ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ ‘തങ്കപുഷ്പം’

ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ ‘തങ്കപുഷ്പം’

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
Published on

I

സുരേശനെ പിന്തുടരുന്നതും ഇരുട്ടിലേക്കിറങ്ങുന്നതും ഒരുപോലാണെന്നാണ് എനിക്കെപ്പോഴും തോന്നാറുള്ളത്.

ഒന്ന് താഴോട്ട്‌ നോക്കി കണ്ണുയർത്തിയാൽ മുന്നിൽ ശൂന്യതയാകും. ചിലപ്പോൾ കുറച്ചപ്പുറം കരിയിലകൾ ഞെരിയുന്ന ശബ്ദം കേൾക്കാം. സുരേശൻ കൂടെയുള്ളപ്പോൾ, അതവൻ നടക്കുന്നതിന്റെ ആണെന്ന് ഊഹിക്കാം. അത്രതന്നെ!

മുണ്ടോട്ട് കടവിനോട്‌ ചേർന്നുള്ള തെങ്ങിൻ തോപ്പിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരുന്നു. പകൽവെളിച്ചംപോലെ തിളക്കമുള്ള നിലാവാണ് ചുറ്റും. കുഴപ്പങ്ങളൊന്നും വരുത്താതെ മുണ്ടോട്ടമ്മ ഞങ്ങളെ കാക്കട്ടെ!

നേര് പറഞ്ഞാൽ കുന്നത്തു തറവാട്ടിലേക്ക്‌ പോകാൻ കടവ് കടക്കേണ്ട കാര്യമൊന്നുമില്ല. മൊയില്യാരങ്ങാടി വഴിയാണെങ്കിൽ പെട്ടെന്നങ്ങെത്തിയേനെ. അവിടെല്ലാം സിസി ടിവി ക്യാമറകൾ പിടിപ്പിച്ചിട്ടുണ്ടെന്നതാണ്‌ സുരേശൻ പറഞ്ഞ ന്യായം.

“വേഗം.”

സുരേശൻ ധൃതികൂട്ടി.

കക്ക വാരാനിറങ്ങുന്ന കാക്കമാർ സ്ഥാനം പിടിക്കും മുന്നേ തിരിച്ചെത്തണ്ടേ?

കടവിലൊരു തോണി സുരേശൻ റെഡിയാക്കി നിർത്തിയിട്ടുണ്ട്. ഇളക്കം തട്ടാതെ ശ്രദ്ധിച്ചു ഞങ്ങൾ തോണിയിൽക്കയറി. സുരേശൻ തുഞ്ചത്തിരുന്ന് തുഴഞ്ഞുതുടങ്ങി.

എനിക്ക് പുഷ്പയെ ഓർമ്മവന്നു.

പുഷ്പ, അവൾ ഇറങ്ങിയിട്ടുണ്ടാകുമോ?

II

എനിക്ക് പരിഭ്രമമുണ്ട്. സുരേശനെ പറ്റിക്കാൻ തുനിയുന്നതിന്റെ വെപ്രാളവുമുണ്ട്. അത് മറന്നുകളയാനായി കുന്നത്തു വീട്ടുകാരുടെ വിരുതിനെപ്പറ്റി ഞാൻ ചിന്തിച്ചു.

കമാന്നൊരക്ഷരം മിണ്ടാതെ ഇക്കാലമത്രയും തറവാട്ടിൽ അവർ ഇത്രേം വലിയൊരു നിധിയൊളിപ്പിച്ചില്ലേ?

സുരേശൻ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ എന്നെങ്കിലുമിക്കാര്യം പുറംലോകം അറിയുമായിരുന്നോ?

സുരേശൻ പറഞ്ഞതുകൊണ്ട് ഞാനറിഞ്ഞു. ഞാൻ പറഞ്ഞു പുഷ്പയും.

ഞങ്ങള് കാണുന്നതെന്താ?

ചന്ദ്രനെ മറയ്ക്കുന്നത്ര ഉയരത്തിൽ മൊയില്യാർ അങ്ങാടിയിൽ തലയുയർത്തി നിൽക്കുന്ന കുന്നത്തുതറവാട്. നൂറ് പേർക്ക് വേണമെങ്കിലും സുഖമായി താമസിക്കാവുന്ന വീട്ടിൽ ഭക്ഷണം വിളമ്പുന്നത് സ്വർണ്ണത്തളികയിൽ ആണെന്ന് ഞങ്ങൾ കുശുകുശുക്കാറുണ്ടായിരുന്നു. പെരുന്നാളിന്റന്ന് തറവാട്ടിലെല്ലാവരും ഒത്തുകൂടുമ്പോൾ സക്കാത്തു വാങ്ങാൻ ഞാനും സുരേശനും പോകാറുള്ളതാണ്. എത്ര കൊടുത്താലും തീർന്നുപോകാത്ത അവരുടെ സമ്പത്തു കണ്ട് ഞങ്ങൾ വാപൊളിച്ചു നിന്നിട്ടുമുണ്ട്. അവിടുള്ളവരിൽ മിക്കവരും വലിയ ബിസിനസ്സുകാരാണ്. അല്ലാത്തവർ ഡോക്ടർമാരോ എന്‍ജിനീയർമാരോ. തറവാട്ടിലെ മൂത്ത സന്താനം ഡോക്ടർ ബഷീർ കുന്നത്ത്, കേരളത്തിൽ പലയിടത്തായി ശാഖകളുള്ള ഒരു ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഉടമയാണ്.

ഞങ്ങൾക്കു കിട്ടേണ്ടത് തട്ടിയെടുത്താണ് ഇവരെല്ലാം ഇങ്ങനെ പന്തലിച്ചതെന്ന് ആരെങ്കിലുമറിയുന്നുണ്ടോ?

അല്ലെങ്കിൽത്തന്നെ ഇക്കണ്ട പണക്കാരെല്ലാം സമ്പന്നരായത് എങ്ങനെന്ന് ആരുണ്ട് ചിന്തിക്കുന്നു?

“ഹംസക്കോയ എന്നും പറഞ്ഞ് അവരുടെ തറവാട്ടിലെ ഒരു കാർന്നോര് നൂറ് കൊല്ലം മുന്‍പ് ചെയ്ത ചെയ്ത്താ.”

എട്ട് മാസം മുന്നേ, നിധിയുടെ കഥ എന്നോട് വന്നു പറയുമ്പോൾ സുരേശൻ പല്ല് ഞെരിച്ചു. മലപ്പുറത്ത് പണ്ട്‌ നടന്ന ഒരു കലാപത്തെപ്പറ്റിയാണ് അവൻ വാചാലനായത്. മാപ്പിളലഹള എന്നാണ് പോലും അതിന്റെ പേര് തന്നെ. സാധുക്കളായ ഹിന്ദുക്കളെ കൊന്നും കൊള്ളയടിച്ചും അവര് കാട്ടിക്കൂട്ടിയ ക്രൂരതകൾ കേട്ടാൽ ചോര തിളച്ചുപൊന്തും. നായന്മാരുടെ തലയറുത്തു കുന്തത്തിൽ തറച്ചതും അല്ലാത്തവരെ സുന്നത്തു നടത്തി മതം മാറ്റിയതുമെല്ലാം വിവരിക്കുമ്പോൾ അവൻ ദേഷ്യംകൊണ്ട് വിറയ്ക്കുകയായിരുന്നു.

“ഒരു പത്തന്‍പതിനായിരം ഹിന്ദുക്കളെങ്കിലും അന്ന് ചത്തിട്ടുണ്ടാകും.”

കുറെ പെണ്ണുങ്ങൾ ബലാത്സംഗം ചെയ്യപ്പെടുകയും അവരെല്ലാം അറപ്പോടെ മാപ്പിളക്കുട്ടികളെ പെറുകയും ചെയ്തത്രെ!

“അതിന്റെടേല് ആ ഹംസക്കോയയ്ക്ക് കിട്ടിയ ലോട്ടറിയാ ഇപ്പറഞ്ഞ മൊതല്.”

“എപ്പറഞ്ഞ മൊതല്.”

ഞാൻ സംശയിച്ചു.

“ഒരു നിധി.”

സുരേശൻ കണ്ണ് തുറിച്ചു.

“നമ്മള് തിന്നേണ്ടതാ ഇക്കാലമത്രയും അവര് ഒറ്റയ്ക്ക് തിന്നോണ്ടിരുന്നത്.”

സുരേശൻ കൈകൾ കൂട്ടിത്തിരുമ്മുമ്പോൾ ഒരു മന്ദനെപ്പോലെ ഞാൻ അന്തംവിട്ടിരിപ്പായിരുന്നു.

III

തുഴയുന്നതിന്റെ ആയാസമൊന്നും സുരേശന്റെ മുഖത്ത് ഒട്ടുമില്ല. മോഷണത്തിനിറങ്ങുമ്പോൾ മാത്രം കാണപ്പെടുന്ന പ്രത്യേകതരം ജാഗ്രത അവന്റെ ചലനങ്ങളിൽ ഉണ്ട്. മോഷണമെന്നു പറയാൻ പാടില്ലെന്നാണ് അവന്റെ കല്പന. ഇതൊരു തിരിച്ചെടുപ്പാണ്. ഒരു മോഷണ മുതലിന്റെ വീണ്ടെടുക്കൽ. എന്തുതന്നെയായാലും പാതിരാത്രി ഒരു വീട്ടിൽച്ചെന്ന് ഒരു സാമാനം കൈക്കലാക്കുന്നത് മോഷണത്തിന്റെ പരിധിയിൽ വരാതിരിക്കുമോ?

ഞങ്ങൾ ഒന്നിച്ച് അവസാനം മോഷണത്തിനിറങ്ങിയത് അഞ്ചുവർഷം മുന്നെയാണ്. ബീരാൻ മുതലാളിയുടെ സ്വർണ്ണക്കടയായിരുന്നു അന്ന് ഞങ്ങളുടെ ഉന്നം. ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരവും അതുതന്നെ. ബീരാൻ മുതലാളി ചില്ലറപ്പുള്ളി വല്ലതുമാണോ?മന്ത്രിമാരൊക്കെ ആയി തോളിൽ കയ്യിട്ടുനടക്കുന്ന ബന്ധമാണ് മുതലാളിക്ക്. നാലാമത്തെ ദിവസം ഞാൻ പിടിയിലായി.

സുരേശനോ?

അവനിലേക്കെത്തുന്ന യാതൊരു തെളിവും സുരേശൻ അവശേഷിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഞാൻ ഒറ്റിക്കൊടുത്തുമില്ല. നാൽപ്പത്തിയഞ്ചു പവനോളം വരുന്ന തൊണ്ടി കണ്ടെടുത്തശേഷം നേരെ കോടതിയിലേക്ക്. ശിക്ഷാകാലാവധി അഞ്ചു കൊല്ലം.

കൊല്ലക്കണക്കിന്റെ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം ഇതിനിടെ സംഭവിച്ചു കഴിഞ്ഞിരുന്നു.

പുഷ്പ, അവളുടെ കല്യാണം കഴിഞ്ഞിട്ടുണ്ടായിരുന്നു.

മഞ്ചേരിക്കാരൻ ഒരു ടിപ്പർ ഡ്രൈവർ!

കള്ളവാറ്റ് കേസിൽ അകത്തായ നാട്ടുകാരൻ കുഞ്ഞുമോൻ വന്നു പറഞ്ഞപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല. പിന്നെ വിശ്വസിക്കാതെ തരമില്ലെന്നായി. കല്യാണത്തലേന്ന് കൂട്ടിയ തലക്കറിയെപ്പറ്റി അവൻ നാവിട്ടലയ്ക്കുമ്പോൾ, ചത്തതുപോലൊരു മരവിപ്പായിരുന്നു എനിക്ക്. ഇരുന്നാലും നടന്നാലും കിടന്നാലും മാറാത്ത പരവേശം. കടലോളം പോന്ന ദുഃഖം എന്റെ നെഞ്ചിൽ കിടന്നിരമ്പി. ഇടയ്ക്കെല്ലാം അത് കണ്ണിലൂടെ തുളുമ്പി. ജയിലിലെ ഓവുചാലുകളിലും വെള്ളക്കെട്ടുകളിലും അത് ഉപ്പുരസം പടർത്തി.

ഏതാനും മാസങ്ങൾക്കുശേഷം ഞാൻ ജയിൽമോചിതനായി. എന്റെ വീടിനോ പരിസരങ്ങൾക്കോ വേറെ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഞാനും പുഷ്പയും വർത്താനം പറഞ്ഞിരിക്കാറുള്ള മാഞ്ചോട്ടിൽ അപ്പോഴും രണ്ടാൾക്കുള്ള തണല് നിത്യവും വിരിയാറുണ്ട്. പണ്ട് നടന്ന ഇടവഴികളെല്ലാം അപ്പോഴും പുല്ല് മൂടാതെ അതേപടി നില്‍പ്പുണ്ട്.

പക്ഷേ, പുഷ്പ, കൂടെ നടക്കാൻ അവൾ മാത്രം ഇല്ലാതെ പോയല്ലോ?

IV

പ്രാന്ത് മൂത്തുനിൽക്കുന്ന ഈ സമയത്തായിരുന്നു സുരേശൻ വന്ന് എന്നോട്‌ നിധിയെപ്പറ്റി പറയുന്നത്. പുഷ്പ ഇല്ലാത്ത ജീവിതത്തിൽ നിധിയും കെട്ടിപ്പിടിച്ചു ഞാൻ എന്തുചെയ്യാനാണ്? ഞാൻ യെസ് മൂളാത്തതിനാൽ സുരേശൻ അന്ന് പിണങ്ങിപ്പോയി.

പുഷ്പയെ മറന്നുകളയാനുള്ള സാഹസങ്ങൾ ആയിരുന്നു പിന്നങ്ങോട്ട് കുറേക്കാലം. ബോധം കെടുവോളം ഞാൻ കുടിച്ചു. ചുമച്ചു വീഴുവോളം വലിച്ചു. നട്ടുച്ചയ്ക്കും പെണ്ണ് പിടിച്ചു. മറക്കാൻ ശ്രമിക്കുന്തോറും രാവെന്നോ പകലെന്നോ ഭേദമില്ലാതെ അവളെന്നെ അടിമുടി മൂടി. ശ്വാസം, മൂക്കിൻ തുമ്പിലെത്തി പുഷ്പയെ തട്ടി തിരിച്ചുപോകുമ്പോലെ! ഞാൻ ചത്തുപോകുമെന്ന് വരെ തോന്നിപ്പോയി. സഹിക്കാൻ പറ്റാത്തൊരു ദിവസം പുഷ്പ താമസിക്കുന്നിടത്തേക്ക് ഞാൻ വെച്ചു പിടിച്ചു. അവളെ കാണാൻ വേണ്ടിത്തന്നെ! പുഷ്പ എങ്ങനെ പ്രതികരിക്കുമെന്ന് എനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല.

അവളെന്നോട് പോകാൻ പറയുമോ? അതല്ലെങ്കിൽ ബഹളംവെച്ച് ആളെക്കൂട്ടുമോ? അതോ ഭർത്താവിനെ വിട്ട് തല്ലിക്കുമോ?

അങ്ങനൊന്നുമായിരുന്നില്ല പുഷ്പയുടെ പ്രതികരണം. പുഷ്പ കുറെനേരം കണ്ണും മിഴിച്ചു തരിച്ചിരുന്നു. അവള് കരഞ്ഞില്ല. ചിരിച്ചുമില്ല. ഒരക്ഷരം ഉരിയാടാതെ പുഷ്പ അകത്തേയ്ക്ക് പോയി. പുറകെ ഞാനും. ഞാനവളെ കെട്ടിപ്പിടിച്ചു. പുഷ്പ തടഞ്ഞില്ല. പുഷ്പ എന്റെ നെഞ്ചിൽ തലവെച്ചു വിതുമ്പി. അവളുടെ ഭർത്താവ് സ്ഥലത്തില്ല. ഒരു ലോഡെടുക്കാൻ കർണാടകത്തിലോട്ട് പോയിരിക്കുകയായിരുന്നു. ഞാനവളുടെ മുടിയിൽ വിരലോടിച്ചു. അവളുടെ പുറത്തും വയറിലും മുലകളിലുമെല്ലാം അയാൾ തൊട്ടതിന്റെ അടയാളങ്ങൾ കാണുന്നുണ്ടായിരുന്നു. തടവി തടവി ഞാനതെല്ലാം സാവധാനം മായ്‌ചുകളഞ്ഞു. ഒടുവിൽ, പണ്ട് ഞാൻ വരച്ച ചിത്രങ്ങൾ മാത്രം അവളുടെ ശരീരത്തിൽ തെളിഞ്ഞു.

“അടുത്ത ശനിയാഴ്ചയും അങ്ങേര് കാണൂല്ല.”

ഇറങ്ങുമ്പോൾ പുഷ്പ പറഞ്ഞു.

അവളുടെ ഭർത്താവിനു പലതവണ നാട് വിട്ട് ട്രിപ്പെടുക്കേണ്ടിവന്നു. അപ്പോഴെല്ലാം ഞങ്ങൾ കണ്ടുമുട്ടി. ചിലപ്പോൾ ദിവസങ്ങളുടെ ഇടവേള. ചിലപ്പോൾ ആഴ്ചകൾ. ഇടവേളകൾ കൂടുമ്പോൾ ഞങ്ങൾ അക്ഷമരായി. മാസങ്ങൾ ഇക്കണക്കിനു കടന്നുപോയി.

“ഇനിയിത് ശരിയാകൂല്ല.”

ഒരിക്കൽ പുഷ്പ പറഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് നിലച്ചു.

“ഇനി അങ്ങേരെ പറ്റിക്കാൻ പറ്റൂല്ല.”

“പിന്നെ?”

“നമ്മക്ക് എങ്ങോട്ടേലും പോണം.”

ഞാൻ വിശ്വാസം വരാതെ അവളെ നോക്കി.

“ഈ നാട് വിട്ട് എങ്ങോട്ടേലും”

എനിക്കുണ്ടായൊരു സന്തോഷം!

ഞാനവളുടെ മുഖം കൈകളിൽ കോരി തുരുതുരെ ഉമ്മവെച്ചു.

കൊഴിഞ്ഞുവീണ ഏതെങ്കിലും പൂവിതൾ ചെടിയിലേക്ക് തിരികെ വന്നതായി കേട്ടിട്ടുണ്ടോ?

ഏതെങ്കിലും മേഘശകലത്തിനു നഷ്ടപ്പെട്ടൊരു തുള്ളിയെ തിരിച്ചുകിട്ടിയിട്ടുണ്ടോ?

പുഷ്പ, അവൾ വീണ്ടും എന്റേതാകുകയാണല്ലോ.

V

സുരേശൻ വിയർത്തുതുടങ്ങിയിരുന്നു.

കുറച്ചുനേരം ഞാൻ തുഴയാമെന്നു പറഞ്ഞപ്പോൾ അവൻ സമ്മതിച്ചില്ല. അല്ലെങ്കിലും ഒരുമ്പെട്ടിറങ്ങിയ ഒരു പരിപാടിയുടെ ചുക്കാൻ എന്നെങ്കിലും അവൻ മറ്റൊരാൾക്ക്‌ കൈമാറിയിട്ടുണ്ടോ? ചെയ്യുന്ന കാര്യങ്ങളിലെല്ലാം മനപ്പൂർവ്വം ഒരു നിഗൂഢത സൂക്ഷിക്കുന്നത് അവന്റെ സ്വഭാവമാണ്. മച്ചുനനായ എന്നോട്‌ പോലും ഇന്നേവരെ മുഴുവനായി സുരേശൻ വെളിപ്പെട്ടിട്ടില്ല.

പുഷ്പയ്ക്ക്‌ സുരേശനെ ചെറുപ്പം തൊട്ടേ കണ്ണിനു കണ്ടൂടാ. അവനെ നമ്പാൻ കൊള്ളില്ലെന്നാണ് അവള് പറയാറുള്ളത്. ഞാൻ അകത്തായതോടെ സുരേശനോടുള്ള അവളുടെ കലിപ്പ്‌ പെരുത്തു. എന്നാലും ഒളിച്ചോടാൻ ഞങ്ങൾക്ക് കാശ് വേണം. കാശുണ്ടാക്കാൻ സുരേശനും. ആ ഒറ്റക്കാരണം കൊണ്ടാണ് കുന്നത്തുവീട്ടിലെ നിധിയുടെ വാലും പിടിച്ചു വീണ്ടും സുരേശനെ കാണാൻ പുഷ്പ എന്നെ അനുവദിച്ചത്.

“വിത്തും വിസ്താരോം മൊത്തം അറിഞ്ഞുവന്നേക്കണം.”

അവൾ ചട്ടം കെട്ടി. പുഷ്പ ഉദ്ദേശിച്ചത്ര സംഗതികൾ അറിയാൻ പറ്റിയോ എന്ന്, കേട്ടതെല്ലാം അവളോട് പറയുന്നത് വരെയും എനിക്ക് സംശയമായിരുന്നു.

“നമ്മടെ ജയദേവൻ മാഷ്‌ടെ അച്ഛൻ കണ്ണൻ മാഷ് പറഞ്ഞതാന്ന്.”

ജയദേവൻ മാഷിന്റേം കണ്ണൻ മാഷിന്റേം പേരുകൾ കേട്ടാൽ പുഷ്പ ഒന്നടങ്ങുമെന്ന് എനിക്കുറപ്പായിരുന്നു. വെവ്വേറെ കാലങ്ങളിലായി രണ്ടാളും ഇവിടുത്തെ യു.പി സ്കൂളിൽ ഹെഡ്‌മാഷായി ജോലി ചെയ്തതുകൊണ്ട് മാത്രമല്ല. ചിറ്റിപ്പറമ്പുകാരെന്നു പറഞ്ഞാൽ പഴയ ജന്മിമാരാണ്. ഞങ്ങളെല്ലാം തലമുറകളായി അവരുടെ പറമ്പിൽ പണിയെടുത്ത കൂട്ടരും. ഈ ദേശത്തെ ഭൂമി മിക്കതും പണ്ട് അവരുടേതായിരുന്നു. കാലക്രമേണ കുറെയെല്ലാം കൈവിട്ട്‌ പോയെങ്കിലും, നാട്ടുകാർക്ക് അവരോടുള്ള ബഹുമാനത്തിനു കുറവൊന്നും വന്നിട്ടില്ല. ഏത് തർക്കമായാലും കേസായാലും ശരി, കോടതിവിധിപോലെ പ്രധാനമാണ് അവരുടെ തീർപ്പും.

ഞാൻ ജയിലിൽ കിടന്ന സമയത്തു സുരേശനൊരു മാനസാന്തരം സംഭവിച്ചിരുന്നു. മോഷണം പൂർണ്ണമായി ഉപേക്ഷിച്ച് അദ്ധ്വാനിച്ചു ജീവിക്കാനുള്ള അവന്റെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തിയതാണ്. ചെറിയൊരു ബിസിനസ്സ്. നാട്ടിലെ തൊഴുത്തുകളിൽനിന്നു ചാണകം വാരി, ഉണക്കിപ്പൊടിച്ചു വളമാക്കി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതാണ് ഏർപ്പാട്. അതിനായി ഒരു പിക്കപ്പ്‌ വാനും അവൻ സ്വന്തമാക്കിയിട്ടുണ്ട്. റിട്ടയർമെന്റിനുശേഷം കൃഷിപ്പണിയിലേക്ക് തിരിഞ്ഞ ജയദേവൻ മാഷിന്, ആഴ്ചയിലൊരിക്കലെങ്കിലും അവന്റെ സേവനം ആവശ്യമായിരുന്നു.

“അങ്ങനെ ഞാൻ പോകുമ്പോ എല്ലാം കണ്ണൻ മാഷ് ചാരുകസേരയിലിരുന്ന് എന്നെ വല്ലാത്തൊരു നോട്ടം നോക്കും.”

സുരേശൻ സംഭവം വിശദീകരിച്ചു തുടങ്ങിയതിങ്ങനാണ്.

കണ്ണൻ മാഷിനു കുറച്ചായി അത്ര സുഖമില്ലാത്ത കാര്യം നാട്ടിൽ പാട്ടാണ്. മാഷിനു കലശലായ മറവിരോഗമായിരുന്നു. ഭക്ഷണം കഴിച്ച കാര്യം മറന്നുപോകുന്നു. മരുന്നു കൊടുത്താൽ ദേഷ്യം വരുന്നു. ജയദേവൻ മാഷെപ്പോലും ചിലപ്പോൾ തിരിച്ചറിയാതാകുന്നു. അലോപ്പതിയും ആയുർവേദവും രഹസ്യമായി മന്ത്രവാദവും പയറ്റിനോക്കിയിട്ടും ഒട്ടും ഭേദമില്ല. എടുക്കാപ്പൈസപോലെ മാഷിങ്ങനെ കുഴഞ്ഞിരിക്കുന്നതിലെ ദുഃഖം ജയദേവൻ മാഷ് എല്ലാവരോടും പങ്കുവെക്കാറുണ്ട്.

‘ആദ്യമൊക്കെ ഞാൻ വെറുതെ തലയാട്ടി നടക്കും.”

സുരേശൻ പറഞ്ഞു.

പോകെപ്പോകെ കണ്ണൻ മാഷ് എന്തോ പിറുപിറുക്കുന്നുമുണ്ടെന്ന്‌ സുരേശന് തോന്നിത്തുടങ്ങി. എന്താണ് കാര്യമെന്ന് അറിയണമല്ലോ? സുരേശൻ തഞ്ചത്തിൽ മാഷിന്റെ അടുത്ത് പറ്റിക്കൂടി.

“മാഷ്‌ ശ്ലോകം ചൊല്ലുമ്പോലെ എന്തോ പറഞ്ഞോണ്ടിരിക്കുവാ.”

കസേരയിലേക്ക് ചാരി സുരേശൻ മാഷിന്റെ ഭാവം അതേപടി അനുകരിച്ചു.

“നാലടി നീളം. ഉയരം ഒരടി. ഒന്നാന്തരം തേക്കിൽ തീർത്തത്.”

മാഷ് വിറച്ചുവിറച്ചു വാക്കുകൾ തുപ്പി.

“മോളിലൊരു താമരയുടെ ചിത്രം.”

“എന്താ മാഷെ?”

സുരേശൻ ശബ്ദമുയർത്താതെ ഭവ്യതയോടെ ചോദിച്ചു.

“പെട്ടി. നിലവറേലെ പെട്ടി.”

സുരേശന്റെ തലയിൽ ഒരു വെളിച്ചം മിന്നി. ഒരു കള്ളന്റെ ജന്മസിദ്ധി എന്നുവേണമെങ്കിൽ പറയാം. മാഷ് പറയുന്നതിലേക്ക് അവൻ ശ്രദ്ധയെ കൂർപ്പിച്ചു നിർത്തി. മാഷാകട്ടെ, വെറുതെ മച്ചിലേക്ക്‌ നോക്കി നേരം പോക്കി.

“എന്ത്‌ പെട്ടിയാ മാഷെ?”

അക്ഷമ മൂത്ത് സുരേശൻ ചോദിച്ചു. മാഷ്‌ കേട്ട ഭാവം നടിച്ചില്ല.

“മാഷെ.”

സുരേശൻ വീണ്ടും വിളിച്ചു.

“അത് തുറന്ന്‌ നിനക്കെല്ലാം എത്ര വീശി തന്നിട്ടുള്ളതാ.”

മാഷ്‌ സുരേശന്റെ കണ്ണിൽനിന്നു നോട്ടം മാറ്റാതെ പറഞ്ഞു.

സുരേശന്റെ രോമകൂപം ഓരോന്നും വിറയ്ക്കുകയായിരുന്നു. അവന്റെ തലയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകി.

“എന്നിട്ടതെവിടെ മാഷെ?”

ജീവിതത്തിലെ ഏറ്റവും വലിയ രഹസ്യം കേൾക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സുരേശൻ. കണ്ണൻ മാഷ് പക്ഷേ, ഒരക്ഷരം ഉരിയാടാൻ കൂട്ടാക്കിയില്ല. നഷ്ടപ്പെട്ടു പോയ ആ പെട്ടിയിൽ സ്വന്തം ഓർമ്മകളും ഉണ്ടായിരുന്ന മട്ടിൽ കണ്ണടച്ചു കിടന്നു. മാഷുടെ മുഖത്ത്‌ പൊടുന്നനെ സങ്കടം നിറഞ്ഞു. കൈമോശം വന്ന വലിയ സൗഭാഗ്യത്തിന്റെ പീഡകൾ മാഷെ എരിപൊരി കൊള്ളിച്ചു. മാഷുടെ ഉള്ളിൽനിന്ന് ഒരു തേങ്ങലുയർന്നു. സുരേശനു പേടിയായി. ജയദേവൻ മാഷെങ്ങാനും കേട്ടാലോ?

“കൊണ്ടോയില്ലേ അവര്?”

ഏറെക്കഴിഞ്ഞു വിതുമ്പലോടെ മാഷ്‌ ചോദിച്ചു.

“ആര്?”

“മാപ്പിളാര്. ലഹളക്കാലത്ത്.”

മാഷ്‌ നീണ്ടൊരു ഏമ്പക്കം വിട്ടു. അവരുടെ സംഭാഷണം അവിടെ അവസാനിച്ചു.

VI

ഇത്രയും കേൾക്കുന്ന ഏതൊരാൾക്കും വരുന്ന നിരാശ തന്നെയായിരുന്നു പുഷ്പയ്ക്കും ആദ്യമുണ്ടായത്.

അത്തും പിത്തും ആയിപ്പോയ ഒരു വൃദ്ധന്റെ വാക്കും കേട്ടാണോ സുരേശൻ നിധിവേട്ടയ്ക്കിറങ്ങിയത്?

ഇല്ലാത്തൊരു നിധിയിൽ വിശ്വസിച്ചാണോ ഞങ്ങള്‌ സ്വപ്നങ്ങൾക്ക് വളമിട്ടത്?

പക്ഷേ, സുരേശനാണ്. എന്തെങ്കിലും കാണാതെ അവനങ്ങനെ എടുത്തുചാടുമോ?

ചുരുങ്ങിയത് പത്തു തവണയെങ്കിലും മാഷെക്കൊണ്ട് ഇതേ കാര്യങ്ങൾ അവൻ ആവർത്തിപ്പിച്ചിട്ടുണ്ട്. മുന്‍പ് പറഞ്ഞതോർക്കാതെ ഓരോ വട്ടവും മാഷ്‌ നിലവറയിലെ പെട്ടിയുടെ കാര്യം പറഞ്ഞു കരഞ്ഞിട്ടുമുണ്ട്. എന്നിട്ടും ആദ്യം കേട്ടതിൽനിന്നു കൂടുതലായൊന്നും മാഷിൽനിന്നു ചൂണ്ടിയെടുക്കാൻ അവനു സാധിച്ചില്ല.

“ഒരാള് ഇത്രേം തവണ ഒരേ കാര്യം പറഞ്ഞാ അത്‌ നേരല്ലാതിരിക്കുവോ?”

ഇതായിരുന്നു സുരേശനെ നയിച്ച ന്യായം.

“ഈ മറവിരോഗം എന്നു പറഞ്ഞാ എന്താ? ഒരു കൊളം വറ്റുന്നത്‌പോലാ. മോളീന്ന് വറ്റിവറ്റിവരും. അപ്പൊ അടിയിലുള്ള തെളിഞ്ഞുതെളിഞ്ഞുവരും. അല്ലേ?”

സുരേശൻ ഈ വിഷയത്തിൽ സ്വന്തമായൊരു വ്യാഖ്യാനം ചമച്ചു. മാഷ് പറഞ്ഞത്‌പോലൊരു ലഹള നടന്നിട്ടുണ്ടോ എന്നായിരുന്നു അവൻ ആദ്യം അന്വേഷിച്ചത്. അതുള്ളതാണ്.

“ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നിൽ”

കണ്ണൻ മാഷ് അന്ന് ജനിച്ചിരിക്കാനിടയില്ല. എന്നുവെച്ച് കുട്ടിക്കാലത്ത് ആരെങ്കിലും പറഞ്ഞു കേട്ടതായിക്കൂടെന്ന് ഉണ്ടോ? പഴയകാലത്തെ ഓർമ്മയിൽ, ചാണകവുംകൊണ്ട് വരുന്ന സുരേശനെ അടിയാനോ കുടിയാനോ ആയി മാഷ്‌ തെറ്റിദ്ധരിച്ചതാകാനും മതി. അവർക്കെല്ലാം വീശിയെറിഞ്ഞ സമ്പാദ്യം മുഴുക്കെ വേറൊരു കൂട്ടർ കൈവശപ്പെടുത്തിയത് മാഷെ നൊമ്പരപ്പെടുത്തിയത് ആയിക്കൂടെ?

കേവലം ഊഹാപോഹങ്ങളിൽ തൊട്ട്‌ നിൽക്കുന്നതായിരുന്നില്ല സുരേശന്റെ നിഗമനങ്ങൾ. ഇതെല്ലാം ചോദിച്ചറിയാൻ പറ്റിയ നല്ലൊരു കൂട്ടുകെട്ട് ഈയടുത്തായി അവൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. സുരേശൻ ചാണകം വാരാൻ പോകുന്നൊരു വീട്ടിൽ ഞായറാഴ്ചതോറും മീറ്റിങ്ങ് കൂടാൻ വരുന്ന ഒരുകൂട്ടം ചെറുപ്പക്കാർ. നിലത്തോട്ട് ചാഞ്ഞൊരു കശുമാവിൻ കൊമ്പിലിരുന്ന് അവരോട്‌ സൊറ പറയുന്നത് സുരേശന്റെ നേരമ്പോക്കായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവരുടെകൂടെ വീട് വീടാന്തരം കയറി വോട്ട് പിടിക്കാൻ സുരേശൻ പോയെന്ന്‌ കേട്ടതോടെയാണ്, ആ സൗഹൃദത്തിന്റെ ആഴം ഞാൻ ശരിക്കും തിരിച്ചറിയുന്നത്.

കണ്ണൻ മാഷ് പറഞ്ഞ കാര്യങ്ങൾ, വിശദാംശങ്ങൾ ഒന്നും സൂചിപ്പിക്കാതെ കേട്ടുകേൾവി എന്ന മട്ടിൽ സുരേശൻ അവരോട് അവതരിപ്പിച്ചു. അവരുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഉടൻതന്നെ സംഗതി ഗൗരവമുള്ള ഒരു ചർച്ചയായി. ജയദേവൻ മാഷും കൂടെ ഉൾപ്പെടുന്ന ഗ്രൂപ്പാണ്. അതിനാൽ സുരേശൻ കൂടുതൽ സൂക്ഷ്മത പാലിച്ചു.

“സുഗുണൻ സാറ്, റിട്ടയർഡ് തഹസിൽദാരാ. പറയുന്നത്‌ കേട്ട്‌ നോക്ക്.”

സുരേശൻ ഫോൺ എനിക്ക് നീട്ടി.

“മാപ്പിള ലഹള എന്നു പറഞ്ഞാ...”

സുഗുണൻ സാറ് പറഞ്ഞ കാര്യങ്ങൾ ഒട്ടു മിക്കതും സുരേശന്റെ വായിൽനിന്ന് ഞാൻ മുന്‍പ് കേട്ടതായിരുന്നു. ഇത്രയും വിവരങ്ങൾ അവനെങ്ങനെ തേടിപ്പിടിച്ചുവെന്ന എന്റെ സംശയവും അതോടെ ഇല്ലാതായി. സുരേശൻ പറഞ്ഞതിനപ്പുറം, വില്ലേജ് ഓഫീസിലെ രേഖകളും ക്രമനമ്പറുകളും വെച്ച് ആധികാരികമായിത്തന്നെ അവരുടെ അതിക്രമങ്ങൾ സാറ് സ്ഥാപിച്ചെടുത്തു.

“ഇപ്പറഞ്ഞ പെട്ടീടെ കാര്യം.”

മുൻ ഡി.വൈ.എസ്.പി കൃഷ്ണൻ സാറ് ആണ് അതേപ്പറ്റി സംസാരിച്ചത്.

കേരളത്തിന്റെ സമ്പന്നമായ ചരിത്രത്തിലായിരുന്നു കൃഷ്ണൻ സാറിന്റെ ഊന്നൽ. ഇന്നത്തെപ്പോലൊന്നുമല്ല. അന്ന് രാജഭരണമാണ്. സുവർണ്ണകാലം. ഇവിടുത്തെ രാഷ്ട്രീയക്കാരെപ്പോലെ കൊള്ളയും പിടിച്ചുപറിയും ഇല്ല. രാജ്യത്തെ സമ്പത്തെല്ലാം ഖജനാവിൽ ഭദ്രം. എല്ലാം പൊതുജന ക്ഷേമത്തിനായി മാത്രം ഉപയോഗിക്കപ്പെടുന്നു. അറബികളും ചീനക്കാരുമായി കച്ചവടം നടത്തിയുണ്ടാക്കിയ നൂറ്റാണ്ടുകളുടെ സമ്പാദ്യം, അത്ര ചെറുതായിരിക്കില്ലല്ലോ?

“സാറും രാജകുടുംബമാ.”

സുരേശൻ ഇടയ്ക്ക് കയറിപ്പറഞ്ഞു.

“നമ്മടെ അനന്തപദ്മനാഭ സ്വാമീടെ നിധിശേഖരം തന്നെ നോക്ക്.”

കഥയറിയാതെ ജയദേവൻ മാഷ് ഓഡിയോ ഇട്ടു.

“താവഴിയിൽ തിരുവിതാംകൂർ രാജാക്കന്മാർക്ക് മലബാറിലെ കോലത്തിരിയുമായി ബന്ധമുണ്ട് എന്നത്‌ നേരാ. അതിലൊരു പങ്ക് ഇങ്ങോട്ട്‌ കൊടുത്തയച്ചതാകാനുള്ള സാധ്യതയും കണ്ടൂടെ?”

കുറേപ്പേർ അതിനെ പിന്താങ്ങി. കോലത്തിരിയിലേക്കും സാമൂതിരിയിലേക്കും നിധികുംഭത്തിന്റെ സാദ്ധ്യതകൾ നീണ്ടു. സൂക്ഷിപ്പുകാരായ കണക്കപ്പിള്ളമാരുടെ ചരിത്രം പരിശോധിക്കപ്പെട്ടു. ചിറ്റിപ്പറമ്പുകാരുൾപ്പടെയുള്ള പ്രമാണിമാരുടെ പാരമ്പര്യവും അവരിൽനിന്നു മോഷ്ടിക്കപ്പെട്ടിരിക്കാനിടയുള്ള സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. വക്കീലന്മാരും പ്രൊഫസ്സർമാരും ജ്യോതിഷികളും ചരിത്രകാരന്മാരും നിരീക്ഷണങ്ങൾ രേഖപ്പെടുത്തി.

ലഹളക്കാലത്തെ കൊടിയ നഷ്ടം!

ഒടുവിൽ എല്ലാവരും ഒറ്റസ്വരത്തിൽ തീർപ്പിലെത്തി.

അങ്ങനൊരു പെട്ടിയിൽ എന്താകും അടങ്ങിയിട്ടുണ്ടാകുക?

എല്ലാവർക്കും അഭിപ്രായങ്ങളുണ്ടായിരുന്നു

തങ്കം. മിന്നിത്തിളങ്ങുന്ന തനിത്തങ്കം! തങ്കത്തിൽ തീർത്ത കണ്ണഞ്ചിക്കുന്ന ആഭരണങ്ങൾ.

പേർഷ്യയിൽനിന്ന് ഇറക്കുമതി ചെയ്ത പവിഴം.

രത്നങ്ങൾ. മുത്തുമാലകൾ.

അതുപോലുള്ള പെട്ടികൾ ഇനിയുമുണ്ടാകില്ലേ? പലതരം പെട്ടികൾ. അതിലെല്ലാം അമൂല്യമായ പലവിധ വസ്തുവകകൾ.

കണക്കെടുപ്പിൽ നഷ്ടങ്ങൾക്ക്‌ കോടികളുടെ മൂല്യമായി. ദുഃഖസൂചകമായ സ്‌മൈലികൾകൊണ്ട് ഗ്രൂപ്പ്‌ നിറഞ്ഞു. എല്ലാം വായിച്ചും കേട്ടും തീർത്തതോടെ ഒരു കാര്യം എനിക്കും ബോധ്യപ്പെട്ടു.

ഞങ്ങൾക്കെല്ലാം അവകാശപ്പെട്ട വലിയൊരു സംഗതി കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.

കൊള്ളയടിച്ചുകൊണ്ടു പോയതോ?

സുരേശനെപ്പോലെ ഞാനും കോപം മൂത്തു മുഷ്ടി ചുരുട്ടി.

VII

സുരേശൻ സ്വപ്നം കാണുകയായിരുന്നു. കുറേനേരമായി അവൻ ഈ ലോകത്തൊന്നുമല്ലാത്ത മട്ടാണ്. ഇടയ്ക്കെല്ലാം അവൻ പുഞ്ചിരിക്കുന്നുണ്ട്. ഇന്നേവരെ ഇത്രയും ആഹ്ലാദിച്ച് അവനെ ഞാൻ കണ്ടിട്ടില്ല. വളരെ യാന്ത്രികമായി വെള്ളത്തിൽ താഴ്ത്തി തുഴയുന്ന പങ്കായമാണ്, പാറിപ്പോകാതെ അവനെ ഭൂമിയിൽ ചേർത്തുനിർത്തുന്നത്.

“നൂറ്‌ കൊല്ലം മുന്നേ എന്തെങ്കിലും കട്ടോണ്ട്‌ പോയെന്നു പറഞ്ഞ് ഇക്കാലത്ത് അതും തപ്പിടിക്കാമെന്ന് ആണോ വിചാരം? ഇതെല്ലാം ഉള്ളതാണെന്നുതന്നെ വെക്ക്. എന്നാലും അതിൽ എന്തെങ്കിലും ഇന്നിപ്പോ ബാക്കി കാണുവോ? നാട്ടിലെ സകല വീട്ടിലും നിങ്ങള്‌ കേറിത്തപ്പുവോ?”

പുഷ്പ എന്നോട്‌ ചോദിച്ചതാണ്.

“ഈ സുരേശൻ ശരിക്കും മണ്ടനാ.”

ആരാധനയോളം പോന്നൊരു ബഹുമാനം സുരേശനോട് ഉള്ളിൽ സൂക്ഷിക്കുന്നത്‌ കൊണ്ടാകാം, പുഷ്പയുടെ പരിഹാസം എനിക്ക് രസിച്ചില്ല. പക്ഷേ, സുരേശൻ സ്വയം മണ്ടൻ എന്നു വിശേഷിപ്പിക്കുന്നതിന്, അതിനുമുന്നേത്തന്നെ ഞാൻ സാക്ഷിയായിരുന്നു.

“മണ്ടനെന്നു പറഞ്ഞാ പോരാ. മരമണ്ടൻ.”

സുരേശൻ തലയ്ക്കടിച്ചു.

“ഇതുപോലൊരു പെട്ടീടെ കാര്യം മുന്നേ ഒരാളെന്നോട്‌ സൂചിപ്പിച്ചതാ.”

“ആര്?”

എനിക്കാകാംക്ഷയായി. പല സാധ്യതകൾ എന്റെ മനസ്സിലൂടെ മിന്നിമാഞ്ഞു. കടലിലേക്ക് വെള്ളമൊഴുക്കുമ്പോലൊരു അവസ്ഥയായിരുന്നു ഉള്ളിൽ. ഊഹങ്ങളെല്ലാം ഒന്നൊന്നായി മുങ്ങിപ്പോകുന്നു. തിരയടികൾ മാത്രം ബാക്കി. അത് ആസ്വദിച്ചെന്നോണം സുരേശൻ മനപ്പൂർവ്വം നിശ്ശബ്ദത പാലിച്ചു.

“പറ സുരേശാ.”

ഞാൻ സുല്ലിട്ടു.

“ഹനീഫ.”

പുറത്തോട്ട്‌ നോക്കിയിരിക്കുകയായിരുന്ന സുരേശൻ പൊടുന്നനെ നാടകീയമായി തിരിഞ്ഞു.

“കുന്നത്തുവീട്ടിലെ?”

വിശ്വസിക്കാനാകാതെ ഞാൻ വായ്ക്ക് മീതെ കൈ ചേർത്തു.

“ഉം.”

സുരേശൻ ഒന്നമർത്തി മൂളി.

എന്തേ ഞാൻ ആ പേര് ആദ്യം ചിന്തിച്ചില്ല?

ഏതു വലിയ കുടുംബത്തിലും കാണില്ലേ പറയിപ്പിക്കാനൊരു സന്തതി?

കുന്നത്തു തറവാട്ടിൽ അത് ഹനീഫയാണ്. അവിടുത്തെ തലമുതിർന്ന അംഗം ആയിഷുമ്മയുടെ ഇളയമകളുടെ മകൻ. നരിമടച്ചാലിലെ വാറ്റുകേന്ദ്രത്തിൽനിന്നുള്ള പരിചയമാണ്‌ സുരേശനും ഹനീഫയും തമ്മിൽ. കുടിച്ചർമ്മാദിക്കുന്നതിനിടെ സുരേശന്റെ മുണ്ടഴിഞ്ഞുപോയാൽ ഹനീഫ സ്വന്തം തുണിയുരിഞ്ഞു കൊടുക്കും. അതാണ് അവർ തമ്മിലെ ഇഴയടുപ്പം.

“കുന്നത്തു തറവാട്ടിലെ മുക്കും മൂലയും അവനെന്നോട് വിവരിച്ചതാ.”

ലഹരി തലയ്ക്കുപിടിച്ച ഏതോ സന്ധ്യയിൽ അവനെ മടിയിൽക്കിടത്തി ഹനീഫ വിവരിച്ച കാര്യങ്ങളോരോന്നും, ഭൂമി കുഴിച്ചു പുരാവസ്തുക്കൾ ശേഖരിക്കുന്നത്ര ആയാസത്തോടെ സുരേശൻ ഓർത്തെടുത്തു. ഇരുവശത്തും മാവുകൾ തണൽ വിരിച്ചുനിൽക്കുന്ന കുന്നത്തു വീട്ടിലേക്കുള്ള നീളൻ ഇടനാഴി. അത്താണ്ടിയെത്തുന്ന, രണ്ടുനിലയുള്ള പടുകൂറ്റൻ കുന്നത്തു മാളിക. മച്ചിന്‍ മീതെ മേഞ്ഞ ഓടുകൾ ഘോരമായ മഴക്കാലങ്ങൾ വിജയകരമായി താണ്ടിയതാണ്. കരിങ്കല്ലും കുമ്മായവും ചേർത്തുപണിഞ്ഞ ചുമരുകൾ കാലാനുസൃതമായി സിമന്റ്‌ തേച്ചു ബലപ്പെടുത്തിയിട്ടുണ്ട്. കൂട്ടുകുടുംബത്തിന്റെ വകഭേദമാണ് തറവാട്ടിൽ നിലവിലുള്ള സമ്പ്രദായം. എന്നു പറഞ്ഞാൽ, വീട്ടിൽ ആയിഷുമ്മയും രണ്ടാമത്തെ മകൻ റഷീദും കുടുംബവും തറവാട്ടിൽത്തന്നെ താമസിക്കുന്നു. ബാക്കിയെല്ലാവരും വിളിപ്പുറത്ത് വീട് വെച്ച് താമസിക്കുന്നു.

കുന്നത്തുമാളികയിലെ വിശാലമായ അടുക്കളയെപ്പറ്റി, അത്തറ് മണം മാറാത്ത മണിയറകളെപ്പറ്റി, കിടന്നാലുടൻ മയങ്ങിപ്പോകുന്ന തൂവൽമെത്തകളെപ്പറ്റി, കൊതിക്കെറുവോടെ സുരേശൻ പറഞ്ഞുകൊണ്ടിരുന്നു. പറഞ്ഞുപറഞ്ഞു സ്വന്തം വാക്കുകളുടെ പെരുപ്പത്തിലവൻ ആണ്ടു പോയെന്നു തോന്നിയപ്പോൾ ഞാൻ ഇടപെട്ടു.

“സുരേശാ. നിധിയുടെ കാര്യം.”

“അത്.”

സുരേശൻ വിഷയത്തിലേക്ക് കടന്നു. ഒരുഘട്ടം കഴിഞ്ഞപ്പോൾ ഹനീഫയ്ക്ക് വീട്ടിൽനിന്ന് ഒറ്റപ്പൈസ കിട്ടില്ലെന്ന സ്ഥിതിയായി. ആയിഷുമ്മയുടെ കർശനമായ ഉത്തരവ്. മോഷണമല്ലാതെ പിന്നെന്തുണ്ടൊരു പോംവഴി? കുന്നത്തുവീട്ടിലെ ആണുങ്ങളുടെ പേഴ്‌സുകളിൽനിന്നു നോട്ടുകൾ അവരറിയാതെ അപഹരിക്കപ്പെട്ടു. പെണ്ണുങ്ങൾ തലയണയിലും അരിക്കലത്തിലും പൂഴ്ത്തുന്ന പണമെല്ലാം ഇരുട്ടിവെളുക്കുമ്പോഴേക്കും അപ്രത്യക്ഷമായി. പതിയെ ഇതു കുടുംബക്കാരെല്ലാം മനസ്സിലാക്കിത്തുടങ്ങി. സംശയത്തിന്റെ മുനകളെല്ലാം ഹനീഫയിലേയ്ക്കുതന്നെ നീണ്ടു. തെളിവുകളില്ലാത്തത് അവനു തുണയായി. എങ്കിലും മോഷണം കൂടുതൽ ദുഷ്‌കരമായി.

ഹനീഫയുടെ മുന്നിൽ ഏറ്റവും എളുപ്പത്തിലുള്ള വഴി സ്വന്തം ഉമ്മാമ്മയായിരുന്നു. ആയിഷുമ്മയ്ക്ക്‌ ജോലിയൊന്നുമില്ല. ആയിഷുമ്മ ആരോടും കൈനീട്ടാറുമില്ല. ആയിഷുമ്മയുടെ അറയിൽ വലിയൊരു അലമാരയുണ്ട്. കുന്നത്തുവീട്ടിലാരും ആ അലമാര തുറന്നു കണ്ടിട്ടില്ല. അഥവാ, മറ്റൊരാൾക്കു മുന്നിൽവെച്ച് ആയിഷുമ്മ മടിക്കുത്തിൽനിന്ന് അലമാരയുടെ താക്കോൽ പുറത്തെടുക്കില്ല. മൂത്ത അംഗം മരണപ്പെടുമ്പോൾ മാത്രം അത് അടുത്തയാൾക്ക്‌ കൈമാറപ്പെടുന്നു. അതിനുള്ളിലെ രഹസ്യം എന്തുതന്നെയായാലും അതു കൈക്കലാക്കണമെന്ന് ഹനീഫ തീർച്ചപ്പെടുത്തി. പിന്നെ അതിനുള്ള ശ്രമങ്ങളായി.

“ഒരു ദിവസം... ഒരു ദിവസം ആയിഷുമ്മ കുളിക്കാൻ പോയപ്പോ താക്കോൽക്കൂട്ടം മറന്നുവെച്ചു. അത് ഹനീഫയുടെ കയ്യിലുമായി.”

ഹനീഫ ഓടിച്ചെന്ന് ആ അലമാര തുറന്നുനോക്കി.

സുരേശൻ പറഞ്ഞത് പ്രകാരമെങ്കിൽ കുന്നത്തു തറവാടിന്റെ ഇക്കാലമത്രയുമുള്ള ചരിത്രം അതിനുള്ളിൽ കുടികൊള്ളുന്നുണ്ട്. തലമുറകളായി കൈമാറിവരുന്ന അപൂർവ്വമായ മാലകൾ. മിന്നിത്തിളങ്ങുന്ന വളകൾ. കൊലുസ്സുകൾ. കമ്മലുകൾ.

“ഒപ്പം ഒരു പെട്ടിയും.”

തുളച്ചുകയറുന്നത്ര തീക്ഷ്ണതയോടെ സുരേശൻ എന്റെ കണ്ണിലേക്ക്‌ നോക്കി.

“മോളിൽ താമരച്ചിഹ്നമുള്ള ഒരു നെടുങ്കൻ പെട്ടി.”

എന്റെ നട്ടെല്ലിനെ പകുത്ത് ഒരു വിറ പാഞ്ഞു. സുരേശന്റെ കൃഷ്ണമണികൾ ആ പെട്ടി തുറന്നു കണ്ടാലെന്നപോലെ തിളങ്ങി.

“അതനക്കാൻ പോലും അവനു സാധിച്ചില്ല. അത്രയും നിറഞ്ഞിരിപ്പാത്രെ.”

കയ്യിൽ കിട്ടിയ നെക്ലേസുംകൊണ്ട് ഹനീഫ മുങ്ങി. അത് വിൽക്കാൻ കൂട്ട്‌ പോയത് സുരേശനാണ്. ഈ മോഷണത്തിന്റെ പേരിൽ പിടിക്കപ്പെടുമെന്ന് ഹനീഫ പേടിച്ചു. അതുണ്ടായില്ല. പകരം നാലാംനാൾ ഹനീഫ കടല്‍ കടന്നു. കഴിഞ്ഞ വർഷം നടന്ന സംഭവം.

പിന്നെല്ലാം എളുപ്പമായിരുന്നു. പിന്നിപ്പോയ ചിത്രങ്ങൾ ഓരോ കഷണങ്ങളായി പെറുക്കി കൂട്ടിച്ചേർക്കുമ്പോലെ. കുന്നത്തു തറവാട്ടിൽ താമരച്ചിഹ്നമുള്ള പെട്ടിവരാൻ വേറെ വഴികളൊന്നുമുണ്ടാകില്ലല്ലോ?

ചിറ്റിപ്പറമ്പിലെ കണ്ണൻ മാഷുടെ ദുഃഖത്തിനു ഫലമുണ്ടായി. നൂറ്റാണ്ടിന്റെ അദൃശ്യമായ നീളൻ കുഴലിലൂടെ അത് കുന്നത്തുവീട്ടിലെ അലമാരയിൽ തൊട്ട്‌ നിൽക്കുന്നു.

“ഇനി പറ പുഷ്‌പേ. സുരേശൻ മണ്ടൻ ആണെന്ന്‌ നീ ഇപ്പഴും കരുതണുണ്ടോ?”

പുഷ്പയ്ക്ക് മറുപടിയില്ലായിരുന്നു.

VIII

കുന്നത്തുവീടിന്റെ മേൽക്കൂര ഞങ്ങൾക്കു കാണാനാകുന്നുണ്ട്. സുരേശൻ വിയർപ്പിൽ കുതിർന്നിട്ടുണ്ട്. എന്നിട്ടും അവൻ തുഴച്ചിലിന്റെ വേഗം കൂട്ടി. ഇന്നവന്റെ പ്ലാൻ നടപ്പിലാകുന്ന ദിവസമാണ്. എന്നോടത് വന്നു പറയുമ്പോഴേക്കും ലോകമാകെ വ്യാപിച്ചുകിടക്കുന്ന പുതുതലമുറയിൽ തുടങ്ങി ഹംസക്കോയയോളം നീളുന്ന കുന്നത്തുകാരുടെ ചരിത്രം സുരേശൻ അരച്ച് കലക്കിക്കുടിച്ചിരുന്നു. കുന്നത്ത് വീട്ടിൽ ഹംസക്കോയ ചിറ്റിപ്പറമ്പുകാരുടെ വയലിലെ പണിക്കാരനായിരുന്നു. ലഹളക്കാരിൽ പ്രധാനിയും. ബ്രിട്ടീഷുകാരുടെ ഉത്സാഹത്തിൽ ലഹള കെട്ടടങ്ങിയപ്പോൾ അയാളും ശിക്ഷിക്കപ്പെട്ടു. അന്തമാനിലെ ജയിലിൽ അയാൾ വർഷങ്ങളോളം കഠിനതടവ് അനുഭവിച്ചിട്ടുണ്ട്.

ഇതിനിടയിലെപ്പോഴാണ് അയാൾ ആ പെട്ടി തട്ടിയെടുത്തത്?

“എപ്പഴായാലും ശരി. നമ്മളത് തിരിച്ചെടുക്കാൻ പോകുന്നു.”

സുരേശൻ പദ്ധതി വിശദീകരിച്ചു. ഞാനും സുരേശനും അല്ലാതെ മൂന്നാമതൊരാൾ കൂടെ അതിലുൾപ്പെടുന്നുണ്ടായിരുന്നു. കുന്നത്തു തറവാടിന്റെ ഉള്ളിലൊരാൾ. പഴയതുപോലെ ഞങ്ങൾ ഓട്‌ പൊളിച്ചുകയറുകയാണെന്ന് കരുതൂ. എന്തെങ്കിലും അബദ്ധം പിണഞ്ഞാൽ, തറവാടിനു ചുറ്റും വീട് വെച്ച് പാർക്കുന്ന ബന്ധുക്കൾ ഒന്നാകെ ഞങ്ങളെ വളയും. കടന്നൽകൂട്ടിൽ ചെന്ന് തലയിടുമ്പോലൊരു മണ്ടത്തരം. അതൊഴിവാക്കാനുള്ള ഉപായമാണ് മൂന്നാംകക്ഷി. അയാൾ വേണം സമയമാകുമ്പോൾ വാതിൽ തുറന്നുതരാൻ.

രോഗിയുടെ ഇച്ഛ തന്നെ വൈദ്യൻ കല്പിച്ചത് കണക്കായിരുന്നു സ്ഥിതിഗതികൾ. പ്രായാധിക്യം ബാധിച്ച ആയിഷുമ്മയെ പരിചരിക്കാൻ മക്കളൊരു ഹോംനേഴ്‌സിനെ തേടുന്ന സമയമായിരുന്നു. ഹനീഫ വഴി, തനിക്കു വേണ്ടപ്പെട്ടൊരാളെ തൽസ്ഥാനത്തു തിരുകിക്കയറ്റാൻ സുരേശനു പ്രയാസമൊന്നുമില്ല. പറ്റിയൊരാളെ എങ്ങനെ കണ്ടുപിടിക്കുമെന്നായിരുന്നു അവന്റെ ടെൻഷൻ.

“പുഷ്പ ആയാലോ?”

അറച്ചറച്ചാണ് ഞാൻ ചോദിച്ചത്. സുരേശന്‌ സംശയം വല്ലതും തോന്നുമോ എന്ന് എനിക്കു പേടിയുണ്ടായിരുന്നു. ഞങ്ങള് തമ്മിലെ പഴയ ബന്ധം അവന് അറിയാത്തതൊന്നുമല്ലല്ലോ?

“അവളോ? അവള്‌ കെട്ടിപ്പോയില്ലേ.”

സുരേശൻ ദീർഘമായ ആലോചനയിലാണ്ടു. എന്റെ മുഖത്ത് വിരിഞ്ഞ നാണം അവഗണിക്കപ്പെട്ടു. സകല വരുംവരായ്കകളിലൂടെയും അവൻ ആ നിർദ്ദേശത്തെ കടത്തിവിടുകയാണെന്ന് എനിക്കു മനസ്സിലായി. ഊരാക്കുടുക്കുകളിൽ ചിന്തകൾ ചെന്നു തടയുമ്പോൾ അവന്റെ പുരികങ്ങൾ ചോദ്യചിഹ്നം കണക്ക് വളഞ്ഞു. അതയഞ്ഞു വരുമ്പോൾ അവന്റെ മുഖത്തും പ്രതിഫലനങ്ങളുണ്ടായി.

“അവള് വരുവോ?”

അവസാനം നെറ്റി ചുളിപ്പിച്ചു സുരേശൻ ചോദിച്ചു.

“വീട്ടിൽ വലിയ കഷ്ടപ്പാടാണെന്ന് അവള് പറഞ്ഞിരുന്നു.”

അവൻ തലകുലുക്കി. കൂടുതലൊന്നുമില്ല. സുരേശനിത്ര ആലോചനാശേഷി ഇല്ലാത്തവനാണോ എന്നു ഞാൻ സന്ദേഹിച്ചു. എന്തേ അവനൊട്ടും സംശയം തോന്നാഞ്ഞത്? വിവാഹിതയായ ഒരു സ്ത്രീയും അന്യപുരുഷനും തമ്മിൽ പ്രേമബന്ധം സാധ്യമാണെന്ന വസ്തുത സുരേശൻ മറന്നതാണോ?

“അവളോട് കാര്യങ്ങളൊന്നും പറഞ്ഞേക്കരുത്.”

സുരേശൻ ചട്ടംകെട്ടി. ഞാൻ സമ്മതിച്ചു. മാസങ്ങളുടെ കാത്തിരിപ്പിനുശേഷം കാര്യങ്ങൾ പെട്ടെന്നു വേഗത പ്രാപിക്കുന്നതിന്റെ സന്തോഷം അവനിൽ പ്രകടമായിരുന്നു.

അങ്ങനെയാണ്, ഈ ഗൂഢാലോചനയിൽ പുഷ്പയും ഔദ്യോഗികമായിത്തന്നെ പങ്കാളിയാകുന്നത്.

IX

“സത്യമാന്നേ.”

പുഷ്പ ശ്വാസംകിട്ടാതെ കിതയ്ക്കുകയായിരുന്നു.

വാതിൽപ്പാളിയിൽ തലയിട്ട വെളിച്ചത്തിന്റെ കീറ് പുഷ്പയ്ക്കുള്ള സൂചനയായിരുന്നു. മുറിയിലെ അലമാര അടയ്ക്കാൻ മറന്ന് ആയിഷുമ്മ പുറത്തു വെയില്‍ കായുകയാണ്. പുഷ്പ അകത്തു തിരയുകയാണ്.

“നേരാന്നേ.”

പുഷ്പ വീണ്ടും പറഞ്ഞു. ഹനീഫ വിവരിച്ച സകല ആഭരണങ്ങൾക്കുമപ്പുറം ഒരു പെട്ടി അവിടെ ശരിക്കും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. പെട്ടിക്ക്‌ നാലടി നീളമുണ്ട്.

പെട്ടീടെ മോളിൽ താമരപ്പൂവിന്റെ മങ്ങിയ ചിത്രവുമുണ്ട്!

“സൂക്ഷിച്ചു നോക്കിയപ്പോ ഞാൻ കണ്ടതാ. സൈഡിൽ ചിറ്റിപ്പറമ്പ് എന്നു കൊത്തിവെച്ചിട്ടുമുണ്ട്.”

അന്നോളമുള്ളതിൽ വെച്ചേറ്റവും വലിയ സത്യത്തെ മുന്നിൽ കണ്ടതുപോലെ പുഷ്പയ്ക്ക് വാക്കുകൾ മുട്ടി. എനിക്ക് കാഴ്ചപോലും മങ്ങി. എനിക്കുടനെ സുരേശനെ വിളിക്കണമെന്നു തോന്നി. അപ്പോൾ സുരേശനെ സംശയിച്ച കാര്യവും പറയേണ്ടിവരില്ലേ?

നേരാണെന്നേ. ഒരു ദിവസം കൂടെ വൈകിയിരുന്നെങ്കിൽ പുഷ്പ അവിടുത്തെ പണി മതിയാക്കി ഇറങ്ങിയേനെ.

കാരണം കുന്നത്തുവീട്ടിൽ ആയിഷുമ്മ വല്ലാത്തൊരു സ്ത്രീ ആയിരുന്നു.

പ്രായം എൺപത്തിമൂന്നെങ്കിലും കുട്ടികള് തോറ്റുപോകുന്ന ദുർവാശിയാണ് കയ്യിൽ. കാലത്ത് ആറ് മണിക്കെഴുന്നേറ്റാൽ തുടങ്ങും ചായയ്ക്കുള്ള വിളി. കൃത്യം എട്ട് മണിക്ക് പ്രാതൽ. പത്തിരിക്ക് തേങ്ങയരച്ച മീൻചാറില്ലെങ്കിൽ അന്നു പട്ടിണിയാണ്. കൂട്ടാന് എരുവ് പാകമല്ലെങ്കിലോ? പിന്നങ്ങോട്ട് ദുർമുഖം. നടക്കണോ എന്നു ചോദിച്ചാൽ ഒന്നും മിണ്ടാതെ ഒരിടത്തു പോയിരിക്കും. ഇരിക്കണോ എന്നാണെങ്കിൽ വഴുക്കുന്ന മുറ്റത്തിറങ്ങി രണ്ടു റൗണ്ട് നടക്കും.

“എല്ലാം പോട്ടെ.”

പരാതിപ്പെട്ടി തുറക്കുന്നതിനിടെ പുഷ്പ ചോദിക്കുമായിരുന്നു.

“ഞാൻ അവ്‌ടെ ഹോം നേഴ്‌സ് അല്ലെ? അപ്പണി ചെയ്യാൻ വിടണ്ടേ?”

പുഷ്പ കൊടുക്കുന്ന മരുന്നുകൾപോലും ആയിഷുമ്മയ്ക്ക് വിശ്വാസമായിരുന്നില്ല. അന്തക്കാലത്ത് തമിഴ്‌നാട്ടിൽ പോയി ഡിഗ്രി എടുത്ത ആളാണ് അവർ. ഓരോന്നും കവർ നോക്കി ഉറപ്പു വരുത്താതെ ഉമ്മ ഗുളിക വിഴുങ്ങില്ല. കക്കൂസിലേക്ക്‌ നടക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉമ്മയ്ക്ക് മലമൂത്ര വിസർജ്ജനത്തിനായി ഒരു കോളാമ്പി മുറിയിൽ വെച്ചിട്ടുണ്ട്. അത് പുഷ്പ പോയി വൃത്തിയാക്കിക്കൊണ്ടുവരും. അതിനും ഉമ്മയ്ക്ക് ഒരു കളിയാണ്.

“എന്റെ തീട്ടോം മൂത്രോം കോരാൻ വേറൊരുത്തി വേണ്ട” എന്നും പറഞ്ഞ് അതുമെടുത്തു നടക്കും. ബാലൻസ്‌ തെറ്റി കോളാമ്പി വീഴും. വീട്ടുകാരുടെ ചീത്തകേൾക്കും മുന്നേ മുഴുവനും തുടച്ചു വൃത്തിയാക്കേണ്ട പണിയും പുഷ്പയ്ക്ക് തന്നെ.

“എനിക്ക് മതിയായി.”

കണ്ണീർക്കുടം ഒളിപ്പിച്ചത് കണക്ക് വീർത്തകവിളുമായി പുഷ്പ എന്നെ കെട്ടിപ്പിടിച്ചു. ഒരു മാസത്തോളമായി പുഷ്പ ആയിഷുമ്മയെ ശുശ്രൂഷിച്ചു കഴിയുന്നു. ദിവസവും കുറെയേറെ തവണ ചീത്ത കേൾക്കുന്നു. ആയിഷുമ്മയുടെ മരുമകളും പേരമക്കളും അവളെക്കൊണ്ട് കൂടുതൽ പണികൾ ചെയ്യിക്കുന്നു. പുഷ്പയ്ക്ക് ശരിക്കും മടുത്തിരുന്നു.

മാത്രവുമല്ല. ഈ നിധിക്കഥയിലെ വിശ്വാസവും അവൾക്ക്‌ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഓർമ്മകൾ നഷ്ടപ്പെട്ട കണ്ണൻ മാഷും ലക്കില്ലാത്ത ഹനീഫയുമല്ലാതെ ആരെങ്കിലും ഈ പെട്ടിയെപ്പറ്റി പറഞ്ഞുകേട്ടിട്ടുണ്ടോ?

അല്ലെങ്കിൽ രണ്ടാളും പറയുന്ന പെട്ടി ഒന്നുതന്നെയാണെന്ന് ഉറപ്പുണ്ടോ? ഒരുപോലുള്ള പല പെട്ടികൾ നാട്ടിൽ കാണാത്തതൊന്നുമല്ലല്ലോ?

പതം പറഞ്ഞുപറഞ്ഞു പുഷ്പയുടെ കണ്ണ്‌ നിറഞ്ഞുതുടങ്ങി. ഏതോ നിമിഷത്തിൽ അവൾക്ക്‌ നിയന്ത്രണം വിട്ടു. പുഷ്പ പൊട്ടിപ്പൊട്ടിക്കരയാൻ തുടങ്ങി.

പുഷ്പ കരഞ്ഞാൽ എനിക്ക്‌ സഹിക്കുമോ?

ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ തുപ്പലാം കൊത്തികളോട് മത്സരിച്ച് പുഷ്പയുടെ ചുണ്ടിൽ മുത്തുന്ന പതിനാലുകാരനായി ഞാൻ മാറി.

“മതിയാക്കിക്കോ എന്നാ. വേറെ വഴി നോക്കാം.”

ഞാനവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.

അതിന്റെ പിറ്റേന്നായിരുന്നു ദൈവത്തിന്റെ ഈയൊരു ഇടപെടൽ!

“കുന്നത്തുകാർ അത്‌ കൊണ്ടോയില്ലായിരുന്നെങ്കിലോ?”

ഞാൻ ചോദിച്ചു.

“ചിറ്റിപ്പറമ്പുകാർ അതെടുത്തു നമ്മൾക്ക് തന്നോണ്ടിരുന്നെങ്കിലോ?”

പുഷ്പ തിരിച്ചു ചോദിച്ചു.

എങ്കിൽ എനിക്കും സുരേശനും കക്കാനിറങ്ങണ്ടായിരുന്നു. പുഷ്പയ്ക്ക് പഠിപ്പ് മുഴുമിപ്പിക്കാതെ വേലയ്ക്കിറങ്ങണ്ടായിരുന്നു. സ്വന്തം എന്ന് ആകെ പറയാൻ ഉണ്ടായിരുന്ന കുഞ്ഞിപ്പാപ്പൻ ആശുപത്രിയിൽ ചോരതൂറി ചാകില്ലായിരുന്നു. ഞങ്ങളുടെ എല്ലാ ദുരിതങ്ങൾക്കും ഇല്ലായ്മകൾക്കും ചൂണ്ടിക്കാട്ടാൻ ഒരു കാരണമായി. ഞങ്ങളുടെ എല്ലാ മോഹങ്ങളും ആശകളും തച്ചുടച്ചതാരെന്ന് തീരുമാനമായി.

“അവര്‍ ഈ നാട്ടില് വരാണ്ട്‌ നിന്നാമതിയായിരുന്നു.”

ഞാൻ പറഞ്ഞു.

“അവരെ ഈ നാട്ടീന്ന്‌ കെട്ടുകെട്ടിച്ചാലും മതിയായിരുന്നു.”

പുഷ്പ പ്രാകി.

X

മുണ്ടോട്ട് പുഴയുടെ മറുകരയിൽ സുരേശൻ തോണി നിർത്തി. പണ്ടത്തെപ്പോലെ പമ്മിപ്പമ്മി ഒന്നുമല്ല അവൻ നടക്കുന്നത്. അതിന്റെ ആവശ്യവുമില്ലല്ലോ? കണ്‍മുന്നിലുണ്ട് കുന്നത്തുവീട്. പെരുന്നാളിന്റെ പിറ്റേന്നുവരെ സുരേശൻ കാത്തുനിന്നതിനൊരു കാരണമുണ്ട്. അന്നേ ദിവസം ആയിഷുമ്മയെ പുഷ്പയെ ഏല്പിച്ചു വീട്ടുകാർ ബന്ധുവീട്ടിൽ വിരുന്നിനു പോകുന്ന കാര്യം അവനറിയാമായിരുന്നു.

പക്ഷേ, പുഷ്പ ഇപ്പോൾ ആ വീട്ടിലില്ല. പുറകുവശത്തെ വാതിൽ ചാരിവെച്ച് പുഷ്പ സ്ഥലംവിട്ടു. അവളിപ്പോൾ ബാഗുമെടുത്തിറങ്ങിക്കാണും. പറഞ്ഞതുപോലെ അവൾ കെട്ടിയോനൊരു കത്തെഴുതിയിട്ടുണ്ടാകും.

“അതില്ലാണ്ട് പറ്റൂല്ല. എന്നെ വലിയ കാര്യാർന്നു.”

അവളുടെ ഭർത്താവ് അവളെ ദ്രോഹിക്കാറില്ല. അവളോട് മുഖം കറുത്ത് ഒന്നും പറയാറില്ല. അവൾക്കുള്ള പലഹാരപ്പൊതിയുമായല്ലാതെ വീട്ടിലേയ്ക്ക് കയറാറില്ല. എന്നിട്ടും അവൾ അയാളെ ഉപേക്ഷിക്കുകയാണ്.

“അയാള്‌ നീ അല്ലാത്തോണ്ട്.”

പുഷ്പയ്ക്ക് ഈ ന്യായം ധാരാളമായിരുന്നു.

കുന്നത്തുവീട്ടിൽനിന്ന് ഇറങ്ങിയുടൻ എന്റെ പങ്കുംകൊണ്ട് ഞാനും പുഷ്പയും സ്ഥലംവിടും. അവർക്ക് പുറത്തുപറയാൻ പറ്റാത്ത കേസായതുകൊണ്ട്‌ പൊലീസിനെ പേടിക്കേണ്ട. ഞാൻ പുഷ്പയെ ഊട്ടിയിലേയ്ക്ക്‌ കൊണ്ടുപോകും. അവിടുത്തെ തണുപ്പിൽ, ഞങ്ങളൊരൊറ്റപ്പുതപ്പിൽ കെട്ടിപ്പിടിച്ചു കിടക്കും. അവിടുത്തെ ഓരോ മരത്തിലും ഞങ്ങൾ പേരുകൾ കൊത്തിവെക്കും. ഞാനവളെ മുംബൈയിലേയ്ക്ക്‌ കൊണ്ടുപോകും. ദില്ലിക്ക്, കശ്മീരിലേക്ക്, രാജസ്ഥാനിലേക്ക്, അവിടുന്ന്‌ സ്വർഗ്ഗത്തിലേക്ക്!

“തള്ള നല്ല ഉറക്കമായിരിക്കും.”

സ്വർഗ്ഗത്തിലിരുന്ന്‌ സുരേശൻ പറയുന്നു.

തെറ്റ്. ഞങ്ങൾ അപ്പോൾ കുന്നത്തുവീടിന്റെ പുറകുവശത്തായിരുന്നു. സുരേശൻ എന്റെ തൊട്ട്മുന്നിലുണ്ട്. അവന്‍ മുഖം കൊടുക്കാതെ ഞാൻ തലകുലുക്കി. അവനോട് ഞാൻ മറച്ചുവെച്ച മറ്റൊരു രഹസ്യമാണത്. സുരേശൻ തന്ന മയക്കുപൊടി, പുഷ്പ ആയിഷുമ്മയ്ക്ക്‌ കൊടുത്തിട്ടില്ല.

“അല്ലെങ്കിലേ ശ്വാസം മുട്ടാ. ഇതു കുടിച്ചു എന്തെങ്കിലും ആയാലോ?”

എന്നിട്ടും എനിക്ക്‌ സംശയമുണ്ടായിരുന്നു.

“ഉറങ്ങിക്കഴിഞ്ഞാ പിന്നെ അവര് ആന കുത്തിയാലും അറിയൂല്ല.”

പുഷ്പ ഉറപ്പ് പറഞ്ഞു.

പുഷ്പ തുറന്നിട്ട വാതിലിലൂടെ ഞങ്ങൾ അകത്തു കയറി. മുന്തിയ കരിവീട്ടിയിൽ തീർത്ത കതകുകളെ കാലപ്പഴക്കം ഒട്ടും ബാധിച്ചിട്ടില്ല. ആ വാതിലുകൾ ഞങ്ങൾക്ക് അവകാശപ്പെട്ടതല്ലേ? വിള്ളലൊട്ടും വീഴാത്ത മേൽക്കൂരയും അതിനെ താങ്ങിനിർത്തുന്ന കൊത്തുപണികൾ നിറഞ്ഞ തൂണുകളും ഞങ്ങളെ കബളിപ്പിച്ചുണ്ടാക്കിയതല്ലേ?

ഡൈനിങ്ങ് ഹാളിലെ ചില്ലിൽ തീർത്ത തീൻമേശ. ചുറ്റും സിംഹാസനങ്ങളെ ഓർമ്മപ്പെടുത്തുന്ന കസേരകൾ. സ്വീകരണമുറിയിലെ മരക്കിളി പതുങ്ങിയിരിക്കുന്ന ക്ലോക്ക്.

എല്ലാം ഞങ്ങളുടേത്.

ആയിഷുമ്മയുടെ മുറി ഇടതുവശത്താണ്. മുറിക്കുള്ളിലാണ് അലമാര. അലമാരയ്ക്കുള്ളിൽ!

ശ്വാസോച്ഛ്വാസംപോലും പതുക്കെയാക്കി ഞങ്ങൾ മുറിയിലേക്ക്‌ നടന്നു. രാജകീയമായ പ്രൗഢിയോടെ അലമാര ഞങ്ങളെ സ്വാഗതം ചെയ്തു. ഞാൻ അലമാരയിലേക്ക് തിരിഞ്ഞു. മൊബൈലിന്റെ വെട്ടത്തിൽ താക്കോൽ ദ്വാരം തിരഞ്ഞു.

പുറകിലൊരു കാൽപ്പെരുമാറ്റം.

ഞാൻ വെട്ടിത്തിരിഞ്ഞു നോക്കി.

വാർദ്ധക്യം കൊത്തുപണികൾ നടത്തിയ ഒരു സ്ത്രീരൂപം ഊർദ്ധ്വനെടുക്കുംപോലെ അതിവേഗം ശ്വസിക്കുന്നു.

ആയിഷുമ്മ!

അവരുടെ തിമിരം ബാധിച്ച കണ്ണുകൾ ഇരുട്ടിൽനിന്ന് എന്റെ രൂപം വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയാണ്. അവരുടെ ഉള്ളിലുയർന്നൊരു നിലവിളി, ചുണ്ടോളമെത്തി പുറത്തുവരാൻ വെമ്പുകയാണ്. എന്റെ കയ്യിൽനിന്ന്‌ ഫോൺ ഊർന്നുവീണു.

പൊടുന്നനെ അവരുടെ ചെറിയ നിഴലിനെ പുറകിൽനിന്ന് വമ്പനൊരു നിഴൽ വിഴുങ്ങി. സുരേശൻ!

അവന്റെ കയ്യിൽ ഒരു ചുറ്റിക പ്രത്യക്ഷപ്പെട്ടു. ചുറ്റികയുടെ കാര്യം അവൻ സൂചിപ്പിട്ടേയില്ലല്ലോ? ഇതാണോ ഇത്തവണ അവൻ പറയാതെ വെച്ച തുറുപ്പുചീട്ട്?

വായുവിൽ ചുറ്റികയുടെ സീൽക്കാരം.

ആയിഷുമ്മയുടെ തല പലതായി പിളരുന്നു.

ആയിഷുമ്മയിൽനിന്ന് ഒരു നേർത്ത രോദനമുയരുന്നു.

വീണ്ടും സുരേശൻ ചുറ്റിക ആഞ്ഞുവീശുന്നു. രോദനവും ഉമ്മയുടെ തലയും പതിനായിരം കഷണങ്ങളായി ചിതറുന്നു!

XI

ഞാൻ കരയുക തന്നെയായിരുന്നു.

സുരേശൻ പൊട്ടിച്ചിരിക്കുന്നു. ഞങ്ങൾക്കിടയിൽ കുന്നത്തുവീട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന പെട്ടി. കുന്നത്തുവീട്ടിലെ പാതകത്തിന്റെ കഥയറിഞ്ഞതുപോലെ ഉറഞ്ഞുപോയ മുണ്ടോട്ട് പുഴ. പുഴയിൽ പങ്കായം താഴ്ത്തി സുരേശൻ ആഞ്ഞു തുഴയുകയാണ്.

“പേടിക്കാതിരിയെടാ.”

സുരേശൻ ആക്രോശിച്ചു.

“ആരും പിടിക്കാൻ പോണില്ല. അഥവാ പിടിച്ചാലും ഞാൻ ഏൽക്കാം.”

സുരേശൻ ഊറിച്ചിരിച്ചു. സുരേശൻ പഴയ സുരേശനല്ല. പഴയ സുരേശൻ അമിതാവേശത്തിൽ അബദ്ധങ്ങൾ ചെയ്യാറില്ല. ഇത് മോഷണമല്ലെന്ന് അവൻ പലവുരു ആവർത്തിച്ചതിന്റെ പൊരുൾ അപ്പോഴാണെനിക്ക് മനസ്സിലായത്.

സുരേശൻ തിരിച്ചെടുക്കുക മാത്രമായിരുന്നില്ല. സുരേശൻ കണക്ക് തീർത്തതാണ്. അന്നോളമുള്ള ഞങ്ങളുടെ സകല കെടുതികൾക്കും!

ആയിഷുമ്മ എന്തു പിഴച്ചിട്ടാണ് അവൻ കണക്ക് തീർത്തത്?

അവരാണോ ചിറ്റിപ്പറമ്പിൽനിന്നു പെട്ടി മോഷ്ടിച്ചത്? അവരാണോ ലഹളക്കാലത്തു കൊല്ലാനിറങ്ങിയത്?

ആയിഷുമ്മ എന്തു ചെയ്തിട്ടാണ്?

എന്റെ നെഞ്ചിൽ ചിന്തകൾ കനത്തു.

അവരും ചീത്ത സ്ത്രീയാണ്. ഞാൻ സ്വയം സമാധാനിപ്പിച്ചു.

ആയിഷുമ്മ പുഷ്പയെ കുറെ വേദനിപ്പിച്ചിട്ടുണ്ട്. അവർ പുഷ്പയെ കണ്ണുപൊട്ടുന്ന ചീത്ത പറഞ്ഞിട്ടുണ്ട്.

പക്ഷേ, പെരുന്നാളിനു കുപ്പായം വാങ്ങാൻ ഒരു മാസത്തെ ശമ്പളം അവർ പുഷ്പയ്ക്ക് അധികം കൊടുത്തിട്ടില്ലേ?

പുഷ്പയെ പൂച്ച മാന്തിയ ദിവസം, മുറിവിലേക്ക് ചിരവ കഴുകിയ വെള്ളമൊഴിച്ച്‌ കൊച്ചുമോന്റെ കൂടെ ആശുപത്രിയിലേക്ക് വിട്ടത് ആയിഷുമ്മ ആയിരുന്നില്ലേ?

ആയിഷുമ്മ അത്രയൊന്നും മോശം സ്ത്രീയല്ലായിരുന്നു.

എന്റെ കണ്ണിൽനിന്നു വീണ്ടും വെള്ളമൊഴുകി.

ആയിഷുമ്മയുടെ ശരീരം തന്നെയാണ് ഞങ്ങൾ കടത്തുന്നതെന്ന് എനിക്ക്‌ തോന്നുന്നുണ്ടായിരുന്നു.

പെട്ടിയിൽനിന്ന് ഒരു തങ്കവളയെടുത്തു പുഷ്പയ്ക്ക്‌ നീട്ടുമ്പോൾ ആയിഷുമ്മയുടെ ചുക്കിച്ചുളിഞ്ഞ കയ്യും ഞാൻ കണ്ടേക്കുമോ?

പെട്ടിയിലെ കമ്മലുകൾ, മുലയോളം നീണ്ടതെന്ന് പുഷ്പ കളിയാക്കാറുള്ള അവരുടെ കാതുകളിൽ ഒട്ടിനിൽക്കുന്നതായി തോന്നിപ്പോകുമോ?

കരിമണിമാലകൾ, പാദസരങ്ങൾ, അരഞ്ഞാണങ്ങൾ, എല്ലാം അവരുടെ ദേഹം ഭാഗിച്ചു കൈക്കലാക്കിയതുപോലെ!

അവർക്ക് ആ മയക്കുപൊടി കലക്കിക്കൊടുത്തിരുന്നെങ്കിൽ!

കരച്ചിലടക്കാൻ ഞാൻ വിരലുകൾ വായിൽ ചേർത്തമർത്തി.

പോയതിലും എത്രയോ വേഗത്തിലാണ് ഞങ്ങൾ തിരിച്ചെത്തിയത്. സുരേശനും ഞാനും പെട്ടിയെടുത്തു കരയിലേയ്ക്ക്‌ നടന്നു. പെട്ടിക്ക് എടുത്താൽ പൊങ്ങാത്ത ഭാരമുണ്ട്. നടക്കുമ്പോൾ ഉള്ളിൽ കിലുകിലുക്കം.

“നിക്കെടാ.”

സുരേശൻ പെട്ടി താഴെവെച്ചു. സുരേശന് ഇനിയും കാത്തിരിക്കാനുള്ള ക്ഷമയില്ലായിരുന്നു. അവന്റെ മുഖത്തു ജ്വലിക്കുന്ന ആകാംക്ഷ. ആയിഷുമ്മയുടെ ചോരപുരണ്ട ചുറ്റിക അവൻ പുറത്തെടുത്തു.

പെട്ടിയിലെ തുരുമ്പുപിടിച്ച കൊച്ചു പൂട്ട്‌ സുരേശൻ പൊളിക്കാൻ പോകുകയാണ്. സുരേശൻ ഒറ്റത്തവണ തട്ടിയതേയുള്ളൂ. പൂട്ട് പിളർന്നുവീണു. സുരേശൻ പെട്ടി തുറക്കാൻ പോകുകയാണ്.

ചിറ്റിപ്പറമ്പുകാർ ഞങ്ങൾക്കായി കാത്തുവെച്ച, ഞങ്ങൾക്കായി വീശിയെറിഞ്ഞ മുതൽ!

ഞങ്ങളുടെ ഏറ്റവും വലിയ നഷ്ടം.

മുട്ട് കുത്തി സുരേശൻ പെട്ടിക്കുള്ളിലേക്ക് തലയിട്ടു.

അടുത്ത ക്ഷണം അവന്റെ മുഖത്തെ തിളക്കം മങ്ങി. ഞെട്ടിപ്പിടഞ്ഞു സുരേശൻ പുറകോട്ടു വീണു. സ്തബ്ധനായി വാ പൊളിച്ചു അവൻ പെട്ടിയിലേക്ക് വിരൽചൂണ്ടി. അവനെന്തോ പറയാൻ ശ്രമിക്കുന്നുണ്ട്. അതു പുറത്തുവരുന്നില്ല.

അമ്പരപ്പോടെ ഞാനും കഴുത്തുനീട്ടി.

ഓലക്കീറുകൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെട്ടത്തിൽ ഞാൻ വ്യക്തമായി കണ്ടു.

പെട്ടിക്കകത്തു തങ്കാഭരണങ്ങൾ അല്ല. സ്വർണ്ണനാണയങ്ങളുമല്ല.

കുറെ ചാട്ടകൾ.

ഞാൻ കണ്ണ് തിരുമ്മി വീണ്ടും നോക്കി.

ലോഹപ്പിടി വിളക്കിച്ചേർത്ത, സർപ്പാകൃതിയിൽ ചുരുണ്ട, കുറെ ചാട്ടകൾ തന്നെ. ഇരുവശങ്ങളിലും കൂർത്തുകയറുന്ന മുള്ളാണികൾ!

“ആ...”

പുറകിലൊരു ചാട്ടയടി കിട്ടിയത് കണക്ക്‌ സുരേശൻ അലറി. ദിഗന്തങ്ങളെ ഉണർത്താൻ അതു ധാരാളമായിരുന്നു. കടവിനു ചുറ്റുമുള്ള വീടുകളിലെല്ലാം വെളിച്ചം തെളിഞ്ഞു. പിന്നെ ഞാൻ കാണുന്നത് സുരേശൻ മുണ്ടോട്ട് പുഴയിലേയ്ക്ക് ഊളിയിടുന്നതാണ്. പുഴയിലെ താമരക്കാടിനുള്ളിൽ കുമിളകളുടെ രൂപത്തിൽ സുരേശൻ ആണ്ടുപോയി.

വീടുകളിൽനിന്നു ടോർച്ചും തെളിച്ച് ആളുകൾ പുറത്തിറങ്ങി. ശബ്ദം കേട്ട ദിക്കിലേക്ക് അവർ വെളിച്ചം പായിച്ചു.

കുത്തിക്കയറുന്ന വെളിച്ചം. അതടുത്തടുത്തു വരുന്നു.

കണ്ണിലേക്ക്, തലച്ചോറിലേക്ക്, സർവ്വത്ര വെളിച്ചം! തളർച്ചയോടെ ഞാൻ പെട്ടിയിൽ താങ്ങി. കാലുകൾ മണ്ണിൽ ഉറച്ചുപോയതുപോലെ...

അപ്പോഴെനിക്ക് പുഷ്പയെ ഓർമ്മവന്നു.

മൊയില്യാരങ്ങാടിയിലെ അംബേദ്കർ പ്രതിമയുടെ മറവിൽ പുഷ്പ കാത്തിരിക്കുന്നുണ്ടാകും.

പുഷ്പ, ഒരായുസ്സും കൂടെ എനിക്കായി അവൾ കാത്തുനിൽക്കില്ലേ?

ശ്യാംകൃഷ്ണന്‍ ആര്‍. എഴുതിയ കഥ ‘തങ്കപുഷ്പം’
മിഥുൻ കൃഷ്ണ എഴുതിയ കഥ ഹീറോപ്പെണ്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ