
ആ മഴക്കാലത്ത് തഴക്കാടുകൾ പൊതിഞ്ഞുവെച്ചിരുന്ന കരകളുടെ പിടിത്തം വിടുവിച്ച് കുത്തിയലച്ചൊഴുകിയ ഞങ്ങളുടെ പെരുമ്പുഴയിലൂടെ താഴേയ്ക്ക് അതേ വേഗത്തിൽ പാഞ്ഞുപോയ ഒരു ചെറിയ തോണിയെ ഞാൻ തീരത്തെ ആടിയുലയുന്ന പുല്ലിൻകാട്ടിൽ നിൽക്കുമ്പോൾ കണ്ടു. എന്റെ അരയ്ക്കൊപ്പം കനത്തുനിന്ന കന്നാലിപ്പോച്ചയെ മഴയിൽ കുതിർന്ന കാറ്റ് അപ്പോൾ നൃത്തം ചെയ്യിച്ചുകൊണ്ടിരുന്നു. മടക്കിക്കുത്തിയ കൈലിമുണ്ടിനു താഴെ കരിമണ്ണിൽ വഴുക്കിനിന്ന എന്റെ കാലുകളിൽ പോച്ചയിൽനിന്നുമുള്ള പിശറവെള്ളം ഒരുകൂട്ടം നീർനായകളെപ്പോലെ ചുറ്റിപ്പിടിച്ചു.
പുഴയിലെ പെയ്ത്തുവെള്ളത്തിന്റെ വരവുകോള് നോക്കാനായി മഴയത്ത് ചെന്നതായിരുന്നു ഞാൻ. അത് പുഴവക്കിൽ താമസിക്കുന്നവരുടെ ഒരു ശീലമാണ്. മഴപിടിച്ചാൽപ്പിന്നെ പുഴയുടെ നില എന്തെന്ന് ഇടയ്ക്കിടെ പോയി നോക്കും. കൃഷിയിടങ്ങളിലേയ്ക്കും കുടികിടപ്പുകളിലേയ്ക്കും പുഴ കമ്പിച്ച് കയറാൻ സാധ്യതയുണ്ടോ എന്ന് ഓരോ ദിവസവും ആശങ്കപ്പെടും. കയറിക്കയറിവരുന്ന പുഴവെള്ളത്തിനു ദിവസവും ഞങ്ങൾ ഓരോ അടയാളക്കല്ലുകൾ വെയ്ക്കും. കല്ലുകളുടെ സ്ഥാനം നോക്കിയാലറിയാം പുഴ എത്രമാത്രം കയറിപ്പോന്നു എന്ന്. അതിനൊപ്പിച്ച് ഞങ്ങളുടെയുള്ളിലെ പേടിപ്പുഴയും മെത്തിവരും.
എന്റെ കൂട്ടുകാരനായ ഒരു മീൻപിടിത്തക്കാരൻ ഞാൻ അന്നു കണ്ട ആ തോണിയുടെ തുമ്പത്ത് ഇരിപ്പുണ്ടായിരുന്നു. ചൊരുക്കുകൊണ്ട മലവെള്ളപ്പാച്ചിലിൽ അവനല്ലാതെ ഒരുത്തനും വള്ളമിറക്കില്ലെന്ന് എനിക്കറിയാം. പുതുവെള്ളത്തിൽ കുതിച്ചുകയറുന്ന മീനുകളെ പിടികൂടുക എന്നത് അവനൊരു ഹരമായിരുന്നു. അക്കാര്യത്തിൽ അവനെ വെല്ലാൻ നാട്ടിൽ വേറെ ഒരുത്തനുമുണ്ടായിരുന്നില്ല. ഏതു വാളക്കൊമ്പനും അവന്റെ ചൂണ്ടനൂലിന്റെ ബലമറിയും. എത്ര മഴ കൊണ്ടാലും പനിപിടിക്കാത്തവൻ. എത്ര നനഞ്ഞാലും കുതിരാത്ത ചങ്കൂറ്റമുള്ളവൻ. എത്ര തുഴപിടിച്ചാലും കൈക്കരുത്ത് ചോരാത്തവൻ. വിനോദൻ എന്നാണ് അവന്റെ പേര്. പുഴയെ അത്രയും വേഗത്തിൽ താഴേക്ക് ഓടിച്ചുകൊണ്ടുപോയ ആ ചങ്ങാതിയെ കാറ്റ് വളച്ച് കമ്പി ഒടിഞ്ഞ കുടയും ചൂടിനിന്ന് ഞാൻ ഒരു മീനോട്ടംപോലെ ഒന്നുകൂടി കണ്ണുചിമ്മിക്കണ്ടു. മഴയുടെ കോടമഞ്ഞു പോലത്തെ നരച്ചുപെയ്ത്തിൽ ചങ്ങാതി എനിക്ക് നേരെ ഒന്നു കയ്യുയർത്തിക്കാട്ടി. ഞാൻ അവനെ നോക്കി ഒന്നു കൂവി.
“കൂയ്, രാവിലെ വിളിക്കാം...”
അവൻ പോയ പോക്കിൽനിന്നും പ്രതികരിച്ചു. എന്നിട്ട് പറക്കാൻ പോയ പനന്തൊപ്പിക്കുട ഒരു കൈകൊണ്ട് പിടി ച്ചു നേരെവെച്ചു. അതിവേഗം അവനും വള്ളവും കാഴ്ചയുടെ രേഖയിൽനിന്നും ഒരു കറുത്ത പക്ഷിയെപ്പോലെ അങ്ങ് മാഞ്ഞുപോയി. രാവിലെ വിളിക്കാം എന്നു വിനോദൻ പറഞ്ഞാൽ അതിനർത്ഥം എന്തേലും കോളുണ്ടേൽ പുലർച്ചയ്ക്ക് പതപ്പക്കടവിൽ കാണാം എന്നാണ്. പതപ്പക്കടവ് എന്റെ പറമ്പിന്റെ വടക്കേ അതിരിൽനിന്നു പുഴയിലേയ്ക്കിറങ്ങിച്ചെല്ലുന്ന ഉപേക്ഷിക്കപ്പെട്ട ഒരു പഴയ കുളിക്കടവാണ്. കാലപ്പഴക്കംകൊണ്ട് നടക്കെട്ടുകൾ പലതും ഇടിഞ്ഞുകിടപ്പാണവിടെ. അവിടെയിപ്പോൾ ഞങ്ങളെപ്പോലെ ആരെങ്കിലുമൊക്കെ ചൂണ്ടയിടാനോ മറ്റോ ചെന്നിരുന്നാലായി. വിനോദൻ പോയപോക്കിന് എന്നോട് രാവിലെ കാണാം എന്നു പറഞ്ഞതിനു പിന്നിൽ ഒരു കാര്യമുണ്ട്. ഞങ്ങൾക്കിടയിൽ കുറച്ചുദിവസമായി ഒരു വമ്പൻ സ്വർണമീനിന്റെ കടം കിടപ്പുണ്ടല്ലോ. അത് മറക്കുന്നവനല്ല വിനോദൻ, ഇനിയിപ്പോ
ഞാനങ്ങ് മറന്നാലും.
വിനോദന്റെ ചെറുവള്ളത്തിൽ കയറി രാത്രി ഉറക്കംമുറിച്ച് പുഴയിൽ വലയിടാനായി ഞാൻ പലപ്പോഴും കൂട്ടുപോയിട്ടുണ്ട്. ചിലപ്പോൾ വെട്ടുചൂണ്ടയ്ക്ക് നാടൻവാള പിടിക്കാനും. അത് ചെറുപ്പകാലം തൊട്ടേയുള്ള പതിവാണ്. രാത്രി മുഴുവനും പുഴയിലൂടെ വള്ളത്തിൽ നടന്നുള്ള മീൻപിടിത്തമാണത്. പകൽ കനത്ത പച്ചയുമായി തിരക്കിട്ടൊഴുകിയ പുഴ രാത്രി ആയാൽ മാനം വിട്ട് ഇടിഞ്ഞിറങ്ങിയ ഇരുട്ടിൽ ഒരു രഹസ്യംപോലെ അങ്ങനെ അമർന്നുകിടക്കും. മഴക്കാലമാണെങ്കിൽ ചെവിയടപ്പിക്കുന്ന ഒഴുക്കൊച്ച മാത്രം കേൾക്കാം. വിനോദനോടാപ്പം മീൻ പിടിക്കാനായി വള്ളത്തിൽ പോയ ആ രാത്രികളെ വെല്ലുന്ന ഒരു സാഹസികതയും എന്റെ ജീവിതത്തിൽ ഇന്നേവരെയും ഉണ്ടായിട്ടില്ല. വെളിച്ചം കുറഞ്ഞ ഒരു സ്വപ്നത്തിന്റെ നദിയിലൂടെ ഞങ്ങൾ മെല്ലെയങ്ങനെ തോണി തുഴഞ്ഞുപോകും. വിഷാദം കൊണ്ട പ്രണയംപോലെ ആയിരുന്നു ആ രാത്രികൾ. പ്രപഞ്ചം മുഴുവനും നിദ്രയിലാഴുമ്പോൾ ഉണർന്നിരിക്കുന്ന ഒരു നദിയും രണ്ടു മനുഷ്യരും.
“മടക്കം ചെലപ്പം വെളുപ്പിനാവുട്ടോ. ഇന്ന് നിന്റെ ഒറക്കം വള്ളത്തണ്ടേലാവും.”
മഴതോർന്നുനിന്ന ആ രാത്രിയിൽ മീൻപിടിക്കാൻ വേണ്ടി ഞാൻ വിനോദന്റെ വള്ളത്തിൽ കയറുമ്പോൾ വിനോദൻ ചിരിച്ചുകൊണ്ട് പറഞ്ഞു. കുറച്ചുദിവസം മുൻപായിരുന്നു അത്. വള്ളത്തിൽ ചിണുങ്ങിക്കിടന്ന പെയ്ത്തുവെള്ളം ഒരു പാളപ്പാത്രംകൊണ്ട് തെപ്പിക്കളയുകയായിരുന്നു അവനപ്പോൾ. തോണിയുടെ നടുപ്പടികൾക്കിടയിൽ അവന്റെ നീലനിറമുള്ള ഉടക്കുവല അലസമായിക്കിടന്നു. വലയുടെ പലനിറത്തിലുള്ള പൊങ്ങുപന്തുകൾ വള്ളത്തിൽ കിടന്നുതിളങ്ങി.
“മുടിഞ്ഞ ഇരുട്ടാണല്ലോ. കണ്ണില് അമത്തണ്ട് കുത്തിക്കേറിയാൽപോലും അറിയില്ല.”
അതുപറയുമ്പോൾ അവന്റെ ബീഡിക്കനൽ ചുണ്ടത്തിരുന്ന് വിറച്ചു. കറുത്ത ചുണ്ടുകൾക്കിടയിലൂടെ കട്ടിപ്പുക പുറത്തേക്ക് പരുങ്ങിയിറങ്ങി. ബീഡിയുടെ അറ്റത്തെ തീക്കനൽ വീണ്ടും
ചുവന്നുതുടുത്തുവരികയും പിന്നെ പതുക്കെ മാഞ്ഞുപോവുകയും ചെയ്തു.
അതിൽനിന്നും പാറിവീണ ഒരു തീപ്പൊരി പുഴയുടെ ഇരുട്ടിലേയ്ക്ക് ഒരു മിന്നാമിനുങ്ങിനെപ്പോലെ വഴുതിപ്പോയി. വള്ളത്തിന്റെ നിലപ്പലകയിലേയ്ക്ക് ഇറങ്ങിയിരുന്ന വിനോദന്റെ നിഴൽ ടോർച്ചിന്റെ നേർത്ത വെട്ടത്തിൽ എനിക്കു കാണാം. ഒരു ചുളുചുളുപ്പൻ കാറ്റു വീശിയപ്പോൾ തണുപ്പ് മഞ്ഞുടുപ്പുപോലെ വന്ന് എന്നെയാകെ പൊതിഞ്ഞു. ഞാൻ കയ്യിൽ കരുതിയിരുന്ന തൊപ്പി എടുത്ത് തലയിൽവെച്ചു. ഈറക്കാറ്റടിച്ചാൽ എനിക്ക് ജലദോഷം ഉറപ്പാണ്. കയ്യിൽ കരുതിയ തോർത്തുമുണ്ട് എടുത്ത് കഴുത്തിൽ ചേർത്തു ചുറ്റിയിട്ടു.
“ഇന്ന് നല്ല മഞ്ഞിറക്കം ആണ്. മഴ കഴിഞ്ഞല്ലേ ഒള്ളൂ. മുഴുത്ത തൂളിക്കൂട്ടം താഴേന്നും കേറിയിട്ടുണ്ട്. വെള്ളപ്പാത്തിയിലൊക്കെ മീൻപാച്ചിൽ കാണുന്നുണ്ട്. തൂളി എങ്കിൽ തൂളി. വാള ഒക്കെ കിട്ടീട്ട് നാളെത്ര ആയി. പണ്ടൊക്കെ കിട്ടുന്ന ആറ്റുവാള വള്ളത്തിലൊതുങ്ങില്ല, കണ്ണിലും ഒതുങ്ങില്ല.”
“കിട്ടുന്നെങ്കിൽ വല്ല ഗോൾഡ് ഫിഷും കിട്ടണം.”
ഈ പുഴയിൽനിന്നും എന്നെങ്കിലും എനിക്കൊരു സ്വർണമീനിനെ പിടിച്ചുതരണമെന്ന് ചെറുപ്പകാലം തൊട്ടേ ഞാനവനോട് പറയുന്നതാണ്. പുഴയിൽ സ്വർണമീനുണ്ടോ എന്ന് വാസ്തവത്തിൽ എനിക്കുറപ്പില്ല. പക്ഷേ, വിനോദൻ എനിക്ക് വാക്കുതന്നിട്ടുണ്ട്, എന്നെങ്കിലുമൊരിക്കൽ അത് നടക്കുമെന്ന്.
ഞാൻ എന്റെ അതിമോഹം പറഞ്ഞപ്പോൾ വിനോദൻ തലപൊക്കി എന്നെ നോക്കി.
“ഒടുക്കത്തെ കൊതിയാണല്ലോടാവേ. നീ ചുമ്മാ കളിയാക്കണ്ട. ഗോൾഡ് ഫിഷ് ഈ പുഴയിലുണ്ട്. വള്ളപ്പാടിൽനിന്നും തെന്നിമാറണത് ഞാൻ പലവട്ടം കണ്ടിട്ടുമുണ്ട്. പക്ഷേ, അവൻ വലയിൽ വന്നുകയറില്ല. കണ്ണിവാതുക്കേന്ന് വഴുതിമാറി ഒറ്റപ്പോക്കാണ്. ചൂണ്ടയിൽ കൊത്താൻ മാത്രം അവൻ പൊട്ടനുമല്ല. നീ നോക്കിക്കോ, വൈകാതെ അവനെ നമ്മള് പൊക്കും.”
വിനോദൻ തലേക്കെട്ട് ഒന്നഴിച്ചുകെട്ടി വള്ളമിറക്കാനൊരുങ്ങി.
“ഇന്നേതായാലും തൂളിയേ സാധ്യതയുള്ളൂ. തൂളിപ്പട താഴെ ചപ്പാത്തുവിട്ട് എരച്ചുകേറണുണ്ട്.”
തൂളി ഒരു സാധുവായ പുഴമീനാണ്. എല്ലാ മീൻപിടിത്തക്കാർക്കും കിട്ടുന്നത്. എളുപ്പമാണ് തൂളിപിടിത്തം. രക്ഷപ്പെടാൻ എത്രയൊക്കെ വഴിയുണ്ടെങ്കിലും ചാവാനുറച്ചതുപോലെ അവ നേരെ വലയിൽത്തന്നെ വന്നുകയറും. വിശപ്പില്ലേലും തൂളി ചൂണ്ടയിൽ ഓടിവന്നു കൊത്തും. പുഴ നിറയെ ഉള്ളതിനാൽ അത്ര വിലയില്ല അതിന്. ഇറച്ചിയിലാണേൽ നെടുകെ നേർത്ത മുള്ളുകളും നിറയെയുണ്ട്. എങ്കിലും തൂളി കുടമ്പുളിയിട്ട് മുളകുചാറു വെച്ചാൽ ഉഗ്രനാണ്. അവസാനത്തെ കടുകുതാളിക്കൽ ഒഴിവാക്കരുത്. അപ്പോളേ പുഴയുടെ ചെളിമക്ക് മീനിനെ വിട്ടുപോവുകയുള്ളൂ. തൂളിയെ വറുത്താലും രുചിയാണ്. കനം കുറച്ച് അരിയണം. എന്നിട്ട് മുള്ളു പൊടിയാൻ പാകത്തിന് ചെറിയ എണ്ണയിൽ വറുത്തെടുക്കണം.
“എനിക്കിഷ്ടമാണ് തൂളിയെ. ഇടിവെട്ട് രുചിയാ, തേങ്ങ കൊത്തിയിട്ട് കൂട്ടാൻ വെക്കണം... ഹൊ...”
ഞാൻ പറഞ്ഞു
“മീനൊക്കെ നല്ലതാ, നമ്മള് തിന്നത്ര തൂളി ആരാ തിന്നേക്കണെ? പക്ഷേ, വല്ലവരും വാങ്ങണ്ടേടാവേ. കിലോക്ക് നൂറു രൂപ പോലുമില്ല ഇപ്പം. ഈ രാത്രി മുഴുവൻ പുഴയിൽ പോയി ത്‌ലാക്കാറ്റടിച്ച് കിടന്നിട്ട് തൂളി കിട്ടിയാൽ എങ്ങനെ മൊതലാവനാ...”
“അതു ശരിയാണ്...”
“ആഹ്, എന്നാ വള്ളമിറക്കട്ടെ? നീ ആ അണിയത്തെ പടിയേലിരിക്ക്. കുറുന്തൊഴ അവിടെ കിടപ്പൊണ്ട്. മഴ കുറഞ്ഞല്ലോ. ഓരം ചേർന്ന് വലിയ ഒഴുക്കില്ല. ഒറ്റത്തൊഴ മതിയാവും. വേണങ്കില് ഞാൻ പറയാം...”
വിനോദന്റെ ചെറുവള്ളം പുഴയുടെ ഒഴുക്കിനെ പതുക്കെ വകഞ്ഞുകൊണ്ട് മുകളിലേയ്ക്ക് യാത്ര തുടങ്ങി. ഒഴുക്കിനെതിരേയുള്ള തുഴച്ചിലാണ് എപ്പൊഴും രസം. പുഴയുടെ ഗോപ്യമായ ലക്ഷ്യങ്ങൾക്ക് എതിരെ നമ്മൾ ആഞ്ഞുതുഴയുകയാണ്. എതിർക്കാൻ പുഴ ആവുന്നതും നോക്കും. പക്ഷേ, നമ്മൾ കരുത്ത് കാണിച്ച് തുഴയെറിയും. പുഴയുടെ ഒത്ത നടുക്ക് അണ്ടക്കാടും മണൽത്തുരുത്തും ഉള്ള ചിലയിടങ്ങളിൽ വെള്ളം കുത്തിത്തിരിഞ്ഞ് ഉയർന്നു ബഹളമുണ്ടാക്കി ഒഴുകി. അവിടെ അടിത്തട്ടിൽ വന്നടിഞ്ഞ വലിയ വെള്ളാരൻകല്ലുകളും ചെതുക്കുമരങ്ങളുടെ കുറ്റികളും കാണും. കല്ലുകൾ വെള്ളക്കുത്തിൽ മുരളുന്ന ഒച്ചകേൾക്കാം. മറ്റെല്ലാം ശാന്തം. രാത്രി പുഴയിലൂടെ അങ്ങനെ തോണിയിൽ നിശ്ശബ്ദരായി ഇരുന്നുപോകുമ്പോൾ നമ്മൾ ആർക്കോവേണ്ടി ഒഴുക്കിവിട്ട ഒരു താരാട്ട് പാട്ടാണെന്നു തോന്നും. ആ പാട്ടിന്റെ ഓളങ്ങളിൽ തൊട്ടിലാടി ലോകം മുഴുവൻ ഉറക്കം പിടിക്കും.
വള്ളത്തിലിരിക്കാൻ നല്ല മരുങ്ങു വേണം. അനങ്ങാതെ ഒരേ ഇരിപ്പ് ഇരിക്കാൻ പഠിക്കണം. ഞാൻ ചെറുപ്പം തൊട്ടേ വിനോദന്റെ കൂടെ വള്ളം തുഴഞ്ഞുപോകുന്നു. പുഴവക്കത്തായിരുന്നു ഞങ്ങളുടെ വീടുകൾ. വള്ളത്തിലിരിക്കുമ്പോൾ നമ്മൾ എത്രമാത്രം അടങ്ങിയൊതുങ്ങി വേണം ഇരിക്കാനെന്ന് അവൻ എന്നെ പണ്ടേ പഠിപ്പിച്ചിട്ടുണ്ട്. അവനെയത് പഠിപ്പിച്ചത് അവന്റെ അച്ഛൻ രാമേട്ടനാണ്. വലിയ മീൻപിടിത്തക്കാരനായിരുന്നു രാമേട്ടൻ. ഒരു പ്രതിമയെപ്പോലെ അത്രയേറെ സമാധാനത്തോടെ വേണം നമ്മൾ പുഴയിലൂടെ കടന്നുപോകുവാൻ. തല നേരെ പിടിക്കണം, കൈകളും പങ്കായവും മാത്രമനങ്ങിക്കൊണ്ടിരിക്കണം. തിരക്ക് കൂട്ടിയാൽ പുഴ കയർക്കും. വള്ളം മറുവഴി പോകും. നമുക്കു തുഴയേണ്ട വഴികൾ പിന്നെ ഒഴിഞ്ഞുകിടക്കും.
വിനോദന്റെ വള്ളം പഴയ ഏതോ ഒരു സിനിമാഗാനംപോലെ പുഴവെള്ളത്തിന്റെ ലോലമായ ചില്ലിനു മേലെക്കൂടി ആ രാത്രിയിൽ അങ്ങനെ തെന്നിത്തെന്നിനീങ്ങി. അപ്പോഴേയ്ക്കും മഴ പാടേ മാറിയിരുന്നു. പുഴയുടെ ഇരുവശങ്ങളിലും തിങ്ങിഞെരുങ്ങി നിൽക്കുന്ന ഇരുട്ടാണ്. ഇരുട്ടല്ല, രാത്രി കനത്തുകൂടിയ കാടും പൊന്തയുമാണ്. തഴയുടെ ഞെരുക്കം കൊണ്ട കൂട്ടങ്ങൾ, കാട്ടുചൂരലിന്റേയും കടമ്പിന്റേയും അനക്കമറ്റ തെഴുപ്പ്. അവയെ ഉരുമ്മിക്കൊണ്ട് പുഴയൊഴുകുന്നു. മഴക്കാലത്ത് കടപുഴകി ഒഴുകിവന്ന കാട്ടുമരങ്ങളുടെ തൊലിപോയ വലിയ തടികൾ ചിലയിടങ്ങളിൽ മണലിൽ പൂണ്ടുനിന്നു വെള്ളത്തിനു മേലോട്ട് കമ്പുകൾ ഉയർത്തിക്കാണിക്കും. വെള്ളം കുടിച്ചുനിൽക്കുന്ന ഏതോ വന്യമൃഗത്തിന്റെ കൊമ്പുകൾപോലെ തോന്നും അത്. വലയിടുമ്പോൾ ഇത്തരം കുറ്റികളാണ് ഏറ്റവും വലിയ ശല്യം.
“മരുതുങ്കുറ്റിയിൽ ഉടക്കി വല കുറുകെ കീറിപ്പോയി കഴിഞ്ഞ പ്രാവശ്യം. കോപ്പ്.”
വിനോദൻ ഉയർന്നുനിന്ന മരക്കുറ്റികളെ വഴുതിമാറ്റി വള്ളം തുഴഞ്ഞു. പുഴയിൽ വള്ളം വെട്ടിച്ചുമാറ്റുന്നത് അത്രയെളുപ്പമല്ല. അപ്പോൾ നേരിയ നിലാവ് മാനത്തിന്റെ ചെരിവിൽ തല കാട്ടി തുടങ്ങി. മഴയുടെ ഇടവേളയാണത്. മഴയുടെ ഓർമയിൽ തെളിയുന്ന നിലാവിന് ഭംഗി കൂടുതലാണ്.
“ചെറിയ വെട്ടം നല്ലതാ.. തൂളി പെരുങ്കൂട്ടമായി പാഞ്ഞുകയറും.”
പുഴയുടെ പനിയും തണുപ്പും അറിയുന്നവനാണ് വിനോദൻ. അവൻ പറഞ്ഞാൽ പതിരാവില്ല.
ഞാൻ വിനോദന്റെ മുഖം നോക്കിക്കൊണ്ടാണ് ഇരിക്കുന്നത്. അവൻ തുഴയുന്നതിന്റെ എതിരെ ആണ് എന്റെ ഇരിപ്പ്. സത്യത്തിൽ ഒരുതരം പിന്നോട്ട് പോക്കാണിതെനിക്ക്. എനിക്കത് അത്ര ഇഷ്ടമല്ല. തുഴ ഇടുന്നതിന്റെ വിപരീതദിശയിലേയ്ക്കാണ് തെക്കേ അണിയത്തെ നമ്മുടെ ഇരിപ്പ്.
തമ്മിൽ ഒന്നും മിണ്ടാത്ത കുറെയേറെ നേരത്തെ തുഴച്ചിലിനുശേഷം ഒരു അണ്ടപ്പൊന്തയുടെ തീർത്തും ദുരൂഹമായ പിളർപ്പിന്റെ നിഴലിലേയ്ക്ക് ഇടിച്ചുകയറ്റി വിനോദൻ വള്ളമൊതുക്കി. പുഴയിൽ വള്ളം ഒഴുക്കുലയ്ക്കാതെ കയറ്റിയിടുന്ന ചില പോക്കറ്റുകളുണ്ട്. അത് പതിവായി വരുന്ന വള്ളക്കാരനു മാത്രമേ അറിയൂ. പുഴയിലെ ഒഴുക്കിനേയോ മറ്റു ജീവികളേയോ തടസപ്പെടുത്താതെയുള്ള ഒരു പാർക്കിങ്ങാണത്. പുതിയ ഒരു വള്ളക്കാരനെ പുഴ വട്ടംകറക്കുമെന്നു പറയാറുണ്ട്. അയാളുടെ രഹസ്യസങ്കേതങ്ങൾ പുതുതായി അയാൾ കണ്ടെത്തേണ്ടിവരും.
ഞാനിരിക്കുന്ന തോണിയുടെ അറ്റമിപ്പോൾ കട്ടയിരുട്ട് നിറഞ്ഞ ഒരു പൊന്തയ്ക്കുള്ളിലാണ്. വള്ളം നിശ്ചലമായിക്കഴിഞ്ഞിട്ടും ഏതോ ഒരു രഹസ്യമാർഗത്തിലൂടെ ഞാൻ യാത്ര തുടരും പോലെ എനിക്കു തോന്നി.
ആ ഇരുട്ടിൽ ഞാൻ അനങ്ങാതിരുന്നു. ചുറ്റിനും വലിയ തവളകളുടെ കൂട്ടക്കരച്ചിൽ. അനേകം കാട്ടുചീവിടുകളുടെ ഒച്ചകൾ. ഏതൊക്കെയോ ജീവികൾ വെള്ളത്തിലേയ്ക്കു ചാടിനീന്തുന്നതിന്റെ ശബ്ദം. വിനോദൻ വലനിവർത്തുന്നതിന്റെ നേർത്ത ഒച്ച ചീവീടുകളുടെ കലഹത്തിനിടയിലും എനിക്കു കേൾക്കാം. ഞാൻ ചെറിയ ടോർച്ച് തെളിച്ചുകൊടുത്തപ്പോൾ വിനോദൻ പതിയെ പറഞ്ഞു
“ടാവേ... വലേടെ പൊങ്ങുകൾ ഒന്നു നേരെ ആക്കിക്കേ... മുഴുവനും കുരുക്കുവീണു.”
വെട്ടം തോണിപ്പടിയിൽ വെച്ചിട്ട് ഞാനവനെ വല നിവർത്താൻ സഹായിച്ചു. ചെറിയ ഓളങ്ങളിൽ വെളിച്ചം ആടിക്കൊണ്ടിരുന്നു. തലേന്ന് പുഴയിൽനിന്നും കയറിയ ചില കമ്പുകളും കരിയിലകളുമെല്ലാം വലയുടെ കണ്ണികളിൽ കൊരുത്തുകിടന്നിരുന്നു. ഞാൻ അതെല്ലാം എടുത്തുകളഞ്ഞ് ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പൊങ്ങുകൾ ക്രമപ്പെടുത്തി ഇട്ടു.
ഉടക്കുവലയാണ് വിനോദൻ ഇടാൻ പോകുന്നത്. മഴക്കാലത്തെ കുത്തൊഴുക്കിൽ ഉടക്കുവലയാണ് നല്ലത്. പുഴയുടെ തീരത്തോട് ചേർന്നുള്ള കാടിന്റെ വക്കുപിടിച്ച് നീളൻ ഉടക്കുവല വിരിക്കും. അവിടെ വെള്ളപ്പാച്ചിലിന് കരുത്തു കുറവായിരിക്കും. അത്തരം ചാലുകളിലൂടെയാവും മീനുകളുടെ കൂട്ടം കയറിവരിക. വലയുടെ പ്ലാസ്റ്റിക് പൊങ്ങുകൾ വെള്ളത്തിൽ നിരനിരയായി കിടന്നുതുളുമ്പും. ഒഴുക്കു കുറഞ്ഞ വെള്ളത്തിൽ ലംബമായി പിടിച്ച ഒരു സാരിപോലെ വല എണീറ്റു നിൽക്കും. മുകളിലെ പൊങ്ങുകളും താഴെ തൂക്കിയിട്ട ലോഹമണികളും ചേർന്നാണ് വലയെ അങ്ങനെ നിവർത്തിനിർത്തുന്നത്. വലക്കണ്ണികളുടെ പദപ്രശ്നം പുഴവെള്ളത്തിൽ മീനുകളെ കാത്ത് നിൽക്കും. സ്വന്തം ജീവിതം കൊണ്ടാവും മീനുകൾ അത് പൂരിപ്പിക്കുക.
രണ്ടറ്റത്തുമുള്ള നൈലോൺ കയർ ഉറപ്പുള്ള ഏതെങ്കിലും മരക്കുറ്റിയിലോ കമ്പുകളിലോ മുറുക്കി കെട്ടിയിടും. ഒഴുക്കിലൂടെ കുതിച്ചുനിന്തിവരുന്ന മീനുകൾ പൊടുന്നനെ വലയുടെ ചെറിയ കണ്ണികളിൽ വന്നുകുരുങ്ങും. പാഞ്ഞുള്ള വരവിൽ അവയുടെ തല വലക്കണ്ണികളെ തുളച്ചുകയറി ചെകിളയുടെ നാക്കിൽ കണ്ണികൾ കയറി ഉടക്കും. അതോടെ നീന്തൽ മുട്ടിയ മീനുകൾ അവിടെ കെണിയിൽപ്പെട്ട് പിടച്ചുകൊണ്ട് നിൽക്കും. വല ഉയർത്തും വരെ തങ്ങൾ നീന്തുകയാണ് എന്ന ഒരു ധാരണയിലാവും ചിലപ്പോളവ.
ഉടക്കുവല ഇട്ടുകഴിഞ്ഞാൽ കുറെനേരം എവിടെയെങ്കിലും വള്ളമൊതുക്കി ഞങ്ങൾ കിടക്കും. ആദ്യം കണ്ടെത്തിയ പോക്കറ്റു വിട്ട് അല്പം മാറിയാവും ആ കാത്തുകിടപ്പ്. നമ്മുടെ സാന്നിദ്ധ്യം കണ്ടാൽ മീനുകൾ വഴിമാറിപ്പോകും. ചിലപ്പോൾ വള്ളത്തണ്ടേലോ പടിമേലോ അണിയത്തോ കിടന്ന് ഒന്നു മയങ്ങാനുള്ള നേരമുണ്ട്. രണ്ടുപേരുള്ളപ്പോൾ എന്തേലും വർത്തമാനം പറഞ്ഞിരിക്കാം. ഏറ്റവും ചെറിയ ശബ്ദത്തിലേ ആ നേരം മിണ്ടുകയുള്ളൂ. ഒരു അടക്കംപറച്ചിൽ പോലെ.
നമ്മുടെ ചെറിയ അനക്കംപോലും മീനുകൾക്ക് അറിയാൻ പറ്റും. നമ്മളേക്കാൾ എത്രയോ മടങ്ങ് അറിവുണ്ട് അവർക്ക്. രാമേട്ടൻ പറഞ്ഞതാണ് പണ്ട്.
വിനോദൻ പതുക്കെ പറഞ്ഞു. ചെവി കൂർപ്പിച്ചുപിടിച്ചാൽ മാത്രമേ അത് കേൾക്കാൻ പറ്റൂ.
നിലാവ് പതുക്കെപ്പതുക്കെ ഉദിച്ചുയർന്നിരിക്കുന്നു. മേഘങ്ങൾ എവിടേയ്ക്കോ ഒഴുകിനീങ്ങുകയാണ്. ഇന്നിനി മഴ പെയ്യില്ല. നേർത്ത നിലാവത്ത് പുഴ അനേകം കണ്ണാടിത്തുണ്ടുകളെ ഒഴുക്കിക്കൊണ്ടുപോയി. വല്ലാത്ത ഒരു തിളക്കം തോന്നി വെള്ളത്തിന്. തീരത്തെ കടമ്പുമരത്തിന്റെ കൊമ്പുകളിൽ രാത്രി വിശ്രമിക്കുന്ന നീർക്കാക്കകളുടെ ഒരു കൂട്ടം. ആ മരത്തിൽ അവയ്ക്ക് ചുള്ളിക്കമ്പുകളും ഞെരിയും കരിയിലയും ചേർത്തുണ്ടാക്കിയ കൂടുകൾ കാണും. അവ പക്ഷേ, കൂടിനു പുറത്തെ ചില്ലകളിൽ ഇരുന്നാണ് ഉറങ്ങുക. ഉറക്കത്തിൽ അവ കുറുകുന്ന ഒച്ച കേൾക്കാം. അതോ അവ തമ്മിൽ തമ്മിൽ ഓരോന്നു മിണ്ടിപ്പറയുകയാണോ. വിനോദൻ പറയുന്നത് അവയ്ക്ക് ഉറക്കമില്ലെന്നാണ്.
ആ പിറുപിറുക്കൽ ചില നേരം നമ്മളെ പേടിപ്പിക്കും. ഞാൻ പൊന്തയെ നോക്കി. ഒരു കാട്ടുകോഴി വെളിച്ചം കണ്ട് ഇറങ്ങിവന്നു. ഒന്നു തലപൊക്കി നോക്കിയിട്ട് അത് തിരികെപ്പോയി. ദുരൂഹമാണ് പലപ്പോഴും പുഴയോരം. ചതുപ്പിൽ വളരുന്ന അധികം പൊക്കംവെക്കാത്ത ചെറുമരങ്ങളും അനേകം ചെടികളും പായലും ജലസസ്യങ്ങളും പുഴയെ തഴച്ച പച്ചപ്പിന്റെ ഇരുണ്ട അതിരുകൊണ്ട് ലോകത്തുനിന്നും വേർതിരിച്ചുവെച്ചു.
വലയിൽ ഞങ്ങൾക്കുള്ള മീൻ കുരുങ്ങുന്നതും കാത്ത് ആ രാത്രി കൊടുംതണുപ്പിലേയ്ക്ക് അങ്ങനെ വളർന്നു കയറിപ്പോയി. ഇടയ്ക്ക് വിനോദന്റെ ഒച്ചയും കേൾക്കാതായി. പുഴയുടെ രഹസ്യമന്ത്രങ്ങൾ മാത്രമായി എന്റെ ചെവിയിൽ.
“നീ ഉറങ്ങിയോ?”
ഞാൻ പതുക്കെ ചോദിച്ചു.
വിനോദൻ ഞെട്ടി എണീറ്റു. അവൻ മിണ്ടാതാവുമ്പോൾ പുഴയും ഞാനും മാത്രമാവും രാത്രിയുടെ തുമ്പത്ത്. അതത്ര സുഖമുള്ള കാര്യമല്ല. അത് അറിഞ്ഞിട്ടെന്നപോലെ കറുത്ത മരക്കൂട്ടങ്ങളിൽനിന്നും ഏതോ കാലൻകോഴിയുടെ കൂവലും ഒന്നുരണ്ടുവട്ടം ഉയർന്നുകേട്ടു.
“വൈകിട്ട് പാത്തിക്കലെ ഷാപ്പീന്ന് ഒരു കുപ്പി അന്തി കുടിച്ചായിരുന്നു. ഒന്നാംതരം പന. അതിന്റെ ഒരു മയക്കം...”
വിനോദൻ എണീറ്റിരുന്ന് ബീഡിപ്പൊതിയഴിച്ച് ഒരെണ്ണം കത്തിച്ചു. തീപ്പെട്ടിക്കൊള്ളി വെള്ളത്തിലേയ്ക്കെറിഞ്ഞു. അവൻ ബീഡിപ്പൊതി എന്റെ നേരെ നീട്ടി.
വേണ്ട, ഞാൻ പറഞ്ഞു. നിലാവിന്റെ മങ്ങിയ മുഖപ്പുകൾ പുഴവക്കിലും ഒഴുക്കിലും പുതിയ നിഴലുകളുടെ കാടിനെ വരച്ചുകൊണ്ടിരുന്നു. അപ്പോൾ പെട്ടെന്നു ഞങ്ങളുടെ സംസാരത്തെ മുറിച്ചുകൊണ്ട് അക്കരെനിന്നും പുഴയ്ക്ക് കുറുകെ എന്തോ ഒന്ന് നീന്തിവരുന്നതിന്റെ ഇളക്കം ഞങ്ങൾ കേട്ടു. ആ ദിക്കിലേക്ക് രണ്ടുപേരും തുറിച്ചുനോക്കി. വിനോദൻ ഒന്നു ചാഞ്ഞ് പങ്കായം കയ്യിലെടുത്തു. ഞാനും വള്ളത്തിൽ കിടന്നിരുന്ന നീളമുള്ള ചൂരൽവടി എടുത്തുപിടിച്ചു.
നീർനായ ആണേൽ പണി കിട്ടും. ഇപ്പോൾ പുഴയിൽ അവറ്റയുടെ എണ്ണം പെരുകിയിട്ടുണ്ട്.
“ചീങ്കണ്ണി വരെയുണ്ട് ഇപ്പം നമ്മുടെ പുഴയില്.”
വിനോദൻ ഓളങ്ങൾ വെട്ടിയിളകുന്ന ദിക്കിലേക്ക് ടോർച്ചടിച്ചു നോക്കി.
“അത് നീർനായ അല്ല.. അവമ്മാര് ഇടയ്ക്ക് തലതാഴ്ത്തും. ഇത് മറ്റവൻ തന്നെയാ.”
“എന്താണ്?”
ഞാൻ ഒച്ചയമർത്തി ചോദിച്ചു.
“അക്കരെ ഒരു കാവുണ്ട്. അവിടെനിന്നും പാതിരായ്ക്ക് ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യമായിട്ടാ കാണുന്നെ. നീ വെട്ടം കെടുത്ത്.”
“എന്തോന്നാ, വല്ല പാമ്പുമാണോ?”
ഞാൻ ഒന്നു വിറച്ചു.
“ഹും... ഒരു പെരുത്ത മൂർഖനാ. അത് ചില രാത്രികളിൽ പുഴമുറിച്ചു നീന്തി അക്കരയ്ക്ക് പോകാറുണ്ട്. അതിനെ നമ്മൾ കാണാത്തമട്ടിരിക്കുക. പേടിക്കണ്ട, നമ്മളെ ഒന്നും ചെയ്യില്ല. അതിന്റെ വഴിമുറിക്കാതിരുന്നാ മതി.”
പാമ്പ് നീന്തിവന്ന് വള്ളത്തിലെങ്ങാനും ഇഴഞ്ഞുകയറുമോ എന്നായിരുന്നു എന്റെ പേടി. ഞാൻ ചൂരൽവടിയിലെ പിടിത്തം ഒന്നുകൂടി മുറുക്കി.
“ഇല്ല, ഇങ്ങോട്ട് വന്നാൽ അവന്റെ തല ഞാൻ പൊളിക്കും... പക്ഷേ, അതിനെ ഉപദ്രവിക്കരുത് എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതത്ര പന്തിയാവില്ല.”
ഞങ്ങൾ വീർപ്പടക്കിപ്പിടിച്ച് നോക്കിനിൽക്കുമ്പോൾ ആ വലിയ നാഗം വെള്ളത്തിൽ ഒച്ചയും ഓളവും ഉണ്ടാക്കി പുഴനീന്തിക്കടക്കുകയാണ്. അതൊരു ഭയപ്പെടുത്തുന്ന കാഴ്ച തന്നെയായിരുന്നു. ഞങ്ങളുടെ വള്ളം കണ്ടനിമിഷം അത് വഴിമാറി നീന്തി. അല്പം കൂടി മേലോട്ട് ഗതിമാറ്റി അത് മറുകര എത്തി കാടിനുള്ളിലേക്ക് ആയാസപ്പെട്ട് വലിഞ്ഞുകയറി. അതിന്റെ ഉയർത്തിപ്പിടിച്ച തല എന്നെ ശരിക്കും ഭയപ്പെടുത്തി. അത്രയും വലിയ സർപ്പത്തെ ഞാൻ അന്നുവരെ കണ്ടിട്ടില്ല.
“എന്തൊരു വലുപ്പമാ അതിന്...”
ഞാൻ പിറുപിറുത്തു..
“ശ്ശ്... മിണ്ടല്ലേ...”
വിനോദൻ ചുണ്ടത്ത് വിരൽ വെച്ചു.
ഞങ്ങൾ അതു കയറിപ്പോയ കാടിന്റെ അവസാന അനക്കവും നോക്കി ഇരുന്നു. അവിടെ നിന്ന കാട്ടുപുല്ലുകൾ ഇരുവശത്തേയ്ക്കും ചാഞ്ഞു. പാമ്പ് കരയിലേക്ക് കയറിയതും കുറേ പൂതകൾ ഭയന്ന് ബഹളമുണ്ടാക്കിക്കൊണ്ട് പൊന്തവിട്ട് പറന്നുയർന്നു. ഞെട്ടിപ്പോയ ഉറക്കത്തെ അവ മറ്റൊരു മരത്തിന്റെ ഇലകളില്ലാത്ത കൊമ്പത്തേക്ക് മാറ്റിവെച്ചു.
“മഴയത്തുള്ള അവന്റെ ഈ യാത്ര പതിവാണ്. അച്ഛൻ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എവിടെക്കാ പോണേന്നറിയില്ല. പണ്ടുമുതലേ ഒള്ളതാ” -വിനോദൻ ശബ്ദം താഴ്ത്തി പറഞ്ഞു.
പുഴയിറമ്പിൽനിന്നും തവളകളുടെ ഒരു നിര ഒച്ചയടക്കി വെള്ളത്തിലേക്ക് കൂപ്പുകുത്തി.
വിനോദൻ പാമ്പു കയറിപ്പോയ ദിക്കിൽനിന്നും കണ്ണുപറിക്കാതെ നോക്കിനിന്നു.
“അതേ, നമ്മക്ക് ഒന്നു പോയി നോക്കിയാലോ. എങ്ങോട്ടാ ഇവൻ പോണേന്നറിയാലോ.”
“അയ്യോ, അതുവേണോ?” ഞാൻ ചെറിയ വിറയലോടെ ചോദിച്ചു.
“നീ വാ... വലയെടുക്കാൻ ഏതായാലും പൊലർച്ചയാവും. ഇഷ്ടംപോലെ സമയം. അകലം പിടിച്ച് ഒന്നു പോയി നോക്കാം...”
വിനോദൻ എണീറ്റുവന്ന് വള്ളത്തിന്റെ കയറെടുത്ത് ഒരു മരക്കുറ്റിയിൽ മുറുക്കെ കെട്ടിയിട്ടു.
ടോർച്ചും ചൂരൽവടിയുമെടുത്തു. ചെളിയിൽ ഇറങ്ങിനിന്നു വള്ളം കരയിലേയ്ക്ക് നന്നായി അടുപ്പിച്ചു.
“ഇറങ്ങി വാ.”
ഞാൻ അവനു പിന്നാലെ വെള്ളത്തിന്റെ കൊടിയ തണുപ്പിലേക്ക് ഇറങ്ങിച്ചെന്നു. പേടിയുണ്ടെന്നു പറഞ്ഞാൽ അവൻ ചീത്തവിളിക്കും. പുൽത്തണ്ടുകൾ ആർത്തുവളർന്ന ചെളിയിലൂടെയാണ് നടക്കുന്നത്. അരുതാത്തത് എന്തോ ചെയ്യുംപോലെ ഒരു കിടിലം എന്റെയുള്ളിൽ ഒരിഴജന്തുവിനെപ്പോലെ പാഞ്ഞുനടന്നു. എങ്കിലും വിനോദൻ ഉള്ളപ്പോൾ എനിക്ക് ധൈര്യമാണ് എവിടെ പോകാനും. അവൻ ചതിക്കില്ല. നേരുള്ളവനാണ്.
ഞങ്ങൾ വെള്ളത്തിൽനിന്നും കയറി മുട്ടൊപ്പമുള്ള തെരുവപ്പുല്ലിനെ വകഞ്ഞുകൊണ്ട് പുഴയുടെ ഇറമ്പത്തേയ്ക്ക് പതുക്കെ കയറി. വിനോദൻ അവന്റെ കയ്യിൽ പിടിച്ച വടികൊണ്ട് കാടുവകഞ്ഞാണ് നടന്നത്. ഇടയ്ക്ക് എന്റെ റബ്ബർചെരിപ്പ് ചെളിയുടെ കട്ടിപ്പശയിലേയ്ക്ക് താണുപോയി. എങ്ങനെയോ അത് ഊരിയെടുത്ത് ഞാൻ വിനോദന്റെ പിന്നാലെ ചെന്നു.
കൊടുങ്കാടാണ് ആ ഭാഗത്ത്. ഒരു വീടുപോലുമില്ല അവിടെയെങ്ങും. വലിയ മരങ്ങൾ തിങ്ങിനിൽക്കുന്നു. പുഴയിറമ്പ് പൊതുവെ നിഗൂഢമാണ്. ഇരുട്ടു വീണുകഴിഞ്ഞാൽ ഒറ്റയ്ക്ക് പുഴയിറമ്പത്ത് പോയിനിൽക്കരുതെന്ന് കാരണവന്മാർ പറയാറുണ്ട്. അത് വെറുതെയല്ല. പുഴയ്ക്ക് നമ്മളറിയാത്ത ചില ഭാവമാറ്റങ്ങളുണ്ട് ചില നേരങ്ങളിൽ. ഞങ്ങൾ ആ കാട്ടിലൂടെ പതുങ്ങി കുറേ ദൂരം ചെന്നപ്പോൾ പണ്ടത്തെ ഏതോ ഒരു തറവാട് ഇടിഞ്ഞുപൊളിഞ്ഞ് കിടക്കുന്നതു കണ്ടു. ഞവരവള്ളികൾ ആണ്ടുകയറി കിടക്കുകയാണ് അതിന്റെ വെട്ടുകല്ലുകൊണ്ടു പണിത പടിപ്പുര. ഒരു കാളിപ്പന അതിനു മേലേ മറിഞ്ഞുകിടക്കുന്നു.
“നിൽക്ക്, ഇനി ഇതു വല്ല അമ്പലവും ആയിരുന്നോ ആവോ.”
ഞാൻ വിനോദന്റെ ചെവിയിൽ ചോദിച്ചു.
വിനോദൻ ഒന്നുനിന്നു...
“നമുക്ക് തിരിച്ചു പോകാമല്ലേ. ഇതത്ര പന്തിയല്ല.” ഞാൻ വീണ്ടും പറഞ്ഞു.
അക്കരെയാണ് ഞങ്ങളുടെ വീട്. ഈ ഭാഗത്തെ പുരയിടങ്ങൾപോലും ഞങ്ങൾക്ക് അത്ര പരിചയം പോരാ. ഇവിടത്തെ ആളുകൾ പോലും ഞങ്ങൾക്ക് മറ്റേതോ ദേശക്കാരാണ്.
“പേടിക്കണ്ട, ഇതേതോ പഴയ വീടാണ്... ആളൊഴിഞ്ഞുപോയതാ, നീ വാ...”
പിൻതിരിയാൻ കൂട്ടാക്കാതെ വിനോദൻ മുന്നോട്ട് തന്നെ നടന്നു.
വിനോദൻ വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത്. പാമ്പിന്റെ ഇഴച്ചിൽ ശബ്ദം കേൾക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ നിന്ന് അവൻ കാതോർത്തു. ഇരുട്ടിൽനിന്നും കരിയില ഞെരിയുന്ന ഒരൊച്ച കേട്ടുവോ...
ആ നിമിഷം ഞങ്ങൾക്കു മുന്നിലെ കാടിളകി.
ഞങ്ങൾ പ്രതിമകളെപ്പോലെ മണ്ണിന്റെ ചങ്കിടിപ്പിൽ കാലൂന്നി നിന്നപ്പോൾ ആ പെരുത്ത നാഗം പടിപ്പുരയുടെ ചിതൽപുറ്റു മൂടിയ തടിവാതിലിന്റെ പിളർപ്പിലൂടെ മേലോട്ട് ഇഴയുകയാണ്. നേർത്ത നിലാവെട്ടത്തിൽ അതിന്റെ നനഞ്ഞ ദേഹം വെട്ടിത്തിളങ്ങുന്നത് കാണാം.
ഞാൻ വിനോദന്റെ തണുത്ത കയ്യിൽ മുറുക്കെയൊന്നു പിടിച്ചു.
അവൻ എന്നോട് ചേർന്നുനിന്നു...
സർപ്പം അതിന്റെ വലിയ ശരീരത്തെ ആ പഴയ കെട്ടിടത്തിലേക്ക് വലിച്ചുകൊണ്ട് ഇഴഞ്ഞുകയറി കാണാതായി.
“വാ, തിരിച്ചുപോകാം...”
ഞാൻ വ്യഗ്രത കൊണ്ടു.
“നിൽക്ക്... ന്നെ”
വിനോദൻ വിട്ടില്ല.
അവൻ എന്റെ കൈ പിടിച്ചുകൊണ്ട് ആ പടിപ്പുരവാതിലിനു നേരെ നടന്നു.
ഞാൻ പിന്നോട്ട് വലിച്ചെങ്കിലും അവൻ നിന്നില്ല.
“ഒന്നു പോയി നോക്കാം, വാ,നീ പേടിക്കണ്ട”
ഞാൻ അവന്റെ തൊട്ടുപിന്നിൽ വഴിപോലുമറിയാതെ നടന്നു. വള്ളിക്കാടിനെ ഒരുവിധത്തിൽ വകഞ്ഞുനീക്കി ചിതൽ മൂടിയ ആ വലിയ വാതിലിന്റെ വിടവിലൂടെ ഞങ്ങൾ എത്തിപ്പിടിച്ച് അകത്തേയ്ക്കു നോക്കി. അവിടെ നിലാവിന്റെ ഒരു പാളി വീണുകിടക്കുന്നു. അതിന്റെ നേർത്ത വെട്ടത്തിൽ ഞങ്ങൾ ആ കാഴ്ച കണ്ടു.
പുഴകടന്നുവന്ന മൂർഖൻ പാമ്പ് പുരാതനമായ ആ വീടിന്റെ കൽഭിത്തിയിലെ തീരെ വ്യക്തമല്ലാത്ത ഒരു വലിയ ഫോട്ടോയെ ചുറ്റിക്കിടക്കുന്നു. ഫോട്ടോ പൂർണമായും ദ്രവിച്ചുപോയിരിക്കുന്നു. ഒട്ടും വ്യക്തമല്ല. ഭിത്തിയിലൂടെ വളർന്ന കാട്ടുവള്ളികളിൽ മൂർഖന്റെ വാലറ്റം ചുറ്റി ഇളകുന്നു. സർപ്പം അതിന്റെ പത്തിവിടർത്തിപ്പിടിച്ചു രൗദ്രഭാവത്തിൽ നില്‍ക്കുകയാണ്.
അങ്ങനെ ഒരു കാഴ്ച ഞാൻ അന്നോളം കണ്ടിട്ടില്ല. വിനോദനും.
ഒരുനിമിഷം അതിന്റെ ശ്രദ്ധ ഞങ്ങൾക്കു നേരെ തിരിഞ്ഞുവോ. അതിന്റെ കണ്ണുകളിൽനിന്നും തീ പാറിയോ.
“പോകാം നമുക്ക്...”
അപകടം മണത്തതുപോലെ വിനോദൻ പെട്ടെന്ന് പിന്തിരിഞ്ഞു. എനിക്കു മുന്നിൽ വെട്ടം കാട്ടി അവൻ തിരക്കുപിടിച്ച് തിരികെ നടന്നു.
“ഞാൻ പറഞ്ഞതല്ലേ അതിന്റെ പിന്നാലെ പോകണ്ടെന്ന്...”
വിനോദൻ അത് കേട്ടില്ല.
അന്നേരം ഞങ്ങൾക്കു തൊട്ടുപിന്നിൽ മൂർഖന്റെ സീൽക്കാരം കേട്ടു. ഞെട്ടിത്തരിച്ചു ഞങ്ങൾ നിന്നപ്പോൾ ആ പാമ്പ് അതിന്റെ പത്തി വിരുത്തി അൽപമകലെ ഞങ്ങളെ നോക്കി എണീറ്റ് നിൽക്കുന്നു.
ഞങ്ങൾ ടോർച്ചുവെട്ടം കെടുത്തി.
പക്ഷേ, മയങ്ങിവീഴുന്ന നിലാവിൽ പാമ്പിന്റെ നിൽപ്പും കാടിന്റെ അനക്കവും ഞങ്ങൾക്കു കാണാം.
അല്പനേരം അങ്ങനെ നിന്നിട്ട് പാമ്പ് അതിന്റെ പത്തി താഴ്ത്തി. ഏതോ കാരണത്താൽ ഞങ്ങളെ വെറുതെവിട്ട് അത് പതിയെ വഴിമാറി പുഴയ്ക്കുനേരെ ഇഴയാൻ തുടങ്ങി. ഒരു മരത്തിന്റെ നനവിൽ ചാരിനിന്ന് ഞങ്ങളത് നോക്കിനിന്നു.
“സർപ്പം പോയിടാ. ഏതായാലും നമുക്കു തിരികെപ്പോയി ഒന്നകത്തു കയറിനോക്കിയാലോ?” വിനോദൻ പറഞ്ഞു. ഞാനൊന്നു ഞെട്ടി. അപകടമാണിതെന്ന് എന്റെ മനസ്സ് മുന്നറിയിപ്പു തന്നു. എങ്കിലും ആ തീർത്തും അശുഭകരമായ പാതിരയ്ക്ക് അവനോടൊപ്പം പോകാതെ എനിക്കു വേറെ വഴിയില്ല. ഞങ്ങൾ കാടുവകഞ്ഞ് വീണ്ടും ആ മാളികവീടിന്റെ പടിയ്ക്കലെത്തി. വിനോദൻ തെളിച്ച ചെറിയ വെട്ടം നോക്കി ഞങ്ങൾ ആ മരവാതിൽ തള്ളിത്തുറന്ന് അകത്തേയ്ക്കു കയറി. വാതിലിന്റെ ഒരു ഭാഗം അപ്പോൾ അടർന്നുവീണു. ഒരു വലിയ പന്നിയെലി അതിനിടയിലൂടെ പാഞ്ഞു. പാമ്പ് കയറിയിരുന്ന ആ ഭിത്തിയിലേയ്ക്ക് വിനോദൻ ടോർച്ചടിച്ചു. വർഷങ്ങൾ പഴക്കമുള്ള ആ ഫോട്ടോയിൽ അവ്യക്തമെങ്കിലും ഒരു വിചിത്രമായ ചിത്രം ഞങ്ങൾ കണ്ടു.
ഒരു കൂറ്റൻ പാമ്പ് പത്തിവിടർത്തി നിൽക്കുന്ന പടമായിരുന്നു അത്. അതിന്റെ വയറിനു താഴെ കുറേ പാമ്പിൻമുട്ടകൾ വിരിയാൻ സമയം കാത്ത് കിടക്കുന്നു. ഈ ചിത്രത്തിലെ മുട്ടകളിലാണ് പുഴ കടന്നുവരുന്ന പെരുനാഗം ഏറെനേരം അടയിരിക്കാനായി എത്തുന്നത്. വിനോദൻ എന്നെ നോക്കി. നിലാവെട്ടത്തിൽ അവന്റെ കണ്ണുകളിലെ വിസ്മയത്തിന്റേയും കലർപ്പറ്റ ഭയത്തിന്റേയും വിചിത്രവനം ഞാൻ നോക്കിക്കണ്ടു. ഒരിക്കലും വിരിയാത്ത ആ മുട്ടകളിലാണ് കുത്തൊഴുക്കെല്ലാം മുറിച്ചുനീന്തിയെത്തുന്ന ആ നാഗത്തിന്റെ പ്രതീക്ഷയത്രയും. കാലങ്ങളായി ആ മുട്ടകൾക്ക് കാവലാണ് അത്.
നാഗത്തിന്റെ വഴി തടയുന്നവരെ പല നിർഭാഗ്യങ്ങളും കാത്തിരിക്കും. പണ്ടെന്നോ രാമേട്ടൻ പറഞ്ഞത് പെട്ടെന്ന് ഓർമവന്നു വിനോദന്. അവൻ വ്യഗ്രതപ്പെട്ട് എന്റെ കയ്യും പിടിച്ച് തിരികെ ഓടാൻ തുടങ്ങി.
മുഖത്ത് ഏതോ എട്ടുകാലി നെയ്ത വലയുടെ പശ പറ്റിപ്പിടിച്ചുവോ. ആ വലയുടെ കണ്ണികളിൽ ഞങ്ങൾ കുരുങ്ങുകയാണോ. കാലുകൾ ചതുപ്പിലേക്ക് ആണ്ടുമുങ്ങിപ്പോവുകയാണോ. നടക്കാൻ തന്നെ പാടാണ് ആ ചെളിമെഴുക്കിൽ. എങ്ങനെയൊക്കെയോ നടന്ന് വേറൊരു വഴിയിലൂടെ പുഴയിലേയ്ക്ക് ഊർന്നിറങ്ങുമ്പോൾ അകലെ ഞങ്ങൾ വീണ്ടും ആ കാഴ്ച കണ്ടു. ശിരസ്സുയർത്തിപ്പിടിച്ച ആ സർപ്പം വെള്ളത്തിലേയ്ക്ക് തിരികെ ഇറങ്ങുകയാണ്. അതിനർത്ഥം ഞങ്ങൾ തിരികെവരാനായി അത് ഈ നേരമത്രയും തീരത്ത് കാത്തുകിടന്നു എന്നാണ്. അതോർത്തപ്പോൾ എനിക്കൊരു വിറ കാലിന്റെ പെരുവിരലിലൂടെ അരിച്ചുകയറി. ഞങ്ങൾ നോക്കിനിൽക്കുമ്പോൾ അത് പുഴയെ മുറിച്ച് തിരികെ നീന്തുകയാണ്. നല്ല കുത്തൊഴുക്കുണ്ട്. ഇങ്ങോട്ട് നിന്തിയതിനേക്കാൾ വലിപ്പമുണ്ട് ആ പാമ്പിന് ഇപ്പോൾ എന്നെനിക്കു തോന്നി. പുഴയ്ക്ക് കുറുകെ ഒരു ചിറ കെട്ടിയതുപോലെ വെള്ളം രണ്ടായി മുറിഞ്ഞുവോ.
പാമ്പ് ഇരുട്ടും ദുരൂഹതയും പുതച്ചുകിടന്ന പുഴയുടെ മറുകരയിലേയ്ക്ക് കയറി ഒരു നേർത്ത വെളിച്ചംപോലെ പോയ്‌മറഞ്ഞു. ഞങ്ങൾ നിശ്ശബ്ദരായി പുഴയിലെ കട്ടച്ചെളിയിലൂടെ നടന്നു വള്ളത്തിൽ കയറി. അപ്പോൾ മാത്രമേ എന്റെ ശ്വാസം നേരെയായുള്ളൂ.
“നമ്മൾ നാഗത്താന്റെ പിന്നാലെ പോകേണ്ടിയിരുന്നില്ല. അല്ലേ?” ഞാൻ ആശങ്കയോടെ ചോദിച്ചു.
വിനോദൻ മറുപടി തന്നില്ല.
“പാമ്പുകൾ ഒരു കാരണമില്ലാതെ എവിടെയും പോകില്ല.
ഇതവന്റെ മുൻജന്മത്തിലെ പാർപ്പിടമാകും. ചിലപ്പം.”
അല്പനേരം കഴിഞ്ഞ് വള്ളത്തിലേക്കു കയറുമ്പോൾ വിനോദൻ പറഞ്ഞു.
ഞാൻ വെറുതെ മൂളിക്കേട്ടു.
“വല എടുക്കാം...”
ഞാൻ വെട്ടം കാണിച്ചുക്കൊടുത്തപ്പോൾ വിനോദൻ മെല്ലെ വല വലിക്കാൻ തുടങ്ങി. ഉടക്കുവല നിറച്ചും തുള്ളിക്കളിക്കുന്ന തൂളികൾ. വലക്കണ്ണികളിൽ കുടുങ്ങിയ തൂളിമീനുകൾ വെള്ളം വിട്ടുപോന്നപ്പോൾ ഏറിയ പൊരുതലോടെ പിടച്ചുകൊണ്ടിരുന്നു.
അസാധാരണവലിപ്പമുള്ള തൂളികൾ വലക്കണ്ണികളിൽ കുരുങ്ങിക്കിടന്നു. വള്ളത്തിലേക്ക് വല തിരികെ പകർത്തി ഇട്ടപ്പോൾ അവ പലകത്തട്ടിൽ കിടന്നു ബഹളമുണ്ടാക്കി. ചിലത് വലയിൽനിന്നും പുറത്തുചാടി പുഴയിലേയ്ക്ക് കുതിച്ചു. ഞാൻ അവയെ വള്ളത്തിലേയ്ക്ക് തട്ടി നീക്കിയിട്ടു.
വലയുടെ അവസാനത്തെ തുമ്പുവലിച്ചതും വിനോദൻ എന്നെ തിരിഞ്ഞുനോക്കി. എത്ര ആഞ്ഞുവലിച്ചിട്ടും വല പുഴ വിട്ട് പോരാൻ മടിക്കുന്നു...
“എടാ, ഇതു തൂളിയല്ല. എനിക്കുറപ്പാണ്.”
ഞാൻ അവിടേയ്ക്ക് ടോർച്ചടിച്ചു.
“ഇനി വല്ല പാമ്പുമാണോ” പാമ്പിന്റെ രഹസ്യം തേടിപ്പോയത് ഒട്ടും നന്നായില്ല എന്ന് എന്റെ മനസ്സ് വേവലാതിപ്പെട്ടു.
“ഒന്നു പോടാ...”
വിനോദൻ വല പാടുപെട്ട് വലിച്ചു വള്ളത്തിലേയ്ക്ക് കയറ്റാൻ തുടങ്ങി. വെള്ളത്തിന്റെ മുകൾപരപ്പിലെത്തിയതും അസാധാരണവലിപ്പമുള്ള ഒരു മീൻ മേലോട്ട് വലയുംകൊണ്ട് കുതിച്ചുചാടി. ഒട്ടും പ്രതീക്ഷിക്കാത്ത ആ കുതിപ്പിൽ ഞങ്ങളുടെ വള്ളം ഒന്നു വട്ടം തിരിഞ്ഞു. അത് തെറിപ്പിച്ച കലക്കവെള്ളം മുഖത്ത് വീണ് അല്പനേരത്തേയ്ക്ക് ഞങ്ങളുടെ കണ്ണടഞ്ഞുപോയി. നിലാവെട്ടത്തിൽ മീനിന്റെ ചെതുമ്പലുകൾ വെട്ടിത്തിളങ്ങി. അതിന്റെ വലിയ വട്ടക്കണ്ണുകൾ ഞാൻ മിന്നായംപോലെ കണ്ടു. വിനോദൻ വള്ളത്തിലേയ്ക്ക് ആ വലിയ മീനിനെ ഉയർത്തിയിടാൻ പലവട്ടം നോക്കി. കഴിയുന്നില്ല. ഞാൻ പങ്കായം എടുത്ത് വള്ളം ഒഴുക്കത്തേയ്ക്കു പോകാതെ തുഴഞ്ഞുനിർത്തി.
മീൻ വെള്ളത്തിന്റെ മുകളിലെത്തുകയും വീണ്ടും വീറോടെ പുഴയുടെ ആഴത്തിലേയ്ക്ക് വലയും കൊണ്ട് കുതിച്ച് പായുകയും ചെയ്തു. ചൂണ്ടനൂൽ വലിക്കുംപോലെ വിനോദൻ വലപിടിച്ചു നിർത്താൻ പാടുപെട്ടു. മിനിറ്റുകളായി മീനുമായുള്ള മൽപ്പിടുത്തം. ഒടുവിൽ വിനോദൻ വല അല്പമൊന്ന് വിട്ടുകൊടുത്തു.
“ഇവൻ മുറ്റാണല്ലോ... എന്നാപ്പിന്നെ എവിടെവരെ പോകുമെന്ന് അറിയട്ടെ... വെട്ടം ഇങ്ങോട്ട്...”
വിനോദന്റെ ശബ്ദം കിതപ്പുകൊണ്ട് വിറച്ചു. ഏറിയ ആയത്തിൽ അവൻ വല തിരികെ വലിക്കാൻ തുടങ്ങി.
വീണ്ടും മീൻ തലപൊക്കി വെള്ളത്തിനു മുകളിൽ വന്നു. അത് ഏറെക്കുറെ തളർന്നിരുന്നു. ഇപ്രാവശ്യം വള്ളത്തിലേയ്ക്ക് മീനിനെ അവൻ വലിച്ചുകയറ്റി എന്നുതന്നെ തോന്നി. പക്ഷേ, വള്ളത്തിന്റെ വഴുക്കുന്ന പടിയിൽ എത്തിയതും മീൻ വലക്കണ്ണി വിട്ട് പുഴയിലേയ്ക്ക് കുതിച്ചുചാടി. പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടിയ പ്രാണനുമായി അത് ഒറ്റനിമിഷം കൊണ്ട് ഒരു ഇടിമിന്നൽ പോലെ വെള്ളത്തിന്റെ ഇളക്കങ്ങളിൽ പോയ‌്മറഞ്ഞു.
പുഴ ശാന്തമായി.
അല്പനേരത്തേയ്ക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ചുറ്റിനിന്ന കാടും ജീവികളും എല്ലാം നിശ്ശബ്ദമായതുപോലെ തോന്നി. ഇത്രയും വലിയ ഒരു മീൻ കയ്യിൽനിന്നും പോകുന്നത് ഇതാദ്യമായാണ്. വിനോദൻ വള്ളപ്പടിയിൽ ഇരുന്നു ദീർഘമായി ശ്വാസമെടുത്ത് കിതച്ചു.
“കഷ്ടമായിപ്പോയി.”
“അതുപോട്ടെ... സാരമില്ല...” ഞാൻ അവനെ ആശ്വസിപ്പിക്കാൻ വേണ്ടി പറഞ്ഞു. എന്റെ നിരാശയെ ഞാൻ മറച്ചുപിടിച്ചു.
“ഇതൊക്കെ പുഴയിൽ പതിവല്ലേ. അവനെ നമുക്കു കിട്ടാനുള്ള സമയമായിട്ടില്ല...”
“എന്നാലും, എന്റെ വലമുറിച്ച് വല്യ മീൻ പോണത് ആദ്യായിട്ടാണ്,
അതും ഒന്നാം തരം ഗോൾഡ്ഫിഷ്...”
അതു കേട്ടതും ഞാൻ ഞെട്ടി തല ഉയർത്തി.
“സത്യമാണോ? അത് സ്വർണമീനായിരുന്നോ അത്?”
വിനോദൻ തോർത്തെടുത്ത് മുഖവും തലയും തുടച്ച് വള്ളപ്പടിമേലിരുന്നു. അവനിപ്പോഴും കിതപ്പു മാറിയിട്ടില്ല. ആ കൊടും തണുപ്പത്തും അവന്റെ നെറ്റി വിയർത്തിരുന്നു.
നിരാശയോടെ അവൻ പുഴയെ നോക്കി, പിന്നെ തല താഴ്ത്തി ഇരുന്നു.
“എനിക്കറിയാത്ത ഒരു സ്വർണമീനും ഈ പുഴയിലില്ല. ഇത് അവൻ തന്നെയാണ്, ഉറപ്പാ... പക്ഷേ, അവൻ ആദ്യമായിട്ടാണ് നമ്മുടെ വലയിൽ കുരുങ്ങുന്നത്. എന്നിട്ട് നമ്മളത് നഷ്ടപ്പെടുത്തുകയും ചെയ്തു”
നിലാവത്ത് പുഴ ഇതൊന്നുമറിയാത്ത ഭാവത്തിൽ ഒഴുകുന്നു.
വിനോദൻ തൊർത്തുമുണ്ട് വീണ്ടും തലയിൽ വട്ടം കെട്ടി.
“ഇന്നത്തെ നമ്മുടെ ഭാഗ്യം പാമ്പുകൊത്തിപ്പോയെടാ”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. കിട്ടിയ മീനിനു നേരെയായിരുന്നു എന്റെ നോട്ടം.
വള്ളം നിറയെ തൂളിയുടെ ചാകര. അവ ഇപ്പോൾ പിടച്ചിൽ ഒട്ടൊക്കെ അവസാനിപ്പിച്ചു കിടക്കുന്നു.
ചുവന്ന ചെകിളയുടെ പൂവാതിൽ മാത്രം ഇടയ്ക്ക് തുറന്നടയുന്നു. അവയുടെ നീലക്കണ്ണുകളിൽ നിലാവിന്റെ മുത്തുകൾ വീണുകിടക്കുന്നു. വള്ളത്തിന്റെ അടിത്തട്ടിലെ ഒരു പലകയുടെ കീഴെ അവരുടെ പുഴവീട് ഒഴുക്കു തുടരുന്നു. പക്ഷേ, അവർക്ക് സ്വന്തം വീട്ടിലേയ്ക്ക് ഇനി ഒരിക്കലും മടക്കമില്ല. ജലത്തിന്റെ മോഹിപ്പിക്കുന്ന മായാജാലം ഇനി അവർക്ക് വിധിച്ചിട്ടില്ല. ഒരു മുത്തപ്പനും അവയ്ക്ക് കാവൽ നിന്നില്ല. ഒരു നാഗവും അവരുടെ ജീവൻ തിരികെ നൽകിയില്ല.
“പിടിച്ച മീനിനെയോർത്ത് അനുതാപമരുത്. അതു നിന്റെ ജീവിതമാണ്. കളഞ്ഞുപോയതിനെയോർത്തുള്ള നിരാശയും വേണ്ട. ഒരു മീനും പുഴവിട്ട് എവിടേയ്ക്കും പോകുന്നില്ല.” പണ്ട് രാമേട്ടൻ പറഞ്ഞതാണ്, വിനോദന്റെ കുഞ്ഞിക്കാതിൽ.
ഞങ്ങൾ വള്ളം അണ്ടക്കാടിനുള്ളിൽനിന്നും തിരികെയിറക്കി മടങ്ങിപ്പോരാൻ തുടങ്ങി. പലകത്തട്ടുനിറഞ്ഞുകിടന്ന തൂളിയുടെ ഭാരംകൊണ്ട് വള്ളം പുഴയിലേയ്ക്ക് ഒന്നുകൂടി അമർന്നിരുന്നു. എങ്കിലും ഒഴുക്ക് വള്ളത്തെ അതിവേഗം താഴേയ്ക്ക് കൊണ്ടുപോകുന്നു. ഞങ്ങൾ മറുതുഴ കൊണ്ട് വേഗത നിയന്ത്രിച്ചു.
വിനോദൻ പാടേ നിശ്ശബ്ദനാണ്. ഞാനും.
പക്ഷേ, വള്ളമടുപ്പിക്കുമ്പോൾ അവൻ പറഞ്ഞു:
“നമ്മൾ ആ പാമ്പിന്റെ പിന്നാലെ പോകേണ്ടിയിരുന്നില്ല അല്ലേ? കയ്യിൽ കിട്ടേണ്ട സ്വർണമീൻ നഷ്ടപ്പെട്ടതിനു കാരണം ചിലപ്പോൾ മറ്റൊന്നുമാകില്ല. പണ്ടൊരിക്കൽ എന്റെ അച്ഛനും ഇങ്ങനെ അതിനു പിന്നാലെ പോയതാണ്... അച്ഛൻ പക്ഷേ, ആ രാത്രിയിൽ ജീവനോടെ തിരിച്ചുവന്നില്ല. ആ കഥ നിനക്കറിയാമോ?”
ഞാൻ അന്തിച്ചുനിന്ന് വിനോദനെ നോക്കി. അവന്റെ കണ്ണുകൾ ചുവന്നുകലങ്ങിയിരുന്നു.
നേരം വെളുക്കാറായിരുന്നു അപ്പോൾ.
അന്നത്തെ ആ രാത്രിക്കുശേഷം ഞങ്ങൾ തമ്മിൽ ഇന്നാണ് കാണുന്നത്. മലവെള്ളത്തിൽ ഓടിമറഞ്ഞ വള്ളത്തുമ്പേലിരുന്നുപോയ വിനോദൻ പിറ്റേന്ന് വെളുപ്പിനു വീടിനു തൊട്ടടുത്തുള്ള ഉപേക്ഷിക്കപ്പെട്ട പതപ്പക്കടവിൽ വരാൻ പറഞ്ഞ് എന്നെ ഫോണിൽ വിളിച്ചെണീപ്പിച്ചു. മഴ ആഞ്ഞു പെയ്യുന്നു. കുത്തിക്കയറുന്ന തണുപ്പ്. ചെവി തുളയ്ക്കുന്ന കാറ്റ്. പറമ്പിന്റെ അരികിലെ പഴയ ഒരു നടവഴിയെ തപ്പിത്തടഞ്ഞ് തിരഞ്ഞുപിടിച്ച് അപ്പോഴും ബാക്കി കിടന്ന രാത്രിയുടെ ശ്വാസത്തിലൂടെ ഞാൻ നടന്നു. തിരിഞ്ഞുനോക്കിയപ്പോൾ മരങ്ങൾക്കിടയിലെ എന്റെ വീട് ആൾപ്പാർപ്പില്ലാത്ത ഏതോ പുരാതനമായ മാളികയാണെന്ന് എനിക്കു തോന്നി. അവിടേയ്ക്ക് ഏതോ നിയോഗംപോലെ പുഴ മുറിച്ചു നീന്തിവരുന്ന വലിയ നാഗത്തേയും ഞാൻ കണ്ടുവോ. ഒരു വൃദ്ധനായ പുളിമരത്തിന്റെ ചീഞ്ഞ പടുനിലം ചവിട്ടി ഞാൻ പുഴയിലേയ്ക്ക് ഇറങ്ങിച്ചെന്നു. മഴവെള്ളം കുത്തിയൊഴുകി പണ്ടെന്നോ ഇടിഞ്ഞുപോയ പടവുകൾ. കരിയിലകൾ അവിടെ ജീർണിച്ചുകിടക്കുന്നു. ഒരു മരത്തിന്റെ വേരിൽ പിടിച്ച് ഞാൻ പതുക്കെ നിരങ്ങി ഇറങ്ങി.
കടവിൽ ചെന്നപ്പോൾ വിനോദൻ അക്ഷമനായി എന്നെ കാത്തുനിൽക്കുന്നു. അതവൻ തന്നെയല്ലേ എന്നറിയാൻ വേണ്ടി ഞാനൊന്ന് മുരടനക്കി.
“ആഹ്, വന്നോ... എന്തൊരു മഴയാണിത്.”
അടുപ്പിച്ചുനിർത്തിയിരുന്ന തോണിയിലേയ്ക്ക് ഞാൻ ടോർച്ച് മിന്നിച്ചു.
വഞ്ചിയിലെ മഴവെള്ളത്തിൽ കിടന്ന് കുറച്ച് ഉണക്കത്തേങ്ങകൾ തിളങ്ങി.
“ഇന്ന് മീനൊന്നുമില്ലേ?”
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
ചുണ്ടത്തിരുന്ന തണുത്ത ബീഡി വീണ്ടും തീപ്പെട്ടിയുരച്ച് കത്തിച്ചുകൊണ്ട് വിനോദൻ പറഞ്ഞു:
“നീ ഇങ്ങോട്ടൊന്ന് ഇറങ്ങിവന്നേ...”
രണ്ടു പടവുകൾക്ക് മുകളിലായിരുന്നു എന്റെ നിൽപ്പ്.
ഞാൻ തെന്നാതെ നോക്കി പാഴിപിടിച്ച പടവുകൾ പതുക്കെ ഇറങ്ങി പുഴയിലേയ്ക്ക് ചെന്നു.
അപ്പോൾ വള്ളത്തിൽ കിടന്ന ഒരു തെങ്ങിൻമടല് അരികിലേക്ക് നീക്കിക്കൊണ്ട് വിനോദൻ പറഞ്ഞു
“ഇതു നോക്കെടാ, ഈ രാത്രിയിൽ മഴയത്ത് ഒറ്റയ്ക്കുപോയി നിനക്കു വേണ്ടിത്തന്നെ ഞാൻ പിടിച്ചതാ ഇവനെ.”
ഞാൻ വള്ളത്തിലേക്ക് എത്തിനോക്കി.
സ്വർണനിറമുള്ള ഒരു വലിയ മീൻ അതിൽ ചെതുമ്പലുകൾ മിന്നിച്ചുകിടക്കുന്നു.
“അഞ്ചുകിലോയെങ്കിലും വരും. അന്നു പോയവൻ തന്നെയാടാ ഇവൻ... നമ്മടെ മൂർഖൻ പാമ്പ് കൊണ്ടോയില്ലേ... അവൻ തന്നെയാ... എനിക്കുറപ്പാ.”
“ഹമ്മോ...” ഞാൻ കണ്ണു മിഴിച്ചു. പാമ്പിന്റെ വഴി പോയതുകൊണ്ടാണ് അന്നു ഭാഗ്യം കൈവിട്ടതെന്ന് വിനോദന്റെ അച്ഛൻ രാമേട്ടൻ പലവട്ടം സ്വപ്നത്തിൽ വന്നു പറഞ്ഞു അവനോട്. അതവനെ കുറെയേറെ അലട്ടിയിരുന്നു. പക്ഷേ, ഇത്രയ്ക്കുണ്ടായിരുന്നു അവന്റെ നിരാശയെന്ന് ഞാനറിഞ്ഞിരുന്നില്ല.
കൂട്ടുകാരൻ സ്വർണനിറമുള്ള ആ വലിയ മീനിനെ എടുത്ത് ഒരു കോരുവലയിലിട്ട് എനിക്ക് നേരേ നീട്ടി.
“ഇന്നാ പിടിച്ചോ.”
വലപിടിച്ചപ്പോൾ മീനിന്റെ ഭാരം കൊണ്ട് ഞാനൊന്നു മുന്നോട്ടു വേച്ചു.
“ഇതു പേട്ടുതൂളിയല്ല. മുറുക്കെപ്പിടിച്ചോ... നിനക്കുള്ള സ്വർണമീനാ...”
വിനോദൻ കണ്ണുനിറയുംപോലെ വള്ളത്തിൽനിന്നു ചിരിച്ചു. ഞാൻ വിശ്വാസം വരാതെ ആ മീനിനെ നോക്കി വായും പൊളിച്ചുനിന്നു. പെട്ടെന്ന് വലയ്ക്കുള്ളിൽ കിടന്ന് മീൻ അതിന്റെ മുഴുവൻ കരുത്തോടെയും ഒന്നു പിടച്ചു.
ഞാൻ ഞെട്ടിപ്പോയി.
“അയ്യോ, ഇതിനു ജീവനുണ്ടല്ലോ.”
കയ്യിൽനിന്നും അപൂർവമായ ആ മീൻ പുഴയിലേക്കു തെറിച്ചുവീണുപോകുമോ എന്നുപോലും തോന്നിച്ചു. ഞാൻ അതിനുമേലുള്ള പിടിത്തം ഒന്നുകൂടി മുറുക്കി. ഇപ്പോൾ എന്റെ കൈകൾക്കിടയിൽ അതിന്റെ ഹൃദയം വലിയ ശബ്ദത്തിൽ മിടിക്കുന്നു.
പുഴയ്ക്ക് നേരെയാണ് അതിന്റെ പ്രാണരക്ഷാർത്ഥമായ, അന്തിമമായ കുതിപ്പ്.
ഞാനാകട്ടെ, തെന്നുന്ന പടവുകൾ പാടുപെട്ടു കയറി ചരലും ചെളിയും നിറഞ്ഞുകിടക്കുന്ന കരയ്ക്കു നേരെയും. രണ്ടു മാർഗങ്ങളുടെ പിൻവിളിയാണ് ഞങ്ങൾക്കിടയിലെ പ്രശ്നം. ഞങ്ങൾക്കിടയിൽ ഇപ്പോൾ ഒന്നായി മിടിക്കുന്ന ഹൃദയങ്ങൾ മറ്റൊരു ഉഭയജീവിയായിത്തീർന്നിരിക്കുന്നു. ശിരസ്സുയർത്തിപ്പിടിച്ച ഉരഗമായി അത് സങ്കീർണമായ അതിന്റെ ജീവിതം തുടരുവാൻ വേണ്ടി എന്റെയുള്ളിലെ പെരുമ്പുഴയ്ക്ക് കുറുകെ നീന്താൻ തുടങ്ങി.
വിനോദൻ തിരിഞ്ഞുനിന്ന് അവന്റെ ബീഡിപ്പൊതിയിലെ അവസാനത്തെ ബീഡിയെടുത്ത് തീപ്പെട്ടിയുരച്ചു. കൊള്ളിയുടെയറ്റത്തെ തണുത്ത മരുന്ന് ഒന്നുരണ്ടുവട്ടം അടർന്നുവീണു. അവസാനത്തെ കൊള്ളിയിൽനിന്നും അവനുള്ള തീ കിട്ടി. നേർത്ത കാറ്റിന്റെ ഈർപ്പത്തിലേയ്ക്ക് പുകയൂതിക്കൊണ്ട് വിനോദൻ എന്നോട് പറഞ്ഞു:
“അതേ, സൂക്ഷിച്ചു കൊണ്ടോക്കോണം. പുഴ മുറിച്ചുകടന്നുപോയ സർപ്പത്തെ പക്ഷേ, മറക്കണ്ടട്ടോ. ഇനി ചിലപ്പോൾ ഈ ഔദാര്യം അതു കാണിച്ചെന്നു വരില്ല.”
അതും പറഞ്ഞ് അയാൾ വള്ളത്തിൽ കയറിയിരുന്ന് മഴയത്തേയ്ക്ക് മെല്ലെ തുഴഞ്ഞുപോയി.
വിനോദൻ പുഴയുടെ ഏറ്റം തുഴഞ്ഞുപോയിക്കഴിഞ്ഞപ്പോൾ പുഴയെറമ്പിൽ ഞാൻ തനിച്ചായി. ഒരു ഭൂതത്തിന്റെ വാരിപ്പിടിത്തംപോലെ ഇരുട്ട് തലയ്ക്കുമേലേ തൂങ്ങിക്കിടന്നു. വിനോദൻ തന്ന സ്വർണമീനുമായി ഞാൻ ഏറ്റവും മുകളിലത്തെ പടവിൽ അല്പനേരമിരുന്നു. എന്നിട്ട് കയ്യിൽ കരുതിയിരുന്ന കുട്ടിച്ചാക്കിലേയ്ക്ക് മീനിനെ ശ്രദ്ധയോടെ പകർന്നു. ചാക്കിനുള്ളിൽ ഒളിച്ചിരുന്ന ഇരുട്ടിലേയ്ക്കിടുമ്പോൾ അതിന്റെ കണ്ണുകളിൽ പുഴ അവസാനമായി ഒന്നു തെന്നിമാറി. ഇരുകൈകളുംകൊണ്ട് മീനിട്ട ചാക്കിനെ എടുത്തുയർത്തി തോളത്തേയ്ക്കുവെച്ച് ഞാൻ പുഴയിൽനിന്നും ആയാസപ്പെട്ട് കയറിപ്പോന്നു. ചീഞ്ഞളിഞ്ഞ വലിയ ഇലകളും മരക്കമ്പുകളും തടികളിൽനിന്നും വാർന്നുവീണ അഴുകിയ മരത്തൊലിയും അടിഞ്ഞുകൂടിയ കരിമണ്ണ് അവിടെയാകെ കുമിഞ്ഞുകിടന്നു. അവയിൽ ചവിട്ടി ശ്രദ്ധയോടെ ചുവടുവെച്ച് ഞാൻ വീട് ലക്ഷ്യമാക്കി നടന്നു. വീട്ടിലേയ്ക്കുള്ള വഴിയിൽ അപ്പോഴും ഇരുട്ട് നനഞ്ഞുകിടന്നു. നാവുനീട്ടുന്ന പാമ്പിൻകുഞ്ഞുങ്ങളെപ്പോലെ തണുപ്പും മഴവെള്ളവും തോർന്നുവീഴുന്ന കാട്ടുചെടികൾ എന്നെ വട്ടംപിടിച്ചു. അല്പം മുൻപ് അവ ഉപേക്ഷിച്ചുപോന്ന മൊട്ടത്തോടുകൾ പുല്ലുകൾക്കിടയിൽ കിടപ്പുണ്ടാവും.
ചാക്കിനുള്ളിലെ വമ്പൻമീനിന്റെ പിടച്ചിൽ ഇപ്പോഴും നിലച്ചിട്ടില്ല. അത് അതിന്റെ സർവശക്തിയുമെടുത്ത് എന്റെ ചുമലിൽ കിടന്ന് കുതറുന്നു. അകാലമരണംപോലെ ഏറ്റവും മ്ലാനമായ ആ പുലർച്ചയ്ക്ക് എന്റെ വീട്ടിലേയ്ക്കുള്ള ദൂരം കൂടിവരുന്നതറിഞ്ഞ് ഞാനൊന്ന് അന്ധാളിച്ചു. ഒരുപാട് വർഷങ്ങളുടെ ഇരുട്ടിനുള്ളിലെവിടെയോ ഇടിഞ്ഞുവീണു കിടക്കുന്ന ഒരു പഴയ വീടാണ് ഇപ്പോൾ എന്റെ കാഴ്ചയിൽ. വീടിനെ പൊതിഞ്ഞ് വളർച്ചമുറ്റിയ ഒരു പെരുങ്കാട് എന്നെ കാത്തുനിന്നു.
ഞാനതു കണ്ട് നടപ്പു നിർത്തി കിതച്ചുനിന്നു. തോളത്ത് ഞാത്തിയിട്ട ചാക്കിന്റെ ഭാരം പൊടുന്നനെ ഏറിവരുന്നത് അന്നേരം എനിക്കറിയാൻ പറ്റി. പതുക്കെ മീനിന്റെ പിടച്ചിൽ വിഷാദിയായ ഒരു നാഗത്തിന്റെ ഇഴച്ചിലായി ഞാൻ തിരിച്ചറിഞ്ഞു. ചാക്കിന്റെ നനവ് മുറിച്ചുകൊണ്ട് പശിമയുള്ള ഒരു വഴുവഴുപ്പ് എന്നെ ഇപ്പോൾ വന്നുതൊടുന്നു. വിശ്വത്തോളം വളർന്ന അതിന്റെ പത്തിവിരുത്തിയുള്ള സീൽക്കാരം കേൾക്കാനാവാത്തവിധം എന്റെ കാതുകൾ പക്ഷേ, എന്നേയ്ക്കുമായി അടഞ്ഞുപോയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates