മിശ്രഭോജനത്തില്‍നിന്നു മിശ്രശ്മശാനത്തിലേക്കുള്ള ദൂരം

ശ്മശാനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും കടുത്ത മതസങ്കുചിതത്വവും വിഭാഗീയതയും നിര്‍ബന്ധബുദ്ധിയോടെ നിലനിര്‍ത്തുന്നു
മിശ്രഭോജനത്തില്‍നിന്നു മിശ്രശ്മശാനത്തിലേക്കുള്ള ദൂരം

റണാകുളത്ത് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നായകത്വത്തില്‍ നടന്ന ഐതിഹാസികമായ മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികമാണ് ഇക്കഴിഞ്ഞ മേയ് 29-നു കടന്നുപോയത്. രണ്ടു പുലയ സമുദായാംഗങ്ങളോടൊപ്പം പന്ത്രണ്ട് ഈഴവ സമുദായാംഗങ്ങള്‍ ചേര്‍ന്നിരുന്നു നടത്തിയ ആ ഒരുമിച്ചൂണ് ജാതിഭ്രാന്തിനു നേരെയുള്ള തീവ്ര പ്രതിഷേധവും വെല്ലുവിളിയുമായിരുന്നു. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി ആ സംഭവം രേഖപ്പെട്ടു കിടക്കുന്നു.
ശ്രീനാരായണഗുരുവിന്റെ അധ്യാപനങ്ങളില്‍നിന്നു ആവേശമുള്‍ക്കൊണ്ട് സഹോദര പ്രസ്ഥാനത്തിനു രൂപം നല്‍കിയ അയ്യപ്പന്‍ മിശ്രഭോജനം ജാതീയതയ്‌ക്കെതിരെയുള്ള ആയുധങ്ങളിലൊന്നായി മാത്രമാണ് കണ്ടത്. മിശ്രഭോജനത്തില്‍നിന്നു മിശ്രവിവാഹത്തിലേയ്ക്കു സമൂഹം വളരേണ്ടതുണ്ടെന്നു അദ്ദേഹം വിലയിരുത്തി. ജാതിയുടെ പേരിലുള്ള അഹന്തയ്‌ക്കെന്നപോലെ അനീതിക്കും അറുതിവരാന്‍ ഭിന്നജാതിക്കാര്‍ തമ്മിലുള്ള വിവാഹം സഹായകമാകുമെന്നു കരുതിയ ക്രാന്തദര്‍ശിയായിരുന്നു അയ്യപ്പന്‍. മനുഷ്യജാതി എന്ന ഒരു ജാതിയും മാനവത്വം എന്ന ഒരു മതവുമേ ലോകത്തുള്ളൂ എന്ന ഗുരുവിന്റെ സന്ദേശം സാക്ഷാല്‍ക്കരിക്കാന്‍ ജാതിമതങ്ങളെ അതിവര്‍ത്തിക്കുന്ന വൈവാഹിക ബന്ധങ്ങള്‍ അനുപേക്ഷണീയമാണെന്നായിരുന്നു സഹോദരന്റെ കാഴ്ചപ്പാട്.

ജാതിേക്കാമരങ്ങളെ വിറളി കൊള്ളിച്ച മിശ്രഭോജനത്തിനുശേഷം ഏറെ കഴിഞ്ഞാണ് ജാതീയ ദുഷ്ചിന്തകളും ശാഠ്യങ്ങളും പതുക്കെപ്പതുക്കെ കേരളീയ സമൂഹത്തില്‍നിന്നു പിന്‍വാങ്ങാന്‍ തുടങ്ങിയത്. തീണ്ടലും അയിത്തവുമൊക്കെ ഒളിഞ്ഞും തെളിഞ്ഞും പിന്നെയും നിലനിന്നു. ജാതിയും മതവുമില്ലാത്ത റോബോട്ടുകള്‍ വഴി ലോകം കൃത്രിമ ബുദ്ധി (Artificial Intelligence-Al) യിലേക്കു മുന്നേറിയിട്ടും സഹോദരന്‍ അയ്യപ്പന്റെ നാട്ടില്‍നിന്നു ജാതിഭേദവും മതഭേദവും തജ്ജന്യ സങ്കുചിതത്വങ്ങളും പൂര്‍ണമായി അരങ്ങൊഴിഞ്ഞുവെന്നു ഇപ്പോഴും പറഞ്ഞുകൂടാ. മേല്‍ജാതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവര്‍ കീഴ്ജാതിക്കാര്‍ എന്നു വ്യവഹരിക്കപ്പെടുന്നവരോടു മാനസികമായി മാത്രമല്ല, പ്രയോഗപരമായും അകല്‍ച്ച പാലിക്കുന്ന അമാനവികാവസ്ഥ അവിടവിടെ വര്‍ത്തമാനകാലത്തും കാണപ്പെടുന്നുണ്ട്.


എന്നിരുന്നാലും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സാമൂഹിക പരിഷ്‌കരണത്തില്‍ വന്‍കുതിപ്പ് കേരളം നടത്തിയിട്ടുണ്ടെന്നത് അനിഷേധ്യമാണ്. നാരായണഗുരു തൊട്ട് അയ്യപ്പനും അയ്യന്‍കാളിയും വരെയുള്ളവരുടെ യത്‌നങ്ങള്‍ വൃഥാവിലായിട്ടില്ല. മൊത്തത്തില്‍ നോക്കുമ്പോള്‍ ജാതിപ്പിശാചിന്റെ കരുത്തില്‍ കാര്യമായ ചോര്‍ച്ച നമ്മുടെ സംസ്ഥാനത്തു സംഭവിച്ചിട്ടുണ്ട്. പരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനങ്ങളോടൊപ്പം സമൂഹത്തില്‍ നടന്ന ആധുനികവല്‍ക്കരണവും അതിന്റെ ഭാഗമായ നഗരവല്‍ക്കരണവും ജാതിമത സങ്കുചിതത്വങ്ങളുടെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിച്ചു. പോയ നൂറ്റാണ്ടിന്റെ മധ്യത്തോടെ വ്യാപകമാകാന്‍ തുടങ്ങിയ ബസ് സര്‍വ്വീസും റെയില്‍വെയുമടക്കമുള്ള പൊതുഗതാഗത ഉപാധികളും മതേതര വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനങ്ങളുടെ ഇടപഴകലിന്റെ ആഴവും വ്യാപ്തിയും വളര്‍ത്തിയപ്പോള്‍ ജാതീയവും മതപരവുമായ വേറിട്ടുനില്‍പ്പുകള്‍ തളരുകയായിരുന്നു.


മിശ്രഭോജനത്തിനു മുന്‍കൈയെടുത്ത സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞുവച്ച മിശ്രവിവാഹ വിഷയത്തില്‍ പഴയകാല മാന്ദ്യം ഇപ്പോഴില്ലെങ്കിലും വലിയ പുരോഗതി ആ മേഖലയില്‍ കൈവന്നിട്ടുണ്ടെന്നു പറയാനും തരമില്ല. അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു പ്രതിഭാസം തന്നെയാണിപ്പോഴും മിശ്രവിവാഹം. പൊതുവില്‍ പറഞ്ഞാല്‍, പ്രണയഫലമായി മിശ്രവിവാഹങ്ങള്‍ നടക്കുന്നു എന്നല്ലാതെ, അപരജാതിയിലോ അപരമതത്തിലോ പെട്ടവരെ ജീവിത പങ്കാളികളാക്കുക എന്നത് ഒരു ആദര്‍ശം എന്ന നിലയിലേയ്ക്ക് എത്തിച്ചേര്‍ന്നു എന്നു പറയുക വയ്യ. അപവാദങ്ങള്‍ തീര്‍ച്ചയായും അങ്ങിങ്ങുണ്ടാവാം.
അയ്യപ്പനെപ്പോലുള്ളവര്‍ വിഭാവനം ചെയ്തതില്‍നിന്നു ഭിന്നമായി മിശ്രവിവാഹ മേഖലയില്‍ പുരുഷമേധാവിത്വപരമായ മൂല്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. ഏതാനും യുക്തിവാദികളെ മാറ്റിനിര്‍ത്തിയാല്‍, മിശ്രവിവാഹിതരായ പുരുഷന്മാര്‍ ഭാര്യമാരെ തങ്ങളുടെ ജാതീയ സംസ്‌കാരത്തിലേയ്ക്കും മതസംസ്‌കാരത്തിലേയ്ക്കും പരിവര്‍ത്തനം ചെയ്യിക്കുന്നതു സാധാരണ കാഴ്ചയാണ്. മിശ്രമത വിവാഹങ്ങളിലാണ് ഇതു കൂടുതല്‍ പ്രകടം. ഹിന്ദു പുരുഷന്‍ അഹിന്ദു സ്ത്രീയെയോ മുസ്‌ലിം പുരുഷന്‍ അമുസ്‌ലിം സ്ത്രീയേയോ വിവാഹം ചെയ്താല്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരുടെ മതത്തിലേയ്ക്കു മാറാന്‍ പ്രേരിപ്പിക്കപ്പെടുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്. ഭാര്യയുടെ മതത്തിലേയ്ക്കു ഭര്‍ത്താവ് മാറിയ സംഭവങ്ങളുണ്ടെങ്കില്‍ അത് അപൂര്‍വ്വത്തില്‍ അപൂര്‍വ്വം മാത്രം
സമീപകാലത്തായി മിശ്രവിവാഹ മേഖലയില്‍ മറ്റൊരു പ്രവണതയും കണ്ടുവരുന്നു. മുന്‍നാളുകളില്‍നിന്നു വ്യത്യസ്തമായി മുസ്‌ലിം സമുദായത്തില്‍പ്പെട്ട പുരുഷന്മാര്‍ മിശ്രവിവാഹത്തിനു കൂടുതല്‍ കൂടുതല്‍ സന്നദ്ധരാകുന്നു എന്നതാണത്. അതേസമയം മിശ്രവിവാഹത്തിനു മുന്നോട്ടുവരുന്ന മുസ്‌ലിം സ്ത്രീകള്‍ നന്നേ കുറവാണ്. മറ്റു സമുദായങ്ങളില്‍ (ഹിന്ദു, ക്രൈസ്തവ സമുദായങ്ങളില്‍) മിശ്രവിവാഹത്തിലെ ലിംഗാനുപാതം ഏറെക്കുറെ തുല്യമാണെങ്കില്‍ മുസ്‌ലിം സമുദായത്തില്‍ മിശ്രവിവാഹിതരില്‍ 95 ശതമാനവും പുരുഷന്മാരാണ്. അത്തരം പുരുഷന്മാരില്‍ ഏതാണ്ട് 95 ശതമാനം പേരും ഭാര്യമാരെ ഇസ്‌ലാം മതത്തിലേയ്ക്കു പരിവര്‍ത്തിപ്പിക്കുന്നുണ്ടുതാനും.
മുന്‍പേ സൂചിപ്പിച്ചതുപോലെ, മിശ്രവിവാഹം ഒരു ആദര്‍ശം എന്നതിലേറെ പ്രണയത്തിന്റെ പരിണതഫലം എന്ന നിലയിലാണ് ഇവിടെ സംഭവിക്കുന്നത്. എന്നിട്ടും പുരുഷന്മാര്‍ വിവാഹശേഷം ഒട്ടും വൈകാതെ ഭാര്യമാരുടെ മതവും പേരും മാറ്റുന്നു. പ്രണയനാളുകളില്‍ കാമിനിയുടെ മതവും പേരുമൊന്നും പ്രശ്‌നമാക്കാതിരുന്നവര്‍ പ്രണയവിവാഹശേഷം അതു രണ്ടും വലിയ പ്രശ്‌നമാക്കുന്നത് എന്തുകൊണ്ടാണ്? അത്തരം ദാമ്പത്യത്തില്‍ ജനിക്കുന്ന കുട്ടികളെ അവരുടെ അമ്മയുടെ മതത്തില്‍ വളര്‍ത്തുന്നതിനു പകരം സ്വന്തം മതത്തില്‍ വളര്‍ത്താന്‍ ശഠിക്കുന്നതെന്തിനാണ്? പ്രണയിക്കുമ്പോള്‍ വിഷയമാകാത്ത മതം പ്രണയ വിവാഹാനന്തരം വിഷയമാകുന്നുവെങ്കില്‍ അതിനുള്ള ഒരു കാരണം ആണ്‍കോയ്മയും മറ്റൊരു കാരണം സ്വസമുദായത്തിന്റെ അംഗസംഖ്യാവര്‍ധനയില്‍ പുരുഷനുള്ള താല്‍പ്പര്യവുമാണ്.


ചരിത്രപ്രസിദ്ധമായ മിശ്രഭോജനത്തിന്റെ ശതാബ്ദി പിന്നിടുമ്പോഴും കേരളീയ സമൂഹത്തില്‍ മതങ്ങളുടേയും ജാതികളുടേയും മതില്‍ക്കെട്ടുകളും ഹൃദയച്ചുരുക്കവും അങ്ങിങ്ങ് നിലനില്‍ക്കുന്നുണ്ടെങ്കിലും ജാതിമതങ്ങളെ ഭേദിക്കുന്ന സാമൂഹിക സങ്കലനത്തിലും ഇടപഴകലുകളിലും ഇന്ത്യന്‍ ശരാശരിയേക്കാള്‍ ബഹുദൂരം മുന്നിലാണ് മലയാളക്കര. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതിലും കാണുന്ന ഹിന്ദുമൊഹല്ല, മുസ്‌ലിം മൊഹല്ല എന്ന വേര്‍തിരിവുകളോ മേല്‍ജാതിക്കാര്‍ ദളിതരും ആദിവാസികളുമടക്കമുള്ള അധഃസ്ഥിതരെ അടിമതുല്യരായി വീക്ഷിക്കുകയും അവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്ന പ്രാകൃതത്വമോ ഇവിടെയില്ലെന്നു സാമാന്യേന പറയാവുന്നതാണ്.


പക്ഷേ, മിശ്രഭോജനം എന്ന സാമൂഹിക വിപ്‌ളവത്തില്‍നിന്നു ചെറിയ തോതിലാണെങ്കിലും മിശ്രവിവാഹങ്ങളിലേക്ക് നടന്നുനീങ്ങിയ കേരളം മനുഷ്യരുടെ അവസാനത്തെ വിശ്രമസ്ഥാനമായ ശ്മശാനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും കടുത്ത മതസങ്കുചിതത്വവും വിഭാഗീയതയും നിര്‍ബന്ധബുദ്ധിയോടെ നിലനിര്‍ത്തുന്നു. മതഭേദവും ജാതിഭേദവുമില്ലാതെ ഒരേ നിരത്തിലൂടെ നടക്കുന്നവരാണ് ഇന്നത്തെ മലയാളികള്‍; ഒരേ ബസ്സിലും ഒരേ ട്രെയിനിലുമൊക്കെ നാം ഒരുമിച്ചു യാത്ര ചെയ്യുന്നു; ഒരേ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഒരുമിച്ചിരുന്നു പഠിക്കുന്നു; ഒരേ ഹോട്ടലില്‍നിന്നു ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ഒരേ ഹോസ്പിറ്റലില്‍ ഒരുമിച്ചു ചികിത്സ തേടുന്നു; ഒരേ തൊഴില്‍ശാലയില്‍ ഒരുമിച്ചു ജോലിചെയ്യുന്നു; ഒരേ ചന്തയില്‍ ഒരുമിച്ചു ക്രയവിക്രയം നടത്തുന്നു. പക്ഷേ, മരിച്ചുകഴിഞ്ഞാല്‍ നമുക്കു (ഹിന്ദുവിനും മുസ്‌ലിമിനും ക്രൈസ്തവനും ആദിവാസിക്കും മതരഹിതനും) ഒരുമിച്ച് ഒരേ ശ്മശാനത്തില്‍ വിശ്രമിക്കാനാവുന്നില്ല. ജീവിക്കുമ്പോള്‍ ഒരുമിച്ചു കഴിയുന്നവര്‍ മരിച്ചാല്‍ വേറിട്ടു കഴിയണമെന്ന അവസ്ഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും തുടരുകയാണ്. മിശ്രഭോജനത്തില്‍നിന്നു മിശ്രശ്മശാനത്തിലേയ്ക്കു വളരാന്‍ കേരളത്തിനു സാധിച്ചിട്ടില്ല. രണ്ടും തമ്മിലുള്ള ദൂരം ഇപ്പോഴും വലുതു തന്നെ. മറ്റൊരു സഹോദരന്‍ അയ്യപ്പന്‍ ജനിക്കേണ്ടിവരുമോ ഹിന്ദുക്കള്‍ക്കിടയിലെ വിവിധ ജാതിക്കാരും ആദിവാസികളും മുസ്‌ലിങ്ങളും ക്രൈസ്തവരും മതരഹിതരും ഒരുമിച്ചു വിശ്രമിക്കുന്ന ശ്മശാനങ്ങള്‍ നിലവില്‍ വരാന്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com