എസ്. ഹരീഷ് എഴുതിയ കഥ ‘തൂണിലും തുരുമ്പിലും’

edited picture by samkalika malayalam
എസ്. ഹരീഷ്സമകാലിക മലയാളം
Updated on

താത് സമയത്ത് ഉപകാരപ്പെടാനിടയുള്ള ആളുകളെ വളരെ യാദൃച്ഛികമായി അയാള്‍ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. ഇത്തവണയും അങ്ങനെത്തന്നെയാണ് സംഭവിച്ചത്. മാളിന്റെ ബേസ്മെന്റ് ഫ്‌ലോറില്‍ വണ്ടി പിന്നോട്ടെടുക്കുന്നതിനിടെ അയാള്‍ ജുവാനെ കണ്ടു. അവനാകട്ടെ, കാര്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം നോക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുപേരും വാഹനങ്ങള്‍ ഒതുക്കിയ ശേഷം, അവിടെത്തന്നെ കോര്‍ണറിലുള്ള ചെറിയ സ്‌നാക്‌സ് ഷോപ്പിന്റെ മുന്നിലെ ബെഞ്ചിലിരുന്നു. ഓരോ കാപ്പി ഓര്‍ഡര്‍ ചെയ്തു. അങ്ങനെ ഒരു ഇരിപ്പിടത്തില്‍ത്തന്നെ അല്പം ഇടവിട്ട് പരസ്പരം ചെരിഞ്ഞുനോക്കി സംസാരിക്കുന്നതില്‍ അയാള്‍ക്ക് ചെറിയ അസൗകര്യം തോന്നി. വര്‍ത്തമാനം പറയാന്‍ എപ്പോഴും നല്ലത് ഒരു മേശയ്ക്കപ്പുറവും ഇപ്പുറവുമായി മുഖാമുഖം വരുന്നതാണ്.

''കുറച്ചുനാളായി നമ്മള്‍ കണ്ടിട്ട്, അല്ലേ?''

ജുവാന്‍ ചോദിച്ചു.

''കുറച്ചല്ല. കുറച്ചധികമായി. എനിക്കു തോന്നുന്നത് കൊവിഡിനു മുന്‍പാണെന്നാണ്.''

''ഉം. അതെ. വിളിച്ചിട്ടും കുറേക്കാലമായി. ഫോണ്‍

നോക്കുമ്പോള്‍ നിന്റെ നമ്പര്‍ ഇടയ്ക്ക് കാണും. വിളിക്കണമെന്നു വിചാരിക്കും. പിന്നെ നടക്കില്ല.''

മാസങ്ങളോ വര്‍ഷങ്ങളോ കാണാതിരുന്നാലും പണ്ട് നിര്‍ത്തിയിടത്തുനിന്നെന്നപോലെ സംസാരം തുടരാന്‍ കഴിയുന്ന തരം സുഹൃത്തുക്കളായിരുന്നു അവര്‍. പെട്ടെന്നുതന്നെ അയാള്‍ വിഷയത്തിലേക്കെത്തി. ഇപ്പോഴത്തെ വീട് വില്‍ക്കാനുദ്ദേശിക്കുന്ന കാര്യവും കുറച്ചു മാറി ടൗണില്‍ത്തന്നെ വേറൊരെണ്ണം വാങ്ങണമെന്ന ആഗ്രഹവും പറഞ്ഞു. രണ്ടിനും ജുവാന്റെ സഹായമുണ്ടെങ്കില്‍ നല്ലതാണ്. കെട്ടിടനിര്‍മാണം, വസ്തുക്കച്ചവടം തുടങ്ങി പലവിധ ഏര്‍പ്പാടുകളുമായി അവനു ബന്ധമുണ്ട്.

''അത് നല്ല ഏരിയയല്ലേ? വീടിന് കൂടിവന്നാല്‍ പത്തുകൊല്ലം പഴക്കമല്ലേയുള്ളൂ. പിന്നെയെന്തിനാണ് വില്‍ക്കുന്നത്?''

അയാളൊന്നും മിണ്ടിയില്ല. പറയേണ്ട മറുപടിയില്‍ തന്റെ വ്യക്തിത്വത്തിനു ഹാനി വരുത്തുന്ന എന്തോ ഉണ്ടെന്ന് അയാള്‍ വിചാരിച്ചു. ഉടനെത്തന്നെ ഇതൊക്കെ സാധാരണമല്ലേ എന്ന് പറയുന്നതുപോലെ ഉത്സാഹഭരിതമായ ഒരു ഭാവം അയാളുടെ മുഖത്തുണ്ടായി.

''ഇവര്‍ക്കിത്തിരി മധുരം കുറച്ചിട്ടുകൂടേ?''

അയാള്‍ കാപ്പിയില്‍ ശ്രദ്ധിച്ചുകൊണ്ട് ആത്മഗതംപോലെ പറഞ്ഞു.

ജുവാനപ്പോള്‍ ചുറ്റും കണ്ണോടിച്ചു.

''അയ്യോ. ഇപ്പോഴാ ഓര്‍ത്തത്. ഗ്രേസ് എവിടെ? നിന്നെ ഞാനങ്ങനെ തനിച്ച് കണ്ടിട്ടേയില്ല. കാറില്‍ അവളുണ്ടെന്നോ അല്ലെങ്കില്‍ പാര്‍ക്കിംഗിന്

പുറത്ത് കാത്തുനില്‍പ്പുണ്ടെന്നോ ആണ് ഞാന്‍ വിചാരിച്ചത്.

അവന്‍ ആകാംക്ഷയോടെ ചോദിച്ചു.

ചോദ്യത്തിനു വലിയ പ്രാധാന്യം കൊടുക്കാതെ നിഷേധാര്‍ത്ഥത്തില്‍ തോള്‍ ചലിപ്പിക്കുന്നതിനിടെ തന്റെ ദീര്‍ഘകാലത്തെ പ്രണയം ജുവാന്റെ മനസ്സില്‍കൂടി കടന്നുപോകുന്നത് അയാള്‍ കണ്ടു. പഠനകാലത്തേ അയാളും അവളും ഒന്നിച്ചാണ് നടന്നിരുന്നത്. കാഴ്ചയിലും ഏതാണ്ട് ഒരുപോലുള്ള രണ്ടുപേര്‍. ഏറെ അടുപ്പത്തിലും ഇഷ്ടത്തിലുമായിരുന്നതുകൊണ്ട് വേറെ സൗഹൃദങ്ങളുണ്ടാക്കാന്‍പോലും അവര്‍ക്കു സമയമില്ലായിരുന്നു. രണ്ടുപേരും പ്രത്യേകമായി ഒരു ലോകമുണ്ടാക്കിയിരുന്നു. ആളുകളത് അംഗീകരിച്ചു കൊടുക്കുകയും ചെയ്തുപോന്നു. കോളേജില്‍നിന്നു പുറത്തിറങ്ങിയ ശേഷവും പാര്‍ക്കിലും ബീച്ചിലും റസ്റ്റോറന്റുകളിലും അവരെ കാണാമായിരുന്നു. അവര്‍ ഒന്നിച്ച് ജീവിതമാരംഭിച്ച ദിവസത്തെ ചെറിയൊരു വിരുന്നിലും ജുവാനു ക്ഷണമുണ്ടായിരുന്നു. പക്ഷേ, മറന്നുപോയ എന്തോ കാരണത്താല്‍ അവനു പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

illustration by deva prakash
illustration വര: ദേവപ്രകാശ്

''നിങ്ങടെ കാര്യം ഞാന്‍ മാസത്തിലൊന്നെങ്കിലും വഴക്കിടുന്നതിനിടെ ഭാര്യയോട് പറയും.''

ജുവാന്‍ ചിരിച്ചു.

''കല്ല്യാണം കഴിച്ചെന്ന് രേഖയുണ്ടാക്കിയിട്ട് കാര്യമില്ല, സ്‌നേഹം വേണമെന്ന്. അതുണ്ടെങ്കില്‍ വെറുതേ ഒന്നിച്ചു ജീവിച്ചാലും മതിയെന്നു പറയും. അവള്‍ക്കത് കേള്‍ക്കുന്നത് ദേഷ്യമാണ്.''

അപ്പോള്‍ അത്തരം രേഖകള്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിലോ എന്നയാള്‍ ചിന്തിച്ചു. എങ്കില്‍ നിയമപ്രകാരം പടിപടിയായേ കാര്യങ്ങള്‍ നടക്കുമായിരുന്നുള്ളൂ. മാത്രമല്ല, അങ്ങനെയൊരു ജീവിതം ഒരുകാലത്ത് പുലര്‍ത്തിയിരുന്നു എന്നതിനു രേഖകള്‍ തെളിവാണ്. ഇപ്പോളാകട്ടെ, അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലാത്തതുപോലാണ്. ആലോചിക്കുമ്പോള്‍ കഴിഞ്ഞുപോയ ചില വര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അയാള്‍ക്കു തോന്നാറുണ്ട്. ഭാവിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങള്‍പോലെ അനിശ്ചിതം തന്നെയാണ് നടന്ന കാര്യങ്ങളും. അതൊക്കെ സംഭവിച്ചു എന്നതിന് എന്താണുറപ്പ്?

''ഗ്രേസ് എവിടെ? ഇന്ന് കൂടെ ഇറങ്ങിയില്ലേ?''

ജുവാന്‍ വീണ്ടും ചോദിച്ചു. പക്ഷേ, ആ ചോദ്യങ്ങള്‍ അയാളുടെ ഉള്ളിലേക്ക് കയറിയതായി തോന്നിയില്ല.

ആറുമാസമായി താനാ വീട്ടില്‍ താമസിച്ചിട്ടില്ലെന്ന് അയാള്‍ ജുവാനെ അറിയിച്ചു. ഒരു വിഷമഘട്ടത്തില്‍ ആവശ്യമായ സമയത്ത് തന്നെ സ്ഥലംമാറ്റം കിട്ടി. ഉടനെ ഇങ്ങോട്ട് തിരികെ വരും. ആ വീട് പെട്ടെന്നുതന്നെ വിറ്റ് പുതിയത് വാങ്ങണം. അതിനെന്താണ് ചെയ്യേണ്ടത്? ജുവാന്‍ സഹായിക്കുമോ?

''ഇങ്ങോട്ട് തിരിച്ചുവരികയാണെങ്കില്‍പ്പിന്നെ ആ വീട്ടില്‍ത്തന്നെ താമസിച്ചാല്‍പ്പോരേ?''

ജുവാനത് മനസ്സിലായില്ല.

''എന്തൊരു ബുദ്ധിമുട്ടാണ് നമ്മളൊരു സ്ഥലത്ത് സെറ്റായിക്കഴിഞ്ഞാല്‍ അവിടുന്ന് മാറാന്‍. എല്ലാം ഒന്നേന്ന് ആദ്യം മുതല്‍ തുടങ്ങണം.''

''നീ പറഞ്ഞത് ശരിയാണ്. പക്ഷേ, പെട്ടെന്നുതന്നെ അതൊക്കെ ഓകെയാകും.''

കുറച്ചുകഴിഞ്ഞാല്‍ ആ പഴയ വീടിനെ വല്ലപ്പോഴുംപോലും ഓര്‍മിക്കാന്‍ പോകുന്നില്ലെന്നും അയാള്‍ ആശിച്ചു.

''വീട് വിറ്റ് പുതിയത് വാങ്ങുന്നത് പഴയ സ്വര്‍ണ്ണം കൊടുത്ത് പുതിയത് മേടിക്കുന്നത് പോലെയാണ്. രണ്ടുവശത്തുനിന്നും നഷ്ടമുണ്ടാകും ഒരു മെച്ചവുമില്ല.''

ജുവാനും അതിന്റെ പ്രായോഗികവശങ്ങളിലേയ്ക്ക് കടന്നു.

അക്കാര്യം അയാളും സമ്മതിച്ചു. എന്നാലും സാരമില്ല. പുതിയവീട് വേണം. അതാണ് തീരുമാനം.

പോകാനായി എഴുന്നേറ്റ്, ഒഴിഞ്ഞ രണ്ട് കാപ്പിക്കപ്പുകളും വേസ്റ്റ്ബിന്നിലിട്ട് ജുവാന്‍ പണം നല്‍കി. അതിനിടെ അവന്‍ ആലോചനയിലായിരുന്നു. പല വീടുകള്‍, പല സ്ഥലങ്ങള്‍ അവന്റെ ഉള്ളില്‍ക്കൂടി കടന്നുപോയിരിക്കണം.

''തീരുമാനമൊക്കെ കൊള്ളാം. പുതിയ വീട് എന്നൊക്കെ പറയാന്‍ രസമുണ്ട്. ശരിക്കും ആ വീട് വില്‍ക്കുന്നതുകൊണ്ട് നീ എന്ത് പ്രയോജനമാണ് ഉദ്ദേശിക്കുന്നത്?''

അതിനുള്ള കൃത്യമായ ഉത്തരം അയാള്‍ ആലോചിച്ചിട്ടില്ലായിരുന്നു. മാത്രമല്ല, സ്വകാര്യതയിലേയ്ക്ക് കയറുന്ന ആ ചോദ്യത്തോട് അയാള്‍ക്ക് നീരസവും തോന്നി.

''ചുറ്റുമുള്ള ആളുകളെ പേടിച്ചിട്ടാണോ? വെറുതേ നമ്മുടെ കാര്യങ്ങളില്‍ തലയിടാന്‍ വരുന്ന ടൈപ്പാണോ?''

ജുവാന്‍ ചോദിച്ചു.

''ഏയ് അങ്ങനെയൊന്നുമല്ല. നിനക്കറിയാമല്ലോ ഒരുപോലുള്ള പതിനഞ്ചു വീടുകള്‍ ഒരു കൂട്ടര്‍ പണിത് പലര്‍ക്കായി വിറ്റതാണ്. അതില്‍ നാലഞ്ചെണ്ണം ഒഴിഞ്ഞു കിടപ്പാണ്. ആര്‍ക്കും ആരേയും അറിയില്ല. ഞാനവിടെ ആരുമായും സംസാരിച്ചതായിപ്പോലും ഓര്‍ക്കുന്നില്ല. പിന്നെന്താണ് പ്രശ്‌നം?''

അതുതന്നെയാണ് തന്റേയും ചോദ്യമെന്ന മട്ടില്‍ ജുവാന്‍ അയാളെ നോക്കി.

''ഓകെ. അതൊക്കെ പോട്ടെ. നിനക്കിപ്പോള്‍ പുതിയ വീട് വേണം. അല്ലേ?''

''അതെ.''

കൂടുതല്‍ സംസാരിക്കാതെ അവര്‍ പിരിഞ്ഞു. പക്ഷേ, അന്നു രാത്രി ജുവാന്‍ ഫോണില്‍ അതേ ചോദ്യം അയാളോട് വീണ്ടും ചോദിച്ചു:

''നിനക്കിപ്പോള്‍ പുതിയ വീട് വേണം. അല്ലേ?''

''അതെ.''

സന്ധ്യ കഴിഞ്ഞുള്ള പതിവുരീതിയനുസരിച്ച് അവന്‍ അല്പം മദ്യപിച്ചിട്ടുള്ളതായി തോന്നി.

''എടാ വീട് എന്നാല്‍ എന്താണ്?''

''താമസിക്കാനുള്ള സ്ഥലം.''

ആ ചോദ്യത്തിന്റെ ഉദ്ദേശം മനസ്സിലാകാതെ അയാള്‍ മറുപടി പറഞ്ഞു. ടൗണില്‍ത്തന്നെ താല്‍ക്കാലിക ആവശ്യത്തിനെടുത്ത ഹോട്ടല്‍മുറിയിലായിരുന്നു അയാളപ്പോള്‍. പുറത്തെ കായല്‍വെളിച്ചം എത്തിക്കുന്ന ഗ്ലാസ്സ്ഭിത്തിയുടെ ഭാഗം കര്‍ട്ടണുകള്‍കൊണ്ട് മറച്ച് പൂര്‍ണമായും ഇരുട്ടുണ്ടാക്കിയിട്ടും ഉറക്കം വരാതെ കിടക്കുകയുമായിരുന്നു.

''വീടിന്റെ അകത്താണോ പുറത്താണോ നമ്മള്‍ താമസിക്കുന്നത്? സമയം ചെലവാക്കുന്നത്?''

''അകത്ത്. ചിലപ്പോഴൊക്കെ തിണ്ണയില്‍.''

illustration by devaprakash
illustration വര: ദേവപ്രകാശ്

''തിണ്ണയും അകം തന്നെയാണ്. വീടിനു പുറത്ത് എന്നു പറഞ്ഞാല്‍ മേല്‍ക്കൂരയും പുറംഭിത്തിയും. അവിടെ പ്രാവോ കാക്കകളോ ആണ് വന്നിരിക്കുന്നത്. നമ്മളല്ല.''

കാര്യം പിടികിട്ടാതെ അയാള്‍ക്കു മുഷിഞ്ഞു. എന്നാലും ജുവാന്‍ പറയുന്നതു കേള്‍ക്കാമെന്നു വെച്ചു. ഈയിടെയായി പുലരുവോളം സമയം ദീര്‍ഘമായി കിടക്കുന്നു.

''എടാ വീട് എന്നു പറഞ്ഞാല്‍ അതിന്റെ ഉള്ളിലുള്ള ഭാഗമാണ്. ഞങ്ങളുടെ ചെറുപ്പത്തിലുണ്ടായിരുന്ന ദാരിദ്രം പിടിച്ച പഴയവീട് ഞാന്‍ ചിലപ്പോള്‍ കണ്ണടച്ച് ഓര്‍ത്തുനോക്കാറുണ്ട്. അപ്പോഴൊക്കെ അതിലെ മുറികളാണ് മനസ്സില്‍ വരുന്നത്. ഇളകിപ്പോയ ഓടാമ്പലുള്ള വാതിലും മേശയും കട്ടിലുകളും സിമന്റ് പൊളിഞ്ഞുതുടങ്ങിയ നിലവും.''

അയാളും അപ്പോള്‍ ബോധപൂര്‍വമല്ലാതെ സ്വന്തം വീടിനെ ഓര്‍ത്തു. ശരിയാണ്. അന്യന്റെ വീടിനെ മനസ്സില്‍ വിചാരിച്ചാല്‍ അതിന്റെ പുറമേയുള്ള രൂപമാണ് മനസ്സില്‍. സ്വന്തം വീടാണെങ്കില്‍ തിരിച്ചും.

മനുഷ്യരല്ലേ. കുറച്ചുകഴിയുമ്പോള്‍ പുതുമ മായും. മടുക്കും. അപ്പോള്‍ ബുദ്ധിയുള്ളവര്‍ ചെയ്യുന്ന ഒരു കാര്യമുണ്ടെന്ന് ജുവാന്‍ പറഞ്ഞു. വീടിന്റെ ഇന്റീരിയര്‍ പൂര്‍ണമായി മാറ്റും. എന്നുവെച്ചാല്‍ വീട്ടുപകരണങ്ങളും അലങ്കാര ലൈറ്റുകളുമുള്‍പ്പെടെ എല്ലാം. വീടു നിര്‍മാണത്തിലല്ല, ഇന്റീരിയര്‍ ഡിസൈനിലാണ് നോക്കിനില്‍ക്കുമ്പോള്‍ മാറ്റങ്ങള്‍ വരുന്നത്. ഏറ്റവും പുതിയ രീതിയിലേയ്ക്ക് വീടിന്റെ അകം മാറ്റുക. അപ്പോളത് മുഴുവനായും പുതിയ വീടാകും. അതേ ഭിത്തികള്‍ക്കുള്ളിലാണ് ഇത്രയും നാള്‍ താമസിച്ചിരുന്നെന്ന കാര്യംപോലും നമ്മള്‍ മറന്നുപോകും. അവിടെ നടന്ന സംഭവങ്ങള്‍ വേറെങ്ങോ നടന്നതായി നമുക്കു തോന്നും.

അയാള്‍ ആലോചിച്ചു നോക്കി. ശരിയാണ്, വീട് മാത്രമല്ല, ഏറെ അടുപ്പമുണ്ടായിരുന്നവരെക്കുറിച്ചും ചിന്തിച്ചാല്‍ അവരുടെ രൂപം മനസ്സില്‍ വരില്ല. അവര്‍ പറഞ്ഞ കാര്യങ്ങള്‍, അവരോടൊപ്പം ചെയ്തത് ഒക്കെ കുറച്ചെങ്കിലും ഓര്‍മവരികയും ചെയ്യും.

''ഞാന്‍ കഴിഞ്ഞകൊല്ലം അമേരിക്കയില്‍ പോയപ്പോള്‍ ശ്രദ്ധിച്ചതാണത്.''

ജുവാന്‍ തുടര്‍ന്നു.

''ചില സായിപ്പന്മാര്‍ വീട്ടിനുള്ളിലെ പഴയ ഉപകരണങ്ങളെല്ലാം പുറത്തെടുത്ത് നിസ്സാരവിലയ്ക്ക് വില്‍ക്കാന്‍ വെച്ചിരിക്കുന്നു. നമ്മളെപ്പോലെ പഴയവീട് വിറ്റ് പുതിയത് വാങ്ങാന്‍ ഓടിനടക്കില്ല. സാമ്പത്തികലാഭവും അതാണ്. വലിയ കഷ്ടപ്പാടും ഇല്ല.''

പിറ്റേന്നു രാവിലെ രണ്ട് പണിക്കാരേയും കൂട്ടി ആറുമാസമായി അടഞ്ഞുകിടക്കുന്ന ആ പഴയ വീട്ടിലെത്തിയപ്പോഴും ജുവാന്‍ അതിന്റെ ബാക്കിയാണ് സംസാരിച്ചുകൊണ്ടിരുന്നത്.

''നമ്മളിന്ത്യക്കാര്‍ സായിപ്പിനോട് ആ പഴയ വസ്തുക്കള്‍ പിടിയാവിലയ്ക്ക് വാങ്ങും. അതോടെ നമ്മുടെ വീടുകള്‍ കൂടുതല്‍ പഴയതാകും. അവരാകട്ടെ, എല്ലാം മാറ്റി പുതിയതാക്കിയ വീട്ടില്‍ ഉന്മേഷത്തോടെ താമസിക്കും.'' മതിപ്പ് കണക്കാക്കുന്നതുപോലെ ജുവാന്‍ വീടിനെ ആകെയൊന്നു നോക്കി. ഇന്നും തനിച്ചാണോ വന്നതെന്ന് അയാളോട് അന്വേഷിച്ചു.

ഷൂ ഊരിമാറ്റി സിറ്റൗട്ടിലേയ്ക്ക് കയറിയപ്പോള്‍ നിലത്ത് കനത്തില്‍ പൊടി അടിഞ്ഞുകൂടിയത് അയാള്‍ കണ്ടു. നേര്‍ത്ത തണുപ്പുള്ള ശുദ്ധവായു എപ്പോഴും കിട്ടിക്കൊണ്ടിരുന്ന സ്ഥലമാണത്. പക്ഷേ, ഇത്രയും സൂക്ഷ്മകണങ്ങളൊക്കെ കണ്ണില്‍പ്പെടാതെ നമ്മുടെ അന്തരീക്ഷത്തില്‍ പറന്നുനടക്കുന്നുണ്ടോയെന്ന് അയാള്‍ അത്ഭുതപ്പെട്ടു. വെറുതെയല്ല, പഴയകാല നിര്‍മിതികള്‍ മുഴുവനായി മണ്ണിനടിയില്‍ പെട്ടുപോകുന്നത്, പില്‍ക്കാലത്ത് കുഴിച്ചു ചെല്ലുമ്പോള്‍ മാത്രം കണ്ണില്‍പ്പെടുന്നത്. മനുഷ്യന്റെ ദൃഷ്ടിതെറ്റാന്‍ നോക്കിയിരിക്കുകയാണ് അദൃശ്യമായ പൊടിപടലം. തിണ്ണയില്‍ കുറച്ചുമാസങ്ങള്‍ മുന്‍പുണ്ടായിരുന്ന, എപ്പോഴും ശ്രദ്ധയില്‍പ്പെടുന്ന ചെറിയ അടയാളങ്ങളൊക്കെ കാണാനുണ്ടായിരുന്നില്ല. പകരം അവരുടെ നാലുപേരുടെ കാല്‍പ്പാദങ്ങള്‍ വരച്ചുവെച്ചതുപോലെ നന്നായി അവിടെ പതിഞ്ഞു. വാതില്‍ തുറന്ന് അകത്തുകയറി അയാള്‍ തിരിഞ്ഞുനോക്കി. ഒരു വീട്ടിലേയ്ക്ക് ധൃതിയില്‍ അതിക്രമിച്ചു കയറിയവരുടെ അടയാളങ്ങളായി അവ തോന്നിച്ചു.

ഏതൊക്കെയാണ് മാറ്റേണ്ടതെന്ന്, പണിക്കാര്‍ പുതിയവേഷം ധരിക്കുമ്പോഴേക്ക് ഓരോ മുറിയും തുറന്നുകണ്ട് അയാളും ജുവാനും നോക്കി. സ്ഥാപിക്കുന്നതിലും എളുപ്പമാണ് ഓരോന്ന് പൊളിച്ചുനീക്കാന്‍. ഒരു ദിവസംകൊണ്ട് അക്കാര്യം തീര്‍ത്താല്‍ ഒരാഴ്ചയ്ക്കകം പുതിയ ഇന്റീരിയറിന്റെ പണിതുടങ്ങാം. ജുവാന്റെ ഒരു പരിചയക്കാരന്‍ വന്നുകണ്ട് പുതിയ ഡിസൈന്‍ തയ്യാറാക്കും. ഓരോ മുറിയുടേയും ത്രീഡി ചിത്രം കണ്ട് ഉറപ്പുവരുത്തിയശേഷം മതി ബാക്കി കാര്യങ്ങള്‍.

''കൊള്ളാം. എപ്പോഴും അടുക്കിപ്പെറുക്കി നന്നായി നോക്കിയ വീടാണ്. എനിക്ക് മനസ്സിലാകാത്തത് നിങ്ങള്‍ക്കെങ്ങനെയിത് വേണ്ടെന്നുവെക്കാന്‍ തോന്നിയെന്നാണ്.''

ജുവാന്‍ ചോദിച്ചു.

അതിന്റെ കാരണം തനിക്കും അറിയില്ലെന്നതുപോലെ അയാളും ചുറ്റും നോക്കി.

മറ്റു വീടുകളിലേതുപോലെയല്ല, സ്വിച്ച് ബോര്‍ഡിനോട് ചേര്‍ന്നഭാഗങ്ങളില്‍ കാര്യമായ അഴുക്കില്ല. ഭിത്തികള്‍ക്കും വലിയ മങ്ങലില്ല. നന്നായി പരിപാലിച്ചശേഷം നിമിഷങ്ങള്‍ മുന്‍പ് മാത്രം പുറത്തേക്കിറങ്ങിപ്പോയതുപോലുണ്ട് അകം. പെട്ടെന്ന് അയാള്‍ തലേന്ന് താമസിച്ച ഹോട്ടല്‍ മുറിയെ ഓര്‍മിച്ചു. വൃത്തിയാക്കാന്‍ വരുന്ന ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ സ്ത്രീകള്‍ക്ക് അവജ്ഞ തോന്നുന്ന രീതിയിലാണോ അതിന്റെ കിടപ്പ്?

''ലൈറ്റും ഫാനും അവസാനം അഴിച്ചാല്‍ മതി. ഇല്ലെങ്കില്‍ ചൂടും ഇരുട്ടുമൊക്കെയായി നമ്മള്‍ കുഴയും.''

ജുവാന്‍ പണിക്കാരോട് നിര്‍ദേശിച്ചു.

''ഇത്രയും കാലം അടഞ്ഞുകിടന്നതല്ലേ ഇത്തിരി തണുക്കട്ടെ.''

അവന്‍ തന്നെ എ.സി ഓണ്‍ ചെയ്ത് പരമാവധിയിലിട്ടു.

''ഇതും മാറ്റാം. കുറേ പഴയതല്ലേ. പുതിയതാണെങ്കില്‍ കറന്റുചാര്‍ജും കുറയും.''

''വീട് വാങ്ങി കുറേക്കഴിഞ്ഞാണ് ഇത് മേടിച്ചത്. ഇപ്പോഴത്തെപ്പോലല്ല, ലോണും ഒക്കെയായി നല്ലപോലെ ടൈറ്റായിരിക്കുന്ന സമയമാണ്. കറന്റ് ചാര്‍ജ് പേടിച്ച് വല്ലപ്പോഴും മാത്രമാണ് അന്നിത് ഓണാക്കിയിരുന്നത്.''

അയാള്‍ പറഞ്ഞു.

''ഞങ്ങളിപ്പോഴുമങ്ങനെയാണ്.''

ജുവാന്‍ അതിനോട് യോജിച്ചു.

''പിള്ളേരുറങ്ങി വല്ല ചുറ്റിക്കളിയും നടക്കുമെന്നുറപ്പായാല്‍ എ സി ഇടും. സംഭവം കഴിഞ്ഞാല്‍ ഉടനെ നിര്‍ത്തും.''

രണ്ടുപേരും ചിരിച്ചു.

തറ കുത്തിപ്പൊളിച്ച് ടൈലുകള്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ജുവാന്റെ അഭിപ്രായം. ആസിഡ് വാഷ് ചെയ്യാം. വല്ലതുമുണ്ടെങ്കില്‍ മാഞ്ഞുപൊയ്‌ക്കൊള്ളും. പുതിയതുപോലെ മിനുസവും തണുപ്പുമുണ്ടാകും. കാഴ്ചയില്‍ മാറ്റം വേണമെന്നു നിര്‍ബന്ധമാണെങ്കില്‍ വുഡ്ഡിന്റേയോ സ്റ്റോണിന്റേയോ സ്വഭാവമുള്ള ഫ്‌ലോര്‍ കവറിംഗ് കൊടുക്കാം. മാറ്റ് വിരിച്ചാല്‍ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്രയും നിറമുള്ള ചുരുട്ടിക്കയറ്റുന്ന ബ്ലൈന്‍ഡ്സ് ജനലുകളില്‍ വേണ്ട. മിനിമലിസ്റ്റ് ഡിസൈനുകള്‍ ഇപ്പോളുണ്ട്.

''നമ്മള്‍ ഇതിനൊക്കെ വീടുകളില്‍ ചെന്നാല്‍ നല്ല രസമാണ്.''

ജുവാന്‍ പറഞ്ഞു.

''ഭാര്യയ്ക്ക് ഒരു ഐഡിയ. ഭര്‍ത്താവിന് വേറൊന്ന്. അവസാനം ഭാര്യമാരുടെ ഐഡിയയാണ് നടപ്പാവുക. അവര്‍ ബുദ്ധിപൂര്‍വം സ്വന്തം ചിന്ത ഭര്‍ത്താവിന്റേതായി അവതരിപ്പിക്കും. അയാളും ബുദ്ധിപൂര്‍വം അതു സ്വന്തമാണെന്നു വിചാരിക്കും. എനിക്കു തോന്നുന്നത് അതാണ് നല്ലതെന്നാണ്.''

അയാള്‍ ഒരു നിമിഷം ആലോചിച്ചശേഷം പുഞ്ചിരിച്ചു.

ഭിത്തികള്‍ക്ക് ഡിസൈനര്‍ വേറെ നിറങ്ങള്‍ നല്‍കിയേക്കുമെന്ന് അയാളപ്പോള്‍ മനസ്സില്‍ കണ്ടു. താമസമാക്കിയ സമയത്തേതുപോലല്ല ഇപ്പോഴത്തെ രീതി. രണ്ടോ അതിലധികമോ ഇളംനിറങ്ങള്‍ ഒരു മുറിക്കുതന്നെ കൊടുക്കുന്ന വീടുകള്‍ കണ്ടിട്ടുണ്ട്. വിദേശ പെയിന്റിംഗുകളുടെ പ്രിന്റുകള്‍ എടുത്ത് ഭിത്തികളില്‍ സ്ഥാപിക്കാന്‍ പറയണം.

illustration by devaprakash
വരദേവപ്രകാശ്

''സീലിംഗ് മാറ്റണോ?''

''വേണം. ഇതു പഴയരീതിയാണ്. ചതുരത്തില്‍ ഇങ്ങനെ മുറി നിറഞ്ഞുനില്‍ക്കുന്നതല്ലാതെയുള്ള ഫാള്‍സ് സീലിംഗുകളുണ്ട്. നീ ആലോചിച്ചുനോക്ക്. ആളുകള്‍ ഒരുപാട് സമയം ബെഡ്ഡില്‍ കിടന്നു മുകളിലേയ്ക്കു നോക്കുന്നുണ്ട്. അങ്ങനെ കിടന്നു തമ്മില്‍ വര്‍ത്തമാനം പറയാറുണ്ട്.''

പക്ഷേ, അങ്ങനെ ചെയ്യുമ്പോള്‍ നോട്ടം സീലിംഗിലേക്കാണെങ്കിലും കാണുന്നത് പരസ്പരമല്ലേ എന്നു സംശയിച്ചുകൊണ്ട് അയാളത് ശരിവെച്ചു.

ആ വീട്ടിലെ രണ്ട് ബെഡ്‌റൂമുകളില്‍ ഒരെണ്ണം ഓഫീസ് മുറിപോലെയാണ് ക്രമീകരിച്ചിരുന്നത്. അവിടുത്തെ ഒരു ഭിത്തിയുടെ മുഴുവന്‍ ഉയരത്തിലും കബോര്‍ഡുണ്ട്. അതാണ് ജോലിക്കാര്‍ ആദ്യം കഷണം കഷണങ്ങളായി പൊളിച്ചുതുടങ്ങിയത്. കനം കുറഞ്ഞ പ്ലൈവുഡ്ഡിലും മള്‍ട്ടിവുഡ്ഡിലും തീര്‍ത്തതായതുകൊണ്ട് റീസൈക്കിള്‍ ചെയ്യാന്‍ പറ്റില്ല. എല്ലാംകൂടി അവസാനം വീടിന്റെ പിന്‍ഭാഗത്തിട്ട് കത്തിക്കാം. രാത്രി ചുറ്റുപാടുമുള്ളവര്‍ ഉറങ്ങിയശേഷം ചെയ്താല്‍ മതി. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകില്ല. ഇനിയും ഉപയോഗിക്കാത്ത കുറച്ച് വീട്ടുപകരണങ്ങള്‍ കവര്‍പോലും പൊട്ടിക്കാതെ മുകള്‍ത്തട്ടില്‍ ഇരിപ്പുണ്ടായിരുന്നു. പണിക്കാര്‍ അത് സൂക്ഷ്മതയോടെ എടുത്ത് നിലത്തുവെച്ചു. വീട്ടില്‍ കയറിത്താമസിച്ച ദിവസം സമ്മാനമായി ലഭിച്ചതാണ്. ഇത്തരം ഗിഫ്റ്റുകള്‍ പല പുതിയവീടുകള്‍ വഴി സഞ്ചരിച്ചു വന്ന് ഏറ്റവും പുരാതനമായിപ്പോയതാണെന്ന് പറഞ്ഞ് അയാളും ജുവാനും ചിരിച്ചു. വൈകുന്നേരമാകുമ്പോള്‍ പണിക്കാര്‍ക്ക് അത് സൗജന്യമായി കൊടുത്തുവിടാമെന്ന് അയാള്‍ മനസ്സില്‍ വിചാരിച്ചു. ഉള്ളില്‍ ഒന്നുമില്ലാത്തതിനാല്‍ കനം തോന്നാത്ത രണ്ട് ബാഗുകളും അവരെടുത്ത് പുറത്ത് വെച്ചിരുന്നു. രണ്ട്‌പേര്‍ ഒന്നിച്ച് യാത്രപോയതിന്റെ എയര്‍പോര്‍ട്ട് ടാഗുകള്‍ അതില്‍ കാണാം.

''നല്ലതാണ്. കളയേണ്ട. മാറ്റി എങ്ങോട്ടെങ്കിലും വെച്ചോ.''

ജുവാന്‍ പറഞ്ഞു.

''ഓ വേണ്ട.''

''എന്നാ ഞാന്‍ കൊണ്ടുപൊക്കോളാം. ചേച്ചിയുടെ മകള്‍ നഴ്സിംഗിനു പോകുന്നുണ്ട്. അവള്‍ക്കു കൊടുക്കാം.''

പൂട്ടുള്ള ഡ്രോയറില്‍ വ്യക്തിപരമായ കുറച്ചു രേഖകള്‍ സൂക്ഷിച്ചിരുന്നതെടുത്ത് അയാള്‍ കാറിലേയ്ക്കു മാറ്റി. പഴയതെന്തും തൂക്കിവാങ്ങുന്ന ഒരാള്‍ നാളെ എത്തും. പണമല്ല, അയാളൊരു ബുദ്ധിമുട്ട് ഒഴിവാക്കിത്തരുന്നെന്നതാണ് പ്രധാനം. അതിനായി അത്തരം സാധനങ്ങള്‍ തിണ്ണയില്‍ കൂട്ടിയിടാന്‍ ജുവാന്‍ തീരുമാനിച്ചു. മുറിയിലെ ഇരുമ്പ് ടേബിള്‍ മുകളിലെ അഞ്ചാറ് പുസ്തകങ്ങളടക്കം അങ്ങോട്ടേയ്ക്ക് മാറ്റി. അല്പനേരം കൊണ്ടുതന്നെ തിണ്ണയും അതിനോട് ചേര്‍ന്ന സ്ഥലവും നിറഞ്ഞു. ടി.വിയും ഡൈനിങ്ങ് ടേബിളും അഴിച്ചെടുത്ത് പുറത്തെത്തിച്ചു.

''ഇത് കിട്ടുന്നത് അവന് കോളാണ്.''

ഭക്ഷണമേശയെ ഉദ്ദേശിച്ച് പണിക്കാരന്‍ പറഞ്ഞു.

''വേണമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. അതങ്ങനെ ഉപയോഗിച്ചിട്ടേയില്ല. കിച്ചണില്‍ത്തന്നെ നിന്നു കഴിക്കുന്നതായിരുന്നു എനിക്കിഷ്ടം.''

''വേണ്ട. ഞങ്ങളുടേത് ചെറിയ മുറിയാണ്. ഇത്രയും വലുത് പറ്റില്ല.''

ഒത്തിരികാലത്തെ ഉപയോഗത്തിനായി നോക്കി വാങ്ങിയതായിരുന്നു അടുക്കളയിലെ ഉപകരണങ്ങള്‍. കിച്ചണ്‍ ക്യാബിനറ്റുകളില്‍ കലാമൂല്യമുള്ള വസ്തുക്കള്‍പോലെ ഭംഗിയുള്ള സ്പൂണുകളും ഫോര്‍ക്കുകളും തവികളും ഗ്ലാസ്സ് ഭരണികളും സ്റ്റീല്‍ കത്തികളും അടുക്കിയിരിക്കുന്നു. ഇപ്പോഴും തിളക്കമുള്ള സിങ്ക്. റാക്കുകളില്‍ അതിഥികള്‍ വരുമ്പോള്‍ മാത്രം പുറത്തെടുക്കാനുള്ള പല നിറങ്ങളിലുള്ള പ്ലേറ്റുകളും സ്ഫടിക ഗ്ലാസ്സുകളും സൂക്ഷിച്ചിരിക്കുന്നു. ടൗവ്വലുകള്‍ കുട്ടിയുടുപ്പുകള്‍പോലെ അലക്കിയുണക്കിയത് കയ്യെത്തുന്ന സ്ഥലത്തുണ്ട്. ഇത്രയും കാലം വെള്ളവും വളവും കിട്ടാഞ്ഞിട്ടും ഒരു ഇന്‍ഡോര്‍പ്ലാന്റ് ജനലിനോട് ചേര്‍ന്നു തളിര്‍ത്തുതന്നെ നില്‍പ്പുണ്ട്. എല്ലാ ഡ്രോയറുകളും ജുവാന്‍ വേഗത്തില്‍ തുറന്നു പരിശോധിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ക്ക് അനുവാദമില്ലാതെ വേണ്ടപ്പെട്ടവരുടെ ദേഹത്ത് സ്പര്‍ശിക്കുന്നവരോടെന്നപോലെ കാര്യമില്ലാത്ത ദേഷ്യം ഒരു നിമിഷം തോന്നി. വ്യര്‍ത്ഥമായതെന്നു തിരിച്ചറിഞ്ഞ് അയാളാ വികാരം ഉടനെത്തന്നെ മനസ്സില്‍നിന്നു കളഞ്ഞു.

അതില്‍നിന്നു തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നു തോന്നിയതൊക്കെ പണിക്കാര്‍ രണ്ട് ചാക്കുകളിലായി നിറച്ചു. കരുതലില്ലാതെ വാരിയും പെറുക്കിയുമിടുമ്പോള്‍ അതൊക്കെ തമ്മിലിടഞ്ഞ് വല്ലാത്ത ശബ്ദമുണ്ടാക്കി. ചിലതൊക്കെ ഉടഞ്ഞുപോകാതെ ശ്രദ്ധിക്കാന്‍ പറയണമെന്ന് അയാള്‍ക്കു തോന്നി. പിന്നെ, ഇതൊക്കെ കണ്ടുനില്‍ക്കുന്നതെന്തിനെന്നു ചിന്തിച്ച് വേറൊരിടത്തേയ്ക്കു മാറി. എങ്കിലും അവരാ പ്രവൃത്തി നിര്‍ത്തിക്കഴിഞ്ഞിട്ടും ഒത്തിരി നേരത്തേയ്ക്ക് അയാളുടെ ചെവികള്‍ ആ ശബ്ദം വെറുതേ കേട്ടുകൊണ്ടിരുന്നു. അടുക്കളത്തട്ടുകളായിരുന്നു ഏറ്റവും നല്ല മെറ്റീരിയലിലും ഉറപ്പിലും നിര്‍മിച്ചവ. അനായാസം അതൊന്നും ഭിത്തിയില്‍നിന്നു വിട്ടുപോന്നില്ല. ഡ്രില്ലറും ചുറ്റികകളും പ്രയോഗിച്ചപ്പോള്‍ ആഴത്തില്‍ പാടുകളുണ്ടാക്കിക്കൊണ്ട് അടര്‍ന്നുപോരുകയാണ് ചെയ്തത്. ആറുമാസം മുന്‍പ് ബാക്കിയായ സുഗന്ധദ്രവ്യങ്ങളും പൊടികളും പലവ്യഞ്ജനങ്ങളും തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായി കഴിഞ്ഞിരുന്നു. പണിക്കാരിലൊരുവന്‍ അതെല്ലാം വീടിനു പിന്നില്‍ കത്തിക്കാനായി വളര്‍ന്നുവരുന്ന കൂനയിലേയ്ക്ക് കുടഞ്ഞു. കമിഴ്ത്തിക്കളയുമ്പോള്‍, മഞ്ഞപ്പൂക്കളുടെ ചിത്രമുള്ള ഉപ്പുപാത്രത്തിനുള്ളില്‍ അതു നുള്ളിയെടുത്ത വിരലുകളുടെ അടയാളമുണ്ടായിരുന്നു.

''വെറുതേ നില്‍ക്കാതെ നീയൂടെ വന്ന് പിടിച്ചേ...''

റഫ്രിജറേറ്റര്‍ ചെരിയാതെ കരുതലോടെ പുറത്തേക്കിറക്കേണ്ടതുകൊണ്ട് ജുവാന്‍ അയാളേയും സഹായത്തിനു വിളിച്ചു. അതിനുള്ളില്‍ കാര്യമായൊന്നുമില്ലായിരുന്നു. കുറച്ചധികം തക്കാളി മാത്രം പ്ലാസ്റ്റിക് കൂടില്‍ കെട്ടി സൂക്ഷിച്ചത് ചുളുങ്ങിയും നിറം പാടേ മാറിയും ഫ്രീസറിലുണ്ട്.

''ഹ ഹ ഇവിടെ മൂന്നുനേരോം തക്കാളിക്കറിയാരുന്നോ?''

അവന്‍ എ.സിയിലും നന്നായി വിയര്‍ത്തതിന്റെ ക്ഷീണം മാറ്റാന്‍ തമാശ പറഞ്ഞു.

''ഏയ്, പിറകിലത്തെ സ്ഥലത്ത് ഉണ്ടായതാണ്. ഒന്നിച്ച് പഴുത്തു കിട്ടുമ്പോള്‍ സൂക്ഷിച്ചുവെക്കാറുണ്ടായിരുന്നു.''

''ഞാനും പറമ്പില്‍ നട്ടുനോക്കിയിട്ടുണ്ട്. ഒന്നും കിട്ടിയില്ല. നമ്മളെപ്പോഴും കൂടെനിന്നു പരിചരിച്ചില്ലെങ്കില്‍ കാര്യമില്ല. തഴച്ചുനിന്ന ചെടിയൊക്കെ പെട്ടെന്നൊരു ദിവസം കരിഞ്ഞുനില്‍ക്കുന്നതു കാണാം.''

താനല്ല അതൊക്കെ നട്ടതെന്നു പറയാതെ അയാള്‍ അവരോടൊപ്പം ചേര്‍ന്നു ജീവനുള്ളതിനെയെന്നപോലെ ശ്രദ്ധയോടെ ആ ഉപകരണം പുറത്തേക്കെടുത്തു.

ഓര്‍ഡര്‍ ചെയ്ത ഉച്ചഭക്ഷണം വളരെ താമസിച്ചാണെത്തിയത്. അപ്പോഴേയ്ക്കും അവരുടെ ജോലി കിടപ്പുമുറിവരെ എത്തിയിരുന്നു. ഫോം ബെഡ് വശത്തേക്ക് മാറ്റി ഭിത്തിയില്‍ ചാരിവെച്ചശേഷം പണിക്കാര്‍ കട്ടിലിലിരുന്ന് ആഹാരം പ്ലേറ്റുകളിലേയ്ക്ക് പകര്‍ന്നു കഴിച്ചു. അതിഥികള്‍ക്കായി പ്രത്യേകം സൂക്ഷിച്ചുവെച്ച് ഒരിക്കലും ഉപയോഗിക്കാതെ പോയതായിരുന്നു ആ പാത്രങ്ങള്‍. എന്തൊരു വലിപ്പമാണീ കട്ടിലിനെന്ന് അത്ഭുതപ്പെട്ടുകൊണ്ട് അവര്‍ കടിച്ചീമ്പിയ മീന്‍മുള്ളും മുരിങ്ങക്കോലും അവിടെത്തന്നെ വെച്ചു. അവര്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ഉത്സാഹിയായ ഗൃഹനാഥനായി മാറി അയാള്‍ അടുക്കളയിലേയ്ക്ക് വേഗത്തില്‍ നടന്നു. ആരോട് വെള്ളം തരാനാവശ്യപ്പെടാനാണ് താനിവിടെവരെ എത്തിയതെന്നു സംശയിച്ച് അവിടെ ഒരു നിമിഷം നിന്നു. ശേഷം തനിയേ പാത്രത്തില്‍ പകര്‍ന്നെടുത്തു.

''ഇപ്പോ മോഡുലാര്‍ കിച്ചനാണ് നല്ലത്. സ്ലാബുകള്‍ വാര്‍ത്ത് അതില്‍ കബോര്‍ഡ് പിടിപ്പിക്കുന്ന പരിപാടിയൊക്കെ മാറി.''

ലിവിങ് റൂമിലും മുറികളിലുമായി നടന്നു ഭക്ഷണം കഴിച്ചുകൊണ്ട് ജുവാന്‍ പറഞ്ഞു.

''കോണ്‍ക്രീറ്റ് മാറ്റാനിത്തിരി പാടാണ്. എന്നാലും വേണമെങ്കില്‍ നമുക്കങ്ങനെ ചെയ്യാം.''

വലിയ ഇരുമ്പുകൂടം ഉപയോഗിച്ച് പണിക്കാര്‍ അടുക്കള സ്ലാബുകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യം അയാള്‍ ഭാവനചെയ്തു നോക്കി. അങ്ങനെയെങ്കില്‍ മുഴുവന്‍ വീടും കുലുങ്ങും. ചിലപ്പോള്‍ ക്ഷതമേല്‍ക്കും.

''വേണ്ട.''

അയാള്‍ തീര്‍ത്ത് മറുപടി നല്‍കി.

illustration by devaprakash
വരദേവപ്രകാശ്

പൊളിച്ചു തുടങ്ങുംമുന്‍പ് കിടപ്പുമുറിയിലെ കബോര്‍ഡ് അയാള്‍ രഹസ്യം സൂക്ഷിക്കാനുള്ളതുപോലെ പകുതിമാത്രം തുറന്നു. അവിടെ നന്നായി അടുക്കിയ, അല്ലെങ്കില്‍ ഹാംഗറുകളില്‍ തൂക്കിയ അയാളുടേതല്ലാത്ത എല്ലാത്തരം വസ്ത്രങ്ങളുമുണ്ടായിരുന്നു. പ്രായേണ രഹസ്യമാക്കി സൂക്ഷിക്കുന്ന പലതുമുണ്ടായിരുന്നു.

''ഞാന്‍ മാറ്റിക്കോളാം.''

അയാള്‍ അവരോട് ക്ഷമാപണംപോലെ പറഞ്ഞു. അതൊക്കെ എന്തുചെയ്യണമെന്ന തീര്‍പ്പില്ലായ്മ അയാള്‍ക്കുള്ളപോലെ തോന്നി. അതറിഞ്ഞപോലെ അവര്‍ വേറെ ജോലികളിലേയ്ക്ക് ശ്രദ്ധതിരിച്ചു. അയാള്‍ തുണികള്‍ ആവുന്നത്ര കൈകളില്‍ വാരിയെടുത്തു. ധൃതിപിടിച്ചും പരിഭ്രമത്തോടെയും ചെയ്തതുകൊണ്ട് ആ കൂമ്പാരം തോളും കടന്ന് മുഖത്തേക്കും തലയ്ക്കുമുകളിലേക്കുമെത്തി മുന്നിലെ നേര്‍ക്കാഴ്ച വിലങ്ങി. എങ്കിലും തപ്പിയും തിരഞ്ഞും അയാള്‍ പരിചിതമായ വാതില്‍പ്പടി കടന്നു. പക്ഷേ, ഡൈനിങ് ഏരിയ കുറുകെ നടന്ന് സിറ്റൗട്ടിലേയ്ക്കും മുറ്റത്തേക്കും തുറക്കുന്ന കട്ടിളപ്പടിയില്‍ തങ്ങിത്തടഞ്ഞുനിന്നു. അകത്തേക്കാണ് ആ അയഞ്ഞ വസ്ത്രക്കൂനയുടെ ആകര്‍ഷണമെന്നു തോന്നി. ബലമായി അവിടം കടക്കുമ്പോള്‍ കണ്ണിലേയ്ക്ക് വീണ്ടും വീണ തുണികളില്‍നിന്ന് ഏറെ പരിചിതമായ ഒരു മണം ഒരുപാട് അകലെനിന്നെന്നപോലെ അയാള്‍ക്കു കിട്ടി. അലമാരയുടെ തിങ്ങിയ ഗന്ധത്തിനും മുറ്റത്തെ തെളിഞ്ഞ വായുവിനും മുകളില്‍ അതു ശ്വസിച്ചുകൊണ്ട് അയാള്‍ വീടിന്റെ പിന്‍ഭാഗത്തേയ്ക്ക് നടന്നു. യാത്രയ്ക്കിടെ കാറ്റുപിടിച്ച വാഹനംപോലെ അയാള്‍ ഇടയ്‌ക്കൊന്ന് ഉലഞ്ഞതായി തോന്നി. ദൂരം തീരുന്നില്ലല്ലോ എന്നു ചിന്തിക്കുകയും ചെയ്തു.

തിരികെവന്ന് അയാള്‍ ബാത്ത്റൂമിലേക്കാണ് പോയത്. പണിക്കാര്‍ പലതവണ കയറിയിറങ്ങി അവിടം അലങ്കോലമാക്കിയിരുന്നു. അവരുടെ കാലുകളിലെ കറുത്ത ചെളി ഗ്രിപ്പുള്ള ടൈലുകളില്‍ കുഴഞ്ഞുകിടപ്പുണ്ട്. ഒഴിവാക്കേണ്ട ബാത്ത്റൂം ഫിറ്റിംഗ്സുകളെ അയാള്‍ ശ്രദ്ധിച്ചു. ഉടനെ മാറ്റേണ്ട ടാപ്പില്‍നിന്നു വെള്ളം കൈകളില്‍ വാങ്ങി ഉടനെ മാറ്റേണ്ട വാഷ്ബേസിനില്‍ മുഖം കഴുകി. അതിനിടെ അയാള്‍ ഉടനെത്തന്നെ നീക്കം ചെയ്യാന്‍ പോകുന്ന മുന്നിലെ നിലക്കണ്ണാടിയിലേക്കും നോക്കുന്നുണ്ടായിരുന്നു. നെറ്റിയിലണിയുന്ന, പലനിറത്തിലുള്ള നാലഞ്ച് പൊട്ടുകള്‍ അതിന്മേല്‍ ഒട്ടിച്ചിട്ടുണ്ട്. അയാള്‍ അതില്‍ പ്രതിഫലിച്ച സ്വന്തം മുഖം ശ്രദ്ധിച്ചില്ല.

കട്ടില്‍ പുറത്തേയ്ക്കിറക്കാനായിരുന്നു അവര്‍ വളരെയേറെ ബുദ്ധിമുട്ടിയത്. വലിപ്പക്കൂടുതലും ക്രാസികളുടെ പ്രത്യേക രൂപവും കാരണമാകണം അതു വാതില്‍ കടന്നുകിട്ടിയില്ല. ചെരിച്ചും കോണോടുകോണ്‍ നീക്കിയും അവര്‍ പലരീതികള്‍ നോക്കി. സമയം മുന്നോട്ടു പോയപ്പോള്‍ ജുവാന് ദേഷ്യം വന്നു.

''മാറി നില്‍ക്ക്, ഞാന്‍ നോക്കട്ടെ. അകത്തേക്ക് കയറ്റിയതാണെങ്കില്‍ പുറത്തേക്കുമിറക്കാന്‍ പറ്റേണ്ടതാണ്.''

എന്നാല്‍, കൂടുതല്‍ ശ്രമിച്ചപ്പോള്‍ കട്ടില്‍ ഭാഗങ്ങള്‍ തട്ടി ഭിത്തിയുടെ മൂലകള്‍ അടര്‍ന്നു. വാതിലിന്റെ വിജാഗിരി പൊട്ടി.

''എന്തിനാണ് നമ്മളിത്ര പാടുപെടുന്നത്. ഇതു കൊള്ളാവുന്ന തടിയല്ല. ഇവനിത് ഇനി ഉപയോഗിക്കാനും പോകുന്നില്ല.''

ജുവാന്‍ പറഞ്ഞു.

പണിക്കാര്‍ അപ്പോള്‍ അതിന്റെ മുറുകിയുറച്ചുപോയ കാലുകള്‍ ഇളക്കിയെടുക്കാന്‍ നോക്കി. പറ്റാഞ്ഞപ്പോള്‍ ഒടിച്ചെടുത്തു.

''ശവമഞ്ചംപോലുണ്ട്.''

കാലില്ലാത്ത കട്ടില്‍ഭാഗവും തോളില്‍ ചുമന്നു മുറ്റംവഴി പിന്നിലേക്ക് പോകുന്ന പണിക്കാരെ നോക്കി അവന്‍ വീണ്ടും തമാശ പറഞ്ഞു.

illustration by devaprakash
വരദേവപ്രകാശ്

ജോലി ഏതാണ്ട് ഒതുക്കി അവര്‍ പുറത്തിറങ്ങുമ്പോഴേക്കും സന്ധ്യയായിരുന്നു. ജുവാന്‍ പണിക്കാരേയും കൂട്ടി തന്റെ കാറില്‍ പുറപ്പെട്ടു. അതിനുമുന്‍പ് ഒരുതവണ അവന്‍ എന്തോ ചോദിക്കാനോങ്ങി വേണ്ടെന്നുവെച്ചിരുന്നു. ഗേറ്റടച്ച് അയാള്‍ പിന്നാലേയും ഇറങ്ങി. പ്രധാന റോഡിലെത്തി ജുവാന്റെ കാര്‍ മുന്നില്‍ അപ്രത്യക്ഷമായപ്പോള്‍ അയാള്‍ ഒരു ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടിയൊതുക്കി.

മോശം സംഗീതത്താലും ജീവിതത്താലും നിറഞ്ഞതായിരുന്നു ആ മദ്യശാലയ്ക്കകം. കൗണ്ടറില്‍നിന്ന് ഒരു പെഗ്ഗ് ഓര്‍ഡര്‍ ചെയ്ത് അയാള്‍ ചുറ്റുമുള്ളവരെ നോക്കി. എല്ലാവരും മദ്ധ്യവയസ്സെത്തിയവര്‍, ആരോഗ്യം തോന്നിക്കാത്തവര്‍, വിളറിയവര്‍, കണ്ണുകളില്‍ പ്രത്യേകിച്ചൊന്നും ഇല്ലാത്തവര്‍. പറഞ്ഞുതീരുന്ന നിമിഷത്തില്‍ത്തന്നെ മറന്നുപോകുന്ന സംസാരങ്ങളിലാണവര്‍.

''നശിച്ച ദ്രാവകം.''

അയാള്‍ അങ്ങനെ മനസ്സില്‍ പറഞ്ഞു, പണം നല്‍കിയശേഷം മദ്യപിക്കാതെ പുറത്തേക്കിറങ്ങി. വാഹനം എടുക്കാതെ, വന്ന വഴിയേത്തന്നെ തിരികെ നടന്നു. ഒരുപോലെ നിര്‍മിച്ച ആ പതിനഞ്ച് വീടുകളുടെ കൂട്ടത്തിനോട് വീണ്ടും അടുക്കുമ്പോഴേക്കും നന്നായി ഇരുട്ടിയിരുന്നു. താമസക്കാരുള്ളവ വെളിച്ചത്തിലും അല്ലാത്തവ ഇരുട്ടിലും മുങ്ങിക്കിടന്നു. ഒരു രഹസ്യക്കാരനെപ്പോലെയാണോ തന്റെ വരവെന്നു സംശയിച്ച് നല്ല ശബ്ദമുണ്ടാക്കിത്തന്നെയാണ് അയാള്‍ ഗേറ്റ് തുറന്നത്. തിണ്ണയില്‍ കൂട്ടിയിട്ട, ഒരു ദിവസംകൊണ്ട് ആക്രിയായി മാറിയ സാധനങ്ങള്‍ക്കിടെ വഴിയുണ്ടാക്കി പ്രധാന വാതിലില്‍ താക്കോല്‍ തിരിച്ചു. അകത്തുകയറി മൊബൈലിലെ ടോര്‍ച്ച് തെളിച്ചു. അത്രയും ഇരുട്ടില്‍ അതിനു നല്ല വെളിച്ചമുണ്ടെന്നു തോന്നി.

അയാള്‍ ഓരോ മുറികളിലും സമയമെടുത്ത് നടന്നുനോക്കി. ചേര്‍ത്തുപണിത നിര്‍മിതികള്‍ ബലമായി പറിച്ചെടുത്തതുകാരണം വ്രണപ്പെട്ട ഭിത്തികള്‍ക്കിടയിലെ ഒന്നുമില്ലായ്മ ശ്രദ്ധിച്ചുകണ്ടു. അകത്തൊന്നുമില്ലാത്ത കെട്ടിടങ്ങള്‍ ശബ്ദത്തെ പലമടങ്ങായി കേള്‍പ്പിക്കും. അയാളുടെ നടപ്പിന്റെ ഒച്ച അവിടെ മുഴങ്ങി. ശൂന്യസ്ഥലത്തിനു കാന്തശക്തിയുണ്ട്. അയാളാ വലയത്തില്‍ക്കൂടി കാലുകളും ശരീരവും നീക്കി. ഇപ്പോള്‍ ഇതാണെന്റെ വീട്, ഇന്നിവിടെ രാത്രി കഴിക്കാം എന്നു ചിന്തിച്ചു.

പുറത്ത് മഴപെയ്യുന്ന ആരവം കേട്ട് അയാള്‍ ഏറ്റവും പിന്നിലെ വാതില്‍ തുറന്നു. അവിടെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ സമാധാനത്തോടെ ഇരിക്കാവുന്ന ഒരു ചെറിയ തിണ്ണയുണ്ട്. രാവിലെ ആ ഭാഗത്തേയ്ക്ക് പണിക്കാരുടേയും നോട്ടം എത്തിയിരുന്നില്ല. അല്ലെങ്കിലും അവിടെ ഒഴിവാക്കാനുള്ളത് ഒന്നുമില്ല. ആ ഭിത്തിയില്‍ ചാരി വെളിച്ചത്തിലേയ്ക്ക് നോക്കി തണുത്ത ഗ്രാനൈറ്റ് തറയില്‍ ഇരിക്കാറുണ്ടായിരുന്നത് അയാളോര്‍ത്തു. അപ്പോള്‍ വീടിനു പിന്നില്‍ അല്പമാത്രമായ സ്ഥലത്തെ ചെറിയ പച്ചക്കറിത്തോട്ടവും മതിലും മാത്രം കാണാം. പുറത്തിറങ്ങാന്‍ തീര്‍ത്തും പറ്റാതായ കുറച്ചുമാസങ്ങള്‍ പകലും രാത്രിയും അവിടെയിരുന്ന് സംസാരത്തിലും മൗനത്തിലും സമയം നീക്കിയിരുന്നു. തുടര്‍ച്ചയായി തലയുടെ പിന്‍ഭാഗം ചാരിയുണ്ടായ രണ്ട് പാടുകള്‍ ഇപ്പോളും ഭിത്തിയിലുള്ളത് ശ്രദ്ധിച്ച് അയാളൊന്നു പുഞ്ചിരിച്ചതായി തോന്നി. കത്തിക്കാനായി പുറത്തുകൂട്ടിയിട്ടവയുടെ കാര്യം അയാളപ്പോള്‍ ഓര്‍ത്തു. നന്നായി നനഞ്ഞതുകൊണ്ട് ഉടനെയൊന്നും അതിനു തീപിടിക്കാന്‍ പോകുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com