തിമിംഗലങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി

പ്രകൃതിയുടെ വൈവിദ്ധ്യാധിഷ്ഠിതഭാവങ്ങള്‍ നുകര്‍ന്നും, നിരീക്ഷിച്ചും വളര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് തിമിംഗിലങ്ങളുടെ വശ്യത, കുട്ടിക്കാലത്ത് അവയിലൊന്നിനെ നേരിട്ട് കണ്ടനാള്‍ മുതല്‍ക്കേ, എനിക്കൊരു
തിമിംഗലങ്ങളെ സ്‌നേഹിച്ച പെണ്‍കുട്ടി

'...പ്രകൃതിയുടെ വൈവിദ്ധ്യാധിഷ്ഠിതഭാവങ്ങള്‍ നുകര്‍ന്നും, നിരീക്ഷിച്ചും വളര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് തിമിംഗിലങ്ങളുടെ വശ്യത, കുട്ടിക്കാലത്ത് അവയിലൊന്നിനെ നേരിട്ട് കണ്ടനാള്‍ മുതല്‍ക്കേ, എനിക്കൊരു ഭ്രമമാണ്. അറിയപ്പെടാത്ത ഇന്ദിരാഗാന്ധിയെക്കുറിച്ചാണ് ഡോ. കെപിപി നമ്പ്യാര്‍ എഴുതുന്നത്.

ന്ദിരാഗാന്ധിയുടെ ദാരുണമരണം ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേതന്നെ ഒരു ടെലഫോണ്‍ സന്ദേശമായി ടോക്യാവിലെ ഇന്ത്യന്‍ എംബസിയിലെത്തുമ്പോള്‍, അംബാസിഡര്‍ കെ.പി.എസ്. മേനോനുമായി ചില പരിപാടികള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു, ഞാന്‍. ഇന്ത്യ ജപ്പാനിലേയ്ക്കയച്ച നയതന്ത്രപ്രതിനിധികളില്‍ ഏറ്റവും പ്രഗല്‍ഭനെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന മേനോന്‍, തുടര്‍ന്നു ചൈനയിലെ അംബാസിഡറായും, പിന്നീട് ഒരു നിര്‍ണ്ണായകഘട്ടത്തില്‍ ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ സമുദ്രോല്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ ജപ്പാനിലെ റസിഡന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്ന എനിക്ക് അദ്ദേഹം മേലധികാരി മാത്രമായിരുന്നില്ല, ഗുരുതുല്യനായ ഒരു ഉപദേശകന്‍ കൂടിയായിരുന്നു. എന്നും ഉന്മേഷപ്രദമായിരുന്നു, ആ മുഖത്തെ മായാത്ത പുഞ്ചിരിയെങ്കിലും 1984- ഒക്‌ടോബര്‍ അന്ത്യത്തിലെ കുളിരണിഞ്ഞ ആ മദ്ധ്യാഹ്നത്തില്‍, ടെലഫോണില്‍ കാതോര്‍ക്കുകയായിരുന്ന അംബാസിഡറുടെ മുഖഭാവം, അഭൂതപൂര്‍വം വിവര്‍ണ്ണമാകുന്നത്, അഭിമുഖമായി ഇരിക്കുകയായിരുന്ന എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
''പി.എം-ന്ന് വെടിയേറ്റിരിക്കുന്നു; ഇന്‍സൈഡ് ജോബ്- സ്വന്തം അംഗരക്ഷകന്മാര്‍...'
ആരാണീ കാടത്തം കാട്ടിയത്; എന്റെ അമര്‍ഷവും ഉദ്വേഗവും ചോദ്യരൂപത്തില്‍ പുറത്തുവരും മുന്‍പേ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ ഉത്തരമായി.

ടോക്യോ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

സംഭാഷണം നിര്‍ത്തിവച്ച് നിമിഷങ്ങള്‍ക്കകം പുറത്തിറങ്ങിയപ്പോള്‍ എംബസിയുടെ കൂറ്റന്‍ പ്രവേശനകവാടത്തിന്ന് പുറത്ത് ദൃശ്യ-വാര്‍ത്താ മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു വന്‍പട തന്നെ രൂപംകൊണ്ടിരുന്നു. അംബാസിഡര്‍ക്ക് ലഭിച്ച വിവരം തങ്ങളുടേതായ പ്രത്യേക സ്രോതസ്സുകളിലൂടെ കേട്ടറിഞ്ഞു ഓടിക്കൂടിയവരായിരുന്നു അവരൊക്കെ. മാത്രമല്ല, ആരംഭത്തില്‍ സംഭവിച്ചതെന്താണെന്നതിനെക്കുറിച്ചുള്ള സംശയത്തിന്റെ മുള്‍മുനയില്‍ നിന്നവര്‍ക്ക് പോലും, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിഷ്ഠൂരമായ വധം അതിനകം സ്ഥിരീകരിക്കപ്പെട്ട വാര്‍ത്തയാവുകയും ചെയ്തിരുന്നു. വിങ്ങുന്ന ഹൃദയത്തോടെ, മാദ്ധ്യമക്കൂട്ടത്തെ വകഞ്ഞുമാറ്റി, തിരക്കിലൂടെ പുറത്ത് കടന്ന്, ജപ്പാന്‍ ചക്രവര്‍ത്തിയുടെ പുരാതനമായ കൊട്ടാരത്തെ ചുറ്റിപ്പോകുന്ന, സാക്കുറപ്പൂമരങ്ങള്‍ ഇരുവശവും കരയിട്ട രാജവീഥിയിലൂടെ മടങ്ങുമ്പോള്‍, ചൈതന്യം തുളുമ്പുന്ന ഇന്ദിരാജിയുടെ മുഖമായിരുന്നു, മനസ്സുനിറയെ. രണ്ടുവര്‍ഷം മുന്‍പ് ഈ നഗരത്തില്‍വച്ചാണ് ആ മുഖം അവസാനമായി കാണാനുള്ള ഭാഗ്യം ലഭിച്ചതെന്നും ഓര്‍ത്തു.
അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നും തിരിക്കുന്ന വഴി പ്രധാനമന്ത്രി രണ്ടോ മൂന്നോ ദിവസം ടോക്യോവില്‍ തങ്ങിയതായിരുന്നു. മകന്‍ രാജീവും കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചതായിരുന്നു. പക്ഷേ, സുഹൃത്തും സിനിമാതാരവുമായ അമിതാഭ് ബച്ചന് അഭിനയസ്ഥലത്ത് സംഭവിച്ച അപകടത്തെതുടര്‍ന്ന് രാജീവ് ഗാന്ധി, ഹവായിയില്‍നിന്ന് നേരെ ഇന്ത്യയിലോട്ട് പറന്നുവെന്ന് പിന്നീട് അറിവായി.
ടോക്യോ നഗരഹൃദയത്തില്‍ മനോഹരമായ ഒരു ഉദ്യാനത്തിന്റെ നടുവില്‍ അംബരചുംബിയായി നിലകൊള്ളുന്ന കൂറ്റന്‍ 'ന്യൂ ഒത്താണി' ഹോട്ടലിന്റെ ഏറ്റവും ഉയര്‍ന്ന നിലകളിലായിരുന്നു, വിശിഷ്ടാതിഥിയുടെയും സംഘത്തിന്റെയും താമസം ഒരുക്കിയിരുന്നത്. ഇവരുടെ സുഖസൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നിയുക്തരായ ഭാരവാഹികളില്‍ ഒരംഗമെന്നനിലയ്ക്ക് ചുരുക്കം നിമിഷങ്ങളെങ്കിലും, ഇന്ദിരാജിയുടെ അത്യപൂര്‍വ മേധാശക്തിയുടെ പ്രഭാവലയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതും ഓര്‍ക്കാതിരിക്കാനായില്ല.
ആ സന്ദര്‍ശനവേളയില്‍ തന്നെയാണ് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.സി. അലക്‌സാണ്ടറുമായിപരിചയപ്പെടാനും അവസരം ലഭിച്ചത്. അംബാസിഡറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം, ഡോ. അലക്‌സാണ്ടര്‍ക്ക് നഗരത്തിലെ ചില മ്യൂസിയങ്ങളും മറ്റു കാഴ്ചകളും കാണാന്‍ മാര്‍ഗദര്‍ശിയും ദ്വിഭാഷിയും മറ്റുമായി ഒരു ദിവസം മുഴുവന്‍ ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്നു. എംബസിയുടെ വാഹനത്തില്‍ഡ്രൈവര്‍ക്കു പുറമെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രമല്ലാതെ മറ്റാരുമില്ലാതിരുന്നതിനാല്‍, ഔദ്യോഗികമായ ഔപചാരികത ക്രമേണ അപ്രത്യക്ഷമായത് സ്വാഭാവികമായിരുന്നു. അത്തരമൊരവസ്ഥയിലാണ്, സംഭാഷണത്തിന്നിടയ്ക്ക്, ഇന്ത്യാഗവണ്‍മെന്റിന്റെ നയപരമായ ഒരു നിലപാടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കാന്‍ മുതിര്‍ന്നത്. ടോക്യോവിലെ എന്റെ ജോലിയെ പരോക്ഷമായി ബാധിച്ചിരുന്നതും, അന്നുവരെ എന്നെ അലട്ടിക്കൊണ്ടിരുന്നതുമായിരുന്നു വിഷയം:
'ഇന്ത്യയെന്തിനാണ് തിമിംഗിലങ്ങളുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജപ്പാനെപ്പോലുള്ള ഒരു സുഹൃദ് രാഷ്ട്രത്തിന്റെ താല്പര്യങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും നല്‍കാതെ അന്താരാഷ്ട്ര വേദികളില്‍ പ്രതികരിക്കുന്നത്...?'
'ചോദിച്ചുകഴിഞ്ഞപ്പോള്‍, അത്രയും വേണ്ടായിരുന്നുവെന്നും തോന്നി. എങ്കിലും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടി സംക്ഷിപ്തവും വ്യക്തവുമായിരുന്നു.' പ്രധാനമന്ത്രിയുടെ ഹൃദയത്തോട് അത്രയും ഒട്ടിപ്പിടിച്ചിരിക്കുന്ന ഒരു പ്രശ്‌നമാണ് തിമിംഗില സംരക്ഷണം...' ഇതേവാക്കുകളായിരുന്നില്ലെങ്കിലും, ആശയം ഇതുതന്നെയായിരുന്നു.

അമിതമായ തിമിംഗലപ്രേമം

തിമിംഗില വേട്ടയെക്കുറിച്ചുള്ള ഞങ്ങളുടെ സംസാരം അവിടെ അവസാനിച്ചു.പക്ഷേ, അതൊക്കെക്കഴിഞ്ഞ് 1986-ല്‍ ഞാന്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ഭക്ഷ്യകാര്‍ഷികസമിതിയില്‍ ഉദ്യോഗം ഏറ്റെടുത്തതോടെയായിരുന്നു, ഇന്ദിരാജിയും തിമിംഗിലങ്ങളുമായുള്ള ഹൃദയബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ പറ്റിയ പല രേഖകളും കാണാനിടയായത്!
എന്നാല്‍, ജപ്പാനിലെ എന്റെ ഔദ്യോഗിക ചുമതലകള്‍ പലപ്പോഴും ഇന്ത്യയുടെ 'അമിതമായ' തിമംഗില പ്രേമം കാരണം, അസുഖകരമായി തീരാനിടയാക്കിയിട്ടുണ്ട്. 1982-ല്‍ പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ്, ജപ്പാന്‍ തിമിംഗിലവേട്ട വ്യവസായിസംഘടനയുടെ പ്രതിനിധികള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള ഒരു ഹര്‍ജിയുമായി എന്റെ ഓഫീസില്‍ വന്നതും ഞാന്‍ അവരെ ഇന്ത്യന്‍ എംബസിയിലേക്ക് പറഞ്ഞുവിട്ടതും, എംബസി തിരിച്ച് എന്റെ അടുത്തേക്ക് തന്നെ അയച്ചതും അരോചകമായ അനുഭവമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ്, പ്രധാനമന്ത്രിക്ക് തിമിംഗിലങ്ങളോടുള്ള പ്രത്യേക താല്പര്യത്തെക്കുറിച്ച് ബോധവാനാവാന്‍ എനിക്കും ഇടവന്നത്. എന്നിരുന്നാലും ജപ്പാനെയും ജപ്പാന്‍കാരെയും സംബന്ധിച്ചേടത്തോളം തിമിംഗിലവേട്ടയെന്നത് ഭക്ഷ്യസുരക്ഷയ്ക്കും കടലോര തൊഴിലവസരങ്ങള്‍ക്കും സഹായകമായ ഒരുഘടകമായി ഇന്നും  നിലകൊള്ളുന്നു!
ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, ഒരു ഗവേഷണ വിദ്യാര്‍ത്ഥിയായി ജപ്പാനില്‍ കഴിഞ്ഞ നാലിലധികം വര്‍ഷങ്ങളില്‍ ആ നാട്ടിലെങ്ങും സുലഭമായിരുന്ന ഒരു വിശിഷ്ട ഭോജ്യമായിരുന്നു, തിമിംഗിലമാംസം. ടോക്യോ നഗരത്തിന്റെ തിരക്കേറിയ 'ഷിബുയ' വാര്‍ഡില്‍ അന്ന് ഒരു തിമിംഗിലഭോജനശാലയുണ്ടായിരുന്നത് ഓര്‍ക്കുന്നു. തിമിംഗലമാംസം മാത്രം കൈകാര്യം ചെയ്തിരുന്ന ആ സ്ഥാപനത്തില്‍ വേവിച്ചും പച്ചയായും തിമിംഗില സാലഡ് അടക്കം അനേകം വിഭവങ്ങള്‍, അതിഥികളുടെ രുചിഭേദമനുസരിച്ച് വിളമ്പുമായിരുന്നു. ഇന്ന് അത്തരം ഭോജനശാലകള്‍ നിലനില്‍ക്കുമോ എന്ന കാര്യം സംശയാസ്പദമാണ്. കാരണം, 1983-ല്‍ തന്നെ, ഇന്ത്യയടക്കം അനേകം രാജ്യങ്ങളുടെ ശ്രമഫലമായി തിമിംഗില വേട്ടയെന്ന ക്രൂരവ്യവസായത്തിന് നിരോധം വന്നുകഴിഞ്ഞിരുന്നു.
എന്നിരുന്നാലും, തിമിംഗിലമാംസം എന്നും ജപ്പാന്‍കാരുടെ ഗൃഹാതുരത ഉണര്‍ത്തുന്ന ഭക്ഷ്യപദാര്‍ത്ഥമാണെന്നതില്‍ സംശയമില്ല. ചരിത്രാതീതകാലം മുതല്‍ക്കേ തിമിംഗില മാംസവും തിമിംഗില എണ്ണയും ഈ ദ്വീപ് നിവാസികളുടെ നിലനില്‍പ്പിന്ന് സഹായകമായിട്ടുണ്ട്. പ്രത്യേകിച്ചും, കൃഷിഭൂമിയുടെ പരിമിതിയും കാര്‍ഷിക വിഭവങ്ങളുടെ ദൗര്‍ലഭ്യവും മൂലം ജപ്പാന്‍കാര്‍ ഭക്ഷ്യാവശ്യങ്ങള്‍ക്ക് വേണ്ടി കടലിലോട്ട് തിരിയാന്‍ നിര്‍ബന്ധിതരായെന്നാണ് വാസ്തവം.
അതോടൊപ്പം തിമിംഗിലത്തിന്റെ വിവിധ ദേഹഭാഗങ്ങള്‍, ദന്തം, അസ്ഥി തുടങ്ങിയവ ഉപയോഗിച്ചുള്ള കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കുടില്‍ വ്യവസായവും തിമിംഗിലവേട്ട പ്രാബല്യത്തിലുണ്ടായിരുന്ന തുറമുഖങ്ങള്‍ക്ക് ചുറ്റും വ്യാപിച്ചിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിനു വഴങ്ങി തിമിംഗിലവേട്ട നിരോധിക്കപ്പെട്ടതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവനോപാധി നഷ്ടപ്പെട്ട് വഴിയാധാരമായത്. ഇന്ത്യയും ഈ തീരുമാനത്തിന്നൊരു കക്ഷിയായിരുന്നുവെന്ന വസ്തുത പ്രമുഖരായ പല ജാപ്പാനീസ് രാഷ്ട്രീയ നേതാക്കളും ജപ്പാന്‍-ഇന്ത്യാ സാമ്പത്തിക സഹായ സംഭാഷണങ്ങളിലും മറ്റും എടുത്തുപറയാറുണ്ടായിരുന്നുതാനും!
1946-ലാണ് അന്താരാഷ്ട്രീയ തിമിംഗിലവേട്ട കമ്മീഷന്‍ (ഐ.ഡബ്ല്യു.സി) രൂപീകൃതമാകുന്നത്. എന്നാല്‍, ഇന്ത്യ ഇതില്‍ അംഗത്വമെടുക്കുന്നത് 1981 മാര്‍ച്ചിലാണ്. കേംബ്രിഡ്ജ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ അംഗവരി ചെറിയ തുകയൊന്നുമല്ല. എന്നിരുന്നാലും ചില ദുര്‍ബല, ദരിദ്ര രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതിന്റെയും അംഗവരി അടയ്ക്കുന്നത് ജപ്പാന്‍, നോര്‍വെ, ഐസ്‌ലാന്റ് മുതലായ തിമിംഗിലവേട്ട തുടരുന്നതില്‍ നിക്ഷിപ്ത താല്പര്യമുള്ള നാടുകളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സാമ്പത്തികസഹായം മൂലമാണെന്ന് സംസാരമുണ്ടായിരുന്നു. ഐ.ഡബ്ല്യു.സിയില്‍ തങ്ങള്‍ക്ക് അനുകൂലമായി നില്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈവിധം സഹായം ലഭ്യമാക്കിയിരുന്നത്.

പ്രലോഭനങ്ങളും ഭീഷിണികളും

ഈ പശ്ചാത്തലത്തില്‍, 1981 മാര്‍ച്ചില്‍, ആഭ്യന്തര സാമ്പത്തിക പരാധീനതകള്‍ മാറ്റിനിര്‍ത്തിക്കൊണ്ടുപോലും, ഇന്ത്യ ഐ.ഡബ്ല്യു.സിയില്‍ അംഗത്വമെടുക്കാന്‍ തീരുമാനിച്ചത് ചിലരെയെങ്കിലുംഅദ്ഭുതപ്പെടുത്താതിരുന്നില്ല. തിമിംഗിലവേട്ടക്കമ്മീഷന്റെ രൂപീകരണത്തിനുശേഷം മുപ്പത്തിയഞ്ച് വര്‍ഷം കഴിഞ്ഞാണ് നടപടിയെന്നതും കൗതുകകരമായിത്തോന്നിയത് സ്വാഭാവികം. മാത്രമല്ല, കടുവയെയോ കണ്ടാമൃഗത്തെയോ പോലെ, അഥവാ ആനയെപ്പോലെ, ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന ഉളവാക്കുംവിധം സ്‌നേഹമോ ആത്മബന്ധമോ ഉള്ളതായിരുന്നില്ല തിമിംഗിലങ്ങളും സമാനമായ മറ്റു സമുദ്രസ്തനജീവികളും. ഇന്ത്യാസമുദ്രത്തില്‍, വല്ലപ്പോഴും തിമിംഗിലങ്ങള്‍ ചത്തുപൊങ്ങുന്നതും, ജഡങ്ങള്‍ ഇന്ത്യന്‍ തീരങ്ങളില്‍ അടിഞ്ഞുകൂടുന്നതും അപ്രധാന വാര്‍ത്തകള്‍ മാത്രമായിരുന്നു. ആ നിലയ്ക്ക്, പ്രത്യേക സംരക്ഷണം ആവശ്യമായവിധം ഗുരുതരമായ വംശനാശമോ, തല്‍ഫലമായ പൊതുജനാഭിപ്രായ പ്രകടനങ്ങളോ ചൂണ്ടിക്കാട്ടാന്‍ സാധിക്കുമായിരുന്നില്ല. അപ്പോള്‍ പിന്നെ ഇന്ത്യയുടെ തിമിംഗില നയരൂപീകരണത്തിന്റെ അടിസ്ഥാനം എന്തായിരുന്നു?
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര വികസന പ്രവര്‍ത്തനങ്ങളില്‍ ജപ്പാന്‍ സര്‍ക്കാര്‍ കൈയയച്ചു നല്‍കിയ സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ഗണനീയമാണ്. പല ഘട്ടങ്ങളിലും, ഏഷ്യയിലെ രണ്ട് പ്രധാന ജനാധിപത്യ രാഷ്ട്രങ്ങളെന്ന നിലയ്ക്ക് ഇന്ത്യയും ജപ്പാനുംക്രിയാത്മകമായ സഹകരണത്തിലൂടെ അന്താരാഷ്ട്രീയ രംഗത്തും തങ്ങളുടെ സൗഹൃദം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാവണം, വിദേശകാര്യമന്ത്രാലയം ഇന്ത്യയുടെ തിമിംഗിലനയം ജപ്പാനെ എതിര്‍ക്കുന്ന വിധമാകരുതെന്നും ഒഴിച്ചുകൂടാത്തപക്ഷം നിഷ്പക്ഷതപാലിക്കണമെന്നും അഭിപ്രായപ്പെട്ടതായി രേഖകള്‍ കാണാനിടയായിട്ടുണ്ട്.
നേരത്തെ സൂചിപ്പിച്ചതുപോലെ ജപ്പാന്‍ തിമിംഗിലവേട്ട സംഘം ഹര്‍ജികളിലൂടെ ഇന്ത്യയുടെ പിന്തുണ തേടിയതിന് പുറമെ, നയതന്ത്രതലത്തിലും ഇത്തരം ശ്രമങ്ങള്‍ തുടര്‍ന്നിട്ടുണ്ട്.1988-ല്‍ ഇന്ദിരാജിക്ക് ശേഷം പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയെ അന്നത്തെ ജപ്പാന്‍ പ്രധാനമന്ത്രി നൊബുസുക്കെകിഷി നേരിട്ട് വിളിച്ച് ഐ.ഡബ്ല്യു.സിയില്‍ ആ വര്‍ഷം ചര്‍ച്ചയ്ക്കുവരാനിരുന്ന തിമിംഗിലവേട്ട നിരോധന പ്രമേയം പാസ്സാക്കപ്പെടാതിരിക്കാന്‍ സഹായം അപേക്ഷിച്ചുവെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.
1982-ല്‍ ഇന്ത്യാസമുദ്രം തിമിംഗിലങ്ങള്‍ക്കും അതുപോലുള്ള മറ്റു സമുദ്രസസ്തനികള്‍ക്കും സംരക്ഷിത സങ്കേതമായിരിക്കണമെന്ന് ഇന്ത്യ ആവശ്യം ഉന്നയിച്ചിരുന്നു. ആ ഘട്ടത്തില്‍ തന്നെയാണ് ചില ജാപ്പനീസ് നിക്ഷേപകര്‍, തെക്കെ ഇന്ത്യയില്‍ സൗകര്യപ്രദമായ തുറമുഖത്ത് ഒരു വന്‍ സംരംഭം ആരംഭിക്കാനുള്ള ഉദ്ദേശവുമായി സമുദ്രോല്പന്നക്കയറ്റുമതി അതോറിറ്റിയെ സമീപിക്കുന്നത്. ഇന്ത്യാസമുദ്രത്തില്‍നിന്നും പിടിച്ചെടുത്തിരുന്ന തിമിംഗിലങ്ങളെ സംസ്‌കരണത്തിലൂടെ മൂല്യവര്‍ദ്ധനവ് വരുത്തി, ജപ്പാനിലേയ്ക്കും മറ്റും കയറ്റുമതി ചെയ്യാനായിരുന്നു ഇവരുടെ പദ്ധതി. ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴിലവസരം കണ്ടെത്താനും കയറ്റുമതിയിലൂടെഅത്യന്താപേക്ഷിതമായിരുന്ന വിദേശനാണയം ഇന്ത്യക്ക് കൈവരുത്താനും ഇതുമൂലം സാദ്ധ്യമാകുമായിരുന്നു.
ഇന്ത്യയെപ്പോലുള്ള ഒരു മുഖ്യ ഐ.ഡബ്ല്യു.സി. അംഗത്തിന്റെ പിന്തുണ ജപ്പാന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ വലിയൊരു പ്രേരണാശക്തിയായിരിക്കുമെന്ന് വ്യക്തമായിരുന്നു. ഇക്കാര്യം ഇന്ത്യക്കുള്ള സാമ്പത്തിക സഹായവുമായി കൂട്ടിക്കുഴയ്ക്കാന്‍പോലും നീക്കങ്ങളുണ്ടായിട്ടുണ്ട്. മാത്രമല്ല, അക്കാലത്ത് തിമിംഗിലവേട്ടയെ നിശിതമായി വിമര്‍ശിച്ചിരുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് ചില ശങ്കകളും സംശയങ്ങളും നിലനില്‍ക്കുന്നുണ്ടായിരുന്നുതാനും. തിമിംഗില സംരക്ഷണത്തെക്കാള്‍ അമേരിക്കയുടെ വ്യാപാരലക്ഷ്യങ്ങള്‍ക്കായിരുന്നു മുന്‍തൂക്കം എന്ന ധാരാണയാലായിരുന്നു അത്. വേട്ട നിരോധിക്കപ്പെടുന്നതിലൂടെ തിമിംഗില മാംസലഭ്യത കുറയുമ്പോള്‍, തല്‍ഫലമായി ജപ്പാന്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്ന ഗോമാംസത്തിന്റെ അളവ് കുത്തനെ ഉയരാനിടയുണ്ടെന്നസാദ്ധ്യത, അവരെ അലട്ടുകയായിരുന്നു.
പക്ഷേ, ജപ്പാന്‍കാരുടെ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യയുടെ തിമിംഗിലവേട്ട നിയന്ത്രണനയം, സാമ്പത്തിക നേട്ടങ്ങള്‍ക്കും ഭക്ഷ്യസുരക്ഷയ്ക്കും ഉപരിയായി, പ്രകൃതിസ്‌നേഹത്തിലും സൗന്ദര്യാരാധനയിലും വേരൂന്നിയതായിരുന്നു.
നൂറ്റാണ്ടുകളോളം മനുഷ്യര്‍ തിമിംഗിലങ്ങളോടു കാട്ടിയ സംഘടിത ക്രൂരതയും സ്വാര്‍ത്ഥലാഭം മാത്രം ലക്ഷ്യമിട്ട് സമുദ്രാന്തരങ്ങളില്‍ വിതച്ച നാശവും നാമമാത്രമായെങ്കിലും നിയന്ത്രണ വിധേയമാക്കാനുള്ള സംയുക്ത സംരംഭത്തിന്നാണ് ഇന്ത്യ ശ്രമിച്ചത്. 1873-ല്‍ ആദ്യമായി സ്‌ഫോടനവസ്തുക്കള്‍ ഘടിപ്പിച്ച ചാട്ടുളികള്‍ ഉപയോഗിച്ച് അതിക്രൂരമായ തിമിംഗിലവേട്ട ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടിലധികമായിട്ടും ലോകമനഃസ്സാക്ഷി ഫലപ്രദമായി പ്രതികരിച്ചില്ലെന്ന തിരിച്ചറിവും ഈ നീക്കത്തില്‍ പ്രേരകശക്തിയായിരുന്നുവെന്നും നിസ്സംശയം പറയാം. പക്ഷേ, നേതൃത്വത്തിന്റെ ഇച്ഛാശക്തി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വ്യക്തിപരമായ സംഭാവനയാണെന്നതില്‍ നമുക്കൊക്കെ അഭിമാനിക്കാമെന്നത് തീര്‍ച്ചയാണ്.

തിമിംഗലത്തെ സ്‌നേഹിച്ച്

'...പ്രകൃതിയുടെ വൈവിദ്ധ്യാധിഷ്ഠിതഭാവങ്ങള്‍ നുകര്‍ന്നും, നിരീക്ഷിച്ചും വളര്‍ന്നുവന്ന ഒരു വ്യക്തിയെന്ന നിലയ്ക്ക് തിമിംഗിലങ്ങളുടെ വശ്യത, കുട്ടിക്കാലത്ത് അവയിലൊന്നിനെ നേരിട്ട് കണ്ടനാള്‍ മുതല്‍ക്കേ, എനിക്കൊരു ഭ്രമമാണ്: അവയുടെ വലുപ്പം, സ്വഭാവ വിശേഷങ്ങള്‍, കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്ന രീതി, അവയുടെ ബുദ്ധിവൈഭവത്തെക്കുറിച്ച് ഈയിടെ കണ്ടെത്തിയ വിവരങ്ങള്‍,അവയ്ക്കിടയിലെ പരസ്പരധാരണ, മറ്റു സമുദ്രജീവികളോടും മനുഷ്യരോടുമുള്ള അവയുടെ പെരുമാറ്റം. ഇന്ത്യാമഹാസമുദ്രത്തില്‍ നമുക്കുള്ള പ്രത്യേക താല്പര്യം സുവിദിതമാണ്. നമ്മുടെ ഈ പ്രദേശത്തുള്ള സമുദ്ര സസ്തന ജീവികളുടെ സംരക്ഷണത്തിന്നും വികസനത്തിനും അനുയോജ്യമായ നടപടികള്‍ ആരംഭിക്കുന്നത്കാണാന്‍ നമുക്ക് ആഗ്രഹമുണ്ട്. ചെറുതും വലുതുമായി തിമിംഗിലവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ജീവികളുടെ കാര്യത്തിലും ഞങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട്. 'ഐ.ഡബ്ല്യു.സി. സമ്മേളനത്തിന് എന്റെ വിജയാശംസകള്‍-ഇന്ദിരാഗാന്ധി'
അന്താരാഷ്ട്ര തിമിംഗിലവേട്ട കമ്മീഷന്റെ മുപ്പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ (1983) ഇന്ത്യന്‍ പ്രതിനിധി വായിച്ച, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദേശത്തിലെ അവസാന ഭാഗമാണ് മുകളില്‍ കൊടുത്തത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം രൂപംകൊടുത്ത പ്രകൃതിസ്‌നേഹം പ്രതിഫലിക്കുന്ന ഈവാക്കുകള്‍ തന്നെയല്ലെ നമ്മുടെ തിമിംഗില നയത്തിന്നും അടിസ്ഥാനം?
ഇന്ദിരാജിയുടെ വധത്തിന്റെ പിറ്റേദിവസം എന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കൂറ്റന്‍ കെട്ടിടത്തിന്റെ ഉടമസ്ഥതയുള്ള കമ്പനിയുടെ മൂന്നു പ്രതിനിധികള്‍ ഔപചാരികമായ അനുശോചന സന്ദര്‍ശനത്തിന്നെത്തുകയുണ്ടായി. കറുത്ത റിബണ്‍ കെട്ടിയ കുറെ വെളുത്ത ക്രിസാന്തിമപ്പൂക്കളും തടിച്ചൊരു കവറും അവര്‍ കൂടെക്കരുതിയിരുന്നു. കവറിന്റെ ഉദ്ദേശം എന്റെ ജപ്പാന്‍കാരനായ സെക്രട്ടറി വിശദീകരിച്ചപ്പോള്‍ മനസ്സിലായി, അതില്‍ കറന്‍സി നോട്ടുകളായിരുന്നുവെന്ന്! താരതമ്യേന വലിയൊരു തുകയാണെന്നും മനസ്സിലായി. സാധാരണയായി, പരേതാത്മാവിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ ജപ്പാന്‍കാര്‍ പിന്തുടരുന്ന പഴയ ഒരു ആചാരം!
ഇന്ദിരാഗാന്ധി ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തില്‍, സ്വന്തം കുടുംബാംഗമായി അതിനകം മാറിക്കഴിഞ്ഞിരുന്നെങ്കിലും, ഔദ്യോഗിക കടമകള്‍ക്കിടയില്‍ അത്തരമൊരു തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാന്‍ ചട്ടങ്ങളില്ലാതെ കൈപ്പറ്റാന്‍ കഴിയുമായിരുന്നില്ല. നന്ദിപൂര്‍വം തിരിച്ചുകൊടുത്തത് വൈമുഖ്യത്തോടെ സ്വീകരിച്ചു മടങ്ങിയ ആ ജപ്പാന്‍കാരുടെ മുഖത്ത്, തങ്ങളുടെ തിമിംഗിലവേട്ടയ്ക്ക് തടസ്സം സൃഷ്ടിച്ച വ്യക്തിയോടുള്ള യാതൊരു പരിഭവവും ദൃശ്യമായിരുന്നില്ല.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com