ജിതേഷ് ആസാദ് എഴുതിയ കഥ 'ചുടലപ്പങ്ക്'

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ജിതേഷ് ആസാദ് എഴുതിയ കഥ 'ചുടലപ്പങ്ക്'
Updated on

ന്തസ്സായി മരിക്കാനായില്ലെങ്കിൽ എന്തിനാണിങ്ങനെ സമ്പാദിച്ചുകൂട്ടുന്നത് എന്ന വികാരത്തിന് അടിമയാണ് ഡേവിഡ്.

അതയാളുടെ തൊഴിലിൽനിന്ന് ഉണ്ടായ തോന്നലാണ്.

കൊവിഡ് അയാളുടെ തൊഴിലിനെ കടാക്ഷിച്ച നാളുകളായിരുന്നു അത്, ശവസംസ്കാരത്തിന് ഫ്യൂണറൽ ഹോമുകൾ വമ്പൻ തുക ഈടാക്കുന്ന സമയം.

നാട്ടിലെ കടങ്ങൾ തീർത്തതിനുശേഷവും സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയിട്ടും കൊട്ടാരംപോലൊരു വീട് പണിതതിനുശേഷവും ബാങ്ക് ബാലൻസ് കുമിഞ്ഞുകൂടിയ സമയം.

അപ്പനും അമ്മയ്ക്കും ഒരു പഞ്ചനക്ഷത്ര കല്ലറക്കുള്ള അഡ്വാൻസ് നാട്ടിലേക്ക് വിടാൻ ഡേവിഡ് തീരുമാനിക്കുന്നത് അങ്ങനെയാണ്.

ടെക്സാസിലെ ഒരു ഫ്യൂണറൽ ഹോം ആയിരുന്നു കുറെ മാസങ്ങളായി അയാളുടെ തൊഴിലിടം.

ടെക്സാസിൽ ശൈത്യകാലം തുടങ്ങിയിരുന്നു. മരണവെളുപ്പ് മെക്സിക്കോ അതിര് വരെ ഏതാനും ദിവസങ്ങൾക്കകം പടരും. തളർന്നുതൂങ്ങിയ കൈകൾകൊണ്ട് വെറുതെയൊന്ന് തൊട്ടു നോക്കിയതിനുശേഷം തൊലിയിൽ പറ്റിയ തണുപ്പ് മരണമല്ലെന്ന് അപ്പോഴൊക്കെ അയാളുറപ്പിച്ചു.

മരിക്കുന്നതിനു തൊട്ട്മുൻപ് സ്വന്തം ജീവിതം ഒരു സിനിമപോലെ കണ്‍മുൻപിൽ തെളിയുമെന്ന സങ്കല്പം ചിലപ്പോൾ ശരിയായിരിക്കും. കുട്ടിക്കാലത്ത് ആരോ പറഞ്ഞുകേട്ടതാണ് അങ്ങനെയൊരു സങ്കല്പം. അതാണ് ഇപ്പോൾ തന്നിലും സംഭവിക്കുന്നതെന്ന് ഡേവിഡിനു തോന്നി.

ഡേവിഡ് ആ സിനിമ കാണാൻ തയ്യാറെടുത്തു.

വെളുത്ത വസ്ത്രങ്ങളണിഞ്ഞ രൂപങ്ങൾ അവ്യക്തമായി കൺമുൻപിലൂടെ കടന്നു പോവുന്നുണ്ടായിരുന്നു.

കുറെ വാട്‌സ്ആപ്പ് വീഡിയോകൾ എന്നപോലെ കാഴ്ചകൾ ഡേവിഡിലേക്ക് വന്നുപോയ്ക്കൊണ്ടിരുന്നു. കണ്ണടച്ചുവെങ്കിലും കാണുന്നു ഒരു

വാട്‌സാപ്പ് വീഡിയോ കോളിൽ എന്ന പോലെ സ്‌ക്രീനിൽ ജീവിതം.

എന്നതാടാ നിന്റെ മുഖം വല്ലാതിരിക്കുന്നേ? നീ ഒന്നും കഴിച്ചില്ലേ എന്നു ചോദിക്കുന്നു. അമ്മ പൊടുന്നനെ സ്‌ക്രീൻ ഒന്ന് മിന്നി അണഞ്ഞു.

വീണ്ടും തെളിയുമ്പോൾ സ്‌ക്രീനിലതാ അപ്പൻ...

ഇവിടെ എല്ലാതും ഇങ്ങനെയൊക്കെയാണപ്പാ... ചുരുങ്ങിയ നിരക്കിലും മിതമായ ചെലവിലും ആഡംബരമായും മരിക്കാൻ ഞങ്ങൾക്ക് പലവിധ പാക്കേജുകൾ തന്നെയുണ്ട്. ചിലപ്പോൾ മരിക്കാനുള്ള തുക കണ്ടെത്താനാണ് ഈ നെട്ടോട്ടങ്ങളെന്ന് തോന്നിപ്പോകും.

ആളുകളുടെ മരണം ആണപ്പാ... ഞങ്ങളുടെ ജീവിതം..., നിശ്ചലമായ ശരീരങ്ങളുടെ അന്ത്യയാത്രയ്ക്ക് വില കുറച്ചും കൂട്ടിയും ഞങ്ങൾ ഇടയ്ക്ക് രസിക്കും... അവിടെ നമ്മൾ മലയാളികൾ ചരമകോളം വായിച്ചു കൂടിയ വയസ്സും കുറഞ്ഞ വയസ്സും മനസ്സിൽ രേഖപ്പെടുത്തി രസിക്കുന്ന പരിപാടിയുടെ വേറെ പതിപ്പെന്ന് വേണമെങ്കിൽ പറയാം.

കാശ് വാങ്ങി ശവസംസ്കാരം നടത്തുന്ന ഞങ്ങളുടെ തൊഴിലിടത്തെ ഫ്യൂണറൽ ഹോം എന്നാണപ്പാ... ഞങ്ങൾ വിളിക്കാറ്...

സ്‌ക്രീനിൽ അപ്പൻ വാക്കുകളില്ലാതെ വെറുതെയിരുന്നു. വീർപ്പുമുട്ടിയിട്ടാവണം അപ്പൻ ഉറക്കം വരുന്നെടാ... എന്നും പറഞ്ഞുകൊണ്ട് പൊടുന്നനെ അപ്രത്യക്ഷനായത്...

ഇടത്തെ കയ്യിലൂടെ സൂചിമുന കയറുന്നപോലെ തോന്നി മയക്കത്തിൽ ഡേവിഡിന്.

അയാളൊന്നു ഞരങ്ങി. ശ്വാസം അല്പം ഉള്ളിലേയ്ക്ക് കടന്നു.

മരണാനന്തര ചടങ്ങുകൾ അതായത് ശവസംസ്കാരം മുതൽ മരിച്ചവർക്കായി കരയാനും വേണ്ടി വന്നാൽ അവരുമായി ഒരു ബന്ധവുമില്ലാത്ത വി.ഐ.പികളുടെ സാന്നിധ്യംകൊണ്ട് അന്തസ്സുള്ള മരണം ഉജ്ജ്വലമാക്കാനും വരെയുള്ള പാക്കേജുകൾ ഡേവിഡിനും അയാളുടെ സ്ഥാപനത്തിനും ഉണ്ടായിരുന്നു. മിനിമം അന്തസ്സോടെ മരിക്കാൻ ഒരാൾക്ക് സാമാന്യം വലിയ തുകയാണ് ഡേവിഡ് ഈടാക്കിയിരുന്നത്. മരണത്തിന്റെ നക്ഷത്രപദവി കൂട്ടാൻ വാഹനങ്ങളുടെ നീണ്ടനിര തന്നെ ഒരുക്കുന്നതും ഡേവിഡിനും കൂട്ടർക്കും രസംപിടിക്കുന്ന സംഗതിയായിരുന്നു.

അവസരങ്ങൾക്കൊത്ത് നിരക്കിൽ ചില ഏറ്റക്കുറച്ചിലുണ്ടാവും. അവിടെയാണെങ്കിൽ ഇതിനെ നാട്ടുനടപ്പെന്നൊക്കെ പറയാം.

വെറുതെ കണ്ണുകളടച്ചു കിടക്കുന്നതിനിടെ സ്‌ക്രീനിൽ അപ്പൻ വീണ്ടും തെളിഞ്ഞു...

ഒരു കൂറ്റൻ ബാരൽപോലുള്ള കിണറിലൂടെ രണ്ടു കാറുകളും നാല് ബൈക്കുകളും കണ്ണുകളെ വെട്ടിച്ചുകൊണ്ട് ഇരമ്പിപ്പാഞ്ഞു. കുട്ടി ഡേവിഡ് അപ്പന്റെ ബൈക്ക് ഏതെന്നറിയാതെ വിറച്ചു. അടക്കിപ്പിടിച്ച ആൾക്കൂട്ട ശ്വാസം താഴോട്ട് നോക്കി. സേവിയർ എന്നു പേരുള്ളൊരാൾ ഹെൽമെറ്റ് ഊരി കാണികൾക്കു നേരെ കൈവീശുമ്പോൾ ശ്വാസത്തിന്റെ ഒരു കൂട്ടം അയാളിലേക്കും കൂട്ടുകാരിലേക്കും പുറപ്പെട്ടു.

അപ്പൻ.., കുട്ടി ഡേവിഡ് കുലുങ്ങി ചിരിച്ചു.

ഡേവിഡ്.., സേവിയർ.., നമ്മുടെ പേരുകളൊക്കെ എന്നാ കോമഡി ആണല്ലേ അപ്പാ...

രണ്ടു കാറിൽനിന്നും നാല് ബൈക്കിൽനിന്നും ഇറങ്ങി ആറ് സാഹസിക മനുഷ്യർ പരസ്പരം വാരിപ്പുണർന്നു...

അകംപ്രാന്തും പുറംപ്രാന്തും അല്പം ശമിച്ചുവെന്നു തോന്നിയ ആൾക്കൂട്ടം പതുക്കെ കിണർ ഗോവണിയിലൂടെ താഴോട്ടിറങ്ങി.

അംഗീകരിക്കുകയെന്നത് പറ്റെ പ്രയാസമായ കൂട്ടർ കൂട്ടത്തിന്റെ ഒച്ചകൾക്കിടെ ഇതൊക്കെ കൺകെട്ടല്ലെ എന്നു പിറുപിറുത്തു.

സേവിയർ അന്നേരം കിണറിന്റെ അടിത്തട്ടിലേക്ക് ചാഞ്ഞുറങ്ങി. ബൈക്ക് അയാൾക്ക് കാവൽ നിന്നു.

അപ്പാ... സ്വപ്നത്തിനുള്ളിലെ ശവക്കല്ലറക്കുള്ളിൽ കിടന്ന് ഡേവിഡ് വിളിച്ചു.

ഞൊടിയിൽ കൈവീശിക്കാണിച്ചുകൊണ്ട് ഒരു ബൈക്ക് കിറുകിറാ ശബ്ദത്തോടെ താഴേക്ക് പാഞ്ഞു. സ്വപ്നങ്ങളിൽ നിറഞ്ഞ ആൾക്കൂട്ടത്തിന്റെ ആരവത്തിലും ഡേവിഡ് സുഖമായി ഉറങ്ങി.

കിണർ ആൾക്കൂട്ടത്തിലേക്ക് തുറന്നുവെച്ച ചുഴിയാണെന്ന് ഡേവിഡിനു തോന്നി.

ജോർജ് ബുഷ്, യു.എസ് 75 എന്നീ പ്രധാന ഹൈവേകളിലൂടെ നിത്യവുമുള്ള വെകിളി പാച്ചിലുകൾ, ഡോ ക്രീക്ക് സ്ട്രീറ്റിലൂടെയോ ലെബനൻ സ്ട്രീറ്റിലൂടെയോ ഉള്ള വല്ലപ്പോഴുമുള്ള ചരിത്രഭാരമില്ലാത്ത ഞായറാഴ്ച നടത്തങ്ങൾ... ഉദരനിമിത്തം മിക്കപ്പോഴുമുള്ള ഇന്ത്യ ബസാർ, പട്ടേൽ ബ്രദേഴ്സ്, ഹരേലി-ഇന്ത്യൻ കിച്ചൻ ഐറ്റംസ് സന്ദർശനങ്ങൾ... ഭാര്യയുമായി വേർപിരിഞ്ഞ ശേഷം ഇതൊക്കെയായിരുന്നു ഡേവിഡിന്റെ ദിനചര്യകൾ..., ആവർത്തനങ്ങളുടെ ആവർത്തനം...

ഡ്രൈവിനിടയിലും ഞായറാഴ്ച നടത്തങ്ങൾക്കിടയിലും ഡേവിഡ് മേഴ്‌സിയേയും എമിലിയേയും ഓർമ്മിക്കാറുണ്ട്. പേരക്കിടാവിന്റെ പേരിൽ അപ്പന്റെ ചോയ്‌സ് സിൽവിയ എന്നായിരുന്നു..., എമിലി ഡേവിഡിന്റേതും.

പേരുകൾ കുട്ടികളുടെ ജീവിതത്തെ സ്വാധീനിക്കും... സിൽവിയ... എമിലി എന്നൊക്കെ പേരിട്ടാൽ കുട്ടികൾ അവരെപ്പോലെയാകും എന്നായിരുന്നു മേഴ്‌സിയുടെ പക്ഷം. എയ്ഞ്ചൽ എന്നായിരുന്നു അവൾ മകൾക്കിട്ട പേര്. അപ്പാപ്പന്റെ സിൽവിയ പപ്പയുടെ എമിലി മമ്മയുടെ എയ്ഞ്ചൽ...

ഇതെന്നാടാ... ഒരു പഴേ മലയാള സിനിമാപ്പേര് പോലെ... അപ്പൻ എന്നെ ഓൺലൈനിൽ വന്നു കളിയാക്കി പെട്ടെന്നുതന്നെ തിരികെ പോയി.

ചേരില്ല... അത്രമാത്രമാണ് മകളേയുംകൊണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ മേഴ്‌സിയും പറഞ്ഞുള്ളൂ...

ഐസ്‌ക്രീം... ഡേവിഡ് സാവധാനം പറഞ്ഞു... ഇക്കീം... എമിലി കുഞ്ഞൻ പല്ലുകാട്ടി പറഞ്ഞു...

റോഡ്... ഡേവിഡ് വീണ്ടും പറഞ്ഞു... യോട്... എളുപ്പത്തിൽ വഴങ്ങാതെ എമിലിയിൽ ‘റ’ ശബ്ദം കുറുമ്പ് കാണിച്ചു. ‘റ’ എന്നതിന്റെ സ്ഥാനത്ത് ‘യ’, ‘ട’ ശബ്ദങ്ങൾ കേറിയിരുന്ന് എമിലിയെ... വട്ടംകറക്കി.

ഈ അപ്പന് ഒന്നും അടീല്ല... ഡേവിഡിന്റെ കളിയാക്കലുകൾ മടുത്ത് പിണങ്ങി പോവുമ്പോൾ എമിലി പറയും...

അവരെന്തേ ഇനിയും അപ്പനും അമ്മയും കേറിവരുന്നപോലെ വീഡിയോ രൂപങ്ങളായി എന്നിലേക്ക് വന്നുപോവുന്നില്ല. ഡേവിഡ് ആലോചിച്ചു. മേഴ്‌സിയും എമിലിയും ഇതൊന്നും അറിഞ്ഞുകാണില്ലേ...?

കൈകളുടെ ചലനം നന്നേ കുറഞ്ഞിരിക്കുന്നു. ഉടലാകെ... വേദന... പിന്നെയും ദൃശ്യങ്ങൾ...

എന്നതാടാ... കോഴിച്ചാലാ... വിശേഷം... ഇൻഡ്യ ബസാറിൽ ചെല്ലുമ്പോൾ ചെറുപുഴക്കാരനായ തോമാസേട്ടൻ ചോദിക്കും...

ഇടക്കിടെ ഇവടെ രാജവെമ്പാല ഇറങ്ങാത്തോണ്ട് ഒരു വിശേഷവുമില്ലന്നേ... തിരിച്ചൊന്ന് ചൊറിഞ്ഞതിലുള്ള സുഖം മാസ്‌കിനുള്ളിലൂടെ അകത്തേക്ക് വലിച്ചുകൊണ്ട് പുറത്തേക്കിറങ്ങി.

തന്നെപ്പോലെ അകത്തും പുറത്തുമില്ലാത്ത മനുഷ്യരെപ്പോലെ പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലൂടെ നടക്കുമ്പോൾ മെക്സിക്കോയും അമേരിക്കയും ചേരുന്ന ഭ്രാന്തൻ കാലാവസ്ഥയാണ് ടെക്സാസ് എന്ന് ഡേവിഡിനു തോന്നി.

തോമാസേട്ടന്റെ ചേട്ടായി വമ്പൻ ജോർജേട്ടന്റെ മകൻ വമ്പൻ റിച്ചാർഡ് മുഖേനയാണ് ഡേവിഡ് ടെക്സാസിലെത്തുന്നത്. വമ്പൻ കച്ചവടക്കാരായതിനാലാവണം വമ്പന്മാർ എന്നൊരു വിളിപ്പേര്...

അത്യാവശ്യം കാശൊക്കെയായി... ഇനി നാട്ടിലെ പിള്ളാരെ കുറെ രക്ഷപ്പെടുത്തി എന്നു വരുത്താനാണോ തന്നെപ്പോലുള്ള ചിലരോട് കാണിച്ച കരുണയെന്ന് ഡേവിഡിനു സംശയം തോന്നാതിരുന്നുമില്ല.

പലിശയൊന്നും വേണ്ടടാ... ഉവ്വേ... നിന്നെപ്പോലുള്ള ചെറു പ്പക്കാർ ഇവിടെ ഈ റബ്ബർ ടാപ്പിംഗ് എന്നൊക്കെ പറഞ്ഞു ജീവിതം നശിപ്പിക്കണ്ട... എന്റെ അപ്പനും ടാപ്പിംഗ് ആയിരുന്നു... എന്നാ കാര്യം... കിട്ടുന്നെതേൽ നിന്നു ഞാൻ കണക്കാക്കുന്ന ഒരു തുക ഇങ്ങു തന്നേച്ചാൽ മതി...

ആയതിനാൽ ഈ ആയുസ്സ് മുഴുവൻ ഡേവിഡ് തന്നോട് നന്ദിയും കൂറുമുള്ളവനാണെന്നാണ് തോമാസേട്ടന്റെ വിചാരം...

നാട്ടിലെ ചേട്ടന്റേയും അവിടെയുള്ള മോന്റേയും പേരിലുള്ള നന്ദിയുടെ ഷെയർ ചോദിച്ചു

വാങ്ങിയോടാ... അവൻ... രാത്രി അപ്പൻ എന്നെ കളിയാക്കി.

വാൾമാർട്ടിൽ ചെല്ലുമ്പോൾ വാട്ട്‌സ്ആപ്പ് മേൻ... എന്ന സാമിന്റെ അന്വേഷണം ഉണ്ടാകും... ഇട്‌സ് അടിപൊളി ബ്രോ എന്ന മറുപടി കേൾക്കുമ്പോൾ അവനൊന്ന് കുലുങ്ങിച്ചിരിക്കും... തെക്കിലാണ് അമേരിക്ക... തെക്ക് കണ്ടവൻ അമേരിക്കയുടെ ഹൃദയം രുചിക്കും... സാം കാണുമ്പോഴെല്ലാം പറയും.

യു ഡിയർ തെക്കൻ... എന്ന് ഇന്ത്യനാണോ അമേരിക്കനാണോ എന്നു സംശയിക്കുംപോലെ ആത്മാർത്ഥമായാണോ വെറും പുളുവാണോ എന്ന

സംശയത്തിൽ ഡിയർ തെക്കൻ എന്ന് ഒരിക്കൽക്കൂടി അവനെ അഭിസംബോധന ചെയ്താണ് ഡേവിഡ് മടങ്ങാറ്...

കൊവിഡ് കൊയ്ത്തുകാലം! നിന്നുതിരിയാൻ നേരമില്ലാതെ ശവമടക്കുകൾ! ഈസ്റ്റർ ദിനത്തിലാണ് ഡേവിഡിന് ആ സ്ത്രീയുടെ വീഡിയോ കോൾ വരുന്നത്. അതിവേഗം വാക്കുകളിലൂടെ തെന്നിപ്പായുന്നതായിരുന്നു അവരുടെ സംസാരരീതി.

വിഷാദക്കുരുക്കിൽ വാക്കുകളുടെ വേഗം കൂടിയപ്പോൾ അവർക്ക് ഉന്നം തെറ്റി.

മരിയ എന്നാണ് പേരെന്നു മാത്രമാണ് ആദ്യം ഡേവിഡിനു മനസ്സിലായത്...

മരിച്ചുവെന്ന് തോന്നിക്കുന്ന മനുഷ്യശരീരത്തിന്റെ ചിത്രം അവർ വിളിക്കുന്നതിനു മുൻപ് ഡേവിഡിന് അയച്ചിരുന്നു. സന്ദേശത്തിനു താഴെ ക്രിസ്റ്റഫർ എന്നെഴുതിയതുകൊണ്ട് അതു മരിച്ച മനുഷ്യന്റെ പേരായിരിക്കുമെന്ന് ഡേവിഡ് ഊഹിച്ചു.

തടാകങ്ങളെ തൊട്ട് പാറകളിൽ തട്ടി മെക്സിക്കൻ ശ്വാസമുള്ളൊരു കാറ്റ് ചോള പ്പാടങ്ങളെ ഉലച്ചുകൊണ്ട് കടന്നുപോയി. മതിലിൽ തട്ടി അല്പം മെലിഞ്ഞ കാറ്റ് പതുക്കെ പാറമടക്കുകളെ കടന്നു. ജലം അല്പനേരത്തേക്കൊന്ന് ഉലഞ്ഞു.

മരിച്ചയാളുടെ വിവരശേഖരണം നടത്തും മുൻപേ അയാളുടെ മരണം ഏറ്റെടുത്താൽ തനിക്കും സ്ഥാപനത്തിനും കിട്ടാവുന്ന ലാഭം ഡേവിഡ് മനക്കണക്ക് കൂട്ടി. വരവും ചെലവും ലാഭവും നഷ്ടവും കൂട്ടാൻ ഞങ്ങൾക്ക് കാൽക്കുലേറ്റർ വേണ്ട അമേരിക്ക... ഡേവിഡ് അകമേ പറഞ്ഞു.

ഞാനോ എന്റെ സ്ഥാപനമോ ഈ മൃതശരീരം ഏറ്റെടുക്കണമെങ്കിൽ പതിനായിരം ഡോളർ വേണ്ടിവരുമെന്ന് അതീവ നയപരമായി അവരെ ബോധിപ്പിക്കാൻ ഡേവിഡ് ശ്രമിച്ചു.

കച്ചോടം പഠിച്ചെടോ... ഡേവിഡ് അയാളെത്തന്നെ അഭിനന്ദിച്ചു...

ഡേവിഡ് ശ്വാസം ആഞ്ഞുവലിച്ചു.., ദൃശ്യം അല്പനേരത്തേക്ക് മുറിഞ്ഞു.

തുടർന്ന് വന്ന വീഡിയോവിൽ മരിയ പേഴ്‌സ് തുറന്നു നാനൂറു ഡോളർ കാണിച്ചു. ദുരിതങ്ങളുടെ അതിവേഗ ഭാഷയിൽ ഇതേയുള്ളൂ... എന്റെ മകനെ ഇന്നാട്ടിലെ മനുഷ്യനെപ്പോലെ അടക്കണമെന്ന് യാചിച്ചു.

ആകെ ഉള്ള കോട്ട്കൊണ്ട് മകളുടെ മൃതശരീരത്തെ മൂടി ജെന്നി ഇനി നമ്മൾ എന്തു ചെയ്യും എന്ന് കൊടും തണുപ്പിലിരുന്നു കരയുന്ന താടിക്കാരനെ ഓർമ്മവന്നെങ്കിലും ഡേവിഡ് അതൊന്നും കാര്യമാക്കിയില്ല.

നടക്കൂല്ലാ... അമ്മച്ചി... ഡേവിഡ് തികച്ചും പ്രൊഫഷണലായ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു.

കുടിയേറ്റ നിയമങ്ങളെ അനുകൂലിക്കുന്നവരുടെ റാലി അല്പം മുൻപ് കടന്നുപോയതേയുള്ളൂ...

കുടിയേറ്റക്കാരുടെ നാട് കുടിയേറ്റം നിരോധിച്ചിരിക്കുന്നു എന്ന നാട്ടിലുള്ള സുഹൃത്തിന്റെ പോസ്റ്റിന് ചുമ്മാ വരുംദിവസത്തിൽ ലൈക്കടിക്കുമെന്ന് ഡേവിഡ് അന്നേരം കരുതിയതുമില്ല.

“Once this was our land. Now you demand money to bury our body.”

രോഷംകൊണ്ട് ഞൊടിയിടെ ഹാൻഡ്ബാഗിലെ കർചീഫ്‌കൊണ്ട് അവർ മുഖം തുടച്ചു... ഡേവിഡ് തെല്ലിടെയൊന്നു മുഖം താഴ്ത്തി.

ദൈവം തമ്പുരാനാണേ സത്യം നടക്കുകേലാ... മുതലാളിയുടെ നാവാവുകയാണ് അമ്മച്ചി... ജീവിതത്തിന്റെ പ്രത്യയശാസ്ത്രം.

പറഞ്ഞുതീരുമ്പോഴേക്കും ഡേവിഡ് അപ്പനെ വീണ്ടുമോർത്തു...

തലശ്ശേരിയിൽനിന്നും സർക്കസ് പഠിച്ച അപ്പനെ വെല്ലുന്ന അഭ്യാസിയാവാനായിരുന്നു ഡേവിഡിന്റെ അപ്പൻ സേവ്യറിന്റെ ആഗ്രഹം.

അമ്മച്ചിയുടെ കുടുക്കയിൽനിന്നു കട്ടെടുത്ത കാശുംകൊണ്ട് മാസങ്ങളോളം ഊരുചുറ്റി വന്നതിനു ശേഷം ഷർട്ടിന്റെ കോളർ അല്പം ഉയർത്തി അപ്പനു മരണക്കിണറിൽ ബൈക്കോടിക്കാൻ അറിയോ അപ്പാ... എന്നു സ്വന്തം പിതാവിനെ വെല്ലുവിളിച്ചുകൊണ്ടാണ് അയാൾ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

നെഞ്ചിൽ രണ്ടു ട്യൂബ്‌ലൈറ്റ് വെച്ച് വെട്ടുകല്ലിട്ട് പൊട്ടിച്ചുകൊണ്ട് ആൾക്കൂട്ടത്തിൽനിന്നു പിരിവെടുക്കുന്ന പരിപാടി അല്ല അപ്പാ... ഇത്... ടിക്കറ്റ് വെച്ചുള്ള കളിയാണ്.., മരണക്കിണർ..., സേവിയർ അപ്പനെ കളിയാക്കി...

നിന്റെ സുഹൃത്ത് സാം പറഞ്ഞിട്ടാണ്... ഞാൻ വിളിക്കുന്നതെന്ന്... അവസാനത്തെ ആശ്രയമെന്നപോലെ മരിയ പറഞ്ഞൊപ്പിച്ചു.

പെട്ടെന്നുതന്നെ അപ്പന്റെ ഓർമ്മ അതിനിടയിൽ എവിടേക്കോ മറഞ്ഞു.

സാക്ഷാൽ ഡൊണാൾഡ് ട്രംപ് പറഞ്ഞാലും നടപ്പില്ലെന്ന്... ഡേവിഡ് മറുപടി നൽകി... ഈ മരണകാലമാണ് ഐശ്വര്യം..., ഡേവിഡ് കൂട്ടിച്ചേർത്തു...

നിനക്കൊന്നും തന്തയും തള്ളയുമില്ലെടാ... മരിയയുടെ രോഷം പൂണ്ട കണ്ണുകളെ ഒരിക്കൽക്കൂടി ഡേവിഡ് പരിഭാഷപ്പെടുത്തി.

ഒന്ന് പോ തള്ളേ... എന്നു പറയാൻ തോന്നിയെങ്കിലും വീൽചെയറിൽ ഉരുളുന്ന അപ്പന്റെ രൂപം ഡേവിഡിനെ വിലക്കി.

ഒരു ബൈക്കിന്റെ ചുമലിലിരുന്ന് അപ്പനോർമ്മകൾ അയാളിലേക്ക് പാഞ്ഞെത്തി.

മരണക്കിണറിനുള്ളിലെ മൂളിത്തിരിയുന്ന പരക്കംപാച്ചിലുകൾ ഡേവിഡിന്റെ തലച്ചോറിൽ വട്ടമിട്ടു.

തല്‍ക്കാലം എനിക്ക് തന്തയും തള്ളയുമില്ല... പ്ലീസ് ലീവ് ഹിയർ... ഡേവിഡ് എത്രയും പെട്ടെന്ന് അയാളെ തിരികെ പിടിച്ചു. ചോരയിൽ വഴുതിക്കിടന്ന അപ്പന്റെ ഉടൽ ഓർമ്മയിൽനിന്ന് ആവും വേഗം ഡെലീറ്റ് ചെയ്തു.

എന്റെ ജെന്നി.., നമ്മുടെ മോളെ എങ്ങനെ അടക്കം

ചെയ്യുമെന്ന് മകളുടെ മൃതശരീരം മടിയിൽ കിടത്തി അവളുടെ നെറ്റിയിൽ ഉമ്മവെച്ചു കരയുന്ന താടിക്കാരനായ പിതാവിനെ എനിക്കോർമ്മ വന്നു.

ആ ഓർമ്മയിൽനിന്നും രക്ഷപ്പെടാൻ ഞാൻ പേടിച്ചിരുന്നു.

തിരിഞ്ഞുനടക്കാൻ ആഞ്ഞ ഡേവിഡിന്റെ അരക്കെട്ടിലേക്ക് മരിയ വട്ടംപിടിക്കുന്നപോലെ അയാൾക്കു തോന്നി. ബലം ക്ഷയിച്ച കൈകൾ പതിയെ താഴോട്ടൂർന്നു ഡേവി ഡിന്റെ കാലിൽ വട്ടം ചുറ്റി. എനിക്ക് ശ്വാസം മുട്ടുന്നുവെന്ന തൊട്ടുമുൻപത്തെ ആഴ്ചയിലെ പൊലീസ് ബൂട്ടിനടിയിൽ കിട ന്ന മനുഷ്യന്റെ നിലവിളിയെ ഡേവിഡ് മരിയയോടൊപ്പം ഉപേക്ഷിച്ചു.

ടാ... തെണ്ടി മരിക്കാൻ കാശില്ലാത്തോരെ എന്നാ... ചെയ്യുമെടാ... ദൃശ്യത്തിൽ വീണ്ടും തെളിഞ്ഞ അപ്പൻ രോഷാകുലനായി...

ഒന്നുകിൽ വല്ല പള്ളി ഏറ്റെടുക്കും... അല്ലാത്തോരെ നഗര ഭരണകൂടം കൂട്ടിയിട്ട് കത്തിക്കും... അതുമല്ലെങ്കിൽ ഒരു വലിയ കുഴിയിലിട്ട് മൂടും -ഡേവിഡ് അപ്പന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി... രൂക്ഷമായ നോട്ടത്തോടെ അപ്പൻ അപ്രത്യക്ഷനായി...

വേണ്ടപോലെയൊന്ന് അസ്വസ്ഥമാകാൻപോലും ഇവിടെ ആർക്കും നേരമില്ലപ്പാ... രാത്രി ചാറ്റിൽ ഡേവിഡ് അപ്പനോട് പറഞ്ഞു.

നിന്റെ അമേരിക്ക ഇപ്പോൾ ഭൂമിയോളം വലിയ പൂജ്യമാണ്... മോനെ... കൊവിഡ് അവിടെ മലർന്നുകിടന്നു തൂറും... തൂറിമെഴുകും... സേവിയർ വീൽചെയറിൽ ഇരുന്ന് ഡേവി ഡിനെ കളിയാക്കി ചിരിച്ചു. അപ്പന്റെ വീഡിയോ കണ്ട ഡേവിഡും ചിരിച്ചു.

അപ്പന് അമേരിക്കയെ കുറിച്ചൊരു മൈരും അറിയില്ല. ഡേവിഡ് മനസ്സില്‍ പറഞ്ഞു.

കണ്ണ് നനയുമെന്നായപ്പോൾ സേവിയർ വീഡിയോ ദൃശ്യത്തിൽനിന്ന് അപ്രത്യക്ഷനായി.

അന്നുതന്നെ ചാറ്റിൽ കണ്ടപ്പോൾ ഫക്ക് യു... എന്ന് നടുവിരൽ ഉയർത്തിക്കാണിച്ച സാം ഡേവിഡിൽനിന്ന് ഒഴിഞ്ഞുമാറി.

വിജനമായൊരു പ്രദേശത്തിലെ പള്ളിയുടെ പശ്ചാത്തലം നിറഞ്ഞ വീഡിയോയിൽ ക്രിസ്റ്റഫറിന്റെ ശരീരം അടക്കം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം സാം അന്നുതന്നെ ഡേവിഡിന്റെ ഫോണിലേക്കയച്ചു. ശരീരമാകെ മൂടി, കൂർത്ത മുഖവും നരച്ച താടിയുമുള്ള മനുഷ്യൻ വിശുദ്ധ ബൈബിൾ വായിക്കുന്നുണ്ടായിരുന്നു. മരിയയും സാമും ഒട്ടും നനയാത്ത കണ്ണുകളോടെ ഒരുപിടി മണ്ണ് ക്രിസ്റ്റഫറിന്റെ കുഴിമാടത്തിലേക്കിട്ടു.

വീഡിയോക്ക് പുറംതിരിഞ്ഞു നിന്ന മറ്റൊരു മനുഷ്യൻ മണ്ണുകൊണ്ട് ക്രിസ്റ്റഫറിനെ മൂടി.

പള്ളി ഒരു മഗ്നോളിയ മരംപോലെ പൂത്തുലഞ്ഞുനിന്നു. ഒരിക്കൽ കൂടി സാം ഡേവിഡിനു നേരെ നടുവിരൽ ഉയർത്തിക്കാണിച്ചു.

ശ്വാസം ഉടലിനോട് ഒരുതരത്തിലും സമരസപ്പെടാതിരുന്നപ്പോഴാണ് ഡേവിഡിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നത്. ഹോസ്പിറ്റലിലായതിന്റെ മൂന്നാംദിവസം ഫോണിൽ സേവ് ചെയ്യാത്ത നമ്പറിൽനിന്നെത്തിയ അപ്പന്റെ അടക്കിന്റെ ദൃശ്യങ്ങൾ ഡേവിഡ് കണ്ണിമ വെട്ടാതെ കണ്ടു. ആഡംബര കല്ലറയിലേക്ക് ഇറക്കിവെക്കുമ്പോൾ അപ്പന്റെ അരക്കെട്ട് ഒന്നൂടെ അയഞ്ഞപോലെ ഡേവിഡിനു തോന്നി. തൊട്ടടുത്ത് രൂപപ്പെടാനിരിക്കുന്ന കല്ലറയിലേക്കെന്നപോലെ അമ്മച്ചി നിസംഗയായി അപ്പനെ നോക്കുന്നത് ഡേവിഡ് കണ്ടു.

രാത്രിയിൽ അപ്പനും ക്രിസ്റ്റഫറും കല്ലറക്കുമേലിരുന്ന് ചാറ്റ് ചെയ്തു രസിച്ചു. ഇരുട്ടിന്റെ പശ്ചാത്തലത്തിൽ ക്രിസ്റ്റഫറിന്റെ പിന്നിൽ ഒരു പള്ളിയും അപ്പന്റെ പിന്നിൽ ഒരു ബൈക്കും പ്രകാശംപോലെ തെളിഞ്ഞുനിന്നു.

ഡേവിഡ് ശൂന്യമായ കിടക്കയിൽ അറിയാതെ മറുപാതിയെ കെട്ടിപ്പിടിച്ചു. അപ്പാപ്പന്റെ സിൽവിയ... അപ്പന്റെ എമിലി... മമ്മയുടെ എയ്ഞ്ചൽ.... തന്നെ വാരിപ്പുണർന്ന് ഉമ്മവെക്കുന്നുണ്ടെന്ന് ഡേവിഡിനു തോന്നി. വേറിടും നേരം ചേരുന്നില്ലല്ലോ അപ്പാ.., ഈ അപ്പന് ഒന്നും അടീല്ലാ... എന്ന് അവളും പറയുന്നപോലെ...

മേൽക്കൂരയിൽ അപ്പോൾ ഒരു ബൈക്ക് മൂളിക്കറങ്ങി. ഇതൊക്കെയൊരു കൺകെട്ടല്ലെയെന്ന് മരണം കട്ടിലിനു താഴെ കിടന്ന് പിറുപിറുത്തു.

നീണ്ട ചുമയും ശ്വാസതടസ്സവും നൽകിയ ഇടവേളയിൽ ഡേവിഡ് അപ്പനോട് അയാളുടെ അവസാന ചോദ്യം ചോദിച്ചു:

അപ്പാ... വമ്പൻ ഇൻഷുറൻസും... അന്തസ്സായി മരിക്കാൻ ഒരു വൻതുകയും കരുതാതെ അപ്പന് അമേരിക്കയിൽ ജീവിക്കാൻ അറിയാമോ...?

അപ്പാ... ഇത് അപ്പന്റെ ടിക്കറ്റ് വെച്ചുള്ള കളിയല്ല അപ്പാ...

ഒരു നീണ്ട ചുമ ഡേവിഡിന്റെ ബാക്കി ചോദ്യങ്ങളെ മുറിച്ചു. നെഞ്ചിനുള്ളിൽ അനേകം കാറുകളും ബൈക്കുകളും മൂളിപ്പാഞ്ഞു... അപ്പോഴും ഡേവിഡ് പൂത്തുലഞ്ഞ മഗ്നോളിയ മരങ്ങളെ സ്വപ്നം കണ്ടു...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com