ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിമോചന ക്രൈസ്തവികത

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദരിദ്രാഭിമുഖ്യവും പുരോഗമന നിലപാടുകളും ആഗോളതലത്തില്‍ ക്രിസ്തുമത വിശ്വാസികള്‍ക്കിടയില്‍ ആത്മീയവും ഭൗതികവുമായ ചലനങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ 
ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന വിമോചന ക്രൈസ്തവികത

ഫ്രാന്‍സിസ് മാര്‍പാപ്പ വിമോചന ദൈവശാസ്ത്രത്തെ പുനരധിവസിപ്പിക്കുകയാണെന്ന്. ജോണ്‍ പോള്‍ രണ്ടാമനും ബെനഡിക്ട് പതിനാറാമനും വത്തിക്കാനില്‍ പടിയടച്ചു പിണ്ഡം വെച്ചതിനെയാണത്രെ ഫ്രാന്‍സിസ് പാപ്പ കുടിയിരുത്തുന്നത്. കത്തോലിക്കാ യാഥാസ്ഥിതികര്‍ വല്ലാത്ത അമ്പരപ്പിലാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമോചന ദൈവശാസ്ത്രത്തിന്റെ മുഖ്യ സൈദ്ധാന്തികനായ ഗുസ്താവ് ഗുട്ടിയറസിനെ 2013–ല്‍ ഒരു സ്വകാര്യ ചര്‍ച്ചയ്ക്കായി വത്തിക്കാനിലേക്കു ക്ഷണിച്ചപ്പോള്‍ മുതലാണ് ഈ അമ്പരപ്പ് ആരംഭിക്കുന്നത്. 

ഉല്‍ക്കണ്ഠ പെരുക്കുന്ന സംഗതികള്‍ തന്നെയാണ് പിന്നീടങ്ങോട്ടും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഗുട്ടിയറസ് തന്റെ വത്തിക്കാന്‍ സന്ദര്‍ശനങ്ങള്‍ തുടരുകയും അവിടെ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. അദ്ദേഹവുമായി ചേര്‍ന്നു ദൈവശാസ്ത്ര ഗ്രന്ഥമെഴുതിയ ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറെ വത്തിക്കാനിലെ വിശ്വാസപ്രമാണ വിഭാഗത്തിന്റെ മേധാവിയായി നിയമിച്ചിരിക്കുന്നു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ വാടകക്കൊലയാളികളാല്‍ 1980–ല്‍ കുര്‍ബാനയ്ക്കിടയില്‍ അള്‍ത്താരയില്‍ വധിക്കപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേറയെ യാഥാസ്ഥിതികരുടെ എതിര്‍പ്പു വകവയ്ക്കാതെ വിശുദ്ധനാക്കാനൊരുങ്ങുന്നു. അതിനു മുന്നോടിയായി റൊമേറെയെ സ്വര്‍ഗ്ഗസ്ഥനായി മാര്‍പാപ്പ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനൊക്കെ പുറമെയാണ്, ആഗോള മുതലാളിത്ത വ്യവസ്ഥയ്ക്കും ആഗോളീകരണത്തിനുമെതിരായ തുടര്‍ച്ചയായ അദ്ദേഹത്തിന്റെ അതിനിശിത വിമര്‍ശനം. മതയാഥാസ്ഥിതികത്വത്തിന്റെ മനഃസ്വാസ്ഥ്യം തകര്‍ക്കാന്‍ ഇതില്‍പരം എന്താണ് വേണ്ടത്? 

മതനവീകരണ പ്രസ്ഥാനമുള്‍പ്പെടെ മനുഷ്യോന്മുഖമായ ആത്മീയതയ്ക്കുവേണ്ടിയുള്ള ചെറുതും വലുതുമായ അന്വേഷണങ്ങള്‍ ലോക മതചരിത്രത്തിന്റെ ഭാഗമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ദൈവശാസ്ത്ര പ്രസ്ഥാനമായിരുന്നു വിമോചന ദൈവശാസ്ത്രം. ദൈവശാസ്ത്ര മേഖലയില്‍ ഒരു ധൈഷണിക കലാപമായും ക്രിസ്തുമതത്തില്‍ ഒരു ധാര്‍മ്മിക കലഹമായും അതു പ്രത്യക്ഷപ്പെട്ടു. മനുഷ്യന്റെ വിശപ്പും ദാരിദ്ര്യവും അറിയാത്ത സുവിശേഷത്തിന് ആത്മാവില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അതിന്റെ രംഗപ്രവേശം. അടിത്തട്ടില്‍നിന്നുള്ള പുനര്‍വായനയിലൂടേയും പുനര്‍വ്യാഖ്യാനത്തിലൂടേയും കണ്ടെത്തിയ ബൈബിളിലെ വിമോചക–നൈതിക ധാരകളെക്കുറിച്ചുള്ള ബോധ്യമായിരുന്നു അതിന്റെ അന്തച്ചോദന. പാവങ്ങളുടെ പക്ഷം ചേരാനുള്ള ദൈവശാസ്ത്രപരമായ ആഹ്വാനമായിരുന്നു അത്. 

മര്‍ദ്ദക ഭരണകൂടങ്ങള്‍ സ്വേച്ഛാപരമായ അത്യാചാരങ്ങള്‍ അഴിച്ചുവിട്ടിരുന്ന ലാറ്റിന്‍ അമേരിക്കന്‍ നാടുകളായിരുന്നു അതിന്റെ ഈറ്റില്ലം. ലോക മാനവികതയ്ക്കാകെ പ്രതീക്ഷ നല്‍കി ഒരു നവീന ആത്മീയ–സാമൂഹ്യ പ്രസ്ഥാനമായി അതു മുന്നേറി. പക്ഷേ, യാഥാസ്ഥിതികരുടെ കടുത്ത എതിര്‍പ്പ്, സോവിയറ്റ് യൂണിയന്‍ അടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരോധാനം, ആഗോളീകരണത്തിന്റെ ആവിര്‍ഭാവം എന്നിവയുടെ പ്രഭാവത്താല്‍ പെട്ടെന്നാണ് അതു മങ്ങിപ്പോയത്. ആ ശൂന്യതയില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നവ ഇവാഞ്ചലിസ്റ്റ് സഭകളുടേയും കരിസ്മാറ്റിക് കത്തോലിക്കരുടേയും പിടിയിലായിരിക്കുന്നു. തുലഞ്ഞുപോയെന്നുതന്നെ മാമൂല്‍വാദികള്‍ കരുതിയിരിക്കുമ്പോഴാണ് ആരെയും അതിശയിപ്പിച്ചുകൊണ്ട് അതിന്റെ മടങ്ങി വരവ്. ഇക്കുറി ഒരു വിമത ദൈവശാസ്ത്രത്തിന്റെ അയിത്തം അതിനു നേരിടേണ്ടിവരുന്നില്ല. കാരണം, വത്തിക്കാനു പുറത്തു മാത്രമല്ല, അകത്തും ഇപ്പോള്‍ അതിനു സ്വീകാര്യതയുണ്ട്. 

വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം കത്തോലിക്കാസഭയില്‍ മാത്രമല്ല, പ്രൊട്ടസ്റ്റന്റ് സഭകളിലും പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ ഗുസ്താവ് ഗുട്ടിയറസ്, സെഗുണ്ടോ ഗലീലിയ, യുവാന്‍ ലൂയിസ് സെഗുണ്ടോ തുടങ്ങിയവര്‍ കത്തോലിക്കാസഭയില്‍നിന്ന് ഉയര്‍ന്നു വന്നപ്പോള്‍ എമിലിയോ കാസ്‌ട്രോ, ജൂലിയോ ഡി സാന്റ അന, റൂബെം ആല്‍വ്‌സ് തുടങ്ങിയവര്‍ പ്രൊട്ടസ്റ്റന്റ് ധാരകളെ പ്രതിനിധീകരിച്ചു. പ്രവിശാലമായ ഒരു പുതിയ ഇക്യൂമനിസത്തിന്റെ സാഹോദര്യ സന്ദേശങ്ങള്‍ വിനിമയം ചെയ്യാനും അതിനു കഴിഞ്ഞു. മറ്റു മതങ്ങളിലും ബദല്‍ ആത്മീയ അന്വേഷണങ്ങള്‍ക്ക് അത് ആക്കം കൂട്ടി. ക്രിസ്റ്റ്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ സൂക്ഷ്മ ന്യൂനപക്ഷമായ ഇന്ത്യയിലും ഈ സമരോത്സുക ദൈവശാസ്ത്രം വലിയ അലയൊലികള്‍ സൃഷ്ടിച്ചു. സ്വാഭാവികമായും കേരളമായിരുന്നു ഇന്ത്യയിലെ അതിന്റെ പ്രഭവകേന്ദ്രം. 

വിമോചകനായ 
ദൈവത്തെ തേടി

വിമോചന ദൈവശാസ്ത്രം മറ്റേതു ദൈവശാസ്ത്രത്തേയും പോലെ തന്നെ ദൈവസങ്കല്പത്തെയാണ് ആധാരമാക്കുന്നത്. ഗുട്ടിയറസ്സിന്റെ അഭിപ്രായത്തില്‍ ദൈവവും ദൈവസ്‌നേഹവുമാണ് അതിന്റെ ഒരേയൊരു പ്രമേയം. വിമോചനം അഥവാ രക്ഷ ക്രിസ്തുമത ദൈവദര്‍ശനത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളിലൊന്നാണ്. വിമോചന ദൈവശാസ്ത്രം വിമോചനം എന്ന പദം ഉപയോഗിക്കുന്നതു പുരാതനമായ ബൈബിള്‍ ദൈവശാസ്ത്ര പാരമ്പര്യത്തിലാണെന്ന് ഗുട്ടിയറസ്. ഈജിപ്തിലെ അടിമത്വത്തില്‍നിന്നും തന്റെ ജനങ്ങളെ തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തേക്കു നയിക്കുന്ന വിമോചകനായ ദൈവത്തേയും ദൈവരാജ്യത്തിലേക്കു മനുഷ്യനെ നയിക്കുന്ന വിമോചകനായ യേശുവിനേയുമാണ് അതു പിന്‍പറ്റുന്നത്. ആദിമ ക്രൈസ്തവ അപ്പോസ്തല സഭയാണ് അതിന്റെ മാതൃക.

1962 മുതല്‍ 1965 വരെ നീണ്ടു നിന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍നിന്നാണ് തുടക്കം. സഭയുടെ ജനവാതിലുകള്‍ തുറന്നിടാനും കാറ്റും വെളിച്ചവും കടക്കാനും വേണ്ടിയാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ചരിത്രപ്രസിദ്ധമായ ഈ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. ആധുനിക ജീവിതത്തിലേക്കുള്ള സഭയുടെ തുറവായി അതു വിലയിരുത്തപ്പെടുന്നു. ഇക്ക്യൂമെനിസത്തിന്റെ സാധ്യതകളും ഗൗരവപൂര്‍ണ്ണമായി ചര്‍ച്ച ചെയ്തു. സഭ സര്‍വ്വരുടേതുമാകണമെന്നും പ്രത്യേകിച്ചു പാവങ്ങളുടേതാകണമെന്നും അദ്ദേഹം കൗണ്‍സിലില്‍ വാദിച്ചു. സുവിശേഷീകരണത്തിലെ കാതലായതും പുരോഗമനപരവുമായ ഒരു വീക്ഷണ വ്യതിയാനത്തെയാണ് പോപ്പിന്റെ നിലപാട് സൂചിപ്പിച്ചത്. കൗണ്‍സിലിന്റെ ചര്‍ച്ചകളും പ്രമാണങ്ങളുമാണ് വിമോചനാത്മകമായ ആത്മീയത എന്ന ആശയത്തിലേക്കു ദൈവശാസ്ത്രജ്ഞന്മാരുടെ മനസ്സ് തിരിച്ചത്. 

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ തീര്‍പ്പുകളും ലാറ്റിന്‍ അമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളിലെ അന്നത്തെ മര്‍ദ്ദക ഭരണകൂടങ്ങള്‍ക്കു കീഴിലെ ജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളും ക്യൂബന്‍ വിപ്‌ളവത്തിന്റെ വിജയകരമായ മുന്നേറ്റവും ദൈവശാസ്ത്ര ചിന്തകരേയും ഉല്പതിഷ്ണുക്കളായ പുരോഹിതരേയും ഒരു ബദല്‍ ആത്മീയതയെക്കുറിച്ചുള്ള അന്വേഷണത്തിനു പ്രേരിപ്പിച്ചു. മതത്തിനു മനുഷ്യനെ ഉണര്‍ത്താന്‍ കഴിയുന്ന ഉള്‍പ്രേരകമായും മാറാന്‍ കഴിയുമെന്നു ലോകത്തിനു കാട്ടിക്കൊടുക്കാന്‍ അവര്‍ ശ്രമിച്ചു. പെറുവിലെ ദൈവശാസ്ത്ര ചിന്തകനും പുരോഹിതനുമായ ഗുസ്താവ് ഗുട്ടിയറസ്‌സാണ് 1968–ല്‍ ഒരു പ്രബന്ധാവതരണത്തില്‍ വിമോചന ദൈവശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത്. അതേവര്‍ഷം കൊളംബിയയിലെ മെഡലിന്‍ പട്ടണത്തില്‍ ചേര്‍ന്ന ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനം വിമോചന ദൈവശാസ്ത്രമെന്ന ആശയത്തിന് ഔദ്യോഗികമായ പൗരോഹിത്യ പിന്തുണ പ്രഖ്യാപിച്ചു. ദരിദ്രരോടുള്ള പക്ഷപാതിത്വമെന്ന നിലപാട് ദൈവശാസ്ത്രപരമായി സാധുവാണെന്നും നീതിപൂര്‍വ്വകമാണെന്നും വിലയിരുത്തപ്പെട്ടു.

ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേറ ബാലപീഠത്തിനരികെ കൊല്ലപ്പെട്ട നിമിഷങ്ങള്‍ 
ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റൊമേറ ബാലപീഠത്തിനരികെ കൊല്ലപ്പെട്ട നിമിഷങ്ങള്‍ 

ചരിത്രത്തിന്റെ 
ചാലകമാകുന്നു

ദൈവരാജ്യത്തെക്കുറിച്ചുള്ള സ്വപ്‌നവും പ്രത്യാശയും പൊള്ളയാകാതിരിക്കണമെങ്കില്‍ ദാരിദ്ര്യത്തിന്റേയും ചൂഷണത്തിന്റേയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ സഭയുടെ കണ്ണു തുറപ്പിച്ചത് അവിടുത്തെ ദാരിദ്ര്യമായിരുന്നു. ദാരിദ്ര്യത്തെ നിലനിര്‍ത്തിയതാകട്ടെ, ധനത്തിന്റേയും അധികാരത്തിന്റേയും ശക്തികള്‍ അഴിച്ചുവിട്ട ചൂഷണവും മര്‍ദ്ദനവുമായിരുന്നു. മര്‍ദ്ദിത ജനതയെ ആശയപരമായി ശാക്തീകരിക്കുകയാണ് ആദ്യം ചെയ്തത്. ഒരോ ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തും അതാതിന്റെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് വിമോചന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയത്. നിക്കരാഗ്വയില്‍ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ സാന്‍ഡിനിസ്റ്റ് രാഷ്ട്രീയ വിപ്‌ളവത്തില്‍ പങ്കാളികളായി. ബ്രസീലില്‍ ബെയ്‌സ് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റീസ് എന്ന പേരില്‍ ചെറുസംഘങ്ങള്‍ രൂപീകരിച്ച് അടിത്തട്ടിലുള്ള സാമൂഹ്യ–ആത്മീയ–സാംസ്‌കാരിക പ്രവര്‍ത്തനങ്ങളായിരുന്നു സംഘടിപ്പിച്ചത്. 

പിന്നീടതു മറ്റു ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും നടപ്പിലാക്കി. അങ്ങനെ 20 മുതല്‍ 50 പേര്‍ വരെ ഉള്‍പ്പെട്ട 80,000–ലധികം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. നിക്കരാഗ്വേയിലെ സോളന്റിനാമേയില്‍ ഏണെസ്റ്റോ കാര്‍ഡനെലിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച സംവാദരൂപത്തിലുള്ള ബൈബിള്‍ വായന ലാറ്റിനമേരിക്കയിലാകെ ഒരു മാതൃകയായി മാറി. ബൈബിള്‍ വാക്യങ്ങളെ അവിടുത്തെ സാമൂഹ്യ അവസ്ഥകളുമായി ബന്ധപ്പെടുത്തിയായിരുന്നു വ്യാഖ്യാനിച്ചിരുന്നത്. 

ലാറ്റിന്‍ അമേരിക്കയിലെ മര്‍ദ്ദക ഭരണകൂടങ്ങളും അവയ്ക്ക് ഒത്താശ നല്‍കിയ ലോക സാമ്രാജ്യത്വ ശക്തികളും വിമോചന ആത്മീയതയെ തുടക്കം മുതലേ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമായ ഈ രാജ്യങ്ങളില്‍ നുഴഞ്ഞു കയറി കുത്തിത്തിരുപ്പുണ്ടാക്കാനുള്ള കമ്യൂണിസ്റ്റ് ഗൂഢാലോചനയാണിതെന്ന് അവര്‍ പ്രചാരണം അഴിച്ചുവിട്ടു. നുണപ്രചാരണത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല അവരുടെ പ്രവര്‍ത്തനം. കടന്നാക്രമണങ്ങളിലും അടിച്ചമര്‍ത്തലിലും വിവിധ രാജ്യങ്ങളില്‍ അനേകായിരങ്ങളുടെ ജീവന്‍ അവര്‍ നശിപ്പിച്ചു. 1980–ല്‍ ബിഷപ്പ് റൊമേറയെ അള്‍ത്താരയില്‍ അരുംകൊല ചെയ്തതിനു പുറമെ, രണ്ടു കന്യാസ്ത്രീകളുമുള്‍പ്പെടെ അമേരിക്കക്കാരായ നാലു വനിതാ സുവിശേഷകരെ വധിക്കാനും എല്‍ സാല്‍വദോറിലെ കിരാത ഭരണകൂടം മടിച്ചില്ല.

വിപ്‌ളവ 
ദൈവശാസ്ത്രത്തിന്റെ 
കാതല്‍

പണപ്പൂജയുടെ ഉന്മാദത്തിലുറയുന്ന മുതലാളിത്തത്തിന്റേത് അപമാനവീകരണത്തിലേക്കുള്ള പാതയാണ്. യഥാര്‍ത്ഥ മാനവീകരണമാണ് ആത്മീയതയിലേക്കുള്ള ആദ്യപടി. ഈ കാഴ്ചപ്പാടാണ് വിമോചന ദൈവശാസ്ത്രത്തിന്റെ സത്ത. അസമത്വവും അനീതിയും കഴുത്തറപ്പന്‍ മത്സരവും നിലനില്‍ക്കുന്ന ഒരു സാമൂഹ്യക്രമത്തില്‍, പാവപ്പെട്ടവരോടുള്ള മുന്‍ഗണനാപൂര്‍വ്വമായ കരുതലിലൂടെയേ സഭയ്ക്കു നീതി നിവൃത്തിപ്പെടുത്താനാവൂ. അതാണ് ബൈബിള്‍ വെളിപ്പെടുത്തുന്ന ക്രിസ്തുമാര്‍ഗ്ഗം. വിമോചന ദൈവശാസ്ത്രം മുഖ്യമായും ഊന്നിയതു ക്രിസ്തുമാര്‍ഗ്ഗത്തിലായിരുന്നു. 

യേശുവെന്ന ചരിത്ര വ്യക്തിത്വത്തിലായിരുന്നു അത് അടിസ്ഥാനപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് അനുഷ്ഠാനമതമായി മാറിയെങ്കിലും സമ്പുഷ്ടമായ ഒരു പ്രവാചകമത പൂര്‍വ്വകാലം ക്രിസ്തുമതത്തിനുണ്ട്. ആ പ്രവാചക പാരമ്പര്യമാണ് ഈ ബദല്‍ പ്രത്യയശാസ്ത്രം അതിന്റെ ഊര്‍ജ്ജസ്രോതസ്സായി കരുതിയത്. അതു കാഴ്ചപ്പാടും പ്രയുക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ പരമപ്രധാനമെന്നു കണ്ടു. സുവിശേഷം പ്രസംഗിക്കാന്‍ മാത്രമുള്ളതല്ലെന്നും അതു കര്‍മ്മങ്ങളായി പരിവര്‍ത്തിപ്പിക്കേണ്ടതുണ്ടെന്നും വിമോചന ദൈവശാസ്ത്രകാരന്മാര്‍ നിഷ്‌കര്‍ഷിച്ചു. ആദിമകാല ക്രിസ്തുമതത്തിനും ആധുനിക തൊഴിലാളി പ്രസ്ഥാനത്തിനുമുണ്ടെന്നു ഫ്രെഡറിക് എംഗല്‍സ് കണ്ടെത്തുന്ന സമാനതകള്‍ക്കാധാരം വിപ്‌ളവാത്മകമായ ഒരു മാനവികതയാണ്. ഈ മാനവികതയുടെ വീണ്ടെടുപ്പാണ് വിമോചന ദൈവശാസ്ത്രം ലക്ഷ്യം വെച്ചത്. ചരിത്രത്തിലൂടെ വെളിപ്പെടുന്ന ദൈവികതയും മാനുഷതയും തമ്മിലുള്ള ഒരു പരസ്പരാന്വയത്തെ അതു മനുഷ്യപൂര്‍ണ്ണതയുടെ മുന്നുപാധിയാക്കുന്നു.

സഭയില്‍ കടന്നുകയറാന്‍ കമ്യൂണിസ്റ്റുകള്‍ നടത്തുന്ന ട്രോജന്‍ കുതിര തന്ത്രമാണ് വിമോചന ദൈവശാസ്ത്രമെന്നാണ് യാഥാസ്ഥിതികരുടെ എന്നത്തെയും നിലപാട്. പിറവിയില്‍ ത്തന്നെ അതിന് ഇടതു പ്രത്യയശാസ്ത്രത്തിന്റെ അടയാളങ്ങളുണ്ടായിരുന്നതിനാല്‍  വേഗം മാര്‍ക്‌സിസ്റ്റെന്നു മുദ്രയടിക്കപ്പെടുകയായിരുന്നു. ക്യൂബന്‍ വിപ്‌ളവത്തോടുള്ള ആഭിമുഖ്യം, ദാരിദ്രോച്ചാടനത്തിനായി ദൈവശാസ്ത്രം രാഷ്ട്രീയമായി ഇടപെടണമെന്ന കാഴ്ചപ്പാട്, സാമൂഹ്യ വിശകലനത്തിനായി മാര്‍ക്‌സിന്റെ ചില സങ്കല്പനങ്ങള്‍ സ്വാംശീകരിച്ചത്, ദരിദ്രരോടുള്ള പക്ഷപാതം തുടങ്ങിയ നിലപാടുകള്‍ അതിനെ പ്രച്ഛന്ന കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രമെന്നു കരുതാന്‍ ഇടയാക്കി. 

ലാറ്റിനമേരിക്കയിലും കരീബിയന്‍ പ്രദേശങ്ങളിലുമുള്ള എല്ലാ മര്‍ദ്ദക ഭരണകൂടങ്ങളും അതിനെ ഭയക്കുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അങ്ങനെ ആദിമകാല ക്രിസ്തുമതം പോലെ രക്തസാക്ഷികളുടെ ദൈവശാസ്ത്രമായി അതുമാറി. അന്നത്തെ സോവിയറ്റ് യൂണിയന്റേയും അമേരിക്കന്‍ ഐക്യനാടിന്റേയും നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഇരുചേരിയിലായി അണിനിരന്ന നിക്കാരാഗ്വയിലെ സാന്‍ഡിനിസ്റ്റ് വിപ്‌ളവത്തില്‍ വിമോചന ദൈവശാസ്ത്ര പുരോഹിതന്മാരും വിശ്വാസികളും അവിടുത്തെ വലതുപക്ഷ സ്വേച്ഛാധിപത്യത്തിനെതിരെ അണിചേര്‍ന്നു. 

ബിഷപ് പൗലോസ് മാര്‍ പൗലോസ് 
ബിഷപ് പൗലോസ് മാര്‍ പൗലോസ് 

എന്തിന്, മെക്‌സിക്കോയിലേയും കൊളംബിയയിലേയും സായുധ ഗറില്ലാ പോരാട്ടങ്ങളിലും അതിന്റെ സാന്നിധ്യമുണ്ടായി. കൊളംബിയയിലെ നാഷണല്‍ ലിബറേഷന്‍ ആര്‍മിയെന്ന ഗറില്ല സംഘടനയുടെ തലവന്‍ മാനുവല്‍ പെറേസ് എന്ന പുരോഹിതനായിരുന്നു. അക്രമമോ തീവ്രവാദ നിലപാടുകളോ യഥാര്‍ത്ഥത്തില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ അന്തസ്സത്തയ്ക്കു നിരക്കുന്നതായിരുന്നില്ലെങ്കിലും പുരോഹിതന്മാരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെല്ലാം കമ്യൂണിസ്റ്റ് സ്വാധീനത്തിലുള്ളതാണെന്നു ചിത്രീകരിക്കാനുള്ള പ്രവണത ശക്തമായിരുന്നു. ഫാദര്‍ എസ്. കാപ്പനും മറ്റും ചൂണ്ടിക്കാട്ടിയതുപോലെ വിമോചന ദൈവശാസ്ത്രം സാമൂഹ്യ വിശകലനത്തിനുള്ള സമര്‍ത്ഥമായ ഒരു ഉപകരണമെന്ന നിലയില്‍ മാത്രമാണ് മാര്‍ക്‌സിസത്തെ ഉപയോഗിച്ചിട്ടുള്ളത്. പ്രത്യേകിച്ചും, യുവമാര്‍ക്‌സിന്റെ രചനകള്‍ക്കാണ് അവര്‍ പ്രാധാന്യം നല്‍കിയത്. ലെനിന്റെ നിലപാടുകളോട് ശക്തമായ എതിര്‍പ്പും അവര്‍ പ്രകടിപ്പിച്ചിരുന്നു.

കേരളം ബൈബിള്‍ 
മാറ്റി വായിക്കുന്നു

കേരളത്തിനുമുണ്ട് കുറച്ചു വിമോചന ദൈവശാസ്ത്രാനുഭവങ്ങള്‍. കേരളത്തിന്റെ ചിന്താലോകത്ത് ഒരു ചുവന്ന ആത്മീയതയായിട്ടാണ് അതു പ്രത്യക്ഷപ്പെട്ടത്. ക്രിസ്തുമതത്തിന്റെ ഭാഷയും പടുതിയുമാണതിന് ഉണ്ടായിരുന്നതെങ്കിലും എല്ലാ മതവിശ്വാസികളേയും അത് ആകര്‍ഷിച്ചു. ദൈവശാസ്ത്രത്തിനു പുതിയ ടിപ്പണികള്‍ ചമയ്ക്കുകയാണ് അതു ചെയ്തതെങ്കിലും ദൈവത്തില്‍ വിശ്വാസമില്ലാത്തവരും അതിനെ പിന്തുടര്‍ന്നു. മെത്രാന്മാര്‍ മുതല്‍ പട്ടക്കാരും അജഗണങ്ങളും മനുഷ്യവിമോചന സ്വപ്‌നജീവികളും ഉള്‍ച്ചേര്‍ന്ന ഒരു പ്രസ്ഥാനമായി അതു വളരാന്‍ അധികം കാലമെടുത്തില്ല. എങ്ങും സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, പഠനക്കളരികള്‍. ആകാശത്തിന്റെ അനന്തസ്ഥലികളില്‍ എവിടെയോ ഇരിക്കുന്ന ദൈവത്തിന്റെയല്ല, മണ്ണിലേക്കും മനുഷ്യചരിത്രത്തിലേക്കും ഇറങ്ങിവന്ന ദൈവത്തിന്റെ സാക്ഷ്യങ്ങള്‍ അവിടങ്ങളില്‍ ഉദ്‌ഘോഷിക്കപ്പെട്ടു. 

ഫറവോന്റെ അടിമത്വത്തില്‍നിന്നും ഇസ്രയേല്‍ ജനത്തെ വിമോചിപ്പിച്ച ദൈവത്തിന്റെ പാത പിന്തുടര്‍ന്നു പുത്രനായ ക്രിസ്തുവും വിമോചക ദൗത്യമാണ് നിര്‍വ്വഹിച്ചതെന്നും സ്ഥാപനവല്‍ക്കരിക്കപ്പെട്ട ക്രിസ്തുമതത്തെക്കാള്‍ ക്രിസ്തുമാര്‍ഗ്ഗമാണ് പിന്തുടരേണ്ടതെന്നും ആഹ്വാനം ചെയ്യപ്പെട്ടു. വിമോചന ദൈവശാസ്ത്രത്തിന്റെ സൈദ്ധാന്തികരും പ്രയോക്താക്കളുമായി ദൈവജ്ഞന്‍മാരുടെ ഒരു വലിയ നിരതന്നെ ഉയര്‍ന്നുവന്നു. ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍, ഡോ. എം.എം. തോമസ്‌സ്, ഫാദര്‍ സാമുവല്‍ രായന്‍, ഫാദര്‍ ജെ.കൊട്ടുകാപ്പള്ളി, ഫാദര്‍ തോമസ് കോച്ചേരി, ഫാദര്‍ അലോഷ്യസ് ഫെര്‍ണാണ്ടസ്, ഫാദര്‍ ജോസ് ജെ.കളീക്കല്‍ തുടങ്ങിയവരുടെ ചിന്തകള്‍ മലയാള ദൈവശാസ്ത്ര സാഹിത്യത്തിനു വിപ്‌ളവ പ്രതിച്ഛായ നല്‍കി. 

സുറിയാനി സഭകളിലും ലാറ്റിന്‍ സഭയിലും പ്രൊട്ടസ്റ്റന്റ് സഭകളിലുമൊക്കെ അതിന്റെ സ്വാധീനം പ്രകടമായി. ഒരു പുതിയ എക്യൂമെനിസവും സുവിശേഷീകരണവും അവതരിപ്പിക്കപ്പെട്ടു. മര്‍ദ്ദിതരും അടിച്ചമര്‍ത്തപ്പെട്ടവരും ജീവിക്കുന്ന വിശ്വാസത്തിന്റെ അവകാശികളായി സ്വയം മുന്നോട്ടു വരാനുള്ള ആഹ്വാനങ്ങള്‍ മുഴങ്ങി. കൂദാശ നടത്തിയും കുര്‍ബ്ബാന ചൊല്ലിയും പള്ളിയിലും ഇടവകയിലും ഒതുങ്ങിയ അച്ചന്മാരും ഉപവിയുടെ മാലാഖമാരായി മഠങ്ങളില്‍ മറഞ്ഞുനിന്ന കന്യാസ്ത്രീകളും അവകാശം നിഷേധിക്കപ്പെട്ട പാവപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി തെരുവോരങ്ങളില്‍ മുദ്രാവാക്യം വിളിക്കാനും നിരാഹാര സമരം കിടക്കാനും മുന്നോട്ടുവന്നു. അവര്‍ തൊഴിലാളികളുടെ പട്ടിണിജാഥകള്‍ നയിച്ചു. നിയമലംഘനത്തിന് അറസ്റ്റ് വരിച്ചു. ദൈവരാജ്യമെന്ന വാഗ്ദത്ത ഭൂമി ഭൂമിയില്‍ത്തന്നെയാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന ചിന്തകളും സ്വപ്‌നങ്ങളും പങ്കുവെച്ച് ഇടയന്മാരും കുഞ്ഞാടുകളും ഒന്നായിത്തീര്‍ന്നു. അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മശക്തി ഉണര്‍ന്നു. അതെ, വിമോചന ദൈവശാസ്ത്രം ഒരു പുതിയ ചരിത്രം എഴുതുകയായിരുന്നു, കേരളത്തിലും.  

കേരളം 
നെഞ്ചേറ്റുന്നു

ഇന്ത്യയിലെ ദൈവശാസ്ത്ര കലാലയങ്ങളിലും സെമിനാരികളിലും ഈ ബദല്‍ കാഴ്ചപ്പാട് ചര്‍ച്ചാവിഷയമായിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭകളിലെ മാത്രമല്ല, അകത്തോലിക്ക ക്രിസ്ത്യന്‍ സഭകളിലെയും പൗരോഹിത്യ മണ്ഡലത്തില്‍ ഒരു വേറിട്ട ചിന്തയായി അതു മാറിയിരുന്നു. വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ മലയാളിയായ ചെയര്‍മാനും വിശ്രുത ദൈവശാസ്ത്രകാരനുമായിരുന്ന ഡോ. എം.എം. തോമസ് മനുഷ്യനെ സ്വതന്ത്രനാക്കുന്ന ആത്മീയതയുടെ പ്രചാരകനായിരുന്നു. കല്‍ദായ സഭയുടെ ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് തന്റെ ഗവേഷണ വിഷയമായി തെരഞ്ഞെടുത്തതുതന്നെ വിശ്രുത ഫ്രെഞ്ച് ദൈവശാസ്ത്രജ്ഞന്‍ ബോണ്‍ഹോഫറും കാള്‍ മാര്‍ക്‌സും തമ്മിലുള്ള താരതമ്യമാണ്. 

ഇറ്റലി ആസ്ഥാനമായുള്ള മെഡിക്കല്‍ മിഷന്‍ കോണ്‍ഗ്രിഗേഷനിലുള്ള മലയാളി സന്ന്യാസിനിമാരും ഈശോ സഭയെന്ന ജസ്യൂട്ട് സഭയിലെ ഇന്ത്യന്‍ സന്ന്യാസിമാരും വിമോചന ദൈവശാസ്ത്രത്തിന്റെ ആശയങ്ങള്‍ ആദ്യം തന്നെ പരിചയപ്പെട്ടവരാണ്. തുടര്‍ന്ന്, അവരില്‍ ചിലര്‍ ആത്മീയ കൂട്ടായ്മകളില്‍ ഇക്കാര്യം ഉന്നയിച്ചു. മാര്‍ക്‌സിസ്റ്റ് ചിന്തകരായ പി. ഗോവിന്ദപ്പിള്ള, എന്‍.ഇ. ബാലറാം, കവിയും ചിന്തകനുമായ കെ. സച്ചിദാനന്ദന്‍ തുടങ്ങി സെക്കുലര്‍ മേഖലയിലുള്ളവര്‍ ലാറ്റിനമേരിക്കയില്‍ നടക്കുന്ന ഈ ദൈവശാസ്ത്ര പരീക്ഷണത്തെ താല്പര്യപൂര്‍വ്വം വീക്ഷിക്കുകയും അതിനെക്കുറിച്ച് എഴുതുകയും ചെയ്തു.

അതുവരെയും ആശയലോകത്തു മാത്രമായി നിന്ന വിമോചന ദൈവശാസ്ത്രം, 1984–ലെ മത്സ്യത്തൊഴിലാളി പ്രക്ഷോഭത്തിലൂടെയാണ് കേരളത്തില്‍ സാമൂഹ്യ ഇടപെടല്‍ തുടങ്ങുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിയന്ത്രണത്തിലുള്ള ട്രേഡ് യൂണിയനുകളില്‍നിന്നും വ്യത്യസ്തമായി ശാസ്ത്രീയമായ പ്രകൃത്യാവബോധത്തോടെ കടല്‍–ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനയായിരുന്നു അതിന്റെ വേദി. മത്സ്യപ്രജനന കാലത്തെ ട്രോളിംഗ് നിരോധനമടക്കം നിരവധി നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ തൊഴിലാളി സംഘടനയാണത്. 

ആദ്യം കത്തോലിക്കര്‍ മാത്രമായും പിന്നീട് സെക്കുലറായും മാറിയ ഈ തൊഴിലാളി യൂണിയന്റെ സംസ്ഥാന–പ്രാദേശിക നേതൃത്വങ്ങളില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരും കന്യാസ്ത്രീകളും പ്രവര്‍ത്തിച്ചിരുന്നു. ഫാ. പോള്‍ അറയ്ക്കല്‍, ഫാ. ആല്‍ബര്‍ട്ട് പരിശുവിള, ഫാ. ജോസ് ജെ. കളീക്കല്‍, ഫാ. ജെയിംസ് കൂലാസ്, ഫാ. തോമസ് കോച്ചേരി, സിസ്റ്റര്‍ ആലീസ് ലൂക്കോസ്, സിസ്റ്റര്‍ ഫിലമിന്‍ മേരി, സിസ്റ്റര്‍ പാട്രീഷ്യ തുടങ്ങിയവരായിരുന്നു അവര്‍. 

സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തില്‍ 1984–ല്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു സമരം നടന്നു. അന്ന് കോഴിക്കോട് കലക്‌ട്രേറ്റ് പടിക്കല്‍ നിരാഹാര സമരം അനുഷ്ഠിച്ചത് സിസ്റ്റര്‍ ആലീസ് ലൂക്കോസ് ആയിരുന്നു. കേരളത്തിന്റെ, എന്തിന് ഇന്ത്യയുടെ തന്നെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ ഭരണകൂടത്തിനെതിരായ ഒരു സമരത്തില്‍ നിരാഹാരം കിടന്നത്. അതും സന്ന്യാസിനീ സംഘത്തില്‍പ്പെട്ട ഒരു കന്യാസ്ത്രീ! ക്രിസ്ത്യന്‍ പൗരോഹിത്യത്തെക്കുറിച്ചുള്ള പൊതുധാരണകളെ കടപുഴക്കിയ സംഭവമായിരുന്നു അത്. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പ്രതിനിധി എന്‍. മാധവന്‍കുട്ടി സിസ്റ്റര്‍ ആലീസുമായി അഭിമുഖം നടത്തി. ഇങ്ങനെയൊരു സമരത്തിനു മുന്നിട്ടിറങ്ങാനുള്ള പ്രേരണയെന്തെന്ന ചോദ്യത്തിന് ആലീസ് കൊടുത്ത മറുപടി വിമോചന ദൈവശാസ്ത്രമെന്നായിരുന്നു. 

അങ്ങനെ വിമോചന ദൈവശാസ്ത്രവും പുരോഹിതരുടെ സമരവും ദേശീയ മാധ്യമങ്ങളുടെവരെ തലക്കെട്ടുകളായി. അത്രയേറെ ശ്രദ്ധിക്കപ്പെട്ടു അവരുടെ പ്രഖ്യാപനം. ഇറ്റലിയിലെ ദൈവശാസ്ത്ര പഠനകാലത്തുതന്നെ അവര്‍ അതില്‍ ആകൃഷ്ടയായിരുന്നു. ''ദൈവവും യേശുവും വിമോചകരാണെന്നുള്ള ബോധ്യമാണ് വിമോചനാത്മകമായ ആത്മീയതയെ ജീവിതദര്‍ശനമായി മുറുകെ പിടിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ആ ആത്മീയതയുടെ ശക്തിയാണ് എന്നെ അന്നു നിരാഹാരം കിടക്കാന്‍ പ്രേരിപ്പിച്ചത്' -സിസ്റ്റര്‍ ആലീസ് പറയുന്നു.

വിമോചന ദൈവശാസ്ത്രത്തിന്റെ ആകര്‍ഷണവലയത്തില്‍പ്പെട്ട ക്രിസ്ത്യന്‍ റാഡിക്കല്‍ ഗ്രൂപ്പുകള്‍ കുറെ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയിരുന്നു. ജീവധാര, ഓറ, വൈദിക മിത്രം, വര്‍ത്തമാനം, ഡയലോഗ്, തീരശബ്ദം തുടങ്ങിയവ അവയില്‍ ചിലതാണ്. നേരത്തെ തന്നെ പ്രസിദ്ധീകരണം തുടങ്ങിയിരുന്ന ഡൈനാമിക് ആക്ഷന്‍ വിമോചന ദൈവശാസ്ത്രത്തിന്റെ വരവോടെ കൂടുതല്‍ ശക്തിപ്പെട്ടു. ഇതിനിടയിലാണ് ജീവധാര മാഗസീന്റെ ആഭിമുഖ്യത്തില്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയില്‍ വെച്ച് 1980–ല്‍ ഒരു സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. വിമോചന ദൈവശാസ്ത്ര ചിന്താധാരകളോട് അനുഭാവമുള്ള ഒരു കൂട്ടം കത്തോലിക്ക പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് അവിടെ സമ്മേളിച്ചതും ആശയങ്ങള്‍ പങ്കുവെച്ചതും. 

സഭ പാവങ്ങളുടെ പക്ഷത്തു നില്‍ക്കണമെന്ന് ആ സമ്മേളനം ആവശ്യപ്പെട്ടു. സഭ നവീകരിപ്പെടേണ്ടതുണ്ടെന്നും അതാകട്ടെ, താഴെ തട്ടില്‍നിന്നു തുടങ്ങണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ കാഴ്ചപ്പാടുകളിലും മാറ്റം സംഭവിക്കേണ്ടതുണ്ട്. ഈ സമ്മേളനത്തിനുശേഷം, വൈദികരുടെ നേതൃത്വത്തില്‍ പല സ്ഥലത്തുമായി ഒട്ടേറെ സംഘടനകള്‍ നിലവില്‍ വന്നു. ക്രിസ്ത്യന്‍സ് ഫോര്‍ റാഡിക്കല്‍ ആക്ഷന്‍, വിമോചന വേദി, പ്രോഗ്രാം ഫോര്‍ സോഷ്യല്‍ ആക്ഷന്‍, പ്രീസ്റ്റ്‌സ് ഫോറം തുടങ്ങിയവ ശ്രദ്ധേയമായവയായിരുന്നു. 

മാവേലിക്കര കേന്ദ്രമായി പരിവര്‍ത്തനത്തിനുവേണ്ടിയുള്ള വിദ്യാഭ്യാസം എന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. നിരവധി കത്തോലിക്കരെ വിമോചന പക്ഷത്തേക്കു കൊണ്ടുവരാന്‍ ഇതുവഴി കഴിഞ്ഞു. പുരോഹിതന്മാര്‍ക്കു വിമോചന ദൈവശാസ്ത്രത്തെക്കുറിച്ചു പഠിക്കാനും നിരവധി അവസരങ്ങള്‍ ഒരുക്കിയിരുന്നു. ബംഗഌര്‍ കേന്ദ്രമായുള്ള ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആയിരുന്നു ഒരു പരിശീലന കേന്ദ്രം. ഫാ. അലോഷ്യസ് ഫെര്‍ണാണ്ടസാകട്ടെ, അമേരിക്കയില്‍ പോയാണ് പരിശീലനം നേടിയത്. കത്തോലിക്ക സഭയില്‍നിന്നും ഫാ. സാമുവല്‍ രായന്‍, ഫാ. എസ്. കാപ്പന്‍, ഫാ. കൊട്ടുകാപ്പള്ളി എന്നിവര്‍ ഉജ്ജ്വലമായ സൈദ്ധാന്തിക നേതൃത്വം നല്‍കി. അവരുടെ എഴുത്തും പ്രഭാഷണങ്ങളും വിമോചന ദൈവശാസ്ത്രത്തിന്റെ അടിസ്ഥാന വിവക്ഷകള്‍ വിശദീകരിക്കുന്നവയായിരുന്നു. ഒപ്പം, ഇന്ത്യന്‍ സാഹചര്യങ്ങളെ അപഗ്രഥിക്കുന്നതും ഈ സാഹചര്യങ്ങളില്‍ വിമോചന ദൈവശാസ്ത്രത്തിന്റെ പ്രസക്തി അടിവരയിട്ടു കാണിക്കുന്നതുമായിരുന്നു. അകത്തോലിക്ക സഭകളില്‍നിന്നും ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, ഡോ. എം.എം. തോമസ്, ഫാ. എം.ജെ. ജോസഫ്, ഫാ. എ.പി. ജേക്കബ് എന്നിവര്‍ അണിനിരന്നു.  

പ്രാര്‍ത്ഥനയും 
പ്രക്ഷോഭവും 
കൈകോര്‍ക്കുന്നു

സഭകളില്‍ സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരെ ശാക്തീകരിക്കാനുള്ള കര്‍മ്മപരിപാടികളാണ് പ്രാവര്‍ത്തികമാക്കിയത്. പ്രാര്‍ത്ഥനയും വിദ്യാഭ്യാസവും വികസന സംരംഭങ്ങളും സമരവും കൂട്ടിയിണക്കിയ ഒരു പ്രവര്‍ത്തന തന്ത്രമാണ് അവര്‍ ആവിഷ്‌കരിച്ചത്. ലാറ്റിന്‍ അമേരിക്കയില്‍ ബേസ് ക്രിസ്റ്റ്യന്‍ സമൂഹങ്ങള്‍ക്കു സമാനമായി കേരളത്തിലും സമാനമായ ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നു. കത്തോലിക്കാസഭയില്‍ സാമൂഹ്യ വികസന സംഘങ്ങള്‍ എന്ന പേരിലായിരുന്നു പല ഇടവകകളിലും അവ പ്രവര്‍ത്തിച്ചിരുന്നത്. നിക്കരാഗ്വയിലെ സോളന്റിനാമെ മാതൃകയില്‍ വിമോചന ദൈവശാസ്ത്ര പുരോഹിതന്മാരുടെ ഇടവകകളില്‍ വേദപുസ്തകം പുനര്‍വായനയ്ക്കു വിധേയമാക്കി. 

ആര്‍ച്ച് ബിഷപ് റൊമേറയുടെ ഓര്‍മ്മകളുമായി ലാറ്റിന്‍ അമേരിക്ക
ആര്‍ച്ച് ബിഷപ് റൊമേറയുടെ ഓര്‍മ്മകളുമായി ലാറ്റിന്‍ അമേരിക്ക

പ്രൊട്ടസ്റ്റന്റ് സഭകളിലാകട്ടെ, സോഷ്യോ–കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റികള്‍, ബാക്ക്‌വേഡ് പീപ്പിള്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റികള്‍, ക്രിസ്റ്റ്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡവലപ്പ്‌മെന്റ്, ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് പ്രോഗ്രാം, യൂത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലിബറേഷന്‍ ആന്‍ഡ് ട്രെയിനിംഗ് തുടങ്ങിയ സംഘടനകള്‍ രൂപീകരിക്കപ്പെട്ടു. ഈ സഭകളിലെ ദളിതര്‍ അനുഭവിക്കുന്ന അനീതിയും അസമത്വവും സജീവ പ്രശ്‌നങ്ങളായി ഉയര്‍ത്തിക്കൊണ്ടു വന്നു. സഭയിലെ അവരുടെ ഭരണ പങ്കാളിത്തത്തിനുവേണ്ടിയുള്ള സമരങ്ങളും ഉയര്‍ന്നുവന്നു. 1982–ലെ കേരളാ അസംബ്‌ളി തെരഞ്ഞെടുപ്പില്‍ പ്രീസ്റ്റ്‌സ് ഫോറം എല്‍.ഡി.എഫിനു വോട്ടഭ്യര്‍ത്ഥിച്ചു രംഗത്തുവന്നു. ബിഷപ്പ് പൗലോസ് മാര്‍ പൗലോസും ഇതില്‍ ഒപ്പുവെച്ചിരുന്നു. 1985–ലെ തെരഞ്ഞെടുപ്പിലും അത് ഒരു എല്‍.ഡി.എഫ് ചായ്‌വ് പ്രകടമാക്കിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ പിന്നീടുള്ള തെരഞ്ഞെടുപ്പുകളിലൊന്നും ഇത്തരം പരസ്യമായ ആഹ്വാനങ്ങളൊന്നും വിമോചന ദൈവശാസ്ത്രസംഘത്തിന്റെ ഭാഗത്തുനിന്നും മുഴങ്ങിയില്ല.

നിനച്ചിരിക്കാതെ 
ഒരു പിന്‍വാങ്ങല്‍

ഇരുട്ടി വെളുക്കും മുന്‍പ് അസ്തമിച്ചു കഴിഞ്ഞുവെന്ന പ്രതീതിയാണ് അതു സൃഷ്ടിച്ചത്. പുതിയ നൂറ്റാണ്ട് ഉദിച്ചപ്പോഴേക്കും വിമോചന ദൈവശാസ്ത്ര ചലനങ്ങള്‍ കേരളത്തില്‍ നിലച്ചുകഴിഞ്ഞു. എന്തുകൊണ്ടാണ് ഈ ദൈവശാസ്ത്ര നിലപാട് കേരളത്തില്‍ പൊടുന്നനെ അസ്തമിച്ചത് എന്ന ചോദ്യത്തിനു വിമോചന ദൈവശാസ്ത്രത്തിന്റെ അന്നത്തെ വക്താക്കളില്‍ പലര്‍ക്കും പല വിശദീകരണങ്ങളാണ് നല്‍കാനുള്ളത്. താന്‍ മാര്‍ക്‌സിസ്റ്റോ വിമോചന ദൈവശാസ്ത്രകാരനോ അല്ലെന്നു പറഞ്ഞ ഫാ. തോമസ് കോച്ചേരി വിദേശീയമായ ദൈവശാസ്ത്രമെന്നു പറഞ്ഞ് അതിനെ വിലയിരുത്തിയതായി ഫാ. കെ.എം. ജോസഫ് തന്റെ ഗവേഷണ പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

ലാറ്റിനമേരിക്കന്‍–കരീബിയന്‍ സാഹചര്യങ്ങള്‍ക്കു സമാനമല്ല ഇന്ത്യന്‍ അവസ്ഥ എന്ന ബോധ്യമായിരിക്കണം അതിനു പിന്നില്‍. പല പുരോഹിതരും സഭാ നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം നടത്തിയിരുന്നത്. ചിലരാകട്ടെ, ഇടവക ചുമതലകളില്‍നിന്നു ദീര്‍ഘകാല അവധിയെടുത്താണ് പ്രവര്‍ത്തിച്ചിരുന്നത്. ക്രമേണ ഇവരെല്ലാം സാമ്പ്രദായിക പൗരോഹിത്യ രീതിയിലേക്കു മടങ്ങിപ്പോയി. കോച്ചേരി ലോക മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. പരിസ്ഥിതി, സ്ത്രീ സ്വാതന്ത്ര്യവാദം, ഗോത്രവര്‍ഗ്ഗ സേവനം, എയ്ഡ്‌സ് രോഗീ പുനരധിവാസം തുടങ്ങിയ മേഖലകളിലേക്കു പോയി പുരോഹിതന്മാരില്‍ പലരും. ഫാദര്‍ അലോഷ്യസ് ഫെര്‍ണാണ്ടസ്, കൊച്ചുമോള്‍ തോമസ് തുടങ്ങിയവരാകട്ടെ, നാസ്തിക പ്രവര്‍ത്തനങ്ങളിലേക്കു പോയി. 

ഒരു കീഴാള പ്രസ്ഥാനമെന്ന നിലയിലാണ് വിമോചന ദൈവശാസ്ത്രം മറ്റെവിടെയുമെന്നപോലെ കേരളത്തിലും അടയാളപ്പെടുത്തപ്പെട്ടത്. ക്രിസ്തീയ സഭകളിലുള്ള ദളിതരേയും മറ്റു സാധുക്കളേയും സാഹോദര്യത്തിന്റെ നൂലില്‍ കോര്‍ക്കാനാണ് അതു ശ്രമിച്ചത്. പക്ഷേ, ഒരു ഭൂതകാലാവശിഷ്ട ഭാരമായി ഇന്നും കേരളത്തിലെ ക്രിസ്തീയതയില്‍ നിറഞ്ഞുനില്‍ക്കുന്ന വരേണ്യജാതിമനസ്സ് സാഹോദര്യത്തിന്റെ ഏകാത്മകതയ്ക്കു വിലങ്ങുതടിയായി നിന്നു. ക്രിസ്തീയതയുടെ ബദ്ധശത്രുവായ നിരീശ്വരവാദത്തിന്റെ ചങ്ങാത്തക്കാരാണ് വിമോചന ദൈവശാസ്ത്രക്കാരെന്ന പ്രചാരണവും വിശ്വാസി സമൂഹത്തില്‍ വിലപ്പോയി. മാത്രമല്ല, ബുദ്ധിജീവികളായ അച്ചന്മാര്‍ പറയാന്‍ ശ്രമിച്ച ദാര്‍ശനിക–ദൈവശാസ്ത്ര ആശയങ്ങള്‍ പലപ്പോഴും അതു ലക്ഷ്യം വെച്ച വിശ്വാസി സമൂഹത്തിനു നന്നായി ബോധ്യപ്പെട്ടതുമില്ല. 

ബൈബിളിലെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്തു നടത്തുന്ന വ്യാഖ്യാന കസര്‍ത്തുമാത്രമാണ് വിമോചന ദൈവശാസ്ത്രമെന്നുള്ള വിമര്‍ശനത്തിനും പിന്തുണ കിട്ടി. ഈ ബദല്‍ ആത്മീയ ആശയധാരയോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പുരോഹിതന്മാരിലേറെ പേര്‍ക്കും കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തോട് അനുഭാവമോ താല്പര്യമോ ഉണ്ടായിരുന്നില്ല. മാര്‍ക്‌സിയന്‍ ദര്‍ശനത്തെപ്പറ്റി കൃതിയെഴുതിയ എസ്. കാപ്പന്‍, എം.ജെ. ജോസഫ് എന്നിവരെപ്പോലുള്ള പണ്ഡിതന്മാരുടെ മാര്‍ക്‌സിസ്റ്റുന്മുഖ നിലപാടുകള്‍ അവര്‍ക്കു ദഹിച്ചതുമില്ല. മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളില്‍ പലര്‍ക്കും പാതിരിമാരുടെ വിപ്‌ളവാഭിമുഖ്യത്തോടു സംശയമായിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഇത്തരം ആശയങ്ങളുടെ പ്രാധാന്യം മനസ്സിലായതുമില്ല. സഭയില്‍ നടക്കുന്ന ഒരു തരം കൊട്ടാരവിപ്‌ളവമായിട്ടാണ് പലരും ഇതിനെ കണ്ടത്. ഡോ. കെ.എം. ജോസഫ് ചൂണ്ടിക്കാട്ടുന്നതുപോലെ ഇവിടെ പണ്ടേ ഒരു ഇടതു മനസ്സുണ്ട്. 

അതുകാരണം ഒരു ആത്മീയ–സാമൂഹ്യ വിപ്‌ളവപ്രസ്ഥാനമെന്ന നിലയില്‍ വിമോചന ദൈവശാസ്ത്രത്തിനു വലിയ ഇടം കിട്ടിയില്ല. മാത്രമല്ല, ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങള്‍ ഇടതുപക്ഷക്കാരുടെ സ്ഥിരം വിഷയമാണുതാനും. ദൈവരാജ്യത്തോട് അടുത്തുനില്‍ക്കുന്ന രാജ്യമെന്ന് പൗലോസ് മാര്‍ പൗലോസിനെപ്പോലുള്ള ദൈവശാസ്ത്ര വിദുഷികള്‍ വിശേഷിപ്പിച്ച സോവിയറ്റു യൂണിയന്റെ തകര്‍ച്ച വല്ലാത്തൊരു ആഘാതമാണ് ഏല്പിച്ചതും. 
ലാറ്റിന്‍ അമേരിക്കന്‍ സാഹചര്യത്തില്‍നിന്നു വ്യത്യസ്തമായി കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ആരും തന്നെ സഭയ്ക്കുള്ളിലെ ഈ പുതുപ്രസ്ഥാനത്തെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്തില്ല. അതുകൊണ്ടുതന്നെ ഒരു വിമതപക്ഷമെന്ന നിലയിലാണ് വിശ്വാസി സമൂഹം ഇതിനെ കണ്ടത്. 

രണ്ടാം വരവ്: 
പ്രതീക്ഷകള്‍

വിമോചന ദൈവശാസ്ത്രം വീണ്ടും വരുന്നുവെന്ന വാര്‍ത്തകളോട് അത്ര ആവേശത്തോടെയല്ല മുന്‍പ്രവര്‍ത്തകരില്‍ പലരും പ്രതികരിച്ചത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടുകളില്‍ വിശ്വാസവും മതിപ്പുമുള്ള സിസ്റ്റര്‍ ആലീസ് ലൂക്കോസ് പുതിയ സംഭവവികാസങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്നു. കുടുംബത്തിന്റെ മനോ–സാമൂഹിക ശാക്തീകരണം എന്ന കാഴ്ചപ്പാടോടെ ചേര്‍ത്തല എരമല്ലൂരില്‍ വിന്‍ സെന്റര്‍ എന്ന സന്നദ്ധസംഘടന നടത്തുന്ന അവര്‍ ദൈവശാസ്ത്രത്തിന്റെ പ്രചോദനമിപ്പോഴും സൂക്ഷിക്കുന്നു. അവര്‍ പറയുന്നു, ''പോപ്പ് ഫ്രാന്‍സിസ് ഉയര്‍ത്തിപ്പിടിക്കുന്നത് റാഡിക്കലായ ആത്മീയതയാണ്. അത് എനിക്ക് ശുഭാപ്തി വിശ്വാസം നല്‍കുന്നു.' ഫാ. ജോസ് കളീക്കല്‍ കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ ഇനിയുമതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നു സംശയിക്കുന്നു. 

വിമോചന ദൈവശാസ്ത്രം അതിന്റെ ധര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കേരളത്തിലെ സാധാരണക്കാരായ ക്രിസ്ത്യാനികള്‍ക്കിടയിലും പൊതുസമൂഹത്തിലും ഉയര്‍ന്ന നീതിബോധം സൃഷ്ടിക്കാന്‍ അതിനു കഴിഞ്ഞുവെന്നും അദ്ദേഹം വിലയിരുത്തുന്നു. ഫാദര്‍ ജെയിംസ് കുലാസിന്റെ അഭിപ്രായത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിമോചന ദൈവശാസ്ത്രത്തെ പുന:സ്ഥാപിക്കുകയല്ല, അതിന്റെ ചില മൂല്യങ്ങളെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. സഭയുടെ പാവപ്പെട്ടവരോടുള്ള പക്ഷം ചേരല്‍ അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. പാപ്പയുടെ നിലപാടുകള്‍ പഴയ വിമോചന ദൈവശാസ്ത്രത്തിനും അപ്പുറത്തേക്കു വളര്‍ന്നിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ ദര്‍ശനം പരിസ്ഥിതി, മനുഷ്യാവകാശം, ലിംഗനീതി തുടങ്ങിയ സമകാലിക പ്രശ്‌നങ്ങളെ ദൈവശാസ്ത്രാടിസ്ഥാനത്തില്‍ അഭിസംബോധന ചെയ്യുന്നു. ഡൈനാമിക് ആക്ഷന്‍ മാഗസിന്റെ മാനേജിംഗ് എഡിറ്റര്‍ വിനോദ് കോശിയുടെ അഭിപ്രായത്തിലും കൂടുതല്‍ മതേതരമായ പ്രസ്ഥാനങ്ങളാണ് ഇന്ന് കേരളത്തിന് ആവശ്യമായിട്ടുള്ളത്. ബദല്‍ ദൈവശാസ്ത്രം അതിന്റെ പങ്ക് നിര്‍വ്വഹിച്ചു കഴിഞ്ഞു. 

എന്തായാലും, വിമോചനപരമായ ആത്മീയത ഏറെ പ്രസക്തമായ ഒരു സാഹചര്യമാണ് ലോകത്തെവിടെയും ഇന്നുള്ളത്. സാമ്പത്തിക–രാഷ്ട്രീയ അപമാനവീകരണത്തോടൊപ്പം മതഫാസിസത്തിന്റേയും വര്‍ഗ്ഗീയ തീവ്രവാദത്തിന്റേയും ആത്മീയ ചൂഷണത്തിന്റേയും ഇരകളായി മനുഷ്യകോടികള്‍ മാറുമ്പോള്‍ ഹൃദയരഹിതമായ ലോകത്തിന്റെ ഹൃദയമായി അത് ഉയര്‍ന്നുവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com