കുട്ടികളുടെ കാര്യം കുട്ടിക്കളിയല്ല

ഇത്തരം ചിന്തകളുടെ വിഷജലം കെട്ടിനില്‍ക്കുന്ന കയത്തിലാണ് കുട്ടികളെ ലൈംഗികമായി ആക്രമിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന മുതലകള്‍ തഴച്ചുവളരുന്നതും പതുങ്ങിക്കിടക്കുന്നതും.
കുട്ടികളുടെ കാര്യം കുട്ടിക്കളിയല്ല

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പീഡോഫീലിയയെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍, അങ്ങനെ ന്യായീകരിക്കാനുള്ള അവകാശത്തെ ന്യായീകരിക്കുന്ന പോസ്റ്റുകള്‍ ഒക്കെയാണ് ഫേസ്ബുക്കില്‍ എന്ന് പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കി. എന്തുകൊണ്ടോ ഇത്തരക്കാര്‍ ഒന്ന് പോലും എന്റെ വാളില്‍ എത്തിയില്ല. എങ്ങനെയോ ഇത്തരക്കാരെയും അവരുടെ ന്യായീകരണക്കാരെയും ഒഴിവാക്കുന്നതില്‍ എന്റെ സെലക്ഷന്‍ െ്രെകറ്റീരിയ വിജയിച്ചു എന്ന് വേണം കരുതാന്‍. അത് നന്നായി, അല്ലായിരുന്നെങ്കില്‍ ഒക്കേത്തിനെയും അപ്പോള്‍ തന്നെ വെട്ടി നിരത്തുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്‌തേനെ.
എന്റെ സമൂഹ മാധ്യമ കണ്ണികളില്‍ അവര്‍ ഇല്ലെങ്കിലും ഇവിടെ ചുറ്റു വട്ടത്തൊക്കെ തന്നെ കാണാമറയത്ത് ഇത്തരക്കാര്‍ ഉണ്ടെന്നത് എന്നെ വിഷമിപ്പിക്കുന്നുണ്ട്. ഒരു സമൂഹം എത്ര സാംസ്‌ക്കാരമുള്ളതാണെന്ന് നാം തീരുമാനിക്കേണ്ടത് അവിടുത്ത ആളോഹരി വരുമാനമോ കെട്ടിടത്തിന്റെ ഉയരമോ ട്രെയിനിന്റെ സ്പീഡോ ഒന്നും നോക്കിയല്ല. അവര്‍ സമൂഹത്തിലെ ശക്തി കുറഞ്ഞവരോട് എങ്ങനെ പെരുമാറുന്നു എന്നതനുസരിച്ചാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, കുട്ടികള്‍, ഭിന്നശേഷിയുള്ളവര്‍, ഇവരോടൊക്കെയുള്ള സമൂഹത്തിന്റെ സംസ്‌ക്കാരപൂര്‍ണ്ണമായ പെരുമാറ്റമാണ്
നമ്മള്‍ പുരോഗതിയുടെ അളവുകോലായി എടുക്കേണ്ടത്.
അതില്‍ത്തന്നെ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് കുട്ടികളുടെ കാര്യത്തിലാണ്. കാരണം അവര്‍ക്കെതിരെയുള്ള ആക്രമണങ്ങളെ നേരിടാന്‍ അവര്‍ സ്വയം പാകമായിട്ടില്ല എന്നത് തന്നെ. പലപ്പോഴും അത് അതിക്രമങ്ങളാണെന്നറിയാന്‍ പോലും അവര്‍ക്കായില്ലെന്നും
വരും. അതുകൊണ്ടാണ് എല്ലാ പരിഷ്‌കൃത സമൂഹവും കുട്ടികളുടെ കാര്യത്തില്‍ ഇത്ര ജാഗ്രത കാണിക്കുന്നത്. കുട്ടികള്‍ക്ക് നേരെ ലൈംഗിക വാസന ഉള്ളവര്‍ എല്ലാ സമൂഹത്തിലും ഉണ്ട്. അവസരം കിട്ടിയാല്‍ അവര്‍ അത് ഉപയോഗിക്കുകയും ചെയ്യും. അപ്പോള്‍ ശക്തമായ നിയമവും, അതിന്റെ നടത്തിപ്പും, സമൂഹത്തിന്റെ കണ്ണും കരുതലും ഉണ്ടെങ്കിലേ നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകൂ. ഇതിന് നല്ല മാതൃകകള്‍ ലോകത്ത് എത്രയോ ഉണ്ട്.
ഇക്കാര്യത്തില്‍ അധികം താത്വികമായ അവലോകനത്തിന്റെ ആവശ്യമൊന്നുമില്ല. ഇത്തരക്കാരോട് സീറോ ടോളറന്‍സ് ആണ് സമൂഹം കാണിക്കേണ്ടത്, നിയമവും. ഇത്തരക്കാരുടെ പെരുമാറ്റത്തെ എന്ത് കാരണം കൊണ്ടാണെങ്കിലും സാമാന്യവല്‍ക്കരിക്കുന്നവരും നിസ്സാരവല്‍ക്കരിക്കുന്നവരും ഒന്നോര്‍ക്കണം. ചിലര്‍ക്ക് ചിന്ത മാത്രമേ ഉള്ളൂ, അവര്‍ മര്യാദക്കാരാണ്, ആരെയും ഉപദ്രവിക്കില്ല എന്ന മട്ടിലുള്ള ന്യായീകരണങ്ങള്‍ കുഴപ്പമാണ്. കാരണം ഇത്തരം ചിന്തകളുടെ വിഷജലം കെട്ടിനില്‍ക്കുന്ന കയത്തിലാണ് കുട്ടികളെ ലൈംഗികമായി ആക്രമിക്കുകയും മുതലെടുക്കുകയും ചെയ്യുന്ന മുതലകള്‍ തഴച്ചുവളരുന്നതും പതുങ്ങിക്കിടക്കുന്നതും.
ഇത്തരക്കാരും അവരെ പിന്തുണക്കുന്നവരും അപൂര്‍വമല്ലെന്നും അവര്‍ നമ്മുടെ തൊട്ടടുത്തു തന്നെയുണ്ടെന്നുമുള്ള കാര്യം മനസ്സിലാക്കാനെങ്കിലും ഈ സംവാദം ഉപകാരപ്പെട്ടു. കുട്ടികളുടെ സുരക്ഷക്കായുള്ള നമ്മുടെ നിയമങ്ങളും, അതിന്റെ മേല്‍നോട്ടവും, നടത്തിപ്പും ഒക്കെ ഏറെ മാറേണ്ടതുണ്ട്. അതിനുള്ള ഒരവസരമാകട്ടെ ഇത്.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com