രാകേഷ് നാഥ് എഴുതിയ കഥ ‘രതിപര്‍വം’

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
രാകേഷ് നാഥ് എഴുതിയ കഥ ‘രതിപര്‍വം’

'കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ

യതിമാത്രമിരുള്‍ തിങ്ങുമന്ധകൂപത്തില്‍.'

-കുമാരനാശാന്‍

രാത്രിയില്‍ ഇലക്ട്രീഷ്യന്‍ വന്ന് ബള്‍ബു ഒക്കെയിട്ട് കത്തിച്ചപ്പോള്‍ അയാളില്‍ ജീവിതം വീണ്ടും ചാര്‍ജ്ജായി. ഇലക്ട്രീഷ്യന്‍ സ്വിച്ച് ബോര്‍ഡ് വരെ നന്നാക്കുന്നതിനിടയില്‍ രതിയെ ഇടങ്കണ്ണിട്ട് നോക്കുന്നത് പ്രസാദ് ശ്രദ്ധിച്ചിരുന്നു. അതൊട്ടും പ്രസാദിന് ഇഷ്ടപ്പെട്ടിരുന്നില്ല, എന്നു മാത്രമല്ല ദേഷ്യം ഉള്ളില്‍ കനപ്പെട്ട് വരികയും ചെയ്തു.

ഇലക്ട്രീഷ്യന്‍ എങ്ങനെയെങ്കിലും ഒന്നു പോയിക്കിട്ടിയാല്‍ മതിയാര്‍ന്നു നാശം എന്ന് അയാള്‍ മനസ്സില്‍ പിറുപിറുത്തു. പിന്നെ വീണ്ടും വീണ്ടും സഹിച്ചുകൊണ്ടു നില്‍ക്കാന്‍ കാരണം കഴിഞ്ഞ ദിവസങ്ങളായുള്ള അന്ധകാരം തന്നെ. അന്ധകാരം പുരുഷനായ പ്രസാദിലെ പുരുഷത്വത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ അതു മാറിമാറി വരുന്നു എന്നയാളുടെ ഉള്ളില്‍ തോന്നിത്തുടങ്ങി. എങ്കിലും ഇലക്ട്രീഷ്യന്റെ ഈ പെരുമാറ്റങ്ങളില്‍ എന്തോ ഒരു സംശയനിഴല്‍ വാതില്‍ ചാരിനില്‍ക്കുന്ന ഭാര്യയിലേക്ക് നീണ്ടുപോയി.

ഇലക്ട്രീഷ്യനാവട്ടെ, എന്തോ മനസ്സിലായതുപോലെ പണി ഇത്തിരി സാവധാനമാക്കി തുടങ്ങുകയും ചെയ്തു. ഇലക്ട്രീഷ്യന്‍ വയറ് മുറിക്കുമ്പോഴും സ്‌ക്രൂ തപ്പുമ്പോഴുമെല്ലാം അയാള്‍ ടോര്‍ച്ച് വെളിച്ചത്തിന്റെ മറയില്‍ തന്റെ ഭാര്യയെ നോക്കുന്നത് പ്രസാദ് വീണ്ടും കണ്ടു. മെയിന്‍ സ്വിച്ച് വീടിനു പുറത്താണ്. ഇനി സ്വിച്ച് ഓണ്‍ ചെയ്യാന്‍ വേണ്ടി താനെങ്ങാനും പുറത്തേയ്ക്കിറങ്ങിയാല്‍ അയാളും തന്റെ ഭാര്യയും തമ്മില്‍... പ്രസാദ് ചിന്തിച്ചുകൊണ്ടിരുന്നു.

എന്തായാലും ചിന്തിച്ചതു പോലെയുണ്ടായില്ല. പണികള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ, ഇലക്ട്രീഷ്യന്‍ തന്നെ വീടിനു പുറത്തിറങ്ങി മെയിന്‍ ഫ്യൂസ് ഓണാക്കി. വീട് മുഴുവന്‍ പ്രകാശിച്ചു. പ്രസാദിന്റെ മുഖവും.

ഹാവൂ അയാള്‍ ഉള്ളില്‍ ആശ്വസിച്ചു.

ഒരു ശരീരവടിവു കാണിക്കുന്ന വസ്ത്രധാരണം കണ്ടപ്പോള്‍ അയാള്‍ക്കു വീണ്ടും ദേഷ്യം ഇരച്ചുകയറി. അടുപ്പിനു ചുവട്ടിലെ പഴയ ടിന്നുകള്‍ എടുത്ത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

ഇലക്ട്രീഷ്യന്‍ പോയിട്ട് പത്തുമിനിറ്റായിട്ടും ഭാര്യ രതി അതേപടിയുള്ള നില്‍പ്പ് തുടരുന്നതു കണ്ടപ്പോള്‍ പ്രസാദില്‍ ദേഷ്യം നുരഞ്ഞുപൊന്താന്‍ തുടങ്ങി. അയാള്‍ ഈ നില്‍പ്പിന്റെ പേരില്‍ വഴക്കടിക്കാതെ മറ്റൊരു വിഷയമാണ് പ്രശ്‌നവിഷയമാക്കി ഭാര്യയ്ക്കു മുന്നിലേക്ക് ഇട്ടത്.

ഇപ്പൊ, നീ എന്തു പഠിച്ചെടീ... അവസാനം ഓതറയിലെത്തിയല്ല്യോടീ... നിനക്ക് ഈ നാട് വേണ്ട, എന്റെ വീട്ടുകാരേ വേണ്ട, എന്നേയും വേണ്ട എന്നൊക്കെ പറഞ്ഞു പറഞ്ഞ് എന്നേം ഇവിടേന്ന് ചാടിച്ചിട്ട് ഒടുക്കം ഇവിടേയ്ക്ക് തന്നെ മടങ്ങിവരേണ്ടിവന്നില്യോടീ...

അയാള്‍ വല്ലാത്ത ആവേശത്തോടെയാണ് ഭാര്യയോട് അങ്ങനെ പറഞ്ഞത്. ഭാര്യയുടെ പരാജയം കാണുവാന്‍ അയാള്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഭാര്യ ഒന്നും മിണ്ടാതെ അതേ നില്‍പ്പ് തന്നെ തുടരുകയും ചെയ്തു.

അയാള്‍ക്ക് ഏറെ അപരിചിതമായിരുന്നിട്ടുകൂടി ആ വീട് അയാള്‍ ഏറെ ആസ്വദിക്കുന്നതായി തോന്നി.

'അടുക്കളയാകെ വൃത്തികേടായിരിക്കുന്നു... ഓ, അല്ലേലും എന്‍ജിനീയറിംഗ് പിള്ളേര് വാടകയ്ക്ക് താമസിച്ച സ്ഥലമല്ല്യോ, അല്ലേലും ഇതൊക്കെ ഇങ്ങനെയേ സംഭവിക്കൂ... ഇതെങ്കിലും കിട്ടിയല്ലോ എന്നോര്‍ക്ക്...'

ത്തിയാക്കല്‍പ്പണി എങ്ങനെ വേണമെന്ന് ആലോചിച്ച് രതി കുറേനേരം ചിന്തിച്ചു. പിന്നെ മുടി കെട്ടിവെച്ചു. ഒരു ശരീരവടിവു കാണിക്കുന്ന വസ്ത്രധാരണം കണ്ടപ്പോള്‍ അയാള്‍ക്കു വീണ്ടും ദേഷ്യം ഇരച്ചുകയറി. അടുപ്പിനു ചുവട്ടിലെ പഴയ ടിന്നുകള്‍ എടുത്ത് പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.

'നീ ചൂല് കൊണ്ടുവന്നില്യേ...'

'ഉം...'

അവള്‍ തലയാട്ടി.

'എന്നാപ്പിന്നെ തൂക്കരുതോ..!'

അയാള്‍ എഴുന്നേറ്റ്‌നിന്ന് മുണ്ടു മടക്കിക്കുത്താന്‍ തുടങ്ങവേ മുറിയില്‍ മൊബൈല്‍ഫോണ്‍ റിംഗ് ചെയ്യുന്നു. പ്രസാദ് വേഗം മുറിയിലേയ്ക്ക് കടന്നു. വീട്ടുടമസ്ഥനാണ്. അതും ഗള്‍ഫില്‍നിന്ന്.

'ങ്ഹാ... പ്രസാദേ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ... ഇനി ഉണ്ടെങ്കില്‍ത്തന്നെ നാളെ ചന്ദ്രന്‍നായരെ അങ്ങോട്ടു വിടാം. അയാള് വേണ്ടതെല്ലാം ചെയ്യും. അടുത്ത് തറവാടുള്ളപ്പോ അങ്ങോട്ട് പോയാ മതിയാരുന്നല്ലോ, എന്തിനാ പിന്നെ റിസ്‌ക് എടുത്തേ... അതും ഈ വെള്ളപ്പൊക്കക്കാലം അല്ലേ. ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി. വെള്ളം ഇറങ്ങിത്തുടങ്ങിയോ... വീട്ടില്‍ വിളിച്ചപ്പോള്‍ ആന്‍സി പറഞ്ഞാര്‍ന്നു, വെള്ളം വീണ്ടും പമ്പയില്‍ കൂടുന്നുണ്ട് എന്ന്.'

വീട്ടുടമസ്ഥനായതുകൊണ്ട് ഫോണ്‍ എങ്ങനെ കട്ട് ചെയ്യണമെന്നറിയാതെ പ്രസാദ് സഹിച്ചു നിന്നു കേട്ടു മുരണ്ടു. അയാളെ കടിച്ചുതിന്നാനുള്ള ദേഷ്യം പ്രസാദില്‍ നുരഞ്ഞുപൊന്തി. എന്തൊക്കെയോ പറഞ്ഞ് ഒടുവില്‍ ഫോണ്‍ സംഭാഷണം നിര്‍ത്തി. അടുക്കളയിലേയ്ക്ക് വീണ്ടും നടക്കാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഫോണ്‍ റിംഗ് ചെയ്യുന്നു. ഇലക്ട്രീഷ്യനാണ് വിളിക്കുന്നത്. ഫോണ്‍ അറ്റന്‍ഡ് ചെയ്യണോ എന്ന് പ്രസാദ് കുറേനേരം ചിന്തിച്ചുകൊണ്ടിരുന്നു. രണ്ടുതവണ അയാള്‍ വിളിച്ചു. വീണ്ടും കോള്‍ വരുമോയെന്നു നോക്കി വീണ്ടും കോള്‍ വന്നപ്പോഴേക്കും പ്രസാദ് ഫോണ്‍ അറ്റന്‍ഡ് ചെയ്തു.

'എന്താ ജോസേ...'

'പ്രസാദേട്ടാ ഞാന്‍ ഒരു കാര്യം മറന്നു. എന്റെ ഒരു ടെസ്റ്റര്‍ അവിടെയെവിടെയോ വെച്ച് ഞാന്‍ മറന്നു. അതൊന്നു നോക്കാമോ. കിട്ടുകയാണെങ്കില്‍ ഒന്നെടുത്തു വെച്ചേക്കണേ... ഇനിയിപ്പൊ രാത്രിയായി. കിട്ടുകയാണെങ്കില്‍ ഒന്നു വിളിച്ചേക്കണേ. ഞാന്‍ രാവിലെ വന്ന് എടുത്തോളാം. നാളെ ചെങ്ങന്നൂര് ഒരു പണിയുണ്ട്.'

'ശരി ശരി'

എന്നു വേഗത്തില്‍ പറഞ്ഞ് പ്രസാദ് ഫോണ്‍ വെച്ചു. അപ്പോഴേക്കും രതി 'ഇത് മറന്നുവെച്ചൂന്നാ തോന്നുന്നത്' എന്നു പറഞ്ഞ് ഇലക്ട്രീഷ്യന്റെ ടെസ്റ്ററുംകൊണ്ട് നടന്നുവന്നു. അയാള്‍ അതു വാങ്ങിവെച്ചു. നാളെ അയാള്‍ വരുമ്പോള്‍ കൊടുക്കണം എന്ന് ഒരു പഞ്ച് ഡയലോഗ് പോലെ പറയുകയും ചെയ്തു.

വീട് വൃത്തിയാക്കലും അടുക്കിപ്പെറുക്കലുമൊക്കെ കഴിഞ്ഞപ്പോള്‍ സമയം പതിനൊന്നര കഴിഞ്ഞു.

'ഇനി കുളിക്കണോ...

ഓ ഒരു കുളി... കാലും കയ്യും കഴുകാം...'

എന്നു പറഞ്ഞ് അയാള്‍ നടന്നു.

രണ്ട് പാഴ്‌സല്‍ ഊണായിരുന്നു. തണുത്തു മരവിച്ച രണ്ടു മൃതദേഹങ്ങള്‍പോലെ രതിക്ക് അതു രണ്ടും തോന്നി.

പുതിയ വാടകവീടിന്റെ അപരിചിതത്വം രതിക്ക് ഒരു അസ്വസ്ഥത ജനിപ്പിച്ചു. ഭര്‍ത്താവ് കഴിക്കാന്‍ വരുന്നതുവരെ രതി ചെറിയ മേശയ്ക്കരികില്‍ നില്‍പ്പു തുടര്‍ന്നു.

അയാള്‍ ആസ്വദിച്ചിരുന്നു കഴിച്ചു. രതിയാകട്ടെ, പതുക്കെ പതുക്കെ ചവച്ചുകൊണ്ടിരുന്നു.

'കുഞ്ഞുറങ്ങിയോ...?' എന്നൊരു ചോദ്യം ഭര്‍ത്താവില്‍നിന്നു കേള്‍ക്കാന്‍ രതി ആഗ്രഹിച്ചു.

കുറച്ച് ഞാനവള്‍ക്കു കൊടുക്കട്ടെ എന്നു പറഞ്ഞ് രതി എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ,

'നിനക്ക് ഇതെന്തിന്റെ കേടാണ്. ഉറങ്ങിയ കൊച്ചിനെ എഴുന്നേല്‍പ്പിച്ച് ഇനി ചോറ് കൊടുത്തിട്ട്... നീ ഇത് കഴിക്ക്.'

അയാള്‍ ശക്തിയായി കയ്യില്‍ പിടിച്ച് തീന്‍മേശയ്ക്കരികിലിരുത്തി. രതി അത് അനുസരിക്കുകയും ചെയ്തു.

'മംഗലം പാലമൊക്കെ വെള്ളം കയറിയെന്നാ കേള്‍ക്കുന്നേ... എന്തായാലും ചെങ്ങന്നൂര്‍ക്ക് പോവാതെ നമുക്ക് ഇങ്ങോട്ട് വരാന്‍ തോന്നിയതുതന്നെ മഹാഭാഗ്യം... അല്ലേലും നിനക്കിത് തന്നെ വേണമെടീ... നീ ഓരോ ചെറിയ കാര്യവും ഊതിപ്പെരുപ്പിച്ച് എന്റെ അമ്മേം ചേട്ടനേം വെറുപ്പിച്ച് ഈ നാട്‌വിട്ട് വാടകയ്ക്ക് എന്നേം കൊണ്ടും പോയതല്യേടീ... എന്നിട്ട് നാട്ടുകാരോട് ഒരു ഡയലോഗും... കെട്ട്യോന്‍ കുടിയനാണെന്ന്, കുടി നിര്‍ത്താന്‍ ചികിത്സയ്ക്ക് പോവണമെന്ന്... ഇപ്പോള്‍ എന്തായെടീ...'

രതി ഒന്നും മിണ്ടിയില്ല. ഇടയ്ക്ക് കറന്റ് ഒന്നു മിന്നി.

'നാശം കറന്റ് പോകാനായിരിക്കും വെള്ളപ്പൊക്കം വന്നത്. എന്തായാലും നന്നായി.'

അയാള്‍ വേഗം ചോറ് കഴിപ്പു തുടര്‍ന്നു.

'കുഞ്ഞിനു നല്ല പനിയുണ്ടായിരുന്നു. വല്ലതും കൊടുത്തില്ലേല്‍ രാത്രി മുഴുവന്‍ കിടന്നു കരയും...'

രതി സങ്കടത്തോടെ പറഞ്ഞു. അയാള്‍ അതു കേട്ടില്ല എന്നു നടിച്ചു. അയാള്‍ കൈകഴുകാന്‍ വേഗം നടന്നു.

'ഡീ... കറന്റ് പോകുന്നതിനു മുന്‍പ് വന്നു കിടക്കാന്‍ നോക്ക്.'

അയാള്‍ അതും പറഞ്ഞു മുറിയില്‍ പ്രവേശിച്ച് കട്ടിലില്‍ വീഴുന്ന ശബ്ദവും കേട്ടു.

'നശിച്ച വെള്ളപ്പൊക്കം കാരണം ഒരു കാര്യവും ശരിയായില്ല...'

അയാള്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ചില വാക്കുകള്‍ മാത്രം രതി കേട്ടുനിന്നു.

പനി പിടിച്ചുറങ്ങുന്ന കുഞ്ഞിന്റെ മുഖം മാത്രം അവളോര്‍ത്തു. വെള്ളപ്പൊക്കത്തില്‍ ആദ്യം കിട്ടിയ സാധനങ്ങളെടുത്ത് ഓടിയതും സ്‌കൂളില്‍ പോയതും അവിടത്തെ ആള്‍ക്കൂട്ടത്തിനിടയില്‍പ്പെട്ട് ഓടുമ്പോള്‍, ഓതറക്കാരനായ ലോറി െ്രെഡവര്‍ ഒരുവിധം കല്ലിശ്ശേരിയിലെത്തിച്ചതും അവിടന്നു ബോട്ടില്‍ ഇവിടെയെത്തിയതുമൊക്കെ മേശയ്ക്കു മുന്നിലിരുന്ന് രതി ആലോചിച്ചിരുന്നു.

പുറത്ത് രാത്രിയുടെ ശബ്ദങ്ങള്‍... തവളകളുടെ കരച്ചില്‍... ചീവീടുകളുടെ ശബ്ദം.

'ഇനിയും മഴയുണ്ട്... നാശം... എടീ. നീ എവിടെപ്പോയി കിടക്കുവാടീ...'

അയാളുടെ ആജ്ഞാസ്വരത്തിലുള്ള സംഭാഷണം പുതിയ വാടകവീട്ടില്‍ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.

അവള്‍ പാഴ്‌സല്‍ ഊണ് ഒട്ടും കഴിച്ചില്ല. പാഴ്‌സല്‍ അതുപോലെ മടക്കിവെച്ചു. വെള്ളം മാത്രം കുടിച്ചു. മുറിയിലേക്കു കടന്നു.

പ്രസാദ് ലൈംഗിക ബന്ധത്തിനായി രതിയെ നിര്‍ബ്ബന്ധിച്ചു. രതിയാകട്ടെ, താല്‍പ്പര്യമില്ലാതെ തിരിഞ്ഞുകിടന്നു. എന്നാല്‍, കലിപൂണ്ട അയാള്‍ ശത്രുവിനോടെന്നപോലെ കവിളത്തൊന്നു കൊടുത്തു. രതിയുടെ കണ്ണുകള്‍ കലങ്ങിപ്പോയി.

'ഇലക്ട്രീഷ്യന്‍ ജോസ് വന്നപ്പോ നിനക്ക് ഭയങ്കര ഉന്മേഷമായിരുന്നല്യോടീ... ഇപ്പൊ അതെവിടെപ്പോയി...'

രതി ഒന്നും മിണ്ടാതെ അയാളെ നോക്കി.

'എന്താടീ... നീ നോക്കുന്നോ' എന്നും പറഞ്ഞ് ഒരു വേട്ടമൃഗം കണക്കേ പ്രസാദ് രതിയെ ആക്രമിക്കുകയും സംഭോഗത്തിലേര്‍പ്പെടുകയും ചെയ്തു.

താഴെ തറയില്‍ പായയില്‍ കിടന്ന് മകള്‍ പനികൊണ്ട് കരഞ്ഞുകൊണ്ടിരുന്നു.

പ്രസാദ് ലൈംഗിക ബന്ധത്തിനായി രതിയെ നിര്‍ബ്ബന്ധിച്ചു. രതിയാകട്ടെ, താല്‍പ്പര്യമില്ലാതെ തിരിഞ്ഞുകിടന്നു. എന്നാല്‍, കലിപൂണ്ട അയാള്‍ ശത്രുവിനോടെന്നപോലെ കവിളത്തൊന്നു കൊടുത്തു. രതിയുടെ കണ്ണുകള്‍ കലങ്ങിപ്പോയി.

രാവിലെയായപ്പോഴാണ് അയാള്‍ക്ക് ആത്മവിശ്വാസം ഒന്നുകൂടി വര്‍ദ്ധിച്ചത്. പഴയ ബന്ധുക്കളും നാട്ടുകാരും എല്ലാവരും വന്നുകൊണ്ടിരുന്നു.

പ്രസാദിന്റെ ജ്യേഷ്ഠനും വന്നു.

'എന്തായാലും പ്രസാദേ... ഒരു പ്രളയം വന്നല്ലോ നിനക്ക് ഇങ്ങോട്ടൊന്നു വരാന്‍. അതിന് എന്തിനീ വാടകവീട്?... ഓ നിന്റെ ഭാര്യയ്ക്ക് ഇപ്പോഴും ഞങ്ങളെ പിടിക്കുവേലായിരിക്കും.'

'അതിന് ചേട്ടത്തീം ഒട്ടും മോശമല്ലല്ലോ...'

പ്രസാദ് തിരിച്ചു പറഞ്ഞു.

'ഇനി ഞാന്‍ ഓരോന്നു പറഞ്ഞ് പഴയ പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാക്കുന്നില്ല. എന്തായാലും അമ്മയും എന്റെ ഭാര്യയും മക്കളുമൊക്കെ നിങ്ങളെ കാത്തുനില്‍ക്കുകയാണ്. ഇപ്പൊത്തന്നെ പോരേ...'

അങ്ങനെയൊരു വാക്ക് കേള്‍ക്കേണ്ട താമസം അയാള്‍ എല്ലാം പായ്ക്ക് ചെയ്‌തോളാന്‍ രതിയോട് ആജ്ഞാപിച്ചു.

'ഇനി നീ മര്യാദയോടെ എന്റെ സ്വന്തം വീട്ടില്‍ കഴിഞ്ഞോണം. കേട്ടോടീ പുല്ലേ...' അയാള്‍ ചെവിയില്‍ മാത്രം ഓതുന്നതുപോലെ ഭാര്യയോട് പറഞ്ഞു.

അവള്‍ അതും അനുസരിച്ചു. അപ്പോഴേക്കും മഴ കൂടി.

'എന്നാപ്പിന്നെ റെഡിയായിട്ട് വിളിക്ക്... ഞാന്‍ രാജന്റെ ഓട്ടോ വിടാം. അതില് കേറി വന്നാമതി.'

ജ്യേഷ്ഠന്‍ സ്‌കൂട്ടറില്‍ പോകുന്നത് നോക്കി പ്രസാദ് സിറ്റൗട്ടില്‍ത്തന്നെ ഇരുന്നു.

'കണ്ടോടീ... ഇതാടീ രക്തബന്ധം. ഒരാപത്ത് വന്നപ്പോള്‍ കണ്ടോ, ഞങ്ങള് തമ്മില് എന്തു പ്രശ്‌നം ഉണ്ടെങ്കിലും ഒരാപത്ത് വന്നാല്‍ എല്ലാവരും ഒന്നാ... അതാടീ ഞങ്ങടെ നാട്.., നിന്റെയൊരു നാട് കുട്ടനാട്... ചത്തോ ജീവിച്ചോന്നറിയാന്‍ ആരേലും വിളിച്ചോടീ ഇതുവരെ...

അതെങ്ങനയാ മകള് എങ്ങനെ കഴിയുന്നുവെന്നും വിളിച്ചു ചോദിക്കാന്‍ ആ ...'

അപ്പോഴെക്കും രതി ചാടിവീണു.

'എന്റെ വീട്ടുകാരെപ്പറ്റിപ്പറയാന്‍ ചേട്ടന് ഒരു നാണോല്യേ... അവരൊക്കെ വെള്ളം കയറി സ്‌കൂളിലാണ് എന്നറിയാലോ, പിന്നെ എങ്ങനെ വിളിക്കാനാണ്?...'

ഇത്രയും തന്നെ വളരെ പേടിച്ചു പേടിച്ചാണ് രതി പറഞ്ഞത്.

'ഇങ്ങനെത്തെ ഒരുത്തിയാണല്ല്യോ എന്റെ തലയില്‍ വന്നുവീണത്. എന്തിന് നിന്നെപ്പറഞ്ഞിട്ട് ഒരു കാര്യവുമില്ല... ആ ബ്രോക്കര്‍ പന്നക്കഴുവേറിയെ പറഞ്ഞാല്‍ മതി...'

പിന്നെപ്പിന്നേം പ്രസാദ് പുറത്ത് മഴയിലേക്ക് നോക്കിക്കൊണ്ട് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.

ആരെയോ ഫോണ്‍ ചെയ്യാനായി അയാള്‍ അതിനിടയിലെല്ലാം ശ്രമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ മറ്റാരെയോ കിട്ടി.

'ങ്ഹാ... സനലേ... നമ്മുടെ റജിയെ കണ്ടോ, ഒരു കുപ്പി വല്ലോം കിട്ടാന്‍ വഴിയുണ്ടോ..?'

'എന്തുവാ പ്രസാദേട്ടാ... വെള്ളം കയറി ഇരിക്കുമ്പോഴാ കുപ്പി... ഫോണ്‍ വെയ്ക്ക്. ഞങ്ങള് മംഗലത്ത് പോവാ... കുറേ നാട്ടുകാര് ഇടനാട്ടില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. ചേട്ടന്‍ വരുന്നോ...?'

അതു കേട്ടതും അയാള്‍ ദേഷ്യത്തോടെ ഫോണ്‍ കട്ട് ചെയ്ത് വീണ്ടും അതേ ഇരിപ്പായി.

'നീ വേഗം റെഡിയാക്. ഉച്ചയ്ക്ക് മുന്‍പ് വീട്ടില്‍ പോകാം... എത്ര നാളായി എന്റെ അമ്മയുടെ കയ്യീന്ന് ഊണ് കഴിച്ചിട്ട്.'

'അതിന് ഞാനായിരുന്നോ കാരണം, നിങ്ങടെ ഒടുക്കത്തെ കുടിയായിരുന്നില്ലേ' എന്ന മറുപടിയാണ് രതിയുടെ മനസ്സില്‍ വന്നത്. എന്നാല്‍, അതു പുറത്തേയ്ക്ക് വന്നില്ല. ഒരിക്കല്‍ ഇതുപോലെ ഒന്നു പറഞ്ഞതിനാണ് ഇടത്തേ ചെവിക്ക് ഒരടി കിട്ടിയത്. അതുകൊണ്ടിപ്പോഴും ചെവി കേള്‍ക്കാന്‍ അല്‍പ്പം കുറവാണ്. ചെവിയൊന്നു പരിശോധിക്കുവാന്‍പോലും അയാള്‍ കൂട്ടാക്കിയില്ല.

രതി തുണികളും പാത്രങ്ങളും രണ്ടു ബാഗിലും ഒരു ചാക്കിലുമായി കെട്ടിവെച്ചുകൊണ്ടിരുന്നു. അവളുടെ ചെറിയ ഫോണ്‍ എടുത്തുനോക്കി. ചാര്‍ജ്ജില്ലാത്തതിനാല്‍ സ്വിച്ച് ഓഫായിരുന്നു. ചാര്‍ജര്‍ വെള്ളപ്പൊക്കത്തില്‍ പോവുകയും ചെയ്തു. ഇനിയെന്തു ചെയ്യും? രതി ദുഃഖിച്ചു നിന്നു.

പനിപിടിച്ച മകളെ ഒരുവിധം തുണിയില്‍ പൊതിഞ്ഞെടുത്തു. വീണ്ടും രണ്ടു കൊല്ലവും നാലു മാസവും പീഡാനുഭവങ്ങള്‍ മാത്രം തന്ന ഭര്‍തൃവീട് എന്ന കാരാഗൃഹത്തിലേക്ക് രതി കുഞ്ഞിനേയും എടുത്ത് വീണ്ടും ചവിട്ടുപടി കയറി.

ഭര്‍തൃമാതാവിന്റെ ചിരിയും അടുക്കളയില്‍ ഒതുങ്ങിക്കൂടുന്ന നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകളുടെ സുഖങ്ങളും രതിക്ക് ഓക്കാനം വരുത്തുന്നുണ്ടായിരുന്നു.

ഈ നശിച്ച സ്ഥലത്ത് ഒരിക്കലും വന്ന് വീണ്ടും ഒരടിമജീവിതം ജീവിക്കരുതേ എന്നു പ്രാര്‍ത്ഥിച്ച താനിതാ വീണ്ടും ഇരുള്‍വീണ ഭര്‍തൃവീട്ടിലേക്ക് എത്തേണ്ടിവന്നിരിക്കുന്നു.

അന്നുരാത്രിതന്നെ ഭാര്യയുടെ ദേഹത്ത് ഒരു ചവിട്ട് കിട്ടിക്കൊണ്ടായിരുന്നു ഭര്‍ത്താവിന്റെ വിരുന്ന്. നല്ലവണ്ണം മദ്യപിച്ച് ബോധമെല്ലാം പോയിരുന്നു.

'നീ ഉറങ്ങരുത്... എഴുന്നേല്‍ക്കടീ... നീ സുഖിക്കുന്നോ...?'

ഓര്‍ക്കാപ്പുറത്ത് അടിവയറ്റില്‍ ചവിട്ട് കിട്ടിയപ്പോഴുള്ള വേദനയില്‍ രതി നിന്നു പിടയുകയായിരുന്നു.

'എടീ കഴിവേറി മോളേ. ഇത്രേം നല്ല എന്റെ കുടുംബത്തെ ഉപേക്ഷിച്ച് പോകാന്‍ എങ്ങനെ മനസ്സ് വന്നടീ... ഇനി നീ മര്യാദയ്ക്ക് അടുക്കളയിലൊതുങ്ങിക്കോണം.

ഹോ. എന്തൊക്കെയായിരുന്നു. ചെങ്ങന്നൂര് പോയിട്ട് നീ എന്ത് ഉലത്തിയെടീ... വല്യ സര്‍ക്കാര് ജോലി കിട്ടുമത്രേ... ത്ഫൂ...'

ഒന്നു നീട്ടിത്തുപ്പിക്കൊണ്ട് അയാള്‍ കട്ടിലില്‍ ചാഞ്ഞു.

'പിന്നെ..., നീയല്യോ ജോലിക്കാരി... അങ്ങനെ നീ ഉണ്ടാക്കിക്കൊണ്ടുവന്നിട്ട് എന്നെ ഒണ്ടാക്കാന്‍ നോക്കണ്ടടീ...'

അയാള്‍ അര്‍ദ്ധമയക്കത്തില്‍ ഭാര്യയെ തെറിവിളികള്‍ നിര്‍ത്താതെ വിളിച്ചുകൊണ്ടിരുന്നു.

രതി അപ്പോഴും തറയില്‍ക്കിടന്ന് അടിവയറ് തിരുമ്മിത്തിരുമ്മി പൊട്ടിക്കരയുകയായിരുന്നു.

'നിന്നെക്കൊന്നാപ്പോലും ആരും ചോദിക്കാനില്ലടീ... മര്യാദയ്ക്ക് ജീവിക്കണമെന്നുണ്ടെങ്കില്‍ ഞാന്‍ തരുന്നതും വാങ്ങി കഴിച്ചു ജീവിച്ചോണം...'

അയാള്‍ പറഞ്ഞുപറഞ്ഞ് കൂര്‍ക്കംവലിച്ചുറങ്ങി.

പ്രസാദ് പണിക്കു പോയോ അവിടെയുണ്ടോ എന്നു ചോദിച്ചുകൊണ്ട് അയല്‍ക്കാരി വിജയമ്മ കയറി വന്നു. രതിയോട് അല്‍പ്പമെങ്കിലും അലിവുള്ള വ്യക്തിയായിരുന്നു അവര്‍. ആദ്യമായി കല്യാണം കഴിച്ചുവന്ന ദിവസം മുതല്‍ അവരെ കണ്ടതാണ്. ഓതറയിലെ ഈ ഭര്‍തൃവീട്ടില്‍ വന്ന് ആകെ കിട്ടിയ ഒരാശ്വാസം അയല്‍വാസിയായ വിജയമ്മയായിരുന്നു.

'അമ്മായിയമ്മ ഇരവിപേരൂരില്‍ പോയിരിക്കുവാ...'

മൂത്ത മരുമകള്‍ വിജയമ്മയോട് പറഞ്ഞു.

'പ്രസാദിന്റെ ഭാര്യ വന്നുവെന്നു കേട്ടല്ലോ. എന്തിയേ?'

എന്നു ചോദിച്ചതും രതി വന്നു.

'മോളേ, വെള്ളപ്പൊക്കത്തില്‍ നിന്റെ സാധനങ്ങളൊക്കെ പോയെന്നു കേട്ടു. മോള്‍ടെ വീട്ടിലും അങ്ങ് മങ്കൊമ്പിലും വെള്ളം കേറിയിരിക്കുവാണല്ലോ.'

അതു കേട്ടപ്പോഴേക്കും രതിയുടെ കണ്ണുകള്‍ നിറഞ്ഞുകവിഞ്ഞു.

'പ്രായമുള്ള അച്ഛനും അമ്മയുമല്ലേ... ഒന്നന്വേഷിക്കാന്‍പോലും പ്രസാദേട്ടന്‍ പോയില്ല ചേച്ചീ...'

'ഓ... അവന്റെ കാര്യം പറയാതിരിക്കുവാ ഭേദം... നായാട്ടല്യോ... നീയായിട്ടാ ഇപ്പോഴും അവനേം സഹിച്ചു ജീവിക്കുന്നത്. വേറൊരു പെണ്ണും അവന്റെ കൂടെ ഇത്രയും കാലം ജീവിക്കുമെന്ന് എനിക്കു തോന്നുന്നില്ല കൊച്ചേ...'

'അങ്ങനെ പറയരുതേ വിജയമ്മച്ചേച്ചീ... എന്റെ കുഞ്ഞിനു പിന്നെ ആരുണ്ട്? അങ്ങേര് ഉപേക്ഷിച്ചാ പിന്നേ ഞാനെങ്ങോട്ട് പോകും.'

'ഇതാ നിന്റെയൊക്കെ കുഴപ്പം... എടീ എന്തു പണിയും എടുത്തു ജീവിക്കണോടീ... ജോലിയില്ലെന്നും വിദ്യാഭ്യാസമില്ലെന്നും പറഞ്ഞിട്ട് ഇങ്ങനെ അടിമയായി ജീവിക്കണോ... നീ ചെങ്ങന്നൂര് വാടകയ്ക്ക് താമസിക്കാന്‍ പോയി എന്നു കേട്ടപ്പോള്‍ ഞങ്ങള് വിചാരിച്ചു, നീ രക്ഷപെട്ടെന്ന്... ഇതിപ്പോ, പണ്ടത്തേതിനേക്കാള്‍ കഷ്ടമാണല്യോടി...'

മൂത്ത മരുമകള്‍ മുറിയില്‍ നിന്നിറങ്ങിവന്നു.

'എന്താ വിജയമ്മേ പരദൂഷണമാണോ?'

'ഓ ഒന്നുമില്ല കൊച്ചേ... ഞാന്‍ രതിക്കൊച്ചിനോട് വിശേഷങ്ങളൊക്കെ ചോദിക്കാര്‍ന്നു.'

ഒരു പുച്ഛഭാവത്തില്‍ മരുമകള്‍ അടുക്കളയിലേക്ക് മറഞ്ഞു.

രതി പനിച്ചു കിടക്കുന്ന മകളെ എടുത്തുപൊക്കി മുറ്റത്തു കൊണ്ടുവന്നു.

കുട്ടി പൊടുന്നനേ ഛര്‍ദ്ദിച്ചു.

വിജയമ്മ അതുകണ്ട്, 'മോളേ ഇതിനെ ഡോക്ടറെ വല്ലതും കാണിക്ക്.'

'അയ്യോ, അതിനു വെള്ളപ്പൊക്കം കാരണം ആശുപത്രീയൊന്നും കാണുകേല. നീ വൈദ്യരെ കാണിക്ക്.'

'എന്റെ ചേച്ചീ ഒരു രൂപ എന്റെ കയ്യിലില്ല. ഇനി ഉണ്ടെങ്കില്‍ത്തന്നെ പുറത്തിറങ്ങാന്‍ അനുവാദമില്ല.'

'ദേവകിക്ക് ഇരവിപേരൂര്‍ വരെ പോകാന്‍ പറ്റുമെങ്കില്‍ ഈ കുഞ്ഞിനെ... നീയൊരു കാര്യം ചെയ്യ്... ഭഗവതിക്ക് ഒരു നേര്‍ച്ച പറയ്. ഒരു രൂപ നാണയം കൊച്ചിനെ ഉഴിഞ്ഞ് താ... ഞാന്‍ കൊണ്ടുപോയി ഇടാം...'

രതി ഒന്നും മിണ്ടാതെ നിന്നു.

'നീ എന്താ അനങ്ങാതെ നില്‍ക്കുന്നത്. വിളിച്ചാ വിളിപ്പുറത്തുള്ള ദേവിയാ... നീ ചെയ്യ്...'

'എന്റെ കയ്യില്‍ ഒരു രൂപപോലുമില്ല ചേച്ചീ...'

വിജയമ്മ അന്തം വിട്ടു.

'നീ വിഷമിക്കണ്ട. ഞാന്‍ വീട്ടില്‍പ്പോയി ഇപ്പൊ കൊണ്ടുവരാം...'

രതി അതേ നില്‍പ്പുതന്നെ തുടര്‍ന്നു.

എന്തായാലും ഭഗവതിക്കു നേര്‍ച്ച പറഞ്ഞു കഴിഞ്ഞതിനുശേഷം മകളുടെ രോഗത്തിന് അല്‍പ്പം ശമനം ഉണ്ടായി എന്നവള്‍ക്കു തോന്നി.

'പെയിന്റു പണിക്കാരന്‍ പ്രസാദിന്റെ വീടാണോ എന്നു ചോദിച്ച് ഒരാള്‍ വന്നു മുറ്റത്തു നില്‍ക്കുന്നു.'

മരുമകള്‍ രതിയോട് പറഞ്ഞു.

രതി ഇറങ്ങിച്ചെന്നു.

'ആരാ.'

'ഞാന്‍ സ്‌കൂളിലെ പുതിയ ഹെഡ്മാഷാ... വെള്ളപ്പൊക്കം കാരണം കുറച്ച് പെയിന്റ് പണിയുണ്ട്. പ്രസാദ് വന്നാല്‍ ഈ നമ്പരില്‍ ഒന്നു വിളിക്കാന്‍ പറയൂ... ഇതെന്റെ നമ്പരാണ്.'

രതി നമ്പര്‍ വാങ്ങിവെച്ചു. ഇനി എന്തൊക്കെയാവും കാര്യങ്ങള്‍ എന്ന് രതി ഊഹിച്ചു.

നമ്പര്‍ എന്തിനു നിന്റെ കയ്യില്‍ത്തന്നു, അയാള്‍ എത്രനേരം ഇവിടെ നിന്നു, പിന്നെ എന്തെങ്കിലും പറഞ്ഞോ എന്നും മറ്റുമുള്ള അയാളുടെ ചോദ്യങ്ങള്‍ രതി മുന്‍കൂട്ടി കണ്ടു. ശിഷ്ടജീവിതം വല്ലാതെ മടുത്തു തുടങ്ങിയിരിക്കുന്നുവെന്ന് രതി തിരിച്ചറിഞ്ഞു.

മൊബൈല്‍ ഫോണിനു പറ്റിയ ചാര്‍ജര്‍ ഇല്ലാതെ ആകെ കുഴഞ്ഞുനില്‍ക്കുകയായിരുന്നു രതി.

അടുക്കളയിലെ വെളുപ്പാന്‍ കാലം മുതലുള്ള ജോലി ഒരിക്കലും അവസാനിക്കാതെ തുടരുകയും ചെയ്യുന്നു. ഭ്രമണം തെറ്റിയ ഒരു ഗ്രഹത്തെപ്പോലെ അടുക്കളയില്‍ സ്വയം കറങ്ങുന്നതായി അവള്‍ക്കു തോന്നി. അല്‍പ്പനേരം തലകറക്കം മാറാന്‍ കസേരയിലിരുന്നു. പ്രഷര്‍ കുറവായതാണോ എന്ന സംശയം വന്നു. ഇത്തിരി കഞ്ഞിവെള്ളം ഉപ്പിട്ടു കുടിച്ചുകൊണ്ടു നില്‍ക്കവേ, മൂത്ത മരുമകള്‍ ഒരുങ്ങിവന്നു.

'രതീ... ഞാന്‍ മല്ലപ്പള്ളിക്ക് പോകുവാ... ചേട്ടന്‍ ഇത്തിരി നേരത്തെ വരികയാണെങ്കി വണ്ടി കൊണ്ടുവരേണ്ട എന്നു പറഞ്ഞേക്കണം.'

മൂത്ത മരുമകള്‍ ഒരുങ്ങിക്കെട്ടി പുറത്തേക്കിറങ്ങിയപ്പോഴേക്കും ഒരു ഓട്ടോ വന്നു റോഡില്‍ കിടക്കുന്നതു കണ്ടു. ഓട്ടോെ്രെഡവര്‍ അവരോട് അസംബന്ധം കലര്‍ന്ന നോട്ടവും ചിരിയും സംഭാഷണവും പറഞ്ഞുവെന്നു തോന്നുന്നു. അയാള്‍ അങ്ങനെയുള്ള ഒരാളാണ്. പണ്ട് താനും ഒരിക്കല്‍ ആ ഓട്ടോയില്‍ കയറിയപ്പോഴും അയാളങ്ങനെയൊക്കെയുള്ള വാക്കും ചിരിയും നോട്ടങ്ങളും തനിക്കു നേരെ കാണിച്ചിരുന്നു... അതോര്‍ത്ത് രതി ജനലില്‍ പിടിച്ചു നോക്കിക്കൊണ്ടു നിന്നു.

അടുക്കളപ്പണി കഴിഞ്ഞപ്പോഴേക്കും തുണികള്‍ അലക്കാനായി രതി പുറത്തേയ്ക്കിറങ്ങി. സര്‍വ്വരുടേയും തുണികള്‍ മൂന്നു ബക്കറ്റിലായി നിറഞ്ഞുകവിഞ്ഞിട്ടുണ്ട്. എല്ലാം കൂടി എടുത്തു പൊക്കി അലക്കുകല്ലിന്റെ സമീപത്തെത്തി. സോപ്പുപൊടിയിലിട്ട് കുതിര്‍ക്കവേ, റോഡില്‍ ഒരു മരണഘോഷയാത്ര പോകുന്ന ശബ്ദം കേട്ടു.

'സമയമാം... രഥത്തില്‍...'

കുരിശ് ചാര്‍ത്തിയ വണ്ടി, ആംബുലന്‍സ്, പിറകില്‍ നിറയേ വണ്ടികള്‍... ഏതാണ്ട് പത്തോളം കാറുകള്‍... എല്ലാ വീടുകളിലേയും സ്ത്രീകള്‍ ശവം പോകുന്നതും നോക്കി മതിലുകളിലും വേലിക്കരികിലുമായി നോക്കിനില്‍ക്കുന്നതു കണ്ടു.

രതിയെ നോക്കി വിജയമ്മ പറഞ്ഞു:

'വര്‍ക്കിച്ചായന്റെ ബോഡി കൊണ്ടുപോകുന്നതാ... കഴിഞ്ഞയാഴ്ച മരിച്ചതാ... ഇന്നാ അടക്കം. ജര്‍മ്മനീലുള്ള മകനും ഭാര്യയും വരാന്‍ വേണ്ടിയാ.'

എല്ലാ വണ്ടിയും പോയിക്കഴിഞ്ഞപ്പോഴേക്കും രതി തുണികള്‍ ഓരോന്നായി എടുത്ത് അലക്കുവാന്‍ തുടങ്ങി.

'ഒരിക്കല്‍ ഇന്നാട്ടില്‍ യുക്തിവാദസംഘം ഉണ്ടാക്കാന്‍ പുറപ്പെട്ട ആളാ... ഇപ്പോ ദാ പള്ളീല് കെടക്കുന്നു. മനുഷ്യന്റെ കാര്യമൊക്കെ അവസാനം ഇങ്ങനാ...'

ഇടവഴിയില്‍ക്കൂടി നടന്നുപോകുന്ന രണ്ടുപേരില്‍ ഒരാള്‍ സംസാരിക്കുന്നത് രതി കേട്ടുനിന്നു.

അകത്തുനിന്നും മകള്‍ വീണ്ടും കരയുന്നതു കേട്ടു, വേഗം രതി അകത്തേക്ക് ഓടിക്കയറി. തൊട്ടു നോക്കിയപ്പോള്‍ കുട്ടിക്ക് തിളയ്ക്കുന്ന പനിയാണ്.

രതി ആകെ വിഷമിച്ചു.

കുഞ്ഞിന് അപസ്മാരംപോലെയുള്ള ചേഷ്ടകള്‍ വരുമോ എന്ന ഭയം രതിയിലുണ്ടായി...

കുഞ്ഞിനെ തൊടാന്‍പോലും പറ്റുന്നില്ല. അതുപോലെ ചൂട്. ഫോണില്‍ ആരെ വിളിക്കാനാണ്. ഫോണ്‍ ചത്തുകിടക്കുകയാണ്. ഇനി മറ്റാരെയെങ്കിലും തന്നെ വിളിക്കണമെങ്കില്‍ ആരെ വിളിക്കാനാണ്? ഒരു നമ്പരും കാണാതെ തനിക്ക് അറിയില്ലല്ലോ എന്നു വിചാരിച്ച് രതി ദുഃഖിച്ചിരുന്നു.

ഇനി കുഞ്ഞിനേയുമെടുത്ത് മങ്കൊമ്പിലേക്ക് മടങ്ങിപ്പോകാം എന്നു വിചാരിച്ചാല്‍ അതും നടക്കാത്ത ഒരവസ്ഥ. ഒരു രൂപയില്ല. അതു മാത്രമല്ല, ചങ്ങനാശ്ശേരി മുതല്‍ വെള്ളപ്പൊക്കമാ... ഇനിയെന്തു ചെയ്യും.

കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്ക് പോകാം. ആരെങ്കിലും സഹായിക്കും. അങ്ങനെ ചെയ്തില്ല എങ്കില്‍ അവള്‍ മരിച്ചുപോകും...

രതി ഒരു ഭ്രാന്തിയെപ്പോലെ എല്ലാ മുറികളിലും അരിച്ചുപെറുക്കി. തനിക്കു പ്രവേശിക്കുവാന്‍ നിഷിദ്ധമായ മുറികളിലെല്ലാം കയറിയിറങ്ങി. ഒരു രൂപപോലും കിട്ടിയില്ല. പല അലമാരകളും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. ഒന്നിന്റേയും താക്കോലുകള്‍ കണ്ടില്ല. കാണുകയുമില്ല... ആ വീട്ടിലെ അംഗങ്ങളെല്ലാം ഓരോരോ താക്കോലുകള്‍കൊണ്ട് കടന്നുകളഞ്ഞിരിക്കയാണ്...

സ്വന്തം ജീവിതത്തിന്റെ താക്കോല്‍ നഷ്ടപ്പെട്ട ഒരടിമ സ്ത്രീയെപ്പോലെ രതി ഭിത്തിയില്‍ ചാരിനിന്നു.

ഇനിയെന്തു ചെയ്യും എന്ന് രതി ആലോചിച്ചു നിന്നു. ഒരെത്തുംപിടിയുമില്ല.

വീണ്ടും കുഞ്ഞ് കരയാന്‍ തുടങ്ങി. നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി.

രതി ബോധം കെട്ടവളെപ്പോലെ കുഞ്ഞിനേയുമെടുത്ത് നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി...

രതിയുടെ നിലവിളി കേട്ട് അയല്‍വീട്ടിലെ സ്ത്രീകള്‍ പെട്ടെന്നു പുറത്തേക്കിറങ്ങി.

അയല്‍വാസി വിജയമ്മ മകനേയും വിളിച്ചുകൂട്ടി പുറത്തേക്കിറങ്ങി. രതി കുഞ്ഞിനേയുമെടുത്ത് പുറത്തേയ്ക്കിറങ്ങി റോഡിലൂടെ ഓടുന്നത് അവര്‍ കണ്ടു.

എന്തോ പിശക് ഉണ്ടെന്നു പറഞ്ഞ് വിജയമ്മയും പിന്നാലെ പാഞ്ഞു.

അയല്‍വീടുകളില്‍നിന്നും വാടകവീടുകളില്‍നിന്നുമെല്ലാം പുറത്തേക്കു വന്ന സ്ത്രീകള്‍ രതിയുടെ പിറകെ ഓടി...

രാകേഷ് നാഥ് എഴുതിയ കഥ ‘രതിപര്‍വം’
ജിസ ജോസ് എഴുതിയ കഥ 'പാതാളത്തിന്റെ കവാടങ്ങള്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com