
ബിജു സി.പി.
അച്ഛൻ നാടൻപാട്ടുകൾ പാടും എന്നല്ലാതെ പാട്ടും കവിതയും എഴുതും എന്ന് എനിക്കറിയില്ലായിരുന്നു. നടക്കാതെ പോയ ആ സിനിമയ്ക്കുവേണ്ടി അച്ഛൻ എഴുതി പാടിയ പാട്ടിന്റെ ഒരു സി.ഡി റോം അയാൾ എനിക്കു തന്നു. ആകെ ഫംഗസ് കയറിയിരുന്നതാണെന്നും പറഞ്ഞാണ് തന്നത്. കംപ്യൂട്ടറിലെ സകല തരികിട പണികളും ചെയ്യുന്ന ഒരു പയ്യന്റെ കയ്യിൽ കൊടുത്ത് ഓഡിയോ ഫയലുകൾ തിരിച്ചെടുത്ത് ശബ്ദം എൻഹാൻസ് ചെയ്തത് പെൻഡ്രൈവിലുണ്ട്- അയാൾ എനിക്കൊരു പെൻഡ്രൈവും തന്നു.
സാറ് അന്ന് ഞങ്ങളുടെ നാട്ടിലെ സ്റ്റേഷനിൽ എസ്.ഐ. ആയിരുന്നു. കൊല്ലം പത്തിരുപത്തഞ്ചായല്ലോ...
അയാൾ പഴങ്കഥകളുടെ ഫ്ലാഷ് ബാക്കിലേക്കാണ് എന്നറിഞ്ഞപ്പോൾ ഞാൻ
സി.ഡിയുമായി എഴുന്നേറ്റു. ഫ്ലാറ്റിൽ അച്ഛന്റെ പഴയ കംപ്യൂട്ടറിൽ സി.ഡി ഡ്രൈവ് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. അച്ഛന്റെ ഒരു പുരാവസ്തു തുറക്കുംപോലെ ഞാൻ ഡ്രൈവ് തുറന്ന് സി.ഡി റോം അതിൽ വെച്ചു. പത്തു പതിനഞ്ചു കൊല്ലം മുന്‍പത്തെ ചില പഴഞ്ചൻ ഓഡിയോ പ്ലെയറുകളാണ് സിസ്റ്റത്തിൽ ഉണ്ടായിരുന്നത്. എന്നാൽ, അവ ഭംഗിയായി പണിയെടുത്തു. അച്ഛൻ എഴുതി റെക്കോഡ് ചെയ്ത പഴയ ആ പാട്ട് സി.ഡിയിൽനിന്ന് ഉരുണ്ടുവന്നു.
ഒന്നാകും സീതാദേവിക്കെങ്ങനെ കിട്ടീ പൂമാല... എന്ന ആ പഴയ പാട്ടിന്റെ അതേ ഈണത്തിലാണ് അച്ഛൻ പാടുന്നത് എന്നെനിക്കു തോന്നി. പണ്ട് ഞാൻ സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ അച്ഛൻ പാടാറുണ്ടായിരുന്ന അതേ ശബ്ദം. കാൽ നൂറ്റാണ്ടു പിന്നിട്ട ശബ്ദം.
ഏഴിലം പാലകൾ പൂക്കുന്ന കാലം
ഏഴായിരം മുല്ല പൂക്കുന്ന കാലം
രാമന്റെ രാജ്യത്ത് മഴവെള്ളം തുടികൊട്ടി...
സീതാദേവിപ്പാട്ടിന്റെ ഈണത്തെക്കാൾ ആ വരികൾ എന്നെ ലജ്ജിപ്പിച്ചു.
അച്ഛനെപ്പോലെ അത്രയും സാഹിത്യബോധമുള്ള ഒരാൾ ഇങ്ങനെയൊരു ഊച്ചാളിപ്പാട്ട് എഴുതിയതിൽ എനിക്ക് നാണക്കേടു തോന്നി. കലാകാരനും സാഹിത്യകാരനും ജനാധിപത്യകാരനും ഒക്കെയായി സ്വയം ചിത്രീകരിക്കാൻ വലിയ താല്പര്യമായിരുന്നു അച്ഛന്.
അയാൾ അവരുടെ സിനിമാ സ്വപ്നങ്ങളെക്കുറിച്ച് പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
കലാകാരൻ എന്ന നിലയിൽ ഒരു പോലീസുകാരന്റെ ഛായാചിത്രം!
ജീവിതത്തിൽ
സാധിക്കാതെപോയ ആ സിനിമാരംഗങ്ങൾ സാറ് മരണത്തിൽ സാധിച്ചതായിരിക്കും!
അയാൾ ദുഃഖം കേൾപ്പിച്ചു. അച്ഛന്റെ മരണത്തിലെ ആ
നാടകീയതകൾ അറിഞ്ഞപ്പോളാണത്രെ ഇവിടെ വന്ന് എന്നെ കണ്ട് സി.ഡി തരണമെന്ന് തീരുമാനിച്ചത്.
എനിക്കു ചിരി വന്നു. സിനിമ പെട്ടെന്ന് നാടകമായി മാറിയിരിക്കുന്നല്ലോ! എന്റെ പ്രതികരണം അത്ര പിടിക്കാഞ്ഞിട്ടാവാം അദ്ദേഹം യാത്ര പറഞ്ഞ് എഴുന്നേറ്റു. സി.ഡി റോം തിരികെ കൊടുത്തപ്പോൾ അദ്ദേഹം അമ്പരന്നു.
ഞാൻ അടുത്ത ദിവസം ബാംഗ്ലൂർക്കു പോകും. ഈ ഫ്ലാറ്റ് റെന്റിനു കൊടുക്കാൻ കെയർടേക്കറെ ഏല്പിക്കണം. അപ്പോൾപ്പിന്നെ ഇതു
സൂക്ഷിക്കാൻ വഴിയൊന്നുമില്ല. അച്ഛന്റെ അത്തരം കുറേ സാധനങ്ങൾ ഇവിടെയുണ്ട്. എല്ലാം കൊടുത്ത് ഒതുക്കിയിട്ടു വേണം എനിക്കു പോകാൻ-
ഞാൻ നിസ്സഹായത വിശദീകരിച്ചു.
അച്ഛന്റെ ഓർമകളെ മാനിക്കാത്ത മകൾ... അവിശ്വസനീയത ചുവയ്ക്കുന്ന ഒരുതരം പുച്ഛം പ്രസരിപ്പിച്ചു അദ്ദേഹം. മരണമറിഞ്ഞ് വേദന പങ്കുവെയ്ക്കാൻ എത്തിയ തനിക്കിപ്പോൾ ഒരു അധികവേദന കിട്ടിയല്ലോ എന്ന മട്ടിൽ അദ്ദേഹം പുറത്തിറങ്ങിയപ്പോൾ, ഞാൻ അധികം ഒച്ച കേൾപ്പിക്കാതെ വാതിലടച്ചു.
മോൾ മാത്രമേ ഉള്ളൂ അല്ലേ! ഒരു പാട് തിരക്കി. ഒടുവിൽ സ്റ്റേഷനിൽ വിളിച്ച് കുറേ തിരക്കിയിട്ടാണ് ഈ നമ്പർ കിട്ടിയത്. എനിക്കൊന്നു വന്നു കാണണമെന്നു്. വെറുതേ ഒന്നു കാണാൻ മാത്രം എന്ന് അവർ പറഞ്ഞപ്പോൾ അതിലൊരു പ്രണയഭരിതമായ അപേക്ഷയെന്നു തോന്നിയിട്ടാണ് അവരോടു വരാൻ പറഞ്ഞത്.
അല്ലെങ്കിലും ഇനി ചാരം ഒഴുക്കുന്നതുവരെയുള്ള ദിവസങ്ങളിൽ എനിക്ക് വേറൊന്നുമില്ലല്ലോ ചെയ്യാൻ. നാട്ടിൽ ചെറിയൊരു പറമ്പു മാത്രമേയുള്ളൂ.
അവിടെയുണ്ടായിരുന്ന പഴയ വീട് അച്ഛൻ തന്നെ പൊളിച്ചുകളഞ്ഞിരുന്നു.
നമ്മുടെ ഓർമകളല്ലേ അച്ഛാ, ആ വീട് നമുക്കു പൊളിക്കേണ്ടച്ഛാ...
എന്ന് പറഞ്ഞു നോക്കിയിരുന്നതാണ് ഞാൻ. അപ്പോൾ അച്ഛൻ പതിവുപോലെ ഒരു
ഭാഷക്കളി കളിച്ചു-
വീട് ഓർമകളല്ല. ഓർമകളാണ് മനുഷ്യരുടെ വീട്. അവിടെയാണ് മനുഷ്യർ താമസിക്കുന്നത്.
എന്റെ അപേക്ഷയെ നിർദാക്ഷിണ്യം തള്ളിക്കളഞ്ഞതായി അന്ന് അച്ഛൻ വാത്സല്യം കാണിച്ച് ചിരിച്ചു.
ആ സ്ഥലത്തിന് ഇനി ഞാൻ മാത്രമാണ് അവകാശി. അതു സ്ഥാപിച്ചെടുക്കണം.
അതിനുവേണ്ട പെടാപ്പാടുകൾ എന്തൊക്കെയാണോ! അറിയില്ല. തൽക്കാലം അത് അവിടെയങ്ങനെ കിടക്കട്ടെ. പൊളിച്ചുകളഞ്ഞ വീടിന്റെ പാഴ്‌പറമ്പ്!
ഏത് സ്റ്റേഷനിലിറങ്ങി എങ്ങനെ വരണമെന്നൊക്കെയാണ് ആ സ്ത്രീ ചോദിച്ചത്.
ലൊക്കേഷൻ ഇട്ടുകൊടുത്തിട്ടും അവർ സ്ഥലവും ജങ്ഷനുമൊക്കെ ചോദിച്ചുകൊണ്ടിരുന്നു.
അവർ കുറേ നേരം എന്റെ മുഖത്തേയ്ക്കു തന്നെ നോക്കിക്കൊണ്ടിരുന്നു.
അറുപതിനടുത്താണ് പ്രായം. ഞാൻ ഗണിച്ചു. അച്ഛനെക്കാൾ ഏഴെട്ടു വയസ്സ് കുറവായിരിക്കും. അത്രയേ ഉള്ളൂ. പഴയ വല്ല പ്രേമവുമായിരിക്കും! എനിക്ക് പതുക്കെയൊരു ചിരി വന്നു. പതുക്കെ എഴുന്നേറ്റ് അവർ അച്ഛന്റെ ഫോട്ടോയ്ക്കു മുന്നിൽ നിന്നു. മരിക്കുമ്പോൾ ഫ്ലക്സ് അടിക്കാനൊക്കെയായി അച്ഛൻ എനിക്ക് അയച്ചിരുന്ന ഫോട്ടോയാണ്. ഫ്ലെക്സ് അടിച്ചവർ തന്നെ വലിയ ഫോട്ടോയും ഫ്രെയിം ചെയ്ത് കൊണ്ടുവന്നു തന്നു.
കുറേ നേരം നോക്കി നിന്നിട്ട് അവർ ആ ഫോട്ടോയിലേയ്ക്ക് കാർക്കിച്ചു തുപ്പി.
അമ്പരന്നുപോയി ഞാൻ. വല്ലാതെ ദേഷ്യം വന്നു എനിക്ക്. അലറിക്കൊണ്ട് ഞാൻ അവരുടെ തോളിൽ അടിച്ചു. പൊടുന്നനെ അവർ തൊഴുതുപിടിച്ചുകൊണ്ട് മാപ്പിരന്നു-
സോറി... സോറി...
പിന്നെ അനുവാദം ചോദിക്കാതെ സെറ്റിയിൽ ഇരുന്നു.
ഒരു ബാങ്ക് മോഷണക്കേസിൽ പ്രതിയായിരുന്നു എന്റെ ഭർത്താവ്. എന്റെ ടോം.
ഞങ്ങളുടെ ആകെയുള്ള സമ്പാദ്യമായിരുന്നു ആ സ്വിഫ്റ്റ് ഡിസയർ ടാക്സി.
ഞങ്ങളുടെ കാറിലായിരുന്നു കവർച്ചക്കാർ ബാങ്ക് കൊള്ളയടിക്കാൻ പോയത്.
നാട്ടുമ്പുറത്തെ ഒരു ചെറിയ സഹകരണ ബാങ്കാണ് കൊള്ളയടിച്ചത്. പാവപ്പെട്ട ആളുകൾ പണയം വെച്ചിരുന്ന കുറേ സ്വർണാഭരണങ്ങൾ മോഷണം പോയി. ടോമിന്റെ കൂട്ടുകാർ ഒരു മരണവീട്ടിൽ പോകാൻ എന്നു പറഞ്ഞ് സന്ധ്യയോടെ വന്ന് വാങ്ങിക്കൊണ്ടു പോയതാണ് കാറ്.
പൊലീസ് ആദ്യം പിടിച്ചത് കാറാണ്. ആദ്യം അറസ്റ്റു ചെയ്തത് ടോമിനേയും.
ടോമിനെ ലോക്കപ്പിലിട്ട് മണിക്കൂറുകൾക്കകം എല്ലാവരേയും പിടിച്ചു. ടോമിനെ പ്രതിയാക്കാതിരിക്കണമെങ്കിൽ എന്നോട് ക്വാർട്ടേഴ്‌സിലേക്കു ചെല്ലാൻ പറഞ്ഞു. അവിടെ മൂന്നു പൊലീസുകാരുണ്ടായിരുന്നു.
ഞാൻ കരഞ്ഞു കാലുപിടിച്ചു. ഫലമുണ്ടായില്ല. നിലവിളിച്ചുകൊണ്ട് അവിടെനിന്ന് ഓടി രക്ഷപ്പെട്ടു.
കള്ളന്മാർ തൊണ്ടി മുതൽ പങ്കിട്ട കൂട്ടത്തിൽ ഒരു പങ്ക് ടോമിനും കിട്ടിയെന്നു പറഞ്ഞ് അവർ വീട്ടിൽ വന്നു പരിശോധിച്ചു. മോളുടെ അരഞ്ഞാണം ഉൾപ്പെടെ മുഴുവൻ സ്വർണവും അവർ കൊണ്ടുപോയി. മോൻ അന്ന് പ്ലസ്ടു ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അവനും ബിടെക്കിനു ചേരണമെന്നുണ്ടായിരുന്നു. കഞ്ചാവു കടത്തുന്നതിന്റെ പേരിൽ മോനെ അന്വേഷിക്കുന്നുവെന്നു പറഞ്ഞ് ഒരു പൊലീസുകാരൻ എന്നെ വിളിച്ചു. ക്വാർട്ടേഴ്‌സിലേയ്ക്കു ചെല്ലാമെന്നു ഞാൻ സമ്മതിച്ചു.
സ്വർണം കൊണ്ടുപോയത് തിരികെ തന്നില്ലെങ്കിലും ടോമിനെ അവർ വിട്ടു.
പ്രതിയാക്കിയില്ല. 22 കൊല്ലം കഴിഞ്ഞു. പിന്നെ ഇതുവരെ ഒരു രാത്രിയിൽപോലും ഞാൻ കരയാതിരുന്നിട്ടില്ല. ഒരു രാത്രിയിൽപോലും ഞാൻ ടോമിന്റെ പെണ്ണ് ആയിട്ടില്ല.
അധികാരമുള്ള ആണിന്റെ ആ വൃത്തികെട്ട ഉളുമ്പുചുവ തികട്ടി ഓക്കാനിക്കാത്ത ഒറ്റ ദിവസമില്ല. അയാളുടെ മുഖത്ത് ഒന്നു കാറിത്തുപ്പണമെന്നുണ്ടായിരുന്നു എനിക്ക്. മോൾ എന്നോടു ക്ഷമിക്കണം....
അവർ കരയുന്നുണ്ടായിരുന്നു. ഞാൻ അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു. ആ കൈകൾ പിടിച്ചു. കരഞ്ഞു. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച്, ഏങ്ങലടിച്ച് കരഞ്ഞു!
ഒറ്റക്കൈ മാത്രമുള്ള, ഒറ്റ വിദ്യ മാത്രം പഠിച്ച ധീരനായ ആ ചൈനീസ് ബാലൻ കുങ്ഫുവിൽ ലോകചാമ്പ്യനായ കഥ അച്ഛൻ പറയാറുള്ളത് ഞാൻ ഓർത്തു.
മിക്കവരും കേട്ടിട്ടുണ്ടാവും ആ കഥ. കുങ്ഫു പഠിക്കണമെന്ന മോഹവുമായി ഷാങ്ഹായ് ടെംപിളിൽ ചെന്ന ഒറ്റക്കയ്യനായ ആ കുട്ടിയെ ഗുരു വർഷങ്ങളോളം ഒരൊറ്റ വിദ്യ മാത്രം പഠിപ്പിച്ച കഥ. ഒടുവിൽ ആ വിദ്യയിൽ ആർക്കും തോൽപ്പിക്കാനാവാത്തവിധം അവൻ അതിൽ വിദഗ്ദ്ധനായി. ആ വിദ്യ പ്രയോഗിക്കുമ്പോൾ തോല്‍പ്പിക്കണമെങ്കിൽ പോരാളിയുടെ ഇടംകൈ പിടിച്ച് തിരിക്കണം. അവന് ഇടംകൈ ഇല്ലല്ലോ. എതിരാളികൾക്ക് അവനെ തോല്‍പ്പിക്കാൻ ഒരു വഴിയുമില്ലായിരുന്നു.
അച്ഛൻ കഥകളുടെ ഒരു ഭണ്ഡാഗാരമായിരുന്നു. ആലോലമായി നാടൻ പാട്ടുകൾ പാടുമായിരുന്നു. വിദ്യാഭ്യാസം മാത്രമാണ് നമുക്കൊക്കെ ഒരേയൊരു രക്ഷാമാർഗമെന്നും നന്നായി പഠിക്കണമെന്നും പ്രോത്സാഹിപ്പിക്കുമായിരുന്നു. എല്ലാം തുറന്നു പറയണമെന്ന് എപ്പോളും പറയുമായിരുന്നു. അച്ഛൻ എല്ലാം പറയുമായിരുന്നു. അല്ല...
പലതും പറയുമായിരുന്നു. അതു പലതും കഥകളായിരുന്നു എന്നു പിന്നെപ്പിന്നെ അമ്മയും അറിഞ്ഞെന്നു തോന്നുന്നു. കഥകൾ കള്ളങ്ങളാണെന്ന് എനിക്കറിയില്ലായിരുന്നല്ലോ. കഥകൾ കള്ളങ്ങളാണ്. സത്യങ്ങളെ മൂടിവെയ്ക്കുന്ന കള്ളങ്ങൾ. കഥകളുടെ തൊലിപൊളിക്കാൻ അമ്മ എങ്ങനെയാണോ പഠിച്ചത്!
അതിസരസമായി, അമ്പരപ്പിക്കുന്ന ട്വിസ്റ്റുകളുള്ള ഗുണപാഠകഥകൾ അച്ഛൻ പറയുമായിരുന്നു. അച്ഛൻ കഥകളുടെ ഒരു കുന്നായിരുന്നു.
ഞാൻ ആ സ്ത്രീയെ വിളിച്ച് നമുക്കു ഭക്ഷണം കഴിക്കാം എന്നു പറഞ്ഞു. അച്ഛന്റെ വലിയ ചിത്രം ഞാൻ മറിച്ചുവെച്ചു. അതിനു ചാരെയിരുന്ന് അവരുടെ കിണ്ണത്തിൽ ഞാൻ കഞ്ഞി വിളമ്പി. അവർ ചിരിപോലെയൊന്നു വരുത്തി.
കഞ്ഞിയാണോ...
എനിക്ക് പാചകം വല്യ ഇഷ്ടമൊന്നുമല്ല. കഞ്ഞി മാത്രം വെക്കും. ചമ്മന്തിപ്പൊടിവാങ്ങും. ദാ ഈ മിക്സ്ചർ നല്ല കറിയാണ്. പിന്നെ വലിയ ആഘോഷമാക്കണമെങ്കിൽ ഒരു ബുൾസൈ കൂടിയുണ്ടാക്കും.
അതു പറഞ്ഞപ്പോൾ അവർ ചിരിച്ചുകൊണ്ടു പറഞ്ഞു: പെണ്ണുങ്ങൾ പാചകം ഇഷ്ടപ്പെടരുത്. പെണ്ണുങ്ങൾക്ക് പാചകം ഫലമില്ലാത്ത കർമമാണ്!
പിന്നെ അവർ എന്റെ കൈപിടിച്ചു.
മോളുടെ അമ്മയെ എനിക്കറിയാമായിരുന്നു. അവർ സത്യമുള്ള സ്ത്രീ ആയിരുന്നു...
എനിക്കു ചിരി വന്നു. കഥകളുടെ അച്ഛനും സത്യങ്ങളുടെ അമ്മയുമാണല്ലോ എനിക്ക്.
അമ്മ അച്ഛനെ പിരിഞ്ഞതും പിന്നെ ജീവിതത്തിൽനിന്നു തന്നെ വിട്ടുപോയതും അവർ അറിഞ്ഞിരുന്നു.
ലിഫ്റ്റിലേക്കു നടക്കുമ്പോൾ ക്ഷമാപണംപോലെ അവരുടെ കയ്യിലൊന്നു തൊട്ടു.
മകൻ ഇപ്പോൾ ഒരു ടൂറിസ്റ്റ് കമ്പനിയിൽ ബസ് ഡ്രൈവ റാണ്. പഠിക്കാൻ അവൻ മിടുക്കനായിരുന്നു. ബിടെക് പഠിച്ച് എൻജിനീയറാകണമെന്ന് അവന് ആഗ്രഹമുണ്ടായിരുന്നു. അവന്റെ അനിയത്തി ഒരു സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റാണ്.
ടോം നാട്ടിൽ ചെറിയൊരു ചായക്കട നടത്തുന്നു. ലോട്ടറി വില്‍പ്പനയാണ് പ്രധാനം.
ചെലവുകുറഞ്ഞ ഒരു പ്രതീക്ഷയല്ലേ ലോട്ടറി...
അവർ പിന്നെയും ചിരിപോലെ കാണിച്ചു. ശക്തിയുള്ളവർക്ക് എല്ലാം നേരമ്പോക്കാണ്.
ശക്തി കുറഞ്ഞവർക്ക് പോകുന്നത് ജീവിതവും.
അവർ ലിഫ്റ്റിലേക്കു നടന്നു. ലിഫ്റ്റ് വായ്‌പൂട്ടി അവരെ വിഴുങ്ങി. പിന്നെ സാവധാനം ആഴങ്ങളിലേക്കു പോയി.
ബഷീർ അങ്കിളിനെ എനിക്ക് അറിയാമായിരുന്നു. വരണ്ടാ എന്നു പറയാൻ കഴിയുമായിരുന്നില്ല. റംസാൻ എന്നാൽ അത്രയും രുചികരമായ വിഭവങ്ങൾ ഉണ്ടാക്കിക്കഴിക്കുന്ന കാലമാണെന്നായിരുന്നു എന്റെ ധാരണ. അത്രയ്ക്കായിരുന്നു ബഷീർ അങ്കിളും ബേബിത്താ എന്നു വിളിക്കുന്ന ആന്റിയും റംസാൻ ദിനങ്ങളിൽ കൊണ്ടുവന്നിരുന്നത്. എല്ലാ മാസവും ഓരോ ആഴ്ച റംസാൻ ആക്കിയാലോ അങ്കിളേ എന്നു ഞാൻ ചോദിച്ചിട്ടുണ്ട്.
ബഷീറങ്കിളിനും ബേബിത്താന്റിക്കും സ്നേഹത്തിന്റെ മണമാണെന്ന് അമ്മ പറയുമായിരുന്നു.
അങ്കിളും ആന്റിയും കൂടിയാണ് വന്നത്. അച്ഛൻ ഒറ്റയ്ക്ക് ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നതെന്ന് അറിഞ്ഞിരുന്നില്ലെന്ന് അങ്കിൾ പറഞ്ഞു.
ബഷീയാക്കാ എല്ലാ ദിവസവും രണ്ട് പത്രത്തിലെ ചരമപ്പേജ് വായിച്ച് കണക്കെടുക്കും.
സാറിന്റെ മരണം പിന്നെ അങ്ങനെയല്ലെങ്കിലും അറിയുമായിരുന്നല്ലോ. ശരിക്കും ഒരു കഥ പോലെ ആയിപ്പോയി അല്ലേ... ബേബിത്താ ആന്റി കൗതുകത്തോടെ പറഞ്ഞു.
അതെ, അച്ഛൻ എന്നോട് ഒത്തിരി കഥ പറയുമായിരുന്നു. അവസാനം മരിച്ചപ്പോളും ഒരു കഥയായി, ഞാൻ ചിരിച്ചു.
ബഷീറങ്കിൾ അച്ഛന്റെ നീതിബോധത്തെക്കുറിച്ചുള്ള കഥകൾ പറഞ്ഞു. ഒരു തോട്ടിറമ്പിൽ ചായ്പ് കെട്ടി താമസിച്ചിരുന്ന ഒരു പാവം സ്ത്രീയേയും കുടുംബത്തേയും അവിടെനിന്ന് ഓടിക്കാനായി മഴക്കാലത്ത് തോട്ടുവരമ്പ് ചെത്തിക്കോരി നേർപ്പിക്കുമായിരുന്നു അടുത്ത പറമ്പുകാരൻ. വെള്ളം കുത്തിയൊലിച്ചുവന്ന് അവരുടെ ചായ്പ് പലപ്പോഴും ഒലിച്ചുപോകും. വലിയ ഒഴുക്കുകൾ നേർത്ത വരമ്പുകളെ ഒഴുക്കിക്കളയുമല്ലോ. സാറ് നേരിട്ട് അവിടെ ചെന്നു നോക്കി.
ഒഴുക്കിനെതിരെ നിന്നിട്ട് കാര്യമില്ല, നിങ്ങൾക്ക് വേറൊരിടത്ത് ചെറിയൊരു വീടുവെച്ചു തരാം എന്ന് സാറ് അവരോടു പറഞ്ഞു. ആരോടൊക്കെയോ പറഞ്ഞ് സാറ് നാലു സെന്റ് സ്ഥലത്ത് ചെറിയൊരു വീടും വെച്ചു. എന്നിട്ട് ആ തോട്ടിറമ്പിൽ ചെന്ന് അവരോട് പുതിയ വീട്ടിലേക്കു മാറാം എന്നു പറഞ്ഞപ്പോൾ ആ സ്ത്രീ സമ്മതിച്ചില്ല.
അവര് സാറിന്റെ നേരെ ചീറി. സാറ് ആ വീടൊണ്ടൊക്കാൻ ചെയ്തതിന്റെ പകുതി പാട് ഇല്ലാരുന്നല്ലോ ഇവിടെ ഈ തോടിന്റെ സൈഡ് ഒന്ന് കരിങ്കല്ലിട്ടു കെട്ടിക്കാൻ. അതല്ലേ സാറേ നീതി എന്നും ചോദിച്ച് ആ സ്ത്രീ കത്തിക്കയറി. ശക്തിയായിട്ടൊള്ള ഒഴുക്ക് വരുമ്പം ഞങ്ങളങ്ങ് ചത്തുകെട്ട് ഒഴുകിപ്പോയേക്കാം സാറേ... എന്നു പറഞ്ഞു അവർ.
അവരെപ്പോലെ ഒരു സ്ത്രീ നീതി എന്ന വാക്കു പറയുന്നതു കേട്ടപ്പോൾ ഞങ്ങൾക്കും കൗതുകം തോന്നിയിരുന്നു.
സാറ് അന്ന് സ്റ്റേഷനിൽ വന്നിരുന്ന് വല്ലാതെ സങ്കടപ്പെട്ടു. അവര് പറഞ്ഞതാ ശരി എന്നു പറഞ്ഞു. അന്ന് വൈകിട്ട് ഞങ്ങൾ ഒന്നിച്ച് കുറേ നടന്നു. നീതി എന്നൊക്കെ പറയുന്നത് ഈ പ്രകൃതിയിൽ ഉള്ള കാര്യമേയല്ല ബഷീറേ എന്നു പറഞ്ഞു.
ശക്തിയുള്ളവര് ശക്തിയായിട്ട് ഒഴുകും അതാ പ്രകൃതീടെ നിയമം- സാറ് പറഞ്ഞു.
ഞാൻ ഒന്നു പരുങ്ങി. എന്നിട്ടു പറഞ്ഞു അതല്ലേ സാറേ, മനുഷ്യർക്ക് പ്രകൃതീന്നൊള്ള വ്യത്യാസം... അന്നേരം സാറ് ചിരിക്കുവാ.
സാറിങ്ങനെ ഒരുപാട് പുസ്തകമൊക്കെ വായിക്കണ ആളല്ലേ! സാറ് പറഞ്ഞു:
ബഷീറേ ഈ മുള ഇല്ലേ, മുള. അത് പറയുമ്പം പുല്ലിന്റെ എനമാ. എന്നുവെച്ച് അത് പുല്ലാണോ! അതുപോലെ ഈ വാഴയില്ലേ വാഴ. അത് ഈ ഇഞ്ചീം മഞ്ഞളും ഒക്കെയൊള്ള എനത്തിൽ വരുന്ന ഒരു ചെടിയാ. എന്നാ അതങ്ങനെയാണോ! അതുപോലെയാ അല്ലേ മനുഷ്യനും. മണ്ണില് തൊട്ടു നിക്കുന്നേടത്ത് പുല്ലും ചെറുചെടിയും ഒക്കെപ്പോലെയാ. പക്ഷേ, അങ്ങു പൊങ്ങിക്കഴിയുമ്പം വേറേ നെലേലാ അല്ലേ...
സാറിനെപ്പോലെ അറിവും വിവരോം ഒള്ളവര് അന്നുകാലത്ത് പൊലീസില് കൊറവാരുന്ന്.
എന്നിട്ട്, അന്നൊണ്ടാക്കിയ ആ വീട് എന്തു ചെയ്തു ബഷീറങ്കിളേ!
അത് അന്ന് ഒരു കൊലക്കേസില് പ്രതിയായിട്ട് അകത്തായിപ്പോയ ഒരുത്തന്റെ കുടുംബക്കാർക്ക് കൊടുത്ത്. അവര് സാറിനെ ദൈവത്തിനെപ്പോലെയാണ് കണ്ടിരുന്നത്.
അച്ഛന്റെ ശവസംസ്കാരം കഴിഞ്ഞ് ഫ്ലാറ്റിനുള്ളിൽ കയറിയ ഞാൻ ദിവസങ്ങൾക്കുശേഷം ആദ്യമായി അവർക്കൊപ്പം പുറത്തിറങ്ങി.
രാവിലെ എട്ടുമണിയോടെ എത്തണം എന്ന് എന്നോട് കർശനമായി പറഞ്ഞിട്ടാണ് അച്ഛൻ മരിച്ചത്. എല്ലാ രേഖകളും എടുത്ത് മേശപ്പുറത്തുതന്നെ വെച്ച് കൃത്യമായി എല്ലാ കാര്യ ങ്ങളും എഴുതിവെച്ചിരുന്നു. ഫ്ലെക്സ് അടിക്കാനുള്ള ചിത്രം രാത്രി വൈകി എനിക്ക് അയച്ചിരുന്നു. പത്രങ്ങളിലേക്കു കൊടുക്കാനുള്ള വാർത്തയും ചിത്രങ്ങളും തയ്യാറാക്കിവെച്ചിരുന്നു. ഫ്ലാറ്റിന്റെ ക്ലബ്ബ്ഹൗസിൽ അടുത്ത ദിവസം ഒരു പാർട്ടിയുണ്ടെന്നും അതിനായി അലങ്കരിക്കണമെന്നും ഏർപ്പാടാക്കിയിരുന്നു.
ബലൂണുകളും വർണക്കടലാസുകളും ലൈറ്റുകളും കൊണ്ടുള്ള അലങ്കാരങ്ങളെല്ലാം അഴിച്ചുമാറ്റേണ്ടിവന്നു അച്ഛന്റെ ബോഡി അവിടെ കിടത്താൻ. വൈകുന്നേരം നാലുമണിക്ക് സംസ്കാരം നടത്താനായി ശ്മശാനത്തിൽ വിളിച്ച് ബുക്ക് ചെയ്തിരുന്നു.
മൊബൈൽ മോർച്ചറിയും ശവപ്പെട്ടിയും കൂടി ഏർപ്പാടാക്കിയിട്ടാണ് അലങ്കാരപ്പണികൾ തീർത്ത് പണിക്കാർ പോയ ശേഷം പുലർച്ചെ ക്ലബ് ഹൗസിലെ വരാന്തയിൽ നീണ്ടുനിവർന്നു കിടന്ന് അച്ഛൻ വിഷം കഴിച്ചത്.
അച്ഛനും അമ്മയും ഒരുമിച്ചായിരുന്നപ്പോൾ ഞങ്ങൾ പോകാറുണ്ടായിരുന്ന ആ
റെസ്‌റ്റോറന്റിൽ കായലോരത്ത് ബഷീറങ്കിളിന്റേയും ബേബിത്താന്റിയുടേയും കൂടെ ഞാൻ ഇരുന്നു. പോത്തിന്റെ വലിയ എല്ലുവെച്ച് അലങ്കരിച്ച ബീഫ് സ്റ്റേക്കിന് ഞാൻ അപേക്ഷ കൊടുത്തു. ബഷീറങ്കിളിനോട് ഞാൻ പന്നിയിറച്ചി സ്റ്റേക്ക് കഴിക്കാൻ പറഞ്ഞു. ബേബിത്താന്റിക്ക് ഞാൻ അവരെ പരിഹസിക്കുകയാണെന്നു തോന്നിക്കാണും!
മനുഷ്യർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പന്നിയിറച്ചിയാണ് ആന്റീ... ഏറ്റവും
രുചിയുള്ള ഇറച്ചിയാണത്. ഞാൻ പിന്നെയും ന്യായീകരിച്ചു.
മോളേ, ഈ രുചി എന്നൊക്കെ പറയുന്നത് ഒരു കഥയല്ലേ! നമ്മുടെ വിശപ്പില്ലായ്മയെ മൂടി വെക്കുന്ന കഥ. രുചിയുടെ തൊണ്ടുപൊളിച്ച് ചെല്ലണമെങ്കിൽ വിശപ്പ് ഉണ്ടാകണം. വിശപ്പിന് ശക്തിയില്ലാത്തിടത്താണ് രസകരമായ രുചിക്കഥകൾ വരുന്നത്.
ആന്റീ വിശപ്പാണോ
രുചിയാണോ സത്യം... എന്നു ചോദിക്കാമായിരുന്നു. പക്ഷേ, എന്തോ ചോദിക്കാനുണ്ട് എന്നല്ലാതെ എന്താണ് ചോദിക്കേണ്ടത് എന്നെനിക്ക് കൃത്യമായി മനസ്സിലേക്കു വന്നില്ല.
ബേബിത്താന്റി പാചകത്തെക്കുറിച്ചും രുചിയെക്കുറിച്ചുമൊക്കെ ഫിലോസഫി പറയുവാണല്ലോ അങ്കിളേ...
പാചകം ഒരു ഫിലോസഫിയാ മോളേ. രസിച്ച് പാചകം ചെയ്യുന്ന ആരും അത് തനിയെ തിന്നുതീർക്കാനല്ല നോക്കാറ്. ആർക്കെങ്കിലുമൊക്കെ കൊടുക്കാനാ. എല്ലാ ആളുകളും നന്നായി പാചകം ചെയ്ത് രസിച്ചാൽ ലോകത്തെ പകുതി പ്രശ്നോം തീരും.
ബേബിത്താന്റി തെളിഞ്ഞു ചിരിച്ചു.
അതുമാത്രം അല്ല മോളേ, കർമം ചെയ്തങ്ങു തീർന്നാൽ പ്രതിഫലം നല്ല ചൂടോടെ റെഡിയായിട്ടുമുണ്ടാവുമല്ലോ!
മോൾടച്ഛൻ പറയുമായിരുന്നു കർമം ചെയ്താൽ ചൂടോടെ ഫലം റെഡിയാവുന്ന പരിപാടിയാണ് പാചകം എന്ന്.
അച്ഛൻ പാചകം ചെയ്യുമായിരുന്നോ അങ്കിളേ! വീട്ടിൽ ആ ഭാഗത്തേക്കു പോകാറില്ലായിരുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന ക്വാർട്ടേഴ്‌സുകളിൽ അച്ഛൻ പാചകം ചെയ്യുമായിരുന്നോ?
പാചകം... ചെയ്തു കണ്ടിട്ടില്ല. പക്ഷേ, രുചിയറിഞ്ഞ് കഴിക്കുമായിരുന്നു. ഓരോന്നും നല്ല നീറ്റ് ആയി ആസ്വദിച്ചു കഴിക്കുമായിരുന്നു.
അത് എനിക്കും ഓർമയുണ്ട്, അച്ഛൻ രുചിയറിഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത്. പാചകം അനുഭവിക്കാതെ ഭക്ഷണം ആസ്വദിക്കുന്നത് അനീതിയാണെന്ന് അമ്മ പറയുകയും ചെയ്യുമായിരുന്നു.
അച്ഛന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഇടയ്ക്കിടെ എനിക്ക് കോളുകൾ വന്നുകൊണ്ടിരുന്നു. സ്റ്റേഷനിൽനിന്നാണ് എല്ലാവർക്കും എന്റെ നമ്പർ കൊടുക്കുന്നത്.
പഴയ സഹപ്രവർത്തകരിൽ ആരെയും ഫ്ലാറ്റിലേക്കു വരാൻ അനുവദിച്ചില്ല.
പോകാൻ എഴുന്നേറ്റപ്പോൾ ഞാൻ ബഷീറങ്കിളിന്റെ കൈപിടിച്ചു. അങ്കിളേ, ശരിക്കും എങ്ങനെയുള്ള ആളായിരുന്നു എന്റെ അച്ഛൻ? നാട്ടിൽ അച്ഛന്റെ ചെറിയൊരു പറമ്പ് ഉള്ളത് എന്താണു ചെയ്യേണ്ടത്?
ഓരോരുത്തരും ഓരോരുത്തർക്ക് ഓരോന്നല്ലേ മോളേ...
ആ പറമ്പ്... തൽക്കാലം അവിടെ കിടക്കട്ടെ, പുല്ലും ചെടികളും പിടിക്കട്ടെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ