ഡി.പി. അഭിജിത് എഴുതിയ കഥ ആള്‍

ഡി.പി. അഭിജിത് എഴുതിയ കഥ ആള്‍
Updated on

ശൂരനാട്ട് നടന്നതൊക്കെ ഒരാഴ്ച കഴിഞ്ഞാണ് പൊടിയൻ സഖാവറിയുന്നത്. സാധാരണ നിലയ്ക്ക് കൊല്ലത്തെ വാർത്തയൊക്കെ നേരത്തോടുനേരം കടയ്ക്കലെത്തും. ആഞ്ഞുവലിച്ചാ അവിടൂന്ന് അഞ്ചെട്ട് ബീഡിദൂരം അത്രയേ വേണ്ടു തുടയന്നൂർക്ക്. എന്നിട്ടും ഇങ്ങനെ വൈകിപ്പോയി. രണ്ടുമൂന്ന് ദിവസമായിട്ട് കാട്ടിലാരുന്നു, നേരുതന്നെ. എന്നാലും വേണോന്ന് വച്ചാ അറിയിക്കാമാരുന്നു. അതിനുപോന്ന ആളുകളുമുണ്ട്. ഇതിപ്പോ ഇത്രേം പ്രധാനപ്പെട്ട ഒരു കാര്യമായിട്ട് വിട്ടുപോയെന്നു പറഞ്ഞാ അത് സഹിക്കാൻ പറ്റുന്നതല്ല. വ്യസനിച്ചു നിൽക്കുന്ന പൊടിയൻ സഖാവിന്റെ മുഖം കണ്ടപ്പോൾ ബ്രാഞ്ച് ചുമതലയുള്ള ഇബ്രാഹിം മാസ്റ്റർക്ക് പഴയൊരു തർക്കക്കാര്യം ഓർമ്മവന്നു. ക്ഷാമകാലത്ത് പൊടിയൻ സഖാവ് ചോരകൊണ്ട് പത്ത് കൊടിയുണ്ടാക്കി കൊടുത്തെന്നാണ് കഥ. അത് വട്ടക്കറമുക്കി കളറാക്കിയതാന്നാണ് അണികളുടെ വാദം. മാസ്റ്റർക്കും ആ തോന്നലുണ്ട്. പക്ഷേ, പൊടിയൻ സഖാവിന്റെ കരുത്തിന്റേയും ആത്മാർത്ഥതയുടേയും കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. നീർക്കടമ്പ് പോലത്തെ ദേഹം. തോളത്തിരിക്കുന്ന തടിക്കുകാണും ഒരുകിന്റലിൽ കുറയാതെ തൂക്കം. ഇനി എത്രമുഷിഞ്ഞ പണിയും അറ്റുകുറ്റം വരാതെ സമയത്തിന് തീർത്തിരിക്കും. തൽക്കാലം ഓർത്തതവിടെ നിർത്തി, മാസ്റ്റർ തൊണ്ട ശരിപ്പെടുത്തി. എന്നിട്ട് സ്വല്പം മുന്നോട്ട് ചേർന്നുനിന്ന് രഹസ്യംപോലെ വരവിന്റെ പിന്നിലൊള്ളത് പറഞ്ഞു:

“നമ്മള തമ്പി സഖാവും ഭാസി സഖാവുമൊക്ക ഒളിവിലാണ്. അതും പടിഞ്ഞാറെ കൊല്ലത്ത്. പൊലീസിന്റെ മൂക്കുപൂടേൽ പമ്മിയിരിക്കുന്ന പോല. തുമ്മിപ്പോയാ താഴവീഴും. സഹായിക്കാൻ ആളുകളൊക്കെയൊണ്ട്. പക്ഷേ, അതുങ്ങൊണ്ടായില്ല. ഒറപ്പൊള്ള ആള്കള് വേണം, നമുക്കിപ്പോ സഖാവേയൊള്ളു. വൈകരുത് ഒടനേ പൊറപ്പടണം.”

അതുകൂടി കേട്ടപ്പോൾ പൊടിയൻ സഖാവിനു പരവേശമായി. മാസ്റ്റർ മറഞ്ഞുകഴിഞ്ഞാണ് നല്ല ബുദ്ധി തെളിയുന്നത്. മനസ്സൊട്ടുക്ക ഒരെരിയ്യിൽ. നെഞ്ചിലും കയ്യിലും പരന്നുകിടക്കുന്ന ഞരമ്പുകൾ മിന്നലുപോലെ വെട്ടുന്നു. തോളത്തെ തടി പലതവണ വഴുക്കി. ചവുട്ടുമുറയ്ക്കുന്നില്ല. പറ്റുന്നില്ലാന്നായപ്പോൾ പരിചയമുള്ളൊരു പെലക്കുടിയിൽ തടിയിറക്കിവച്ച് അയാളോടി. വഴിയിലെങ്ങും മാസ്റ്ററേയോ സഖാക്കളേയോ കാണാനില്ല. മുക്കിലും പതിവ് തിരക്കില്ല. കാണുന്ന വലതുകൂറുകാരുടെ നിപ്പിലും പടുതിയിലും വല്ലാത്ത പന്തികേട്. എന്നാലും ഒരു

ചായനേരംകൊണ്ട് കാര്യങ്ങളുടെ കിടപ്പ് ഒരുവിധം മനസ്സിലായി. വീട്ടിലേക്ക് നടക്കുമ്പോൾ, കുറച്ചുനാൾ മുന്‍പ് കാട്ടാംപള്ളി വായനശാലയിൽ വച്ചുണ്ടായ രാത്രിക്കൂടൽ അയാൾ ഓർത്തെടുത്തു. കൊല്ലത്ത് പാർട്ടി നടത്തിവരുന്ന പ്രവർത്തനങ്ങളെപ്പറ്റി ആവേശത്തോടെ വിവരിക്കുവാണ് സഖാവ് പുതുപ്പള്ളി രാഘവൻ.

“ഉടയോന്മാർക്കെല്ലാവനും നല്ല പേടി തട്ടിയിട്ടൊണ്ട്. അതോണ്ടാ അവറ്റകൾട തെമ്മാടിത്തത്തിനെതിരെ മിണ്ടുന്നവരെയൊക്കെ പൊലീ സിനെക്കൊണ്ട് തല്ലിക്കൊല്ലിക്കുന്നേ. കയ്യിൽപ്പെടരുത്. ആവശ്യമെങ്കിൽ ഒളിവിനിന്നും പ്രവർത്തിക്കണം. അതില് മാനക്കേടും പുല്ലുമൊന്നുമില്ല.”

ഒരു താക്കീതോടെയാണ് അന്ന് പുതുപ്പള്ളി നിർത്തിയത്.

“കൊല്ലം പൊകയുവാണ്, കരുതിയിരിക്കണം, ഏതു നേരത്തും.”

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

1

“അണ്ടിയാപ്പീസുകളിൽ ആളെയെടുക്കുന്നുണ്ട്. ഇനിയെന്തേലും സ്ഥിരവരുമാനം നോക്കിയേ പറ്റത്തൊള്ളു.” എങ്ങോട്ടാണെന്ന് ചോദിച്ചവരോടെല്ലാം അങ്ങനെയാണ് മറുപടി പറഞ്ഞത്. വീട്ടിൽപ്പോലും ഉള്ളത് പറയരുതെന്ന് നിർദ്ദേശമുണ്ട്. ആരേയും വിശ്വസിക്കാൻ പറ്റാത്ത സമയമാണ്. പോരാത്തതിന് ഒറ്റിക്കൊടുക്കാൻ കോങ്ക്രസുകാരും നാലുപാടുമൊണ്ട്. വെയില് പതംവച്ച് വരുന്നു. അതുമിതും ഓർത്ത് പത്തുചുവടു വച്ചതേയുള്ളു. ഒരു കാളവണ്ടി വരുന്നു. സാ മട്ട് കണ്ടിട്ട് കൊല്ലത്തിനുള്ള മടക്കമാണ്. ചില്ലറയെന്തെങ്കിലും കൊടുത്താൽ മതി, കൂടെക്കൂട്ടും. കടയ്ക്കൽ ചന്തേൽ സാധനമിറക്കി മടങ്ങുന്നവരാകും. വെള്ളവും തീറ്റയുമൊക്കെ കൊടുത്ത് ക്ഷീണംനിന്ന് പയ്യേ തിരിച്ചുപോകത്തൊള്ളൂ. വരുന്നവൻ പാർട്ടിക്കൂറുള്ളോൻ ആയാൽ പേടിക്കണ്ട. അല്ലെങ്കിൽ ശ്രദ്ധിച്ചുവേണം എടപെടാൻ. ഏതായാലും അടുത്തെത്തിയപ്പോൾ ഒന്നെറിഞ്ഞു നോക്കി.

“തീയൊണ്ടാവുമോ ഒരു ബീഡിയെടുക്കാൻ.”

സൂചനയറിയുന്നവനാണെങ്കിൽ മറുപടിയിലൊരു സഖാവുണ്ടാകും. തങ്ങളിൽ തങ്ങളെ അറിയാനുള്ള മാർഗ്ഗമാണത്.

“കൊല്ലത്തിനാണേല് എട്ടണ തരണം.”

പ്രതീക്ഷിച്ച മറുപടിയല്ല വന്നത്. എങ്കിലും ശബ്ദത്തിൽ ഇത്തിരി ഭവ്യതവരുത്തിക്കൊണ്ട് പൊടിയൻ പറഞ്ഞു:

“പണിയന്വേഷിച്ച് പോന്നതാ. പണമൊന്നും കയ്യിലില്ല. ഒരു കുത്ത് ബീഡിയും ഇച്ചിരി മുറുക്കാനുമുണ്ട്. അത് മതിയെങ്കില്...”

വണ്ടിക്കാരൻ അതിന് മറുപടിയെന്നോണം കാളകൾക്കിട്ട് ഓരോന്ന് പൊട്ടിച്ചു. കുറച്ചുദൂരം ചെന്നിട്ടും വേറാരേയും കണ്ടില്ലെന്നായപ്പോൾ കയറാൻ അനുമതി കിട്ടി. കേറിക്കഴിഞ്ഞ് വണ്ടിക്ക് സ്വല്പംകൂടി വേഗത വച്ചു.

“അണ്ടിക്കമ്പനികളില് ഏതിലേലും പണി കിട്ടൂല്ലേ.”

സംസാരം തുടങ്ങാനെന്നോണം അയാളൊരു ബീഡികത്തിച്ച് മുന്നോട്ടുനീട്ടി. വണ്ടിക്കാരനതു വാങ്ങി ഒരു പുകവിട്ടുകൊണ്ട് പറഞ്ഞു:

“ഓ ഇപ്പോ ആളെയൊന്നും എടുക്കുന്നില്ലെന്നാ കേട്ടേ. എല്ലാടേം സമരങ്ങള് നടക്കുവാ. അല്ല, ശൂരനാട്ടെയൊള്ള കാര്യങ്ങള് അറിഞ്ഞിട്ടു തന്നാണോ എറങ്ങിത്തിരിച്ചേ.”

“കാര്യമായിട്ടൊന്നും അറിയത്തില്ല. എന്തങ്ങാണ്ട് അടിയും വഴക്കുമൊക്കെയാണെന്ന് കേട്ടു.”

അയാൾ അറിയാഭാവത്തിൽ മുന്നിലേക്ക് നീങ്ങിയിരിക്കുമ്പോൾ വിശ്വാസം വരാത്തമട്ടിൽ വണ്ടിക്കാരൻ തലവെട്ടിച്ചു നോക്കി.

“നല്ല കാര്യം, അപ്പം നിങ്ങളീ നാട്ടിപ്പെട്ടോനൊന്നുമല്ലീ. കലാപമാ. കലാപം. അഞ്ച് പൊലീസുകാരെയാ വെട്ടിപ്പറിച്ചേ. ശൂരനാടെന്നൊരു നാടിനി വേണ്ടാന്നാ മുഖ്യൻ പറഞ്ഞേക്കുന്നേ. ഇതൂടെ കേട്ടിട്ട് അവര് അടങ്ങിയിരിക്കുമോ. കാണുന്നവരെയൊക്കെ വലിച്ചുതൂക്കി അടിക്കുവാ, എല്ലു വെള്ളമാവുന്നതുവരെ. കൂനൊള്ളോരെ കൂനുനൂത്തുവിടുംപോലും.”

അയാൾ കുറച്ചുകൂടി ഊക്കോടെ വണ്ടിതെളിച്ചു.

“തമ്പീന്നും ഭാസീന്നും പുതുപ്പള്ളീന്നുമൊക്കെ പറയുന്നോരെപ്പറ്റി കേട്ടിട്ടൊണ്ടോ.”

പൊടിയൻ ഇല്ലാ എന്ന് അർത്ഥംവച്ച് മൂളി.

“കമ്മൂണ്സ്റ്റുകാരാ. അവരാ ഇതിന്റെ പിന്നില്. മുക്കും മൂലേം അരിച്ചുപെറുക്കീട്ടും ഇവമ്മാരെ കിട്ടീല്ലകേട്ടോ. പൊലീസതിന്റെ കലി തീർക്കുന്നത് വീട്ടുകാരോടാ. പെറ്റകുറ്റമേ അവര്

ചെയ്തിട്ടൊള്ള്ന്ന് ഓർക്കണം. ഈ ഭാസീന്ന് പറഞ്ഞ ചെറുക്കന്റെ കാര്യം തന്നെ, പൊന്നുപോലെ വളർത്തിയതാ. വൈദ്യം പഠിപ്പിന് തിരുവന്തരത്തിനു പോയി. അവടക്കഴിഞ്ഞ് എല്ലാം. തിരിച്ച് വന്നത് കമ്മൂണ്‌സോം കൊണ്ടാ. മോനുവേണ്ടി നാട്ടില് ആസ്പത്രീം കെട്ടി നോക്കിയിരുന്ന തന്തയിപ്പോ പൊലീസിന്റെ തൊഴിവാങ്ങുന്നു. ആ ആസ്പത്രികെട്ടിടവാ ഇപ്പം പൊലീസിന്റെ താവളം.”

മുറുക്കിയും പുകച്ചും വണ്ടിക്കാരൻ പിന്നെയും സംസാരം തുടർന്നു. പൊടിയൻ സഖാവിന്റെ ആലോചന മുഴുവൻ മറ്റൊന്നായിരുന്നു. ശരിക്കും അതാണ് പ്രധാന പ്രശ്നവും. സഖാക്കളെ എങ്ങനെ തിരിച്ചറിയും. ഇതുവരെയും നേരിട്ടു കണ്ടിട്ടില്ല. ആകെ അറിയാവുന്നത് ഭാസി സഖാവ് ചെറുപ്പമാണെന്നും എഴുത്തിലും നാടകമുണ്ടാക്കാനും മറ്റും കില്ലാടിയാന്നുമാണ്. ആ പരിചയപ്പെടുത്തലും പുതുപ്പള്ളി വഴിയായിരുന്നു. അങ്ങനെയുള്ളവരാണ് ഇനിയുള്ള കാലത്ത് പാർട്ടിയെ വളർത്താൻ പാങ്ങുള്ളവർ. ആയിരം പ്രസംഗങ്ങൾക്ക് അര കലയെന്നാണുപോലും. പിന്നെ കേട്ടിട്ടുള്ളത് ഭാസി സഖാവിന്റെ ഇങ്കിലാബ് വിളി ഒന്നര മൈലപ്പുറം കേക്കുമെന്നാണ്. പക്ഷേ, ഒളിച്ചിരിക്കുന്നവരുടെ ഒച്ചയറിഞ്ഞിട്ട് എന്തു കാര്യം. തമ്പി സഖാവിനെപ്പറ്റി അതുമറിയില്ല. ഏതായാലും നോക്കാം വഴികാണാതിരിക്കില്ല. അയാൾ കണ്ണും ചെവിയും വട്ടംപിടിച്ചിരുന്നു. വെയിലിനനുസരിച്ച് ചെമ്മണ്ണുപൊടിയും താണുവരുന്നു. നിരത്തുകളിലും ആളൊഴിഞ്ഞുതുടങ്ങി.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

2

കുണ്ടറയെത്തിയപ്പോൾ പൊടിയൻ സഖാവ് തഞ്ചത്തിൽ കാര്യമവതരിപ്പിച്ചു.

“ഞാനിവിടെ എറങ്ങിക്കൊള്ളാം അടുത്ത് സ്വന്തപ്പെട്ടൊരു വീടൊണ്ട്.”

വണ്ടിക്കാരൻ മറുത്തുനോക്കിയെങ്കിലും വെറ്റിലപ്പൊതിയും ബാക്കിവന്ന ബീഡിയും കൊടുത്ത് പൊടിയൻ സ്നേഹം നടിച്ചു. കാളമണികളുടെ കിലുക്കം അകന്നുതീരുംവരെ അയാൾ അങ്ങനെത്തന്നെ നിന്നു. നാലുചുറ്റും ഇരുട്ട്. മനുഷ്യരുടെ നെഴലുമനക്കവും എങ്ങുമില്ല. മുണ്ടിനറ്റത്തെ നാണയക്കെട്ടും അരക്കെട്ടിലെ മടക്കുപിച്ചാത്തിയും തപ്പിനോക്കി. ഭദ്രം. പല തവണ ആലോചിച്ചിട്ടാണ് പിച്ചാത്തി എടുത്തുവച്ചത്. പെരുമാറി പരിചയമില്ല. പിന്നെ എന്തിനും ഒരുങ്ങിയുള്ള ഇറക്കമാകുമ്പോ കമ്പോ കൊണിയോ ഏതും ധൈര്യത്തിനുതകും. ഇനിയുള്ള ഓരോ ചുവടും ശ്രദ്ധയോടെ വേണം. ഏത് നേരത്താകും പൊലീസ് വളയുക എന്നു പറയാൻ പറ്റില്ല. ഒന്നുകൂടി അരക്കെട്ട് തൊട്ട് ധൈര്യം വരുത്തി നെടുവീർപ്പോടെ മുന്നോട്ട് നടന്നു. കഷ്ടി കാൽനാഴികയേ വേണ്ടു ചന്തയിലേക്ക്. നാളെ കൂടലുള്ള ദിവസമാണ്. കാലത്തിറങ്ങിയാൽ കാര്യങ്ങളുടെ കെടപ്പ് മനസ്സിലാക്കാം. മുടിവെട്ടുകാരൻ ഒരുവനുണ്ട് ചന്തേല്. പുതുപ്പള്ളീടെ സ്വന്തം കക്ഷിയാണ്. ഒന്നുരണ്ടുതവണ കണ്ട് പരിചയമേയുള്ളൂ എന്നാലും ആവശ്യമറിയുമ്പോൾ സഹായിക്കാതിരിക്കില്ല. അതാണ് പ്രധാനപ്പെട്ട കാര്യം. ഏതായാലും നാളെയാവട്ടെ. തൽക്കാലം രാത്രികഴിക്കാനുള്ള വഴിനോക്കണം.

കുറച്ച് മുന്നിലായി കണ്ട വെട്ടം ലാക്കാക്കി അയാൾ നടന്നു. മണ്ണ് കോരിവച്ച ഒരു മാടം. നോക്കിനിക്കെ അതിലെ വെട്ടം കെട്ടുപോയി. അയാൾ ഒന്നു പകച്ചു. വിളക്കുകെടുത്തിയ പുരയിൽ ഇനിയെങ്ങനെ കേറിച്ചെല്ലാനാണ്. അടുത്തെങ്ങും മിനുങ്ങും കീടത്തിന്റെ തെളിച്ചം പോലുമില്ല. അതുവരെയില്ലാത്തവിധം കലശലായ വയറുകാളലും. തെല്ലുനേരംകൂടി നിന്ന് പരുങ്ങിയിട്ട്, ഗത്യന്തരമില്ലാതെ കയറിച്ചെന്ന് മുന്നിലെ പലകയിൽ തട്ടിവിളിച്ചു. അകത്തെ അനക്കം അറിഞ്ഞപ്പോൾ സ്വല്പം പിന്നിലേക്കിറങ്ങിനിന്നു. ചിമ്മിനിവിളക്കുമായി അധികം പ്രായമില്ലാത്ത ഒരു സ്ത്രി കതകുമറ മാറ്റി ചോദ്യഭാവത്തിൽ പുറത്തേക്കു നോക്കി. ക്ഷീണിച്ചതെങ്കിലും ഭംഗിയുള്ള രൂപം.

“കുടിക്കാനിത്തിരി കഞ്ഞിവെള്ളം ഉണ്ടാവോ...?”

മടിച്ചുമടിച്ചയാൾ പറഞ്ഞൊപ്പിച്ചു. അവൾ തലയാട്ടി സമ്മതിച്ചു. അവസരത്തിനു ചേരാത്ത നാണം അവളുടെ മുഖത്തു മിന്നിയതുപോലെ അയാൾക്കു തോന്നി. തിണ്ണയിലെ കൊരണ്ടിയിലേക്കിരുന്ന് പരിസരം നോക്കി. അടുത്തൊന്നും ആളോ അനക്കമോയില്ല. സാമാന്യം വലിപ്പമുള്ളൊരു ചട്ടിയാണ് പെണ്ണ് കൊണ്ടുവന്നത്. അതിൽ അധികമായ് കിടന്ന വറ്റുകളും കൂട്ടാൻ കഷണങ്ങളും കണ്ട് അയാളുടെ തലപൊങ്ങി വരുന്നതുനോക്കി അവൾ പറഞ്ഞു:

“മോക്ക് വച്ചതാ അവള് തിന്നാതെ കെടന്നൊറങ്ങി.”

അവൾ പിന്നെയും പലതും ചോദിച്ചു: ഒന്നുവിടാതെ എല്ലാത്തിനും മറുപടി പറയുന്നുണ്ടായിരുന്നെങ്കിലും അയാളുടെ കണ്ണും മനസ്സും പരിസരമാകെ ഒരു പുരുഷനുവേണ്ടി പരതിക്കൊണ്ടിരുന്നു. വർത്തമാനം നീളുംതോറും വേണ്ടാത്ത ഒരുതരം ഭയം അയാൾക്കനുഭവപ്പെട്ടു. പാത്രം തിരിച്ചുകൊടുക്കുമ്പോൾ അയാൾ നന്ദിയോടെ അവളെ നോക്കി. കയറിപ്പോയ ഉടനെ പുരയ്ക്കകത്തേക്ക് നോക്കാനുള്ള കൊഴുപ്പൻ വാസനയും അനന്തരം അയാൾക്കുണർന്നു. അകത്ത് അധികം സാമാനങ്ങളില്ല. ചാണകം മെഴുകിയ തറയിൽ പിഞ്ഞിയ പനംപായ നൂത്തിട്ടിരിക്കുന്നു. ആശയും ആദർശവും തമ്മിലുണ്ടായ ഇടർച്ചനേരത്ത് പുതുപ്പള്ളി ചോദിച്ച ഒരു ചോദ്യം അയാളുടെ മനസ്സിലേക്കു വന്നു.

“അതിസുന്ദരിയായ ഒരു യുവതി ഏകാന്തതയിൽ അടുത്തുവന്നു എന്നു കരുതുക. പരിസരം മുഴുവൻ അനുകൂലം. നിങ്ങൾക്കെന്ത് തോന്നും?”

അടക്കിപ്പിടിച്ച ചിരിയോടെ ഇരുട്ടിൽനിന്നും ഉത്തരങ്ങൾ പലതും പുറത്തുചാടി. അന്നേരം പുതുപ്പള്ളിയുടെ മുഖം കനലുപോലെയായി.

“നിങ്ങൾ കമ്യൂണിസ്റ്റുകാരാണ്. സോഷ്യലിസ്റ്റ് പരിവർത്തനത്തിന് അവളെ എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്.”

അത് എങ്ങനെയാണെന്ന് സംശയം തോന്നിയെങ്കിലും പേടികാരണം ചോദിക്കാൻ തോന്നീല. പിന്നീടതിനെപ്പറ്റി ആലോചിച്ചുമില്ല. ഇപ്പോ ആവശ്യം വന്നിരിക്കുന്നു. അയാൾ തെളിഞ്ഞ ബുദ്ധിക്കുവേണ്ടി ശ്രമിച്ചു. പിന്നെ ധൈര്യം സംഭരിച്ചു പറഞ്ഞു:

“ഒരു പരമ്പ് തന്നാമതി ഞാനിവിടെ ചുരുണ്ടോളാം.”

“അകത്ത് കിടക്കാം. രാത്രി തണുപ്പ് പെരുക്കും.”

എത്ര മറുത്തിട്ടും ശബ്ദം പുറത്തുവന്നില്ല. വികാരത്തിനെ തടഞ്ഞുപിടിക്കാൻ സിദ്ധാന്തങ്ങൾക്കൊന്നും കഴിവില്ലെന്ന് അയാൾ തീർച്ചപ്പെടുത്തി. എത്ര വലിയ ഉത്തരവാദിത്തവും കൊണ്ട് പുറപ്പെട്ടതാണ്. എങ്ങോട്ടാണ് വഴിപിരിഞ്ഞു പോകുന്നത്. ആലോചിച്ചുനിൽക്കെ മറ്റൊന്നാണ് വായിൽവന്നത്.

“മോളുണ്ടന്ന് പറഞ്ഞിട്ട് ഇവിടെ കാണുന്നില്ലല്ലോ...”

ആ വാചകം പറഞ്ഞുതീർക്കും മുന്‍പ് സ്ത്രീ അലച്ചുതല്ലി നിലത്തേക്കു വീണു. ഒന്നുരണ്ട് നിമിഷങ്ങൾ വേണ്ടിവന്നു ഏതെങ്കിലുമൊരു നിഗമനത്തിലെത്താൻ. പുറത്തിറങ്ങി ഭിത്തിചേർന്നു കിടക്കുമ്പോൾ അയാൾ ആത്മനിന്ദചേർത്ത് സോഷ്യലിസ്റ്റ് പരിവർത്തനത്തിനെപ്പറ്റി ആലോചിച്ചു.

3

കണ്ണു തുറക്കുമ്പോൾ വെയിൽ തെളിഞ്ഞുതുടങ്ങിയിട്ടുണ്ട്. മുറ്റത്തിരുന്ന തകരപാത്രത്തിൽ നിന്നും അല്പം വെള്ളമെടുത്ത് കയ്യും മുഖവും കഴുകി. തിണ്ണയിൽ വന്നിരുന്നു. അര തപ്പി ഉറപ്പുവരുത്തി. പിന്നിൽ, വാതിൽചാരി സ്ത്രീ നിൽക്കുന്നുണ്ടെന്ന് തിരി ഞ്ഞുനോക്കാതെത്തന്നെ മനസ്സിലായി. കുടിച്ചിട്ടിറങ്ങാൻ അവൾ നിർബന്ധിച്ചെങ്കിലും അയാളത് നിരസിച്ചു. പക്ഷേ, അവളോട് എന്തെങ്കിലുംകൂടി പറയണമായിരുന്നു എന്നു നടന്നുകഴിഞ്ഞു തോന്നി. പിന്നെ ആ ചിന്ത മാറ്റിവച്ചു. ചന്ത തിരക്കായി തുടങ്ങിയിട്ടില്ല, എങ്കിലും പലതരം ശബ്ദങ്ങൾകൊണ്ട് നിറഞ്ഞതുപോലുണ്ട്. ഒരേ സമയം അലസമായും ശ്രദ്ധയോടും അയാൾ നടന്നു. സാധനം കയറ്റാനും ഇറക്കാനും അടുക്കിവക്കാനും കച്ചവടക്കാരെ സഹായിച്ചു. അതിനിടയിൽ ചിലരോട് സൗഹൃദമുണ്ടാക്കി, അമ്പട്ടന്റെ മുടിവെട്ടുതിണ്ണ കണ്ടത്തി, ആവശ്യമുള്ള കാര്യങ്ങളുമറിഞ്ഞു. തിണ്ണയോടു ചേർന്നുള്ള ഒരു പലചരക്ക് പെട്ടിക്കുകീഴെ കുത്തിയിരുന്നു. മുറുക്കാൻ വാങ്ങി വായിലിട്ടു. മൂന്ന് തുപ്പിനു മുന്‍പ് അമ്പട്ടനെത്തി. മുന്‍പ് കണ്ടതിലും മെലിഞ്ഞ രൂപം. കയ്യിലുണ്ടായിരുന്ന പൊതിതുറന്നു മുറുക്കാൻ ചുരുട്ടി വായിലിട്ടു. തിണ്ണതൂത്ത് വെള്ളം കുടഞ്ഞു. അവസരം അനുകൂലമായപ്പോൾ പൊടിയൻ സഖാവ് സാവധാനം അടുത്തേക്ക് ചെന്നു. മറ്റാരും കേൾക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കാര്യം പറഞ്ഞു. അമ്പട്ടൻ മറുപടിയൊന്നും പറഞ്ഞില്ലെന്ന് മാത്രമല്ല, കേട്ട ഭാവംപോലും പുറത്തെടുത്തില്ല. പകരം അയാളെ കസേരയിൽ കേറ്റിയിരുത്തി. പണിയിൽ വ്യാപൃതനായി. മുടി പറ്റെ ഒതുക്കി താടിയിൽ കത്തിവയ്ക്കുന്നതുവരെ മുറുക്കാൻ തുപ്പാനല്ലാതെ വാതുറന്നില്ല. പിന്നെ ചുറ്റും നിരീക്ഷിച്ചുകൊണ്ട് ചെവി കടിച്ചുതിന്നുമാറ് പറഞ്ഞു:

“സഖാവ് ഭാസീടെ തലക്ക് പണം വെച്ചിട്ടുണ്ട്. പൊലീസും പ്രമാണികളുമൊക്കെ എരികേറി നടക്കുവാ. ഒറ്റുകാര് വേറെ.”

അമ്പട്ടൻ ഒന്നുകൂടി തുപ്പിവന്ന് വേറെ ചില കാര്യങ്ങൾകൂടി പറഞ്ഞു.

അവിടെനിന്നിറങ്ങി നടക്കുമ്പോൾ പൊടിയൻ സഖാവ് തളർന്നുപോയിരുന്നു. ഇറങ്ങിത്തിരിച്ചത് അബദ്ധമായിപ്പോയോ എന്നാണ് ഇപ്പോ മനസ്സിനെ കുഴക്കുന്നത്. മുന്‍പേ തോന്നിയിരുന്നത് തന്നെ. എന്നാലും അമ്പട്ടൻ പറഞ്ഞ കാര്യങ്ങൾ കൂടിയായപ്പോഴാണ് അതിന്റെ മണ്ടത്തരം മനസ്സിലാകുന്നത്. സഖാക്കളവിടെ യോഗം നടത്തുവോ പ്രസംഗിക്കുവോ അല്ല. ആളില്ലാക്കുടികളിലും പൊന്തക്കാട്ടിലും മറ്റുമായി ഇരുട്ടു വീഴുവോളം ഇരുന്നൊപ്പിക്കുവാണ്. എങ്ങനെയവരെ കാണും. കണ്ടാൽത്തന്നെ സഖാക്കൾ എങ്ങനെ തന്നെ തിരിച്ചറിയും, തിരിച്ചറിഞ്ഞാൽത്തന്നെ എങ്ങനെ സഹായിക്കും. അതിന് ഈ നാട് കാണാപ്പാഠം അറിയണം. അതൊന്നുമറിയാതെ ചെന്ന് ഉപദ്രവം വരുത്തിവച്ചുകൂടാ. എല്ലാം അറിയുന്ന കഴിവുള്ള നൂറാളുകൾ വേറെയുണ്ട്. അതൊന്നും ഓർത്തില്ല. ചാടിപ്പൊറപ്പെട്ടു. പക്ഷേ, പൊരുത്തക്കേടുകളൊക്കെ അക്കമിട്ടു നിരത്തിയിട്ടും അമ്പട്ടൻ, വെള്ളനാത്തുരുത്തിലേക്കുള്ള എളുപ്പവഴി പറഞ്ഞുതന്നത് എന്തിനാണ്? സഹായത്തിനുതകും എന്നുറപ്പുള്ളത് കൊണ്ടാകില്ലേ. അതുകൊണ്ട് തിരിച്ചുപോക്കില്ല. മുന്നോട്ടുതന്നെ.

ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്ക

4

വെയിലാറിത്തുടങ്ങിയിട്ടും മുക്കിലും മൂലയിലും പൊലീസുണ്ട്. ഒന്നുരണ്ട് തവണ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതുമാണ്. പൊലീസില്ലാത്തിടത്ത് പ്രമാണിക്കൂട്ടങ്ങളുണ്ട്. അവർക്കും പെഴപ്പുകേടിന് ഒത്തുകിട്ടിയ സമയമാണ്. ശാസ്താംകോട്ടനിന്ന് വടക്കോട്ട് തിരിഞ്ഞാ ശൂര നാടായി. അപ്പോ ഏതാണ്ട് എതിരായിട്ടുവരും വെള്ളനാത്തുരുത്ത്. സഖാക്കളുള്ളയിടം. ഉണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല, ഏതുനേരത്തും താവളം മാറാം. എങ്കിലും കന്നേറ്റിക്കായല് കടക്കില്ല. പറഞ്ഞുതന്ന വഴിനോക്കി നിന്നു തിരിയുമ്പോൾ പണികഴിഞ്ഞുവരുന്ന മട്ടിൽ ഒരുവൻ അടുത്തേക്കു വന്നു. അവന്റെ മെലിഞ്ഞരൂപത്തിലും തുറിച്ചുനോട്ടത്തിലും ഒരുനിമിഷം അറച്ചുപോയെങ്കിലും അയാൾ ചോദ്യമൊപ്പിച്ചു:

“കൊല്ലത്തിന് ഇവിടുന്നൊരു കുറുക്കുള്ളതേതാ...?”

“ഇയാക്കട പേര് പൊടിച്ചൻ എന്നാണോ?”

മറുചോദ്യം കേട്ട് ഇത്തവണ അയാൾ അന്ധിച്ചുപോയി.

“പൊടിയൻ” പിച്ചാത്തിയിൽ തൊട്ട് ധൈര്യം വരുത്തിക്കൊണ്ടാണ് പറഞ്ഞത്.

“ആ... പേടിക്കണ്ട അമ്പട്ടൻ വഴി പറഞ്ഞേപ്പിച്ചിട്ടൊണ്ട്.”

തിരിഞ്ഞുനിന്ന് അറ്റം കാണാനില്ലാത്ത വരമ്പിലേക്ക് ചൂണ്ടിക്കാണിച്ചിട്ട് അവൻ വേഗത്തിൽ നടന്നുപോയി. ഇത്രപെട്ടെന്ന് എങ്ങനെ കാര്യമെത്തിച്ചിരിക്കും അയാൾക്ക് അതിശയം തോന്നി, പിന്നെ തെല്ലഭിമാനവും. മുന്നിൽ ലക്ഷ്യത്തിലേക്കുള്ള വഴി. ഇരുവശത്തും കൊയ്യാൻ പാകത്തിലുള്ള നെൽക്കണ്ടങ്ങൾ. കാറ്റിൽ കറ്റകൾ കൊടിപോലെ പാറുന്നു. ആകാശത്തിന് മകരനെല്ലിന്റെ നിറം. സൂര്യന് പൊന്നരിവാളിന്റെ തിളക്കം. ഒരു മുദ്രാവാക്യം ഓങ്ങി വിളിക്കാൻ അയാൾക്ക് മുഷ്ടിചുരുണ്ടു. ദേഹത്തുശ്ശിര്. കാലിനുവേഗം. ശരിക്കും ഓടുകയായിരുന്നു. അപ്പുറമെത്തുമ്പോഴേക്കും മഴ നനഞ്ഞതുപോലെ വിയർപ്പായി. വരമ്പ് തീരുന്നിടത്ത് ഒരാൾ പടിപ്പൊക്കമുള്ള കയ്യാലയിടവഴി. രണ്ടുവശത്തും പോച്ചയും പുർത്തിമുള്ളും. വശംപിടിച്ച് കഷ്ടി നടക്കാം. വേഗത്തിലാവില്ല. കരീലയടിഞ്ഞ് തറയും കാണാനില്ല. ശൂരനാട്ടെ മണ്ണുപോലെ ചോരനിറമുള്ള ഇരുട്ട്. കാണെക്കാണെ അതിനു കട്ടികൂടിവരുന്നു. നോട്ടമില്ലാതെടുത്തുവച്ച ചവിട്ടിലൊന്നിൽ വയറുകാളി വലഞ്ഞുകിടന്നൊരു സാധു ചുറ്റിവരിഞ്ഞു. പൊടിയൻ സഖാവിന്റെ തലച്ചോറ് അതിനെക്കുറിച്ച് കരടുപ്രമേയമിറക്കും മുൻപ് മൂന്ന് കടിയും വച്ച് അതിന്റെ പാട്ടിന് പാഞ്ഞു.

“ചതിച്ചോ ഭഗവാനെ...” വായിലാദ്യം അങ്ങനെയാണ് വന്നത്. അടുത്ത ആലോചനകളിൽനിന്നും അയാൾ ദൈവത്തെ മാറ്റിനിർത്തി. ഇനിയെന്ത് ചെയ്യാനാണ്. ഒച്ചവെച്ച് ആളെക്കൂട്ടാൻ പറ്റുന്ന അവസ്ഥയല്ല. അല്ലെങ്കിലും ഇവിടെ ഒരു മനുഷ്യക്കുഞ്ഞിനേയും കാണാനില്ല. വന്നദൂരം തിരിച്ചു നടക്കുന്നതും ബുദ്ധിയല്ല. ഇനി വരുന്നടത്തുവച്ചുകാണാം. ഉടുമുണ്ടിൽനിന്നും ഒരു കഷണം കീറി മുട്ടുചേർത്തുകെട്ടി. ഞൊണ്ടി മെണ്ടി നടന്നു. അധികം ചെല്ലും മുന്‍പ് തളർന്നിരുന്നുപോയി. ഇതുതന്നെ അവസാനം. ഒരു നിമിഷം അയാൾ ഇനിയും കണ്ടിട്ടില്ലാത്ത സഖാക്കളുടെ മുഖമോർത്തു. പിന്നെ വേറെ പലതും - കൊല്ലങ്ങൾക്കു മുന്‍പ് വിളിച്ചിറക്കിക്കൊണ്ടുവന്ന പെണ്ണിനെപ്പറ്റി, അവൾക്ക് നിഷേധിച്ച സൗഖ്യത്തെപ്പറ്റി, പിറക്കാതെപോയ കുഞ്ഞിനെപ്പറ്റി, മരിച്ചുപോയ അച്ഛനമ്മമാരെപ്പറ്റി, ഒടുക്കം ആഴ്ചയിലൊരിക്കലെങ്കിലും നിന്ദിക്കാറുള്ള പരദൈവം ആയിരവല്ലി ശിവനെപ്പറ്റിപ്പോലും.

ഇതേ സമയത്ത് ഇരുട്ടുകീറി രണ്ടുപേർ എതിരെ വരുന്നുണ്ടായിരുന്നു. കാലെറിഞ്ഞുള്ള നടത്തത്തിൽ ഒരു ബീഡി മുഖപ്പൊക്കത്തിലിരുന്ന് അന്തരീക്ഷത്തിൽ വരകളുണ്ടാക്കി. അവരടുത്തെത്തിയതും പൊടിയൻ വിങ്ങി: “സഹായിക്കണം.”

കിതപ്പും തിടുക്കവും മുഷിഞ്ഞമണവും വിശപ്പുപോലെ വന്നവർ അടക്കിപ്പിടിച്ചുനിന്നു. പിന്നെ ഒരു തീക്കൊള്ളി ഉരസി. ചോരയൊലിക്കുന്ന കാൽ വെളിച്ചപ്പെട്ടു. മറ്റെയാളുടെ, വിലക്കുപോലൊരു ശബ്ദം ഗൗനിക്കാതെ യുവാവ് കുനിഞ്ഞ് മുറിവ് പരിശോധിച്ചു. ചെറിയ കുറ്റിരോമങ്ങൾ കിളിത്തു തുടങ്ങിയ മുഖത്ത് ചിരിപോലൊന്ന് തെളിഞ്ഞു.

“വെഷക്കടിയല്ല... പേടിക്കണ്ട. പെടുക്കാൻ മുട്ടുന്നൊന്നുമില്ലല്ലോ?”

“ഇല്ല” പൊടിയൻ സഖാവ് മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു.

യുവാവ് കയ്യിലിരുന്ന പേപ്പറുകൾ താഴെവച്ച്,

പോച്ചകൾക്കിടയിൽനിന്നു കുറച്ച് ഇലകൾ പറിച്ചു. കൈവെള്ളയിലിട്ട് കൂട്ടിത്തിരുമ്മി. ചാർ മുറിവിലിറ്റിച്ചു.

“കമ്യൂണിസ്റ്റുപച്ചയാ. ഒരുവിധപ്പെട്ട മുറിവിനൊക്കെ ഇതു ധാരാളം.”

യുവാവന്നേരം കളിയെന്നോണം മറ്റെയാളെ നോക്കി. അയാൾ ബീഡിയെറിഞ്ഞ് തിടുക്കംകൂട്ടി.

“തിരിച്ചുപൊക്കോ കേട്ടോ... കുഴപ്പമൊന്നുമില്ല.”

വേഗത്തിൽ നടന്നുകൊണ്ടാണ് യുവാവത് പറഞ്ഞത്. പൊടിയൻ സഖാവ് സ്വല്പനേരംകൂടി അതേയിരിപ്പിരുന്ന് നെഞ്ച് തടവി ഭാരമൊഴിച്ചു. പിന്നെ ശ്വാസം നേരെയാക്കി ഒരു ബീഡി ചുണ്ടിൽ കത്തിച്ചു. അപ്പോഴാണ് യുവാവ് മറന്നുവച്ച പേപ്പറുകൾ കണ്ടത്. അന്നേരത്തേക്കും വിളിപ്പാടിനും അപ്പുറമായിക്കഴിഞ്ഞിരുന്നു അവർ. നിരാശയോടെ അയാൾ അക്ഷരങ്ങൾ തപ്പിപ്പെറുക്കി. വെട്ടിയും വളച്ചും എഴുതിയിരുന്ന അവ ചേർത്തുവായിച്ചതും പകലുപോലെ ഇരുട്ട് തെളിഞ്ഞുവന്നു. വേഗത്തിൽ നടന്നുനീങ്ങുന്ന രണ്ടുപേരെയും അന്നേരമയാൾ വ്യക്തമായി കണ്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com