എസ്. അനിലാൽ എഴുതിയ കഥ മൊജിറ്റോ

എസ്. അനിലാൽ എഴുതിയ കഥ മൊജിറ്റോ
Updated on

“Hope will never be silent”

- Harvey Milk

മടങ്ങിപ്പോവുന്നതിനു മുന്‍പ് ഒരു കാര്യം മാത്രമാണ് അപേക്ഷപോലെ പപ്പ പറഞ്ഞത് - വിവാഹം ഇവിടെ മതി. ഇനി വെച്ചു താമസിപ്പിക്കണ്ട, അതിന് അവര് ഇനിയും വരും, ആസ്‌ട്രേലിയയിൽനിന്ന് ബ്രദറിനേയും വൈഫിനേയും കൂടെ വിളിക്കാം. ബോയ് ഫ്രണ്ട് ഇവിടെ വളർന്നതല്ലേ, ഇവിടെവെച്ച് അവരുടെ രീതിക്കാവട്ടെ എല്ലാം. മമ്മിക്ക് അതാണ് താൽപ്പര്യം.

ഒരു വർഷം മുന്‍പാണ് കുറച്ചു ദിവസങ്ങൾ കൂടെ താമസിക്കാനായിട്ട് വിസിറ്റിംഗ് വിസയിൽ രണ്ടുപേരും ആദ്യമായി ഇങ്ങോട്ടു വരുന്നത്. ആറു വർഷങ്ങൾക്കുശേഷം തമ്മിൽ കണ്ടതിന്റെ സന്തോഷം വന്നതിന്റെ പിറ്റേന്ന് എന്റെ മുറിയിൽ കേറിയതോടെ പോയിക്കിട്ടി. ചുമരിലെ പതിവു വിട്ടതും അപരിചിതങ്ങളുമായ പോസ്റ്ററുകളും മേശപ്പുറത്തുവെച്ച രോഹിത്തിന്റെ ഫോട്ടോയും കണ്ട് നെറ്റിചുളിച്ചാണ് മമ്മി അവിടുന്നിറങ്ങിപ്പോയത്.

തൊട്ടടുത്ത ദിവസങ്ങളിൽ ചില ആർട്ട് സിനിമകളിലെപ്പോലെ ഞങ്ങൾക്കിടയിൽ സംഭാഷണം തീരെ കുറവായിരുന്നു. പോകെപ്പോകെ കാര്യങ്ങൾക്കു ചില്ലറ അയവുകളൊക്കെ വന്നെങ്കിലും അതൊക്കെ യാത്രയിലുള്ള ചില തന്ത്രങ്ങളുടെ ഭാഗമായാണ് എനിക്കു തോന്നിയത്.

നാട്ടിലേക്കു തിരിക്കുന്നതിന്റെ തലേന്നു രാത്രി മുറിയിലേയ്ക്ക് കയറുമ്പോൾ മമ്മി പെട്ടികൾ നിറയ്ക്കുകയാണ്. കട്ടിലിന്റെ പടിയിൽ തലയണ കേറ്റിവെച്ച് ഏതോ മാസിക മറിച്ചുനോക്കുകയായിരുന്ന പപ്പ, എന്നെ കണ്ടതും വായന നിറുത്തി മാസിക മെത്തയിലിട്ട് എണീറ്റിരുന്നു.

നാളെ തിരിച്ചുപോയാൽപ്പിന്നെ എന്നാണ് ഇങ്ങനെ ഒരവസരമൊത്തുവരുന്നത്? അതുമല്ല രോഹിത്തിന്റെ അവസാന താക്കീത് തലയ്ക്കുമേലെ വാള്പോലെ തൂങ്ങുന്നുമുണ്ട്. സത്യമായ കാര്യം സ്വന്തം പാരന്റ്‌സിനോട് പറയാൻ പേടിക്കുന്നതെന്തിനാണ്? പറഞ്ഞില്ലെങ്കിൽപ്പിന്നെ ഇത്ര ദൂരെ കഴിയുന്ന അവർ എങ്ങനെയാണ് തന്നെ മനസ്സിലാക്കുക? അതൊക്കെ ശരിതന്നെ, എന്നാലും ആദ്യമായി എന്റടുത്തു വന്നുപോവുകയല്ലേ. തീർത്തും നിരാശപ്പെടുത്തിയേക്കാവുന്ന വാർത്ത അവസാന നിമിഷം കേൾപ്പിച്ചു മടക്കണോ? ഞാൻ പപ്പയ്ക്കരികെ ഇരുന്നു. എങ്ങനെ കാര്യം അവതരിപ്പിക്കും എന്നു നിശ്ചയമില്ലാതെ, മെത്തയിൽ കിടന്ന റുബിക്സ് ക്യൂബെടുത്ത് നിറങ്ങളെ വശം ചേർത്തുനിറുത്താൻ വെറുതെ വിരലുകളിളക്കിക്കൊണ്ടിരുന്നു.

“എനിക്കൊരു കാര്യം ഷെയറു ചെയ്യാനുണ്ട്, മൈ ഫ്രണ്ട്... രോഹിത്ത്, വി പ്ലാൻ റ്റു ഗെറ്റ് മാരീഡ്, വി വാണ്ട് യുവർ ബ്ലെസ്സിംഗ്‌സ്”, ആരെയും നോക്കാതെയാണെങ്കിലും വിവാഹക്കാര്യം പറഞ്ഞത് പപ്പയോടായിരുന്നു. ഈ വിഷയവുമായി ഒരിക്കലും മമ്മിയെ ഫേയ്‌സ് ചെയ്യാൻ കഴിയില്ല.

“കർത്താവേ?” എന്ന ഒറ്റപ്പറച്ചിലോടെ മമ്മി പ്രതിമപോലെ ഉറച്ചുപോവുന്നത് ഏറുകണ്ണിട്ടു ഞാൻ കണ്ടു. ഓർമ്മവെച്ച ദിവസം മുതൽ പള്ളീം പ്രാർത്ഥനയുമായി കഴിയുന്ന മമ്മിക്ക് ഇതൊന്നും പെട്ടെന്നു ദഹിക്കുന്നതല്ല. കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല, പിൻഡ്രോപ്പ് സൈലെൻസ്! അടുക്കും മടക്കുമെല്ലാം മതിയാക്കി മമ്മി വേഗത്തിൽ നടന്ന് കട്ടിലിന്റെ ഒരു മൂലയ്ക്ക് പോയിരുന്നു. ഞാനാ ഭാഗത്തേയ്ക്കു പിന്നെ നോക്കാനേ പോയില്ല.

വീട്ടിൽ ആരെങ്കിലും എന്നെ മനസ്സിലാക്കുമെങ്കിൽ ആദ്യം അത് പപ്പയായിരിക്കും. രണ്ടുപേരുടേയും കാഴ്ചപ്പാടുകൾക്ക് ധ്രുവങ്ങൾ തമ്മിലുള്ള അകലമാണ്. എന്നാലും പരസ്പര ധാരണയും നീക്കുപോക്കുകളുംകൊണ്ട് പരിക്കുകളില്ലാതെ കാൽനൂറ്റാണ്ടു കഴിച്ച ദാമ്പത്യം ഉടവുതട്ടാതെ മുന്നോട്ടു പോകുന്നുണ്ട്.

“സാരമില്ല, കാര്യങ്ങള് മനസ്സിലാക്കാൻ ശ്രമിക്കുവാണ്. പിന്നെ... എല്ലാറ്റിനും കുറച്ചു സമയമെടുക്കൂല്ലേ? അതാണ്”, അപ്പറഞ്ഞത് മമ്മിയെ ഉദ്ദേശിച്ചായിരിക്കും എന്നു ഞാൻ കരുതി. ശരിയാണ്, സമയമെടുക്കും. എനിക്കെന്നെ അംഗീകരിക്കാൻ തന്നെ ഇത്രേം കാലമെടുത്തില്ലേ? ഒരു ദിവസംകൊണ്ട് അല്ലെങ്കിൽ ചില ദിവസങ്ങൾകൊണ്ട് അവർ മാറിച്ചിന്തിക്കും എന്ന് ആശിക്കാനാവില്ലല്ലോ.

“എന്നാലും പാരെന്റ്‌സ് എന്ന നിലയില് ഞങ്ങളു തോറ്റുപോയി ജോ.”

അതിനിപ്പോൾ നിങ്ങൾ തോറ്റുപോവാൻ കാര്യമെന്തെന്ന മട്ടിലായിരുന്നു എന്റെ ഇരുപ്പും നോട്ടവും.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“ഇത്രയും വർഷങ്ങള് വേണ്ടിവന്നില്ലേ നിനക്കിത് ഞങ്ങളോടു പറയാൻ? അതും അന്യനാട്ടില് വെച്ച്. കുറ്റപ്പെടുത്തുകയല്ല, വിഷമം പറഞ്ഞതാണ്. പിന്നെ, ഇതൊക്കെ നീ പറയാതെ ഞങ്ങളറിയണമായിരുന്നു. അവിടെയാണ് ഞങ്ങള് തോറ്റുപോയത്.”

എന്തായാലും അന്നുരാത്രി അവര് ഉറങ്ങിയിരിക്കില്ല, ഉറപ്പാണ്. എന്നാൽ, എത്രയോ വർഷങ്ങൾക്കുശേഷം ഒരു കൊച്ചുകുട്ടിയെപ്പോലെ സമാധാനമായി ഞാനുറങ്ങിയത് അന്നാണ്.

ചുറ്റുമുള്ള ലോകം ആണും പെണ്ണുമായി തിരിഞ്ഞുനിന്നപ്പോൾ പകച്ചുപോയതെപ്പോഴാണ്? എത്ര അടക്കിപ്പിടിച്ചാലും ചിലപ്പോൾ കൈവിട്ടുപോകും. എൻജിനീയറിംഗ് മൂന്നാം വർഷമായിരുന്നു. ഹോസ്റ്റലിൽ നാലാംനിലയിലെ ഒറ്റമുറി ഗസ്റ്റ് ഹൗസിൽ തൽക്കാലത്തേയ്ക്ക് താമസിക്കുകയായിരുന്നു ആ പയ്യൻ. ഉടനെ ഹോസ്റ്റലിൽ മുറി തരപ്പെടുമെന്നായിരുന്നു അന്നു രാത്രി റോൾ കാൾ കഴിഞ്ഞു പരിചയപ്പെടാൻ ചെന്നപ്പോൾ പറഞ്ഞത്. ആള് വീക്ക് ആണ് എന്നു മനസ്സിലായതോടെ ഇത്തിരി റഫ് ആയിത്തന്നെയാണ് കൂടെയുള്ള സീനിയേഴ്‌സ് അവനെ ഡീല് ചെയ്തത്. സത്യം, ഇത്രേം ഒരു ശാലീനനെ, നാണം കുണുങ്ങിയെ ജീവിതത്തിൽ അതുവരെ കണ്ടിട്ടില്ലായിരുന്നു. അശ്ലീലച്ചുവയുള്ള ചോദ്യങ്ങൾ കേൾക്കുമ്പോൾ അവന്റെ കവിളുകൾ ചുവന്നു. ആ നാണവും ഭാവപ്പകർച്ചകളും എനിക്ക്

കൗതുകമായി. അവനോട് എന്തോ ഒരിത്, അതുകൊണ്ടാണ് വീണ്ടും കാണാനും റൂമിലേയ്ക്ക് വിളിക്കാനും തോന്നിയത്.

അവന്റെ പെരുമാറ്റവും രീതികളുമെല്ലാം അനുകൂലം എന്നു കരുതിയാണ് ആ രാത്രി, ഉയരുന്ന ഹൃദയമിടിപ്പോടെ അവനെ ചുമരോട് ചേർത്തണക്കാൻ ശ്രമിച്ചത്. “എന്തായിത്?” എന്നവൻ സ്നേഹ ത്തോടെ ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ആ നേർത്ത ചുവന്ന ചുണ്ടുകളിൽ എന്റെ വിരലോടി. എന്താണ് ചെയ്യുന്നതെന്ന് എനിക്കു വലിയ പിടിയൊന്നുമില്ലായിരുന്നു. ഷർട്ടിനു മേളിലൂടെ നെഞ്ചിന്റെ മിടിപ്പും ചൂടുമറിഞ്ഞ എന്റെ കൈ ബട്ടനുകളിലൂടെ വീണ്ടും താഴേക്കൂർന്ന് മെല്ലെ അമർന്നു.

“എന്താണീ ചെയ്യുന്നേ?.. ജോസപ്പേ?” അവൻ ഞെട്ടി കുതറിമാറി.

ഒന്നും മിണ്ടാതെ ഞാൻ മുറിവിട്ടിറങ്ങിപ്പോയി.

അടുത്ത ദിവസങ്ങളിൽ മെസ്സിലോ ടി.വി ഹാളിലോ ഒന്നും അവനെ കണ്ടില്ല. ഉള്ളിലെ പ്രണയം ആദ്യമായി തിരിച്ചറിയുന്നത് ആ കുട്ടിയെ കാണാതായപ്പോഴാണ്. രാത്രി വീണ്ടും റൂമിൽ പോയി തട്ടിവിളിക്കാൻ എന്തോ, ചമ്മലായിരുന്നു. എങ്കിലും ആരോടും ചോദിക്കാതെ രഹസ്യമായി ഞാൻ അവനെ തെരഞ്ഞുകൊണ്ടേയിരുന്നു.

അന്ന്, രാത്രി ഒൻപതര കഴിഞ്ഞുകാണും. റൂമിന്റെ

വാതിലിൽ പതിഞ്ഞ ശബ്ദത്തിൽ ഇടവിട്ട് മുട്ടു കേട്ടു. ഞായറാഴ്ച ആ സമയം കൂടുതൽ പേരും സിനിമയ്ക്കോ മറ്റോ പുറത്തുപോയിരിക്കും, ഉള്ളിലുള്ളവർ അവരുടെ മുറികളിൽ അടുത്ത ദിവസത്തേയ്ക്കുള്ള കാര്യങ്ങളിലുമായിരിക്കും. വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി, കസേര പിന്നിലേയ്ക്ക് നീക്കി എണീറ്റു. അകത്തു കയറി അവൻ വാതിൽ ചാരിയെന്ന മട്ടിൽ രണ്ടു കൈകളും പിണച്ചുകെട്ടി നിന്നു.

“അന്ന് റൂമീ പോയിട്ട് എനിക്ക് ഉറങ്ങാനേ പറ്റിയില്ല, കേട്ടോ. ഭയങ്കര പേടി തോന്നി. ജോസപ്പിനോട് ദേഷ്യമൊന്നുമില്ല, പക്ഷേ, എനിക്കങ്ങു വിഷമമായി. രാത്രി അവിടുന്നെടുത്തു താഴേക്കു ചാടി ചത്താലോന്നാലോചിച്ചു... ശരിക്കും.”

“യ്യോ...” അറിയാതെ അത് ഉറക്കെയായിപ്പോയി. പിന്നെ പറയാൻ വാക്കുകളില്ല, ബ്ലാക്ക് ഔട്ട് ആയപോലെ.

“പിറ്റേന്നു രാവിലെ വീട്ടിൽ പോയി. വേറൊന്നും പറഞ്ഞില്ല. എനിക്കവിടെ നിക്കണ്ടാന്നു മാത്രം പറഞ്ഞു. നാളെ വെക്കേറ്റ് ചെയ്യും”, അത്രയും പറഞ്ഞു വാതിൽ തുറന്നവൻ നടന്നു. “നിൽക്കൂ” എന്നുപോലും പറയാനാവാതെ ഞാൻ സ്തംഭിച്ചുപോയി. ഏതോ മരുഭൂമിയിലെ കൊടും ചൂടിലേയ്ക്ക് വലിച്ചെറിയപ്പെട്ടപോലെ ഞാൻ വിയർത്തു. വാതിലടയ്ക്കും മുന്‍പ് ഇടനാഴിയിലേയ്ക്കെത്തി നോക്കി. അരണ്ടവെളിച്ചത്തിൽ വേഗം നീങ്ങുന്ന നിഴൽപോലെ അവൻ നടന്നകലുന്നു.

കൂട്ടംവിട്ട ഒരു കുഞ്ഞാടായി സ്വയം മാറാനും ഹോസ്റ്റലിലെ വിചിത്രജീവി - വിയെടോ - ആവാനും അധികനാൾ വേണ്ടിവന്നില്ല. മെസ്സിൽ അധികംപേരില്ലാത്ത നേരം നോക്കി ചെല്ലും. ടി.വി ഹാളും ടെന്നീസ് ടേബിളും പിന്നെ കണ്ടിട്ടില്ല എന്നുതന്നെ പറയാം. കോളേജിൽ ഒറ്റയ്ക്കു നടന്നു. പുസ്തകങ്ങളും ബോറടി മാറ്റാൻ വാങ്ങിയ റുബിക്സ് ക്യൂബുമായി അകത്തുനിന്നു പൂട്ടിയ മുറിയിൽ ഞാൻ സുരക്ഷിതനായി. അപകർഷതയാണോ? കുറ്റബോധമാണോ? അതൊന്നും ഇപ്പോഴും നിശ്ചയമില്ല. എന്നെ നോർമ്മലാക്കി തരണേ എന്നുമാത്രം പ്രാർത്ഥിച്ച വർഷങ്ങളായിരുന്നു അവ.

എന്നെ ഞാനടച്ചിട്ട ഇരുട്ടറയിൽനിന്നും പുറത്തിറങ്ങുന്നത് പോസ്റ്റ് ഗ്രാജുവേഷന് കാലിഫോർണിയയ്ക്കു വന്നതിനുശേഷമാണ്. വേരുകൾ പിണഞ്ഞു കുരുങ്ങി ചട്ടിയിൽ വളർച്ചമുട്ടിയ ചെടി നനവാർന്ന മണ്ണിലൂന്നിയതുപോലെയായിരുന്നു എനിക്കത്. വലതു കാതിൽ കമ്മലിട്ട് നീട്ടിവളർത്തിയ കോലൻ മുടിയും ഇഷ്ടത്തിനു വളരാൻ വിട്ടുകൊടുത്ത താടിയും തീക്ഷ്ണമായ കണ്ണുകളുമുള്ള രോഹിത് ആദ്യം പരിചയപ്പെടുമ്പോഴേ എന്റെ ഹീറോ ആയി മാറിയിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ക്യാമ്പസിൽ ഫൈ ഡെൽറ്റ തേറ്റാ ഫ്രറ്റേർണിറ്റിയിൽ തുടങ്ങിയ പ്രണയമാണ് വർഷങ്ങൾ നീണ്ട അടച്ചിരിപ്പ് അവസാനിപ്പിച്ചത്.

എയർപ്പോർട്ടിൽ പപ്പയേയും മമ്മിയേയും ഡ്രോപ്പ് ചെയ്തു മടങ്ങുമ്പോൾ രോഹിത്തിനെ വിളിച്ചു. അടുത്തുതന്നെ ഇരട്ടി സന്തോഷത്തിന് എനിക്കൊരു സർപ്രൈസ് ഉണ്ടാവുമെന്ന് അവൻ പറഞ്ഞു.

തീക്ഷ്ണവും ദീർഘവുമായ

ചുംബനത്തിൽനിന്നും കിളിചിലച്ച ഒച്ചയോടെ ചുണ്ടുകളെ പിൻവലിച്ച്, കയ്യകലത്തിൽ ചുമലിൽ തൊട്ട് പ്രണയാവേശത്തോടെ രോഹിത് കണ്ണുകളിലേയ്ക്ക് നോക്കി. പോക്കറ്റിൽനിന്നും ഫോണെടുത്ത് എഫ് ബി ലൈവ് പോയി.

അവനോടു വലിച്ചടുപ്പിച്ച് തോളിൽ കയ്യിട്ട് എന്നെക്കൂടെ സ്‌ക്രീനിൽ ചേർത്തു. “ഞങ്ങളിപ്പോൾ ലൈവിലാവുന്നത് ഒരു വിശേഷം കാണിച്ചുതരാനാണ്.” അതും പറഞ്ഞ്, മഴ പുതുക്കിയ താഴ്വാരപ്പച്ചയിലൂടെ പാൻ ചെയ്ത ലോംഗ് ഷോട്ട് ദൂരെക്കാഴ്ചകളുടെ മുന്നൂറ്റി അറുപതു ഡിഗ്രി ഞങ്ങൾക്കൊപ്പം കറങ്ങി.

തിരികെയെത്തി. എന്നെവിട്ടു നടന്ന് കുറച്ചുമാറി നേരത്തെ സെറ്റ് ചെയ്തുവെച്ചിരുന്ന ട്രൈപോഡിൽ ഫോൺ കുത്തി ഫ്രെയിമും ആംഗിളും ഫിക്സ് ചെയ്തു തിരികെ നടന്നു.

നിനച്ചിരിക്കാതെ പെട്ടെന്ന് മുന്നിലെത്തി രോഹിത് ഇടതു കാൽമുട്ടൂന്നി നിന്നു. പോക്കറ്റിൽ നിന്നെടുത്ത നീലച്ചിമിഴ് തുറന്ന് എന്റെ നേർക്കു മുഖമുയർത്തി. വിശ്വാസം വരാതെ, “ഹാ” എന്നു തുറന്നുപോയ വായ കൈകൾകൊണ്ട് പൊത്തി. കേൾക്കാൻ വല്ലാതെ കാത്തിരുന്ന ആ ചോദ്യവും “യെസ്... യെസ് ഐ വിൽ” എന്ന മറുപടിയും ചെപ്പിൽ

വെട്ടിമിന്നുന്ന ഡയമണ്ട് റിംഗിനു നേർക്ക് ഇടതുകൈ നീണ്ടതും മിനിറ്റുകൾകൊണ്ട് കഴിഞ്ഞു. നനവുള്ള മണ്ണിന്റേയും ലാവണ്ടറിന്റേയും കലർപ്പു മണംകൊണ്ട കാറ്റ് രഹസ്യമായി ഞങ്ങളെ പൊതിഞ്ഞു.

രോഹിത് എണീറ്റ് എന്നെ ഇറുക്കി കെട്ടിപ്പിടിച്ചു. അവന്റെ കണ്ണുകളിലെ നനവ് എന്റെ കവിളൊട്ടി. ഭൂമിയിൽ നിന്നുയർന്നുപൊങ്ങി പറന്നുപോയേക്കുമെന്ന് അപ്പോഴെനിക്കു തോന്നിപ്പോയി.

ഇനി വിവാഹവും വെച്ച് താമസിപ്പിക്കണ്ട എന്നു ഞങ്ങൾ തീരുമാനിച്ചു. രോഹിത്തിന്റെ വീട്ടുകാർ ആദ്യം മുതലേ പിന്തുണച്ചു കൂടെ യുണ്ടായിരുന്നു. ഞങ്ങൾക്കു വിരോധമില്ലെങ്കിൽ ചടങ്ങുകൾ ഒഴിവാക്കേണ്ടതില്ലെന്നും അവയെല്ലാം എല്ലാപേർക്കും കൂടെയുള്ളതാണെന്നുമായിരുന്നു അവർക്ക്. അങ്ങനെ രണ്ടു വലിയ അമ്പലങ്ങളിൽ പോയി പറ്റിയ ഒരു കർമ്മിയെ അന്വേഷിച്ചു. അമർ ചിത്രകഥകളിലെ പുരാണനായകന്മാരെപ്പോലെ വേഷം കെട്ടി മുടി നീട്ടിവളർത്തി നെറ്റിയിൽ ഭസ്മത്തിന്റെ U തിലകം ചാർത്തിയ സൗമ്യന്മാർ. പക്ഷേ, നടന്നില്ല. കന്യാദാനം നടത്താൻ മാത്രമേ അവർക്കറിയൂ, അതു മാത്രമേ പഠിച്ചിട്ടുള്ളൂ, ശീലമുള്ളൂ, അതേ നടത്താവൂ.

“ആളെ കിട്ടിയിട്ടുണ്ട്” ഒരു ദിവസം രോഹിത് പറഞ്ഞു. വന്നത് പ്രീസ്റ്റ് വിസയിലായ കാരണം കുറച്ചുകാലം അമ്പലത്തിൽ ശാന്തിയായിരുന്നു, ഇപ്പോൾ മക്ഡൊണാൾസിൽ ജോലിയാണ്, എന്നാലും വിവാഹങ്ങൾക്കു വിളിച്ചാൽ നടത്തിക്കൊടുക്കും. അയാളുടെ സൗകര്യത്തിന് ഒരു ശനിയാഴ്ച നേരെ കൊണ്ടുപോയത് മുൻകൂട്ടി തീരുമാനിച്ച പഴയൊരു മ്യൂസിയത്തിലേക്കായിരുന്നു. എല്ലാവരും നടന്ന വഴികളിലെ സ്ഥിരം കാഴ്ചകളും അനുഭവങ്ങളും വേണ്ട, പുതിയ പാതകൾ, കാഴ്ചകൾ, അതാവട്ടെ നമുക്കെന്നാണ് ആ തെരെഞ്ഞെടുപ്പിനു കാരണം പറഞ്ഞത്. കന്യാദാനത്തിനു പകരം വരദാനം. അതു നടക്കുന്നത് പഴക്കമുള്ള മ്യൂസിയത്തിന്റെ പരുക്കൻ ചുമരുകൾക്കുള്ളിൽ.

എഴുതിയുണ്ടാക്കിയ സ്‌ക്രിപ്റ്റ് അന്നു റിഹേർസ് ചെയ്തത് രാത്രി വെറുതെ കിടന്നു ഷോട്ടുകളായി മനസ്സിൽ കണ്ടുനോക്കി. പുതിയ പെയിന്റും വാർണീഷും മണക്കുന്ന, ഉയരംകൂടി വിശാലമായ ഇടനാഴിയിൽ ഒരറ്റത്ത് പച്ചയിലകൾ നിറഞ്ഞ വള്ളികൾ ചുറ്റി അലങ്കരിച്ച നാലു തൂണുകളുള്ള മണ്ഡപം. മെയിൻ ഹാളിലെ പുരാതന ശിൽപ്പങ്ങളും പെയിന്റിംഗുകളും. ക്ഷണിച്ചെത്തിയവരും സ്വന്തക്കാരും വെള്ള വെൽവെറ്റ് ഉടുപ്പിച്ച കസേരകളിലായി മണ്ഡപത്തിനു മുന്നിലുണ്ട്. സ്വർണ്ണനൂലുകൊണ്ട് എംബ്രോയ്ഡറി ചെയ്ത ഷെർവാണിയിൽ രോഹിത് നെറ്റിയിൽ സിന്ദൂരമണിഞ്ഞ് ചിരിച്ചുകൊണ്ട് മണ്ഡപത്തിലേക്കു നടക്കുകയാണ്. മണ്ഡപത്തിലെ ഹോളി ഫയറിൽ മെല്ലെ തീ പൊട്ടി ജ്വാലകളുയർന്നു. ചന്ദനമുട്ടികളിന്മേൽ നെയ് കത്തുമ്പോഴുള്ള മണം ചുറ്റിനും പരക്കുന്നു. ഏതോ വടക്കേ ഇന്ത്യൻ സംഗീതത്തിന്റെ പിന്നണിയിൽ ചടങ്ങ് പുരോഗമിക്കുമ്പോൾ, ഞങ്ങൾ തീയ്ക്കു വലംവയ്ക്കുന്നു. മുന്നിലിരിക്കുന്നവരുടെ അടക്കം പറച്ചിലുകളും മൃദുവായ വർത്തമാനങ്ങളും.

വിവാഹത്തിനു തൊട്ടുമുന്‍പ് കറങ്ങിനടക്കണ്ട, ഒരിടത്ത് അടങ്ങിനിൽക്കൂ എന്നു മമ്മി ഉപദേശിച്ചതു കൂട്ടാക്കാതെയാണ് ആ വീക്കെൻഡ് യാത്ര ഒരുക്കിയത്. ബീച്ചരികെ ഇഷ്ടബാറിൽ ഒത്തുകൂടാം, എന്നിട്ട് ഒരുമിച്ച് കല്യാണത്തിന് ഒരാഴ്ച മുന്നേ തിരികെയെത്താം എന്നായിരുന്നു പരിപാടി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

പാതിരാത്രി കഴിഞ്ഞനേരം. വിസ്തൃതമായ ബാറിന്റെ മൂലയ്ക്കുള്ള വേദിക്കു ചുറ്റും കൂടിയ ആൾക്കൂട്ടത്തിൽനിന്നും മാറി ഒരൊഴിഞ്ഞ കോണിലായിരുന്നു ഞങ്ങൾ. റമ്മിനു നാരങ്ങയുടേയും പുതിനയുടേയും മണം പകർന്ന മൊജിറ്റോ നുണഞ്ഞ് ഞങ്ങൾ നൃത്തം ചെയ്തു. സിഗാറും ബിയറും ഇണചേർന്ന മണവും ഉള്ളിലെ തണുപ്പും ഇളക്കി തുള്ളിപ്പിക്കുന്നതായിരുന്നു. മിന്നൽ പിണറുകൾപോലെ ചിതറിയ ഡിസ്‌കോ ലൈറ്റുകളുടെ വെട്ടത്തിൽ രോഹിത് ഒരിക്കൽ കൂടെ എന്നെ ചേർത്തുപിടിച്ചു. ഇളംചൂടുള്ള അവന്റെ നിശ്വാസം ചുമലുഴിയുന്നു. വേദിയിലെ താളക്കൊഴുപ്പിൽ രോഹിത് നെറ്റിയിൽ മുഖമണയ്ക്കാൻ തുടങ്ങവേ, മാലപ്പടക്കം പൊട്ടുന്ന പോലൊരു ശബ്ദവും അതിനൊപ്പം നിലവിളികളുമുയർന്നു. പൊടുന്നനെ കണ്ണുപൊത്തിയാലെന്ന പോലെ അവിടം മുഴുവൻ ഇരുട്ടുനിറഞ്ഞു. ദൂരെ ചുമരുചേർന്നു പൊട്ടിയണഞ്ഞു പുകഞ്ഞുനീങ്ങുന്ന പടക്കമാലക്കു പിന്നിൽ ഒപ്പം നീങ്ങുന്നൊരു രൂപം. പിടിയയഞ്ഞ് രോഹിത് എന്നെയുരുമ്മി താഴെവീണു. പാദങ്ങളിലേയ്ക്ക് ചൂടുള്ള കൊഴുത്ത ചോര ഒഴുകിപ്പരന്നു. ഹാളിനുള്ളിൽ പെൻടോർച്ചുകൾ ചിതറിപ്പറക്കുന്ന മിന്നാമിനുങ്ങ് വെട്ടങ്ങളായി. എന്തൊക്കെയോ വലിച്ചു നിരക്കുന്നതിന്റേയും മറിഞ്ഞുവീഴുന്നതിന്റേയും ശബ്ദങ്ങൾ. എല്ലാം ചടപടാന്നു കീഴ്‌മേൽ മറിയുന്നു. നിലതെറ്റി ആടാൻ തുടങ്ങുമ്പോൾ ആരൊക്കെയോ എന്നെ കോരിയെടുത്തു വലിച്ചുകൊണ്ട് എങ്ങോട്ടോ പോവുന്നു. മലവെള്ളപ്പാച്ചിലിൽപ്പെട്ടപോലെ നിസ്സഹായനായി തളർന്നുകുഴഞ്ഞു ഞാനൊഴുകി.

ബോധം വരുമ്പോൾ ഞങ്ങൾ ഏഴെട്ടുപേർ ഇടുങ്ങിയ ഒരു ബാത്ത് റൂമിലാണ്. അകത്തുനിന്നു പൂട്ടിയിട്ടുണ്ട്. കണ്ണുകൾ അവരിലോരോരുത്തരിലും രോഹിത്തിന്റെ മുഖം തെരഞ്ഞു. ആരോടെങ്കിലും എന്തെങ്കിലും ചോദിക്കാൻ നാവു പൊങ്ങുന്നില്ല. ചുറ്റും ഭയം നിറഞ്ഞ കണ്ണുകൾ, ഉണങ്ങിവരണ്ട ചുണ്ടുകൾ. ചിലർ ചിലരുടെ മടിയിൽ കിടന്നു വിങ്ങുകയും വിറയ്ക്കുകയും ചെയ്യുന്നുണ്ട്. പലരുടേയും വസ്ത്രങ്ങൾ ഉരഞ്ഞുകീറി ചോരപ്പാടുകൾ നിറഞ്ഞിട്ടാണ്.

മുറിക്കു പുറത്ത് നിലവിളി നിലച്ചിരിക്കുന്നു. വെടിപൊട്ടുന്നതു കേൾക്കുന്നില്ല പകരം പൊലീസ് വാഹനങ്ങളുടെ സൈറൺ മുഴങ്ങുന്നുണ്ട്. ഞാൻ എന്നെ നോക്കി, ജീൻസും ഷർട്ടും അപ്പാടെ ചോര. യന്ത്രത്തിന്റെയെന്നപോലെ എന്റെ ഇടതുകയ്യുയർന്ന് വിരലുകളിലേക്കു കണ്ണുകൾ പാളി. ചോരയുണങ്ങി മങ്ങി വിരലൊട്ടി അത് അവിടെയുണ്ട്.

ആരെങ്കിലുമെത്തി വാതിൽ തുറന്നേക്കുമെന്ന പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോഴാണ് ദേഹത്തെവിടെയോ തടഞ്ഞിരുന്ന ഫോൺ ഉണർന്ന് ഒച്ചവെച്ചത്. പിടച്ചിലോടെ എന്റെ കൈകൾ അവിടേക്കു നീണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com