പൊലീസിനു തൊണ്ടിമുതല്‍ അന്വേഷിക്കാനുള്ള ഇടമല്ല പവിത്രമായ എഡിറ്റോറിയല്‍ റൂമുകള്‍

ടിപി സെന്‍കുമാറുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സമകാലിക മലയാളത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ എഴുതുന്നു
പൊലീസിനു തൊണ്ടിമുതല്‍ അന്വേഷിക്കാനുള്ള ഇടമല്ല പവിത്രമായ എഡിറ്റോറിയല്‍ റൂമുകള്‍

''സമൂഹം സംയമനത്തോടെ വായിക്കുകയും പ്രതികരിക്കുകയും ചെയ്ത വിഷയം പൊലീസ് കുത്തിപ്പുണ്ണാക്കരുത്. മാധ്യമത്തിനെതിരെയുണ്ടായ ഇ-മെയില്‍ കേസ് പിന്‍വലിക്കേണ്ടിവന്നു. പിന്‍വലിക്കുന്നതിനെക്കാള്‍ നല്ലതു തുടങ്ങാതിരിക്കുന്നതാണ്.'' - ടിപി സെന്‍കുമാറുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ സമകാലിക മലയാളത്തിനെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ എഴുതുന്നു.
 

ള്ളടക്കത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ അവധാനതയോടെ ആയിരിക്കണം. ആരുടേയും അനുവാദം വാങ്ങാതേയും നിയന്ത്രണത്തിനു വിധേയമാകാതേയും എന്തും പ്രസിദ്ധീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യമാണ് പത്രസ്വാതന്ത്ര്യം. ഇംഗ്ലണ്ടില്‍ ബ്ലാക്‌സ്റ്റണ്‍ പ്രഭുവിന്റെ കാലം മുതല്‍ അനുവര്‍ത്തിച്ചുപോരുന്ന തത്ത്വമാണിത്. ഇതിനു വിരുദ്ധമായ അവസ്ഥയാണ് സെന്‍സര്‍ഷിപ്പ്. ബ്ലാക്‌സ്‌റ്റോണിയന്‍ തത്ത്വത്തിന്റേയും യു.എസ് ഭരണഘടനാ വ്യാഖ്യാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പറയപ്പെടാത്ത ഈ വിഷയത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഉദാരമായ വ്യാഖ്യാനം ഉണ്ടായിട്ടുള്ളത്. പ്രസിദ്ധീകരണത്തിനുശേഷം നിയമത്തിന്റെ ഇടപെടല്‍ ആകാം. ഭരണഘടനയില്‍ വിവരിച്ചിട്ടുള്ള കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ള ന്യായമായ നിയന്ത്രണങ്ങള്‍ മാത്രമാണ് സാധ്യമായുള്ളത്. 


പ്രസിദ്ധീകരിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് റിപ്പോര്‍ട്ടര്‍മാര്‍ പലരോടും സംസാരിക്കുന്നത്. അന്തസ്സായി ചെയ്യുന്നവര്‍ അതു സംസാരിക്കുന്നയാളിന്റെ അനുവാദത്തോടെ രേഖപ്പെടുത്തും. മൊബൈല്‍ ഫോണിന്റെ കാലത്ത് അറിയിക്കാതേയും റെക്കോഡ് ചെയ്യാം. കബളിപ്പിക്കപ്പെടുന്ന ഫോണ്‍ കെണിയുമുണ്ട്. സ്റ്റിങ്ങാണെങ്കില്‍ എല്ലാ തെറ്റുകളും ന്യായീകരിക്കപ്പെടുമെന്ന ധാരണ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പൊതുവേയുണ്ട്. ഒളിച്ചുവയ്ക്കപ്പെട്ട ക്യാമറയും ഫോണും മാധ്യമപ്രവര്‍ത്തകരുടെ ഒഴിവാക്കാനാവാത്ത ഉപകരണങ്ങളായിരിക്കുന്നു. വാട്ടര്‍ഗേറ്റും ബോഫോഴ്‌സും ഉണ്ടായത് ഇത്തരം ഉപകരണങ്ങളുടെ സഹായത്തോടെയല്ല. വാരിക്കുഴികളില്ലാത്ത നേര്‍യാത്രയാണ് രണ്ടു കേസിലും ഉണ്ടായത്. അതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ മാധ്യമചരിത്രത്തില്‍ ഐതിഹാസികമായ പരിവേഷത്തോടെ വേറിട്ടുനില്‍ക്കുന്നു.


ടി.പി. സെന്‍കുമാറിനെ സമകാലിക മലയാളം  വാരിക കെണിയില്‍ വീഴ്ത്തിയില്ല. അദ്ദേഹം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ അറിവോടെയാണ് റംഷാദ് രേഖപ്പെടുത്തിയത്. രേഖപ്പെടുത്തിയതെല്ലാം പ്രസിദ്ധപ്പെടുത്തുന്നതിനുള്ള അനുവാദം അദ്ദേഹം നല്‍കി. എല്ലാം അന്തസ്സോടെയുള്ള കാര്യങ്ങളായിരുന്നു. എന്നാല്‍, അനന്തരം അദ്ദേഹം നിലപാട് മാറ്റി. സന്ദേശം മോശമാകുമ്പോള്‍ സന്ദേശവാഹകനെ പഴിക്കുന്നത് അന്തസ്സുള്ള കാര്യമല്ല. എഴുതിയത് എഴുതി എന്ന നിലപാടില്‍ ഉറച്ചുനിന്നയാളാണ് പീലാത്തോസ്. എഴുതിയതില്‍ മാത്രമല്ല, പറഞ്ഞതിലും ഉറച്ചുനില്‍ക്കണം. പറഞ്ഞതു നിഷേധിക്കുന്നവരാണ് നേതാക്കള്‍. രേഖയിലുള്ളതു നിഷേധിക്കുന്നതു വ്യര്‍ത്ഥമാണെന്ന് അറിയാത്തയാളല്ല സെന്‍കുമാര്‍. യൂണിഫോമിനൊപ്പം അഴിച്ചുവയ്ക്കാവുന്നതാണോ ആര്‍ജ്ജവം? റമദാന്‍ പ്രസംഗത്തിലെ അനാശാസ്യത ചൂണ്ടിക്കാട്ടി അങ്ങനെയുള്ള ആള്‍ക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സെന്‍കുമാര്‍ പറയുന്നുണ്ട്. അനാശാസ്യത മുന്‍ ഡി.ജി.പിയുടെ ഭാഗത്തുനിന്നായാലും നടപടി ആകാമെന്നാണ് പരോക്ഷമായ വിവക്ഷ.


വാക്കുകള്‍ പ്രോസിക്യൂഷനു വിധേയമാകരുതെന്ന അഭിപ്രായമാണ്  എനിക്കുള്ളത്. വാക്കുകള്‍ ആര്‍ക്കും പിടികൊടുക്കാതെ സ്വതന്ത്രമായി പായുന്ന ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവത്തിനും മുന്‍പേയുള്ള നിലപാടാണത്. സോക്രട്ടീസും വാള്‍ട്ടയറും പഠിപ്പിച്ച പാഠമാണിത്. പക്ഷേ, ഞാനിപ്പോള്‍ വാക്കുകളെ പ്രതിരോധിച്ചുകൊണ്ട് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. കോടതിയലക്ഷ്യം രണ്ട്, അപകീര്‍ത്തി നാല്. എല്ലാം അഭിഭാഷക സഹോദരന്മാരുടെ സംഭാവന. സ്വാതന്ത്ര്യത്തിനുവേണ്ടി സംസാരിച്ചതിന്റെ പ്രതിഫലമാണിത്. നിയമം അങ്ങനെയാണെങ്കില്‍ അങ്ങനെയാകട്ടെ. അപകീര്‍ത്തിക്കും കോടതിയലക്ഷ്യത്തിനും കാരണമാകുന്ന വാക്കുകള്‍ സമൂഹം അറിയത്തക്ക രീതിയില്‍ പ്രസിദ്ധീകരിച്ചിരിക്കണം. പ്രസിദ്ധീകരണമില്ലെങ്കില്‍ കേസില്ല. പ്രസിദ്ധീകരിക്കുമ്പോള്‍ പ്രസിദ്ധീകരണം കൂട്ടുപ്രതിയാകും. പത്രങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന നിയമങ്ങള്‍ വേറെയുമുണ്ട്. എല്ലാ നിയമങ്ങളും പ്രയോഗിക്കാനുള്ളതല്ല. എല്ലാ നിയമങ്ങളും ഒഴിവാക്കാനുള്ളതുമല്ല.
മെക്കാളെയുടെ അതിവിശിഷ്ടമായ നിയമനിര്‍മ്മാണമാണ് ഇന്ത്യന്‍ ശിക്ഷാനിയമം. അതില്‍ പലേടത്തും നാം പിന്നീട് ഡ്രാക്കോയുടെ കരി പുരട്ടി. സെഡിഷന്‍ കുറ്റകരമാക്കുന്ന 124എ അതിനുദാഹരണം. ഭരണകൂടത്തിന് അപ്രിയമായ എഴുത്തെല്ലാം ഈ വകുപ്പില്‍ പെടുത്താം. രാജദ്രോഹവും രാജ്യദ്രോഹവും തമ്മില്‍ വേര്‍തിരിവില്ലാതാകുമ്പോള്‍ ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനം അസാധ്യമാകും. നിയമത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതിനു പകരം സ്വേച്ഛാപരമാക്കാനാണ് പരിശ്രമം. ഇനിയും വിട്ടുമാറിയിട്ടില്ലാത്ത കൊളോണിയല്‍ ആലസ്യം നല്‍കുന്ന സുഖമാണത്. കര്‍ണാടകയില്‍ രണ്ട് പത്രാധിപന്മാരെ ജയിലില്‍ അടയ്ക്കാന്‍ തീരുമാനിച്ച നിയമസഭ ജനാധിപത്യത്തിലെ സഭയല്ല. ശിക്ഷിക്കുന്നതിനു മാത്രമല്ല, ശിക്ഷിക്കാതിരിക്കുന്നതിനുവേണ്ടി കൂടിയുള്ളതാണ് അധികാരം.

വാക്കുകള്‍ ചിലപ്പോള്‍ മുറിവുണ്ടാക്കും. വിഷം പുരട്ടിയ വാക്കുകളാണെങ്കില്‍ മുറിവ് മാരകമാകും. ഉണങ്ങാത്ത വ്രണങ്ങള്‍ക്കും അതു കാരണമാകും. നിരന്തരം പൊട്ടിയൊലിക്കുന്ന വ്രണങ്ങളുമായി കഴിയുന്ന സമൂഹമാണ് നമ്മുടേത്. ഞാന്‍ ചിലതു പറഞ്ഞപ്പോള്‍ അഭിഭാഷകരും വ്രണിതരായി. വികാരമാണ് വ്രണപ്പെടുന്നത്. അതിനു വേറെ ചികിത്സ തേടണം. വ്രണങ്ങള്‍ ഉണങ്ങുന്നില്ലെങ്കില്‍ പരിസരമാകെ ദുര്‍ഗന്ധം പടരും. വാക്കുകളുടെ നിവാരണത്തിലൂടെ പരിഹാരം കാണാവുന്ന വിഷയമല്ലിത്. വാക്കുകള്‍ ഉത്ഭവിക്കുന്നതും സ്വീകരിക്കപ്പെടുന്നതും അന്തസ്സോടെയായിരിക്കണം. പൊലീസും പ്രോസിക്യൂഷനും ഒഴിവാക്കപ്പെടേണ്ടതായ മേഖലകളുണ്ട്. മാലാഖമാര്‍പോലും ജാഗ്രതയോടെ മാത്രം കയറുന്ന ഇടങ്ങളാണത്. 
വാക്കല്ല, പ്രവൃത്തിയാണ് ശിക്ഷിക്കപ്പെടേണ്ടത്. കുറ്റകരമായ പ്രവൃത്തികള്‍ മാപ്പാക്കപ്പെടുകയും സ്വതന്ത്രമായിരിക്കേണ്ട വാക്കുകള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു. അപകീര്‍ത്തിയും അശ്‌ളീലവും കോടതിയലക്ഷ്യവും രാജ്യദ്രോഹവും ശിക്ഷിക്കപ്പെടണം. സമൂഹത്തിന്റെ സുരക്ഷിതത്വത്തിനു സമൂഹവിരുദ്ധമായ കാര്യങ്ങള്‍ തടയപ്പെടണം. എന്നാല്‍, വിളയും കളയും ഒരുപോലെ വളര്‍ന്നുനില്‍ക്കുന്ന വയലില്‍ നല്ല ചെടികള്‍ക്കു മാത്രമായി സേചനം നടത്താന്‍ കഴിയില്ല. കള പിഴുതു കളയുന്ന പണി അശിക്ഷിതരെ ഏല്‍പ്പിച്ചാല്‍ നല്ല ചെടികളും പിഴുതെറിയപ്പെടും. അതുകൊണ്ട് കൊയ്ത്തുകാര്‍ വരുംവരെ കളകളും വളരട്ടെ എന്നു കരുതുന്നതാകും കരണീയം. മഞ്ഞയായാലും നീലയായാലും മറ്റേതു നിറമായാലും എല്ലാ നിറങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്നതാണ് പത്രസ്വാതന്ത്ര്യം.


അഭിമുഖത്തിലും അല്ലാതെയുമായി സെന്‍കുമാര്‍ പറഞ്ഞതെല്ലാം രേഖയിലുണ്ട്. ആനുഷംഗികമായി പറഞ്ഞതുപോലും പ്രസിദ്ധപ്പെടുത്താന്‍ സെന്‍കുമാറിന്റെ അനുവാദമുണ്ടായിരുന്നു. എന്നാല്‍, ആശാസ്യമായതു മാത്രമാണ് വാരിക പ്രസിദ്ധപ്പെടുത്തിയത്. അത് എഡിറ്ററുടെ വിവേചനാധികാരം. പ്രസിദ്ധീകരണം മാത്രമാണ് പ്രസിദ്ധപ്പെടുത്തിയതിനു തെളിവ്. പറയാത്തതു പ്രസിദ്ധപ്പെടുത്തിയെന്ന് സെന്‍കുമാറിന് ആക്ഷേപമുണ്ടെങ്കില്‍ അദ്ദേഹത്തിന് അക്കാര്യം കോടതിയില്‍ പറയാം. അതിനു പകരം സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അതു റെക്കോഡ് ചെയ്ത ഫോണും എഡിറ്റ് ചെയ്ത കംപ്യൂട്ടറും ഹാജരാക്കണമെന്ന പൊലീസിന്റെ ആവശ്യം അനാവശ്യമാണ്. സോഴ്‌സ് ഉള്‍പ്പെടെ പരസ്യമാക്കാന്‍ പാടില്ലാത്ത പലതും റിപ്പോര്‍ട്ടറുടെ ഫോണിലും കംപ്യൂട്ടറിലുമുണ്ടാകും. എന്തും പൊലീസിന്റെ പിടിയിലാകുമെന്ന അവസ്ഥയില്‍ ആരും ഒന്നും തുറന്നു പറയാത്ത അവസ്ഥയുണ്ടാകും. പൊലീസിനു തൊണ്ടിമുതല്‍ അന്വേഷിക്കാനുള്ള ഇടമല്ല പവിത്രമായ എഡിറ്റോറിയല്‍ റൂമുകള്‍. സെന്‍കുമാറിന്റെ കേസിനപ്പുറമുള്ള മൗലികമായ ചില വിഷയങ്ങള്‍ മലയാളം വാരികയ്‌ക്കെതിരെയുള്ള പൊലീസ് നീക്കങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സുനിയുടെ ഫോണും റംഷാദിന്റെ ഫോണും പൊലീസിന് ഒരുപോലെ ആയിരിക്കാം. പക്ഷേ, നമുക്ക് അങ്ങനെ കാണാനാവില്ല.


അറസ്റ്റും പ്രോസിക്യൂഷനും ആവശ്യമാകുന്ന രീതിയില്‍ അപകടകരമായ പ്രസിദ്ധീകരണം മലയാളം വാരിക കടലാസിലോ ഓണ്‍ലൈനിലോ നടത്തിയതായി ഞാന്‍ മനസ്സിലാക്കുന്നില്ല. സെന്‍കുമാര്‍ പറഞ്ഞതിനോട് വിയോജിപ്പുള്ളവര്‍ ഉണ്ടാകും. വിയോജിക്കാന്‍ കഴിയുന്നതായിരിക്കണം ജനാധിപത്യത്തിലെ സംഭാഷണം. എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയുന്ന വര്‍ത്തമാനം നല്ല വര്‍ത്തമാനമല്ല. ജനനനിരക്കിന്റെ അടിസ്ഥാനത്തില്‍ സെന്‍കുമാര്‍ പ്രകടിപ്പിച്ച ആശങ്ക ജനസംഖ്യാനിയന്ത്രണമെന്ന ദേശീയനയത്തിന് അനുസൃതമാണ്. അങ്ങനെയല്ല എന്ന് അഭിപ്രായമുള്ളവര്‍ക്ക് അതു പറയുകയോ അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യാം. പ്രസവം കുറ്റമല്ല. സമൂഹം സംയമനത്തോടെ വായിക്കുകയും പ്രതികരിക്കുകയും ചെയ്ത വിഷയം പൊലീസ് കുത്തിപ്പുണ്ണാക്കരുത്. മാധ്യമത്തിനെതിരെയുണ്ടായ ഇ–മെയില്‍ കേസ് പിന്‍വലിക്കേണ്ടിവന്നു. പിന്‍വലിക്കുന്നതിനെക്കാള്‍ നല്ലതു തുടങ്ങാതിരിക്കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com