
മാക്കോത അന്തിച്ചെത്ത് കഴിഞ്ഞു വരുകയായിരുന്നു.
തെണ്ടന്റെ മണ്ടകപ്പുരയുടെ മുന്നിലെത്തിയപ്പോൾ ആരോ കാലുകളിൽ പിടിച്ചങ്ങോട്ട് വലിക്കുന്നതുപോലെ തോന്നി. അയാളുടനെ കള്ള് നിറഞ്ഞ ചെരയ്ക്കത്തൊണ്ട് നിലത്തുവെച്ച് കത്തിക്കൂടിലെ ചേറ്റുകത്തിയെടുത്ത് ഒരു യുദ്ധത്തിലെന്നോണം തലങ്ങും വിലങ്ങും ആഞ്ഞുവീശാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ കാലിലെ പിടിയയഞ്ഞെങ്കിലും നന്നായി വിയർത്തു. ചേറ്റുകത്തി കത്തിക്കൂടിൽ തിരുകി ദാഹം മാറ്റാൻ ചെരയ്ക്കത്തൊണ്ടെടുത്ത് കള്ള് രണ്ടു കവിളിറക്കിയപ്പോൾ നല്ല ആശ്വാസം ലഭിച്ചു. നെഞ്ചത്തു പറ്റിയ കള്ള് കൈകൊണ്ടു തുടച്ച് ഇത്തിരിനേരമങ്ങനെ നിന്നപ്പോൾ മനസ്സിലൊരു പ്രാർത്ഥന വിങ്ങി: “ഇന്റെ
തെണ്ടൻ ദൈവേ, ഇന്റെ മുത്തപ്പാ, ഈ മായാലോകത്തുനിന്നും ഇന്നെ രക്ഷിക്കണേ!”
“എന്താണ് മാക്കോതച്ചാ വഴിയില് തപ്പി നിക്കണത്?” പഞ്ചീസുകളി കാണാൻ അന്തിക്കാട്ടങ്ങാടിയിലേയ്ക്ക് പോകുന്ന കരിങ്കാളി കെട്ടുന്ന ചിത്തൻ ചോദിച്ചപ്പോൾ, “ഒന്നുല്ലെന്ന്” ലേശം വൈക്ലബ്യത്തോടെ പറഞ്ഞ് മാക്കോത നടക്കാൻ തുടങ്ങി.
തെണ്ടന്റെ മണ്ടകപ്പുരയിൽ പാർത്തിരുന്ന മുത്തപ്പൻ സാമിയാരുടെ അവതാരമാണ് താനെന്ന് മാക്കോതയ്ക്ക് തോന്നാ ൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. ദിവസവും രണ്ടുനേരം ചെത്തുന്നവനായിരുന്നെങ്കിലും മുത്തപ്പൻ സാമിയാർ മൂന്നുനേരം ചെത്തിയിരുന്നെന്ന കേൾവിയിൽ മാക്കോതയും ചെത്ത് മൂന്നുനേരമാക്കുകയായിരുന്നു. അങ്ങാടിയിലെ രൈരുവിന്റെ ഷാപ്പിലേയ്ക്ക് കള്ളളന്നുകൊടുക്കാനുള്ള പോക്കിൽ തെണ്ടന്റെ മണ്ടകപ്പുരയെത്തുമ്പോഴൊക്കെ താൻ മുത്തപ്പനാണെന്നൊരു തോന്നൽ അയാൾക്കുണ്ടായിവന്നു. ഇതാ മുത്തപ്പനെപ്പോലെ താനും മൂന്നു നേരം ചെത്തുന്നു. മുത്തപ്പനെപ്പോലെ ചികിത്സിക്കാനുള്ള ഏതാനും പച്ചിലമരുന്നുകളുടെ പ്രയോഗവും തനിക്കറിയാം. എറാമ്പുളിയും ആടലോടകവും സമം അരച്ചു കഴിച്ചാൽ വയറ്റെളക്കവും കീഴാർനെല്ലിയും പേരയിലയും അരച്ചുരുട്ടിത്തിന്നാൽ ഏത് കടുത്ത പനിയും പമ്പകടക്കുമെന്നും അതൊക്കെ അന്തിക്കാട്ടെ പലരിലും പരീക്ഷിച്ചതും മാക്കോത ഓർത്തെടുത്തു. കൂടാതെ മണ്ടകപ്പുരയുടെ പീഠത്തിൽ സൂക്ഷി ച്ചിട്ടുള്ള വെഷക്കല്ല്, സർപ്പദംശനമേറ്റവന്റെ കടിവായിൽ തെങ്ങനെ മനസ്സിൽ ധ്യാനിച്ച് വെച്ചുകൊടുഞ്ഞാൽ മതി,
കാന്തക്കല്ല് ഇരുമ്പ് രായികളെ ആകർഷിക്കുന്നതുപോലെ സിരകൾക്കുള്ളിലൂടെ രക്തവുമായി കൂടിക്കലർന്നുപോയ വിഷത്തെ വലിച്ചെടുത്ത് കല്ലിനെ നീലയാക്കും. ആരെയെങ്കിലും പാമ്പ് കടിച്ച് കൊണ്ടുവരുകയാണെങ്കിൽ അതും കൂടിയൊന്ന് പരീക്ഷിച്ചുനോക്കണമെന്ന് മാക്കോത മനസ്സിൽ കരുതി. മണ്ടകപ്പുരയിൽ വെഷക്കല്ലുള്ളതിനാൽ ഈ അന്തിക്കാട്ട് ആരുമിതുവരെ സർപ്പദംശനമേറ്റ് മരിച്ച ചരിത്രമില്ല. മുത്തപ്പനെപ്പോലെ എല്ലാ ബന്ധനങ്ങളുമുപേക്ഷിച്ച് മണ്ടകപ്പുരയിലെ ഏകാന്തതയിൽ ധ്യാനിയായി കൂടിയാൽ പല ചികിത്സാമുറകളും ശീലിക്കാവുന്നതേയുള്ളൂ. ആ തോന്നലിൽ അകന്നകന്നുപോകുന്ന ചിത്തനേയും മണ്ടകപ്പുരയേയും മാറിമാറി നോക്കി മാക്കോത വല്ലാതൊന്ന് വിറച്ചു. കുറച്ചുനേരത്തേയ്ക്കുളള ആ പരകായം കൊള്ളലിൽനിന്നും അയാൾ ഒരു കണക്കിന് ഉടൽ വലിച്ചെന്നോണം വീടെത്തി തിണ്ണയിൽ കിടന്നു.
അന്തിക്കാട്ടെ പല വീടുകളിലുമുള്ള ചെത്തുതെങ്ങുകളിലേയും മാട്ടം ചവിട്ടിക്കയറി കുരലിലിരുന്ന് മാനെല്ലിൽ ഈയം നിറച്ച കുലമാട്ടികൊണ്ട് കുലയടിച്ച് പതം വരുത്തുമ്പോഴും
മാക്കോത വല്ലാതെ വിറയ്ക്കാറുണ്ട്. അന്നേരമയാൾ അറിയാതെ മണ്ടകപ്പുരയുടെ ദിശ നോക്കി കണ്ണുകളടയ്ക്കും. “ഇന്റെ തെണ്ടൻ ദൈവേ, ഇന്റെ മുത്തപ്പാ, ഈ മായാലോകത്തുനിന്നും ഇന്നെ രക്ഷിക്കണേ!” ദിവസവും മൂന്നുനേരവും എഴോ എട്ടോ തെങ്ങുകൾ മാക്കോത ചെത്തിപ്പോന്നു. ചൊട്ടയിട്ടാലും മച്ചിങ്ങയോ കരിക്കോ
തേങ്ങയോ വിരിയിക്കാൻ മറന്ന വ്രീളാവിവശരായ തെങ്ങുകളിലാണ് മാക്കോതയുടെ ചെത്തുജീവിതം തഴച്ചത്. ചെത്തുള്ള തെങ്ങുകളുടെ മുകളിലിരുന്നാൽ അയാൾക്ക് മണ്ടകപ്പുരയുടെ താഴികക്കുടത്തിലേയ്ക്ക് കണ്ണെത്തും. മാക്കോത കുലമാടി കള്ളിറക്കിപ്പോയ തെങ്ങുകളൊക്കെയും ഒരു വേനലും വർഷവും കഴിഞ്ഞാൽ തങ്ങളുടെ പൊടിപ്പുകളെക്കുറിച്ച് ആലോചിച്ചു. അവസാനത്തെ മധുരമധുവുമായി മാക്കോത മാട്ടക്കാലുകളഴിച്ചു പോയാൽ സിംഹം സടകുടയുന്നതുപോലെ തെങ്ങ് പട്ടകൾ കുലുക്കി ഒരു ദീർഘശ്വാസം വിട്ട് ജീവിതത്തിലേയ്ക്കുണരും. പിന്നെപ്പൊട്ടുന്ന കുലകളിലൊക്കെയും ഞമഞ്ഞിക്ക മുട്ടപോലെ മച്ചിങ്ങകൾ തൂങ്ങിക്കിടന്നു. മച്ചിങ്ങകൾ കരിക്കുകളും തേങ്ങകളുമായി വളർന്നു ഭാരം താങ്ങാതെ തെങ്ങ് കാറ്റിൽ കുനിഞ്ഞാടുന്നതു കാണുമ്പോൾ അതുവഴി പോകുന്ന മാക്കോതയുടേയും മനസ്സാടും. മുത്തപ്പൻ സാമിയാരും തെങ്ങുകളെ നോക്കി അങ്ങനെ നിർവ്വിശേഷം നിന്നിരുന്നുവത്രെ! കൂടാതെ മുത്തപ്പൻ തെങ്ങുകളോട് സംസാരിച്ചിരുന്നുവെന്നും അന്തിക്കാട്ടെ പഴമക്കാരുടെയിടയിൽ കഥകളുമുണ്ട്. മാക്കോതയ്ക്ക് പക്ഷേ, തെങ്ങുകളോട് സംസാരിക്കണമെന്ന വിചാരമുണ്ടെങ്കിലും നാലഞ്ച് മാട്ടക്കാല് കയറിയാൽ തെങ്ങിനോട് മിണ്ടാൻ മുട്ടി ചുറ്റാകെ നോക്കുമ്പോഴായിരിക്കും ആരെങ്കിലുമൊക്കെ കണ്ണിൽ പെടുക. അതോടെ ഒരേറ്റിന് അയാൾ കുല തേടിപ്പോവും.
പറഞ്ഞുപരന്നതും പറയാതെപ്പരന്നതുമായ കഥകളുടെ ഒരേണിയായ മുത്തപ്പനിലൂടെ കയറിപ്പോയാൽ കഥകളുടെ ഹിമാലയത്തിലെത്തിയപോലെയാണെന്ന് ഷാപ്പിലിരുന്ന് നമ്പോലനും ഉദയന്റെ പീടികയിലിരുന്ന് ഇട്ടപ്പനും പറയാറുള്ള കഥകളിൽനിന്നും മാക്കോത ഉൾക്കൊണ്ടിട്ടുണ്ട്. അവിടേക്കുള്ള വരവുപോക്കുകൾക്കിടയിലെ കഥകേൾക്കലിൽനിന്നാണ് മാക്കോതയിൽ മുത്തപ്പൻ ആവേശിച്ചത്. മാക്കോത ആദ്യമായി ഉച്ചച്ചെത്ത് തുടങ്ങിയപ്പോൾ ഷാപ്പുകാരൻ രൈരു പറഞ്ഞു: “അന്തിക്കള്ളിനു വാട്ടമില്ലാണ്ടിരിക്കാൻ കുലയിലിത്തിരി ചെളി പെരട്ടിക്കോളേണ്ട്.” മാക്കോത മൂളി. കളളിൽ കളവില്ലാത്ത നല്ല ചെത്തുകാരനാണ് മാക്കോതയെന്ന് രൈരുവിനറിയാം. ചെത്തിയിറങ്ങുമ്പോൾ മാട്ടയിൽനിന്നും ഒരു തുള്ളി കള്ള് തെങ്ങിന്റെ കടയ്ക്കൽ കുടഞ്ഞ് വീടുകളിലെ അമ്മത്തറയിൽ വെച്ച വെട്ടുഗ്ലാസ്സിൽ പകുതി കള്ള് പകർന്നേ മാക്കോത സ്ഥലം വിടാറുള്ളൂ. പകർന്ന കള്ളിനുപകരം തോട്ടുവെള്ളം ചേർത്ത് കള്ളിന്റെ അളവൊപ്പിക്കുന്ന പണിയൊന്നും മാക്കോതക്കില്ല. ഉച്ചച്ചെത്തുള്ളതിനാൽ അയാളുടെ തെങ്ങുകളെല്ലാം മാട്ടയിലേക്ക് നല്ലപോലെ കള്ള് ചുരത്തിക്കൊടുത്തു. അടിവേരുകൾ വലിച്ചുകയറ്റിയ ജലരാശി, തടിയിലൂടെ മേൽപ്പോട്ടുപാഞ്ഞ് കുരൽ കടന്ന് കുലയുടെ നറും പൂവുകളുടെ അന്തരാളങ്ങൾ താണ്ടി മാട്ടയിലേയ്ക്ക് കരഞ്ഞിറ്റി; മനുഷ്യരുടെ തൊണ്ടയിറങ്ങിപ്പോകുമ്പോഴുള്ള സുഖാലാസ്യമോർത്ത് കൊതിച്ചു. സ്വയം പുളിച്ചു. അന്തിക്കാട്ടെ എല്ലാ ചെത്തുകാരെക്കാളും രണ്ട് മാട്ട നിറച്ചും കള്ള്, കാവിൽ ചുമന്നാണ് ദിവസവും മാക്കോത ഷാപ്പിലെത്തിയത്. മാക്കോത വരുന്നത് കാത്ത് അന്തിക്കാട്ടെ നല്ല കുടിയന്മാരൊക്കെ ഷാപ്പിനു ചുറ്റും അവിടവിടെയിരുന്ന് ബീഡി വലിക്കുന്നുണ്ടാവും. മാക്കോത കള്ളളന്നു പോയാൽ അവർ വല്ലാത്തൊരാശ്വാസത്തോടെ ഷാപ്പിലേയ്ക്ക് പ്രവേശിക്കും.
ഒരുനാൾ മുത്തപ്പനിലേയ്ക്ക് പരകായം കൊള്ളുന്നതിന്റെ മുന്നോടിയായി മാക്കോത, ഷാപ്പിലേക്കു വേണ്ടിയുള്ള തെങ്ങുചെത്ത് നിർത്തി, ഒറ്റത്തെങ്ങ് ചെത്തലാക്കി. ഒറ്റത്തെങ്ങ് ചെത്തുന്നത് മരനീര് കുടിക്കുന്ന ചെത്തുകാരന്റെ അവകാശമാണ്! അതോടെ അന്തിക്കാട്ടെ നല്ല കുടിയന്മാരൊക്കെ എന്നന്നേയ്ക്കുമായി വിഷാദമൂകരായി. അങ്ങാടിയിലെ പാലച്ചോട്ടിലിരുന്നുള്ള പഞ്ചീസേറിലെ ഊക്ക് കുറഞ്ഞതിൽ നമ്പോലനും ചിത്തനും പരിഭ്രമിച്ചു. ഉറുവാടനെന്നല്ല, ഒറ്റയെണ്ണത്തിനും പഞ്ചീസ് വീണില്ല. കമിഴ്ന്നുവീണ കവിടികൾ നോക്കി അവർ ഉള്ളിൽ മാക്കോതയെ പ്രാകി. മാക്കോതയാകട്ടെ, കത്തിക്കൂടും ചെരയ്ക്കത്തൊണ്ടും കുലമാട്ടിയും ഉടുത്തതോർത്തും തലേക്കെട്ടും തെണ്ടന്റെ മണ്ടകപ്പുരയിൽ കൊണ്ടുവെച്ച് നല്ല മൽമ്മലിന്റെ കാവിയുടുത്തു. വീട്ടിൽ പോയി കൈയ്ക്കോട്ടും മടവാളുമെടുത്തുവന്ന് മണ്ടകപ്പുരയുടെ ചുറ്റുമുള്ള പൊന്തകൾ വെട്ടാൻ തുടങ്ങി. രണ്ടുനാളിലെ പണികൊണ്ട് കാവൊഴിച്ച് ബാക്കിയെല്ലായിടവും വൃത്തിയാക്കിയപ്പോൾ ശരീരത്തിനും മനസ്സിനും ആവതും ഊർജ്ജവും ലഭിച്ചപോലെ മാക്കോതയ്ക്ക് തോന്നി. ആലിന്റെ വേടിറങ്ങി മൂടിക്കിടന്ന കിണർ വറ്റിച്ച് നെല്ലിപ്പടിയിൽ പറ്റിയ അടിച്ചേറെടുത്തപ്പോൾ ജലക്കരുക്കൾ പൊട്ടി വെള്ളം തള്ളിവന്ന് ഭൂവിതാനത്തിലെത്തി. ഇളകിയ വാക്കല്ലുകൾ സിമന്റുതേച്ചുറപ്പിച്ചു. മണ്ടകപ്പുരയ്ക്ക് കുമ്മായം പൂശി. തറയ്ക്ക് കീലിട്ടു. മണ്ടകപ്പുരയോടു ചേർന്ന് ചായ്പ്പിറക്കി. വെള്ളം കോരി കുളിച്ചുവന്നതും വാതിലില്ലാത്ത മണ്ടകപ്പുരയുടെ പീഠപ്രതിഷ്ഠയിലേയ്ക്ക് മാക്കോത കുറച്ചുനേരം നോക്കിനിന്നു. “ഇന്റെ മുത്തപ്പാ.” ഉള്ളിൽ കരഞ്ഞുവിളിച്ചതും കാറ്റുപിടിച്ച കൂരിത്തെങ്ങുപോലെ അയാൾ വിറച്ചു. മണ്ടകപ്പുരയിൽനിന്നും ഒരു ദീപപ്രഭ വന്നുതൊട്ടതുപോലെ അയാൾക്കപ്പോൾ തോന്നി. അയാൾ തുള്ളിത്തുള്ളി മണ്ടകപ്പുരയിലേയ്ക്ക് തലയടിച്ചുവീണു.
മാക്കോത ഉണരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. എഴുന്നേറ്റ് മുഖം കഴുകി ഒരിളനീര് കുടിച്ച് കഴമ്പ് ചുരണ്ടിത്തിന്ന് ചായ്പ്പിൽ വന്നുകിടന്നു. അന്തിക്കാടിനെ മൂടിയ ഇരുട്ടിൽ കുറുക്കന്മാർ ഓരിയിട്ടപ്പോൾ അയാളാകെ പരിഭ്രമിച്ച് കിടപ്പുറയ്ക്കാതായി. ഷാപ്പടച്ച് രൈരുവും പീടികയടച്ച് ഉദയനും ഞെക്കുവിളക്കടിച്ചു പോകുന്നത് കണ്ടപ്പോൾ പത്തുമണി കഴിഞ്ഞിട്ടുണ്ടാകുമെന്ന വിചാരത്തിൽ, ഇനിയിവിടെക്കിടന്ന് ചത്താലും ആരുമറിയില്ലെന്ന് മാക്കോത പരിതപിച്ചു. ചീവിടുകളും മലമുഴക്കികളും കൂമനുമൊക്കെ ഉറക്കം വിട്ടുണർന്ന് കൊട്ടിപ്പാടാൻ തുടങ്ങിയപ്പോൾ അയാൾക്കിരുപ്പുമുറച്ചില്ല. ഭയം കുറയാനുള്ള പ്രാർത്ഥനകളൊന്നും ഫലിച്ചതുമില്ല. മണ്ടകപ്പുരയ്ക്കോ ചായ്പ്പിനോ അടയ്ക്കാനൊരു വാതിലുണ്ടായിരുന്നെങ്കിൽ കണ്ണുകളടച്ചു കിടക്കാമായിരുന്നെന്ന് വിചാരിച്ചെങ്കിലും അയാൾക്കപ്പോൾ വല്ലാത്ത നിരാശ തോന്നി. ചുറ്റാകെയുള്ള കൂറ്റൊന്നും പോരാതെ പൊടുന്നനെ മാനത്ത് തുലാത്തിലെ ഇടിയും വാളേറും തുടങ്ങിയപ്പോൾ അയാളിൽ പേടി കിളിർത്തു. കാറ്റിൽ മണ്ടകപ്പുരയുടെ മുഖപ്പ് ഇളകിവീണതും മാക്കോതയെഴുന്നേറ്റ് വീട്ടിലേക്കോടുകയായിരുന്നു. വീടിന്റെ ചവിട്ട് കയറിയതും മാക്കോത വീണു. ബോധം മറഞ്ഞ ആ കിടപ്പ് രണ്ടുദിവസം നീണ്ടു. വീട്ടിലപ്പോൾ ആരുമുണ്ടായിരുന്നില്ല. ചെമ്മന്തിട്ടയിൽനിന്നും വന്ന കല്യാണിയുടെ അച്ഛനും അമ്മയും കല്യാണിയെ പുളികുടിക്ക് കൊണ്ടുപോയതായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ കല്യാണിയെ തിരിച്ചുകൊണ്ടുവരാൻ അമ്മ ചീരു പോയതിനാൽ വീട് അടഞ്ഞുകിടന്നു. രണ്ടാംനാൾ പ്രഭാതത്തിൽ ചീരുവും കല്യാണിയും വീടെത്തുമ്പോൾ അകലേന്നേ അവർ മാക്കോതയെ കണ്ടിരുന്നു.
ഏത് സാമിയാരാണാവോ കിടക്കുന്നതെന്നാണവർ ആദ്യം വിചാരിച്ചത്. അടുത്തുവന്നതും “എന്തു പറ്റീടാ മാക്കോതേന്ന്” അമ്മയും “ഇങ്ങളാകെ വിളറിട്ട്ണ്ടല്ലോന്ന്” കല്യാണിയും ചോദിച്ചെങ്കിലും മാക്കോത, ദൂരെക്കാണുന്ന ഉദയന്റെ വീടിനു മുന്നിലുള്ള കാവിലേയ്ക്ക് നോക്കിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. മാക്കോതയുടെ ഉള്ളുകള്ളിയറിഞ്ഞപ്പോൾ ചീരു അന്ന് ഉറുവാടനിൽനിന്നും ബ്രാല് കടം വാങ്ങി വെച്ചും വറുത്തും ഊട്ടി മാക്കോതയുടെ നോൽമ്പ് പൊട്ടിച്ചു. അന്നു രാത്രിയിൽ പതിവുപോലെ അയാൾ മെത്തപ്പായയിൽ ചെന്നുകിടന്നു. അമ്മ വിളക്കത്ത് ഊരോത്തമ്മയുടെ, ‘മനുഷ്യഗുണബോധിനി’ തപ്പിത്തപ്പി വായിക്കുന്നതിന്റെ ഒച്ച കേൾക്കുന്നുണ്ട്. മുറിയിലെ വെളിച്ചം കെടുത്തി കല്യാണി, വീർത്ത വയറോടെ വേച്ചുവേച്ച് അടുത്തുവന്നു കിടന്നപ്പോൾ അയാൾ ഉറങ്ങിയതുപോലെ കണ്ണുകളടച്ചു. അവൾ പായയുടെ ഒരറ്റത്തേയ്ക്ക് തിരിഞ്ഞ് ഉടുമുണ്ടഴിച്ച് പുതച്ചുറക്കം പിടി ച്ചപ്പോൾ അയാൾ കണ്ണുകൾ തുറന്നു. മെല്ലെമെല്ലെ തെളിഞ്ഞ നനുത്ത പ്രകാശത്തിൽ കല്യാണിയുടെ കിടപ്പ് കണ്ടു. എത്ര നാളായി അവളെ
തൊട്ടിട്ടെന്നു വിചാരിച്ചു. ഏഴെട്ടു മാസമെങ്കിലുമായിക്കാണണം. കഴിഞ്ഞ ഭരണിക്ക് കൊടുങ്ങല്ലൂർക്ക് പോകുന്നതിന്റെ നാൽപ്പത്തൊന്ന് ദിവസത്തെ നോൽമ്പിനുശേഷം ദേ, ഇതുവരേയും... കല്യാണിയുടെ ഉടലിലേയ്ക്ക് അയാളറിയാതെ അപ്പോഴും നോക്കി.
ഭരണിപ്പാട്ട് പാടാൻ അന്തിക്കാട്ട് നമ്പോലനാണ് കേമൻ. കൊടുങ്ങല്ലൂർക്കു പോകാൻ നമ്പോലനും ചിത്തനും രണ്ടു ദിവസം ഷാപ്പ് പൂട്ടിയിട്ട് രൈരുവും കൂട്ടുപോന്നു. ഉടുക്ക് കൊട്ടാൻ ചിത്തനു നല്ല കഴിവാന്ന് പറഞ്ഞപ്പോൾ അയാൾ തിരുത്തി. “അയില് ഇന്നേക്കാൾ മുടുക്കൻ യേട്ടന്റെ കുഞ്ഞി, അപ്പുണ്ണ്യാണ്.”
“തന്നാരോ താനാരോ
താനാരോ തന്നാരോ!
കൊടുങ്ങല്ലൂരമ്മയ്ക്ക്
കുത്തിച്ചൊറിയാന്
ആയിരം കമ്പുള്ള
ഏണിയുണ്ടേ!
തന്നാരോ താനാരോ
താനാരോ തന്നാരോ!
ആയിരം കമ്പുള്ള
ഏണിയെടുത്തിട്ട്
ഏണിയിൽ കണ്ടരും
കൂട്ടരും കേറീട്ട്
തന്നാരോ താനാരോ
താനാരോ തന്നാരോ!”
വടക്കുന്നാഥനിലും ഗുരുവായൂരും തൃപ്രയാറും തൊഴുത് കൊടുങ്ങല്ലൂരിലെത്തുമ്പോൾ ചുറ്റിപ്പാട്ട് തുടങ്ങിയിരുന്നു. ഭഗവതി കളമായ്‌ച്ച് മദിച്ചുതുള്ളി ദർശനം കഴിഞ്ഞ് അന്തിക്കാട്ട് തിരിച്ചെത്തുമ്പോൾ പാതിരയായിരുന്നു. ഏരിമ്മൽനിന്നും നമ്പോലനും ചിത്തനും രൈരുവും വഴിപിരിഞ്ഞ് വീടെത്തിയപ്പോൾ ഉമ്മറത്തുനിന്നും നായ്ക്കൾ നാലഞ്ചെണ്ണം ഇറങ്ങിയോടി. “ന്റെ മുത്തപ്പന്മാരേ!” അയാളറിയാതെ ഒരു വിളി
വിളിച്ച് വാതിലിൽ മുട്ടിയപ്പോൾ അകത്തൊരു പരുങ്ങൽ കേട്ടു. ചിമ്മിണിവെളിച്ചത്തിന്റെ പടർച്ചയിൽ, പറമ്പിലെ ചപ്പിലകൾ ചവിട്ടിമെതിച്ച് ഒരു നിഴൽ കാവിലേക്കോടി നമിച്ചു വീണതുപോലെ തോന്നി.
തെണ്ടൻ ദൈവേ! ന്റെ മുത്തപ്പാ! പിന്നെപ്പിന്നെ തികട്ടിവന്ന ഓർമ്മയിൽ, ഓട്ടത്തിൽ പീടികകളുടെ താക്കോൽക്കൂട്ടം കിലുങ്ങിയതിന്റെ ഒച്ചപ്പാട് തള്ളിവരാൻ തുടങ്ങിയപ്പോൾ മനസ്സിൽ ആപത്ശങ്കയായി. “കണ്‍മുന്നിൽ കണ്ടതൊക്കെ മായയായിരിക്കണേ മുത്തപ്പാ.” തുടർന്നുള്ള രാത്രികളിൽ ആ ഓർമ്മ മാക്കോതയെ കടകോലിട്ട് ചുഴറ്റി. അന്നേരം മുറിക്ക് തീ പിടിച്ചതുപോലെ മെത്തപ്പായയിൽ കിടന്ന് അയാൾ പുളഞ്ഞു. അരയിൽ അന്ന് കത്തിക്കൂടില്ലാത്തതിൽ ഖേദം തോന്നി. ആ നിൽപ്പിൽ അയാളറിയാതെ തോളിൽനിന്നും വഴിപാട് പലഹാരങ്ങളുടെ സഞ്ചിയും തലയിലെ പുതപ്പും താഴേക്കൂർന്നുവീണു. അന്ന് ഉമ്മറത്ത് ഒറ്റയ്ക്ക് കിടന്നത് ഓർത്തുകൊണ്ട് അയാളപ്പോൾ ശബ്ദമില്ലാതെ നെടുവീർപ്പിട്ടു. താനാണോ കല്യാണിയാണോ, ആരാണ് തങ്ങളിൽനിന്നുതന്നെ ആദ്യമായി ഓടിയൊളിച്ചത്? പതിനെട്ടു കൊല്ലത്തോളം തരിശായിക്കിടന്ന കല്യാണിയുടെ ശരീരം
ദിനംപ്രതി ഇളപ്പെട്ടു വന്നപ്പോൾ അയാളിലൊരു ചോദ്യം ഉത്തരമില്ലാതെ വിങ്ങി. മനസ്സിൽ താക്കോൽക്കൂട്ടം കലമ്പി. അതിൽപ്പിന്നെ ഉദയന്റെ പീടികയിൽ പോയാൽ ചുമരിലെ ആണിയിൽ തുങ്ങിക്കിടക്കുന്ന താക്കോൽക്കൂട്ടത്തിലേയ്ക്ക് നോക്കാതിരിക്കാൻ അയാൾ ആവുന്നതും ശ്രമിച്ചു. എത്ര ശ്രമിച്ചാലും അവസാനം ഇറങ്ങുന്ന നേരത്ത് കണ്ണുകൾ താക്കോൽക്കൂട്ടം കണ്ടെത്തും. അയാൾ വേഗത്തിൽ നടന്നകലാൻ ശ്രമിക്കുമ്പോഴും താക്കോലുകൾ ദുർമൂർത്തികളെപ്പോലെ വളർന്നു പിന്നാലെ വിഴുങ്ങാൻ പാകത്തിൽ വരുന്നുണ്ടെന്നു തോന്നും. രക്ഷയില്ലാതെ അയാൾ ഏരിമ്മലൂടെ പാഞ്ഞ് ചെത്തുതെങ്ങുകളിലെ മാട്ടക്കാലുകൾ കയറി മുകളിലെത്തും. കുലമാടും. വിയർക്കും. ചില
നേരത്ത് പട്ടയിലെ പിടിത്തം വിട്ട് താഴേയ്ക്ക് ചാടാനും തോന്നും. ഏഴാം മാസത്തിൽ കല്യാണിയുടെ അച്ഛനും അമ്മയും വന്ന് കല്യാണിയെ ചെമ്മന്തിട്ടയ്ക്ക് പ്രസവത്തിനു കൊണ്ടുപോയതു മുതൽ ഒരു കൊടുങ്കാറ്റൊഴിഞ്ഞുപോയതുപോലെ മാക്കോത സ്വസ്ഥനായി. അന്നുമുതൽ അയാൾ മണ്ടകപ്പുരയുടെ ചായ്പ്പിൽ പൊറുതിയും തുടങ്ങി. മൂന്നാമത്തെ ദിവസം അമ്മ, ചീരു വന്ന് തോട്ടിലെ മാട്ടക്കാൽ
പിടിച്ചുനിന്ന് മണ്ടകപ്പുര നോക്കി വിളിച്ചുചോദിച്ചു: “മാക്കോതേ, ഇയ്യെന്താ വീട്ടിലേയ്ക്ക് പോരാത്ത്? അണക്കുള്ള മീങ്കൂട്ടാനും കുത്തരിച്ചോറും വെച്ച് ഞാനെത്ര ദെവസായി കാത്തിരിക്കുന്ന്?”
“ഞാൻ ഞ്ഞ് അങ്ങട്ടില്ല. ഇബടെ കൂട്വാണ്. ഇഞ്ഞുള്ള കാലം തെണ്ടനേയും മുത്തപ്പനേയും സേവിക്കാന്ന് വെച്ച്.”
മകന്റെ മറുപടി കേട്ട് ചീരു വഴിനീളെ കരഞ്ഞുനടന്നു. “ഇന്റെ മാക്കോതക്കുട്ടിക്കെന്ത് പറ്റ്യേണാവോ?” വഴിയിൽനിന്ന് വരട്ടോല വെട്ടി തോട്ടുവെള്ളത്തിൽ താഴ്ത്തുകയായിരുന്ന നമ്പോലന്റേയും ചിത്തന്റേയും പെണ്ണുങ്ങളായ മുഹാമിയോടും ചെമ്മരത്തിയോടും ചീരു സങ്കടം പറഞ്ഞു. ഏരിമ്മലൂടെ നടന്ന് ഉറുവാടന്റെ വീടെത്തിയപ്പോൾ വള്ളിയോടും അപ്പുറത്തുള്ള കാർത്തുവിനോടും ചീരു സങ്കടം ആവർത്തിച്ചു. വീടെത്തുമ്പോഴേക്കും ചീരുവിന്റെ കണ്ണിലെ നീരെല്ലാം വറ്റിപ്പോയിരുന്നു. കരഞ്ഞുതളർന്നു പിറ്റേന്ന് ചീരു പായിലേയ്ക്ക് മറിഞ്ഞു. മൂന്നാംനാൾ ചീരു കണ്ണടച്ചു. മണ്ടകപ്പുരയിൽ ചെന്ന് നമ്പോലൻ മാക്കോതയെ വിവരമറിയിച്ചെങ്കിലും വന്നില്ല. മനുഷ്യൻ മരിക്കുന്നില്ലെന്നും ഉടുപ്പ് പോലുള്ള ഭൗതിക ശരീരം ഉപേക്ഷിച്ച് ആത്മാവ് ദൈവം തമ്പുരാനെ തേടിപ്പോകുന്നതിനെയാണ് മനുഷ്യർ മരണമെന്നു പറയുന്നതെന്നും ചീരുവിന്റെ മനുഷ്യഗുണബോധിനി, ദിവസവും വായിച്ചു കേട്ടതിൽനിന്നും മാക്കോതയുടെ മനസ്സ് സംഗ്രഹിച്ചറിഞ്ഞിരുന്നു. നമ്പോലനും ചിത്തനും ഉറുപാടനും ഇട്ടപ്പനാശാരിയും കൂടിയാണ് ചീരുവിനെ മണ്ണിൽ മറവുചെയ്തത്.
കല്യാണി പിന്നെ അന്തിക്കാട്ടേയ്ക്ക് പോന്നില്ല. അവൾ പെറ്റത് ഒരാൺകുട്ടിയാണെന്ന് ചെമ്മന്തിട്ടയിൽനിന്നും ആളറിയിച്ചിട്ടും മാക്കോത കാണാൻ പോയതുമില്ല. അപ്പോഴേയ്ക്കും
മാക്കോത ഒറ്റച്ചെത്തുമൊഴിഞ്ഞ് തെണ്ടൻ ദൈവത്തിന്റേയും മുത്തപ്പൻ സാമിയാരുടേയും സേവകനായി മാറിയിരുന്നു. മണ്ടകപ്പുരയിൽ വിളക്കുതെളിഞ്ഞ് ശങ്കൂത്ത് പതിവായപ്പോൾ അന്തിക്കാട്ടുകാർ മുത്തപ്പൻ സാമിയാരുടെ കഥ കൂടുതൽ തെളിച്ചത്തോടെ പറയാനും കേൾക്കാനും രൈരുവിന്റെ ഷാപ്പിലും അങ്ങാടിപ്പീടികകളിലും കൂട്ടം കൂടാൻ തുടങ്ങി.
നെടുനാളത്തേയ്ക്ക് അങ്ങാടിയിലെ പഞ്ചീസുകളിപോലും അവർ മാറ്റിവെച്ചു.
ഇട്ടപ്പനും നമ്പോലനുമായിരുന്നു കഥപറച്ചിലിലെ കേമന്മാർ! ഒരുനാൾ, ഉദയന്റെ പീടികയിലെ ഉപ്പുകൂടയിൽ ആളുകൾ തൂറിവെച്ച് വശം കെട്ടതിനാൽ, പറങ്കിപ്പൂട്ടുറപ്പിക്കാൻ വന്ന ഇട്ടപ്പൻ, അതു കഴിഞ്ഞതും പണിസഞ്ചിയിൽ ഉളികളൊതുക്കുകയായിരുന്നു. ഉദയൻ നീട്ടിയ കൂലി വാങ്ങി മടിയിൽവെച്ച് അയാൾ പിന്നെ, കൂടയുടെ മീതെ നടുനിവർത്തിയിരുന്നു കഥകെട്ടാൻ തുടങ്ങി.
“അന്തിക്കാട്ട് ചെത്ത്
കൊണ്ടുവന്നത് ഈ മുത്തപ്പനാണ്.”
ഒരുശിരിനുവേണ്ടി അയാൾ നാലും കൂട്ടി മുറുക്കാൻ തുടങ്ങി. ഉദയനേയും ചുമരിൽ തൂങ്ങിക്കിടക്കുന്ന അയാളുടെ താക്കോൽക്കൂട്ടവും കണ്ട് നടുങ്ങിയ നില്‍പ്പിലും മുത്തപ്പന്റെ കഥ കേട്ടപാടെ മാക്കോതയിലെ ഇണ്ടലെല്ലാം ഊർന്ന് സ്വസ്ഥനായതുപോലെയായി. ഇരുട്ടിലേയ്ക്ക് മുറുക്കിത്തുപ്പിയ ഇട്ടപ്പൻ കഥ തുടർന്നു: “അതുകൊണ്ടാണല്ലോ, ചെത്തു മുത്തപ്പനെന്ന് അറിയപ്പെട്ടത്. വളരെക്കാലം മുന്‍പാണ്, അതായത് പൊന്നാ നിയിൽനിന്നും ചേറ്റുവ വരേയ്ക്കുമുള്ള കനാല്, കനോലി സായിപ്പും കൂട്ടരും വെട്ടാൻ ആലോചിക്കുന്ന കാലത്താണ് മുത്തപ്പൻ അന്തിക്കാട്ടെത്തിയത്. അതിനും മുന്‍പ് മുത്തപ്പൻ കൊളമ്പിലായിരുന്നു. മുത്തപ്പന്റെ പിതാവ് പേഞ്ഞുവും പേഞ്ഞുവിന്റെ പിതാവ് കണ്ടരുമൊക്കെ കൊളമ്പിൽ ചെത്ത് തൊഴിലാക്കിയവരായിരുന്നു. കൊളമ്പുകാരെ കള്ളുകുടിപ്പിച്ച് കിട്ടുന്ന പണം മുഴുവൻ ട്രങ്കിൽ സ്വരൂപിച്ച് നാട്ടിൽ വരുമ്പോൾ തെങ്ങുമ്പറമ്പ് വാങ്ങിക്കൂട്ടുകയായിരുന്നു കണ്ടര് മുതൽ പേഞ്ഞു വരെയുള്ളവരുടെ പ്രധാന പണി. മുത്തപ്പനു പതിനാറ് വയസ്സായപ്പോൾ കണ്ടരും പേഞ്ഞുവും പറമ്പുകൾ
നോക്കാനേല്പിച്ചെങ്കിലും മുത്തപ്പൻ അക്കാര്യത്തിൽ ഒരുത്സാഹവും കാണിച്ചില്ല. മുത്തപ്പൻ ദിവസവും ചെത്താൻ പോകുകയും ചെത്തിയ കള്ളിറക്കി ഷാപ്പിൽ കൊണ്ടുകൊടുക്കുകയും അങ്ങനെ കിട്ടുന്ന പണത്തിൽനിന്നും ആഹാരത്തിനുള്ളത് അമ്മ, കുഞ്ഞിമ്മാളുവിനു കൊടുത്ത് ബാക്കികൊണ്ട് സഹവാസികളായ നായകൾക്ക് മുള്ളൻ വാങ്ങി ചുട്ടുകൊടുക്കുകയും ജീവിക്കാൻ പാങ്ങില്ലാത്ത മനുഷ്യരെ സഹായിക്കുകയുമായിരുന്നു പതിവ്. ഒരു നാൾ കൊളമ്പിൽനിന്നും കണ്ടരും പേഞ്ഞുവും വന്ന് മകന്റെ
ചെയ്തികൾ കണ്ടപ്പോൾ മൂക്കത്ത് വിരൽവെച്ചു. വാങ്ങിച്ചുകൂട്ടിയ പറമ്പുകളിൽ ഒരു യുദ്ധക്കളത്തിലെന്നപോലെ ഓലമടലുകളും തേങ്ങകളും
കിടക്കുന്നത് കണ്ടപ്പോൾ അവർ തുള്ളപ്പനിക്കാരെപ്പോലെ വിറച്ചെത്തി പഴയ കത്തിക്കൂടിൽനിന്നും ചേറ്റുകത്തികളെടുത്ത് മുത്തപ്പന്റെ കണ്ഠമരിയാൻ മുതിർന്നെങ്കിലും അച്ഛമ്മ, വല്യമ്മാളു കണ്ടരിന്റേയും അമ്മ, കുഞ്ഞിമ്മാളു പേഞ്ഞുവിന്റേയും കൈകളിൽ തൂങ്ങി കൊല തടഞ്ഞു. വാസ്തവത്തിൽ പറമ്പുകളിലെ കാഴ്ച കണ്ടാൽ കണ്ടരും പേഞ്ഞുവുമല്ല, കണ്ടരിന്റപ്പൻ; മരിച്ചുപോയ ചാത്തുച്ചോനായാലും കുഴിയിൽനിന്നും എഴുന്നേറ്റുവന്ന് മുത്തപ്പനെ കീറുമായിരുന്നു. രാത്രിയിൽ പുതിങ്കള്ള് കുടിച്ച് മീതെ നല്ല കുളമീൻ കൂട്ടി കുത്തരിച്ചോറുമുണ്ട തൃപ്തിയിൽ രണ്ടാളും തിണ്ണയിലിരുന്ന് നിലാവ് കാണുമ്പോൾ, മാളു മുത്തപ്പന്റെ ചെവിയിൽ ചോദിച്ചു: “ഇയ്യെന്താന്നുംപറമ്പ് നോക്കാത്ത്? എത്രപ്പോരം ഓലമടലാണ്ടാ പറമ്പില് കൂടിക്കെടക്കണത്? തെങ്ങുകേറ്റംല്ലാതെ തേങ്ങകള് വീണു മുളച്ചുകിടക്കണത് ഇയ്യ് കണ്ടില്യേ കുട്ട്യേ?” ഈ പറച്ചിലും കേൾവിയുമൊക്കെ മുത്തപ്പനു വല്ലാത്ത സൊല്ലയായിത്തീർന്നു.
“ഇക്ക് മുതല് നോക്കി നടത്താനുള്ള ത്രാണിയില്ല. ഇക്ക് ചെത്തുകാരനായി ജീവിച്ചാ മാത്രം മതി.” അതു ശരിയാണെന്നപോലെ മുറ്റത്ത് ചടഞ്ഞിരുന്ന നായ്ക്കൾ എഴുന്നേറ്റുനിന്ന് ഓരിയിട്ടപ്പോൾ കണ്ടരും പേഞ്ഞുവും ചൊണച്ചുപറഞ്ഞു: “ഈ നായ്ക്കളൊക്കെ ഏട്ന്നാപ്പാ ഈടെ വന്നൂടി യത്? നാളെ ഈറ്റിനെല്ലാം തല്ലിക്കളഞ്ഞിട്ടേ വേറെ പണീള്ളൂ.” കുഞ്ഞിമാളുവിൻനിന്നും
മുത്തപ്പന്റെ മനസ്സിലിരിപ്പറിഞ്ഞ പേഞ്ഞുവും കണ്ടരും പറമ്പുകൾ നോക്കാൻ ഒരു കാര്യ സ്ഥനെ ഏല്പിച്ച് മുത്തപ്പനെ കൊളമ്പിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. കൊളമ്പില് വന്നപ്പോഴാണ് മുത്തപ്പൻ തെണ്ടൻ ദൈവത്തെപ്പറ്റി അറിയുന്നത്. കൊളമ്പിലുള്ള മലബാറുകാരുടെ ഉപാസനമൂർത്തിയായിരുന്നു തെണ്ടൻ ദൈവം! തെണ്ടന് നിവേദിച്ചിട്ടേ ഒരു ചെത്തുകാരൻ അന്നവും കള്ളും കഴിക്കൂ. തെണ്ടനെ മനസ്സിൽ ധ്യാനിച്ചേ ചെത്തുതെങ്ങിന്റെ മാട്ടക്കാലിലേക്ക് അടിവെക്കൂ. ചെത്തിലെ ആത്മാർത്ഥതയും ഉപാസനയും കൂടിയായപ്പോൾ തെണ്ടന് മുത്തപ്പനോട് കരുണ തോന്നി. ചെത്തുള്ള തെങ്ങിന്റെ കടയ്ക്കൽ മുത്തപ്പൻ ചെന്നുനിന്നാൽ മതി, തെങ്ങ് താനേ വളഞ്ഞ് തലതാഴ്ത്തി കള്ള് മാട്ടയിലേക്കൊഴിച്ചു
കൊടുക്കും. ഉയരമുള്ള തെങ്ങുകൾക്ക് വളയാൻ പാടുണ്ടായിരുന്നില്ല. ചെറിയ തയ്‌ത്തെങ്ങുകൾക്കാണ് വളയാൻ പ്രയാസമുണ്ടായിരുന്നത്. അതിനാൽ മുത്തപ്പൻ അവറ്റകളുടെ കടയ്ക്കൽനിന്ന് അവറ്റങ്ങളോട് കഷ്ടപ്പെട്ട് വളയേണ്ടെന്ന് പറഞ്ഞ് മാട്ടക്കാല് ചവിട്ടിക്കയറി കുരലിലെത്തി കുലമാട്ടിക്കൊണ്ട് കുലതല്ലി കള്ളെടുത്തു. മുത്തപ്പനും അതായിരുന്നു ഇഷ്ടം. നാരായണഗുരു കൊളമ്പിൽ വന്ന കാലത്താണ് മുത്തപ്പന് മനംമാറ്റമുണ്ടായത്. മനുഷ്യനും മനുഷ്യസേവയും സാഹോദര്യവും ചെത്തും ഒരുപോലെ തലയ്ക്കുപിടിച്ചപ്പോൾ മുത്തപ്പൻ കൊളമ്പിനോടും അച്ചാച്ഛൻ കണ്ടരോടും അച്ഛൻ പേഞ്ഞുവിനോടും വിടപറഞ്ഞു. തന്റെ ഉപാസകനെ കണ്ടെത്തിയ സംതൃപ്തിയിൽ മുത്തപ്പനെ പിന്തുടർന്ന് തെണ്ടൻ ദൈവവും പോന്നു. മുത്തപ്പൻ കപ്പല് കയറി കാപ്പാടെത്തി. കപ്പല് കടലിൽ നങ്കൂരമിട്ടപ്പോൾ കരയിലേക്കുള്ള ബാക്കിദൂരം നീന്തി. അരയിലപ്പോഴും കത്തിക്കൂടുണ്ട്. കരയിലെത്തിയതും അശരീരിയുണ്ടായി: “തെക്കോട്ട് നടന്നോളേണ്ട്. മാനം മുട്ടുന്ന പെരുങ്കൂവളമുള്ള നാടെത്തുമ്പോൾ അവടെ ഞാനുണ്ടാവും അതാണെന്റെ കുടിപ്പതി.” മുത്തപ്പൻ കത്തിക്കൂടോടെ തെക്കോട്ട് നടക്കാൻ തുടങ്ങി. അന്നൊക്കെ കേരളക്കരയാകെ തെങ്ങും ഉള്ളോട്ടുള്ളോട്ട് കാടുമാണ്. ഒന്നുരണ്ടു നാളത്തെ നടത്തത്തിനുശേഷം ഒരു പുഴ കണ്ടു. നമ്മുടെ ഭാരതപ്പുഴയാണ്! കത്തിക്കൂടും കുലമാട്ടിയും ചെരയ്ക്കത്തൊണ്ടും കരയിൽ വെച്ച് മുത്തപ്പൻ പുഴയിലേക്കിറങ്ങി. നല്ല ഒഴുക്കുവെള്ളത്തിൽ കുളിച്ചപ്പോൾ മനസ്സും മൊകറുമുണർന്നു. അന്ന് പുഴക്കരയിൽ കിടന്നു. രാത്രിയിൽ ഇന്നെപ്പിടിച്ച് ചുട്ടുതിന്നോന്ന് പറഞ്ഞ് മലയിൽ തപസ്സിരുന്നിരുന്ന മീനുകളെമ്പാടും പാഞ്ഞുവന്ന് മുത്തപ്പന്റെ ഉറക്കം പൊട്ടിച്ച് ലഹളയുണ്ടാക്കി. മുത്തപ്പനപ്പോൾ നന്നായി വിശക്കുന്നുമുണ്ടായിരുന്നു. മുത്തപ്പന്റെ അന്നമായി മരിപ്പൊരു ജന്മസാഫല്യമായി കരുതിയ മുതുക്കൻ മീനുകളിൽ ചിലത് ഒറ്റക്കുതിപ്പിൽ കരകയറി പിടയാൻ തുടങ്ങി. മുത്തപ്പനും കാര്യം മനസ്സിലായി. രണ്ടുമൂന്നെണ്ണത്തെപ്പിടിച്ച് ബാക്കി മീനുകളെയൊക്കെ പുഴയിലേക്കുതന്നെ ആട്ടിവിട്ടു. അവറ്റ കരഞ്ഞുകൊണ്ട് മടങ്ങിപ്പോകുന്നത് കണ്ട് ലേശം ഇണ്ടല് തോന്നിയെങ്കിലും ജീവിതത്തിന്റെ കെട്ടിമറിച്ചിലുകളിൽ ബോധവാനായി മുത്തപ്പൻ വിറകിനെക്കുറിച്ച് ചിന്തിച്ചപ്പോൾ കണ്മുന്നിൽ വിറകുകൂന കണ്ടു. വിറക് കത്തിക്കുന്നതിനെക്കുറിച്ചാലോചിച്ചപ്പോഴേക്കും അതിൽ തീ പടർന്നാളി. മൂന്ന് മീനുകളുമുടനെ മുത്തപ്പന്റെ കയ്യിൽനിന്നും തീയിലേയ്ക്കു ചാടി ആത്മാഹൂതി വരിച്ചു. വെന്ത മീനുകളെ തിന്നും മീതെ പുഴവെള്ളം കുടിച്ചും അന്നുരാത്രിയിൽ മുത്തപ്പൻ പുഴക്കരയിൽ കിടന്നു. നോക്കുമ്പോൾ മാനത്തെ നക്ഷത്രങ്ങൾ ഓരോന്നോരോന്നായി വാലിട്ടാട്ടിക്കൊണ്ട് കുണുങ്ങിക്കുണുങ്ങി വരുന്നു. അഞ്ചെട്ടെണ്ണം അടുത്ത് വന്നപ്പോൾ പുഴയാകെ പ്രഭാപൂരമായി. പുഴയ്ക്കക്കരെ ആളുകളുടെ കൂറ്റും കൂക്കും കേൾക്കാൻ തുടങ്ങിയപ്പോൾ മുത്തപ്പൻ നക്ഷത്രങ്ങളോട് പോകാൻ പറഞ്ഞു. മെല്ലെ കൂറ്റവസാനിപ്പിച്ച് ആളുകളും പൊയ്‌പോയപ്പോൾ മുത്തപ്പൻ കണ്ണുകളടച്ചു. നേരം വെളുത്തതും മുത്തപ്പൻ നടക്കാൻ തുടങ്ങി. മുത്തപ്പനു വഴിയിൽ ദാഹിച്ചപ്പോഴൊക്കെ തെങ്ങുകൾ തലകുനിച്ചു. ഇളനീരും മരനീരും കുടിച്ച് ദാഹമകറ്റിയും കുളങ്ങളുടേയും പുഴകളുടേയും അടുത്തെത്തുമ്പോഴേക്കും ഓടിയടുക്കുന്ന ഏതാനും മീനുകളെ ചുട്ടുതിന്നു വിശപ്പകറ്റിയും അപ്പോഴേക്കും കൂടെക്കൂടിയ നായ്ക്കൾക്ക് മീൻപങ്ക് കൊടുത്തും മുത്തപ്പൻ അന്തിക്കാട്ടെത്തുമ്പോൾ സൂര്യ ൻ നെറുകയിലുണ്ടായിരുന്നു. ലേശം വിശ്രമിക്കാമെന്നുവെച്ച് മുന്നിൽ കണ്ട കൂറ്റൻ പെരുങ്കൂവളമരത്തിന്റെ ഛായയിലിരുന്നപ്പോൾ അശരീരിയുണ്ടായി. “ഇതുതന്നെയാണ് ഇന്റെ കുടിപ്പതി. ഇബടെയിരുന്ന് ഇന്റെ പ്രജകളെ നോക്കീം കണ്ടും കഴിഞ്ഞോളോണ്ട്.” അന്നുമുതൽ മുത്തപ്പൻ അന്തിക്കാട്ടുകാരുടെ ചെത്തുമുത്തപ്പനായി. പ്രജകളുടെ ക്ഷേമമായിരുന്നു ചെത്തുമുത്തപ്പന്റെ പ്രധാന അജണ്ട. അവരുടെ ജീവിതസൗഖ്യങ്ങളും പരാതികളും പരിഹരിക്കുന്നതിൽ ബദ്ധശ്രദ്ധനായി ചെത്തുമുത്തപ്പന്റെ ദിനങ്ങളങ്ങനെ നീങ്ങിപ്പോയി. ഇവിടെയെത്തിയതിനു ശേഷമാണ് ചെത്തുമുത്തപ്പന് വെളിപാടുണ്ടാവുന്നതും വൈദ്യം പരീക്ഷിക്കുന്നതും. കാവിൽനിന്നും പറിച്ചെടുത്ത ഇലകളും വള്ളികളും വേരുകളും അരച്ചുചേർത്തുണ്ടാക്കിയ ഗുളികകൾ സർവ്വരോഗങ്ങൾക്കുമുള്ള ഔഷധമായിരുന്നു. ചിരങ്ങ്, ചൊറി, ചെലന്നീൻ, മാറാത്ത വയറുവേദന, കുഷ്ഠരോഗം, വസൂരി, വെഷമിറക്ക്, മന്ത്, ഭ്രാന്ത് മുതലായ മാറാരോഗങ്ങളൊക്കെ അന്തിക്കാട്ടുനിന്നും പമ്പകടന്നു. അങ്ങാടിയിലെ പാലച്ചോട്ടിൽ നിത്യവുമെത്തി ഭരണിപ്പാട്ട് പാടാറുള്ള ഭ്രാന്തൻ ഭാസ്‌കരൻ വരാതായപ്പോഴാണ് അന്തിക്കാട്ടുകാർക്ക് ചെത്തുമുത്തപ്പന്റെ ചികിത്സയിൽ വിശ്വാസം വന്നത്. അക്കാലത്ത് തരകന്മാരായിരുന്നു അന്തിക്കാട്ടെ മഹാചികിത്സകരും മഹാമാന്ത്രികരും. ചെത്തുമുത്തപ്പന്റെ വരവോടെ തരകന്മാരുടെ ഖ്യാതിക്ക് ഇടിച്ചിൽ പറ്റി. ചുട്ട കോഴിയെ പറപ്പിച്ചിരുന്നവരും ഏത് പിശാചിനേയും കുടത്തിലടക്കി കടലിലൊഴുക്കുന്നവരും ഏത് മാറാരോഗവും പാടെ വിപാടനം ചെയ്യുന്നവരുമായ തരകന്മാർ കൂട്ടം കൂടി മുത്തപ്പനെ തുരത്താനുള്ള വഴിയാലോചിച്ചുകൊണ്ടിരുന്നു. ചെറ്റിയാലയ്ക്കലമ്മയായിരുന്നു തരകന്മാരുടെ ഉപാസനമൂർത്തി. തരകന്മാർ ചെയ്തുപോന്ന കൊടുമപ്പെട്ട കാര്യങ്ങൾക്കൊക്കെ ചെറ്റിയാലയ്ക്കലമ്മ നിസ്സഹായയായി തുണനിന്നു. അന്തിക്കാട്ടും ചുറ്റാകെയുള്ള നാടുകളിലും അതിനപ്പുറം ദൂരനാടുകളായ മൈസൂരും കൊങ്ങണത്തും തിരുപ്പതിയിലും നാഗർകോവിലിലും തെക്കൻ തിരുവിതാങ്കൂറിലെ പലയിടത്തും വടക്ക് മലബാറിലുമൊക്കെ മന്ത്രവാദവും ചികിത്സയും നടത്തി ഖ്യാതിപ്പെട്ടുവരുമ്പോഴാണ് തരകന്മാർ, ചെത്തുമുത്തപ്പനെക്കുറിച്ച് കേൾക്കാനിടയായത്.”
ഉദയൻ പീടിക പൂട്ടി കുറച്ചുനേരം നിന്നെങ്കിലും കഥ അവസാനിക്കുന്ന മട്ടില്ല. “ന്നാച്ചാൽ കഥ പിന്ന്യാവാം. നേരം കൊറേ വൈകി.” ഇട്ടപ്പൻ ഉളിസഞ്ചിയെടുത്ത് തോളിൽവെച്ച് ഇരുട്ടിലേക്കിറങ്ങി. കഥ പല വഴിക്കും പാഞ്ഞപോലെ ഉറുവാടനും ഉദയനും മാക്കോതയും വഴി പിരിഞ്ഞു. പിന്നെപ്പിന്നെ കഥ കേൾക്കാൻ മാത്രം നമ്പോലനേയും ഇട്ടപ്പനേയും തെരഞ്ഞ് മാക്കോത, ഷാപ്പിലോ പീടികയിലോ എത്തുക പതിവായി. ഒരിക്കൽ ഷാപ്പിലെത്തുമ്പോൾ കഥ മുറുകിയ നേരമാണ്. നമ്പോലൻ മേശയിൽ ഒരടിയടിച്ച് കുടുക്കയിൽനിന്നും വെട്ടുഗ്ലാസ്സിലേയ്ക്ക് കള്ള് ചെരിച്ചു കുടിച്ച് ചിറി തുടച്ച് കഥയിലേക്കടർന്നു. “ഒരു കൊല്ലം വാഴാവിൽ വേലയ്ക്ക് പോയ തരകന്മാർ, പകൽ കാളകളിയും സന്ധ്യയ്ക്ക് നായാടിക്കളിയും രാത്രി നാറാണപ്പുലവരുടെ തോൽപ്പാവക്കൂത്തും കണ്ടുമടങ്ങുമ്പോൾ ആരോ വഴിയിൽവെച്ച് ചെത്തുമുത്തപ്പനെ ചൂണ്ടിക്കാണിച്ചു കൊടുത്തു. എന്നാൽ, തങ്ങളുടെ മന്ത്രശക്തിയൊന്ന് കാണിച്ചുകൊടുക്കാമെന്ന ലാക്കോടെ തരകന്മാരിലെ മൂത്ത രാമത്തരകൻ, ചെത്തുള്ള മാട്ടം വെച്ചുകെട്ടിയ തെങ്ങുകളോടൊക്കെ കുനിയാൻ പറഞ്ഞതും അവറ്റ എന്തിനെന്നറിയാതെ തലകുനിച്ചതും കണ്ടാണശ്ശേരിയിലെ ചെത്തുകാരും കുടിയന്മാരും ആ അത്ഭുതക്കാഴ്ച കണ്ട് അന്തംവിട്ടുനിന്നു. ചിലരപ്പോഴേയ്ക്കും മാട്ട ചെരിച്ച് കള്ളുകുടിച്ച് പൂസായി. ബോധം മറഞ്ഞാടിയും ഭരണിപ്പാട്ടുപാടി ചുവടുവെച്ചും ജനം കളിക്കുന്നതിനിടയിൽ മുത്തപ്പൻ നടന്നുമറഞ്ഞു. തരകന്മാരാവട്ടെ, നാറാണപ്പുലവരുടെ കൂത്തിലെപ്പോലെ ചെത്തുമുത്തപ്പനെതിരെ ഒരു പ്രഹസനമുണ്ടാക്കാൻ മണിപ്രവാളത്തിൽ കവിതകൾ ചമയ്ക്കാറുള്ള ഉണ്ണിത്തരകനെ ചട്ടം കെട്ടി. അപ്പോഴേക്കും ഏത് കൊടും വിഷവും മനുഷ്യ ശരീരത്തിൽനിന്നും ഊറ്റിയെടുക്കാനുള്ള വെഷക്കല്ല്, തെണ്ടൻ ദൈവം മുത്തപ്പൻ സാമിയാർക്ക് പ്രസാദിച്ചു നൽകിയിരുന്നു. കടിച്ച പാമ്പ് ഏത് വർഗ്ഗത്തിൽ പെട്ടതാണെന്ന് തിരിച്ചറിയാനുള്ള പഠിപ്പും കടിവായിൽ വെഷക്കല്ല് വെച്ചാൽ വെഷം കുടിച്ചുവീർത്ത കല്ലിന്റെ നിറമാറ്റം കണ്ട് കടിച്ച പാമ്പ് ഏത് വർഗ്ഗത്തിൽ പെട്ടതാണെന്നും ചെത്തു മുത്തപ്പനറിയാമെന്ന നിലയും വന്നുചേർന്നു. ഉറുവാടന്റെ നാലുതലമുറ മുമ്പുള്ള പേരില്ലാത്ത ഒരപ്പനേയും ഇട്ടപ്പനാശാരിയുടെ നാലു തലമുറ മുമ്പുള്ള മാനുത്തച്ചനേയുമൊക്കെ സർപ്പദംശനത്തിൽനിന്നും ജീവൻ രക്ഷിച്ചയാളാണ് ചെത്തുമുത്തപ്പൻ.”
ഉണ്ണിത്തരകന്റെ പ്രഹസനപ്രകാരം കൈതമുള്ള് കോറിയ തരകനെ പാമ്പ് കടിച്ചെന്നാക്കി രാമത്തരകൻ മുന്നിലും നാലു തരകന്മാർ, അമാലന്മാരെപ്പോലെ വേഷം കെട്ടി ഉണ്ണിത്തരകനെ മഞ്ചലിൽ കിടത്തി തോളിൽ താങ്ങി തെണ്ടന്റെ മണ്ടകപ്പുരയിലേയ്ക്ക് നടന്നു. ചെത്താനിറങ്ങുമ്പോൾ തന്നെ അന്വേഷിച്ചാരോ വരുന്നുണ്ട് എന്നൊരു തോന്നലിൽ അരയിൽ കെട്ടിയ കത്തിക്കൂടും കുലമാട്ടിയുമഴിച്ച് നിലത്തുവെച്ച് ചെത്തുമുത്തപ്പൻ കാത്തിരിക്കുകയായിരുന്നു. അമാലവേഷത്തിൽ വന്നവർ മഞ്ചൽ തിണ്ണയിലിറക്കി വെച്ച് മാറിനിന്നു. മുത്തപ്പൻ നോക്കുമ്പോൾ മഞ്ചലിൽ കിടക്കുന്നയാൾ കൈകാലുകളിട്ടടിക്കുന്നു. തൊള്ളയിൽനിന്നും പത വരുന്നു.
വിയർക്കുന്നു. മുത്തപ്പൻ ചെകിടോർത്തപ്പോൾ നെഞ്ചിങ്കൂട്ടിലേയും സന്ധികളിലേയും മിടിപ്പ്, ടപ്പടപ്പേന്ന് കേൾക്കുന്നുണ്ട്. മണത്തുനോക്കിയപ്പോൾ വായിലെ പതയ്ക്കുകാരണം ഏരിമ്മലുള്ള സോപ്പുമരത്തിലെ സോപ്പുങ്കായ ചവച്ചതാണെന്നും മനസ്സിലായി. കാര്യവും കളിയും തിരിഞ്ഞപ്പോൾ ചെത്തു മുത്തപ്പൻ പറഞ്ഞു: “വേഗം ചിതയിലേക്കെടുത്തോളേണ്ട്.” തരകന്മാരങ്ങനെ അഭിനയിച്ച് മഞ്ചലുമായി നടക്കാൻ തുടങ്ങി. മണ്ടകപ്പുരയുടെ പടി കടക്കുമ്പോൾ ചെത്തു മുത്തപ്പന്റെ മുന്നിൽവെച്ചുതന്നെ രാമത്തരകൻ, മഞ്ചലു താങ്ങികളോട് മഞ്ചൽ നിലത്തിറക്കാനും മഞ്ചലിൽ കിടക്കുകയായിരുന്ന ഉണ്ണിത്തരകനോട് എഴുന്നേൽക്കാനും കല്പിച്ചെങ്കിലും അയാൾ എഴുന്നേറ്റില്ല. രാമത്തരകനേയും അമാലവേഷം കെട്ടിയ തരകന്മാരേയും സ്തബ്ധരാക്കിക്കൊണ്ട് മഞ്ചലിൽ കിടന്നിരുന്ന ഉണ്ണിത്തരകൻ വിഷം തീണ്ടി മരിച്ചിരുന്നു. മഹാമാന്ത്രികരുടേയും ചികിത്സകരുടേയും കഷ്ടകാലത്തിന് അതോടെ തുടക്കമായി. രാമത്തരകൻ ചികിത്സിച്ച രോഗികൾ മരിക്കാൻ തുടങ്ങി. കുടത്തിലാക്കി കടലിൽ താഴ്ത്താൻ കൊണ്ടുപോയ ദുർമരണം സംഭവിച്ച ആത്മാക്കളും ദുർമൂർത്തികളുമൊക്കെ, കുടം കടലിൽ താഴ്ത്തി ഇലവാട്ടി ചണനൂല് കൊണ്ട് വായ് കെട്ടിയ മൂടിയഴിക്കുമ്പോഴേയ്ക്കും കുതറിച്ചാടി. തരകന്മാർ വീടെത്തുന്നതിനു മുൻപേ അവർ വീടെത്തി ക്ഷുദ്രപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങി. തരകന്മാർ ഒന്നും മിണ്ടിയില്ലെങ്കിലും ദുർമൂർത്തികൾ എന്തെങ്കിലും കൈയ്ക്കുറ്റപ്പാടുകൾ ചെയ്തുകൊണ്ടിരുന്നു. മാനുത്തച്ചന്റെ വീട് കയ്യേറി ഉളിസഞ്ചിയും തേക്കാമരവും നെടുമെഴുക്കോലുമെടുത്ത് തോട്ടിൽ കൊണ്ടിട്ടു. കോച്ചന്റെ കാർന്നന്മാരുടെ വളർത്തു പോത്തുകളെയൊക്കെ തോളിലെടുത്തു നടന്ന് പെരുമ്പിലാവ് ചന്തയിൽ കൊണ്ടു പോയി വിറ്റു. അവരൊക്കെ കന്നുകളെ കാണാതെ ഈ അന്തിക്കാട്ടെങ്ങും നിലവിളിച്ചു നടന്നു. തെണ്ടന്റെ കാവിലെ പെരുങ്കൂവളമരം പിഴുതെടുത്ത് അങ്ങാടിയിലും അങ്ങാടിയിലെ പാലമരം കാവിലും നട്ടു. ഒറ്റ രാത്രികൊണ്ട് ചെങ്കല്ലിൽ മണ്ടകപ്പുര പണിത് തെണ്ടന്റെ പീഠം ഇളക്കിപ്രതിഷ്ഠ നടത്തി. ദുർമ്മൂർത്തികളെക്കൊണ്ട് ശരിക്കും അന്തിക്കാട്ടുകാരും വലഞ്ഞിരുന്നു. ചെത്തുന്ന തെങ്ങുകളൊന്നും കള്ള് ചുരത്താതായി. എങ്ങും പട്ടിണിയായി. ചൊറിചിരങ്ങും മന്തും കുഷ്ഠരോഗവും വസൂരിയും പരന്നു. ചെത്തു മുത്തപ്പന് മരുന്നുകൾ അരച്ചുപുരട്ടുവാനും ഉണക്കുവാനും നേരമില്ലാതായി. എന്തിന് ദുർമ്മൂർത്തികളെക്കൊണ്ട് തരകന്മാരും തോറ്റു. ഒടുവിൽ ദുർമ്മൂർത്തികളെ കുടത്തിലാക്കി കടലിൽ താഴ്ത്തി എന്നന്നേക്കുമായി മാന്ത്രികപ്പണി ഒഴിവാക്കിയാലോ എന്നായി രാമത്തരകന്റേയും കൂട്ടരുടേയും വിചാരം. അപ്രകാരം ഗുരുതിത്തറയിൽ അരിപ്പൊടിക്കളം വരച്ച് ചുണ്ണാമ്പും മഞ്ഞളും ചേർത്ത ചോരനിറച്ച ഉരുളിവെച്ച് ഹോമകുണ്ഡത്തിൽ അഗ്‌നി ജ്വലിപ്പിച്ച് ഹോമം തുടങ്ങി. ദുർമ്മൂർത്തികൾ വട്ടംചുറ്റി കളിക്കുന്നതല്ലാതെ കുടത്തിലേക്കെന്നല്ല, ഹോമകുണ്ഡത്തിനടുത്തേക്കുപോലും വന്നില്ല. ഹോമകുണ്ഡത്തിൽ കത്തിക്കത്തി നല്ല പ്ലാവുങ്കാലിന്റെ വിറകൊക്കെ തീരാറായി. ആവാഹനക്രിയ പിഴയ്ക്കുകയാണെന്നറിഞ്ഞ രാമത്തരകൻ, അവസാനത്തെ പ്രയോഗമായ നീചമന്ത്രം ചൊല്ലാൻ തുടങ്ങി. ദുർമ്മൂർത്തികൾ ബന്ധനത്തിലായെങ്കിലും തരകന്മാർ ഇളം കൊലയിൽ നിന്നുമോരോന്നായി ചത്തുവീഴാൻ തുടങ്ങി. തരകന്മാർ കുറ്റിയറ്റു.”
നമ്പോലൻ കഥപറഞ്ഞു നിർത്തി. മുന്നിലിരിക്കുന്ന കുടുക്കയിലെ അവസാനത്തെ തുള്ളിയും വെട്ടു ഗ്ലാസ്സിലേയ്ക്ക് പകർന്നുകുടിച്ച് ചിറി തുടച്ച് എഴുന്നേറ്റു പോയപ്പോൾ മാക്കോതയുമിറങ്ങി. ഉറക്കം തൂങ്ങിയിരുന്ന ഉറുവാടനും
ഞെട്ടിയുണർന്ന് പുറത്തേക്കിറങ്ങി. ഒരേ അകലത്തിലായിരുന്നു മൂന്നാളും നടന്നുകൊണ്ടിരുന്നത്. ഏരിമ്മലെത്തിയപ്പോൾ ഉറുവാടനും മണ്ടകപ്പുരയെത്തിയപ്പോൾ നമ്പോലനും വഴിപിരിഞ്ഞു. ഇരുട്ടിൽ, ഏകാന്തതയിൽ, കഥയുടെ ദൃശ്യപ്പൊലിമയിൽ മാക്കോത നടുങ്ങി. ഒരാക്രന്ദനത്തോടെ അയാൾ വഴിയിലൊറ്റ വീഴ്ചയായിരുന്നു. പേടിച്ചും വിറച്ചും അയാൾ ഇഴഞ്ഞിഴഞ്ഞ് മണ്ടകപ്പുരയുടെ ചവിട്ടിലെത്തി. അപ്പോഴേക്കും അയാളാകെ വിറച്ച് വായിൽ നിന്നും നുരയും പതയും ഒലിക്കാനും തുടങ്ങി. പെട്ടെന്ന് കണ്ണുകളിൽ ഇരുട്ട് വന്നുനിറയുകയും ചെയ്തു. പിറ്റേന്ന് മേലെന്തോ അരിച്ചുനടക്കുന്നുണ്ടെന്ന തോന്നലിലാണ് മാക്കോത ഉണർന്നത്. പാമ്പാണോ എലിയാണോ അതെന്ന് അയാൾക്ക് തിട്ടപ്പെടുത്താനായില്ല. അപ്പോഴേക്കും സൂര്യൻ കത്തിജ്വലിച്ചിരുന്നതിനാൽ നല്ല ചൂടനുഭവപ്പെട്ടിരുന്നു. അയാൾ എഴുന്നേറ്റു കുളിച്ച് ദീപം കത്തിച്ച് ശങ്കൂതി. തലേന്നിട്ടു വെച്ച ഇളനീരൊന്ന് കുടിച്ച് കഴമ്പടർത്തിത്തിന്ന് ചായ്പ്പിൽ വന്നുകിടന്നു. നല്ല ക്ഷീണമുണ്ട്. മുള്ളൻ ചുട്ടു കൊടുക്കാത്തതിനാൽ നായ്ക്കൾ വിശന്ന് മരിങ്ങ് വളച്ച് ഓരിയിടുന്നത് അയാൾ ഗൗനിച്ചില്ല. സന്ധ്യവരെ ആ കിടപ്പ് കിടന്നു. സന്ധ്യയ്ക്ക് ആരോ വന്ന് വിളക്കെണ്ണ വെച്ചുപോയത് മാക്കോത കണ്ടില്ല. ഈയിടെ ആരൊക്കെയോ തെണ്ടനിലും മുത്തപ്പൻ സാമിയാരിലും വിശ്വാസമർപ്പിച്ച് വരുന്നതും പോകുന്നതും മാക്കോത അറിയുന്നുണ്ട്. ഭസ്മത്തട്ടിൽ പൈസയും കുപ്പിയിൽ വിളക്കെണ്ണയും കാണുന്നുണ്ട്. പക്ഷേ, തന്റെ സിദ്ധികളൊന്നും ഇതുവരേയും പ്രകടിപ്പിക്കാൻ കഴിയുന്നില്ലല്ലൊ മുത്തപ്പായെന്ന ഖേദം അപ്പോഴും അയാളെ അലട്ടിക്കൊണ്ടിരുന്നു. പകൽ മുഴുവൻ കിടന്നുറങ്ങി ഇരുട്ടിലുണർന്നിരിക്കുന്നതിനാൽ രാത്രികളിൽ സ്വതേ തോന്നിയിരുന്ന പേടി മാക്കോതക്കില്ലാതായി. രാത്രിയിൽ അയാൾ ചെത്തു മുത്തപ്പന്റെ സിദ്ധികൾ സ്വായത്തമാക്കുന്നതുപോലെ ചില അഭ്യാസങ്ങൾക്കിറങ്ങി പുറപ്പെട്ടു. ഒറ്റ മറിച്ചിലിന് ചെത്തു മുത്തപ്പൻ പുഴ കടക്കാറുണ്ടായിരുന്നുവെന്ന കേൾവിയിൽ അയാൾ കനോലിക്കരയിൽ ചെന്ന് പലപാട് മറിഞ്ഞെങ്കിലും വെള്ളത്തിൽ അടിപതറി വീഴുകയായിരുന്നു. അയാൾ നിരാശയോടെ മടങ്ങിപ്പോന്ന് വേറൊരു ദിവസം നീണ്ട ധ്യാനത്തിനുശേഷം തെങ്ങുകളുടെ കടയ്ക്കൽ ചെന്നുനിന്നു കുനിയാൻ കല്പിച്ചെങ്കിലും അവറ്റ നിഷ്‌കരുണം ആജ്ഞ തള്ളിയപ്പോൾ മാക്കോത കുരലടഞ്ഞ തെങ്ങിനെപ്പോലെ ഉദാസീനനായി. മറ്റൊരു നാൾ കാവിൽ കടന്ന് പച്ചമരുന്നുകൾ പൊട്ടിക്കാനാഞ്ഞെങ്കിലും ഇലകളും വള്ളികളും വേരുകളും ഏതേതിനങ്ങളിൽ പെട്ടവയാണെന്ന് തിരിഞ്ഞില്ല. അറിഞ്ഞു പൊട്ടിച്ച മരുന്നുകൾ അരച്ച് ഗുളികയുരുട്ടുവാനും കഴിഞ്ഞില്ല. ചികിത്സയിലും പുരോഗതി കാണാതെ മാക്കോത ഉഴറി. അവസാനമായി, പീഠത്തിലിരുന്നിരുന്ന വെഷക്കല്ലുപയോഗിച്ച് വിഷമിറക്കാൻ അയാൾ കാത്തിരുന്നു. അതിനൊരു പാമ്പും കടിക്കാനായി അന്തിക്കാട്ടുകാരനായ ഒരു മനുഷ്യന്റെ കാലും തന്നെ കാത്തിരിക്കുന്നുണ്ടെന്നുതന്നെ മാക്കോത വിശ്വസിച്ചു.
അന്തിക്കാട്ടുകാരിൽ ചിലരപ്പോഴേക്കും മാക്കോതയെ സാമിയാരെന്നും മുറിവൈദ്യരെന്നും വിളിച്ച് പരിഹസിക്കാൻ തുടങ്ങിയിരുന്നു. “നല്ലൊരു പെണ്ണിനെ ഒഴിവാക്കിയും സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെ ഒരു കണ്ണ് കാണാതേയും ജീവിക്കുന്ന മാക്കോത, എന്ത് സാമിയാരാണെന്നാണ് പറയുന്നത്?” മീനൂതുന്ന ഓടയും മീൻ കോർമ്പയും ഷാപ്പിന്റെ മൂലയിൽ വെച്ച് ബെഞ്ചിലിരുന്ന് കുടുക്കയിൽനിന്നും കള്ള് പകരുന്ന ഉറുവാടൻ ചോദിച്ചപ്പോൾ രൈരുവാണ് മറുപടി പറഞ്ഞത്. “അതിന് യോഗികൾ പെണ്ണും പെടക്കോഴിയുമില്ലാതേയും ജീവിക്കും.”
“മയിരാണ്!” ഉറുവാടൻ എഴുന്നേറ്റുനിന്ന് പനമ്പിനപ്പുറത്തേക്ക് ആഞ്ഞുതുപ്പി.
ഒരു പുലർച്ചയ്ക്ക് നമ്പോലന് തീ കായാൻ മുഹാമി, ചപ്പിലകളടിച്ചുകൂട്ടുമ്പോഴാണ് സർപ്പദംശനമേറ്റത്. നിലത്ത് കുഴഞ്ഞുവീണുകിടക്കുന്ന മുഹാമിയെ കണ്ട് ചവിട്ടാനോങ്ങിയപ്പോഴാണ് അവൾക്ക് അനക്കമില്ലല്ലോയെന്നുള്ള ബോധം നമ്പോലനുണ്ടായത്. ഉടനെ ചിത്തനേയും മക്കളേയും വിളിച്ചുവരുത്തി മുഹാമിയെ ചുമന്ന് വിഷചികിത്സയുള്ള മലങ്കര ആശുപത്രിയിലേയ്ക്ക് കൊണ്ടോടുകയായിരുന്നു. പിന്നാലെ വേല വിളിയുടെ കൂറ്റുണ്ടാക്കി പറത്തറയാകെ നെലോളിച്ച് വരുന്നുണ്ടായിരുന്നു. കൂറ്റും വിളിയും കേട്ട മാക്കോത, തക്ക സന്ദർഭമാണെന്ന് വിചാരിച്ച് നമ്പോലനേയും ചിത്തനേയും മണ്ടകപ്പുരയിലേക്ക് കൈ കൊട്ടി വിളിച്ചുവരുത്തി. മണ്ടകപ്പുരയിലെ പീഠത്തിലിരുന്നിരുന്ന വെഷക്കല്ലെടുത്ത് അയാൾ തെണ്ടൻ ദൈവത്തേയും മുത്തപ്പൻ സാമിയാരേയും ധ്യാനിച്ച് മുഹാമിയുടെ കാലിലെ കടിവായിൽ വെച്ചു. മുഹാമി അപ്പോഴേക്കും നീലിച്ച് വിറങ്ങലിച്ചിരുന്നു. എല്ലാവരും നോക്കിനിൽക്കെ, വിഷം തൊടാതെ വെഷക്കല്ല് പൊട്ടിച്ചിതറി. മുഹാമി മരിച്ചു. മുണ്ടകപ്പുരയ്ക്കു ചുറ്റും നിലവിളി തെഴുത്തു. നിലവിളിയിൽ താൻ ആവിയായി പോകുമോയെന്ന് മാക്കോത ഭയന്നു. മുഹാമിയുടെ ശവമടക്ക് കഴിഞ്ഞ രാത്രിയിൽ ദുഃഖമിറക്കാൻ ഷാപ്പിൽ ചേർന്ന കുടിക്കൂട്ടത്തിൽ വെച്ച് പലരും അഭിപ്രായങ്ങൾ പറഞ്ഞതിൽ; നേരെ മലങ്കരയ്ക്ക് കൊണ്ടോകാതെ മണ്ടകപ്പുരയിൽ കൊണ്ടോയതാണ് മുഹാമി മരിക്കാൻ കാരണമായതെന്ന് ഉറുവാടൻ പറഞ്ഞപ്പോൾ ചിത്തൻ മടിയിലെ പിച്ചാത്തി നിവർത്തി ചൊണച്ചെഴുന്നേറ്റെങ്കിലും ആളുകൾ പിടിച്ചുമാറ്റി.
മാന്ത്രികതയുടേയും നിലനില്‍പ്പിന്റെ തന്നെയും അവസാനത്തെ പിടിവള്ളിയും തന്റെ കയ്യിൽനിന്നും ഊർന്നുപോയപ്പോൾ മാക്കോത കൊടിയ നിരാശയിലായി. അയാളിൽ നേരവും കാലവും പിഴയ്ക്കാൻ തുടങ്ങി. മണ്ടകപ്പുരയിൽ വിളക്ക് കൊളുത്തിയാലായി. നേരം തെറ്റിയും അന്തിക്കാട്ടുകാർ ശങ്കൂത്ത് കേൾക്കാൻ തുടങ്ങി. കൂടാതെ ഇളനീര് കുടിച്ചും കഴമ്പ് ചെത്തിത്തിന്നും അയാളുടെ നാവ് രുചികൾ മറന്നതുപോലെയായിരുന്നു. ഒരു ദിവസം മണവും രുചിയും നാവിൽ പൊട്ടിക്കിളിർത്തതുപോലെ അയാൾക്ക് ഞണ്ടുകറി തിന്നണമെന്ന കൊതിയുണ്ടായി. ഭസ്മത്തട്ടിൽ നോക്കിയപ്പോൾ ഏതാനും നോട്ടുകളും ചില്ലറകളുമുണ്ട്. അയാളതെല്ലാം വാരിയെടുത്ത് മടിയിൽവെച്ച് രൈരുവിന്റെ ഷാപ്പ് ലാക്കാക്കി നടന്നു. പനമ്പിനു മുകളിലൂടെ അകത്തേയ്ക്ക് കണ്ണുകൾ പായിച്ചപ്പോൾ ആരേയും കണ്ടില്ല. അയാൾ രൈരുവിനോട് ഉള്ളിലെ കൊതി പറഞ്ഞു. മാക്കോതയോട് ലേശം പ്രതിപത്തിയുള്ളതിനാൽ രൈരു വേഗം തന്നെ ഒരു പ്ലെയ്റ്റ് നിറച്ചും ഞണ്ടുകറി മുന്നിൽ കൊണ്ടുവെച്ചു. പ്ലെയ്റ്റിൽനിന്നും ആവി പറന്നുപൊങ്ങി. മൂക്കിൽ മണം ഇരച്ചുകയറി. മാക്കോത ഞണ്ടിന്റെ കയ്യും കാലും നെഞ്ചും കടിച്ചീമ്പാൻ തുടങ്ങി. നാവ് ഇറച്ചിയെ കുരലിനുള്ളിലേയ്ക്ക് തള്ളിവിടുന്നുണ്ടെന്ന് അയാൾക്കു തോന്നി. തീറ്റ കഴിഞ്ഞ് അയാൾ മടിശീലയഴിച്ച് പൈസയെടുത്ത് നീട്ടിയെങ്കിലും രൈരു വാങ്ങിയില്ല.
മാക്കോത നടന്നു. മണ്ടകപ്പുരയിലേക്കുള്ള വഴിയെത്തിയപ്പോൾ കാലിലാരോ പിടിച്ചു നിർത്തിയതുപോലെ അയാൾ നിന്നു. നോക്കുമ്പോൾ മണ്ടകപ്പുരയിൽ തലേന്ന് കൊളു ത്തിയ വിളക്ക് കെട്ടിട്ടില്ല. കാലിലെ പിടിയയഞ്ഞപ്പോൾ മണ്ടകപ്പുര അന്യദേശമായി തോന്നി. അന്നേരം അതുവഴി നമ്പോലൻ വന്നു. “മാക്കോതച്ചാ, എന്താണിവിടെ തപ്പി നിക്കുന്ന്?” ചോദ്യം കേട്ടപാടെ ഒന്നും പറയാതെ മാക്കോത നടക്കാൻ തുടങ്ങി. ഏരിമ്മലൂടെ നടന്ന് മാട്ടം കയറുന്ന മാക്കോതയെ നമ്പോലൻ തിരിഞ്ഞുനോക്കി. “എങ്ങട്ടാണപ്പാ സാമിയാര് പോകണത്?”
മാക്കോത നേരെ വീട്ടിലേയ്ക്ക് നടന്നു. മൂന്നുനാലു കൊല്ലമായി അടിതളിയില്ലാത്തതിനാൽ മുറ്റത്ത് ചപ്പും ചവറും കൂടിക്കിടന്നിരുന്നു. മാക്കോതയെ കണ്ടപ്പോൾ മയങ്ങിക്കിടന്നിരുന്ന കുറേ നായ്ക്കൾ ഓരിയിട്ട് പറമ്പിലേക്കിറങ്ങിയോടി. അയാൾ വാതിൽ തുറന്ന് വീട് വൃത്തിയാക്കാൻ തുടങ്ങി. മാറാല തട്ടി. നിലം നനച്ചു തുടച്ചു. അങ്ങാടിയിലെ ഉദയന്റെ പീടികയിൽ പോയി അരിയും സാധനങ്ങളും വാങ്ങിപ്പോന്നു. ആരും അയാളോടൊന്നും ചോദിച്ചില്ലെങ്കിലും അയാളെക്കുറിച്ചുള്ള ചർച്ചകൾ കരക്കമ്പി കണക്കേ, അന്തിക്കാട്ടെങ്ങും പാഞ്ഞുനടക്കുന്നുണ്ടായിരുന്നു. അതിലൊരു കമ്പി ചെമ്മന്തിട്ടയിലുമെത്തിയിരുന്നു.
ഒരു ദിവസം മാക്കോത തിണ്ണയിലിരിക്കുകയായിരുന്നു. പെട്ടെന്ന് ദൂരെ, ഉദയന്റെ പറമ്പിനെ ചുറ്റിപ്പോകുന്ന പെരുവഴിയുടെ അറ്റത്ത് ആരൊക്കെയോ തെളിഞ്ഞു. അവർ നടന്ന് കാവിനടുത്തെത്തിയപ്പോൾ ചെമ്മന്തിട്ടക്കാരാണെന്നും മുന്നിൽ നടക്കുന്നത് കല്യാണിയാണെന്നും അയാൾക്കു തിരിഞ്ഞു. കല്യാണിയുടെ വിരലിൽ തൂങ്ങി കളിച്ചുമദിച്ചു വരുന്നൊരു കുഞ്ഞിയെ കണ്ടപ്പോൾ കുറ്റബോധത്തിൽ അയാളുടെ നെഞ്ചിടിക്കാൻ തുടങ്ങി. കണ്ണുകളിൽ ജലപ്പാട തെളിഞ്ഞു. അവർ മുറ്റത്തെത്തിയപ്പോൾ മാക്കോത എഴുന്നേറ്റെങ്കിലും കുഞ്ഞി മാത്രം ഉമ്മറത്തേയ്ക്ക് ഓടിക്കയറി അയാളുടെ സമീപം വന്നുനിന്നു.
മാക്കോത തിറമ്പി. കുറച്ചു നിമിഷം അയാൾ കുഞ്ഞിയുടെ മുഖത്തേയ്ക്ക് നോക്കിനിന്നു. ഉള്ളിൽ വല്ലാത്തൊരു കരച്ചിൽ തിക്കുമുട്ടുന്നത് പണിപ്പെട്ടടക്കി അയാൾ കുഞ്ഞിയെ വാരിയെടുത്ത് കഴുത്തിൽ ഉമ്മ വെക്കാൻ തുടങ്ങി. അന്നേരം നിഴലുകൾ മാതിരി ചെമ്മന്തിട്ടക്കാർ അകത്തേക്ക് കയറിപ്പോയതും ഓടിപ്പോയ നായ്ക്കൾ മടങ്ങിവന്ന് ചവിട്ടിൽ മുൻകാലുകളൂന്നി നിന്നതുമൊന്നും മാക്കോത കണ്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക