അത് ഞങ്ങളുടെ വാര്‍ത്തയല്ല, ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മവുമല്ല

സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി മാറ്റി എന്ന ടിപി സെന്‍കുമാറിന്റെ ആരോപണം തെറ്റെന്നു തെളിയിക്കാന്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അത് ഞങ്ങളുടെ വാര്‍ത്തയല്ല, ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മവുമല്ല

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് വിരമിച്ച ടിപി സെന്‍കുമാര്‍ സമകാലിക മലയാളത്തിനു നല്‍കിയ അഭിമുഖം വലിയ വിവാദമാണ് ഉണ്ടാക്കിയത്. ഒട്ടേറെ വിഷയങ്ങള്‍ പരാമര്‍ശിച്ച ദീര്‍ഘമായ അഭിമുഖത്തിലെ രണ്ടു കാര്യങ്ങളാണ് പ്രധാനമായും വിവാദത്തിന് കാരണമായത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണവും സംസ്ഥാനത്തെ മുസ്ലിം ജനവിഭാഗത്തെ സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങളും. സമകാലിക മലയാളം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ ആദ്യഭാഗത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട, മുന്‍ പൊലീസ് മേധാവിയുടെ നിരീക്ഷണങ്ങളുള്ളത്. ഇത് വിവാദമായപ്പോള്‍ അദ്ദേഹം ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരണം നല്‍കിരുന്നു. അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്ന നിലപാടല്ല അദ്ദേഹം സ്വീകരിച്ചത്. എന്നാല്‍ അഭിമുഖം ഭാഗികമായി പ്രസിദ്ധീകരിച്ചു, പറയാതെ റെക്കോഡ് ചെയ്തു, സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. വായനക്കാര്‍ക്കു മുന്നില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ സെന്‍കുമാറുമായി അഭിമുഖം നടത്തിയ ലേഖകന്‍ പിഎസ് റംഷാദിന്റെ വിശദമായ കുറിപ്പ് സമകാലിക മലയാളം പ്രസിദ്ധീകരിച്ചു. അഭിമുഖത്തെക്കുറിച്ച് സെന്‍കുമാര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനമില്ലാത്തവയാണെന്ന് ഈ വിശദീകരണക്കുറിപ്പില്‍നിന്നു വ്യക്തമാണ്.

രണ്ടു ദിവസത്തിനു ശേഷം പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിലാണ് കുറെക്കൂടി വലിയ വിവാദമുണ്ടാക്കിയ, മതന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളുള്ളത്. കേരളത്തിലെ ഏതാണ്ട് എല്ലാ മാധ്യമങ്ങളും, ദേശീയ തലത്തില്‍ തന്നെ ചില മാധ്യമങ്ങളും മുന്‍ ഡിജിപി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ടിപി സെന്‍കുമാറിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ ഇതിനു പിന്നാലെയും മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കുന്ന നിലപാടല്ല സെന്‍കുമാര്‍ സ്വീകരിച്ചത്. എന്നാല്‍ അഭിമുഖത്തെക്കുറിച്ച് നേരത്തെ ഉന്നയിച്ച ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു കത്ത് അദ്ദേഹം ഞങ്ങള്‍ക്ക് അയക്കുകയുണ്ടായി. ഇതിന് ഞങ്ങള്‍ വിശദമായിത്തന്നെ മറുപടി നല്‍കുകയും ചെയ്തു.

അഭിമുഖത്തില്‍ സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ലഭിച്ച പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുന്നതായി ഇതിനകം തന്നെ വാര്‍ത്ത വന്നിരുന്നു. സമകാലിക മലയാളത്തിനു നല്‍കിയ കത്തിന്റെ പകര്‍പ്പ് സെന്‍കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയതായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനു നല്‍കിയ മറുപടി ഞങ്ങള്‍ ഡിജിപിക്കു നല്‍കിയിട്ടുണ്ട്. ഈ കത്തിന്റെ പേരിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അതിന്റെ ഉള്ളടക്കം വെളിപ്പെടുത്താനോ വാര്‍ത്തകളെ സ്ഥിരീകരിക്കാനോ ഈ ഘട്ടത്തില്‍ ഞങ്ങള്‍ തയാറല്ല. അത് ഉത്തമ മാധ്യമ പ്രവര്‍ത്തനമല്ലെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.

സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കി മാറ്റി എന്ന ടിപി സെന്‍കുമാറിന്റെ ആരോപണം തെറ്റെന്നു തെളിയിക്കാന്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്‌ഫോടനാത്മകമായ വാര്‍ത്തയാവുമായിരുന്ന ഈ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാതിരുന്നത് അത് മാധ്യമ ധര്‍മം അല്ലെന്ന ബോധ്യം കൊണ്ടാണ്. ഇത്തരം കാര്യങ്ങള്‍ ടിപി സെന്‍കുമാറിനെതിരെയോ മറ്റാര്‍ക്കെങ്കിലും എതിരെയോ ഉപയോഗിക്കുക എന്നതും സമകാലിക മലയാളത്തിന്റെ ലക്ഷ്യമല്ല. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇതുവരെ ഞങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മറ്റു മാധ്യമങ്ങളില്‍നിന്ന് സമ്മര്‍ദം ഉണ്ടായിട്ടുപോലും വിവാദമായ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് ഞങ്ങള്‍ പുറത്തുവിടാതിരുന്നത് അതുകൊണ്ടാണ്. 

ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയല്ല, അത് ഞങ്ങള്‍ പിന്തുടരുന്ന മാധ്യമ ധര്‍മവുമല്ല.

സജി ജെയിംസ്
എഡിറ്റര്‍

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com