ആളില്ല, ആസൂത്രണമില്ല; പണമില്ല, പണിയായുധമില്ല

പ്രസക്തമാവുന്ന ചോദ്യം ഇതാണ്, എത്രത്തോളമുണ്ട് നമ്മുടെ ദുരന്ത നിവാരണ സംവിധാനം?
ആളില്ല, ആസൂത്രണമില്ല; പണമില്ല, പണിയായുധമില്ല

പരിചിതമല്ലാത്ത ഒരു ദുരന്തത്തിലൂടെ കേരളം കടന്നുപോവുകയും അതിനെ നേരിടുന്നതില്‍ വീഴ്ചകള്‍ വന്നെന്ന് പഴികള്‍ ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ പ്രസക്തമാവുന്ന ചോദ്യം ഇതാണ്, എത്രത്തോളമുണ്ട് നമ്മുടെ ദുരന്ത നിവാരണ സംവിധാനം? ദുരന്ത സാഹചര്യത്തെ തിരിച്ചറിഞ്ഞ് മുന്നറിയിപ്പുകള്‍ നല്‍കുന്നതിലും ദുരന്തമുഖങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിലും എത്രമാത്രം സജ്ജമാണത്? അരവിന്ദ് ഗോപിനാഥ് നടത്തിയ അന്വേഷണം

രു ചതുരശ്ര കിലോമീറ്ററില്‍ 860 പേര്‍ താമസിക്കുന്ന കേരളം അപകടസാധ്യതയേറിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഉയര്‍ന്ന ജനസംഖ്യയും അപകടങ്ങളുടെ തോതും കാഠിന്യവും വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ 89 ശതമാനം സ്ഥലങ്ങളും സമീപഭാവിയില്‍ വരള്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 14% പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണ്. പടിഞ്ഞാറന്‍ തീരങ്ങളില്‍ 55 ശതമാനം തീരദേശം കടലെടുക്കുന്നു. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷവും ഒകേ്ടാബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള വടക്ക് കിഴക്കന്‍ കാലവര്‍ഷവും വെള്ളപ്പൊക്കം സൃഷ്ടിക്കുമ്പോള്‍ വേനലില്‍ വരള്‍ച്ചയാകും ദുരന്തം. കൃത്യമായ മുന്നൊരുക്കത്തോടെ, പദ്ധതി തയാറാക്കി റവന്യു വകുപ്പും വാട്ടര്‍ അതോറിറ്റിയും കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവുമൊക്കെ സംയുക്തമായി നേരിടേണ്ടതാണ് ഈ ദുരന്താവസ്ഥകളെ. എന്നാല്‍, ഇത്തവണത്തെ സി.എ.ജി റിപ്പോര്‍ട്ട് വായിച്ചാല്‍ സംസ്ഥാനത്തെ നിവാരണ പ്രവര്‍ത്തനങ്ങള്‍ തന്നെ ഒരു ദുരന്തമാണെന്ന തിരിച്ചറിവുണ്ടാകും. ദുരന്ത നിവാരണ സംവിധാനം ദുര്‍ബലമാക്കുന്ന ഭരണസംവിധാനങ്ങള്‍ പ്രശ്‌നങ്ങളെ ലഘൂകരിച്ചാണ് കാണുന്നതെന്ന് ഇതോടെ വ്യക്തമാകും.  

റിപ്പോര്‍ട്ടിലെ വസ്തുതകള്‍

ഫണ്ട് വിനിയോഗം മുതല്‍ മുന്നറിയിപ്പ് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ വരെ സര്‍ക്കാരിന് അലംഭാവവും ഗൗരവക്കുറവുമാണെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. ചില ജില്ലകളില്‍ ദുരന്തത്തിന്റെ വ്യാഖ്യാനങ്ങളില്‍പ്പോലും പെടാത്ത പ്രവൃത്തികള്‍ക്കാണ് നിവാരണ ഫണ്ടില്‍ നിന്ന് തുക (83.44 കോടി) ചെലവഴിച്ചത്. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്റ്റ് (2005)പാസായി ഒരു ദശാബ്ദം പിന്നിട്ടിട്ടും സംസ്ഥാനജില്ലാ തലങ്ങളിലോ തദ്ദേശസ്ഥാപനങ്ങളിലോ ദുരന്തനിവാരണ പദ്ധതിയുടെ രൂപരേഖ പോലുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കെ.എസ്.ഡി.എം.എയുടെ വെബ്‌സൈറ്റില്‍ പറയുന്ന പ്രകാരം ദുരന്ത നിവാരണ പദ്ധതിയുടെ രൂപരേഖ സര്‍ക്കാര്‍ അംഗീകരിച്ചത് കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ്. 2007ല്‍ നിലവില്‍ വന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് രൂപരേഖ തയ്യാറാക്കാന്‍ ഒരു ദശാബ്ദം വേണ്ടിവന്നു. 

കഴിഞ്ഞ ഒരു ദശാബ്ദക്കാലം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് നിയമപരമായി നല്‍കേണ്ട റിപ്പോര്‍ട്ട് നല്‍കിയില്ല. ഇതുമൂലം നിയമസഭയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ശരിയായതും സമഗ്രമായതുമായ വിവരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം തുടങ്ങി നാലു ജില്ലകളിലായി 24 വില്ലേജ് ഓഫീസുകള്‍ പരിശോധിച്ചപ്പോള്‍ മിക്കതിലും വില്ലേജ് തലത്തില്‍ ദുരന്ത നിവാരണ സമിതികള്‍ ഇനിയും സ്ഥാപിച്ചിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന-ജില്ലാ തലത്തിലാകട്ടെ എന്‍ജിഒ കോര്‍ഡിനേഷന്‍ സമിതികളും രൂപീകരിച്ചിട്ടില്ല. മിക്ക ജില്ലകളിലും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടില്ല. ഉള്ളവയാകട്ടെ നേരാംവണ്ണം പ്രവര്‍ത്തിക്കുന്നുമില്ല. ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൈയെടുക്കുന്ന ദുരന്തനിവാരണ സേന ഇതുവരെ രൂപീകരിച്ചിട്ടില്ല. കെട്ടിടനിര്‍മാണങ്ങള്‍ക്ക് ബാധകമായ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡങ്ങളൊന്നും സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സംസ്ഥാനത്തെ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടിനു വേണ്ടിയുള്ള ബജറ്റ് ഒരുക്കുന്നത് ജില്ലാ കളക്ടമാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് അനുസരിച്ചല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രം കവിയൂര്‍ സന്തോഷ്/എക്‌സ്പ്രസ്

ദുരന്തങ്ങളെ തടയാനും അവയുടെ ആഘാതം ലഘൂകരിക്കാനും അവയെ നേരിടാന്‍ തയ്യാറെടുക്കാനുമുള്ള ഉത്തരവാദിത്വം റവന്യൂ വകുപ്പിനാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന നോഡല്‍ വകുപ്പും ഇവരാണ്. വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് സ്റ്റേറ്റ് റിലീഫ് കമ്മീഷണറുടെ പദവിയുള്ളതും. 2009ല്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ദേശീയനയം അനുസരിച്ച് സംസ്ഥാന തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ തലവന്‍ മുഖ്യമന്ത്രിയാണ്. നയം രൂപീകരിക്കേണ്ടതും പദ്ധതികള്‍ നടപ്പാക്കേണ്ടതിന്റേയും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണ്. ഈ ദേശീയ നയം നടപ്പിലാക്കാനും ഏകോപിപ്പിക്കാനുമായ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ സഹായിക്കാന്‍ ഒരു കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയാണ് ഈ സമിതിയുടെ തലവന്‍. ഡി.എം ആക്റ്റിന്റെ 23ാം ഖണ്ഡം അനുസരിച്ച് സംസ്ഥാനതലത്തില്‍ രൂപരേഖ തയ്യാറാക്കേണ്ടത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ്. 

സെക്ഷന്‍ 40 അനുസരിച്ച് എല്ലാ വകുപ്പുകളും ദുരന്തനിവാരണ പദ്ധതി തയ്യാറാക്കണം. തദ്ദേശസ്ഥാപനങ്ങള്‍ ഇതു തയ്യാറാക്കി ജില്ലാഭരണകൂടത്തിന് കൈമാറുകയും വേണം. എന്നാല്‍ സംസ്ഥാനത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ച 2007 മുതല്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല. തദ്ദേശതലത്തിലും ഈ അവസ്ഥയ്ക്ക് മാറ്റമില്ല. അത്തരമൊരു രൂപരേഖയില്ലാതെ സംസ്ഥാനത്തെ നിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാകില്ലെന്ന നിലപാടാണ് സിഎജി സ്വീകരിച്ചത്. എന്നാല്‍ പിന്നീട് 2016 സെപ്റ്റംബറില്‍ പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ആരോഗ്യവകുപ്പ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്‌തെന്നും അറിയിച്ചു. എന്നാല്‍ ഈ അവശ്യസംവിധാനം നിലവില്‍വന്ന് പത്തുവര്‍ഷത്തിനു ശേഷമാണ് നടപ്പാക്കുന്നതിന്റെ പ്രാഥമിക നടപടികളെങ്കിലും തുടങ്ങിവച്ചത്. ഫണ്ടിന്റെ വിനിയോഗം, പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ നടപ്പാക്കിയത് എന്നിവ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അതു സഭയില്‍ അവതരിപ്പിച്ചതുമില്ല. ഈ നിരുത്തരവാദപരമായ നടപടികള്‍ സര്‍ക്കാരിന്റെ ഗൗരവക്കുറവിനെയാണ് കാണിക്കുന്നതെന്ന് സി.എ.ജി പറയുന്നു. 
മുഖ്യമന്ത്രി ചെയര്‍മാനായ ദുരന്ത നിവാരണ സമിതിയില്‍ രണ്ട് എക്‌സ് ഒഫീഷ്യോ മെമ്പര്‍മാര്‍ അടക്കം പരമാവധി എട്ടുപേരാണ് വേണ്ടത്. എന്നാല്‍ 2007-ല്‍ സംസ്ഥാന സമിതിയിലേക്ക് നോമിനേറ്റ് ചെയ്തത് ഒമ്പത് എക്‌സ് ഒഫീഷ്യോ മെമ്പര്‍മാരെയാണ്. സെഷന്‍ 29 പ്രകാരം സംസ്ഥാന സര്‍ക്കാരാണ് ജില്ലാ അതോറിറ്റിക്ക് ജീവനക്കാരെയും കണ്‍സള്‍ട്ടന്റുമാരെയും നല്‍കേണ്ടത്. 546 തസ്തികകള്‍ ഇതിനായി മാറ്റിവച്ചെങ്കിലും 197 എണ്ണം മാത്രമാണ് പുനര്‍വിന്യസിച്ചത്. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചതു തന്നെ ദുരന്തനിവാരണ പ്രവര്‍ത്തങ്ങളുടെ മേല്‍നോട്ടത്തിനായിരുന്നു. എന്നാല്‍ കോട്ടയം, പാലക്കാട് ജില്ലകളില്‍ ഇതു നടന്നില്ല. മറ്റു ചുമതലകളുള്ള ഡെപ്യൂട്ടി കളക്ടര്‍ക്ക് ഈ ചുമതല കൂടി കൈമാറുകയായിരുന്നു. 

നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൗരന്മാരുടെ ക്രിയാത്മക പങ്കാളിത്തം ഉറപ്പുവരുത്താനും പൊതുജനങ്ങളെ ബോധവത്കരിക്കാനുമായി പരിശീലന സ്ഥാപനമായ സി.ഡി.ടി.ഐ(സിവില്‍ ഡിഫന്‍സ് ട്രെയ്‌നിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട്) സ്ഥാപിച്ചിരുന്നു. എന്നാല്‍ ഗ്രാന്‍ഡായി കിട്ടിയ 1.95 കോടി മുടക്കി കെട്ടിടം പണിതതല്ലാതെ മറ്റൊരു നടപടികളുമുണ്ടായില്ല. ആവശ്യത്തിന് ഉപകരണങ്ങളോ നിയമനങ്ങളോ ഉണ്ടായില്ല. 2014 ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗ്രാന്‍ഡായ 2.26 കോടി ലഭിച്ചെങ്കിലും മിക്ക ജില്ലകളിലും നടപടികളൊന്നുമായിട്ടില്ല. ദേശീയനയം അനുസരിച്ച് സര്‍ക്കാരിതര സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ സമിതി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും രൂപീകരികരിക്കാന്‍ ആഭ്യന്തര മന്ത്രാലയം 2014 ഒകേ്ടാബറില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതും നടപ്പിലായില്ല. 2016 നവംബറില്‍ നിയമത്തില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ രൂപീകരണം അനുശാസിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ ഈ മറുപടി സാധൂകരിക്കത്തക്കതല്ലെന്ന് പറയുന്നു സി.എ.ജി.
എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററുകള്‍ സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് പ്രാവര്‍ത്തികമാകാറില്ല. മണ്‍സൂണ്‍ കാലങ്ങളില്‍ കളക്ടറേറ്റില്‍ 24 മണിക്കൂറും ഓപ്പറേറ്റിങ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബാക്കി സമയങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ ഇത് ന്യായീകരിക്കാവുന്നതല്ലെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. സാധാരണ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകരാറിലാകുന്ന ദുരന്തസമയത്ത് പ്രവര്‍ത്തിക്കേണ്ട വിഎച്ച്എഫ് റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനം പലയിടത്തും പ്രവര്‍ത്തിക്കുന്നില്ല. ഹാം റേഡിയോ സെറ്റുകളോ റേഡിയോ റിസീവറുകളോ പോര്‍ട്ടബിള്‍ ജനറേറ്ററോ ലഭ്യമല്ല. ഉപകരണങ്ങള്‍ മിക്കതും കളക്ടറേറ്റിലെ മറ്റുവകുപ്പുകളാണ് ഉപയോഗിക്കുന്നത്. സാധാരണക്കാര്‍ക്ക് വിവരങ്ങള്‍ അറിയാനും അറിയിക്കാനുമുള്ള ട്രോള്‍ ഫ്രീ നമ്പറായ 1077 പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

മുന്നറിയിപ്പ് തരാത്ത സുരക്ഷ

വില്ലേജ്- താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കാനായി  2.34 കോടി മുടക്കി വാങ്ങിയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതില്‍ പിഴവുവന്നു. പിന്നീട് അതു ഗ്യാരന്റി കാലയളവിനുള്ളില്‍ അറ്റകുറ്റപ്പണി നടത്തിയതുമില്ലെന്ന് സി.എ.ജി 2013ല്‍ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് സേനയുടെ ടെലികമ്യൂണിക്കേഷന്‍ വിഭാഗവുമായി ചേര്‍ത്ത് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ എല്ലാ ജില്ലാകളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായാണ് സര്‍ക്കാര്‍ അന്ന് അറിയിച്ചത്. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ച 70 വിഎച്ച്എഫ് സംവിധാനങ്ങളില്‍ 58 എണ്ണവും പ്രവര്‍ത്തിക്കുന്നില്ല. തിരുവനന്തപുരം ജില്ലയില്‍ മാത്രം 35 സെറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നന്നാക്കിയെങ്കിലും അതു പുനസ്ഥാപിക്കാതെ കളക്ടറേറ്റ് സ്റ്റോറില്‍ കെട്ടിക്കിടന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആശുപത്രികളില്‍ ദുരന്തനിവാരണം സംബന്ധിച്ച് രൂപരേഖ വേണമെന്നാണ് നിബന്ധന. എന്നാല്‍ നാലു ജില്ലകളില്‍ എട്ടു സര്‍ക്കാര്‍ ആശുപത്രികള്‍ പരിശോധിച്ചപ്പോള്‍ ഇതു സംബന്ധിച്ച് ഒരു പദ്ധതിരൂപരേഖ പോലുമില്ല. ഡോക്ടര്‍മാര്‍ക്കോ പാരാമെഡിക്കല്‍ ജീവനക്കാര്‍ക്കോ ഇതു സംബന്ധിച്ച് യാതൊരു പരിശീലനവും കിട്ടിയിട്ടുമില്ല. രക്തബാങ്കുകളോ ട്രോമകെയര്‍ സെന്ററുകളോ പോലും പ്രവര്‍ത്തനക്ഷമമല്ല. അതേസമയം ആരോഗ്യവകുപ്പിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പഌന്‍ അംഗീകരിച്ചതാണെന്ന് സര്‍ക്കാര്‍ പറയുകയും ചെയ്യുന്നു. 

ചിത്രം കവിയൂര്‍ സന്തോഷ്/എക്‌സ്പ്രസ്

ദുരന്തങ്ങളെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ സുരക്ഷാ കഌബ്ബുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 2010ല്‍ തീരുമാനിച്ചിരുന്നു. പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്ന് ഒന്നേമുക്കാല്‍ കോടി ഗ്രാന്‍ഡായി ലഭിക്കുകയും ചെയ്തു. എന്നാല്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ എട്ടു സ്‌കൂളുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് സുരക്ഷാക്‌ളബ്ബുള്ളതെന്ന് സി.എ.ജി കണ്ടെത്തി. ചട്ടമനുസരിച്ച് ദുരന്ത നിവാരണത്തിന് സ്‌കൂളുകള്‍ക്ക് പ്രത്യേക പദ്ധതി വേണം. ഹെഡ്മാസ്റ്റര്‍മാര്‍ ഓഡിറ്റ് ചെയ്യുകയും വേണം. എന്നാല്‍, ഇതൊന്നും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍ റിലീഫ് ക്യാമ്പുകളായി മാറ്റാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം സ്ഥലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതില്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടു. നാലു ജില്ലകളിലായി എട്ടു സ്‌കൂളുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ടെണ്ണം (ടിഡിജെബി ഗവ.സ്‌കൂള്‍, ആലപ്പുഴ, ടികെഎംഎം യുപിഎസ്, വൈക്കം) മാത്രമാണ് റിലീഫ് ക്യാമ്പുകളായി മാറ്റിയത്.

ചട്ടം പാലിക്കാതെ ധനവിനിയോഗം

മോക്ഡ്രില്ലുകള്‍, ക്യാംപെയിനുകള്‍, രൂപരേഖാ പരിഷ്‌കരണം തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ ഫണ്ടുകള്‍ ആവശ്യത്തിന് ഉപയോഗിച്ചിട്ടുമില്ല. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ആലപ്പുഴ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് ലഭിച്ചത് 201.32 ലക്ഷം രൂപയാണ്. ട്രഷറിയില്‍ നിക്ഷേപിച്ച ഈ തുകയില്‍ 75.61 ലക്ഷം മാത്രമാണ് ഉപയോഗിച്ചത്. എകദേശം മൊത്തം വിഹിതത്തിന്റെ 38% മാത്രം.

ദുരന്തനിവാരണ ഫണ്ട് കൈകാര്യം ചെയ്യുന്നതിലും സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം, തീപിടിത്തം, സുനാമി, മണ്ണിടിച്ചില്‍, കീടനാശിനി ദുരന്തം തുടങ്ങി 12 ദുരന്തങ്ങള്‍ക്കാണ് ചട്ടപ്രകാരം നിവാരണ ഫണ്ട് അനുവദിക്കുക. 2015 മുതല്‍ മിന്നല്‍ കൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളും തീരദേശം ഇടിയുന്നതും ശക്തമായ കാറ്റ് മൂലമുണ്ടാകുന്ന നഷ്ടങ്ങളും ദുരന്തത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രധനകാര്യ കമ്മീഷന്റെ ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്ന ഫണ്ടില്‍ കേന്ദ്രത്തിന് 75 ശതമാനവും സംസ്ഥാനത്തിന് 25 ശതമാനവുമാണ് ഓഹരി വിഹിതം.   
ധനവിനിയോഗം സംബന്ധിച്ച് സാമാനചട്ടങ്ങള്‍ പോലും പാലിക്കപ്പെടുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നുണ്ട്. ചേര്‍ത്തല, ചിറ്റൂര്‍ തുടങ്ങിയ താലൂക്കുകളിലെ തഹസീല്‍ദാര്‍മാര്‍ ട്രഷറിയില്‍ നിന്ന് ഫണ്ട് പിന്‍വലിക്കുകയും സേവിങ്‌സ്ബാങ്ക് അക്കൗണ്ടുകളിലേക്കു നിക്ഷേപിക്കുകയും ചെയ്തു. ചെലവഴിക്കാത്ത 34.53 ലക്ഷം രൂപ റീഫണ്ട് ചെയ്തതുമില്ല. ഒരു സാമ്പത്തികവര്‍ഷം പിന്‍വലിച്ച തുക അടുത്ത സാമ്പത്തികവര്‍ഷം ചെലവഴിക്കണമെങ്കില്‍ നിയമസഭയുടെ അനുമതി വേണം. എന്നാല്‍ സര്‍ക്കാര്‍ പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്ന് കിട്ടിയ രണ്ടു കോടി രൂപയുടെ ഗ്രാന്‍ഡ് അടുത്ത വര്‍ഷം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അനുമതി നല്‍കിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2013ലാണ് വരള്‍ച്ചയെ ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അന്ന് മുതല്‍ നിവാരണ ഫണ്ടില്‍ നിന്ന് ആശ്വാസധനവും അനുവദിക്കുന്നു. എന്നാല്‍ ചില ജില്ലകളില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ക്കായി ഈ ഫണ്ട് വിനിയോഗിക്കുന്നതും സിഎജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നാലു ജില്ലകളില്‍ ചെലവാക്കിയത് 96.31 കോടിയാണ്. ഇതില്‍ 83.63 കോടിയും ചെലവഴിച്ചത് അംഗീകരിക്കാനാവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത് പൈപ്പ് ലൈന്‍ ഇടാനായിരുന്നു. ഇതൊക്കെ നടപ്പാക്കിയത് വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തുകളുമാണ്. ആലപ്പുഴയില്‍ പതിനൊന്ന് കടവുകളില്‍ 8.84 കോടി രൂപ ചെലവാക്കി തൂക്കുപാലം പണിഞ്ഞത് ഈ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചായിരുന്നു. ദുരന്തങ്ങളില്‍ തകര്‍ന്ന വീടുകള്‍ പുതുക്കിപ്പണിതു നല്‍കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

ചിത്രം കവിയൂര്‍ സന്തോഷ്/എക്‌സ്പ്രസ്

ഒരു ബറ്റാലിയന് സമാനമായി 100 അംഗങ്ങളുള്ള നിവാരണ സേന രൂപീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് 2012 ഒകേ്ടാബറിലാണ്. റാപ്പിഡ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെ കമാന്‍ഡന്റാകും സേനയുടെയും തലവന്‍. 2013-14, 2014-15 കാലയളവില്‍ സേനയുടെ പരിശീലനത്തിനും ഉപകരണങ്ങള്‍ വാങ്ങാനുമായി 1.79 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതില്‍ 0.9 കോടി മാത്രമാണ് ചെലവഴിച്ചത്. 1.79 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ വെറുതേ കിടക്കുന്നു. ചെലവഴിച്ച തുകയില്‍ ക്രമക്കേടുകളും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സനല്‍ അസിസ്റ്റന്റ് മുതല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വരെയുള്ളവരുടെ ശമ്പളച്ചെലവായ 0.02 കോടിയിലും ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. 

ഭൂചലനത്തെ പ്രതിരോധിക്കുന്ന ഡിസൈനുകളിലും രീതികളിലുമായിരിക്കണം പുതിയ നിര്‍മിതികള്‍ക്ക് അനുമതി നല്‍കേണ്ടതെന്നാണ് ചട്ടം. എന്നാല്‍ ഇത് തദ്ദേശ സ്ഥാപനങ്ങള്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പോലും ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ചുരുങ്ങിയ പക്ഷം പൊതുസമ്പര്‍ക്കം കൂടുതലുള്ള സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയെങ്കിലും ഈ ചട്ടങ്ങളനുസരിച്ച് നിര്‍മിക്കേണ്ടതായിരുന്നുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com