ഒരു ജാഥ വരികയാണ്.
കമ്യൂണിസ്റ്റ് പച്ചയുടെ കമ്പിൽ കോർത്ത വട്ടയിലയുടെ കൊടിയേന്തി മുന്നിൽ അലൻ. അവന്റെ വാലായി അവന്തിക. പിന്നിൽ സിമിയാന്റി. അവരുടെ ഒക്കത്ത്, ഞങ്ങളുടെ കടയിൽ പണിയെടുക്കുന്ന മുഹമ്മദ് അസ്ലത്തിന്റെ മകൻ ഒന്നര വയസ്സുകാരൻ. അവർക്കും പിറകേ അയൽപ്പക്കത്തെ കുട്ടികൾ മുഴുവനും. സിമിയാന്റി പാടിക്കൊടുക്കുന്ന കാസിമിക്കയുടെ പഴയ പാട്ടിന് ഇമ്പം പോരാ. എങ്കിലും ആ പാട്ടിലാണ് അവരെയൊക്കെ കോർത്തിട്ടിരിക്കുന്നത്.
“നമ്മുടെ ജനാധിപത്യ കേരളം വന്നാലേ
പിന്നെ നമ്മള് നടക്കും ആണുങ്ങളെപ്പോലേ...
ആണുങ്ങളെപ്പോലേ...”
മുതിർന്നവരായി നടിക്കുന്ന കുട്ടികൾ മുഷ്ടി വായുവിൽ എറിഞ്ഞ് ഏറ്റുപാടുന്നു:
“കിട്ടിയാൽ കിട്ടിയോർക്കെന്ന കളി നടക്കൂല
പിന്നെ നാട്ടുകാര്‌ടെ വയറ്റിലാവിക്കപ്പലോടൂല്ല...
ആവിക്കപ്പലോടൂല്ല...”
കാസർകോഡ് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ജാഥയാണ്. അതിപ്പോ കാഞ്ഞങ്ങാട് കവിയുന്നു. കാലങ്ങളായി കായ്ക്കാതെ നിൽക്കുന്ന റമ്പൂട്ടാന്റെ ചുവടാണ് കാഞ്ഞങ്ങാട്. അവിടെ നിന്നും കയ്യാല കയറി പനീർചാമ്പയുടെ അടുത്തെത്തിയപ്പോൾ കണ്ണൂരായി. വീണുകിടക്കുന്ന ചാമ്പങ്ങ പെറുക്കാൻ ഒന്നുരണ്ടുപേർ ജാഥയുടെ വരി തെറ്റിച്ചപ്പോൾ സിമിയാന്റി ഓർമ്മിപ്പിച്ചു: “അച്ചടക്കമാണ് അംഗങ്ങൾക്ക് ആദ്യം വേണ്ട ഗുണം.” തെറ്റ് ചെയ്ത പാപികൾ, കുലംകുത്തികൾ അവർ പെറുക്കിയ ചാമ്പങ്ങ പോക്കറ്റിൽ താഴ്‌ത്തിയതോടെ ജാഥ വീണ്ടും നേർവരയിൽ മുന്നോട്ടാഞ്ഞു. ഇതിനിടയിൽ, ട്യൂഷനും സംഗീതക്ലാസ്സിലും കരാട്ടെ പരിശീലനത്തിനും പോയിരുന്ന ചിലർ കൂടി ഇടയ്ക്ക് വന്നുചേർന്നു. “തളിപ്പറമ്പിൽനിന്നും ഇരിട്ടിയിൽനിന്നും പാപ്പിനിശ്ശേരിയിൽനിന്നും ജാഥയുടെ ഭാഗമാകാൻ എത്തിയവർക്ക് സ്വാഗതം” എന്ന് സിമിയാന്റി അവരെ സ്വീകരിച്ചു. കൽപ്പറ്റയിലും മാനന്തവാടിയിലും മഴയും മണ്ണിടിച്ചിലും കാരണം ജാഥ വയനാട് തൊട്ടില്ല. തലശ്ശേരിയിലെ മീറ്റിംഗ് കഴിഞ്ഞ്, രണ്ട് അടയ്ക്കാമരങ്ങൾ ചുറ്റി കോഴിക്കൂടിന്റെ പിന്നിൽ എത്തിയതോടെ കോഴിക്കോടായി. ആളും ബഹളവും കാരണം കടപ്പുറം മാനാഞ്ചിറയിലേക്കും മിഠായിത്തെരുവിലേക്കും ഒഴുകുന്ന പ്രതീതി ഉണ്ടായി. അലക്കുകല്ല്, ആട്ടിൻകൂട്, പണ്ട് പാമ്പ് കയറിയപ്പോൾ അപ്പച്ചൻ പൊളിച്ചിട്ട കൽക്കെട്ട് എന്നിവ രണ്ടുവട്ടം വലംവച്ചതോടെ ജാഥ മഞ്ചേരിയും തിരൂരും കടന്നു. ഒറ്റപ്പാലത്തും ആലത്തൂരും പ്രതീക്ഷിച്ച ആൾക്കൂട്ടം ഉണ്ടായില്ല. ചിറ്റൂരിൽ നിന്നുള്ള പ്രവർത്തകരുടെ അസാന്നിധ്യം സിമിയാന്റി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തൃശൂരിൽ പ്രസംഗത്തിനിടയിൽ രണ്ടുവട്ടം മൈക്ക് കേടായി. രണ്ടുവട്ടവും മൈക്ക് ഓപ്പറേറ്ററായ അഭിജിത്ത് ശകാരം കേട്ടു. ഇരിങ്ങാലക്കുടയാണോ ചാലക്കുടിയാണോ കൊച്ചി മറൈൻഡ്രൈവാണോ എന്നെനിക്ക് വ്യക്തമായില്ല, ജാഥ മീൻകുളത്തിന്റെ കരയിൽ എത്തിയപ്പോൾ കാനഡയിൽനിന്നും റാൽഫിയുടെ കോൾ വന്നു. ലീനയുടെ ഫോണിലേക്കാണ് അവൻ വിളിച്ചത്. “ആന്റിക്ക് ഫോൺ” എന്ന് അവൾ സമ്മേളന നഗരിയിലേക്ക് വിളിച്ചുപറഞ്ഞു. ആ നേരം ഒരു വിപ്ലവഗാനം ആലപിക്കാൻ ശ്രാവണയെ ഏല്പിച്ച് ആന്റി ഫോണിലേക്ക് “ഹലോ” എന്ന് ഊന്നി. ആ സംഭാഷണം അധികം നീണ്ടില്ല. ഫോൺ അടുക്കളയുടെ അരമതിലിൽ വച്ച് വേദിയിലേക്ക് ഓടുമ്പോൾ ആന്റി ഉറക്കെ പറഞ്ഞു: “പാർട്ടി വലിയൊരു പ്രതിസന്ധി നേരിടുമ്പോഴാ അവന്റമ്മേടെ ഒരു ക്ഷേമാന്വേഷണം.” കൃഷിഭവനിൽനിന്നും കിട്ടിയ അത്യുല്പാദനശേഷിയുള്ള കുരുമുളക് തൈകളും തെങ്ങിൻ തൈകളും ചാരിവച്ചിരിക്കുന്ന ഭാഗത്തെത്തിയപ്പോൾ ആരോ ചോദിക്കുന്ന കേട്ടു: “ഇത് ഏറ്റുമാനൂരല്ലേ?” പൈനാവ്, വണ്ടിപ്പെരിയാർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളൊക്കെ ഉണ്ടായെങ്കിലും, കോട്ടയത്ത് ജാഥയ്ക്ക് കിട്ടിയ സ്വീകരണം ഉഷാറായില്ല. എല്ലാവരും നന്നേ മുഷിഞ്ഞപോലെ കാണപ്പെട്ടു. ആലപ്പുഴയിലും കായംകുളത്തും അതുതന്നെ അവസ്ഥ. കൊട്ടാരക്കരയിൽ പ്രസംഗം പൊടിപൊടിക്കുമ്പോൾ മുഹമ്മദ് അസ്ലത്തിന്റെ ഒന്നര വയസ്സുകാരനെ, അവന്റെ ഉമ്മ വന്ന് എടുത്തുകൊണ്ടുപോയി. വേദിയും സദസ്സും കുറച്ചുനേരത്തേക്ക് ഒന്നിരമ്പി. മൈക്കിലൂടെ സിമിയാന്റി പറഞ്ഞു: “അവന്റെ മുലകുടി മാറ്റാറായി.” പലവട്ടം ഉണങ്ങിപ്പോയിട്ടും വേരോട്ടമുള്ളതിനാൽ മഴപെയ്യുമ്പോൾ മാത്രം പൊടിച്ചാർത്തുവരുന്ന കോവലവള്ളികളുടെ പന്തലിനു സമീപം, വർക്കല എത്തിയപ്പോൾ ജാഥാക്യാപ്റ്റനു ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തലവേച്ചുപോയ സിമിയാന്റി പിൻമുറ്റത്തെ അരപ്രേസിൽ വന്നു കിടന്നതോടെ ജാഥ അടുത്തകാലത്തൊന്നും പാളയം എത്തില്ലെന്നും ഉറപ്പായി. ലീന കുടിക്കാൻ തണുത്ത വെള്ളം കൊണ്ടുകൊടുത്തു. പാർട്ടി അണികളെയെല്ലാം “കളിയൊക്കെ ഇനിപ്പിന്നെ...” എന്നൊഴിവാക്കി. അന്തിച്ചുനിന്ന അലനേയും അവന്തികയേയും “വിയർത്തു നാറുന്നു, പോയി കുളിയെടാ രണ്ടും...” എന്നോടിച്ചു. പിന്നെ ആന്റിയെ കൈപിടിച്ച് അകത്തുകൊണ്ടുചെന്നു കിടത്തി. അവൾ അവരെ ചെറുതായി ശാസിച്ചു:
“പിള്ളാരുടെ കൂടെ ചാടിത്തുള്ളേണ്ട വല്ല കാര്യവുമുണ്ടോ?”
കണ്ണുകൾ തുറക്കാതെ ആന്റി പറഞ്ഞു:
“ഏഴും എഴുപതും ഒരുപോലാടീ പെണ്ണേ...”
ലീന ചോദിച്ചു:
“എഴുപതോ..?”
“എഴുപതല്ല. എഴുപത്തിനാലുമായി...”
അടുത്തിരുന്ന് തീരെ മെലിഞ്ഞ ആ കൈകളിൽ വിരലോടിച്ചപ്പോൾ അവരെന്നോട് പരിഭവിച്ചു:
“ജോക്കുട്ടാ, നെന്റെ കെട്ടിയോളെന്നെ വയസ്സത്തിയാക്കുന്നെടാ...”
ഞാനാ കവിളിൽ മെല്ലെ തട്ടി.
“ഒന്നുറങ്ങിക്കോ. തലവേയ്‌പ് മാറട്ടെ.”
അവർ മെല്ലെ മയങ്ങി.
രണ്ടുമാസം മുൻപാണ് സിമിയാന്റി ഞങ്ങൾക്കൊപ്പം താമസിക്കാൻ എത്തുന്നത്. റാൽഫിയും കുടുംബവും കാനഡയിലേക്ക് കുടിയേറിയതോടെ നീണ്ടപാറയിലെ ഞങ്ങളുടെ കുടുംബവീട്ടിൽ അവരൊറ്റയ്ക്കായിരുന്നു: അങ്ങനിരിക്കെ മുറ്റത്തൊന്ന് വഴുക്കിവീണ് കാലിന്റെ എല്ലിന് പൊട്ടൽ വന്നപ്പോൾ ആന്റിക്ക് കൂടെയൊരാൾ വേണമെന്നായി.
“ഇങ്ങോട്ട് കൂട്ടിയാലോ?”
ഞാനത് ചോദിച്ചപ്പോൾ ലീന സംശയിച്ചു:
“വിളിച്ചാൽ ആന്റി വരുമോ?”
“പിന്നെ വരാതെ.”
“ഇങ്ങോട്ട് പോരുന്നതാ നല്ലത്. അവിടെ ചുറ്റും ബംഗാളികളാ. എല്ലാവനും ഇങ്ങോട്ട് കുടിയേറിയേക്കുവല്ലേ. ഒക്കെ കള്ളും കഞ്ചാവും. ആരാ എന്താന്ന് ആർക്കറിയാം?”
ഞാനവളെ ഇടംകണ്ണിട്ട് നോക്കി. അവളത് കണ്ടില്ല.
ഞങ്ങൾ സംശയിച്ചപോലെ, ചെന്നുവിളിച്ചപ്പോൾ ആന്റി തടസ്സമൊന്നും പറഞ്ഞില്ല. കൂടെപ്പോന്നു.
പക്ഷേ, കാലിന്റെ വയ്യായ്ക മാറിയപ്പോൾ ഉടനെ മടങ്ങിപ്പോകാൻ തുനിഞ്ഞെന്നു മാത്രം. ലീന എതിർത്തു.
“ഇനിയിപ്പോ അവിടെച്ചെന്ന് ഒറ്റക്കങ്ങനെ കഴിയണ്ട. ഇവിടെയീ പിള്ളാര്ടെ കൂടെ സന്തോഷമായിട്ടിരി.”
“വീടങ്ങനെ ആൾപ്പാർപ്പില്ലാതെ ഇട്ടാ നശിച്ചുപോകുമെടീ...”
“നമുക്ക് എല്ലാ ദെവസോം പോയി നോക്കാമെന്ന്...”
ലീനയുടെ ആ വാക്കിന്റെ പുറത്ത്, മനസ്സില്ലാമനസ്സോടെ സിമിയാന്റി ഞങ്ങൾക്കൊപ്പം താമസം തുടങ്ങി.
രാവിലെ കുട്ടികൾ സ്‌കൂളിലേക്കും ലീന ഓഫീസിലേക്കും ഞാൻ കടയിലേക്കും പോയാൽ സിമിയാന്റി വീട്ടിൽ തനിച്ചാകുമല്ലോ എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക. എന്നാൽ, അതിനൊരു പരിഹാരം നിർദ്ദേശിച്ചത് കടയിൽ സഹായിയായി നിൽക്കുന്ന മുഹമ്മദ് അസ്ലമാണ്. ബംഗാളിൽനിന്നുള്ള അയാൾ കുറേക്കാലമായി എന്നോടൊപ്പമുണ്ട്. അസ്ലം പറഞ്ഞു:
“കൂട്ടിനു ഫരിദായെ പറഞ്ഞയയ്ക്കാം.”
“അവൾ സമ്മതിക്കുമോ?”
“ഞാൻ പറയാം. അവൾ വരും.”
ഫരിദാ അയാളുടെ ഭാര്യയാണ്. ഞങ്ങളുടെ വീടിനും കവലയിലെ കടയ്ക്കുമിടയിലുള്ള ഒരു ലൈൻമുറി കെട്ടിടത്തിലാണ് അവരുടെ താമസം. അടുത്ത മുറികളിൽ താമസിക്കുന്നത് അയാളുടെ നാട്ടുകാരാണെങ്കിലും എപ്പോഴും കച്ചറയാണെന്നതാണ് അയാളുടെ ഖേദം. അവർക്കിടയിൽ ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കി പോരുന്നതിൽ അയാൾക്കുള്ള വിഷമം ചെറുതല്ല. കടയിൽ വന്നാലും കൂടെക്കൂടെ അയാൾ ഭാര്യയെ വിളിക്കും: “പേടിക്കണ്ട പെണ്ണേ. ഞാനിവിടുണ്ട്.”
പിറ്റേന്ന് രാവിലെ കുഞ്ഞിനേയും കൊണ്ട് ഫരിദാ വന്നു മുറ്റത്തുനിന്നപ്പോൾ പ്ലാസ്റ്ററിട്ട കാലുമായി ഒക്കിക്കുത്തി വരാന്തയോളം ചെന്ന് സിമിയാന്റി അവളോട് ചോദിച്ചു:
“തുമി കോത തെകെ ആശ്ചോ?”
അതുകേട്ട് ഞങ്ങളും വീടാകെയും മുന്നോട്ടൊന്നാഞ്ഞു.
ഫരിദാ മടിച്ചുമടിച്ചു പറഞ്ഞു:
“കൊൽക്കൊത്ത.”
“തുമി കഥദിൻ ധരേ ഏകനെ ആചോ?”
ഫരിദാ അവൾക്കറിയാവുന്ന ഇഴപൊട്ടിയ മലയാളത്തിലേക്ക് ചുവടുമാറി:
“രണ്ടു വർഷമായി. ഇവിടെ വന്ന ശേഷമാ ഇവനുണ്ടായത്. എനിക്ക് മലയാളം കുറച്ചൊക്കെ അറിയാം വലിയമ്മേ...”
ഞങ്ങളെല്ലാം ചിരിച്ചു.
സിമിയാന്റി കുട്ടിയുടെ കവിളിൽ തൊട്ടുകൊണ്ടു പറഞ്ഞു.
“അപ്പോ ഇവനൊരു മലയാളിയാണ്, അല്ലെ?”
ഫരിദാ സംശയത്തോടെ ഞങ്ങളെ നോക്കി.
സിമിയാന്റി താൻ പറഞ്ഞത് കൂടുതൽ വ്യക്തമാക്കി:
“ജനിച്ച നാടാ ജന്മനാട്.”
അലൻ ഇടയ്ക്ക് കയറി: “അപ്പോ നമ്മടെ ബാഷയോ?”
ലീന കുഞ്ഞിനെ വാങ്ങി: “ബാഷയല്ലെടാ, ഭാഷ. അതവൻ പഠിച്ചോളും. നീ വേഗം സ്‌കൂളിൽ പോകാൻ ഒരുങ്ങ്.”
ചായയ്ക്കിരിക്കുമ്പോൾ ഞാൻ ചോദിച്ചു:
“ആന്റിയെപ്പഴാ ബംഗാളി പഠിച്ചേ?”
“ഓ...കയ്യിൽ ഫോണിരിക്കുവല്ലേ. ഗൂഗിൾഗുരു ആരേം എന്തും പഠിപ്പിക്കും.”
ഞങ്ങൾ ചെറുചിരിയോടെ പരസ്പരം നോക്കിയപ്പോൾ അതവഗണിച്ച് ആന്റി തുടർന്നു:
“അവരുടെ കൂടെയല്ലേ ഇനിയങ്ങോട്ട് നമ്മടെ പൊറുതി. അപ്പോപ്പിന്നെ അവരുടെ ഭാഷ നമ്മക്ക്. നമ്മടെ ഭാഷ അവർക്ക്. അവര് മലയാളം പറയും. നമ്മള് ബംഗാളി പറയും. അതിനെന്താ?”
“ഒന്നുമില്ല.”
ഞാൻ ചുമൽ കോച്ചി.
പ്ലാസ്റ്റർ വെട്ടിയ ശേഷം സിമിയാന്റിയും ഫരിദായും ചേർന്ന് വീടിനു പിന്നിൽ ഒരടുക്കളത്തോട്ടം ഉണ്ടാക്കി. പലതരം മുളകുചെടികൾ, തക്കാളി, വെണ്ട, വഴുതിന അങ്ങനെ ചിലതെല്ലാം നാമ്പിട്ടു വന്നു. കഴുകി വൃത്തിയാക്കിയ പൂച്ചട്ടികളിൽ പുതിയ ചെടികൾ നിറഞ്ഞു. കസേരത്തുണികൾ, ജനാലമറകൾ, മേശവിരികൾ എന്നിവയ്ക്ക് നിറം വച്ചു. സ്ഥാനചലനം സംഭവിച്ച ഗൃഹോപകരണങ്ങൾക്കും ഞങ്ങളെപ്പോലെ ആദ്യമൊരു പകപ്പുണ്ടായി. പിന്നെയവയും മാറ്റങ്ങൾ ഉൾക്കൊണ്ടു. കാലങ്ങളായി മുടങ്ങിപ്പോയ, മറന്നുപോയ അത്താഴത്തിനു മുൻപുള്ള പ്രാർത്ഥന സിമിയാന്റി മടക്കിക്കൊണ്ടുവന്നു. രാത്രികളിൽ, കടപൂട്ടി എന്റെകൂടെ പോരുന്ന മുഹമ്മദ് അസ്ലത്തിനൊപ്പം ഫരിദായും കുഞ്ഞും മടങ്ങിയാലുടൻ ആന്റിയുടെ ശബ്ദം ഡ്രോയിങ്റൂമിൽനിന്നും ഉയർന്നുകേട്ടു:
“അലനേ, കുഞ്ഞിപ്പെണ്ണേ പ്രാർത്ഥിക്കാൻ വാടീ...”
തുടർന്ന് സിമിയാന്റിയുടെ ആ നേരത്ത് മാത്രം കേൾക്കുന്ന സ്വർഗ്ഗീയ ശബ്ദം:
“നന്മ നിറഞ്ഞ മറിയമേ...കർത്താവിന്റമ്മേ...നിന്റെ നാമം...”
പിന്നാലെ, അലനും അവന്തികയും അവരിരിക്കുന്ന പഠനമുറിയിലെ കസേരകൾ പിന്നിലേയ്ക്കുന്തുന്ന ശബ്ദം: “ടറേ...ടറേ...”
ലീന അടുക്കളയുടെ തുരുമ്പെടുത്ത പുറവാതിലിന്റെ ക്ലാമ്പിടുന്ന ശബ്ദം: “സ്...സ്...ടും...”
കണ്ടാലുടനേ തല്ലിയോടിക്കാറുള്ള രണ്ടു തെണ്ടിപ്പൂച്ചകൾ മതിലിന് മുകളിൽ നിന്ന്: “മ്യാവൂ...ഉർർർർ... ങ്യാവൂ...”
ഇത്തരം അനിഷ്ടശബ്ദങ്ങളെ എങ്ങനെ വിവർത്തനം ചെയ്യുമെന്നോർത്ത് കുളിമുറിയിൽ നിന്നിറങ്ങുന്ന എന്റെ നനഞ്ഞ പാദങ്ങൾ ടൈലുകൾക്ക് മുകളിൽ എഴുതുന്നു: “...ട...ട...ട...ട...”
അവയുടെ വിരസമായ തുടർച്ചയിലേക്ക് പിൻതിരിഞ്ഞ് നോക്കിനോക്കി ഞാനും ആ പ്രാർത്ഥനാസംഘത്തിന്റെ അണിയിൽ ഇടംനേടുന്നു.
ഈ വിധം ആവർത്തിച്ചുകൊണ്ടിരുന്ന ദൈനംദിന ജീവിതത്തിൽ ഞങ്ങളെല്ലാം വീട്ടിലുണ്ടായിരുന്ന ഒരവധി ദിവസം, പകൽ സിമിയാന്റി നയിച്ച ജാഥയെക്കുറിച്ചാണ് തുടക്കത്തിൽ ഞാൻ വിവരിച്ചത്. ജാഥയ്ക്കിടയിൽ ക്യാപ്റ്റനുണ്ടായ തലവേയ്‌പ്, ആലസ്യം, കിടപ്പ്, മയക്കം എന്നിവയെക്കുറിച്ചും ഞാൻ പറഞ്ഞല്ലോ. അതിനെല്ലാം ശേഷം വൈകിട്ടോടെ കൂടുതൽ ഉഷാറോടെ എഴുന്നേറ്റ് വന്ന് സിമിയാന്റി അന്വേഷിച്ചു:
“ആ പെണ്ണും കൊച്ചും എന്തിയേ?”
ലീന പറഞ്ഞു: “ഇന്ന് കട മുടക്കമല്ലേ. അസ്ലം ടൗണീന്നു വന്നപ്പോ വിളിച്ചോണ്ട് പോയി.”
ആന്റിക്ക് നിരാശയായി.
“അയ്യോടി...ഞാനവൾക്കൊരു സിനിമ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞാരുന്നു...”
“ഏത് സിനിമ. ഗോപിപ്പടമായിരിക്കും?”
“കളിയാക്കാതെടാ. അവള് പോയില്ലേ. ഇനി പറഞ്ഞിട്ടെന്നാ കാര്യം.”
രാത്രി.
ഞങ്ങളുടെ കടയിരിക്കുന്ന കെട്ടിടത്തിൽ മെഡിക്കൽ സ്റ്റോർ നടത്തുന്ന പോൾസൺ വിളിച്ചു.
“എടാ, ഞാൻ ചോദിച്ച കാര്യം മറക്കല്ലേ?”
“ക്യാഷല്ലേ. തരാം. നീ രാവിലെ കടയിലേക്ക് വന്നാമതി.”
“ഓക്കേ. എടാ പിന്നേ, രാവിലെ നീ എന്നും വരുന്ന കനാൽബണ്ടു റോഡുവഴി വരണ്ട.”
“എന്തേ?”
“ഒരു പ്രശ്‌നമൊണ്ട്. അവിടെ പൊറമ്പോക്കില് ഒരു തള്ളേം മോളും ഷെഡ് കെട്ടി താമസിച്ചിരുന്നില്ലേ? ആ മോളെ ആരാണ്ടും കൊന്നിട്ടിരിക്കുന്നൂന്ന് കേട്ടു. നാളെയിപ്പോ അവിടെ മൊത്തം ആളും ബഹളോം പൊലീസുമാകും. നീ വരാൻ വൈകിയാ ഞാൻ കൊഴയുമേ.”
“വൈകില്ല. നീ വച്ചോ.”
പിറ്റേന്ന് ഉച്ചയ്ക്ക് ഞാൻ ഊണ് കഴിക്കാൻ വരുമ്പോൾ സിമിയാന്റിയും ഫരിദായും വലിയ ഗൗരവത്തിലിരുന്ന് സിനിമ കാണുകയാണ്. ആന്റിയുടെ ഫോണിലെ യൂ ട്യൂബ് ടി.വിയിലേക്ക് കണക്‌റ്റ് ചെയ്തിരിക്കുന്നു. ഫരിദായുടെ കുഞ്ഞ് സോഫയിൽ ഉറക്കത്തിൽ. അവന്റെ തളയിട്ട കാലുകൾ രണ്ടും ആന്റിയുടെ മടിയിൽ. ഫരിദായുടെ ഇരിപ്പ് താഴെയാണ്. ഞാൻ വന്നതും വാതിൽ തുറന്നതും രണ്ടും അറിഞ്ഞ മട്ടില്ല.
ഞാൻ തിരക്കി: “ഏതു സിനിമയാ?”
എന്നെ കണ്ട് എഴുന്നേറ്റ് ഫരിദാ പറഞ്ഞു: “കുടിയേറ്റം.”
അവളുടെ തുടയിൽ ഒരടി കൊടുത്തുകൊണ്ട് സിമിയാന്റി തിരുത്തി:
“കുടിയേറ്റമല്ലെടി പൊട്ടി. കൊടിയേറ്റം. വാ...ഇനി പിന്നെക്കാണാം.”
സിനിമ പോസ് ചെയ്തിട്ട് ആന്റിയെനിക്ക് ചോറെടുക്കാൻ പോയി. പിന്നാലെ ഫരിദായും. കുഞ്ഞ് താഴെ വീഴാതെ ചെയർപില്ലോ കൊണ്ട് ഞാനൊരു തടവച്ചു.
ഊണ് കഴിക്കുമ്പോൾ ഞാൻ ചോദിച്ചു:
“ഈ പഴേ മലയാളം സിനിമ കണ്ടാ നിനക്ക് വല്ലോം മനസ്സിലാകുമോ?”
ഫരിദാ പറഞ്ഞു:
“വലിയമ്മേടെ ബാപ്പ ഈ സിനിമേലുണ്ട്.”
സിമിയാന്റി അവളുടെ തലയിൽ ഒന്നു മേടി.
“ബാപ്പ നിന്റെ തന്ത. എന്റേത് അപ്പച്ചൻ. തുണ്ടിയിൽ ലോന.”
ആ പറഞ്ഞത് മനസ്സിലായിട്ടോ എന്തോ ഫരിദാ ചിരിച്ചു മറിഞ്ഞു.
അവർ അടുക്കളയിലേക്ക് വലിഞ്ഞപ്പോൾ ഞാൻ ന്യൂസ് ചാനൽ വച്ചു നോക്കി. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കോലാഹലങ്ങളാണ് ടി.വി നിറയെ. ഒരു ചാനലിൽ നഗരത്തിൽ നടന്ന കൊലപാതക വാർത്തയുടെ സ്‌ക്രോളിംഗ് പോകുന്നുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടി ദളിതാണെന്നതിലാണ് അവരുടെ ഊന്നൽ. നിയമവിദ്യാർത്ഥിനി ആയിരുന്നു എന്നുമുണ്ട്. രാവിലെ കടയിൽ വന്ന ചിലർ പറഞ്ഞതിൽ കൂടുതൽ വിവരങ്ങളൊന്നുമില്ല. ഊണ് മതിയാക്കി കൈകഴുകുമ്പോൾ മനസ്സിലോർത്തു: “പാവം കുട്ടീ, നീ പഠിച്ച നിയമം നിന്നെ രക്ഷിച്ചില്ലല്ലോ?”
അന്നു ഞാൻ ഇത്തിരി നേരത്തേ കടപൂട്ടി. വീട്ടിൽ വന്നപ്പോൾ ലീനയ്ക്ക് തലവേദന. അലന് ചെറിയൊരു പനിക്കോള്. അസ്ലമും കുടുംബവും പോയ ഉടൻ അത്താഴം കഴിച്ചു കിടന്നെങ്കിലും ഉറക്കം വന്നില്ല. ഉള്ളിലൊരു സങ്കടം. ചില നേരങ്ങളിൽ മനുഷ്യർ അകാരണമായി വിഷാദിക്കുന്നത് എന്തിനാണോ? ടെറസിൽ പോയി ഒരു സിഗരറ്റ് കത്തിച്ചുവലിച്ചു. അത് തീർന്നപ്പോൾ പാരപ്പെറ്റിൽ ചാരിയിരുന്ന് ആകാശം നോക്കി. അങ്ങിങ്ങ് നക്ഷത്രങ്ങളുണ്ട്. ഒന്നിനും അത്ര തെളിച്ചമില്ല.
വീണ്ടും താഴെച്ചെന്ന് കിടന്നേക്കാം എന്ന് കരുതി എഴുന്നേറ്റപ്പോഴുണ്ട് സിമിയാന്റി മുന്നിൽ.
“എന്തുപറ്റിയെടാ?”
“ഒന്നുമില്ല.”
“ആന്റിക്കെന്നാ ഒറക്കമില്ലേ?”
“ഓ...”
“കൊടിയേറ്റം കണ്ടപ്പോ പഴയതൊക്കെ ഓർത്തുകാണും...”
“ഉം”
“ഈ ഗോപി ഒണ്ടാക്കുന്ന പൊല്ലാപ്പെ. എന്നിട്ട് അപ്പാപ്പനെ നെറച്ചും കണ്ടോ?”
“ങ്”
“അമ്മാമ്മയെ?”
“ങ്ങാ”
“എന്റമ്മയേം അപ്പനേം?”
“ഹാ”
“കൊച്ചപ്പിച്ചായെ?”
“ശ്ച്”
“കരഞ്ഞോ?”
“ഏഹേ...”
ഓ, ഉം, ങ്, ങ്ങാ, ശ്ച്, ഏഹേ, ഹാ, ഹോ... ഭാഷയിൽ ഇങ്ങനെ ചില കുടിയേറ്റക്കാരുണ്ട്. പുറമ്പോക്കികൾ. ഇവരുടെ അർത്ഥമെന്തെന്ന് സന്ദർഭത്തിനൊപ്പിച്ചേ വിവരിക്കാനാവൂ. പിന്നെ മൗനം. നീണ്ടു നീണ്ടു പോകുന്ന മൗനം. കാതടപ്പിക്കും മട്ടിൽ അലറുന്ന മൗനം. അതിൽ പൊങ്ങിക്കിടപ്പുണ്ട് നാൽപ്പത്തിയാറിലെ കൊൽക്കൊത്ത. എന്റെ അമ്മയുണ്ടായിരുന്നുവെങ്കിൽ ഉടനേ തിരുത്തും. കൊൽക്കൊത്ത അല്ല. കൽക്കട്ട. അങ്ങനെ പറയണം. അതിലുണ്ട് കത്തിയമർന്ന കല്ലും കട്ടയും. അവയ്ക്കിടയിൽ ഭാര്യയേയും മോളേയും തിരയുന്ന തുണ്ടിയിൽ ലോനയുണ്ട്. ലഹളക്കാരുടെ കൈകളിൽ പെട്ട് ഛിന്നഭിന്നമായ ജീവിതമുണ്ട്. അയാളുടെ മോളെ അയൽക്കാരൻ രക്ഷിച്ചെടുത്തു. ഭാര്യയെ കിട്ടിയില്ല. ഹൂഗ്ലിയിൽനിന്നും കരയ്ക്കെടുത്തിട്ട ശവങ്ങൾക്കിടയിലും കുറെ തിരഞ്ഞു നടന്നു. കിട്ടിയില്ല. പിന്നെക്കിട്ടി. മുഖം കത്തിക്കരിഞ്ഞുപോയ ഒരു ജഡത്തിൽ കെട്ടിപ്പിടിച്ചു കരയുന്ന പെൺകുഞ്ഞിനെ. മോളുടെ പ്രായം. വിട്ടുകളയാൻ തോന്നിയില്ല. എടുത്തുകൊണ്ടുപോന്നു. ഭാഷ അറിയാത്തതിനാൽ എന്ത് ചോദിച്ചാലും ഓ, ഉം, ങ്, ങ്ങാ, ശ്ച്, ഏഹേ, ഹാ, ഹോ എന്ന് പറയുന്ന കുട്ടി. അതു കേട്ടുകേട്ട് മോളും ശീലിച്ചു: ഓ, ഉം, ങ്, ങ്ങാ, ശ്ച്, ഏഹേ, ഹാ, ഹോ. ലഹളകളടങ്ങി വണ്ടികളോടി തുടങ്ങിയപ്പോൾ, തുണിമില്ലിലെ ജോലി മതിയാക്കി രണ്ടു പെൺകുഞ്ഞുങ്ങളേയും കൊണ്ട് ലോന നാട്ടിലെത്തി. ഭാഗം കിട്ടിയ വീട്ടിൽ പൊറുതി. കുട്ടികളുടെ പഠിപ്പ്. വളർച്ച. മൂത്തവൾ സിബി. ഇളയവൾ സിമി. ഒരാൾക്കിഷ്ടം സംഗീതം. ഒരാൾക്കിഷ്ടം ഭാഷ. ഇഷ്ടമുള്ളത് പഠിച്ച് രണ്ടുപേരും അദ്ധ്യാപകരായി. രണ്ടുപേരും അദ്ധ്യാപകരെത്തന്നെ കെട്ടി. ഭാഷയും സംഗീതവും ജീവിതം വീണ്ടും ചിട്ടപ്പെടുത്തിയ കാലം. അതേ കാലം തന്നെ രണ്ടുപേരുടേയും കെട്ടിയവന്മാരെ അതിവേഗം തിരികെ വിളിച്ചു. തൊട്ടുപിന്നാലെ ലോനയും മടങ്ങി. ഓർമ്മകൾ നഷ്ടമായ അവസാനകാലത്ത് ലോനയ്ക്ക് സിമിയേയും സിബിയേയും എപ്പോഴും മാറിപ്പോയി. ചോദിക്കുന്നതിനുള്ള മറുപടികൾ അസ്പഷ്ടമായി. എന്തിനുമുള്ള മറുപടികൾ ഇത്രമാത്രം: ഓ, ഉം, ങ്, ങ്ങാ, ശ്ച്, ഏഹേ, ഹാ, ഹോ. തുടർന്നങ്ങോട്ട് കുടുംബവീട്ടിൽ സിമിയും കുഞ്ഞും. ആ കുഞ്ഞാണ് റാൽഫി. ഭർത്തൃവീട്ടിൽ സിബിയും കുഞ്ഞും. ആ കുഞ്ഞാണ് ഞാൻ.
“അപ്പോൾ അപ്പാപ്പൻ കണ്ടെടുത്ത കുഞ്ഞാരാ?”
ഞാനും റാൽഫിയും അമ്മയോടും സിമിയാന്റിയോടും പലവട്ടം ചോദിച്ചിട്ടുണ്ട്.
ഇരുവരും മിണ്ടുകയില്ല.
അമ്മാമ്മ അവരിലില്ല. ഇരുവരും അപ്പന്റെ പെണ്‍മക്കൾ.
“അമ്മാമ്മക്കെന്നാ പറ്റിയതാ?”
ഒരിക്കൽ ഞങ്ങളതു ചോദിക്കുമ്പോൾ സംഗീതാദ്ധ്യാപികയായ അമ്മ സ്വാതിതിരുനാളിന്റെ ‘ചലമേല’ സാധകം ചെയ്യുകയാണ്. ചോദ്യം അവഗണിച്ചുകൊണ്ട് അമ്മ വിസ്താരം തുടർന്നു:
“സാനീ...ധാ...പാ...”
ഒപ്പം അമ്മയുടെ വിരലുകൾ വായുവിൽ സ്വരങ്ങൾ എഴുതുന്നുമുണ്ടായിരുന്നു.
“സാനീപാ...”
അമ്മയുടെ വിരലുകളിൽ നോക്കി ഞാൻ തിരുത്തി:
“അമ്മ ധ എഴുതിയില്ല. പക്ഷേ, പാടി.”
കർപ്പൂരത്തിന്റെ മണമുള്ള ഉമ്മയ്ക്ക് കൊതിച്ചുകൊണ്ട് റാൽഫി ആദ്യചോദ്യം ആവർത്തിച്ചു:
“അമ്മാമ്മക്കെന്നാ പറ്റിയതാ?”
ഞങ്ങളെ മാറിമാറി ഉമ്മവച്ചുകൊണ്ട് അമ്മ ഒറ്റയുത്തരം പറഞ്ഞു:
“ധൈവതം ദൈവമെടുത്തു...”
എടുക്കുന്നതെല്ലാം മറ്റൊന്നായി തിരിച്ചുകൊടുക്കുന്ന ദൈവത്തെ അറിയുന്ന പ്രായമായിരുന്നില്ല ഞങ്ങളുടേത്. അതുകൊണ്ട് ഞങ്ങൾ പിന്നെയും ശല്യക്കാരായി പിന്നാലെ കൂടും: “അപ്പാപ്പനെങ്ങനാരുന്നു?”
“ഗോപിയില്ലേ, അതുപോലെ. അതേ കഷണ്ടി. അതേ ചിരി. അതേ പല്ലിലെ വിടവ്. അതേ മുണ്ടുടുപ്പ്. പൊക്കം. മെലിച്ചിൽ. നടപ്പ്. നെഞ്ചിലെ രോമം. പാവത്തം. ഒക്കെ അങ്ങനെത്തന്നെ.”
അപ്പനെ കാണണമെന്ന് തോന്നിയപ്പോഴൊക്കെ അവർ ഗോപിയുടെ സിനിമകൾ കണ്ടു. സിനിമ തുടങ്ങി തീരും വരെ ഇരുവരും കരഞ്ഞു. ഞങ്ങളിത്തിരി മുതിർന്നപ്പോൾ അവരെ കളിയാക്കി:
റാൽഫി: “ഗോപിക്ക് ഇടിക്കാനറിയില്ല. മേടിച്ചുകൂട്ടലാണ് സ്ഥിരം.”
അമ്മ: “ഓ”
ഞാൻ: “എപ്പളും ഒരേ വിഡ്ഢിത്തം...”
സിമിയാന്റി: “ഉം”
റാൽഫി: “എന്തിനിങ്ങനെ അബദ്ധങ്ങളിൽ ചെന്ന് ചാടുന്നു.”
അമ്മ: “ങ്”
ഞാൻ: “അയാൾ വലിയ തബലവായനക്കാരനായിട്ടെന്താ കാര്യം. വെറും ക്രൂരനല്ലേ. പെണ്ണുങ്ങളെ വിലയില്ല.”
സിമിയാന്റി: “ങ്ങാ”
നീണ്ടുനീണ്ടു പോകുന്ന പരിഹാസങ്ങൾക്ക് അടിവരയിട്ടുകൊണ്ട് അമ്മമാർ ഞങ്ങളെ തിരുത്തി:
“കാഴ്ചക്കാർക്കാണ് അബദ്ധവും വിഡ്ഢിത്തവും ക്രൂരതയും. അയാൾക്കത് അയാളുടെ ശരിയാണ്.”
ശരിയാകും. ശരിതെറ്റുകളുടെ അതിർത്തിയെച്ചൊല്ലിയുള്ള തർക്കം മാത്രമാകും ജീവിതം. എനിക്കറിയാത്തതുകൊണ്ടാകും. അല്ലെങ്കിൽ ഒരു കടങ്കഥയുടെ ഉത്തരം പോലെ, ടെറസിൽ ആകാശം നോക്കിനിൽക്കുന്നത് അമ്മയാണോ സിമിയാന്റിയാണോ എന്ന് ഞാനെന്തിന് സംശയിക്കണം? മുടിയഴിച്ചിട്ടാൽ അമ്മ. ഉയർത്തിക്കെട്ടിയാൽ സിമിയാന്റി. ഇടംകൈ എളിയിൽ കുത്തിനിന്നാൽ അമ്മ. പിന്നിൽ കെട്ടിയാൽ സിമിയാന്റി. കരച്ചിലിൽ അമ്മ. ചിരിച്ചാൽ സിമിയാന്റി. പാട്ട് അമ്മ. പറച്ചിൽ സിമിയാന്റി. അപ്പോൾ, ഏറ്റവും സ്‌നേഹം തോന്നുമ്പോൾ മാത്രം ഉരുവിടാറുള്ള ആ സംബോധന നാവിൽ വന്നു:
“കൊച്ചമ്മച്ചീ...”
“എന്താടാ ചെക്കാ...”
കുട്ടിക്കാലം തൊട്ടേ ചോദിക്കാറുള്ള ആ ചോദ്യം വീണ്ടും ചോദിച്ചു:
“അപ്പാപ്പന് കിട്ടിയ ആ കുഞ്ഞാരാ?”
“പോടാ...പോടാ...നിന്റെ മാതൃഭാഷ ബംഗാളിയാണോ മലയാളമാണോ എന്നുറപ്പിക്കാനല്ലേ. നീ രണ്ടും പഠിച്ചോടാ...”
“ചുമ്മാ അറിയാനാ...”
“അങ്ങനിപ്പോ അറിയണ്ട. നിന്റെ അമ്മ ഒണ്ടായിരുന്നപ്പോഴും പറഞ്ഞില്ലല്ലോ. ഇനി ഞാനായിട്ടും പറയില്ല. അവളും ഞാനും ഒന്നായിരുന്നെടാ ജോക്കുട്ടാ. ഒന്നിന്റെ പര്യായങ്ങൾ. അതറിഞ്ഞാ മതി.”
അപ്പോൾ താഴെ ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടു. തിരക്കിട്ടിറങ്ങിവന്നു നോക്കിയപ്പോൾ പോൾസൺ.
“ജോയെ, ആ പെങ്കൊച്ചിന്റെ കൊലപാതകം മെയിൻ ചാനലൊക്കെ കാണിക്കുന്നെടാ. ഇതിത്തിരി പുകയുമെന്നാ തോന്നുന്നേ...”
“അതെന്നാ...”
“ഇലക്ഷൻ കാലമല്ലേ. ആളുകൾ പലതും പറയുന്നുണ്ട്.”
“ആരാ ചെയ്തതെന്ന് അറിഞ്ഞോ?”
“ആർക്കറിയാം. മുഴുവൻ ഭായിമാരല്ലേ.”
“കട തുറക്കാൻ തടസ്സമാകുമോ?”
“അതറിയാൻ വയ്യ. നാളെ നോക്കാം.”
പിറ്റേന്ന് റോഡിലൂടെ പൊലീസ് വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടി. എന്തോ സംഭവിക്കാൻ പോകുന്നു എന്ന സൂചന അന്തരീക്ഷത്തിൽ തങ്ങിനിന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും തുടർദിനങ്ങളിൽ പത്രങ്ങളുടെ തലവാചകം മറഞ്ഞിരിക്കുന്ന കൊലയാളിയെ തിരയാൻ തുടങ്ങി. ചാനലുകൾ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകൾ നിർത്താതെ സംപ്രേഷണം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യവിഷയം ഇതൊന്നുമാത്രമായി. കാനഡയിൽനിന്നും റാൽഫി വിളിച്ചു ചോദിച്ചു: “കൊല്ലപ്പെട്ട കൊച്ചിനെ നമ്മൾ എപ്പഴെങ്കിലും കണ്ടിട്ടുണ്ടാകുമോടാ?” ഞാൻ നുണ പറഞ്ഞു: “ഒരിക്കലുമില്ല.” ഇതിനിടയിൽ കൊലയാളിയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. അയാൾ ബംഗാളിയാണെന്നും കൊൽക്കത്തയിലേക്ക് കടന്നുവെന്നും പ്രചരണം ഉണ്ടായി. റോഡിലിറങ്ങിയ അന്യദേശക്കാർ മുഴുവൻ തല്ലുകൊണ്ടു. ബംഗാൾ കോളനികൾ എന്ന് കുപ്രസിദ്ധമായ കനാൽ പുറമ്പോക്കിലെ ഷെഡുകൾ ജനം ഇടിച്ചുനിരത്തി. തീയിട്ടു. ജീവനും കൊണ്ടോടുന്നവർക്കു പിന്നാലെ കല്ലും കട്ടയും വലിച്ചെറിഞ്ഞ് ആളുകൾ അട്ടഹസിച്ചു: “ഓടെടാ പട്ടികളേ...”
ഈ ബഹളങ്ങൾ കാരണം രണ്ടു ദിവസം ഞാൻ കട തുറന്നില്ല. രണ്ടാം ദിവസം രാത്രി ഞങ്ങളെല്ലാം കിടന്നൊന്ന് ഉറക്കം പിടിച്ചുവന്നപ്പോൾ വാതിലിൽ തുടരെത്തുടരെ മുട്ടും വിളിയും.
തുറന്നുനോക്കിയപ്പോൾ പുറത്തെ ഇരുട്ടിൽ മുഹമ്മദ് അസ്ലമും ഫരിദായും കുഞ്ഞും.
അയാളുടെ മുഖമാകെ ചോര. കുഞ്ഞിന്റെ മുഖത്തും മുറിവുകളുണ്ട്. അവർ കിലുകിലെ വിറയ്ക്കുകയാണ്.
“എന്താ...എന്ത് പറ്റി...”
അയാൾ നിന്നു കിതച്ചു. കൈകൂപ്പി. കരഞ്ഞു.
“അവർ ഞങ്ങളെ...”
ലീന ഓടിവന്ന് കുഞ്ഞിനെ വാങ്ങി. ഫരിദാ തലചുറ്റി വീഴാൻ പോയി. കുഞ്ഞ് കൈകളിൽ ഉണ്ടായിരുന്നതുകൊണ്ട് മാത്രം അവളിത്രനേരം പിടിച്ചുനിന്നതാണെന്ന് തോന്നി.
അവരെ അകത്തു കയറ്റി ഞാൻ വാതിലടച്ചു. മേലെ റോഡിലൂടെ ആൾക്കൂട്ടം അലറിവിളിച്ച് കടന്നുപോയി. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കല്ല് സിറ്റൗട്ടിൽ വന്നുവീഴുന്ന ഒച്ചകേട്ടു. പിന്നാലെ മണിപ്ലാന്റിന്റെ ചട്ടി താഴെവീണു തകരുന്ന ഒച്ചയും.
ഞാനും ലീനയും ആകെ പകച്ചുപോയിരുന്നു.
സിമിയാന്റി അവർക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നു കൊടുത്തു. മുറിവൊപ്പാൻ കോട്ടണും ഡെറ്റോളും കൊടുത്തു. അടുത്തിരുന്ന് നല്ല വാക്ക് പറഞ്ഞു. ആശ്വസിപ്പിച്ചു.
ആ രാത്രി ഞങ്ങളാരും ഉറങ്ങിയില്ല. സിമിയാന്റി അവരോട് ചോദിച്ചു:
“കൊൽക്കൊത്തയിൽ സത്യത്തിൽ നിങ്ങൾക്ക് വീടുണ്ടോ?”
അസ്ലം തലകുനിച്ചു: “ഇല്ല.”
“ബന്ധുക്കൾ ആരെങ്കിലുമുണ്ടോ?”
“ഇല്ല.”
“തിരിച്ചറിയൽ കാർഡുകൾ വല്ലതും കയ്യിലുണ്ടോ?”
“അതവർ കത്തിച്ചുകളഞ്ഞു.”
“ഇവിടെനിന്നും നിങ്ങളിനി എങ്ങോട്ട് പോകും മക്കളേ?”
“അറിയില്ല.”
ഞാനോർത്തു: ലോകം വിശാലമാണ്. ചിലർക്ക് ശൂന്യവും.
ലീനയുടെ കയ്യിൽനിന്നും കുഞ്ഞിനെ വാങ്ങി സിമിയാന്റി മടിയിൽ വച്ചു. അവന്റെ നെറ്റിയിലെ മുറിവിൽ ചോര കക്കിയ പാടുണ്ട്. കല്ലേറ് കൊണ്ടതാകും. ആരെറിഞ്ഞ കല്ല്? ആന്റി അവനെ എടുത്ത് തോളത്തിട്ട് അവരുടെ മുറിയിലേക്ക് പോയി. ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ അവിടെ തന്നെയിരുന്നു.
അവിടെയിരുന്ന് എനിക്ക് കാണാം. കുഞ്ഞിനെ തോളത്തിട്ടുകൊണ്ട് മുറിയിലൂടെ ഉലാത്തുകയാണ് ആന്റി. ആ മനസ്സും എനിക്ക് കാണാം. അതൊരു വെള്ളിത്തിര. അതിൽ അതിരുകളില്ലാത്ത രാജ്യം ലക്ഷ്യമാക്കി നീണ്ടുനീണ്ടു പോകുന്ന നിരത്തുകൾ. അവയുടെ ഓരംപറ്റി നടന്നുപോവുകയാണ് ഒരു ഗോപി. ഋതുക്കളുടെ ചാരനാണ് അയാളെന്ന് ചെടികളും മരങ്ങളും സംശയിക്കുന്നതിനാലാകും, അയാൾ പോകും പാതയിലെല്ലാം പൂക്കൾ. ശലഭങ്ങൾ. അയാളുടെ കഷണ്ടിയിൽ സൂര്യൻ വെട്ടിത്തിളങ്ങുന്നു. അയാളുടെ നിഴൽ അയാളെ വരയ്ക്കുന്നില്ല. അതിലയാൾക്ക് സങ്കടമില്ല. പക്ഷേ, എനിക്ക് സങ്കടമുണ്ട്. അതുകൊണ്ട് ഞാനെഴുന്നേറ്റ് ആന്റിയുടെ മുറിയുടെ വാതിൽക്കൽ ചെന്നു പതുക്കെ വിളിച്ചു: “കൊച്ചമ്മച്ചീ...”
ആ കണ്ണുകൾ എന്റെ നേരെ നീണ്ടുവന്നു: “എന്താടാ...”
“എന്താണാലോചിക്കുന്നത്?”
“നാളെ നീണ്ടപാറയ്ക്ക് പോയാലോ എന്ന്...”
“എന്നിട്ട്?”
“അവരും എന്റെകൂടെ പോന്നോട്ടെ. പാവങ്ങളല്ലേടാ. അവർക്കും വേണ്ടേ ആരെങ്കിലും?”
ഞാൻ മിണ്ടാതെ നിന്നു. ആന്റി പറഞ്ഞു:
“ഓരോ ശ്വാസത്തിലും അപ്പന് കപ്പം കൊടുക്കണ്ട മോളല്ലേ ഞാൻ.”
അപ്പറഞ്ഞതിന്റെ അർത്ഥം ഗ്രഹിച്ചതോടെ എനിക്കൊന്നുറക്കെ കരയാൻ തോന്നി.
ഞാൻ പെട്ടെന്ന് ബെഡ്റൂമിലേക്ക് പിൻവാങ്ങി.
അലനും അവന്തികയും കിടന്നുറങ്ങുയാണ്. അവരീ ബഹളമൊന്നും അറിഞ്ഞിട്ടില്ല. ഉറക്കത്തിൽ അവന്തിക അവ്യക്തമായി എന്തോ പറഞ്ഞു. അതാ പഴയ പാട്ടിന്റെ വരികളാണ്. ആ വാക്കുകളുടെ മുതുകെല്ലിൽ ഒന്നു തൊട്ടാൽ അതിങ്ങനെ നിവർന്നു വന്നേക്കും:
“നമ്മുടെ ജനാധിപത്യ കേരളം വന്നാലേ
പിന്നെ നമ്മള് നടക്കും ആണുങ്ങളെപ്പോലേ...”
ഞാനും ഒരു ജാഥ സങ്കല്പിച്ചു. തോറ്റവരുടെ ജാഥ. ഏകാകിതയിൽ കഴുകി ഉണക്കിയ കൊടിയേന്തി ഞാനതിന്റെ അണിയിലേക്ക് കയറിനിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക