നെഹ്‌റു മരിച്ചു, ഇന്ദിര ജീവിക്കുന്നു

സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും  തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ശിങ്കിടികളുടെ കൈയില്‍ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങള്‍ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിര
നെഹ്‌റു മരിച്ചു, ഇന്ദിര ജീവിക്കുന്നു

ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓണ്‍ലി മാന്‍ ഇന്‍ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയില്‍ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും  തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ശിങ്കിടികളുടെ കൈയില്‍ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങള്‍ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. ടി.ജെ.എസ്. ജോര്‍ജിന്റെ എഴുത്ത്‌
 

പ്രധാനമന്ത്രിയുടെ സെക്രട്ടറിയേറ്റില്‍1969 മുതല്‍ 76 വരെ ജോയിന്റ് സെക്രട്ടറിയായിരുന്നു ബി.എന്‍. ടാന്‍ഡണ്‍. രാഷ്ട്രീയ വിഷയങ്ങളുടെ ചുമതലക്കാരന്‍.'പി.എം.ഒ. ഡയറി' എന്ന പേരില്‍ അദ്ദേഹം ഒരു ബ്രഹദ് ഗ്രന്ഥം എഴുതിയിട്ടുണ്ട്, 2003-ല്‍. സാത്വികനായ വ്യക്തിയായിരുന്നു ഡയറി എഴുത്തുകാരന്‍ എന്നുവിളംബരം ചെയ്യുന്ന വാക്കുകളാണ് പുസ്തകത്തില്‍. സാധാരണ ഉദ്യോഗസ്ഥ ഗ്രന്ഥകാരന്മാരുടെ താന്‍പോരിമയോ ന്യായീകരണ വ്യഗ്രതയോ ഏശിയിട്ടില്ലാത്ത കുറിപ്പുകള്‍.
പ്രധാനമന്ത്രിപദം ഇന്ദിരാഗാന്ധി കൈകാര്യം ചെയ്ത രീതികളെക്കുറിച്ച് അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഡയറി എഴുതാനുള്ള കാരണം വിശദീകരിക്കുന്ന പരാമര്‍ശങ്ങളാണവ. ഏറ്റവും ശ്രദ്ധാര്‍ഹമായ നിരീക്ഷണം: 'അവരുടെവ്യക്തിത്വത്താലും പ്രവര്‍ത്തനശൈലിയാലും ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളെ നെറികെട്ട വഴികളിലൂടെ വിലയിടിച്ചതിനാലും അക്കാലത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനാന്തരീക്ഷത്തെക്കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ രേഖകളോ റെക്കോര്‍ഡുകളോ ലഭ്യമല്ല. പറയുന്നതിന് നേര്‍വിപരീതമായ വിധം രേഖകള്‍ ചമയ്ക്കുകയെന്നതും പ്രധാനമന്ത്രിയുടെ ഒരു സ്വഭാവമായിരുന്നു.'

ഇന്ദിരാനന്തര കാലത്തെ മൂന്ന് പ്രവണതകള്‍

ചരിത്രത്തെ വളച്ചൊടിച്ച് തനിക്കനുകൂലമാക്കാന്‍ ഇന്ദിരാഗാന്ധിക്ക് ഒരു കൂസലുമില്ലായിരുന്നു എന്നര്‍ത്ഥം. സ്വേച്ഛാധിപതികള്‍ക്കുപോലും അസാദ്ധ്യമായ വിദ്യയാണിത്. സ്റ്റാലിന്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളെല്ലാം പുറത്തുവന്നില്ലേ? മാവോ സെ തുങ്ങിന്റെ കിടപ്പറ രഹസ്യങ്ങള്‍ വരെ പരസ്യമായി. റിച്ചാര്‍ഡ് നിക്‌സണ്‍ എന്തെല്ലാം ക്രിമിനല്‍വഴികളില്‍കൂടെയാണ് സത്യങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചത്. ഒടുവില്‍ രഹസ്യമായി റെക്കാര്‍ഡു ചെയ്ത ടേപ്പുകള്‍ പോലും അങ്ങാടിപ്പാട്ടായി. ചര്‍ച്ചില്‍ മാത്രമാണ് സംഗതിയുടെ ഗുട്ടന്‍സ് മനസ്സിലാക്കിയത്. മൂപ്പര്‍പറഞ്ഞു: 'ചരിത്രം എന്നോട് നീതികാട്ടും. കാരണം, ഞാനാണ് ചരിത്രമെഴുതാന്‍പോകുന്നത്.'
മനസ്സാക്ഷിയുള്ള ചില ഉദ്യോഗസ്ഥന്മാരുടെ സത്യസന്ധതമൂലം ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ചരിത്രസത്യങ്ങള്‍ നമുക്ക് ഏറെക്കുറെ പിടികിട്ടിയിട്ടുണ്ട്. അവയുടെ വെളച്ചത്തില്‍ ഒരു കാര്യം ഉറപ്പിച്ചുപറയാം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യ പൂര്‍ണ്ണമായും ഇല്ലാതായിരിക്കുന്നു.വ്യക്തിതാല്പര്യങ്ങളില്‍ മാത്രം അധിഷ്ഠിതമായ ഒരു അപര ഇന്ത്യയിലാണ് ഇന്നു നാം ജീവിക്കുന്നത്. എല്ലാ മേഖലകളിലും ഈ പരിണാമം കാണാം. മൂന്ന് പ്രധാനഘടകങ്ങള്‍ ഒന്നോടിച്ചുനോക്കിയാല്‍മതി നമ്മെ ഗ്രസിച്ചിരിക്കുന്ന പുതിയ സംസ്‌കാരത്തിന്റെ ജീര്‍ണ്ണത മനസ്സിലാക്കാന്‍. ഒന്ന്, ജനകീയ നേതാക്കന്മാര്‍ക്കുപകരം ഏറാന്‍മൂളികള്‍ കൈയടക്കിയ രാ്ഷ്ട്രീയം. രണ്ട്, അഴിമതിയില്‍ കുറ്റബോധമോ മനഃസാക്ഷിക്കുത്തോ വേണ്ടെന്ന അവസ്ഥ. മൂന്ന്, അധികാരം കുടുംബകാര്യമാണെന്ന ആശയത്തിന്റെ പടര്‍ന്നുപിടിക്കല്‍.
സോഷ്യലിസം എന്ന സ്വപ്നത്തിന്റെ വക്താവായിരുന്നു നെഹ്‌റു. പക്ഷേ, കഴിവും പ്രാഗല്ഭ്യവുമുള്ളവരുടെ സേവനം-അവര്‍ സോഷ്യലിസത്തില്‍ വിശ്വസിച്ചാലുമില്ലെങ്കിലും- രാജ്യത്തിനു ലഭ്യമാകണം എന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ആദ്യത്തെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന ചില പേരുകള്‍ ഓര്‍മ്മിക്കാവുന്നതാണ്. സര്‍ദാര്‍ പട്ടേലിനു പുറമെ, അംബേദ്കര്‍, ഷണ്‍മുഖം ചെട്ടി, ജോണ്‍മത്തായി, ശ്യാമപ്രസാദ് മുഖര്‍ജി. നെഹ്‌റുവിനെ വെല്ലുവിളിക്കാന്‍ വേണ്ട തലയെടുപ്പുള്ളവര്‍. അക്കാലത്തെ മുഖ്യമന്ത്രിമാരുടെ ലിസ്റ്റ് നോക്കുക: മൊറാര്‍ജി ദേശായി, സി.ബി. ഗുപ്ത, ബി.സി. റോയ്, സി.രാജഗോപാലാചാരി, കെ. കാമരാജ്, സുചേത കൃപലാനി. കോണ്‍ഗ്രസ്സുകാരായിരുന്നെങ്കിലും, അവരവരുടെ സംസ്ഥാനങ്ങളില്‍ ജനസമ്മതരായവര്‍. ജനസ്വാധീനവും ഭരണനൈപുണ്യവും സര്‍വ്വോപരി സ്വതന്ത്രമായി നിലനില്‍ക്കാനുള്ള നേതൃത്വ-ബൗദ്ധിക ശേഷിയുമുള്ള സമുന്നതരുടെകൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആത്മധൈര്യവും പുരോഗമനാത്മകതയും നെഹ്‌റുവിന് ഉണ്ടായിരുന്നു.

കോടികള്‍, എണ്ണമില്ലാത്ത കോടികള്‍

ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓണ്‍ലി മാന്‍ ഇന്‍ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയില്‍ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാര്‍ജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ശിങ്കിടികളുടെ കൈയില്‍ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങള്‍ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോണ്‍ഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. സോണിയഗാന്ധിക്ക് അപ്രിയമായേക്കാമെന്ന ഭയമില്ലാതെ ഒരു വാക്ക് പറയാന്‍ ഈ സംസ്‌കാരത്തില്‍ സാദ്ധ്യമല്ല. മറിച്ച്, തെരഞ്ഞെടുപ്പില്‍ നിലംപറ്റിയ ശിവരാജ് പാട്ടീലിനെ ആഭ്യന്തരമന്ത്രിയാക്കാന്‍ ഈ സംസ്‌കാരം അനുവദിക്കുന്നു. പടിപ്പുകേടിന്റെ അപമാനം സഹിക്കവയ്യാതായപ്പോള്‍ മാത്രമാണ് അദ്ദേഹത്തെ അധികാരത്തില്‍നിന്നു മാറ്റാന്‍ കോണ്‍ഗ്രസ് സംവിധാനം തയ്യാറായത്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം.
അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നില്‍ക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നല്‍കി.സാര്‍വലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കാന്‍ ബി.ജി. ദേശ്മുഖിന്റെ സാക്ഷിപത്രം മതി. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്. അദ്ദേഹം വെളിപ്പെടുത്തുന്നു:
'തെരഞ്ഞെടുപ്പുകളില്‍ അളവില്ലാതെ പണമൊഴുക്കിയാല്‍ മാത്രമെ ആരും എതിര്‍വാക്ക് പറയാത്ത നേതാവായി സ്വയം പ്രതിഷ്ഠിക്കാന്‍ സാധിക്കൂവെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. മഹാരാഷ്ട്രയില്‍ തന്റെ വിശ്വസ്തരായ രജനി പട്ടേലിനെയും വസന്ത്‌റാവ് നായിക്കിനെയും അവര്‍ വളരെയേറെ ആശ്രയിച്ചു. അവരാണെങ്കില്‍ നരിമാന്‍ പോയിന്റിലെ കടല്‍വെള്ളം വിറ്റ് കാശുണ്ടാക്കി. (കടല്‍ നികത്തിയാണ് ബോംബെയിലെ ഏറ്റവും വിലമതിപ്പുള്ള റിയല്‍ എസ്‌റ്റേറ്റായി നരിമാന്‍ പോയിന്റ് ഉയര്‍ന്നത്.) രാഷ്ട്രീയത്തില്‍ ആധിപത്യം ഉറപ്പിച്ചശേഷം ഇന്ദിര നിശ്ചയിച്ചു പണം ശേഖരിക്കാന്‍ എളുപ്പമാര്‍ഗ്ഗം വിദേശ ഉടമ്പടികളുടെ വീതംവയ്പില്‍ കൂടിയാണെന്ന്. 1980 ജനുവരിയില്‍ തന്നെ സഞ്ജയ്ഗാന്ധി ചില പ്രത്യേക വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി ഉടമ്പടികള്‍തീര്‍പ്പാക്കേണ്ട രീതികളെക്കുറിച്ച് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.'
ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയില്‍നിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാന്‍ രാജീവിനോടു ചോദിച്ചു, പാര്‍ട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോണ്‍ഗ്രസ് ഓഫീസിലെ അലമാരിയില്‍നിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാന്‍ അന്വേഷിച്ചു. കൈകള്‍കൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, 'കോടികള്‍, എണ്ണമില്ലാത്ത കോടികള്‍? 'അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. ശേഷം ചിന്ത്യം.
സാഹചര്യങ്ങള്‍ ഈ വിധത്തില്‍ ഉരുത്തിരിഞ്ഞപ്പോള്‍ തിരുവായ്ക്ക് എതിര്‍വായില്ല എന്ന അവസ്ഥയുണ്ടായി. ഇന്ദിരാഗാന്ധിയും സഞ്ജയ്ഗാന്ധിയും ചേര്‍ന്നു സ്ഥാപിച്ച പരമോന്നത നേതൃത്വം കുടുംബവാഴ്ചയായി രൂപാന്തരപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. പൊതുപ്രവര്‍ത്തനത്തില്‍ താല്പര്യമില്ലായിരുന്ന രാജീവ്ഗാന്ധി പ്രധാനമന്ത്രി ആയതോടെ അധികാരം കുടുംബത്തിന്റെ അവകാശമായി സ്ഥിരീകരിക്കപ്പെട്ടു. അത് അഭംഗുരം തുടരുന്നു.
ഇന്നത്തെ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാന ശിലയായി മാറിയ ആശയം പകര്‍ച്ചപ്പനിപോലെ മറ്റു പാര്‍ട്ടികളെയും, കോണ്‍ഗ്രസ്സിലെ തന്നെ രണ്ടാംകിട നേതാക്കന്മാരെയും ബാധിച്ചു. മഹാരാഷ്ട്രയില്‍ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എത്ര മക്കളും മരുമക്കളും അനന്തരവന്മാരുമാണ് സ്ഥാനാര്‍ത്ഥികളായത്. രാഷ്ട്രപതിയുടെ മകന്‍ വരെ ഗോദായിലിറങ്ങി. കോണ്‍ഗ്രസ്സിനും എന്‍.സി.പിയ്ക്കും ഒപ്പം നില്‍ക്കാന്‍ ബി.ജെ.പിയും കൂടി. ആര്‍ക്കും ഒരു നാണവും തോന്നിയില്ല.

പൊയ്ക്കാലില്‍ നില്‍ക്കുന്ന അനന്തരാവകാശികള്‍

നേതാവിന്റെ മക്കളാകുന്നത് അയോഗ്യതയല്ലെന്നും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കസേരകളില്‍ കയറുന്നതെന്നുമൊക്കെയാണ് നാണം മറയ്ക്കാനുപയോഗിക്കുന്ന വാദങ്ങള്‍. അര്‍ദ്ധസത്യം മാത്രമാണ് അങ്ങനെയുള്ള വാദങ്ങള്‍. നേതൃകുടുംബം അതിന്റെ സ്വാധീനവും ശക്തിയും പണവും ഉപയോഗിച്ച് ബോധപൂര്‍വം വംശം പണിയുന്നു എന്നതാണ് പൂര്‍ണ്ണമായ സത്യം. സര്‍ദാര്‍ പട്ടേലിന്റെയും രാജേന്ദ്രപ്രസാദിന്റെയും സി. രാജഗോപാലാചാരിയുടെയും മക്കള്‍ രാഷ്ട്രീയത്തിലൂടെ പാര്‍ലമെന്റില്‍ എത്തി. പക്ഷേ, അവര്‍ വന്നു, അവര്‍ പോയി, സ്വന്തംകാലുകളില്‍. അവരുടെ അച്ഛന്മാര്‍ കുടുംബത്തെ കെട്ടിപ്പൊക്കി അധികാരത്തില്‍ പ്രതിഷ്ഠിച്ച് വംശം സ്ഥാപിക്കാന്‍ ശ്രമിച്ചില്ല. വല്ലഭായി പട്ടേലിന്റെ യാതൊരു പരിശ്രമവുമില്ലാതെയാണ് ദഹ്യാഭായിപട്ടേല്‍ എം.പി. ആയത്. ശരദ്പവാറിന്റെ കരുനീക്കങ്ങളില്ലാതെ സുപ്രിയയോ, പ്രതിഭാപട്ടേലിന്റെ ബലത്തിലല്ലാതെ രാജേന്ദ്ര ഷിക്കാവത്തോ, കെ. കരുണാകരന്റെ കൗശലമില്ലാതെ മുരളീധരനോ, കരുണാനിധിയുടെ വിലപേശലില്ലാതെ കനിമൊഴിയോ സ്വര്‍ഗരാജ്യത്തിലേക്കു കടക്കുമോ? ബി.ജി. ദേശ്മുഖ് പ്രയോഗിച്ച ഒരുവര്‍ണ്ണന ഇവിടെ പ്രസക്തമാണ്. 'ദ മുഗള്‍-ഡര്‍ബാര്‍-ലൈക് ഫങ്ഷനിങ് ഓഫ് ദ് ഗാന്ധീസ്' എന്നാണ് അദ്ദേഹം വിലയിരുത്തിയത്. മുഗള്‍ ചക്രവര്‍ത്തിമാരുടെ ഡര്‍ബാര്‍ പോലെയുള്ള പ്രവര്‍ത്തനശൈലിയായിരുന്നു ഗാന്ധി കുടുംബത്തിന്റേത് എന്നു സാരം.
മറ്റൊരു ജനാധിപത്യ രാജ്യത്തും ഇല്ലാത്ത രീതിയിലാണ് ഇന്ത്യയില്‍ മക്കള്‍ രാഷ്ട്രീയം പുഷ്ടിപ്രാപിച്ചിരിക്കുന്നത് എന്നു നാം ഓര്‍ക്കണം. അധികാരം കുടുംബ ബിസിനസ്സാകുന്നത് ജനാധിപത്യത്തിനു വിരുദ്ധമാണ്. അങ്ങനെ ജനാധിപത്യത്തെ അപകടത്തിലാക്കുന്ന 'ഫാഷന്‍' ഇന്ദിരാഗാന്ധിയുടെ പൈതൃകമാണ്. ഇന്ദിരയ്ക്കു മുന്‍പുള്ള ഇന്ത്യയും ഇന്ദിരയ്ക്കുശേഷമുള്ള ഇന്ത്യയും തമ്മിലുള്ള അന്തരം ഇവിടെയാണ് കാണേണ്ടത്. കഴിവുകെട്ടവരുടെ ഉയര്‍ച്ചയും, അഴിമതിയുടെ വളര്‍ച്ചയും, മക്കള്‍ വാത്സല്യത്തിന്റെ താണ്ഡവവും ചിലര്‍ക്ക് പ്രയോജനപ്പെടുമ്പോള്‍ രാജ്യത്തിന് വിനയാവുകയാണ്. സാമ്പത്തികമായി അസൂയാര്‍ഹമായ വളര്‍ച്ച കണ്ട ഇന്ത്യക്ക് ലോകത്തിന്റെ ബഹുമാനം വേണ്ടവണ്ണം ലഭിക്കാതെ, ആഭ്യന്തര കലഹങ്ങളിലും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളിലുംപെട്ട് നട്ടംതിരിയേണ്ടിവരുന്നതിന്റെ കാരണവും ഈ പശ്ചാത്തലത്തിലാണ് അന്വേഷിക്കേണ്ടത്.
ഒരു നിമിഷം ചൈനയിലേക്കു നോക്കുക.

(2009 ഒക്ടോബര്‍ ലക്കം സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com