അഞ്ചില്‍ ഇഞ്ചോടിഞ്ച്

അഞ്ചിടത്തും ഭരണവിരുദ്ധ വികാരം ശക്തംയുപിയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച വിജയം നേടുമെന്ന് ബിജെപിമോദിക്കുള്ള മറുപടിയെന്ന് എസ്പി-കോണ്‍ഗ്രസ്‌
അഞ്ചില്‍ ഇഞ്ചോടിഞ്ച്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഇത്തവണ ഭരണകക്ഷികള്‍ക്കെതിരായ ജനവിധിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടം കൂടിയാണ്.നരേന്ദ്രമോഡിയുടെ നോട്ട് റദ്ദാക്കലിന് ശേഷമുള്ള തെരഞ്ഞെടുപ്പ് ആയതുകൊണ്ട് തന്നെ അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും തന്നെയാണ്. ബിഹാറിലേറ്റ പരാജയം ആവര്‍ത്തിക്കരതുന്നെതിനാല്‍ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളാണ് അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി കാഴ്ചവെച്ചത് പ്രധാനമന്ത്രി പങ്കെടുത്ത റാലികളിലെ ജനപങ്കാളിത്തം  ഇത് വ്യക്തമാക്കുകയും ചെയ്യുന്നു. യുപി പിടിക്കുക എന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതില്‍ ഏറെ നിര്‍ണായകം. സമാജ്‌വാദ് പാര്‍ട്ടിയിലുണ്ടായ അച്ഛന്‍ മകന്‍ പോര് ഏറെ സഹായകമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിലനിര്‍ത്താനായാല്‍ തന്നെ അധികാരം പിടിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമല്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കഴിയാതെ പോയത് പാര്‍ട്ടിയിലെ തമ്മില്‍തല്ലാണെന്നാണ് സംസാരവിഷയം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റത്തിന് ഇടയാക്കിയ ജാട്ടുകള്‍ ഇത്തവണ പൂര്‍ണമായും ബിജെപിക്കൊപ്പമല്ലെന്നതും പാര്‍ട്ടിയെ കുഴക്കുന്നുണ്ട്. മുസാഫര്‍നഗറിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ ധ്രുവീകരണമായിരുന്നു ബിജെപിക്കൊപ്പം നില്‍ക്കാന്‍ ജാട്ടുകളെ പ്രേരിപ്പിച്ചതെങ്കില്‍ തെരഞ്ഞെടുപ്പ കാലത്ത് അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങളായി മാത്രം തുടരുകയാണെന്നാണ് ജാട്ടുവിഭാഗം ആരോപിക്കുന്നത്. എന്നാല്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ജാട്ട് യുവാവിന്റെ കൊലപാതകം ജാട്ട് വിഭാഗത്തെ വീണ്ടും ബിജെപിയോട് അടുപ്പിച്ചിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ ഭരണവിരുദ്ധവികാരം ഏതാണ്ട് അതിജീവിക്കാന്‍ സമാജ് വാദിപാര്‍ട്ടിക്കായിട്ടുണ്ട്. അവസാന നാളുകളിലെ പാര്‍ട്ടിയിലുണ്ടായ അസ്വാരസ്യങ്ങള്‍ ഏറെക്കുറെ പരിഹരിക്കാനായതും അഖിലേഷ് യാദവിന്റെ നിലപാടുകളും തുടര്‍ഭരണത്തിലേക്ക് തങ്ങളെ കൊണ്ടുചെന്നെത്തിക്കുമെന്ന് എസ്പി കേന്ദ്രങ്ങളും പ്രതീക്ഷിക്കുന്നു. അതേസമയം കോണ്‍ഗ്രസുമായുണ്ടാക്കിയ സഖ്യം ഇരുപാര്‍ട്ടികള്‍ക്കും ഗുണകരമാകും. കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്താനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് വിത്യസ്തമായി മായാവതി ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിച്ചേക്കും. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ധ്രുവികരണത്തിന് ഇടയാക്കുന്ന നടപടികളെ യുപി സര്‍ക്കാര്‍ കാര്യമായി പ്രതിരോധിച്ചില്ലെന്നത് മു്‌സ്‌ളീം ദളിത് വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാന്‍  മായാവതിക്ക് കഴിയും.  അത്യന്തം നാടകീയമായ അന്ത്യമായിരിക്കും യുപി തെരഞ്ഞടുപ്പ് ഫമമെന്ന കാര്യത്തില്‍ തര്‍ക്കത്തിന് ഇടയുണ്ടാവില്ല

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസുമാണ് പ്രധാന എതിരാളികള്‍.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍്ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ബിഎസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെയായിരുന്നു കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ഭരണവിരുദ്ധ വികാരം ഉത്തരാഖണ്ഡില്‍ നിലനില്‍ക്കുമ്പോഴും ഹരീഷ് റാവത്തിന്റെ പോറലേല്‍ക്കാത്ത പ്രതിച്ഛായ കോണ്‍ഗ്രസിന് സഹായകമാകും, ഒപ്പം അവസാനഘട്ടങ്ങളിലെ ജനപ്രിയ നടപടികളും. അനായാസം അധികാരത്തിലെത്താമെന്ന ബിജെപിയുടെ മോഹങ്ങള്‍ക്ക് ഇവിടെ തിരിച്ചടിയാകുന്നത് തെരഞ്ഞെടുപ്പ് നേതൃത്വത്തിന് ചുക്കാന്‍ പിടിക്കാന്‍ ഹരീഷ് റാവത്തിനെ പോലെ ഒരാള്‍ ഇല്ലെന്നതാണ്. നേതാക്കള്‍ ഏറെയുണ്ടെങ്കിലും ഒരാളെ ചൂണ്ടിക്കാണിക്കാനാകാതെ പോയതും തിരിച്ചടിയായേക്കും. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മുഴുവന്‍ സീറ്റുകളും വിജയിച്ച ബിജെപിയെ തള്ളിക്കളയാനാകാത്ത വിധം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി മുന്നേറിയിട്ടുണ്ടെന്നത് വസ്തുതയാണ്. അതേസമയം ബിജെപിയിലെ ഭിന്നത പരിഹരിക്കാന്‍ നേതൃത്വത്തിന് കഴിയാതെ പോയതും അസ്വാരസ്യം തുടരാന്‍ ഇടയാക്കി. അഭിപ്രായ സര്‍വെകളില്‍ മുന്‍തൂക്കം ബിജെപിക്കാണ്. എഴുപത് സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ എന്നപോലെയാകും അധികാരം നഷ്ടമാകുക.

മാര്‍ച്ച് നാലിനും എട്ടിനുമായാണ് മണിപ്പൂരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ രാഷ്ട്രീയ പാര്‍്ട്ടിയുമായി ഇറോം ശര്‍മ്മിള രംഗത്തെത്തിയത് ജനങ്ങള്‍ക്കിടയില്‍ പുതിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി തുടരുന്ന ഇബോബി സര്‍ക്കാരില്‍ നിന്നും ഭരണം പിടിക്കുക എന്നത് മറ്റ് രാഷ്ട്രീയകക്ഷികള്‍ക്ക് ഏറെ ദുഷ്‌കരമായിരിക്കും. കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിക്കാനായി ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ ആറ് പാര്‍ട്ടികള്‍കൂടി മുന്നണി രൂപികരിച്ചതും സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പുത്തന്‍ ഉണര്‍വേകിയിട്ടുണ്ട്. കേന്ദ്രഭരണത്തിന്റെ പിന്‍ബലത്തില്‍ സംസ്ഥാനാത്ത് രാഷ്ട്രീയമുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും. ഇന്ത്യ ടുഡെ- ആക്‌സിസ് അഭിപ്രായ സര്‍വെ ബിജെപിക്കാണ് കൃത്യമായ മുന്‍തൂക്കം പ്രവചിക്കുന്നത്.

പഞ്ചാബില്‍ ആര് എന്നതിനുള്ള ഉത്തരം ജനം എഴുതിക്കഴിഞ്ഞിരിക്കുന്നു. ഇനിഫലം മാത്രം അറിഞ്ഞാല്‍ മതി. ശക്തമായ ത്രികേണമത്സരമാണ് പഞ്ചാബില്‍ നടന്നത്. ബിജെപി,കോണ്‍ഗ്രസ്, എഎപി പാര്‍ട്ടികള്‍ തുല്യപ്രതീക്ഷയിലാണ്. അഭി്പ്രായ സര്‍വെകളില്‍ കോണ്‍ഗ്രസിനും ആംആദ്മി പാര്‍്ട്ടിക്കുമാണ് മുന്‍തൂക്കം. ഇരുപാര്‍്ട്ടികളും എഴുപത് ശതമാനത്തിലേറെ വോട്ടുകള്‍ നേടുമെന്നും അഭിപ്രായസര്‍വെകള്‍ പ്രവചിക്കുന്നു. എല്ലാസീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസും ആംആദ്മിയും ആരെങ്കിലും ഒരാളിയിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയാവുക. സംസ്ഥാനത്ത് നിറഞ്ഞ് നിന്ന് പ്രചാരണം നടത്തിയ അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളാണ് ആം ആദ്മിയുടെ മുന്നറ്റത്തിന് സഹായകമായത്. ഡല്‍ഹി തെരഞ്ഞെടുപ്പിലെ വിജയം പഞ്ചാബിലും ആവര്‍ത്തിക്കുമെന്ന പ്രചാരണവും ആംആദ്മിയ്ക്ക് വലിയ ജനപിന്തുണയ്ക്ക് ഇടയാക്കി. സംസ്ഥാനത്തെ ക്രമസമാധാനതകര്‍ച്ച, അഴിമതി, ലഹരി മരുന്ന് ഉപയോഗങ്ങളുടെ വര്‍ധന എന്നിവയായിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പ് വേളയില്‍ എഎപിയുടെ പ്രധാന പ്രചാരണം. ഇതിന് വലിയരീതിയിലുള്ള ജനപിന്തുണയും ലഭിച്ചു.പുറം നാട്ടുകാരനെന്ന് കോണ്‍ഗ്രസും ബിജെപിയും അധിക്ഷേപിച്ച അരവിന്ദ് കെജ്രിവാള്‍ തന്നെ പഞ്ചാബിലെ ഭരണത്തേരാളിയാകുമോ എന്ന് കാത്തിരുന്നു കാണാം. ബിജെപി പാളയം വിട്ട് കോണ്‍ഗ്രസിലെത്തിയ സിധുവിന്റെ വരവ് കോണ്‍ഗ്രസിന് വോട്ടുകള്‍ ലഭിക്കാന്‍ ഇടയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സഖ്യകക്ഷിയായ സാഡിനൊപ്പം 23 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് ഇത്തവണ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍. അധികാരത്തുടര്‍ച്ച ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഒന്നിലധികം റാലികളില്‍ സംബന്ധിച്ചിരുന്നു. 

ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഗോവയില്‍ ഇത്തവണ. ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വെ. ആര് അധികാരത്തിലെത്തിയാലും നേരിയ ഭൂരിപക്ഷം മാത്രമാകും. തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത കല്‍പ്പിക്കുന്നവര്‍ ഏറെയാണ്. ഇത്തവണ പോളിംഗ് ശതമാനം ഉയര്‍ന്നതും ഇത്തരം പ്രചരണത്തിന് ശക്തിപകരുന്നു. 40 സീറ്റുള്ള ഗോവയില്‍ കഴിഞ്ഞ തവണ 21സീറ്റുകളാണ് ബിജെപി നേടിയത്. ഇത്തവണ 25 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ ആംആദ്മി പത്തിലധികം സീറ്റുകള്‍ നേടാനാണ് സാധ്യത. സര്‍ക്കാരിന്റെ ജനകീയ നടപടികളും വികസനപ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ നഷ്ടമാകില്ലെന്ന ബിജെപിയുടെ അവകാശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com