ഇഖ്ബാൽ പുലാപ്പറ്റ എഴുതിയ കഥ ചേക്കുട്ടിപ്പാപ്പ

ഇഖ്ബാൽ പുലാപ്പറ്റ എഴുതിയ കഥ ചേക്കുട്ടിപ്പാപ്പ
Updated on

1

തൊട്ടപ്പുറത്തെ പള്ളിയിൽനിന്നും സുബ്ഹി1 ബാങ്ക് കേട്ടാണ് ഉണർന്നത്. നേരംപുലരാൻ ഇനിയും സമയമുണ്ട്. എഴുന്നേൽക്കാനുള്ള മടിയിൽ ഒന്നുകൂടി ചുരുണ്ടുകിടന്നു. മകരം ഒടുവായിട്ടും തണുപ്പ് കുറഞ്ഞിട്ടില്ല.

“വാപ്പുട്ട്യേ, വാപ്പുട്ട്യേ.”

ഉമ്മയാണ് വിളിക്കുന്നത്. കേൾക്കാത്തപോലെ കിടന്നു.

“അസനാരേ അസനാരേ.”

ഉമ്മ അങ്ങനെയാണ്. മകന് അന്‍പത് വയസ്സ് കഴിഞ്ഞതൊന്നും വിഷയമേ അല്ല. സ്നേഹത്തോടെയാണെങ്കിൽ ‘വാപ്പുട്ടീ’ന്ന് വിളിക്കും. ഇത്തിരി ഗൗരവത്തിലാണെങ്കിൽ ‘അസനാരേ’ എന്നും അടുത്തത് പച്ചത്തെറിയാകാനും മതി.

“ഫജർസാദിഖ്2 വെളിവായാലും ഇവിട്‌ത്തെ ഒരു പഹേരും എണീക്കില്ല. അവ്വല്‌വക്തിന്3 സുബഹി നിക്കരിച്ചാൽ അവിടെ വർക്കത്തണ്ടാവും അല്ലെങ്കീ ബലാല് മുസീബത്ത് ഒഴിഞ്ഞ് പോക്ല്ല.”

ഇനി എന്തായാലും ഉമ്മ സ്വൈരം തരില്ല. കെട്ടിയവൾ ആമിനക്കുട്ടി ഇന്നലെ രാത്രി ഇങ്ങോട്ട് മുൻകൈ എടുത്തതിനാൽ വലിയ വെടിപ്പ് കേടിനുള്ള ജനാബത്ത്കുളി4 നിർബ്ബന്ധമായി. പള്ളിയിലേക്ക് പോക്ക് എന്തായാലും നടക്കില്ല. എന്നാൽപ്പിന്നെ മുക്കട്ടയിലെ ആലിക്കാന്റെ ചായക്കടയിലേക്ക് പോകാം. ചുടു ചായ കിട്ടും നാട്ടുവിശേഷങ്ങളും അറിയാം. ലഹളയും ഗൂർഖ പട്ടാളവുമൊക്കെയായി കുറേക്കാലമായി അടഞ്ഞുകിടന്ന ചായക്കട അടുത്തകാലത്താണ് തുറക്കാൻ തുടങ്ങിയത്.

“ഇന്നത്തെ ‘നമീമത്ത്’5 എന്താണ്?” ഒരൊറ്റ ചോദ്യംകൊണ്ട് ഞാനും ചർച്ചയിൽ അംഗമായി.

ഉസ്സനാണ് മറുപടി പറഞ്ഞത്.

“നീ ആ കടവത്തെ അലവി മൊല്ലാക്കാന്റെ കാര്യം അറിഞ്ഞോ? ചേക്കുട്ടിപ്പാപ്പാനെ കൊണ്ടുനടത്തുന്ന കുട്ടിപ്പാപ്പ. പണ്ട് നീ ഓന്റെ മുരീദ്6 അല്ലേർന്നു. കുറച്ചായിട്ട് തീരെ കെടപ്പാ. ഒരു രക്ഷേംല്ലാന്നാ ഡാക്ടറും പറഞ്ഞത്. മരിപ്പ് വീട്ട്ത്തന്നെ ആയിക്കോട്ടെച്ചിട്ട് വീട്ടില് കൊണ്ടുവന്നിട്ടുണ്ട്. സക്കറാത്തിന്റെ7 വലി തൊടങ്ങീട്ട് ഇപ്പോ നേരത്തോട് നേരായി. റൂഹ്8 പിരിയണച്ചാ ചേക്കുട്ടിപ്പാപ്പാനെ ആരെങ്കിലും ഏൽക്കണം. അയാൾക്ക് മൂന്നും പെങ്കുട്ട്യോളല്ലെ. ഏട്ടന്റേം അനിയന്റേം മക്കളൊന്നും ഏൽക്ക്ണില്ല. ഈ ആക്ര വലിച്ച് എത്ര കെടക്ക്വ ആവോ?”

നാട്ടിലെ പ്രധാന മന്ത്രവാദിയാണ് അലവി മൊല്ലാക്ക. തലമുറകളായി ആളുകൾ ‘കുട്ടി ചെയ്ത്താൻ’ എന്നും കടവത്ത് തറവാട്ടുകാരും നാട്ടിലേയും അയൽനാട്ടിലേയും ഭക്തർ ‘ചേക്കുട്ടിപ്പാപ്പ’ എന്നും വിളിക്കുന്ന മൂർത്തിയുടെ പ്രധാന ‘ഇസ്മ്’കാരനാണ്. കടവത്ത് തറവാട്ടിൽ കാലങ്ങളായി ഉപ്പാപ്പാനെ കുടിയിരുത്തിയ ഒരു അറയുണ്ട്. അറയുടെ ഒത്തനടുവിൽ ഒരു മുക്കാലിവെച്ചിട്ടുണ്ട്. മൂർത്തിയുടെ ഇരിപ്പിടം അതാണ്. മുക്കാലിയുടെ ഒത്തനടുവിൽ ഒരു കണ്ണ് വരച്ചുവെച്ചിട്ടുണ്ട്. കൃഷ്ണമണി ഒരു തുളയാണ്. അറയിലെ ഇരുട്ടിൽ വിശേഷ ദിവസങ്ങളിൽ മുക്കാലിക്ക് താഴെ ഒരു മൂട്ടവിളക്ക് കത്തിച്ചുവെയ്ക്കും. അപ്പോൾ തീ തുപ്പുന്ന ഒറ്റക്കണ്ണുള്ള ഉപ്പാപ്പാന്റെ മുഖമാകും. താഴെ കാഞ്ഞിരത്തിന്റെ മെതിയടിയും വെള്ളി കെട്ടിയ കണ്ണിച്ചൂരലും ഉണ്ടാകും.

ഓരോ വെള്ളിയാഴ്ച രാവിലും മഗ്ബിരിനുശേഷം മൊല്ലാക്ക മെതിയടിയിട്ട് അറയിലൂടെ നടന്നും മുക്കാലിയിൽ ആഞ്ഞടിച്ചും ആവലാതിക്കാരായ ആളുകൾക്കുവേണ്ടി വരം ചോദിക്കും.

കടവത്ത് തറവാട്ടുകാർക്ക് തലമുറകളായി കിട്ടിയതാണ് കുട്ടിപ്പാപ്പ സ്ഥാനം. അതാത് കാലത്ത് കൊണ്ടുനടക്കുന്ന കാരണവരിൽനിന്നും മരണസമയത്ത് മൂത്തമകൻ ഏറ്റെടുക്കും. “എല്ലാ ഒതക്കത്തോടും ഇരിക്കും കാലം ഉപ്പാപ്പാനെ കൊണ്ടുനടത്തും” എന്നു പറഞ്ഞാലേ കാരണവർ അന്ത്യശ്വാസം വലിക്കൂ. ഒരിക്കൽ ദൂരയാത്രയ്ക്കു പോയ മൂത്ത മകൻ വൈകിയതിനാൽ ഒരു കാരണവർ ഒരാഴ്ച സക്കറാത്ത് വലിച്ച് കിടന്നിട്ടുണ്ട്.

നാട്ടുകാർക്ക് അലവിമൊല്ലയേയും കടവത്ത് തറവാട്ടുകാരേയും കടുത്ത ഭയമാണ്. ആർക്കും ഗുണം ചെയ്യാൻ പറ്റില്ല. എന്നാൽ, വരം കൊടുത്ത് എതിരാളികളെ പല നിലയ്ക്കും ദ്രോഹിക്കാൻ പറ്റും. കഴിക്കുന്ന ഭക്ഷണത്തിൽ മലം വന്നുവീഴും. ദേഹത്ത് മുഴുവൻ ചൊറിയും ചിരങ്ങും ഉണ്ടാവും. കന്നുകാലികൾക്ക് ദീനംവരും. മരുമക്കൾ വീട്ടിൽ വാഴാതെ വരും. അതിനാൽ അവരുടെ പറമ്പിലെ തേങ്ങ വഴിയിൽ വീണാൽ കൂടി മാസങ്ങൾ അവിടെ കിടക്കും.

അന്യദേശങ്ങളിൽ നിന്നടക്കം മാട്ട് മാരണക്രിയകൾ ചെയ്യാൻ ആളുകൾ വരും. സ്ത്രീകളായിരിക്കും കൂടുതലും. ഓരോ ആവലാതിക്കും ഓരോ ‘ചെയ്‌വന’9 ആണ്. അന്നു പ്രതിഫലം വാങ്ങില്ല, ഓരോ ക്രിയയ്ക്കും ഗുണം കിട്ടാൻ മൂന്നു ദിവസം മുതൽ മൂന്നാഴ്ച വരെ കാത്തിരിക്കണം. അതുവരെ വരം കിട്ടിയ ആവലാതിക്കാർ എതിരാളികളെ നിരീക്ഷിക്കും. അവരുടെ വീട്ടിൽ ആർക്കെങ്കിലും അസുഖങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അവർ പ്രതിഫലമായി കാണിപ്പണം കൊണ്ടുവരണം. ഒന്നും സംഭവിച്ചില്ലെങ്കിൽ ഉപ്പാപ്പാനെ തെറിപറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് മൊല്ലാക്കാക്ക്. അന്ന് രാത്രി അറയിൽ കയറി മെതിയടിയിട്ട് മുക്കാലിയിൽ ചൂരൽകൊണ്ട് ആഞ്ഞടിക്കും. ഉറക്കെ അലറും.

“ഒറ്റക്കണ്ണൻ നായെ വെറ്‌തെ അല്ല നിന്നെ പെറ്റതിന്റെ മൂന്നാം ദെവസം തന്നെ നിന്റെ തന്ത ചത്ത് തള്ള മുണ്ടയായത്. മാട്ട് മാരണം കൊള്ളേണ്ടടത്ത് കൊള്ളണം അല്ലെങ്കീ നീ വെറും പൊറങ്കാലിലെ രോമാണ്.”

മദ്രസ്സയിൽ ഞാനും അലവിയും ഒരുമിച്ചാണ് പഠിച്ചത്. എല്ലാവർക്കും അവനേയും അവന്റെ വീട്ടുകാരേയും പേടിയാണ്. കൂടെ പഠിക്കുന്ന ഞങ്ങളൊക്കെ അവന്റെ കൃഫ കിട്ടാൻ പനഞ്ചക്കരയും മാമ്പഴവും പമ്പരവുമൊക്കെ കൊടുക്കും. ഒടുവിൽ പഠിപ്പിക്കുന്ന ഉസ്താദിനെപ്പറ്റി അവൻ ഒരു പാട്ടുണ്ടാക്കി ഉറക്കെപ്പാടി:

“മൊല്ലാക്കാന്റെ അടി മണീല് കട്ന്നല് കുത്തി

അത് കണ്ട് പേടിച്ചോടി ബീവാത്തുക്കുട്ടി”

കുട്ടികളൊക്കെ ആർത്ത് ചിരിച്ചിട്ടും ഉസ്താദ് കേൾക്കാത്തപോലെ പോയി.

2

ഒരുസമയത്ത് എന്റെ വീട്ടുകാർക്കും കടവത്ത്കാരെ ആശ്രയിക്കേണ്ടിവന്നിട്ടുണ്ട്. അന്ന് വാപ്പ ഉള്ള കാലമാണ്. വീട്ടിൽനിന്നു പുറത്തേക്കിറങ്ങുന്ന അത്താണിയുടെ താഴെ ചില ദിവസങ്ങളിൽ അതിരാവിലെ മനുഷ്യന്റെ മലം കിടക്കുന്നുണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും ജീവികളുടെ മറുപിള്ള. വാപ്പ ഇത് കോരിക്കളഞ്ഞ് മടുത്തു.

രാത്രി മുഴുവൻ കാവലിരുന്നു നോക്കി. അഞ്ചുകട്ട ടോർച്ചെടുത്ത് മുറ്റത്തേക്ക് അടിച്ചുനോക്കും, കല്ലെടുത്തെറിയും.

ഒരു ദിവസം മദ്രസ്സ വിട്ടുവരുമ്പോൾ അലവിയോട് വിഷയം അവതരിപ്പിച്ചു. പോംവഴി വളരെ പെട്ടെന്നായിരുന്നു.

“ഒരു ചെറിയ പണീണ്ട്. മന്ഷന്റെ തീട്ടം കാണണ ദിവസം ഒരു ഓന്തിനെ തല്ലിക്കൊന്ന് അതിലിട്ട് മണ്ണ് മൂട്. മൂന്നാംപക്കം അവന്റെ കുണ്ടി കുരുവന്ന് പുഴുക്കും. അതോടെ നിർത്തും.”

ഞങ്ങൾ അതു ചെയ്തു നോക്കി. ഒന്നല്ല രണ്ട് തവണ. പക്ഷേ, ഇത് തുടർന്നുകൊണ്ടേ ഇരുന്നു. വാപ്പാക്കാണെങ്കിൽ രാത്രി തീരെ ഉറക്കമില്ലാതായി. ഉമ്മറത്ത് നിന്ന് അത്താണിയിലേക്കും തിരിച്ചും നടന്ന് നേരം വെളുപ്പിക്കും. ക്ഷീണം കാരണം കച്ചവടത്തിനും പോകാൻ പറ്റാതായി. വെല്ലിമ്മയാണ് ഒരു ദിവസം വാപ്പാനോട് പറഞ്ഞത്:

“എടാ കണ്ടെടത്തോളം ഇതു നിർത്താൻ നല്ലത് ചേക്കുട്ടിപ്പാപ്പേണ്. നീയാ കടവത്ത് ഒന്ന് പോ.”

ആദ്യമൊക്കെ വാപ്പ മടിച്ചു. നിവൃത്തിയില്ലാതായപ്പോൾ എന്നെയും കൂട്ടി ഒരു ദിവസം കടവത്ത് തറവാടിലേക്ക് ചെന്നു. എല്ലാം കേട്ട അലവിയുടെ വാപ്പ വെലിയ മൊല്ലാക്ക അറയിലേയ്ക്ക് കയറിപ്പോയി. എന്തോ ആലോചിച്ചും പിറുപിറുന്നനെ സംസാരിച്ചുകൊണ്ടുമാണ് ഇറങ്ങിവന്നത്. ഓരോ ചുവടിനും അമർത്തി മൂളുന്നുണ്ടായിരുന്നു.

“ഉം... ഊം... ഇത് അവനാ മറ്റേ കരു വെള്ളാട്ട് പോക്കര്. പാതരയ്ക്ക് പള്ളിക്കാട്ട്ന്ന് എറങ്ങും. ഏതെങ്കിലും കാഫ്‌രീങ്ങള്‌ടെ പഴങ്കബറ് ചിറ്റി തിരിച്ചും പോവും നെന്റെ പടിക്കലൂടെ ആണ് ഇപ്പളത്തെ നടപ്പ്. ഓന്റെ പോക്ക് വരത്ത് നടന്നോട്ടെ വികൃതി ഞാൻ നിർത്തിത്തരാ.”

ദീർഘമായ ഒരു കീഴ്ശ്വാസത്തിനുവേണ്ടി മൊല്ലാക്ക ഒന്നു നിർത്തി.

“അട്ത്ത വെള്ളിയാഴ്ച രാവിന് മൂന്നും കൂട്യ മോന്തിക്ക് നീവാ. ഒരു ഇടങ്ങഴി വെളിച്ചെണ്ണേം മൂന്നുറുപ്പ്യേം കൊണ്ടുവാ. പിന്നെ ചെറിയ ഒരു കൈക്രിയണ്ട്. വീട്ട്കാരത്തിനേം കൂട്ട്യാലേ നടക്കൂ. പൊറത്തായിരിക്ക്ണ പെണ്ണ്ങ്ങള്‌ടെ നെറുകിലേം കക്ഷത്തിലേം ഔറത്തിലേം10 മുമ്മൂന്ന് രോമങ്ങൾ വേണം. അത് പാറകത്തിന്റെ എലേല് വേറെ വേറെ പൊതിഞ്ഞിട്ട് കൊണ്ട്‌വാ.”

രോമം കിട്ടാൻ ഉമ്മയും അമ്മായിയും കുറച്ച് നാണംകെട്ട് മെനക്കെടേണ്ടിവന്നു. ഏതായാലും അതേറ്റു. പിന്നെ ആ ശല്യം ഉണ്ടായില്ല. അതോടെ ഞങ്ങളും ചേക്കുട്ടിപ്പാപ്പാന്റെ ഇഷ്ടക്കാരായി.

ആയിടയ്ക്ക് അലവിയുടെ വാപ്പ വെല്ല്യ മൊല്ലാക്ക മരിച്ചു. മരണസമയത്ത് “ഇരിക്കും കാലം ഉപ്പാപ്പാനെ എല്ലാ ഒതക്കത്തോടും പരിപാലിക്കാം” എന്ന അലവിയുടെ ഉറപ്പിൽ മൂപ്പർ ശാന്തനായി കണ്ണുകളടച്ചു. അലവി ഇപ്പോൾ അലവിപ്പാപ്പയായി.

ഒരു ദിവസം യാദൃച്ഛികമായി വഴിയിൽവെച്ച് കണ്ടപ്പോഴാണ് എന്നോട് കടവത്തേയ്ക്ക് വരാൻ ക്ഷണിച്ചത്.

ഉമ്മറത്തേക്കു കയറുമ്പോൾത്തന്നെ അലവി പറഞ്ഞു:

“ഒരു കാര്യം ചോയ്‌ചാ ഒപേക്ഷ പറയര്ത്. ഇവിടെ വെള്ളിയാഴ്ച രാവിനു നല്ല

തെരക്കാ ഒരു സഹായി വേണം. എന്റെ ഒക്കെ പെൺമക്കളാ. മര്യാത കാശ്തരാം” സമ്മതിച്ചിട്ടേ അവൻ വിട്ടുള്ളൂ.

ഓരോ വെള്ളിയാഴ്ച രാവിനും സുഭിക്ഷ ഭക്ഷണം, നല്ല കൈമടക്ക്. ആളുകൾ എന്നെയും ചെറിയ തോതിൽ ബഹുമാനിച്ചു തുടങ്ങി.

ദിവസവും വൈകുന്നേരം പുഴയിലേക്ക് കുളിക്കാൻ പോകും. ഒരു ദിവസം പോകുന്ന വഴിയിൽ തുളസിപ്പറമ്പൻ സൈനുദ്ദീന്റെ ഭാര്യ ജമീലത്താത്ത കവുങ്ങിൻ തോട്ടത്തിൽ നിൽക്കുന്നത് കണ്ടത്. പതിവില്ലാതെ എന്നോടൊന്ന് ചിരിച്ചു. പിറ്റേ ദിവസവും അതേ സ്ഥലത്ത് കണ്ടു. ചെറിയ തോതിൽ കുശലവും ചോദിച്ചു.

അതൊരു ശീലമായി രണ്ട് ദിവസം കഴിഞ്ഞു.

ഒരു ദിവസം നാലുപാടും നോക്കി ആരും ഇല്ല എന്ന് ഉറപ്പുവരുത്തി എന്നോട് പറഞ്ഞു:

“എനിക്കൊരു ഒപകാരം വേണം. എന്റെ കുട്ടീടെ ബാപ്പേം കാഞ്ഞിരത്തിൽ

സെയ്താലി ഹാജിന്റെ മകളും ആയിട്ട് ലോഹ്യത്തിലായിരുന്നൂന്ന് ഈ നാട്ട്കാര്‌ക്കൊക്കെ അറിയാലോ. ഓള് പുയ്യ്യാപ്ലനോട് തെറ്റീട്ട് ഇപ്പൊ വീട്ടിൽ വന്നിട്ട്ണ്ടത്രെ. ദിവസവും അവര് കച്ചോടത്തിനു പോണത് ഓളെ വീടിന്റെ മുന്‍പിൽ കൂടെ. ഒന്ന് രണ്ട് വെവ്സം പൊന്നാരം പറച്ചിലും ചിരീംകളീംണ്ടായത്രെ. അതറിഞ്ഞപ്പത്തന്നെ ഞാനത് നിർത്തിച്ചു. ഇനി മൂപ്പര് ആ വഴിക്ക് പോകില്ല. ഇപ്പ പേടി അതല്ല. അവര് തമ്മില് ഇനി കാണര്ത്. അവള് പുയ്യാപ്ലന്റോടയ്ക്ക് തിരിച്ചു പോണം. എനിക്ക് ഒരു സമാധാനോം ഇല്ല. നീ ചേക്കുട്ടിപ്പാപ്പാന്റെ ആളല്ലേ. അയിനു വേണ്ടത് ചെയ്ത് തരണം.”

സൈനുട്ടിക്ക പാവമാണെന്നും ഇതൊക്കെ നിങ്ങളുടെ തോന്നലാണെന്നും പറയാൻ തുടങ്ങുമ്പോഴേയ്ക്കും അവർ വീണ്ടും പറഞ്ഞു:

“ആ അറ് കെട്ട പൊലിയാടിച്ചീനെ പപ്പിക്കണം. പറ്റോ നെനക്ക്.”

അവർ ദേഷ്യംകൊണ്ട് വിറക്കുന്നുണ്ടായിരുന്നു.

“ന്നാ അവിടെ കൊടുക്കാനുള്ള പണം.”

അവർ കാച്ചിത്തുണിയുടെ കോന്തലക്കെട്ടിൽനിന്നും ബ്രിട്ടീഷുറുപ്പികകൾ എടുത്തു. കോന്തല അഴിക്കുമ്പോൾ പൊക്കിളിന്റെ താഴെ അടിവയറും ചെറിയ വെള്ളി അരഞ്ഞാണവും ചെമ്പിന്റെ ഏലസും തെളിഞ്ഞുകണ്ടു. അവർ വളരെ പതുക്കെയേ മുണ്ട് ശരിക്ക് ഉടുത്തുള്ളൂ. എന്റെ തൊണ്ടയിലെ വെള്ളം പറ്റെ വറ്റി.

“ശരിയാക്കാം ഒക്കെ ശരിയാക്കാം.”

പൈസയും വാങ്ങി ഞാൻ പതുക്കെ നടന്നു.

ഞാൻ ഈ വിവരം ആരോടും പറയാൻ പോയില്ല. പിന്നെ ഒരാഴ്ച കഴിഞ്ഞാണ് അവരെ കണ്ടത്.

“വല്ലതും നടക്ക്വോ?”

“എല്ലാം ഏല്പിച്ചിട്ടുണ്ട്. ഈ വാവിന്റെ ഉള്ളിൽ കാര്യം നടക്കും.”

എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഉമ്മയാണ് പറഞ്ഞത്:

“കാഞ്ഞരത്തിലെ സെയ്താലിന്റെ മകൾ കെട്ട്യോന്റെവ്ടയ്ക്കു തിരിച്ചു പോയത്രേ. അവര് തമ്മില് ഒക്കെ സുൽഹായി11 നന്നായി.”

ഹാവൂ സമാധാനായി. ഇനി ധൈര്യമായി പുഴയിലേയ്ക്ക് കുളിക്കാൻ പോകാമല്ലോ. ഉമ്മ പറഞ്ഞതിന്റെ രണ്ടാം ദിവസം വിടർന്ന ചിരിയോടെ കവുങ്ങിൻ ചുവട്ടിൽ ജമീലത്താത്ത.

“വാപ്പുട്ട്യേ സന്തോഷായി കൊറേക്കാലം കൂടീട്ട് ഇന്നലെ സുഖായിട്ട് ഉറങ്ങി. നെന്നെ ഞാൻ മറക്കൂല. നിയ്യ് ഒരു കാര്യം ചെയ്യ്. മറ്റന്നാള് ബുധനാഴ്ച എളാപ്പാന്റോടെ മൗലൂദ് ആണ്. എല്ലാരും പോകും ഞാൻ എന്തെങ്കിലും പറഞ്ഞിട്ട് വീട്ടില് നിക്കാ. നീ ഇര്ട്ടായാൽ കുടീല്ക്ക്‌വാ.”

കാത്തിരുന്ന ആ ദിവസവും എത്തി. അറബി മാസം നാലോ അഞ്ചോ ആയതിനാൽ നനുത്ത നിലാവ് ഉണ്ടായിരുന്നു. അവരുടെ വീടിന്റെ പുറകിലെ വേലിത്തറി മാറ്റി വീട്ടിലേയ്ക്ക് നടക്കുമ്പോൾ കരിയിലകളുടെ ശബ്ദത്തെക്കാൾ നെഞ്ചിടിപ്പായിരുന്നു ഉറക്കെ കേട്ടത്. എന്നെ കണ്ടതോടെ അവർ തിണ്ണയിലിരുന്ന മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തി. കെട്ടിപ്പിടിച്ച് അകത്തു കയറ്റുമ്പോഴും വൃശ്ചികക്കാറ്റിൽ കവുങ്ങിൻ പാളകളുടെ ഉരസലിനേക്കാൻ ശബ്ദത്തിൽ ശിൽക്കാരങ്ങൾ ഉയർത്തുമ്പോഴും അവരുടെ നന്ദിപ്രകടനം കിറുക്കോളമെത്തിയിരുന്നു.

തിരിച്ചുവരുമ്പോൾ വഴിയിലൊക്കെ ഒരു ഒറ്റക്കണ്ണൻ കള്ളച്ചിരിയോടെ ഒപ്പമുണ്ടായിരുന്നപോലെ. ഞാൻ ശരിക്കും ചേക്കുട്ടിപ്പാപ്പാനെ മനസ്സുകൊണ്ട് സ്തുതിച്ചു.

ആളുകൾ ഇപ്പോൾ എന്നോട് ഒരു അകലം പാലിക്കാൻ തുടങ്ങി. കാണുമ്പോൾ മാറിപ്പോകാനും അടക്കം പറയാനും തുടങ്ങി.

ഒരു ദിവസം അങ്ങാടിയിലേക്ക് എന്റെ അടയ്ക്കയുമായി പോയ കാളവണ്ടിക്കാരൻ രായിൻ കുട്ടിയുമായി ഒരു

കൂലിത്തർക്കം ഉണ്ടായി. അവസാനം അവൻ ചോദിച്ച കാശും കൊടുത്തു. പിറ്റെ ദിവസം ഭാരം കയറ്റി പോയ അവന്റെ വണ്ടിച്ചക്രത്തിന്റെ ആണി പൊട്ടി ഒരു വശത്തേക്ക് ചെരിഞ്ഞു. ഇടത്തേ കാളയും കാളയുടെ മുകളിലേക്ക് രായിനും വീണു. ഒന്നും പറ്റിയില്ല.

അന്നു വൈകുന്നേരം വണ്ടിക്കാരൻ രായിന്റെ മകൻ ഊരിപ്പിടിച്ച വണ്ടക്കുറ്റിയുമായി വീടിനു മുന്നിലെ അത്താണിയിൽ ചവിട്ടിനിന്ന് അലറി:

“രണ്ടും കെട്ട ചെള്‌ക്കേ. ഞങ്ങളെ വിട്ടോളി. അതാ നല്ലത്. ഞ്ഞി എന്തെങ്കിലും ണ്ടായാല് ഞാൻ മേലും കീഴും നോക്കില്ല.”

അതോടെ വീട്ടുകാരും എനിക്ക് എതിരായി. ഞാൻ മുരീദ് പണിനിർത്തി.

3

“കൂട്ടക്കാരെ മൊല്ലാക്കാന്റെ വീട്‌വരെ ഒന്നു പോയാലോ” നാട്ട് കാരണവരായ പീരുരാവുത്തരുടെ ചോദ്യം കേട്ടാണ് ഓർമ്മയിൽനിന്ന് ഉണർന്നത്. എല്ലാവരും ഇറങ്ങി.

അവിടെ എത്തിയപ്പോൾ ചെറിയ ചെറിയ ആർക്കൂട്ടങ്ങൾ അവിടവിടെ നിന്ന് കുശുകുശുക്കുന്നുണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോൾ പള്ളിയിലെ ചെറിയ ഉസ്താദ് അടുത്തേക്കു വന്നു.

“ഇതിപ്പോ ഇങ്ങനെ ഇട്ടാൽ പറ്റില്ലല്ലോ. ചേക്കുട്ടിപ്പാപ്പാനെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിൽ റൂഹ് പിരിയില്ലാത്രെ. നമുക്ക് വല്യ ഉസ്താദിനെക്കൊണ്ട്‌വന്ന് ഒരു ഉറുദി ചെല്ലിക്ക്യാ. ഒരൊറ്റ നാഴികകൊണ്ട് ഹൈറും ശററും തിരിയും.”12

എല്ലാവർക്കും സമ്മതമായി. ഉസ്താദും ദർസിലെ കുട്ടികളും വന്നു. ഈണത്തിൽ ഉറുദി ചൊല്ലി. ഇടയ്ക്കിടയ്ക്ക് നിറുത്തുമ്പോഴൊക്കെ വല്യ ഉസ്താദ് ചെവിയിൽ ശക്തിയായി ഊതി. പോകുമ്പോൾ ഉസ്താദ് ഉറപ്പ് കൊടുത്തു:

“‘ളൂഹറ്13 കടക്കില്ല. ഖലിമ ചൊല്ലിക്കൊടുത്തോളീ, സംസം വെള്ളം ഇറ്റിച്ച് കൊടുത്തോളീ.”

ഉച്ചയും കഴിഞ്ഞു. മണിക്കൂറുകൾ നീണ്ടു. ഒന്നും സംഭവിക്കുന്നില്ല. അപ്പോഴാണ് അടുത്ത മരത്തണലിൽ കടുത്ത വാഗ്വാദം.

റഹ്മാനും മുസ്തഫയുമാണ്.

പെണ്ണുങ്ങൾ പള്ളിയിൽ പോകാമെന്നും മൗലൂദും റാത്തീബും വേണ്ടാന്നൊക്കെ പറയുന്ന പുതിയ ഒരു കൂട്ടരുടെ ആളാണ് റഹ്മാൻ.

“ഉറുദി ചൊല്ലീട്ട് ഇപ്പ എന്തേ ആയി ഓരോരോ അന്തവിശ്വാസങ്ങള്.”

മുസ്തഫയാണ് മറുപടി പറഞ്ഞത്. മുസ്തഫ എന്തു കിട്ടിയാലും വായിക്കും. തെളി മലയാളത്തിലേ സംസാരിക്കൂ.

“പണ്ട് തൃശൂർ, മലപ്പുറം ജില്ലകളിലെ കീഴാള ജാതിക്കാരായ മനുഷ്യർ ഇസ്‌‌ലാമിലേയ്ക്ക് മതം മാറിയപ്പോൾ അവരുടെ കുലദൈവങ്ങളായ കുട്ടിച്ചാത്തനേയും കരിങ്കുട്ടിയേയും പ്രാർത്ഥിക്കുന്നത് നിർത്തിയില്ല. അവർക്ക് അതിനു കഴിയില്ല. അതിനു പോംവഴിയായി അന്നത്തെ ഏതോ മൗലവി ഈ മൂർത്തിയെ മതം മാറ്റി ‘ചേക്കുട്ടി’ എന്നു പേരിട്ടു. അതു പിന്നീട് ചേക്കുട്ടിപ്പാപ്പയായതാണ്.”

തർക്കങ്ങൾ പല രീതിയിലും നടന്നുകൊണ്ടിരുന്നു.

4

അസർ14 കഴിഞ്ഞപ്പോൾ ഞാൻ വീണ്ടും പോയി. അലവിമൊല്ലാക്കാനെ കാണാൻ പെരിങ്ങോടുള്ള കോയക്കുട്ടി മൊല്ലാക്ക എത്തിയിട്ടുണ്ട്. മൂപ്പർ ആ ദേശത്തെ ഉപ്പാപ്പാന്റെ ഇസ്മ്കാരനാണ്.

മൂപ്പർ നടുമുറ്റത്തേക്ക് എല്ലാവരേയും വിളിച്ചുവരുത്തി.

“ഞാനൊരു കാര്യം പറയാ. അലവിക്ക് ആൺമക്കളില്ല. അവന്റെ മൊഖദാവിൽ പോയി അത് ഏറ്റെടുക്കാൻ ആരെങ്കിലും ണ്ടോ? സന്ത് ബെന്ത്ക്കൾക്ക് പറ്റീല്ലെങ്കിൽ പൊറത്ത്‌ള്ളോര് ണ്ടോ?”

ആരും ഒന്നും മിണ്ടിയില്ല. എന്തുകൊണ്ടോ എനിക്ക് ആ സമയത്ത് ജമീലത്താത്താനേയും മാന്തളിർ പൂക്കുന്ന വൃശ്ചികത്തിലെ ആ രാത്രിയേയും ഓർമ്മവന്നു.

“ന്നാപിന്നെ ഒറ്റ വഴിയേ ഉള്ളൂ. പറയൻ കുന്നില് ഒടിയൻ ചാത്തായിണ്ട്. അവൻ വന്നു ഏറ്റെടുക്കും വേണ്ടത് ചെയ്തോളീ.”

എല്ലാവർക്കും സമ്മതമായി.

ഒടി മറയുന്നതിന്റേയും കൂടുവിട്ട് കൂടുമാറുന്ന വിദ്യയുടേയും അവസാന വാക്കാണ് ഒടിയൻ ചാത്തായി. മൂന്ന് തലമുറകൾക്ക് ഗുരു. വയസ്സ് എൺപതായി. ജടപിടിച്ച മുടിയും താടിയും നരച്ചുവെങ്കിലും ഇപ്പോഴും ആരോഗ്യവാൻ. പല ദേശങ്ങളിലായി പല ഭാര്യമാരിൽ ധാരാളം മക്കൾ. ആരൊക്കെ? എവിടെയൊക്കെ എന്നൊന്നും ചാത്തായിക്കറിയില്ല.

ഞാനും കൂട്ടുകാരൻ ചന്ദ്രനും കൂടിയാണ് പോയത്. ചുടലപ്പറമ്പിനടുത്ത് ചാളയിൽ ഒറ്റയ്ക്കാണ് താമസം. ഞങ്ങൾ ചെല്ലുമ്പോൾ സ്വന്തമായി വാറ്റിയ ചാരായവും വളയക്കുടുക്കിട്ട് പിടിച്ച ഏതോ പക്ഷിയെ തൂവൽ പറിച്ച് അതേ രൂപത്തിൽ ചുട്ടതുമായി ഇരിക്കുകയാണ്.

വിവരങ്ങളൊക്കെ പറഞ്ഞു. ചാത്തായിക്ക് പൂർണ്ണസമ്മതം.

“നിങ്ങൾ നടന്നോ പിന്നാലെ വരാം.”

ഇരുട്ടിക്കഴിഞ്ഞപ്പോൾ ചാത്തായി എത്തി.

“പ്പാപ്പാന്റെ കട്ടില് ജനലിന്റെ അടുത്തിക്ക് നീക്കിത്തരി. അട്യേൻ പുറത്തിരുന്നോളാ.”

ജനലിന്റെ പരമാവധി അടുത്ത് നിന്ന് ചാത്തായി രണ്ട് കയ്യും ഉള്ളിലേയ്ക്കിട്ട് കൊട്ടി.

“ആൽപ്പൻ കുട്ട്യേ ചാത്തായിയാണ്. പ്പാപ്പാനെ അട്യൻ കൊണ്ടാവാ. ചാത്തായിന്റട്ത്ത് മൂപ്പര്ണ്ടാവും. ഓരടെ കൂട്ടക്കാരൊക്കെ അവിടെണ്ട്.”

പിന്നെ അടുത്ത് നിന്നിരുന്ന അലവിമൊല്ലയുടെ മോളോടാണ് പറഞ്ഞത്:

“ആ അറേല് ള്ള തൊക്കെ എട്‌ത്തോ ഉമ്മക്കുട്ടീ.”

മുക്കാലിയും മെതിയടിയും കണ്ണിച്ചൂരലും ചാത്തായി ഭക്ത്യാദരപൂർവ്വം ഏറ്റുവാങ്ങുമ്പോൾ തൊടിയിലുള്ള പൊടുകണ്ണി മരത്തിന്റെ വലിയ കൊമ്പ് പൊട്ടിവീണു.

പൊട്ടിവീണ മരക്കൊമ്പിലേയ്ക്ക് നോക്കി ചാത്തായി ഞങ്ങൾക്ക് ഉറപ്പുതന്നു.

“ഇന്ന് നെറ കൊണ്ട പാതരയ്ക്ക് മൂപ്പര് പൂവ്വും.”

പടിപ്പുര കടന്നുപോവുന്ന ചാത്തായിയുടെ മുകളിലായി വലിയ കത്തുന്ന ഒറ്റക്കണ്ണുള്ള ഒരു കൂമൻ പറന്നുകൊണ്ടിരിക്കുന്നതായി തോന്നി. പക്ഷേ, മറ്റാരും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.

ഇനി രണ്ടിലൊന്നറിയാതെ വീട്ടിലേയ്ക്ക് പോകില്ല എന്ന

വാശിയിൽ ഞങ്ങൾ കുറച്ചുപേർ പടിപ്പുരയിൽത്തന്നെ ഇരുന്നു.

പുള്ളുകളും നത്തുകളും കരയാൻ തുടങ്ങി. നേരം ഇരുപത് നാഴികയെങ്കിലും ഇരുട്ടിയിട്ടുണ്ടാവും. കിഴക്കൻ ആകാശത്തിൽ മെല്ലെ ഉദിച്ചുയരുന്ന പിൻനിലാവിനൊപ്പം കടവത്തെ തറവാട്ടിൽനിന്ന് അലവിയുടെ ഭാര്യയുടേയും മക്കളുടേയും കൂട്ടനിലവിളി ഉയർന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com