ഗോവധ നിരോധനം; ഹിന്ദുത്വ ശക്തികളുടെ കൈയില്‍ എന്നും ഒരു രാഷ്ട്രീയായുധം 

ഗോവധ നിരോധനാവശ്യമായി അവിഭക്ത ജനസംഘത്തിന്റെ പിന്തുണയുള്ള കൂട്ടായ്മകള്‍ ഉത്തരേന്ത്യയില്‍ അരങ്ങേറിയതിന് സ്വാതന്ത്ര്യാനന്തരമുള്ള രണ്ടു പതിറ്റാണ്ടുകള്‍ തന്നെ സാക്ഷി 
Untitled-12
Untitled-12

രാജ്യത്താകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പശ്ചാതലത്തില്‍ മഹാരാഷ്ട്രയില്‍ ഗോവധ നിരോധനം പ്രഖ്യാപിച്ചപ്പോള്‍ സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച കെ ഹരിദാസിന്റെ ലേഖനം ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളുടെ ആഹാരമാണ് കാളയുടെയും പോത്തിന്റെയും മാംസം എന്ന വസ്തുതയോട് മുഖം തിരിച്ചുനില്‍ക്കാന്‍ സാദ്ധ്യമല്ല... അതുകൊണ്ട് പഴങ്ങള്‍, പാല്‍, നെയ്യ് എന്നിവ വാങ്ങിക്കഴിക്കാന്‍ ശേഷിയില്ലാത്ത ദരിദ്രരായ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാകുന്ന ഒരു കഷ്ണം ഇറച്ചി നിഷേധിക്കപ്പെടുകയാണെങ്കില്‍ അവര്‍ക്കിടയില്‍ പോഷകാഹാരക്കുറവായിരിക്കും ഫലം.'
1958-ല്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ കന്നുകാലി അറവിന്റെ പ്രശ്‌നം സുപ്രീംകോടതിക്കു മുന്‍പാകെയെത്തിയപ്പോള്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.ആര്‍. ദാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ചിന്റെ വിധിന്യായത്തില്‍നിന്നാണ് ഈ വാക്കുകള്‍. 

കഴിഞ്ഞ പതിറ്റാണ്ടില്‍ സമ്പൂര്‍ണ കാലി നിരോധനമേര്‍പ്പെടുത്തിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി തങ്ങള്‍ക്കു മുന്‍പാകെ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ 2005-ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സി.ജെ. ലഹോതിയുടെ നേതൃത്വത്തില്‍ ഏഴംഗ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. ഗുജറാത്ത് സര്‍ക്കാര്‍ നടപടി ന്യായീകരിച്ചുകൊണ്ട് ഈ ന്യായാധിപന്മാര്‍ പറഞ്ഞത് ഭക്ഷ്യക്ഷാമത്തിന്റെ കാലയളവിലായിരുന്നു 1958-ലെ വിധിന്യായമെന്നും ഇപ്പോഴത്തെ പ്രശ്‌നം പ്രോട്ടീന്‍ സമൃദ്ധമായ ആഹാരത്തിന്റെ ദൗര്‍ബല്യമല്ല, മറിച്ച് അതിന്റെ അസന്തുലിതമായ വിതരണമാണ് എന്നുമായിരുന്നു. കാളയിറച്ചി തിന്നുന്നവര്‍ ചെറു ന്യൂനപക്ഷമാണെന്നു സ്ഥാപിക്കാന്‍ ഒരു സ്ഥിതിവിവരക്കണക്കും ഉദ്ധരിക്കപ്പെട്ടു-ആകെ മാംസ ഉപഭോഗത്തിന്റെ 1.3 ശതമാനം മാത്രമാണ് കാളയിറച്ചി എന്ന കണക്ക്. പോഷകമൂല്യങ്ങള്‍ സസ്യേതര ഭക്ഷണപദാര്‍ത്ഥങ്ങളില്‍നിന്ന്, അവയില്‍തന്നെ കന്നുകാലി മാംസത്തില്‍നിന്നു മാത്രം ലഭ്യമാകുന്നുവെന്ന ധാരണ തെറ്റാണെന്നുകൂടി ഈ വിധിന്യായം പറഞ്ഞുവെച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിന്റെ സമയദൂരത്തില്‍ അടയാളപ്പെടുത്തപ്പെട്ട ഈ രണ്ടു വിധിന്യായങ്ങള്‍ ഇതേ കാലയളവില്‍ നമ്മുടെ ഔദ്യോഗിക ഭാഷ്യങ്ങള്‍ക്കു സംഭവിച്ച മാറ്റങ്ങളുടെ ഓര്‍മപ്പെടുത്തലാണ് എന്ന് തോന്നുന്നു. ഈ കാലയളവില്‍ മതഭൂരിപക്ഷവും മതന്യൂനപക്ഷങ്ങളും തമ്മിലുള്ള ബന്ധം പ്രശ്‌നവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്; മതേതരത്വം എന്ന ഭരണഘടനാ സങ്കല്പത്തിന് സമാന്തരമായി അതിനെ വെല്ലുവിളിച്ചുകൊണ്ട് കപട മതേതരത്വം എന്ന വിമര്‍ശനം ഘോഷിക്കപ്പെട്ടിട്ടുണ്ട്. മതത്തെ സ്വകാര്യജീവിതത്തിലൊതുക്കണമെന്ന നവോത്ഥാനമൂല്യം കീഴ്‌മേല്‍ മറിയുകയും മതപരമായി ചിന്തിക്കുന്നതാണ് ശരിയെന്ന വിചാരം മനുഷ്യമനസ്‌സുകളെ കീഴടക്കുകയും ചെയ്തിട്ടുണ്ട്.

നിരോധനത്തിന്റെചരിത്രം
 
എണ്‍പതുകളുടെ അവസാന പകുതിയിലും തൊണ്ണൂറുകളിലും ഇത്തരം മതവിചാരങ്ങള്‍ രാഷ്ട്രീയത്തില്‍ കലര്‍ത്തി നഗ്നമായ വര്‍ഗീയതയായി പ്രചരിപ്പിക്കപ്പെടുകയും അത്തരം പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു കാലയളവിലാണ്, മഹാരാഷ്ട്രയില്‍, 1995-ല്‍ നിയമനിര്‍മാണസഭ ഒരു നിയമം ഭേദഗതി ചെയ്തത്. 1976-ലെ മൃഗസംരക്ഷണ നിയമം. കാളകളെ കൊല്ലുന്നത് നിരോധിക്കലായിരുന്നു ഭേദഗതിയുടെ ലക്ഷ്യം. ബി.ജെ.പി.-ശിവസേനാ ഗവണ്‍മെന്റ് അതീവ താല്പര്യത്തോടെ നടത്തിയ ഈ ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി കിട്ടാതെ കിടന്നത് ഇരുപതു വര്‍ഷമാണ്. പ്രണബ് മുഖര്‍ജിയുടെ കൈയൊപ്പ് ഇപ്പോള്‍ നിയമഭേദഗതിയുടെ പ്രയോഗത്തിലെത്തിച്ചിരിക്കുന്നു. മഹാരാഷ്ട്രയില്‍ കാളയെ അറക്കുന്നതു മാത്രമല്ല, കാളയിറച്ചി തിന്നുന്നതും അറവിനായി കാളയെ വില്‍ക്കുന്നതും വര്‍ഷങ്ങളോളം ജയില്‍വാസത്തിനു കാരണമാകുന്ന കൊടും കുറ്റകൃത്യങ്ങളായിത്തീര്‍ന്നിരിക്കുന്നു. പഴയ ബി.ജെ.പി.-ശിവസേന ഗവണ്‍മെന്റ് മതപരമായ പരിഗണനകള്‍ അശേഷമില്ലാതെ, കാര്‍ഷിക താല്പര്യങ്ങള്‍ക്കായി പശുക്കളെയും കാളകളെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് നിയമഭേദഗതി നടത്തിയത് എന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌സിന്റെ പക്ഷം. 

രാഷ്ട്രപതിയുടെ അനുമതിക്കയച്ച ബില്ലിനെക്കുറിച്ച് ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകേണ്ടിയിരുന്നത് കോണ്‍ഗ്രസ്-എന്‍.സി.പി. ഗവണ്‍മെന്റായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായം. അവരത് ചെയ്യാതിരുന്നത് മുസ്‌ലിം വോട്ടുബാങ്കിനുവേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രിക്ക് അറിയാം. ബില്ലിന് എതിരായിരുന്നുവെങ്കില്‍ അത് പിന്‍വലിക്കാമായിരുന്നു. കോണ്‍ഗ്രസ്-എന്‍.സി.പി. അതും ചെയ്തില്ല, കാരണം മുഖ്യമന്ത്രി പറയുന്നതനുസരിച്ചാണെങ്കില്‍ ഹിന്ദു വോട്ടുബാങ്ക് നഷ്ടമാകുമെന്ന് ഭയന്നാണ്. ഇങ്ങനെ കാളയിറച്ചി നിരോധനത്തിനായി കൊണ്ടുവന്ന ഭേദഗതിയില്‍ ചുരുങ്ങിയ പക്ഷം കോണ്‍ഗ്രസ്‌സിനെ സംബന്ധിച്ചിടത്തോളമെങ്കിലും മതപരമായ ഘടകമുണ്ടായിരുന്നുവെന്നു വെട്ടിത്തുറന്നു പറയുന്ന മുഖ്യമന്ത്രി തന്നെ അടുത്ത ശ്വാസത്തില്‍ പറയുക യാതൊരുതര മതപരിഗണനയും തങ്ങളെ സംബന്ധിച്ചിടത്തോളമില്ല എന്നാണ്! അദ്ദേഹം ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ആശ്വാസ വചനങ്ങളുമുണ്ട്. ഇറച്ചി കച്ചവടക്കാരില്‍ ഹിന്ദുക്കളുമുണ്ട്. 'ഖുറേഷിമാര്‍ മാത്രമല്ല, ഖഥിക്മാരുമുണ്ട്.' അവര്‍ക്കൊക്കെ കാള ഒഴികെയുള്ള ഇറച്ചി വ്യവസായത്തിലേക്ക് അല്ലെങ്കില്‍ കാര്‍ഷികവൃത്തിയിലേക്ക് പ്രവേശിക്കാം എന്നും നിരോധനഫലമായി ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറയുന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ പതിവ് വാഗ്ദാനമാണോ എന്നുപോലും ബന്ധപ്പെട്ടവര്‍ വ്യാകുലരായി ചിന്തിക്കുന്നുണ്ടെന്നു തോന്നുന്നില്ല. 

പോത്തിനെയും എരുമയേയും കൊല്ലാമെന്നതുകൊണ്ട് ഇറച്ചിക്കച്ചവടക്കാര്‍ ഇനി അവയുടെ അറവിലേക്ക് നീങ്ങുമെന്നതായിരിക്കാം അധികൃതരുടെ കണക്കുകൂട്ടല്‍. ഇറച്ചിക്കുള്ള ഡിമാന്റ് അതുവഴി തൃപ്തിപ്പെടുത്താമെന്നും. എന്നാല്‍, മുംബൈയില്‍ ദേവനാറിലുള്ള ഏറ്റവും വലിയ അറവുശാല നിരോധനത്തില്‍ പ്രതിഷേധിച്ച് അടഞ്ഞു കിടക്കുകയാണ്.  മുഖ്യമന്ത്രി മാത്രമല്ല, മുംബൈ ഹൈക്കോടതിയും പറഞ്ഞുവെച്ചിരിക്കുന്നത് നിരോധനത്തില്‍ മതപരമായി എന്തെങ്കിലും ദര്‍ശിക്കേണ്ടതില്ല എന്നാണ്. പ്രശ്‌നം മതേതരമാണെങ്കില്‍, ആരോഗ്യം നശിച്ച് ഉഴവിനു യോഗ്യമല്ലാത്ത കാളകളെ കര്‍ഷകര്‍ എങ്ങനെ തീറ്റിപ്പോറ്റുമെന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ ഭരണകൂടത്തിന്റെ എല്ലാ സംവിധാനങ്ങള്‍ക്കും ബാദ്ധ്യത വന്നുചേരുന്നുണ്ട്. ഇത് കാളയിറച്ചി നിരോധന കഥയിലെ ഒന്നാമത്തെ കാര്യമാണ്. രണ്ടാമത്തെ കാര്യം ചരിത്രപരമാണ്. ഗോവധ നിരോധനം ഹിന്ദുത്വ ശക്തികളുടെ കൈയില്‍ ഒരു രാഷ്ട്രീയായുധമായിരുന്നിട്ടുണ്ട് എന്നും. 

ചരിത്രം സാക്ഷിയാകുമ്പോള്‍

ഗോവധ നിരോധനാവശ്യമായി അവിഭക്ത ജനസംഘത്തിന്റെ പിന്തുണയുള്ള കൂട്ടായ്മകള്‍ ഉത്തരേന്ത്യയില്‍ അരങ്ങേറിയതിന് സ്വാതന്ത്ര്യാനന്തരമുള്ള രണ്ടു പതിറ്റാണ്ടുകള്‍ തന്നെ സാക്ഷി. അറുപതുകളുടെ രണ്ടാം പകുതിയില്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഗുല്‍സാരിലാല്‍ നന്ദ ആഭ്യന്തരമന്ത്രിയുമായിരിക്കെ പാര്‍ലമെന്റിലേക്ക് സന്ന്യാസിമാര്‍ മാര്‍ച്ച് സംഘടിപ്പിച്ചതും അക്രമാസക്തമായതുമെല്ലാം ചരിത്രം. ഗോവധ നിരോധനാനുകൂലികള്‍ കോണ്‍ഗ്രസ്‌സിലുണ്ടായിരുന്നുവെന്നതും ഗുല്‍സാരിലാല്‍ നന്ദയും ആ വിഭാഗത്തില്‍ ഉള്‍പ്പെട്ട ദേഹമായിരുന്നു.

ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാളയിറച്ചി നിരോധനത്തെ സംബന്ധിച്ച് വ്യക്തമായ എതിര്‍പ്പുമായി രംഗത്തിറങ്ങാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകാത്തതെന്തു കൊണ്ടെന്നതിന് ഉത്തരം തിരയേണ്ടതില്ല. മഹാരാഷ്ട്ര അസംബ്‌ളിയിലെ പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസ്സുകാരനാണ് വികെ പാട്ടീല്‍. അദ്ദേഹം ആവശ്യപ്പെട്ടത് നിരോധനം സുതാര്യമാക്കണം എന്നു മാത്രമാണ്. എന്‍.സി.പി. അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പലതും നിരോധനത്തെ ബി.ജെ.പി.-ശിവസേന അജണ്ടയുടെ ഭാഗമായിത്തന്നെ കാണുന്നുവെന്നത് ഭാവി സംഭവങ്ങളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവും. 

ഗോവധ നിരോധനത്തിന്റെ പരിധി പശുക്കളില്‍നിന്നും കാളകളിലേക്കു കൂടി വ്യാപിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതികരണങ്ങള്‍ പ്രധാനമാകുന്നത് ഇക്കാര്യത്തില്‍ മഹാരാഷ്ട്ര ഒരു പരീക്ഷണശാലയാകാം ഗണിക്കപ്പെടുന്നത് എന്നതിനാലാണ്. അടുത്ത നിരോധനവേദി ഹരിയാനയാണ്. എന്നാല്‍, ഈ നിരോധനാവേശത്തിനും ഗോവര്‍ഗ സംരക്ഷണ സാക്ഷാത്കാരത്തിലുള്ള സംതൃപ്തിക്കുമപ്പുറം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന വിശ്വാസങ്ങള്‍ക്ക് ചരിത്രസാധ്യതയുണ്ടോ എന്നു പരിശോധിക്കുന്നതുകൂടി പ്രസക്തമാകുന്നുണ്ട്. 

ഇന്ത്യയുടെ ഭൂതകാലത്ത് പശുക്കളോ കാളകളോ കശാപ്പു ചെയ്യപ്പെട്ടിരുന്നില്ലെന്നും മുഗള്‍ഭരണത്തിന്റെ ആവിര്‍ഭാവത്തോടെയാണ് അത് ആരംഭിച്ചതെന്നും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണെന്ന് ചരിത്രകാരന്മാര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. അത്തരം ചരിത്രകാരന്മാരുടെ നിഗമനങ്ങള്‍ പാഠ്യപദ്ധതിയില്‍ നിന്നൊഴിവാക്കപ്പെടുന്നതുകൊണ്ടു മാത്രം അവയെ തല്പരരായവരില്‍നിന്നും മറച്ചുവെക്കാനാകില്ല എന്നത് ഇന്നത്തെ ലോകത്തിന്റെ പ്രത്യേകതയാണല്ലോ. 

വന്‍ശക്തിയാകുന്നതിനെക്കുറിച്ചും അതിവേഗത്തെക്കുറിച്ചും സദാ സംസാരിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ത്വരയും ഭാവനയില്‍ മെനഞ്ഞെടുക്കപ്പെട്ട ഒരു ഭൂതകാലത്തെക്കുറിച്ചുള്ള കെട്ടുകഥകളും കൂട്ടിമുട്ടുമ്പോള്‍ തകരുന്നത് അജയ്യമാണ് എന്ന് ഇന്ന് പലരും കരുതുന്ന ബഹുജനപിന്തുണയായിരിക്കും. ഇന്ത്യയിലെ പ്രാചീന സമൂഹങ്ങളില്‍ നിലനിന്ന മൃഗബലിയും മറ്റും ചരിത്രത്തിന്റെയും നരവംശശാസ്ര്തത്തിന്റെയും മറ്റും പഠനമേഖലകളാണ്. അത്തരം വിഷയങ്ങളിലുള്ള അവഗാഹത്തെക്കുറിച്ചുള്ള ഒരവകാശവാദവും ഇവിടെ ഇല്ല. പക്ഷേ, ഇന്നത്തെ കാലയളവില്‍ നേരും നിലപാടും സമന്വയിപ്പിക്കാന്‍ ആവശ്യമായ കാര്യമെന്ന നിലയ്ക്ക് ഡി.എന്‍. ഝായുടെ  പുസ്തകത്തില്‍ പറയുന്നുണ്ട്‌:

ഋഗ്വേദത്തില്‍ ദൈവങ്ങള്‍ക്ക്, വിശേഷിച്ച് കരുത്തനും ഭീമാകാരനും ശത്രുസംഹാരകനും വൈദിക ദൈവങ്ങളില്‍ ഏറ്റവും മഹാദൈവവുമായ ഇന്ദ്രന് സമര്‍പ്പിക്കാനായി കാളയുടെ മാംസം പാകം ചെയ്യുന്നതിനെക്കുറിച്ച് ഇടയ്ക്കിടെ പരാമര്‍ശങ്ങളുണ്ട്. ഒരിടത്ത് ഇന്ദ്രന്‍ പറയുന്നു: 'അവര്‍ എനിക്കായി പതിനഞ്ച് അധികം ഇരുപത് കാളകളെ പാകം ചെയ്യുന്നു.' മറ്റിടങ്ങളില്‍ ഇന്ദ്രന്‍ കാളയിറച്ചിയും തീയില്‍ ദഹിച്ച പോത്തുകളെയും ഭക്ഷിച്ചതായി പറയുന്നുണ്ട്. ഇന്ദ്രനുശേഷം പ്രാധാന്യത്തില്‍ രണ്ടാമതായി വരുന്നത് അഗ്നിയാണ്... ഇന്ദ്രനില്‍ നിന്നും വ്യത്യസ്തമായി ഈ ദൈവം സോമ കുടിച്ചു, പ്രധാന ആഹാരം നെയ്യായിരുന്നു. എല്ലാ മനുഷ്യരുടെയും സംരക്ഷകനായ ഈ ദൈവവും കാളയും പശു ഭക്ഷിക്കുന്ന ദൈവമായിട്ടാണ് ഋഗ്വേദത്തില്‍ പറയുന്നത്. കന്നുകാലികളുടെയോ മറ്റു മൃഗങ്ങളുടെയോ മാംസത്തോടുള്ള അഗ്നിയുടെ വൈമുഖ്യം സൂചിപ്പിക്കുന്ന വരികളൊന്നും ഋഗ്വേദത്തിലില്ല. മറിച്ച് കുതിരകളും കാളകളും വന്ധ്യപ്പശുക്കളും മുട്ടനാടുകളും അഗ്നിക്കായി ബലികൊടുക്കപ്പെട്ടു. (പുറം 29-30,  2009.)

വേദകാലത്തെ ഗോമാംസം

'സവാരികളില്‍ മൃഗങ്ങളെ തെളിച്ചുകൊണ്ടുപോകാനുപയോഗിക്കുന്ന ചാട്ട പശുവിന്റെ തൊലിയില്‍നിന്നോ വാലില്‍നിന്നോ ആണ് ഉണ്ടാക്കിയിരിക്കുന്നത്. കെണികള്‍ മാത്രമല്ല, ഗോധാ എന്നു പേരുള്ള സംഗീതോപകരണവും ഉണ്ടാക്കാന്‍ പശുവിന്റെ തൊലി ഉപയോഗിച്ചിരുന്നു. കന്നുകാലികളുടെ പ്രയോജനവും പ്രാധാന്യവും അവയ്ക്കുവേണ്ടി യുദ്ധം ചെയ്യാന്‍ യോദ്ധാക്കളെ പ്രേരിപ്പിച്ചിട്ടുണ്ട്. യുദ്ധങ്ങള്‍ക്കിടയില്‍ പരാജയപ്പെട്ട ഗോത്രങ്ങളുടെ കന്നുകാലികളും കൊല്ലപ്പെട്ടിരിക്കാനിടയുണ്ട്. ഇവയെല്ലാം തന്നെ വേദകാലത്ത് പശു അഭംഗമായിരുന്നു (അനതിക്രമണീയമായിരുന്നു) എന്ന പൊതു വിശ്വാസത്തിനെതിരായ കാര്യങ്ങളാണ്. ബലികൊടുക്കുന്നതിനായും ഭക്ഷണത്തിനുവേണ്ടിയും പശുവിനെ കശാപ്പുചെയ്തിരുന്നു എന്നാണ് തെളിയുന്നത്. പശുവിനുള്ള സാമ്പത്തിക മൂല്യം എത്രത്തോളം അതില്‍ ചാര്‍ത്തപ്പെട്ട പരിശുദ്ധതയ്ക്ക് കാരണമായിട്ടുണ്ട് എന്നത് കണക്കാക്കുക ബുദ്ധിമുട്ടാണ്' (പുറം 38). 

എന്നാല്‍, സമൃദ്ധിയുടെ പ്രതീകമായ പശുവിന് ദൈവമാതാവിന്റെ സ്ഥാനം വേദങ്ങളില്‍ നല്‍കപ്പെട്ടിട്ടുണ്ട് എന്ന വസ്തുത ഡോ. ഝാ അംഗീകരിക്കുന്നുണ്ട്. ഇതിനു പുറമെ ഭൂമിയോടും കവിതയോടും സംസ്‌കാരത്തോടും പശു തുലനം ചെയ്യപ്പെടുന്നുണ്ട് (വേദങ്ങളില്‍.) കവിതയും സംസ്‌കാരവുമാകട്ടെ ബ്രാഹ്മണരുടെ കുത്തകയുമായിരുന്നു. ആലങ്കാരിക പ്രയോഗങ്ങളിലും ഉപമാലങ്കാരങ്ങളിലുമെല്ലാം മൃഗങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് പശു തന്നെയാണ്.

വേദകാലത്തെ പരിശുദ്ധ സങ്കല്‍പ്പം

വേദകാലത്തിനുശേഷം കവിതയിലെ ഇമേജറികളുടെ അടിസ്ഥാനത്തില്‍ പശുവിന്റെ പരിശുദ്ധതയെക്കുറിച്ചുള്ള സങ്കല്പം ഉടലെടുത്തതാകാമെന്നും ഝാ സൂചിപ്പിക്കുന്നു. 'വേദ കാലഘട്ടത്തില്‍ പശു പരിശുദ്ധമോ കൊല്ലാന്‍ പാടില്ലാത്തതോ ആയിരുന്നില്ല. എന്നാല്‍, അഥര്‍വ വേദത്തിലെ ചില ഭാഗങ്ങള്‍ ഗോവധത്തിനെതിരായ ശക്തമായ പ്രതിഷേധമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.
 
ബ്രാഹ്മണരുടെ കൈവശമുണ്ടായിരുന്ന പശുക്കള്‍ അഭംഗത കൈവരിച്ചു എന്നാണ് കരുതേണ്ടത്. ബലിച്ചടങ്ങുകള്‍ക്കുള്ള ദക്ഷിണയായി ബ്രാഹ്മണര്‍ക്ക് നല്‍കപ്പെട്ട ഇനങ്ങളില്‍ പ്രിയങ്കരമായത് പശുവായിരുന്നു. വൈദിക ബ്രാഹ്മണര്‍ക്ക് നല്ല പശുവിനെ ദക്ഷിണയായി ലഭിക്കാനുള്ള താല്പര്യം വ്യക്തമാക്കുന്ന നിരവധി പരാമര്‍ശങ്ങളുണ്ട്. അതോടൊപ്പം ഈ ദക്ഷിണ നല്‍കാതിരിക്കുന്നവര്‍ക്കും ദുരുപയോഗിക്കുന്നവര്‍ക്കും ലഭിക്കാനിരിക്കുന്ന ശിക്ഷകളും പരാമര്‍ശിക്കപ്പെടുന്നുണ്ട്. 

അഥര്‍വ വേദത്തില്‍, 'ഓ, രാജാവേ, ദൈവം നിങ്ങള്‍ക്ക് ആ പശുവിനെ നല്‍കിയത് ഭക്ഷിക്കാനല്ല; ഓ, യോദ്ധാവേ, ബ്രാഹ്മണന്റെ പശുവിനെ തിന്നാന്‍ മോഹിക്കരുത്, അവള്‍ തിന്നപ്പെടാനുള്ളതല്ല.' ബ്രാഹ്മണന്റെ പശുവിനെ ഭക്ഷിച്ച വെയ്തവ്യാസ നശിച്ചു എന്ന് മറ്റൊരിടത്ത് പറയുന്നുണ്ട്. അതുകൊണ്ട് ബ്രാഹ്മണന്റെ ഉടമസ്ഥതയിലുള്ളതോ ദക്ഷിണയായി ലഭിച്ചതോ ആയിരിക്കുമ്പോള്‍ മാത്രമാണ് പശു അഭംഗമായിരുന്നത് എന്നാണ് മനസ്‌സിലാവുന്നത്. എന്നാല്‍, അഥര്‍വ വേദത്തില്‍ അശുഭ സൂചകമായി കണക്കാക്കുന്ന ഇരട്ട പശുക്കുട്ടികളെ ദക്ഷിണയായി ബ്രാഹ്മണന് കിട്ടിയപ്പോഴും അവയെ കൊന്ന് ബലി കൊടുക്കുന്ന രീതിയുണ്ടായിരുന്നു. ''ബ്രാഹ്മണന്റെ പശുവിന് ലഭിച്ചിരുന്ന പ്രത്യേക പ്രാധാന്യം വേദകാലത്തെ പശു പുണ്യജീവിയായി പരിഗണിക്കപ്പെട്ടു എന്നിടത്തോളം വാദിച്ചുറപ്പിക്കാന്‍ പോന്നതായിരുന്നില്ല' (പുറം 35-39.)

പ്രതിലോമപരമായ പഴഞ്ചന്‍ വിശ്വാസങ്ങളെ പുതു സാങ്കേതികവിദ്യയുടെ മൂടുപടമണിയിച്ച് അവതരിപ്പിക്കുന്ന ചിരപരിചിതമായ രീതിയുടെ ആവര്‍ത്തനം മാത്രമാണ് കാളയിറച്ചി നിരോധനത്തെ ന്യായീകരിക്കാനായി മുന്നോട്ടുവെയ്ക്കപ്പെടുന്ന പരിസ്ഥിതി പ്രകൃതിസ്‌നേഹ വാദമുഖങ്ങള്‍ എന്നു തിരിച്ചറിയാന്‍ ഇപ്പോള്‍ സാദ്ധ്യമാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി വിവിധ കോണുകളില്‍നിന്നും ബഹുലാവോ പ്രസ്ഥാനം അരങ്ങേറുന്നത് ബംഗാളിലെ മൂന്നു ജില്ലകളിലാണ്. സൗത്ത് പര്‍ഗാന, നോര്‍ത്ത് പര്‍ഗാന, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍. ഈ മൂന്നു ജില്ലകളിലും 2009-ലേതിനെ അപേക്ഷിച്ച് കൂടുതല്‍ വോട്ടുകള്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. യഥാക്രമം ഈ മൂന്നു ജില്ലകളിലെ ബി.ജെ.പി. വോട്ടു ശതമാനം 3.6-ല്‍നിന്നും 10.7 ആയും 5.1-ല്‍നിന്ന് 21 ആയും ഉയര്‍ന്നിരുന്നു. പുതിയ 'പ്രസ്ഥാനം' വേരുപിടിച്ച ഹൗറയിലാകട്ടെ നാല് ശതമാനത്തില്‍ നിന്നും 17 ശതമാനത്തിലേക്കാണ് വോട്ടിംഗ് വര്‍ദ്ധനയുണ്ടായിരുന്നത്. ഈ നാലു ജില്ലകളിലും കൂടി 14 ലോക്‌സഭാ സീറ്റുകളുണ്ട്. അതുകൊണ്ട് സബിന നന്ദിനിയാകുന്നതിലും കാശ്മീര കവിതയാകുന്നതിലും ബി.ജെ.പി. നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാകാനിടയില്ല.

മതസ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കുമെതിരെ അക്രമമനുവദിക്കില്ല എന്ന പ്രഖ്യാപനത്തിന്റെ അലയൊടുങ്ങുന്നതിനുമുന്‍പ് കൊല്‍ക്കത്തയിലെ ബലാത്സംഗവും ഹരിയാനയിലെ ഹിസ്‌സറില്‍ പണിതീരാത്ത ക്രിസ്തീയ ദേവാലയത്തിനെതിരെ നടന്ന അക്രമണവും വലിയ വാര്‍ത്തകളാകുന്നു; അങ്ങനെയാകാത്ത ചെറിയ സംഘര്‍ഷങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ വര്‍ഗീയവികാരങ്ങളുടെ ഊഷ്മാവ് വര്‍ദ്ധിപ്പിക്കുന്നു. 

ബലാത്സംഗത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ലജ്ജ കൊണ്ട് നമ്മുടെ ശിരസ്‌സ് താണുപോകുന്നുവെന്ന് പ്രധാനമന്ത്രി പരിദേവനം നടത്തുമ്പോള്‍തന്നെ ലെസ്‌ലി ഉദ്‌വിനിന്റെ 'ഇന്ത്യയുടെ പുത്രി' എന്ന ഡോക്യുമെന്ററി ചിത്രത്തിന് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തുന്നു ഈയിടെ  നാഗ്പ്പൂരില്‍ ചേര്‍ന്ന ആര്‍.എസ്.എസ്‌സിന്റെ അഖില ഭാരതീയ പ്രതിനിധിസഭയില്‍ മൂന്നു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ തീരുമാനമായി എന്നാണ് വാര്‍ത്ത. ഒന്ന്, ധര്‍മ ജാഗരണ്‍ അതായത് മതബോധമുണര്‍ത്തല്‍. രണ്ട്, കുടുംബ പ്രബോധന്‍, മൂന്ന്, സാമാജിക് സംസ്രസ്ഥ അഥവാ സാമൂഹ്യ സമവായം. ഇതില്‍ രണ്ടാമതായി പറയുന്ന കുടുംബ പ്രബോധന്‍ കുടുംബ മൂല്യങ്ങളെ അരക്കിട്ടുറപ്പിക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് മനസ്‌സിലാക്കപ്പെടുന്നത്.

മൂല്യസംരക്ഷണ സൈന്യങ്ങള്‍

തങ്ങളുടെ നട്ടെല്ലൊടിക്കുന്ന സാമ്പത്തികനയങ്ങള്‍ വന്നപ്പോള്‍ ഇന്ത്യയിലെ കര്‍ഷകര്‍ കലാപത്തിനല്ല, ആത്മഹത്യയ്ക്കാണ് തയ്യാറായത്. അതെന്തുകൊണ്ട് എന്ന ചോദ്യത്തിന് നിസ്സഹായതകൊണ്ടാണെന്ന ഉത്തരമുണ്ടായേക്കാം. ഇപ്പോള്‍ എഴുത്തുകാരും ആത്മഹത്യയ്ക്ക് നിര്‍ബന്ധിതരായിത്തീരുന്നുവെന്ന് ഇന്ത്യ സാക്ഷ്യപ്പെടുത്തുന്നു. പെരുമാള്‍ മുരുകന്‍ തന്റെ സര്‍ഗജീവിതത്തിന് വിരാമമിടുന്നതുകൊണ്ട് പുലിയാര്‍ മുരുകേശന്‍ എന്ന മറ്റൊരെഴുത്തുകാരനെ ആക്രമിക്കാനുള്ള വീര്യം ലഭിക്കുകയാണ് സ്വയം പ്രഖ്യാപിത മൂല്യസംരക്ഷക സൈന്യങ്ങളെ സംബന്ധിച്ചിടത്തോളമുണ്ടായത്. ഈ മാര്‍ച്ച് മാസം 12-ാം തീയതി പുതിയ തലമുറ എന്ന തമിഴ് ചാനലിനു നേരെ ഹിന്ദു യുവസേന ആക്രമണം നടത്തിയത് ഹിന്ദു മൂല്യങ്ങള്‍ക്കെതിരെ എന്തോ പരിപാടി ആസൂത്രണം ചെയ്തു എന്ന കുറ്റത്തിനായിരുന്നുവല്ലോ. 

ഇവിടെ ഭരണകൂടത്തിന് ഇത്തരം അക്രമണങ്ങളെ തടയാന്‍ കഴിയാത്തത് അക്രമണയന്ത്രങ്ങളും ഭരണകൂടയന്ത്രങ്ങളും കറങ്ങുന്നത് ഒരേ ദിശയിലായതുകൊണ്ടാണോ എന്ന് സംശയങ്ങള്‍ ബലപ്പെട്ടുകൊണ്ടേയിരിക്കും. ഈയിടെ നാഗാലാന്റിലുണ്ടായ 'ബലാത്സംഗി'യുടെ കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. അവിടെ ദീമാപൂര്‍ എന്ന സ്ഥലത്തായിരുന്നു സംഭവം. അവിടെ സയ്യദ് ഷറീഫ് ഖാന്‍ എന്നൊരാള്‍ ഒരു നാഗാ യുവതിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ആരോപണം. അയാള്‍ ബംഗ്‌ളാദേശില്‍ നിന്നെത്തിയ അഭയാര്‍ത്ഥിയാണെന്നായിരുന്നു തുടക്കത്തില്‍ അധികൃതരുടെയും നിലപാട്. നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാദ്ധ്യസ്ഥരായവരുടെ നിയമവിരുദ്ധ വേഴ്ചകള്‍ സമകാലീന ഇന്ത്യയില്‍ വാര്‍ത്തയേ അല്ല. ഇസ്രത്ത് ജഹാനും ഷൊറാബുദ്ദിന്‍ ഷെയ്കും കുസൂര്‍ ബീബിയും രോഹിത് പ്രജാപതിയും ഓര്‍മകളില്‍നിന്നുതന്നെ മാഞ്ഞു തുടങ്ങി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പ്രതികളായ പൊലീസുദ്യോഗസ്ഥര്‍ക്ക് ജാമ്യം ലഭിച്ചതോടെ ഗുജറാത്ത് ഗവണ്‍മെന്റ് സര്‍വീസില്‍ പുനഃപ്രവേശനവും നല്‍കി.

കാളയിറച്ചി നിരോധനത്തിലൂടെ ഹിന്ദുത്വം വിജയപ്രഖ്യാപനം നടത്തിയ മഹാരാഷ്ട്രയില്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊലചെയ്യപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. യഥാര്‍ത്ഥ കൊലപാതകികളെ കണ്ടെത്താനായില്ലെന്ന ആരോപണം നിലനില്‍ക്കുമ്പോള്‍ തന്നെ വന്ദ്യവയോധികനായ സി.പി.ഐ. നേതാവ് ഗോവിന്ദ് പന്‍സാരെ കൊലചെയ്യപ്പെടുന്നു. ഉല്പതിഷ്ണുത്വത്തിന്റെ പേരില്‍ ജീവന്‍ വെടിയേണ്ടിവന്നവരുടെ പട്ടികയില്‍, മുന്‍കാലങ്ങളില്‍ കൃഷ്ണാദേശായി എന്ന കമ്മ്യൂണിസ്റ്റുകാരനും ദലിത് പന്ഥര്‍ പ്രസ്ഥാനത്തിലെ ഭഗവത് ജാദവ്, ദലിത് ആക്ടിവിസ്റ്റ് ഭായി സംഗാരെ എന്നിവരുമുണ്ട്. അവരുടെ ജീവിതം അവസാനിപ്പിച്ച അസഹിഷ്ണുതയുടെ വിത്തുകള്‍ ഇപ്പോള്‍ രാജ്യത്താകമാനം മുളപ്പിക്കപ്പെടുന്നുവോ എന്ന സംശയം ന്യായമാണ്.    ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com