രക്ഷിക്കാന്‍ കഴിയാത്ത മതം ശിക്ഷിക്കാന്‍ വരരുത്: നിലമ്പൂര്‍ ആയിഷ

ഉള്‍വലിഞ്ഞുപോക്ക് മുസ്‌ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12-ഉം 13-ഉം വയസ്സില്‍ വിവാഹം ചെയ്തു പോകുന്നത്.
രക്ഷിക്കാന്‍ കഴിയാത്ത മതം ശിക്ഷിക്കാന്‍ വരരുത്: നിലമ്പൂര്‍ ആയിഷ

എന്റെ മുന്നിലിരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. ഉള്‍വലിഞ്ഞുപോക്ക് മുസ്‌ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12-ഉം 13-ഉം വയസ്സില്‍ വിവാഹം ചെയ്തു പോകുന്നത്-നിലമ്പൂര്‍ ആയിഷ പറയുന്നു.
 

13 വയസ്സിലായിരുന്നു 47 വയസ്സുള്ള ഒരാളുമായി എന്റെ വിവാഹം. ഞാന്‍ ചെറിയ കുട്ടിയായിരുന്നു, ഒന്നുമറിയാത്ത കുട്ടി. എന്നാല്‍, അഞ്ചേ അഞ്ച് ദിവസം കൊണ്ടുതന്നെ കടക്കെടാ പുറത്ത് എന്ന് അയാളോട് പറയാനുള്ള ചങ്കൂറ്റം എനിക്കന്നുണ്ടായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ വയറ് വീര്‍ത്തുവരാന്‍ തുടങ്ങി. ആളുകള്‍ കളിയാക്കാനും. എനിക്കു മനസ്സിലായില്ല എന്താണെന്റെ വയറ് വീര്‍ക്കുന്നതെന്ന്. കാരണം എനിക്കു വിദ്യാഭ്യാസമില്ല. വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടുതന്നെ കല്യാണത്തിനുശേഷം വീടിനുള്ളില്‍ അടിമപ്പണി ചെയ്യേണ്ടിവന്നവരായിരുന്നു അക്കാലത്തെ സ്ത്രീകള്‍. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ നല്ല സാമ്പത്തികമുള്ള വീട്ടിലായിരുന്നു. ബാപ്പയുടെ മരണത്തോടെ പാപ്പരാവുകയും ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതാവുകയും ചെയ്തതോടെയാണ് കല്യാണം നടന്നത്. പക്ഷേ, ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്നാണ് എനിക്കു തോന്നിയത്. ഞാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. കയറിട്ട് തൂങ്ങി പിടഞ്ഞുമരിക്കാന്‍ നോക്കിയപ്പോള്‍ കയറ് വെട്ടിയറുത്തെടുത്തത് എന്റെ ജ്യേഷ്ഠനായിരുന്നു. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു, മരിച്ചുകാണിക്കുകയല്ല ജീവിച്ചു കാണിക്ക് എന്ന്. അതു ശരിയാണെന്ന് എനിക്കും തോന്നി. മരിച്ചുകഴിഞ്ഞാല്‍ കുഴിച്ചിടും, പിന്നെ യാതൊന്നും ബാക്കിയുണ്ടാവില്ല. അങ്ങനെ ജീവിക്കാന്‍ തന്നെ തീരുമാനിച്ചു.

സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ അക്കാലത്ത് ഒരു നാടകം വന്നു. ആണുങ്ങളായിരുന്നു അതില്‍ പെണ്‍വേഷം കെട്ടിയത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, കെ.പി.ആര്‍. ഗോപാലന്‍, ഒളപ്പമണ്ണ, ഇമ്പിച്ചിബാവ തുടങ്ങിയവരുള്‍പ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്ത്രീകള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചാല്‍ അതൊരു സാമൂഹ്യമാറ്റം ആകുമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ നിലമ്പൂര്‍ ബാലന്റെ സഹോദരന്റെ മകള്‍ നാടകത്തിലെത്തി. രണ്ടാമത് ഒരു സ്ത്രീയെ അന്വേഷിച്ചു നടക്കുകയായിരുന്നു. ഒരു ദിവസം എന്റെ ഉമ്മയുടെ ഗ്രാമഫോണില്‍ പാട്ടുകേട്ട് അതു പാടിയിങ്ങനെ ഇരിക്കുകയാണ് ഞാന്‍. അപ്പോഴാണ് എന്റെ ജ്യേഷ്ഠനോടൊപ്പം നാടകത്തിലുള്ളവര്‍ കയറിവരുന്നത്. എന്നെ കണ്ട് എന്തുകൊണ്ട് നാടകത്തിലഭിനയിച്ചൂട എന്നു ചോദിച്ചപ്പോള്‍ ഉമ്മ പറഞ്ഞു വേണ്ട, നമ്മളതു ചെയ്യാന്‍ പാടില്ല, നമുക്കു സമൂഹം ഭ്രഷ്ട് കല്‍പ്പിക്കും എന്ന്. അന്നു ഞാന്‍ പറഞ്ഞു രക്ഷിക്കാന്‍ കഴിയാത്ത ഒരു മതസ്ഥരും നമ്മളെ ശിക്ഷിക്കാന്‍ നടക്കരുത് എന്ന്. അങ്ങനെ പറയാന്‍ കാരണം ഒരുപാടു പേര്‍ക്കു സഹായം ചെയ്ത ബാപ്പ മരിച്ചു ഞങ്ങള്‍ പാപ്പരായപ്പോള്‍ ആരും വന്നിരുന്നില്ല സഹായത്തിന്. നാടകത്തിലഭിനയിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെ 1952-ല്‍ 16 വയസ്സുകാരിയായ ഞാന്‍ നാടകത്തിലെത്തി.

ഒരു നാടകനടിയായതിന്റെ പേരില്‍ പല പീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മൂന്നു പ്രാവശ്യം എറിഞ്ഞു തലപൊട്ടിച്ചു. എനിക്കു നേരെ വെടിവെച്ചു. ഒരു ഡയലോഗ് പറഞ്ഞു നീങ്ങിയതുകൊണ്ടു മാത്രം വെടിയുണ്ട സ്റ്റേജില്‍ തറച്ചു. അടിച്ചു ചെവി പൊട്ടിച്ചു. ഒരു ചെവി ഇപ്പോഴും കേള്‍ക്കില്ല. ഞാന്‍ ചെയ്ത പ്രവര്‍ത്തനത്തിന് എനിക്കു കിട്ടിയ അവാര്‍ഡായിട്ടാണ് അതിനെ കണക്കാക്കുന്നത്. ഇങ്ങനെയുള്ള മനുഷ്യരുടെയിടയില്‍ ജീവിക്കണമെങ്കില്‍ നമുക്കു നാവ് നാല് വേണം. നാടക പ്രവര്‍ത്തനമെല്ലാം ഉപേക്ഷിച്ചു 15 വര്‍ഷത്തോളം ഒരു ഗദ്ദാമയായി സൗദി അറേബ്യയില്‍ ജീവിച്ചിട്ടുണ്ട് ഞാന്‍. 


നിലം തുടയ്ക്കലായിരുന്നു ആദ്യം കിട്ടിയ ജോലി. അതു നന്നായി ചെയ്തപ്പോള്‍ മൂന്നുമാസം കൊണ്ട് ജോലിക്കയറ്റം കിട്ടി. ഖഫീലിന്റെ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുക, അവരുടെ കാര്യങ്ങള്‍ നോക്കുക ഒക്കെയായിരുന്നു പിന്നീട് ജോലി. അവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോകുമ്പോള്‍ മലയാളികളോട് മലയാളത്തില്‍ പറയും, ഹിന്ദിക്കാരോട് മുറി ഹിന്ദി, തമിഴരോട് നന്നായി തമിഴ്, ഇംഗ്‌ളീഷുകാരോട് അതിനെക്കാള്‍ മുറി ഇംഗ്‌ളീഷും. ഇതൊക്കെ കണ്ടപ്പോള്‍ ഖഫീലിന്റെ മൂത്തമോള് അദ്ഭുതത്തില്‍ ഉമ്മയോട് പറഞ്ഞു ആയിഷ ഡോക്ടറാണ് എന്ന്. ഞാന്‍ നടിയാണല്ലോ, ഞാന്‍ പിന്നെ ഡോക്ടറുടെ മാതിരിയായി. ഇന്‍ജക്ഷനെല്ലാം ചെയ്തുകൊടുക്കും. അങ്ങനെ വലിയ ഒരാളായി ഞാന്‍ അവരുടെയിടയില്‍. ഒരിക്കല്‍ ഞാന്‍ പറഞ്ഞു, എനിക്ക് ബത്ത എന്ന സ്ഥലത്തു പോകണം. എന്റെ സഹോദരന്മാര്‍ അവിടെയുണ്ടെന്ന്. 36 കാറുണ്ട് ഖഫീലിന്. ഒരു കാറെടുത്ത് ഡ്രൈവറേയും കൂട്ടി പൊയ്‌ക്കോളാന്‍ പറഞ്ഞു. അവിടെയെത്തിയപ്പോള്‍ മലയാളികളെല്ലാം ഭയങ്കര സ്‌നേഹത്തില്‍ എഴുന്നേറ്റ് നിന്നു സംസാരിച്ചു. ഖഫീലിന്റെ മകള്‍ എന്നെ ഫോളോ ചെയ്തിരുന്നു. അവര്‍ വീട്ടില്‍ ചെന്നിട്ട് പറഞ്ഞു ആയിഷ ഇന്ദിരാ ഗാന്ധിയാണ്, എല്ലാ മനുഷ്യരും കണ്ടപ്പോള്‍ തന്നെ എഴുന്നേറ്റ് നിന്നു എന്ന്. പിന്നെ ഞാന്‍ അവിടെ ഇന്ദിരാ ഗാന്ധിയാണ്. ഭരണമൊക്കെ പിന്നെ എന്റെ കയ്യിലായി. ഒരിക്കല്‍ ഞാന്‍ എന്റെ കാസറ്റുകള്‍ അവര്‍ക്ക് ഇട്ടുകൊടുത്തു. അവര്‍ ഭയങ്കര അദ്ഭുതത്തില്‍ സ്‌ക്രീനിലേക്കു നോക്കും എന്റെ മുഖത്തു നോക്കും. പിന്നേം സ്‌ക്രീനിലേക്കും എന്റെ മുഖത്തേക്കും. എന്നിട്ട് ഖഫീലിന്റെ മോള് പറഞ്ഞു, ആയിഷ ഹേമമാലിനിയാണെന്ന്. അങ്ങനെ ഞാന്‍ അതുമായി.

പോരാന്‍ നേരത്ത് എനിക്കൊരു മുത്തവ്വിയുമായി ഒന്നു സംസാരിക്കണം എന്നു ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഞാന്‍ ചെയ്തതു ശരിയോ തെറ്റോ എന്നെനിക്കറിയണം. അങ്ങനെ ഫോണിലൂടെ സംഘടിപ്പിച്ചു തന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഞാന്‍ ഒരു കലാകാരിയാണ്. അതിന്റെ പേരില്‍ ഒരുപാട് പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ ചെയ്യുന്നതു ശരിയാണോ? അപ്പോള്‍ അദ്ദേഹം പറഞ്ഞത്, നീ ചെയ്യുന്ന പ്രവര്‍ത്തനം മനുഷ്യരെ നന്നാക്കുന്നതാണെങ്കില്‍ നീ ചെയ്യുന്നതാണ് ശരി എന്ന്.

എന്റെ മുന്നിലിരിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്കു സന്തോഷമുണ്ട്. ഉള്‍വലിഞ്ഞുപോക്ക് മുസ്‌ലിം സമുദായത്തിലാണ് കൂടുതലുള്ളത്. അവരാണ് 12-ഉം 13-ഉം വയസ്സില്‍ വിവാഹം ചെയ്തു പോകുന്നത്. ആദ്യ വിവാഹത്തിനു ശേഷം ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എനിക്കൊരു നഷ്ടവുമുണ്ടായിട്ടില്ല. ഞാന്‍ ജീവിക്കുന്നില്ലേ. ഒരു പുരുഷനില്ലാതേയും ജീവിക്കാന്‍ കഴിയും. ഒരു പുരുഷനെ സഹോദരനായി കാണാം, അദ്ദേഹത്തിന്റെ തോളില്‍ കയ്യിട്ട് നടക്കാം. കെട്ടിപ്പിടിക്കാം. എന്നെ ആരു കെട്ടിപ്പിടിച്ചാലും എനിക്കൊന്നുമില്ല. ഞാന്‍ ഒരു മരം മാതിരിയാണ്. അതായിരിക്കണം നമ്മുടെ മനസ്സ്. മരമായി മാറണം നമ്മള്‍. അത്ര ശക്തി നമ്മള്‍ക്കു വേണം. അലിവ് നമുക്ക് ആവശ്യമില്ല. ഞാന്‍ അഞ്ചാംതരം വരെ മാത്രം പഠിച്ചൊരാളാണ്. എന്നിട്ടുപോലും ഇത്ര ശക്തിയായി പലതിനേയും എതിര്‍ത്തു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു ജീവിതത്തില്‍ അനുഭവിച്ച ദുഃഖങ്ങള്‍ കൊണ്ടുകൂടിയാണ്.

ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് നാടകം കളിക്കാന്‍ പോയി. ഞാന്‍ ഇങ്ങനെ ഇരിക്കുകയാണ്. അപ്പോള്‍ ഒരു പത്തുപതിനഞ്ചു പര്‍ദ്ദധാരികള്‍ ദൂരെ വന്നുനിന്നിട്ട് എന്നെയിങ്ങനെ നോക്കുന്നു. ഞാന്‍ അവരെ അടുത്തേക്കു വിളിച്ചിട്ട് ചോദിച്ചു എന്തേ ഇങ്ങനെ നോക്കുന്നത്, ഞാന്‍ നാടകം കളിക്കാന്‍ വന്നതാണ്. നിങ്ങളുടെ കുട്ടികളൊക്കെ ഉണ്ടെങ്കില്‍ കൊണ്ടുവരൂ നമുക്കു പാട്ടൊക്കെ പാടിക്കാം എന്ന്. അപ്പോ അവര് പറഞ്ഞത് ഏയ് ഞങ്ങള്‍ക്കിതൊന്നും പാടില്ല. അപ്പോ ഞാന്‍ ചോദിച്ചു നിങ്ങളുടെ പര്‍ദ്ദയ്‌ക്കെന്തിനാണ് ചിറക് പോലെ വെച്ചിരിക്കുന്നത്. എന്തിനാണ് ഗില്‍റ്റ്, അതിനെന്തിനാണ് എംബ്രോയ്ഡറി. അള്ളാഹു ളോഹയിടാനാണ് പറഞ്ഞതെങ്കില്‍ ഒരു ളോഹയിട്ടാല്‍ പോരെ. മനുഷ്യനെ നന്നാക്കാനാണെങ്കില്‍ നമ്മള്‍ക്ക് അനുസരിച്ച ഒരു ഉടുപ്പിടുക, നമ്മള്‍ പ്രവര്‍ത്തിക്കുക. കലാരംഗത്തു പ്രവര്‍ത്തിക്കുന്നതു കുറ്റമായി കാണരുത്. നാടകം എന്നു പറഞ്ഞാല്‍ നാടിന്റെ അകമാണ്. അവര്‍ കലഹപ്രിയരാണ്, ഏതുനേരവും കലഹിച്ചുകൊണ്ടേയിരിക്കും. ശരിയും തെറ്റും ഉറക്കെ പറയുന്നവരാണ് കലാകാരന്മാര്‍.

(സമകാലിക മലയാളം വാരികയുടെ സാമൂഹ്യ സേവന പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ നടത്തിയ പ്രസംഗം)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com