ബേക്കല്‍ കോട്ടയിലെ ഒരു അസ്തമയക്കാഴ്ച. ബഹുവര്‍ണ്ണ കുപ്പായമണിഞ്ഞ് കടലിനെ വശീകരിക്കാനൊരുങ്ങിനില്‍ക്കുന്ന പടിഞ്ഞാറന്‍ ചക്രവാളം. തിരമാലകള്‍ക്ക് മീതേ മീനിളക്കം നോക്കി തലങ്ങും വിലങ്ങും ഒച്ചയുണ്ടാക്കി പറക്കുന്ന കടല്‍കാക്കകള്‍.
ബീച്ചിലും പരിസരങ്ങളിലും പതിവിലും കൂടുതല്‍ ആള്‍ത്തിരക്കുണ്ട്. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി മഹാശില്പി സൂര്യനാരായണനും ഭാര്യയും പുറത്തേക്കിറങ്ങി. മണല്‍പ്പരപ്പിലൂടെ അല്പദൂരം നടന്ന് രണ്ടുപേരും കടല്‍ത്തീരത്തെ ഒരു കല്‍ബഞ്ചിലിരുന്നു. കരയിലേയ്ക്ക് ആര്‍ത്തിരമ്പി പതഞ്ഞൊഴുകിവന്ന കടല്‍ത്തിര വെള്ളത്തില്‍നിന്നും ഓടി രക്ഷപ്പെട്ട നാലഞ്ച് കുതിരഞണ്ടുകള്‍ അടുത്തുള്ള മണ്‍കുഴികളിലേയ്ക്ക് അഭയം പ്രാപിച്ചു. തണുത്ത കടല്‍ക്കാറ്റ് കരയിലേയ്ക്ക് വീശിയടിച്ചു കൊണ്ടിരുന്നു.
കുപ്പായക്കീശയില്‍നിന്നും ഒരു ചുരുട്ടെടുത്ത് അയാള്‍ തീപ്പിടിപ്പിച്ചു. അന്തരീക്ഷത്തിലേയ്ക്ക് വലിച്ചൂതിവിട്ട പുകച്ചുരുളുകള്‍ക്കുള്ളില്‍ ചില അവ്യക്ത രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അല്പനേരം അയാള്‍ ചിന്താമഗ്‌നനായി.
ശക്തമായ ചെണ്ടമേള പെരുക്കത്തില്‍ ഭഗവതിത്തെയ്യം ചടുലതയോടെ ചുവടുകള്‍ വെച്ചു. കാവ് വിറപ്പിക്കുംവിധം തെയ്യം ഒന്നുരണ്ടു വട്ടം ആര്‍പ്പുവിളിച്ച് അട്ടഹാസമിട്ടു. ഭക്തജനക്കൂട്ടത്തിലേയ്ക്ക് അരിയും പൂവും വാരിയെറിഞ്ഞ് തെയ്യം വാചാലുകള്‍ ചൊല്ലി.
''നിനക്ക് സൃഷ്ടികല്പിച്ചത് അമ്മയല്ലേ?''
തെയ്യം ചോദിച്ചു.
''ഉം.''
അയാള്‍ പതുക്കെ മൂളി.
''സൃഷ്ടി സ്ഥിതി സംഹാരം നടത്തുന്ന ത്രിമൂര്‍ത്തികളുടേയും ശക്തിചൈതന്യമുറയുന്ന മഹാശില്പിയാണ് നീ. നിനക്ക് ദൈവത്തെ സൃഷ്ടിക്കാനാകും! അമ്മ ദൈവത്തെ...''
അയാളുടെ രണ്ടു കയ്യും ചേര്‍ത്തുപിടിച്ച് തെയ്യം ഉറഞ്ഞുതുള്ളി പറഞ്ഞു.
തലമല്ലികയില്‍നിന്നും ചെക്കിപൂക്കള്‍ താഴേയ്ക്ക് ചിതറിവീണ് കടല്‍ത്തിര വെള്ളം അങ്ങിങ്ങ് ചുകന്നു.
നാന്തകവാളിളക്കി
ചെണ്ടമേള പെരുക്കത്തിനൊപ്പം തെയ്യം കാല്‍ചിലമ്പുറയിച്ചു. പിന്നെ, തിരമാലകള്‍ക്കിടയിലൂടെ മുങ്ങാംകുഴിയിട്ട് പെട്ടെന്ന് അപ്രത്യക്ഷമായി.
അയാള്‍ ദീര്‍ഘനിശ്വാസമിട്ടു.
''വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ, എന്താണിത്ര ആലോചന?''
സാരിത്തലപ്പില്‍ അയാളുടെ മുഖത്തെ വിയര്‍പ്പുതുള്ളികള്‍ പതുക്കെ തുടച്ചുകൊണ്ട് ഭാര്യ ചോദിച്ചു:
''ഈ കടല്‍ത്തീരത്ത് എനിക്ക് ബൃഹദാകാരത്തിലുള്ള ഒരു ശില്പം പണിയണം. ഭഗവതിത്തെയ്യത്തെപ്പോലെ നാല്പത്തീരടി വലിപ്പമുള്ള ഒരു ശില്പം. മനയിലയും ചായില്യവും
ചാലിച്ച്, മുഖത്ത് പവനരച്ചെഴുതി എകിറും പൊയ്ക്കണ്ണും വെച്ചുള്ള സൗമ്യമൂര്‍ത്തിയായ അമ്മദൈവം. ജാതിമതഭേദമില്ലാതെ എല്ലാ കുഞ്ഞുകുട്ടി പൈതങ്ങള്‍ക്കും മുലയൂട്ടുവാന്‍ തക്കവണ്ണം ചുരത്തി നില്‍ക്കുന്ന വലിയ മാര്‍മുലകള്‍ അതിനു വേണം. കരിങ്കല്ലില്‍ കമനീയമായി കൊത്തിയെടുക്കേണ്ട ആ മഹാശില്പത്തിനു നീ മാതൃകയാകണം.'' വികാരാധീനനായി ഭാര്യയെ ചേര്‍ത്തുപിടിച്ച് അയാള്‍ പറഞ്ഞു.
''അമ്മ ആരാണെന്നും അമ്മയുടെ നിര്‍വ്വചനമെന്താണെന്നും അറിയാത്തവളാണ് ഞാന്‍. ഇത്ര കാലമായിട്ടും അങ്ങയുടെ ഒരു കുഞ്ഞിനു ജന്മം നല്‍കാന്‍പോലും കഴിയാത്ത ഞാനെങ്ങനെ ഒരമ്മയാകും?''
അപ്രതീക്ഷിതമായ അവളുടെ മറുപടിയില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനായി.
''ഈ ഭൂമിയാണ് അമ്മ. പ്രകൃതിയും അമ്മയാണ്. പ്രസവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിനക്കും ഒരമ്മയാകാന്‍ കഴിയും.''
അയാള്‍ അവളെ സമാശ്വസിപ്പിച്ചു.
''പ്രകൃതി അമ്മയാണെങ്കില്‍ പിന്നെ പിതാവ് ആരാണ്?''
അവളുടെ ചോദ്യത്തില്‍ അയാള്‍ തെല്ലും പ്രകോപിതനായില്ല.
''ആകാശം. ആകാശത്തിന്റേയും ഭൂമിയുടേയും പിഞ്ചോമനകളാണ് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍!''
ആകാശത്തേയ്ക്ക് വിരല്‍ചൂണ്ടി അയാള്‍ പറഞ്ഞു.
കടല്‍ക്കരയില്‍ അങ്ങിങ്ങായി വളര്‍ന്നുപന്തലിച്ച് നില്‍ക്കുന്ന മഞ്ചനാത്തി
ചെടിയില്‍ ചേക്കേറാനെത്തിയ കുഞ്ഞുകുരുവികള്‍ കൂട്ടത്തോടെ ഒച്ചയിട്ടു.
''ശില്പത്തിനൊപ്പം ഒരു കുഞ്ഞും വേണം. അമ്മയും കുഞ്ഞും. കുഞ്ഞുണ്ടെങ്കില്‍ അമ്മയ്‌ക്കൊരു പൂര്‍ണ്ണതയുണ്ടാകും.'' അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവള്‍ പറഞ്ഞു.
''ആണ്‍കുഞ്ഞോ അതോ പെണ്‍കുഞ്ഞോ?''
അയാള്‍ ചോദിച്ചു.
''കുഞ്ഞ് ഏതായാലും എനിക്ക് അമ്മേ എന്നുള്ള വിളി കേള്‍ക്കണം.''
പരിഭവം മറച്ചുപിടിച്ച് അവള്‍ പറഞ്ഞു.
''ഇനി നമുക്ക് കോട്ടയുടെ അകത്തെ കാഴ്ചകള്‍ കാണാം.''
കത്തിത്തീരാറായ ചുരുട്ട് ആഞ്ഞുവലിച്ച ശേഷം അയാള്‍ പറഞ്ഞു.
നടപ്പാതയ്ക്കിരുവശത്തുമുള്ള കോട്ടക്കൊത്തളങ്ങളും കല്‍ചുമരുകളും വിളക്ക്കാലിന്റെ പ്രഭയില്‍ തിളങ്ങിനിന്നു. പഴമയുടെ പുതുമപേറി നില്‍ക്കുന്ന വിഹാരങ്ങള്‍ക്കു സമീപം വിദേശ സഞ്ചാരികളുടെ ഒരു ചെറുസംഘം ഗിത്താര്‍ മീട്ടി പാട്ടുപാടുകയാണ്. കടലിന്റെ ഉറുക്കരഞ്ഞാണം പോലെയുള്ള കരിങ്കല്‍പ്പാറകളില്‍
തിരമാലകള്‍ പൊട്ടിച്ചിതറി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു.
കോട്ടയുടെ തെക്ക് ഭാഗത്തെ വലിയ പാലമരത്തിനടുത്തുള്ള ഗുഹാതുരങ്കത്തിലൂടെ ശില്പിയും ഭാര്യയും കോട്ടയ്ക്കകത്തേക്ക് പ്രവേശിച്ചു. കടലില്‍നിന്നും മുന്നൂറടിയിലധികം ഉയരമുള്ള ഗിരിശൃംഗങ്ങള്‍ക്കു മുകളില്‍ കയറി അയാള്‍ ഭാര്യയോട് കോട്ടയുടെ കഥ പറയാന്‍ തുടങ്ങി:
''കാലത്തിനും പ്രകൃതിക്കും നാശം വിതക്കാനാകാത്തതാണ് ഇക്കേരി രാജാക്കന്മാരുടെ യുദ്ധഭൂമികയായ ഉരുക്കിന്റെ കരുത്തുള്ള ഈ കോട്ട. രക്തരൂഷിതമായ നിരവധി പോരാട്ട സ്മരണകളുറങ്ങുന്ന ചരിത്രസ്മാരകം. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തിലെത്തിയപ്പോഴേക്കും കോട്ട ഒരു കൊലക്കോട്ടയായി മാറി.
ചുട്ടുപൊള്ളുന്ന കഠിനമായ ഒരു വേനല്‍ക്കാലം. ബ്രിട്ടീഷ് പട്ടാളക്കാരുടെ തീയുണ്ടയില്‍ ബേക്കലിന്റെ കടല്‍വെള്ളം മനുഷ്യരക്തം വീണ് ആദ്യമായി ചുകന്ന ദിനം. ജനിച്ച നാടിന്റെ സ്വാതന്ത്ര്യത്തിനും അമ്മപെങ്ങന്മാരുടെ ജീവനും മാനവും കാത്തുസംരക്ഷിക്കാനായി വാളും പരിചയുമേന്തി പൊരുതിമരിച്ച ഇക്കേരിപ്പടയാളികളുടെ ചോരമണക്കുന്നതാണ് ഈ മണ്ണ്. വീരസാഹസികരായ രാജാക്കന്മാരുടേയും പോരാളികളുടേയും ചരിത്രം രേഖപ്പെടുത്താത്ത ജീവന്‍ തുടിക്കുന്ന കഥകള്‍ കോട്ടയ്ക്ക് പറയാനുണ്ട്.
ബേക്കല്‍ കോട്ടയുടെ യഥാര്‍ത്ഥ ശില്പിയും നായകനുമായിരുന്നു ശിവപ്പനായ്ക്ക്. പായല്‍ പിടിച്ചും കാലം കറുപ്പിച്ചും നശിക്കാതെ ആളുയരത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മാസ്തിക്കുന്ന്, ശിവപ്പന്റെ കടലെടുക്കാത്ത കല്ലറ. ഇതിനകത്ത് ഇടതും വലതും ചേര്‍ന്നുകിടക്കുന്നതാണ് ശിവപ്പനായ്ക്കിന്റേയും ഭാര്യ സീതമ്മയുടേയും ശവകുടീരം.
സതീക്കല്ലെന്നും വീരക്കല്ലെന്നും ഇക്കേരി രാജകുടുംബം
പേരിട്ടു വിളിച്ച രണ്ട് സ്മാരകങ്ങള്‍!
ദൈവിക പരിവേഷം ചാര്‍ത്തി പഴമക്കാര്‍ പൂജകളും ആഘോഷങ്ങളും നടത്തിവന്നിരുന്ന പുണ്യ പവിത്രമായ ഒരിടം.
ശിവപ്പനായ്ക്കിന്റെ ചിതയിലേക്കെടുത്തു ചാടി ആത്മാഹൂതി നടത്തിയ പതിവ്രതാരത്‌നമായിരുന്നു സീതമ്മ. മരണംവരെയും രണ്ടുപേരും
കാത്തുസൂക്ഷിച്ച നിസ്വാര്‍ത്ഥവും ശാശ്വതവുമായ പ്രേമത്തിന്റെ സ്വര്‍ഗ്ഗീയ സങ്കേതം. ചരിത്രം ഖനനം ചെയ്‌തെടുക്കാത്തതിനാല്‍ കാലം അവയോരോന്നും ഇവിടെ മണ്ണുമൂടിക്കൊണ്ടിരിക്കുകയാണ്.
സദാശിവനായ്ക്കായിരുന്നു ഇക്കേരി രാജാക്കന്മാരില്‍ ഒന്നാമന്‍. പ്രഭുക്കന്മാരുടേയും ചില നാടുവാഴികളുടേയും അധീനതയിലുണ്ടായിരുന്ന കോട്ട യുദ്ധം ചെയ്തു കീഴടക്കിയത് സദാശിവനായ്ക്കായിരുന്നു. വിശാലവും പ്രകൃതിരമണീയവുമായ നാല്‍പ്പത് ഏക്കര്‍ സ്ഥലത്താണ് കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടയുടെ കവാടത്തിനു മുന്നില്‍ വിജയപതാക ഉയര്‍ത്തി ആദ്യം 'ബേക്കൂലോം' എന്ന സ്ഥലനാമം ചൊല്ലി വിളിച്ചത് സദാശിവനായ്ക്കാണ്. വാമൊഴിയായിരുന്ന പേര് ലോപിച്ച് പിന്നീടത് ബേക്കലമെന്നു വരമൊഴിയായി.
സദാശിവ സ്ഥാപിച്ച വിജയസ്തംഭത്തിന്റെ തുരുമ്പെടുത്ത ഭാഗങ്ങളും അവര്‍ താമസിച്ചിരുന്ന കൊട്ടാരാവശിഷ്ടങ്ങളുമെല്ലാം ഇന്നു പുരാവസ്തുവായി മാറിക്കഴിഞ്ഞു.
കോട്ട ശക്തവും ഏറെ പ്രബലവുമാക്കി മാറ്റിയത് ഇക്കേരി നായ്ക്കന്മാരില്‍ ഉദാരമതിയും സൗമ്യ സ്വഭാവക്കാരനുമായ മൂത്ത വെങ്കടപ്പനായ്ക്കായിരുന്നു. വെങ്കടപ്പനു ദിവസവും വായ് നിറയെ നാലുംകൂട്ടി മുറുക്കണം. ഇതിനായുള്ള മുന്തിയ ഇനം പുകയിലയും മറ്റു സുഗന്ധദ്രവ്യങ്ങളും മലേഷ്യയില്‍നിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്. മലേഷ്യന്‍ രാജാവ് സൈനുദ്ദീന്‍പാഷ വര്‍ദ്ധിച്ച നിരക്കില്‍ കയറ്റുമതി ചുങ്കം ചുമത്തിയപ്പോള്‍, വെങ്കടപ്പന്‍ നാട്ടില്‍ പുകയില തൈകളിറക്കി കൃഷി ആരംഭിച്ചു.
ചിത്താരി പുഴയ്ക്ക് ചുറ്റുമുള്ള പഞ്ചാര മണ്ണിലായിരുന്നു ആദ്യ പുകയില കൃഷി.
കാലക്രമത്തില്‍ ഉദുമയിലും ചാമുണ്ഡിക്കുന്നിലുമെല്ലാം പച്ചപ്പട്ടു വിരിച്ചകണക്കെ പുകയില തഴച്ചു വളര്‍ന്നു.
ഇവിടെനിന്നും വിളവെടുത്തിരുന്ന ഒന്നാംതരം പുകയില മരുന്നിനും വിവിധ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാനുമായി ചില വിദേശ രാജ്യങ്ങളിലേക്കും കയറ്റി അയച്ചിരുന്നു.
ഇന്നു കാണുന്ന മനോഹരമായ കോട്ടയും കോട്ടക്കൊത്തളങ്ങളുമെല്ലാം പണികഴിപ്പിച്ചത് ശിവപ്പനായ്ക്കെന്ന ശക്തനായ ഭരണാധികാരിയാണ്.
ദക്ഷിണ കാനറയിലെ മലയാളികളായ രാജാക്കന്മാരുടെ സ്വാധീനം ഇല്ലാതാക്കാന്‍ ശിവപ്പനായ്ക്ക് നടത്തിയ പടപ്പുറപ്പാടുകള്‍ കാലവും ചരിത്രവും അധികമൊന്നും അടയാളപ്പെടുത്തിയിട്ടില്ല. ഇക്കേരി നായ്ക്കന്മാരില്‍നിന്നും പിന്നീട്, ഹൈദരലിയും ടിപ്പു സുല്‍ത്താനും മാറിമാറി കോട്ടയുടെ അധികാരം പിടിച്ചടക്കി. മൈസൂര്‍ കടുവകളെന്നറിയപ്പെട്ടിരുന്ന ഇവരുടെ ധീരസാഹസിക കഥകള്‍ ബേക്കലിന്റെ ചരിത്രഗതി വലിയ രീതിയില്‍ വീണ്ടും മാറ്റിമറിച്ചു.
ടിപ്പു സുല്‍ത്താന്റെ ഭരണകാലത്താണ് കോട്ടയ്ക്കുള്ളില്‍ ആയുധപ്പുരയും കൊട്ടാര ഓഫീസുകളുമുണ്ടായത്. ചരിത്രസ്മാരകമായി തലയുയര്‍ത്തി നിന്നിരുന്ന കോടതികളും പൊലീസ് സ്റ്റേഷനും തൂക്കുമരവുമെല്ലാം ഇവിടെനിന്നും എന്നെന്നേക്കുമായി കടലെടുത്തു കഴിഞ്ഞു.
ടിപ്പു സുല്‍ത്താന്റെ ആയുധപ്പുരയ്ക്കകത്ത് കടക്കും വരെയും കോട്ടയുടെ ചരിത്രകഥ പറഞ്ഞ് ശില്പി വാചാലനായി.
''ഈ കാണുന്ന കിണറുകള്‍?''
ആള്‍മറയും പടവുകളുമില്ലാത്ത വലിയൊരു ചെങ്കല്‍ക്കിണറിന്റെ ആഴങ്ങളിലേയ്ക്ക് ഏന്തി വലിഞ്ഞ് എത്തിനോക്കി ശില്പിയുടെ ഭാര്യ ചോദിച്ചു.
''ഇതു പഴമയുടെ ചരിത്രമുറങ്ങുന്ന പുണ്യപവിത്രമായ മൂക്കുത്തിക്കിണര്‍. ഏറ്റവും ആഴവും വലിപ്പവുമുള്ളതാണ് 'അമ്മക്കിണര്‍.' ചെറുത് 'കുഞ്ഞിക്കിണര്‍.' ചിരകാലം ഇവിടെയുണ്ടായിരുന്ന ചേച്ചിക്കിണറും അനുജത്തിക്കിണറും ഇന്നിവിടെ കാണാനില്ല.
മെയ്ക്കരുത്തും മനക്കരുത്തുമുള്ളവരായിരുന്നു ഇക്കേരി തറവാട്ടിലെ വനിതകള്‍. അവരുടെ കറ പുരളാത്ത പാതിവ്രത്യത്തിന്റെ അടയാളചിഹ്നമാണ് ചുകപ്പു കല്ലുകൊത്തിയ മൂക്കുത്തി. പ്രാണന്റെ പ്രതീകമാണവര്‍ക്ക് മൂക്കുത്തി. മൂക്കുത്തി അഴിച്ചൂരി കിണറിലെറിഞ്ഞുള്ള പഴയൊരാചാരം. യുദ്ധത്തില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ പ്രാണനൊപ്പം സ്വര്‍ഗ്ഗം പൂകാന്‍ പ്രാര്‍ത്ഥനയോടെ അനുഷ്ഠിച്ചിരുന്ന ജീവബലി. സതി ആചാരത്തിനു തുല്യമായ മറ്റൊരു ദുരാചാരം.
കോട്ട പിടിച്ചടക്കിയ ശത്രു പട്ടാളത്തിന്റെ ലൈംഗിക ചേഷ്ടകള്‍ക്ക് അടിമപ്പെടാന്‍ ഭയന്ന നൂറുകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും അവരുടെ മാനം കാക്കാന്‍ ജീവന്‍ ഹോമിച്ച വീരഭൂമി.''
ശില്പി കഥ പറഞ്ഞുനിര്‍ത്തി ഒരു ചുരുട്ടിനു തീപ്പിടിപ്പിച്ചു.
കോട്ടയ്ക്ക് ചുറ്റിലും പതുക്കെ കനത്ത ഇരുട്ട് പരന്നപ്പോള്‍, കിണറിനകത്തുനിന്നും നൂറുകണക്കിനു കല്ലുമൂക്കുത്തികള്‍ മിന്നാമിനുങ്ങുകളെപ്പോലെ മിന്നിത്തിളങ്ങാന്‍ തുടങ്ങി.
* * * *
പുലര്‍കാല സൂര്യന്റെ ഇളവര്‍ണ്ണം നാലുപാടും പരന്നു. ബേക്കലിലെ ചരിത്രസ്മാരക മന്ദിരത്തിനു മുന്നിലുള്ള
ക്ലോക്കില്‍ മണി അഞ്ചടിച്ചു.
കോട്ടയ്ക്കുള്ളിലെ വലിയ ആല്‍മരത്തില്‍ കൂടുവെച്ച കടല്‍പ്പരുന്തുകള്‍ ഇരതേടാന്‍ ഒരുക്കം കൂട്ടി.
സൂര്യവെളിച്ചം പതുക്കെപ്പതുക്കെ ശക്തമായി. ജീവശ്വാസമെടുക്കാനായി കടലാഴങ്ങളില്‍നിന്നും വിഷപ്പാമ്പുകള്‍ ജലപ്പരപ്പിലേയ്ക്ക് ഊളിയിട്ടിറങ്ങാന്‍ തുടങ്ങി. പരുന്തുകളുടെ ഇഷ്ടഭോജ്യമാകാന്‍ വിധിക്കപ്പെട്ടതറിയാതെയുള്ള കടല്‍പ്പാമ്പുകളുടെ അപഥസഞ്ചാരം.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ്, മുക്കാലിയിലും തൂക്കുമരത്തിലും ജീവന്‍ നഷ്ടപ്പെട്ട ഇക്കേരിപ്പടയാളികളുടെ ചോരതുടിച്ച കറുത്ത മാംസം ഇഷ്ടാനുസരണം ഭുജിച്ചിരുന്ന കുടുംബത്തിലെ ഇളമുറക്കാരായ പരുന്തുകള്‍. ഇവര്‍ക്കായി പുതുകാലം കരുതിവെച്ച ഭക്ഷ്യശൃംഖല.
നട്ടുച്ചച്ചൂടില്‍ വലിയൊരു പെരുമ്പാമ്പിനെപ്പോലെ ബേക്കല്‍ കോട്ട വളഞ്ഞുപുളഞ്ഞു പോകുന്നതു പോലെ ശില്പിക്കു തോന്നി. കോട്ടക്കൊത്തളങ്ങള്‍ക്കു പിന്നിലെ നിഗൂഢത നിറഞ്ഞ രഹസ്യവഴിയിലൂടെ ശില്പിയും ഭാര്യയും കടല്‍ക്കരയിലേയ്ക്ക് നടന്നു.
കരിങ്കല്ലില്‍ തീര്‍ത്ത വലിയ ശില്പത്തറയ്ക്ക് സമീപം നിന്നു ശില്പി നാലുപാടും വീക്ഷിച്ചു.
''ആകാശവും കടലും ഭൂമിയും ഒരേസമയം കാണാനാകുന്ന വിശാലമായ ഭൂമിക. ഇവിടെനിന്നും നോക്കുന്നവര്‍ക്കെല്ലാം ത്രിമാന രൂപത്തിലുള്ള 'അമ്മയും കുഞ്ഞും' ശില്പം സുതാര്യമായിത്തന്നെ കാണാനാകും. പ്രത്യാശയോടെ ശില്പി അഭിപ്രായപ്പെട്ടു.
വിശ്രമിക്കാന്‍ തെങ്ങോലയില്‍ കെട്ടിയുണ്ടാക്കിയ ചെറിയൊരു ഷെഡ്ഡിനകത്തേക്ക് ശില്പിയും ഭാര്യയും കയറി. ചുമരില്‍ തൂക്കിയിട്ടിരുന്ന ആള്‍ക്കണ്ണാടിക്കു മുന്നില്‍നിന്നും അവള്‍ വസ്ത്രങ്ങള്‍ മാറി. മാറിലേക്ക് ഊര്‍ന്നുവീണ മുടിച്ചുരുളുകള്‍ വാരിക്കോതിയെടുത്ത് അവള്‍ മൂര്‍ധാവില്‍ കെട്ടിവെച്ചു.
ട്രൈപാഡില്‍ സ്ഥാപിച്ച വലിയൊരു കാന്‍വാസില്‍ ശില്പി അവളുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
''അമ്മ നല്‍കിയ കരുതലും സ്‌നേഹവും ഒരളവുകോലിലും അളക്കാനാകില്ല. ഏതൊന്നിനും പകരം വയ്ക്കാനാകാത്ത ഒരു പദമാണ് അമ്മ. ത്യാഗത്തിന്റേയും നിസ്വാര്‍ത്ഥ സ്‌നേഹത്തിന്റേയും അകപ്പൊരുള്‍!
ഒരമ്മയുടെ അനിര്‍വചനീയമായ വിചാരവികാരങ്ങളെല്ലാം എനിക്ക് ഈ ശില്പത്തില്‍ സന്നിവേശിപ്പിക്കണം.
വിശ്രമിക്കാന്‍ തെങ്ങോലയില്‍ കെട്ടിയുണ്ടാക്കിയ ചെറിയൊരു ഷെഡ്ഡിനകത്തേക്ക് ശില്പിയും ഭാര്യയും കയറി. ചുമരില്‍ തൂക്കിയിട്ടിരുന്ന ആള്‍ക്കണ്ണാടിക്കു മുന്നില്‍നിന്നും അവള്‍ വസ്ത്രങ്ങള്‍ മാറി. മാറിലേക്ക് ഊര്‍ന്നുവീണ മുടിച്ചുരുളുകള്‍ വാരിക്കോതിയെടുത്ത് അവള്‍ മൂര്‍ധാവില്‍ കെട്ടിവെച്ചു. ട്രൈപാഡില്‍ സ്ഥാപിച്ച വലിയൊരു കാന്‍വാസില്‍ ശില്പി അവളുടെ ചിത്രം വരയ്ക്കാന്‍ തുടങ്ങി.
അമ്മയെന്ന രണ്ടക്ഷരത്തിനു നിരവധി അര്‍ത്ഥങ്ങളും നിര്‍വ്വചനതത്ത്വങ്ങളുമുണ്ട്. മൂര്‍ത്തമായ ഈ ശിലാശില്പത്തില്‍ എന്നെന്നും നീ ഒരു അമ്മയായിരിക്കും. അമ്മക്കിണറില്‍ സകലതും ഉപേക്ഷിച്ച് ചാടി മരിക്കേണ്ടിവന്ന പതിവ്രതയായ അമ്മ! കുഞ്ഞിക്കിണറില്‍ ജീവന്‍ പൊലിഞ്ഞ കുഞ്ഞും നിനക്കു കൂട്ടായുണ്ടാകും. കാഴ്ചക്കാരുടെ മനസ്സില്‍ സ്‌നേഹബഹുമാനം നിറയ്ക്കുന്നതാകും രണ്ടു പേരുടേയും ജീവന്‍ തുടിക്കുന്ന ശില്പം.''
ശില്പത്തിന്റെ അവസാന സ്‌കെച്ചുകള്‍ പൂര്‍ത്തിയാക്കി അയാള്‍ പറഞ്ഞു.
''ശില്പ നിര്‍മ്മാണത്തിനു മാതൃകയാകാനുള്ള വെറുമൊരു പെണ്ണുടല്‍ മാത്രമാണോ ഞാന്‍? നിങ്ങള്‍ക്കെപ്പോഴും കാമാവേശവും സ്‌നേഹവും തോന്നുന്നത് ശില്പങ്ങളോടാണ്. ശില്പത്തെ മാത്രം ഭോഗവസ്തുവാക്കുന്ന ശില്പി! ''
അവള്‍ തമാശയായി പറഞ്ഞു.
അയാള്‍ ഒന്നും മിണ്ടിയില്ല.
ഭ്രാന്തമായ ശില്പവികാരത്തില്‍ അയാളുടെ കണ്ണുകള്‍ ചുകന്നു. നനുത്ത കൈവിരലുകളാല്‍ അയാള്‍ പതുക്കെ അവളുടെ ഉടലാകെ ഉഴിഞ്ഞു. യോഗാസനത്തിലിരുന്ന് അയാള്‍ ശില്പ നിര്‍മ്മാണം ആരംഭിച്ചു.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞപ്പോള്‍ ശില്പിയുടെ പ്രത്യേക കരവിരുതില്‍ ശില്പമുണര്‍ന്നു. അമ്മയുടെ നെഞ്ചിലെ കരുതല്‍ചൂടില്‍ കുഞ്ഞിന്റെ മുഖം താമരപോലെ വിടര്‍ന്നു. വൈകാരികഭാവത്താല്‍ ശില്പിയുടെ നാഡീഞരമ്പുകള്‍ വലിഞ്ഞുമുറുകി. അമ്മിഞ്ഞപ്പാല്‍ തുളുമ്പി നില്‍ക്കുന്ന മുലഞെട്ടുകള്‍ ഉളിത്തുമ്പില്‍ മൃദുലമായി മിനുസപ്പെടുത്തിയെടുത്തപ്പോള്‍, കുഞ്ഞിന്റെ കുറുനാക്കിനകത്തേയ്ക്ക് മുലപ്പാല്‍ കിനിഞ്ഞിറങ്ങുന്നതായി അയാള്‍ക്കു തോന്നി.
മഞ്ഞും മഴയും വെയിലും കടന്നുപോയ ദിനരാത്രങ്ങള്‍ ശില്പി അറിഞ്ഞില്ല. അമ്മയുടെ നേര്‍രൂപം കാണാനായി ശില്പിയുടെ ഭാര്യ ക്ഷമയോടെ കാത്തിരുന്നു. ഒരു സുപ്രഭാതത്തില്‍ ശില്പം പതുക്കെ കണ്ണുതുറന്ന് കടലിലേയ്ക്ക് നോക്കി. ശില്പി ശില്പത്തേയും ശില്പം ശില്പിയേയും നോക്കി പുഞ്ചിരിച്ചു. മഴ കനത്തു പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ ആരോടും യാത്ര പറയാതെ ശില്പിയും ഭാര്യയും ബേക്കലില്‍നിന്നും മടങ്ങി.
ബേക്കലിലെത്തിയ ഓരോ സഞ്ചാരിയിലും ശില്പം സമ്മിശ്ര വിചാരവികാരങ്ങളുണ്ടാക്കി. അമ്മ ശില്പത്തിന്റെ ചുരത്തിനില്‍ക്കുന്ന മിനുസമുള്ള മുലഞെട്ടുകള്‍ കൈവിരലുകളിലിട്ട് ഞെരടിയും ചുണ്ടിലീമ്പി വലിച്ചും ലഹരിയുടെ തലച്ചുമടുമായെത്തിയവര്‍ രതിസുഖം അനുഭവിച്ചു.
കടല്‍പക്ഷികള്‍ തൂറി നരപ്പിച്ച കുഞ്ഞുശില്പത്തിന്റെ മൊട്ടത്തലമേലിരുന്നു ചില ഫ്രീക്കന്മാര്‍ സ്വയംഭോഗം ചെയ്ത് ചുറ്റിലും ശുക്ലാഭിഷേകം നടത്തി. കോമ്പല്ലുകാട്ടിയുള്ള അവരുടെ പൊട്ടിച്ചിരികളില്‍ കടല്‍ വിറങ്ങലിച്ചു. തിരമാലകള്‍ അലറിവിളിച്ച് പതുക്കെ ശാന്തമായി. കുഞ്ഞിനെ ചിറകിന്‍ ചെപ്പിലൊളിപ്പിച്ച് കടല്‍പ്പരുന്തുകള്‍ കൂട്ടിനുള്ളില്‍ ശ്വാസമടക്കി തലതാഴ്ത്തി കിടന്നു.
ബേക്കലിലെ രാത്രികള്‍ കൂടുതല്‍ കൂടുതല്‍ കറുത്തിരുണ്ടു.
മുലഞെട്ടില്ലാത്ത അമ്മശില്പം ദയനീയമായി ഭൂമിയെ നോക്കി. തലയോട്ടി പൊട്ടിത്തകര്‍ന്ന കുഞ്ഞുശില്പം ആകാശം നോക്കി വിതുമ്പി. രണ്ടു ശില്പങ്ങളും കണ്ട് രാപ്പകലെന്നില്ലാതെ സഞ്ചാരികള്‍ ഭയപ്പെട്ടു.
പുതിയ തലയും മുലയും നല്‍കി ശില്പത്തിനു ഭംഗിവരുത്താനായി അധികാരികള്‍ ശില്പിയെ ചുമതലപ്പെടുത്തി.
ചുട്ടുപഴുത്തുപൊള്ളുന്ന ഒരുച്ചച്ചൂടില്‍ ശില്പിയെത്തി. തോള്‍സഞ്ചിയില്‍നിന്നും ഉളിയും ചുറ്റികയുമെടുത്ത് ഞെട്ടറ്റുപോയ മുലയും പൊട്ടി വികൃതമായ കുഞ്ഞുതലയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ശില്പി വെട്ടിമുറിച്ചെടുത്തു. നീണ്ടുമെലിഞ്ഞ അയാളുടെ ശരീരത്തില്‍നിന്നും വിയര്‍പ്പുതുള്ളികള്‍ അങ്ങുമിങ്ങും ചാലിട്ടൊഴുകി. ക്ഷീണവും മനപ്രയാസവും ഉള്ളിലൊതുക്കി അല്പനേരം അയാള്‍ തലതാഴ്ത്തി കുമ്പിട്ട് കിടന്നു.
കാഴ്ച കണ്ട്, ശില്പത്തറയ്ക്ക് ചുറ്റിലും ആളുകള്‍ തടിച്ചുകൂടി. പ്രതിഷേധക്കാര്‍ അധികാരിയുടെ കോലത്തിനു തീയിട്ട് പ്രതികരിച്ചു. ഒന്നും കാണാനും കേള്‍ക്കാനും നില്‍ക്കാതെ, പൊട്ടിത്തകര്‍ന്നു പോയ തലയും മുലയുമെടുത്ത് കടല്‍ത്തിരകള്‍ മറികടന്നു ശില്പി
മുന്നോട്ട് നടന്നു. തലയ്ക്ക് മുകളില്‍ സൂര്യന്‍ കത്തിപ്പടര്‍ന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക