സലീം ഷെരീഫ് എഴുതിയ കഥ: പരമേശ്വരിയുടെ പൂച്ചകൾ

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
സലീം ഷെരീഫ് എഴുതിയ കഥ: പരമേശ്വരിയുടെ പൂച്ചകൾ
Published on
Updated on

രിച്ചുപോയതുകൊണ്ട് പരമേശ്വരിക്ക് പിന്നീട് പ്രായമായിട്ടില്ല. ഓർത്തപ്പോൾത്തന്നെ ധാ വന്നേ എന്നപോലെ ഓർമ്മയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. എന്നെ കണ്ടിട്ട് മനസ്സിലായില്ലെന്നു തോന്നുന്നു. പണ്ട് കണ്ടതല്ലേ വളരെ ചെറുപ്പത്തിൽ. ഇന്നാണെങ്കിൽ പരമേശ്വരിയെക്കാൾ എനിക്ക് പ്രായവുമുണ്ട്. ഞാൻ കൂടുതലൊന്നും സംസാരിക്കാൻ മുതിർന്നില്ല. അഭിവാദ്യങ്ങളോ ഔപചാരികതകളോ ഇല്ലാതെ ഞങ്ങൾ ഓർമ്മയിൽ കണ്ടുമുട്ടി. ഓർമ്മയിൽ ജീവിക്കുന്നവർക്ക് ഓർമ്മകാണുമോ എന്ന സംശയം ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. പക്ഷേ, ചോദിച്ചില്ല. ഉത്തരം എന്തുതന്നെ ആയാലും അതും നമ്മൾ തന്നെ പറയിക്കേണ്ടിവരും. കാരണം, മരിച്ചു കഴിഞ്ഞാൽ പിന്നീട് ഓർക്കുന്നവരുടെ അടിമകൾ മാത്രമാണവർ. വെറുതേ തലകുത്തി നിൽക്കുന്നതായിപ്പോലും ഓർത്താൽ മതി. ഓർമ്മയിലുള്ളവർ അതേപടി ചെയ്യുന്നത് നമുക്കു സങ്കല്പത്തിൽ കാണാനും കഴിയും. പണ്ടൊക്കെയാണെങ്കിൽ കണ്ണടച്ച് അത്തരം കളികളിൽ ഏർപ്പെടുന്നത് എന്റെ ഇഷ്ടവിനോദമായിരുന്നു.

ഉദാഹരണമായിട്ട് ആൽബർട്ട് ഐൻസ്റ്റീനുമായുള്ള എന്റെ ഏർപ്പാട് തന്നെ എടുക്കാം. ഞാൻ ജനിക്കും മുന്നേ അയാൾ മരിച്ചുപോയിരുന്നെങ്കിലും ചില ചിത്രങ്ങളും അഭിമുഖങ്ങളും കണ്ട് ഞാൻ അയാളുടെ സ്വരൂപം മനസ്സിലാക്കിവെച്ചു. എന്നിട്ട് പയ്യെ കണ്ണടച്ച് ആ ഉയർന്ന തലമുടി ചീകിയൊതുക്കുന്നതായി സങ്കല്പിച്ചു. ശേഷം ഒരു ദയയും ഇല്ലാതെ ക്ലോസ്റ്റിലേയ്ക്ക് സോപ്പ് വഴുതി വീഴാതിരിക്കാനുള്ള പരീക്ഷണങ്ങളിലേയ്ക്ക് പറഞ്ഞുവിട്ടു. ഒരു ലോക്കൽ ശാസ്ത്രജ്ഞനിലേയ്ക്ക് കൂപ്പ് കുത്തിയ അദ്ദേഹം വീടിന്റെ പിന്നാമ്പുറത്തെ ലാബിലിരുന്നു പരുങ്ങി. ഒരിക്കൽപോലും വഴുതലിനു പ്രതിവിധിയുമായി തിരിച്ചെത്താൻ ഞാൻ അയാളെ സമ്മതിച്ചുമില്ല. ആത്മഹത്യയുടെ മുനമ്പിൽ വെച്ച് ഹെമിങ്‌വേയേയും വെർജിനിയാ വൂൾഫിനേയും രക്ഷപ്പെടുത്തിയത് ഇന്നും ഞാൻ ഓർക്കുന്നു. ഒരു കെട്ട് പേപ്പറുമായി പുതിയ നോവൽ എഴുതാൻ ഞാൻ അവരെ പറഞ്ഞുവിട്ടു. മേശക്കിരുവശവും കുത്തിയിരുന്നതല്ലാതെ പുതുതായൊന്നും അവർ എഴുതിയില്ല. അവസാനം ഇരുവരെയും ഗോഷ്ടി കാണിച്ചും ഇക്കിളിപ്പെടുത്തിയും പലകാലങ്ങളിൽ ജീവിച്ചവരെക്കൊണ്ട് വേഴ്ച തരപ്പെടുത്തിയും ഞാൻ രസിച്ചു. ഗാന്ധിയുമായുള്ള ബന്ധമായിരുന്നു എനിക്ക് ഏറെ പ്രിയം. അങ്ങേർക്ക് വെടി കൊണ്ടതേയില്ല. ചീറിപ്പാഞ്ഞു വന്ന വെടിയുണ്ട ഞാൻ ഞൊട്ടിത്തെറിപ്പിച്ചു. ചതി മനസ്സിലാക്കിയ ഗാന്ധി ഗോഡ്‌സേയുടെ കഴുത്തിനു ചാടി ചവിട്ടി. ഊന്നുകോലിൽ താഴ്ന്നിറങ്ങിയ ഗാന്ധിയുടെ പുതപ്പ് അങ്കിപോലെ പിന്നിലേയ്ക്ക് പറന്നു. കുറേക്കാലം ഞാൻ അതേക്കുറിച്ച് എന്തു തോന്നുന്നുവെന്ന് ഗാന്ധിയോട് ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം നല്ല സുഖം തോന്നുന്നുവെന്ന് ഗാന്ധിയെക്കൊണ്ട് ഞാൻ തന്നെ പറയിപ്പിച്ചു. അങ്ങനെയങ്ങനെ ഒരുപാടൊരുപാട് അനുഭവങ്ങളും ചരിത്രമുഹൂർത്തങ്ങളും ഞാൻ ഓർമ്മയിലിട്ട് മാറ്റിപ്പണിതു. എത്രയെത്ര ഇഷ്ടക്കാരെ ഞാൻ നഗ്നരാക്കി. പിന്നീടെപ്പോഴോ ഇത്തരം വിചിത്ര കല്പനകൾ ഞാൻ ഉപേക്ഷിച്ചു.

ഇന്നിപ്പോൾ പ്രത്യേകമായി പരമേശ്വരിയെക്കുറിച്ചോർക്കാൻ രണ്ട് പൂച്ചകളാണ് കാരണം. അവ രണ്ടും എന്റെ തൊട്ടുമുന്നിലെ ഫിഷ്‌ടാങ്കിനെ ചുറ്റിപ്പറ്റി നിൽപ്പുണ്ട്. തരം കിട്ടിയാൽ മത്സ്യങ്ങളെ അകത്താക്കാമെന്നാണ് അവയുടെ ധാരണ. എവിടെനിന്നോ വന്നുകയറിയ അവയെ വേണമെങ്കിൽ എനിക്ക് ആട്ടിപ്പായിക്കാം. പക്ഷേ, അവ തുറന്ന് കയറിയ ഓർമ്മകളെ നമുക്കെന്തു ചെയ്യാൻ കഴിയും. അതുകൊണ്ട് പരമേശ്വരിയെ ചുമ്മാ ഒഴിഞ്ഞ കസേരയിലേക്കിരുത്തി. പാവാട പൊക്കി നോക്കണമെന്നു കരുതിയെങ്കിലും ചെയ്തില്ല. പകരം ഒരിക്കലും മറക്കാൻ പറ്റാത്ത അവളുടെ മരണദിവസത്തെ രസകരമായ ചില കാര്യങ്ങൾ ഓർത്തെടുത്തു.

അന്നു ഞങ്ങൾ ചെറുതായിരുന്നല്ലോ. പരമേശ്വരി വലുതും. വലുതെന്നു പറഞ്ഞാൽ ഇമ്മയെക്കാളും വലുത്. വീടിന്റെ തൊട്ടടുത്തായിരുന്നു പരമേശ്വരിയുടെ വീട്. എൺപതുകളുടെ തുടക്കത്തിൽ സിലോണിൽനിന്നു വന്ന തമിഴരുടെ കൂട്ടത്തിലാണ് പരമേശ്വരിയും നാട്ടിലേയ്ക്ക് വന്നത്. തേയില ഫാക്ടറിയോട് ചേർന്നുള്ള കോളനിയിലെ തൊട്ടടുത്ത വീടുകളിലായിരുന്നു ഞങ്ങളുടെ താമസം. കോളനിയിലെ മറ്റു സ്ത്രീകളെ അപേക്ഷിച്ച് തുണ നഷ്ടപ്പെട്ട രണ്ട് സ്ത്രീകളെന്ന നിലയിൽ ഇമ്മയും പരമേശ്വരിയും പ്രത്യേകം അടുപ്പവും സ്നേഹവും വെച്ചുപുലർത്തിയിരുന്നു. ഞങ്ങളാകട്ടെ, വളരെ കുറഞ്ഞ അറിവും ഭീമമായ ഭാവനയുംകൊണ്ട് ലോകത്തെ മനസ്സിലാക്കി വച്ചിരിക്കുന്ന കുഞ്ഞുങ്ങളായിരുന്നു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കേരളത്തോട് അതിർത്തി പങ്കിടുന്ന എരുമാടെന്നൊരു കുഞ്ഞു ഗ്രാമമായിരുന്നു ഞങ്ങളുടേത്. കൊടുംകാട് ചുറ്റിക്കിടക്കുന്ന മലമ്പ്രദേശമാണെങ്കിലും നിരന്നുകിടക്കുന്ന വിശാലമായൊരാകാശം ഞങ്ങൾക്കുമുണ്ടായിരുന്നു. അതിലൂടെ പറന്നകലുന്ന വിമാനങ്ങൾ ദുബായ് എന്നൊരു നഗരത്തിലേക്കാണെന്നും ആ നഗരം ആകാശത്തിൽ തന്നെയാണെന്നും അത് സുൽത്താൻ ബത്തേരിയേക്കാൾ വലുപ്പമുള്ളതാണെന്നും ഞങ്ങൾ വിശ്വസിച്ചിരുന്നു.

അങ്ങനെയിരിക്കെ അത്ഭുതങ്ങൾക്കു പഞ്ഞമില്ലാത്ത അക്കാലത്ത് സ്വന്തം പൂച്ചകളെ കാണാതെ പരമേശ്വരി ഹൃദയം പൊട്ടി മരിച്ചുപോയി.

“പളുങ്കുപോലുള്ള ഹൃദയമായിരുന്നു” -മരണസമയത്ത് കൂടെയുണ്ടായിരുന്ന ഇമ്മ പറഞ്ഞു- “പാവം ഹൃദയം പൊട്ടി മരിച്ചുപോയി.”

അതിവിചിത്രവും നാട്ടിലെങ്ങും കേട്ട്കേൾവി പോലുമില്ലാത്തതുമായ പുതുമയുള്ള മരണവാർത്ത കേട്ട് കുഞ്ഞിമോൻ ഒഴികെ കുട്ടികളായ കുട്ടികൾക്കെല്ലാം അത്ഭുതമുണ്ടായി. പാമ്പ് കടിച്ചും ആന ചവിട്ടിയും എത്രയോ സാധാരണമായ മരണങ്ങൾ ഇവിടെ സംഭവിക്കുന്നു. ഇതു പക്ഷേ, അങ്ങനെയൊന്നല്ല. ഹൃദയമാണ് പൊട്ടിയിരിക്കുന്നത്. അതും പളുങ്ക്പോലുള്ള ഹൃദയം. കുട്ടികൾ ആവേശത്തോടെ തുള്ളിച്ചാടി. എന്നാൽ, കുഞ്ഞിമോന് മാത്രം ഉഷാറൊന്നും തോന്നിയില്ല. അവൻ ലോകത്തിന്റെ ക്രമത്തോട് തന്നെ അസ്വസ്ഥനായി കാണപ്പെട്ടു.

“പൊട്ടിപ്പോകാൻ എനിക്കൊരു ഹൃദയമില്ല” -കുഞ്ഞിമോൻ ദുഃഖത്തോടെ പറഞ്ഞു- “എല്ലാവർക്കുമുണ്ട് എനിക്കു മാത്രമില്ല.”

“ഹഷ്...” കുട്ടികൾ കൂടുതൽ സംസാരിക്കാൻ പാടില്ലെന്നു കരുതുന്നൊരാൾ അപ്പോൾത്തന്നെ അവനെ വിലക്കി. വലിയവരുടെ കാര്യത്തിൽ കുട്ടികൾക്കെന്തു കാര്യമെന്ന് പറഞ്ഞ് മരണവീട്ടിലെ സകല കുട്ടികളേയും അയാൾ ആട്ടിയോടിച്ചു. അപമാനിക്കപ്പെട്ടതായി കരുതിയ കുട്ടികൾ; “ഇതെന്ത് ന്യായം ഇതെന്ത് നീതി, പറയൂ പറയൂ സർക്കാരേ” എന്ന മുദ്രാവാക്യത്തോടെ അവിടെത്തന്നെ ചുറ്റിത്തിരിഞ്ഞു. മരണവീട്ടിൽ ആചരിക്കപ്പെടേണ്ട ചില മര്യാദകൾ ഓർമ്മിച്ചതിന്റെ ഫലമായി ഒച്ചവെച്ച കുട്ടികൾക്കെതിരെ അയാൾ നടപടി എടുക്കുകയും വടി വീശുകയും ചെയ്തു. കുട്ടികളാരും കരഞ്ഞില്ല. പ്രകോപിതരായ കുട്ടികളുടെ പ്രതികാരം അവിടെയുള്ളവരെ ഞെട്ടിക്കാൻ പോകുന്നതേ ഉണ്ടായിരുന്നൊള്ളൂ. അവർ പദ്ധതി തയ്യാറാക്കുന്നതിനിടയ്ക്ക് കുഞ്ഞിമോൻ മാത്രം സങ്കടത്തോടെ വേലി ചാടി കക്കൂസിലേയ്ക്കു പോയി.

“ഹൃദയമേ... ഹൃദയമേ... എന്റെ പൊട്ടാത്ത ഹൃദയമേ...” അവൻ ആരും കാണാതെ കക്കൂസിലിരുന്നു വ്യസനപ്പെട്ടു.

ബാത്ത്‌റൂമിൽനിന്നു തിരിച്ചെത്തുമ്പോഴേക്കും കുട്ടികൾ പരമേശ്വരിയുടെ അന്ത്യദിനങ്ങളെ അനുകരിച്ചുള്ള കളി തുടങ്ങിയിരുന്നു. പകപോക്കാൻ അവരുടെ കയ്യിലുണ്ടായിരുന്ന ഏകമാർഗ്ഗം അതായിരുന്നു. മുതിർന്നവർ ചെയ്തതെല്ലാം അതേപടി ചെയ്യുക. പറയുന്നത് അതേപടി പറയുക. അവസാനം മുതിർന്നവർ ചിരിക്കുകയോ തുടർന്നു വെറുക്കുകയോ അവിടെനിന്ന് ഇറങ്ങിപ്പോവുകയോ ചെയ്യും. പക്ഷേ, ഇവിടെ അവർ മറ്റു ചില മാറ്റങ്ങൾ വരുത്തി. മരിച്ചുപോയ ആളെ ചുറ്റിപ്പറ്റിയാണ് അവരുടെ അനുകരണം. പല കാരണങ്ങൾകൊണ്ട് നാട്ടുകാർ മൊത്തം അതിൽ ഉൾപ്പെട്ടിട്ടുമുണ്ട്. തങ്ങളെ അപമാനിച്ചവരെ കുത്തിനോവിക്കുകയാണ് അവരുടെ ലക്ഷ്യം.

“അപ്പനേ... സുബ്രഹ്മണീ... അമ്മാവെ വിട്ട് എങ്കടാ പോണീങ്കേ...”പരമേശ്വരിയായി മാറിയ കുട്ടി ദയനീയമായി മരണക്കിടക്കയിൽ കിടന്നു നിലവിളിച്ചു. പരമേശ്വരിയുടെ സാരിക്കു പകരം അവർ ഒരു പഴഞ്ചൻ തോർത്ത് വെച്ച് അഡ്ജസ്റ്റ് ചെയ്തു. തേങ്ങിത്തേങ്ങി കരഞ്ഞ കുട്ടി അവസാനം ഊർദ്ധൻ വലിച്ച് ചത്തപോലെ കിടന്നു.

“വാ ഇനി നമുക്കു പരമേശ്വരിയെ പൊലീസ് പിടിച്ചത് കളിക്കാം” -കൂട്ടത്തിൽ മുതിർന്നവനും തമിഴർക്കിടയിൽ കിറുക്ക് ചെല്ലനെന്നു വിളിപ്പേരുള്ളവനുമായ പൊട്ടൻ കുട്ടൻ പറഞ്ഞു- “ഞാൻ പരമേശ്വരി, നിങ്ങളെല്ലാം പൊലീസ്.”

കുട്ടികൾ സംഘം ചേർന്നു.

“വാടീ കൂത്തിച്ചി” കുട്ടന്റെ മുടിക്ക് കുത്തിപ്പിടിച്ച് പൊലീസെന്നപോലെ ജ്ഞാനശേഖരം അട്ടഹസിച്ചു: “ഉന്നെയെല്ലാം ജയിലിലെ പൊട്ടാ താ ബുദ്ധിവറും” പൊലീസായിരുന്നോ അതോ പട്ടാളമായിരുന്നോ പരമേശ്വരിയെ പിടിച്ചതെന്നു തീർച്ചയില്ലാത്ത ഒരു കുട്ടി പ്രകടനങ്ങൾക്കിടയിലും സംശയത്തോടെ കളിയിൽ പങ്കുചേർന്നു. ചിലർ കുട്ടനെ പിന്നിൽനിന്നു തള്ളി. ചിലർ നെഞ്ചിൽ ആഞ്ഞ് ചവിട്ടി... “സുബ്രഹ്മണീ...” കുട്ടൻ നിലവിളിച്ചു. പൊലീസ് ജീപ്പായി മാറിയ നാല് കുട്ടികൾ ചേർന്ന് പരമേശ്വരിയായി മാറിയ കുട്ടനേയുംകൊണ്ട് വണ്ടി സ്റ്റാർട്ടാക്കി. കളിയിൽ രസം ചത്തപ്പോൾ കുഞ്ഞിമോൻ മരണമുഖത്തേയ്ക്ക് തന്നെ മടങ്ങി.

ശവത്തെയാണോ അതോ കുട്ടികളെയാണോ നോക്കേണ്ടതെന്ന സംശയമുള്ള ആളുകൾക്കിടയിലൂടെയാണ് കുഞ്ഞിമോൻ നൂണ്ട് കടന്നത്. പണ്ടെങ്ങോ പറ്റിയ ചിലന്തി വല അറ്റുപോവാതെ കയ്യിലുള്ളതുകൊണ്ട് കൂട്ടത്തെ വകഞ്ഞുനടക്കുമ്പോൾ ആളുകളെ കോർത്ത് കോർത്ത് പോകുന്നതായി അവനു തോന്നി. അവസാനം അവൻ മരണമുഖത്ത് സങ്കടത്താൽ മൂക്ക് പിഴിഞ്ഞിരിക്കുന്ന ഇമ്മയുടെ മടിയിലിരുന്നു.

മരണവീട്ടിൽ പ്രകോപിതരായ കുട്ടികളുടെ കളി അപ്പോഴും തുടരുകയാണ്. പൊലീസ് പരമേശ്വരിയെ പിടിച്ചിറക്കിക്കൊണ്ട് പോയതിനുശേഷം നാട്ടുകാർ എങ്ങനെ പ്രതികരിച്ചു എന്നതാണ് ഇപ്പോൾ അവരുടെ അനുകരണ വിഷയം.

അകത്ത് കിടത്താൻ സ്ഥലമില്ലാത്തതുകൊണ്ടാവണം മുറ്റത്താണ് പരമേശ്വരിയെ കിടത്തിയിരുന്നത്. കുറച്ച് മുൻപ് മരണം സംഭവിക്കുമ്പോൾ ഇത്രയധികം ആളുകൾ കൂടിയിരുന്നില്ലല്ലോ എന്ന് അവൻ ഓർത്തു. കൂടിപ്പോയാൽ മൂന്നോ നാലോ പെണ്ണുങ്ങൾ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. എന്നാലും ഈ ചെറിയ ഇടവേളക്കുള്ളിൽ ഇതെത്ര പേരാണ് ഇവിടെ എത്തിയിരിക്കുന്നത്. പൂമാലകളും ഒപ്പാരിപാടുന്ന കിഴവികളും വരെ എത്തിപ്പോയി. പരമേശ്വരി പോലും വെള്ളിവരയിട്ട കറുത്ത പെട്ടിക്കുള്ളിലായി. കുഞ്ഞിമോൻ അതിശയിച്ചു. എല്ലാം വളരെ പെട്ടെന്ന്. കണ്ണടച്ചു തുറക്കുംപോലെ. ഹൃദയമുള്ളവരുടെ ഓരോരോ അത്ഭുതപ്രവൃത്തികൾ.

മരണവീട്ടിൽ പ്രകോപിതരായ കുട്ടികളുടെ കളി അപ്പോഴും തുടരുകയാണ്. പൊലീസ് പരമേശ്വരിയെ പിടിച്ചിറക്കിക്കൊണ്ട് പോയതിനുശേഷം നാട്ടുകാർ എങ്ങനെ പ്രതികരിച്ചു എന്നതാണ് ഇപ്പോൾ അവരുടെ അനുകരണ വിഷയം.

“ആരുമറിയില്ല” -പരമേശ്വരി മാവോയിസ്റ്റാണെന്ന- സംശയമുള്ള ഒരുവൻ പറഞ്ഞു- “രഹസ്യമായി നമുക്കിടയിൽ ജീവിക്കും, തരം കിട്ടിയാൽ പൈസക്കാരുടെ കഴുത്തറക്കും.”

“ഏയ് ഇതതില്ല ഛേട്ടാ” -പരമേശ്വരിയുടെ പൂർവ്വകാല ശ്രീലങ്കൻ ബന്ധത്തിൽ സംശയമുള്ളവരെ അനുകരിച്ചു മറ്റൊരുത്തൻ പറഞ്ഞു- “തമിഴ്പുലിയാ ഇറുക്കലാം പ്രഭാകരനോടെ ആളാ ഇറുക്കലാം യാറുക്ക് തെരിയും.”

“അയ്യോ പോച്ചേ... അയ്യയ്യോ പോച്ചേ...” ഒപ്പാരിക്കിഴവികൾ പാടിത്തുടങ്ങി. “അന്ത പാടുപാവി പയലുവ നാസമാ പോക...”

കുട്ടികളുടെ കളിയിൽ ശ്രദ്ധ തെറ്റിയ കുഞ്ഞിമോൻ ഒപ്പാരി പാടുന്ന കിഴവികളിലേയ്ക്ക് നോക്കി. ചന്ദനത്തിരികളുടെ പുകച്ചുരുളിൽ കിഴവികളുടെ തകിട് വളകൾ പരിതപിച്ച് കിലുങ്ങി. പരമേശ്വരിയുടെ പലകാലങ്ങളിലെ ജീവിതം കിഴവികളുടെ പാട്ടിനു വരികളായി. നന്മതിന്മകളുടെ ഇടവേളകളിൽ അവർ സ്വയം നെറ്റികളിലേക്ക് ആഞ്ഞാഞ്ഞടിച്ചു. കാലങ്ങളോളം വളർന്നു വളർന്നു മടിയിലേയ്ക്കെത്തിയ കിഴവികളുടെ ഹൃദയത്തലപ്പുകൾ കുഞ്ഞിമോൻ കണ്ടു. സങ്കടത്താൽ അവയും പൊട്ടിപ്പോയേക്കുമെന്ന് അവൻ ഭയന്നു. അങ്ങനെയെങ്ങാനും സംഭവിച്ചാൽ പകരം കൊടുക്കാൻ സ്വന്തമായൊരു ഹൃദയം തനിക്കില്ലല്ലോ എന്നോർത്ത് കുഞ്ഞിമോൻ ഖേദിച്ചു. ഉണ്ടായിരുന്നെങ്കിൽ ഹൃദയമുള്ളവരുടെ അത്ഭുതപ്രവൃത്തികളിൽ തനിക്കും പങ്കുചേരാമായിരുന്നല്ലോയെന്ന് വെറുതേ അവൻ വ്യാമോഹിച്ചു.

ഹൃദയമുള്ളവരുടെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് ഇമ്മയിൽനിന്നാണ് കുഞ്ഞിമോൻ ആദ്യമായി കേൾക്കുന്നത്. ബത്തേരിയിലെ സർക്കസ് കൂടാരത്തിൽനിന്നു കലാപ്രകടനങ്ങൾ കണ്ടിറങ്ങും വഴിയായിരുന്നു അത്.

“ആനയും സിംഹവുമാണെന്ന് ആരെങ്കിലും പറയുമോ, ആടും കോഴീം പോലെയല്ലേ അവറ്റകൾ!” -ഭാവനയുടെ അമിതഭാരംകൊണ്ട് വീർപ്പുമുട്ടാൻ പോകുന്ന കുഞ്ഞുങ്ങളാണെന്നുപോലും ഓർക്കാതെ ഇമ്മ പറഞ്ഞു- “വെള്ളം പാർന്നു വളർത്തും പോലെയല്ലേ വളർത്തിയിരിക്കുന്നത്, മാഷാ അല്ലാഹ്, ഹൃദയമുള്ളവരുടെ ഓരോരോ അത്ഭുതപ്രവൃത്തികൾ.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അതിശയകരമായ ആ അറിവിനുശേഷം കുഞ്ഞിമോൻ വീടിനു ചുറ്റും വെള്ളമൊഴിച്ചു. വളരട്ടെ! വളരട്ടെ! വളർന്നു വലുതായി കോട്ടയാവട്ടെ. വലിയൊരു വീട്ടിൽനിന്ന് ഇറക്കിവിട്ട ഉപ്പയോട് താൻ അങ്ങനെ പകരം ചോദിക്കും. കുഞ്ഞിമോൻ ആശിച്ചു. ഇടയ്ക്കിടയ്ക്ക് കക്കൂസിലേയ്ക്ക് വിരുന്നെത്തുന്ന തവള, ഒച്ച്, പഴുതാര, രാ-പാറ്റ തുടങ്ങിയവയേയും അവൻ വെറുതെവിട്ടില്ല. വെള്ളം വീണ് അവയെല്ലാം കൈകാൽ മുളച്ച് മൃഗങ്ങളാവുന്നതും തന്റെ നിയന്ത്രണത്തിൽ പറക്കുന്ന പക്ഷികളാവുന്നതും അവൻ സ്വപ്നം കണ്ടു. അവസാനം കഷ്ടപ്പെട്ട് ചുമ്മാടേറ്റി കൊണ്ടുവന്നിരുന്ന വെള്ളം അസാധാരണമായി തീർന്നുപോകുന്നതിന്റെ രഹസ്യം ഇമ്മ കണ്ടുപിടിച്ചു. വേലിക്കൊമ്പിൽ നിന്നൊടിച്ച പാണലുമായി വീടിനു ചുറ്റും ഇമ്മ അവനെ തുരത്തിയോടിച്ചു.

“എന്ന ജമീലൂ കൊളന്തയെ ഇപ്പടിപ്പോട്ടടിക്കിറെ!” രക്ഷക്കായെത്തിയ പരമേശ്വരി ഇമ്മയെ തടഞ്ഞുകൊണ്ട് പറഞ്ഞു- “എന്നടീ, ഉൻ ഇദയം കല്ലാ പോച്ചാ?”

“മാറി നിക്കീം അക്കാ, ഈ ഹൃദയമില്ലാത്ത കാലമാടനെ ഇന്നു ഞാൻ കൊല്ലും.” വടി ഓങ്ങിക്കൊണ്ട് ഇമ്മ പറഞ്ഞു.

“പേസാമെ ഇറ് ജമീലൂ” -വടി തട്ടിയെടുത്ത് ദൂരേയ്ക്ക് എറിയുന്നതിനിടയ്ക്ക് പരമേശ്വരി പറഞ്ഞു: “അവൻ ഒരു കൊളന്ത താനേ.”

“എന്തു കൊളന്ത? ഇവനൊക്കെ എന്നെ തീർക്കാനുണ്ടായ ജന്മമാണ്” -നിസ്സഹായതയോടെ തലയിൽ കൈവെച്ച് കുറേനേരം കഴിഞ്ഞ് ഇമ്മ പറഞ്ഞു- “അതെങ്ങെനയാ ആ ഹൃദയമില്ലാത്തവന്റെ സന്തതിയല്ലേ അതങ്ങനേ വരൂ.”

അതെ അതൊരു സത്യമായിരുന്നു. തന്റെ ഉപ്പാക്ക് ഹൃദയമില്ലെന്നത് കുഞ്ഞിമോന് നേരത്തേ തന്നെ അറിവുള്ള കാര്യമാണ്. മാത്രവുമല്ല, ആ സംഭവത്തോടെ തനിക്കും ഹൃദയമില്ലെന്ന സത്യം അവൻ മനസ്സിലാക്കി. അതോടെ ലോകത്ത് രണ്ടുതരം ആളുകളാണുള്ളതെന്നും അവനു ബോധ്യമായി. ഹൃദയമുള്ളവരും ഹൃദയമില്ലാത്തവരും. ആണുങ്ങൾക്കാണ് തീരെ ഹൃദയമില്ലാത്തത്. അവർ ഉപ്പയെപ്പോലെ ഭാര്യയേയും മക്കളേയും വീടുകളിൽനിന്ന് ഇറക്കിവിടുന്നു. ചിലർ കള്ള് കുടിച്ചു കുടുംബത്തെ തെറിവിളിക്കുന്നു. ചിലർ തന്നെപ്പോലെ വെള്ളം പാഴാക്കി ഉപദ്രവിക്കുന്നു.

ഇടയ്ക്കൊക്കെ കല്ലാകുമെങ്കിലും പെണ്ണുങ്ങളുടെ ഹൃദയം വലുതാണ്. അവ വളർന്നു വലുതായി രണ്ട് ഭാഗത്തേക്കും തുറിച്ചു നോക്കുന്നു. അവർ അതുപയോഗിച്ച് ഇമ്മയെപ്പോലെ മക്കളെ ഹൃദയമൂട്ടി വളർത്തുന്നു. വയസ്സായാൽ നീണ്ടുപോകുന്ന ഹൃദയംകൊണ്ട് ചിലർ നെല്ല് കുത്തുന്നു. ചിലപ്പോഴെല്ലാം ചില മുത്തശ്ശിമാർ കുട്ടികൾക്കുവേണ്ടി ഊഞ്ഞാൽ വരെ കെട്ടുന്നു. അപ്പോഴൊന്നും അവരുടെ ഹൃദയം കല്ലല്ല. പരമേശ്വരിക്കു നാട്ടിലെത്തന്നെ ഏറ്റവും വലിയ ഹൃദയമാണ്. അവ രണ്ട് ഭീകരന്മാരായ മത്തങ്ങകളെപ്പോലെ ഉരുണ്ടുരുണ്ട് നിൽക്കുന്നു. അത്ഭുതപ്രവൃത്തികൾ നിരവധിയാണെങ്കിലും പരമേശ്വരിക്കു പക്ഷേ, ഹൃദയമൂട്ടാൻ മക്കളില്ല. പണ്ട് ഉണ്ടായിരുന്നതാണ്. പടക് കയറി സിലോണിൽനിന്നു വരുന്നതിനിടയ്ക്ക് കടലിൽ മുങ്ങി മരിച്ചുപോയി. സുബ്രുവും മണിയും. അവരുടെ പേരുകളാണ് പൂച്ചകൾക്ക്. അന്ന് ഇമ്മയുടെ വയറ്റിലായിരുന്നതുകൊണ്ട് കുഞ്ഞിമോന് അതേക്കുറിച്ച് അറിവില്ല. അക്കാലത്തെക്കുറിച്ചു പറഞ്ഞുതുടങ്ങിയാൽ പരമേശ്വരിയുടെ കണ്ണ് നിറയും. അതു കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ട് കുഞ്ഞിമോൻ വേഗം വിഷയം മാറ്റും.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

“കടലെങ്ങനെയാണ് കാണാൻ?” കടല് കണ്ടിട്ടില്ലാത്ത കുഞ്ഞിമോൻ ചോദിക്കും.

“പാറൈ മാതിരി കട്ടിയാ” -പരമേശ്വരി കണ്ണ് തുടച്ച് മറുപടി പറയും.

“അപ്പൊ തിരകളോ?” കുഞ്ഞിമോൻ വീണ്ടും ചോദിക്കും.

“തിരയെല്ലാം പൊയ് കുഞ്ഞീ” -പരമേശ്വരി ചിരിച്ചുകൊണ്ട് മറുപടി പറയും- “എല്ലാം അന്ത ഞണ്ടുങ്കതാ വലിച്ച് പോടുത്.”

ചാവുതാളങ്ങളിൽ അസ്വസ്ഥമായൊരു ഈച്ച പരമേശ്വരിയുടെ ദേഹം വിട്ട് പറന്നുപൊങ്ങി. ആളുകളുടെ കണക്കെടുക്കാനെന്നവണ്ണം ചുറ്റും നോക്കിയ ശേഷം അത് അപരിചിതമായൊരു തലയിൽ ചെന്നിരുന്നു കൈകാലുകൾ വൃത്തിയാക്കി. ബോധോദയം വന്നപോലെ അയാൾ പറഞ്ഞു:

“ഇതു ശരിയാവില്ല. നമ്മളെന്തെങ്കിലും ചെയ്യണം.”

“നാമ എന്ന പന്നമുടിയും” -അടുത്ത് നിൽക്കുന്ന മറ്റൊരാൾ പറഞ്ഞു- “അവളോ ഇദയം നൊറുങ്കി സെത്തു പോച്ച്.”

“എന്നു കരുതി” -ഈച്ചയെ ആട്ടിയ ശേഷം അയാൾ വീണ്ടും പറഞ്ഞു- “ഇതിങ്ങനെ വിട്ടാൽ ശരിയാവുമെന്നു തോന്നുന്നുണ്ടോ?”

“നമ്മളാലെ ഒന്നുമേ പന്ന മുടിയാത്” -പരമേശ്വരിയിൽനിന്നു കണ്ണെടുക്കാതെ അയാൾ വീണ്ടും പറഞ്ഞു- “അവങ്കെല്ലാം പെരിയ അധികാരിങ്കെ.”

“സമരം ചെയ്യണം, പരമേശ്വരിയുടെ ശവം അവരെക്കൊണ്ട് തീറ്റിക്കണം.”

പൊടുന്നനെ വന്ന അയാളുടെ തീരുമാനം കേട്ട് പെട്ടെന്നൊരു നിമിഷം ഒപ്പാരിക്കിഴവികൾ നിശ്ചലമായി. പൂമാലകൾ നിശ്ചലമായി. ആളുകൾ നിശ്ചലമായി. കുട്ടികൾ നിശ്ചലമായി. ശ്വാസം നഷ്ടപ്പെട്ട അന്തരീക്ഷം ജീവൻ വീണ്ടെടുക്കുന്നതുപോലെ പരിസരം വീണ്ടും മുന്നറിയിപ്പില്ലാതെ ശബ്ദമുഖരിതമായി.

“അയ്യോ പോച്ചേ... അയ്യയ്യോ പോച്ചേ...” -ഒപ്പാരിക്കിഴവികൾ ശപിച്ചു തുടങ്ങി- “അന്ത പാടുപാവി പയലുവ നാസമാ പോക.”

കേട്ട് കേട്ട് ഒപ്പാരിപ്പാട്ടിന്റെ ശബ്ദം കുഞ്ഞിമോന് മടുത്തുതുടങ്ങിയിരുന്നു. അവൻ കളിക്കുന്ന കുട്ടികൾക്കിടയിലൂടെ കോളനിയിലെ തൊഴിലാളികളുടെ വീടുകളിലേയ്ക്ക് നോക്കി. എല്ലാം ചെറിയ ചെറിയ വീടുകൾ. അതിനെല്ലാം കുഞ്ഞുകുഞ്ഞു ചെമ്പരത്തിവേലികൾ. അതിലെല്ലാം ആരും കാണാതെ അവൻ നെയ്ത മഴവില്ലു നൂലുകൾ. ഇടയ്ക്കിടയ്ക്ക് വയലറ്റ് നിറമുള്ള കോളാമ്പിപ്പൂവുകൾ. പൂക്കൾക്ക് ചുവടെ ഒരൊച്ച. ഒച്ചയ്ക്ക് പിന്നിൽ രണ്ട് പൂച്ച!

പൂച്ചകളെ പരമേശ്വരിക്ക് ലഭിക്കുന്നത് തേയില എസ്റ്റേറ്റിലെ ജോലിക്കിടെയാണ്. ആരോ കരകടത്തി അനാഥമാക്കപ്പെട്ട അവയെ തുടക്കത്തിലൊന്നും പരമേശ്വരി കാര്യമായി ശ്രദ്ധിച്ചില്ല. അവ ആദ്യമാദ്യം പരമേശ്വരിയുടെ കാൽപ്പാദങ്ങളെ തൊട്ടുരുമ്മി നടന്നുകൊണ്ടിരുന്നു. കാൽ മടമ്പുകളിലേയ്ക്ക് കുഞ്ഞു നഖങ്ങളുയർത്തി ചാടിവീഴുന്ന കളി തുടങ്ങിയപ്പോൾ പരമേശ്വരി അവയെ ആട്ടിയോടിച്ചു. ഭയത്തോടെ പിൻവലിഞ്ഞ് വാലുകളുയർത്തിയ ആ ചെമ്പന്‍ നിറങ്ങൾ പരമേശ്വരിയെ ദയനീയമായി നോക്കി. ആ നോട്ടം മതിയായിരുന്നു പരമേശ്വരിക്ക് പലതും ഓർക്കാൻ. ലങ്കയിൽനിന്നു നാട് തിരുമ്പും വഴി പടക് മറിഞ്ഞ് കടലിന്റെ ലോഹച്ചതുപ്പിലേയ്ക്ക് താഴ്ന്നിറങ്ങിയ നാല് കണ്ണുകൾ പരമേശ്വരി പെട്ടെന്നോർത്തു. സുബ്രൂ... മണീ... അമ്മാവെ വിട്ട് ഇത്തന നാളാ എങ്കടാ പോയിറുന്തീങ്കേ... പരമേശ്വരി അവയെ വാരിപ്പുണർന്നു. ശേഷം അങ്കിപോലെ പിന്നിലേയ്ക്ക് കെട്ടിവെച്ചിരുന്ന ചപ്പു താട്ടിലേയ്ക്ക് അവയെ നിക്ഷേപിച്ചു. പിന്നീട് അവ നഷ്ടമാവുന്നതുവരെ മുതുകത്ത് ഗർഭമുള്ള അമ്മയായി അവരുടെ കുറുമ്പുകൾ പരമേശ്വരി ആസ്വദിച്ചു. ഒഴിവുസമയങ്ങളിൽ താട്ടഴിച്ച് ഇരുകൈകളിലും അവയെ താങ്ങിപ്പിടിച്ചു, ശേഷം ബ്ലൗസഴിച്ച് “ശാപ്പിട് ചെല്ലം, നല്ലാ ശാപ്പിട്ടുക്കൊ...” ഹൃദയമൂട്ടുന്നതിനിടയ്ക്ക് പരമേശ്വരി അവയെ കൊഞ്ചിച്ചുകൊണ്ടിരുന്നു.

കാറ്റ് വീശി. കാലാവസ്ഥ മോശമാകുന്നതിനു മുൻപ് കുഴിവെട്ടിത്തീർന്നത് തീർച്ചയാക്കാൻ ചിലർ ശ്മശാനത്തിലേയ്ക്കു നീങ്ങി. വൈകി ആരും വരാനില്ലെങ്കിലും മഴ വരുമെന്ന് ഭയന്നു ചിലർ നീല ടാർപ്പോളീൻ ഷീറ്റ് വലിച്ചുകെട്ടി. ഇപ്പോൾ പരിസരമാകെ നീലനിറത്തിലായത് കുഞ്ഞിമോൻ കണ്ടു. കൂടെയുള്ള സകലതിനേയും നിറം മാറ്റിക്കൊണ്ട് വെളുപ്പ് പുതച്ചിരുന്ന പരമേശ്വരി നീലനിറത്തിൽ ജ്വലിക്കുകയാണ്. പൂക്കൾക്കും കിഴവികൾക്കും കൂടിയിരുന്ന ആളുകൾക്കുമെല്ലാം നീലനിറം. ഹൃദയംപൊട്ടി മരിച്ചവളുടെ അത്ഭുതപ്രവൃത്തി. ചടങ്ങുകൾ കഴിഞ്ഞാലും മാഞ്ഞുപോകാതെ പറ്റിപ്പിടിച്ചിരിക്കുന്ന നീലനിറത്തെ കുഞ്ഞിമോൻ സങ്കല്പിച്ചു.

അപരിചിതരെ കണ്ടപോലെ അവർ കണ്ണാടിക്കു മുന്നിൽ വെറുങ്ങലിച്ചു നിൽക്കുന്നതും ഒരിക്കലും കണ്ടിട്ടില്ലാത്തവരെപ്പോലെ പരസ്പരം സംശയിക്കുന്നതും കുഞ്ഞിമോൻ ഓർത്തു. അപ്പോഴേക്കും കുട്ടികൾ എല്ലാവരും പ്രതീക്ഷിച്ചതുപോലെ ആ ദിവസത്തിന്റെ ഐതിഹാസികമായ കളി തുടങ്ങിയിരുന്നു.

“എല്ലാരും വാ... പരമേശ്വരിയുടെ പൂച്ചകളെ കാണാൻ പോവാം വാ...” -ഇതിനോടകം സംഘമായി ചേർന്ന കുട്ടികൾ അത്യുത്സാഹത്തോടെ വിളിച്ചു പറഞ്ഞു- “വാ... വാ...” മരണവീട്ടിലെ സകല ജനങ്ങളും അവരുടെ ദിശയിലേക്ക് ആകാംക്ഷയോടെ നോക്കി.

ഇനി അനുകരിക്കേണ്ടത് ആളുകളെ മാത്രമല്ലെന്ന് അവർക്കറിയാമായിരുന്നു. ആദ്യം ആണുങ്ങൾ പിന്നെ പെണ്ണുങ്ങൾ അവസാനം കുഞ്ഞുങ്ങളെന്ന നിലയിൽ അവർ കോളനിക്കാരെപ്പോലെ പൂച്ചകളെ കാണാൻ പുറപ്പെട്ടു. നാടകത്തൊഴിലാളികളെപ്പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു അവരുടെ പ്രകടനം. ഒരേസമയം അനങ്ങാതേയും അതേ സമയം അനങ്ങിക്കൊണ്ടും പൂച്ചകളെ കാണാൻ പോയ കാഴ്ചകൾ അവർ ഒരു വേദിയിലെന്ന പോലെ ആവിഷ്‌കരിച്ചു. കാഴ്ചയും കാഴ്ചക്കാരും ഒന്നാകുന്ന വിരുത് കണ്ട് കാണികൾ അന്തം വിട്ടു. ചില കുട്ടികൾ വളരെ സ്വാഭാവികതയോടെ കല്ലും മുള്ളും പള്ളവുമായി മാറി. ചിലരാകട്ടെ, പോകും വഴി കണ്ട മുള്ളുവരുടേയും പണിയരുടേയും അനങ്ങാത്ത കുടികളായി മാറി. ചിലർ പാമ്പും തേളുമായി ഇഴഞ്ഞു. ചിലർ പക്ഷികളും ശലഭങ്ങളുമായി പറന്നു. പാമ്പും തേളുമായിരുന്നവർ പിന്നീട് മരങ്ങളും കുറ്റിച്ചെടികളുമായി പരിണമിച്ചു. പക്ഷികളും ശലഭവുമായിരുന്നവർ പിന്നീട് കാറ്റും കോടയുമായി മാറി. ചില കുട്ടികൾ മുതിർന്നവരെപ്പോലെ അതാ മഞ്ഞമുത്തി അതാ നീലക്കടുവയെന്നു ശലഭങ്ങളായി പറക്കുന്നവരെ പരിചയപ്പെടുത്തി. ചിലർ മുരിക്കിനേയും പങ്കയേയും കുഞ്ഞുങ്ങൾക്കു കാണിച്ചുകൊടുത്തു. ചില കുഞ്ഞുങ്ങൾ മറ്റു കുഞ്ഞുങ്ങളെ പങ്കകളാക്കി പറത്തിയോടി. ചിലർ മലയും പുഴയുമായി മാറി. ചിലർ പാടമായി പരന്നുകിടന്നു. ചിലർ ലോകത്തോട് താല്പര്യമില്ലാത്ത മുതിർന്നവരെപ്പോലെ പരുഷമായി പെരുമാറി. “വേഗം നടക്ക് ആന വരും” അവർ കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്ത കുഞ്ഞുങ്ങളെ ഇനി ഒരിക്കലും എങ്ങോട്ടും കൊണ്ടുപോകില്ലെന്നു പറഞ്ഞു പേടിപ്പിച്ചു. ചിലർ മുറുക്കിത്തുപ്പി. ചിലർ കുട്ടികളെ മൂളിപ്പാട്ടുകളായി പാടി. ചിലർ അട്ടഹസിച്ചു. കാടും മേടും തോടും കടന്നു മലയണ്ണാനേയും വേഴാമ്പലിനേയും കല്ലെറിഞ്ഞ് അവർ ലക്ഷ്യസ്ഥാനത്തെത്തി.

ഗ്രാന്റീസ് മരങ്ങൾക്കു താഴെ ടൗണിനോട് ചേർന്നുനിൽക്കുന്ന പഴയ സർക്കാർ കെട്ടിടമായി മാറിയ കുഞ്ഞുങ്ങൾക്കു മുന്നിൽ ആൾക്കൂട്ടത്തിന്റെ നടത്തം ചെന്ന് അവസാനിച്ചു. ഫോറസ്റ്റ് എന്നെഴുതിവെച്ച ആ കെട്ടിടത്തിനു മുന്നിൽ പൂച്ചകളെ കാണാൻ എങ്ങനെയാണോ നാട്ടുകാർ ബഹളം വച്ചത് അതുപോലെത്തന്നെ അവരും ബഹളം വെച്ചു. ഒരു വലിയ കൂടായി മാറിയ കുട്ടികൾക്കുള്ളിൽ രണ്ട് കുഞ്ഞുങ്ങൾ മ്യാവൂ മ്യാവൂവെന്നു തിരിഞ്ഞു കളിച്ചു. പൂച്ചകളെ പ്രകോപിപ്പിക്കാനായി ചിലർ കൂട്ടിനുള്ളിലേയ്ക്ക് കല്ലും മണ്ണും വാരിയെറിഞ്ഞു. ചിലർ പൂച്ചകളുടെ ലിംഗമേതെന്നറിയാൻ വാലുകൾ പൊക്കി നോക്കി. ചിലർ അവയോട് കോക്രി കാട്ടി ചിരിച്ചു. അസ്വസ്ഥരായ പൂച്ചകൾ അതുവരെയുള്ള ഭാവം ഉപേക്ഷിച്ച് ആളുകളെ ലക്ഷ്യമാക്കി പതുങ്ങി. ഒട്ടും വൈകാതെ നഖവും ദംഷ്ട്രയുമുയർത്തി പുലികളായി മാറി അവ ആൾക്കൂട്ടത്തിനു നേരെ ഒറ്റച്ചാട്ടം. ഘ്രാ...

പിന്നിലേയ്ക്ക് മറിഞ്ഞുവീണ ആൾക്കൂട്ടം നിസ്സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

“അവസാനമായി ആരെങ്കിലും കാണാനുണ്ടോ?” കുട്ടികളുടെ കളി തുടരവേ മുതിർന്നവർ മരണ വീട്ടിൽ കാര്യങ്ങൾ വേഗത്തിലാക്കി. അടുത്തതായി തങ്ങളുടെ സ്വകാര്യജീവിതത്തെ കുട്ടികൾ ആവിഷ്‌കരിച്ചേക്കുമോ എന്ന് അവർ ഭയന്നു. ചാവുകൂത്തുകൾ ധൃതിവെച്ചു. ഒപ്പാരിപ്പാട്ടുകൾക്ക് ഈണം നഷ്ടപ്പെട്ടു. തകിടുവളകളും തണ്ടട്ടികളും അർത്ഥരഹിതമായി കിലുങ്ങി. തിടുക്കത്തിൽ ചിലർ വന്നെത്തിനോക്കി പോയി. നെടുവീർപ്പുകൾ സംഘടിതമായി.

“ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിയൂൻ” ഇമ്മ മന്ത്രിക്കുന്നത് കുഞ്ഞിമോൻ മടിയിലിരുന്നു കേട്ടു. എല്ലാം അവസാനിക്കുകയാണ്. അവസാനം. അവസാനം.

കുഞ്ഞിമോൻ പരമേശ്വരിയെ അവസാനമായി ഒരിക്കൽക്കൂടി നോക്കി. പൊട്ടിയിട്ടും പൂച്ചകളെ പുലികളാക്കി മാറ്റിയ ആ മഹാത്ഭുതം പരമേശ്വരിയിൽ ഉയർന്നങ്ങനെ വിശ്രമിക്കുകയാണ്. ഹൃദയമേ... ഹൃദയമേ... എന്റെ പൊട്ടാത്ത ഹൃദയമേ... ഹൃദയമില്ലാത്തവരുടെ മുഴുവൻ നിരാശയും അവനിൽ വീണ്ടും വീണ്ടും വന്നുചേർന്നു. അവസാനമായി ആ മഹനീയമായ ഹൃദയത്തലപ്പിൽ ഒന്നു തൊട്ട്നോക്കാൻ അവന് അതിയായ ആഗ്രഹം തോന്നി. മറ്റൊന്നും ആലോചിക്കാതെ അവന്റെ കൈകൾ ലക്ഷ്യസ്ഥാനത്തേയ്ക്ക് നീണ്ടു. പൊടുന്നനെ കൈകൾ തട്ടിമാറ്റിക്കൊണ്ട് ഇമ്മ അവനെ മടിയിലേക്ക് ചേർത്തിരുത്തി. നിശ്വാസങ്ങളിൽ ചലിച്ചുകൊണ്ടിരുന്ന ഇമ്മയുടെ ഹൃദയം അപ്പോൾ കല്ലായിരുന്നില്ല!

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

എല്ലാം ഓർത്തുകഴിഞ്ഞപ്പോൾ ഈ കഥയിൽ ഞാൻ ആരായിരുന്നുവെന്നാണ് അവസാനമായി പരമേശ്വരിയോട് പറയേണ്ടിയിരുന്നത്. വെറുതെ ഒരു രസം. അല്ലെങ്കിൽ വർഷങ്ങൾക്കുശേഷം കണ്ടുമുട്ടുന്ന ഒരാളെ പലതും ഓർമ്മിപ്പിക്കുന്നതിലുള്ള ഒരു ത്രിൽ. പക്ഷേ, കസേരയിൽ ഇരിക്കുന്ന പരമേശ്വരിയോട് ഞാൻ കുഞ്ഞിമോനാണ്, വളർന്നപ്പോൾ ഇന്നയാളായി മാറി എന്നൊന്നും പറഞ്ഞാൽ അവൾക്കു മനസ്സിലായിക്കൊള്ളണമെന്നില്ല. ബോധമുണ്ടായിരുന്നെങ്കിൽ പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്നും എല്ലാം ഉണ്ടാക്കി പറഞ്ഞതാണെന്നും അവൾ തന്നെ വാദിച്ചേനെ. അങ്ങനെയെങ്ങാനും സംഭവിച്ചാൽ ഞാൻ കുഞ്ഞിമോന്റെ ഉള്ളിലുണ്ടായിരുന്ന മുതിർന്ന ആളാണെന്നും വലുതായപ്പോൾ കുഞ്ഞായിരുന്നവൻ ഉള്ളിലായിപ്പോയെന്നും തന്ത്രപരമായി ഞാൻ മറുപടി പറഞ്ഞേനെ. വേണ്ടിവന്നാൽ മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കുമിടയിലെ കഥകൾക്കുവേണ്ടിയുള്ള സംഘർഷമല്ലാതെ മറ്റെന്താണ് മനുഷ്യജീവിതമെന്നും മുതിർന്നവരാൽ നിരന്തരം തെറ്റിദ്ധരിക്കപ്പെടുന്ന കുഞ്ഞുങ്ങളേ ലോകത്തുള്ളുവെന്നും ഒരു എഴുത്തുകാരനെപ്പോലെ ഞാൻ തിരിച്ചടിച്ചേനെ. പക്ഷേ, അതൊന്നും വേണ്ടിവരില്ല. കാരണം, ഓർമ്മയിൽ ജീവിക്കുന്നവർക്ക് വെളിവ് പോയിട്ട് സ്വന്തമായി നിഴല് പോലുമില്ല. അവരോട്; ഓർമ്മ പുലികളായി മാറിയേക്കാവുന്ന പൂച്ചകളാണെന്ന സത്യമൊന്നും പറഞ്ഞിട്ട് കാര്യമില്ല. അതെല്ലാം ജീവിക്കുന്നവരോട് പറയാൻ കൊള്ളാം. അതുകൊണ്ട് അവസാനമായി ഞാൻ പരമേശ്വരിയോട് പറഞ്ഞു: “ഓർമ്മ ഒരു പൂച്ചക്കാട്ടംപോലെയാണ്. കാര്യം കഴിഞ്ഞാൽ മണ്ണിട്ട് മൂടിവെച്ചാൽ വളരെ നല്ലത്, അത് ഇടയ്ക്കിടയ്ക്ക് തുറന്നു നോക്കുന്നത് അത്ര നന്നല്ല” എന്നിട്ട് എല്ലാത്തിനും കാരണക്കാരായ ഫിഷ് ടാങ്കിനെ ചുറ്റിപ്പറ്റി നിൽക്കുന്ന ശല്യക്കാരായ പൂച്ചകളോട് ഞാൻ പറഞ്ഞു: (അവ എന്റെ ഓർമ്മയിൽനിന്നു വീണതായിരിക്കുമോ എന്ന സംശയം പ്രകടിപ്പിക്കാതെ തന്നെ) “എടാ പട്ടികളെ, എന്റെ മീനുകളെ വെറുതെ വിട്ടില്ലെങ്കിൽ ഓർമ്മയിലിട്ട് നിങ്ങളെ എലികളാക്കി മാറ്റിക്കളയും ജാഗ്രതൈ.” ജീവനുള്ളതുകൊണ്ട് പമ്മിപ്പമ്മി നിന്നശേഷം മീനുകളെ അകത്താക്കി അവ എന്നെന്നേക്കുമായി കടന്നുകളഞ്ഞു. പാവം.

സലീം ഷെരീഫ് എഴുതിയ കഥ: പരമേശ്വരിയുടെ പൂച്ചകൾ
അർജുൻ രവീന്ദ്രൻ എഴുതിയ കഥ: ഭക്ഷണലീല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com