എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
എസ്.ആര്‍. ലാല്‍
എസ്.ആര്‍. ലാല്‍

മ്മുവക്കന്‍ എന്നാണ് അമ്മ അവരെ വിളിച്ചിരുന്നത്. അമ്മുക്കുട്ടി എന്നായിരുന്നു ശരിയായ പേര്. അമ്മയെക്കാള്‍ നാലോ അഞ്ചോ വയസ്സ് അവര്‍ക്കു കൂടുതലുണ്ടായിരുന്നു. കാഴ്ചയില്‍ അതൊന്നും പറയില്ല. അമ്മ വിളിക്കുന്നതു കേട്ട് ഞാനും അങ്ങനെ വിളിക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും അവര്‍ തിരുത്തി, നീ എന്നെ അമ്മുവമ്മ എന്നാണ് വിളിക്കേണ്ടത്.

നല്ല കിളരവും ഒത്ത വണ്ണവുമുള്ള സ്ത്രീയായിരുന്നു. സാരിയായിരുന്നു പതിവ് വേഷം. കയ്യിലൊരു കറുത്ത പേഴ്സുണ്ടാവും. വെയിലേല്‍ക്കാതിരിക്കാന്‍ എപ്പോഴും കുട നിവര്‍ത്തിപ്പിടിക്കും. നീളമുള്ള മുടിയുടെ താഴത്തായി പിച്ചിപ്പൂവോ തുളസിക്കതിരോ ചൂടിയിരുന്നു. തല ഉയര്‍ത്തിപ്പിടിച്ച് ആരെയും കൂസാക്കാതെയായിരുന്നു നടപ്പ്.

'മച്ചിവമ്മു' എന്നൊരു ഇടംപേര് അവര്‍ക്കൊപ്പമുണ്ടായിരുന്നു. പ്രസവിക്കാത്ത സ്ത്രീകളെ മച്ചി എന്നു നാട്ടില്‍ പറയും. കുട്ടികളുണ്ടാകാത്തതു കാരണം കെട്ടിയോന്‍ ഉപേക്ഷിച്ചു പോയതാണത്രേ. അങ്ങനല്ല, അയാളുടെ ദുര്‍നടപ്പു കാരണം അടിച്ചോടിച്ചതാണെന്ന ശ്രുതിയുമുണ്ട്. ഉടപ്പിറന്നോനുള്ളത് നഗരത്തിലാണ് താമസം. അയാളുമായി പിണക്കത്തിലാണ്.

ഭര്‍ത്താവുമായി പിരിഞ്ഞശേഷം ഒറ്റയ്ക്കാരുന്നു അവരുടെ പൊറുതി. തനിച്ചാണെങ്കിലും അവരെ ശല്യപ്പെടുത്താന്‍ ആരും ധൈര്യപ്പെട്ടില്ല. ചന്തയില്‍വെച്ച്, കറാമ്പെറപ്പ് പറഞ്ഞോന്റെ ചെകിടടിച്ച് പൊട്ടിച്ചിട്ടുണ്ട്. അടികൊണ്ടവന്‍ അടുത്ത നാട്ടിലെ ചട്ടമ്പിയാണ്. കട്ടിമീശയും ആരു കണ്ടാലും പേടിച്ചുപോകുന്ന രൂപവും. ചന്തയിലെ കടക്കാശ് പിരിവുകാരനായിരുന്നു. പുതുതായി വന്നതാണ്. ആളറിയാതെയാണ് അമ്മുവമ്മയുമായി കോര്‍ത്തത്. പെണ്ണല്ലേന്നും കരുതി. ചട്ടമ്പി, തിരിച്ച് കയ്യോങ്ങിയപ്പോള്‍ അമ്മുവമ്മ, ഇളിയില്‍ ഒളിപ്പിച്ചുവെച്ച പിച്ചാത്തി വലിച്ചൂരി. അവന്‍ പതറിപ്പോയി. അന്നേരം അവനെ ആരൊക്കയോ ചേര്‍ന്നുപിടിച്ചു മാറ്റി. ചട്ടമ്പിക്കു കൊടിയ നാണക്കേടായിപ്പോയി. പിന്നവന്‍ ചന്തയിലേയ്ക്ക് വന്നിട്ടില്ല. 'സി.ഐ.ഡി. അമ്മു' എന്നൊരു രഹസ്യവിളിപ്പേരും ആ സംഭവത്തോടെ അവരില്‍ വന്നുചേര്‍ന്നു.

വിശാലമായ പറമ്പിനു നടുവിലായിരുന്നു അമ്മുവമ്മേടെ വീട്. പറമ്പിനു ചുറ്റും മണ്ണുകൊണ്ടുള്ള കയ്യാലയും മുകളില്‍ ഓലകൊണ്ടുള്ള കമിഴ്ത്തുമുണ്ട്. വീട്ടിലേക്കുള്ള വഴിയില്‍ തടിപ്പലകയുള്ള ഗേറ്റുണ്ട്. നാട്ടില്‍ അക്കാലത്തുണ്ടായിരുന്ന അപൂര്‍വ്വം ഓടുമേഞ്ഞ വീടുകളിലൊന്നായിരുന്നു അത്. പറമ്പില്‍ നിറയെ പലകൂട്ടം മരങ്ങളാണ്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അമ്മുവമ്മയ്ക്ക് പണം പലിശയ്ക്കു കൊടുക്കുന്ന ഏര്‍പ്പാടാണ്. ചിട്ടി നടത്തിപ്പുമുണ്ടായിരുന്നു. അവര്‍ നടത്തിയിരുന്ന അന്‍പതു രൂപാ മാസച്ചിട്ടിയില്‍ അമ്മയുമുണ്ട്. അതിനെച്ചൊല്ലി അമ്മാമ്മയും അമ്മയും തമ്മില്‍ വഴക്കിട്ടു. വേണ്ടാത്ത പണിക്കാണ് ഇറങ്ങിയതെന്നാണ് അമ്മാമ്മയുടെ വാദം. മാസം എങ്ങനെ അന്‍പതു രൂപാ കണ്ടെത്തും എന്നതായിരുന്നു അവരുടെ ആധി. വീടിന്റെ കൂര നിലംപൊത്താറായിരുന്നു. മണ്ണുവെച്ച ചുമരാണ്. രണ്ട് മുറികളേ വീട്ടിനുള്ളൂ. കഴുക്കോലും ഉത്തരവുമെല്ലാം ചെത്തുപോയെന്നും മുകളില്‍ കയറി ഓലമേയാന്‍ പറ്റത്തില്ലെന്നും മേച്ചിലുകാര്‍ പരാതി പറയുന്നുണ്ട്. അതിനു പരിഹാരമായാണ് അമ്മ ചിട്ടിയില്‍ ചേര്‍ന്നിരിക്കുന്നത്. ''പിള്ളാര് നനയാതെ കിടക്കണ്ടേ?'' എന്ന ചോദ്യത്തിനു മുന്നില്‍ അമ്മാമ്മയുടെ മിണ്ടാട്ടം മുട്ടി.

വീട്ടിലാകെ ബുദ്ധിമുട്ടാണ്. പോരാത്തതിന് അമ്മേന്റെ വയ്യായ്കയും. അമ്മേന് മാസാമാസമുള്ള കുറിക്കാശ് കൃത്യസമയത്ത് കൊടുക്കാനൊന്നും കഴിഞ്ഞില്ല. അമ്മുവമ്മ പലപ്പോഴും വീട്ടിലങ്ങനെ പൈസയ്ക്കായി വന്നുപോയി. കയ്യിലുള്ളതു കൊടുത്ത് അമ്മ അവരെ മടക്കി അയച്ചു. മറ്റുള്ളവരോടൊന്നും കാട്ടാത്ത ദാക്ഷിണ്യം അവര്‍ ഞങ്ങള്‍ക്കു നല്‍കിപ്പോന്നു. വീട്ടിലേക്കു വരുമ്പോഴൊക്കെ മിഠായിയുടെ പൊതിയും എനിക്കു തരുമായിരുന്നു.

ഓലമെടച്ചിലായിരുന്നു അമ്മേന്റെ തൊഴില്‍. ഓലകെട്ടിയ വീടുകളാണ് നാട്ടിലെമ്പാടുമുള്ളത്. നൂറ് ഓലമെടഞ്ഞാല്‍ പതിനഞ്ചു രൂപ കൂലികിട്ടും. പലരും മെടയാന്‍ ഏല്പിച്ച ഓല മുറ്റത്തും അടുത്ത പറമ്പിലുമൊക്കെയായി ഉണ്ടാവും. ഓല, തോട്ടുവെള്ളത്തില്‍ താഴ്ത്തിവെച്ച് കുതിര്‍ക്കാനും അതിനെ മുറ്റത്തേയ്ക്ക് വലിച്ചുകൊണ്ടുവരാനും മെടഞ്ഞ ഓല ഉണക്കിയെടുക്കാനും അതിനെ അടുക്കിവയ്ക്കാനും അണ്ണന്‍ സഹായിക്കാറുണ്ട്. ഞാനും ഒപ്പം കൂടും.

പാതിരാത്രി ആയാലും അമ്മ ജോലി നിര്‍ത്തില്ല. മഞ്ഞുകൊള്ളാതിരിക്കാന്‍ തലയില്‍ തോര്‍ത്തുകൊണ്ടുള്ള കെട്ടുണ്ട്. അമ്മേന്റെ കൈവേഗം കണ്ടാല്‍ അത്ഭുതം തോന്നും. ഈ ദിവസം ഇത്ര ഓലമെടഞ്ഞെടുക്കും എന്നൊന്ന് അമ്മ കുറിച്ചിട്ടുണ്ടാവും. അതെത്തിയാലേ നിര്‍ത്തൂ. പുലര്‍ച്ചേ തുടങ്ങുന്ന പണിയാണ്. ഒരുദിവസം പരമാവധി പതിനഞ്ച് ഓലയൊക്കയേ മെടയാനാവൂ.

എസ്.ആര്‍. ലാല്‍
എം. നന്ദകുമാര്‍ എഴുതിയ കഥ 'എക്‌സ് എന്ന ശത്രു എത്തുന്ന നേരം'

രാത്രിയില്‍ ഞാനാണ് അമ്മയ്ക്ക് കൂട്ടിരിക്കുന്നത്. ചേട്ടന്‍ സന്ധ്യക്കേ കിടക്കും. എനിക്ക് ഉറക്കംവന്നിട്ട് സഹികെടും. അമ്മ ഒറ്റയ്ക്കായതിനാല്‍ കിടുന്നുറങ്ങാനും തോന്നില്ല. ചന്ദ്രനും നക്ഷത്രങ്ങളും അമ്മേം ഞാനും മാത്രമേ മുറ്റത്തുണ്ടാവൂ. സന്തോഷമാണെങ്കില്‍ അമ്മേന്റെ മൂളിപ്പാട്ടുണ്ടാവും. സിനിമാപാട്ടുകളാണ് പാടാറ്. റേഡിയോ വാങ്ങണമെന്നത് അമ്മേന്റെ വലിയ ആഗ്രഹങ്ങളിലൊന്നാണ്. ''വൈകാതെ നമ്മളത് വാങ്ങുമെടാ കൊച്ചേ'', അമ്മ ഒരിക്കല്‍ എന്നോട് മനസ്സു തുറന്നു.

എല്ലാ ദിവസവും അമ്മേന് ജോലി പറ്റില്ല. മാസത്തിലെ ഒരാഴ്ചയെങ്കിലും കിടപ്പാവും. വലിവിന്റെ അസുഖമാണ്. അന്നേരം ശ്വാസം കിട്ടാതെ പിടയും. മുട്ടുകാലില്‍നിന്നു കിതയ്ക്കും. കണ്ടുനിന്നാ നെഞ്ചുപൊടിയും. ആ ദിവസങ്ങളിലാണ് അമ്മാമ്മ വീട്ടില്‍ വന്നുനില്‍ക്കുന്നത്. ഭക്ഷണമൊക്കെ വെച്ചുതരും. ചിലനേരം അമ്മേമായി ചുമ്മാ വഴക്കുണ്ടാക്കും. സഞ്ചിയുമെടുത്ത് പിണങ്ങിപ്പോകും. പിന്നെ ഞാനും അണ്ണനും പോയാണ് കൂട്ടിക്കൊണ്ടുവരിക. അകലത്തിലൊരു ബന്ധുവാണ് അമ്മാമ്മ. അവര്‍ക്കു ചില നാടന്‍മരുന്നുകളൊക്കെ അറിയാം. അതില്‍ അമ്മേന് കുറച്ച് ആശ്വാസംകിട്ടും. തല ഉയര്‍ത്താനായാല്‍ ജോലിക്കിറങ്ങും. എങ്കിലേ ചിട്ടിക്കാശ് കൊടുക്കാനും വീട്ടുകാര്യങ്ങള്‍ നടത്താനും പറ്റൂ.

മാസത്തിലെ അവസാന ഞായറാഴ്ചയാണ് ചിട്ടിവിളി കേള്‍ക്കുന്നത്. അമ്മേന് അന്നേ ചിട്ടിക്കാശ് കൊടുത്തുതീര്‍ക്കാന്‍ പറ്റാറുള്ളൂ. ഞാനും അമ്മേനൊപ്പം പോകും. വീട്ടില്‍നിന്നും രണ്ടു മൈല്‍ ദൂരമുണ്ട്. ഇടവഴിയാണ്. കുന്നുകളാണ് ചുറ്റിലും. ഇടയ്ക്കിടെ നീര്‍ച്ചാലുകളുമുണ്ട്. നടന്ന് ഊപ്പാടിളകും. എങ്കിലും അവിടേക്കു പോകാന്‍ എനിക്ക് ഉത്സാഹമാണ്.

ഇടവഴിയില്‍നിന്നും അകത്തേയ്ക്ക് കയറിയാണ് അമ്മുവമ്മേടെ വീടിരിക്കുന്നത്. നടവഴിക്ക് ഇരുവശത്തും വാടാമുല്ലച്ചെടികളാണ്. അതു വൃത്തിയിലും ചന്തത്തിലും നട്ടിട്ടുള്ളതാണ്. മുറ്റത്ത് റോസയും ജമന്തിയും ഇലച്ചെടികളുമുണ്ട്. കുറച്ചകലെയായി ചെമ്പകമുണ്ട്. എപ്പോഴും അതില്‍ പൂവുണ്ടാകും. ഇതുപോലൊരു ഉദ്യാനം എനിക്കും ഉണ്ടാക്കണമെന്നുണ്ട്. അമ്മുവമ്മയോട് ചോദിച്ച് ചില ചെടികളുടെ വിത്തുകളും കമ്പുകളും വാങ്ങിയിട്ടുണ്ട്. അതു മുറ്റത്ത് നട്ടെങ്കിലും ഒന്നുപോലും മേലോട്ടുവന്നില്ല.

അവിടെ ചെന്നാല്‍ അമ്മുവമ്മ എന്നെ അകത്തേയ്ക്ക് ക്ഷണിക്കും. മുറുക്കോ ഉണ്ണിയപ്പമോ അച്ചപ്പമോ കളിവടയ്ക്കയോ സമ്മാനിക്കും. കവിളത്തൊരു മുത്തവും തരും. തലമുടിയില്‍ തലോടും. അപ്പോള്‍ അവരുടെ വസ്ത്രത്തില്‍നിന്നും താഴാമ്പൂവിന്റെ മണം വരും.

അമ്മേന് മേലാതായാല്‍ അണ്ണനാണ് ചിട്ടിക്കാശുമായി പോവുക. കൂടെ ഞാനും. അണ്ണനും അവരെ അമ്മുവമ്മ എന്നുതന്നെയാണ് വിളിക്കാറ്. പക്ഷേ, വീട്ടിനകത്തേക്ക് അണ്ണന് പ്രവേശനമുണ്ടായിരുന്നില്ല. എനിക്ക് പതിവുപോലെ കഴിക്കാനുള്ള പലഹാരം കിട്ടും. വഴിയില്‍ കൊറിക്കാനായി ചിലത് പൊതിഞ്ഞുതരും. അതില്‍നിന്നൊരു ഭാഗം അണ്ണന് കൊടുക്കും. ബാക്കി അമ്മേനുള്ളതാണ്.

കുറച്ചുദിവസമായി അമ്മേന്റെ മുഖത്ത് തെളിച്ചോന്നുമില്ല. കഠിനമായ ചില ആലോചനകളിലാണ്. നിലാവില്ലാത്തതിനാല്‍ അരികിലൊരു മുട്ടവിളക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ ചോദിക്കുന്ന പലതും അമ്മ കേള്‍ക്കുന്നില്ല. അമ്മേന്റെ മൂളിപ്പാട്ടില്ല. ആവശ്യമില്ലാതെ ദേഷ്യപ്പെടുന്നു. അമ്മാമ്മയുമായി കുശുകുശുക്കുന്നു. ദീര്‍ഘനിശ്വാസം പൊഴിക്കുന്നു. ആകപ്പാടെ വലിഞ്ഞുമുറുകിയ അന്തരീക്ഷം. ഞാന്‍ പാഠപുസ്തകം വായിക്കുന്നുണ്ടെങ്കിലും അമ്മേനേം ഇടയ്ക്കിടെ ശ്രദ്ധിക്കുന്നുണ്ട്.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ഞാന്‍ അമ്മേനൊപ്പമാണ് കിടക്കാറ്. അമ്മാമ്മയുള്ളപ്പോള്‍ അണ്ണന്‍ കിടക്കുന്ന തിണ്ണയില്‍ ചേക്കേറും. ''ഞാനൊരു കൂട്ടം പറയട്ടെ.'' അമ്മ രാത്രിയില്‍ എന്നെ അടുത്തുവിളിച്ചു. അമ്മാമ്മയും സമീപത്തിരിപ്പുണ്ട്. അണ്ണന്‍ ഉറക്കത്തിലേക്ക് കടന്നിരുന്നു. അമ്മ കണ്ണില്‍ നോക്കാതെയാണ് സംസാരിക്കുന്നത്.

''വളരെ ആലോചിച്ചിറ്റാണ് പറേണത് കൊച്ചേ. വരെവരെ, എനിക്കു വല്ലതും പറ്റിയാലോന്ന് പേടീണ്ട്.''

അമ്മേന് എന്തെങ്കിലും പറ്റുന്നത് എനിക്ക് ഇഷ്ടമല്ല. അമ്മേനെന്നല്ല ആര്‍ക്കും. എനിക്കന്നേരം കരച്ചില്‍വന്നു. ചുണ്ടു വിറച്ചു. വിമ്മല്‍ പുറത്തുചാടി. അമ്മ അന്നേരം എന്നെ ചേര്‍ത്തുപിടിച്ചു.

''നീ അമ്മുവക്കന്റെ വീട്ടീ പൊയ്ക്കോ. കുറേനാളായി അവരത് പറേന്ന്. നിന്നെ പൊന്നേപ്പോലവര് നോക്കിക്കോളും.''

മുറ്റത്ത് കാത്തുനിന്ന, കാറ്റ് വന്ന് വിളക്കണച്ചു. എനിക്ക് അമ്മേന്റെ മുഖം കാണാന്‍ മേലാ. ചുറ്റും ഇരുട്ടുവന്ന് മൂടി.

''അപ്പൊപ്പിന്നെ എനിക്ക് അമ്മേനെ കാണണ്ടേ?''

''നിനക്കെന്നെ വന്നു കാണാല്ലോ. അന്യനാട്ടിലേക്കൊന്നൂല്ലല്ലോ പോണത്. വിശേഷങ്ങള്‍ക്കൊക്കെ വരാം. പാങ്ങില്ലാത്ത കാലത്ത് നമ്മളെ സഹായിച്ചതാണെന്ന കാര്യം കൊച്ചിന് ഓര്‍മ്മ വേണം. പിന്നൊരുകാര്യം, നീ അവരുടെ ഉള്ളെരിക്കരുത്. വഞ്ചിക്കരുത്. അതെനിക്ക് വാക്കുതരണം.''

എന്റെ കയ്യെടുത്ത് അമ്മ സ്വന്തം കയ്യില്‍ മുറുകേപിടിച്ചു. പിന്നതെടുത്ത് തലയില്‍ വെച്ചു. ''തെറ്റിച്ചാ അമ്മേനാ ദോഷം.'' അമ്മേന്റെ കൈവെള്ളയിലും നെറ്റിയിലും പനിക്കുംപോലെ ചൂടുണ്ടായിരുന്നു. എനിക്കു കരച്ചില്‍വന്നിട്ടു വയ്യാരുന്നു.

''അപ്പോ അണ്ണനോ?'' ഞാന്‍ വിതുമ്പി.

''അവന്‍ ജീവിച്ചോളും. കൊച്ച് അതുപോലല്ല. തൊട്ടാവാടിയാ. അതു മാത്രോല്ല, നീ പടിക്കണ കുട്ടിയാ. നിന്നെ അവര് പടിപ്പിച്ചോളും. അമ്മാമ്മേം ഇതു തന്നാ പറേന്നത്. അമ്മ ദോഷം വരുന്നതൊന്നും ചെയ്യൂല. വലുതാവുമ്പം, ജോലീയൊക്കെ കിട്ടുമ്പോ അമ്മേനെ മറക്കാതിരുന്നാ മതി.''

ഉള്ളിലാകെ പരിഭ്രമം നിറഞ്ഞു. എനിക്കാകെ പരവേശവും വെപ്രാളവുമായി.

''ഞായറാഴ്ച അമ്മുവക്കന്‍ വരും. നീ അവരോടൊപ്പം പോയ്‌ക്കോണം'' -അമ്മ വിധി കല്പിച്ചു.

''അമ്മൂന് കൊറേ സ്വത്തൊള്ളതാ. അവളുടെ കാലംകഴിഞ്ഞാ, നിനക്കത് കിട്ടും. കളഞ്ഞു കുളിക്കരുത് ചെറുക്കാ. പവോതി (ഭഗവതി) തന്ന ഭാഗ്യമായിറ്റ് കരുതിക്കോണം.'' അമ്മാമ്മ രഹസ്യമെന്നോണം ശബ്ദം താഴ്ത്തി.

രണ്ടു മൂന്ന് ഉടുപ്പുകളും നിക്കറും പുസ്തകങ്ങളുമേ എനിക്ക് എടുക്കാനുള്ളൂ. പോകാന്‍ നേരം അമ്മേന്റെ മുഖത്ത് യാതൊരു ഭാവഭേദവും കണ്ടില്ല. അമ്മാമ്മ മുരിങ്ങാമരത്തിനു ചോട്ടിലിരുന്ന് പാത്രം കഴുകുന്നുണ്ടായിരുന്നു. അണ്ണനെ അമ്മ കടയിലേക്ക് പറഞ്ഞുവിട്ടിരുന്നു.

''ഓടിഓടി വരണമെന്ന് പറേരുത്. എന്തേലുമുണ്ടേ ഞാനങ്ങോട്ട് വന്നോളാം. അമ്മുവക്കനെ ബുദ്ധിമുട്ടിക്കരുത്. എല്ലാം പറഞ്ഞിറ്റൊണ്ടേ?'' അമ്മ ഓര്‍മ്മിപ്പിച്ചു. അമ്മാമ്മ അന്നേരം അകത്തേയ്ക്ക് കയറിപ്പോയി. പിന്നാലെ അമ്മയും. വഴിതിരിയാന്‍ നേരം ഞാന്‍ തിരിഞ്ഞുനോക്കി. മുറ്റം ശൂന്യമായി കിടന്നു. മുരിങ്ങാച്ചോട്ടിലേക്ക് പതിവുകാരായ കാക്കകള്‍ പാറിവന്നു.

അടുക്കളയും ഉമ്മറവും കൂടാതെ നാല് മുറികളായിരുന്നു ആ വീടിനുണ്ടായിരുന്നത്. എല്ലാം വലുപ്പമുള്ളവയാണ്. അതിലൊരു മുറി എനിക്കായി തയ്യാറാക്കിയിരുന്നു. പഠിക്കാനുള്ള മേശയും ഇരിക്കാന്‍ തടികൊണ്ടുള്ള കസേരയും അവിടുണ്ട്. കട്ടിലില്‍ പതുപതുപ്പുള്ള മെത്തയുണ്ട്. ജനാല തുറന്നിട്ടാല്‍ മുറ്റം കാണാം. ആകാശത്തെ നക്ഷത്രങ്ങളെ കാണാം. ജനാലവഴി മിന്നാമിനുങ്ങുകള്‍ കയറിവരും. അമ്മുവമ്മ അടുത്ത മുറിയിലാണ് കിടന്നിരുന്നത്. എനിക്കു പേടിതട്ടിയാലോ എന്നു പേടിച്ച് അവര്‍ വാതില്‍ ചാരുകയേ ഉള്ളൂ.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അമ്മുവമ്മയ്ക്ക് എല്ലാറ്റിനും ചിട്ടയുണ്ട്. സ്‌കൂള്‍ വിട്ടുവന്നാല്‍ കുളിച്ചിരിക്കണം. തണുതണെ തണുത്ത വെള്ളമാണ്. ചെമ്പകച്ചോട്ടില്‍ വിളക്കു കത്തിക്കണം. നിലവിളക്കിനു മുന്നില്‍ നാമം ജപിക്കണം. പാഠഭാഗങ്ങള്‍ ഉച്ചത്തില്‍ വായിക്കണം. ഹോംവര്‍ക്കുകള്‍ ചെയ്യണം. പഠിപ്പിച്ച ഭാഗങ്ങള്‍ അന്നന്നു പഠിക്കണം. ഇടയ്ക്ക് ചില ചോദ്യങ്ങളൊക്കെ അമ്മുവമ്മ ചോദിക്കും. കണക്കില്‍ അവരൊരു മിടുക്കിയായിരുന്നു. ബുക്കിലൊന്നും എഴുതാതെ വലിയ സംഖ്യകള്‍ കൂട്ടുകയും കുറയ്ക്കുകയും ഗുണിക്കുകയും ചെയ്യും. ഇംഗ്ലീഷ് പഠിപ്പിക്കാനായി ഒരു ട്യൂഷന്‍ ടീച്ചറെയും ഏര്‍പ്പാടാക്കി.

കിടക്കാന്‍ നേരം എനിക്കു സങ്കടം വരും. കണ്ണുനീര്‍ ചാലിട്ട് ഒഴുകിവരും. പുതപ്പ് തലവഴി മൂടിക്കിടക്കും. അമ്മുവമ്മ അതൊരിക്കല്‍ കണ്ടുപിടിച്ചു. എന്റെ അലട്ടലുകള്‍ ഒഴിവാക്കാനായി അവര്‍ ഏലസ്സ് ജപിച്ചു വാങ്ങി. സ്വര്‍ണ്ണംകൊണ്ട് പൂശിയ വിശേഷപ്പെട്ട ഒന്നായിരുന്നു അത്. ''ജീവനും പ്രാണനുമുള്ള ഏലസ്സാണ്. പ്രത്യേകം പറഞ്ഞു തയ്യാറാക്കിച്ചതാണ്. ഇനി എല്ലാ സങ്കടോം പോവും. ഉയര്‍ച്ചയുണ്ടാവും.'' അവര്‍ എന്റെ കൈവണ്ണയില്‍ കറുത്ത ചരടുള്ള ഏലസ്സിനെ ബന്ധിച്ചു. ചെമ്പകമരത്തിന്റെ ചോട്ടില്‍, വിളക്കിന്റെ മുന്‍പില്‍ വെച്ചായിരുന്നു അത്. നേരം സന്ധ്യയായിരുന്നു. ആകാശത്തുനിന്നും കുറേ കൊള്ളിമീനുകള്‍ താഴേക്കു വരുന്നുണ്ടാരുന്നു. ''ആഹാ! കൊള്ളിമീനാട്ടമാണല്ലോ. എല്ലാംകൊണ്ടും നല്ല ലക്ഷണം.'' പിന്നീട് അവരത് വിശദീകരിച്ചു തന്നു. കൊള്ളിമീനുകള്‍ കൂട്ടമായി വരുന്നതാണ് കൊള്ളിമീനാട്ടം. കൊള്ളിമീനുകള്‍ നൃത്തം ചെയ്യുന്നതാണ്. അപൂര്‍വ്വമായേ ഇതു സംഭവിക്കാറുള്ളൂ. ദൈവത്തിന്റെ സന്തോഷമാണിത്. ഒന്നു നിര്‍ത്തി ഇതും കൂട്ടിച്ചേര്‍ത്തു. ''മനുഷ്യന്റെ സന്തോഷം ഇത്രേയുള്ളൂ എന്നതിനും ചിലര് കൊള്ളിമീനാട്ടത്തെ ഉദാഹരണം പറയും. മിന്നായംപോലങ്ങ് വന്നുപോവുകയല്ലേ.'' ഞങ്ങള്‍ വീട്ടിലേയ്ക്ക് നടന്നു. ഞാന്‍ മലര്‍ന്നുനോക്കി. ആകാശത്തെ കൊള്ളിമീനാട്ടം നിലച്ചിരുന്നു.

ആശ്വാസം തോന്നുന്നുണ്ടോ. ഉറങ്ങാന്‍ കിടന്ന എന്നോട് അമ്മുവമ്മ ചോദിച്ചു. ഞാന്‍ തലകുലുക്കി. അന്നു രാത്രിയിലും കരച്ചില്‍ കണ്ണുകളുടെ പടവുകയറി വന്നു. എത്ര പിടിച്ചുവെച്ചിട്ടും പുറത്തേയ്ക്കാഞ്ഞ്, അതു തൂവിപ്പോയി.

വിരസമായൊരു ഞായറാഴ്ചയിലാണ് അയാള്‍ മുറ്റത്തേയ്ക്ക് കയറിവന്നത്. ട്യൂഷന്‍ കഴിഞ്ഞു മുറ്റത്ത് ഗോലി കളിക്കയാണ്. ഒപ്പം കളിക്കാന്‍ ആരുമില്ല. എതിരാളിയെ സങ്കല്പിച്ചുകൊണ്ടുള്ള നീക്കങ്ങളാണ്. കുറച്ചകലെ പോയാല്‍ കൂട്ടുകാരെ കിട്ടും. അതിന് അമ്മുവമ്മേടെ അനുവാദമില്ല. ചീത്തപ്പിള്ളാരാണ് അവരൊക്കെ എന്നാണ് അമ്മുവമ്മ പറയുന്നത്. അമ്മുവമ്മയെ പേടിച്ച് ആ പിള്ളാരൊന്നു ഇങ്ങോട്ടും വന്നിരുന്നില്ല.

വന്ന ആളുടെ കയ്യില്‍ സാധനങ്ങള്‍ നിറച്ച സഞ്ചി ഉണ്ടായിരുന്നു. പിന്നൊരു ബാഗും. പാന്റ്സായിരുന്നു ധരിച്ചിരുന്നത്. പാന്റ്സ് ധരിച്ചവര്‍ നാട്ടില്‍ കുറവായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകരെല്ലാം മുണ്ടാണ് ഉടുത്തിരുന്നത്. അപരിചിതന്‍ എന്നെ തുറിച്ചുനോക്കി. അധികാരഭാവത്തിലായിരുന്നു അയാളുടെ നില്പ്. എനിക്കത് ഇഷ്ടപ്പെട്ടില്ല.

''അമ്മു എവിടെപ്പോയെടാ?'' അയാള്‍ ഒച്ചയുയര്‍ത്തി.

''കുളിക്കാരിക്കും'' -കളിയില്‍നിന്നു ശ്രദ്ധമാറ്റാതെ ഞാന്‍ അലസമായി പറഞ്ഞു.

അയാള്‍ സിഗററ്റ് ചവിട്ടിക്കെടുത്തി, തിണ്ണയിലെ കസേരയിലേക്ക് കയറിയിരുന്നു. കാലിന്മേല്‍ കാലു കയറ്റിവെച്ചുകൊണ്ടുള്ള ഇരിപ്പാണ്. ചൂടകറ്റാനായി അടുത്തുകിടന്ന മാസികയെടുത്ത് വീശി. അവിടിരുന്ന് എന്നെത്തന്നെ അയാള്‍ നോക്കുന്നുണ്ടായിരുന്നു.

''എന്താടാ നിന്റെ പേര്?''

അയാള്‍ ആരാഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപ്പോഴേക്കും അമ്മുവമ്മ എത്തി. തല തോര്‍ത്തിക്കൊണ്ടായിരുന്നു വരവ്. അയാളെ കണ്ട് അമ്മുവമ്മ പതറിയതായി തോന്നി. അവര്‍ ചിരിച്ചെന്നു വരുത്തി. അയാളുടേത് പൊട്ടിച്ചിരിപോലൊന്നായിരുന്നു. പല്ലുകളെല്ലാം പുറത്തുവന്നു. അമ്മുവമ്മയേക്കാള്‍ കിളരവും വെളുപ്പും അയാള്‍ക്കുണ്ട്.

''ഞാന്‍ കത്തയച്ചിരുന്നല്ലോ. കിട്ടിയില്ലേ?''

''കിട്ടി... കിട്ടി... അതിനിപ്പൊ എന്താ അമ്മൂ. നിന്നെ വന്നു കണ്ടൂടാന്നുണ്ടോ.'' അയാള്‍ അമ്മുവമ്മേടെ അടുത്തേക്ക് സൗഹൃദത്തോടെ ചെന്നു.

''അതു വേണ്ടാത്തോണ്ടല്ലേ കത്തയച്ചത്.''

അന്നേരമാണ് അമ്മുവമ്മ മുറ്റത്തു നില്‍ക്കുന്ന എന്നെ കാണുന്നത്.

''നീ പോയി കുളിച്ചിട്ടുവാ'' -അമ്മുവമ്മ ആജ്ഞാപിച്ചു.

ഞാന്‍ കുളിമുറിയിലേക്കോടി. അവിടെ വെള്ളംകോരി വെച്ചിട്ടുണ്ട്. കുളികഴിഞ്ഞു വന്നപ്പോഴും വര്‍ത്തമാനം തീര്‍ന്നിട്ടില്ല. അയാളുടെ കയ്യില്‍ ചായക്കപ്പിരിപ്പുണ്ട്. അന്നേരം സംസാരത്തിന്റെ ഇടവേളകള്‍ കൂടിയിട്ടുണ്ടായിരുന്നു. എനിക്കത് അകത്തുനിന്നാലും കേള്‍ക്കാവുന്നതേയുള്ളൂ.

''ഇനി വരരുതണ്ണാ. അതു ശരിയാകത്തില്ല. ഞാന്‍ പറഞ്ഞില്ലേ, ഇവിടൊരു കൊച്ച് വളരുന്നുണ്ട്. എനിക്കിപ്പെ അതിന്റെ കാര്യാണ് പ്രധാനം. അണ്ണന്‍ പൊയ്‌ക്കോ.''

''ഇനീപ്പോ ബസ്സെവിടെ കിട്ടാനാ അമ്മൂ. ഞാന്‍ രാവിലെ പോകാന്നേ. എന്തായാലും വന്നതല്ലേ. ഇനി വരത്തില്ല.'' അയാള്‍ അവിടത്തന്നിരുന്നു.

''അതു പറ്റത്തില്ല. അണ്ണന്‍ പോയാട്ടെ.'' അമ്മുവമ്മ വാതില്‍ ശക്തിയില്‍ വലിച്ചടച്ചു. വീട് അടിമുടി കുലുങ്ങി. അയാള്‍ കുറച്ചുനേരം കൂടിയേ അവിടെ നിന്നുള്ളൂ. പിന്നെ ഇരുട്ടിലൂടെ നടന്നകന്നു.

അമ്മുവമ്മ ആകപ്പാടെ അസ്വസ്ഥയായിരുന്നു. എന്നോടൊന്നും മിണ്ടാനോ പറയാനോ വന്നില്ല. അന്ന് അത്താഴമൊന്നും കഴിച്ചതായും കണ്ടില്ല.

അയാള്‍ കൊണ്ടുവന്ന സഞ്ചി ഉമ്മറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. പിറ്റേന്നു രാവിലെ ഞാനാണ് അതു കണ്ടെത്തിയത്.

പിന്നീട് ഒരിക്കല്‍ക്കൂടി അയാള്‍ വന്നു, മൂന്നു നാലു മാസത്തിനുശേഷം. അതൊരു മുട്ടന്‍ വഴക്കിലാണ് അവസാനിച്ചത്. ഉണക്കാനിട്ടിരുന്ന മരക്കഷണമെടുത്ത് അയാള്‍, അമ്മുവമ്മയെ തല്ലാനായി ചെന്നു. ഞാന്‍ കിടുങ്ങിപ്പോയി. നിലവിളിച്ചുകൊണ്ട് അമ്മുവമ്മേടെ അടുത്തേയ്ക്ക് പാഞ്ഞു. അയാള്‍ എന്നെ തൊഴിച്ച് താഴെയിട്ടു. അമ്മുവമ്മ എന്റെ കയ്യേപ്പിടിച്ച് ഓടി അകത്തു കയറി. അയാള്‍ ശക്തിയില്‍ വാതിലില്‍ ചവിട്ടിക്കൊണ്ടിരുന്നു. വിജാകിരിയോടെ ഇളകി വാതില്‍ താഴേപ്പോകുമെന്നു തോന്നി. എന്തുവന്നാലും പുറത്തിറങ്ങരുതെന്ന് അമ്മുവമ്മ എന്നെ ശട്ടംകെട്ടി. എന്നെ വാതിലിനോട് ചേര്‍ത്തുനിര്‍ത്തി. ജനാല തുറന്നുകിടപ്പുണ്ട്.

വെട്ടുകത്തിയുമെടുത്ത് അമ്മുവമ്മ പിന്‍വാതില്‍ തുറന്നു. അയാള്‍ വരാന്തേല് നില്‍പ്പുണ്ടായിരുന്നു. പിന്നെ കാണുന്നത് അങ്ങേരുടെ തടിച്ച ദേഹം വലിയ ശബ്ദത്തോടെ മുറ്റത്ത് തെറിച്ചുവീഴുന്നതാണ്. തുടര്‍ന്നു പിടഞ്ഞെഴുന്നേറ്റ് ഓടുന്നതും. വേലിക്കല്‍നിന്ന് അയാളെന്തെക്കെയോ ചീത്ത വിളിച്ചു.

''നിനക്കെന്തേലും പറ്റിയോ?'' ഇല്ലെന്നു ഞാന്‍ തലയാട്ടി. തലവേദനയുണ്ടെന്നു പറഞ്ഞ് അവര്‍ മുറിയിലേക്കു പോയി. കുറേനേരം മുറി അടച്ചിരുന്നു. അന്നും അമ്മുവമ്മ ഭക്ഷണം കഴിച്ചതായി കണ്ടില്ല.

ഒരു വര്‍ഷത്തിനിടയില്‍ രണ്ടു വട്ടമേ വീട്ടിലേയ്ക്ക് പോയുള്ളൂ. അതിനിടയില്‍ അമ്മ എന്നെ കാണാന്‍ വന്നതുമില്ല. അമ്മാമ്മ മരിച്ച വിവരം വീട്ടിലെത്തീട്ടേ അറിഞ്ഞുള്ളൂ. അമ്മ എന്നെ ചേര്‍ത്തുപിടിക്കുമെന്നും പുന്നരിക്കുമെന്നും കരുതി. തീര്‍ത്തും അപരിചിതനായ ഒരാളോടെന്നപോലെയാണ് എന്നോട് പെരുമാറിയത്. ഒരാഴ്ചത്തേയ്ക്കാണ് വീട്ടിലേയ്ക്ക് വന്നത്. പക്ഷേ, അടുത്ത ദിവസം തന്നെ അമ്മുവമ്മ എന്നെ മടക്കിക്കൊണ്ടുപോകാനായി വന്നു. ''ഇവനില്ലാത്തോണ്ട് വീട്ടിലൊരു അനക്കവുമില്ലെന്ന്'' അമ്മയോട് സങ്കടപ്പെട്ടു.

ഒരു ദിവസം അണ്ണന്‍ സ്‌കൂളില്‍ കയറിവന്നു. ഞാനന്ന് ഏഴാം ക്ലാസ്സിലാണ്. അണ്ണന്‍ പത്ത് തോറ്റിരുന്നു. ചാലയിലെ മലക്കറിക്കടയില്‍ എടുത്തുകൊടുക്കാന്‍ നില്‍ക്കാണ്. ആഴ്ചയിലൊരിക്കലേ വീട്ടില്‍ വരൂ. അമ്മേനു സുഖമില്ലെന്നു പറയാന്‍ വന്നതാണ്. കഴിഞ്ഞ രാത്രിയില്‍ അമ്മേന് എന്തോ പറ്റിയെന്നു സ്വപ്നം കണ്ടതേയുള്ളൂ. ഞാന്‍ കരഞ്ഞ് ബഹളമുണ്ടാക്കി. അമ്മുവമ്മ ഓടിവന്നു. നെറ്റിയില്‍ ഭസ്മമിട്ടു. അടുത്തിരുന്ന് തലമുടിയില്‍ തലോടി. പിന്നെപ്പഴോ ഉറങ്ങിപ്പോയി. അമ്മേന് വയ്യാതാവുമ്പൊ സ്‌കൂളിലിരുന്നാല്‍ ഇരിപ്പുറയ്ക്കില്ല. ഇടയ്ക്കുപോയി അമ്മേനെ നോക്കണമെന്നു തോന്നും. ഞാനില്ലാത്ത നേരത്ത് അസുഖംകൂടി മരിച്ചുപോകുമെന്ന് ഭയക്കും. വീടെത്തി അമ്മേനെ കണ്ടാലേ സമാധാനമാവൂ.

തീരെ വയ്യെന്നും കഴിഞ്ഞ മൂന്നാലു ദിവസം ആശുപത്രിയിലായിരുന്നു എന്നും അണ്ണന്‍ അറിയിച്ചു. ''അമ്മുവമ്മ ആശുപത്രിയില്‍ വന്നാരുന്നു. നിന്നോടൊന്നും പറേരുതെന്ന് അമ്മ ശട്ടംകെട്ടി. ഇപ്പൊ വീട്ടീ വന്നു. കൊറവൊന്നും തോന്നണില്ല. ഡോക്ടറും തീര്‍ത്തൊന്നും പറേന്നില്ല. നീ വേണേ വന്നു കണ്ടോ.''

കിടന്നിട്ട് ഉറക്കം വന്നില്ല. അമ്മ മരിക്കാന്‍ പോകയാണ്. ഞാന്‍ അടുത്തുണ്ടെങ്കില്‍ അതു സംഭവിക്കില്ല. എനിക്കത് ഉറപ്പുണ്ട്. അമ്മയില്ലാതെ എനിക്കു ജീവിക്കാനൊക്കില്ല.

അമ്മുവമ്മ ഉറക്കത്തിലായിരുന്നു. വാതില്‍ തുറന്നു പുറത്തിറങ്ങി. ഇരുട്ടിനെ വല്ലാത്ത പേടിയാണ്. ധൈര്യം എവിടുന്നോ കവചമായി വന്നു. നിലാവ് വഴിയിലെമ്പാടും വീണുകിടന്നു. തണുത്ത കാറ്റടിച്ചു. ഇലകള്‍ ചുറ്റും പാറിവീണു. കൊള്ളിയാന്‍ മിന്നി. ഞാന്‍ വീട്ടിലേയ്‌ക്കോടി. നിര്‍ത്താതെയുള്ള പാച്ചിലായിരുന്നു.

ചേട്ടന്‍ ചുമരു ചാരിയിരുന്നു മയങ്ങുന്നു. ചിമ്മിനി വിളക്ക് അടുത്തിരുന്ന് കരിന്തിരി കത്തുന്നു. അമ്മ ഉറങ്ങീട്ടില്ല. ശ്വാസംകിട്ടാതെ നിലത്തുകിടന്ന് ഉരുളുന്നുണ്ട്. അതിനിടയില്‍ എന്നെക്കണ്ട് അമ്മ അമ്പരന്നു. പിന്നെ ദയാരഹിതമായി, കത്തുന്ന കണ്ണോടെ എന്നെ നോക്കി. തല ഉയര്‍ത്തി കൈകുത്തി ഇരുന്നു. ശ്വാസമെടുക്കാനായി പാടുപെട്ടു. കൃഷ്ണമണികള്‍ പുറത്തേക്കുന്തി.

''നീയെന്തിനാ വന്നത്?'' അമ്മ പല്ലിറുമ്മി. പിന്നെ നിലത്തുവിരിച്ചിരിക്കുന്ന പരമ്പിലേക്ക് ചരിഞ്ഞു. ഞാന്‍ അമ്മയുടെ തലയെടുത്ത് മടിയില്‍ വെച്ചു. നെറ്റിയും നെഞ്ചും തലോടി. കുറച്ചുനേരം അമ്മ ആശ്വാസപ്പെട്ടു. പിന്നാലെ മയങ്ങി. ചുറ്റും നിശ്ശബ്ദത വന്നു നിറഞ്ഞു.

എസ്.ആര്‍. ലാല്‍
അഖില കെ.എസ്. എഴുതിയ കഥ മൃതസഞ്ജീവനി

അന്നേരം പുറത്ത് അനക്കംകേട്ടു. കരിയിലകള്‍ അനങ്ങുംപോലെ. അമ്മേനെ കൊണ്ടുപോകാന്‍ കാലന്‍ വരുന്നതാണോ? എന്റെ ഹൃദയം പടപടാ മിടിച്ചു, ശരീരം കിലുകിലാ വിറച്ചു.

അമ്മുവമ്മയായിരുന്നു. അവര്‍ കിതയ്ക്കുന്നുണ്ട്. വിയര്‍പ്പ് ശരീരത്തിലാകെ പറ്റിപ്പിടിച്ചിരിക്കുന്നു. അന്നേരം രാത്രി രണ്ടു മണിയെങ്കിലുമാകും. പൊടുന്നനെയെന്നോണം മഴ തൂവി. അവര്‍ രൂക്ഷമായി എന്നെ നോക്കി.

''നീയെന്താ എന്നോട് പറയാതെ പോന്നത്? മനുഷ്യന്‍ തീ തിന്നില്ലേ.'' അവര്‍ ഒച്ച താഴ്ത്തിയാണ് ചോദിച്ചത്. ശബ്ദം കേട്ട് അമ്മ ആയാസപ്പെട്ട് എണീറ്റു.

''നീ പൊയ്‌ക്കോ.'' അമ്മ എന്നെ തള്ളിമാറ്റി. ആവുന്നത്ര ശക്തിയിലായിരുന്നു അത്.

ഞാന്‍ മുട്ടിനിടയിലേക്ക് തലതാഴ്ത്തി അവിടെത്തന്നിരുന്നു.

''അക്കാ അവന്‍ രാവിലേ വന്നോളും. നിങ്ങള് പൊയ്ക്കോളീന്‍.''

ഞാന്‍ അമ്മുവമ്മയ്ക്ക് മുഖംകൊടുത്തില്ല. അവര്‍ കുറച്ചുനേരം കൂടി അവിടെ നിന്നു. പിന്നെ പുറത്തേക്കിറങ്ങി. മഴത്തൂറ്റല്‍ നിലച്ചിരുന്നു. ഞാന്‍ കതകടച്ചു. അമ്മേന് വീണ്ടും വെപ്രാളം തുടങ്ങി. അതിനിടയില്‍ എന്തൊക്കയോ പുലമ്പി. മരിക്കാന്‍ പോകുന്നവര്‍ പിച്ചുംപേയും പറയുമെന്ന് അമ്മാമ്മ പറയാറുണ്ട്. അതൊരു സൂചനയാണ്. പേടിവന്ന് എന്നെ വീണ്ടും വരിഞ്ഞുമുറുക്കി. ഞാന്‍ അമ്മേനെത്തന്നെ കണ്ണുചിമ്മാതെ നോക്കിയിരുന്നു.

രാവിലെ കതക് തുറക്കുമ്പോഴുണ്ട്, അമ്മുവമ്മ തിണ്ണയില്‍ ഇരിപ്പുണ്ട്. മഴ മുറ്റത്തെയാകെ നനച്ചിട്ടിരിക്കുന്നു.

''വാ, പോവാം.'' അവര്‍ എന്റെ കൈപിടിച്ചു.

''ഞാനെങ്ങും വരുന്നില്ല.'' കൈതട്ടിമാറ്റി ഞാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

''അങ്ങനെ പറഞ്ഞാലെങ്ങനാ?'' അവരുടെ ശബ്ദം ഉയര്‍ന്നു.

അമ്മ പിടഞ്ഞെണീറ്റു വന്നു. കയ്യില്‍ കിട്ടിയ കൊതുമ്പിന്റെ കഷ്ണംകൊണ്ട് എന്നെ പൊതിരെ തല്ലി. ഞാന്‍ അനങ്ങിയില്ല. അമ്മ നെഞ്ചത്ത് കൈകൊണ്ടിടിച്ചു, പറ്റുവിളിച്ചു കരഞ്ഞു. പോടാ നെറികെട്ടോനേ എന്ന് അലറി. കൊന്നാലും പോകില്ലെന്നു ഞാന്‍ തീരുമാനിച്ചു.

''അവനെ അടിക്കേന്നും വേണ്ടടീ.'' അമ്മേനെ ശാസിച്ചിട്ട് അവരന്റെ നേരെ തിരിഞ്ഞു: ''നീ വരുന്നില്ലല്ലോ?'' അവസാനമെന്നോണമുള്ള ചോദ്യമായിരുന്നു അത്. ആ ശബ്ദത്തില്‍ ദൈന്യത നിറഞ്ഞിരുന്നു. അതു നന്നേ നേര്‍ത്തുപോയിരുന്നു.

കയ്യില്‍ കെട്ടിയിരുന്ന ഏലസ്സഴിച്ച് ഞാന്‍ അവര്‍ക്കു നേരെ നീട്ടി. അവര്‍ നിര്‍നിമേഷയായി എന്നെ നോക്കിനിന്നു. അവരതു വാങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ക്കു നേരെ ഞാനത് എറിഞ്ഞുകൊടുത്തു. അമ്മുവമ്മ അതു കുനിഞ്ഞെടുത്തു. പിന്നെ അതിനെ ഭവ്യതയോടെ രണ്ടു കണ്ണിലും ചേര്‍ത്തുവെച്ചു.

ഞങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധങ്ങളും ഇതോടെ അവസാനിക്കുമെന്ന് ഉറപ്പായിരുന്നു. അവരിനി അവകാശോം പറഞ്ഞു വരില്ല.

''ദേ ഇവന്‍ വന്നോളും അമ്മുവക്കാ.'' അമ്മ അണ്ണനെ ചൂണ്ടി.

''ഒരു പട്ടീം വരണ്ടെടീ. പിടിച്ചതും പോയി കിടച്ചതും പോയി എന്നതായി എന്റെ കാര്യം.'' അമ്മു വമ്മ മുറ്റം കടന്നു. അവര്‍ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു. പിന്നൊന്നുകൂടി എന്നെ തിരിഞ്ഞു നോക്കി. കുത്തിക്കയറുന്ന നോട്ടമായിരുന്നു അത്.

''പിടിച്ചതും പോയി കിടച്ചതും പോയി'' എന്നത് അമ്മാമ്മ പറയാറുള്ള വാചകമായിരുന്നു. കയ്യിലുള്ളതും വന്നുചേര്‍ന്നതും പോയി എന്നതാണ് അര്‍ത്ഥം. അമ്മുവമ്മ അന്നു പറഞ്ഞതിന്റെ ആന്തരാര്‍ത്ഥമൊന്നും എനിക്കന്നേരം പിടികിട്ടിയിരുന്നില്ല.

തോന്നലൊക്കെ വെറുതേയായി. ഞാന്‍ അടുത്തുണ്ടായിട്ടും മരണം നൂണ്ടു വന്നു. ആറു മാസമേ പിന്നെ അമ്മ ജീവിച്ചുള്ളൂ. അതിനും ഒരു മാസം മുന്‍പേ അമ്മുവമ്മയും പോയി.

അമ്മുവമ്മയുടേത് ദുര്‍മരണമായിരുന്നു. തൂങ്ങിമരണം. അവരുടെ പറമ്പില്‍നിന്നും ദുര്‍ഗ്ഗന്ധം വന്നു. മരിച്ച് രണ്ടുനാള്‍ കഴിഞ്ഞിരുന്നു. ഒരുങ്ങി തയ്യാറായി, യാത്രയ്ക്കു പോകുംപോലായിരുന്നു അത്. മുടിക്കു പിന്നില്‍ പിച്ചിപ്പൂവുണ്ടായിരുന്നു. നെറ്റിയില്‍ ചന്ദനം തൊട്ടിരുന്നു. സാരിയായിരുന്നു വേഷം. ചെമ്പകമരത്തിലാണ് കേറി തൂങ്ങിയത്.

കുറച്ചാളുകളേ മരണം തിരക്കി വന്നുള്ളൂ. അക്കൂട്ടത്തില്‍ ഞാനൊരാളെ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. സഹോദരന്റെ മകനാണ് കര്‍മ്മങ്ങളൊക്കെ ചെയ്തത്.

അമ്മുവമ്മേടെ വീടിനടുത്തുകൂടി ഇപ്പോള്‍ റോഡുണ്ട്. വഴിയിലാകെ വലുപ്പമുള്ള വീടുകള്‍ വന്നു. അതുവഴി പോകുമ്പോഴെല്ലാം ആ പറമ്പിലേയ്ക്ക് പാളിനോക്കും. അമ്മുവമ്മേടെ മരണശേഷം സഹോദരനായി അനന്തരാവകാശി. അയാള്‍ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. വീടിനെ കാണാത്തവിധം മരങ്ങള്‍ അതിനുമേല്‍ വളര്‍ന്നിട്ടുണ്ട്. അത് അവിടെയുണ്ടോ എന്നുതന്നെ അറിയില്ല. അങ്ങോട്ടേയ്ക്ക് പോയി നോക്കണമെന്നു പലപ്പോഴും കരുതീട്ടുണ്ട്; വണ്ടി നിര്‍ത്തി ഇറങ്ങീട്ടുമുണ്ട്. അന്നേരം ശരീരത്തിലേക്കൊരു വിറയല്‍ വന്നുകയറും. പിന്നത് വേണ്ടെന്നു വയ്ക്കും.

കഴിഞ്ഞ ദിവസം അണ്ണന്റെ വിളിവന്നു.

''നീ സൗകര്യംപോലെ ഇതിലേ വരണേ.''

നാട്ടിലേയ്ക്ക് വരലൊക്കെ കുറവാണ്. വന്നാലും അണ്ണനെക്കണ്ടങ്ങ് മടങ്ങും. പഴയ പരിചയക്കാര്‍ക്ക് മുഖംകൊടുക്കാതിരിക്കാന്‍ ശ്രമിക്കും. കല്യാണത്തിനോ മരണത്തിനോ പോകാറില്ല. കുട്ടികളെപ്പറ്റിയുള്ള ചോദ്യങ്ങളൊക്കെ കേള്‍ക്കുമ്പോ വിഷമമാണ്. ഇപ്പോഴിപ്പോ ഭാര്യയ്ക്കത് താങ്ങാന്‍ പറ്റുന്നില്ല. ഒളിയും മറയുമില്ലാതെ കരഞ്ഞുകളയും. അമ്മുവമ്മേടെ ശാപം എന്റെമേല്‍ ഇടിത്തീയായി വീണിട്ടുണ്ടോ എന്നു ചിലനേരം സംശയിക്കും. ഞാനന്നു ചെയ്തതിലെ ശരിതെറ്റുകളെ ഇപ്പോഴും തീര്‍പ്പാക്കാനായിട്ടില്ല. ചിലനേരം ചെയ്തതില്‍ തെറ്റില്ലെന്നതിന്റേയും മറ്റു ചിലപ്പോള്‍ കൊടിയ വഞ്ചന കാട്ടിയതിന്റേയും പെന്‍ഡുലമാടും. കാലമെത്ര കഴിഞ്ഞാലും, ചിലതിലെ ന്യായാന്യായങ്ങള്‍ കൃത്യമായി തെളിഞ്ഞു കിട്ടണമെന്നില്ലല്ലോ.

''ഇത്രേം ധൃതിപിടിച്ചുവരാന്‍ പാകത്തിലൊന്നുമില്ലാരുന്നു, സുനീ'' അണ്ണന്‍ മേലുകഴുകി വന്നു.

അണ്ണനു മണ്‍മട്ടിപ്പണിയാണ്. മക്കള്‍ രണ്ടാളും പുറത്താണ്. അവന്മാര്‍ അത്യാവശ്യം രക്ഷപ്പെട്ടു. എങ്കിലും അണ്ണന്‍ ഇപ്പോഴും ജോലിക്കു പോകും.

''കുറച്ചു ദെവസായിട്ട് നമ്മുടെ അമ്മുവമ്മേടെ പറമ്പിലാ ജോലി. അവിടെ പുതിയ വീട് വരുന്നുണ്ട്. അമ്മുവമ്മേടെ ഉടപ്പിറന്നോന്‍ ഒരാളുണ്ടായിരുന്നല്ലോ. അയാള് മരിച്ചു. അങ്ങേരുടെ മക്കളിലൊരുത്തന്‍ വീട് വയ്ക്കുന്നുണ്ട്. ആളുകേറാന്‍ പറ്റാതെ കാടുപിടിച്ച് കിടപ്പാരുന്നു. പഴയ വീടൊക്കെ താഴെപ്പോയി.''

അണ്ണന്‍ അകത്തു പോയി.

''ഇതു കണ്ടോ. പറമ്പീന്ന് കിട്ടിയതാണ്. ഇതല്ലേ നീയന്ന് കയ്യില് കെട്ടീരുന്നത്.''

അണ്ണന്‍ അതെന്റെ നേരേ നീട്ടി.

സ്വര്‍ണ്ണ നിറത്തിലുള്ള ഏലസ്സായിരുന്നു അത്. അതിനു പുറത്തുണ്ടായിരുന്ന മണ്ണിനെ ശ്രദ്ധയോടെ ഞാന്‍ തെളിച്ചെടുത്തു. അമ്മുക്കുട്ടിയുടേയും സുനിലിന്റേയും ചുരുക്കെഴുത്തായ 'എ.എസ്.' മങ്ങാതെ മായാതെ നില്‍പ്പുണ്ടായിരുന്നു.

''അവര് ചാകാന്‍ കേറീലേ, ആ ചെമ്പകമരം. അതിന്റെ ചോട്ടീന്നു കിട്ടീതാ. കണ്ടപ്പഴേ സംശയം തോന്നി. തൂങ്ങാന്‍ പോയപ്പം അവരിത് കയ്യില് കരുതീരിക്കണം.''

ഓ... ആ അവസാന വാചകം അണ്ണന്‍ പറയരുതായിരുന്നു.

കൈവെള്ളയിലിരുന്ന ജീവനെ ഞാന്‍ മുറുകെ പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com