നാട്‌സി ജര്‍മനിയില്‍നിന്നു കമ്യൂണിസ്റ്റ് ചൈനയിലേക്ക്

ഒസീറ്റ്‌സ്‌കിയെ തേടിയെത്തിയ അതേ ദുരന്തം ലിയു സിയാബോ എന്ന ചൈനീസ് പൗരനുണ്ടായപ്പോഴാണ് അദ്ദേഹത്തെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഓര്‍ത്തത്.
നാട്‌സി ജര്‍മനിയില്‍നിന്നു കമ്യൂണിസ്റ്റ് ചൈനയിലേക്ക്

എട്ടു പതിറ്റാണ്ടോളം മുന്‍പ് അന്തരിച്ച കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കി എന്ന ജര്‍മന്‍ പൗരന്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അനുസ്മരിക്കപ്പെട്ടു. ഒസീറ്റ്‌സ്‌കിയെ തേടിയെത്തിയ അതേ ദുരന്തം ലിയു സിയാബോ എന്ന ചൈനീസ് പൗരനുണ്ടായപ്പോഴാണ് അദ്ദേഹത്തെ മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഓര്‍ത്തത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയവരാണ് കാള്‍ വോണും സിയാബോവും. കാള്‍ വോണ്‍ പുരസ്‌കാരത്തിനു അര്‍ഹനായത് 1935-ല്‍. നാട്‌സി തലവന്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ തേര്‍വാഴ്ച നടത്തുന്ന കാലമായിരുന്നു അത്. സ്വേച്ഛാധിപത്യ വിരുദ്ധനും യുദ്ധവിരുദ്ധനും സമാധാന കാംക്ഷിയുമായ കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കി ഹിറ്റ്‌ലറുടെ നയ-ചെയ്തികളുടെ രൂക്ഷവിമര്‍ശകനായിരുന്നു. മറ്റെല്ലാ വിമര്‍ശകര്‍ക്കുമെന്നപോലെ ഒസീറ്റ്‌സ്‌കിക്കും ചാന്‍സലര്‍ ഹിറ്റ്‌ലര്‍ 'സമ്മാനിച്ചത്' കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ ദുരിതജീവിതം തന്നെ.

നൊബേല്‍ സമ്മാന പ്രഖ്യാപനം വന്നപ്പോള്‍ കെ.സെഡ്ഡ്. എസ്‌റ്റെവെഗന്‍ എന്നു പേരുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ഒസീറ്റ്‌സ്‌കി. സമ്മാനം സ്വീകരിക്കുന്നതിനു ഓസ്‌ലോയിലേക്കു പോകാനുള്ള അനുവാദം നാട്‌സി ഭരണകൂടം അദ്ദേഹത്തിനു നല്‍കിയില്ല. തന്നെയുമല്ല, ക്ഷയരോഗബാധിതനായ അദ്ദേഹത്തിനു വിദഗ്ദ്ധ ചികിത്സയും നിഷേധിക്കപ്പെട്ടു. ഒടുവില്‍, 1938 മെയ് നാലിനു നാട്‌സിയുടെ രഹസ്യ പൊലീസ് വിഭാഗമായ ഗെസ്റ്റപ്പോയുടെ തോക്കിന്‍ കുഴലുകള്‍ക്കു കീഴെ ഒരു ആശുപത്രിയിലാണ് ആ സമാധാനവാദി അന്ത്യശ്വാസം വലിച്ചത്.

ഏറെക്കുറെ സമാനമായ അനുഭവമത്രേ ലിയു സിയാബോയ്ക്കുമുണ്ടായത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍വിലാസത്തില്‍ ചൈനയില്‍ നടക്കുന്ന ഭരണത്തിന്റെ സ്വേച്ഛാധിപത്യപരതയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ മൂന്നു ദശാബ്ദക്കാലമായി പോരാടിക്കൊണ്ടിരുന്ന ആക്ടിവിസ്റ്റാണ് സിയാബോ. 1989-ല്‍ ബെയ്ജിംഗിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ജനാധിപത്യമൂല്യങ്ങള്‍ക്കുവേണ്ടി പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ഒപ്പം നിന്ന വ്യക്തിയാണ് അദ്ദേഹം.

ആ പ്രക്ഷോഭത്തെ ടാങ്കുകള്‍ കൊണ്ടും വെടിയുണ്ടകള്‍ കൊണ്ടുമാണ് ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം നേരിട്ടത്. 1989 ജൂണ്‍ മൂന്നിനു നടന്ന ആ സൈനിക നടപടിയില്‍ നൂറുകണക്കിനു യുവതീയുവാക്കള്‍ പിടഞ്ഞു മരിച്ചു. കമ്യൂണിസത്തിന്റെ മറവില്‍ നഗ്നമായ പാര്‍ട്ടി സ്വേച്ഛാധിപത്യമാണ് ചൈനയില്‍ അരങ്ങുവാഴുന്നത് എന്ന സത്യം തുറന്നുകാട്ടിയ സിയാബോ അന്നും അതില്‍ പിന്നീട് 1996-ലും തുറുങ്കിലടയ്ക്കപ്പെട്ടു. ജനാധിപത്യത്തിനു യാതൊരു പഴുതുമില്ലാത്ത ഏകകക്ഷി സമ്പ്രദായത്തിലടങ്ങിയ ബഹുജനവിരുദ്ധത അനാവൃതമാക്കുകയും ആ ഹീനസമ്പ്രദായം അവസാനിപ്പിക്കുമെന്നു പറയുകയും ചെയ്തതിനായിരുന്നു 1996-ല്‍ അദ്ദേഹം ശിക്ഷിക്കപ്പെട്ടത്.

തടവറ ഭയന്നു പിന്മാറാന്‍ തയ്യാറായിരുന്നില്ല ലിയു സിയാബോ. ജനങ്ങളുടെ ജന്മാവകാശമാണ് സ്വാതന്ത്ര്യം എന്ന തത്ത്വം ഉയര്‍ത്തിപ്പിടിച്ച ആ മനുഷ്യസ്‌നേഹി ഭരണകൂടത്തിന്റെ നിഷ്ഠുര മര്‍ദ്ദനത്തെ തെല്ലും കൂസാതെ മുന്നോട്ടു പോയി. രാജ്യത്തിന്റെ ഭരണഘടന ജനാധിപത്യ മൂല്യങ്ങള്‍ക്ക് അനുസൃതമായി പൊളിച്ചെഴുതണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ജുഡീഷ്യറിക്കു പകരം സ്വതന്ത്ര ജുഡീഷ്യറിയുടെ അനുപേക്ഷണീയതയില്‍ അദ്ദേഹം വിരലൂന്നി. ആശയപ്രകാശന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഭരണകൂടം മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്നും സിയാബോ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.

സമഗ്രാധിപത്യവാദികളായ ഭരണകര്‍ത്താക്കളെ അരിശം കൊള്ളിക്കുന്നതായിരുന്നു ലിയുവിന്റെ ഓരോ വാക്കും. വാക്കുകളെ വാക്കുകള്‍ കൊണ്ടു നേരിടുന്നതിനു പകരം തോക്കുകള്‍കൊണ്ടു മാത്രം നേരിട്ടു പരിചയമുള്ള ഭരണാധികാരികള്‍ അദ്ദേഹത്തെ 2011-ല്‍ വീണ്ടും ജയിലില്‍ തള്ളി. ഇക്കുറി 11 വര്‍ഷത്തെ തടവുശിക്ഷയാണ് കമ്യൂണിസ്റ്റ് ചൈന സിയാബോയ്ക്കു നല്‍കിയത്.

അതിനു തൊട്ടുമുന്‍പു 2010-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആ ജനാധിപത്യ പ്രേമിയെ തേടിയെത്തിയിരുന്നു. പക്ഷേ, നാട്‌സി ജര്‍മനിയില്‍ കാള്‍ വോണ്‍ ഒസീറ്റ്‌സ്‌കിക്കുണ്ടായ അതേ വിധി തന്നെ സ്വന്തം നാട്ടില്‍ സിയാബോയ്ക്കുമുണ്ടായി. പുരസ്‌കാരം കൈപ്പറ്റാന്‍ ഓസ്‌ലോയിലേയ്ക്കു പോകുന്നതിനു ഭരണകൂടം അദ്ദേഹത്തെ അനുവദിച്ചില്ല. പുരസ്‌കാരദാനച്ചടങ്ങില്‍ ഒഴിഞ്ഞ കസേരയായിരുന്നു സിയാബോയെ പ്രതിനിധീകരിച്ചത്. അര്‍ബുദബാധിതനായ അദ്ദേഹത്തിനു ചൈനയ്ക്കു വെളിയില്‍ ചികിത്സ തേടാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. ഒടുവില്‍ ഇക്കഴിഞ്ഞ ജൂലൈ 13-നു തടവുപുള്ളിയായിത്തന്നെ അദ്ദേഹം മരണമടഞ്ഞു.

ജര്‍മനിയിലെ നാട്‌സി ഭരണകൂടത്തിന്റെ അതേ ശൈലിയില്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റ് ചൈനയും പെരുമാറി? ജനാധിപത്യാവകാശങ്ങള്‍ക്കുവേണ്ടി നാവും തൂലികയും ചലിപ്പിച്ച സിയാബോയെ എന്തിനു ഭരണകൂടം കാരാഗൃഹത്തിലടച്ചു? രോഗം തളര്‍ത്തിക്കൊണ്ടിരുന്ന ആ മനുഷ്യനു രാജ്യത്തിനു പുറത്തു ചികിത്സ നടത്താനുള്ള അവസരവും സ്വാതന്ത്ര്യവും എന്തുകൊണ്ടു നല്‍കപ്പെട്ടില്ല? നാട്‌സിസവും കമ്യൂണിസവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നാണോ നാം മനസ്സിലാക്കേണ്ടത്? 
ഈ ചോദ്യങ്ങള്‍ കമ്യൂണിസ്റ്റ് ചൈനയെ മാത്രം മുന്‍നിര്‍ത്തി ഉന്നയിക്കേണ്ടവയല്ല. ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് രാഷ്ട്രമായ സോവിയറ്റ് യൂണിയന്‍ തൊട്ട് ഇപ്പോള്‍ നിലവിലുള്ള മറ്റു കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളെക്കൂടി മുന്‍നിര്‍ത്തി ഉന്നയിക്കപ്പെടേണ്ടവയാണ് പ്രസ്തുത ചോദ്യങ്ങള്‍. സമഗ്രാധിപത്യപരത കമ്യൂണിസത്തിന്റെ അവിച്ഛിന്നാംശമാണ് എന്ന മട്ടിലാണ് എല്ലായിടങ്ങളിലുമുള്ള (ഉണ്ടായിരുന്ന) കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരണം നടത്തിയത്.

മാര്‍ക്‌സോ എംഗല്‍സോ വിഭാവനം ചെയ്തിട്ടില്ലാതിരുന്ന ഈ സ്ഥിതിവിശേഷം എങ്ങനെ വന്നുപെട്ടു? 'ലെനിന്റെ ധര്‍മ്മസങ്കടങ്ങള്‍' (The Dilemmas of Lenin) എന്ന ശീര്‍ഷകത്തില്‍ താരിഖ് അലി എഴുതിയ ഏറ്റവും പുതിയ പുസ്തകത്തില്‍ ഈ ചോദ്യത്തിനുള്ള മറുപടി എന്നു പറയാവുന്ന ചില നിരീക്ഷണങ്ങളുണ്ട്. 1924-ല്‍ തന്റെ 54-ാമത്തെ വയസ്സില്‍ ലെനിന്‍ മൃതിയടഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് അപ്രമാദിത്വമില്ലെന്നും അവര്‍ക്കു തെറ്റുപറ്റാമെന്നും തെറ്റുകള്‍ തിരുത്തിവേണം മുന്നോട്ടു പോകേണ്ടതെന്നുമുള്ള തെളിഞ്ഞ വീക്ഷണമുണ്ടായിരുന്ന ലെനിന്‍ അഞ്ചുവര്‍ഷം കൂടിയെങ്കിലും ജീവിച്ചിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നത്രേ താരിഖ് അലി എഴുതുന്നത്. ലെനിനുശേഷം വന്ന സ്റ്റാലിന് ആ വീക്ഷണമുണ്ടായിരുന്നില്ല. താന്‍ മാത്രമാണ് ശരി എന്നും അതംഗീകരിക്കാത്തവര്‍ ഉന്മൂലനം ചെയ്യപ്പെടണമെന്നുമുള്ളതായിരുന്നു സ്റ്റാലിനിസ്റ്റ് സമീപനം. വിമതശബ്ദം അദ്ദേഹം അടിച്ചമര്‍ത്തി. പിന്നീടു വന്ന ക്രൂഷ്‌ചേവിനെപ്പോലുള്ളവര്‍ ലെനിനെയല്ല, സ്റ്റാലിനെയാണ് പിന്തുടര്‍ന്നത്.

എന്നുവെച്ചാല്‍, മാര്‍ക്‌സിസത്തിനും ലെനിനിസത്തിനും പകരം 1924 തൊട്ട് സോവിയറ്റ് യൂണിയനില്‍, പില്‍ക്കാലത്ത് ജര്‍മനിയില്‍ ഉയര്‍ന്നുവന്ന നാട്‌സിസത്തിന്റെ സ്വഭാവവിശേഷമുള്ള സ്റ്റാലിനിസം രംഗം കൈയടക്കി. പിന്നീട് നിലവില്‍ വന്ന ചൈനയടക്കമുള്ള എല്ലാ കമ്യൂണിസ്റ്റ് (സോഷ്യലിസ്റ്റ്) രാഷ്ട്രങ്ങളും സ്റ്റാലിനിസ്റ്റ് ശൈലിയാണ് മാതൃകയാക്കിയത്. മാര്‍ക്‌സിസത്തിനും ലെനിനിസത്തിനും അവധി നല്‍കുകയും എതിര്‍ സ്വരങ്ങളെ പൊറുപ്പിക്കാത്തതും ജനാധിപത്യമൂല്യങ്ങള്‍ക്കു തരിമ്പും വിലകല്‍പ്പിക്കാത്തതുമായ രാഷ്ട്രീയപാത എല്ലായിടത്തും പിന്തുടരപ്പെടുകയും ചെയ്തു. തൊഴിലാളികളുടെ (സാമാന്യ ജനങ്ങളുടെ) ആധിപത്യത്തിന്റെയല്ല, പാര്‍ട്ടി മേധാവികളുടെ സര്‍വ്വാധിപത്യത്തിന്റെ മറുപേരാണ് കമ്യൂണിസം എന്ന നിലവന്നു.

1930-കൡല നാട്‌സി ജര്‍മനിയുടെ അതേ രാഷ്ട്രീയശീലം മുന്‍പെന്നപോലെ ഇപ്പോഴും ചൈനയില്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കമ്യൂണിസ്റ്റ് മേലങ്കിയിട്ട ഹിറ്റ്‌ലറിസം ആ രാജ്യത്തു പോറലൊട്ടും തട്ടാതെ നിലവിലിരിക്കുന്നു എന്നാണര്‍ത്ഥമാക്കേണ്ടത്. ലിയു സിയാബോ എന്ന ജനാധിപത്യോപാസകന്‍ ജീവിച്ചുതീര്‍ത്ത മഹാദുരന്തത്തിനു സാക്ഷികളായിട്ടും നമ്മുടെ നാട്ടിലെ മുഖ്യധാര കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മൗനമവലംബിക്കുകയാണ്. ബി.ജെ.പി ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കുന്ന ഹിറ്റ്‌ലറിസത്തെ (ഫാസിസത്തെ) തുറന്നെതിര്‍ക്കാന്‍ മുന്നോട്ടു വരുന്നവര്‍ ചൈനയിലെ അത്യന്തം നീചമായ സമഗ്രാധിപത്യ വാഴ്ചയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. എതിര്‍ക്കപ്പെടേണ്ടത് ഹിന്ദുത്വവാദികളെപ്പോലുള്ള കമ്യൂണിസ്റ്റ് വിരുദ്ധരുടെ ഫാസിസം മാത്രമാണെന്നാണോ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതു പ്രസ്ഥാനങ്ങള്‍ കരുതുന്നത്?

അങ്ങനെയെങ്കില്‍ അവര്‍ ഒരു കാര്യം മനസ്സില്‍ വെക്കുന്നതു നല്ലതാണ്. കമ്യൂണിസ്റ്റ്/നോണ്‍ കമ്യൂണിസ്റ്റ് ഭേദമില്ലാതെ എല്ലാ സമഗ്രാധിപത്യ ഭരണശൈലിയും വിമതസ്വരവിരോധവും ഹിംസാത്മക അസഹിഷ്ണുതയും നിശിത വിമര്‍ശനത്തിനു വിധേയമാക്കാന്‍ ഇടതുപക്ഷക്കാര്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള അവരുടെ വാഗ്‌യുദ്ധത്തിനും തൂലികായുദ്ധത്തിനും വിശ്വാസ്യത അശേഷമുണ്ടാവില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ ഗുണഭോക്താക്കള്‍ മറ്റാരെക്കാളുമേറെ സംഘപരിവാറായിരിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com