വിനായകനില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് അവകാശമില്ല

കേരളീയ സമൂഹത്തെ അടിമുടി പിടിച്ചുലക്കേണ്ടിയിരുന്ന ഈ ആത്മഹത്യയെ ലാഘവബുദ്ധിയോടെ അവഗണിക്കാനും തമസ്‌കരിക്കാനുമുള്ള പ്രേരണകള്‍ എവിടന്നുണ്ടായി?
വിനായകനില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് അവകാശമില്ല

വിനായകന്റെ ആത്മഹത്യ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. അദ്ഭുതകരമെന്നു പറയട്ടെ, ഒരൊറ്റ മലയാള ചാനല്‍ പോലും ആ വിഷയം തൊടാന്‍ തയ്യാറായില്ല. എന്തുകൊണ്ടാവാമത്?

ഇതു തന്നെയാണ് സുഹൃത്തേ അസ്പൃശ്യത. ദൂരെയുള്ള രോഹിത് വെമുലയുടെ ആത്മഹത്യയും കുറിപ്പും വിശദമായ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാക്കിയ അതേ ചാനലുകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ അര്‍ഥഗര്‍ഭമായ മൗനം അസ്പൃശ്യത കൊണ്ടെന്നു തന്നെ ഞാന്‍ കരുതുന്നു.

രോഹിത് വെമുലയും വിനായകനെപ്പോലെ ദളിതനായിരുന്നില്ലേ എന്നു ചോദിക്കാം. ജാതി കൊണ്ട് അതങ്ങനെ ആയിരുന്നു. എന്നാല്‍ അദ്ദേഹം കേരളത്തിനു പുറത്തുള്ള ഒരു' സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആയിരുന്നു. ഹൃദയസ്പൃക്കായ ഭാഷയില്‍ എഴുതപ്പെട്ട/ രേഖപ്പെട്ട ആത്മഹത്യാക്കുറിപ്പിന്റെ പിന്‍ബലത്തില്‍ക്കൂടിയായിരുന്നു വെമുലയുടെ ജീവിതവും മരണവും അടയാളപ്പെട്ടത്. ഈ ആത്മഹത്യാക്കുറിപ്പാണ് ഫലത്തില്‍ അദേഹത്തിന്റെ മരണാനന്തരമുള്ള ദളിതത്വത്തില്‍ നിന്നുള്ള വിടുതിയായി മാറിയത്. പാവം വിനായകന്‍. അവന്‍ യൂനിവേഴ്‌സിറ്റി തല വിദ്യാര്‍ഥിയായിരുന്നില്ല, അത്തരമൊരു ആത്മഹത്യാക്കുറിപ്പെഴുതാന്‍ തക്ക ഭാഷാപ്രാഗത്ഭ്യം വിനായകനില്ലാതെ പോയി. അവന്റെ ഈ നിശബ്ദതയാണ് അവനോടുള്ള അസ്പൃശ്യതയായത്. ഇത്തരം അസ്പൃശ്യതകള്‍ ഭരണഘടനാപരമായി മാത്രമല്ല ചരിത്രപരമായും അക്ഷന്തവ്യമായ കുറ്റമാണ്. കാരണം അത് വ്യക്തികളോടൊപ്പം സ്ഥലകാലങ്ങളെയും അദൃശ്യവും നിശബ്ദവുമാക്കുന്നു

പുരോഗമനപരം എന്നവകാശപ്പെടുന്ന കേരളീയ പൊതുമണ്ഡലത്തില്‍ വിനായകന്റെ ആത്മഹത്യ പല തലങ്ങളില്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. വിചാരിച്ചത്ര ദൂരം മുമ്പോട്ടു പോയവരാണോ നമ്മള്‍? ഇനിയുമെത്ര ദൂരം നടക്കണം?
അയ്യങ്കാളിക്കും ഗുരുവിനും ശേഷം നൂറ്റാണ്ടു പിന്നിട്ട കേരളം സമത്വബോധത്തിലും ജനാധിപത്യ മാതൃകയിലും എവിടെയെത്തി നില്ക്കുന്നു? തീര്‍ച്ചയായും ആത്മവിമര്‍ശനപരമായിക്കൂടി പരിശോധിക്കപ്പെടേണ്ടതുണ്ട് ഇവയെല്ലാം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ച് സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതികള്‍ അവകാശപ്പെടുന്നവരാണ് മലയാളികള്‍. പിന്നെങ്ങനെ എന്തുകൊണ്ട് കേരളത്തില്‍ വിനായകന് ആത്മഹത്യ ചെയ്യേണ്ടി വന്നു? കേരളീയ സമൂഹത്തെ അടിമുടി പിടിച്ചുലക്കേണ്ടിയിരുന്ന ഈ ആത്മഹത്യയെ ലാഘവബുദ്ധിയോടെ അവഗണിക്കാനും തമസ്‌കരിക്കാനുമുള്ള പ്രേരണകള്‍ എവിടന്നുണ്ടായി?

നമുക്ക് വിനായകനില്‍ നിന്ന് ഒളിച്ചോടാന്‍ അവകാശമില്ല.

1. വിനായകന്‍ ദളിതനായിരുന്നു എന്നതാണ് അവന്റെ ഇല്ലായ്മയിലേക്കു നയിച്ച ഏറ്റവും ആദ്യത്തെ കാരണം. അതു കൊണ്ടാണ് ഇത്ര കടന്ന അതിക്രമങ്ങള്‍ക്കു പൊലീസ് ധൈര്യപ്പെട്ടത്. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ കൊല്ലം ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ നടന്ന ദളിത് പീഡനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ ദളിതരോടു പെരുമാറുന്ന രീതി പഠിക്കാനും തിരുത്താനും ഒരു കമ്മിറ്റി ഉണ്ടാകേണ്ടിയിരിക്കുന്നു. കമ്മിറ്റികള്‍ നോക്കുകുത്തികളാകാം. പക്ഷേ സര്‍ക്കാരിന് പൊലീസ് നടത്തുന്ന ജാതി പീഡനങ്ങളുടെയും ജാതിക്കൊലയുടെയും ഗൗരവവും അപകടകരമായ അളവും മനസിലാക്കാന്‍ ഇതുപകരിക്കും. സ്ത്രീകളും ട്രാന്‍സ്‌ജെണ്ടറുകളുമെന്ന പോലെ ദളിത് പുരുഷന്മാരും പൊലീസുള്‍പ്പടെയുള്ള ഉപകരണ (അപ്പാരറ്റസ് ) ങ്ങളില്‍ നിന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളും വിവേചനവും ഇനിയെങ്കിലും വരവു വെക്കപ്പെട്ടില്ലെങ്കില്‍ അവ തിരുത്തപ്പെടുകയേ ഇല്ല. സവര്‍ണ പുരുഷന്മാര്‍ക്കു മാത്രമുള്ളതല്ലല്ലോ ജനാധിപത്യാവകാശങ്ങള്‍. 

പുറത്തെ സമൂഹത്തിന്റെ പിന്തുണയുടെ അഭാവത്തിന്റെയും മുഖ്യ കാരണം ജാതിപരമായ ഈ ദളിതാവസ്ഥയാണ്.  ദളിതനല്ലായിരുന്നെങ്കില്‍ അവന്‍ ആത്മഹത്യ ചെയ്യുമായിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. പുറത്തെ സമൂഹം നല്കുന്ന / നല്‌കേണ്ടുന്ന ആത്മവിശ്വാസം അവനു ലഭിച്ചില്ലെന്നു വ്യക്തം. മലയാളിയായ ഈ ദളിതന്റെ ആത്മഹത്യ ഒരു വലിയ സംഭവമായി ചാനലുകള്‍ക്കു തോന്നിയില്ല. മലയാളിയാണ് എന്നത് മരണാനന്തരം അവന്റെ ദളിതത്വത്തെ ഉറപ്പിച്ചെടുത്ത ഒരു ഘടകമാണ്.


2. സദാചാര ഗുണ്ടായിസത്തിന്റെ ശക്തമായ ചില ഘടകങ്ങള്‍ വിനായകനെതിരെയുള്ള പൊലീസ് അതിക്രമത്തില്‍ വ്യക്തമാണ്. അവന്‍ ഒരു പെണ്‍കുട്ടിയോടു സംസാരിച്ചതു കൂടിയാണല്ലോ പൊലീസിനെ പ്രകോപിപ്പിച്ചത്. പരിചയക്കാരിയായ ഒരുവളോട് അവള്‍ കൂട്ടുകാരിയോ കാമുകിയോ ആകട്ടെ അവളോട്  പത്തൊമ്പതു വയസുള്ള ഒരു കുമാരന് പൊതുവഴിയില്‍ വെച്ചു സംസാരിച്ചു കൂടെ? ഇതരുതെന്നു വിധിക്കുന്ന തത്വശാസ്ത്രം എന്താണ്? ഇതിനെ സദാചാര ഗുണ്ടായിസം എന്നല്ലാതെ മറ്റെന്താണ് വിളിക്കാനാവുക. ഉത്തരേന്ത്യയിലെ കാപ്പു പൊലീസിങ്ങിലേക്ക് ചിലപ്പോഴെങ്കിലും കേരളാ പൊലീസ് തരം താഴുന്നതിന്റെ ലക്ഷണമാണിത്.

3. പൊലീസിനെ പ്രകോപിപ്പിച്ച പ്രധാന ഘടകമായി ചൂണ്ടിക്കാണിക്കപ്പെട്ടത് അവന്റെ മുടിയാണ്. ഈ മുടി ഇത്രയധികം പ്രകോപനപരമാകാന്‍ പല കാരണങ്ങളുണ്ട്.

3.1. ആണ് പെണ്ണ് എന്നു മാത്രം മനുഷ്യരെ വിഭജിക്കുന്ന ആണ്‍കോയ്മ ആണിനും പെണ്ണിനും ചില പ്രത്യേക ലക്ഷണങ്ങള്‍ വിധിച്ചിട്ടുണ്ട്. അതിലൊന്നാണ് പെണ്ണുങ്ങള്‍ക്കു വളര്‍ത്താനുള്ളതാണ് മുടി എന്ന സങ്കല്പം. പണ്ട് കേരളത്തിലെ പുരുഷന്മാര്‍ക്ക് പലതരം കുടുമകള്‍ ഉണ്ടായിരുന്നുവെന്നത്  ചരിത്രമാണ്. ഇത്തരം ചരിത്രബോധം പൊലീസിനു പറഞ്ഞതല്ല. പെണ്ണുങ്ങള്‍ വളര്‍ത്തുന്ന മുടി ആണായ വിനായകന്‍ വളര്‍ത്തിയിരിക്കുന്നു. അവന്റെ മുടിയിഴകള്‍ ഒന്നൊന്നായി പിഴുതെടുക്കുക, മുലഞെട്ടുകള്‍ ഞെരിച്ചമര്‍ത്തക ജനനേന്ദ്രിയം തകര്‍ക്കുക എന്നിവ അവന്‍ സ്വീകരിച്ച പെണ്‍ചിഹ്നത്തിന് ആണധികാരം നല്കുന്ന ശിക്ഷയാണ്. അവന്‍ ആണിനെപ്പോലെ ആകാത്തതിന്റെ ശിക്ഷ. തലയില്‍ മുടിയുള്ള പുരുഷന് ആണത്തമില്ലെന്നു വിധിക്കുന്നു. ഇയാള്‍ ട്രാന്‍സ്‌ജെണ്ടറാണെന്നും ദളിതരെയെന്ന പോലെ ട്രാന്‍സ്‌ജെണ്ടറുകളെയും എന്തും ചെയ്യാമെന്നും വിചാരിക്കുന്നതായി കേരളാ പൊലീസ് ഇതിനു മുമ്പും തെളിയിച്ചിട്ടുണ്ട്.

3. 2. ആണുങ്ങള്‍ മുടി വളര്‍ത്തുകയെന്നത് അവര്‍ അപകടകാരികളാവുന്നതിന്റ ലക്ഷണം കൂടിയാണ് പൊലീസിന്. അതുകൊണ്ട് മുടിവളര്‍ത്തിയവനെ താന്തോന്നിയായും ലഹരികള്‍ക്കടിമയായും ആരോപിച്ച് ശിക്ഷിക്കുന്നു.
ഇവിടെയാണ് ഇവന്‍ ഫ്രീക്കനായതിന്റെ പ്രശ്‌നം.

3. 3. ഉദ്യോഗ നിയമങ്ങള്‍ക്കനുസരിച്ച് വെട്ടിച്ചെറുതാക്കാന്‍ വിധിക്കപ്പെട്ട സ്വന്തം മുടി പൊലീസുകാരില്‍ അവരറിയാതെ സൃഷ്ടിച്ചെടുത്ത അബോധമായ അസഹിഷ്ണുതയും അച്ചടക്ക ധാരണകളുമാണ് അവരെ അക്രമകാരികളാക്കിയ മറ്റൊരു ഘടകം.

3. 4. മനുഷ്യ ശരീരത്തിലെ തെറിയാണ് മുടി. എവിടെയായാലും അതു ചീകിയോ ചെരച്ചോ ഒതുക്കിക്കൊണ്ടിരിക്കാന്‍ സമൂഹം അലിഖിതമായി ആണിനെയും പെണ്ണിനെയും നിര്‍ബന്ധിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങനെ ചെയ്യാത്തവരോടുള്ള ഭയവും അകല്‍ച്ചയും സംശയവും പൊലീസിനെ ഹിംസാവാദികളാക്കുന്നു.

4. കേരളീയ പൊതുബോധം എത്രമാത്രം വരേണ്യവും ആണധികാരപരവും നിര്‍ദയവുമാണെന്നാണ് ഈ തമസ്‌കരണം വ്യക്തമാക്കുന്നത്. അതുകൊണ്ടാണ് മാധ്യമങ്ങള്‍ വിനായകന്റെ ആത്മഹത്യയെ സ്പര്‍ശിക്കാത്തത്. ബ്രിട്ടീഷ് പൊലീസിന്റെ കോളനി അധികാര ഭാവവും ഫ്യൂഡല്‍ ഇന്ത്യയുടെ സവര്‍ണ പൗരുഷവുമാണ് കേരളാ പൊലീസില്‍ ഈ ദളിത് വിരുദ്ധതയും സദാചാര ശാഠ്യങ്ങളും അച്ചടക്ക ധാരണകളും ഊട്ടിയുറപ്പിച്ചത്. പൊതുസമൂഹത്തിലും ദൃശ്യമാധ്യമങ്ങളിലും സര്‍വോപരി കേരള പൊലീസിലും ഇക്കാര്യങ്ങള്‍ തിരുത്തപ്പെടുക തന്നെ വേണം. കാരണം ഇന്ത്യന്‍ ഭരണഘടന ഒരു പൗരനു വാഗ്ദാനം ചെയ്യുന്ന എല്ലാ മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ടവനാണ് വിനായകന്‍. അവനോടു പുലര്‍ത്തിയ അസ്പൃശ്യത കുറ്റകരമാണെന്ന് തിരിച്ചറിയപ്പെടണം.

ഇനിയും ജീവനുള്ള വിനായകന്മാര്‍ നഷ്ടപ്പെട്ടു കൂടാ. അതുകൊണ്ട് ആത്മഹത്യ/ കൊല ചെയ്യപ്പെട്ട വിനായകനെ നമുക്കു വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അവന്റെ ഉയിരെടുത്ത നമ്മുടെ തന്നെ മൗനങ്ങളില്‍ നിന്നും അവഗണനകളില്‍ നിന്നും അവനെ നമുക്കു പുനരുജ്ജീവിപ്പിച്ചേ മതിയാകൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com