ജമാ-അത്തെ ഇസ്‌ലാമിയുടെ മുഖംമൂടിക്കു പിറകില്‍ സവര്‍ണ ഇസ്‌ലാമിന്റ മുഖം; ഇസ്‌ലാമില്‍ ജാതിയുണ്ട്, വിവേചനവും

അവസരവാദപരമായി ഇന്ന് അംബേദ്കറെ ഉയര്‍ത്തിക്കാട്ടുന്ന ജമാ-അത്തെ ഇസ്‌ലാമിയുടെ മുഖംമൂടിക്കു പിറകിലുള്ളത് ജാതിവാദത്തിന്റേയും സവര്‍ണ രാഷ്ട്രീയ ഇസ്‌ലാമിന്റേയും മുഖമാണ്
ജമാ-അത്തെ ഇസ്‌ലാമിയുടെ മുഖംമൂടിക്കു പിറകില്‍ സവര്‍ണ ഇസ്‌ലാമിന്റ മുഖം; ഇസ്‌ലാമില്‍ ജാതിയുണ്ട്, വിവേചനവും

അവസരവാദപരമായി ഇന്ന് അംബേദ്കറെ ഉയര്‍ത്തിക്കാട്ടുന്ന ജമാ-അത്തെ ഇസ്‌ലാമിയുടെ മുഖംമൂടിക്കു പിറകിലുള്ളത് ജാതിവാദത്തിന്റേയും സവര്‍ണ രാഷ്ട്രീയ ഇസ്‌ലാമിന്റേയും മുഖമാണ്

ലിയ ബഹുജന സ്വാധീനം ഇല്ലാത്തതിനാലും നിലപാടുകള്‍കൊണ്ടും ഇടപെടലുകള്‍കൊണ്ടും രാഷ്ട്രീയ ഭൂപടത്തില്‍ കാര്യമായ ചലനങ്ങള്‍ക്കൊന്നും കാരണമാകാത്തതുകൊണ്ടും രാഷ്ട്രമീമാംസ വിദ്യാര്‍ത്ഥികളുടെ നിരന്തരമുള്ള പരിശോധനയ്ക്കും പഠനങ്ങള്‍ക്കും വിധേയമാകാത്ത സംഘടനയാണ് മൗലാനാ മൗദൂദി 1941-ല്‍ സ്ഥാപിച്ച ജമാ അത്തെ ഇസ്‌ലാമി. ചരിത്രപരമായ ഓഡിറ്റിങ്ങില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടതിന്റെ ആനുകൂല്യങ്ങള്‍ ഇതുപോലെ വിനിയോഗിച്ച മറ്റൊരു സംഘടന ഉണ്ടോ എന്നും സംശയമാണ്. നിലപാടുകള്‍ നിരന്തരം മാറ്റുന്നതിലും പാതിയില്‍ കാര്യങ്ങള്‍ പറയുന്നതിലും അതുവരെ അവരുടെ ആശങ്കകളില്‍ പോലുമില്ലാതിരുന്ന കാര്യങ്ങളെ തങ്ങളുടെ ആശയപരിസരം എന്നവിധം അവതരിപ്പിക്കുന്നതിലുമെല്ലാം അവര്‍ക്കുള്ള വൈദഗ്ദ്ധ്യം മനസ്സിലാക്കാന്‍ കഴിഞ്ഞ അറുപതു വര്‍ഷത്തിനിടയില്‍ വ്യത്യസ്തമായ കാലഘട്ടങ്ങളില്‍ ജമാ അത്തെ ഇസ്‌ലാമി പൊതുസമൂഹത്തില്‍ മുന്‍കൈയെടുത്ത ചര്‍ച്ചകള്‍ മാത്രം പരിശോധിച്ചാല്‍ മതി. 

ജനാധിപത്യത്തിനും മതേതരത്വത്തിനും ആധുനികതയ്ക്കും എതിരായ പ്രചാരവേലകളില്‍നിന്നും അവയ്ക്കനുകൂലമായ വാചാടോപങ്ങളിലേക്കും മതരാഷ്ട്രവാദത്തില്‍നിന്നും ബഹുജന്‍ രാഷ്ട്രീയത്തിലേക്കും ഗാന്ധിയില്‍നിന്നും അംബേദ്കറിലേക്കും സംവരണ വിരുദ്ധതയില്‍നിന്നും സാമൂഹ്യനീതിയിലേക്കും തീവ്ര ഇടതുപക്ഷത്തില്‍നിന്നും ദളിത് രാഷ്ട്രീയത്തിലേക്കുമെല്ലാം കൂടുമാറിയും കൂട്ടുമാറിയും അവ്യക്തതയുടെ രാഷ്ട്രീയ ധാരയായി അവര്‍ മാറുകയായിരുന്നു. ചാനലും പത്രവും വിവിധ ഭാഷകളിലായി ഒരുപക്ഷേ, സംഘപരിവാറിനൊഴികെ മറ്റൊരു സംഘടനയ്ക്കും ഇല്ലാത്തത്രയും പ്രസിദ്ധീകരണങ്ങളും സാമ്പത്തിക ആസ്തിയും പ്രമാണിവര്‍ഗ്ഗത്തിന്റെ നേതൃത്വവുമെല്ലാം ഉണ്ടായിട്ടും പൊതുസമൂഹത്തിന്റേയോ മുസ്‌ലിം സമുദായത്തിന്റേയോ വിശ്വാസം ആര്‍ജ്ജിച്ചെടുക്കുന്നതില്‍ അവര്‍ നിരന്തരം പരാജയപ്പെടുന്നതില്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്ന നിലപാടുകളും ഭാഷയുമെല്ലാം കാരണമായിട്ടുണ്ടാകണം. ഏതായാലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദളിത് രാഷ്ട്രീയത്തിന്റെ സ്വാഭാവിക സഖ്യകക്ഷികള്‍ എന്ന നിലയിലാണ് അവര്‍ തങ്ങളെ അവതരിപ്പിക്കുന്നത്. കാമ്പസുകളില്‍, പ്രത്യേകിച്ച് കേന്ദ്ര സര്‍വ്വകലാശാലകള്‍ കേന്ദ്രീകരിച്ചു തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒവിലൂടെ ഇത്തരം ചര്‍ച്ചകള്‍ക്ക് അവര്‍ മുന്‍കൈയെടുക്കുന്നതായി കാണാം. ദളിത്-മുസ്‌ലിം ഐക്യത്തെക്കുറിച്ചു ജമാ അത്തെ ഇസ്‌ലാമിയും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒവും ദീര്‍ഘമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചില സംശയങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.

സ്ഥാനമേറ്റെടുത്തതിനുശേഷം ആദ്യത്തെ അഭിമുഖങ്ങളില്‍ ഒന്നില്‍ത്തന്നെ എസ്.ഐ.ഒയുടെ നിലവിലെ പ്രസിഡന്റ് നഹാസ് മാള മുസ്‌ലിമില്‍ ജാതിയുണ്ട് എന്ന പച്ചയായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തെ സമ്മതിച്ചുതരാന്‍ വിമുഖത കാട്ടുന്നതായി കാണാം. അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളോടുള്ള തങ്ങളുടെ യോജിപ്പിന്റെ കാരണങ്ങളില്‍ മുഖ്യമായത് അത് ആത്മാഭിമാനത്തിനായുള്ള രാഷ്ട്രീയമായതിനാല്‍ ആണെന്നു പറയുന്ന എസ്.ഐ.ഒ നേതാവ് ദളിത് മുസ്‌ലിങ്ങളുടെ വിമോചനത്തിനായി ഇടപെടുകയും ജമാ അത്തെ ഇസ്‌ലാമി ഉള്‍െപ്പടെയുള്ള മുസ്‌ലിം സമുദായത്തിലെ ഉന്നതകുലജാത സവര്‍ണ രാഷ്ട്രീയ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പസ്മാണ്ട മുസ്‌ലിങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നു. കാമ്പസുകളില്‍ സാമൂഹ്യനീതിയെക്കുറിച്ചു വര്‍ണ്ണാഭമായ പോസ്റ്ററുകള്‍ പതിക്കുകയും സെമിനാറുകള്‍ നടത്തുകയും ചെയ്യുന്ന എസ്.ഐ.ഒക്കാര്‍ ഇന്ത്യന്‍ കാമ്പസുകളിലെ പിന്നാക്ക മുസ്‌ലിങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ചു വ്യാകുലപ്പെടുന്നതോ ഇന്ത്യന്‍ മുസ്‌ലിങ്ങളിലെ ശ്രേണീവ്യവസ്ഥയെ പ്രശ്‌നവല്‍ക്കരിക്കുന്നതോ കാണാറില്ല. ഇന്ത്യയിലെ പിന്നാക്ക മുസ്‌ലിങ്ങളെ ജമാ അത്തെ ഇസ്‌ലാമി പ്രതിനിധീകരിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. 

മുസ്‌ലിം സമുദായത്തില്‍ ജാതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയത് ജമാ അത്തെ ഇസ്‌ലാമി ഒരുകാലത്തും ആദര്‍ശവല്‍ക്കരിക്കാന്‍ ശ്രമിക്കാത്ത ദളിത് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ മാത്രമല്ല, അംബേദ്കര്‍ ഉള്‍പ്പടെയുള്ളവര്‍ കൂടിയാണ്.

ഇസ്‌ലിമില്‍ ജാതിയുണ്ടോ?

മുസ്‌ലിം സമുദായത്തില്‍ ജാതിയുണ്ടെന്നു ചൂണ്ടിക്കാട്ടിയത് ജമാ അത്തെ ഇസ്‌ലാമി ഒരുകാലത്തും ആദര്‍ശവല്‍ക്കരിക്കാന്‍ ശ്രമിക്കാത്ത ദളിത് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ മാത്രമല്ല, അംബേദ്കര്‍ ഉള്‍പ്പടെയുള്ളവര്‍ കൂടിയാണ്. മുസ്‌ലിം സമുദായത്തിനകത്തെ ജാതി വിവേചനത്തിനു ഹിന്ദുമതത്തില്‍നിന്നും വ്യത്യസ്തമായി മതഗ്രന്ഥങ്ങളുടെ പിന്‍ബലമില്ല എന്നതാണ് പ്രത്യേകത. ഇതുവച്ചു ജാതി ഇസ്‌ലാം വിരുദ്ധമാണ് എന്നു ജമാ അത്തെ ഇസ്‌ലാമി വാദിക്കും. എന്നാല്‍, ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തില്‍ ജാതി വിവേചനത്തിന്റെ വിഷപ്പുകയേല്‍ക്കാത്ത സാമുദായിക സംവിധാനമല്ല മുസ്‌ലിമിന്റെ ജീവിത പരിസരം എന്നു സുവ്യക്തമാണ്. ഹിന്ദുമതത്തില്‍നിന്നും വ്യാപിക്കപ്പെട്ടതുതന്നെയാണ് മറ്റു മതങ്ങള്‍ക്കുള്ളില്‍ ശക്തമായി നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ. പ്രത്യേകിച്ചു ഹിന്ദുമതത്തില്‍നിന്നും പരിവര്‍ത്തനം ചെയ്ത അസ്പൃശ്യരാണ് ദളിത് മുസ്‌ലിം, ദളിത് ക്രിസ്ത്യന്‍, ദളിത് സിഖ് വിഭാഗങ്ങളിലൊക്കെയുള്ളവര്‍. മുസ്‌ലിം സമുദായത്തിലെ ജാതിവ്യവസ്ഥയെക്കുറിച്ചു സച്ചാര്‍ കമ്മിറ്റിയും രംഗനാഥ് മിശ്ര കമ്മിറ്റിയും അവരുടെ റിപ്പോര്‍ട്ടുകളില്‍ വിശദമായി പറയുന്നുണ്ട്. ഈ സാമൂഹിക യാഥാര്‍ത്ഥ്യത്തെ ഇന്നും സത്യസന്ധമായി പരിശോധിക്കാന്‍ തയ്യാറായിട്ടില്ല എന്നിടത്താണ് അംബേദ്കറൈറ്റ് മൂവ്‌മെന്റിനോടു യോജിക്കുന്നു എന്ന ജമാ അത്തെ ഇസ്‌ലാമിയുടേയും അവരുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ്.ഐ.ഒവിന്റേയും ഇരട്ടത്താപ്പ് പ്രാഥമികമായി ചോദ്യം ചെയ്യപ്പെടേണ്ടത്. 

ഒന്നുമുതല്‍ പതിന്നാല് വരെയള്ള ലോകസഭകളില്‍ അംഗങ്ങളായിരുന്ന 7500 പേരില്‍ കേവലം 400 പേര്‍ മാത്രമാണ് മുസ്‌ലിം സമുദായത്തില്‍നിന്നും ഉള്ളവര്‍ ഉണ്ടായിരുന്നത്. അതായത് ഇന്ത്യന്‍ ജനസംഖ്യയില്‍ 14 ശതമാനത്തോളം ഉള്ള മുസ്‌ലിങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം ആറ് ശതമാനത്തില്‍ താഴെ ആയിരുന്നു. അത്രമാത്രം അണ്ടര്‍ റപ്രസന്റഡ് ആണ് ഇന്ത്യയുടെ മുഖ്യധാരയില്‍ മുസ്‌ലിങ്ങള്‍ എന്നു സാരം. എന്നാല്‍, ആരാണ് ഈ 400 പേര്‍ എന്നു പരിശോധിക്കുമ്പോള്‍ മറ്റൊരു കണക്കാണ് ലഭിക്കുക. 400-ല്‍ 340 പേരും മുസ്‌ലിം സമുദായത്തിലെ ഉന്നതകുലജാതരാണ്. അഥവാ അശ്‌റഫി മുസ്‌ലിങ്ങളാണ്. അതായതു ജനസംഖ്യയില്‍ രണ്ടു ശതമാനം മാത്രമുള്ള അശ്‌റഫി മുസ്‌ലിങ്ങളുടെ പാര്‍ലമെന്റിലെ പ്രാതിനിധ്യം 4.5 ശതമാനം ആണെന്ന്. ഇതേ അന്തരം മാധ്യമങ്ങളിലേയും സര്‍വ്വകലാശാല അധ്യാപകരിലേയും എണ്ണമെടുത്താലും കാണാന്‍ സാധിക്കും. അതായത്, സവര്‍ണ ഹിന്ദുക്കള്‍ അനുഭവിച്ചുവരുന്ന അതിപ്രാതിനിധ്യത്തിന്റെ ആനുകൂല്യം പറ്റുന്ന ഒരു ചെറിയ വിഭാഗം മുസ്‌ലിമിലും ഉണ്ടെന്ന്. മുസ്‌ലിമിലെ പ്രമാണിവര്‍ഗ്ഗവും പിന്നോക്ക ദളിത് വിഭാഗവും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ അന്തരത്തെ അതിന്റെ തീവ്രതയോടെ അഭിസംബോധന ചെയ്യാന്‍ ഇന്നും ജമാ അത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല. 

ഇന്ത്യയിലെ മുസ്‌ലിങ്ങളെ വോട്ട് ചെയ്യുന്നതില്‍നിന്നു മാത്രമല്ല, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നുപോലും വിലക്കാന്‍ ജമാ അത്തെ ഇസ്‌ലാമി ശ്രമിച്ചിരുന്നു.

ദേശീയ സാംപിള്‍ സര്‍വ്വേ ഓഫിസ് പുറത്തുവിട്ട കണക്കു പ്രകാരം ദളിത് ഹിന്ദുക്കളേക്കാള്‍ കൂടുതലാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ദളിത് മുസ്‌ലിങ്ങളുടെ അനുപാതം. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ പിന്നാക്കാവസ്ഥയുടെ അതിഭീകരമായ ചിത്രം സച്ചാര്‍ കമ്മിഷനും രണ്ടര പതിറ്റാണ്ട് മുന്‍പുതന്നെ അന്വേഷിച്ചു കണ്ടെത്തപ്പെട്ടതാണ്. എണ്‍പതുകളുടെ തുടക്കത്തില്‍ കേന്ദ്രസര്‍ക്കാന്‍ നിയോഗിച്ച ഡോ. ഗോപാല്‍ സിംഗ് കമ്മിറ്റി മതന്യൂനപക്ഷങ്ങളുടേയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയും പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ടില്‍ മുസ്‌ലിങ്ങളുടേയും നവ ബുദ്ധിസ്റ്റുകളുടേയും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥ എസ്.സി, എസ്.ടി വിഭാഗങ്ങളേക്കാള്‍ പിറകിലാണ് എന്നാണ് പറയുന്നത്. എന്നാല്‍, ഇതു മുസ്‌ലിം സമുദായത്തിലെ വളരെ ചെറിയ ശതമാനം മാത്രമുള്ള പ്രമാണിവര്‍ഗ്ഗത്താല്‍ നയിക്കപ്പെട്ടിരുന്ന ജമാ അത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം വലിയൊരു ആശങ്കയ്ക്കു വിഷയമായിരുന്നില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ മുസ്‌ലിങ്ങളെ വോട്ട് ചെയ്യുന്നതില്‍നിന്നു മാത്രമല്ല, സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നുപോലും വിലക്കാന്‍ ജമാ അത്തെ ഇസ്‌ലാമി ശ്രമിച്ചിരുന്നു. തങ്ങളുടെ അംഗങ്ങളെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ രണ്ടു പതിറ്റാണ്ടിലേറെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതില്‍നിന്നും കര്‍ശനമായി വിലക്കിയവരാണ് ഇക്കൂട്ടര്‍. ഇത്തരം വിലക്കുകള്‍ ഒഴിവാക്കുന്നതും തെരഞ്ഞെടുപ്പില്‍ ഉള്‍െപ്പടെ ഇടപെടാന്‍ തുടങ്ങുന്നതും സമുദായത്തിന്റെ ദയനീയമായ പിന്നാക്കാവസ്ഥ കണ്ടിട്ടല്ല, തങ്ങള്‍ വ്യാപകമായി ഒറ്റപ്പെടുന്നു എന്ന ഭീതിയില്‍നിന്നാണ്. 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായിരുന്ന മസൂദ് ആലം ഫലാഹിയുടെ 2007-ല്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ജാതീയത' എന്ന ഉര്‍ദു പുസ്തകത്തില്‍ മുസ്‌ലിം സമുദായത്തിനകത്തെ ജാതിവിവേചനത്തെക്കുറിച്ചും ഉന്നതജാതി മുസ്‌ലിങ്ങളുടെ അധീശത്വത്തെക്കുറിച്ചും ഉദാഹരണങ്ങള്‍ സഹിതം ദീര്‍ഘമായി പ്രതിപാദിക്കുന്നുണ്ട്. താന്‍ ഒരു മദ്രസ വിദ്യാര്‍ത്ഥി ആയിരുന്ന കാലത്തെ അനുഭവം മസൂദ് ആലം പങ്കുവെയ്ക്കുന്നുണ്ട്. അക്കാലത്ത് 'ഖുറാനെ പരിചയപ്പെടുത്തല്‍' എന്ന പേരില്‍ ജമാ അത്തെ ഇസ്‌ലാമിയുടെ ഉത്തര്‍പ്രദേശ് ഘടകം സംസ്ഥാനമൊട്ടുക്കും പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിലെ സാഹോദര്യത്തിന്റേയും സമത്വത്തിന്റേയും സന്ദേശം ഹിന്ദുക്കള്‍ക്കിടയില്‍, വിശിഷ്യാ ദളിതര്‍ക്കിടയില്‍ പ്രചരിപ്പിക്കുക എന്നതും അവരെ ഇസ്‌ലാമിലേക്കു ക്ഷണിക്കുക എന്നതുമായിരുന്നു ഉദ്ദേശ്യം. ബിലാരിയാഗഞ്ജ് എന്ന ദളിത് ഭൂരിപക്ഷ പ്രദേശത്തു നടന്ന അത്തരം ഒരു യോഗത്തില്‍ ജമാ അത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്റെ പ്രസംഗത്തിനുശേഷം ഒരു ദളിത് യുവാവ് എഴുന്നേറ്റു. അവന്‍ ചോദിച്ചത് ഇങ്ങനെയായിരുന്നു: ''സര്‍, ഇസ്‌ലാമില്‍ ജാതീയത ഇല്ല എന്നതു സത്യമാണ്. എന്നാല്‍, നിങ്ങളുടെ മുസ്‌ലിം സമൂഹം ജാതീയതയില്‍നിന്നും മുക്തമാണോ? നിങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുന്ന ഇടത്തെ മുസ്‌ലിങ്ങള്‍ അവരുടെ ജാതിക്കു പുറത്തുനിന്നും വിവാഹം കഴിക്കാന്‍ തയ്യാറല്ല. ഇക്കാര്യത്തിലുള്ള നിഷ്‌കര്‍ഷതയില്‍ ഹിന്ദുക്കളില്‍നിന്നും അവര്‍ ഒട്ടും കുറവുമല്ല. എത്ര വിദ്യാസമ്പന്നനും മാന്യനും ആണെങ്കിലും തങ്ങളുടെ പെണ്‍കുട്ടികളെ ഇതര ജാതിയില്‍നിന്നുള്ള മുസ്‌ലിം യുവാക്കള്‍ക്കു വിവാഹം ചെയ്തുകൊടുക്കാന്‍ അവര്‍ ഒരുക്കമല്ല. ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചാല്‍ ഏതു മുസ്‌ലിങ്ങളാണ് ഞങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും ഞങ്ങളെ മിശ്രവിവാഹം ചെയ്യാനും തയ്യാറാവുക?' തന്റെ പരിസരത്തെ സാമൂഹിക ജീവിതത്തെ നിരീക്ഷിച്ചതില്‍നിന്നും ആ ദളിത് യുവാവ് ഉന്നയിച്ച ചോദ്യത്തോടു യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു പ്രതികരിക്കുന്നതിനു പകരം ഇസ്‌ലാം സ്വീകരിക്കാതിരിക്കുന്നതിനുള്ള മുടന്തന്‍ ന്യായങ്ങള്‍ എന്നു പറഞ്ഞു തള്ളിക്കളയുകയായിരുന്നു ജമാ അത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ ചെയ്തത്. വ്യാപകമായ വിവരശേഖരണത്തിനും ചരിത്രപഠനത്തിനും അനവധിയായ അനുഭവങ്ങളുടെ ക്രോഡീകരണത്തിനും ശേഷം തയ്യാറാക്കിയ പ്രസ്തുത പുസ്തകം തങ്ങളുടെ പ്രസിദ്ധീകരണ സംരംഭത്തില്‍നിന്നും അച്ചടിച്ചിറക്കാന്‍ ആദ്യം ജമാ അത്തെ ഇസ്‌ലാമി നേതാക്കള്‍ സമ്മതിച്ചെങ്കിലും പ്രബലമായ മറ്റൊരു (ജാതി അനുകൂല) വിഭാഗത്തിന്റെ സമ്മര്‍ദ്ദം മൂലം അതില്‍നിന്നും പിന്മാറുകയായിരുന്നു. 

ഹിന്ദുക്കള്‍ക്കിടയില്‍ 30 ശതമാനവും തൊട്ടുകൂടായ്മ പിന്തുടരുമ്പോള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അത് ഒട്ടും ചെറുതല്ലാത്ത 18 ശതമാനം ആണ്.

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ കേരളത്തിന്റെ സാമൂഹ്യപരിസരത്തു നിന്നു നിരീക്ഷിക്കുമ്പോള്‍ അതിശയോക്തിപരമായി തോന്നിയേക്കാം. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവസ്ഥ പരിചയമുള്ളൊരാള്‍ക്ക് അതില്‍ അത്ഭുതത്തിനുള്ള വക തെല്ലും ഇല്ല. 2011-12 ല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അപൈ്‌ളഡ് ഇക്കണോമിക്‌സ് റിസര്‍ച്ചും യു.എസിലെ മേരിലാന്റ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി ഇന്ത്യയിലെ തൊട്ടുകൂടായ്മയെക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. രാജ്യമെമ്പാടുമുള്ള വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലത്തില്‍പ്പെട്ട 42000-ല്‍ അധികം കുടുംബങ്ങളെ ഉള്‍ക്കൊള്ളിച്ചു നടത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ഗവണ്‍മെന്റിതര ഗാര്‍ഹിക കേന്ദ്രീകൃത സര്‍വ്വേയുടെ ഫലം ഒട്ടും പ്രതീക്ഷാനിര്‍ഭരം ആയിരുന്നില്ല. ഹിന്ദുക്കള്‍ക്കിടയില്‍ 30 ശതമാനവും തൊട്ടുകൂടായ്മ പിന്തുടരുമ്പോള്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ അത് ഒട്ടും ചെറുതല്ലാത്ത 18 ശതമാനം ആണ്. ജൈന, സിഖ് വിഭാഗങ്ങള്‍ക്കിടയിലും നല്ലൊരു വിഭാഗം (യഥാക്രമം 35, 28 ശതമാനം) തൊട്ടുകൂടായ്മ ശീലിക്കുന്നവരാണ്. ബുദ്ധ, ക്രിസ്ത്യന്‍ മതങ്ങളിലും ആദിവാസി വിഭാഗങ്ങളിലും ആണ് തൊട്ടുകൂടായ്മയുടെ തോത് ഏറ്റവും കുറവ് അടയാളപ്പെടുത്തുന്നത്. ബുദ്ധ, ക്രിസ്ത്യന്‍ മതങ്ങളിലെ അവശവിഭാഗങ്ങളെ എസ്.സി, എസ്.ടി പരിധിയില്‍ പെടുത്തിയിട്ടുണ്ട് എന്നതും അവര്‍ക്കിടയിലെ ജാത്യാചാരങ്ങളുടേയും വിവേചനത്തിന്റേയും തോതും പരിശോധിക്കുമ്പോള്‍ മനസ്‌സിലാകുന്നതു ജാതി തിരിച്ചുള്ള സംവരണം ജനങ്ങളെ വിഘടിപ്പിക്കുകയല്ല എന്നു തന്നെയാണ്. ജമാ അത്തെ ഇസ്‌ലാമിയുടെ മറ്റൊരു വാദം കൂടി പൊളിയുകയാണ്. മുസ്‌ലിങ്ങള്‍ക്കു ജാതി തിരിച്ചുള്ള സംവരണം വേണം എന്ന ആവശ്യം സമുദായത്തെ ഭിന്നിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്നാണ് ജമാ അത്തെ ഇസ്‌ലാമിയുടെ കണ്ടെത്തല്‍. എന്നാല്‍, മുസ്‌ലിം സമൂഹത്തിലെ ജനങ്ങള്‍ സാമൂഹികമായും സാമ്പത്തികമായും നിലവില്‍ത്തന്നെ ഭിന്നിച്ചിരിക്കുകയാണെന്നും അവര്‍ക്കിടയിലെ ഈ വിടവ് നികത്തണമെങ്കില്‍ പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കു സംവരണം അനിവാര്യമാണെന്നും പാസ്മാണ്ട മുസ്‌ലിങ്ങള്‍ മറുപടി നല്‍കുന്നു. 

ദളിത് മുസ്‌ലിങ്ങള്‍ക്ക് എസ്.സി സ്റ്റാറ്റസ് നല്‍കി ഭരണഘടനാപരമായ സുരക്ഷിതത്വം ഉറപ്പുവരുത്തണം എന്നു നിര്‍ദ്ദേശിച്ച രംഗനാഥ് മിശ്ര കമ്മിഷനെക്കുറിച്ചു വ്യാപകമായ ചര്‍ച്ചകള്‍ക്കും ആ ആവശ്യത്തിനുമേല്‍ വിപുലമായ കാമ്പെയിനുകള്‍ക്കും ജമാ അത്തെ ഇസ്‌ലാമി തയ്യാറാകാത്തതും എസ്.ഐ.ഒ ഈ വിഷയം കാമ്പസുകളില്‍ ചര്‍ച്ചയാക്കാത്തതും എന്തുകൊണ്ടാണ്?ദളിത് പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന ജമാ അത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനം മുസ്‌ലിം സമുദായത്തിലേക്കും വ്യാപിച്ച ജാതിവ്യവസ്ഥയെ കാണാത്തതും അതിന്റെ ഇരകള്‍ക്കുവേണ്ടി സംസാരിക്കാത്തതും എന്തുകൊണ്ടാകും? ജമാ അത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമത്തിന്റെ പത്രാധിപര്‍ ഒ. അബ്ദുറഹ്മാന്റെ സംവരണവിരുദ്ധ പ്രസ്താവനയുടെ കേന്ദ്രം ജമാ അത്തെ രാഷ്ട്രീയം തന്നെയാകുന്നത് ഇവിടെയാണ്. വ്യാപകമായ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചപ്പോള്‍ ഒ. അബ്ദുറഹ്മാനെ ജമാ അത്തെ ഇസ്‌ലാമി നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും അതൊരു ഒറ്റപ്പെട്ട അഭിപ്രായപ്രകടനമൊന്നും ആയിരുന്നില്ല. ജമാ അത്തിന്റെ ഇംഗ്‌ളീഷ് പ്രസിദ്ധീകരണമായ റേഡിയന്‍സ് വീക്കിലിയുടെ 2015 ഏപ്രില്‍ 11-ന്റെ ലക്കത്തില്‍ അവരുടെ ബുദ്ധിജീവികളില്‍ പ്രമുഖനും മുംബൈ യൂണിറ്റിന്റെ നേതാവുമായ ഡോ. പര്‍വേശ് മാന്‍ഡിവാല എഴുതിയ ലേഖനത്തിന്റെ തലവാചകം തന്നെ 'സംവരണം; ഒരു കളങ്കം, കടുത്ത അനീതി' എന്നായിരുന്നു. കേരളത്തില്‍ നടന്നതുപോലൊരു ചര്‍ച്ച നടക്കാത്തതുകൊണ്ടുതന്നെ ജമാ അത്തെ ഇസ്‌ലാമിക്ക് അതിനെ തള്ളിപ്പറയേണ്ടിവന്നില്ല. കടുത്ത സംവരണ വിരുദ്ധജ്വരം നിറഞ്ഞ പ്രസ്തുത ലേഖനം ഇന്നും അവരുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഒപ്പിടാന്‍ വിസമ്മതിച്ച കമ്മിഷനിലെ ഒരേയൊരു ദളിത് ബുദ്ധിജീവിയായ എല്‍.ആര്‍. നായിക്കിനെ പ്രശംസിക്കുന്ന ജമാ അത്തെ ഇസ്‌ലാമി നേതാവ് സംവരണം 'മെറിറ്റിനെ' അട്ടിമറിക്കും എന്ന ബ്രാഹ്മണിക്കല്‍ യുക്തി ആവര്‍ത്തിക്കുന്നു. സംവരണം മൂലം ഉന്നതജാതിക്കാരുടെ അവസരം നഷ്ടപ്പെടുമെന്നു വിലപിക്കുകയാണ് ഡോ. പര്‍വേശ്. താന്‍ അത്തരത്തില്‍ ഒരിരയാണ് എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. 2014-ല്‍ ജമാ അത്തെ ഇസ്‌ലാമിയുടെ അമീര്‍ (ദേശീയ പ്രസിഡന്റ്) മൗലാന ജലാലുദ്ദീന്‍ ഒമാരി ഒരു അഭിമുഖത്തില്‍ ആവര്‍ത്തിക്കുന്നത് മുസ്‌ലിം സമുദായത്തെ മുഴുവനായും പിന്നാക്കമായി കണക്കാക്കണമെന്നും സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കണം എന്നുമാണ്. ജാതിയാകരുത് അത്തരം സംവരണത്തിന്റെ മാനദണ്ഡം എന്നും അദ്ദേഹം അടിവരയിടുന്നുണ്ട്. 

ബ്രാഹ്മണ്യവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യന്‍ ജനതയുടെ ശത്രുക്കള്‍ എന്നെഴുതിയ പോസ്റ്ററുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും അതില്‍ വിശ്വാസം വരാതിരിക്കാനുള്ള കാരണം ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതരുടെ മാറ്റമില്ലാത്ത സാമൂഹികാവസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം തന്നെയാണ്. 

ജമാ അത്തെ ഇസ്‌ലാമിയുടെ മുന്‍ അദ്ധ്യക്ഷന്‍ ഡോ. അബ്ദുള്‍ ഹഖ് അന്‍സാരി സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച ഒരു ശില്പശാലയില്‍ അഭിപ്രായപ്പെട്ടതു മുസ്‌ലിങ്ങളെ ജാതിപരമായി തിരിക്കുന്നതു ദുരുദ്ദേശ്യപരമാണ് എന്നാണ്. സമുദായം ഒന്നാകെ പിന്നാക്ക വിഭാഗമായി നില്‍ക്കുമ്പോള്‍ ജാതിപരമായ തരംതിരിവെങ്ങനെയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാല്‍, സച്ചാര്‍ കമ്മിഷന്‍ വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്ന മുസ്‌ലിം സമൂഹത്തിന്റെ ചിത്രം അനുസരിച്ച് മുസ്‌ലിങ്ങളിലെ ഏറ്റവും ഉന്നതകുലജാതരായ അശ്‌റഫി മുസ്‌ലിങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നാക്ക ജാതിക്കാരായ അജ്‌ലിഫ് മുസ്‌ലിങ്ങളുടേയും ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്ത തൊട്ടുകൂടാത്തവര്‍ ആയിരുന്ന അര്‍സല്‍ മുസ്‌ലിങ്ങളുടേയും സാമൂഹികമായ പിന്നാക്കാവസ്ഥ സമാനതകള്‍ ഇല്ലാത്തതാണ്. മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ മുസ്‌ലിങ്ങളെ ഒന്നാകെ പിന്നാക്കമായി കണക്കാക്കി സംവരണം ഒരുപോലെ വീതിച്ചാല്‍ അതിന്റെ ആനുകൂല്യം മുഴുവന്‍ യാതൊരു അവശതയുമില്ലാത്ത ഒരു ചെറുന്യൂനപക്ഷത്തിനു (അശ്‌റഫി മുസ്‌ലിങ്ങള്‍ക്ക്) സ്വായത്തമാക്കാനാകും. കേവല സാമ്പത്തിക വാദം കോണ്ടും ഇതിനെ മറികടക്കാന്‍ ആകില്ല. പിന്നാക്ക വിഭാഗങ്ങള്‍ക്ക് അന്യമായ സാമൂഹിക മൂലധനം കൂടിയാണ് ഇവിടത്തെ വിഷയം. അതിനെ മറികടക്കണമെങ്കില്‍ മുസ്‌ലിങ്ങള്‍ക്കിടയിലെ ജാതിയെ ഇല്ലാതാക്കിയേ തീരൂ. ഈ പശ്ചാത്തലത്തിലാണ് മുസ്‌ലിം സമുദായത്തിലെ ദളിതര്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക ജാതിക്കാര്‍ക്കും ആയിരിക്കണം സംവരണം നല്‍കേണ്ടതെന്ന് അസ്ഗര്‍ അലി എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചത്. 

ഇന്ത്യന്‍ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ബ്രാഹ്മണ്യം ആണെന്ന് എസ്.ഐ.ഒ പറയാന്‍ തുടങ്ങിയതു വളരെ അടുത്തകാലത്താണ്. കാമ്പസുകളിലെ ദളിത് രാഷ്ട്രീയത്തിന്റെ സ്വാഭാവിക സഖ്യമാകാന്‍ ശ്രമം തുടങ്ങിയതും ഏറെയൊന്നും മുന്‍പല്ല. ഇന്ത്യന്‍ കാമ്പസുകളിലേക്ക് എത്തിപ്പെടുന്ന/എത്തിപ്പെടാനാകാത്ത ദളിത് മുസ്‌ലിങ്ങളെക്കുറിച്ച് സര്‍വ്വകലാശാല കാമ്പസുകളില്‍ ചര്‍ച്ച ചെയ്യാന്‍ ഇവരുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും കാണാനാകില്ല. ബ്രാഹ്മണ്യവും ജാതിവ്യവസ്ഥയുമാണ് ഇന്ത്യന്‍ ജനതയുടെ ശത്രുക്കള്‍ എന്നെഴുതിയ പോസ്റ്ററുകള്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുമ്പോഴും അതില്‍ വിശ്വാസം വരാതിരിക്കാനുള്ള കാരണം ഇസ്‌ലാമിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതരുടെ മാറ്റമില്ലാത്ത സാമൂഹികാവസ്ഥ ചൂണ്ടിക്കാണിക്കുമ്പോള്‍ അവര്‍ പുലര്‍ത്തുന്ന കുറ്റകരമായ മൗനം തന്നെയാണ്. 

ജാതി ഒരു ഇന്ത്യന്‍ സാമൂഹികാവസ്ഥയാണ്. അതിനെ ഹിന്ദുമതത്തിനകത്തെ ഒന്നായി ചുരുക്കിക്കാണേണ്ട കാലം എന്നേ കഴിഞ്ഞു

മണ്ഡല്‍ കമ്മിഷനും മൗദൂദിയന്‍ കാഴ്ചപ്പാടും

ജാതി ഒരു മാനസിക അവസ്ഥയാണെന്നാണ് ജമാ അത്തെ ഇസ്‌ലാമിയുടെ നിലപാട്. അതുകൊണ്ട് ജാതിവ്യവസ്ഥ അവസാനിപ്പിക്കാന്‍ ചെയ്യേണ്ടതു മാനസിക പരിവര്‍ത്തനമാണ് എന്നാണ് അവരുടെ നിലപാട്. കാമ്പസുകളില്‍ മണ്ഡല്‍ കമ്മിഷന്‍ എന്നുമാത്രം പറയുകയും അതിന്റെ ഉള്ളടക്കത്തെക്കുറിച്ചു മൗനികളായിരിക്കുകയും ചെയ്യുകയാണ് എസ്.ഐ.ഒ. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ മുഖ്യമായ ഒന്ന്, നിലനില്‍ക്കുന്ന ഉല്‍പ്പാദനബന്ധങ്ങളെ തകര്‍ക്കണമെന്നുള്ളതാണ്. അതിനായി മണ്ഡല്‍ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട കാര്യം സമൂലമായ ഭൂപരിഷ്‌കരണം ആണ്. മണ്ഡല്‍ കമ്മിഷനെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഒരിടത്തുപോലും ഇതിനെക്കുറിച്ചു സത്യസന്ധവും ക്രിയാത്മകവുമായി പ്രതിപാദിക്കാന്‍ ജമാ അത്തെ ഇസ്‌ലാമിയോ വിദ്യാര്‍ത്ഥി വിഭാഗമോ തയ്യാറായിട്ടില്ല. 
മുസ്‌ലിം സമുദായത്തിലെ പിന്നാക്ക വിഭാഗത്തെ മണ്ഡല്‍ കമ്മിഷന്‍ അടയാളപ്പെടുത്തുന്നുണ്ട്. മണ്ഡല്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി കലാപത്തിനൊരുങ്ങുകയാണ് സവര്‍ണഹിന്ദു രാഷ്ട്രീയം ചെയ്തതെങ്കില്‍ അതു വിലപ്പോവാതെ വന്നപ്പോള്‍ അശ്‌റഫി മുസ്‌ലിങ്ങളുടെ സവര്‍ണ മുസ്‌ലിംനേതൃത്വം മണ്ഡലിനെ മറികടക്കാന്‍ മറ്റൊരു തന്ത്രം കൂടി ഉപയോഗിച്ചു. മുഴുവന്‍ മുസ്‌ലിങ്ങളെയും പിന്നാക്ക വിഭാഗത്തില്‍ പെടുത്തണം എന്ന ആവശ്യം ഉയര്‍ത്തുകയായിരുന്നു അവര്‍ ചെയ്തത്. 

ഇസ്‌ലാമിന്റെ ആദര്‍ശം ജാതിക്ക് ഇടമില്ലാത്തതാണെന്നും അതിനാല്‍ തന്നെ ജാതി തിരിച്ചുള്ള സംവരണം സമുദായത്തിനു വിരുദ്ധമാണെന്നുമുള്ള ജമാ അത്തിന്റേയും സവര്‍ണ മുസ്‌ലിങ്ങളുടേയും വാദം അംഗീകരിക്കാനാകില്ല. ബുദ്ധമതം ജാതിയെ അംഗീകരിക്കാതിരിക്കുമ്പോള്‍ത്തന്നെ ഹിന്ദുമതത്തില്‍നിന്നും ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത ദളിതര്‍ക്കു സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംവരണം ജാതിയെ അംഗീകരിക്കലോ താങ്ങിനിര്‍ത്തലോ അല്ല എന്നും ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ടതും അവസരം നിഷേധിക്കപ്പെട്ടതുമായ ഒരു വിഭാഗം ജനങ്ങളെ തിരിച്ചറിയല്‍ ആണെന്നും ജാതിനിര്‍മ്മൂലനത്തിലേക്കുള്ള അനിവാര്യതകളില്‍ ഒന്നാണെന്നും ജമാ അത്തെ ഇസ്‌ലാമി മനസ്സിലാക്കണം. ജാതി ഒരു ഇന്ത്യന്‍ സാമൂഹികാവസ്ഥയാണ്. അതിനെ ഹിന്ദുമതത്തിനകത്തെ ഒന്നായി ചുരുക്കിക്കാണേണ്ട കാലം എന്നേ കഴിഞ്ഞു. 

മൗലാന മൗദൂദി

രാഷ്ട്രീയ ഇസ്‌ലാമും അംബേദ്കറും തമ്മിലെന്ത്?

ജമാ അത്തെ ഇസ്‌ലാമിയുടെ സ്ഥാപകനും രാഷ്ട്രീയ ഇസ്‌ലാമിന്റെ ആശയ ആചാര്യനുമായ മൗലാന മൗദൂദിയും ബാബാ സാഹേബ് അംബേദ്കറും സമകാലികര്‍ ആയിരുന്നു. എന്നാല്‍, തന്റെ ജീവിതകാലത്ത് ഒരിക്കല്‍പ്പോലും അംബേദ്കര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളോട് ഐക്യപ്പെടാനോ അതിന്റെ മെറിറ്റിനെക്കുറിച്ചു സംസാരിക്കാനോ മൗദൂദിയോ ജമാ അത്തെ ഇസ്‌ലാമിയോ തയ്യാറായിട്ടില്ല. ബ്രാഹ്മണ്യം എന്ന വാക്ക് ഒരുതവണയെങ്കിലും മൗദൂദി ഉച്ചരിച്ചിട്ടുണ്ടോ എന്നു സംശയമാണ്. മുസ്‌ലിങ്ങളെ 'ശുദ്ധീകരിച്ച്' ഹിന്ദുക്കളാക്കണം എന്ന് അഭിപ്രായപ്പെട്ട, ഹിന്ദുമഹാസഭയുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യയുടെ ജീവചരിത്രം എഴുതിയ ആളാണ് മൗദൂദി. 
ദളിത് പ്രസ്ഥാനങ്ങളുടെ ഗാന്ധി വിമര്‍ശനത്തിനു തലകുലുക്കുമെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെയെങ്കിലും ജാതിവിഷയത്തില്‍ ഗാന്ധിയുമായി ഒരുതരത്തിലുള്ള അഭിപ്രായവ്യത്യാസവും ജമാ അത്തെ ഇസ്‌ലാമിയോ അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളോ രേഖപ്പെടുത്തിയിരുന്നുമില്ല. മാത്രവുമല്ല, ഗാന്ധിയെ ഉപയോഗിച്ചാണ് ജമാ അത്തെ ഇസ്‌ലാമി പലപ്പോഴും തങ്ങളുടെ രാഷ്ട്രീയത്തെ ന്യായീകരിക്കുകയും ചെയ്തിട്ടുള്ളത്. ബ്രാഹ്മണ്യത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ പോരാട്ടങ്ങളെ രാഷ്ട്രീയ പരിപാടിയുടെ മുന്‍നിരയില്‍ വയ്ക്കുന്നില്ല എന്നു മാത്രമല്ല, അവരുടെ ആശയവും ലക്ഷ്യവും രാഷ്ട്രത്തെക്കുറിച്ചുള്ള ഭാവനയും വെല്ലുവിളികളും എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്റില്‍ എമ്പാടും പരതിയാലും ബ്രാഹ്മണ്യത്തെക്കുറിച്ച് ഒരു വാചകമോ ജാതിവ്യവസ്ഥ സൃഷ്ടിച്ച ദുരവസ്ഥയെക്കുറിച്ച് ആശങ്കയോ കാണാനാകില്ല. പിന്നെന്തിനു നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കണം എന്നു ദളിതര്‍ ന്യായമായും ചോദിച്ചാല്‍ ജമാ അത്തെ ഇസ്‌ലാമിയുടെ അനുയായികള്‍ക്കു രണ്ടു കാര്യങ്ങളാണ് ചെയ്യാനുള്ളത്. ഒന്നുകില്‍ തങ്ങളുടെ രാഷ്ട്രീയ മാനിഫെസ്‌റ്റോയും പ്രഖ്യാപിത പരിപാടിയും ജാതിവിരുദ്ധ പോരാട്ടങ്ങളുടെ പ്രാധാന്യം കൂടി ഉള്‍ക്കൊള്ളുന്ന വിധം മാറ്റി എഴുതിക്കാന്‍ നേതൃത്വത്തെ നിര്‍ബന്ധിക്കുക. കാരണം, നിലവിലെ അവരുടെ ഫ്രേയിംവര്‍ക്ക് ബ്രാഹ്മണ്യത്തിനെതിരായ മുന്നേറ്റങ്ങള്‍ക്കു യാതൊന്നും വാഗ്ദാനം ചെയ്യുന്നില്ല. അതല്ലെങ്കില്‍, കുറ്റബോധത്തിന്റെ കുനിഞ്ഞ ശിരസ്‌സില്‍ മൗനത്തെ നിത്യഗര്‍ഭം ധരിക്കുക. 

സ്വവര്‍ഗ്ഗാനുരാഗികളെ കുറ്റവാളികളായി കാണുന്നവരാണ് ജമാ അത്തെ ഇസ്‌ലാമി. കാമ്പസുകളില്‍ അടിച്ചമര്‍ത്തപ്പെട്ടവരെക്കുറിച്ചു പറയുമ്പോള്‍ ഭിന്നലിംഗക്കാരേയും സ്വവര്‍ഗ്ഗാനുരാഗികളേയും കുറിച്ച് എസ്.ഐ.ഒ മിണ്ടാറില്ല. സ്വവര്‍ഗ്ഗാനുരാഗത്തെ ശിക്ഷാര്‍ഹമായ കുറ്റകൃത്യമായി നിര്‍വ്വചിക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ആര്‍ട്ടിക്കിള്‍ 377 ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചപ്പോള്‍ അതിനെതിരെ ഹൈന്ദവ സംഘടനകള്‍ക്കൊപ്പം തെരുവിലിറങ്ങിയ സമീപകാല ചരിത്രമാണ് ജമാ അത്തെ ഇസ്‌ലാമിക്കും എസ്.ഐ.ഒക്കും ഉള്ളത്. പ്രസ്തുത വിധി സുപ്രീംകോടതി റദ്ദാക്കിയപ്പോള്‍ ഏറ്റവും ആഹ്‌ളാദിച്ചു കണ്ടതും അവര്‍ തന്നെ. അംബേദ്കറിന്റെ മുസ്‌ലിം വിമര്‍ശനത്തോടും ജമാ അത്തെ ഇസ്‌ലാമി പ്രതികരിച്ചു കണ്ടിട്ടില്ല. എസ്.ഐ.ഒവിന്റെ 'വ്യാഖ്യാന വൈദ്ഗ്ദ്ധ്യം' കൊണ്ട് അംബേദ്കറിനെ ഇസ്‌ലാമോഫോബിക് ആക്കാന്‍ വലിയ സമയം ഒന്നും വേണ്ട. മൗദൂദിയന്‍ രാഷ്ട്രീയത്തെ ഇപ്പോഴും പ്രശ്‌നവല്‍ക്കരിക്കാതെ ജമാ അത്തിന്റെ ആവശ്യത്തിനനുസരിച്ചു പാലിക്കുന്ന മൗനം ചില അംബേദ്കറൈറ്റ് സംഘടനകള്‍ അവസാനിപ്പിച്ചാല്‍ മാത്രം മതി.

ആധുനികതയും സാര്‍വ്വത്രിക മൂല്യങ്ങളുമാണ് അംബേദ്കറിന്റെ രാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനമെങ്കില്‍ മതമൗലികവാദവും യാഥാസ്ഥികതയുമാണ് ജമാ അത്തിന്റെ രാഷ്ട്രീയം. തങ്ങളുടെ വിദ്യാര്‍ത്ഥിസംഘടനയെ ഉപയോഗിച്ച് അംബേദ്കറിന്റെ പേരില്‍ സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചതുകൊണ്ടു മാത്രം ഈ വൈരുദ്ധ്യം ഇല്ലാണ്ടാകുന്നില്ല. മൗദൂദിയുടെ പുസ്തകത്തിന് അംബേദ്കറിന്റെ മുഖചിത്രം അസല്‍ അശ്‌ളീലമാണ്. 

രാഷ്ട്രീയ ഇസ്‌ലാമിനോട് ഒരുതരത്തിലും ഐക്യപ്പെടുന്നില്ല എന്നു മാത്രമല്ല, അംബേദ്കര്‍ അതിനെ അതിനിശിതമായി വിമര്‍ശിക്കുന്നതും കാണാം. ഹിന്ദുയിസത്തിന്റെ കടുത്ത വിമര്‍ശകനായ അംബേദ്കര്‍ മുസ്‌ലിം സമുദായത്തിനകത്തെ ദുരാചാരങ്ങള്‍ക്കെതിരേയും രംഗത്തു വരുന്നുണ്ട്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളില്‍ ഒന്നിനോടുപോലും ജമാ അത്തെ ഇസ്‌ലാമി യോജിക്കുമെന്ന് അവരുടെ മാനിഫെസ്‌റ്റോ പഠിച്ചവര്‍ക്കു കരുതാനാകില്ല. എങ്കിലും പുരോഗമന മുഖംമൂടി അണിയാന്‍ ദളിത് സംഘടനകളുടെ സഹായം ലഭ്യമാകുന്ന കാലത്തോളം അവരതിനെക്കുറിച്ചു പരസ്യമായി സംസാരിക്കുകയുമില്ല. നിലവിലെ അവസ്ഥയില്‍ ചിലപ്പോള്‍ നിവൃത്തികേടുകൊണ്ട് ചില കാര്യങ്ങളില്‍ എങ്കിലും മൗദൂദിയെ തള്ളിപ്പറഞ്ഞേക്കും (മത പരിത്യാഗിക്കുള്ള ശിക്ഷപോലുള്ള പുസ്തകങ്ങളുടെ കാര്യത്തില്‍ മറ്റൊരു ഗതിയുമില്ലാത്തതിനാല്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്). എന്നാല്‍, വിരുദ്ധ ധ്രുവങ്ങളില്‍ ആയിരുന്നിട്ടും അംബേദ്കറിനെ സ്പര്‍ശിക്കില്ല. ഭയം കൊണ്ടാണ്. തങ്ങള്‍ക്കു തങ്ങളായി നിലനില്‍ക്കാന്‍ ആകില്ലെന്ന കുറേ കാലമായുള്ള ഉള്‍ഭയം കൊണ്ട്. 

അംബേദ്കര്‍

പാകിസ്താന്‍ ഓര്‍ ദ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ വളരെ വിശദമായി ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. അംബേദ്കര്‍ പറയുന്ന 'ജാതിവ്യവസ്ഥയുടെ കാര്യം എടുക്കുക. ഇസ്‌ലാം സാഹോദര്യത്തെക്കുറിച്ചു സംസാരിക്കുന്നുണ്ട്. ഇസ്‌ലാം ജാതിയില്‍നിന്നും അടിമത്തത്തില്‍നിന്നും സ്വതന്ത്രമായിരിക്കണം എന്നാണ് എല്ലാവരും കരുതുന്നത്. അടിമത്തത്തെക്കുറിച്ചു കൂടുതല്‍ ഒന്നും പറയേണ്ടതില്ല. അതു നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, അതു നിലനിന്ന കാലത്തു കൂടുതലും പിന്തുണ ലഭിച്ചത് ഇസ്‌ലാമില്‍നിന്നും ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുമായിരുന്നു. പക്ഷേ, അടിമത്തത്തിന്റെ കാലം കഴിഞ്ഞെങ്കിലും മുസ്‌ലിങ്ങള്‍ക്കിടയില്‍ ജാതി ബാക്കിയായി. അതുകൊണ്ടുതന്നെ ഹിന്ദു സമുദായത്തെ ബാധിച്ച സാമൂഹിക അനാചാരങ്ങള്‍ അതുപോലെ തന്നെ മുസ്‌ലിം സമുദായത്തേയും ബാധിച്ചിട്ടുണ്ടെന്നതില്‍ ഒരു സംശയവും ഇല്ല. സത്യത്തില്‍ ഹിന്ദുക്കക്കള്‍ക്കുള്ള എല്ലാ സാമൂഹിക അനാചാരങ്ങളും മുസ്‌ലിങ്ങള്‍ക്കും ഉണ്ടെന്നു മാത്രമല്ല, ചിലത് അധികമായും ഉണ്ട്. ആ അധികമായിട്ടുള്ളതാണ് മുസ്‌ലിം സ്ത്രീകള്‍ക്കുമേലുള്ള നിര്‍ബന്ധിത പര്‍ദ്ദ സംവിധാനം. 'സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ധീരമായ ശബ്ദമായിരുന്നു അംബേദ്കറിന്റേത്. ഹിന്ദുമതത്തിനകത്തു സ്ത്രീകള്‍ നേരിടുന്ന സതി, നിര്‍ബന്ധിത വൈധവ്യം, ബാലികാ വിവാഹം തുടങ്ങിയ ദുരാചാരങ്ങള്‍ക്കെതിരെയും അദ്ദേഹം ശക്തിയുക്തം ശബ്ദമുയര്‍ത്തുന്നതായി കാണാം. സ്ത്രീകളുടെ വിമോചനത്തെ ഏറ്റവും മുഖ്യമായ ഒന്നായി പരിഗണിച്ച അംബേദ്കറില്‍നിന്നും മൗദൂദിയിലേക്കുള്ള ദൂരം പുരുഷാധിപത്യ ആശയങ്ങളാല്‍ വലയിതമാണ്. 1972-ല്‍ പ്രസിദ്ധീകരിച്ച മൗദൂദിയുടെ 'പര്‍ദ്ദയും ഇസ്‌ലാമിലെ സ്ത്രീയുടെ പദവിയും' എന്ന പുസ്തകം ഇതിന്റെ വിളംബരമാണ്. ഇപ്പോള്‍ ജമാ അത്തെ ഇസ്‌ലാമി പറയുന്നതുപോലെ സ്ത്രീയുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് എന്ന നിലയില്‍ അല്ല, ഒരു നിര്‍ബന്ധമായാണ് പര്‍ദ്ദയെ അവതരിപ്പിക്കുന്നത്. പുരുഷന്മാരെ 'പ്രകോപിത'രാക്കാതിരിക്കാനുള്ള ഉപാധിയെന്നൊക്കെയാണ് മൗദൂദി പര്‍ദ്ദയെ നിരീക്ഷിക്കുന്നത്. സ്ത്രീയുടെ സാമൂഹ്യജീവിതത്തിനു നിരവധിയായ നിയന്ത്രണങ്ങളാണ് മൗദൂദി ഈ പുസ്തകത്തിലൂടെ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യയിലെ ജമാ അത്തെ ഇസ്‌ലാമി ഇതില്‍നിന്നും ഏറെയൊന്നും മുന്നോട്ടു പോയിട്ടില്ലെന്ന് അവര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജെ.എസ്. വര്‍മ്മ കമ്മിഷനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ വായിച്ചാല്‍ മനസ്സിലാകും. ഒന്നിച്ചുള്ള വിദ്യാഭ്യാസംപോലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട അവര്‍ പുരുഷനെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ സ്ത്രീകള്‍ പെരുമാറരുത് എന്നും നിര്‍ദ്ദേശിച്ചിരുന്നു. 

ഇസ്‌ലാമിനെക്കുറിച്ചുള്ള വ്യത്യസ്ത വായനകള്‍ പരിചിതമായുള്ളവര്‍ക്ക് അംബേദ്കറിന്റെ വിശകലനങ്ങളില്‍ ചിലവ അസുഖകരമായി അനുഭവപ്പെട്ടേക്കാം. അതിനുള്ള ചില ഘടകങ്ങള്‍ എങ്കിലും അവയിലുണ്ട് എന്നുതന്നെയാണ് ലേഖകന്റേയും അഭിപ്രായം. എന്നാല്‍, ജമാ അത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ മാനിഫെസ്‌റ്റോ (അവരുടെ പ്രോഗ്രാമും നയങ്ങളും വെബ്‌സൈറ്റില്‍ ലഭ്യമാണ്) വായിക്കുന്നവര്‍ക്ക് അതിന്റെ വിരുദ്ധ ധ്രുവത്തിലാണ് അംബേദ്കറിന്റെ രാഷ്ട്രീയം എന്നു സമ്മതിക്കാതെ തരമില്ല. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയോ അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനമോ അല്ല മതത്തെക്കുറിച്ചുള്ള മൗദൂദിയുടെ വ്യാഖ്യാനത്തെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഭാവനയാണ് ജമാ അത്തെ ഇസ്‌ലാമിയുടെ ഫ്രെയിം വര്‍ക്ക് എന്നു വ്യക്തമാണ്. ജമാ അത്തെ ഇസ്‌ലാമി അംഗങ്ങള്‍ അംഗത്വം ലഭിക്കുന്നതിനു മുന്‍പു നിര്‍ബന്ധിതമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തില്‍ അംബേദ്കറോ മാല്‍ക്കം എക്‌സോ പെരിയാറോ ഫൂലെയോ അബ്ദുള്‍കലാം ആസാദോ എഡ്വേഡ് സെയിദോ ഇല്ല. മൗദൂദിയേയും രാഷ്ട്രീയ ഇസ്‌ലാമിന്റെ മറ്റുചില പ്രചാരകരേയും മാത്രമാണ് അവര്‍ക്കു മനപ്പാഠമാക്കേണ്ടത്. ചുരുക്കത്തില്‍, മതം രാഷ്ട്രീയത്തേയും പൊതുജീവിതത്തേയും എല്ലാം നിയന്ത്രിക്കണം എന്ന നിര്‍ബന്ധമാണ് ജമാ അത്തെ ഇസ്‌ലാമി. അതായത് രാഷ്ട്രീയ ഇസ്‌ലാം ആണത്. അതിശക്തമായ ഭാഷയില്‍ അംബേദ്കര്‍ എതിര്‍ത്തതും അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയതും കൂടിയാണത്. മതം രാഷ്ട്രീയത്തില്‍ ഇടപെടരുത് എന്ന കാര്യത്തില്‍ കാര്‍ക്കശ്യക്കാരനായിരുന്നു അംബേദ്കര്‍. ആധുനികതയും സാര്‍വ്വത്രിക മൂല്യങ്ങളുമാണ് അംബേദ്കറിന്റെ രാഷ്ട്രസങ്കല്‍പ്പത്തിന്റെ അടിസ്ഥാനമെങ്കില്‍ മതമൗലികവാദവും യാഥാസ്ഥികതയുമാണ് ജമാ അത്തിന്റെ രാഷ്ട്രീയം. തങ്ങളുടെ വിദ്യാര്‍ത്ഥിസംഘടനയെ ഉപയോഗിച്ച് അംബേദ്കറിന്റെ പേരില്‍ സ്റ്റഡി സര്‍ക്കിള്‍ രൂപീകരിച്ചതുകൊണ്ടു മാത്രം ഈ വൈരുദ്ധ്യം ഇല്ലാണ്ടാകുന്നില്ല. മൗദൂദിയുടെ പുസ്തകത്തിന് അംബേദ്കറിന്റെ മുഖചിത്രം അസല്‍ അശ്‌ളീലമാണ്. 

മുസ്‌ലിം സമുദായത്തിലെ അതീവ ദരിദ്രരേയും ദളിതരേയും അഭിസംബോധന ചെയ്യാതെ, അവരുടെ രാഷ്ട്രീയ ഭാവനകളെ ഉള്‍ക്കൊള്ളാതെ, മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം ഏകജാതീയമാണെന്നു സമര്‍ത്ഥിക്കാന്‍ സര്‍വ്വ ഊര്‍ജ്ജവും ചെലവഴിക്കുന്ന ജമാ അത്തെ ഇസ്‌ലാമി ദളിത്-മുസ്‌ലിം ഐക്യം എന്ന ലേബലില്‍ നടത്തുന്ന പ്രചാരണം ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ മുസ്‌ലിം സ്വത്വം എന്നൊന്ന് ഇല്ല.

വര്‍ഗ്ഗസമരത്തെ അടിമുടി എതിര്‍ക്കുന്നതാണ് ജമാ അത്തെ ഇസ്‌ലാമിയുടെ ആശയധാര. ഇതേ അടിസ്ഥാനത്തിലാണ് അംബേദ്കര്‍ മുസ്‌ലിം രാഷ്ട്രീയത്തിനെതിരായ മറ്റൊരു വിമര്‍ശനം മുന്നോട്ടുവയ്ക്കുന്നത്. സമുദായത്തിലെ ദരിദ്രവിഭാഗത്തിന്റേയും തൊഴിലാളികളുടേയും താല്പര്യങ്ങളെ സംരക്ഷിക്കാനുള്ള മുന്നേറ്റങ്ങളെ മതരാഷ്ട്രീയം അസാധ്യമാക്കും എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മതങ്ങള്‍ക്കതീതമായി ചൂഷിതരായ എല്ലാവര്‍ക്കും യോജിക്കുവാനുള്ള സാധ്യതകളെ അത് ഇല്ലാണ്ടാക്കും എന്നാണ് അംബേദ്കര്‍ അടിവരയിടുന്നത്. മുസ്‌ലിം സമുദായത്തിലെ അതീവ ദരിദ്രരേയും ദളിതരേയും അഭിസംബോധന ചെയ്യാതെ, അവരുടെ രാഷ്ട്രീയ ഭാവനകളെ ഉള്‍ക്കൊള്ളാതെ, മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വം ഏകജാതീയമാണെന്നു സമര്‍ത്ഥിക്കാന്‍ സര്‍വ്വ ഊര്‍ജ്ജവും ചെലവഴിക്കുന്ന ജമാ അത്തെ ഇസ്‌ലാമി ദളിത്-മുസ്‌ലിം ഐക്യം എന്ന ലേബലില്‍ നടത്തുന്ന പ്രചാരണം ഇവിടെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ മുസ്‌ലിം സ്വത്വം എന്നൊന്ന് ഇല്ല. ഏകതാനമായ മുസ്‌ലിം ജീവിതവും ഇല്ല. ജാതിവ്യവസ്ഥ മുസ്‌ലിം സമുദായത്തിനേല്‍പ്പിച്ച പരിക്കിനെ മറികടക്കാന്‍, നീതി നിഷേധിക്കപ്പെട്ട പിന്നാക്ക ദളിത് മുസ്‌ലിങ്ങളുടെ അഭിലാഷങ്ങളെ മാന്യമായി തൃപ്തിപ്പെടുത്താന്‍, അധീശത്വവര്‍ഗ്ഗത്തിന്റെ ഭാവനകള്‍ക്കനുസരിച്ച് ഒരു സമൂഹത്തെയൊന്നാകെ ചിത്രീകരിക്കുന്ന വഞ്ചനയുടെ ചരിത്രം അവസാനിപ്പിക്കാന്‍ ജമാ അത്തെ ഇസ്‌ലാമി തയ്യാറാകുമോ എന്നാണ് വ്യക്തമാക്കേണ്ടത്. അല്ലാത്ത പക്ഷം, തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു കാലാകാലം അവര്‍ അവതരിപ്പിച്ചുകൊണ്ടിരുന്ന ഒന്നിനു മറ്റൊന്നിനോട് ഒരു സാമ്യവും ഇല്ലാത്ത, വ്യാജവും നാടകീയവുമായ മറ്റൊരു വേഷംകെട്ടല്‍ മാത്രമാകും ഇപ്പോള്‍ പറയുന്ന ദളിത്-മുസ്‌ലിം ഐക്യം. മുസ്‌ലിങ്ങളിലെ ദളിതരെ ഇതിലെവിടെയാണ് നിങ്ങള്‍ ചേര്‍ക്കുക എന്നതിന് ഉത്തരം പറയാതെ ഒളിച്ചുകളി തുടരേണ്ടിവരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com