അശോകന്‍ ചരുവില്‍ എഴുതിയ കഥ 'ബീഡി തെറുക്കുന്ന സ്റ്റാലിന്‍'

അശോകന്‍ ചരുവില്‍ എഴുതിയ കഥ 'ബീഡി തെറുക്കുന്ന സ്റ്റാലിന്‍'
Updated on

സ്റ്റാലിൻ, സ്റ്റാലിനിസം എന്നീ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് നാട്ടിലെ പഴയൊരു കമ്യൂണിസ്റ്റുകാരൻ പോക്കുട്ടിയെയാണ് ഓർമ്മവരിക. സ്റ്റാലിൻ പോക്കുട്ടി എന്നാണ് അറിയപ്പെട്ടിരുന്നത്. കൊടുന്തറയിലെ അറവുകാരൻ ബീരാൻ സായ്‌വിന്റെ മകനാണ്. കുറേക്കാലം ആ വാർഡിൽനിന്നുള്ള പഞ്ചായത്ത് മെമ്പറായിരുന്നു.

ഈയിടെ ഗൾഫിൽവെച്ച് പോക്കുട്ടിയുടെ മകൻ സെയ്ദിനെ അവിചാരിതമായി കണ്ടു. എന്റെ സമപ്രായക്കാരനും സഹപാഠിയുമാണ്. ഞാൻ യു.എസിൽ മകന്റെ അടുത്തുനിന്നുള്ള മടക്കത്തിലായിരുന്നു. അതിനിടെ ഒരാഴ്ച ദുബായിൽ ചെലവഴിക്കാമെന്ന് വെച്ചു. സുഹൃത്തുക്കൾ ഒരുപാടുണ്ട് അവിടെ. കൂടാതെ സഹോദരിയുടെ മകനും കുടുംബവും. അമേരിക്കൻ വിസ ഉള്ളതുകൊണ്ട് എയർപോർട്ടിൽ അറൈവൽ വിസയ്ക്ക് ബുദ്ധിമുട്ടുണ്ടാവില്ലെന്ന് അറിഞ്ഞിരുന്നു. അതിനിടെ അബുദാബിയിലും ഒന്നു പോയി. മരുമകൻ ഏർപ്പെടുത്തിയ കാറിന്റെ ഡ്രൈവറായി വന്നതാണ് സെയ്ദ്.

എനിക്ക് ആദ്യം സെയ്ദിനെ മനസ്സിലായില്ല. ദുബായിൽനിന്ന് അബുദാബിയിലേക്കുള്ള പാതയിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു ഞാൻ. പത്തു കൊല്ലം മുന്‍പ് ആ വഴിക്ക് യാത്ര ചെയ്തിട്ടുണ്ട്. ഡ്രൈവർ ചിരിച്ചുകൊണ്ട് ചോദിച്ചു:

“നന്ദകുമാറിന് എന്നെ മനസ്സിലായില്ല അല്ലേ? ഞാൻ സെയ്താണ്. പണ്ട് നമ്മൾ കരാഞ്ചിറ മഠത്തിൽ ഒന്നു മുതൽ ഏഴ് വരെ ഒന്നിച്ചു പഠിച്ചിട്ടുണ്ട്.”

ഞാൻ ആശ്ചര്യപ്പെട്ടു. സെയ്ദ് തിരിച്ചറിയാനാകാത്തവിധം മാറിയിരിക്കുന്നു. കറുത്തുമെലിഞ്ഞ ഒരു വൃദ്ധൻ. പണ്ടുമുതലേ അവൻ ചിരിക്കുമ്പോൾ കണ്ണുകളും അതിൽ പങ്കുചേരാറുണ്ട്. എന്നുവെച്ചാൽ കണ്ണുകൾ തിളങ്ങും. ഇപ്പോഴും അങ്ങനെയുണ്ട്. സെയ്ദ് പറഞ്ഞു:

“നമ്മൾ പിന്നെ കണ്ടിട്ടില്ലല്ലോ. ഞാൻ ഏഴു കഴിഞ്ഞപ്പോൾ പഠിപ്പ് നിർത്തി കൊച്ചാപ്പയുടെ കൂടെ ബോംബെയിലേക്ക് പോയി. അവിടെയും ഇവിടെയും വണ്ടിയോടിക്കൽ തന്നെ പണി. മുപ്പത് കൊല്ലമായി ഇവിടെ ഉണ്ട്. സ്ഥിരജോലിയൊക്കെ വിട്ടു. മകളും മരുമകനും ഇവിടെ ഉണ്ട്. അവരുടെ കൂടെ താമസിക്കുന്നു. ഇടയ്ക്ക് വല്ലപ്പോഴും ഇതുപോലെ സൗകര്യപ്പെട്ട ഒരു പണിക്കുപോകും.

“പണ്ട് അജ്മാനിൽ വീട്ടു ഡ്രൈവറായി നിന്ന കാലത്ത് താമസിച്ചിരുന്ന ഒരു ഔട്ട് ഹൗസ് അവിടുത്തെ അറബി എനിക്ക് വിട്ടുതന്നു. ഒരു വക പുല്ലുമാടമായിരുന്നു. ഞാനത് പതുക്കെപ്പതുക്കെ ഒരു വീടാക്കി മാറ്റി. അതാണ് ആകെയൊരു സമ്പാദ്യം. പിന്നെ മോളെ പഠിപ്പിച്ചു.”

ഞാനപ്പോൾ സ്റ്റാലിൻ പോക്കുട്ടിയെ ഓർക്കുകയായിരുന്നു. കത്തിമുനപോലുള്ള ഒരു മനുഷ്യൻ. രൂപമാണെങ്കിൽ കൊടുവാളുപോലെ. മെലിഞ്ഞ് പരമാവധി നീണ്ടിട്ട്. ചോരച്ചുവപ്പുള്ള കണ്ണുകളാണ്. ചെറിയ കൂർത്ത മുഖത്ത് അതിനുചേരാത്ത വലിയൊരു

കൊമ്പൻമീശയും. കുട്ടിക്കാലത്ത് എന്റെ പേടിസ്വപ്നമായിരുന്നു അദ്ദേഹം. ആകൃതിയിലോ പ്രകൃതിയിലോ അദ്ദേഹത്തിന്റേതായ യാതൊന്നും സെയ്ദിനു കിട്ടിയിട്ടില്ല. പക്ഷേ, സ്കൂളിൽ അവൻ സ്റ്റാലിൻ സെയ്ദ് എന്നു വിളിക്കപ്പെട്ടു. മലയാളം പണ്ഡിറ്റ് ശങ്കരക്കുറുപ്പു മാഷ് മാത്രം കൊടുന്തറ സെയ്ദ് എന്നു വിളിച്ചു. മലയാളത്തിൽ സെയ്ദ് വളരെ മോശമായിരുന്നു. പദ്യം കാണാപ്പാഠം പഠിക്കാതെ വരുമ്പോഴാണ് മാഷ്‌ക്ക് കലിയിളകുക:

“മിണ്ടാപ്രാണികളായ ആടുമാടുകളെ അറത്ത് വെട്ടിമുറിച്ച് കഷണങ്ങളാക്കി കാശിനു വിക്കണോരുക്ക് എന്ത് കൃഷ്ണഗാഥ? എന്ത് ചെറുശ്ശേരി? ആ കയ്യിങ്കട് നീട്ട്വാ.”

നിത്യവും അടികൊണ്ട് സെയ്ദ് അവശനായി.

“നമ്മടെ കുറുപ്പ് മാഷടെ മോൻ പ്രദീപൻ ഇപ്പൊ ഇവടെണ്ട്.”

എന്റെ മനസ്സ് വായിച്ചിട്ടെന്നോണം സെയ്ദു പറഞ്ഞു:

“കുറുപ്പ് മാഷ് ഇപ്പഴൂണ്ട്. ന്റെ ബാപ്പക്കും മാഷുക്കും ഒരു പ്രായാ. ബാപ്പ മരിച്ചിട്ടിപ്പൊ കൊല്ലം പത്തുമുപ്പതായി. വയറ്റിലെ അൾസറു പഴുത്തട്ടാ മരിച്ചത്.”

ആ കൊമ്പൻമീശയാണോ മുഖത്തെ ഭീതിദമായ ഗൗരവമാണോ സ്റ്റാലിൻ പോക്കുട്ടി എന്ന പേരിനു കാരണമായതെന്നു നിശ്ചയമില്ല. ഒരുപക്ഷേ, കമ്യൂണിസ്റ്റുകാരൻ എന്ന നിലയ്ക്കായിരിക്കും. വിമോചനസമരം കഴിഞ്ഞ അക്കാലത്ത് ആളുകൾക്ക് കമ്യൂണിസ്റ്റുകാരെ

പേടിയുണ്ടായിരുന്നു. ജോസഫ് സ്റ്റാലിൻ എന്ന ഭരണാധികാരി റഷ്യയിൽ ആയിരമോ ലക്ഷമോ കോടിയോ എന്നറിയില്ല, നിരവധിപേരെ കൊന്നുകളഞ്ഞതായി പ്രചരണമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചയ്ക്കു കീഴിൽ സ്ത്രീകൾ സർക്കാർ വക സ്വത്താണെന്നും.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

ജീവിതത്തിൽ രണ്ടു സന്ദർഭങ്ങളിലാണ് സ്റ്റാലിൻ പോക്കുട്ടിയെ അഭിമുഖീകരിക്കുക എന്ന അത്യന്തം അപകടകരമായ സാഹചര്യം എനിക്കുണ്ടായത്. ഒന്ന് തീരെ ചെറിയ കുട്ടിക്കാലത്താണ്. മറ്റൊന്ന് യൗവ്വനത്തിലും. കുട്ടിക്കാലം എന്നുവെച്ചാൽ 1969-’70 കാലമാണ്. അന്ന് ഭൂപ രിഷ്‌കരണ നിയമം നടപ്പിൽ വന്നതിനെത്തുടർന്ന് നാട്ടിൽ ചെറിയമട്ടിൽ അസ്വസ്ഥത ഉണ്ടായിരുന്നു. മിച്ചഭൂമി പിടിച്ചെടുക്കലും മറ്റും. പറമ്പുകളിൽ കുടിൽകെട്ടി താമസിക്കുന്ന കുടികിടപ്പുകാർ നിയമത്തിൽ പറഞ്ഞ പത്തുസെന്റ് ഭൂമി വളച്ചുകെട്ടാൻ തുടങ്ങിയതോടെയാണ് സംഘർഷങ്ങൾ രൂപപ്പെട്ടത്.

ഞങ്ങളുടെ നാട്ടിൽ പരിധിവിട്ടു ഭൂമിയുള്ളവർ അധികം ഉണ്ടായിരുന്നില്ല. പാട്ടക്കുടിയാന്മാരുടെ പ്രശ്നങ്ങൾ 1957-ലെ ഒഴിപ്പിക്കൽ നിരോധനനിയമം വന്നതോടെ പാതിയും പരിഹരിക്കപ്പെട്ടിരുന്നു. കുടിയാന്മാർക്ക് ജന്മം ക്രയ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നടപടികൾ ലാൻഡ് ട്രിബ്യൂണലുകളിൽ

മുറക്ക്, എന്നുവെച്ചാൽ തർക്കമില്ലാതെ നടന്നു. എന്നാൽ, കുടി കിടപ്പുകാർക്ക് പത്തു സെന്റ് ഭൂമി എന്ന സംഗതി സങ്കീർണ്ണമായി. നിയമത്തിലൂടെ ഭൂമികിട്ടിയ പാട്ടക്കുടിയാന്മാർ ഉൾപ്പടെ എല്ലാ ഭൂവുടമകളും

ആ നിയമത്തെ എതിർത്തു.

സ്റ്റാലിൻ പോക്കുട്ടിയുടെ കർശനമായ നേതൃത്വത്തിലാണ് അന്ന് കുടിയിരിപ്പുകൾ വളച്ചുകെട്ടിയിരുന്നത്. ഒട്ടുമിക്ക കുടിയിരിപ്പുകളും പറമ്പുകളുടെ ഒത്തനടുക്കലായിരുന്നു. അതിനു കാരണമുണ്ട്. ആ പറമ്പുകളെല്ലാം ഒരുകാലത്ത് അവരുടേതായിരുന്നു എന്നതാണത്. കടപ്പെട്ട് ജന്മിയുടെ കൈവശത്തിലായതാണ്. കാനോലിക്കനാലിന്റെ തീരത്തുള്ള തെങ്ങിൻതോട്ടങ്ങളിൽ ഒരുപാട് കുടിയിരിപ്പുകൾ ഉണ്ടായിരുന്നു. തെങ്ങുകളെ പരിചരിക്കുന്നതിനുവേണ്ടി ഭൂവു ടമകൾ വിളിച്ചുകൊണ്ടുവന്ന് പാർപ്പിച്ചതാണ്.

ഞങ്ങളുടെ പറമ്പിലും അന്നൊരു കുടികിടപ്പുണ്ടായിരുന്നു. തെങ്ങുകേറ്റക്കാരൻ വേലായി. കണ്ണൂരിൽ പണിക്കുപോയി വന്നതുകൊണ്ട് കണ്ണൂർ വേലായി, കണ്ണൂരാൻ എന്നൊക്കെ അറിയപ്പെടും. അങ്ങാടിയിൽ പാലപ്പുറത്ത് ഹോൾസെയിൽ നടത്തുന്ന ഒരു ദേവസി മുപ്പത് കൊല്ലങ്ങൾക്കു മുന്‍പ് തന്റെ പറമ്പിൽനിന്ന് ഇറക്കിവിട്ടതാണ് അയാളെ. എന്റെ അച്ചാച്ചൻ പഴയ സോഷിലിസ്റ്റാണ്. ആ ബന്ധത്തിൽ ചില നാട്ടുമധ്യസ്ഥന്മാർ ചേർന്ന് തൽക്കാലത്തേയ്ക്ക് എന്ന വ്യവസ്ഥയിൽ വേലായിയെ ഞങ്ങളുടെ പറമ്പിൽ താമസിപ്പിച്ചു. ആ പാർപ്പ് അങ്ങനെ നീണ്ടു പോയി. അയാൾക്കും പത്തു സെന്റ് ഭൂമി കൊടുക്കേണ്ടിവരും എന്നറിഞ്ഞപ്പോൾ എന്റെ അച്ഛമ്മ നിലവിളിയായി:

“ന്റെ പൈക്കണ്ണിക്കാവ് തേവരെ, ഈ കമ്യൂണിസ്റ്റുകളേക്കൊണ്ട് മനുഷ്യർക്ക് ജീവിക്കാൻ പറ്റാണ്ടായല്ലോ.”

കുടികിടപ്പുകാര്യം സംസാരിക്കാൻ താൻ വരുന്നുണ്ടെന്ന വിവരം സ്റ്റാലിൻ പോക്കുട്ടി ദൂതനെ വിട്ട് അറിയിച്ചിരുന്നു. അതോടെ വീട്ടിലാകെ സംഭ്രമമായി. പോക്കുട്ടിയാണ് വരുന്നത്. എന്തും ചെയ്യാൻ മടിക്കാത്തയാൾ. നാട്ടിൽ പരന്നുകേട്ട വിവരങ്ങൾ ഭയാനകമായിരുന്നു. പാണൻ താമിയുടെ കുടികിടപ്പ് വളച്ചുകെട്ടുന്ന സമയത്ത് വെട്ടുകത്തിയുമായി അലറിവന്ന മറ്റത്തിൽ പരമേശ്വരക്കൈമളെ വിരൽചൂണ്ടി നിശ്ചലനാക്കി എന്നതാണ് ഒരു വാർത്ത. പോക്കുട്ടി പറഞ്ഞുവത്രേ:

“ഡോ കൈമളേ. കത്തീം കഠാരീം ഞാൻ കൊറേ കണ്ടതാണ്. ചോരകണ്ട് കൊതി മാറീട്ടുണ്ട്. എന്റെ വീട്ടിലുണ്ട് കൊറേ കത്തികള്. അറിയാലോ? കറിക്കത്തിയല്ല. പാക്കുവെട്ടിയല്ല. മൃഗത്തിന്റെ കഴുത്തറക്കണ കത്തി. തന്റെ കഴുത്തും അതോണ്ട് അറക്കാൻ പറ്റും. അറിയാലോ?”

അച്ഛമ്മയുടെ വിലാപം ഉച്ചത്തിലായി:

“കൊടുന്തറേലെ മാപ്ലാരടെ കയ്യോണ്ട് ചാവാനാണല്ലോ എന്റെ വിധി.”

അച്ചാച്ചൻ അന്ന് പാടെ വൃദ്ധ നായിട്ടുണ്ട്. കാര്യാന്വേഷണങ്ങളൊക്കെ അവസാനിപ്പിച്ച് അദ്ദേഹം തീർത്തും വിശ്രമത്തിലായിരുന്നു. പകൽ മുഴുവൻ ഒരു ഊന്നുവടിയും കയ്യിൽവെച്ച് ഉമ്മറത്തെ കസേരയിൽ ഇരിക്കും. കാഴ്ചയും ഓർമ്മയും കാര്യമായില്ല. എന്തെല്ലാമോ പറയും:

“ഈ അറവുകാരൻ വീരാന്റെ വാപ്പ ഒരു കുഞ്ഞടിമേണ്ടാർന്നു. അവന് ചെറക്കലങ്ങാടീലാർന്നു അറവ്. ഞാൻ ചെന്നു പറഞ്ഞാൽ അവൻ നല്ല പോത്തെറച്ചി മേടിച്ചുതരും. എല്ലും കൊഴുപ്പും ഇല്ലാത്തത്. വേലന്റെ മരുന്നുകൂട്ട് ചേർത്ത് പോത്തെറച്ചി വരട്ടീത് കഴിക്കാൻ എനിക്ക് വെല്യ ഇഷ്ടാ. ചീനച്ചട്ടിലൊള്ളതു മുഴ്‌വേൻ ഒരിരിപ്പിന് ഞാൻ കഴിക്കും. കിട്ട്യാ ഇപ്പഴും കഴിക്കും. നിന്റച്ഛമ്മയ്ക്ക് പോത്തെറച്ചി വരട്ടാൻ നല്ല വശാ.”

“അന്ന് കേളഞ്ചേരി നസ്രാണികൾ വന്നട്ടാ പോത്തിനെ വെട്ട്വാ. അവരടെ അടുത്തിക്ക് പോയി മേടിക്കാൻ കുടമ്മത്തിൽ പൊറന്ന നമ്മക്കു പറ്റില്ല. വെട്ടിവെച്ച തല, എല്ല്, ചോര. അപ്പൊ കുഞ്ഞടിമ പറയും: തണ്ടാൻ ഇവിടെനിന്നോ. ഞാൻ പോയി മേടിച്ചോണ്ട് വരാം.”

കൊടുന്തറ എന്നത് കണ്ണിച്ചിറപ്പാടത്തെ ഒരു തുരുത്താണ്. അങ്ങോട്ടു പോകാൻ ഒരു പെരുവരമ്പുണ്ട്. വർഷക്കാലത്ത് അതു മുങ്ങും. പണ്ട് കുട്ടിക്കാലത്ത് തുമ്പപ്പൂ പറിക്കാൻ ഞങ്ങൾ അവിടെ പോകാറുണ്ട്. അറവുകാരായ മുസ്‌ലിങ്ങകൾ മാത്രമായിരുന്നു അവിടെ. അന്ന് കുറച്ചു വീടുകളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നാനാജാതി മതസ്ഥർ എവിടുന്നൊക്കെയോ വന്നു തമ്പടിച്ചു.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

കൊടുന്തറയിലെ മാപ്പിളമാരെ മുഷ്‌കന്മാരായിട്ടാണ് കരുതിയിരുന്നത്. പല കഥകൾ പ്രചരിച്ചിരുന്നു. അവർ വീടുകളിൽ വന്ന് ആടിനേയും മറ്റു നാൽക്കാലികളേയും ചോദിക്കും. അവർ പറയുന്ന വിലയ്ക്ക് കൊടുക്കണമെന്നാണ് അലിഖിത നിയമം. കൊടുത്തില്ലെങ്കിൽ രാത്രിയിൽ വന്നു മോഷ്ടിച്ചുകൊണ്ടു പോകുമത്രേ. “കൊടുന്തറക്കാർ വന്ന് തൊട്ട മൃഗംപോലെ” എന്നൊരു ചൊല്ലുണ്ടായിരുന്നു അന്ന്. തൊട്ടുകഴിഞ്ഞാൽ പിന്നെ അതിനു ജീവിതമില്ല.

വിധിച്ചത് സംഭവിക്കട്ടെ എന്ന മട്ടിൽ ഞങ്ങൾ പോക്കുട്ടിയെ കാത്തിരുന്നു.

പോക്കുട്ടി വന്നു. ഞാൻ ആദ്യമായി കാണുകയാണ്. നടന്നുവരുമ്പോൾ ഉയരംകൊണ്ട് ആ മനുഷ്യൻ ഒടിഞ്ഞുവീഴുമോ എന്നു സംശയം തോന്നിയിരുന്നു. ഉമ്മറത്തെ തിണ്ണയിൽ വന്ന് അച്ചാച്ചന് അഭിമുഖമായി ഇരുന്നു. അന്നത്തെ മട്ടിലുള്ള ടെറിലിൻ ഷർട്ടാണ്. പഴക്കംകൊണ്ട് അതിനൊരു മഞ്ഞനിറം വന്നിരുന്നു. ബീഡിപ്പൊരി വീണു അവിടവിടെ ദ്വാരങ്ങളും. കക്ഷത്തിലെ ഡയറി തിണ്ണയിൽ വെച്ചു. ഒരുപാട് കടലാസ്സുകൾ വെച്ചു വീർത്തതുകൊണ്ട് ഡയറി റബർബാൻഡിട്ട് കെട്ടിയിരുന്നു.

“കണ്ണൂരാൻ വേലായിരെ കുടിയിരിപ്പിനെപ്പറ്റി പാർട്ടി ചെല തീരുമാനങ്ങൾ എടുത്തട്ടുണ്ട്. അതറിയിക്കാനാ വന്നത്.”

പോക്കുട്ടി പറഞ്ഞു. അച്ചാച്ചൻ ചിരിച്ചു.

“നല്ല പോത്തെറച്ചി വരട്ട്യേത് തിന്നട്ട് കാലം കൊറച്ചായി.”

അച്ചാച്ചൻ പറഞ്ഞു.

അതു ഗൗനിക്കാതെ പോക്കുട്ടി വിഷയത്തിലേക്ക് കടന്നു.

“വിഷയം പാർട്ടി പരിശോധിച്ചു. നാൽപ്പത്താറിലാണ് വേലായീനെ ഇവിടെ കുടിയിരുത്ത്യേത്. പാലപ്പൊറത്തുകാര് പെരപൊളിച്ച് എറക്കിവിട്ടു. കർക്കടം മിഥുനം മാസാണ്. വേലായിയും മക്കളും മഴകൊണ്ട് പുഞ്ചപ്പാടത്തെ കലിത്തറേൽ കെടന്നു നെലോളിച്ചു. അപ്പോ കാട്ടൂരുന്ന് സി.കെ. കൃഷ്ണൻ മാഷും ഇരിഞ്ഞാലക്കൊടേന്ന് പുതുരച്ചുതമേന്നും പുതുക്കാടുന്ന് കെ.ടി. അച്യുതൻ വക്കീലും വന്നു. പ്രജാമണ്ഡലക്കാരാണ്. അവർ വേലായീനെ ഇവിടെ പാർപ്പിച്ചു. നാട്ടുകാർ കൊടുത്ത ഓലേം മോളേംകൊണ്ട് കുടിലുകെട്ടി. ആറു മാസത്തിനകം കൊടുന്തറയിലേക്ക് മാറ്റിപ്പാർപ്പിക്കാംന്നാണ് കരാറ്. ന്ന്വച്ചാൽ വാക്കാൽ കരാർ. കൊല്ലം ഇപ്പൊ പത്തിരുപത്തഞ്ച് കഴിഞ്ഞു.”

“പ്രജാമണ്ഡലക്കാരല്ലേ പറഞ്ഞത്? അവരടെ വാക്കും പഴയ ചാക്കും ഒരുപോല്യാണ്. സ്വാതന്ത്ര്യസമരകാലത്ത് പറഞ്ഞ കാര്യങ്ങൾ ഭരിക്കാൻ കേറീപ്പോ കോൺഗ്രസ്സും മറന്നല്ലോ. അവരു പറഞ്ഞ കാര്യ ങ്ങൾ നടപ്പാക്കലാ ഇപ്പോ ഞങ്ങൾ കമ്യൂണിസ്റ്റുകാരടെ പണി.”

വേലായിയെ ഇവിടുന്നു മാറ്റി പാർപ്പിക്കാൻ പാർട്ടി തീരുമാനിച്ചതായി പോക്കുട്ടി അറിയിച്ചു. കൊടുന്തറയിൽ ഇപ്പോൾ സ്ഥലമില്ല. മങ്ങാടിക്കുന്നിൽ പതിച്ചുകിട്ടിയ സ്ഥലം ഒരു പട്ടാളക്കാരൻ വിട്ടുതരാമെന്നു പറഞ്ഞിട്ടുണ്ട്. നാട്ടിൽനിന്നു സംഭാവനയായി ലഭിക്കുന്ന മര ഉരുപ്പടികളും കല്ലും മണ്ണും ഓലയുംകൊണ്ട് പുരപ്പണി കഴിയും. പിന്നെ ശ്രമദാനവും ഉണ്ട്.

“പിന്നൊരു കാര്യണ്ട്.”

എഴുന്നേറ്റുനിന്ന് പോക്കുട്ടി പറഞ്ഞു:

“വേലായീരെ പൊരപ്പണിക്കുവേണ്ടി ഈ പറമ്പീന്ന് നല്ലതു നോക്കി രണ്ടു തെങ്ങുമുറിക്കും. തടയാനാരെങ്കിലും വന്നാലുണ്ടല്ലോ അപ്പോ അറിയാം ചെങ്കൊടി പ്രസ്ഥാനത്തിന്റെ കരുത്ത്. കാർന്നോരാന്നൊന്നും നോക്കില്ല. പോക്കുട്ട്യാ പറയണ്.”

കാറ്റുപോലെ ആ മനുഷ്യൻ നടന്നുപോയി.

പിന്നീടുള്ള മുഖാമുഖം ഏറെ വർഷങ്ങൾ കഴിഞ്ഞാണ്. അപ്പോഴേയ്ക്കും ഞാൻ പഠനം അവസാനിപ്പിച്ച് തൊഴിലന്വേഷണം തുടങ്ങിയിരുന്നു. അതിനിടെ ഒരു പൊടി സാഹിത്യം. കലാസമിതി. വായനശാല. എന്നെ നാട്ടിക കോളേജിൽ മലയാളം പഠിപ്പിച്ചിരുന്ന ഒരു ദിവാകരൻ സാർ അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ വീടെടുത്ത് താമസിച്ചിരുന്നു. അദ്ദേഹവുമായിട്ടാണ് പ്രധാന കൂട്ട്. മരുതൂർവട്ടം ദിവാകരൻ എന്ന പേരിൽ അദ്ദേഹം കവിതകൾ എഴുതിയിരുന്നു. മികച്ച സാഹിത്യ പ്രഭാഷകനാണ്. ദൂരദിക്കുകളിലൊക്കെ ക്ഷണിക്കപ്പെട്ട് പരിപാടിക്കു പോകുക പതിവുണ്ട്. ചിലപ്പോഴൊക്കെ എന്നെയും കൂട്ടും. എനിക്ക് സന്തോഷമുള്ള കാര്യമാണ്. സുഖകരമായ കാർ യാത്ര. നല്ല ഭക്ഷണം. പിന്നെ പ്രഭാഷണങ്ങൾ കേട്ട് കുറച്ച് വിജ്ഞാനം ആർജിക്കാമല്ലോ.

അത് 1980 വർഷമാണ്. അന്ന് ഇ.കെ. നായനാർ മുഖ്യമന്ത്രിയായി എൽ.ഡി.എഫ് സർക്കാർ വന്നു. മരുതൂർവട്ടം ദിവാകരൻ സാറിനു സാഹിത്യ അക്കാദമിയിൽ അംഗമായാൽ കൊള്ളാമെന്നു തോന്നി. അദ്ദേഹം എന്നോട് പറഞ്ഞു:

“ഞാൻ എന്നും ഇടതുപക്ഷക്കാരനാണ്. കൊടിപിടിച്ച് നടക്കുന്നില്ല എന്നേയുള്ളൂ. എന്റെ മനസ്സ് ആരറിയാനാണ്? കമ്യൂണിസത്തിന്റെ മാമോദിസ വെള്ളം തലയിൽ വീണിട്ടില്ല എന്ന കുറ്റമുണ്ടല്ലോ. ഞാൻ യാതൊരുവിധ ഔപചാരികതകളിലും വിശ്വസിക്കുന്നില്ല. ആരുടെയും പുറകെ നടക്കത്തുമില്ല.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

അക്കാദമി മെമ്പർഷിപ്പിനുവേണ്ടി ദിവാകരൻ സാർ പലതലത്തിൽ ബന്ധപ്പെടുന്നുണ്ടായിരുന്നു. താമസിക്കുന്ന സ്ഥലത്തെ പാർട്ടി പ്രാദേശിക കമ്മിറ്റിയുടെ കത്തുകിട്ടിയാൽ നന്നായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ ആലോചിച്ചപ്പോൾ വിഷമം പിടിച്ച സംഗതിയാണ്. സമീപിക്കേണ്ടത് സ്റ്റാലിൻ പോക്കുട്ടിയെയാണ്. പ്രതികരണം എന്താവുമെന്നു പറയാനാവില്ല. അക്കാലമായപ്പോഴേയ്ക്കും പോക്കുട്ടിയുടെ രൂപത്തിൽ ചില്ലറ മാറ്റങ്ങൾ വന്നിരുന്നു. കൊമ്പൻമീശ പാടെ നരച്ചു. പ്രധാന സംഗതി കാലിനു പരിക്കേറ്റ അദ്ദേഹം മുടന്തനായി എന്നതാണ്. പക്ഷേ, വീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മുടന്തി നടന്നുവന്ന് ‘ചവിട്ടി എല്ലാടിക്കും’ എന്നാണ് അദ്ദേഹം എതിരാളികളെ ഭീഷണിപ്പെടുത്തിയിരുന്നത്.

മുടന്തുണ്ടാവാൻ കാരണം പൊലീസുമായുള്ള സംഘർഷമാണ്. പഞ്ചായത്താപ്പീസിൽ വെച്ചാണ്. ’75-ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ നിലനിൽക്കുന്ന കാലം. രാജ്യസുരക്ഷയെ കരുതി സ്റ്റാലിൻ പോക്കുട്ടിക്ക് വാറണ്ട് ഉണ്ടായിരുന്നു. അദ്ദേഹം ഒളിവിൽ പോയി. രണ്ട് പഞ്ചായത്ത് യോഗങ്ങൾക്ക് ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. മൂന്നാമതും മുടക്കമായാൽ മെമ്പർ സ്ഥാനം നഷ്ടപ്പെടും. എന്തായാലും അത്തവണ പോക്കുട്ടി യോഗത്തിനെത്തും എന്നുറപ്പുള്ളതുകൊണ്ട് കനത്ത പൊലീസ് ബന്തവസ്സായിരുന്നു പഞ്ചായത്തിനു മുന്നിൽ. എസ്.പി അടക്കമുള്ള വലിയൊരു പൊലീസ് ബറ്റാലിയൻ കാവൽ നിന്നു.

പക്ഷേ, അവരുടെ കണ്ണുവെട്ടിച്ച് പോക്കുട്ടി അകത്തു കടന്നു. ഹാജർ ബുക്കിൽ ഒപ്പിട്ടു. കലിപൂണ്ട പൊലീസ് അകത്തേക്ക് ഇരച്ചു ചെന്ന് അയാളെ അടിച്ചു. നിലത്തിട്ട് പൊരിഞ്ഞ അടി. പൊലീസ് എസ്‌.ഐ പോക്കുട്ടിയുടെ കാൽ ചവിട്ടിയൊടിച്ചു:

“നീയ്യിനി നടക്കുന്നത് എനിക്കൊന്നു കാണണം.”

ജയിലിനകത്ത് വേണ്ടത്ര ചികിത്സ കിട്ടാത്തതുകൊണ്ട് ആ കാലിന്റെ സ്വാധീനം നഷ്ടപ്പെട്ടു. പിന്നീട് ‘ചട്ടുകാലൻ സ്റ്റാലിന്‍’ എന്നു ചിലർ അദ്ദേഹത്തെ കേൾക്കാതെ വിളിച്ചു.

ഞാൻ മരുതൂർവട്ടം ദിവാകരൻസാറിനോട് പറഞ്ഞു:

“ഈ പോക്കുട്ടിയുടെ മോൻ സെയ്ദും ഞാനും ഒന്നിച്ചു പഠിച്ചവരാണ്. ആ വഴിയിൽ ഒന്നു ശ്രമിച്ചു നോക്കാം.”

പക്ഷേ, സെയ്ദിനെ കണ്ടുകിട്ടിയില്ല. അവൻ അപ്പോഴേക്കും ബോംബെയ്ക്ക് കടന്നിരിക്കണം.

“ആവശ്യം നമ്മളുടേതല്ലേ, നമുക്കുതന്നെ ശ്രമിച്ചു നോക്കാം.”

ദിവാകരൻസാർ പറഞ്ഞു.

രാഷ്ട്രീയ പ്രവർത്തകരെ കാണണമെങ്കിൽ അതിരാവിലെ വീട്ടിൽ പോകണം എന്ന് ദിവാകരൻ സാർ പറഞ്ഞു. അതനുസരിച്ച് ഞങ്ങൾ കൊടുന്തറയിലേയ്ക്ക് നടന്നു. കുറച്ചുകാലമായി ഞാൻ അങ്ങോട്ട് പോയിട്ട്. ചെറിയ മൺവീടുകളാണ് അധികവും. ഏതാണ്ടൊരു കോളനിപോലെ. അടുത്ത കാലത്തായി പണിത മുസ്‌ലിം പള്ളി കണ്ടു. ചെറുതാണെങ്കിലും നന്നായി പെയിന്റ് ചെയ്തു ഭംഗി വരുത്തിയിരിക്കുന്നു. മെടഞ്ഞ ഓലവെച്ചു കെട്ടിയ വേലികൾക്കിടയിലെ ചെറിയ വഴികളിൽ പ്രഭാതത്തിന്റെ നിശ്ശബ്ദതയുണ്ടായിരുന്നു.

“കേറി കുത്തീരിക്ക്. ആൾ പൊറത്തിക്കു വരാൻ കൊറച്ചു നേരെടുക്കും.”

വാതിൽക്കൽ തട്ടംകൊണ്ട് മുഖം മറച്ചുനിന്ന് പോക്കുട്ടിയുടെ ഭാര്യ പറഞ്ഞു.

“കുളിക്ക്യാണോ?”

ഞാൻ ചോദിച്ചു.

“അല്ലല്ല, ബീഡി തെരുക്കാണ്.”

അവർ പറഞ്ഞു.

ഞാൻ ആശ്ചര്യപ്പെട്ടു. അങ്ങനെയൊരു പണി പോക്കുട്ടിക്കുള്ളതായി ഞാൻ അറിഞ്ഞിരുന്നില്ല. നോക്കിയപ്പോൾ മുറ്റത്ത് ഒരു മുറത്തിൽ തെരുത്ത ബീഡി കെട്ടുകെട്ടാക്കി ഉണക്കാൻ വെച്ചിട്ടുണ്ട്.

രണ്ട് അതിഥികളെ കണ്ട് അടുത്ത വീട്ടിൽനിന്നും ഒരു വൃദ്ധൻ നടന്നുവന്നു. വെളുത്ത കുപ്പായവും മുണ്ടും. വെള്ളത്തുണികൊണ്ട് തലേക്കെട്ടുണ്ട്. പോക്കുട്ടിയുടെ ബാപ്പയാണത്. അറവുകാരൻ ബീരാൻ സായ്‌വ്.

“ഓനെ കാണണങ്കിൽ ഇമ്മിണി നേരംപിടിക്കും. പൊലച്ചക്ക് ആയിരം ബീഡി തെരുത്ത് തീരാണ്ട് ഇരുന്ന് ഇരിപ്പീന്ന് എണിക്കില്ല. ഇയ്യ സമയത്ത് അവന്റെ ഇയ്യെമ്മസ് വന്നു വിളിച്ചാലും പൊറത്തു വരില്ല. അവന്റെ കൂട്ടക്കാരുക്കും നാട്ടുകാരുക്കും അറിയാ അത്.”

ബീരാൻ സായ്‌വ് മുറ്റത്ത് വെച്ച ബീഡിയിൽനിന്നും ഒന്നെടുത്തു വലിച്ച് ഇറയത്തു വന്നിരുന്നു.

“മ്മടെ പുത്യ പള്ളി കണ്ടില്ലേ നിങ്ങ? മൂന്നു ലക്ഷം മൊടക്കി. ഇവടന്ന് ചെല പൈതങ്ങൾ പേർസ്യേല് പോയോണ്ട് അതു നടന്നു. ഇന്റെ ഒരു ചെക്കനും പേർസ്യേലുണ്ട്. അറവ് തന്നെ അവടേം പണി.”

“നമ്മക്ക് എട്ടു മക്കളാണ്. അഞ്ചാണും മൂന്നു പെണ്ണും. നാലാണുങ്ങക്കും നമ്മടെ പണി തന്നെ. പെണ്ണുങ്ങടെ മാപ്ലാരുക്കും അതെന്നെ. ഈ പോക്കുട്ടി ഒരുത്തൻ മാത്രം ആ വഴിക്കു വന്നില്ല. ചോര കണ്ടാ ഇവനു തല കറങ്ങും.”

“കഞ്ഞി കുടിക്കാൻ പറ്റിയ നല്ലൊരു കുലത്തൊഴില് ഒള്ളപ്പോഴാ ഇവനിങ്ങനെ കുത്തിരുന്നു തെരുക്കണ്. പഴേ കാലല്ല. ഒരു ആടിനെ അറുത്തു വെട്ടി വിറ്റാൽ ന്യായമായ കാശ് പെട്ടിൽ വന്നു വീഴും. ബീഡിപ്പണീന്ന് എന്തൂട്ടാ കിട്ട്വാ. നക്കാപ്പിച്ച. അതോണ്ട് ഒരു കുടുംബം കഴിയോ? ഇവന്റെ വീടരുടെ മോത്തു നോക്കുമ്പൊ ഇനിക്ക് സങ്കടം വരും. ഇവന് ചായേം ബീഡീം മാത്രം മതി. അതൊന്നു പെറ്റ പെണ്ണല്ലേ?”

അന്ന് ആ ഉമ്മറത്ത് രണ്ടു മണിക്കൂറോളം കാത്തിരുന്നത് വെറുതെയായി. അവസാനം അപമാനവും സഹിക്കേണ്ടിവന്നു. പുറത്തുവന്ന പോക്കുട്ടി വിവരങ്ങൾ കേട്ടറിഞ്ഞ ശേഷം അറത്തുമുറിച്ച് പറഞ്ഞു:

“ഈ വിഷയത്തിൽ കത്തെഴുതാൻ പാർട്ടി നമ്മളെ ഏൽപ്പിച്ചിട്ടില്ല. സാംസ്കാരിക നായകന്മാർ രണ്ടാളും വേഗം സ്റ്റാൻഡ് വിട്ടോ.”

പെരുവരമ്പിലൂടെ തിരിച്ചുപോരുമ്പോൾ മരുതൂർവട്ടം ദിവാകരൻ സാർ പറഞ്ഞു:

“ഇതാണ് ലക്ഷണമൊത്ത സ്റ്റാലിനിസം. എന്താ ഒരു ക്രൂരത. കമ്യൂണിസ്റ്റുകൾ ഇന്ത്യയിൽ ഗതിപിടിക്കുമെന്ന് എനിക്കു തോന്നുന്നില്ല. എന്നാണ് ഇവർ മാന്യന്മാരോട് സംസാരിക്കാൻ പഠിക്കുന്നത്?”

അബുദാബിയോട് അടുത്തപ്പോൾ ഞാൻ സെയ്ദിനോട് ചോദിച്ചു:

“ഈ വണ്ടി സ്വന്തമാണോ?”

“അല്ല. പക്ഷേ, വീട്ടിൽ രണ്ടു വണ്ടീണ്ട്. മകൾക്കും മരുമകനും ജോലിക്കു പോകാൻ. മകൾ ഓഡിറ്ററാണ്. പല കമ്പനികളിൽ കയറിയിറങ്ങി കണക്ക് ശരിയാക്കണം. മരുമകൻ ഒരറബീംകൂടി ഒരു ബുച്ചർഷോപ്പ് നടത്തുകയാണ്. ഞങ്ങടെ കുടുംബത്തിന്റെ പഴയ തൊഴിൽ. നല്ല വരുമാനമുണ്ട്.”

“ഞാൻ ജോലിക്ക് പോണത് അവർക്കിഷ്ടല്ല. നമ്മക്ക് വെറുതെയിരിക്കാൻ മടി.”

രാത്രിയായി. അബുദാബിയിൽ നാഷണൽ ഡേയ്ക്കുള്ള ഒരുക്കങ്ങളാണ്. എങ്ങും ദീപാലങ്കാരങ്ങൾ.

“ഇനീപ്പോ ഒരാഴ്ച ഇവടെ തൃശൂപ്പൂരം പോല്യാണ്.”

സെയ്ദ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com