തെളക്കോം കാണാനില്ല. തുമ്പൊടിഞ്ഞ ചൂരലും കുത്തിയൊള്ള ആ വരവ് കണ്ട കൃഷ്ണൻകുട്ടീടെ നെഞ്ചിനുള്ളിൽ തീയാളി. പിന്നാലെ വന്ന ജിന്നിന്റെ കുപ്പായോം തൊപ്പീം നരച്ച് നെറമെല്ലാം കെട്ടുപോയി ഒരു പരുവത്തിലാണ്. അത്തറിന്റെ മണം എങ്ങോട്ടോ പറന്ന് പോയിരിക്കണ്. തുടുത്തു ചൊമന്നിരുന്ന കവിളുകൾ ഒട്ടി ഒണങ്ങിച്ചുളുങ്ങിയ വെള്ളക്ക പോലെയായി.
കൃഷ്ണൻകുട്ടിക്ക് ഒരു പിടുത്തോം കിട്ടിയില്ല. എല്ലാ ഒന്നാന്തീം മാസപൂജയൊണ്ട്. വർഷത്തീ ഉത്സവോം താലമെടുപ്പും. അകത്തിരിക്കുന്നോർക്കെല്ലാം തൃപ്തിയാണെന്ന് പ്രശ്‌നം വെപ്പിൽ തെളിയേം ചെയ്ത്. അവലും മലരും പാൽപായസോം പഞ്ചാമൃതോം ഒക്കെ നേദിക്കണൊണ്ടല്ലോ... പിന്നെന്താ ?
കൃഷ്ണൻകുട്ടീടെ ചിന്ത എങ്ങോട്ടാണ് പോണതെന്നു തിരിഞ്ഞപ്പം മുത്തപ്പൻ അയാൾടെ അടുത്തോട്ട് ചേർന്നിരുന്നു...
“നീയെന്തെക്കേണ് ചെക്കാ ആലോചിക്കണത്... മീങ്കറി ഇല്ലാണ്ട് നിന്റെ അപ്പന് ചോറെറങ്ങോ?... നെന്റെ അപ്പൂപ്പനാണേ എന്നും ചെമ്മീൻ ചമ്മന്തീം ഒണക്ക മുള്ളനും വേണം.. കാരക്കടപ്പൊറത്ത് കടലീന്ന് കേറണ കാവാലി ഞണ്ടിനെ ചുട്ടെടുത്ത് കാന്താരി മൊളകും കൂട്ടിയായിരുന്ന് കണ്ടങ്കോരൻ കാർന്നോരുടെ കള്ളുകുടി... അവര് തൊട്ടുകൂട്ടിയ രുചിയല്ലേടാ ഞങ്ങടെ നാക്കില്... അല്ലാണ്ട് പഞ്ചാമൃതോം പാൽപായസോം തന്നാ ഞങ്ങടെ അകത്തോട്ട് പോകോ..?”
കൃഷ്ണൻകുട്ടീടെ കലി മുഴുവൻ ദേവിയോടായിരുന്നു... കാര്യം വീട്ടിലെ കാർന്നോത്തിമാരാണെന്ന് മുത്തപ്പൻ പറഞ്ഞെങ്കിലും അങ്ങനെ ഒരു സാധനത്തെ കൊണ്ടിരുത്തിയതല്ലേ എല്ലാത്തിനും കാരണം. ദേവീനെ അറിഞ്ഞൊന്നു പ്രാകാൻ അയാൾ നാവുയർത്തി.
“ആ പെണ്ണും പട്ടിണിയാടാ ചെക്കാ... അവടങ്ങനെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഒരേ കുത്തിയിരിപ്പാ... ഞങ്ങളെന്തെങ്കിലും ഉള്ളിലോട്ട് എറക്കാതെ ആ പെണ്ണിന് തിന്നാൻ പറ്റോ? നീയും നെന്റെ അപ്പനും തിന്നാതെ നെന്റെ തള്ള ഓമന ഒരു വറ്റ് വിഴുങ്ങണ കണ്ടിട്ടൊണ്ടോ... അതങ്ങനാടാ...”
കൃഷ്ണൻകുട്ടിക്ക് കരച്ചില് വന്നു. അയാൾ അമ്മയെ ഓർത്തു... ശിങ്കാരി അമ്മാമ്മയെ ഓർത്തു... ചീരു വല്യേമ്മനേം കേട്ടുപരിചയോള്ള മാതു കാർന്നോത്തിയേയും ഓർത്തു... എല്ലാരേം ഓർത്തു.
മുത്തപ്പനും കൂട്ടർക്കും എന്തേലും വെളമ്പുമ്പോ അതിലൊരു പങ്ക് വാട്ടിയ വാഴലേല് പൊതിഞ്ഞ് ദേവീക്ക് കൊടുത്തയക്കണോന്ന് കൃഷ്ണൻകുട്ടി ഒറപ്പിച്ചു. അതിന് അടുക്കളേ എന്തൊണ്ടാകാനാ... ഇന്നും പരിപ്പൊലത്തീതോ ചേമ്പിൻതാളോ ആയിരിക്കും കൂട്ടാൻ. മറ്റന്നാള് മാസപൂജ ആയതുകൊണ്ട് അഞ്ചു ദെവസം കുടുംബത്തിലെ ഒരുവീട്ടിലും എറച്ചീം മീനും മൊട്ടേം കേറ്റരുതെന്നാ തീരുമാനം. കേറ്റം കഴിഞ്ഞ് അവശതേ വന്നാലും കൊറെ കാലമായി മാസ നൊമ്പ് കാലത്ത് കൃഷ്ണൻകുട്ടിക്ക് കള്ളുകുടീം ഇല്ല.
അയാൾക്ക് പിന്നേം സങ്കടം വന്ന്. ഈ വീട്ടില് നിങ്ങടെ വെശപ്പടക്കാനൊള്ള ഒന്നൂല്ലെന്ന് പറയാൻ മുത്തപ്പന്റെ മൊഖത്ത് നോക്കിയ കൃഷ്ണൻകുട്ടി ഒരു ആന്തലോടെ ഞെട്ടി. കൊള്ളിയാൻ വീശി തെറിച്ചപോലെ ഒരു കിടുക്കം അടിവയറ്റീന്ന് ഉച്ചിയിലേക്ക് പാളിക്കയറി. മുത്തപ്പന് അപ്പന്റെ മൊഖം... അല്ല തന്റെ മൊഖം. കണ്ണും മൂക്കും നെറ്റീം വായേം എല്ലാം ഒരു കണക്കെ തന്നെ. കണ്ണാടി കാണും പോലെ അയാൾ മുത്തപ്പനെ നോക്കിയിരുന്നുപോയി. ആ അമ്പരപ്പ് കണ്ട് ചെലമ്പി ചെതറിയ ഒച്ചേല് മുത്തപ്പൻ കൃഷ്ണൻകുട്ടീടെ ചെവിട്ടീ പറഞ്ഞു...
“ഞാൻ തന്നേല്ലേടാ നീ... നീ തന്നേല്ലേടാ ഞാൻ.”
പറഞ്ഞതെന്താണെന്ന് കൃഷ്ണൻകുട്ടിക്ക് തിരിയും മുന്നേ മുത്തപ്പൻ അയാളെ കെട്ടിപ്പിടിച്ചു. രണ്ടു കൃഷ്ണൻകുട്ടിമാർ ചേർന്നുനിന്നു. പിന്നെ ഒന്നായി. തന്റെ കനം ഇല്ലാണ്ടാവണതുപോലെ അയാൾക്ക് തോന്നി. ഇതെല്ലാം കണ്ട് കുട്ടിച്ചാത്തൻ സന്തോഷത്തോടെ നീട്ടിക്കൂവി. ജിന്ന് അവർക്ക് ചുറ്റും വട്ടത്തീ പറന്നുനടന്നു...
“ചെക്കാ... ഒന്നെണീക്ക്...”
അമ്മുക്കുട്ടീടെ ഇതുവരെയില്ലാത്ത വിളി കേട്ടാണ് കൃഷ്ണൻകുട്ടി ഉണർന്നത്. മെടയാനൊള്ള തെങ്ങോല തോട്ടിലെ വെള്ളത്തിലിടാൻ പോയവള് അഴുക്കും മെഴുക്കും പെരളാതെ വന്നിരിക്കുന്നു. നീളത്തീ കണ്ണെഴുതിയിട്ടുണ്ട്... വട്ടപ്പൊട്ടിന്റെ വലിപ്പോം കൂടി... ഒപ്പം പിച്ചിപ്പൂവിന്റെ മണം എല്ലാടത്തും പരന്നു. വെറ്റില ചവച്ച് ചൊവന്ന ചുണ്ടില് മൂളിപ്പാട്ട് താളം പിടിക്കണുണ്ടോന്ന് സംശയം...
“ആ കയ്യും മോറും കഴുകി കരുത്തല ഷാപ്പീ പോയി രണ്ടു കുപ്പി കള്ള് വാങ്ങ്... തിരിയേ പോരുമ്പം നീട്ടു വലക്കാരുടേന്ന് അരക്കിലോ കൂരീം മേടിച്ചോ... വടക്കേലെ കല്യാണിയോട് രണ്ട് താറാമൊട്ട കടംവാങ്ങീട്ടുണ്ട്... മക്കളും പിള്ളേരും വരണേന് മുന്നേ വെച്ചുവേവിച്ച് കള്ളും കൂട്ടി നമ്മക്ക് അതൊക്കെ തിന്ന് തീർക്കാ...”
പെടഞ്ഞെണീറ്റ കൃഷ്ണൻകുട്ടി അറിയാതെ ദേവീ... എന്ന് നീട്ടിവിളിച്ചുപോയി. അമ്മുക്കുട്ടീടെ മൊഖത്ത് നിന്ന് അയാൾക്ക് കണ്ണെടുക്കാനേ കഴിഞ്ഞില്ല... ഒരു ദെണ്ണക്കാലത്തും കാണാത്ത അമ്മുക്കുട്ടിയായിരുന്നു അത്. അങ്ങനെ ആദ്യോയി അയാൾ ദേവീനെ കണ്ടു. കൈകൂപ്പി തൊഴുതു. ദേഹം കിലുകിലേന്ന് വെറച്ചതോടെ കൃഷ്ണൻകുട്ടി ഉമ്മറപ്പടീമ്മേ ചാരിവച്ചിരുന്ന കേറ്റ വാക്കത്തിയെടുത്തു. പിന്നെയത് മേലോട്ടുയർത്തി വീശി ഒറഞ്ഞ് തുള്ളാൻ തൊടങ്ങി.
1. പൊലച്ചെ - പുലർച്ചെ
2. കപ്പട തണ്ട് - മുളയേണി തെങ്ങിൽ ഉറച്ചുനിൽക്കാനായി അറ്റത്ത് വിടർത്തി കെട്ടിവച്ചിരിക്കുന്ന മരക്കമ്പുകൾ.
3. കൊത്തുതേങ്ങ - തെങ്ങുകയറ്റക്കാർ പണിക്കാശിനു പുറമെ വിഹിതമായി എടുക്കുന്ന തേങ്ങ.
4. പണിപ്പാട്ടുകാരൻ - തെങ്ങുകേറ്റക്കാരിൽ പ്രധാനി.
5. തെരളിപ്പാട്ട് - വൈപ്പിൻ, വടക്കൻ പറവൂർ മേഖലയിൽ പ്രചാരത്തിലുള്ള പ്രത്യേക താളത്തിൽ പാടുന്ന ഓണംകളി പാട്ട്.
6. മേത്ത് - ശരീരത്തിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ