പൊളിച്ചെഴുതണം വിദ്യാര്‍ത്ഥി  രാഷ്ട്രീയം

ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യത്ത്‌ ആ ഗ്രന്ഥത്തിന്റേയും അതനുശാസിക്കുന്ന നിയമവ്യവസ്ഥയുടേയും അടിസ്ഥാനത്തില്‍ വേ ണം കലാലയ രാഷ്ട്രീയം മുന്നോട്ടു പോകാന്‍
പൊളിച്ചെഴുതണം വിദ്യാര്‍ത്ഥി  രാഷ്ട്രീയം

ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യത്ത്‌ ആ ഗ്രന്ഥത്തിന്റേയും അതനുശാസിക്കുന്ന നിയമവ്യവസ്ഥയുടേയും അടിസ്ഥാനത്തില്‍ വേ ണം കലാലയ രാഷ്ട്രീയം മുന്നോട്ടു പോകാന്‍-  ഹമീദ് ചേന്നമംഗലൂര്‍ എഴുതുന്നു.

കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്  ഒക്ടോബര്‍ 13-നു കലാലയ രാഷ്ട്രീയത്തെക്കുറിച്ചു നടത്തിയ  നിരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും മാത്രമല്ല, രാഷ്ട്രീയ മേധാവികളുടേയും കണ്ണു തുറപ്പിക്കേണ്ടതുണ്ട്. കോടതിവിധിയെ പ്രതിലോമപരം എന്നു അധിക്ഷേപിക്കുന്നതിനു പകരം, കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി നീതിപീഠത്തിന്റെ ഭാഗത്തുനിന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു നേരെ വിമര്‍ശനാത്മക ഇടപെടലുകള്‍ എന്തുകൊണ്ട് ഇടയ്ക്കിടെയുണ്ടാകുന്നു എന്നു ബന്ധപ്പെട്ട കക്ഷികള്‍ ആലോചിക്കേണ്ട സന്ദര്‍ഭമാണിത്. 1958 തൊട്ട് സംസ്ഥാനത്തു കണ്ടുവരുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പ്രയോഗരീതികളില്‍ പരിഷ്‌ക്കരണം വേണ്ടതുണ്ടോ, ഉണ്ടെങ്കില്‍ എവ്വിധം, ഏതേത് തലങ്ങളില്‍ അതു വേണം എന്ന കാതലായ ചോദ്യം ഉയര്‍ത്താന്‍ ഇനിയും വൈകിക്കൂടാ.
ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളില്‍ ഒരാളായ എ.കെ. ആന്റണി ഉള്‍പ്പെടെ, അന്നത്തെ കോണ്‍ഗ്രസ്സ് അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃനിരയിലുള്ളവരുടെ മുന്‍കൈയിലാണ് 1958 ജൂലൈ 15-നു 'ഒരണ സമരം' തുടങ്ങിയതും പിന്നീടത് 'വിമോചന സമര'ത്തില്‍ കണ്ണിചേര്‍ക്കപ്പെട്ടതും. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചിട്ടവട്ടങ്ങളനുസരിച്ച് അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയുള്ളതായിരുന്നു വിമോചന സമരം. ഭരണഘടനാ തത്ത്വങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും തരിമ്പും വിലകല്‍പ്പിക്കാതെ നടത്തപ്പെട്ട ആ സമരത്തില്‍ കോണ്‍ഗ്രസ്സനുകൂല വിദ്യാര്‍ത്ഥികള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി മാറുകയായിരുന്നു.


കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ നിലപാടെടുത്ത കോണ്‍ഗ്രസ്സടക്കമുള്ള പാര്‍ട്ടികളുടെ പോഷകസംഘടനകളായി വര്‍ത്തിച്ച വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ 1958-59 കാലത്ത് സ്വീകരിച്ച സമീപനത്തിന്റെ കമ്യൂണിസ്റ്റ് കൗണ്ടര്‍പാര്‍ട്ട് എന്ന നിലയില്‍ കെ.എസ്.എഫ്. (പില്‍ക്കാലത്ത് എസ്.എഫ്.ഐ.) നിലവില്‍ വന്നു. ആന്റണിയും വയലാര്‍ രവിയും മറ്റും നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സനുകൂല വിദ്യാര്‍ത്ഥി സംഘടനകയുടെ പ്രയോഗരീതികളില്‍നിന്നു ഒട്ടും വ്യത്യസ്തത പുലര്‍ത്താതെയാണ് ആ സംഘടനയും പ്രവര്‍ത്തിച്ചത്. ഇരുസംഘടനകളുടേയും ഭരണഘടനകളില്‍ എഴുതിവെച്ചത് എന്തുതന്നെയായാലും, അവയുടെ റിമോട്ട് കണ്‍ട്രോള്‍ ബന്ധപ്പെട്ട മാതൃകക്ഷിയുടെ മേശവലിപ്പുകളിലിരിക്കുന്നു എന്നതു സത്യം മാത്രം.


വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ക്ഷേമം എന്നതിലേറെ മാതൃപാര്‍ട്ടിയുടെ രാഷ്ട്രീയ ലാഭത്തിലായിരുന്നു കോണ്‍ഗ്രസ്സനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ എന്നപോലെ എസ്.എഫ്.ഐയുടേയും ഊന്നല്‍. 1986-ല്‍ ആ സംഘടന നടത്തിയ പ്രീഡിഗ്രി ബോര്‍ഡ് വിരുദ്ധ സമരം അതിന്റെ മികച്ച ഉദാഹരണമാണ്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തില്‍നിന്നു പ്രീഡിഗ്രിയെ വേര്‍പെടുത്തുന്നതിനെതിരെ നടത്തപ്പെട്ട ആ പ്രക്ഷോഭത്തിനു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ക്ഷേമവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ക്കെതിരായിരുന്നു ആ പ്രക്ഷോഭം. ഒടുവില്‍ എസ്.എഫ്.ഐയുടെ കടിഞ്ഞാണ്‍ പിടിക്കുന്ന പാര്‍ട്ടി തന്നെ പ്രീഡിഗ്രി കോളേജ് തലത്തില്‍നിന്നു വേര്‍പെടുത്തുന്ന പ്രക്രിയയില്‍ പങ്കാളിയാവുകയും ചെയ്തു.


സംസ്ഥാനത്തിലെ പ്രമുഖ വിദ്യാര്‍ത്ഥിസംഘടനകളായ എസ്.എഫ്.ഐയുടേയോ കെ.എസ്.യുവിന്റേയോ മാത്രം കഥയല്ല ഇത്. എ.ബി.വി.പിയും എം.എസ്.എഫും തൊട്ട് മതാത്മക സംഘടനകളാല്‍ നിയന്ത്രിക്കപ്പെടുന്ന എസ്.ഐ.ഒ, കേംപസ് ഫ്രന്റ് തുടങ്ങിയ സംഘടനകള്‍ വരെ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും മാതൃസംഘടനകളുടെ തീട്ടൂരങ്ങള്‍ക്കനുസൃതമായി മാത്രം പ്രവര്‍ത്തിക്കുന്നവയാണ്. എല്‍.ഡി.എഫ്. ഭരിക്കുമ്പോള്‍ യു.ഡി.എഫ്. അനുകൂല വിദ്യാര്‍ത്ഥിസംഘടനകളും യു.ഡി.എഫ്. ഭരിക്കുമ്പോള്‍ എല്‍.ഡി.എഫ്. അനുകൂല വിദ്യാര്‍ത്ഥിസംഘടനകളും പഠിപ്പുമുടക്കമടക്കമുള്ള സമരങ്ങളിലേര്‍പ്പെടുന്നതാണ് പൊതുവായ രീതി. (ഇതില്‍ അപവാദങ്ങള്‍ ഇല്ലെന്നില്ല). അങ്ങനെ സമരം ചെയ്യുമ്പോള്‍ത്തന്നെ, ഹര്‍ത്താലുകളും ബന്ദുകളും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നതുപോലെ വിദ്യാര്‍ത്ഥികളുടെമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ് പഠിപ്പുമുടക്കും അനുബന്ധ സമരമുറകളും. ഏതെങ്കിലും വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ 51 ശതമാനം അനുയായികളും പൂര്‍ണ്ണ മനസ്സോടെ ഏതെങ്കിലും പഠിപ്പുമുടക്കു സമരത്തില്‍ പങ്കെടുത്ത ചരിത്രം ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും ചൂണ്ടിക്കാട്ടാനാവില്ല. സമരാഹ്വാനവും മുദ്രാവാക്യാട്ടഹാസവുമായി ഓടിനടക്കാന്‍ എട്ടുപത്തു പേരുണ്ടെങ്കില്‍ ഏതു വിദ്യാര്‍ത്ഥിസമരവും നമ്മുടെ കലാലയങ്ങളില്‍ 'വിജയിക്കും' എന്നതാണവസ്ഥ.
ഈ പൊതുപശ്ചാത്തലം മുന്നില്‍ വെച്ചുവേണം കലാലയ രാഷ്ട്രീയത്തെക്കുറിച്ചു ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ വിലയിരുത്താന്‍.

വിദ്യാര്‍ത്ഥിസമൂഹത്തിലെ മഹാഭൂരിപക്ഷത്തിനുമേല്‍ ആ സമൂഹത്തിലെ മൈക്രോസ്‌കോപ്പിക ന്യൂനപക്ഷം സമരങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നുവെങ്കില്‍ അതിനു കാരണം വിദ്യാര്‍ത്ഥിസംഘടനാ നേതൃത്വത്തിനു രാഷ്ട്രീയപ്പാര്‍ട്ടികളില്‍നിന്നു ലഭിക്കുന്ന സംരക്ഷണമാണ്. രാഷ്ട്രീയമല്ല, കക്ഷിരാഷ്ട്രീയമാണ് കലാലയങ്ങളിലെ യഥാര്‍ത്ഥ വില്ലന്‍. സോഷ്യലിസ്റ്റ് ചായ്വുള്ളവര്‍ക്കും ആ ചായ്വില്ലാത്തവര്‍ക്കും മതചായ്വുള്ളവര്‍ക്കും മതേതരത്വ ചായ്വുള്ളവര്‍ക്കും താന്താങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളായി കലാലയ പഠനം നിര്‍വ്വഹിക്കുന്നതില്‍ കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. പഠിപ്പുമുടക്കിയുള്ള സമരം വേണ്ടെന്നു പറഞ്ഞ കോടതി പഠിപ്പു നടത്തിയുള്ള സമരം വേണ്ടെന്നു പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടണം. പഠിപ്പുമുടക്കിയുള്ള സമരം ഒരു വലിയ വിഭാഗം അധ്യേതാക്കളുടെ വിദ്യാഭ്യാസാവകാശത്തെ നിഹനിക്കുന്നതാണ്. പഠിപ്പ് നടത്തിയുള്ള സമരമാകട്ടെ, ആരുടേയും വിദ്യാഭ്യാസ സ്വാതന്ത്ര്യം കവരാതേയുള്ള ആശയസമരമാണ്. കലാലയങ്ങളിലും സര്‍വ്വകലാശാലകളിലും അവശ്യം ഉണ്ടാകേണ്ട ബൗദ്ധീക രാഷ്ട്രീയമത്രേ യഥാര്‍ത്ഥത്തില്‍ ആശയസമരം. ആ സമരത്തെ (ബൗദ്ധിക രാഷ്ട്രീയത്തെ) നിരാകരിക്കുന്ന ഒരു വാക്കുപോലും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.


ഇടതു വലതു ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കള്‍ പലരും കോടതിവിധിക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം വിലക്കിയാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഗ്ഗീയ, മതമൗലിക ശക്തികള്‍ പിടിമുറുക്കും എന്നതത്രേ പലരും ഉന്നയിക്കുന്ന ഒരു വാദം. ഇതു കേട്ടാല്‍ തോന്നുക ഇപ്പോള്‍ നമ്മുടെ പാഠശാലകളെല്ലാം വര്‍ഗ്ഗീയത മതമൗലികതാ മുക്തമാണെന്നാണ്. എ.ബി.വി.പി., കേംപസ് ഫ്രന്റ്, എസ്.ഐ.ഒ., എം.എസ്.എഫ്., കെ.എസ്.സി തുടങ്ങി പല ബ്രാന്‍ഡുകളില്‍പ്പെട്ട വര്‍ഗ്ഗീയ-മതമൗലിക വിദ്യാര്‍ത്ഥിസംഘടനകള്‍ ഏറെക്കാലമായി നമ്മുടെ കലാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോടതിയുടെ വിമര്‍ശനത്തിനു പാത്രമായതും നിയമാനുസൃതമല്ലാത്തതുമായ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്കു തടയിട്ടതുകൊണ്ടുമാത്രം പുതുതായി ഒരു വര്‍ഗ്ഗീയശക്തിയും കലാലയ വളപ്പുകളിലേയ്ക്ക് ഇനി കയറിവരാനില്ല.


പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടവകാശമുള്ള നാട്ടില്‍ ആ പ്രായം പിന്നിട്ട വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയം അരുതെന്നു പറയുന്നതു വിവരക്കേടാണ് എന്നതാണ് മറ്റൊരു വാദം. സമ്മതിദാനാവകാശമുള്ള വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയം വേണ്ടെന്നു ആരും പറയുന്നില്ല. കലാലയങ്ങളെ കക്ഷിരാഷ്ട്രീയത്തിന്റെ പരിശീലനക്കളരികളാക്കരുത് എന്നേ മറുപക്ഷം ആവശ്യപ്പെടുന്നുള്ളൂ. കേംപസിനു വെളിയില്‍ ഇഷ്ടമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിദ്യാര്‍ത്ഥികള്‍ പ്രവര്‍ത്തിക്കട്ടെ. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെടുന്ന പരിപാടികളില്‍ കോളേജുകള്‍ക്കു വെളിയില്‍ അവര്‍ ഭാഗഭാക്കാവട്ടെ. ആരും അതിനെ ചോദ്യം ചെയ്യാന്‍ പോകുന്നില്ല.


കലാലയ രാഷ്ട്രീയവിലക്ക് അരാഷ്ട്രീയവാദപരമാണ് എന്നതാണ് കോടതിവിധിയെ വിമര്‍ശിക്കുന്നരുടെ മൂന്നാമത്തെ വാദം. രാഷ്ട്രീയം സമം കക്ഷിരാഷ്ട്രീയം എന്ന പിഴച്ച ധാരണയില്‍നിന്നാണ് ഈ വാദം ജനിക്കുന്നത്. പുറമേയുള്ള രാഷ്ട്രീയക്കാരാല്‍ മുച്ചൂടും നിയന്ത്രിക്കപ്പെടുന്ന പാര്‍ട്ടി പൊളിറ്റിക്‌സാണ് നമ്മുടെ കേംപസുകളിലുള്ളത്. ആ പൊളിറ്റിക്‌സാണ് ഹിംസയിലേയ്ക്കും സ്വേച്ഛാധിപത്യ മനോഭാവത്തിലേയ്ക്കും വിദ്യാര്‍ത്ഥിസംഘടനകളെ നയിക്കുന്നത്. വിരമിച്ച പ്രിന്‍സിപ്പല്‍ക്കു കലാലയ മുറ്റത്തു ശവകുടീരം പണിതു 'യാത്രയയപ്പ്' നല്‍കുക, വിരമിക്കാത്ത പ്രിന്‍സിപ്പലുടെ കസേര കത്തിക്കുക തുടങ്ങിയ ഫാസിസ്റ്റ് കൃത്യങ്ങള്‍ നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണയും ധൈര്യവും പ്രദാനം ചെയ്യുന്നതും ആ പൊളിറ്റിക്‌സ് തന്നെ.


ഏതെങ്കിലും പ്രത്യേക വിദ്യാര്‍ത്ഥിസംഘടനയ്ക്കു മേധാവിത്വമുള്ള കലാലയങ്ങളില്‍ ആ സംഘടന ഇതര വിദ്യാര്‍ത്ഥിസംഘടനകളെ കായികമായി അടിച്ചമര്‍ത്തുന്ന ജനാധിപത്യ വിരുദ്ധ രീതിയും സംസ്ഥാനത്തു പലയിടങ്ങളിലുമുണ്ട്. കക്ഷിരാഷ്ട്രീയത്തിനു പകരം കോളേജുകളില്‍ കക്ഷ്യതീത രാഷ്ട്രീയം (ബൗദ്ധിക രാഷ്ട്രീയം) പ്രവര്‍ത്തനനിരതമായാല്‍ സംഘട്ടനാത്മക രാഷ്ട്രീയം സംവാദാത്മക രാഷ്ട്രീയത്തിനു വഴിമാറും. സംവാദാത്മക രാഷ്ട്രീയത്തെ കോടതിയോ മറ്റാരെങ്കിലുമോ വിമര്‍ശിക്കുന്നില്ല.


കക്ഷ്യതീത സംവാദാത്മക രാഷ്ട്രീയമാണ് വിദ്യാര്‍ത്ഥികളെ ആരോഗ്യകരവും അസങ്കുചിതവുമായ ജനാധിപത്യാവബോധത്തിലേയ്ക്കു നയിക്കുക. ഒരു പാര്‍ട്ടിയുടേയും ഉപകരണമല്ലാതെ പ്രവര്‍ത്തിക്കാനും പരമ സ്വതന്ത്രമായി രാഷ്ട്രീയ വിചിന്തനം നടത്താനും വിദ്യാര്‍ത്ഥിസമൂഹത്തിനു സാധിക്കണം. നിലവിലുള്ള വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ അതു സാധ്യമല്ല. അപര ആശയങ്ങളെ അഹിംസാത്മകമായി നേരിടുക എന്നതിലേറെ അപര രാഷ്ട്രീയ പ്രതിനിധാനങ്ങളെ ഹിംസാത്മകമായി എതിരിടുക എന്ന തത്ത്വവും പ്രയോഗവുമാണ് കലാലയ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി നിലവിലുള്ളത്.
മേല്‍പ്പറഞ്ഞ തത്ത്വത്തിലും പ്രയോഗത്തിലും പൊളിച്ചെഴുത്തു കൂടിയേ തീരൂ. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും വാലാകാതെ സര്‍വ്വതന്ത്ര സ്വതന്ത്രമായി ചിന്തിക്കാനും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പ്രാപ്തിയുള്ള വിദ്യാര്‍ത്ഥിസമൂഹത്തെ സൃഷ്ടിക്കുന്നതാകണം വിദ്യാര്‍ത്ഥി രാഷ്ട്രീയം. അംബേദ്കറുടെ വാക്കുകള്‍ കോടതി ഉദ്ധരിക്കുകയുണ്ടായി. ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഭരണഘടനയുള്ള രാജ്യത്ത് ആ ഗ്രന്ഥത്തിന്റേയും അതനുശാസിക്കുന്ന നിയമവ്യവസ്ഥയുടേയും അടിസ്ഥാനത്തില്‍ വേണം കലാലയ രാഷ്ട്രീയം മുന്നോട്ടു പോകാന്‍. ഭരണകൂടമോ കലാലയ നടത്തിപ്പുകാരോ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ ഹനിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ നിയമാനുസൃത പ്രതിഷേധമുറകളും നടപടികളും അവലംബിക്കുകയാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ചെയ്യേണ്ടത്. പകരം, നിയമം കയ്യിലെടുത്തു പ്രതിയോഗികളെ നേരിടുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പേശീബല രാഷ്ട്രീയമായി തരംതാഴുന്നു. ജനാധിപത്യപരമല്ല, ഗുണ്ടാധിപത്യപരമാണ് പേശീബല രാഷ്ട്രീയം. വിദ്യാര്‍ത്ഥികളില്‍ വളരേണ്ടതു ഗുണ്ടാധിപത്യപരവും ഫാസിസപരവുമായ അവബോധമല്ല എന്ന അഭിപ്രായമുള്ള രാഷ്ട്രീയ നേതാക്കള്‍ വല്ലവരുമുണ്ടെങ്കില്‍ അവര്‍ മേല്‍ച്ചൊന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യേണ്ടിയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com