മതം ഉള്ളവരും മതം ഇല്ലാത്തവരും

മൂല്യനിഷ്ഠയെ കൈവെടിഞ്ഞ് ആചാരാനുഷ്ഠാനങ്ങളെ മുറുകെ പിടിക്കുന്നവരെ മതത്തിന്റെ ഉത്തമ പ്രതിനിധികളായി പൊതുസമൂഹം വിലയിരുത്തുമ്പോള്‍ അതിന്റെ മൂല്യവ്യവസ്ഥയെ മുറുകെ പിടിക്കുന്നവര്‍ ബഹിഷ്‌കൃതരായിത്തീരുന്ന കാഴ്ചയ
മതം ഉള്ളവരും മതം ഇല്ലാത്തവരും

ചില മുസ്‌ലിം സംഘടനകളുടെ നിയന്ത്രണത്തിലുള്ള പത്രങ്ങളില്‍ വൈവാഹിക പംക്തിയില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളില്‍ പലതിലും കാണുന്ന വാക്കുകള്‍: ''ദീനി നിഷ്ഠയുള്ള മുസ്‌ലിം യുവാവ് ദീനി നിഷ്ഠയുള്ള മുസ്‌ലിം യുവതികളുടെ രക്ഷിതാക്കളില്‍നിന്നു ആലോചനകള്‍ ക്ഷണിക്കുന്നു.'
'ദീനി നിഷ്ഠ' എന്ന പ്രയോഗം കൊണ്ട് പരസ്യക്കാരന്‍ അര്‍ത്ഥമാക്കുന്നത് 'ഇസ്‌ലം മതനിഷ്ഠ' എന്നാണ്. ഇസ്‌ലാം മതനിഷ്ഠ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നതാകട്ടെ, ആ മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങളിലുള്ള നിഷ്ഠയാണ്. എന്നുവെച്ചാല്‍, ദിവസവും അഞ്ചുനേരം നമസ്‌കരിക്കുക, വെള്ളിയാഴ്ച പള്ളിയിലെ ജൂമുഅയില്‍ പങ്കെടുക്കുക, റമദാന്‍ വ്രതം അനുഷ്ഠിക്കുക, സാധ്യമെങ്കില്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കുക തുടങ്ങിയ അനുഷ്ഠാനങ്ങളുടെ പാലനത്തിലുള്ള നിര്‍ബന്ധ ബുദ്ധിയുടെ പേരാണ് ദീനി നിഷ്ഠ. സ്ത്രീകളാണെങ്കില്‍ മുഖവും മുന്‍കൈയും ഒഴികെയുള്ള ശരീരഭാഗങ്ങളത്രയും മറയ്ക്കുന്ന വസ്ത്രം (പര്‍ദ്ദ, ഹിജാബ്) ധരിക്കുക എന്ന കാര്യത്തില്‍ കൂടി നിഷ്ഠ പുലര്‍ത്തിയിരിക്കണം.


മേല്‍ സൂചിപ്പിച്ച അനുഷ്ഠാനങ്ങളും ആചാരങ്ങളും മുറുകെ പിടിക്കുന്നവരെയാണ് വിവാഹപ്പരസ്യക്കാരന്‍ എന്നതുപോലെ മുസ്‌ലിം പൊതുസമൂഹവും ഉത്തമ മതവിശ്വാസിയായി (ദീനി നിഷ്ഠയുള്ള വ്യക്തിയായി) കണക്കാക്കുന്നത്. ആ വ്യക്തിയുടെ സാമ്പത്തിക ജീവിതം എത്ര ജനവിരുദ്ധമായാലും ദേശവിരുദ്ധമായാലും ദീനി നിഷ്ഠക്കാര്‍ക്ക് യാതൊരു കുഴപ്പവുമില്ല. ഉദാഹരണത്തിന്, ദീനി നിഷ്ഠ അവകാശപ്പെടുന്ന വിവാഹപ്പരസ്യക്കാരന്‍ കോഴസാധ്യതയേറിയ സര്‍ക്കാര്‍ വകുപ്പില്‍ ജോലിക്കാരനാണെങ്കില്‍, അയാള്‍ ശമ്പളത്തിനു പുറമേ കിമ്പളവും മുറയ്ക്കു കൈപ്പറ്റുന്നുണ്ടാകും. വേറെ രീതിയില്‍ പറഞ്ഞാല്‍, ദീനി നിഷ്ഠയുള്ള ടിയാന്‍ കിമ്പള നിഷ്ഠയിലും അഗ്രഗണ്യനായിരിക്കും. അത് അയാള്‍ക്കോ അയാളെ വിവാഹം കഴിക്കുന്ന ദീനി നിഷ്ഠയുള്ള യുവതിക്കോ അവളുടെ ദീനി നിഷ്ഠയുള്ള രക്ഷിതാക്കള്‍ക്കോ പ്രശ്‌നമേയല്ല!

മതാനുഷ്ഠാന നിഷ്ഠയില്‍ അടിവരയിടുന്നവര്‍ വിവാഹ കമ്പോളത്തില്‍ സാധാരണ പരതാറുള്ളതു സാമ്പത്തിക കെട്ടുറപ്പുള്ള കുടുംബങ്ങളിലെ അംഗങ്ങളെയാണ്. ആ സാമ്പത്തിക കെട്ടുറപ്പിനു പിന്നിലുണ്ടാവുക കരിഞ്ചന്തയിലൂടെയും കൊള്ളക്കച്ചവടത്തിലൂടെയും അഴിമതിയിലൂടെയും നികുതി വെട്ടിപ്പുകളിലൂടെയും മറ്റൊട്ടേറെ സാമൂഹിക വഞ്ചനകളിലൂടെയും ആര്‍ജ്ജിച്ച സ്വത്തുക്കളായിരിക്കും. മതനിഷ്ഠയുള്ള വധുവിനേയോ വരനേയോ തേടുന്നവര്‍ക്ക് അതും യാതൊരു മനഃപ്രയാസവുമുണ്ടാക്കുന്നില്ല. ദീനി നിഷ്ഠയുടെ കാര്യത്തില്‍ കടുകിട വിട്ടുവീഴ്ചയ്ക്കു തയ്യാറാകാത്തവര്‍ തങ്ങളുടെ വൈവാഹിക ബന്ധുക്കള്‍ എങ്ങനെ കോടീശ്വരന്മാരായി എന്ന് അന്വേഷിച്ചു തല പുണ്ണാക്കാറുമില്ല. നമസ്‌കാരവും നോമ്പും പള്ളിയില്‍ പോക്കുമുണ്ടെങ്കില്‍, കട്ടോ കൊന്നോ കബളിപ്പിച്ചോ പണമുണ്ടാക്കിയവരെല്ലാം പത്തരമാറ്റ് മതവിശ്വാസികളാണവര്‍ക്ക്.

  ഹമീദ് ചേന്നമംഗലൂര്‍

ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം മതം എന്നതു വെറുമൊരു ആചാരാനുഷ്ഠാന വ്യവസ്ഥയാണ്. ഒരു മൂല്യവ്യവസ്ഥയായി അവര്‍ മതത്തെ വീക്ഷിക്കുന്നേയില്ല. അസത്യവും അനീതിയും കൊള്ളയും വഞ്ചനയും അഴിമതിയും ലൈംഗിക കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പുകളടക്കമുള്ള തിന്മകളെ പ്രതിരോധിക്കുന്ന മൂല്യവ്യവസ്ഥ കൂടിയാണ് മതം. അനുഷ്ഠാന വ്യവസ്ഥയെക്കാള്‍ പ്രാധാന്യം മതത്തിന്റെ മൂല്യ വ്യവസ്ഥയ്ക്കാണ്. ആ മൂല്യവ്യവസ്ഥയോട് അചഞ്ചലം സത്യസന്ധത പുലര്‍ത്താതെ അനുഷ്ഠാന വ്യവസ്ഥ മാത്രം പിന്തുടര്‍ന്നതുകൊണ്ട് ആരും ഉത്തമ മതവിശ്വാസിയാകുന്നില്ല; ആരും ദീനി നിഷ്ഠയുള്ളവരാകുന്നില്ല. രാപ്പകല്‍ ഭേദമില്ലാതെ സാമ്പത്തിക കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട് പണം വാരിക്കൂട്ടുന്നവര്‍ അഞ്ചു നേരം നമസ്‌കരിക്കുന്നു എന്ന ഒരൊറ്റകാരണത്താല്‍ ഉത്തമ മതവിശ്വാസികളാകുമോ?

ഈ സന്ദര്‍ഭത്തില്‍ തെക്കന്‍ കേരളത്തിലെ മുഖത്തലയില്‍നിന്നു വന്നു കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തില്‍ സ്ഥിരതാമസമാക്കുകയും അവിടെ സ്‌കൂള്‍ അധ്യാപകനായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരു സുഹൃത്തിനുണ്ടായ ദുരനുഭവം ഓര്‍മ്മവരുന്നു. മുസ്‌ലിം സമുദായാംഗമാണ് എഴുത്തുകാരന്‍ കൂടിയായ ആ സുഹൃത്ത്. അയാള്‍ വിവാഹം ചെയ്തത് ഹിന്ദു സ്ത്രീയെയാണ്. പലരും ചെയ്യാറുള്ളതുപോലെ ഭാര്യയെ അയാള്‍ തന്റെ മതത്തിലേയ്ക്കു പരിവര്‍ത്തനം ചെയ്യിച്ചില്ല. ആ സന്‍മനോഭാവത്തിന്റെ പേരില്‍ അയാള്‍ ക്രൂരമായി ശിക്ഷിക്കപ്പെട്ടു. എങ്ങനെയെന്നോ? അയാളുടെ മുസ്‌ലിമായ മാതാവ് മരിച്ചപ്പോള്‍ അവരുടെ മൃതദേഹം ഗ്രാമത്തിലെ പള്ളിശ്മശാനത്തില്‍ മറവുചെയ്യാന്‍ പള്ളിക്കമ്മിറ്റിക്കാര്‍ അനുവദിച്ചില്ല!
ആ പള്ളിക്കമ്മിറ്റിയില്‍ കരിഞ്ചന്ത, കൊള്ളലാഭം, നികുതിവെട്ടിപ്പ് തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലൂടെ പണവും ഭൂസ്വത്തും സമ്പാദിച്ചവരുണ്ടായിരുന്നു. അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പള്ളിശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളാമെന്നു വിധിച്ചവര്‍ പ്രസ്തുത അവകാശം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്താത്ത, മുസ്‌ലിമായ അധ്യാപകന്റെ മുസ്‌ലിമായ ഉമ്മയ്ക്കു നല്‍കാവതല്ലെന്നാണ് വിധിയെഴുതിയത്!

മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല, മറ്റു പല സമുദായങ്ങളിലും ഇമ്മട്ടിലുള്ള പരമ നിഷ്ട വിധിതീര്‍പ്പുകള്‍ ഉണ്ടാകാറുണ്ട്. ഊരുവിലക്കും ദേവാലയ വിലക്കും ശ്മശാന വിലക്കുമൊക്കെ പലരും നടത്തുന്നു. മുസ്‌ലിങ്ങളായാലും ക്രിസ്ത്യാനികളായാലും ഹിന്ദുക്കളായാലും മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ മാത്രമാണ് അത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്താറുള്ളത്. മതമൂല്യങ്ങളുടെ കഴുത്തറുത്തു കള്ളക്കച്ചവടം നടത്തിയതിന്റെ പേരിലോ സര്‍ക്കാര്‍ ഭൂമി കൈയേറിയതിന്റെ പേരിലോ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടത്തിയതിന്റെ പേരിലോ എന്തിന്, കൊലപാതകം നടത്തിയതിന്റെ പേരില്‍ പോലുമോ ഇന്നേവരെ ഒരു സമുദായത്തിന്റേയും മതമേലാളന്മാര്‍ ആര്‍ക്കെതിരേയും ഊരുവിലക്കോ ശ്മശാന വിലക്കോ ഏര്‍പ്പെടുത്തിയ ചരിത്രം ഒരാള്‍ക്കും എടുത്തുകാട്ടാനാവില്ല.

മതമൂല്യങ്ങളെ നിരങ്കുശം ചവിട്ടിയരയ്ക്കുന്നവര്‍ മതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നു എന്ന ഒറ്റക്കാരണത്താല്‍ ലക്ഷണമൊത്ത ഉല്‍കൃഷ്ട മതവിശ്വാസികളും ദീനി നിഷ്ഠക്കാരുമായി സമൂഹത്തില്‍ വിലസുന്നു. അതേസമയം മതാനുഷ്ഠാനങ്ങള്‍ക്കു പകരം മതമൂല്യങ്ങളെ ഹൃദയത്തോടു ചേര്‍ത്തുവെയ്ക്കുന്നവര്‍ മതനിഷേധികളും മതത്തിന്റെ ആജന്മശത്രുക്കളുമായി ചിത്രീകരിക്കപ്പെടുകയും ചെയ്യുന്നു. ഈ ചിത്രീകരണ വ്യായാമത്തില്‍ വര്‍ത്തമാനകാലത്ത് ഏറ്റവും കൂടുതല്‍ വ്യാപൃതരാകുന്നതു മുസ്‌ലിം മത മൗലികവാദത്തിന്റേയും മതതീവ്രവാദത്തിന്റേയും പ്രത്യയശാസ്ത്രവാഹകരും പ്രയോക്താക്കളുമാണ്.

നിങ്ങള്‍ മതാനുഷ്ഠാന നിഷ്ഠയില്ലാത്ത ആളാണെന്നു വിചാരിക്കുക. ഇസ്‌ലാമിക മതമൗലിക-മതതീവ്രവാദ സംഘടനകളുടെ അമാനവിക പ്രത്യയശാസ്ത്രത്തേയും അതില്‍ ഉള്‍ച്ചേര്‍ന്ന സമഗ്രാധിപത്യ പ്രവണതകളേയും കാര്യകാരണസഹിതം നിങ്ങള്‍ വിമര്‍ശിക്കുന്നു എന്നും കരുതുക. എങ്കില്‍ ബന്ധപ്പെട്ട മതമൗലികവാദികളും തീവ്രവാദികളും നിങ്ങള്‍ക്ക് ആദ്യം ചാര്‍ത്തിത്തരിക 'മതം ഇല്ലാത്തവന്‍' എന്ന മുദ്രയായിരിക്കും. മതനിഷേധി എന്നതിനു പുറമേ ആ പ്രത്യേക മതസമുദായത്തിന്റെ കൊടുംശത്രു എന്ന പട്ടവും അവര്‍ നിങ്ങള്‍ക്കു നല്‍കും. സാമൂഹിക വഞ്ചനയോ സാമ്പത്തിക തട്ടിപ്പുകളോ നടത്താതിരിക്കുകയും മതം ഉള്‍പ്പെടെയുള്ള ചിന്താപദ്ധതികള്‍ മുന്നോട്ടു വെയ്ക്കുന്ന മൂല്യങ്ങളോട് അഴിയാക്കൂറ് പുലര്‍ത്തുകയും ചെയ്യുന്ന ആളാണ് നിങ്ങളെങ്കിലും അതൊന്നും അവര്‍ കണക്കിലെടുക്കില്ല. ദേവാലയത്തില്‍ പോകാത്ത, ദൈവപ്രാര്‍ത്ഥന നടത്താത്ത, വ്രതാനുഷ്ഠാനം നിര്‍വ്വഹിക്കാത്ത നിങ്ങള്‍ ഒരു തരത്തിലും വിശ്വാസി സമൂഹത്തിനു സ്വീകാര്യനാകാന്‍ പാടില്ലാത്ത പിശാചാണെന്നുള്ള കുപ്രചരണത്തില്‍ അവര്‍ മുഴുകും. അങ്ങനെ ചെയ്യുമ്പോഴും അടുത്ത നിമിഷം ഏതു തട്ടിപ്പുകള്‍ വഴി കാശ് വാരാം എന്നതാകും മതം ഉള്ളവര്‍ എന്നു സ്വയം അവകാശപ്പെടുന്ന അവരുടെ മനസ്സിന്റെ അടിത്തട്ടിലുള്ള ആലോചന.

മതം ഉള്ളവര്‍ ആരെന്നും മതം ഇല്ലാത്തവര്‍ ആരെന്നും ഈ ഘട്ടത്തില്‍ നാം ചോദിക്കേണ്ടിയിരിക്കുന്നു. ദേവാലയത്തില്‍ പോവുകയോ പൂജ നടത്തുകയോ വഴിപാട് നടത്തുകയോ ഒന്നും ചെയ്തിട്ടില്ലാതിരുന്ന ഉത്തമ മതവിശ്വാസിയായിരുന്നു ഗാന്ധിജി. സത്യവും നീതിയും അഹിംസയും മതാതീത സാഹോദര്യവുമുള്‍പ്പെടെയുള്ള മൂല്യങ്ങളുടെ ആകത്തുകയായിരുന്നു അദ്ദേഹത്തിനു മതം. അതേ അവസരത്തില്‍ ഇച്ചൊന്ന മൂല്യങ്ങള്‍ക്കു പുല്ലുവില കല്പിക്കാതെ ആചാരാനുഷ്ഠാനങ്ങളുടെ ആകത്തുകയായി മതത്തെ കണ്ടവരും അദ്ദേഹത്തിന്റെ സമകാലികര്‍ക്കിടയിലുണ്ടായിരുന്നു. മതം സമം മൂല്യനിഷ്ഠ എന്ന സമീപനം സ്വീകരിച്ച ഗാന്ധിജിയെപ്പോലുള്ളവരാണോ അതോ മതം സമം അനുഷ്ഠാന നിഷ്ഠ എന്ന കാഴ്ചപ്പാട് കൈക്കൊള്ളുന്നവരാണോ യഥാര്‍ത്ഥത്തില്‍ മതം ഉള്ളവര്‍?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com