കാലക്രമേണ ജഗദീശ്വരശക്തി....!

ക്ഷേത്ര നവീകരണശ്രമങ്ങളില്‍ പ്രതിഫലിക്കുന്ന മതപരമായ ഉണര്‍വ്് സ്ഥായിയായ എന്തെങ്കിലും മൂല്യവല്‍ക്കരണം നടത്തുന്നുണ്ടോ എന്നത് സംശയമാണ്
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം

ക്ഷേത്ര നവീകരണശ്രമങ്ങളില്‍ പ്രതിഫലിക്കുന്ന മതപരമായ ഉണര്‍വ്് സ്ഥായിയായ എന്തെങ്കിലും മൂല്യവല്‍ക്കരണം നടത്തുന്നുണ്ടോ എന്നത് സംശയമാണ്- സി. രാധാകൃഷ്ണന്‍ എഴുതുന്നു

യിടെ ഒരു വാര്‍ത്ത കേട്ടു. ഒരു കൃഷ്ണക്ഷേത്രത്തിലെ മേല്‍ശാന്തിയും കീഴ്ശാന്തിയും കഴകക്കാരനും ചേര്‍ന്ന് തിടപ്പള്ളിയില്‍ പാല്‍പ്പായസം വെക്കുന്ന ഉരുളിയില്‍ ഓംലെറ്റ് ഉണ്ടാക്കി അവിടെവെച്ചുതന്നെ ബിവറേജസ് തുറന്ന് വിസ്തരിച്ച് സേവിച്ചെന്നും നാട്ടുകാര്‍ എങ്ങനെയോ കാര്യം അറിഞ്ഞ് അവരെ പിടികൂടി എന്നും! ശേഷിച്ച ഓംലെറ്റും മദ്യവും ആ സ്വയംനിശ്ചിത നിയമപാലകര്‍ തന്നെ കഴിച്ചുവോ അതോ നാട്ടുകാര്‍ തൊണ്ടിയാക്കിയോ എന്ന് തിട്ടമില്ല.
നാടെമ്പാടും പഴയ ക്ഷേത്രങ്ങള്‍ പുനരുദ്ധാരണം ചെയ്യുന്നതിന്റേയും ചില തറവാട്ടു ക്ഷേത്രങ്ങള്‍ നാട്ടുക്ഷേത്രങ്ങളായി വികസിപ്പിക്കുന്നതിന്റേയും ബഹളമാണല്ലോ. ലക്ഷങ്ങളും കോടികളുമാണ് പിരിവെടുത്ത് ചെലവിടുന്നത്. ദേവപ്രശ്‌നങ്ങളും വാസ്തുവിചാരങ്ങളും തകൃതകൃതി! ഭാഗവത-രാമായണാദി സത്രങ്ങളും യജ്ഞങ്ങളും സപ്താഹങ്ങളും നവാഹങ്ങളും വേറെ. പൂരവും താലപ്പൊലിയും വന്‍കച്ചവട മഹാമഹങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. അഖണ്ഡനാമവും ഉദയാസ്തമയപൂജകളും അതിസാധാരണം. വൃശ്ചികമാസമായതോടെ ഈവക എല്ലാം ഒന്നുകൂടി ഉഷാറുമായി.
പക്ഷേ, ആകെപ്പാടെ ആലോചിക്കുമ്പോള്‍, മതപരമെന്നു വിളിക്കപ്പെടുന്ന ഈ ഉണര്‍വ്വ് സ്ഥായിയായ എന്തെങ്കിലും മൂല്യവല്‍ക്കരണം നടത്തുന്നുണ്ടോ എന്ന് സംശയം തോന്നുന്നു. ക്ഷേത്രം എന്തിനാണ്, അതിന്റെ രൂപകല്പനയുടെ ഉന്നമെന്താണ്, അവിടെ നടക്കേണ്ടതെന്താണ് എന്നൊക്കെയുള്ള കാര്യത്തില്‍ അല്പം വീണ്ടുവിചാരം ആവശ്യമായിട്ടില്ലേ?
ക്ഷേത്രം എന്ന വാക്ക് ആരാധനാലയം എന്ന അര്‍ത്ഥത്തില്‍ വേദ-വേദാംഗ-വേദാന്ത പാഠങ്ങളില്‍ എങ്ങും പ്രയോഗിച്ചു കാണുന്നില്ല. യോഗശാസ്ത്രം - ഗീത  പഞ്ചഭൂതങ്ങളുടെ സംഘാതങ്ങളെ, മനുഷ്യശരീരം ഉള്‍പ്പെടെ വിളിക്കുന്ന പേരാണത്. ഓരോ ക്ഷേത്രത്തിലും ചെറുതോ വലുതോ സജീവമോ നിര്‍ജ്ജീവമോ ആകട്ടെ, മൂന്ന് സാന്നിദ്ധ്യങ്ങളാണുള്ളത്. ഒന്ന്, ഭൗതിക പദാര്‍ത്ഥങ്ങള്‍ എന്ന സ്ഥൂലശരീരം രണ്ട്, ഈ പദാര്‍ത്ഥങ്ങളുടെ ചേരുവയ്ക്കു നിദാനമായ യോഗപടം അഥവാ ബ്ലൂപ്രിന്റ് എന്ന സൂക്ഷ്മശരീരം മൂന്ന്, സര്‍വ്വവ്യാപിയും നിത്യവും സത്തുമായ അടിസ്ഥാന ഊര്‍ജ്ജം അഥവാ കാരണശരീരം എന്ന ഈശം. ഇവ ക്രമത്തില്‍ മഹത്ത്, മഹത്തരം, മഹത്തമം എന്നും സൂക്ഷ്മം, സൂക്ഷ്മതരം, സൂക്ഷ്മതമം എന്നും പ്രശസ്തം.
ഈശത്തിന്റെ ഭാവമാണ് സച്ചിദാനന്ദം. ജീവിതലക്ഷ്യമെന്ന് വേദാന്തം പറയുന്നത് ഈ ഭാവമാണ്, അഥവാ ലയമാണ്. അതു നേടുന്നതിനുള്ള സംവിധാനമാണ് ക്ഷേത്രം. ഗോപുരവും കവാടങ്ങളുമുണ്ട്, പ്രദക്ഷിണവഴിയുണ്ട്, ചുറ്റമ്പലമുണ്ട്, ശ്രീകോവിലും പ്രതിഷ്ഠയുമുണ്ട്. പ്രപഞ്ചത്തിലെ ബലങ്ങളെ ആശ്രയിച്ചേ കാര്യം സാധിക്കൂ എന്നതിനാല്‍ ഉപദേവതകളുമുണ്ട്.
ഈശത്തെ ഏതു വിഭൂതിയായും സമീപിക്കാം. വിഭൂതിയുടെ പ്രകൃതം അനുസരിച്ച് സമീപനശൈലി ആവിഷ്‌കൃതമായിരിക്കുന്നു. ഈ വ്യതിരിക്തതയാണ് മൂലമന്ത്രം മുതല്‍ എല്ലാറ്റിലുമുള്ള അന്തരമായി പ്രകടമാകുന്നത്. തന്‍മയീഭാവം കൈവന്നാല്‍ എല്ലാടത്തുനിന്നും കിട്ടുക ഒന്നുതന്നെയാണ് - പ്രസാദം.
ഇപ്പറയുന്നതിനര്‍ത്ഥം ഒരു അമ്പലത്തിലും സത്യത്തില്‍ ഒരു പുരോഹിതന്റേയും ആവശ്യം ഇല്ല എന്നുതന്നെയാണ്. ക്ഷേത്രം ശുചിയാക്കി വെക്കാനും ആരാധിക്കാന്‍ വരുന്നവര്‍ക്ക്  സൗകര്യങ്ങള്‍ ഒരുക്കാനും ആളുകള്‍ വേണം. ശിശുക്കളേയും വയ്യാത്തവരേയും കൈപിടിച്ചു നടത്തുകയോ വിവരം ശരിയായി ധരിപ്പിക്കുകയോ ഒക്കെ ചെയ്യാന്‍കൂടി ഇക്കൂട്ടര്‍ തയ്യാറായ ആദ്യകാലത്തുനിന്ന് പിന്നെപ്പിന്നെ ഉണ്ടായതാണ് പൗരോഹിത്യം എന്നു കരുതാനേ വഴിയുള്ളൂ. അതിന് മദ്ധ്യവര്‍ത്തിത്വം മാത്രമല്ല, നിരുപാധികമായ ആധിപത്യം കൈവന്നതാണ് ദര്‍ശനപരമായ ആദ്യത്തെ അബദ്ധം. ഈശ്വരന് വിശപ്പും ദാഹവും ഉണ്ടെന്നും മധുരം ഇഷ്ടമാണെന്നും - പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളെസ്റ്ററോള്‍, ഹൃദ്രോഗം എന്നിവയൊന്നും ഇല്ലെന്നും - തീന്‍പണ്ടങ്ങള്‍ കൊടുക്കണമെന്നുമൊക്കെ വന്നുകൂടിയതും കൂട്ടിയതും എന്നു മുതല്‍ എന്ന് തീരുമാനിക്കാനാവില്ല. അധികാരം എന്ന ആശയം ഈശ്വരനുമായി ബന്ധപ്പെട്ടത് എപ്പോഴെന്നും അറിയില്ല. പരമാധികാരിയായ ചക്രവര്‍ത്തിയെ പ്രീതിപ്പെടുത്താനും അതുവഴി കാര്യസാദ്ധ്യത്തിനുമായി കാഴ്ചകള്‍ സമര്‍പ്പിക്കുന്നതുപോലെ ആയി പിന്നെ വഴിപാടുകളും നേര്‍ച്ചകളും. ഈശ്വരനെക്കാള്‍ പുരോഹിതനെ പേടിക്കണമെന്നു വന്നത് പുരോഹിതന്‍ ചക്രവര്‍ത്തിയെ ഈശ്വരശാപം പറഞ്ഞു ഭീഷണിപ്പെടുത്തി ആജ്ഞാനുവര്‍ത്തിയാക്കിയതിനു ശേഷമാകണം. പട ജയിക്കാനും വേണ്ടെ മന്ത്രസഹായം!
അങ്ങനെ പുരോഹിതന്‍ ഉത്തരവാദിത്വഭാരമില്ലാതേയും പരോക്ഷമായെന്നാലും സ്വേച്ഛപോലെയും അധികാരം കൈയാളാന്‍ തുടങ്ങുകയും ചക്രവര്‍ത്തി പ്രജകളുടെമേല്‍ തന്റെ മേല്‍ക്കോയ്മ ഉറപ്പിക്കുന്നതിന് ദൈവവിശ്വാസത്തിന്റെ കടിഞ്ഞാണ്‍ പുരോഹിതന്‍ വഴി ഏറ്റുപിടിക്കയും ചെയ്തതു മുതല്‍ ചാതുര്‍വര്‍ണ്യം സമൂഹത്തെ ഭരിക്കുന്ന നിയമമാവുകയും അതുതന്നെയാണ് മതമെന്നു വരികയും ചെയ്തു. ഒന്നിനേയും ചോദ്യം ചെയ്യാന്‍ ആര്‍ക്കും ഒരവസരവും നല്‍കാതെ ഈ വ്യവസ്ഥിതി അനേകായിരത്താണ്ട്  തുടര്‍ന്നു. 
ദാര്‍ശനികമായ അടിത്തറയില്‍ നിലയുറപ്പിച്ച് ദൈവവിശ്വാസം പുലര്‍ത്തുകയും അതുതന്നെ സമൂഹത്തിന് പകര്‍ന്നുനല്‍കുകയും ചെയ്തവരും പുരോഹിതര്‍ക്കിടയില്‍ ഉണ്ടായിരുന്നു എന്നു തീര്‍ച്ചയാണ്. അവര്‍ പക്ഷേ, പൂന്താനം വിമര്‍ശിക്കുന്ന ബ്രാഹ്മണ്യം കൊണ്ടു കുന്തിച്ചവരുടെ മഹാഭൂരിപക്ഷത്തിനൊരു അപവാദം മാത്രമാണ് ആയിരുന്നത്. പൂണൂല്‍ ശാന്തിക്കു ലൈസന്‍സായപ്പോള്‍ മൂലമന്ത്രംപോലും അറിയാത്ത തന്ത്രികളുണ്ടായത് നാം അദ്ഭുതത്തോടെ അറിഞ്ഞിട്ട് ഏറെ ആയില്ലല്ലോ. 
ആര്‍ക്കും തൊട്ടു നമസ്‌കരിക്കാന്‍ പാകത്തില്‍ വേണ്ടത്ര ഉയരെ കാലും നീട്ടി ഇരിക്കുന്ന മേല്‍ശാന്തിയുടെ അരികില്‍ നാലരപ്പറ അരിവെക്കുന്ന ഉരുളി കാശിടാന്‍ വെച്ച ചിത്രം നമുക്കു കാണേണ്ടിവരുന്നു. നോട്ടുകള്‍ ചാക്കില്‍ കെട്ടി ചുമന്നുപോകുന്ന കീഴ്ശാന്തികളുടെ ചിത്രങ്ങളും സമൃദ്ധം. സര്‍വ്വധനവും എനിക്കു തരൂ, നിന്നെ സര്‍വ്വപാപങ്ങളില്‍നിന്നും ഞാന്‍ രക്ഷിക്കാം എന്നാണ്  ഈശ്വര വാചകം പോലും! 
പ്രകൃതിയുടെ ലാവണ്യം മുഴുക്കെ പുഷ്പിച്ചുകാണുന്ന കാവുകളുണ്ടായിരുന്നേടത്ത് പരിസരമലിനീകരണനരകവും തുളസീവനങ്ങളുടെ സ്ഥാനത്ത് നാറുന്ന കാനകളും വന്നത് പുരോഗതിയോ അധോഗതിയോ എന്നു വിശേഷബുദ്ധിയുള്ള ആര്‍ക്കും തീരുമാനിക്കാവുന്നതേ ഉള്ളൂ. സമുദായം ശിഥിലമായി വ്യക്തി ഒറ്റപ്പെട്ട ഇക്കാലത്ത് തന്റെ രക്ഷ ഉറപ്പു വരുത്താന്‍ വഴിപാടുകളേ ഉള്ളൂ മാര്‍ഗ്ഗമെന്നു വന്നതോടെ ഈ ചൂഷണകേന്ദ്രങ്ങളുടെ കൊയ്ത്തുകാലം പിറന്നു. ശ്രദ്ധിക്കുക, കുറവനില്‍നിന്നു രക്ഷപ്പെടാത്ത കുരങ്ങെങ്ങനെ മൃതസഞ്ജീവനി തരും? 
കുതിരപ്പന്തയത്തിനു ടിക്കറ്റു വാങ്ങാന്‍ ഗുസ്തിപിടിക്കുന്ന രീതിയിലാണ് വഴിപാടു കൗണ്ടറുകളിലും ശ്രീകോവില്‍ ദ്വാരത്തിലും തിക്കും തിരക്കും. മറ്റൊരു മതക്കാരുടേയും ഒരു ആരാധനാലയത്തിലും ഈ കയ്യൂക്കുമുറ നിലവിലില്ലെന്ന വാസ്തവമെങ്കിലും ആരെയും നാണിപ്പിക്കാത്തത്ര മോശമായാണ് ഈ മഹാരോഗം പടര്‍ന്നുപിടിച്ചിട്ടുള്ളത്. ഇനിയൊ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com