തെറി വിളിക്കേണ്ടത് ആ പെണ്‍കുട്ടിയെയല്ല, വലിയ പത്രാധിപന്മാരുള്ള സ്ഥാപനമാണ് അതു ചെയ്തത്

ആ പെണ്‍കുട്ടി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടത് എന്തിന്റെ പേരിലാണ് എന്ന് അന്വേഷിക്കാതിരിക്കരുത്.
തെറി വിളിക്കേണ്ടത് ആ പെണ്‍കുട്ടിയെയല്ല, വലിയ പത്രാധിപന്മാരുള്ള സ്ഥാപനമാണ് അതു ചെയ്തത്

മാധ്യമപ്രവര്‍ത്തനത്തിലെ ഒരു അധാര്‍മികതയെക്കുറിച്ചു തുടങ്ങിയ ചര്‍ച്ച മാധ്യമപ്രവര്‍ത്തകയായ ഒരു പെണ്‍കുട്ടിയിലേക്ക് ഒതുങ്ങരുത്. ഇതൊരു സൂചനയാണ്... അതിലേറെ ഭയപ്പാടിന്റെ തുടക്കമാണ്. ആ പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം മന്ത്രിയെ വിളിച്ചു നടത്തിയ സംഭാഷണമല്ല ഇത്. അങ്ങനെയൊരു സംഭാഷണം നടത്തിയാല്‍ അത് എയറില്‍ വിടാന്‍ ഏതു മാനേജ്‌മെന്റാണു തയാറാവുക. മാനേജ്‌മെന്റ് തീരുമാനം നടപ്പാക്കാന്‍ ബാധ്യതപ്പെട്ടതോ നിര്‍ബന്ധിക്കപ്പെട്ടതോ ആയ മാധ്യമപ്രവര്‍ത്തകയുടെ ദുര്യോഗമാണ്. അതെല്ലാം മറന്ന്, ആ പെണ്‍കുട്ടിയില്‍ അതിന്റെ എല്ലാ പാപഭാരവും വച്ചുകെട്ടാന്‍ എന്തെങ്കിലും ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കരുത്.

ഓരോ സ്ഥാപനം തുടങ്ങുമ്പോഴും കുറഞ്ഞുവരുന്ന ശമ്പളനിലവാരവും മത്സരം മുറുകുന്ന കരിയറില്‍ ഇടം ഉറപ്പിക്കാനുള്ള നെട്ടോട്ടവുമൊക്കെ ഈ ഘട്ടത്തില്‍ പരിഗണിക്കപ്പെടണം. എവിടെയെങ്കിലും ഒരു ജോലി എന്ന നിലയില്‍ എത്തിപ്പെടുകയും അവിടെ എന്തു സമ്മര്‍ദത്തിനും അടിമപ്പെടുകയും ചെയ്യേണ്ടിവരുന്ന നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്. വാര്‍ത്തയില്‍ നേട്ടമുണ്ടാക്കാന്‍, റേറ്റിംഗില്‍ മുന്നില്‍ വരാന്‍ ഇത്തരത്തില്‍ പല വഴിവിട്ട കാര്യങ്ങളും നടക്കുന്നുണ്ടാകാം. ഇതൊന്നും ആ മാധ്യമപ്രവര്‍ത്തകന്റെയോ മാധ്യമപ്രവര്‍ത്തകയുടെയോ കുറ്റമല്ല. രണ്ടു നേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാന്‍, ധരിക്കാനുള്ള വസ്ത്രം വാങ്ങാന്‍, മുറിക്കോ ഹോസ്റ്റലിനോ വാടക നല്‍കാന്‍ ഒക്കെ ഈ കിട്ടുന്ന പതിനായിരം അല്ലെങ്കില്‍ പന്ത്രണ്ടായിരം രൂപ വേണം.

മലയാളത്തിലെ മാധ്യമസ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും തൊഴില്‍ സാഹചര്യങ്ങളാണ് ഇത്തരത്തില്‍ ഓരോരുത്തരെയും സമ്മര്‍ദങ്ങള്‍ക്ക് വിധേയരാക്കുന്നത്. നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന ഏതൊരു തുടക്കക്കാരനും എത്രമാത്രം ഭയത്തോടെയാണ് സ്ഥാപനത്തിനുള്ളില്‍ കഴിയുന്നതെന്നാണു തിരിച്ചറിയേണ്ടത്. ഒന്നോ രണ്ടോ മൂന്നോ ഒഴികെ ഏതു ചാനലിലെയും അവസ്ഥ അതുമാത്രമാണ്. മാനേജ്‌മെന്റിന്റെയോ മേലധികാരികളുടെയോ താല്‍പര്യമായിരുന്ന ആ ഹണിട്രാപ്പിന് ആ പെണ്‍കുട്ടി നിന്നുകൊടുത്തിരുന്നില്ലെങ്കില്‍ ഒരു നിമിഷം പോലും വേണ്ടാതെ വീട്ടില്‍ പോയിരിക്കേണ്ടി വന്നേനെ. അനുഭവങ്ങളിലൂടെ ജീവിക്കണമെന്നു പറയുന്ന ചാനല്‍ മുതലാളിയുള്ള നാട്ടില്‍, ശമ്പളം കിട്ടിയില്ലെങ്കിലും ജോലി മതിയെന്നു പറയാന്‍ പലരും നിര്‍ബന്ധിക്കപ്പെടുന്നതും കാണാതിരിക്കരുത്.

തങ്ങളുടെ വാശികളും താല്‍പര്യങ്ങളും സംരക്ഷിക്കാനാണു കീഴിലുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്ന തോന്നല്‍ വച്ചു പുലര്‍ത്തുന്ന വലിയൊരു വിഭാഗം സ്ഥാപന മേധാവികളും സീനിയര്‍ എഡിറ്റര്‍മാരും ഇന്നുണ്ട്. അതുകൊണ്ടുതന്നെ, ആ പെണ്‍കുട്ടിയെ തെറി വിളിക്കുന്നവര്‍ അതു ചെയ്യേണ്ടത് ആ സ്ഥാപനത്തിന്റെ തലപ്പത്തുള്ളവരെയാണ്. ആ പെണ്‍കുട്ടി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അതു ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടത് എന്തിന്റെ പേരിലാണ് എന്ന് അന്വേഷിക്കാതിരിക്കരുത്. പതിനായിരത്തിനോ പന്ത്രണ്ടായിരത്തിനോ മാധ്യമപ്രവര്‍ത്തകയുടെ കുപ്പായമിടുന്നവര്‍ (അതുതന്നെ കൃത്യമായി കിട്ടാത്ത വിവിധ സ്ഥാപനങ്ങളിലുള്ള എത്രയോ പേരെ എനിക്കു നേരില്‍ അറിയാം), അതെങ്കിലും ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ ഇരകളാവുകയാണ്. ചാനല്‍ ബ്രേക്കിംഗില്‍ പറഞ്ഞ ചൂഷണം നടന്നിട്ടുണ്ടെങ്കില്‍ അതു സ്വന്തം സ്ഥാപനത്തില്‍തന്നെയാണ്. ആ അധാര്‍മികതയാണ് മാധ്യമലോകം ചര്‍ച്ച ചെയ്യേണ്ടത്. സ്ഥാപനത്തിലെ പുരുഷ'കേസരി'കള്‍ ഉത്തരവാദികളായ ഒരു അധാര്‍മികകൃത്യം ജീവിതം കരുപ്പിടിപ്പിക്കാന്‍ ജോലിക്കു പോയ ഒരു പെണ്‍കുട്ടിയില്‍ അടച്ചാക്ഷേപിക്കരുത്. മാധ്യമലോകത്തെ ജീര്‍ണതയാണ് ചര്‍ച്ച ചെയ്യേണ്ടത്.

(അതേ സ്ഥാപനം തന്ന ശമ്പളം പറ്റിയിട്ടില്ലേ എന്നു ചോദിച്ച് ആരും കമന്റില്‍ വരേണ്ട. ഉണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരഭിപ്രായവുമില്ല. പക്ഷേ, തെറ്റുപറ്റുന്നിടത്ത് അതു ചൂണ്ടിക്കാട്ടണമെന്നും അംഗീകരിക്കണമെന്നും പറഞ്ഞവരായിരുന്നു അന്നു വഴികാട്ടാന്‍ ഡെസ്‌കിലുണ്ടായിരുന്നത് എന്ന ഓര്‍മ മാത്രം)

(മാധ്യമപ്രവര്‍ത്തകനായ എന്‍എം ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)

പോസ്റ്റ് ഇവിടെ:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com