ആതിര; ആയിഷ പിന്നെയും ആതിര
By ഹമീദ് ചേന്ദമംഗലൂര്‍ | Published: 13th October 2017 11:45 AM |
Last Updated: 13th October 2017 11:47 AM | A+A A- |

പ്രതീകാത്മക ചിത്രം
കമലാദാസിനു രണ്ടു ദശകത്തോളം മുന്‍പ് പിണഞ്ഞ മൗഢ്യമാണ് സമീപകാലത്ത് തിരുവനന്തപുരത്തുകാരി നിമിഷയ്ക്കും വൈക്കം ടി.വി.പുരത്തുകാരി അഖിലയ്ക്കും ഉദുമക്കാരി ആതിരയ്ക്കും പിണഞ്ഞത്-ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു
മതം മാറുമ്പോള്‍ ആളുകള്‍ എന്തിനാണ് പേരു മാറുന്നത്? ഹിന്ദു മുസ്‌ലിമാകുമ്പോഴും മുസ്‌ലിം ഹിന്ദുവാകുമ്പോഴും നേരത്തേയുള്ള പേര് ഉപേക്ഷിക്കേണ്ടതുണ്ടോ? ഹിന്ദുമതക്കാരനായിരുന്ന അശോക ചക്രവര്‍ത്തി ബുദ്ധമതക്കാരനായി മാറിയപ്പോള്‍ പേര് മാറ്റിയിരുന്നില്ല. അതുപോലെ, ഹൈന്ദവനായിരുന്ന അംബേദ്കര്‍ ബൗദ്ധനായ ശേഷവും അംബേദ്കറായിത്തന്നെ തുടര്‍ന്നു.
പതിനാല് നൂറ്റാണ്ട് മുന്‍പു മുഹമ്മദ് ഇസ്‌ലാം മതവുമായി രംഗപ്രവേശം ചെയ്തതു തന്റെ 40–ാമത്തെ വയസ്സിലാണ്. പൂര്‍വ്വാശ്രമത്തിലെ പേര് അദ്ദേഹം മാറ്റിയില്ല. അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെ സ്ഥിതിയും അതുതന്നെ. മുഹമ്മദ് നബിയുടെ ആദ്യത്തെ അനുയായി ആയിരുന്ന ഖദീജ നവമതം സ്വീകരിച്ചശേഷവും തനിക്ക് അച്ഛനമ്മമാര്‍ നല്‍കിയിരുന്ന പേരില്‍ തുടര്‍ന്നു. നബിയുടെ സമകാലികനും ഇസ്‌ലാമിന്റെ ബദ്ധശത്രുവുമായിരുന്ന ഉമര്‍ തന്റെ പഴയ മതം വിട്ട് മുസ്‌ലിമാവുകയും ഇസ്‌ലാമിന്റെ രണ്ടാം ഖലീഫയായി അവരോധിതനാവുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹവും പേര് മാറ്റിയിരുന്നില്ല. ക്രിസ്തുവിന്റെ ആദ്യ ശിഷ്യന്മാരായ പീറ്റര്‍ തൊട്ട് യൂദാസ് വരെയുള്ളവരും പൂര്‍വ്വാശ്രമത്തിലെ പേരുകളില്‍ തുടര്‍ന്നവരാണ്.
മതം മാറുന്നവര്‍ പേര് മാറേണ്ടതില്ല എന്നതിനു ചരിത്രത്തില്‍നിന്നു ചില ഉദാഹരണങ്ങള്‍ എടുത്തുകാട്ടുകയാണ് മുകളില്‍ ചെയ്തത്. ഭിന്ന മതസ്ഥര്‍ സ്വീകരിക്കുന്ന പേരുകളില്‍ പലതും ഒരേ അര്‍ത്ഥം ധ്വനിപ്പിക്കുന്നവയാണെന്ന യാഥാര്‍ത്ഥ്യം നമ്മുടെ മുന്‍പിലുണ്ടുതാനും. മുസ്‌ലിങ്ങള്‍ക്കിടയില്‍ സര്‍വ്വസാധാരണമായ പേരുകളില്‍ ഒന്നാണ് അബ്ദുല്ല. ആ പേരിനു ദൈവത്തിന്റെ അടിമ എന്നാണര്‍ത്ഥം. ഹിന്ദുക്കള്‍ക്കിടയില്‍ സര്‍വ്വസാധാരണമായ ഹരിദാസ്, ദേവദാസ്, ഈശ്വര്‍ദാസ്, ബ്രഹ്മദാസ്, കൃഷ്ണദാസ്, രാമദാസ്, ശിവദാസ്, വിഷ്ണുദാസ് തുടങ്ങിയ പേരുകളുടേയും ക്രൈസ്തവര്‍ക്കിടയില്‍ കാണപ്പെടുന്ന യേശുദാസ്, ക്രിസ്തുദാസ് തുടങ്ങിയ പേരുകളുടേയും വിവക്ഷ ദൈവത്തിന്റെ അടിമ എന്നു തന്നെ.
ആംഗലേയ ബൈബിളിലെ അബ്രഹാം അറബി ഖുര്‍ആനില്‍ ഇബ്രാഹിം എന്ന പേരില്‍ ഇരിപ്പുണ്ട്. ബൈബിളിലെ നോഹയാണ് ഖുര്‍ആനിലെ നൂഹ്. ബൈബിളിലെ ലോത്ത് ലൂത്ത് എന്ന പേരിലും ജേക്കബ് യഅ്കൂബ് എന്ന പേരിലും ജോസഫ് യൂസുഫ് എന്ന പേരിലും ഡേവിഡ് ദാവൂദ് എന്ന പേരിലും സോളമന്‍ സുലൈമാന്‍ എന്ന പേരിലും ഐസക് ഇസ്ഹാക് എന്ന പേരിലും ഇശ്‌മെയല്‍ ഇസ്മായില്‍ എന്ന പേരിലും മോസസ് മൂസ എന്ന പേരിലും ജീസസ് ഈസ എന്ന പേരിലും ഹാഗര്‍ ഹാജറ എന്ന പേരിലും മേരി മര്‍യം എന്ന പേരിലും ഖുര്‍ആനില്‍ ജീവിക്കുന്നു.
ഇതൊക്കെ മനസ്സില്‍ വെച്ചിട്ടായാലും അല്ലെങ്കിലും, പേരില്‍ എന്തിരിക്കുന്നു എന്നു ചോദിക്കുകയും റോസാപ്പൂവിനെ മറ്റെന്തു പേരില്‍ വിളിച്ചാലും അതിന്റ സുഗന്ധത്തില്‍ മാറ്റമേതുമുണ്ടാവുകയില്ല എന്നു പറയുകയും ചെയ്തത് ഷെയ്ക്‌സ്പിയറാണ്. ഇംഗഌഷില്‍ കവിതകളെഴുതിയിരുന്ന നമ്മുടെ കമല എന്ന മാധവിക്കുട്ടി ഷെയ്ക്‌സ്പിയറുടെ വരികള്‍ വായിച്ചിരിക്കുമെന്നുറപ്പ്. എന്നിട്ടുപോലും കമല ഹിന്ദുമതത്തില്‍നിന്ന് ഇസ്‌ലാമിലേക്കു മാറിയപ്പോള്‍ തന്റെ പേരിനോടൊപ്പം സുരയ്യ എന്നുകൂടി ചേര്‍ത്തു. പേരില്‍ പലതുമിരിക്കുന്നു എന്ന പാഴ്‌വിചാരത്തിനു ആ പ്രശസ്ത കവയിത്രിയും വശംവദയായി.
ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെട്ട കമലാദാസിനു രണ്ടു ദശകത്തോളം മുന്‍പ് പിണഞ്ഞ മൗഢ്യമാണ് സമീപകാലത്ത് തിരുവനന്തപുരത്തുകാരി നിമിഷയ്ക്കും വൈക്കം ടി.വി.പുരത്തുകാരി അഖിലയ്ക്കും ഉദുമക്കാരി ആതിരയ്ക്കും പിണഞ്ഞത്. മതം മാറിയപ്പോള്‍ ആ യുവതികള്‍ തങ്ങളുടെ പേരുകളും മാറ്റി. റോസിനെക്കുറിച്ച് ആംഗലേയ കവിശ്രേഷ്ഠന്‍ പറഞ്ഞത് അവര്‍ ഓര്‍ത്തില്ല. പഴയ പേര് നിലനിര്‍ത്തിത്തന്നെ പുതിയ മതം വരിക്കാമെന്ന വസ്തുത അവര്‍ തിരിച്ചറിഞ്ഞതുമില്ല. ഭാരതീയമായ പേര് ഉപേക്ഷിക്കാതെ മുസ്‌ലിമാകാമെന്നും ഇസ്‌ലാം വിശ്വാസിയാകാന്‍ അറേബ്യന്‍ പേരിന്റെ ആവശ്യമില്ലെന്നും അവര്‍ ഗ്രഹിക്കാതെ പോയി.
ഹമീദ് ചേന്ദമംഗലൂര്‍
ഈ വീഴ്ചയ്ക്ക് അവര്‍ മാത്രമാണോ ഉത്തരവാദികള്‍? മതം മാറുമ്പോള്‍ പേരും മാറണമെന്ന ശരിയല്ലാത്ത ധാരണ സമൂഹത്തില്‍ പൊതുവെയുണ്ട്. ഒരുതരം സാംസ്‌കാരിക അധിനിവേശമായാണ് പലരും മതംമാറ്റത്തെ കാണുന്നത്. മതപരിവര്‍ത്തനത്തെ പലമട്ടില്‍ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളാകട്ടെ മതംമാറ്റ വിഷയത്തില്‍ ഊന്നല്‍ നല്‍കുന്നത് സമ്പൂര്‍ണ്ണമായ സാംസ്‌കാരികാധിനിവേശത്തിനാണ്. ഉദാഹരണത്തിന്, ഒരു അമുസ്‌ലിം മുസ്‌ലിമാകുമ്പോള്‍ ബന്ധപ്പെട്ട വ്യക്തി അറേബ്യയുടെ സാംസ്‌കാരിക കീഴ്‌വഴക്കങ്ങള്‍ക്കു വിധേയമാകണമെന്നു അത്തരം മുസ്‌ലിം സംഘടനകള്‍ നിഷ്‌കര്‍ഷിക്കുന്നു. പൂര്‍വ്വമതത്തിന്റെ മിത്തുകളില്‍നിന്നു പുതിയ മതത്തിന്റെ മിത്തുകളിലേക്ക് സംക്രമിച്ചാല്‍ മാത്രം പോരാ, പേരില്‍ പോലും സാംസ്‌കാരിക സംക്രമണം നടന്നേ മതിയാവൂ എന്നതാണവരുടെ സന്ധിയില്ലാ നിലപാട്.
ആ നിലപാടിന് ഇരയായവരില്‍പ്പെട്ട ആതിരയിലേക്കു ചെന്നു നോക്കൂ. ഹിന്ദുമതത്തില്‍നിന്ന് ഇസ്‌ലാമിലേയ്ക്കു മാറിയ ആതിര അറേബ്യന്‍ ചുവയുള്ള ആയിഷ എന്ന പുതിയ പേര് സ്വീകരിച്ചു. ഏതാനും നാളുകള്‍ പിന്നിട്ടപ്പോള്‍ ആയിഷ ഇസ്‌ലാമില്‍നിന്നു ഹിന്ദുമതത്തിലേയ്ക്കു തിരിച്ചു നടക്കുകയും വീണ്ടും ആതിരയാവുകയും ചെയ്തു. മതപരിവര്‍ത്തനം എന്നതിലേറെ നാമപരിവര്‍ത്തനമാണ് ആതിരയുടെ കാര്യത്തില്‍ നടന്നത്. മതം മാറുന്ന കേസുകളിലെല്ലാം യഥാര്‍ത്ഥത്തില്‍ നടക്കുന്നത് അതുതന്നെയാണ്.
ഒരു സ്വേശ്വരമതത്തിന്റെ ലോകവീക്ഷണത്തില്‍നിന്നു അടിസ്ഥാനപരമായി വ്യത്യസ്തത പുലര്‍ത്തുന്ന വേറൊരു ലോകവീക്ഷണം മറ്റൊരു സ്വേശ്വരമതവും പ്രദാനം ചെയ്യുന്നില്ല എന്നതാണ് സത്യം. ഈശ്വര പ്രീതി സമ്പാദനത്തിലൂടെ മനുഷ്യനു ക്ഷേമവും മോക്ഷവും തരപ്പെടുത്താനാകുമെന്നതാണ് എല്ലാ സ്വേശ്വരമതങ്ങളും നല്‍കുന്ന സന്ദേശം. ആ ലക്ഷ്യം നേടുന്നതിനുള്ള മാര്‍ഗ്ഗങ്ങളുടെ വിശദാംശങ്ങളിലേ മതങ്ങള്‍ തമ്മില്‍ വ്യത്യാസമുള്ളൂ.
സ്വമതം പ്രചരിപ്പിക്കുകയും അതിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുന്നതില്‍ ഔത്സുക്യം പ്രകടിപ്പിക്കുകയും ചെയ്യുന്നവര്‍ തങ്ങളുടെ മതം മാത്രമാണ് ശരി എന്ന പടുകൂറ്റന്‍ തെറ്റ് തലയിലേറ്റി നടക്കുന്നവരാണ്. ആ വകുപ്പില്‍പ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഉത്തമവും ഉത്കൃഷ്ടവുമായ ഒരേയൊരു മതം അവരുടേതു മാത്രം; മറ്റെല്ലാ മതങ്ങളും അവരുടെ ദൃഷ്ടിയില്‍ അധമവും അപകൃഷ്ടവുമാണ്.
മതങ്ങളുടെ ഉത്കൃഷ്ടതയും അപകൃഷ്ടതയും മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ഏകേശ്വരവാദികളായ മതപരിവര്‍ത്തന കേസരികള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്ന പ്രധാനപ്പെട്ട വാദമുഖം അനേകേശ്വരവാദത്തിലെ 'പൊള്ളത്തര'–മാണ്. ഒന്നിലേറെ ദൈവങ്ങളുണ്ടായാല്‍ പ്രപഞ്ചത്തിന്റെ താളക്രമം താറുമാറാവുകയില്ലേ എന്നവര്‍ ചോദിക്കുന്നു. കൂട്ടുത്തരവാദിത്വം ദൈവങ്ങള്‍ക്കുമാകാമല്ലോ എന്ന ആലോചന അവരുടെ തലയില്‍ വിരിയുന്നില്ല. തങ്ങള്‍ ന്യൂനപക്ഷമായ ദേശങ്ങളില്‍ ആചാരത്തിലും ആഹാരത്തിലും വേഷത്തിലും ഭാഷയിലും സംസ്‌കാരത്തിന്റെ മറ്റെല്ലാ തുറകളിലും ബഹുസ്വരത കൂടിയേ തീരൂ എന്നു ആര്‍ത്തുവിളിക്കുന്ന അവര്‍ ദൈവത്തിന്റെ കാര്യത്തിലെത്തുമ്പോള്‍ ബഹുസ്വരതാ നിഷേധികളായി മാറുന്നു. അവിടെ അവര്‍ക്ക് ഏകസ്വരത (ഏകദൈവ വിശ്വാസം) തന്നെ വേണം. ദൈവത്തിന്റെ ഏകസ്വരത എന്നതിനര്‍ത്ഥം ദൈവത്തിന്റെ പേരില്‍ സമൂഹത്തെ നിയന്ത്രിക്കുകയും രാജ്യം ഭരിക്കുകയും ചെയ്യുന്നവരുടെ ഏകസ്വരത (ഏകാധിപത്യം) എന്നാണ്. ബഹുദൈവവാദം തള്ളി ഏകദൈവവാദം പുല്‍കുന്നവര്‍ പ്രശ്‌നത്തിന്റെ ഈ വശം കണക്കിലെടുക്കാറില്ല.
വിഗ്രഹാരാധനാ വിരോധികളായ മതപരിവര്‍ത്തന യജ്ഞക്കാര്‍ വിഗ്രഹദ്വേഷമില്ലാത്ത മതങ്ങളുടെ അപകൃഷ്ടത തെളിയിക്കാനുപയോഗിക്കുന്ന മറ്റൊരു ചീട്ട് വിഗ്രഹപൂജയിലടങ്ങിയിട്ടുണ്ടെന്നു അവര്‍ കരുതുന്ന ഭോഷത്തമാണ്. ജീവനില്ലാത്ത വിഗ്രഹങ്ങളെ വണങ്ങുന്നതിനേക്കാള്‍ വലിയ മഠയത്തം മറ്റെന്തുണ്ട് എന്നാണവര്‍ ചോദിക്കുക. ആരും ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൈവത്തെ ആരാധിക്കുന്ന ഓരോ വിശ്വാസിയുടേയും മനസ്സില്‍ ദൈവത്തിന്റെ ഒരു ചിത്രമോ വിഗ്രഹമോ ഉണ്ടെന്നത് അവര്‍ ഗൗനിക്കാതിരിക്കുന്നു. മനസ്സിലുള്ള വിഗ്രഹത്തെ ആരാധിക്കാമെങ്കില്‍ മനസ്സിനു പുറത്ത് മണ്ണിലുള്ള വിഗ്രഹത്തെ ആരാധിക്കുന്നത് എങ്ങനെ വിഡ്ഢിത്തമാകും?
മനസ്സിലുള്ള വിഗ്രഹത്തെ വ്യത്യസ്ത മതക്കാര്‍ വിവിധ പേരുകളിട്ട് വിളിക്കുന്നു. അഹുര മസ്, എലോഹിം, യഹോവ, ഭഗവാന്‍, ഈശ്വരന്‍, അല്ലാഹു, ഖുദ തുടങ്ങി പല പേരുകള്‍ വിശ്വാസികള്‍ തങ്ങളുടെ മനോമുകുരത്തില്‍ ഇടം നേടിയ ദൈവത്തിനു നല്‍കിയിട്ടുണ്ട്. അതുകൊണ്ടത്രേ ഗാന്ധിജിയില്‍നിന്നു ഇമ്മട്ടില്‍ ഒരപേക്ഷ പുറപ്പെട്ടത്: ''ഈശ്വര്‍, അള്ളാ തേരേനാം, സബ്‌കോ സന്‍മതി ദേ ഭഗവാന്‍'.
പല മതങ്ങളും പല ദൈവസങ്കല്‍പ്പങ്ങളുമുണ്ടെങ്കിലും സാരാംശത്തില്‍ സര്‍വ്വ മതങ്ങളും സകല ദൈവസങ്കല്‍പ്പങ്ങളും ഒന്നുതന്നെ എന്നതായിരുന്നു ഗാന്ധിജിയുടെ മതം. ഏതാണ്ട് അതേ ആശയം പ്രക്ഷേപിച്ച ആളാണ് ലോക ബോക്‌സിങ്ങ് ചാമ്പ്യനായിരുന്ന കേഷ്യസ് ക്‌ളേ എന്ന മുഹമ്മദലി ക്‌ളേ. ക്രിസ്തുമതത്തില്‍നിന്നു ഇസ്‌ലാമിലേയ്ക്കു മാറിയ ശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ നിമിഷ്–അഖില–ആതിരമാര്‍ മാത്രമല്ല, മതം മാറാന്‍ ഉദ്ദേശിക്കുന്ന സര്‍വ്വരും ശ്രദ്ധിക്കേണ്ടതാണ്: ''സമുദ്രങ്ങളുടേയും നദികളുടേയും അരുവികളുടേയും ഉള്ളടക്കം ഒന്നാണ്; എല്ലാറ്റിലുമുള്ളത് വെള്ളമാണ്. അതുപോലെ വിവിധ മതങ്ങളുടെ ഉള്ളടക്കവും ഒന്നുതന്നെ'.
മതങ്ങള്‍ തമ്മില്‍ പുറന്തോടില്‍ മാത്രമേ വ്യത്യാസമുള്ളുവെന്നും അകക്കാമ്പില്‍ അവ ഒരുപോലെയാണെന്നുമാണ് ഗാന്ധിജിയും ക്‌ളേയും പറഞ്ഞതിന്റെ സാരം. എങ്കില്‍പ്പിന്നെ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും അവനവന്റെ മതം വിട്ട് എന്തിനു അപരമതത്തിലേക്കു കുടിയേറണം?