റ്റി.ജെ.എസ് ജോര്‍ജ്ജ് എഴുതുന്നു-ദൈവത്തിന്റെ കെയറോഫില്‍ സാത്താന്റെ കുരിശ്

റ്റി.ജെ.എസ് ജോര്‍ജ്ജ് എഴുതുന്നു-ദൈവത്തിന്റെ കെയറോഫില്‍ സാത്താന്റെ കുരിശ്

ഗുജറാത്തില്‍ കുരിശുനാട്ടിയാല്‍ നാട്ടിയവന്റെ തലപോകും. അവിടെ തൃശൂലം കൊണ്ടാണ് ഗര്‍ഭിണികളെ കുത്തിമലര്‍ത്തേണ്ടത്. കേരളത്തില്‍ കുരിശിനാണ് മൂര്‍ച്ച

►കടമറ്റത്തു കത്തനാര്‍ കുരിശുപൊക്കി കണ്ണുരുട്ടുമ്പോള്‍ സാത്താന്‍ ഭയന്നുവിറച്ച് ഓടിപ്പോകുമായിരുന്നു. ഓട്ടത്തിനിടയില്‍ സാത്താന്‍ ചിന്തിച്ചുകാണും- ഈ കുരിശെന്ന സാധനം ഇത്ര ശക്തിയുള്ളതാണോ? എന്നാല്‍ എനിക്കും അതുപയോഗിച്ചുകൂടേ?​
കുതന്ത്രങ്ങള്‍ സാത്താന്‍മാര്‍ ഒറ്റക്കെട്ടായി ഏറ്റുപിടിക്കും; ഒരുമയാണ് സാത്താന്‍ വംശത്തിന്റെ കരുത്ത്. അങ്ങനെ മതങ്ങളും അവയുടെ ചിഹ്നങ്ങളും സാത്താന്‍മാര്‍ കയ്യേറാന്‍ തുടങ്ങി. കുരിശും തൃശൂലവും പള്ളികളും അമ്പലങ്ങളും മദ്രസകളും ആശ്രമങ്ങളും ദൈവത്തിന്റെ കെയറോഫില്‍ കച്ചവടസ്ഥാപനങ്ങളായി മാറി. വക്രതയും കൃത്രിമങ്ങളും പരിചയമില്ലാത്ത ദൈവം നിസ്സഹായനായി നോക്കിനിന്നു. 
സ്ഥലകാല ജ്ഞാനമുള്ള വക്രബുദ്ധികള്‍ക്ക് എവിടെ ഏതു ചിഹ്നം ഉപയോഗിക്കണമെന്ന് അറിയാം. ഗുജറാത്തില്‍ കുരിശുനാട്ടിയാല്‍ നാട്ടിയവന്റെ തലപോകും. അവിടെ തൃശൂലം കൊണ്ടാണ് ഗര്‍ഭിണികളെ കുത്തിമലര്‍ത്തേണ്ടത്. കേരളത്തില്‍ കുരിശിനാണ് മൂര്‍ച്ച. വല്ലവന്റെയും പുരയിടത്തില്‍ ഒരു കുരിശു സ്ഥാപിച്ചാല്‍, പുരയിടം കുരിശിന്റെ വകയാകും. മുഖ്യമന്ത്രിവരെ അതു ന്യായീകരിക്കുകയും ചെയ്യും. 
പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശു സ്ഥാപിച്ചപ്പോള്‍ അത് ഉഗ്രന്‍ ഉരുക്കുകൊണ്ടു നിര്‍മ്മിക്കുകയും അതിലും ഉഗ്രന്‍ കോണ്‍ക്രീറ്റ് പീഠത്തില്‍ ഉറപ്പിക്കുകയും ചെയ്തത് എന്തിനാണ്? ദൈവത്തിന്റെ അനുഗ്രഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ പ്രതീകാത്മകമായ ചെറിയൊരു കുരിശായാലും മതിയായിരുന്നു. അറിഞ്ഞുകൊണ്ട് നിയമലംഘനം നടത്തുന്ന കയ്യേറ്റക്കാരുടെ അമിതാവേശമാണ് പാപ്പാത്തിച്ചോലയിലെ ഉരുക്കു-സിമന്റ്-കോണ്‍ക്രീറ്റ് കുരിശിന്റെ രഹസ്യം.​​
അതു വിഭാവനം ചെയ്ത കച്ചവടക്കാരെ കുറ്റം പറയരുത്. അവരുടെ കൗശലം ജയിച്ചു എന്ന കാര്യം ഓര്‍ക്കുക. നിയമപാലകര്‍ നിയമാനുസൃതമായി അനധികൃത കുരിശു മാറ്റിയപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞു, വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തിയത് തെറ്റാണെന്ന്. വിശ്വാസികളുടെ രക്ഷിതാവും മണ്ടനല്ലാത്തവനുമായ ബഹുമാനപ്പെട്ട മണിമന്ത്രി പറഞ്ഞു, കുരിശു മാറ്റിയവരെ ഊളന്‍പാറയ്ക്ക് അയയ്ക്കണമെന്ന്. (ഹാവൂ, വണ്‍, ടു, ത്രീയേക്കാള്‍ എത്രയോ നല്ലതാണ് ഊളന്‍പാറ).
ഭീകരമായ ഒരു വാക്കാണ് അവര്‍ ഉപയോഗിച്ചത് - വിശ്വാസികള്‍. അംഗീകരിക്കപ്പെട്ട വിശ്വാസികള്‍പോലും വിശ്വാസികളായി അംഗീകരിക്കാത്ത ഒരു പറ്റം പുതുപുത്തന്‍ ക്രിസ്ത്യാനികളാണ് പാപ്പാത്തിച്ചോലയില്‍ ഏക്കറുകള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ച വിശ്വാസികള്‍. അത്യന്താധുനിക ക്രിസ്തുമതത്തിന്റെ പ്രത്യേകതയാണിത്. കൗശലക്കാരനായ ഏതു ക്രിസ്ത്യാനിക്കും ദൈവവിളി കിട്ടിയെന്ന് അവകാശപ്പെട്ടുകൊണ്ട് കച്ചവടം തുടങ്ങാം. ചിലര്‍ റബ്ബര്‍ എസ്‌റ്റേറ്റുകള്‍ വാങ്ങി വിദേശത്തുനിന്നുള്ള സംഭാവനകള്‍ വാരിക്കൂട്ടി കോളേജുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും തുടങ്ങി കോടീശ്വരന്മാരാകും. എല്ലാം കര്‍ത്താവിന്റെ നാമത്തിലായതുകൊണ്ട് അവരെ തൊടാന്‍ ഒരു പാര്‍ട്ടിയും ഒരു സര്‍ക്കാരും ധൈര്യപ്പെടുകയില്ല. പാവം കര്‍ത്താവ്!
പൊതുസ്ഥലം സ്വന്തമാക്കാന്‍ കുരിശിനെ ദുരുപയോഗപ്പെടുത്തിയതാണ് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ആദ്യത്തെ പാപം. എവിടെനിന്നോ പ്രത്യക്ഷപ്പെട്ട ഒരു ഒറ്റയാന്റെ ക്രയവിക്രയങ്ങള്‍ക്കുവേണ്ടി മതത്തെ പ്രയോജനപ്പെടുത്തുക- നാടൊട്ടാകെ, എല്ലാ മതങ്ങളുടെയും കുടക്കീഴില്‍, ഗോഡ്‌മെന്‍ എന്നു പറയുന്ന വര്‍ഗ്ഗം വിജയകരമായി ചെയ്തുകൊണ്ടിരിക്കുന്ന കച്ചവടതന്ത്രം. ചുരുക്കം ചില മനുഷ്യദൈവങ്ങള്‍ ജയിലിലായി, വഞ്ചന മുതല്‍ വ്യഭിചാരം വരെയുള്ള കുറ്റങ്ങളുടെ പേരില്‍. ബഹുഭൂരിപക്ഷവും വിജയശ്രീലാളിതരായി വിപണി കയ്യടക്കി മുന്നേറുന്നു. 
അവസരവാദികളായ രാഷ്ട്രീയ നേതാക്കന്മാര്‍ ദൈവത്തിന്റെ കപടദല്ലാളന്മാര്‍ക്ക് ഒത്താശകള്‍ ചെയ്തുകൊടുക്കുന്നു. രാഷ്ട്രീയ നേതാക്കന്മാരുടെ ആഭിമുഖ്യത്തിലാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ നടക്കുന്നതെന്ന് അറിയാത്തവര്‍ ഇല്ല. നിയമം നടത്താന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ നാടുകടത്തുന്നതും അവര്‍ തന്നെ. ദൈവത്തിന്റെ അവതാരങ്ങളായി അവകാശപ്പെടുന്നവരെയും അവര്‍ ഉപയോഗിക്കുന്നു. എല്ലാവരുടെയും കച്ചവടം മുന്നേറുന്നു. എല്ലാവര്‍ക്കും ലാഭം. എല്ലാവര്‍ക്കും സുഖം. ദൈവത്തിനുമാത്രം നഷ്ടം. 
ഒരുകാലത്ത് ദൈവം അത്ര നിസ്സഹായനായിരുന്നില്ല. ബൈബിളിന്റെ പേരില്‍ നാടിനെയും നാട്ടുകാരെയും ചൂഷണം ചെയ്യുന്ന 'വിശ്വാസികള്‍'ക്കു വിശദമായി അറിയാവുന്ന കാര്യമാണ് യേശു തന്റെ ദേവാലയത്തില്‍നിന്നു പരീശന്മാരെ ആട്ടിപ്പായിച്ച സംഭവം. യോഹന്നാന്റെ സുവിശേഷം രണ്ടാം
അദ്ധ്യായം പതിമൂന്നാം വാക്യം മുതല്‍:
''യഹൂദന്മാരുടെ പെസഹാ ദിവസം ആയതുകൊണ്ട് യേശു യെരുശലേമിലേക്കു പോയി. ദൈവാലയത്തില്‍ കാള, ആട്, പ്രാവ് എന്നിവയെ വില്‍ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊന്‍വാണിഭക്കാരെയും കണ്ടിട്ട്, കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തില്‍നിന്നു പുറത്താക്കി. പൊന്‍വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു. മേശകളെ മറിച്ചിട്ടു. പ്രാവുകളെ വില്‍ക്കുന്നവരോട്- ഇത് ഇവിടെനിന്നു കൊണ്ടുപോകുവിന്‍; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാലയാക്കരുത് എന്നു പറഞ്ഞു.'
അന്ന് യേശു ജയിച്ചു. ഇന്നു പിതാവിന്റെ ആലയങ്ങള്‍ മുതല്‍ സര്‍ക്കാരിന്റെ അധികാര കേന്ദ്രങ്ങള്‍ വരെ സര്‍വ്വം വാണിഭശാലകളായിരിക്കുന്നു. യേശുവിനെ വില്‍ക്കുന്നവര്‍ ജയിക്കുന്നു. യേശു തോല്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com