
പേരപ്പന്റെ വീട് എവിടെയാണെന്ന് സത്യത്തിൽ ഞങ്ങൾക്ക് ഒരു പിടീമില്ല. ഞാനും റോയി ച്ചനും - മൂത്ത ചേട്ടായിയെ ഞാനങ്ങനെ പേരാണ് വിളിക്കുന്നത് - ചേട്ടായിയുടെ കെട്ടിയവളായ ലിസമ്മയും അവരുടെ മോളായ ജുവാനയും രണ്ടാമത്തെ ചേട്ടായി ജോഷിയും ഭാര്യ മോളിയും മക്കളായ ടിന്റുവും ദീപുവുമൊക്കെക്കൂടി വെളുപ്പിനേ പുറപ്പെട്ടതാണ്. അപ്പൻ പറഞ്ഞ് റോയിച്ചന് ഏകദേശം ധാരണയൊണ്ട്. നാലഞ്ചുതോടുകളും അഞ്ചാറ് മലകളും കഴിഞ്ഞ് കാട്ടിലൂടെ കൊറച്ചുദൂരം ചെല്ലുമ്പോൾ കൊറേ മൊളയൊക്കെ വളർന്നുനിൽക്കുന്ന ഒരു ചെരിവൊണ്ട് - അവിടെയാന്നാ അപ്പൻ പറഞ്ഞത്. പലയെടത്തും വണ്ടി നിർത്തി അന്വേഷിച്ചു. അപ്പൻ പറഞ്ഞപോലത്തെ പലവഴിയിലും കേറിയെറങ്ങി. എല്ലാവഴികളും ചെല്ലുന്നത് കൂരിരുട്ടു വെളഞ്ഞുനിൽക്കുന്ന കാടിന്റെ വക്കത്താണ്.
“ചാരായം തലയ്ക്കു പിടിച്ചപ്പം അപ്പൻ ചുമ്മാ തോന്നീതു പറഞ്ഞതാവും.” ജോഷിച്ചേട്ടായി ഈർഷ്യയോടെ പറഞ്ഞു.
“ജോഷി മോനേ, അപ്പനെപ്പറ്റി അങ്ങനെയൊന്നും പറയല്ല്. എത്ര കുടിച്ചാലും അപ്പൻ അത്രയ്ക്കു വെളിവുകേടൊന്നും പറയത്തില്ല.” എൽസിച്ചേച്ചി പറഞ്ഞു.
ഞങ്ങടെയെല്ലാം മൂത്തവളാണ് എൽസി. എൽസിച്ചേച്ചി ഒറ്റയ്ക്കാണ് വന്നിരിക്കുന്നത്.
ചേച്ചിയെ കുന്നംകുളത്തേക്കാണ് കെട്ടിച്ചുവിട്ടേക്കുന്നത്. എന്റെ ഭർത്താവ് സിനുക്കുട്ടൻ ദുബായിലായതുകൊണ്ട് ഞാനും ഒറ്റക്കേയൊള്ളൂ. ഒന്നുരണ്ടു വർഷമേയായുള്ളൂ എന്റെ കല്യാണം കഴിഞ്ഞിട്ട്. വേണ്ടന്നും പറഞ്ഞിരുന്നതാ. കന്യാസ്ത്രീ ആയാലോന്നു ചിന്തിച്ചതുമാണ്. എത്രകാലം എന്നെ കെട്ടിപ്പൊതിഞ്ഞു വയ്ക്കാൻ പറ്റുമെന്ന് എനിക്കുതന്നെ ഒറപ്പൊന്നുമില്ലാത്തതുകൊണ്ടു പിന്നെയതു വേണ്ടന്നുവെച്ചു. എന്നാത്തിനാന്നേ ജീവിതം വെറുതെ തിക്കുമുട്ടലുള്ളതാക്കുന്നേ?സിനുക്കുട്ടനെ കണ്ടുമുട്ടിയപ്പം എന്നാപ്പിന്നെയങ്ങ് ആയേക്കാമെന്നുവെച്ചു. ഞാനതു വിചാരിച്ചോണ്ടിരുന്നപ്പഴാ പുള്ളിയും മനസ്സിലിരിപ്പു പൊറ ത്തെടുത്തിട്ടത്. നേരത്തെ പലവന്മാരും ഒറങ്ങാൻ കൂട്ടുപോരുന്നോയെന്ന് അടക്കത്തിൽ തെരക്കിയിട്ട് എന്റെ വായിലിരിക്കുന്നതു കേട്ടിട്ടൊണ്ട്. പക്ഷേ, പെട്ടിയേലടച്ച് കുഴീലോട്ടു കൊണ്ടുപോകുന്നവരെ കൂട്ടുപോരുന്നോയെന്ന് സിനുക്കുട്ടനാ ജീവിതത്തിൽ ആദ്യമായി എന്നോടു തെരക്കുന്നത്. ഞാനപ്പഴേയങ്ങു സമ്മതം പറഞ്ഞേനെ. പക്ഷേങ്കി, പുള്ളി എന്നാ വിചാരിച്ചാലോന്നൊരു ശങ്ക. ഞാമ്പറഞ്ഞു, ചേട്ടായിമാരടേം ചേച്ചിയിടേം അമ്മച്ചിയിടേമൊക്കെ സമ്മതം കിട്ടിയാലേ പറ്റത്തൊള്ളന്ന്. അപ്പോൾ സിനുക്കുട്ടൻ ചോദിക്കുവാ, ചേട്ടായിമാര് സമ്മതിച്ചില്ലെങ്കിലോന്ന്. ഞാമ്പറഞ്ഞു, എങ്കി ഈ മീനങ്ങ് ഉപ്പിട്ടൊണങ്ങി ആങ്ങളമാരടെ അടുക്കളേ വെച്ചേക്കാമെന്ന്. അതു കേട്ടപ്പോൾ സിനുക്കുട്ടൻ കൊറച്ചു കളീം ഇച്ചരെ കാര്യോമായിട്ടു പറയുവാ, എത്ര ഒണക്കി സൂക്ഷിച്ചാലും വിശേഷമില്ല. വല്ല എലിയോ പൂച്ചയോ എടുത്ത് ചൊവ്വില്ലാതെ കടിച്ചുമുറിച്ച് അവിടേമിവിടേമൊക്കെയിട്ട് മെനക്കേടാക്കുമെന്ന്. ഇപ്പഴാണെങ്കിൽ നല്ല പച്ചജീവനോടെ കിട്ടിയേച്ചാ, സിനുക്കുട്ടൻ അയാടെ വാട്ടർടാങ്കിലെങ്ങാനുമിട്ട് വളത്തിക്കോളാമെന്ന്. എന്നാപ്പിന്നെ എടുത്തോണ്ടു പൊക്കോളാൻ ഞാനങ്ങ് സമ്മതിച്ചു. അങ്ങനെയാ ഞങ്ങടെ കെട്ടുനടന്നെ. ആണൊരുത്തന്റെ കൂടെ അടച്ചിട്ട മുറിയിൽ ഒറ്റക്കായതിന്റെ അങ്കലാപ്പൊക്കെ മാറ്റിയിട്ട് സിനുക്കുട്ടൻ എന്നെ കെട്ടിപ്പിടിച്ചു കെടന്നൊറങ്ങി. പുള്ളി ഒറങ്ങിയെങ്കിലും എനിക്ക് ഒറക്കമൊന്നും വന്നില്ല. പാതിരാക്കുർബാന കഴിഞ്ഞ് പള്ളിമുറ്റത്തെ നിലാവത്ത് കട്ടൻകാപ്പിയും കുടിച്ചോണ്ടിരിക്കുന്നപോലത്തെ ഒരു സുഖമൊക്കെ മനസ്സിലപ്പോൾ തോന്നി. മലകളുടേം കാടിന്റേം നടുക്കൊള്ള, ഞങ്ങടെ പറമ്പിലെ പയ്യാനിക്കാടിന്റെ എടേന്നൊള്ള ചീവീടുകരച്ചിൽപോലെ സിനുക്കുട്ടന്റെ കൂർക്കംവലി കേട്ടപ്പം രസംതോന്നി. രാവിലെ സിനുക്കുട്ടൻ ഒണന്നപ്പം, ഞാനവനെത്തന്നെ നോക്കിക്കൊണ്ടു കിടക്കുവാ. സിനുക്കുട്ടനു ചിരിവന്നു. ഇപ്പം നിന്നെക്കണ്ടാൽ ഒരു കൊച്ചു കടുവക്കുട്ടി നോക്കിക്കോണ്ടു കെടക്കുന്നപോലെയൊണ്ടെന്നും പറഞ്ഞ് അവൻ എന്നെ പൊതപ്പിനകത്തെ ഗുഹയിലേക്കു പിന്നേം പിടിച്ചുകേറ്റി. രണ്ടുപേരുടേം ഇടവകപ്പള്ളീലും കൊറച്ചു ബന്ധുക്കടെ വീട്ടിലുമൊക്കെ ഞങ്ങൾ കേറിയെറങ്ങി ഒന്നുരണ്ടാഴ്ച കഴിഞ്ഞപ്പഴേക്കും സിനുക്കുട്ടന്റെ ലീവ് തീർന്നു. കുറേ ഉമ്മേംതന്ന് കെട്ടിപ്പിടിച്ച് പെണ്ണുങ്ങളെപ്പോലെ കണ്ണുംനനച്ച് അവൻ വിമാനത്തേക്കേറി പറന്നു.
വിശേഷമൊന്നുമായില്ലേ എന്ന നാട്ടുകാരുടെ ആകുലതകൾക്കിടയിൽ, ഭർത്താവിന്റേയും എന്റേയും വീടുകളിൽ മാറിമാറി ഞാനിങ്ങനെ ജീവിച്ചുപോന്നു. ഇടയ്ക്കു ചേട്ടായിമാരുടേയും എൽസിച്ചേച്ചിയുടേയും വീടുകളിൽ പോയിനിൽക്കും. അങ്ങനെയിരിക്കെ ഒരു ദിവസം ഞങ്ങളെല്ലാം റോയിച്ചന്റെ വീട്ടിൽ ഒത്തുകൂടി.
കൊച്ചുവർത്തമാനവും പരദൂഷണവും പറഞ്ഞിരിക്കുന്നതിനിടയിൽ പേരപ്പന്റെ വിശേഷങ്ങളും കടന്നുവന്നു. പേരപ്പനെന്നു പറഞ്ഞാൽ എനിക്കു ജീവനാണ്. ഞാൻ കൊച്ചായിരുന്നപ്പോൾ കാടും മലയും കയറിയിറങ്ങി എടക്കെടെ പേരപ്പൻ വരുമായിരുന്നു. വെടിയെറച്ചിയും വാറ്റിയെടുത്ത ഒന്നാന്തരം ചാരായവും ചാക്കിനകത്ത് കൊറേ ചക്കയും മാങ്ങയുമൊക്കെക്കൊണ്ടാണ് വരവ്. തോളേൽ ഒരു മുട്ടൻതോക്ക് ഞാത്തിയിട്ടിട്ടൊണ്ടാവും. പേരപ്പൻ കൊണ്ടുവരുന്ന വെടിയെറച്ചി, ഉപ്പും പറമ്പീന്നു പറിച്ചെടുത്ത പച്ചക്കുരുമുളകും മഞ്ഞളുമൊക്കെച്ചേർത്ത് അമ്മച്ചി നല്ല വെടിപ്പായി ഒലത്തി രണ്ടു പിഞ്ഞാണത്തിൽ കൊണ്ടുവന്നു തിണ്ണയിൽ വയ്ക്കും.
“എന്നാത്തിനാ മത്തായീ നമുക്കു രണ്ടു പിഞ്ഞാണം? ഒന്നീന്നു തിന്നാപ്പോരേടാ?”
“മതിയെടാ, ഗോപാലാ...”
രണ്ടുപേരുംകൂടി പെട്ടെന്നുതന്നെ ഒരു പിഞ്ഞാണത്തിലെ എറച്ചിയും ചാരായവും അകത്താക്കും. പിന്നെ അടുത്ത പാത്രത്തീന്നു തിന്നാൻ തൊടങ്ങും. ഇടത്തേ കൈകൊണ്ടാണ് പേരപ്പന്റെ തീറ്റേം കുടിയും. ഇടയ്ക്കു പേരപ്പൻ നല്ല കരളിന്റെ കഷണം കിട്ടുമ്പം എന്റെ വായിൽ വച്ചുതരും. ഞാനപ്പോൾ പേരപ്പന്റെ വിരലേൽ നക്കുകേം ചെയ്യും. നല്ല രുചിയാ. ഒരേ പാത്രത്തിൽനിന്നു വടിച്ചുനക്കി എഴുന്നേറ്റിട്ട് അപ്പനും പേരപ്പനുംകൂടി, പൊരേടെ പൊറകിൽ ഏലവും കുരുമുളകും പച്ചക്കറികളും വളർന്നുനില്‍ക്കുന്ന, തട്ടുതട്ടായി കിടക്കുന്ന പറമ്പിക്കൂടെ നടന്നുപോയി, കാട്ടിലേക്കു തലചായിച്ചു നിൽക്കുന്ന മലഞ്ചോട്ടിലിരുന്ന് കഞ്ചാവു ഞെരടി പതംവരുത്തി ബീഡിയെലേൽ തെറുത്തു വലിക്കും. രണ്ടുപേരുടേം കണ്ണു ചൊമന്നുവരുന്നതും നോക്കി ഞാനവരുടെ അടുത്തുതന്നെയിരിക്കും. കൊറേക്കഴിയുമ്പം അപ്പൻ ഏതെങ്കിലും മരച്ചോട്ടിലേക്കു ചെരിയും.
“എണയാന്നുംവച്ച് വല്ല പാമ്പുംവന്ന് നിന്റേതേ ചുറ്റുമെടാ...” എന്നും പറഞ്ഞ്, കൈലിമുണ്ട് ചൊവ്വേ ഉടുപ്പിച്ചിട്ട് അപ്പനെയെടുത്തു പേരപ്പൻ തിണ്ണേൽകൊണ്ടെ കെടത്തിയിട്ട് എന്നേം തോളത്തിരുത്തി മലകയറി കാട്ടിലേക്കു പോകും. മലേടെ മോളിലെ കാടുമുഴുക്കെ പേരപ്പനു വീടുപോലെയാ. ഓരോ മരത്തിന്റേം ചെടിയുടേം പേരറിയാം. കാട്ടാനയും കാട്ടുപന്നിയും പുലിമൊക്കെ പേരപ്പനെ കണ്ടാൽ പരിചയമുള്ളപോലെ ഒന്നുകൂടി തിരിഞ്ഞുനിന്നു നോക്കിയിട്ടുപോകും. സത്യം പറഞ്ഞാൽ, അങ്ങനെയങ്ങനെ ചെല പുലിക്കും കടുവയ്ക്കുമൊക്കെ എന്നേം പരിചയമായെന്നു പറയാം. പോകുന്ന പോക്കിൽ ചിലപ്പോൾ തോളത്തുനിന്നു തോക്കെടുത്തു പേരപ്പൻ ഒറ്റവെടിയങ്ങു വയ്ക്കും. ഏതെങ്കിലും പരുന്തോ മലയണ്ണാനോ കാട്ടുമുയലോ പച്ചെലകളിൽ ചോര തളിച്ച് ഞങ്ങടെ നുമ്പി വന്നുവീഴും. അപ്പൊ പേരപ്പന്റെ കണ്ണിലെ ഒരു തെളക്കം കാണണം. ഒരിക്കൽ ഞാനും പേരപ്പനുംകൂടി കാട്ടിലെ മരത്തുമ്പത്ത് ആഞ്ഞിലിച്ചക്കപ്പഴം തിന്നോണ്ടിരുന്നപ്പം താഴെക്കൂടെപ്പോയ ഒരു കടുവേടെ കണ്ണിലേ ഞാനത്രേം തെളക്കം വേറെ കണ്ടിട്ടൊള്ളൂ.
വെടികൊണ്ടു വീഴുന്ന ജീവിയേം എടുത്തുകൊണ്ട് എന്നേംകൂട്ടി പേരപ്പൻ കാട്ടിലെ വള്ളിപ്പടർപ്പും മരക്കൂട്ടവുമൊക്കെ കടന്ന് ഏതെങ്കിലും ഗുഹയിൽ ചെന്നുകയറും. ഓരോ തവണയും ഓരോ ഗുഹയിലാണ് ചെന്നുകയറുക. എളീൽ നല്ല മൂർച്ചയൊള്ള പിച്ചാത്തിയൊണ്ടാവും. ജീവീടെ പപ്പും തോലും പൂടേമൊക്കെ മാറ്റിയിട്ട് കാട്ടീന്നു പെറുക്കിയ വിറകു കത്തിച്ചു പേരപ്പൻ പാറപ്പുറത്തുവച്ച് ചുട്ടെടുക്കും. കാട്ടീന്നു നല്ല മൊളകു കിട്ടുന്ന സ്ഥലോം പേരപ്പനറിയാം. അതും പറിച്ചോണ്ടുവരും. മക്കൾക്ക് എരിയുമെന്നും പറഞ്ഞ് പേരപ്പൻ എനിക്കു മൊളകു തരത്തില്ല. മൊളകുകൂട്ടി പേരപ്പൻ തിന്നും. മൊളകില്ലാതെ ഞാനും. വേവിക്കാത്ത കഷണോം വല്ലപ്പോഴുമൊക്കെ പേരപ്പൻ തിന്നുന്നെ കാണാറൊണ്ട്. എനിക്കു തരത്തില്ല. ഞാൻ വീട്ടിൽപോയി പറയുമെന്നും പറഞ്ഞാ എനിക്കു തരാത്തത്. പക്ഷേ, സത്യായിട്ടും പേരപ്പൻ അതു തിന്നുന്ന കാണുമ്പം കൊതി തോന്നാറുണ്ട്. ഒരു ദിവസമിങ്ങനെ എന്തിനെയോ പിടിച്ചു ചുട്ടുതിന്നിട്ട്, കാട്ടിൽക്കൂടെ ഒഴുകുന്ന തോട്ടിലെറങ്ങി വെള്ളമൊക്കെ കുടിച്ചിട്ട്, എന്നേംകൂട്ടി പേരപ്പൻ ഒരു ഗുഹേലോട്ടു കയറി.
“മക്കള് കൊറച്ചുനേരം ഒറങ്ങിക്കോ...” എന്നു പറഞ്ഞ്, തോളത്തെ എരട്ടക്കൊഴൽ തോക്കെടുത്ത്, അഴിക്കാനും ഓയിലിടാനും മറ്റും തുടങ്ങി. വിരിച്ചുതന്ന തോർത്തുമ്മേൽ അതെല്ലാം നോക്കിക്കൊണ്ടു ഞാൻ കെടന്നു.
“മക്കളൊറങ്ങിക്കോ...”
പേരപ്പൻ നിർബ്ബന്ധിച്ചു.
അങ്ങനെയൊക്കെ പറഞ്ഞാൽ എടുപിടീന്നു വരുന്ന സാധനമാണോ ഒറക്കം? ഞാൻ കണ്ണടച്ചു. ഒറങ്ങാൻ ശ്രമിച്ചു. പറ്റുന്നില്ല. അതോ, ഇനി ഒറങ്ങിയോ ആവോ! എന്തായാലും ഞെട്ടിക്കുന്ന ഒരു കാഴ്ചയാ അപ്പോൾ കണ്ടത്. പേടിച്ചിട്ട് എണീക്കാൻ പറ്റാതെ പോയതാണോ, സ്വപ്നമാണോന്ന് പറയാൻ പറ്റുന്നില്ല. ഒരു മുഴുത്ത കടുവ! അതു ഗുഹേലോട്ടു കേറിവന്നു. ചെലപ്പം അതിന്റെ താമസസ്ഥലമാരിക്കും ഇത്. ഞങ്ങളെ രണ്ടിനേം അതു കടിച്ചുകീറി ഇപ്പംതന്നെ വയറ്റിലാക്കും.
ചെലപ്പം പേരപ്പൻ തോക്കെടുത്ത് കടുവേടെ തിരുനെറ്റിനോക്കി ഒറ്റവെടി വയ്ക്കാനും മതി! കടുവേടെ തോലുംപൊതച്ചു മലയെറങ്ങിച്ചെന്നാൽ വലിയ ഗമയാരിക്കും. പക്ഷേങ്കിൽ, വിചാരിച്ചപോലൊന്നുമല്ലായിരുന്നു കാര്യങ്ങൾ. കടുവ ഒരു പൂച്ച ക്കുട്ടിയെപ്പോലെ പേരപ്പനെ മുട്ടിയുരുമ്മി. പേരപ്പനതിനെ കെട്ടിപ്പിടിച്ച് തലേലും മൊഖത്തും കൊറേ ഉമ്മയങ്ങു കൊടുത്തു.
വെളിച്ചം മങ്ങിയതാണോ, പേടി കാരണം കണ്ണിൽ ഇരുട്ടു കേറിയതാണോ, ഒന്നുമെനിക്ക് ചൊവ്വായിട്ട് കാണാൻ പറ്റുന്നൊണ്ടായിരുന്നില്ല. കൊറച്ചുകഴിഞ്ഞ് കടുവ എന്നെ നോക്കുകപോലും ചെയ്യാതെ തലയുംതാഴ്ത്തി പൊറത്തേക്കു പോയി. എന്തോ രസമൊള്ളകാര്യം ചിന്തിച്ചോണ്ടുള്ള പോക്കാണെന്നു തോന്നും അതു കണ്ടാൽ. അഴിച്ചുവെച്ച തോക്കിന്റെ ഭാഗങ്ങൾ തൂത്തുതൊടച്ച് പേരപ്പൻ പിന്നേം പാറപ്പൊറത്തു വന്നിരുന്നു.
“എനിക്കു പേടിയായി പേരപ്പാ...”
ഞാൻ പറഞ്ഞു.
“മക്കളെന്തിനാ പേടിക്കുന്നെ? ഒറങ്ങിയപ്പം വല്ല സ്വപ്നോം കണ്ടോ?” പേരപ്പൻ ചോദിച്ചു. എനിക്കൊറപ്പാ. ഞാൻ ഒറങ്ങിയിട്ടൊന്നുമില്ലായിരുന്നു. ഒണന്നിരിക്കുമ്പം ആരേലും ഇങ്ങനത്തെ സ്വപ്നം കാണുവോ?
പേരപ്പന്റെ തോളത്തിരുന്നു മലയെറങ്ങുമ്പോൾ, പൊരേച്ചെന്നാലുടൻ റോയിച്ചനോടും ജോഷിച്ചേട്ടായിയോടും എൽസിച്ചേച്ചിയോടുമൊക്കെ ഗുഹയിലൊണ്ടായ കാര്യങ്ങൾ പറയണമെന്നൊണ്ടായിരുന്നു. പക്ഷേ, ഞാൻ പറയുന്നതൊക്കെ കേൾക്കാൻ അവർക്കെല്ലാം എവിടാ സമയം! റോയിച്ചനെപ്പഴും പള്ളിക്കാര്യങ്ങളുമായി നടപ്പാണ് പണി. ജോഷിച്ചേട്ടായിക്ക് പേരപ്പനെന്നു കേൾക്കുന്നതേ ഇഷ്ടമല്ല. ഒരു ദിവസം കരാട്ടേ ക്ലാസ്സിൽ പോയിട്ടു വന്നപാടേ അടുക്കളയിലേക്കു ചെന്ന് ജോഷിച്ചായൻ അമ്മച്ചിയോടു ദേഷ്യത്തോടെ ചോദിക്കുന്നെ കേട്ടു:
“എങ്ങാണ്ടെന്നു വന്ന ഗോപാലനെങ്ങനാ അമ്മച്ചീ ഞങ്ങടെ പേരപ്പനാകുന്നെ?”
“നമ്മള് ഹൈറേഞ്ചുകാർക്ക് ജാതീം മതോമൊന്നുമില്ലടാ ജോഷിക്കൊച്ചേ.”
അപ്പഴാ ഞാനും ആലോചിച്ചത്, ഞങ്ങടെ ബന്ധുക്കടെയെല്ലാം പേര് അപ്പച്ചൻ, ചാക്കോ, ജോൺ, ഏലിയാസ് എന്നൊക്കെയാ. പേരപ്പനു മാത്രമെങ്ങനെയാ അമ്പലക്കാരുടെ പേരുവന്നെ? പേരപ്പനെപ്പോലെ അപ്പനും നല്ല വേട്ടക്കാരനാന്നൊള്ളെത് നേരാണ്. അപ്പനും പേരപ്പനും തമ്മില് പരിചയപ്പെടുന്നേനു മുന്‍പത്തെ കഥ അപ്പൻ പറഞ്ഞുതന്നെ ഞാൻ കേട്ടിട്ടൊണ്ട്. അക്കാലത്ത് നാട്ടിലെങ്ങും ഒരു കടുവയെറങ്ങി ശല്യംചെയ്യാൻ തൊടങ്ങി. കിണറു പണിക്കാരൻ അവിരായുടെ കെട്ടിയോള് പുല്ലുപറിക്കാൻ പോയപ്പം കടുവ പിടിച്ചു. തേയിലത്തോട്ടത്തിലെ സായിപ്പിന്റെ ബംഗ്ലാവിൽ വെളുപ്പിനെ തൂത്തുവാരാൻ പോകുന്ന പെങ്കൊച്ചിനെ കടുവ പിടിച്ചു. കന്യാസ്ത്രീമഠത്തിലെ പശൂനെ തടിപ്പിക്കാൻ മൂരിയേം കൊണ്ടുപോയ ഏലിപ്പെണ്ണിനെ കടുവ പിടിച്ചു. ആരുടേം ശവംപോലും കണ്ടുകിട്ടിയില്ല. കടുവേടെ മണം വന്നെന്നും കാല്പാടു കണ്ടെന്നും അതിന്റെ നുമ്പിപ്പെട്ടിട്ട് ഒടേതമ്പുരാന്റെ കൃപകൊണ്ടു രക്ഷപ്പെട്ടെന്നുമൊക്കെ വേറെ പലരും പറഞ്ഞു. അക്കാലത്ത് പാലായീന്നൊള്ള ഒരു കത്തനാരായിരുന്നു ഞങ്ങടെ പള്ളിയിൽ. ഞാൻ ജനിക്കുന്നേനു മുന്‍പൊള്ള കാര്യമാണ് കെട്ടോ. എൽസിച്ചേച്ചീം റോയിച്ചനും അപ്പോൾ ചെറിയ ക്ലാസിലാ. ജോഷിച്ചേട്ടായിക്ക് മൂന്നു മൂന്നര വയസ്സുകാണും. അപ്പനെ കത്തനാര് പള്ളീലേക്കു വിളിപ്പിച്ചു:
“മത്തായീ, നീ എന്റെയീ കുപ്പായം കണ്ടോ? ചെലസമയത്ത് ഇതൊരു കുരിശാ. അല്ലെങ്കിൽ എടവകേലെ ഇത്രേം പേരെ ഇല്ലാണ്ടാക്കിയ ആ ജന്തുവിനെ വെടിവച്ചുകൊന്ന് ഞാനീ പള്ളിമുറ്റത്തു കൊണ്ടെയിട്ടേനെ. നീയും തൂക്കിയിട്ടോണ്ട് നടക്കുന്നൊണ്ടല്ലൊ ഒരു തോക്ക്. ആ കടുവേ കൊന്ന് നീ എന്റെ നുമ്പിക്കൊണ്ടെയിട്ടാ... ഒരു കാര്യം ഞാൻ ഒറപ്പുതരാം. നീ ചാകുമ്പം, നിന്നെ അടക്കുന്ന കല്ലറേടെ മോളിൽ നിന്റെയൊരു തിരുരൂപമൊണ്ടാക്കിവെച്ച് ഞാൻ മെഴുതിരി കത്തിക്കും. കടുവാപിടിയൻ മുത്തപ്പനെന്നു പറഞ്ഞ് നാള ത്തെ തലമുറ നിന്റെ നുമ്പി മുട്ടുകുത്തി പ്രാർത്ഥിക്കും. എന്താ നിനക്കു സമ്മതമാണോ?”
അപ്പനു സമ്മതമായിരുന്നു. ഇരുണ്ടു പൊക്കം കുറഞ്ഞയാളാണെങ്കിലും തന്റേടത്തിന് ഒരു കൊറവുമില്ലല്ലോ. അണ്ണാൻ ചപ്പിയ മാങ്ങാണ്ടിപോലത്തെയെന്ന് അമ്മച്ചി കളിയാക്കുന്ന അപ്പന്റെ മൂക്കത്ത് വെയർപ്പ് തുള്ളികൾ പൊടിച്ചുവന്നു. തോളേന്നു തോർത്തെടുത്ത് മൊഖം തൊടച്ചുകൊണ്ട് അപ്പൻ വീട്ടിലേക്കു നടന്നു.
വന്നപാടേ അപ്പൻ പണിതൊടങ്ങി. പറമ്പിൽനിന്ന വലിയ ഒരു കാഞ്ഞിരമരം വെട്ടിയിട്ടു. അത്യാവശ്യം മരപ്പണിയൊക്കെ പിടുത്തമൊള്ളയാളാണ്. നല്ല വലിപ്പത്തിൽ മരത്തടി വെട്ടിമുറിച്ച് തന്നത്താൻ ഒരു കെണിയൊണ്ടാക്കി. ധാരാളം അഴികളൊള്ള കെണി. കുടുങ്ങിയാൽ പൊറത്തുനിന്നു നോക്കുന്നവർക്കു കാണാം. രക്ഷപ്പെടാൻ പറ്റത്തില്ല. അക്കാലത്ത് ഞങ്ങടെ നാട്ടിൽ ഇരുമ്പുസാമാനങ്ങൾ കിട്ടാൻ കൊറച്ചു ബുദ്ധിമുട്ടായിരുന്നു. അമ്മച്ചി പുല്ലു വെട്ടാൻപോകുന്ന കാട്ടിലേക്കുള്ള ചവിട്ടുവഴിയിൽ അപ്പൻ ആ കെണിപ്പെട്ടി സ്ഥാപിച്ചു. ആടിനേം പശൂനേമൊക്കെ കൂടിന്റെ നുമ്പി കെട്ടിയിട്ട് തോക്കുമായി പൊന്തയിൽ കൊറേ ദിവസം അപ്പൻ ഒളിച്ചിരുന്നു. കടുവയെങ്ങാനും വന്നാൽ കാറ്റത്ത് മനുഷ്യന്റെ മണം പെട്ടെന്നറിയാതിരിക്കാൻ അപ്പൻ എടക്കെടെ കമ്യൂണിസ്റ്റ് പച്ചേടെ എല പറിച്ചു ഞെരടി. ചുമ്മാ കാത്തിരുന്നു കാലുകഴച്ചതു മാത്രം മിച്ചം. എന്നാൽ, കൊറച്ചുദിവസം കഴിഞ്ഞപ്പം കടുവ വന്നു. അപ്പോൾ കെണിപ്പെട്ടിയുടെ നുമ്പിൽ അമ്മച്ചിയായിരുന്നു. അമ്മച്ചി പുല്ലു ചെത്താൻ പോകുവാരുന്നെന്നാ അപ്പൻ പറയുന്നത്. അതല്ല, എരയ്ക്കു പകരം അമ്മച്ചിയെ പിടിച്ചുനിർത്തിയതാന്നാ നാട്ടിലൊള്ള ചെലര് പറയുന്നത്. അമ്മച്ചിയോടു ചോദിച്ചാൽ അതിനെപ്പറ്റി ഒരക്ഷരം മിണ്ടത്തുമില്ല. അത്തറ മനുഷ്യപ്പറ്റില്ലാത്തവനായിരുന്നോ അപ്പൻ? ആർക്കറിയാം, അല്ലെങ്കിലും ഒരാൾക്ക് മനുഷ്യനോ മൃഗമോ ആകാൻ ഒത്തിരി നേരമൊന്നും വേണ്ടല്ലോ.
കരിയില ഞെരിഞ്ഞു. കടുവയുടെ മണം അപ്പനു കിട്ടി. കാട്ടിലെ വള്ളിപ്പടർപ്പെളകി. കടുവയെ കണ്ടൂ - കണ്ടില്ല - എന്നായപ്പത്തന്നെ അപ്പൻ വെടിപൊട്ടിച്ചു. ഒരൊറ്റ അലർച്ചയാരുന്നു കടുവ. വള്ളിപ്പടർപ്പിനു മോളിലേക്ക് അതു ചാടിപ്പൊങ്ങിയപ്പോൾ അപ്പനു മനസ്സിലായി - ഉന്നം തെറ്റിയിട്ടില്ല. അതിന്റെ മേത്തൂന്ന് ചോര ചീറ്റുന്നത് അപ്പൻ, അപ്പന്റെ കണ്ണുകൊണ്ടു കണ്ടതാ. മെലിഞ്ഞ തോടിന്റെ മോളിലെ ഒറ്റത്തടിപ്പാലത്തിലൂടെ സഞ്ചീന്നെടുത്ത തോട്ടയുംകൊണ്ട് അപ്പൻ പാഞ്ഞുചെന്നു. പക്ഷേ, കാടിന് അപ്പനോടുള്ളതിനെക്കാൾ ലോഹ്യം കടുവയോടായിരുന്നു. ഒച്ചേം അനക്കോം വരാണ്ട് അത് കടുവയെ ചങ്കത്തു വാരിപ്പിടിച്ച് ഒളിപ്പിച്ചുവെച്ചു. ഒരു കയ്യിൽ തോക്കും മറ്റേ കയ്യിൽ തോട്ടയുമായി അപ്പൻ അവിടെയൊക്കെ തപ്പിയെങ്കിലും കടുവയെ കണ്ടില്ല. എലകളിലും പുല്ലിനുമേലും ചോരത്തുള്ളികൾ തെറിച്ചേക്കുന്നെ കണ്ടു. നോക്കിയിട്ടു കാര്യമില്ലെന്നു മനസ്സിലായപ്പം അമ്മച്ചിയേംകൂട്ടി അപ്പൻ പൊരേലേയ്ക്കു വന്നു.
രണ്ടു ദിവസം കഴിഞ്ഞ് വൈകിട്ട് പള്ളിക്കൂടം വിട്ടുവന്ന റോയിച്ചനും എൽസിച്ചേച്ചീംകൂടെ പറമ്പിൽ കെളച്ചോണ്ടുനിന്ന അപ്പന്റെയടുത്തുചെന്നു പറഞ്ഞു:
“അപ്പാ, അപ്പന്റെ കെണിപ്പെട്ടീല് എന്തോ അനക്കം.”
കേട്ടപാതി അങ്ങോട്ട് ഓടിച്ചെന്ന് കെണീടെ അഴിക്കെടയിൽക്കൂടി തോക്കുചൂണ്ടി നോക്കിയ അപ്പൻ ഞെട്ടിപ്പോയി. കടുവയല്ല, ഒരു മനുഷ്യൻ!
അപ്പൻ വേഗം കെണിപ്പെട്ടി തുറന്ന് അയാളെ പൊറത്തെറക്കി. വെളുത്തുതുടുത്ത് നല്ല പൊക്കോം വണ്ണോമൊള്ള മനുഷ്യൻ. നെലംതല്ലിപോലെ മുഴുപ്പും ബലോമുള്ള കാൽപ്പത്തികൾ. വലത്തേ കൈപ്പത്തി മുഴുത്ത ഒരു തോർത്തുകൊണ്ടു പന്തംപോലെ ചുറ്റിക്കെട്ടിയിട്ടൊണ്ടായിരുന്നു. അതിൽ മണ്ണുംചോരയും ഏതൊക്കൊയോ പച്ചിലയുടെ കറയും പറ്റിപ്പിടിച്ചിരിക്കുന്നു. അപ്പൻ വലതു കൈത്തണ്ടയിൽ പിടിച്ചപ്പം അയാൾ ഞരങ്ങി.
“എവിടുന്നാ? എന്നാ പറ്റീതാ?”
അപ്പൻ ചോദിച്ചു.
“കെഴക്കാ വീട്. വേട്ടയ്ക്കു പോയപ്പം കാട്ടിൽവെച്ച് കയ്യിലിരുന്നു തോട്ട പൊട്ടി. ചാകാണ്ടിരുന്നതു യോഗംകൊണ്ടാ.”
അയാൾ പറഞ്ഞു.
“എന്താ പേര്?”
“ഗോപാലൻ...”
“എങ്ങനാ ഇതിനകത്തു പെട്ടേ?”
“മഴ ചാറിയപ്പം കേറിയിരുന്നതാ. എറങ്ങാൻ പറ്റാണ്ട് കുടുങ്ങിപ്പോയി.”
കാടിന്റെയപ്പുറത്ത് കൊറേ ദൂരെയുള്ള നാട്ടിലാണ് വീടെന്നും കെട്ടിയോളുമായി വഴക്കൊണ്ടാക്കി ഇച്ചിരനാൾ മുന്‍പ് എറങ്ങിപ്പോന്നതാണെന്നും ഒന്നുരണ്ടു മാസമായിട്ട് കാട്ടിലാരുന്നു താമസമെന്നും അയാൾ അപ്പനോടു പറഞ്ഞു. അപ്പനയാളെ വീട്ടിലേക്കു കൂട്ടി. എൽസിച്ചേച്ചീം റോയിച്ചനും ജോഷിച്ചേട്ടായീമൊക്കെ അയാളെ പേരപ്പാന്നു വിളിക്കാനും തൊടങ്ങി. ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോൾ അപ്പൻ പറഞ്ഞു: “വഴിയൊക്കെപ്പറഞ്ഞു തന്നാ ഞാൻ
ഗോപാലന്റെ കെട്ടിയോളെ ഒന്നു പോയിക്കാണാം. എല്ലാം ഞാമ്പറഞ്ഞു ശരിയാക്കാമെന്നേ.”
ഗോപാലൻ വഴി പറഞ്ഞുകൊടുത്തു. കാടും മലകളും കേറിയെറങ്ങി രണ്ടുദിവസം കഴിഞ്ഞ് അപ്പൻ സന്തോഷവാർത്തയുമായിട്ടാ പോയി വന്നത്. പിറ്റേന്ന് പേരപ്പൻ
വീട്ടിൽപോയി. കൊറച്ചുദിവസം കഴിഞ്ഞപ്പം തിരിച്ചുവന്നു. കൊറേദിവസം അവിടെ, കൊറേദിവസം ഇവിടെ; അങ്ങനെയായി പേരപ്പന്റെ താമസം.
വന്നുകഴിഞ്ഞാപ്പിന്നെ എന്തിനുമേതിനും അപ്പനും
പേരപ്പനും എപ്പഴും ഒരുമിച്ചാണ്. തെങ്ങിന്റെ തടമെടുക്കുന്നതും കപ്പേടെ എട കെളയ്ക്കുന്നതും പാവലിനു തടമിടുന്നതും പശൂനെ അഴിച്ചുകെട്ടുന്നതും ചാണകം വാരുന്നതുമെല്ലാം രണ്ടാളും ചേർന്നാണ്. വലതുകൈപ്പത്തിയില്ലാത്തയാളാ ഈ പണിയൊക്കെ ചെയ്യുന്നതെന്ന് പേരപ്പൻ പണിയെടുക്കുന്ന കണ്ടാൽ തോന്നത്തേയില്ലന്ന് അമ്മച്ചി പറഞ്ഞിട്ടൊണ്ട്. പേരപ്പന്റെ പോയിവരവ് എടക്കേയൊള്ളെങ്കിലും പുള്ളിക്കൊരു കൊച്ചൊണ്ടായി. മൂന്നാലുവർഷം കഴിഞ്ഞാ അമ്മച്ചി എന്നെ പ്രസവിക്കുന്നത്. എന്നോടൊള്ളതിന്റെ പകുതി സ്നേഹംപോലും പേരപ്പനു സ്വന്തം കൊച്ചിനോടില്ലായിരുന്നു. പേരപ്പനിവിടെ ചേനയ്ക്കു തടമെടുത്തോണ്ടിരുന്നപ്പം അപ്പനാ ചെന്ന് കുഞ്ഞിന് ‘സുമാ’ന്നു പേരിട്ടത്. അങ്ങനെയൊരു ചെറിയപ്പനെ കിട്ടിയത് സുമേച്ചീടെ ഭാഗ്യം. എന്നെക്കാളിഷ്ടം അപ്പന് സുമേച്ചിയോടാണോന്ന് ഞാനൊരിക്കൽ അപ്പനോട് ചോദിച്ചിട്ടുമൊണ്ട്. സുമേച്ചിക്ക് എന്തു സാധനം കൊടുക്കാനും അപ്പന് ഒരു മടിയുമില്ല. എന്റെ കാര്യത്തിൽ പേരപ്പനും അങ്ങനെതന്നെയാണ് കെട്ടോ.
കൊച്ചിലേ മൊതലേ റോയി ച്ചൻ രാത്രീം പകലും പള്ളീലായിരുന്നു തീറ്റേം കെടപ്പും. ജോഷിച്ചേട്ടായി ആണെങ്കിൽ, പള്ളിക്കൂടത്തിൽ പഠിക്കുമ്പഴേ തെണ്ടിത്തിരിഞ്ഞു നടപ്പാണ്.
ഫുട്ബാൾ മാച്ച്, സിനിമ എന്നൊക്കെപ്പറഞ്ഞ് ജോഷിച്ചേട്ടായി പാലായ്ക്കോ കോട്ടയത്തിനോ ഒക്കെപ്പോകുന്നത് എനിക്കോർമ്മയുണ്ട്. ഞങ്ങടെ നാട്ടിൽ സിനിമാകൊട്ടകയൊന്നും ഇല്ലാത്തകൊണ്ട് ലണ്ടനിലേക്കു പോകുന്ന ഗമയിലാ ജോഷീടെ പോക്ക്. തൊടുപുഴയൊള്ള ഒരു കൂട്ടുകാരന്റെ വീട്ടിൽ റ്റി.വിയൊണ്ടെന്നും പറഞ്ഞ് ചെലപ്പം അങ്ങോട്ടാവും പോവുന്നത്. പറയുന്നതൊക്കെ സത്യമാണോ ആവോ? എന്തായാലും ക്ലാസ്സിലെ പെമ്പിള്ളരടെയടുത്ത് “ഞാൻ ബാലൻ കെ. നായരാണ്, ഞാൻ ജോസ് പ്രകാശാണ്, ഞാൻ റ്റി.ജി. രവിയാണ്” എന്നൊക്കെ പറഞ്ഞു മസ്സിലുപിടിച്ചു ചെല്ലുന്നതും അവളുമാര് “പോടാ! മരംകേറി കൊച്ചുമത്തായി...” എന്നു വിളിക്കുന്നതും ഞാനെന്റെ കണ്ണുകൊണ്ടു കണ്ടിട്ടുണ്ട്. ഫലത്തിൽ, മിക്ക ദിവസവും ഞാനും അമ്മച്ചീം ചേച്ചിപ്പെണ്ണ് എൽസീം മാത്രമായിരിക്കും വീട്ടിൽ. അപ്പനാണെങ്കിൽ, എടയ്ക്കൊക്കെ ഒരു സർക്കീട്ടുണ്ട്. അന്ന് കോട്ടയത്താണ് ഞങ്ങടെ കളക്ടറേറ്റ്. കൃഷീടെ ചെല ആനുകൂല്യങ്ങൾ കിട്ടാനൊള്ള വകുപ്പൊക്കെ അവിടെച്ചെന്നു തിരക്കിയാലേ അറിയാൻ പറ്റൂന്ന് അപ്പൻ പറയും. നടാനുള്ള നല്ല വിത്തിനങ്ങൾ തപ്പിയാവും ചെലപ്പം പോകുന്നത്. എന്തായാലും എല്ലാ മാസോം ഒരാഴ്ചയെങ്കിലും വീട്ടിലൊണ്ടാവില്ല. ആ നേരം കടുവേമൊക്കെ ശല്യം ചെയ്യുന്ന സ്ഥലമായകൊണ്ട് ഞങ്ങളപ്പം ഏറുമാടത്തേലായിരിക്കും. തോക്കും തോട്ടായുമൊക്കെയായി ഏറുമാടത്തിന്റെ ചോട്ടിൽ രാത്രി മുഴുക്കെ പേരപ്പൻ കാവലിരിക്കും.
അറ്റാക്ക് വന്ന് അപ്പൻ മരിച്ചതോടെ പേരപ്പന് ഞങ്ങടെ വീട്ടിലൊള്ള പിടുത്തമങ്ങയഞ്ഞു. റോയിച്ചൻ ഞങ്ങടെ കപ്പിയാരടെ മകളെ അടിച്ചോണ്ടു വന്നതോടെ പേരപ്പന് അവിടെ കെടക്കാനൊള്ള സൗകര്യോം ഇല്ലാണ്ടായി. ഒരു ദിവസം ജോഷിച്ചേട്ടായി പറഞ്ഞു:
“പേരപ്പൻ എടയ്ക്കൊക്കെ വരണം. ഒന്നുരണ്ടു മാസം കൂടുമ്പഴേലും.”
അപ്പറഞ്ഞതിന്റെ അർത്ഥം പേരപ്പനു നന്നായി മനസ്സിലായിട്ടുണ്ടാവും. അമ്മച്ചി കൊടുത്ത കട്ടൻകാപ്പി ഒറ്റവലിക്കു കുടിച്ചിട്ട് പേരപ്പൻ കുന്നിറങ്ങിപ്പോയി. പേരപ്പന്റെ അറ്റം കൂർത്ത വലത്തേ കൈപ്പത്തി വീശിവീശിയൊള്ള നടപ്പുനോക്കി കൊറേനേരം ഞാൻ മുറ്റത്തുനിന്നു.
ഏറെക്കാലമായി പേരപ്പനെപ്പറ്റി ഒരു വിവരോമില്ലായിരുന്നു. റോയിച്ചന്റെ വീട്ടിൽവെച്ച് അമ്മച്ചിയാ വിഷയം എടുത്തിട്ടത്.
“മക്കളേ, നിങ്ങടെ പേരപ്പൻ കെടപ്പിലാന്ന് കൊറേ ദിവസം മുന്‍പ് ഞാനൊരു സ്വപ്നം കണ്ടാരുന്നു.”
“അമ്മച്ചി എന്തു കോപ്പാ ഈ പറയുന്നേ? അയാള് എങ്ങനെ ഒടുങ്ങിയാ നമുക്കെന്താ?” ജോഷിച്ചേട്ടായി അരിശപ്പെട്ടു.
“നമക്കു കൊറേ കാവലു കെടന്നതല്ലേ. പോയിക്കാണാം.” റോയിച്ചൻ അനുനയിപ്പിച്ചു...
“എനിക്കാ കെടപ്പുകാണാൻ വയ്യ. ഞാൻ വരുന്നില്ല മക്കളേ.” അമ്മച്ചി എണീറ്റ് അപ്പറത്തേക്കുപോയി.
“ബിൻസി മോളേ, നിനക്കു പേരപ്പനെ കാണണ്ടേ. ഞാനും വരാം.” എൽസിച്ചേച്ചി എന്റെ കയ്യേൽ പിടിച്ചു.
“സുമേന്നു പറഞ്ഞ പെണ്ണിനെ അപ്പൻ കൊറേക്കാലം തലേ വെച്ചോണ്ടു നടന്നതല്ലേ. അവളെ എനിക്കൊന്നു കാണണം. ഞാനും വരാം. അവളെ പൊന്നുരുക്കി ഒണ്ടാക്കിയതാണോന്ന് അറിയണമല്ലൊ.”
ജോഷിച്ചേട്ടായി പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ പേരപ്പന്റെ വീടുതെരക്കി പുറപ്പെട്ടത്.
രാവിലെ തൊടങ്ങിയ അന്വേഷണമാണ്. ഇടയ്ക്ക് ഒരു ചായപ്പീടികേൽ കേറി എല്ലാരും പൊറോട്ടേം ബീഫും കഴിക്കാനൊള്ള സമയം മാത്രമേ എടുത്തിട്ടൊള്ളൂ. പൊറപ്പെട്ടപ്പോൾ പിള്ളേർക്കെല്ലാം വല്യ ഉത്സാഹമാരുന്നു. ഇതിപ്പം എത്തുംപിടീമില്ലാത്ത പോക്കായതോടെ വലിയോർക്കും പിള്ളേർക്കുമെല്ലാം ബോറടിച്ചു തൊടങ്ങി. വഴിയരികിൽ ചെല ചെറിയ വെള്ളച്ചാട്ടങ്ങളൊക്കെയൊണ്ട്. മടുപ്പുകാരണം അങ്ങോട്ടൊന്നും തിരിഞ്ഞുനോക്കാൻപോലും ആർക്കും തോന്നിയില്ല.
കുണ്ടുംകുഴിയും കല്ലും മണ്ണുമൊക്കെയായി കാടിനോടു ചേർന്ന്, ഞങ്ങളുപോയ വഴി കടലിച്ചാടുന്ന പൊഴപോലെ പെട്ടെന്നങ്ങു തീർന്നുപോയി.
“ഇതും അപ്പൻ പറഞ്ഞപോലത്തെ ഒരു സ്ഥലമാ.”
വണ്ടി നിർത്തി റോയിച്ചൻ എറങ്ങി. ബാക്കിയൊള്ളോരും കൂടെയെറങ്ങി. അപ്പഴാണ് കുറച്ചുമാറി ഫോറസ്റ്റുകാരുടെ വണ്ടി കെടക്കുന്നത് ജോഷിച്ചേട്ടായി കണ്ടത്. കാട്ടിലേക്കു ചെറിയൊരു വഴിച്ചാലൊണ്ടാരുന്നു. കൊറച്ചു മുന്‍പ് ആളുകൾ ചവിട്ടിക്കേറിയപോലെ പുല്ലും ചെടികളും ചതഞ്ഞുകെടന്നു. നടവഴി തെളിക്കാൻ ആരോ മുള്ളുവള്ളികളും കുറ്റിച്ചെടികളും മുറിച്ചിട്ടിരിക്കുന്നു. റോയിച്ചന്റെ പൊറകേ ഞങ്ങളും അതുവഴി മുന്‍പോട്ടു നടന്നു. കൊറച്ചു ചെന്നപ്പം ആരുടെയൊക്കെയോ വർത്തമാനം കേട്ടു. ഏതാനും പൊലീസുകാരും ഫോറസ്റ്റു ജീവനക്കാരും കൂടിനിൽക്കുന്നു. അവരോടു തിരക്കാമെന്നും പറഞ്ഞ് ഞങ്ങളേംകൂട്ടി റോയിച്ചൻ അങ്ങോട്ടു ചെന്നു.
ഒരു ഗുഹയുടെ അടുത്തായിരുന്നു അവരെല്ലാം നിന്നിരുന്നത്. ഗുഹയുടെ നുമ്പിൽ ചത്തുകെടക്കുന്ന ഒരു വയസ്സൻ കടുവ! പൊലീസുക്കാരും ഫോറസ്റ്റുകാരും ചേർന്ന് അതിന്റെ മരണ മഹസ്സർ തയ്യാറാക്കുകയായിരുന്നു. അതു കണ്ടപ്പം എന്റെ ചങ്കിടിപ്പുകൂടി. ശ്വാസം തൊണ്ടേൽ കുടുങ്ങി. എന്നെപ്പോലെ തന്നെയാരുന്നു ചേച്ചിയും ചേട്ടായിമാരും.
“നായാട്ടുകാരുടെ തോക്കുകൊണ്ടോ മൂർച്ചയുള്ള കത്തികൊണ്ടോ മറ്റെന്തെങ്കിലും ആക്രമണങ്ങളും അപകടങ്ങളും നിമിത്തമായോ വലതുകൈപ്പത്തി നഖങ്ങളും വിരലുകളും സഹിതമായും ശേഷം മുകളിലേക്ക് ഒന്നരയിഞ്ച് ഉയരത്തിലും ഛേദിക്കപ്പെട്ട നിലയിലും ഇടത്തേ കയ്യിൽനിന്നു നീളത്തിലും ആകൃതിയിലും വിഭിന്നമായും കാണപ്പെടുകയും മുറിവോ രക്തമോ ഇല്ലാത്ത, ജന്മനാ സംഭവിച്ചിട്ടുള്ളതല്ലെങ്കിലും കാലപ്പഴക്കംകൊണ്ടു തത്തുല്യമായ വൈകല്യം കാഴ്ചയിൽ ബോധ്യം വന്ന...”
ഒരു പൊലീസുകാരൻ പറഞ്ഞുകൊടുക്കുകയാണ്. മറ്റൊരാൾ എഴുതിയെടുക്കുന്നു. രണ്ടുപേർ ടേപ്പുപിടിച്ച് കടുവേടെ ബോഡിയുടേം സ്ഥലത്തിന്റേം അളവെടുക്കുന്നു. ഒരു ചെറുപ്പക്കാരൻ എല്ലാം ക്യാമറേലാക്കുന്നു.
“കൂട്ടത്തിൽ വല്യ പ്രായമൊന്നുമില്ലാത്ത പെൺകടുവേം ഒണ്ടാരുന്നെന്നാ ആദിവാസികള് പറയുന്നെ. ആളനക്കം കണ്ടപ്പം ഓടിപ്പോയെന്ന്.”
ഒരാൾ പറഞ്ഞു.
ഞാൻ എൽസിച്ചേച്ചീടെ മേത്തേക്കു ചാഞ്ഞു.
“പോകാം...” ജോഷിച്ചേട്ടൻ പറഞ്ഞു.
“പോകാം...” റോയിച്ചനും പറഞ്ഞു. ഞങ്ങൾ തിരിച്ചുനടന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക