വരാനിരിക്കുന്ന ഭൂതകാലത്തിൽ ഈഥൻ ഫ്രാൻസിസ് ഇടിക്കുളയുടെ ജീവിതം രണ്ട് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രരചന നിഷ്പക്ഷവും വസ്തുതാപരവുമായ വിവരണമായിരിക്കണം എന്നും അത് ഒട്ടും തന്നെ അതിശയോക്തിപരമായിരിക്കരുത് എന്നും വിശ്വസിക്കുന്ന സനകൻ ഗോപാലൻ, ചരിത്രം കേവലം വസ്തുതകളുടെ യഥാതഥമായ വിവരണമല്ല, മറിച്ച് അവയുടെ ഭാവനാപൂർണ്ണമായ വ്യാഖ്യാനം കൂടിയായിരിക്കണം എന്നു കരുതിപ്പോരുന്ന എലൈജാ മേരി ജോവാൻ എന്നിവരാണ് ഈഥൻ ഫ്രാൻസിസ് ഇടിക്കുളയുടെ ജീവിതം രണ്ട് ഗ്രന്ഥങ്ങളിലായി രേഖപ്പെടുത്തിയിട്ടുള്ളത്.
അടുത്ത നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിൽ ഒരു ഡിസംബർ മാസത്തിൽ ജനിക്കാനിരിക്കുന്ന ഈഥൻ ഫ്രാൻസിസ് ഇടിക്കുള പരുമല പ്ലാന്തറ കുടുംബാംഗമായിരുന്നു എന്നു തുടങ്ങുന്ന സനകൻ ഗോപാലന്റെ ജീവചരിത്ര പുസ്തകം ‘മരണത്തിന്റെ നിറം’ എന്നു പേരിട്ടിരിക്കുന്ന തെരുവിലെ പ്രാചീനമായ ഒരു ഗുഹയിൽനിന്നാണ് കണ്ടെടുക്കപ്പെട്ടത്. തെക്കു പടിഞ്ഞാറൻ ദിശയിൽ സ്വാതന്ത്ര്യം, പൗരാവകാശം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന രണ്ട് പട്ടണങ്ങളിലൂടെ കടന്നുപോകുന്ന തെരുവിനു മരണത്തിന്റെ നിറം എന്നു പേരു വന്നത് സംബന്ധിച്ച് എലൈജാ മേരി ജോവാൻ തന്റെ ‘A Detailed Summery of Death’ എന്ന പ്രബന്ധത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: “ഈ തെരുവിൽ വെച്ചാണ് ദുർമന്ത്രവാദിനിയായ ഒരു സ്ത്രീ തന്റെ ഭർത്താവിനെ ഒരു കത്തികൊണ്ട് പല കഷണങ്ങളായി മുറിച്ച് പലയിടങ്ങളിലായി നിക്ഷേപിച്ചത്. അയാളുടെ പ്രേതം രാത്രികാലങ്ങളിൽ ഒരു കരടിയായി രൂപം മാറുകയും യാത്രക്കാരുടെ വാഹനങ്ങളെ അപായപ്പെടുത്തുകയും ചെയ്യുന്നു.” ഈ തെരുവിലെ അപകടമരണങ്ങൾ ഒരു വസ്തുതയാണെന്നിരിക്കെ അത് ഒരു ദുർമന്ത്രവാദിനിയുടെ ചെയ്തിയായും ഒരു പ്രേതത്തിന്റെ ഒടിമറിയലായും അവതരിപ്പിക്കുന്നു എന്നതാണ് എലൈജാ മേരി ജോവാന്റെ രചനാരീതി. അതേസമയം പ്രതിവർഷ മരണങ്ങളെ സംബന്ധിച്ച് നഗരത്തിലെ മേയർ തന്നെ സാക്ഷ്യപ്പെടുത്തിയ ആശുപത്രി രേഖകൾ ആസ്പദങ്ങളായി പ്രബന്ധത്തിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
സനകൻ ഗോപാലൻ 17-ാം നൂറ്റാണ്ടിൽ ഗംഗാനദിയുടെ തീരത്ത് സത്പുരാ എന്ന പ്രദേശത്തെ ഒരു കുന്നിൻചരുവിൽ പശു കൃഷിയിൽ ഏർപ്പെട്ടിരുന്ന ഒരു മധ്യവയസ്കനായിരുന്നു. ഗോപാലൻ എന്നത് അയാളുടെ കുലനാമമായിരുന്നു. ബൗദ്ധയാന ധർമ്മസൂത്ര പ്രകാരം കാളകവനത്തിനു പടിഞ്ഞാറ്, ഹിമാലയ പർവ്വതത്തിനു തെക്ക്, വിന്ധ്യനു വടക്ക് ഗംഗാതടത്തിൽ സ്ഥിതിചെയ്യുന്ന ആര്യാവർത്തത്തിലെ ഒരു പ്രദേശമായിരുന്നു സത്പുര. കടുവകളും കലമാനുകളും ധാരാളമായി കാണപ്പെടുന്ന ഒരു പ്രദേശം കൂടിയാണിതെന്നും ധർമ്മസൂത്രത്തിൽ പറയുന്നു. 15-ാം നൂറ്റാണ്ടിൽ ഒരു കുതിര സവാരിക്കാരനായി താൻ ചേരളത്തിലേയ്ക്ക് (ഇപ്പോഴത്തെ കേരളം) നടത്തിയ യാത്രകളെക്കുറിച്ചും അക്കാലത്തെ പോർച്ചുഗീസ് അധിനിവേശത്തെക്കുറിച്ചും സനകൻ ഗോപാലൻ തന്റെ ‘Tales from Afar’ എന്ന ഗ്രന്ഥത്തിൽ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
പ്രസ്തുത ഗ്രന്ഥത്തിലാണ് ഈഥൻ ഫ്രാൻസിസ് ഇടിക്കുളയുടെ ജീവിതത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ ലഭ്യമായിട്ടുള്ളത്. പോർച്ചുഗീസ് അധിനിവേശത്തെത്തുടർന്ന് മലനാട്ടിലും ഇടനാട്ടിലും വ്യാപകമായ പറങ്കിമാവിൻ കൃഷിയിലാണ് പ്രധാനമായും പരുമല പ്ലാന്തറ കുടുംബക്കാർ ഏർപ്പെട്ടിരുന്നത്. വടക്കൻ മലബാറിലെ പുറമേരി എന്ന ദേശത്തുനിന്നുമാണ് പമ്പാനദി വഴി തിരുവല്ലാ താലൂക്കിലെ പരുമല ഗ്രാമത്തിൽ കശുവണ്ടി എത്തിച്ചേർന്നത്. ഇരുമ്പിന്റേയും കാരത്തിന്റേയും ഊറലുള്ള വെട്ടുകല്ല് ചേർന്ന പരുമലയിലെ ചുവന്ന മണ്ണ് കശുമാവിൻ കൃഷിക്കു യോജ്യമായിരുന്നു. ഒരേക്രയിൽ ഏകദേശം 50 മരങ്ങൾ എന്ന തോതിൽ ഏതാണ്ട് 30 ഏക്രയിലാണ് കൃഷി നടന്നിരുന്നത്. ഇപ്രകാരം പുരോഗമിക്കുന്ന സനകൻ ഗോപാലന്റെ വസ്തുതാവിവരണത്തിൽ പ്രത്യക്ഷപ്പെടാത്ത ചിലത് എലൈജാ മേരി ജോവാന്റെ പുസ്തകത്തിൽ കാണാം. വരാനിരിക്കുന്ന
ഇംഗ്ലീഷ് വർഷം 1982-ൽ ഒരു വിള ഇൻഷുറൻസ് കമ്പനിയുടെ പ്രതിനിധി ഈഥൻ ഫ്രാൻസിസ് ഇടിക്കുളയെ സമീപിക്കവെ “ജീവിതമോ കൃഷിയോ താൻ ഒരു രക്ഷാഭോഗപദ്ധതിക്കും അടിയറവെക്കില്ല” എന്ന് ഇടിക്കുള പ്രഖ്യാപിച്ചതായി എലൈജാ മേരി ജോവാൻ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സനകൻ ഗോപാലനെ സംബന്ധിച്ച് കേവലം കൃഷിക്കാരൻ മാത്രമായ ഈഥൻ ഫ്രാൻസിസ് ഇടിക്കുള, എലൈജാ മേരി ജോവാനെ സംബന്ധിച്ച് ഒരു തത്ത്വചിന്തകൻ കൂടിയാണ്. വലിയ കെട്ടുവള്ളങ്ങളിലായി കുന്നോളം പൊക്കത്തിൽ കശുവണ്ടി കയറ്റി പമ്പാനദിയിലൂടെ കൊച്ചിയിൽ കാത്തുകിടക്കുന്ന ലന്തക്കാരുടെ പത്തേമാരികളിലേയ്ക്ക് കയറ്റി അയക്കുന്ന ഇടിക്കുള നാട്ടുകാർക്ക് നദി കടക്കുന്നതിലേക്കായി ഒരു കടത്ത് തോണിയും തയ്യാറാക്കിയിരുന്നു. പല വൈകുന്നേരങ്ങളിലും കടത്തുകാരന്റെ തൊഴിലുമെടുത്തിരുന്നു എന്ന സനകൻ ഗോപാലന്റെ വിവരണം കേവലം ഒരു പറങ്ങാണ്ടി കർഷകനെ മാത്രം അടയാളപ്പെടുത്തുന്നതാണ്. മാത്രവുമല്ല, നേരം പാഴാക്കാതെ മുക്കാച്ചക്രം ഉണ്ടാക്കാനായി കടത്ത് തൊഴിലിലും ഏർപ്പെട്ടിരിക്കുന്ന ഒരു ലുബ്ധനെന്നോ അരിഷ്ടനെന്നോ വേണമെങ്കിൽ സനകൻ ഗോപാലന്റെ ഗ്രന്ഥം വായിക്കുന്ന ഒരാൾക്ക് ഈഥൻ ഫ്രാൻസിസ് ഇടിക്കുളയെക്കുറിച്ച് തോന്നാം. എന്നാൽ, കടത്തുവള്ളത്തിന്റെ അമരത്തിൽ കുത്തിനിർത്തിയിരുന്ന ഒരു കറുത്ത പ്ലക്കാർഡിൽ വരാനിരിക്കുന്ന നൂറ്റാണ്ടിൽ സന്ന്യാസിയായി സാമൂഹ്യപ്രവർത്തനം നടത്തുന്ന നാരായണൻ എന്നൊരാൾ കുറിച്ചിട്ട ‘നാവികൻ നീ ഭവാബ്ധിക്കൊരാവിവൻ തോണി’ എന്ന വരികൾ ചോക്കുകൊണ്ട് എഴുതിവെച്ചിരുന്നതിന് സനകൻ ഗോപാലൻ പ്രാധാന്യം നൽകിയതായി കാണുന്നില്ല. എന്നാൽ, 19-ാം നൂറ്റാണ്ടിൽ വേദാന്തിയായ ഒരു സന്ന്യാസിയുമായി പമ്പാനദിയിലെ തോണിയാത്രക്കിടയിൽ ഈഥൻ ഫ്രാൻസിസ് ഇടിക്കുള നടത്തിയ സംഭാഷണങ്ങളുടെ രേഖകൾ ലണ്ടനിലെ ബ്ലൂംസ്ബറി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയത്തിൽനിന്നും എലൈജാ മേരി ജോവാൻ കണ്ടെത്തിയിട്ടുണ്ട്. അതിൻപ്രകാരം വിവരിച്ചിട്ടുള്ള ഒരു സംഭവമാണ് താഴെ കൊടുത്തിരിക്കുന്നത്:
ഒരു സായാഹ്നത്തിൽ പമ്പാനദിയുടെ തീരത്തെ മണൽത്തിട്ടയിൽ ഒരു മരത്തണലിൽ തേജസ്വിയായ ഒരാൾ വിശ്രമിക്കുന്നത് ഇടിക്കുള കണ്ടു. അയാൾ ഒരു കാഷായ വേഷധാരിയായിരുന്നു. തല മുണ്ഡനം ചെയ്തിരുന്നു. നദി കടക്കാനായി കടത്തുകാരൻ വരുന്നതും കാത്താണ് അയാളുടെ ഇരിപ്പ് എന്നു ദൂരെനിന്നേ ഇടിക്കുളയ്ക്കു തോന്നി. അയാളെ അക്കര കടത്തുന്നതിലേയ്ക്കായി ഇടിക്കുള വള്ളം നദിയിലേയ്ക്ക് ഇറക്കുകയും ചെയ്തു. മറ്റു യാത്രക്കാരാരും ആ സമയം ഉണ്ടായിരുന്നില്ല. കടത്തുകൂലിയായി നൽകാൻ തന്റെ കയ്യിൽ ഒന്നുമില്ല എന്നു സന്ന്യാസി ഇടിക്കുളയോട് പറഞ്ഞു. കർമ്മത്തിന്റെ ഫലം ഇച്ഛിക്കാത്ത ഒരു കർഷകയോഗിയാണ് താൻ എന്ന് ഇടിക്കുള സന്ന്യാസിയോട് പറഞ്ഞു. നദി കടത്തുന്നതിനു താൻ കൂലിയൊന്നും പ്രതീക്ഷിക്കുന്നില്ല എന്ന് ഉറപ്പു നൽകുകയും ചെയ്തു. സന്ന്യാസി തോണിയിൽ കയറിയ ശേഷം ഇടിക്കുള തുഴഞ്ഞുതുടങ്ങി. ഇരുവരും മുഖാമുഖമിരിക്കെ നദിയിലെ ജലത്തിൽ പതിവില്ലാത്ത ഇളക്കം അനുഭവപ്പെട്ടു. സന്ന്യാസിയുടെ കയ്യിൽ ഒരു ചാക്കുകെട്ടുണ്ടായിരുന്നു. കടത്തുകൂലി തരാനില്ലാത്ത ഭിക്ഷുവിന്റെ പക്കലെ ചാക്കുകെട്ടിൽ എന്താണെന്നറിയാൻ ഇടിക്കുളയ്ക്ക് ഒരാഗ്രഹം തോന്നി. ഇടിക്കുള മടിച്ചുമടിച്ചാണെങ്കിലും തന്റെ ഇംഗിതം ഭിക്ഷുവിനോട് പറയുകയും ചെയ്തു. അത് കുറച്ച് ആയുധങ്ങളാണ് എന്നു സന്ന്യാസി മൊഴിഞ്ഞു. ഇവിടെ അടുത്ത് കൂനമ്മാവിലെ കുഞ്ഞിക്കോരു വൈദ്യൻ എന്നൊരാളുടെ വീട്ടിൽനിന്നു മോഷ്ടിച്ചുകൊണ്ടു പോന്നതാണെന്നും സന്ന്യാസി പറഞ്ഞതോടെ ഇടിക്കുള ആശയക്കുഴപ്പത്തിലായി.
ഒരു തസ്കരൻ ഈ സായംകാലത്ത് കാവിയുമുടുത്ത് തന്നെ പറ്റിക്കാനിറങ്ങിയിരിക്കുന്നു എന്നുറപ്പായപ്പോൾ ഇടിക്കുളയുടെ സ്വഭാവം മാറി. ഈ സമയം കടത്തുതോണി ഏതാണ്ട് പമ്പാനദിയുടെ മദ്ധ്യെ എത്തിച്ചേർന്നിരുന്നു. സ്വാമികൾക്കു നീന്താനറിയാമോ എന്ന് ഇടിക്കുള ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി. ഇപ്പോൾ ഞാനീ തോണി മറിക്കാൻ പോവുകയാണെന്നും തസ്കരനായ നീ ഇതാ ഈ ചുഴിയിൽ കിടന്നു പിടഞ്ഞു ശ്വാസം കിട്ടാതെ മുങ്ങിച്ചാകാൻ പോവുകയാണെന്നും ഇടിക്കുള അട്ടഹസിച്ചു. എങ്കിൽ അതിനു മുന്‍പായി ഒരു കർമ്മം ചെയ്തു തീർക്കേണ്ടതുണ്ട് എന്നു ഭിക്ഷു പറഞ്ഞു. ശേഷം തന്റെ ചാക്കു കെട്ടഴിച്ച് അതിൽനിന്നും ഒരു വിഗ്രഹം പുറത്തെടുക്കുകയും ജാതി ഭേദം മത ദ്വേഷം ഏതുമില്ലാതെ സർവ്വരും എന്നു ജപിച്ചുകൊണ്ട് അതു പുഴയിലേയ്ക്കെറിയുകയും ചെയ്തു. പിന്നീട് അതിനുള്ളിലുണ്ടായിരുന്ന വാളും ശൂലവുമെല്ലാമെടുത്ത് ഇടിക്കുളയ്ക്ക് നൽകി. അത് ഏതെങ്കിലും കൊല്ലന്റെ ആലയിൽ കൊടുത്തേൽപ്പിച്ച് കുറേ കറിക്കത്തികളുണ്ടാക്കിക്കോളൂ എന്നും പറഞ്ഞു. പമ്പാനദിക്കു മീതെ ഇടിമുഴങ്ങുകയും ഒരു കൊള്ളിയാൻ മിന്നുകയും ചെയ്തു. തോണി മറുകരയിലെത്തിച്ചേരുകയും സന്ന്യാസി കടവിലേക്കിറങ്ങുകയും ചെയ്ത ശേഷം പറഞ്ഞ വാക്കുകളാണ് വള്ളത്തിന്റെ അമരത്ത് ഒരു പ്ലക്കാർഡിൽ എഴുതി കുത്തിനിർത്തിയിരിക്കുന്നത് എന്നുകൂടി എലൈജാ മേരി ജോവാൻ രേഖപ്പെടുത്തിയിരിക്കുന്നു.
ചെങ്ങന്നൂർ വെൺമണി ആറ്റുപുറത്ത് യോഹന്നാൻ മറിയാമ്മ ദമ്പതികളുടെ ആറാമത്തെ പുത്രനായിരുന്നു ഈഥൻ ഫ്രാൻസിസ് ഇടിക്കുള. ഭാര്യ എമിലിൻ മേരി ജോസഫ് വെട്ടിയാർ പടിഞ്ഞാറെയറ്റത്ത് കുടുംബാംഗവും തിരുവല്ലയിലെ തിരുമൂലവിലാസം യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപികയുമായിരുന്നു. പരുമല പ്ലാന്തറ വീട് ബർമാ തേക്കുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മൈസൂരുവിൽനിന്നു കൊണ്ടുവന്ന രംഗോളികൾ ഉപയോഗിച്ച് ഉമ്മറപ്പടി അലങ്കരിച്ചിരുന്നു.
രാമനാട്ടിലെ ചെട്ടിയാർ വ്യാപാരികളുടെ നാട്ടുകോട്ടൈ വീടിന്റെ മാതൃകയിലാണ് പ്ലാന്തറയുടെ വാസ്തുവിദ്യ എന്ന് സനകൻ ഗോപാലൻ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 2300-ാമാണ്ടില്‍ ദക്ഷിണചിത്രയിൽ പരമ്പരാഗത ഭവനങ്ങളുടെ ഒരു മ്യൂസിയം ക്യുറേറ്റ് ചെയ്യുന്നതിനായി അമേരിക്കയിൽനിന്നും വരാനിരിക്കുന്ന ഡെബോറാ ത്യാഗരാജൻ (ഇവർ ഒരു ചെന്നൈ സ്വദേശിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്) രൂപകല്പന ചെയ്ത ഭവനം ചുഴലിക്കാറ്റുകളെ അതിജീവിക്കുന്നതിനായി വൃത്താകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കോട്ടയം പുതുപ്പള്ളി ഭാഗത്ത് കണ്ടുവരുന്ന സിറിയൻ ക്രിസ്ത്യാനി ഭവനങ്ങളെപ്പോലെ പ്രധാന കവാടം കളപ്പുരയിലേയ്ക്ക് പ്രവേശിക്കും വിധമാണ് സജ്ജമാക്കിയിരിക്കുന്നത്. തിരുനെൽവേലി ജില്ലയിലെ അമ്പൂരിൽ കണ്ടുവരുന്ന ബ്രാഹ്മണ ഭവനങ്ങളുടെ മാതൃകയിലാണ് പൂജാമുറി ഒരുക്കിയിരിക്കുന്നത്. കാഞ്ചീപുരത്തെ നെയ്ത്തുകാരുടെ വീടുകളുടെ മാതൃകയിൽ കുത്തനേയും ചരിഞ്ഞുമുള്ള മേൽക്കൂര പരുമല പ്രദേശത്തെ മൺസൂൺ കാലത്തെ പ്രതിരോധിക്കാൻ എന്തുകൊണ്ടും മികച്ചതു തന്നെ എന്നും സനകൻ ഗോപാലൻ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ചുണ്ണാമ്പ് കല്ലുകൊണ്ട് അലങ്കരിച്ച മുറ്റത്ത് ഒരു താമരക്കുളമുണ്ടായിരുന്നു എന്നത് സനകൻ ഗോപാലന്റെ ശ്രദ്ധയിൽപ്പെടാതെ പോവുകയും എലൈജാ മേരി ജോവാൻ അതു പ്രത്യേകമായി എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഈ താമരക്കുളത്തിന്റെ അതിരുകളിൽ നിറയെ മന്ദാരങ്ങളും നന്ത്യാർവട്ടങ്ങളും പൂത്തുനിന്നിരുന്നു. ഒരു നെൻമേനിവാകയും ഉണ്ടായിരുന്നു. പമ്പാനദിക്കു മീതെ ചന്ദ്രൻ ഉദിക്കുകയും നക്ഷത്രങ്ങൾ മാനത്ത് പൂത്തിരി കത്തിക്കുകയും ചെയ്യുന്ന പൗർണ്ണമി രാവുകളിൽ തിരുമൂല വിലാസം യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപിക കൂടിയായ തന്റെ പ്രിയ പത്നി എമിലിൻ മേരി ജോസഫുമായി ഒന്നിച്ച് ഇടിക്കുള ഏറെനേരം ഈ താമരക്കുളത്തിനരികെ ചെലവഴിക്കുകയും ദിവംഗതരായ മഹാശയരെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അപ്രകാരം ഒരുനാളിൽ ഇടിക്കുള സംസാരിച്ചത് ഡെബോറാ എന്ന പ്രവാചകയെക്കുറിച്ചായിരുന്നു എന്നത് യാദൃച്ഛികം മാത്രമാണെന്ന് എലൈജാ മേരി ജോവാൻ കരുതുന്നില്ല. എന്നാൽ, ഇതേ സംഭാഷണത്തെക്കുറിച്ച് സനകൻ ഗോപാലൻ നൽകിയിരിക്കുന്ന ടിപ്പണിയിൽ താമരക്കുളത്തിനരികിലിരുന്ന് ഇടിക്കുളയും പ്രധാന അദ്ധ്യാപിക കൂടിയായ അയാളുടെ പ്രിയ പത്നി എമിലിൻ മേരിയും ഡെബോറാ ത്യാഗരാജന്റെ വാസ്തുവിദ്യാ പ്രാമാണിത്തത്തെ സ്തുതിച്ച് സംസാരിച്ചു എന്നുമാത്രമാണ് എഴുതിയിരിക്കുന്നത്. എന്നാൽ, ക്രിസ്തുവിനും മുന്‍പ് 12-ാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘The Song of Deborah’യുടെ താൻ തയ്യാറാക്കിയ തർജ്ജമയാണ് ആ രാത്രിയിൽ ഇടിക്കുള ചൊല്ലിക്കേൾപ്പിച്ചത് എന്ന് എലൈജാ മേരി ജോവാൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പ്രഭോ നീ നടക്കുമ്പോൾ ഭൂമി കുലുങ്ങുന്നു, സ്വർഗ്ഗം താഴേയ്ക്ക് ഒഴുകുന്നു, മേഘങ്ങൾ പൊട്ടിത്തെറിച്ച് മഴ പെയ്യുന്നു, പർവ്വതങ്ങൾ വിറപൂണ്ട് വഴിമാറുന്നു... ഇടിക്കുള ഉച്ചത്തിൽ അലറി... പ്രേസ് ദ ലോർഡ്... പ്രേസ് ദ ലോർഡ്...
പിൽക്കാലത്ത് കമ്യൂണിസ്റ്റ് ഭരണക്രമത്തോട് കലഹിക്കുകയും ആയതിനാൽ രാജ്യഭ്രഷ്ടനാക്കപ്പെടുകയും തുടർന്ന് പാരീസിലേയ്ക്ക് കുടിയേറുകയും ചെയ്ത മിലൻ കുന്ദേര എന്ന ചെക്കോസ്ലോവാക്യൻ എഴുത്തുകാരനുമായി ഇടിക്കുള നടത്താനിരിക്കുന്ന ചില കത്തിടപാടുകളെക്കുറിച്ച് 14-ാം നൂറ്റാണ്ടിലെ ലോക സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത സൂചിപ്പിച്ചിരിക്കുന്നതായി സനകൻ ഗോപാലൻ കണ്ടെത്തിയത് അദ്ഭുതകരമാണ്.
പിൽക്കാലത്ത് കമ്യൂണിസ്റ്റ് ഭരണക്രമത്തോട് കലഹിക്കുകയും ആയതിനാൽ രാജ്യഭ്രഷ്ടനാക്കപ്പെടുകയും തുടർന്ന് പാരീസിലേയ്ക്ക് കുടിയേറുകയും ചെയ്ത മിലൻ കുന്ദേര എന്ന ചെക്കോസ്ലോവാക്യൻ എഴുത്തുകാരനുമായി ഇടിക്കുള നടത്താനിരിക്കുന്ന ചില കത്തിടപാടുകളെക്കുറിച്ച് 14-ാം നൂറ്റാണ്ടിലെ ലോക സഞ്ചാരിയായിരുന്ന ഇബ്‌നു ബത്തൂത്ത സൂചിപ്പിച്ചിരിക്കുന്നതായി സനകൻ ഗോപാലൻ കണ്ടെത്തിയത് അദ്ഭുതകരമാണ്. കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് പരാക്രമങ്ങൾ താമസംവിനാ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിവിപ്ലവം വരാനിരിക്കുന്നു എന്നും ദീർഘദർശനം ചെയ്യുന്ന ഒറ്റ കത്ത് മാത്രമാണ് കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇവിടെ ഈഥൻ ഫ്രൻസിസ് ഇടിക്കുള എന്ന തിരുവിതാംകൂറിലെ ഒരു പറങ്ങാണ്ടി വ്യാപാരിയുടെ അർദ്ധ ഫ്യൂഡൽ വലതുപക്ഷ കൊളോണിയൽ മനോനില സ്ഥാപിച്ചെടുക്കാൻ സനകൻ ഗോപാലൻ തനിക്കു ലഭ്യമായ ആസ്പദങ്ങളെ വശീകരിക്കുന്നതായി കാണാം. അധിനിവേശക്കാരായ പോർച്ചുഗീസുകാരുടെ കാർഷികവിളയായ കശുവണ്ടിയെ തന്റെ ഉല്പന്നോപാധിയായി സ്വീകരിക്കുകയും ലന്തക്കാരുമായി കടൽ വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്യുന്ന ഒരു തെക്കൻ നസ്രാണി വാണിഭനാണല്ലോ ഇടിക്കുള. അങ്ങനെയൊരാൾ കിഴക്കൻ യൂറോപ്പിലെ കമ്യൂണിസ്റ്റ് വ്യവസ്ഥിതിയോട് ഏതാനും നൂറ്റാണ്ടുകൾക്കപ്പുറം സ്വീകരിച്ചേക്കാവുന്ന സമീപനത്തെക്കുറിച്ച് ഒരു ചരിത്രകാരൻ സ്വാഭാവികമായും വെച്ചുപുലർത്തിയിട്ടുള്ള സംശയങ്ങൾ എന്ന നിലയ്ക്ക് നമുക്കതിനെ വേണമെങ്കിൽ വിട്ടുകളയാം. എങ്കിലും ആവർത്തിക്കപ്പെടുന്ന നോട്ടപ്പിശകുകൾ സനകൻ ഗോപാലൻ എന്ന ചരിത്രകാരന്റെ ആഖ്യായികകളെക്കുറിച്ച് ചില സംശയങ്ങൾ ഉയർത്തുന്നുമുണ്ട്. 1967-ൽ കിഴക്കൻ ഹിമാലയത്തിനു താഴെ സിലിഗുരി എന്ന പ്രവിശ്യയിൽ നക്സൽബാരി എന്ന ഗ്രാമത്തിൽ സംഭവിക്കാനിരിക്കുന്ന ഗോത്ര കലാപത്തെക്കുറിച്ചും 1975-ൽ ആര്യാവർത്തത്തിൽ പ്രഖ്യാപിക്കാനിരിക്കുന്ന അടിയന്തരാവസ്ഥയെക്കുറിച്ചും പ്രസ്തുത കത്തിൽ ഇടിക്കുള നടത്തിയിട്ടുള്ള പരാമർശങ്ങൾ അറബി ഭാഷയിലുള്ള പ്രാവിണ്യത്താൽ തർജ്ജമ ചെയ്യാൻ സാധിച്ചതിനാൽ എലൈജാ മേരി ജോവാൻ എത്തിച്ചേർന്ന വാസ്തവങ്ങൾ മറ്റു ചിലതാണ്. തിരുവല്ലാ താലൂക്കിൽ തന്നെ പുതുശ്ശേരി, പരിയാരം,
കൊടുമുടിശ്ശേരി എന്നീ കരകളെ ചേർത്തു രൂപപ്പെട്ട മല്ലപ്പള്ളി പഞ്ചായത്തിൽ കുറച്ചുകാലം ഏതാനും നക്സലൈറ്റ് നേതാക്കൾ ഒളിപാർത്തിരുന്നത് ഇടിക്കുളയുടെ സഹായത്താലായിരുന്നുവത്രെ. ആദ്യം ഇവർ ഒളിപാർത്തിരുന്നത് ഇടിക്കുളയുടെ തന്നെ പറങ്കിമാവിൻ തോപ്പിലായിരുന്നു. തിരുമൂല വിലാസം യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപിക കൂടിയായ പ്രിയ പത്നി എമിലിൻ മേരി ജോസഫിനു നക്സലൈറ്റുകളെ ഭയമായിരുന്നു എന്നതിനാലാണ് ഇടിക്കുള പിന്നീട് ഇടത്തരം കുന്നുകളും ചരിവ് പ്രദേശങ്ങളും പാറക്കെട്ടുകളുമുള്ള മല്ലപ്പള്ളി ഗ്രാമത്തിലേയ്ക്ക് ഇവരെ മാറ്റുന്നത്. പിൽക്കാലത്ത് കേരളത്തിലെ നക്സൽബാരി പ്രസ്ഥാനത്തിന്റെ അപൂർവ്വം തുടർച്ചകളിൽ ഒന്ന് മല്ലപ്പള്ളി ഗ്രാമം തന്നെയാണെന്നത് എലൈജാ മേരി ജോവാന്റെ നിരീക്ഷണങ്ങളെ സാധൂകരിക്കുന്നുമുണ്ട്.
ഇടക്കാലത്ത് ഇടിക്കുള ഒരാട്ടിടയനായി വേഷം മാറി ഇടുക്കിയിലേയ്ക്ക് യാത്ര പോയിരുന്നതായി ഊരാളിക്കൂത്തുകളിൽ പരാമർശിക്കപ്പെട്ടിട്ടുള്ളത് കണ്ടെത്തിയിരിക്കുന്നതും സനകൻ ഗോപാലൻ തന്നെയാണ്. തിരുവല്ലാ ദേശത്തിനടുത്ത് കോന്നി എന്ന പ്രദേശത്ത് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആണ്ടുതോറും നടന്നുവരുന്ന മാന്നാൻകൂത്തിലാണ് ഈഥൻ ഫ്രാൻസിസ് ഇടിക്കുളയുടെ ഇടുക്കി യാത്രയെക്കുറിച്ചുള്ള പരാമർശങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ത്രേതായുഗത്തിൽ സീതാന്വേഷിയായി ശ്രീരാമൻ ഇടുക്കിയിലെ കാടുകളിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്ത് ഒരാട്ടിടയനായി ഇടിക്കുളയും ഈ പ്രദേശത്ത് തന്നെ ഉണ്ടായിരുന്നു. ദാഹിച്ചുവലഞ്ഞ ശ്രീരാമൻ ഒരു കുറവനും കുറത്തിയും താമസിച്ചിരുന്ന കുടിലിലെത്തി. പ്രേമഭാജനങ്ങളായ കുറവനും കുറത്തിയും ശ്രീരാമ സാന്നിദ്ധ്യമറിയാതെ ഇണചേരുന്നത് കണ്ട് കോപിഷ്ടനായ രാമൻ അവരെ രണ്ട് കുന്നുകളായി മാറട്ടെ എന്നു ശപിക്കുമ്പോൾ ഇടിക്കുള കുടിലിന്റെ തൊട്ടടുത്തുള്ള ഒരു പുൽമേട്ടിൽ ആടുകളെ മേയ്ക്കുകയായിരുന്നു. അങ്ങനെയാണ് ചെറുതോണി ഭാഗത്ത് കുറവൻ മലയും കുറത്തിമലയും ഉണ്ടായത്. ഇവർ ഒരിക്കലും ഒരുമിക്കാതിരിക്കുന്നതിലേക്കായി പെരിയാറിന്റെ ഒരു കൈവഴിയായ നദിയെ കുന്നുകൾക്കു മദ്ധ്യേ ഒഴുക്കിവിടുകയും ചെയ്തു. വിരഹിയായും പ്രിയ പത്നിയെ തേടിയും അലഞ്ഞുനടക്കുന്ന തനിക്കു മുന്നിൽ പരിസരബോധം പോലുമില്ലാതെ കാമകേളികളിലാറാടിയ പ്രേമഭാജനങ്ങളോട് പെട്ടെന്നു തോന്നിപ്പോയ അസൂയയാണ് ശപിക്കാനുള്ള കാരണമെന്നു സ്വയം ബോദ്ധ്യപ്പെട്ട ശ്രീരാമൻ പിന്നീട് അവർക്കു ശാപമോക്ഷം നൽകുന്നതിനും ഇടിക്കുള സാക്ഷിയായിരുന്നു. ക്രിസ്ത്വബ്ദം 19-ാം ശതകത്തിൽ ആര്യാവർത്തത്തിൽ ആംഗലേയ വംശം ആധിപത്യം സ്ഥാപിക്കുമെന്നും അവർ ഈ കുന്നുകളെ ഒരുമിപ്പിക്കുന്നതിലേക്കായി ഒരു അണക്കെട്ട് നിർമ്മിക്കുമെന്നും അങ്ങനെ കുറവനും കുറത്തിയും വീണ്ടും ഒന്നിക്കുമെന്നും രാമൻ മോക്ഷാനുഗ്രഹം നൽകിയത്രെ. രാമന്റെ വാക്കുകൾ കേട്ട ഇടിക്കുള പിന്നീട് 20-ാം നൂറ്റാണ്ടിൽ വീണ്ടും ഇടുക്കി സന്ദർശിക്കുകയും ഊരാളികളുടെ മൂപ്പനായിരുന്ന ചെമ്പൻ വെള്ളായൻ കൊലുമ്പൻ എന്നൊരാളെ കണ്ടെത്തി ഈ കഥ പറയുകയും ചെയ്തു. അപ്രകാരം ഇടുക്കിയിൽ 1920-കളിൽ മലങ്കര എസ്റ്റേറ്റ് എന്നൊരിടത്ത് വേട്ടക്കെത്തിയ രണ്ട് വെള്ളക്കാരോട് വെള്ളായൻ കൊലുമ്പൻ ഈ കഥ പറയുകയും അങ്ങനെ കുറവനേയും കുറത്തിയേയും ഒന്നിപ്പിക്കുന്നതിലേക്കായി പെരിയാറിൽ അവർ ഒരു അണക്കെട്ട് നിർമ്മിക്കുകയും ചെയ്തു എന്നും ഊരാളിക്കൂത്തിൽ പറയുന്നു. യഥാർത്ഥത്തിൽ രാമശാപത്തിന്റെ മോക്ഷാർത്ഥം കെട്ടി ഉയർത്തപ്പെട്ടതാണ് ഈ അണക്കെട്ട് എന്നു മനസ്സിലാക്കാതെ പശ്ചിമഘട്ടത്തിലെ പല പരിസ്ഥിതി സംഘടനകളും 21-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ വെറുതെ എത്രയെത്ര സമരങ്ങളാണ് നടത്താനിരിക്കുന്നത് എന്നും സനകൻ ഗോപാലൻ ദീർഘവീക്ഷണം ചെയ്യുന്നുണ്ട്. എന്നാൽ, എലൈജാ മേരി ജോവാന്റെ വിവരണ പ്രകാരം ഇടിക്കുളയുടെ ഇടുക്കി സന്ദർശനത്തിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. 20-ാം നൂറ്റാണ്ടിൽ അമ്പലപ്പുഴ കിഴക്ക് തകഴി എന്ന ദേശത്ത് ശിവശങ്കരപ്പിള്ള എന്ന അതിഭീകരനായ ഒരു എഴുത്തുകാരൻ ജീവിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ സമ്പൂർണ്ണ കൃതികൾ സമാധാനത്തോടെയും അവധാനതയോടെയും വായിക്കുന്നതിനായാണ് ചെറുതോണിയിലെ തന്റെ വേനൽക്കാല വസതിയിലേയ്ക്ക് ഇടിക്കുള പോയതെന്നുമാണ് എലൈജാ മേരി ജോവാൻ കരുതുന്നത്. ഏതായാലും പുരാവസ്തു ഗവേഷകരെത്തി പിൽക്കാലത്ത് അണക്കെട്ടിന്റെ കാലനിർണ്ണയം നടത്തുംവരെ ഈ ആസ്പദങ്ങളെ സംബന്ധിച്ച വ്യാഖ്യാനങ്ങളിൽ ഏതു തിരഞ്ഞെടുക്കണം എന്ന ആശയക്കുഴപ്പം തുടരുകതന്നെ ചെയ്യും.
ഈഥൻ ഫ്രാൻസിസ് ഇടിക്കുള ജീവിച്ചിരിക്കെത്തന്നെ തന്റെ ശവഘോഷയാത്ര നടത്തിയതായി ചില കണ്യാർകളി പാട്ടുകളിൽ പരാമർശിച്ചിട്ടുള്ളതും സനകൻ ഗോപാലൻ കണ്ടെത്തിയിട്ടുണ്ട്. ഇതേ സംബന്ധിച്ച് സനകൻ ഗോപാലൻ തന്നെ നൽകിയിട്ടുള്ള വിശദീകരണം ഇപ്രകാരമാണ്. വടക്കൻ മലബാറിൽ കോമി അച്ചൻ എന്ന രാജാവിനു കീഴിൽ പുലർന്നുപോന്നിരുന്ന പൊറൈനാട് എന്ന ദേശത്തുമാത്രം പ്രചാരത്തിലുള്ള കലാരൂപമാണ് കണ്യാർകളി. പേരാർ, കോരയാർ, വരട്ടാർ എന്നിങ്ങനെ ദ്രാവിഡ നാമങ്ങളിലും നിള, മംഗല നദി, ഗായത്രി എന്നിങ്ങനെ സംസ്‌കൃത നാമങ്ങളിലും അറിയപ്പെടുന്ന ഭാരതപ്പുഴയുടെ തടത്തിൽ സ്ഥിതിചെയ്യുന്ന പൊറൈനാട് എന്ന പ്രദേശം പിൽക്കാലത്ത് പാലക്കാട് എന്നറിയപ്പെടും. തൂതപ്പുഴ, കല്പാത്തിപ്പുഴ, കുന്തിപ്പുഴ, കണ്ണാടിപ്പുഴ എന്നിങ്ങനെ നദികളാൽ സമ്പന്നമാണ് പൊറൈനാട് പ്രദേശമെങ്കിലും അദ്ഭുതം എന്നു പറയട്ടെ, വരണ്ട കാലാവസ്ഥയും ഉഷ്ണക്കാറ്റും ഈ പ്രദേശത്തെ വിചിത്രമായ ഭൗമഗുണങ്ങളാണ്. പ്രസ്തുത
ദേശത്തെ കുഴൽമന്ദം, പെരുവമ്പ്, നെന്മാറ, ഋഷിനാരദ മംഗലം, പുതിയങ്കം, മുരിങ്ങമല, കൊടുവായൂർ, തത്തമംഗലം, പല്ലശ്ശന, എലവഞ്ചേരി എന്നിങ്ങനെയുള്ള ഗ്രാമങ്ങളിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് കണ്യാർകളി നടന്നു പോന്നിരുന്നത്. മേടമാസത്തിലെ വിഷുദിനം കഴിഞ്ഞ് ആഴ്ചപ്പാങ്ങും നാളും നോക്കിയാണ് കളി കുമ്പിടാറുള്ളതെന്നും സനകൻ ഗോപാലന്റെ വിവരണത്തിൽ പറയുന്നു. കണ്യാർകളിയിൽത്തന്നെ രണ്ട് വഴികളുള്ളതായും വട്ടക്കളി, പുറാട്ടുകളി എന്നിവയാണ് അവയെന്നും അതിൽ ദേവ പ്രീതിക്കായുള്ള അനുഷ്ഠാനമാണ് വട്ടക്കളിയെങ്കിൽ നാടോടി നാടക അവതരണമാണ് പുറാട്ടു കളിയെന്നും വിവരിക്കുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ഈഥൻ ഫ്രാൻസിസ് ഇടിക്കുള നടത്തിയ ശവഘോഷയാത്ര ഒരു പൊറാട്ടു നാടകമാണെന്നിരിക്കെ ഈ വിഭാഗത്തിൽപ്പെട്ട മലയൻപുറാട്ട് വായ്ത്താരികളിലാണ് ഇടിക്കുളയെ സംബന്ധിച്ച പരാമർശങ്ങൾ കണ്ടെത്തപ്പെട്ടിരിക്കുന്നത്. തിരുവല്ലാ പട്ടണത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലായി സ്ഥിതിചെയ്യുന്ന നിരണം പള്ളി, പരുമല പള്ളി, മാർത്തോമാ സഭയുടെ ആസ്ഥാനങ്ങൾ, മുത്തൂർ എൻ.എസ്.എസ് ഹൈസ്കൂൾ, പുഷ്പഗിരി മെഡിക്കൽ കോളേജ്, മേരീ ക്യൂൻ ആശുപത്രി, ശ്രീവല്ലഭ ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം എന്നീ കേന്ദ്രങ്ങളെല്ലാം ചുറ്റി പരുമല പ്ലാന്തറ വീട്ടിൽ സമാപിക്കും വിധമാണ് ശവഘോഷയാത്ര ആസൂത്രണം ചെയ്യപ്പെട്ടത്. ചൈനയിൽനിന്നും ഇറക്കുമതി ചെയ്ത ഗ്ലാസ് പാനലുകൾകൊണ്ട് നിർമ്മിച്ച ഒരു ശവപേടകത്തിലാണ് ഈഥൻ ഫ്രാൻസിസ് ഇടിക്കുള തന്റെ അന്ത്യയാത്ര സംഘടിപ്പിച്ചത്. പേടകത്തിന്റെ നെറ്റിപ്പടിയിൽ ‘It’s My Day’ എന്ന് എഴുതിവെച്ചിരുന്നു. ദക്ഷിണ കർണാടകത്തിലെ മാണ്ഡ്യ ജില്ലയിൽ ശ്രീരംഗപട്ടണം എന്ന ദേശത്തുനിന്നും കൊണ്ടുവന്ന മൈസൂർ മല്ലിഗൈ എന്ന മുന്തിയ ഇനം മുല്ലപ്പൂക്കൾ കൊണ്ടാണ് പേടകം അലങ്കരിച്ചിരുന്നത്.
പേടകത്തിനു മുന്നിലും പിന്നിലുമായി പത്ത് പ്ലിമത്ത് കാറുകൾ ശവഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു. നെഞ്ചത്തലച്ച് കരയാനായി വിധവകളായ പത്ത് വയോധികമാരെ മുന്നിൽ നടത്തി. അതിനു പിന്നിലായി ഒരാൾ ഉച്ചഭാഷിണിയിലൂടെ ഉച്ചൈസ്തരം ഈഥൻ ഫ്രാൻസിസിന്റെ സ്തുതിഗീതങ്ങൾ ആലപിച്ചു... ഈ നഗരത്തിന്റെ പ്രിയപ്പെട്ടവൻ ഇതാ യാത്രയാകുന്നു... അവൻ ഉറങ്ങുകയാണെന്ന് തോന്നുന്നു... എന്നാൽ, അവനോ മോഷ്ടാക്കൾക്കിടയിലെ സത്യവാനും ക്രൂരന്മാർക്കിടയിലെ ദയാലുവുമാകുന്നു... അവനിതാ പോകുന്നു... അനാഥമായി ഒരു തോണി പുഴയിലൂടെ ഒഴുകുന്നു... നഗരസഭയുടെ അനുമതിയില്ലാതെ ഇപ്രകാരം ഒരു ശവഘോഷയാത്ര സംഘടിപ്പിച്ചതിന് തിരുവല്ലാ കീഴ്‌വായ്പൂർ പൊലീസ് സ്റ്റേഷനിൽ ക്രിസ്തുവർഷം 1999-ാമാണ്ട് നവംബർ മാസത്തിൽ പൊതുശല്യത്തിനു സിവിലായും സഭാ വിശ്വാസത്തെ വെല്ലുവിളിച്ചതിനു ക്രിമിനലായും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി സനകൻ ഗോപാലൻ ഹാജരാക്കിയിട്ടുള്ള രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, തന്റെ സഹപാഠിയും സുഹൃത്തും തിരുവല്ലക്കടുത്ത് മാവേലിക്കര എന്ന ദേശത്തെ ആറ്റ്പുറത്ത് കുടുംബാംഗവുമായ മാത്യു എബ്രഹാം എന്നൊരാളുമായി ഈഥൻ ഫ്രാൻസിസ് ഇടിക്കുള നടത്തിയ അസ്തിത്വ സംബന്ധിയായ ചില സംഭാഷണങ്ങൾ എലൈജാ മേരി ജോവാൻ കണ്ടെത്തിയിട്ടുണ്ട് എന്നത് വിസ്മയാവഹമാണ്. ഇയാൾ തന്നെയാണ് പിൽക്കാലത്ത് ഇന്ത്യൻ കാർട്ടൂണിസ്റ്റായി അറിയപ്പെട്ട അബു എബ്രഹാം എന്നും എലൈജാ മേരി ജോവാൻ കരുതുന്നു. കന്യാകുമാരി മുതൽ കായംകുളം വരെ ശ്രീപദ്മനാഭൻ എന്ന ദേവതയുടെ നാമത്തിൽ അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ ദേശത്ത് നായർ പട്ടാളം എന്നറിയപ്പെട്ടിരുന്ന സേനയുടെ ആസ്ഥാനമായ പാളയത്തിനടുത്തായി സ്ഥിതിചെയ്യുന്ന മഹാരാജ കലാലയത്തിൽ അബു എബ്രഹാം പരന്ത്രീസ് ഭാഷ പഠിച്ചിരുന്നതായും അദ്ദേഹം വഴി ഈഥൻ ഫ്രാൻസിസ് ഇടിക്കുളക്ക് ഴാങ് പോൾ സാർത്രെ എന്നൊരു തത്ത്വചിന്തകന്റെ ‘Being and Nothingness’ എന്ന അസ്തിത്വവാദ സംബന്ധിയായ ഗ്രന്ഥവുമായി പരിചയം സ്ഥാപിക്കാൻ കഴിഞ്ഞതായും എലൈജാ മേരി ജോവാൻ വിവരിക്കുന്നുണ്ട്. മരണയാത്രയുടെ അന്ത്യത്തിൽ എല്ലാവർക്കും കള്ളപ്പവും വരട്ടിയ പോത്തിറച്ചിയും വിളമ്പിയ ശേഷം തന്റെ പ്രിയപത്നി എമിലിൻ മേരി ജോസഫിനെ ആഞ്ഞ് ചുംബിച്ച് ഈഥൻ ഫ്രാൻസിസ് ഇടിക്കുള ഒരു കാളവണ്ടിയിൽ വ്യാപാര ആവശ്യങ്ങൾക്കായി വടക്കോട്ടേയ്ക്ക് യാത്രപോയി എന്നു മാത്രമാണ് സനകൻ ഗോപാലൻ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ആ യാത്രയെ സംബന്ധിച്ച് എലൈജാ മേരി ജോവാൻ വിശദമായിത്തന്നെ പ്രതിപാദിച്ചിട്ടുണ്ട്.
മദ്ധ്യകേരളത്തിലെ തൃശ്ശിവപേരൂർ എന്ന ദേശത്ത് തലപ്പിള്ളി എന്ന താലൂക്കിൽ ഭൂതൻമല, മൂരിക്കുന്ന്, വിണ്ടമല എന്നിങ്ങനെ മൂന്നു മലകളും അതിനടുത്തായി പാപനാശിനി എന്നു വിളിക്കപ്പെട്ട ചെറിയ ഒരു നദിയും വായ്കാട്ടിച്ചിറ എന്നു പേരായ ഒരു കുളവുമുണ്ടായിരുന്നു. ഒന്നാം മലയായ വിണ്ടമലയിൽ ജൈനതീർത്ഥങ്കരനായ മല്ലീനാഥന്റെ പേരിൽ ഒരു ക്ഷേത്രവുമുണ്ടായിരുന്നു. മൂത്തത് എന്ന സമുദായത്തിൽപ്പെട്ട പരശുടയവർ എന്നറിയപ്പെടുന്ന ആറ് കുടുംബക്കാർക്കായിരുന്നു ക്ഷേത്രത്തിനുമേലുള്ള അവകാശം. പിൽക്കാലത്ത് വിണ്ടമല തിരുവില്വാമല എന്നും ക്ഷേത്രം ശ്രീവില്വാദ്രിനാഥ ക്ഷേത്രം എന്നും അറിയപ്പെടും. ഒരു ലക്ഷം പറ നെല്ലളന്നിരുന്ന ക്ഷേത്രത്തിന്റെ പുറക്കോയ്മക്കും മേൽക്കോയ്മക്കുമായി കൊച്ചി രാജ്യത്തെ പെരുമ്പടപ്പ് സ്വരൂപവും മലബാറിലെ നെടിയിരിപ്പ് സ്വരൂപവും തമ്മിൽ പല സംഘർഷങ്ങളും ഉണ്ടായതായും പറയപ്പെടുന്നു. 17-ാം നൂറ്റാണ്ടിൽ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്ത് കലക്കത്ത് എന്നൊരു വീട്ടിൽ ജിവിച്ചിരുന്ന ഒരു തുള്ളൽ കവിയെ കോട്ടയം അയർകുന്നത്ത് കിടങ്ങൂർ എന്ന പ്രദേശത്തുവെച്ച് ഈഥൻ ഫ്രാൻസിസ് ഇടിക്കുള പരിചയപ്പെടുകയും അയാളുമായുള്ള സംഭാഷണമദ്ധ്യേ ഈ ക്ഷേത്രത്തെക്കുറിച്ച് അറിവ് നേടുകയും ചെയ്തതായാണ് എലൈജാ മേരി ജോവാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈഥൻ ഫ്രാൻസിസ് ഇടിക്കുള ഒരു കാളവണ്ടിയിൽ ഏഴ് രാവുകളും ഏഴ് പകലുകളും സഞ്ചരിച്ച് ഈ പ്രദേശത്തേയ്ക്ക് എത്തിച്ചേർന്നതായി സനകൻ ഗോപാലൻ കണ്ടെത്തിയിട്ടുണ്ട്. കൂത്താമ്പുള്ളി, എരവത്തൊടി ഗ്രാമങ്ങളിലായി കുടിപാർക്കുന്ന നെയ്ത്തുകാരായ മുതലിയാന്മാരേയും ദേവാങ്കരേയും കണ്ട് മികച്ച കൈത്തറി തുണികൾ പത്തനംതിട്ടയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിനായി ഈഥൻ ഫ്രാൻസിസ് ഇടിക്കുള ഇവരുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടിരുന്നതായും സനകൻ ഗോപാലൻ വിശ്വസിക്കുന്നു. ചീരപ്പുഴ വഴി വലിയ കെട്ടുവള്ളങ്ങളിൽ പാവ് മുണ്ടുകളും കസവ് വേഷ്ടികളും പെരിയാറും കടന്ന് പമ്പാതീരത്തെ തിരുവല്ലാ പട്ടണത്തിലേയ്ക്ക് പിൽക്കാലത്ത് എത്തിച്ചേർന്നതായുള്ള സൂചനകളെ മുൻനിർത്തിയാണ് സനകൻ ഗോപാലൻ ഈ നിരീക്ഷണം നടത്തിയിട്ടുള്ളത്. എന്നാൽ, ക്ഷേത്രത്തിനു കിഴക്കായി ഭൂതൻമലക്കടുത്ത് ഒരു കിലോമീറ്റർ ദൈർഘ്യത്തിൽ ഒരു തുരങ്കമുണ്ടെന്നും അവിടെവെച്ച് തപോവൃദ്ധനായ ഒരു ചാക്യാർ ഈഥൻ ഫ്രാൻസിസ് ഇടിക്കുളയെ കണ്ടിരുന്നുവെന്നും എലൈജാ മേരി ജോവാൻ സാക്ഷ്യപ്പെടുത്തുന്നു.
ഭൂതൻമലയുടെ താഴ്വാരത്തിരുന്നു നാലും കൂട്ടി മുറുക്കിയ ശേഷം ചാക്യാരോട് പോർച്ചുഗീസ് എഴുത്തുകാരനായ ഫെർനാൻഡൊ പെസ്സോയെ ഉദ്ധരിച്ച് ഇടിക്കുള ഇപ്രകാരം പറഞ്ഞു: “Life is whatever we make it. The traveller is the journey. What we see is not what we see but who we are.” തുടർന്ന് തുരങ്കത്തിനു മുന്നിൽ തന്റെ വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച ശേഷം ദിഗംബരനായി ഗുഹക്കുള്ളിലേയ്ക്ക് ഇടിക്കുള നൂണ്ട് പോയതായി എലൈജാ മേരി ജോവാൻ ചാക്യാരെ ഉദ്ധരിച്ച് വെളിപ്പെടുത്തുന്നു. ഗുഹക്കുള്ളിലെ ഇരുട്ടിനെ താണ്ടി പ്രകാശം പരന്നുകിടക്കുന്ന മറ്റേതോ
ലോകത്ത് ഈഥൻ ഫ്രാൻസിസ് ഇടിക്കുള പുനർജ്ജനിച്ചു എന്നു വിളംബരം ചെയ്തുകൊണ്ടാണ് എലൈജാ മേരി ജോവാൻ ഇടിക്കുളയുടെ ജീവചരിത്രം അവസാനിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം തിരുമൂലവിലാസം യു.പി സ്കൂളിലേയ്ക്കു പോകുമ്പോൾ എമിലിൻ മേരി ജോസഫ് അണിഞ്ഞിരുന്നത് വെള്ള വസ്ത്രങ്ങളായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക