വി. രാമഭദ്രൻ, നമ്മിൽ പലരേയും പോലെത്തന്നെ ഒരു ക്രിക്കറ്റ് ഭ്രാന്തനായിരുന്നു. സുനിൽ ഗവാസ്‌കറുടേയും കപിൽദേവിന്റേയും കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കളികൾ കണ്ടാണ് അയാൾ യൗവനം പിന്നിട്ടത്. അന്തർദ്ദേശീയ മത്സരങ്ങൾ ഉള്ള ദിവസങ്ങളിൽ അയാൾ ഓഫീസിൽനിന്ന് ലീവെടുക്കുമായിരുന്നു. മിക്കപ്പോഴും പനി എന്നാണ് കാരണം കാണിക്കുക. ഒരർത്ഥത്തിൽ അത് പനി തന്നെ ആയിരുന്നല്ലോ ക്രിക്കറ്റ് ഫീവർ. അങ്ങനെ എഴുതാൻ വകുപ്പുണ്ടായിരുന്നെങ്കിൽ രാമഭദ്രൻ അങ്ങനെത്തന്നെ എഴുതിയേനെ. അങ്ങനെ അയാളുടെ എല്ലാത്തരം ലീവും നേരത്തെ തന്നെ തീർന്നിരുന്നു. അയാളുടെ സ്വപ്നങ്ങളിൽ ക്രിക്കറ്റ് ബാറ്റുകളും പന്തുകളും നൃത്തം ചെയ്തു. ചില ടെസ്റ്റുകളിലെ ഫോളോ ഓൺ പോലും അയാളെ പിന്തിരിപ്പിച്ചില്ല, അത്രയും കൂടി കളി കാണാമല്ലോ എന്നായിരുന്നു അയാളുടെ ചിന്ത. അയാളുടെ കൂടെ ഉറങ്ങാൻ സുമാ രാമഭദ്രൻ പോലും തയ്യാറായിരുന്നില്ല: ഉറക്കത്തിൽ അയാൾ ‘ഫോർ’, ‘ഹാ, സിക്‌സർ’, ‘ഔട്ട്’, ‘ഓടല്ലേ!’, ‘ശ്ശെ’, ‘വിക്കറ്റ് പോയി’ എന്നെല്ലാം ഉറക്കെ വിളിച്ചുപറയുമായിരുന്നതുകൊണ്ട്. ഇടയ്ക്ക് ബാറ്റിങ്ങും ബൗളിങ്ങും നടത്തുക കൂടി പതിവായപ്പോൾ അടുത്തു കിടക്കുക മാരകമായിത്തന്നെ മാറി. അടുത്ത മുറിയിൽ കിടക്കുമ്പോൾ പോലും അയാളുടെ ഭ്രാന്ത് ഫുട്ബാളിൽ ആയിരുന്നെങ്കിലോ എന്നാലോചിച്ച് അവർക്ക് വയറ്റിൽ ഒരാന്തൽ ഉണ്ടാവുകയും ചെയ്തു.
കളി കാണാൻ ആവേശം ഉണ്ടാവണമെങ്കിൽ പക്ഷം പിടിക്കണം. മിക്കപ്പോഴും അയാൾ ഒരു യഥാർത്ഥ ദേശസ്‌നേഹിയെപ്പോലെ ഇന്ത്യയുടെ ഭാഗത്തായിരുന്നു. (അക്കാലത്ത് ദേശസ്‌നേഹം തെളിയിക്കാൻ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചുപറയുകയും ബീഫ് കൈകൊണ്ട് തൊടാതെ കയറ്റി അയച്ചു പണമുണ്ടാക്കുകയും ചെയ്യേണ്ടിവന്നിരുന്നില്ല, മൊഹമ്മദ് അസറുദ്ദീൻ രാജ്യത്തിന്റെ ശത്രുവാണ് എന്നും കരുതേണ്ടതില്ലായിരുന്നു). പക്ഷേ, വിവിയൻ റിച്ചാഡ്‌സിന്റേയും ക്ലൈവ് ലോയ്ഡിന്റേയും മറ്റും നല്ലകാലത്ത് അയാൾ ചിലപ്പോൾ വെസ്റ്റിൻഡീസിന്റെ വക്താവായി, ശ്രീലങ്കയുടെ അർജ്ജുൻ രണതുംഗയും അരവിന്ദാ ഡിസിൽവയും സനത് ജയസൂര്യയും പാകിസ്താന്റെ വസീം അക്രം, ഇമ്രാൻ ഖാൻ (പിന്നീട് അയാൾ രാഷ്ട്രീയക്കാരനായത് രാമഭദ്രന് ഒട്ടും ഇഷ്ടമായില്ലെങ്കിലും), വക്കർ യൂനിസ്, ഇൻസമാം ഉൾ ഹക്ക് എന്നിവരും ഇംഗ്ലണ്ടിന്റെ ഇയാൻ ബോതവും ഓസ്‌ട്രേലിയയുടെ സ്റ്റീവ് വോയും ഒക്കെ അയാൾക്ക് പ്രത്യേകം പ്രിയപ്പെട്ട താരങ്ങൾ ആയിരുന്നു. റെക്കോഡ് മാത്രം നോക്കിയല്ലാ അവരെ അയാൾ ഇഷ്ടപ്പെട്ടത്, സ്‌റ്റൈൽ കൂടി നോക്കിയാണ്. ബൗളിംഗ് രീതികൾ ഓരോന്നും രാമഭദ്രൻ ശ്രദ്ധിച്ചു. ഹസ് രംഗ, റഷീദ് ഖാൻ, കഗീസോ റബാഡാ, ഷബാദ് ഖാൻ, ക്രിസ് ജോർദൻ, പില്‍ക്കാലത്ത് നമ്മുടെ ജസ്പ്രീത് ബുംറ വരെ. സ്‌പിൻ ബൗളിംഗിലാണ് രാമഭദ്രൻ കറങ്ങുന്ന ഭൂമിയുടെ സംഗീതം കേട്ടത്. അയാൾക്ക് പ്രത്യേക താല്പര്യം ആദ്യം മുതലേ സ്പിന്നിൽ ആയിരുന്നു. ശ്രീലങ്കയുടെ മുത്തയ്യാ മുരളീധരൻ, ഇന്ത്യയുടെ ഭജ്ജി എന്ന് ചെല്ലപ്പേരുണ്ടായിരുന്ന ഹർഭജൻ സിംഗ്, അനിൽ കുംബ്ലെ, പാകിസ്താന്റെ അബ്ദുൽ ഖാദിർ, സക്കലിൻ മുഷ്താക്, ഷഹീദ് അഫ്രീഡി, ന്യൂസിലാന്റിന്റെ ഡാനിയേൽ വെൽട്ടൻ, ഇംഗ്ലണ്ടിന്റെ ഗ്രെമേ സ്വാൻ... പക്ഷേ, അയാളെ ഏറ്റവും അത്ഭുതപ്പെടുത്തിയത് ഓസ്‌ട്രേലിയയുടെ ഷെയിൻ വാൺ തന്നെ. കൈത്തണ്ട കൊണ്ടും കാലു കൊണ്ടുമുള്ള സ്‌പിന്നുകൾ പോരാതെ ഗൂഗ്ലി എന്നറിയപ്പെടുന്ന വളഞ്ഞുപുളഞ്ഞു പന്ത് എവിടെ എത്തും എന്നറിയാതെ ബാറ്റ്‌സ്‌മാനെ കുഴക്കുന്ന തരം സ്‌പിൻ ബൗളിംഗ് അയാളെ എന്നും ആകർഷിച്ചു.
ടെസ്റ്റിന്റെ പ്രാധാന്യം കുറഞ്ഞുവന്നതോടെ രാമഭദ്രന് ആ കളിയിൽ താല്പര്യം കുറഞ്ഞു. ഇനി കളി കാണില്ലെന്നുപോലും കുറച്ചു കാലം തീരുമാനിച്ചു. സന്തോഷ് ട്രോഫി മുതൽ ലോകകപ്പ് വരെ കണ്ട് അയാൾ അല്പകാലം ഫുട്ബോളിന്റെ നിരീക്ഷകനായി. അയാളുടെ കണ്ണുകൾ പാസുകളിലായിരുന്നു. പാസുകൾ കളിക്കളത്തിൽ വരയ്ക്കുന്ന ചിത്രങ്ങൾ, സംഗീതത്തിന്റെ സ്‌കെയിൽ പോലുള്ള അവയുടെ ആരോഹണാവരോഹണങ്ങൾ. വിളംബിതവും ദ്രുതവും അയാൾ അതിൽ പരതി; പാസ് തെറ്റി എതിർ ടീമിനു കിട്ടുന്നത് അപസ്വരമായി കരുതി. കളിക്കാരെപ്പോലെത്തന്നെ ഗോളികളേയും ശ്രദ്ധിച്ചു. യാൻ സോമർ, മാമാർ ഡാഷ് വിലി, എമിൽ മാർടിനസ്, മാനുവൽ ന്യൂവർ, എഡേഴ്‌സൻ, അലിസൺ... അങ്ങനെ പലരേയും അയാൾ ശ്രദ്ധിച്ചു. പെലെയുടെ കാലം കഴിയുകയായിരുന്നു അപ്പോൾ. മറഡോണ, മെസ്സി, റൊണാൾഡോ, മ്ബാപ്പേ ഈ ലോകതാരങ്ങളൊക്കെ ഉയർന്നുവരുന്ന കാലം.
എങ്കിലും ഈ ഭ്രമം താല്‍ക്കാലികമായിരുന്നു. തനിക്കു പ്രിയപ്പെട്ട പലരും വിരമിക്കാൻ തുടങ്ങിയതോടെ അയാൾക്ക് ഫുട്ബോൾ താല്പര്യം കുറഞ്ഞു. ക്രിക്കറ്റ് അയാളെ തിരിച്ചുവിളിച്ചു. ഏകദിനങ്ങളിൽ അയാൾക്ക് രസം പിടിച്ചുതുടങ്ങി. ട്വന്റി-ട്വന്റി, ക്രിക്കറ്റ് എന്ന മഹത്തായ കളിയുടെ ചരമഗീതമാണെന്ന് അയാൾ ആദ്യം കരുതിയെങ്കിലും പിന്നെ അതിലും താല്പര്യമെടുത്തു; അധികം ഒഴിവുസമയമില്ലാത്ത സുമ ഇപ്പോഴാണ് ക്രിക്കറ്റിൽ താല്പര്യം കാട്ടാൻ തുടങ്ങിയത്. തലമുറകൾ മാറിമാറി വരുന്നത് അയാൾ ശ്രദ്ധിച്ചു. നല്ല പുതിയ ബാറ്റ്‌സ്‌മാന്മാരേയും ബൗളർമാരേയും തിരിച്ചറിഞ്ഞു; അമ്പയർമാരെ ഓർക്കെസ്ട്രയുടെ കണ്ടക്ടർമാരായി സങ്കല്പിച്ചു. അവരെയൊക്കെ അയാൾക്ക് അറിയാമായിരുന്നു- ഡേവിഡ് ഷെപ്പേഡ്, റൂഡി കീർത്സാൻ, ബില്ലി ബൗഡൻ, ശ്രീനിവാസ് വെങ്കടരാഘവൻ, ഇയാൻ ഗൗൾഡ്, സ്റ്റീവ് ബക്ക്‌നോർ, മാർക്കസ് എറാസ്‌മസ്... റിപ്ലേ സാധ്യമായതോടെ അമ്പയറുടെ അധികാരം ദുർബ്ബലമായതാണ്, തീരുമാനം കൂടുതൽ കൃത്യമായതല്ല, അയാൾ ശ്രദ്ധിച്ചത്. അയാൾ രസിച്ചിരുന്ന കളിക്കാരും അമ്പയർമാരും തമ്മിലുള്ള തർക്കങ്ങളും കുറഞ്ഞു.
ബാറ്റ് ചെയ്യുന്നവർ റൺ ഔട്ട് ആകുമ്പോൾ അയാൾ അറിയാതെ കൂക്കിവിളിച്ചു, സുമ അയാളെ താക്കീത് ചെയ്തിട്ടും ഫലമുണ്ടായില്ല. നല്ല ക്യാച്ചുകൾ ഓരോന്നും ഓരോ കണ്ടുപിടിത്തമായി സങ്കല്പിച്ചു. ഫീൽഡർമാരെ അതിർത്തി കാക്കുന്ന വീരന്മാരായി ഭാവന ചെയ്തു. ഓരോ റണ്ണും ദക്ഷിണധ്രുവത്തിൽനിന്ന് ഉത്തരധ്രുവത്തിലേക്കുള്ള ഒരു ഫീനിക്‌സിന്റെ പറക്കലായി സങ്കല്പിച്ചു. വിജയപരാജയങ്ങൾ രാമഭദ്രൻ കാര്യമാക്കിയില്ല. ഷേക്‌സ്‌പിയറിന്റെ ‘ദി പ്ലേ ഈസ് ദി തിംഗ്’ അയാൾ ഇടയ്ക്കിടയ്ക്ക് തന്നോട് തന്നെ മന്ത്രിച്ചു. പിന്നത്തെ വരി അയാൾ പ്രസക്തമായി കരുതിയില്ല. സന്ദർഭമാണല്ലോ ഉദ്ധരണികൾക്ക് അർത്ഥം നൽകുന്നത്. ഓരോ നാലും ഒരു നാടിന്റെ കീഴ്‌പെടുത്തൽ ആയിരുന്നു, ഓരോ ആറും ഒരു ഭൂഖണ്ഡത്തിന്റെ. കളിയുടെ നാടും സ്വഭാവവും അനുസരിച്ച് അയാൾ തന്റെ ഡി.വി.ഡി പ്ലെയറിൽ പശ്ചാത്തലസംഗീതം വെച്ചു: ഫോക്കും ജാസ്സും റോക്കും ജസ് രാജും കിഷോരി അമോൻകറും ശെമ്മാങ്കുടിയും ബാലമുരളീകൃഷ്ണയും ഗസലും ഖവ്വാലിയും. തികച്ചും സാർവ്വലൗകികം.
ഇപ്പോൾ അയാൾ ജോലിയിൽനിന്ന് റിട്ടയർ ചെയ്തുകഴിഞ്ഞിരുന്നതുകൊണ്ട് ഒരു മുഴുസമയ ക്രിക്കറ്റ് ഭ്രാന്തനായി മാറിയിരുന്നു. ക്രിക്കറ്റ് ഇല്ലാത്തപ്പോഴും അയാൾ ടെലിവിഷൻ സ്‌ക്രീനിൽ തന്നെ കണ്ണുനട്ടിരുന്നു. സുമയ്ക്ക് ഇപ്പോൾ അയാളുടെ മാനസികനിലയെക്കുറിച്ച് സംശയമായി. ടി.വിക്കു മുൻപിൽ ഇരുന്നാണ് പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമെല്ലാം. ഫയർ ടി.വി വന്നപ്പോൾ സുമയ്ക്ക് നെറ്റ്ഫ്ലിക്‌സിലോ പ്രൈമിലോ സോണിയിലോ ഡിസ്‌നിയിലോ ഒന്നുമില്ലെങ്കിൽ യു ട്യൂബിലോ ചില സിനിമകൾ കാണണം എന്നുണ്ടായിരുന്നു. പക്ഷേ, സ്വന്തം വരുമാനമില്ലാത്ത അവർക്ക് അയാൾ ദയാപൂർവ്വം വാങ്ങിക്കൊടുത്തിരുന്ന ഒരു ടാബ്‌ലറ്റിൽ അതെല്ലാം കണ്ടു തൃപ്തിപ്പെടേണ്ടിവന്നു. സ്‌ക്രീൻ ശൂന്യമായിരിക്കുമ്പോഴും രാമഭദ്രൻ ‘ഫോർ’, ‘സിക്‌സ്’, ‘ഔട്ട്’, ‘വാട്ട് ആൻ ഇഡിയറ്റ്’ എന്നെല്ലാം ഉറക്കെ വിളിച്ചുപറയുകയും പലതരം ആംഗ്യങ്ങൾ കാട്ടുകയും ചെയ്തിരുന്നത് സുമയെ ശരിക്കും ഭയപ്പെടുത്തി.
ക്രമേണ ആ ശബ്ദങ്ങൾ കുറഞ്ഞുവന്നു. 2024-ലെ ലോകകപ്പ് നടക്കുമ്പോൾ ടി.വിയുടെ മുന്നിലിരുന്ന് രാമഭദ്രൻ എന്തൊക്കെയോ പിറുപിറുക്കുകയായിരുന്നു. ഒരു ദിവസം അയാൾ തട്ടിന്‍മുകളിൽ കിടന്നിരുന്ന ഒരു സ്ലെയ്റ്റ് എടുത്തുകൊണ്ടുവന്ന് അതിൽ പെൻസിൽകൊണ്ട് എഴുതാൻ തുടങ്ങി: അ-അഫ്ഗാനിസ്ഥാൻ, അനിൽ കുംബ്ലെ, അക്രം, അഫ്രീഡി... ആ- ആസ്‌ട്രേലിയാ, ആസം, ഇ-ഇംഗ്ലണ്ട്, ഇയാൻ ബോതം, ഇമ്രാൻ ഖാൻ...അയാൾ സ്‌കൂളിൽ പോകാൻ സഞ്ചി ഒരുക്കി. ചോക്ലൈറ്റിനായി വാശിപിടിച്ചു കരഞ്ഞു. സുമയെ ‘അമ്മേ’ എന്നു വിളിക്കാൻ ആരംഭിച്ചു. കളി കാര്യമാകുന്ന കുട്ടിക്കാലത്തേയ്ക്ക് ഇനി തിരിച്ചുവരാൻ കഴിയാത്ത വിധം അയാൾ തിരിച്ചുപോയിക്കഴിഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക