ഇനിയൊരു അഭയാര്‍ഥി പ്രവാഹത്തെ താങ്ങാനുള്ള ശേഷി ഇന്ത്യയ്ക്കില്ല, കപട ബുദ്ധിജീവികള്‍ ഒരുവശം മാത്രം കാണുന്നു

വികസനത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യം ലക്ഷോപലക്ഷം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കണമെന്ന വാദത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ പുറംപൂച്ചിലൊളിപ്പിച്ചുവച്ച ഗൂഢോദ്ദേശ്യമുണ്ട്
റൊഹിങ്ക്യ അഭയാര്‍ഥികളുടെ പലായനം/എപി
റൊഹിങ്ക്യ അഭയാര്‍ഥികളുടെ പലായനം/എപി

വികസനത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യം ലക്ഷോപലക്ഷം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കണമെന്ന വാദത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ പുറംപൂച്ചിലൊളിപ്പിച്ചുവച്ച ഗൂഢോദ്ദേശ്യമുണ്ട്-  ഗ്രേസി എഴുതുന്നു

കുടിയേറ്റത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു ലോകത്തെവിടെയും ചില സമാനതകളുണ്ട്. കുടിയേറ്റക്കാര്‍ക്ക് വേരുറയ്ക്കുകയും അവര്‍ രാഷ്ര്ടീയത്തിലിടപെടുകയും അധികാരം കൈയാളാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചടികളും തുടങ്ങുകയായി. തികച്ചും സ്വാഭാവികമായ ഈ പ്രക്രിയകളുടെ ക്രൂരമായ പരിണതി നമ്മള്‍ ശ്രീലങ്കയില്‍ കണ്ടതാണ്. അതുകൊണ്ടുതന്നെ അഭയാര്‍ത്ഥി പ്രശ്‌നത്തെക്കുറിച്ച് ഉട്ടോപ്പിയന്‍ ആദര്‍ശങ്ങള്‍ വിളമ്പുന്നത് അര്‍ത്ഥശൂന്യമാണ്. കാലിന്റെ പെരുവിരല്‍ത്തുമ്പ് കുത്താന്‍ പോലും ഒരു തരി മണ്ണില്ലാത്ത ഏതു ജനതയും കാരുണ്യമര്‍ഹിക്കുന്നുണ്ട് താനും. പക്ഷേ, ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതുപോലെ ചില പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമില്ല. 

രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യ സ്വീകരിക്കണമെന്നും അതാണ് ധാര്‍മ്മികത എന്നും വാദിക്കുന്നവര്‍ അഭിപ്രായപ്രകടനമാണ് സ്വന്തം കര്‍മ്മം എന്നു വിശ്വസിച്ചുപോരുന്നവരുടെ കൂട്ടത്തില്‍പ്പെടും. യഥാര്‍ത്ഥത്തില്‍ ഒരു രാജ്യത്തിന്റെ പ്രഥമവും പ്രധാനവുമായ ധര്‍മ്മം എന്താണ്? രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യനീതിയും മെച്ചപ്പെട്ട ജീവിതവും നല്‍കുക എന്നതാണ്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെടുന്നതിന്റെ കെടുതികളാണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ജനസംഖ്യയുടെ പെരുപ്പംകൊണ്ട് വീര്‍പ്പുമുട്ടുന്ന ഇന്ത്യയെപ്പോലൊരു ദരിദ്രരാജ്യത്തിന് ഇനിയൊരു അഭയാര്‍ത്ഥി പ്രവാഹം താങ്ങാനുള്ള കെല്പില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യ മാത്രമല്ല, ബംഗ്‌ളാദേശും മ്യാന്‍മറിന്റെ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഈ രണ്ട് രാജ്യങ്ങളെക്കാളും എത്രയോ വിസ്തൃതമായ ചൈനയാണ് മ്യാന്‍മറുമായി ഏറ്റവുമധികം ദൂരം അതിര്‍ത്തി പങ്കിടുന്നത്. എന്നിട്ടും ചൈനയെക്കുറിച്ച് ആരുമൊന്നും മിണ്ടുന്നില്ല. (പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നു നടന്‍ ശ്രീനിവാസന്റെ കഥാപാത്രം) ചൈനയുടെ തിബത്ത് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളുടെ ഒഴുക്ക് മാത്രമല്ല ഉണ്ടായത്. തുലഞ്ഞ ഒരു യുദ്ധത്തിലേക്ക് അത് ഇന്ത്യയെകൊണ്ടെത്തിക്കുകയും ചെയ്തു. നൂറായിരം രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സംഘടനകളുടേയും നൂലാമാലകളില്‍ കുരുങ്ങിയും അഴിമതിയില്‍ മുങ്ങിയും ജനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടിയും അന്തഃഛിദ്രത്തില്‍ ഉലഞ്ഞും ജാതിമതാന്ധതയില്‍ പരസ്പരം കൊന്നും കൊലവിളിച്ചും തകര്‍ച്ചയിലേക്കു കൂപ്പുകുത്തുന്ന ഇന്ത്യയ്ക്ക് ഏത് അഭയാര്‍ത്ഥി പ്രശ്‌നവും താങ്ങാനാവുകയില്ല. തന്നെയുമല്ല, അഭയാര്‍ത്ഥികളെ സ്വീകരിച്ച സമ്പന്ന രാജ്യമായ ജര്‍മ്മനിക്കുപോലും കനത്ത വില നല്‍കേണ്ടിവന്നു എന്ന വസ്തുത കണ്‍മുന്നിലുണ്ട് താനും. 

ഇന്ത്യ ന്യായമായും സ്വന്തം പൗരന്മാരോട് അനുഷ്ഠിക്കേണ്ട ധര്‍മ്മത്തില്‍ വീഴ്ചവരുത്തിയതുകൊണ്ടാണല്ലോ ബംഗാളികളുടേയും ബീഹാറികളുടേയും കുത്തൊഴുക്ക് കേരളത്തിലേക്കുണ്ടായത്. അവരില്‍ ഭൂരിപക്ഷത്തിന്റേയും കൈവശം മതിയായ രേഖകളുമില്ല. ബംഗ്‌ളാദേശികള്‍ പോലും പശ്ചിമ ബംഗാളികളുടെ കുപ്പായത്തില്‍ കടന്നുകൂടുന്നു എന്നത് നമ്മുടെ നിയമവാഴ്ച എത്ര കുത്തഴിഞ്ഞതാണെന്നുള്ളതിനു മറ്റൊരു ദൃഷ്ടാന്തമത്രെ. നിര്‍മ്മാണ മേഖലയില്‍ ഈ അന്യസംസ്ഥാനത്തൊഴിലാളികളുടെ പങ്ക് സുപ്രധാനമാണെന്ന് അംഗീകരിക്കേണ്ടിവരുമ്പോള്‍ത്തന്നെ അതിന്റെ മറുപുറം കാണാതെ പോകരുത്. ആരോഗ്യത്തിന്റേയും സാമൂഹിക സുരക്ഷിതത്വത്തിന്റേയും മേഖലകളില്‍ അതു പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ തൊഴിലാളികളുടെ കോളനികളുണ്ടാക്കുന്ന പാരിസ്ഥിതികവും സാംസ്‌കാരികവുമായ പ്രത്യാഘാതങ്ങളും വലുതാണ്. എന്നിരിക്കെ അവര്‍ക്ക് വോട്ടവകാശം കൊടുക്കാനുള്ള രാഷ്ട്രീയ നീക്കം പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുകയേ ഉള്ളൂ. രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം അന്യസംസ്ഥാനത്തൊഴിലാളികള്‍ മറ്റൊരു വോട്ട് ബാങ്ക് എന്നതില്‍ കവിഞ്ഞൊന്നുമല്ല. കപട ബുദ്ധിജീവികളുടെ ചര്‍ച്ച ഒരിക്കലും ഒരു പ്രശ്‌നത്തിന്റേയും മറുപുറത്തേയ്ക്കു കടക്കുകയില്ല എന്ന യാഥാര്‍ത്ഥ്യവും നമ്മള്‍ കണക്കിലെടുക്കുകതന്നെ വേണം. അവര്‍ എപ്പോഴും ഉട്ടോപ്പിയയുടെ വക്താക്കളായാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക. ജനസംഖ്യ വര്‍ദ്ധിക്കുന്നതു സ്വാഗതാര്‍ഹമാണെന്നും അതു തൊഴില്‍രംഗത്ത് 'മാന്‍ പവര്‍' വര്‍ദ്ധിപ്പിക്കുമെന്നും പുലമ്പുന്ന പ്‌ളാനിങ്ങ് വിദഗ്ദ്ധന്മാരെ ഇന്ത്യയില്‍ മാത്രമേ കാണാന്‍ കഴിയൂ. ജനസംഖ്യാ വര്‍ദ്ധന വിഭവശോഷണത്തിനു കാരണമാകുമെന്നറിയാതെ ഇവരൊക്കെ എങ്ങനെ പ്‌ളാനിങ്ങില്‍ വിദഗ്ദ്ധരായി എന്നു നമ്മള്‍ ആലോചിക്കേണ്ടതുണ്ട്. 

ഗ്രേസി
 

ദരിദ്രജനതയെ നുണപ്രചാരണത്തില്‍ കുടുക്കുക എളുപ്പമാണ്. ഓരോ പൗരനും പതിനഞ്ച് ലക്ഷം രൂപ വീതം സ്വിസ്ബാങ്കില്‍നിന്ന് വരുത്തിനല്‍കുമെന്ന നുണയില്‍ കുരുങ്ങിയാണ് ഇന്ത്യന്‍ ജനത ബി.ജെ.പി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഭരണം കിട്ടിയപ്പോഴാകട്ടെ, നമ്മുടെ പ്രാണവായുവരെ ഊറ്റിയെടുക്കാനുള്ള അധികാരം കോര്‍പ്പറേറ്റുകള്‍ക്കു തീറെഴുതിക്കൊടുക്കുകയും ചെയ്തു. എന്നിട്ടാണവര്‍ ദേശസ്‌നേഹത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്നത്; നോട്ട് നിരോധനം വഴി സമ്പദ്ഘടനയെ കൂടുതല്‍ ഞെരുക്കത്തിലാക്കിയത്; ബീഫ് നിരോധനം വഴി ജനതയുടെ ഭക്ഷിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത്. 

ഇന്ത്യ സാമ്പത്തിക പുരോഗതിയിലേക്കു കുതിക്കുകയാണെന്ന പ്രചാരണം വെറും പുകമറ മാത്രമാണ്.  ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുകയാണെന്നതാണ് വസ്തുത. വികസനത്തിന്റെ ഇരകളെ പുനരധിവസിപ്പിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യം ലക്ഷോപലക്ഷം വരുന്ന അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കണമെന്ന വാദത്തില്‍ മനുഷ്യസ്‌നേഹത്തിന്റെ പുറംപൂച്ചിലൊളിപ്പിച്ചുവച്ച ഗൂഢോദ്ദേശ്യമുണ്ട്. സ്യൂചിയെ കുറ്റപ്പെടുത്തുന്നതിലും കഴമ്പുണ്ടാകാനിടയില്ല. പുറത്തുനിന്നു കാണുന്നതുപോലെയല്ല അകത്തെത്തിയാലുള്ള അനുഭവങ്ങള്‍ എന്ന് സ്യൂചിക്കും ഇതിനകം മനസ്സിലായിട്ടുണ്ടാവണം. ഒരു ഭരണാധികാരിക്കും ഒറ്റയ്ക്കു തീരുമാനങ്ങളിലെത്തിച്ചേരാനാവില്ല. സൈന്യത്തിനു മേല്‍ക്കൈയുള്ള രാജ്യത്ത് വിശേഷിച്ചും. 

തല്‍ക്കാലം അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ട് മ്യാന്‍മറില്‍ സമ്മര്‍ദ്ദം ചെലുത്തി അവരെ പിന്നീട് തിരിച്ചെടുപ്പിക്കാമെന്ന വാദവും പ്രായോഗികമാകണമെന്നില്ല. ശ്രീലങ്കയില്‍ നിന്നെത്തിയ ഒരുകൂട്ടം തമിഴ്ജനത ഗവിയിലെ ഉള്‍വനങ്ങളില്‍ ഇപ്പോഴും താമസിക്കുന്നുണ്ടെന്ന വസ്തുത നാം കാണാതിരിക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com