പൊരിവെയിലത്തൊരു തീത്തുമ്പി

പില്‍ക്കാലചരിത്രം സരിതയെ ഒരു വ്യഭിചാരിണി എന്നോ തട്ടിപ്പുകാരിയെന്നോ ആയിരിക്കില്ല രേഖപ്പെടുത്തുക
പൊരിവെയിലത്തൊരു തീത്തുമ്പി

''തന്റെ രക്തത്തിലോ മാംസത്തിലോ ശരീരത്തിലോ ഏല്‍ക്കുന്ന പരിക്കുകളെക്കുറിച്ചു തീര്‍ത്തും അവഗണനയോടെ ഈ സ്ത്രീ നടത്തിയ സമരമാണ് കേരളം ഈയടുത്ത കാലത്തു കണ്ട ഏറ്റവും വലിയ സ്ത്രീ മുന്നേറ്റം. സമൂഹം എത്ര ശ്രമിച്ചിട്ടും ഇരയാകാന്‍ കൂട്ടാക്കാത്ത ഈ സ്ത്രീയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ്.''- സോളാര്‍ വിവാദം കത്തിനിന്ന കാലത്ത്, കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പായി സരിത എസ് നായരെക്കുറിച്ച് എസ് ശാരദക്കുട്ടി എഴുതിയ ലേഖനം. 

'നിരപരാധികളെന്നു തെളിയിക്കപ്പെടുന്നതു വരെ 'വിശുദ്ധരെ' അപരാധികളായി കാണണം.' (ജോര്‍ജ്ജ് ഓര്‍വെല്‍)

തെരഞ്ഞെടുപ്പു കാലമായി, അധികാര രാഷ്ട്രീയത്തിന്റെ അകത്തളങ്ങളില്‍നിന്നു വനിതാ നേതാക്കളുടെ അടക്കിപ്പിടിച്ച തേങ്ങലുകള്‍ കേട്ടുതുടങ്ങി. പുരുഷാധിപത്യ ദുഷ്പ്രഭുക്കളുടെ കനിവിനുവേണ്ടി കാത്തുകാത്തു മെലിഞ്ഞുപോയവരുടെ ആരോപണങ്ങളും മുറുമുറുക്കലുകളും. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച്, വിറകുവെട്ടിയതിനെയും വെള്ളം കോരിയതിനെയും കുറിച്ച് ഒക്കെ കണക്കുകളും നിരത്തിത്തുടങ്ങി. സൂക്ഷിപ്പുകാരന്‍ ഇട്ടുകൊടുക്കുന്ന ഭക്ഷണത്തിനുവേണ്ടി ദൈന്യതയോടെ കാത്തുകിടക്കുന്ന വീട്ടുമൃഗങ്ങള്‍. 'സീറ്റോ തരുന്നില്ല, സംസാരിക്കാനെങ്കിലും അനുവദിക്കൂ' എന്ന് ഒരു വനിതാനേതാവ് വിലപിക്കുന്നതും കേള്‍ക്കുന്നുണ്ടായിരുന്നു. പീഡിതയുടെ മുഖമാണ് എല്ലാവര്‍ക്കും. അപമാനിതയുടെ സ്വരമാണ് എല്ലാവര്‍ക്കും. സീറ്റു കിട്ടിയവരുടെ മുഖങ്ങളിലാകട്ടെ, ഭാഗ്യത്തിനു വീണുകിട്ടിയ ഔദാര്യത്തിലുള്ള കൃതജ്ഞതയാണ് നിറഞ്ഞു നില്‍ക്കുന്നത്. ആരിലും ആത്മവിശ്വാസമോ അഹങ്കാരമോ ലവലേശമില്ല. ആര്, എപ്പോള്‍ കുതികാല്‍ വെട്ടും, കിട്ടിയതു കിട്ടിയതുതെന്നയോ, തിരിച്ചെടുക്കുമോ, സീറ്റു തന്നതു ജയിപ്പിക്കാനാണോ എന്നൊക്കെയുള്ള സന്ദേഹവും അനിശ്ചിതത്വവും വേണ്ടുവോളമുണ്ടു താനും. സുഖജീവിതത്തിന്റെ ചെടിപ്പും ആ ആലസ്യത്തില്‍ നിന്നുണ്ടാകുന്ന ക്ഷീണവും പരാതികളും പരിഭവങ്ങളും നെടുവീര്‍പ്പുകളുമാണ് എവിടെയും. അതിനിടയിലാണ്, ഒരു ഒറ്റയാള്‍ പോരാളി പുരുഷാധികാരത്തിന്റെ ഹുങ്കുകളെ വിറപ്പിച്ചുകൊണ്ട് നടന്നുനീങ്ങുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളീയ- രാഷ്ട്രീയ സാംസ്‌കാരിക-സാമൂഹ്യ പൊതുമണ്ഡലത്തില്‍ മലയാളി കണ്ട ഏറ്റവും ശക്തമായ, ഉദ്ധതമായ പെണ്‍മുഖം. വഴങ്ങാന്‍ കൂട്ടാക്കാത്ത, ഉയരം കൂടിയ ദൃഢകായയായ സ്ത്രീ. ആരുടേയും ഔദാര്യമെനിക്കു വേണ്ട എന്നാണ് ആ മുഖത്തെ സ്ഥായീഭാവം. എനിക്കു വേണ്ടതു നേടാന്‍ എനിക്കറിയാമെന്നാണ് ആ ചലനങ്ങളിലെ ചടുലതയും തന്‍പ്രമാണിത്തവും പറയുന്നത്. ചുണയുണ്ടെങ്കില്‍ തടുക്കൂ എന്നാണ് ആ ചൂണ്ടുവിരല്‍ നീളുന്നത്. സരിത എസ്. നായരെക്കുറിച്ചാണ് പറയുന്നത്.
 
സരിതയെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി മാധ്യമങ്ങളില്‍ നാം വിചാരണ ചെയ്യുകയാണ്. അവര്‍ ചെയ്ത കുറ്റമെന്തെന്ന് അന്വേഷിക്കാതെ. വിശദാംശങ്ങളിലേക്കു കടക്കാന്‍ ഭയന്ന്, അവരുടെ ചുറ്റിലുമായി നമ്മുടെ അകത്തെ മാലിന്യങ്ങള്‍ വിസര്‍ജ്ജിച്ചുകൊണ്ട്, മതിവരാതെ, കൊതി തീരാതെ നാം നടക്കുകയായിരുന്നു. ഒരു വശത്ത് ആസ്വദിക്കുകയും മറുവശത്ത് അവരെ വെറുക്കുകയും ചെയ്തുകൊണ്ട്. അവരുടെ പ്രസന്നവും അക്ഷോഭ്യവുമായ സാമീപ്യത്തെ, ഉയരങ്ങള്‍ കീഴടക്കാനുള്ള അഭിരതിയെ ഭയക്കുകയും മറ്റു കാരണങ്ങള്‍ കണ്ടുപിടിച്ച് അവരെ നമ്മള്‍ നിരന്തരം വിചാരണ ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. 

അവരില്‍ ആരോപിപ്പിക്കപ്പെട്ട കുറ്റങ്ങള്‍ എന്തൊക്കെ ആയിരുന്നാലും നിലവിലുള്ള നീതിന്യായ വ്യവസ്ഥ അതന്വേഷിക്കാന്‍ ശക്തമാണെന്നിരിക്കെ ഒരു വിധി കല്പിക്കാന്‍ ഇതെഴുതുന്ന ആള്‍ക്ക് അധികാരമോ ബാധ്യതയോ ഇല്ല. അതൊക്കെ കോടതി വിലയിരുത്തട്ടെ. പക്ഷേ, ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. സരിത തട്ടിപ്പുകാരി ആണെങ്കില്‍, ഒരു വലിയ തട്ടിപ്പു ശൃംഖലയിലെ താരതമ്യേന ദുര്‍ബലമായ ഈ ഒരു കണ്ണിയെ മാത്രം അടര്‍ത്തിയെടുത്തു പൊരിവെയിലത്തു നിര്‍ത്തിയിരിക്കുന്നതെന്തിനാണ്? സരിത വ്യഭിചരിച്ചുവെങ്കില്‍ അധികാരത്തെ വ്യഭിചരിച്ചവര്‍ ഇവിടെയുണ്ടല്ലോ. വ്യക്തിയുടെ വ്യഭിചാരമോ അധികാരത്തിന്റെ വ്യഭിചാരമോ ഗുരുതരമായത്? കുറ്റക്കാരെ ശിക്ഷിക്കപ്പെടേണ്ടത് ഒരേ നീതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാകണ്ടേ? കുറ്റത്തിനു തുല്യമായ നീതി അളന്നുകൊടുക്കുന്ന തുലാസ്സല്ലേ കോടതിയുടെ കൊടിപ്പടം?

സരിതയുടെ കേരളീയ പൊതുമണ്ഡലത്തിലേക്കുള്ള പ്രവേശനത്തിനു മൂന്നു നാലു ഘട്ടങ്ങളുണ്ട്. പൊടിപ്പും തൊങ്ങലും അലുക്കും പിടിപ്പിച്ചു പ്രചരിപ്പിക്കപ്പെട്ട കഥകളില്‍നിന്നു കൃത്യമായി നമുക്ക് ആ ദൃശ്യങ്ങളെ വേര്‍തിരിച്ചെടുക്കാനാകും.

പൗരുഷത്തെ വിറപ്പിക്കുന്ന 'യക്ഷി'

ഒന്ന്. വ്യവസായരംഗത്തേക്കു വര്‍ധിച്ച പ്രതീക്ഷകളുമായി കടന്നുവരുന്ന ഊര്‍ജ്ജസ്വലയായ ഒരു യുവതി. പത്താം കഌസ്‌സില്‍ ഡിസ്റ്റിംങ്ഷനോടെ പാസ്സാവുകയും പിന്നീടുള്ള പഠനകാലത്തു മികച്ച അക്കാദമിക നിലവാരം നിലനിര്‍ത്തുകയും ചെയ്ത പെണ്‍കുട്ടി. ഇംഗഌഷും മലയാളവും നല്ല മണിമണിപോലെ സംസാരിക്കും. വരള്‍ച്ചയിലേക്ക് അതിവേഗം സഞ്ചരിക്കുന്ന കേരളത്തിന്റെ വൈദ്യുതി പ്രശ്‌നങ്ങള്‍ക്കു വലിയ ഒരളവില്‍ പരിഹാരമാകാമായിരുന്ന, ആശ്വാസകരമാകാവുന്ന സൗരോര്‍ജ്ജ പദ്ധതിയുമായി അവര്‍ രംഗത്തെത്തുന്നു. അതിയായ പ്രതീക്ഷകളോടെ അവര്‍ കേരളത്തിന്റെ ഭരണരംഗത്തുള്ള ഉത്തരവാദപ്പെട്ടവരെ സമീപിക്കുന്നു. ഒരു മികച്ച വ്യവസായസംരംഭക ആയി വളരേണ്ടിയിരുന്ന ഒരു സ്ത്രീതന്നെയാണ് സരിത എന്ന് ഈ ഘട്ടത്തില്‍ ഉള്ള അവരുടെ അതിരുകവിഞ്ഞ ആത്മവിശ്വാസവും ഭാഷയിലെ പ്രാവീണ്യവും സംവേദനശേഷിയും കൂസലില്ലായ്മയും തെളിയിക്കുന്നുണ്ട്. പഠനത്തില്‍ സമര്‍ത്ഥയായിരുന്ന, വലിയ ജീവിതസ്വപ്‌നങ്ങള്‍ കാണുന്ന ആകര്‍ഷണീയയായ ഒരു പെണ്ണ്.

രണ്ട്. ഈ ഘട്ടത്തില്‍ അധികാരവും ഉന്നതങ്ങളില്‍ പിടിപാടുമുള്ള ഒരു സ്ത്രീയിലേക്കു വളര്‍ന്നുകഴിഞ്ഞു അവര്‍. പൊതുവേദിയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ ചെവിയില്‍ ചെന്നു രഹസ്യം പറയുന്ന സരിത. മന്ത്രിസഭയിലെ പ്രമുഖരുടെ എല്ലാം ഫോണ്‍ലിസ്റ്റിലെ നിരന്തരസാന്നിദ്ധ്യം. മുഖ്യമന്ത്രിയും പ്രമുഖ മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളിലെ പതിവു ക്ഷണിതാവ്. അവിടെയെല്ലാം സ്വാതന്ത്ര്യത്തോടെ ഓടിനടക്കുന്ന പ്രമുഖ സാന്നിധ്യം. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എപ്പോള്‍ വേണമെങ്കിലും പ്രവേശനമുണ്ടായിരുന്ന വ്യക്തി. സരിത വഴി സമീപിച്ചാല്‍ അധികാരരംഗത്തെ ഉന്നതരെ കാണാം എന്ന അവസ്ഥ വരെ എത്തി കാര്യങ്ങള്‍. അവര്‍ ഒരു വിലക്കുകളുമില്ലാതെ അധികാരകേന്ദ്രങ്ങളില്‍ കയറി ഇറങ്ങുകയാണ്, ഭരണസിരാകേന്ദ്രം സരിതയുടെ വിരല്‍ത്തുമ്പില്‍ കറങ്ങിയിരുന്ന കാലഘട്ടം. 

മൂന്ന്. ഈ ഘട്ടമാകുമ്പോഴേക്ക് അവര്‍ ഒരു തട്ടിപ്പുകാരിയും കൊള്ളരുതാത്തവളും എന്ന പ്രതിച്ഛായയിലേക്കു നീക്കിനിര്‍ത്തപ്പെടുകയാണ്. ലക്ഷങ്ങള്‍ തട്ടിച്ചവള്‍, ആര്‍ക്കും വഴങ്ങിക്കൊടുക്കുന്നവള്‍, നുണ പറയുന്നവള്‍, ശരീരം വിറ്റു ജീവിക്കുന്നവള്‍, പ്രമുഖരെ ബഌക്‌മെയില്‍ ചെയ്യുന്നവള്‍. 'തെളിവുകള്‍' ഇല്ലാത്ത കേട്ടുകേള്‍വികള്‍ ഒരുപാടുണ്ട് ഈ കാലത്ത്. കഥകള്‍ സൃഷ്ടിക്കാന്‍ ഏറ്റവും നല്ല പഴുതുകള്‍ ഇവിടെ ഉണ്ടായിരുന്നു. താലോലിച്ചു കൂടെ നിര്‍ത്തിയിരുന്ന നേതാക്കന്മാര്‍ ഓരോരുത്തരായി അവരെ കയ്യൊഴിയുന്നു. സരിത എന്ന പേരിനെ ഒരു അശഌലം എന്ന മട്ടില്‍ പരിഹാസധ്വനിയോടെ അവര്‍ പറഞ്ഞുനടക്കുന്നു. മാദ്ധ്യമങ്ങളും പൊതുസമൂഹവും അവരെ ഒരു ലൈംഗികവസ്തു എന്ന നിലയില്‍ ആസ്വദിക്കുകയും ആഘോഷിക്കുകയുമായിരുന്നു. കോടതിയില്‍നിന്നു കോടതിയിലേക്ക്. ജയിലില്‍നിന്നു ജയിലിലേക്ക്. അപ്പോഴൊക്കെയും തിളങ്ങുന്ന മുഖവും മികച്ച വസ്ത്രധാരണവും ആയിരുന്നു സരിതയ്ക്ക്. ദയ അഭ്യര്‍ത്ഥിക്കുന്ന ഒരു ഭാവഹാവാദികളും അവര്‍ സ്വീകരിക്കുന്നില്ല. വേഷവിധാനങ്ങളില്‍ സരിത പുലര്‍ത്തിയിരുന്ന ശ്രദ്ധ കോടതിയുടെയും മാദ്ധ്യമങ്ങളുടെയും വരെ ചര്‍ച്ചാവിഷയമായി. 'ജയിലില്‍നിന്നോ ബ്യൂട്ടി പാര്‍ലറില്‍നിന്നോ ഈ സ്ത്രീ വരുന്നതെ'ന്ന് കോടതി വരെ സംശയത്തോടെ നോക്കുന്നു. അപമാനിതയുടെയോ പീഡിതയുടെയോ പരാജിതയുടെയോ ഭാവത്തില്‍ സമൂഹം കാണാന്‍ ആഗ്രഹിച്ചിരുന്ന ഒരു സ്ത്രീ വര്‍ദ്ധിത വീര്യത്തോടെ പുറത്തേക്ക്.

നാല്. അവള്‍ കോമാളികളുടെ കയ്യിലെ പൊള്ളവടിയാണെന്നു കരുതിയവര്‍ക്കു പിഴച്ചു. ഇരുമ്പു കാച്ചിയതില്‍ കൂടം കൊണ്ടടിക്കന്നതിന്റെ ശബ്ദമാണ് അവള്‍ക്കിപ്പോള്‍. കോടതിയെപ്പോലും സംഭ്രമിപ്പിക്കുന്ന മട്ടില്‍ ശക്തമായി തിരിച്ചടിക്കുന്ന സരിതയെ ആണ് ഈ കാലയളവില്‍ നാം കാണുന്നത്. കടമ്മനിട്ടയുടെ ഭാഷയില്‍ പറഞ്ഞാല്‍ കാട്ടുപോത്തിന്‍ വെട്ടുപോലെ, കാട്ടുവെള്ള പ്രതിമപോലെ, മുളങ്കരുത്തിന്‍ കൂമ്പുപോലെ ഒരു കരുത്ത്. അരങ്ങത്തു മുന്‍നിരയില്‍ മുറുക്കിത്തുപ്പിയും ചുമ്മാ ചിരിച്ചുംകൊണ്ടിടം കണ്ണാല്‍ കടാക്ഷിക്കുന്ന കരനാഥന്മാര്‍ക്കു നേരെ ശക്തമായി കൈ ചൂണ്ടി സംസാരിക്കുന്നവള്‍. 'ഞാന്‍ തട്ടിപ്പു നടത്തിയെങ്കില്‍ അതിനു പ്രേരിപ്പിച്ച മുഖ്യമന്ത്രി ഇവിടെയുണ്ട്, ചുണയുണ്ടെങ്കില്‍ കേസു കൊടുക്കൂ' എന്നു ഗര്‍ജ്ജിക്കുന്നവള്‍. 'ഞാന്‍ മരമരിച്ച് പൂവരിച്ച് തേനരിച്ച് കാഴ്ചവെച്ചില്ലേ... നിങ്ങള്‍ മധുകുടിച്ച് മത്തരായി കൂത്തടിച്ചില്ലേ' എന്നു ചോദിച്ചു മന്ത്രിമാരുടെയും പൊതുപ്രവര്‍ത്തകരുടെയും പേരെഴുതിയ ലിസ്റ്റു തുറന്നുപിടിച്ചു മാദ്ധ്യമങ്ങളുടെ മുന്നില്‍ സരിത വന്നിരുന്നപ്പോള്‍ കേരളത്തിലെ പുരുഷാധികാരചിങ്കങ്ങള്‍, ഹിപ്‌നോട്ടിസ്റ്റിന്റെ മുന്നിലിരിക്കുന്ന ദുര്‍ബ്ബലനെപ്പോലെയും പാമ്പിന്റെ കണ്ണില്‍ നോക്കിയിരിക്കുന്ന ചുണ്ടെലിയെപ്പോലെയും ചൂളുകയും ഇരുട്ടിലൊളിക്കാനാഗ്രഹിക്കുകയും ചെയ്തു. ഓടിയൊളിച്ചു. ക്യാമറയും മൈക്കുമായി സരിതയുടെ പിന്നാലെ കിതച്ചോടുകയായിരുന്ന മാധ്യമങ്ങളെ ആ സ്ത്രീ വിരല്‍ത്തുമ്പിലിട്ടു പകിട തിരിച്ചു. തനിക്കു സൗകര്യമെന്നു തോന്നിയപ്പോള്‍ ഒക്കെ സത്യവും കള്ളവും മാറി മാറി പറഞ്ഞു. 'അതു ഞാനാണോ അതു ഞാനാണോ' എന്നു തലയില്‍ പൂട തപ്പിയ കള്ളന്മാരെ കണ്ടു സമൂഹം ആര്‍ത്തുവിളിച്ചു. ഫോണ്‍കോളിന്റെ വിശദവിവരങ്ങള്‍, കിടക്കാന്‍ ക്ഷണിച്ചതും വാഗ്ദാനങ്ങള്‍ നല്‍കിയതും വിളിച്ചുപറഞ്ഞു. ഉള്ളതോ ഇല്ലാത്തതോ മാറി മാറി പറഞ്ഞു. പല കുടുംബങ്ങളുടെയും അടിത്തറ ഇളകി. പലയിടത്തും വിവാഹബന്ധങ്ങള്‍ വേര്‍പിരിയലിന്റെ വക്കോളമെത്തി. പ്രതികാരദുര്‍ഗ്ഗയുടെ, തീരുമാനിച്ചുറപ്പിച്ചവളുടെ ചങ്കുറപ്പാണ് ഈ ഘട്ടത്തില്‍ സരിതയ്ക്ക്. 

പുരുഷാധിപത്യക്കോട്ടകളില്‍ ഇവര്‍ ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ ചെറുതല്ല. ആദ്യം പുരുഷനും പുരുഷനില്‍നിന്നു സ്ത്രീയും ഉണ്ടായി എന്ന പുരാതനമിത്തില്‍ത്തന്നെ ഉറഞ്ഞുകിടക്കുന്ന നമ്മുടെ സാമ്പ്രദായിക ബോധങ്ങളെ കുറച്ചൊന്നുമല്ല ഈ സ്ത്രീ വിറളിപിടിപ്പിച്ചത്. കേരളത്തിലെ സാംസ്‌കാരിക സ്ത്രീകള്‍ സഞ്ചരിക്കുന്ന വഴികളിലൂടെ ആയിരുന്നില്ല, അതിര്‍ത്തിരേഖകള്‍ക്കു പുറത്താണ് അവരുടെ സഞ്ചാരങ്ങള്‍. 'ഞാന്‍' എന്നു പറയാനുള്ള വീര്യം ഒരാളില്‍നിന്നു കവര്‍ന്നെടുക്കാന്‍ ലോകത്തെ ഒരു ശക്തിക്കും അതിതീവ്രമായ ദുരിതാവസ്ഥയ്ക്കുപോലും കഴിയില്ല, എന്നാണവര്‍ തെളിയിച്ചത്. സ്വയം കേന്ദ്രസ്ഥാനത്തു നിര്‍ത്തിക്കൊണ്ടുള്ള, 'ഞാന്‍' 'ഞാന്‍' എന്നാവര്‍ത്തിച്ചുള്ള ആ സംഭാഷണശൈലി ഈ തീവ്രഫെമിനിസ്റ്റുകാലത്തും കേരളം കേട്ടു ശീലിച്ചിട്ടില്ല. ഏകതാനതയുള്ള പെണ്‍മുഖങ്ങള്‍ മാത്രം കാണാനാഗ്രഹിച്ചവര്‍ 'മാലാഖകളുടെ ഇടയില്‍ ഇങ്ങനെയൊരു സത്വമോ' എന്നു പുരികം ചുളിച്ചു. കൃത്യതയോടെ വികാരങ്ങളും ചേഷ്ടകളും പ്രകടമാക്കി ജീവിതം ശീലിച്ച സ്ത്രീകളാകട്ടെ, ഓരോരുത്തരും 'ഞാന്‍ സരിതയല്ലല്ലോ, സരിതയെപ്പോലെയല്ലല്ലോ' എന്നു സ്വയം പുറത്തു തട്ടി അഭിനന്ദിച്ചു. അധികാരരംഗത്തെ പലരുടെയും വെളുത്ത കുപ്പായത്തിന്മേല്‍ കറുത്ത നിഴലായി മാറിയ സ്ത്രീ. ചിലപ്പോള്‍ പൂജാവിഗ്രഹമെന്നതുപോലെയും മറ്റു ചിലപ്പോള്‍ കളിപ്പാവയെന്നതുപോലെയും അവര്‍ കരുക്കള്‍ നീക്കി. 

സമൂഹത്തിന്റെ ബഹുമാനമോ ആദരവോ നേടിയെടുക്കാനുള്ള ഒരു വ്യാജനാട്യവും കള്ളക്കളിയും സരിത കളിക്കുന്നില്ല. നേരേമറിച്ച് ഈ കപടസമൂഹം നല്‍കുന്ന ആദരവ് എനിക്കൊരപമാനമാണ് എന്ന മട്ടില്‍ അവര്‍ സമൂഹത്തിന്റെ ശീലങ്ങളെ വെല്ലുവിളിച്ചു. സ്വാതന്ത്ര്യത്തെ ഭയക്കുന്ന ആണും പെണ്ണും അവരെ യക്ഷി എന്നു വിശേഷിപ്പിച്ചു. പുരുഷന്‍ സ്വന്തം പരാജയത്തെ മറച്ചുവെയ്ക്കാന്‍ സൃഷ്ടിച്ച മിത്താണല്ലോ യക്ഷി. സ്ത്രീയുടെ അടങ്ങാത്ത സ്വാതന്ത്ര്യ മോഹത്തിന്റെ പ്രതീകവും. താന്‍ സ്ത്രീയോടല്ല പരാജയപ്പെട്ടത്, മറിച്ച് ഒരു നിഗൂഢശക്തിയോടാണ് എന്നു വരുത്തിത്തീര്‍ക്കാനാണ് ഈ യക്ഷി എന്ന മിത്തിന്റെ സൃഷ്ടിതന്നെ. താനാഗ്രഹിക്കുന്നതു നേടാന്‍ തന്റെ വശ്യതയെ ഉള്‍പ്പടെയുള്ള എല്ലാ തന്ത്രങ്ങളേയും ഉപയോഗിച്ചുകൊണ്ട്, നിങ്ങള്‍ ഈ പെരുപ്പിച്ചുകൊണ്ടു നടക്കുന്ന ആണത്തം ഇത്രയ്‌ക്കേ ഉള്ളൂ എന്ന് സരിത തെളിയിച്ചുകൊടുത്തപ്പോള്‍ വിറച്ചുപോയി കേരളത്തിന്റെ പൗരുഷം. സ്ത്രീലൈംഗികതയെ മാത്രമല്ല, സ്ത്രീവിമോചനത്തെ ഭയപ്പെടുന്ന പുരുഷബോധത്തേയും സരിത പ്രതിനിധാനം ചെയ്യുന്നുണ്ട്. അപ്‌സരസ്സുകളും മോഹിനികളും ഒക്കെയായി പുരാണങ്ങളില്‍ ഇത്തരം രൂപങ്ങളെ നമ്മള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, സമീപകാല സാമൂഹ്യ-രാഷ്ട്രീയ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ നമ്മുടെ കണ്‍മുന്നില്‍ ഇതാദ്യമാണ്. ശക്തയായ, വഴങ്ങാത്ത, ഒതുക്കാനാകാത്ത, സ്വന്തം രതിസാദ്ധ്യതകള്‍ തിരിച്ചറിയുന്ന, പുരുഷന്റെ അന്തിമവിധിയെക്കുറിച്ചു നല്ല ബോദ്ധ്യമുള്ള ഒരു സ്ത്രീ. തന്റെ രക്തത്തിലോ മാംസത്തിലോ ശരീരത്തിലോ ഏല്‍ക്കുന്ന പരിക്കുകളെക്കുറിച്ചു തീര്‍ത്തും അവഗണനയോടെ ഈ സ്ത്രീ നടത്തിയ സമരമാണ് കേരളം ഈയടുത്ത കാലത്തു കണ്ട ഏറ്റവും വലിയ സ്ത്രീ മുന്നേറ്റം. സമൂഹം എത്ര ശ്രമിച്ചിട്ടും ഇരയാകാന്‍ കൂട്ടാക്കാത്ത ഈ സ്ത്രീയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ഏറ്റവും വലിയ ഫെമിനിസ്റ്റ്. 

പേഌറ്റോ തന്റെ ആദ്യകാല കൃതികളിലൊന്നായ ഹിപ്പിയാസ് മൈനറില്‍ പറയുന്നുണ്ട്, 'ഏതു വിഷയത്തെക്കുറിച്ചും നുണ പറയാന്‍ കഴിയുന്നവര്‍ക്ക്, ആ വിഷയത്തില്‍ ആഴത്തിലുള്ള അറിവുണ്ടായിരിക്കണം. അങ്ങനെ വരുമ്പോള്‍ അവര്‍ക്കു സത്യം എന്തെന്നു പറയാനുള്ള പ്രാപ്തിയും ഉണ്ടായിരിക്കും' എന്ന്. കാര്യങ്ങള്‍ വിശദമായി പഠിച്ചു പറയുന്നതുകൊണ്ട് ഒരിക്കല്‍പ്പോലും സരിത പൊതുമദ്ധ്യത്തില്‍ വിക്കുകയോ വിറയ്ക്കുകയോ ചെയ്തില്ല. നീണ്ടുനിന്ന ചോദ്യം ചെയ്യലുകളെ അവര്‍ പതറാതെയും പരുങ്ങാതെയും നേരിട്ടു. പതിന്നാലു മണിക്കൂര്‍ സോളാര്‍ കമ്മീഷനു മുന്‍പില്‍ ഇരുന്നു മൊഴി നല്‍കി എന്നു വീമ്പു പറയുന്ന മുഖ്യമന്ത്രി പറഞ്ഞതെല്ലാം നുണയായിരുന്നുവെന്നു പിന്നീടു വന്ന റിപ്പോര്‍ട്ടുകള്‍ തെളിയിച്ചു. അധികാരി നുണ പറഞ്ഞാല്‍ ഇളകുന്നതു സമൂഹത്തിന്റെ അടിത്തറയാണ്. ഇളിഭ്യരാകുന്നത് പൊതുജനങ്ങളും. സരിത പറയുന്നതു നുണയാണെങ്കില്‍ എന്തുകൊണ്ട് ഒരു എഫ്.ഐ.ആര്‍. ഇടാന്‍പോലും കേരളത്തിന്റെ മുഖ്യമന്ത്രിക്കു കഴിഞ്ഞില്ല? ആരെയാണ് സമൂഹം വിശ്വസിക്കുക? പിഗ്മികളെപ്പോലെ വെറും ഞാറപ്പക്ഷികളോടു യുദ്ധം ചെയ്താണ് നാം ജീവിക്കുന്നതെന്ന് തോറോ പറഞ്ഞത് എത്ര ശരിയാണ്.

വാക്കു മുട്ടാതെ ഇടം പിളരാതെ

ആരും എറിഞ്ഞുകൊടുക്കുന്ന സൗജന്യം വാങ്ങി ഒതുങ്ങിക്കൂടാനല്ല സരിത ശ്രമിച്ചത്. അധികാരിയായ അഴിമതിപുരുഷന്‍ ആര്‍ജ്ജിച്ച സ്വത്തുക്കളില്‍, താന്‍ കൂടി പങ്കാളിയായ കച്ചവടത്തില്‍, തന്റെയും ഷെയറുണ്ട്, അതു തനിക്കുവേണം, അതു തന്റെ അവകാശമാണ് എന്നു പരസ്യമായി മറ്റേതൊരു സ്ത്രീ ചോദിച്ചിട്ടുണ്ട്? പരസ്യമായി സരിതയെ അനുകൂലിക്കാന്‍ ഇവിടുത്തെ പുരോഗമന വിപഌവക്കാര്‍ കൂടി ഭയപ്പെട്ടു. കാരണം പാരമ്പര്യത്തിനു വലിയ കേടുപാടുകളേല്‍പ്പിക്കാത്ത ഫെമിനിസത്തിനു മാത്രമേ ഇവിടെ പരസ്യാംഗീകാരം ലഭിക്കൂ. നാട്ടില്‍ നിലനില്‍ക്കുന്ന സദാചാരസങ്കല്പങ്ങളെ എത്ര അനായാസമായാണ് ഈ സ്ത്രീ മറികടന്നത്! തകഴിയുടെ ചില സ്ത്രീകഥാപാത്രങ്ങളിലല്ലാതെ, ഈ ചങ്കൂറ്റം കേരളത്തില്‍ വേറെ ഏതു വനിതയില്‍ കണ്ടിട്ടുണ്ട്? താനല്ല, തന്നെയാണ് തട്ടിച്ചത് എന്നാണവര്‍ വിളിച്ചുപറയുന്നത്. അഴിമതിയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളും സരിത എന്ന ഒരൊറ്റ വ്യക്തിയില്‍ ചേര്‍ത്തുകെട്ടിക്കൊണ്ടുള്ള ആ ആഭാസത്തെയാണ് കൂസലില്ലാതെ അവര്‍ നേരിടുന്നത്. ഞാന്‍ വീഴുന്നെങ്കില്‍ തനിച്ചായിരിക്കില്ല വീഴുന്നതെന്ന് ഉറപ്പിച്ചുകൊണ്ടാണ് സരിതയുടെ യുദ്ധമുറകള്‍. നിഗൂഢതകളുടെ ചുരുളുകളഴിക്കാനായി ഈ പ്രഹേളിക നമ്മെ പിടിച്ചുവലിച്ചുകൊണ്ടു പോവുകയാണ്. ആരാലും തടുക്കാനോ നിയന്ത്രിക്കാനോ കഴിയാതെ.

അധികാരകേന്ദ്രങ്ങള്‍ ആ സ്ത്രീക്കെതിരെ ഉപയോഗിക്കാവുന്ന എല്ലാ ആയുധങ്ങളുമുപയോഗിച്ചു പയറ്റി നോക്കി. അവരുടെ നഗ്നവീഡിയോകളും ചിത്രങ്ങളും നാടാകെ പറന്നു നടന്നു. അപ്പോഴൊക്കെ ധീരമായ ഒരു താക്കീതുപോലെ അവര്‍ നിവര്‍ന്നു നിന്നു. ശക്തരായ എതിരാളികളോടു കൂസലില്ലാതെ ചെറുത്തുനിന്നു. മറ്റേതൊരു സ്ത്രീ പിടിച്ചുനില്‍ക്കും ഇത്തരം സാഹചര്യങ്ങളില്‍! രണ്ടു കുട്ടികളുടെ അമ്മയായി കേരളത്തില്‍ ജീവിക്കുന്ന ഈ സ്ത്രീ ഭയന്നോടാനോ പിന്തിരിയാനോ ആത്മഹത്യ ചെയ്യാനോ തുനിയാതെ ആത്മവീര്യത്തോടെ പൊരുതിനിന്നത് കേരളം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ കണ്ട ഒരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. പെണ്ണ് വാ തുറക്കുമ്പോള്‍ സംഭവിക്കുന്നതിനെപ്പറ്റി പ്രശസ്ത ഫെമിനിസ്റ്റ് സൈദ്ധാന്തിക ഹെലനെ സിക്‌സു 1975-ല്‍ എഴുതിയിട്ടുണ്ട്. ''ഏതുകാലത്തും ഏതു സ്ത്രീയും വാമൊഴിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പീഡനം അനുഭവിച്ചിട്ടുണ്ട്. മിടിക്കുന്ന ഹൃദയം, അല്ലെങ്കില്‍ ചില നേരങ്ങളില്‍ ഭാഷ അവളെ തോല്പിക്കുന്നു. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പിളര്‍ന്നുപോകും അവള്‍ നില്‍ക്കുന്ന ഇടവും അവളുടെ നിലപാടുകളും.' പക്ഷേ, ഇവിടെ നമ്മള്‍ എഴുതിയും പറഞ്ഞും പഴകിപ്പുളിച്ച ആ ഫെമിനിസ്റ്റ് തത്ത്വശാസ്ത്രം പിഴച്ചു. സരിതയ്ക്ക് ഒരിക്കലും വാക്കു മുട്ടുകയോ അവള്‍ നിന്ന ഇടം പൊട്ടിപ്പൊളിയുകയോ ഉണ്ടായില്ല. പൊതുസ്ഥലത്ത് സ്ത്രീ ആശയാവിഷ്‌കാരം നടത്തുമ്പോഴുള്ള പതിവ് അപകടസാദ്ധ്യതകള്‍ അത്രയ്ക്കു വലുതാണ്. ആ സ്ത്രീയുടെ ധീരതയെ ബുദ്ധിശൂന്യമെന്നു പരിഹസിച്ചിട്ടും വീണ്ടുവിചാരമില്ലാത്ത അതിസാഹസികത എന്നു ചെറുതാക്കി കണ്ടിട്ടും സ്വന്തം ജീവിതം പണയപ്പെടുത്തി അവള്‍ വാ തുറക്കുമ്പോള്‍ അതു കേള്‍ക്കാന്‍ ബധിരകര്‍ണ്ണങ്ങള്‍ വരെ കാതു കൂര്‍പ്പിച്ചു. സ്വന്തം അനീതിയുടെ സൃഷ്ടികളായ രക്തസാക്ഷികളെ മാത്രം കണ്ടു ശീലിച്ച അധികാരിവര്‍ഗ്ഗം 'ഇത്രക്കു നാശം പിടിച്ച ഒരു ജന്മ'ത്തെ കണ്ട് 'നിദ്ര നിശയിങ്കല്‍പോലുമില്ലാ'തെ പാടുപെട്ടു. ഇത്രയ്ക്ക് രാഷ്ട്രീയക്കാര്‍ തുണിയുരിക്കപ്പെട്ടു പൊതുമദ്ധ്യത്തില്‍ നിന്നിട്ടില്ല മുമ്പൊരിക്കലും. ചാരിത്ര്യത്തിന്റെയും സ്വഭാവഗുണത്തിന്റെയും ആടകള്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കാന്‍ ഒരു സ്ത്രീ തയ്യാറായപ്പോള്‍ സംഭവിച്ചതാണത്. ഒരു പുരുഷന്‍ നേരിടുന്നതിനേക്കാള്‍ വലിയ എന്തു പ്രതിബന്ധമാണ് എനിക്കു നേരിടാനുള്ളത് എന്ന ആ ഭാവത്തെയാണ് സ്ത്രീയെന്ന നിലയില്‍ ഞാന്‍ മാനിക്കുന്നത്. തരണം ചെയ്യാനുള്ള ദുര്‍ദ്ദേവതകളേയും പിശാചുക്കളേയും മുന്‍വിധികളേയും അവര്‍ മറികടന്ന ആ രീതിയെയാണ് ഞാന്‍ മാതൃകയായി കാണുന്നത്.

അഭിമാനിനിയുടെ ചോദ്യങ്ങള്‍

ഈ തെരഞ്ഞെടുപ്പ് അതുകൊണ്ടു തന്നെ സരിത എന്ന സ്ത്രീയുടെ ആത്മാഭിമാനം നിലനിര്‍ത്തിക്കിട്ടാന്‍ വേണ്ടിക്കൂടി ഉള്ളതാകണം. തെറ്റു ചെയ്തവര്‍ നിരന്നുനില്‍ക്കുമ്പോള്‍, ഒരു തുള്ളി കണ്ണുനീരു പൊടിയാതെ അവരോട് എതിരിടുവാനും അവരുടെ പൂച്ചു പുറത്തുകൊണ്ടുവരുവാനും സരിത അനുഭവിച്ച അപമാനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ ഉത്തരം കിട്ടണം. സരിതയുടെ ആരോപണങ്ങള്‍ക്കു മറുപടി നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കേണ്ടത് കേരളത്തിലെ സ്ത്രീ സമൂഹമാണ്. നിര്‍ലജ്ജം വോട്ടര്‍മാരെ സമീപിക്കുന്ന അഴിമതിക്കാരോട് 'സരിതയ്ക്കു നീതി' എന്നൊരു മുദ്രാവാക്യമാണ് സ്ത്രീകള്‍ ഉയര്‍ത്തേണ്ടത്. പുറത്തു പരിഷ്‌കാരവും അകത്തു പ്രാകൃതത്വവും സൂക്ഷിക്കുന്ന നമ്മുടെ ചില സ്ത്രീപ്രവര്‍ത്തകര്‍ പോലും സരിതയ്‌ക്കെതിരെ വാളുയര്‍ത്തിയത് ഒരു അപകടസൂചന തരുന്നുണ്ട്. 

സരിത ആരുടെ കൂടെ ഒക്കെ ലൈംഗികഇടപാടുകള്‍ നടത്തിയിട്ടുണ്ട് എന്നതല്ല കേരളത്തിന്റെ പ്രശ്‌നം. അത് ഒരു പൊതുപ്രശ്‌നമേയല്ല. കേരളത്തിന്റെ പൊതുഖജനാവിലെ പണം ആരൊക്കെ ദുര്‍വിനിയോഗം ചെയ്തു എന്ന് സരിത ഉയര്‍ത്തിയ ചോദ്യമാണ് പ്രധാനം. ഒരു സ്ത്രീക്കു വ്യവസായാവശ്യങ്ങളുമായി, പുതിയ വികസനപദ്ധതികളുമായി ആത്മവിശ്വാസത്തോടെ അധികാരികളെ സമീപിക്കുവാനുള്ള സാഹചര്യം കേരളത്തില്‍ ലഭ്യമാണോ എന്നതാണ് അറിയേണ്ടത്. അതിനുള്ള ഉത്തരമാണ് കിട്ടേണ്ടത്. കളങ്കിതരെന്ന് ആരോപിപ്പിക്കപ്പെട്ട ഒരു നേതാവിനെതിരേയും അന്വേഷണമുണ്ടായില്ല. സമര്‍ത്ഥയായ ഒരു വ്യവസായസംരംഭകയെ, അവര്‍ക്കു വേണ്ട പിന്തുണയും പ്രോത്സാഹനവും കൊടുക്കാന്‍ ബാദ്ധ്യതപ്പെട്ടവര്‍ എങ്ങനെയൊക്കെയാണ് ദുരുപയോഗം ചെയ്തത് എന്നുള്ളത് ഏതൊരു സ്ത്രീയും മനസ്‌സിലാക്കിയിരിക്കേണ്ടതാണ്. അവരുടെ സ്ത്രീത്വത്തെ അധിക്ഷേപിച്ചവര്‍ സ്വയം വിശുദ്ധന്മാരെന്നു ഭാവിക്കുകയും കൂടി ചെയ്തപ്പോഴാണ് ആ അവഹേളനം പൂര്‍ണ്ണമായത്. 

അധികാരത്തിന്റെ നിഗൂഢതകളിലേക്ക് ഒരു തീപ്പന്തമെറിയാന്‍ ഒടുവില്‍ ഒരു സ്ത്രീ തന്നെ വരേണ്ടിവന്നു എന്നതു ചരിത്രമൊരുക്കിവെച്ച ഒരു തമാശയാകാം. പില്‍ക്കാലചരിത്രം സരിതയെ ഒരു വ്യഭിചാരിണി എന്നോ തട്ടിപ്പുകാരിയെന്നോ ആയിരിക്കില്ല രേഖപ്പെടുത്തുക. കുറിയേടത്തു താത്രിക്ക് ആത്മാഭിമാനത്തിന്റെ ഒരു പുനര്‍ജന്മം മാറിയ കാലത്തു കൈവന്നതുപോലെ, അധികാരകേന്ദ്രങ്ങളെ വിറളിപിടിപ്പിച്ച, സ്വന്തം അവമതികള്‍ക്ക് എണ്ണിയെണ്ണി കണക്കു ചോദിച്ച ഒരു അഭിമാനിനി എന്ന നിലയിലായിരിക്കട്ടെ സരിതയെ വരും കാലം അടയാളപ്പെടുത്തുക.

പാര്‍ശ്വവത്കരിക്കപ്പെട്ടവരോടു പക്ഷം ചേര്‍ന്നു നില്‍ക്കാനാഗ്രഹിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ആ നാലാംഘട്ടത്തിലെ സരിതയെ ഞാനാദരിക്കുന്നു. അധികാരികളെല്ലാം തള്ളിക്കളഞ്ഞതിനു ശേഷവും അവര്‍ പുലര്‍ത്തിയ ആത്മവിശ്വാസത്തെ ഞാന്‍ വിലമതിക്കുന്നു. ആ ആര്‍ജ്ജവത്തെ കേരളത്തിലെ സ്ത്രീകള്‍ മറന്നു കൂടാ. സരിതയുടെ തിരിച്ചടികളുടെ ശക്തിയില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ടെങ്കില്‍ മാത്രമേ രാഷ്ട്രീയ ദുഷ്പ്രഭുത്വമേല്പിക്കുന്ന അപമാനങ്ങള്‍ക്ക് എതിരേ ചെറുത്തുനില്പു സാദ്ധ്യമാകൂ. നമ്മുടെ കേളികേട്ട വനിതാ നേതാക്കളില്‍ ആര്‍ക്കുണ്ട് സ്വന്തം പാര്‍ട്ടിയില്‍നിന്നുപോലും ഉണ്ടാകുന്ന അപമാനങ്ങള്‍ക്കെതിരെ ചെറുത്തു നില്‍ക്കാനുള്ള ആത്മശേഷി? അതുകൊണ്ട് സരിതയെ മറന്നുകൊണ്ട് കേരളത്തിലെ സ്ത്രീവാദ പ്രസ്ഥാനത്തിനു മുന്നോട്ടുപോകാനുമാവില്ല. കാരണം സ്വന്തം സ്ത്രീത്വത്തെ അപമാനിച്ചവരോട് ഇത്ര ശക്തമായി, ഏകയായി ആഞ്ഞടിച്ച ഒരു സ്ത്രീയും നമ്മുടെ മുന്നിലില്ല.

അരിസ്റ്റോഫിനിസിന്റെ ലിസിസ്ട്രാറ്റാ എന്ന നാടകമാണ് ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ പ്രസക്തമായി തോന്നുന്നത്. ആഥന്‍സും സ്പാര്‍ട്ടക്കയും തമ്മിലുള്ള യുദ്ധം നീണ്ട ഇരുപതു വര്‍ഷം പിന്നിട്ടപ്പോള്‍ യുദ്ധം കൊണ്ടു പൊറുതിമുട്ടി, കഷ്ടപ്പാടുകളില്‍ മനം മടുത്ത ഒരു കൂട്ടം സ്ത്രീകള്‍ അതൊന്ന് അവസാനിപ്പിക്കാനായി ലിസിസ്ട്രാറ്റാ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ സമരരംഗത്തേക്കു വരുന്നുണ്ട്. ആണുങ്ങള്‍ക്കെല്ലാം യുദ്ധം വീണ്ടും തുടരണമെന്ന അഭിപ്രായമാണ്. രാഷ്ട്രീയക്കാരാകട്ടെ, നാടിന്റെ നന്മ എന്നൊക്കെ ന്യായം പറഞ്ഞ് യുദ്ധം നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്. സന്ധിസംഭാഷണങ്ങളെല്ലാം പരാജയപ്പെടുന്നു. ഗതികെട്ട് ആ നാട്ടിലെ സ്ത്രീകള്‍ ലിസിസ്ട്രാറ്റയുടെ നേതൃത്വത്തില്‍ ഒരു ഉറച്ച തീരുമാനമെടുക്കുകയാണ്. ഒരു വലിയ കോപ്പ വീഞ്ഞെടുത്ത് ഒരു ചട്ടിയില്‍ പകര്‍ന്ന് അതിന്മേല്‍ കൈവെച്ചുകൊണ്ട്, യുദ്ധം അവസാനിക്കുന്നതു വരെ തങ്ങളുടെ പുരുഷന്മാരോടൊത്ത് സഹശയനം ചെയ്യില്ല എന്നൊരു പ്രതിജ്ഞ എടുക്കുകയാണവര്‍. അതാണ് അവര്‍ സ്വീകരിച്ച സമരമാര്‍ഗ്ഗം. കാമുകന്മാരുടെയും ഭര്‍ത്താക്കന്മാരുടെയും വികാരത്തെ ഉണര്‍ത്തിയതിനുശേഷം അവരുമായി സഹകരിക്കാതിരുന്നാല്‍ തങ്ങള്‍ പറയുന്നതുകേട്ട് അവര്‍ യുദ്ധം അവസാനിപ്പിക്കും എന്ന് ലിസിസ്ട്രാറ്റ അവര്‍ക്കു പറഞ്ഞുകൊടുക്കുന്നു. സദാചാരപരമായ അച്ചടക്കം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഈ സമരത്തിനു വലിയ താമസമില്ലാതെ തന്നെ ഫലം കണ്ടുതുടങ്ങുമെന്നു പറയേണ്ടതില്ലല്ലോ. 

രാജ്യത്തിന്റെ ഭണ്ഡാരപ്പുരകള്‍ സ്ത്രീകള്‍ കൈവശപ്പെടുത്തി. പണം കയ്യിലില്ലാതാകുന്നതോടെ ആണുങ്ങള്‍ യുദ്ധം നിര്‍ത്തുമെന്ന അവരുടെ യുക്തി ഫലവത്താകുകയാണ്. സ്ത്രീകളുടെ ഈ ധിക്കാരം അവര്‍ക്കു താങ്ങാനാകുന്നതിലും അധികമായിരുന്നു. വൃദ്ധന്മാരുടെ ഒരു സംഘം, സ്ത്രീകള്‍ പിടിച്ചടക്കിയ കോട്ടയ്ക്കു തീവെയ്ക്കാന്‍ വരുന്നു. തീ കത്തിക്കുന്നിടത്തെല്ലാം ഒറ്റക്കെട്ടായി അവര്‍ വെള്ളമൊഴിച്ചു കെടുത്തുന്നു. ലിസിസ്ട്രാറ്റയെ ബന്ധിക്കാന്‍ മജിസ്‌ട്രേറ്റ് ആജ്ഞ പുറപ്പെടുവിക്കുന്നു എങ്കിലും സ്ത്രീകളുടെ എതിര്‍പ്പിനു മുന്നില്‍ അവര്‍ പിന്‍വാങ്ങുന്നു. തങ്ങളുടെ നിലപാട് മജിസ്‌ട്രേറ്റിനോടു വിശദീകരിക്കുന്ന ഘട്ടത്തില്‍ ലിസിസ്ട്രാറ്റാ ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നു ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സന്ദര്‍ഭത്തിനൊത്ത് സ്ത്രീകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ഉദാഹരണമാണ് ലിസിസ്ട്രാറ്റായുടെ കഥ. ലിസിസ്ട്രാറ്റാ എന്നാല്‍ സൈന്യം പിരിച്ചുവിടുന്നവള്‍ എന്നാണര്‍ത്ഥം. സമരമുറകള്‍ പുതുക്കേണ്ടിയിരിക്കുന്നു. അധികാരമോഹികള്‍ ആഗ്രഹിക്കുന്നതെന്തോ അതു കൊടുക്കില്ല എന്ന് വാശിയോടെ സമരം ചെയ്ത ലിസിസ്ട്രാറ്റയുടെയും സരിതയുടെയും സമരമുറ ഇവിടെയാണ് പ്രസക്തമാകുന്നത്. 

1794 -ല്‍ ജര്‍മ്മന്‍ തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ് ചോദിച്ചു 'എന്താണ് പ്രബുദ്ധത?' സ്വന്തം കുറ്റം കൊണ്ടുണ്ടാകുന്ന ആശ്രയത്വത്തില്‍ നിന്നുള്ള മോചനമാണ് പ്രബുദ്ധത. നിന്റെ ബുദ്ധിയെ ഉപയോഗിക്കാന്‍ ധൈര്യം നീ തന്നെ കണ്ടെത്തുക എന്നതാണ് പ്രബുദ്ധതയുടെ മുദ്രാവാക്യം. പൊതുജനമദ്ധ്യത്തില്‍ സ്ത്രീ ഇത്രയധികം അപമാനിതയായ ഒരു കാലം മുന്‍പുണ്ടായിട്ടില്ല. അഴിമതിരഹിത രാഷ്ട്രീയത്തെ തിരിയെ കൊണ്ടു വരാനുള്ള ഭാരിച്ച ഉത്തരവാദിത്വം സ്ത്രീകളുടെ ചുമലിലാണ്. അഴിമതിയും യുദ്ധവും എല്ലാം ആത്യന്തികമായി തകര്‍ക്കുന്നത് സ്ത്രീയുടെ വര്‍ധിതവീര്യത്തെത്തന്നെയാണ്. ഒരു സന്ദേഹത്തില്‍നിന്നു മറ്റൊരു സന്ദേഹത്തിലേക്ക്. ഒരു ഉത്കണ്ഠയില്‍നിന്നു മറ്റൊരു  ഉത്കണ്ഠയിലേക്ക്. ഒരു ഭയാനകതയില്‍നിന്നു മറ്റൊരു ഭയാനകതയിലേക്ക്. കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുകയാണ്. ഒരു തീപ്പെട്ടിക്കൊള്ളിക്കു ചിലപ്പോള്‍ ഒരു അഴിമതി വിപിനം തന്നെ കരിച്ചു ചാമ്പലാക്കാന്‍ കഴിഞ്ഞേക്കും. അത്രയ്ക്കു പുകയുകയാണ് ഉള്ളില്‍ കനലുകള്‍. സാമ്പ്രദായിക ആയുധങ്ങള്‍ ഉപയോഗിച്ച് നടക്കാനിടയുള്ള ഈ യുദ്ധത്തെ മറ്റൊന്നാക്കി മാറ്റേണ്ടതുണ്ട്. നൈതികതയുടെ ഉറവിടങ്ങളിലേക്കുള്ള വഴി അധികാരപ്രഭുക്കളെ ഓര്‍മ്മിപ്പിച്ചു കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വമായി ഈ തെരഞ്ഞെടുപ്പിനെ കാണേണ്ടതുണ്ട് പ്രബുദ്ധതയെ പ്രാപിക്കണം, നിഴലുകളെ ഭയപ്പെടാതെ ജീവിക്കണം. പരിവര്‍ത്തനത്തിന്റെ ഈ യുഗത്തില്‍ പുസ്തകത്താളുകളിലെ ഫെമിനിസ്റ്റ് പാഠങ്ങള്‍ ഞാന്‍ മറക്കുകയാണ്. ഇത്ര ആര്‍ജ്ജവവും നിര്‍ഭയതയും സാഹസികതയുമായി ഒരു സ്ത്രീ അധികാരകേന്ദ്രങ്ങളുടെ മുട്ടു വിറപ്പിച്ചുകൊണ്ട് നമ്മുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും. ആര്‍ത്തട്ടഹസിച്ചും കല്ലെറിഞ്ഞും പിന്നാലെ വരുന്ന ജനക്കൂട്ടമാകെ, ഒരു സ്ത്രീ തിരിഞ്ഞുനിന്നു തീക്ഷ്ണമായി വിരല്‍ചൂണ്ടുമ്പോള്‍ ചിതറിത്തെറിക്കുന്ന കാഴ്ച പ്രത്യാശാഭരിതമാണ്. 

(2016 ഏപ്രില്‍ 25ന് സമകാലിക മലയാളം വാരിക പ്രസിദ്ധീകരിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com