ഷനോജ് ആർ. ചന്ദ്രൻ എഴുതിയ കഥ 'ദീര്‍ഘനിദ്ര'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ഷനോജ് ആർ. ചന്ദ്രൻ എഴുതിയ കഥ 'ദീര്‍ഘനിദ്ര'
Updated on

ഒന്ന്

സ്വപ്നം പോലെയോ സ്വപ്നം തന്നെയോ ആയിരുന്നു അത്.

അക്കാലത്ത് കുട്ടനാട്ടിലെ ഒരേയൊരു ഐസ് നിർമ്മാണശാല മൂന്നാറ്റിൻമുഖത്തെ കൃത്യം നദീമുനമ്പിലായിരുന്നു. പമ്പയും മണിമലയാറും പിന്നെ രണ്ടും ചേർന്ന് മൂന്നാമതൊരു പേരില്ലാത്ത നദിയും ചേർന്ന മുനമ്പ്. വീരവിനായക കൂൾ ഐസ് ഫാക്ടറി എന്ന ആ സ്ഥാപനത്തിന്റെ ഉടമ കെ.ജെ. മോച്ചാച്ചി എന്ന നസ്രാണിയായിരുന്നു. ആലപ്പുഴയിൽനിന്നുള്ള മീൻകച്ചവടക്കാരും പമ്പയിലും മണിമലയാറ്റിലും പൂക്കൈതയാറിലും മീനച്ചിലാറിന്റെ പടിഞ്ഞാറേ ഭാഗത്തും മീൻ പിടിക്കാനെത്തുന്ന തൊഴിലാളികളും ഐസിന് ആശ്രയിച്ചത് ആ കടയായിരുന്നു. ആ ഐസ് ഫാക്ടറിക്ക് മുന്നിൽ മൂന്നു നദിയും നിറഞ്ഞുകിടക്കുമാറ് വള്ളങ്ങൾ പകൽ മുഴുവൻ കിടക്കുമായിരുന്നു. അവസാനത്തെ വള്ളക്കാരനു വരെ ഐസ് വാരിക്കൊടുത്ത് കഴിയുമ്പോൾ മോച്ചാച്ചിയുടെ കൈ ശവംപോലെ തമ്പിക്കും. കൈ മാത്രമല്ല, ശരീരം മുഴുവൻ. തണുപ്പിൽ ചീർത്ത് മരവിച്ച മരംപോലെയായ ശരീരത്തെ ചൂട് ഉരസി ഉണർത്തുക എന്ന ടാസ്‌കായിരുന്നു ഭാര്യ തെറമ്മയ്ക്ക് രാത്രി മുഴുവൻ. ഐസ് മുറിക്കകത്ത് കിടന്നുള്ള ആ ഉരസൽ തീപ്പൊരി പാറിപ്പാറി ഒടുവിൽ ഒരു അഗ്നിപർവ്വതമായി ഉയിർത്തെഴുന്നേറ്റ് ഒടുവിൽ ലാവ പൊട്ടിയൊലിച്ച് തണുക്കുകയാണ് പതിവ്. പിന്നെ തളർന്ന് മൂന്നാറ്റിൻമുഖത്ത് അക്കരെവരെ കൂർക്കം കേൾക്കവണ്ണം മോച്ചാച്ചി ഗാഢനിദ്ര പുൽകും.

അങ്ങനെയൊരു ഉറക്കത്തിൽ ഒരു ദിവസം. ഒരു അരമണിക്കിലുക്കം കേട്ട് മോച്ചാച്ചി പുലർച്ചെ രണ്ടോടെ ഞെട്ടിയുണർന്നു. സ്വപ്നത്തിൽ കേട്ടതെന്നു കരുതി വെളുത്ത തെറമ്മയെ ഒന്നൂടെ ചേർത്തുപിടിച്ച് ഉറക്കം ഗാഢമാക്കാൻ നോക്കി. അപ്പോൾ വീണ്ടും അടുത്തുവരുന്നു കിലുങ്ങുന്ന മണിയുടെ നെഞ്ചടി. അയാൾ തെറമ്മേ എന്നു വിളിച്ചു. മരത്തെ മനുഷ്യനാക്കി എന്ന ഒറ്റ തെറ്റിന്റെ പേരിൽ ആഘാതമേറ്റ് ക്ഷീണത്തിൽ കിടക്കുന്ന

തെറമ്മ അതു കേൾക്കണമെങ്കിൽ നേരം വെളുക്കണം. അപ്പോഴേക്കും മോച്ചാച്ചിയുടെ ഉറക്കം മുഴുവൻ പോയി. അയാൾ തടിപ്പാളി ജനൽ തുറന്ന് അറ്റം കാണാത്ത മൂന്നാറ്റിൻമുഖം ചിറയുടെ കാണാൻ പറ്റുന്ന തലയ്ക്കൽ വരെ രാത്രിയിലേക്ക് ഉറ്റുനോക്കി. മണിക്കിലുക്കം തോന്നലാണെന്ന് ഒരു തോന്നൽ വന്നു. എങ്കിൽ ഉറങ്ങാമെന്നു വിചാരിച്ചപ്പോൾ പിന്നെയും മണിക്കിലുക്കം അടുത്തുവന്നു.

അടുത്ത നിമിഷത്തിൽ ഒരു ഇടിവെട്ടി. ആ ഹുങ്കാരത്തിന്റെ മിന്നലിൽ മൂന്നാറ്റിൻമുഖം മുഴുവൻ ഉച്ചവെയിലിൽ കത്തിനിൽക്കുന്നപോലെ വെട്ടം വീണു. പുറത്തെ ഇരുട്ടിൽ അറ്റമില്ലാത്ത പാടത്ത് കണ്ണെത്താത്തിടത്തോളം ദൂരം അട്ടിയട്ടിയായി അടുക്കിവെച്ച നെൽക്കറ്റകൾ മുഴുവൻ സ്വർണ്ണക്കട്ടകൾപോലെ ജ്വലിച്ചു.

അപ്പോൾ കണ്ടു. ചിറയിൽ രാവിന്റെ ഇരുട്ടിൽ ഒരു സ്ത്രീ നിൽക്കുന്നു!

അയാളുടെ ഉള്ളിൽ ഒരു വെള്ളിവാൾ വീശി.

അടുത്ത സെക്കന്റിൽ ഇരുട്ട് ആ സ്ത്രീരൂപത്തെ മൂടുകയും ചെയ്തു.

ബോധം കെടും മുന്‍പ് അടുത്ത ഇടിവെട്ടിയിരുന്നേൽ എന്നാഗ്രഹിച്ച് അയാൾ തളർന്നു നിൽക്കവേ വീണ്ടും ഇടിവെട്ടി. അപ്പോൾ ശരിക്കും കണ്ടു.

വിഗ്രഹംപോലെ സൗന്ദര്യരൂപം കടഞ്ഞെടുത്ത ഒരു പെണ്ണ്. ചെമ്പട്ട് വസ്ത്രം. കഴുത്തിൽ നിറയെ ആഭരണങ്ങൾ. കയ്യിൽ വളകളും കാലിൽ ചിലമ്പും. അരയിൽ കനമുള്ള മണികൾ കെട്ടിയ അരപ്പട്ട. തീനാളത്തെ ഓർമ്മിപ്പിക്കുന്ന മൂക്കുത്തി. അവൾ നദിയിലേക്ക് നോക്കി അത്യാനന്ദത്തോടെ നിൽക്കുന്നു. ആജാനുബാഹു. അവൾ ഒന്നനങ്ങിയപ്പോൾ അരമണി മുത്തു പൊഴിക്കുംപോലെ പിന്നെയും ശബ്ദമുണ്ടാക്കി.

ആ ഇടിയുണ്ടാക്കിയ മിന്നൽ വീരവിനായക കൂൾ ഐസ് ഫാക്ടറിക്കുള്ളിലേക്ക് പാഞ്ഞ് ഒരു ഐസ് പാളിയിലൂടെ കടന്ന് ഒരു മഴവില്ലുണ്ടാക്കി. ഭയപ്പെട്ട് മോച്ചാച്ചി തെറമ്മോ എന്നു വിളിച്ചു. എഴുന്നേറ്റാൽ അയാൾ വീണ്ടും ക്ഷീണിപ്പിക്കുമെന്നു പേടിച്ച് തെറമ്മ തിരിഞ്ഞുകിടന്നു.

പുറത്തേയ്ക്ക് ഇറങ്ങാമെന്നു കരുതി അയാൾ വിളക്ക് കൊളുത്തി. കത്തിച്ച് പുറത്തേക്കിറങ്ങാൻ ഒരു ചൂട്ട് പരതി. അപ്പോൾ വെള്ളത്തിലേയ്ക്ക് തെങ്ങ് മറിഞ്ഞുവീഴുന്നപോലെ ഒരു ശബ്ദം കേട്ടു. അയാൾ നടുങ്ങിപ്പോയി. ആ സ്ത്രീരൂപം നദിയിലേക്ക് ചാടിയതാണ്. ചിറയിൽ ഇരുൾ മൂടിയ അക്കരേക്ക് നോക്കി മോതിരമണിഞ്ഞ തള്ളവിരലിൽ കുന്തിച്ച് നിന്ന് ആയം പിടിച്ച് ജലത്തിലേക്ക് പറക്കുംവണ്ണം ഒരു ചുവന്ന പരുന്തിന്റെ ഡൈവിംഗ്.

“ഹോ” -അയാൾ അലറി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ചെന്ന് വീണിടത്ത് അത് ആഴത്തിൽ ഒരു കുഴിയുണ്ടാക്കി. അനിശ്ചിതത്വത്തിന്റെ രണ്ടോ മൂന്നോ നിമിഷങ്ങൾ കഴിഞ്ഞ് ആ പെൺരൂപം ജലം മേലേക്ക് ചിതറിച്ച് ജലോപരിതലത്തിലേക്ക്

പൊങ്ങിവന്നു. ഝടുതിയിൽ രണ്ടു കൈകളും തുഴപോലെ മുന്നോട്ടാഞ്ഞ് ജലത്തെ കീറിക്കുതിച്ചു. വെള്ളിജലത്തെ രണ്ടായി പകുത്ത് ചുറ്റും വെള്ളത്തുള്ളി വിതറി അത് നദീമധ്യത്തിലേക്ക് പാഞ്ഞു. നദിയിലെ ഇരുട്ടിലേക്ക് അത് മുങ്ങാംകുഴിയിട്ടു. ആ നിമിഷം വരേയുള്ളൂ- ആ സുന്ദരപ്രേതരൂപം അയാളുടെ ബോധം കെടുത്തി.

രണ്ട്

തെറമ്മ രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ മോച്ചാച്ചി മരം വെട്ടിയിട്ടപോലെ കിടക്കുന്നു. രാവിലെത്തന്നെ പതിവില്ലാതെ ഇയാൾക്ക് സൂക്കേട് തുടങ്ങിയോ എന്ന ഈർഷ്യയിൽ എട്ടു മണി വരെ അവർ കാത്തു. എന്നിട്ടും എഴുന്നേൽക്കാതെ വന്നപ്പോൾ അവർക്ക് അപകടം മണത്തു. അവർ അയാളുടെ തലയിലേക്ക് ആറ്റിൽനിന്നു വെള്ളം കോരിയൊഴിച്ചും മരത്തെ മനുഷ്യനാക്കുന്ന പണിയിലേർപ്പെട്ടും അയാളെ എട്ടരയോടെ ഉണർത്തിയെടുത്തു.

ഉണർന്നപാടെ അയാൾ

പേടിച്ച് നിലവിളിച്ചു. തെറമ്മോ ഞാൻ കണ്ടു എന്ന് വിക്കിവിക്കിപ്പറഞ്ഞ് പൊട്ടിച്ചിരിക്കുകയും കരയുകയും ചെയ്തു.

“എന്ത് കണ്ടൂന്നാ” ആളലിൽ തെറമ്മ ചോദിച്ചു.

“ഇക്കരെക്കാവിലമ്മയെ!” അയാൾ തെറമ്മയോട് രഹസ്യം കണക്കെന്നപോലെ പറഞ്ഞു.

“നിങ്ങളിതെന്തോന്ന്” അയാൾക്ക് പനി പിടിച്ചോന്ന് അറിയാൻ അവൾ നെറ്റിയിൽ കൈ വെച്ച് നോക്കി.

“പോ അവരാതീ” അയാൾ അവളുടെ കൈ തട്ടി പുറത്തേക്ക് ചൂണ്ടി. “അവിടാരുന്നു ഭഗവതീടെ നിൽപ്പ്.”

വെയിൽ വീഴാൻ തുടങ്ങിയതോടെ കാര്യത്തിന്റെ കിടപ്പുവശം തെറമ്മയ്ക്ക് പിടികിട്ടി. ആ കിടപ്പു വശം മൂന്നാറ്റിൻമുഖം കര മുഴുവൻ അറിയാൻ പത്ത് നിമിഷമേ വേണ്ടിവന്നുള്ളൂ. ചിറ മുഴുവൻ നടന്ന് വീരവിനായക കൂൾ ഐസ് ഫാക്ടറിക്ക് മുന്നിൽ അന്ന് മൂന്നാറ്റിൻമുഖത്തെ സകലരും ക്യൂ നിന്നു. അയാൾ പറയുന്നത് കേട്ട് ഞെട്ടുകയും ഭഗവതീന്ന് ഉള്ള് പൊട്ടി വിളിക്കുകയും ഒട്ടൊന്ന് വെപ്രാളത്തിൽ അങ്കലാപ്പിലാകുകയും ചെയ്തു.

“ഇക്കരെക്കാവിൽ ക്ഷേത്ര ഭഗവതിക്ക് എന്നും പാതിരാത്രി അക്കരയ്ക്ക് പോക്കുണ്ടെന്ന് ആർക്കാണ് അറിയാത്തത്” കാര്യവിവരമുള്ള ഒരു വൃദ്ധൻ പറഞ്ഞു. “ദേവിയുടെ വരത്തുപോക്കിനുള്ള നടവഴിയാണ് ഈ ചിറ” അയാൾ രോമാഞ്ചംകൊണ്ട് പറഞ്ഞു.

അർദ്ധരാത്രി എല്ലാരും ഉറക്കം പിടിച്ചു കഴിഞ്ഞിട്ടാണ് ഇക്കരെക്കാവ് ദേവിയുടെ വരത്തുപോക്ക്. കാറ്റുപോലെ ദേവി കടന്നുപോകുമ്പോൾ ചൂളംവിളിയും ചൂരൽവീശലും അരമണികിലുക്കവും കേൾക്കാത്തവർ മൂന്നാറ്റിൻമുഖത്ത് കുറവാണ്. ചിലർ അകലെനിന്ന് കണ്ടിട്ടുമുണ്ട്. അറ്റം കാണാത്ത നെൽപ്പാടത്തിനു നടുവിലൂടെ ദീപം കൊളുത്തിയ വെട്ടത്തിൽ ഒരു ഉറുമ്പ് ചെമ്പട്ട് സ്ത്രീരൂപത്തിന്റെ വിദൂരക്കാഴ്ച.

വൃദ്ധന്റെ കുട്ടിക്കാലത്ത് അയാളുടെ അപ്പൂപ്പൻ ദേവിയെ കണ്ടിട്ടുണ്ട്. “അപ്പൂപ്പനായിരുന്നു അന്ന് കടത്തുകാരൻ. പുലർച്ചെ ചിറയിൽ കിളവൻ തൂറാൻ വന്നതാണ്. കടവ് കടന്നുവേണം ചിറയിലെത്താൻ. നോക്കുമ്പോൾ കടവിലെ മൂന്നാംപടിയിൽ ഉഗ്ര സ്ത്രീരൂപം നിൽക്കുന്നു. കുളിച്ചിട്ട് അക്കരെ നീന്താൻ നിൽക്കുകയാണ് ദേവി.”

“എന്നിട്ട്” കഥയിൽ രസം പിടിച്ച ഒരുവൻ ചോദിച്ചു.

“എന്നിട്ടെന്താവാൻ അന്നോടെ അപ്പൂപ്പന്റെ കാഴ്ച പോയി.” പിന്നെ അയാൾ

തിരിഞ്ഞുനിന്ന് മോച്ചാച്ചിയോട് ചോദിച്ചു: “നിനക്ക് കാഴ്ചയ്ക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേടേ?”

അപ്പോൾ മോച്ചാച്ചി കണ്ണ് മിഴിച്ചുനോക്കി. കാഴ്ച കൂടിയപോലെയാണ് അയാൾക്ക് തോന്നിയത്. അഭൗമമായ ഒരു വെളിച്ചത്തിന്റെ സൗരയൂഥത്തിൽ അയാൾ അസ്തപ്രജ്ഞനായിട്ട് മണിക്കൂറുകളായെന്നും അതിൽനിന്നു പുറത്തു കടക്കാനാകാതെ ഉഴലുകയാണെന്നും അയാൾക്കറിയാം! അത് ചിന്ത അടർന്നുപോയ ഒരു ആനന്ദാനുഭവമായിരുന്നു.

“ഒത്ത പെണ്ണ്! സൗന്ദര്യരൂപം കടഞ്ഞെടുത്ത വിഗ്രഹം. ചെമ്പട്ട് വസ്ത്രം. കഴുത്തിൽ നിറയെ ആഭരണങ്ങൾ. കയ്യിൽ വളകളും കാലിൽ ചിലമ്പും. അരയിൽ കനമുള്ള മണികൾ കെട്ടിയ അരപ്പട്ട. തീനാളത്തെ ഓർമ്മിപ്പിക്കുന്ന മൂക്കുത്തി.”

അയാൾ മുന്നിൽ പ്രത്യക്ഷപ്പെട്ട പെൺവിരാട് രൂപത്തെ കുളിരുകോരി ചോദിച്ചവരോടെല്ലാം ആവർത്തിച്ചു. അതൊരു ആകാശം മുട്ടുന്ന സ്വർണ്ണഗോപുരംപോലെയായിരുന്നു. എല്ലാവരും ആ പ്രത്യക്ഷരൂപത്തെ മനസ്സിൽ ധ്യാനിച്ച് അത് കണ്ട മോച്ചാച്ചിയെ അതിശയത്തോടെ നോക്കി നിന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

മൂന്ന്

അപ്പോഴാണ് ഒരു പൊലീസ് ബോട്ട് മൂന്നാറ്റിൻമുഖം ജെട്ടിയിലേക്കടുത്തത്. അതിൽനിന്ന് ആലപ്പുഴ ടൗൺ എസ്‌.ഐ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ളയും നിക്കറും കൂർത്ത തൊപ്പിയും ധരിച്ച നാല് പൊലീസുകാരും കരയിലേക്ക് ചാടിയിറങ്ങി. വീരവിനായക കൂൾ ഐസ് ഫാക്ടറിക്ക് മുന്നിൽ നിരന്നിരുന്ന മുഴുവൻ മനുഷ്യരും അപ്പോൾ ചാടിയെഴുന്നേറ്റു. അവർ മടക്കിക്കുത്ത് അഴിക്കുകയും തോർത്ത് രണ്ടാക്കിപ്പകുത്ത് മുന്നോട്ട് നീട്ടിപ്പിടിക്കുകയും ചെയ്തു.

കുനിഞ്ഞ് ആദരവ് പ്രകടിപ്പിച്ച മനുഷ്യരെ തെല്ലും പരിഗണിക്കാതെ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ളയും പൊലീസുകാരും മുന്നോട്ട് നീങ്ങി. രാത്രിയിൽ പ്രദേശത്ത് അടിപിടിയോ കത്തിക്കുത്തോ പൂരത്തെറിവിളിയോ വല്ലോം നടന്നോ എന്ന് അവിടെ കൂടിയവരെല്ലാം പരസ്പരം കണ്ണ്കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു. അങ്ങനെ ഒരറിവ് ആർക്കുമുണ്ടായിരുന്നില്ല. അങ്ങനെ എന്തേലുമുണ്ടായാൽ പ്രദേശത്ത് സൂര്യനുദിക്കും മുന്‍പ് സർവ്വ മുക്കിനും മൂലയിലും എത്തിക്കുന്ന പാൽക്കാരൻ മാരിപ്പുരുഷൻ സ്ഥലത്തുണ്ട്താനും.

പെട്ടെന്നുതന്നെ പൊലീസുകാർക്ക് പിന്നിൽ ഇത്തിരി ഇടവിട്ട് ഒരു ജാഥ രൂപപ്പെട്ടു. അവിടെ കൂടിയ ആബാലവൃദ്ധം ജനങ്ങളും പൊലീസുകാർക്ക് പിന്നാലെ കൂടി. പൊലീസുകാർ നിൽക്കുമ്പോൾ അകലം തെറ്റാതിരിക്കാൻ ശഠേന്ന് നിൽക്കുകയും പൊലീസുകാർ ചലിക്കുമ്പോൾ മാത്രം ചലിക്കുകയും ചെയ്ത അച്ചടക്കമുള്ള ജാഥയായിരുന്നു അത്.

ചിറ മുഴുവൻ നടന്ന് ഇക്കരെക്കാവ് ദേവീക്ഷേത്രത്തിലാണ് ആ ജാഥ അവസാനിച്ചത്. അവിടെ എസ്‌.ഐ ഭാസ്‌കരൻ പിള്ളയേയും പൊലീസുകാരേയും കാത്ത് കൈക്കാരൻ ഗംഗാധരനും ശാന്തിക്കാരനും നിൽപ്പുണ്ടായിരുന്നു.

വിശദമായി കാര്യം അറിയാൻ ഒറ്റക്കണ്ണ് തുറിച്ചുനോക്കിയ എസ്‌.ഐ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ളയോട് ശാന്തിക്കാരൻ കാര്യം പറഞ്ഞു:

“പുലർച്ചെ നടതുറന്നപ്പോഴാണ് കണ്ടത് - ദേവിയുടെ തിരുവാഭരണങ്ങൾ ഒന്നും കാണാനില്ല!”

“അതുമാത്രമല്ല, ചെമ്പട്ടും ചിലമ്പും അരമണിയും ഒന്നും!” -കൈക്കാരനും പറഞ്ഞു.

അതുകേട്ട് ജാഥയുടെ അവസാനം നിൽപ്പുണ്ടായിരുന്ന, അപ്പോഴും സ്വപ്നത്തിൽനിന്നും ഉണരാതിരുന്ന തീർത്തും ദുർബ്ബലനായ ഒരു മനുഷ്യന്റെ നെഞ്ചിൽ ഒരു ഇടിവെട്ടി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

നാല്

അന്നു രാത്രിതന്നെ മോച്ചാച്ചിയെ പൊക്കി.

ഉറക്കമായിരുന്നതുകൊണ്ട് അത് സ്വപ്നമോ യാഥാർത്ഥ്യമോ എന്നു തിരിച്ചറിയാനാകാതെ നിൽക്കുന്ന അനിശ്ചിതത്വത്തിന്റെ സമയത്തിനിടയിൽ മോച്ചാച്ചി പൊലീസ് ബോട്ടിനകത്തേക്ക് വീണു.

മൂന്നാറ്റിൻമുഖത്തുനിന്നും കൈനകരി കന്നിട്ട വഴി പുന്നമടക്കായൽ കടന്ന് കനാൽ കേറി ആലപ്പുഴ ബോട്ട്ജെട്ടി അടുക്കുന്നിടം വരെ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള മോച്ചാച്ചിയെ തല്ലി. അമ്പലത്തിലെ കൈക്കാരനും ശാന്തിക്കാരനും പോലും അയ്യോ പാവം എന്നു തോന്നുംവിധം രാത്രിഞ്ചരൻ ആ നസ്രാണിയുടെ മേലേ കേറി തലങ്ങും വിലങ്ങും മേഞ്ഞു. ഓരോ അടിയുമേറ്റുള്ള വീഴ്ചയുടെ ആഘാതങ്ങളിൽ ബോട്ട് തെക്കോട്ടോ വടക്കോട്ടോ മറിയുമോന്ന് പോലും ബാക്കിയുള്ളവർ ഭയപ്പെട്ടു.

ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു പിറകിലായിരുന്നു അന്ന് ടൗൺ പൊലീസ്

സ്റ്റേഷൻ. ആലപ്പുഴ തുറമുഖത്തെ അനാശാസ്യം പിടിച്ച് മുഹമ്മ, കളർകോട്, മണ്ണഞ്ചേരി പ്രദേശങ്ങളിൽ പ്രശസ്തി നേടിയ ഭാസ്‌കരൻപിള്ള എസ്‌.ഐക്ക് ഇത് വീണ്ടും തന്റെ കുറ്റാന്വേഷണ വൈഭവം പ്രകടിപ്പിക്കാൻ ലഭിച്ച അസുലഭ അവസരമായിരുന്നു. പ്രമോഷനും തിരുവനന്തപുരത്തുനിന്നു മെഡലും നേടാനുള്ള സാധ്യതയുടെ ആവേശം ആ രാത്രി മുഴുവൻ മോച്ചാച്ചി അനുഭവിച്ചു.

ലോക്കപ്പിനുള്ളിലേക്ക് വലിച്ചെറിഞ്ഞും പുറത്തേക്ക് എടുത്ത് വലിച്ചും രാത്രിഞ്ചരൻ എസ്.ഐ കുറ്റത്തിന്റെ പൊറ്റ അടർത്താൻ മോച്ചാച്ചിയെ പെരുമാറി.

“പറയടാ കഴുവേറീ നീയും കൂടി ചേർന്നുള്ള ഇടപാടല്ലേ” എസ്‌.ഐ കൊരവള്ളിയിൽ പിടിച്ച് ചോദിച്ചു.

“ഞാൻ ഭഗോതിയെ കണ്ടന്നത് നേരാ. വേറൊന്നും അറിയില്ല” മോച്ചാച്ചിയുടെ അർദ്ധപ്രാണൻ എന്നിട്ടും പറഞ്ഞു.

അതു കേട്ടതും രാത്രിഞ്ചരന് സർവ്വാംഗം പെരുത്ത് കയറി.

രാത്രി ആ സമയം ദേവിക്ക് അക്കരയ്ക്ക് സഞ്ചാരമുണ്ടെന്നത് നേരാന്ന് അപ്പോൾ ശാന്തിക്കാരനും കൈക്കാരനും അവരുടെ അഭിപ്രായം പങ്കുവെച്ചു.

“നിങ്ങൾക്കൊക്കെ തലയിൽ പമ്പയാറ്റിലെ ഊളയാണോ.”

എന്നിട്ട് രാത്രിഞ്ചരൻ തന്റെ അന്വേഷണത്തിലെ ആദ്യ നിഗമനം പങ്കുവെച്ചു.

“ബുദ്ധിയുള്ള ഒരു സ്ത്രീ കുറ്റവാളിയാണ് ഇതിനു പിന്നിൽ. ഇക്കരെക്കാവ് ഭഗവതിയുടെ രാത്രി സഞ്ചാരം എന്ന നാട്യത്തിൽ അവൾ പട്ടുടുത്ത് ചിലമ്പും അരമണിയും തിരുവാഭരണവും അണിഞ്ഞ് സ്ഥലം വിട്ടു. രാത്രിയിൽ അരമണിശബ്ദം കേട്ടവരൊക്കെ ഭഗവതിയാണെന്നു കരുതി അകത്ത് ഇരുന്നു. അവള് എടുക്കാനുള്ളതുംകൊണ്ട് അക്കരെ കടന്നു. ഇതാണ് സംഭവം.”

“പറയടാ അവളെ കണ്ടാൽ എങ്ങനിരിക്കും” -രാത്രിഞ്ചരൻ ആക്രോശിച്ചു.

അർദ്ധപ്രാണന്റെ ആ അബോധവേദനയിലും അനശ്വരമെന്നവിധം പ്രകാശം പായിക്കുന്ന ഒരു സ്ത്രീ ഉടലിന്റെ വെളിച്ചം അപ്പോൾ മോച്ചാച്ചി പിന്നെയും കണ്ടു. തീനാളംപോലെ തോന്നിയ ആ മൂക്കുത്തിവെട്ടം അയാളെ ജീവനിൽനിന്ന് അടർന്നുപോകാത്തവിധം തൂക്കിയിട്ടു. പൊലീസ് സ്റ്റേഷനു പുറത്തെ ഇരുട്ടിൽ നിലാവിലേക്ക് നോക്കി ആ ചെമ്പട്ട് രൂപം പിൻതിരിഞ്ഞ് നിൽക്കുന്നതായി മോച്ചാച്ചിക്കു തോന്നി.

രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള കസേരയിൽ പോയി ഇരുന്നു.

പിന്നെ ബാക്കി പൊലീസുകാരോട് പറഞ്ഞു:

“അവൾ ഒറ്റയ്ക്കല്ല. കൂടെ പുരുഷന്മാരുടെ സംഘവുമുണ്ടാവും. ഇവൾക്കുവേണ്ടി പമ്പയുടെ മധ്യത്തിൽ അവർ വള്ളത്തിൽ കാത്തുനിന്നിട്ടുണ്ടാവും. അല്ലേൽ അക്കരെ. അവൾ നീന്തി അക്കരെ എത്തി, അല്ലേൽ നദീനടുവിൽവെച്ച് വള്ളത്തിൽ കയറി രക്ഷപ്പെട്ടു.”

രാത്രിഞ്ചരൻ ഒരു ചുരുട്ടിനു തീ കൊളുത്തി തുടർന്നു:

“അവളടക്കം അഞ്ചംഗ സംഘമാണത്. അവളും നാല് ആണുങ്ങളും!”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അഞ്ച്

അത്ര കൃത്യമായി അത് ഒരു സ്ത്രീയും നാലു പേരുമടങ്ങുന്ന മോഷണസംഘമാണെന്ന് രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള പറയുന്നതിനു കാരണമുണ്ടായിരുന്നു. അക്കാലത്ത് പുറക്കാട്, കായംകുളം, തോട്ടപ്പള്ളി മേഖലകളിൽ മോഷണം പതിവാക്കിയ ഒരു തസ്കര സംഘ ത്തെക്കുറിച്ചുള്ള അറിവായിരുന്നു അത്. ഒരു സ്ത്രീയും നാലു പേരുമടങ്ങുന്ന സംഘമായിരുന്നു അത്. കത്രിക പുഷ്പവല്ലി എന്ന യുവതിയായിരുന്നു ആ സംഘത്തിലെ പ്രധാനി.

“ബാക്കി നാലുപേരും അവളുടെ ആങ്ങളമാരാണ്.” രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള അന്വേഷണ സംഘത്തിലെ കൂട്ടാളികളോട് പറഞ്ഞു: “കായികവിദ്യകളും ഡാൻസും പാട്ടും ഗുസ്തിയും കളരിപ്പയറ്റും മാന്ത്രികവിദ്യയും എന്നുവേണ്ട സകലതും വശത്താക്കിയ പെണ്ണും ആങ്ങളമാരും.”

ഇവരുടെ അച്ഛൻ കാർത്തികപ്പിള്ളി കേന്ദ്രീകരിച്ച് ഒരു ബാലെ സംഘം നടത്തിയിരുന്നു. എൻ.എസ് നടനസഭ കാർത്തികപ്പിള്ളി. പുഷ്പവല്ലിയുടെ തുടക്കം സ്റ്റേജിലായിരുന്നു. അവളുടെ ആട്ടം അക്കാലത്ത് പുകൾപ്പെറ്റതായിരുന്നു. ബാലെ സംഘത്തിലെ വേഷവും മുടിക്കെട്ടും ആഭരണങ്ങളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തിയായിരുന്നു മോഷണത്തിന്റെ തുടക്കവും.

(കൂട്ടത്തിൽ പറയട്ടെ, അവൾ മികച്ച തയ്യൽക്കാരി കൂടിയായിരുന്നു. കത്രിക പുഷ്പവല്ലി എന്ന പേര് അങ്ങനെയാണ് അവൾക്ക് ലഭിച്ചത്. ബാലെയ്ക്ക് വേഷം തയ്ക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം കൂടി അവൾ വഹിച്ചിരുന്നു. അതുകൊണ്ട് സ്റ്റേജിലും ജീവിതത്തിലും അവൾ ആഗ്രഹിക്കുന്ന വേഷം അഭിനയിക്കാൻ ആവശ്യമുള്ളത് അവൾ തന്നെ സ്വയം തയ്‌ച്ചെടുത്തു. കള്ളം ചെയ്യാനും കള്ളം അഭിനയിക്കാനും).

ഒരിക്കൽ മഹാറാണി അമ്പലപ്പുഴ ക്ഷേത്രം സന്ദർശിക്കാനെത്തിയപ്പോൾ നടന്ന സംഭവമാണ് പുഷ്പവല്ലിയെ കുപ്രസിദ്ധയാക്കിയത്. മഹാറാണിക്ക് കാണാൻ അന്നു രാത്രി എൻ.എസ് നടനസഭയുടെ ബാലെ. ബാലെ കഴിഞ്ഞ് നൃത്തവേഷത്തിൽ തന്നെ റാണിയുടെ അന്തപ്പുരത്തിൽ പുഷ്പവല്ലി കയറിപ്പറ്റി. അർദ്ധരാത്രി വരെയും അവൾ അകത്ത് പല കസവ് ശരീരകാന്തികളിലൊരാളായി സമയം കളഞ്ഞു. ആർക്കും സംശയം തോന്നിയതേയില്ല.

സമയം കുറേ കഴിഞ്ഞു. രാത്രി നിലാവിൽ വെളിച്ചത്തിന്റെ നിഴൽ ചാരി അമ്പലക്കുളം കടന്ന് നടന്നുപോയ നർത്തകിയുടെ ശരീരവടിവ് മോഷ്ടാവാണെന്ന് ആരും കരുതിയില്ല. റാണിയുടെ തോഴിമാരിൽ ആരോ ആണെന്നു കരുതി

കാവൽക്കാരനും അവളെ ചോദ്യം ചെയ്യാതെ വിട്ടു! അതോടെ കായംകുളത്തിന് വടക്കോട്ടും കത്രിക പുഷ്പവല്ലി എന്നു കേട്ടാൽ ആൾക്കാർ ഭയപ്പെടാൻ തുടങ്ങി.

മഹാറാണിയുടെ പാലയ്ക്കാമോതിരമണിഞ്ഞായിരുന്നു പിറ്റേന്ന് ഡാണാപ്പടിയിൽ സന്ധ്യയോടെ കടത്തിറങ്ങിയ രാമൻപണിക്കർ എന്ന അടയ്ക്കാ കച്ചവടക്കാരൻ പുഷ്പവല്ലിയെ കണ്ടത്. കരുനാഗപ്പള്ളിയിൽനിന്നു കച്ചവടം കഴിഞ്ഞ് നടന്ന് ഡാണാപ്പടിയിലെത്തിയതാണ് രാമൻപണിക്കർ. വഴിയരികിൽ രാമൻപണിക്കരോട് പുഷ്പവല്ലി വഴി ചോദിച്ചു.

അമ്പലപ്പുഴയ്ക്ക് ശീഘ്രം നടക്കാൻ കിതച്ചുകൊണ്ടിരുന്ന രാമൻപണിക്കർക്ക് മനസ്സിളകി. അവൾക്ക് വഴി കാണിച്ചുകൊടുത്ത് രാമൻപണിക്കർ വഴി മറന്നു. വഴി മറന്നു ചെന്നു കേറിയത് നാലാങ്ങളമാരുടെ മടയിൽ. പിന്നെ പറയേണ്ട കാര്യമില്ലല്ലോ. പിറ്റേന്ന് കയ്യിലുള്ളതെല്ലാം കൈവിട്ട് വെറുംകയ്യോടെ അമ്പലപ്പുഴ കാരോട്ട് വീട്ടിലെത്തിയ രാമൻപണിക്കർ ഭാര്യയെക്കൊണ്ട് ശരീരം എണ്ണ തേച്ച് ഉഴിയിച്ച് പഴയപടി പരുവപ്പെടുത്താൻ ശ്രമിക്കുമ്പോൾ പറഞ്ഞു:

“ചത്താലും മെതികൊണ്ടാലും കാശ് പോയാലും ഞാനെന്റെ ചാരിത്ര്യം കളയില്ല. കണ്ട തേവിടിശികൾക്ക് തൊട്ടു വിലകളയാനുള്ളതല്ല എന്റെ മാനം!”

“ഒരകലത്തിൽ ഉടപ്പെറന്നോളുടെ കൺവെട്ടത്ത് ആങ്ങളമാരുണ്ടാവും. പകലും ഏത് പാതിരാത്രിയിലും. അവന്മാരുടെ താഡനമേൽക്കാത്ത രാത്രി യാത്രക്കാരില്ല.”

എസ്‌.ഐ ഭാസ്‌കരൻപിള്ള ഉദ്വേഗം കൂട്ടിപ്പറഞ്ഞു.

എടത്വാ പെരുന്നാളിനു നൃത്തവിഗ്രഹത്തിന്റെ രൂപമണിഞ്ഞ് നിശ്ചലവേഷം കെട്ടി പുഷ്പവല്ലി നിന്ന രാത്രിയാണ് ഒടുവിലത്തേത്. എടത്വാ

പാലത്തിന്റെ കൈവരിയിൽ നർത്തകിയായി ശരീരമനക്കാതെ ഇമ ചലിപ്പിക്കാതെ നിൽക്കുന്ന പെണ്ണിന്റെ അരികിലേക്ക് ആർക്കും ചെല്ലാം. അവൾ നിദ്രയിലെന്നവണ്ണം സന്ധ്യ മുതൽ രാത്രി വരെ അവിടെ നിന്നു. എൻ.എസ് നടനസഭയുടെ പുതിയ നൃത്തനാടകപ്പരസ്യമായിരുന്നു അത്. വടക്കുനിന്ന് രാത്രി എട്ട് മണിയോടെ വന്ന വഞ്ചിയിലെ മനുഷ്യർ പെൺപ്രതിമ കണ്ട് അവിടെ നിർത്തി. കരയ്ക്കിറങ്ങി. ഇത് പ്രതിമയോ മനുഷ്യസ്ത്രീയോ എന്ന തർക്കത്തിൽ ഏർപ്പെട്ട് അവൾക്കു ചുറ്റും മണ്ടിനടന്നു.

കൂട്ടത്തിൽ ഒരുവൻ അത് പെണ്ണ് എന്നുതന്നെ ബോധ്യപ്പെടാൻ അവളുടെ മുലയിൽ കയറിപ്പിടിച്ചു.

പാലത്തിന്റെ തൂണുകൾക്കിടയിൽനിന്ന് ഉണർന്ന അലർച്ചയായിരുന്നു പിന്നെ കേട്ടത്.

ഭടന്മാരുടെ വേഷം കെട്ടിയ നാല് പേർ കത്രികപ്പെങ്ങളേ എന്നു വിളിച്ച് അവിടേക്ക് ചാടി വീണു. അപമാനിച്ചവന്റെ കാലിൽ പിടിച്ച് പാലത്തിന്റെ കരിങ്കൽ ഭിത്തിയിൽ ആഞ്ഞടിച്ചു. തല ചിതറിപ്പോയ അവനോട് എന്നിട്ട് അരിശം തീരാതെ കുന്തംകൊണ്ട് എടത്വാ പുണ്യാളനെപ്പോലെ തലങ്ങും വിലങ്ങും കുത്തി ചോരയും കുടലും കരളും വലിച്ച് പുറത്തിട്ടു. എന്നിട്ടരിശം തീരാതെയോ വള്ളത്തിൽ വന്നവന്മാരെ മുഴുവൻ തല്ലിയോടിച്ചു. അന്നു രാത്രി മുഴുവൻ കളങ്ങരച്ചന്തയുടെ ഓരം പറ്റിനിന്ന് പെരുന്നാളിനു വെടിക്കെട്ട് കാണാൻ പോയി മടങ്ങിയ മുഴുവൻ പേരെയും പുഷ്പവല്ലിയുടെ ആങ്ങളമാർ തല്ലി!

ഒന്നു നിർത്തി രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള പറഞ്ഞു:

“സാഹചര്യങ്ങളും ഈ മുൻ അനുഭവങ്ങളും കാരണം ഈ മോഷണം കത്രിക പുഷ്പവല്ലിയും സംഘവും തന്നെ നടത്തിയതാകാനാണ് സാധ്യത.”

വിചിത്രമായ ഒരു മോഷണവഴികളുടെ കിങ്പിന്നെന്ന് കരുതുന്ന സ്ത്രീയുടെ മുഖം എങ്ങനെയിരിക്കുമെന്ന് ആലോചിച്ച് രാത്രിഞ്ചരൻ മോച്ചാച്ചിയുടെ കരണക്കുറ്റി നോക്കി ഒന്നൂടെ കൊടുത്തു. ശാന്തിക്കാരനോടും കൈക്കാരനോടും നിങ്ങൾ വീട്ടിൽ പോയി കിടന്നുറങ്ങാൻ പറഞ്ഞു.

കത്രിക പുഷ്പവല്ലിയുടെ വിശദാംശങ്ങൾ പുറക്കാട് പൊലീസ് സ്റ്റേഷനിൽ പോയി നാളെത്തന്നെ സംഘടിപ്പിക്കാൻ ഒരു പൊലീസുകാരനെ രാത്രിഞ്ചരൻ നിയോഗിച്ചു. മൂന്നാറ്റിൻമുഖത്ത് നിന്ന് വള്ളത്തിൽ പുഷ്പവല്ലിയും സംഘവും കടക്കാൻ സാധ്യതയുള്ള പ്രദേശങ്ങളെ സംബന്ധിച്ച് ഒരു രൂപരേഖയുണ്ടാക്കി ആ ഇടങ്ങളിലെ അധികാരികളെ വിവരമറിയിക്കാൻ പ്രത്യേക സംഘത്തെ പുലർച്ചെ തന്നെ വിടാൻ തീരുമാനിച്ചു. അഥവാ അവർ അക്കരെയ്ക്ക് കടന്നിട്ടുണ്ടെങ്കിൽ പള്ളിക്കുട്ടുമ്മ വഴി പെരുന്നയിലേക്ക് കടക്കാനുള്ള സാധ്യതയും ഗൗരവമായി കണ്ടു.

പക്ഷേ, ആ കുറ്റാന്വേഷകന് ഈ തയ്യാറെടുപ്പുകൾ ഒന്നും നടപ്പിലാക്കേണ്ടിവന്നില്ല.

കായൽ, കടലിലേക്ക് കടക്കുന്നതിന് ഒരു ഫർലോംഗ് ഇപ്പുറെ സ്വർണ്ണനിറമുള്ള ആമ്പൽപ്പൂക്കൾക്കിടയിൽ, രാവിലെ മീൻ പിടിക്കാൻ പോയ രണ്ടുപേർ മുങ്ങിക്കിടന്ന ഒരു മൃതശരീരത്തെ കണ്ടതിനെത്തുടർന്നായിരുന്നു അത്. പ്രഭാതത്തിലെ ഇളം വെയിലേറ്റ് ആ പെൺശരീരം ദേഹത്തെ ആഭരണങ്ങളെ ദൂരങ്ങളിൽപോലും പ്രതിഫലിപ്പിച്ചു. ഇളം വെയിലിൽ വെള്ളിജലത്തിൽ അതൊരു സ്വർണ്ണ പെൺകാന്തിയായി തോന്നിച്ചു. അങ്ങോട്ടേക്ക് തുഴഞ്ഞു ചെല്ലുമ്പോൾ മീൻപിടുത്തക്കാരുടെ കണ്ണ് ആ പ്രകാശമേറ്റ് മഞ്ഞളിച്ചു. പാതി ജലത്തിൽ മുങ്ങി അതിധ്യാനത്തിന്റെ ഉൾക്കുളിർ നുകർന്നുകിടന്ന ആ പെൺവടിവിന്റെ മൂക്കുത്തി ഇളം നാളംപോലെ ജലത്തിനടിയിലും കെടാതെ കത്തിക്കൊണ്ടിരുന്നു. അവൾക്കുമേൽ ചുവപ്പും വെളുപ്പും ആമ്പലുകൾ പടർന്നും വിടർന്നും പുണർന്നും കിടന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ആറ്

“ജലസമാധിയിൽ ഭഗവതിയെ കായലിൽ കണ്ടു” എന്ന വൃത്താന്തം നേരം പത്തായ പാടെ കൊല്ലത്തേക്ക് പോകുന്ന ലൈൻബോട്ടുകാർ മൂന്നാറ്റിൻമുഖം ജെട്ടിയിൽ നിർത്തി അറിയിച്ചു. ബോട്ട് ജോലിക്കാരിൽ ഒരാൾ യുവതിയുടെ മുഖം പോളകൾക്കും ജലസസ്യങ്ങൾക്കുമിടയിൽ എത്തിക്കുത്തി കാണാൻ ശ്രമിച്ചിരുന്നു. “നനഞ്ഞിട്ടും നനയാത്ത ആമ്പലിലപോലെയായിരുന്നു ആ മുഖം” -അയാൾ പറഞ്ഞു. പട്ടുസാരി ജലത്തിൽ ഓളം വെട്ടി. അരമണി കുഞ്ഞോളത്തിൽ ചിലുങ്ങനെ ശബ്ദമുണ്ടാക്കി. യുവതി തിരയിൽ പച്ചവള്ളികൾക്കും പായലുകൾക്കുമൊപ്പം ഉയർന്നും പൊങ്ങിയും മൃദുവായി ചലിച്ച് കിടന്നു.

പെട്ടെന്ന് തന്നെ മൂന്നാറ്റിൻമുഖം മുഴുവൻ മുങ്ങിക്കിടക്കുന്ന ഒരുവളുടെ ശ്വാസംമുട്ടലിൽ പിടയുന്ന പോലെ ഒരുമിച്ച് കൂടി. വിവരമറിയിക്കാൻ രണ്ടുപേർ ഇക്കരെക്കാവിൽ ക്ഷേത്രത്തിലേക്ക് പാഞ്ഞു.

“ദേവി മടങ്ങിവരാതിരുന്നപ്പോഴേ ഞാനോർത്തു” വന്നവരിൽ ഒരാൾ പറഞ്ഞു.

“അക്കരെക്ക് നീന്തിപ്പോകുന്നതിനിടയിൽ കാലിൽ പോളവള്ളി കുരുങ്ങിക്കാണും” രണ്ടാമതൊരാൾ പറയാൻ ശ്രമിച്ചു. “ചാടിയതിന്റെ ഉഗ്രതയിൽ ചെളിയിൽ കാല് പൂണ്ടുപോയിക്കാണും. പിന്നെ പൊങ്ങുമോ!” വേറൊരാൾ തനിക്ക് തോന്നിയത് പറഞ്ഞു.

അപ്പോൾ കായൽ വഴി എറണാകുളത്തേക്ക് പോകുകയായിരുന്ന ലൈൻബോട്ടിലേക്ക് കൂട്ടത്തിലെ നാലുപേർ ചാടിക്കേറി.

“ഇപ്പോൾ പോയാൽ കാണാൻ പറ്റും” ബോട്ടിന്റെ പടിയിൽനിന്ന് അവർ കരയ്ക്ക് നിന്നവരോട് വിളിച്ചുപറഞ്ഞു.

പെട്ടെന്ന് മൂന്നാറ്റിൻമുഖത്തെ മനുഷ്യർ മുഴുവൻ കായലിലേക്ക് പോകാൻ തയ്യാറെടുത്തു. മൂന്ന് നദിയിലും നിറഞ്ഞുകിടന്ന ഐസ് വാരാൻ വന്ന മുഴുവൻ വള്ളങ്ങളിലും മനുഷ്യർ ചാടിക്കയറി. രാത്രി മണ്ണ് വാരാൻ കിടന്ന നാല് കേവുവള്ളങ്ങളിലും കയറാവുന്നവർ നിറഞ്ഞു. പറ്റിയാൽ മോച്ചാച്ചിയെ കാണാമല്ലോ എന്നോർത്ത് തെറമ്മയും കിട്ടിയ വള്ളത്തിന്റെ വക്കിൽ കുന്തിച്ചിരുന്നു.

അമ്പലത്തിൽ വിവരം അറിയിക്കാൻ പോയവർ കൈക്കാരനും ശാന്തിക്കാരനുമൊപ്പം തിരിച്ചു വന്നത് കൈനിറയെ മുത്തുക്കുടകളും തോരണങ്ങളുമായിട്ടാണ്. പ്രദേശത്ത് ആദ്യമായി എന്‍ജിൻ വള്ളം വാങ്ങിയ പേർഷ്യാക്കാരൻ തന്റെ വള്ളം സൗജന്യമായി അങ്ങോട്ടേക്ക് ട്രിപ്പ് നടത്താമെന്നു പ്രഖ്യാപിച്ച് ഉദാരമതിയായി. അങ്ങനെ ഒരുമാതിരിപ്പെട്ട മൂന്നാറ്റിൻമുഖക്കാരൊക്കെയും കായലിലേക്ക് ഒന്നിനു പിറകെ ഒന്നായി പാഞ്ഞു.

അവർ ചെല്ലുമ്പോൾ ജലത്തിൽനിന്നു യുവതിയെ രാത്രിഞ്ചരൻ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള സംഘം കെട്ടുവള്ളത്തിലേക്ക് പൊക്കുകയാണ്. ദൂരേന്ന് വള്ളത്തിൽ വന്നവർ അത് കണ്ടു. മുകളിലേക്ക് നനഞ്ഞുകുതിർന്ന ചെമ്പട്ട് ശരീരം ഉയർത്തിയെടുക്കുന്നു. ശരീരത്തിൽനിന്നും വെള്ളിജലം സ്വർണ്ണാഭരണങ്ങൾ ഉരുക്കി താഴേക്ക് വാർന്നുവീഴുന്നു. ഒരു ജലത്തുള്ളി മൂക്കുത്തിയുടെ തീനാളത്തിൽ ജ്വലിക്കുന്നു.

രണ്ടു കെട്ടുവള്ളം കൂട്ടിക്കെട്ടി നടുവിൽ പ്രത്യേകം ഉണ്ടാക്കിയ സ്റ്റാൻഡിൽ കിടത്തിയാണ് മൃതദേഹം കൊണ്ടുവന്നത്. കെട്ടുവള്ളത്തിൽ കയറാൻ

മൂന്നാറ്റിൻമുഖംകാർ ബഹളംവെച്ചു. ആഭരണങ്ങൾ ശ്രദ്ധിക്കാൻ പ്രത്യേക പൊലീസ് കൂട്ടത്തെ നിയോഗിച്ചാണ് രാത്രിഞ്ചരൻ എസ്‌.ഐ ആ വൈതരണി നേരിട്ടത്.

മുത്തുക്കുടകളും തോരണങ്ങളും അണിഞ്ഞ് ഒരു ഘോഷയാത്രയിട്ടായിരുന്നു കായലിൽനിന്നും ആലപ്പുഴ കനാൽ കയറി ആ യാത്ര. മൃതദേഹം വഹിച്ച കെട്ടുവള്ളത്തിനു പിന്നാലെ ഒന്നിനു പിറകെ ഒന്നായി വള്ളങ്ങൾ ആ ഘോഷയാത്രയെ അനുഗമിച്ചു. ഇരുതീരത്തേയും തിങ്ങിക്കൂടിയ മനുഷ്യർ ആ വിധം ഒരു മൃതദേഹയാത്ര ആദ്യമായിട്ടാണ് ദർശിച്ചത്.

ആ ആഘോഷാരവങ്ങൾക്ക് നടുവിൽ മൗനത്താലും ധ്യാനത്താലും തണുത്ത് വിറങ്ങലിക്കപ്പെട്ട ശരീരം ചുറ്റുമുള്ള മനുഷ്യർക്ക് അനശ്വരമായതെന്തോ പ്രസരിപ്പിച്ച് നിശ്ചലം കിടന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ഏഴ്

മൂന്നാറ്റിൻമുഖത്തിന്റെ പടിഞ്ഞാറ് വശത്ത് നഗരകവാടത്തിലേക്ക് കടത്തുകയറി എത്താൻ പറ്റുന്ന തീരത്തായിരുന്നു അന്ന് ആലപ്പുഴയിലെ ഏക മോർച്ചറി. ആലപ്പുഴ

കൊട്ടാരം ആശുപത്രിയായിരുന്നു ആ മോർച്ചറിയുടെ ഉടമസ്ഥർ. മൂന്നാറ്റിൻമുഖത്ത് കിഴക്ക് വീരവിനായക കൂൾ ഫാക്ടറി, പടിഞ്ഞാറേ തീരത്ത് കൊട്ടാരം മോർച്ചറി എന്നിങ്ങനെ രണ്ടിടത്തും തണുപ്പായിരുന്നു ദിക്കും കാലവും.

ഗ്ലാസ്ഭിത്തിക്കപ്പുറത്ത് ഫ്രീസർ എന്ന് ഇപ്പോൾ വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒറ്റപ്പെട്ടിയായിരുന്നു മോർച്ചറിയിൽ ഉണ്ടായിരുന്നത്. സദാ ശൈത്യത്തിന്റെ മഞ്ഞുതുള്ളികൾ പുകപോലെ പറന്നുനടക്കുന്ന മുറി. കരണ്ട് ഇടയ്ക്കിടെ പോകുമെന്നതിനാൽ പെട്ടിയിൽ വീരവിനായക കൂൾ ഐസ് ഫാക്ടറിയിലെ ഐസും ശവം ചീഞ്ഞുപോകാതിരിക്കാൻ അധികൃതർ ഉപയോഗിച്ചിരുന്നു. വല്ലപ്പോഴുമായിരുന്നു ശവത്തെ സൂക്ഷിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാവുക. ഒരു അനാഥശവം കായലിലോ ആറ്റിലോ പൊങ്ങിയാൽ. അല്ലേൽ കത്തിക്കുത്തിൽ വീണുപോയ ഏതേലും ശവം സൂക്ഷിക്കേണ്ടിവന്നാൽ. ഒരു ഇടക്കാലത്തിനു ശേഷമായിരുന്നു അവിടേക്ക് ഘോഷയാത്രയോടെ ഒരു ശവമെത്തുന്നത്. അതും ഇക്കരെക്കാവ് ദേവിയുടേതെന്നു കരുതുന്ന ശരീരം.

അന്നുതന്നെ ആലപ്പുഴയിൽനിന്ന് ഉച്ചകഴിഞ്ഞ് പോയ തീവണ്ടിയിൽ എസ്.ഐ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള തിരുവനന്തപുരത്തെത്തി യുവതിയുടെ ശവം കുറച്ച് കൂടുതൽ കാലം മോർച്ചറിയിൽ സൂക്ഷിക്കാൻ അനുവാദം വാങ്ങി. ബുദ്ധിമാനായ ആ അന്വേഷണ ഉദ്യോഗസ്ഥന് അതിനു കാരണമുണ്ടായിരുന്നു. അത് കത്രിക പുഷ്പവല്ലിയാണോ എന്ന് ഉറപ്പിക്കണം എന്നതായിരുന്നു ഒന്ന്. അതവൾ ആണെങ്കിൽ അവളുടെ ആങ്ങളമാർ അവളെ അന്വേഷിച്ച് എത്തും എന്ന ഉറപ്പായിരുന്നു രണ്ടാമത്തെ കാരണം. ആ വിധം ചേർത്തലയ്ക്ക് തെക്കോട്ട് കുറച്ചു നാളുകളായി മനുഷ്യരെ ഭയപ്പെടുത്തിയിരുന്ന മോഷണസംഘത്തിന്റെ തായ്‌വേരറുക്കാൻ കഴിയുമെന്ന് ആ പൊലീസ് ഉദ്യോഗസ്ഥൻ കണക്കുകൂട്ടി. കത്രിക പുഷ്പവല്ലിയെ പൂട്ടാൻ കഴിഞ്ഞില്ലേലും അവളുടെ കൂട്ടാളികളെ എങ്കിലും പിടികൂടി തന്റെ പൊലീസ് ജീവിതത്തിനു കനപ്പെട്ട ഒരു ആധികാരികത നൽകണമെന്ന് അയാൾ ആഗ്രഹിച്ചു.

അതല്ല, പ്രതീക്ഷിക്കാത്ത വേറൊരാളാണെങ്കിലും അത് കണ്ടുപിടിക്കാനും ശവം കുറച്ചു ദിവസം സൂക്ഷിക്കുന്നതാണ് നല്ലത്. വിവരമറിഞ്ഞ് സംശയനിവൃത്തിക്കായോ കാണാതായ ആളെ തേടിയോ ആരെങ്കിലും എത്തിയാൽ പ്രതിയിലേക്കുള്ള സൂചന എളുപ്പമാവുമെന്ന് രാത്രിഞ്ചരന് അറിയാം.

രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും എന്നപോൽ

ആ മോർച്ചറി സൂക്ഷിക്കൽ തീരുമാനത്തെ മൂന്നാറ്റിൻമുഖത്തെ ഒന്നൊഴിയാത്ത മനുഷ്യരെല്ലാം സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഇക്കരെക്കാവ് ദേവിയുടെ മാംസശരീരം അവരെ അതിശയിപ്പിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവർക്ക്

കുറച്ചുദിവസം കൂടി അത് കൺകുളിർക്കെ കാണണമായിരുന്നു.

“ദേവി ദീർഘനിദ്രയിലാണ്” -ഒരാൾ പറഞ്ഞു.

“കണ്ണ് പൊട്ടുന്ന ഇരുട്ടിൽ മിന്നൽ വീഴുംപോലെ ചിലപ്പോൾ പെട്ടെന്ന് ഉണരും” അയാൾ ഉറപ്പിച്ച് പറഞ്ഞു.

ഗ്ലാസിനപ്പുറം സദാ മഞ്ഞുപഞ്ഞികൾ പറന്നുനടക്കുന്ന മുറിയിലെ ചില്ലുപെട്ടിയിൽ യുവതിയുടെ ശരീരം കിടന്നു. ഇപ്പുറെ വിശാലമായ മുറിയിൽ ചില്ലിനപ്പുറത്തെ പെൺശരീരത്തെ നോക്കി മൂന്നാറ്റിൻമുഖംകാർ ഇരുന്നു. തണുപ്പ് അരിച്ച് പുകകൾ പേർത്തും കുറഞ്ഞും വന്ന മുറിയിൽ ഇടയ്ക്കിടെ യുവതിയുടെ ശരീരം വെളിപ്പെട്ടു. അപ്പോഴൊക്കെ ഓജസുറ്റ ആ നനവുള്ള മുഖത്തേക്ക് അവർ ദീർഘനിശ്വാസം വിട്ടു. ജലബാഷ്പത്തിന്റെ പ്രകാശത്തിൽ തിരുവാഭരണങ്ങളും അരമണിയും ചിന്നിച്ചിന്നി പ്രകാശിച്ചു. മൂക്കുത്തിയുടെ തീനാള പ്രകാശം ചില്ലിൽ പറ്റിപ്പിടിച്ച ജലാവരണത്തെ തോൽപ്പിച്ച് മിന്നിക്കത്തി. മഞ്ഞിന്റെ മേഘങ്ങൾക്കിടയിൽ ഒരു സുന്ദരദേവീരൂപം കണ്ണ് പൂട്ടി ചുണ്ടിൻകോണിൽ നനഞ്ഞ പുഞ്ചിരി ഒളിപ്പിച്ചെന്നവണ്ണം പ്രസന്നതയോടെ കിടന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എട്ട്

ആ ശൈത്യകാലം നേരിടാൻ മോർച്ചറി സൂക്ഷിപ്പുകാരനൊപ്പം മോച്ചാച്ചിയേയും അധികൃതർ നിയോഗിച്ചു. തണുപ്പിൽ മരച്ച് ശവമാകുന്ന അനുഭവപരിചയം മാത്രമായിരുന്നില്ല അതിനു കാരണം. മോർച്ചറിയിലേക്ക് ശവത്തിന് ആവശ്യമായ ഐസ് പാളികൾ എത്തിക്കേണ്ട ചുമതല മോച്ചാച്ചിക്കും തെറമ്മയ്ക്കും വന്നുപെട്ടു. മോച്ചാച്ചി സദാ മോർച്ചറിയുടെ ഗ്ലാസ് ചുവരിനപ്പുറം ആ യുവതിയെ നോക്കി അന്നനുഭവിച്ച സ്വപ്നസമാനമായ ആ വിസ്മയം പേർത്തും പേർത്തും പിന്നെയും രുചിച്ചു. ആ പെൺശരീരവും മുഖവും അയാളുടെ ഉള്ളിൽ കുളിര് കോരിക്കൊണ്ടിരുന്നു. ഉള്ളിലെ ശൂന്യതയുടെ പാത്രത്തിൽ ആരോ ഐസ് വെള്ളം കോരി നിറയ്ക്കുന്നതായും തണുപ്പ് വെള്ളം കവിഞ്ഞൊഴുകുന്നതായും അയാൾക്കു തോന്നി.

പുറത്ത് വേഷം മാറിയും അല്ലാതേയും ഭാസ്‌കരൻപിള്ള എസ്.ഐ നിയോഗിച്ച പൊലീസുകാർ റോന്ത് ചുറ്റി. പമ്പയിൽ മൂന്ന് തുഴക്കാർ വീതം നിരന്ന വള്ളങ്ങളിൽ മീൻകാരെന്ന വ്യാജേന അന്വേഷണസംഘം സദാ എല്ലാം പരിശോധിച്ചു. എല്ലാവരും കുറ്റവാളികളാണെന്ന് അവർക്ക് തോന്നി. അതുകൊണ്ട് ചിലർക്കൊക്കെ രണ്ട് കൊടുത്ത് ചോദ്യം ചെയ്യാനും അവർ മടിച്ചില്ല.

മൂന്നാറ്റിൻമുഖത്തുകാരാകട്ടെ, ഒരിഞ്ചു സ്ഥലം വിട്ടുകൊടുക്കാതെ യുവതി കിടന്ന ചില്ലുമുറിയുടെ ഇപ്പുറെ വിശാലമായ ഹാളിൽ അകത്തേക്ക് നോക്കി തിക്കിത്തിരക്കി ഇരുന്നു. അകത്ത് ഐസ് പുകയിൽ ഇടയ്ക്കിടെ പ്രത്യക്ഷമാകുകയും മറയുകയും ചെയ്തുകൊണ്ടിരുന്ന പെൺരൂപം അവർക്ക് ധ്യാനസമാനമായ ആനന്ദം നൽകി. കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ രാവെളുപ്പോളം അവർ ചില്ലു ഭിത്തിക്കപ്പുറത്തെ കൊടും പ്രകാശത്തിലേക്ക് നോക്കി സമയം കളഞ്ഞു.

മൂന്നാറ്റിൻമുഖത്തുനിന്നു മാത്രമല്ല, സമീപ കരകളിൽനിന്നും മനുഷ്യർ സംഭവമറിഞ്ഞ് കാണാനെത്തി. വന്നവരെയൊക്കെ വിശദമായി ചോദ്യം ചെയ്താണ് രാത്രിഞ്ചരനും സംഘവും അകത്തേക്ക് കയറ്റിവിട്ടത്.

എന്തെങ്കിലും കാര്യമുണ്ട് എന്നു തോന്നുന്ന രണ്ട് സംഭ വങ്ങളേ ആ കാലയളവിൽ മോർച്ചറിയിൽ ഉണ്ടായുള്ളൂ.

ഒന്ന് കായൽപ്പാടങ്ങളിൽ നെല്ല് വിതയ്ക്കാനും കള പറിക്കാനും പോയിരുന്ന ചെല്ലമ്മ എന്ന വൃദ്ധയായിരുന്നു. അവർ ചില്ലിനപ്പുറം എത്തിക്കുത്തി പ്രഖ്യാപിച്ചു: “എനിക്കൊരു സംശയം, ഇത് തായങ്കരീന്ന് മാർത്താണ്ഡത്ത് കൊയ്യാൻ വന്ന ലീലയാണെന്നു തോന്നുന്നു!”

എല്ലാവരും അത് കേട്ട്

ഞെട്ടലോടെ അവരെ നോക്കി.

“അതിവൾ തന്നെ” വൃദ്ധ ആവർത്തിച്ചു. “എന്നോടൊപ്പം നിരയിൽ ഇവളായിരുന്നു കള പറിച്ചത്. എന്തോരു ഉശിരുള്ള പെണ്ണായിരുന്നെന്നോ!”

നിശ്ശബ്ദരായി ആൾക്കൂട്ടം നിൽക്കവേ പെട്ടെന്ന് ഒരു സ്ത്രീ ശബ്ദം പുറകിൽനിന്ന് ഉയർന്നു. “അതിനീ പ്രാവശ്യം നിങ്ങളെപ്പോഴാ മാർത്താണ്ഡത്ത് കൊയ്യാൻ വന്നത്?”

പെട്ടെന്ന് ആശ്വാസത്തിന്റെ ഒരാരവം ഉയർന്നു. “ഈ പെണ്ണുമ്പിള്ള നുണയാ പറയുന്നത്.” അവൾ തുടർന്നു. “മാർത്താണ്ഡത്ത് കൊയ്യാൻ വന്ന മുഴുവൻ പെണ്ണുങ്ങളേയും എനിക്കറിയാം. ഇങ്ങനെ മുലയും ചന്തിയുമുള്ള ഒരു പെണ്ണ് ആ കൂട്ടത്തിൽ ഒന്നും ഉണ്ടായിരുന്നില്ല.”

മനോരോഗിയാണ് ചെല്ലമ്മയെന്ന് അവരെ അറിയാവുന്ന ഒരാൾ പറഞ്ഞതോടെ ആ പ്രശ്നം അവസാനിച്ചു.

രണ്ടാമത് ചേർത്തലയിൽനിന്നും മൈലുകൾ നടന്നുവന്ന ഒരു ചെറുപ്പക്കാരനായിരുന്നു.

കാണാതായ കാമുകിയെ തിരഞ്ഞാണ് അയാൾ ആ ദൂരമത്രയും അലഞ്ഞുവന്നത്. വന്നപാടെ തടഞ്ഞുനിർത്തിയ പൊലീസുകാരോട് അയാൾ അണവൽ നിർത്താതെ പറഞ്ഞു: “പറഞ്ഞു കേട്ടിടത്തോളം അത് അവളാണെന്ന് എനിക്ക് സംശയമുണ്ട്. ചേന്നങ്കരി കരുമാത്ര വല്യച്ഛന്റെ അരികിൽ ഭസ്മം തിന്നാൻ പോയതിൽപ്പിന്നെ അവളെപ്പറ്റി ഒരു വിവരവുമില്ല.”

കുറച്ചുനേരത്തെ ചോദ്യം ചെയ്യലിനുശേഷം അയാളെ അകത്തേക്ക് കയറ്റിവിട്ടു. കയറ്റിവിട്ട് കുറച്ചു സമയത്തിനുശേഷം പോയതിനേക്കാൾ വേഗത്തിൽ കാമുകൻ നിലവിളിച്ചുകൊണ്ട് തിരിച്ചു വന്നു.

അയാൾ ആറ്റുതീരത്തെ തെങ്ങിൻ ചോട്ടിലേക്ക് കുനിഞ്ഞ് ആഞ്ഞു ഛർദ്ദിച്ചു.

“എന്തൊരു നാറ്റം. അത് ചീയാൻ തുടങ്ങിയിരിക്കുന്നു!” അയാൾ വിളിച്ചുകൂവി.

മോർച്ചറിയിലേക്ക് വീരവിനായക കൂൾ ഐസ് ഫാക്ടറിയിൽനിന്നു കൂടുതൽ ഐസ് എത്തിക്കാൻ ആ സംഭവം കാരണമായി. നാല് ഉന്തുവണ്ടിയിലാണ് അന്ന് മോച്ചാച്ചിയും തെറമ്മയും അവിടേക്ക് ഐസ് കഷണങ്ങളും പാളികളും കോരിക്കൊണ്ടു വന്നു പെട്ടി നിറച്ചത്.

ഒന്‍പത്

പോകെപ്പോകെ ഐസ് ജലം ഘനീഭവിച്ച് ജലത്തിന്റെ കരിങ്കൽപെട്ടിയായി ആ പേടകം. ആഞ്ഞു പൊട്ടിച്ചാൽപോലും തകർന്നുപോകാത്തവിധം ഉറപ്പു തോന്നിച്ച ജലത്തിന്റെ കോട്ട. സ്ഫടികച്ചില്ലുപോലെയുള്ള അതിന്റെ സുതാര്യതയിൽ യുവതിയെ കാണാമായിരുന്നു. ആദ്യ ദിവസങ്ങളിൽ ഐസ് കട്ടയ്ക്ക് മുകളിൽ അവളുടെ മുഖവും നെഞ്ചും കാൽപ്പാദങ്ങളും ഉയർന്നുനിന്നു. ബാക്കി ശരീരഭാഗങ്ങൾ ഘനപാളിക്കുള്ളിൽ ഉറച്ചപോലെയായിരുന്നു.

പിന്നെപ്പിന്നെ അവൾ പൂർണ്ണമായും ആ ജലക്കരിങ്കല്ലിനുള്ളിൽ മുങ്ങി. മോർച്ചറിയുടെ ഗ്ലാസ് ചുവരിനപ്പുറം അവളെ കാണാനെത്തിയവർ ആ സുതാര്യതയിൽ തിളങ്ങുന്ന ആഭരണങ്ങളെ അതിശയത്തോടെ നോക്കി. അരമണി ഇനി ഒരിക്കലും ചലിക്കില്ലേ എന്നു തോന്നുംവിധം ഐസിന്റെ പിടുത്തം അതിനെ നിശ്ചലമാക്കി.

ഒഴുകിക്കൊണ്ടിരുന്ന നദി ആ പേടകത്തിൽ ഒന്ന് അനങ്ങാൻ കഴിയാത്തവിധം ഖരത്തിന്റെ തടവറയിൽ അവളെ ബന്ധനസ്ഥയാക്കിയപോലെയായിരുന്നു. മുക്കുത്തിയുടെ തീനാളം അതിനുള്ളിൽ, കത്തിനിൽക്കുമ്പോൾ പൊടുന്നനെ നിശ്ചലമായതുപോലെ കാണപ്പെട്ടു.

“അത് ധ്യാനമാണ്. അവൾ ധ്യാനത്തിലാണ്” -ഒരാൾ പറഞ്ഞു.

“എല്ലാ ചലനങ്ങളും അനക്കങ്ങളും അവസാനിപ്പിച്ച് നിശ്ചലതയുടെ ധ്യാനം.”

ഐസ്, ജലത്തിന്റെ ധ്യാനാവസ്ഥയാണെന്ന് ഒരാൾ പെട്ടെന്നു പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്കുശേഷം പിന്നീട് മൂന്നാറ്റിൻമുഖത്തുകാർ അവിടെ ഒത്തുകൂടിയത് കിടങ്ങറയിൽ കെട്ടിച്ച് വിട്ട മരണത്തിൽനിന്നു മടങ്ങിവന്ന പെൺകുട്ടി യുവതിയെ കാണാൻ വന്നപ്പോഴാണ്. അപ്പോഴേക്കും അവിടെ ദിനരാത്രങ്ങൾ കൂടിയിരുന്ന മനുഷ്യർ ഒന്നും ഒറ്റയായും പിരിഞ്ഞ് വല്ലപ്പോഴും വന്നു പോയിത്തുടങ്ങി. മറ്റു പണിയൊന്നുമില്ലാത്ത ചില ആണുങ്ങളാകട്ടെ, എട്ട് മണി വരെയെങ്കിലും അവിടെ സൊറ പറഞ്ഞിരുന്നു. ആ സമയം കഴിയുമ്പോൾ അത്താഴം കഴിച്ചു വരാമെന്ന് മോച്ചാച്ചിയോട് പറഞ്ഞ് മടങ്ങുകയും വീട്ടിലെത്തിയപാടെ എന്നാൽ, ഇനി നാളെയാകാമെന്നു തീരുമാനിച്ച് മടിപിടിച്ച് വരാതിരിക്കുകയും ചെയ്തു. എന്നാലും നേരം വെളുക്കുമ്പോൾ തന്നെ സ്ഥലത്ത് ഹാജർ വെക്കുന്ന ചിലരുണ്ടായിരുന്നു.

മരണത്തിൽനിന്നു തിരിച്ചുവന്ന പെൺകുട്ടി അന്ധയായിരുന്നു. അവൾ അകത്തു കയറി യുവതിയെ കാണാനായി തണുപ്പിൽ കൈ സ്പർശിച്ചു.

പാമ്പ് കടിച്ചായിരുന്നു ആ പെൺകുട്ടി മരിച്ചത്. ശവമടക്കാനായി കുഴിച്ച കുഴിയിൽ അവളെ മൂടാൻ തുട ങ്ങിയതാണ്. ആ കുഴിയുടെ ഓരത്തായിരുന്നു പാമ്പിന്റെ മാളം. അവൻ തല നീട്ടി അവളുടെ മുറിവിൽനിന്നും വിഷം

തിരിച്ചെടുത്തു. ഉറക്കത്തിൽനിന്ന് ഉണരുന്നപോലെ അവൾ ഉണരാൻ തുടങ്ങി. അവളുടെ ശരീരത്തിന്റെ അവയവങ്ങൾ ഓരോന്നായി ഉറക്കത്തിൽനിന്നു ഞെട്ടിയുണർന്നു. ഉറക്കത്തെ കുടഞ്ഞുകളഞ്ഞ് അവൾ ഉണർവ്വിലേക്ക് ചാടിയെഴുന്നേൽക്കാൻ അവയവങ്ങളെ ഓരോന്നായി ആഞ്ഞ് ഞെട്ടിച്ചു. കണ്ണു മാത്രം ഉണർന്നില്ല. “എന്റെ കണ്ണ് മാത്രം ഉണർന്നില്ല. എത്ര ആഞ്ഞ് നോക്കിയിട്ടും കണ്ണ് ഉറക്കത്തിൽത്തന്നെ. ഞാൻ കുടഞ്ഞും കൺപോള മലക്കെ വലിച്ചുതുറന്നുമൊക്കെ നോക്കി. പക്ഷേ, കണ്ണ് ഗാഢനിദ്രയിൽത്തന്നെ. അതിനാൽ ഞാൻ അന്ധയായി” -പെൺകുട്ടി പറഞ്ഞു. “ഇപ്പോഴും ഞാൻ കണ്ണിനെ ഉണർത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.”

യുവതിയെ കണ്ട് പുറത്തിറങ്ങി പെൺകുട്ടി പറഞ്ഞു: “അവൾ ഉറക്കത്തിലാണ്. അവൾക്ക് അവളെ ഞെട്ടിച്ച് ഉണർത്താൻ കഴിയുന്നില്ല. എനിക്കങ്ങനെയാണ് തോന്നുന്നത്.”

പത്ത്

പിറ്റേന്ന്, തലേദിവസം കണ്ട ഒരു സ്വപ്നത്തിൽനിന്നും ഞെട്ടിയുണർന്നു പോയതിന്റെ അലസതയിലും നിരാശയിലും അതിനാൽ വന്നുപെട്ട അശ്രദ്ധയിലും എസ്.ഐ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള ബാക്കി പൊലീസുകാരോട് തട്ടിക്കയറി. കേസന്വേഷണത്തിന്റെ ഭാഗമായി അർധരാത്രി വരെ നീളുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങൾ കഴിഞ്ഞു പരിക്ഷീണനായി വീട്ടിൽ തിരിച്ചെത്തി ഭാര്യ നൽകിയ അവലിട്ട കരിക്കിൻ വെള്ളം കുടിച്ച് ബോധംകെട്ട് ഉറങ്ങുമ്പോൾ കണ്ട സ്വപ്നമായിരുന്നു അത്. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതായിട്ടായിരുന്നു അയാളുടെ സ്വപ്നം!

അയാൾ പറഞ്ഞു: “സ്വപ്നത്തിൽ ഞാൻ അറസ്റ്റ് ചെയ്തു. നിങ്ങളൊക്കെ എന്റെ കൂടെയുണ്ട്.”

“നല്ല നിലാവുള്ള ഒരു ദിവസം. വെള്ളി നിറമുള്ള കാഴ്ചയാണ് കണ്ടത്. കായലിനു കുറുകെ നീന്തി രക്ഷപ്പെടുകയാണ് പ്രതികൾ. നമ്മളും പിന്നാലെ നീന്തി. ശ്വാസം മുട്ടിയും വെള്ളം കുടിച്ചും ജലത്തിൽ കുളിര്കൊണ്ടും ഇരുട്ടിലേക്ക് കണ്ണു മിഴിച്ചും ജലത്തുളളികൾ വാരിവിതറിയും. നമ്മൾ അവരെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ പിന്നാലെ നീന്തി. ഒടുവിൽ കരയ്ക്ക് എത്തും മുന്‍പ് ഒരുത്തന്റെ കാലിൽ ഞാൻ പിടിക്കുകതന്നെ ചെയ്തു. എല്ലാരേയും നമ്മൾ കീഴടക്കി. കൈവിട്ട് പോകാതിരിക്കാൻ കുറേസമയം വെള്ളത്തിനടിയിൽ നമ്മൾ അവന്മാരെ മുക്കിപ്പിടിച്ചു.”

എസ്.ഐ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള ആവേശത്തോടെ പറഞ്ഞു: “അറസ്റ്റ് ചെയ്തതിന്റെ സന്തോഷത്തിൽ സ്വപ്നത്തിലെ ഞാൻ ആവേശത്തോടെ ആർപ്പോ വിളിക്കുകയും നിലവിളിക്കുക തന്നെയും ചെയ്തു. അവന്മാരെ അറസ്റ്റ്

ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു. ഹോ എന്താരു സന്തോഷമായിരുന്നെന്നോ! തിരുവനന്തപുരത്തുനിന്നും എനിക്ക് പട്ടും വളയും ലഭിക്കും. ഉദ്യോഗക്കയറ്റം ലഭിക്കും എന്നോർത്ത് സ്വപ്നത്തിലെ ഞാൻ തുള്ളിച്ചാടി.”

“പക്ഷേ, ശപിക്കപ്പെട്ട ആ നിമിഷം ഞാൻ ഞെട്ടിയുണർന്നു. ആ ഉണർവിന്റെ ആഘാതത്തിൽ ഞാൻ ഈ അവരാതം പിടിച്ച ജീവിതത്തിലേക്ക് നിലതെറ്റി വീണു! ഇപ്പോഴും അവർ പിടിക്കപ്പെട്ടില്ലല്ലോ ഞാനവരെ അറസ്റ്റ് ചെയ്തിട്ടില്ലല്ലോ എന്നു പെട്ടെന്ന് യാഥാർത്ഥ്യം എന്റെ മുന്നിലേക്ക് വന്നുവീണു. അത്രയും നേരം തുള്ളിച്ചാടിയ എന്റെ മനസ്സിലേക്ക് കനത്ത ഭാരം വന്നു വീണു. ഇപ്പോഴും ആ ഭാരം മാറിയിട്ടില്ല.”

“സ്വപ്നത്തിൽ ഞാൻ അറസ്റ്റ് ചെയ്തു. ഞാൻ ഉണർന്നില്ലായിരുന്നില്ലെങ്കിൽ ഇപ്പോഴും അവരെന്റെ കസ്റ്റഡിയിൽ കണ്ടേനെ!”

അയാൾ കുനിഞ്ഞിരുന്നു. പിന്നെ പറഞ്ഞു: “ആ സ്വപ്നം കാണുന്നതിനിടയിൽ ഞാൻ ഹൃദയാഘാതം വന്നു മരിച്ചിരുന്നേൽ എന്തു നന്നായേനെ!”

നിരന്തരം ഉറക്കമില്ലാതെ രാവെളുപ്പോളം അധ്വാനിച്ചാൽ സംഭവിക്കുന്ന മനസ്സിന്റെ രോഗമാണ് തങ്ങളുടെ മേലുദ്യോഗസ്ഥനെന്ന് പൊലീ സുകാർക്കു മനസ്സിലായി. നല്ലവണ്ണം ഒരാഴ്ച ഉറങ്ങിയാൽ മാറാവുന്നതേയുള്ളൂ.

“സാർ വീട്ടിൽ പോയി ഒന്നു നന്നായി ഉറങ്ങിയിട്ട് വരൂ” കൂട്ടത്തിൽ ധീരനായ പൊലീസുകാരൻ വാ തുറന്ന് അയാളോട് പറഞ്ഞു.

അയാളും അതാണ് ആഗ്രഹിച്ചത്. ഉറങ്ങണം. അന്ന് ഉച്ചയോടെ രാത്രിഞ്ചരൻ ഭാസ്‌കരൻപിള്ള വീട്ടിലേക്ക് മടങ്ങി. ഭാര്യയുടെ കയ്യിൽനിന്ന് അവലിട്ട കരിക്കിൻവെള്ളം കുടിച്ച് കരിമ്പടം പുതച്ച് ഉറങ്ങാനായി ആ കുറ്റാന്വേഷകൻ കണ്ണ് ഇറുക്കി കിടന്നു.

ഉറങ്ങാനും പറ്റിയാൽ പ്രതികൾക്ക് രണ്ട് കൊടുക്കാനും!

പതിനൊന്ന്

കായലിൽ കരിമീന്റെ ചാകര വന്ന ദിവസം എല്ലാവരും കയ്യിൽ കരുതിയ പാളകളിലും കൊച്ചുവള്ളങ്ങളിലും മീൻ നിറച്ച് വീടുകളിലേക്ക് വന്നു. വീരവിനായക കൂൾ ഐസ് ഫാക്ടറിക്ക് മുന്നിൽ അന്ന് ഐസ് കോരി വാങ്ങാൻ ജനക്കൂട്ടം ഇടികൂട്ടി. മോച്ചാച്ചി ഇല്ലാത്തതിനാൽ തെറമ്മയ്ക്ക് അന്ന് ഐസ് വാരിക്കൊടുത്തു പിടിപ്പത് പണിയായി. വീട്ടിൽ കൂനകൂട്ടിക്കിടന്ന മീനുമേൽ ഐസ് കുഴച്ചെടുത്ത് അന്ന് മൂന്നാറ്റിൻമുഖക്കാർ മുഴുവൻ തണുപ്പിൽ മുങ്ങി. ഐസിൽ ശവംപോലെ തമ്പിച്ചു. തണുത്ത് വിറങ്ങലിച്ച് മരംപോലെ എല്ലാവരും കിടന്നു. ഇനി ഉണരാൻ പറ്റുമോ എന്നു സംശയിക്കും വിധം മനുഷ്യർ നിദ്രയിൽ വീണു.

മോർച്ചറിയിൽ അകത്തെ കത്തുന്ന പ്രകാശത്തിലെ ദേവീരൂപത്തിലേക്ക് നോക്കി ധ്യാനം കൊണ്ടിരിക്കുകയായിരുന്നു മോച്ചാച്ചി. തണുപ്പ് അയാളെ മരപ്പിച്ച് ശവമാക്കിയിരുന്നു. പേടകത്തിലെ കരിങ്കൽ ഐസിന്റെ സുതാര്യതയിൽ ഒരു ഫോസിൽപോലെ യുവതിയെ കാണാമായിരുന്നു. സുവർണ്ണവേരുകൾപോലെ ആഭരണങ്ങൾ കാണപ്പെട്ടു. തീനാളം ഒരു വരയായി കത്തിനിന്നു. അവൾ അദൃശ്യയായിത്തുടങ്ങിയിരുന്നു.

അപ്പോഴാണ് അലർച്ചയുടെ മുഴക്കത്തിൽ ഒരു സംഘം പുറത്തെ ഇരുട്ടിൽനിന്ന് അകത്തേക്ക് ഓടിക്കയറിയത്. കയ്യിൽ വാളും കുന്തവും തീവെട്ടിയും പിടിച്ച നാല് കിങ്കരന്മാരായിരുന്നു അത്. മോച്ചാച്ചി വിറങ്ങലിച്ചുനിൽക്കവേ അവർ ചില്ലുഭിത്തി ആഞ്ഞുതകർത്തു. അകത്തേക്ക് കയറി യുവതി കിടന്ന പേടകത്തിലെ ഐസ് കല്ല് പൊട്ടിക്കാൻ സംഘം ആഞ്ഞടിക്കാനും കുത്താനും തുടങ്ങി.

കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അവർ ആ ഐസ്‌ പെട്ടി തകർക്കുകതന്നെ ചെയ്തു. ഉള്ളിലെവിടെയോ തളം കെട്ടിക്കിടന്ന ജലം പുറത്തേക്ക് ചാടി അവരുടെ പ്രയ ത്നത്തെ അനായാസമാക്കി. യുവതി നദിക്കടിയിലെന്നവണ്ണം പ്രത്യക്ഷമായി.

ഒത്ത പെണ്ണ്! സൗന്ദര്യരൂപം കടഞ്ഞെടുത്ത വിഗ്രഹം. ചെമ്പട്ട് വസ്ത്രം. കഴുത്തിൽ നിറയെ ആഭരണങ്ങൾ. കയ്യിൽ വളകളും കാലിൽ ചിലമ്പും. അരയിൽ കനമുള്ള മണികൾ കെട്ടിയ അരപ്പട്ട. തീനാളത്തെ ഓർമ്മിപ്പിക്കുന്ന മൂക്കുത്തി.

മോച്ചാച്ചി നോക്കിനിൽക്കെ തീവെട്ടി കത്തിച്ചുപിടിച്ച നാല് കിങ്കരന്മാർ ആ പെൺരൂപത്തെ പുറത്തേക്ക് ഇറക്കി. അഞ്ച് പന്തം കെട്ടിയ തീവെട്ടികൾക്ക് നടുവിൽ ആജാനുബാഹുവായ പെൺരൂപം നിന്നു!

അരമണികിലുക്കി ഉയിർത്തെഴുന്നേറ്റ പെൺരൂപത്തിനു ചുറ്റും നിന്ന് സംഘം ആഹ്ലാദാരവം മുഴക്കി. പിന്നെ നടന്നുതുടങ്ങി. ഐസുപോലെ മോച്ചാച്ചി സ്തംഭിച്ചു. തീവെട്ടികൾ പിടിച്ച കിങ്കരന്മാരുടെ ആർത്തട്ടഹാസങ്ങൾക്ക് നടുവിലൂടെ ചിറയിലെ ഇരുട്ടിലൂടെ അരമണി കിലുക്കി യുവതി കാറ്റ്പോലെ നടന്നു. നടന്ന് നടന്ന് നടന്ന് ചിറയിറങ്ങി പാടത്തിനു നടുവിലൂടെ അങ്ങ് ദൂരേക്ക് പോയി. വെളിച്ചത്തിനു നടുവിൽ കാഴ്ചയുടെ അറ്റത്ത് ഒരു ചെമ്പട്ട് ഉറുമ്പ് സ്ത്രീ മങ്ങിപ്പോകും വരെയും മോച്ചാച്ചി അത് കണ്ടുനിന്നു. അത് പിന്നെ ഒരു കുഞ്ഞ് തീനാളം മാത്രമായി ചെറുതായി. പിന്നെ അതും കെട്ടു.

പിറ്റേന്ന് അത് സ്വപ്നംപോലെയോ സ്വപ്നം തന്നെയോ എന്ന് ഉറപ്പില്ലാത്ത ഒരു ഗാഢനിദ്രയിൽനിന്ന് മോച്ചാച്ചി ഉണർന്നു.

ഷനോജ് ആർ. ചന്ദ്രൻ എഴുതിയ കഥ 'ദീര്‍ഘനിദ്ര'
'കാലൊടിഞ്ഞ പുണ്യാളൻ' - ഷനോജ് ആർ ചന്ദ്രൻ എഴുതിയ കഥ കേൾക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com