കെ.പി. ഉണ്ണി എഴുതിയ കഥ - മരണത്തില്‍ ബാക്കിയാകുന്നത്

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
KP Unni
Published on
Updated on

രേ ദിവസമാണ് ഞങ്ങള്‍, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടനെ തുടങ്ങാന്‍ പോകുന്ന പ്രോജക്ടിന്റെ പണിസ്ഥലത്തെത്തിയത്. റോഡ് അവസാനിക്കുന്നിടത്ത്, രണ്ടിടത്തുനിന്നു പുറപ്പെട്ട് ഒരേ ബസ്സില്‍ പെട്ടിയും തൂക്കി വന്നിറങ്ങിയവരായിരുന്നു ഞങ്ങള്‍. വ്യത്യസ്തമായ രണ്ടുതരം ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍. ഞാന്‍ എന്‍ജിനീയറായി, രാം സിങ് മണ്ണുവെട്ടി നിരത്തുണ്ടാക്കുന്ന ഒരു തൊഴിലാളിയായി. മറ്റൊരു സ്ഥലത്തുനിന്നു സ്ഥലം മാറ്റമായി വന്നതായിരുന്നു രാം സിങ് എങ്കില്‍ ഞാന്‍ ആദ്യമായി ജോലി കിട്ടിയയാളായിരുന്നു. മുപ്പത് കിലോമീറ്ററോളം, കടുംതൂക്കായ പാറക്കല്ലുകള്‍ കയറിയും കുത്തനെയുള്ള മണ്‍തിട്ടകള്‍ ഇറങ്ങിയും ഇടയ്ക്ക് ദേവദാരു മരങ്ങളുടെ സമൃദ്ധമായ തണലില്‍ ഇത്തിരി വിശ്രമിച്ചും നടന്നു വേണമായിരുന്നു നിര്‍മ്മാണ സ്ഥലത്തെത്താന്‍. ഉയര്‍ന്നുയര്‍ന്നു പോകുന്ന കടുംതൂക്കായ നീലമലകളും അവയ്ക്കിടയില്‍ താഴ്ന്ന് താഴ്ന്ന് പോകുന്ന അടുക്കടുക്കായ പുല്‍മേടുകളും പുല്‍ത്തട്ടുകള്‍ക്കിടയ്ക്ക് അങ്ങിങ്ങ് ചെറിയ കുഴികളില്‍ തെളിനീരുറവകള്‍, അതിനു ചുറ്റും പൈന്‍മരങ്ങളുടെ ചെറിയ കാട്, ആകെപ്പാടെ മനസ്സിനെ ഉന്മാദത്തിലാറാടിക്കാന്‍ പോന്ന പ്രകൃതി വാസ്തവത്തില്‍ അതിദീര്‍ഘമായ നടത്തത്തിന്റെ ക്ഷീണം ഒരു വെറും തോന്നലായി മാറ്റി. നടത്തത്തിനിടയ്ക്ക് ഇത്തിരി നിന്ന് ചുറ്റുമുള്ള ദൃശ്യഭംഗി ആവോളം ഹൃദയത്തിലാവാഹിച്ച് പതുക്കെ ഞങ്ങള്‍ അങ്ങനെ നടന്നുപോയി. ചെരിവുകളില്‍ വഴുതിപ്പോകുമായിരുന്ന എനിക്ക് കുത്തിനടക്കാന്‍ വടി വെട്ടി ശരിയാക്കിത്തന്നത് രാം സിങായിരുന്നു. എന്റെ പെട്ടികൂടി ചുമലിലേറ്റി നടത്തത്തിന്റെ ഭാരം കുറച്ചതും അയാളായിരുന്നു.

ആള്‍പ്പാര്‍പ്പും ആള്‍സഞ്ചാരവും ഇല്ലാത്ത വഴിയിലൂടെയുള്ള നടത്തത്തിന്റെ ക്ഷീണവും വിരസതയുമകറ്റാന്‍ സ്വാഭാവികമായി ഞങ്ങള്‍ രണ്ട് മനുഷ്യജീവികള്‍ പരസ്പരം അടുക്കുകയായിരുന്നു. ബലിഷ്ഠമായ പേശികളുള്ള ഉയരം കുറഞ്ഞ് കറുത്ത് ചുരുണ്ട സമൃദ്ധമായ മുടിയും കട്ടിയൊട്ടുമില്ലാത്ത കറുപ്പു കറുഞ്ഞ നേര്‍ത്ത മീശയും പുറത്തേയ്ക്ക് അല്പം തള്ളിയ കണ്ണുകളുമുണ്ടായിരുന്നു അയാള്‍ക്ക്. ഭോജ്പുരി കലര്‍ന്ന ഹിന്ദിയിലാണ്, സദാ പാന്‍ ചവച്ചുകൊണ്ട് അയാള്‍ സംസാരിച്ചിരുന്നത്. എന്നില്‍നിന്നും വ്യത്യസ്തമായി ഇത്തരം ജോലികളേയും സ്ഥലങ്ങളേയും പറ്റി മുന്‍പരിചയമുള്ള രാം സിങ് നടത്തത്തിനിടയ്ക്ക് ചവയ്ക്കാനുള്ള പാന്‍ മുന്‍കൂട്ടി വാങ്ങി പാന്റ്സിന്റെ കീശയില്‍ നിറച്ചിരുന്നു. കൂടുതലും അയാളായിരുന്നു സംസാരിച്ചിരുന്നതത്രയും. പാന്‍ ചവച്ച നീര് തുപ്പിക്കളയാന്‍ വേണ്ട ഇടവേളകളില്‍ മാത്രം ഞാന്‍ അയാള്‍ പറയുന്നതിനെ ശരിയെന്ന് അനുകൂലിക്കുകയോ ചെറിയ ചെറിയ സംശയങ്ങള്‍ ചോദിക്കുകയോ ചെയ്യും. പിന്നീടുള്ള കാലത്തും അതേതാണ്ട് അങ്ങനെത്തന്നെയായിരുന്നു, രാം സിങ് പറയുകയും ഞാന്‍ അതു കേള്‍ക്കുകയും. ജനവാസം തീരെ കുറവായ ഉള്‍പ്രദേശങ്ങളിലെ വലിയ പ്രോജക്ടുകളുടെ ആരംഭത്തില്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഞങ്ങള്‍ തമ്മില്‍ സ്ഥാനമാനങ്ങളുടെ അകലം പാലിച്ചിരുന്നില്ല.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അപ്പോള്‍ ആദ്യമായാണ് നാടും വീടും വിട്ട് ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങുന്നത്. അതിദീര്‍ഘമായ ഒരു സംവാദത്തിന്റെ തുടര്‍ച്ചയെന്നപോലെ അല്ലെങ്കില്‍ അയാളുടെ മനസ്സിലെ ചിന്തയുടെ ബാക്കിയെന്നപോലെ നടത്തത്തിലെ ഒരു വിശ്രമത്തിനവസാനം കരിയിലകള്‍ മൂടിക്കിടക്കുന്ന മണ്ണില്‍ കൈ കുത്തി മരത്തിന്റെ വേരില്‍നിന്ന് എഴുന്നേറ്റുകൊണ്ട് കണ്ണുകള്‍ പാതിയടച്ച് ചുണ്ടിലൊരു പുഞ്ചിരി ഒളിപ്പിച്ച് രാം സിങ് പറഞ്ഞു. അതിനുശേഷം ഉത്തരം കിട്ടിയെന്ന മട്ടില്‍ അയാളൊന്ന് ഇരുത്തി മൂളി. അല്ലെങ്കിലും കണ്ണിറുക്കി ഒരു കള്ളച്ചിരിയോടെയോ രാം സിങ് എന്തിനെപ്പറ്റിയും പറയൂ. അത് അസഹനീയമായ മഞ്ഞുവീഴ്ചയെക്കുറിച്ചായാലും പൊട്ടിച്ചെടുക്കുന്ന പാറകളുടെ കാഠിന്യത്തെപ്പറ്റിയായാലും. ജീവിതത്തിന്റെ അര്‍ത്ഥാനര്‍ത്ഥങ്ങളെപ്പറ്റിയുള്ള അയാളുടേതായ വ്യാഖ്യാനങ്ങളായാലും വിദൂരഗ്രാമത്തിലെ അയാളുടെ കാമുകിയെക്കുറിച്ചുള്ള ഓര്‍മ്മയായാലും അങ്ങനെത്തന്നെ.

പ്രോജക്ട് സൈറ്റിലെത്താനെടുത്ത മൂന്നു മണിക്കൂര്‍ നീണ്ട യാത്രയില്‍ അയാള്‍ പലതിനെപ്പറ്റിയും പറഞ്ഞു. പുതിയ പുതിയ സ്ഥലങ്ങളിലേയ്ക്കുള്ള ഇത്തരം യാത്രകളുടെ ക്ലിഷ്ടതകളേയും അവയിലെ പുത്തന്‍ അനുഭവങ്ങളുടെ ഉന്മാദത്തേയും പറ്റി, അവിടങ്ങളിലൊക്കെ സാക്ഷിയാകേണ്ടിവന്ന പൂത്ത് തളിര്‍ക്കുകയും പെട്ടെന്ന് അനവസരത്തില്‍ വാടിക്കൊഴിയുകയും ചെയ്ത നിരവധി ജീവിതങ്ങളെപ്പറ്റി, ഏല്പിച്ച ജോലിയില്‍ മുഴുകുമ്പോള്‍ ഓര്‍ക്കാതെ പോകുന്ന സ്വന്തം ജീവിത പ്രാരാബ്ധങ്ങളെപ്പറ്റി. പൊതുവെ മനുഷ്യത്വം കമ്മിയാണ്. ഇതുപോലുള്ള വലിയ നിര്‍മ്മാണ സ്ഥലികളിലെന്ന് മുന്നറിയിപ്പ് തരാനും അയാള്‍ മടിച്ചില്ല. പലതിനും നേരെ കണ്ണടയ്ക്കുന്നതായിരിക്കും പിന്നീടുണ്ടാകാനിടയുള്ള നിരവധിയായ പ്രശ്നങ്ങളൊഴിവാക്കാന്‍ നല്ലതെന്ന് അയാള്‍ മുന്‍കൂറായി ഉപദേശിക്കുകയും ചെയ്തു.

വലിയ പാറകളില്‍ കുഴിയുണ്ടാക്കി അതില്‍ വെടിമരുന്ന് നിറച്ച് അത് പൊട്ടിക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു, രാം സിങ്. ഒരു ദിവസം വെടിമരുന്ന് നിറച്ച കുഴികളില്‍ തീ കൊളുത്തുന്നത് കണ്ട് ഓടിയകലാനൊരുമ്പെട്ട എന്നെ കൈപിടിച്ച് നിര്‍ത്തി അയാള്‍ പറഞ്ഞു: ഇതൊരു കലയാണ് സാബ്.

പിന്നീട് ഇക്കണ്ട കൊല്ലങ്ങള്‍ക്കിടയ്ക്ക് പലകുറി ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്, രാം സിങ് എനിക്കാരാണ് അല്ലെങ്കില്‍ ആരായിരുന്നു എന്ന്, എന്റെ വഴികാട്ടിയായിരുന്നോ, രക്ഷകനായിരുന്നോ? ഉപദേഷ്ടാവായിരുന്നോ? കൃത്യമായി ആ ബന്ധത്തെ നിര്‍വ്വചിക്കുക ഒട്ടും എളുപ്പമല്ലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ പ്രായത്തിന്റെ വലിയ വിടവുണ്ടായിരുന്നെങ്കിലും അയാളെ ഉറ്റമിത്രമായി കരുതാനാണ് ഞാനിഷ്ടപ്പെട്ടത്.

വലിയ പാറകളില്‍ കുഴിയുണ്ടാക്കി അതില്‍ വെടിമരുന്ന് നിറച്ച് അത് പൊട്ടിക്കുന്നതില്‍ വിദഗ്ദ്ധനായിരുന്നു, രാം സിങ്. ഒരു ദിവസം വെടിമരുന്ന് നിറച്ച കുഴികളില്‍ തീ കൊളുത്തുന്നത് കണ്ട് ഓടിയകലാനൊരുമ്പെട്ട എന്നെ കൈപിടിച്ച് നിര്‍ത്തി അയാള്‍ പറഞ്ഞു: ഇതൊരു കലയാണ് സാബ്. ചിത്രം വരക്കുന്നതുപോലെയും കവിതയെഴുതുന്നതുപോലെയും ഒക്കെ. പറ്റിയ നിറക്കൂട്ടുകള്‍ ചാലിച്ചെടുക്കുന്ന ചിത്രകാരന്റെ വിരലുകള്‍പോലെയാണ് എന്റെ ഈ വിരലുകളും. നോക്കൂ. നമ്മള്‍ നില്‍ക്കുന്നിടത്തേയ്ക്ക് ഒരു കല്ലുപോലും തെറിച്ച് വരില്ല. എല്ലാം എതിരിലുള്ള വലിയ ഗര്‍ത്തത്തിലേയ്ക്ക് തന്നെ പതിക്കും.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

അയാള്‍ പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. പൊട്ടിച്ചിതറിയ പാറയുടെ വളരെ അടുത്ത് വെട്ടിയുണ്ടാക്കുന്ന നിരത്തോരത്ത് നിന്ന ഞങ്ങളുടെ അടുത്തേയ്ക്ക് ഒരു തരിപോലും തെറിച്ചു വന്നില്ല. എല്ലാം മുന്നിലെ നദിക്കരയിലേയ്ക്ക് താഴ്‌ന്നിറങ്ങുന്ന അഗാധമായ താഴ്‌വരയിലേയ്ക്ക് സൗമ്യമായി ഉതിര്‍ന്നിറങ്ങി. അതുകണ്ട് അത്ഭുതത്തോടെ നോക്കിനിന്ന എന്റെ നേരെ കണ്ണിറുക്കി ഒന്നു ചിരിച്ചു രാം സിങ്. നിത്യാഭ്യാസമാണ് സാബ് ഏതൊരു ജോലിയേയും കൃത്യതയുള്ളതാക്കുന്നത്. നിങ്ങളെപ്പോലുള്ളവര്‍ കടലാസില്‍ ഡ്രോയിങ് തയ്യാറാക്കുന്നതുപോലെ ഞങ്ങള്‍ കല്ലുകളില്‍ വരകള്‍ തീര്‍ക്കുന്നു. ഒട്ടും വളയാത്ത എവിടെയും ദിശമറക്കാത്ത കൃത്യതയാര്‍ന്ന വരകള്‍ കുഴികളില്‍നിന്ന് കുഴികളിലേയ്ക്ക് സഞ്ചരിക്കുമ്പോള്‍ ഏത് പാറയും പൊട്ടിച്ചിതറും. സംരക്ഷണഭിത്തി കെട്ടി നിരത്ത് ഉറപ്പിക്കുന്നതുവരെ തകരാതിരിക്കാന്‍ പൊട്ടിച്ചെടുത്ത അതേ പാറക്കല്ലുകള്‍ ചേര്‍ത്തടുക്കി പിന്നെയയാള്‍ നിരത്തിന്റെ വക്കുകള്‍ താല്‍ക്കാലികമായി ബലപ്പെടുത്താന്‍ തുടങ്ങി.

താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ തകരഷീറ്റിന്റെ ഷെഡ്ഡിലാണ് അക്കാലത്ത് എല്ലാവരും താമസിച്ചിരുന്നത്. അകത്ത് ചുവരും മേല്‍ത്തട്ടും പ്ലൈവുഡ്കൊണ്ട് മിനുക്കിയ ഒന്നില്‍ ഞാനും വെറും ഷീറ്റ് മാത്രമുള്ള ഒന്നില്‍ രാം സിങും. വൈകുന്നേരങ്ങളില്‍ വെറുതെ രാവി നദിയുടെ കരയില്‍ പോയിരിക്കുക എന്റെ പതിവായിരുന്നു. തെളിഞ്ഞ പുഴ വെള്ളത്തില്‍ അടിത്തട്ടിലെ, പല നിറത്തിലുള്ള, പച്ചയും മഞ്ഞയും നീലയുമായ ഉരുളന്‍ കല്ലുകളും അവയ്ക്കിടയിലൂടെ നീന്തിത്തുടിക്കുന്ന കൊഴുത്ത വലിയ മത്സ്യങ്ങളും നോക്കിയിരിക്കും. മിക്ക ദിവസങ്ങളിലും രാം സിങും അവിടെ എത്തും. കുറച്ച് നേരം എന്നോടൊപ്പമിരുന്ന്, പിന്നെ അയാള്‍ പുഴയിലേയ്ക്ക് എടുത്ത് ചാടും. നീന്തലറിയാത്ത എനിക്ക് പണ്ടേ ജലഭയമുള്ളതുകൊണ്ട് അയാളെത്ര നിര്‍ബ്ബന്ധിച്ചാലും മുട്ടോളമെത്തുന്ന ആഴത്തിനപ്പുറത്തേയ്ക്ക് ഞാന്‍ ഇറങ്ങുകയില്ല. വെള്ളത്തില്‍ വീണ് വയറുനിറയെ വെള്ളം കുടിച്ച് മരിക്കാനാണ് നിയോഗമെങ്കില്‍ ഇങ്ങനെ ഭയന്നിട്ടൊന്നും ഒരു കാര്യവുമില്ല. മുകളിലെ മലനിരകളില്‍ മഞ്ഞുരുകി പെട്ടെന്ന് ഒലിച്ചുവരുന്ന മലവെള്ളത്തില്‍ സാബിന് അടിതെറ്റുകയും കുത്തൊഴുക്കില്‍ വീണുപോവുകയും ചെയ്യും. അയാളെന്നെ പ്രകോപിപ്പിക്കാനായി തമാശമട്ടില്‍ പറയും. പിന്നെ കിലോമീറ്ററുകള്‍ അപ്പുറത്തുള്ള രാജ്യാതിര്‍ത്തിയിലെ ബാരേജില്‍ മത്സ്യങ്ങള്‍ തിന്നുതീര്‍ത്തില്ലെങ്കില്‍ മരവിച്ച ശരീരം കിട്ടിയെന്നിരിക്കും. എന്നിട്ട് ആ തമാശ സ്വയം ആസ്വദിച്ചുകൊണ്ട് അയാള്‍ വലിയ ശബ്ദത്തില്‍ പൊട്ടിച്ചിരിക്കും.

പതിവുപോലെ ഞങ്ങള്‍ വൈകുന്നേരം പുഴക്കരയില്‍ ഇരിക്കുകയായിരുന്നു. തൊട്ടപ്പുറത്ത് കുറച്ച് ജോലിക്കാര്‍ ഡിറ്റോനേറ്റര്‍ വെച്ച് മീന്‍ പിടിക്കുന്നുണ്ടായിരുന്നു. പുതിയ റോഡുണ്ടാക്കാനും മറ്റുമായി പാറ പൊട്ടിക്കാനുപയോഗിച്ചിരുന്ന ഡിറ്റോനേറ്റര്‍ മോഷ്ടിച്ചാണവര്‍ അത് മീന്‍പിടിക്കാനുപയോഗിക്കുന്നതെന്ന് രാം സിങിനറിയാമായിരുന്നു. പ്രധാന സ്റ്റോറില്‍നിന്ന് അതേറ്റുവാങ്ങിയിരുന്ന രാം സിങ് അറിയാതെ അതവര്‍ക്ക് കിട്ടുകയില്ലെന്ന് എനിക്കും അറിയാമായിരുന്നു. പെട്ടെന്നാണത് സംഭവിച്ചത്. കൂട്ടത്തിലൊരാളുടെ കയ്യിലിരുന്ന് അനവസരത്തില്‍ ഡിറ്റോനേറ്റര്‍ പൊട്ടിത്തെറിച്ചു. അയാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു, കുറേ ദിവസം ആശുപത്രിയില്‍ വേദന കുടിച്ചിറക്കി ഒടുക്കമയാള്‍ മരണത്തിനു കീഴടങ്ങി. മരണത്തിന്റെ മുന്‍ഗണനകള്‍ നമ്മള്‍ മനുഷ്യര്‍ക്ക് അജ്ഞാതമാണെന്നാണ് അതിനെപ്പറ്റി രാം സിങ് പറഞ്ഞത്. ആ പറഞ്ഞതിനെ സാധൂകരിക്കാനായി പിന്നെയയാള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു അനുഭവം വിവരിച്ചു:

അന്ന് അയാള്‍ കുറേക്കൂടി ചെറുപ്പമായിരുന്നു. വല്ലാത്തൊരു ആവേശവും എന്തിനേയും നേരിടാനുള്ള തന്റേടവും ആവശ്യത്തിലധികമുള്ള പ്രായം. അന്നയാള്‍ രാജ്യത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു തുരങ്കത്തിന്റെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിന്റെ പണി കഴിഞ്ഞുവേണമായിരുന്നു, അതിലൂടെ അണക്കെട്ടിലെ വെള്ളമെത്തിക്കാനും അതുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കി ആ പ്രദേശത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാനുമെന്നതുകൊണ്ട് എത്രയും വേഗത്തില്‍ പണിതീര്‍ക്കാനുള്ള തത്രപ്പാടില്ലായിരുന്നു അതിന്റെ ഉടമസ്ഥരായ സര്‍ക്കാര്‍ സ്ഥാപനവും അവിടത്തെ ജോലിക്കാരും. തിടുക്കം കൂടുമ്പോള്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ മുന്‍കരുതലില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ആരും തയ്യാറായില്ല. അന്ന് രാത്രി ഷിഫ്റ്റില്‍ തുരങ്കത്തിനകത്ത് ജോലിക്കു കയറിയ രാം സിങിനും കൂട്ടര്‍ക്കും പിന്നില്‍ തുരങ്കം ഇടിഞ്ഞുവീണു. നേരെ മുകളില്‍ തെളിഞ്ഞ ആകാശവും അതു നിറയെ നക്ഷത്രങ്ങളും കാണാനായി. എങ്കിലും അവര്‍ പന്ത്രണ്ട് പേര്‍ അകത്ത് കുരുങ്ങിപ്പോയി. അടര്‍ന്നുവീണ പാറക്കല്ലുകള്‍ക്കിടയില്‍പ്പെട്ട് കൂട്ടത്തില്‍ പകുതിയോളം ആളുകള്‍ ജീവിതവും മരണവുമായി മല്‍പ്പിടുത്തം നടത്തുന്നതിനു നിസ്സഹായനായി സാക്ഷിയാകേണ്ടിവന്നു, അന്ന് രാം സിങിന്. എനിക്കന്ന് എന്നോടു തന്നെ കഠിനമായ പുച്ഛവും അറപ്പും തോന്നി എന്നാണ് അതിനെപ്പറ്റി അയാള്‍ പറഞ്ഞത്. നമ്മുടെ തൊട്ട് മുന്നില്‍, കാലിന്നടിയില്‍പ്പെട്ട് പുല്‍ത്തലപ്പുകള്‍ ചതഞ്ഞമരുന്നതുപോലെയോ നടന്നുപോകുമ്പോള്‍ ഉറുമ്പിന്‍ പറ്റം ഞെരിഞ്ഞൊടുങ്ങുന്നതുപോലെയോ. പക്ഷേ, ഇത് പുല്‍ത്തലപ്പോ ഉറുമ്പോ അല്ല. നമ്മെപ്പോലെ പല കാര്യവും സംസാരിക്കുകയും പലതിനെപ്പറ്റിയും ചിന്തിക്കുകയും നിരന്തരം സ്വപ്നം കാണുകയും ജീവിതം വഴിമുട്ടുമ്പോള്‍ അതിന്റെ അമിതഭാരം നെഞ്ചിന്‍കൂട്ടില്‍ രഹസ്യമായി സൂക്ഷിക്കുകയും ഒക്കെ ചെയ്യുന്ന മനുഷ്യരാണവര്‍. ഒടുക്കം നാലു ദിവസം കഴിഞ്ഞ് അടര്‍ന്നുവീണ പാറക്കല്ലുകളും മണ്ണും കുഴിച്ചെടുത്ത് രക്ഷപ്പെടുത്താന്‍ പുറത്തുനിന്ന് ആളുകളെത്തിയപ്പോഴേയ്ക്കും അവരില്‍ പലരും മരിച്ചുപോയിരുന്നു. ബാക്കിയുള്ളവര്‍ മൃതപ്രായരും. അന്നാണ് ഞാന്‍ ആദ്യമായി മരണത്തിന്, നെല്ല് വേവിക്കുമ്പോഴോ കൊയ്തെടുത്ത ചോളച്ചെടികള്‍ പാടത്ത് വലിച്ചുകൂട്ടി കത്തിക്കുമ്പോഴോ ഉള്ളതുപോലെ വല്ലാത്തൊരു പുഴുക്കുമണമാണെന്ന് തിരിച്ചറിഞ്ഞത്. രാം സിങ് പറഞ്ഞവസാനിപ്പിച്ചപ്പോഴേയ്ക്കും അതൊക്കെ ഒരിക്കല്‍ക്കൂടി കണ്‍മുന്നില്‍ കാണുന്നതുപോലെ വല്ലാതെ കിതച്ചിരുന്നു. അതോടെ അയാള്‍ തുരങ്ക നിര്‍മ്മാണജോലി ഉപേക്ഷിക്കുകയും തുറസ്സായ വിശാലമായ മാനത്തിനു കീഴെയുള്ള ജോലികള്‍ മാത്രം തിരഞ്ഞെടുക്കുകയും ചെയ്തു.

ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

ചില വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ പുഴക്കരയിലൂടെ നനഞ്ഞ മണലില്‍ പൂണ്ടുപോകുന്ന കാലുകള്‍ ആയാസത്തോടെ വലിച്ചുയര്‍ത്തിക്കൊണ്ട് വെറുതെ നടക്കാന്‍ പോകും. അത്തരം നടത്തത്തിനിടയ്ക്കാണ് രാം സിങ് പൊട്ടും പൊടിയുമായി അയാളുടെ അന്നോളമുള്ള ജീവിതം എനിക്കു മുന്നില്‍ കെട്ടഴിച്ച് നിരത്തിയിരുന്നത്. ആ പൊട്ടും പൊടിയും അടിച്ചുകൂട്ടി ഒന്നടുക്കിവെയ്ക്കുകയാണെങ്കില്‍ അത് ഏതാണ്ട് ഇങ്ങനെയായിരിക്കും: ബീഹാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് രാം സിങ് ജനിച്ചത്. മലയുടെ അടിവാരത്തിലെ കുട്ടിക്കാലത്തെപ്പറ്റി അയാള്‍ അധികമൊന്നും പറഞ്ഞില്ലെങ്കിലും അതൊരു അവികസിത ദേശമാണെന്നും അവിടെ ജീവിതത്തിന്റെ സ്ഥായിയായ ഭാവം ദാരിദ്ര്യവും രോഗപീഡകളുമായിരുന്നുവെന്ന് ഉറപ്പിക്കാന്‍ വേണ്ടത്ര സൂചനകള്‍ അയാള്‍ പലപ്പോഴായി തന്നിരുന്നു. ഭൂമിയുടെ കനിവിനു മുന്നില്‍ കൂപ്പുകൈകളുമായി നില്‍ക്കുന്ന ദേശവാസികളുടെ പിന്നെയുള്ള ഭയം വെള്ളപ്പൊക്കവും പേമാരിയും ഒറ്റരാത്രികൊണ്ട് (അല്ലെങ്കില്‍ ഒറ്റ പകല്‍ കൊണ്ട്) തിരിച്ചറിയാനാവാത്ത മട്ടില്‍ മാറിപ്പോകുന്ന ചുറ്റുപാടുകളായിരുന്നു. അയാള്‍ വ്യക്തമായ സൂചനകള്‍ ഒന്നും തന്നിട്ടില്ലെങ്കിലും അയാളുടെ ബാല്യകാലത്തെ കളിക്കൂട്ടുകാരി പിന്നീടെപ്പോഴോ അയാളുടെ ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്ത് കുത്തിയിട്ടിട്ടുണ്ടായിരുന്നു. ഒരു വര്‍ഷകാലത്താണ് അവരുടെ സ്വതവേയുള്ള ദുരിതങ്ങളുടെ മേല്‍ പ്രകൃതി മറ്റൊരു ദുരന്തം കൂടി കെട്ടഴിച്ചുവിട്ടത്. എല്ലാവരും ഉറങ്ങുന്ന ഒരു രാത്രി, മലയില്‍ ഉരുള്‍പൊട്ടുകയും തുടര്‍ന്ന് ഒലിച്ചിറങ്ങിയ പാറക്കല്ലുകളും മണ്ണും ചെളിയും വെള്ളവും ഒരു കട്ടിക്കമ്പിളിപ്പുതപ്പുപോലെ അവരുടെ കുടിലുകള്‍ക്കും അതിനുള്ളിലെ സ്വപ്നങ്ങള്‍ക്കും മീതെ പടര്‍ന്നുകയറിയത്. ബോധം വന്നപ്പോള്‍ സ്വന്തം ഗ്രാമത്തില്‍നിന്ന് ഒരുപാടകലെ എത്തിയിരുന്നു രാം സിങ്. അരയ്ക്ക് താഴെ കുഴമ്പ് പോലെയുള്ള ചെളിമണ്ണില്‍ പൂണ്ടുപോയിരുന്നു. തലയ്ക്ക് മുകളില്‍ അപ്പോഴും നിര്‍ത്താതെ മഴ പെയ്തുകൊണ്ടേയിരുന്നു. ആരൊക്കെയോ കൂടി അയാളെ വലിച്ച് പുറത്തെത്തിച്ച് രക്ഷപ്പെടുത്തിയപ്പോഴേയ്ക്കും അയാള്‍ക്ക് പ്രിയപ്പെട്ടവരും പ്രിയപ്പെട്ടതുമായ സകലതും ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഭൂമിയില്‍നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. ആശുപത്രിയിലെ വാസം അവസാനിച്ചപ്പോള്‍ ഗ്രാമത്തിലേയ്ക്ക് മടങ്ങിപ്പോകാന്‍ ആവാത്തതുകൊണ്ട് അയാള്‍ വിശാലമായ പുറംലോകത്തിലേയ്ക്ക് ആശങ്കകളൊന്നുമില്ലാതെ ഇറങ്ങിനടന്നു. പിന്നെ അയാള്‍ എത്തിപ്പെട്ടത് ദൂരെയുള്ള ഒരു വന്‍കിട പ്രോജക്ടിന്റെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ്. അവിടുന്നങ്ങോട്ട് നിരവധി താവളങ്ങള്‍. മടങ്ങാന്‍ ജനിച്ചുവളര്‍ന്ന പ്രദേശമോ കാണാന്‍ വേണ്ടപ്പെട്ടവരോ അവശേഷിച്ചിട്ടില്ലാത്തതുകൊണ്ട് പിന്നീടയാള്‍ ഗ്രാമത്തിലേയ്ക്ക് തിരിച്ചുപോയതേയില്ല.

അന്നു പതിവു തെറ്റിച്ചു ഞങ്ങള്‍ പുഴക്കര ഉപേക്ഷിച്ച് മലകയറി. ഇടുങ്ങിയ ഒറ്റയടിപ്പാതയിലൂടെ ഒരാള്‍ക്കു പിന്നിലായി മറ്റെയാള്‍ സൂക്ഷിച്ചും ആശങ്കപ്പെട്ടും ഓരോ അടിവെച്ച് നടന്നു. ഞങ്ങള്‍ ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല. രാം സിങിനെ എന്തൊക്കെയോ പ്രശ്നങ്ങളോ ഓര്‍മ്മകളോ അലട്ടുന്നതായി തോന്നി. കുറേ നടന്നു ക്ഷീണമകറ്റാന്‍ ഒരു പാറപ്പുറത്ത് ചാരിനിന്നു ഞങ്ങള്‍ വിശ്രമിച്ചു. ആ നേരത്ത് ജീവിതത്തില്‍ ഇതുവരെയായി എത്ര തവണയാണ് മരണം തന്നെ തൊട്ട് തലോടി തിരിഞ്ഞ് നടന്നതെന്ന് കണക്കെടുക്കുകയായിരുന്നു എന്ന് അയാള്‍ പറഞ്ഞു. പിന്നെ ഇത്തിരിക്കഴിഞ്ഞ് അയാള്‍ കൂട്ടിച്ചേര്‍ത്തു: ഇക്കുറി പക്ഷേ, അതുണ്ടാവില്ല. കളികള്‍ അവസാനിച്ചില്ലേ പറ്റൂ സാബ്, എന്നെങ്കിലും. ഞാന്‍ വെറുതെ ഒരു വിഡ്ഢിയെപ്പോലെ ചിരിക്കുക മാത്രം ചെയ്തു.

ഞങ്ങള്‍ പതുക്കെ മുഴച്ചുനില്‍ക്കുന്ന കല്ലുകള്‍ക്കിടയില്‍ കാലുടക്കാതിരിക്കാന്‍ ശ്രദ്ധിച്ച് മലഞ്ചെരിവിറങ്ങിത്തുടങ്ങി. അപ്പോഴാണ്, താഴെ നില്‍ക്കുന്നവര്‍ ഭയപരവശരായി ഞങ്ങളോട് മാറാന്‍ വിളിച്ചുപറഞ്ഞ് തുടങ്ങിയത്. കൂടെയുള്ള ഡോക്ടര്‍ ഇടതു വശത്തേയ്ക്കു മാറി, അതിനിടയില്‍ കാലിന്റെ പടം മറിഞ്ഞ് പിന്നെ ഒരാഴ്ച ഡോക്ടര്‍ കിടപ്പിലായി. ഒരിക്കല്‍ക്കൂടി രാം സിങിനെ ഒന്ന് നോക്കാന്‍ ഞാന്‍ ഒന്നു നിന്നു. അയാള്‍ കിടക്കുന്നിടത്തേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് വലിയൊരു പാറ എന്റെ നേരെ അതിവേഗത്തില്‍ ഉരുണ്ട് വരുന്നതാണ്.

അതില്‍ പിന്നീട് പ്രോജക്ടിന്റെ നിര്‍മ്മാണജോലികള്‍ക്ക് വേഗം കൂടുകയും പുതിയ പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയും ചെയ്തതോടെ ഒഴിവ് സമയം തീരെ കുറഞ്ഞ് പോയി. ആ തിരക്കിനിടയില്‍ ഞാനും രാം സിങും പരസ്പരം കാണുന്നത് തന്നെ വല്ലപ്പോഴുമായി.

ഗ്രീഷ്മകാലത്തെ ആ ദിവസം പുലര്‍ന്നത് തലേന്നു രാത്രി പെയ്ത അതിശക്തമായ മഴയില്‍ പാതിയായ റോഡിന്റെ വശമിടിഞ്ഞ് നിറയെ ഉരുളന്‍ പാറകള്‍ നിറഞ്ഞ ചെരുവില്‍ അടിതെറ്റി ഒരാള്‍ വീണുകിടക്കുന്നു എന്ന വിവരവുമായാണ്. അവിടെ എത്തിയപ്പോഴാണ് വീണത് രാം സിങ് ആയിരുന്നുവെന്ന് ഞാനറിഞ്ഞത്. ഉദിച്ചുയര്‍ന്ന സൂര്യരശ്മിയേറ്റ് വെട്ടിത്തിളങ്ങുന്ന പല നിറത്തിലുള്ള ബാസാള്‍ട്ട് പാറകള്‍ക്കിടയില്‍ ഇടതുവശം ചെരിഞ്ഞ് രാം സിങ് കിടക്കുകയായിരുന്നു. വീഴ്ചകള്‍ക്കിടയില്‍ അടയ്ക്കാന്‍ മറന്നുപോയതുപോലെ ആ കണ്ണുകള്‍ അപ്പോഴും തുറന്നുതന്നെയിരുന്നു. അപ്പോള്‍, ഉരുളന്‍ കല്ലുകള്‍ക്കിടയില്‍ ശ്രമപ്പെട്ട് സന്തുലനം നിലനിര്‍ത്താന്‍ പാടുപെടുന്നതിനിടയില്‍ പൊടുന്നനെ ആ കണ്ണുകള്‍ ഒന്ന് അടച്ചുതുറന്നു. ചോരവാര്‍ന്ന് ഇരുണ്ട ചുണ്ടുകളില്‍ പതിവുപോലെ ഒരു കള്ളച്ചിരി മിന്നിമറഞ്ഞു. കൂടെയുണ്ടായിരുന്ന പ്രോജക്ട് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു കഴിഞ്ഞതോടെ പിന്നെ ആ കല്‍ക്കൂമ്പാരത്തിനു മുകളില്‍ ചെയ്യേണ്ടതായി ഒന്നും ബാക്കിയായിരുന്നില്ല.

ഞങ്ങള്‍ പതുക്കെ മുഴച്ചുനില്‍ക്കുന്ന കല്ലുകള്‍ക്കിടയില്‍ കാലുടക്കാതിരിക്കാന്‍ ശ്രദ്ധിച്ച് മലഞ്ചെരിവിറങ്ങിത്തുടങ്ങി. അപ്പോഴാണ്, താഴെ നില്‍ക്കുന്നവര്‍ ഭയപരവശരായി ഞങ്ങളോട് മാറാന്‍ വിളിച്ചുപറഞ്ഞ് തുടങ്ങിയത്. കൂടെയുള്ള ഡോക്ടര്‍ ഇടതു വശത്തേയ്ക്കു മാറി, അതിനിടയില്‍ കാലിന്റെ പടം മറിഞ്ഞ് പിന്നെ ഒരാഴ്ച ഡോക്ടര്‍ കിടപ്പിലായി. ഒരിക്കല്‍ക്കൂടി രാം സിങിനെ ഒന്ന് നോക്കാന്‍ ഞാന്‍ ഒന്നു നിന്നു. അയാള്‍ കിടക്കുന്നിടത്തേയ്ക്ക് തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത് വലിയൊരു പാറ എന്റെ നേരെ അതിവേഗത്തില്‍ ഉരുണ്ട് വരുന്നതാണ്. ഇനി മാറാന്‍ സമയമില്ലെന്നു തോന്നിയതുകൊണ്ട് ഞാന്‍ അവിടെത്തന്നെ നിന്നു. വലതു വശത്തേയ്ക്ക് മാത്രമേ പിന്നെ മാറാന്‍ ഇടമുണ്ടായിരുന്നുള്ളൂ. അതാകട്ടെ, നൂറ് നൂറ്റന്‍പത് മീറ്റര്‍ താഴെ കലങ്ങിമറിഞ്ഞ് ഒഴുകുന്ന റാവിയിലെ തണുത്തുറഞ്ഞ വെള്ളത്തിലേ അവസാനിക്കൂ എന്നതുറപ്പായിരുന്നു. മലയുടെ ഉച്ചിയില്‍നിന്നു ചാടിത്തുള്ളി വരുന്ന കല്ലിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞ് തീരണോ തണുത്ത വെള്ളത്തില്‍ വീണ് മരവിച്ച് ഇല്ലാതാകണോ എന്ന തിരഞ്ഞെടുപ്പ് മാത്രമേ ഇനി ബാക്കിയുള്ളൂ. ആ സന്ദിഗ്ദ്ധതയില്‍ ഞാനാഗ്രഹിച്ചത് ജീവനറ്റ ശരീരമെങ്കിലും ബാക്കിയാവണമെന്നു മാത്രമായിരുന്നു. പുഴയിലാണ് വീഴുന്നതെങ്കില്‍ ഒന്നുകില്‍ ശരീരം മത്സ്യങ്ങള്‍ കൊത്തിത്തിന്നും. അല്ലെങ്കില്‍ തടസ്സമില്ലാതെ ഒഴുകിയത് കടലിലെത്തും. കണ്ണുകളടച്ച് മരണത്തെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായി. ആളുകളുടെ സന്തോഷത്തിന്റേയും നിര്‍വൃതിയുടേയും സമ്മിശ്രസ്വരങ്ങളാണ് ഒടുക്കം കണ്ണുകള്‍ തുറപ്പിച്ചത്. ഓ, അപ്പോള്‍ ഞാന്‍ മരിച്ചില്ല. പാഞ്ഞുവന്ന പാറ ഞാന്‍ നില്‍ക്കുന്നതിനു തൊട്ടടുത്ത് തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ മറ്റൊരു മുഴച്ചുനില്‍ക്കുന്ന പാറയുടെ ഉച്ചിയില്‍ ഇടിച്ച് നിരവധി ചെറുകഷണങ്ങളായി നാലുപാടും ചിതറിത്തെറിച്ചു.

KP Unni
ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ ‘തങ്കപുഷ്പം’

വീണ്ടും രാം സിങിനെ ഒരിക്കല്‍ക്കൂടി തിരിഞ്ഞുനോക്കിയെങ്കിലും എനിക്കറിയാമായിരുന്നു അയാള്‍ അപ്പോള്‍ കണ്ണുകള്‍ തുറന്ന് ചെരിഞ്ഞ് കിടക്കുന്നതിനിടയിലും എന്നെ നോക്കി കണ്ണിറുക്കുന്നതും ചുണ്ടില്‍ ഒരു കള്ളച്ചിരി വിടര്‍ത്തുന്നതും. ഒരുപക്ഷേ, മനുഷ്യാത്മാക്കള്‍ക്ക് അഭൗമമായ സിദ്ധികള്‍ കൈവരുന്നതിന്റെ തുടക്കമാവാം ഒരു ജീവന്റെ ഇല്ലാതാകല്‍. രാം സിങിന്റെ അദൃശ്യമായ കൈകള്‍ അവിടെ കൂടിയിരുന്നവര്‍ക്കാര്‍ക്കും കാണാനാവാത്ത തരത്തില്‍ ഒന്നുകില്‍ എന്നെ കൈപിടിച്ച് പാറക്കല്ലിന്റെ വഴിയില്‍നിന്ന് മാറ്റിയിരിക്കാം. അല്ലെങ്കില്‍ അയാള്‍ ആ വലിയ പാറയെ തന്റെ ബലിഷ്ഠമായ മുഷ്ടിയില്‍ അമര്‍ത്തി ഞെരിച്ച് പൊട്ടിച്ചതാവാം. അത് രണ്ടായാലും അങ്ങനെ എന്റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍, വരാനിരിക്കുന്ന നിറംമങ്ങിയ ജീവിതത്തിന്റെ നിരവധിയായ അനിവാര്യതകളിലേയ്ക്ക് എന്നെ കാരുണ്യലേശമില്ലാതെ തള്ളിയിട്ട് എന്റെ മരണം, മരിച്ചുകഴിഞ്ഞ രാം സിങിനു കൂട്ടായി അയാളോടൊപ്പം മടങ്ങിപ്പോയി.

ഇനി എന്നാണ് എന്റെ ഊഴം വന്നെത്തുകയെന്ന് എനിക്കറിയില്ല. അന്ന് ആരെയായിരിക്കും മരണം ഒന്ന് തലോടി പതുക്കെ നോവിക്കാതെ നോവിച്ച് ഒരു രണ്ടാം വിചാരത്തില്‍ പിന്നെ വേണ്ടെന്നു വെച്ച് പിന്‍വാങ്ങുക എന്നും എനിക്കറിയില്ല. രാം സിങ് ഒരിക്കല്‍ പറഞ്ഞതുപോലെ അല്ലെങ്കിലും മരണത്തിന്റെ രീതികള്‍ മരണത്തില്‍ ബാക്കിയാകുന്നവരുടെ ജീവിതം പോലെ അയുക്തികവും അവ്യാഖേയവും ആണല്ലോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com