അടല്‍ ബിഹാരി വാജ്‌പേയി: മൂല്യരാഷ്ട്രീയത്തിന്റെ വലതു ഭീഷ്മര്‍

വാജ്‌പേയി ബി ജെ പിയുടെ മുഖമല്ല മുഖംമൂടിയാണ് എന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വന്നത്
അടല്‍ ബിഹാരി വാജ്‌പേയി: മൂല്യരാഷ്ട്രീയത്തിന്റെ വലതു ഭീഷ്മര്‍

അടല്‍ ബിഹാരി വാജ്‌പേയി ഓര്‍മ്മയായി. ഇന്ത്യയുടെ പത്താമത് പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. അല്‍പായുസ്സായിരുന്ന രണ്ടു ടേമുകളിലും (1996, 1998 1999) അഞ്ചു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ടേമിലും (1999 2004) അദ്ദേഹം ഇന്ത്യയില്‍ ഒരു പുതിയ ഭരണ ശൈലിക്ക് തുടക്കം കുറിച്ചു.1996 വരെ ഇന്ത്യയില്‍ ഭാരതീയ ജനതാ പാര്‍ട്ടി എന്നത് രാഷ്ട്രീയപരമായ പാതിത്യം അനുഭവിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തിനു ശേഷം അധികാരത്തില്‍ വന്ന രാജീവ് ഗാന്ധി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയെങ്കിലും ബൊഫോഴ്‌സ് കോഴക്കേസില്‍പ്പെട്ടു കലുഷിതമായാണ് അദ്ദേഹത്തിന്റെ ഭരണകാലം (19841989) അവസാനിച്ചത്. തുടര്‍ന്നുണ്ടായ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുറത്തു നിന്ന് പിന്തുണയ്ക്കുന്ന ന്യൂനപക്ഷ സര്‍ക്കാരുകള്‍ ആണ് അധികാരത്തില്‍ വന്നതെങ്കിലും അവയ്ക്കു ദീര്‍ഘായുസ്സുണ്ടായില്ല. 1991 മെയ് 21 നു തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരില്‍ തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്ന വേളയില്‍ അദ്ദേഹം തമിഴ് പുലികളുടെ ആത്മഹത്യാ സ്‌ക്വാഡിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തി. നരസിംഹ റാവുവായിരുന്നു പ്രധാനമന്ത്രി. അദ്ദേഹത്തിന്റെ ഭരണകാലത്തിലാണ് ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ വേരുപിടിക്കാന്‍ സഹായകമായ ഏറ്റവും വലിയ പരീക്ഷണം നടന്നത്. പില്‍ക്കാലത്തു ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാവുകയും പ്രതിപക്ഷ നേതാവാവുകയും ഒക്കെ ചെയ്ത എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര ഒടുവില്‍ 1992 ഡിസംബര്‍ 6 നു അയോധ്യയിലെ ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലില്‍ കലാശിച്ചു.

ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് ആരായിരുന്നു? അദ്വാനിയായിരുന്നു ആരും നിര്‍വിശങ്കം ഉത്തരം പറയും. പക്ഷെ അദ്വാനി ഇന്ത്യയുടെ പ്രധാനമന്ത്രി ആയില്ല. എന്ന് മാത്രമല്ല അത് വരെ മികച്ച ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നും ലോകസഭാംഗമെന്നും ഒക്കെ മാത്രം പേരുണ്ടായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആവുകയും ചെയ്തു. 2004 ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുകയും ഭാരതീയ ജനതാ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തപ്പോള്‍ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന കാര്യത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ ഉണ്ടായി. അയോദ്ധ്യരാമജന്മ ഭൂമിബാബ്‌റി മസ്ജിദ് വിഷയങ്ങളിലൂടെ ബി ജെ പിയെ ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരത്തില്‍ ആക്രാമകതയോടെ സന്നിവേശിപ്പിക്കുന്നതില്‍ അദ്വാനിയ്ക്കു സഹായിയായി ഒപ്പം നിന്ന നരേന്ദ്ര മോഡി എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പില്‍ക്കാലത്തു ഗുജറാത്തിലെ മുഖ്യമന്ത്രിയാവുകയും അതേത്തുടര്‍ന്ന് 2014 ല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും ചെയ്തപ്പോള്‍ അദ്വാനിയെ പൂര്‍ണ്ണമായും തഴഞ്ഞു എന്ന് മാത്രമല്ല, അദ്ദേഹത്തിന് ഉപപ്രധാനമന്ത്രി സ്ഥാനമോ മന്ത്രിസഭയില്‍ ഇടാമോ നല്‍കാതെ മാര്‍ഗ ദര്‍ശക് മണ്ഡല്‍ എന്ന പേരില്‍ ഉള്ള ഉപദേശക സമിതിയില്‍ അംഗമാക്കി മാറ്റി ഒരറ്റത്തേയ്ക്കു ഒതുക്കി. അദ്വാനിയ്ക്കു മാത്രമല്ല ഈ അവസ്ഥ വന്നു കൂടിയത്, ബി ജെ പിയുടെ കഷ്ടകാലങ്ങളിലും നല്ല കാലങ്ങളിലും ഒപ്പം നിന്ന ജസ്വന്ത് സിങ്, യശ്വന്ത് സിന്‍ഹ, മുരളീ മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ ഒക്കെ ഒതുക്കി ഒരു ബി ജെ പി കോര്പറേറ്റ് രൂപീകരിക്കാന്‍ നരേന്ദ്ര മോഡിയ്ക്ക് കഴിഞ്ഞു.

ഇവിടെ ഉയര്‍ന്നു വരുന്ന ഒരു പ്രധാന ചോദ്യം ഇതാണ്. അടല്‍ ബിഹാരി വാജ്‌പേയി 2014 ല്‍ ആരോഗ്യവാനായിരുന്നെങ്കില്‍ നരേന്ദ്ര മോഡി എന്നൊരു അധികാര കേന്ദ്രം ബി ജെ പിയില്‍ ഉയര്‍ന്നു വരുമായിരുന്നോ? ഒരു പക്ഷെ ഈ ചോദ്യത്തില്‍ വലിയ അര്‍ഥം ഉള്ളതായി പലര്‍ക്കും തോന്നില്ല കാരണം 2009ല്‍ യു പി എ യ്‌ക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ അദ്വാനി മാത്രമേ ബാക്കിയുള്ളൂ എന്ന തരത്തില്‍ വാജ്‌പേയി അസുഖബാധിതനായി സജീവ രാഷ്ട്രീയത്തില്‍ നിന്നും പൊതു രംഗത്തു നിന്നും പിന്മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയെ സംബന്ധിച്ചിടത്തോളം പകരം വെയ്ക്കാന്‍ അദ്വാനി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ദേശീയ തലത്തില്‍ സ്വാധീനമുള്ള ഒരൊറ്റ നേതാവുമാത്രം ഉള്ള ഒരു പാര്‍ട്ടിയായി അപ്പോഴേയ്ക്കും ബി ജെ പി ചുരുങ്ങിപ്പോയിരുന്നു. പക്ഷെ എന്ത് കൊണ്ടോ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതിന് മുന്‍തൂക്കം നല്‍കിയ അദ്വാനിയ്ക്കു ബി ജെ പിയുടെയും അതിന്റെ മാതൃ സംഘടനയായ ആര്‍ എസ് എസ്സിന്റെയും പിന്തുണ ലഭിച്ചില്ല. അതെ സമയം ആര്‍ എസ്സ് എസ്സുമായി ഇണക്കവും പിണക്കവും തുടക്കം മുതല്‍ക്കേ വെച്ച് പുലര്‍ത്തിയിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയെ തന്നെയാണ് പ്രധാനമന്ത്രിയാകാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്. ഒരു പക്ഷെ ആര്‍ എസ് എസ്, ഇന്ത്യ ഇനിയും ഒരു 'ഹിന്ദു രാഷ്ട്രമാകാന്‍' വേണ്ട തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന തിരിച്ചറിവായിരുന്നോ? അതോ അന്താരാഷ്ട്ര ശക്തികളില്‍ നിന്ന് നേരിടാന്‍ സാധ്യതയുള്ള നിരോധനങ്ങളെ ഭയന്നായിരുന്നോ? അതോ ബാബ്‌റി മസ്ജിദ് തകര്‍ക്കുന്നതില്‍ അദ്വാനിയെക്കാള്‍ വലിയ സംഭാവന നല്‍കിയത് അന്ന് ഉത്തര്‍പ്രദേശ് ഭരിച്ചിരുന്ന കല്യാണ്‍ സിങ് ഭരണകൂടവും കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദവും ആയിരുന്നു എന്നുള്ള കണ്ടെത്തലായിരുന്നോ?

'ബാബ്‌റി മസ്ജിദിന്റെ പതനം എന്നത് സ്വതന്ത്ര ഇന്ത്യയുടെ അസ്ഥിവാരത്തെ തന്നെ പിടിച്ചു കുലുക്കുന്ന ഒന്നായിരുന്നു. ഡിസംബര്‍ ഏഴാം തീയതി ഉണര്‍ന്നെഴുന്നേറ്റ പലരും കുറ്റം ചാരാന്‍ കണ്ടെത്തിയത് പ്രധാനമന്ത്രിയെ ആയിരുന്നു. ചരിത്രം നരസിംഹ റാവുവിനെ വളരെ ക്രൂരമായാണ് വിധിച്ചത്,' വിനയ് സീതാപതി, നരസിംഹറാവുവിനെ കുറിച്ചെഴുതിയ 'ഹാഫ് ലയണ്‍' എന്ന പുസ്തകത്തില്‍ പറയുന്നു. റാവു എങ്ങിനെയാണ് മസ്ജിദിനെ തകര്‍ക്കാതിരിക്കാന്‍ ഹിന്ദു നേതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയത് എന്ന കാര്യവും സീതാപതി റാവുവിന്റെ മേലുള്ള കളങ്കം നീക്കാന്‍ വേണ്ടി പറയുന്നുണ്ട്. ഇതൊക്കെ ആണ് ചരിത്രം എങ്കിലും തൊണ്ണൂറ്റിയാറില്‍ ഒരു ന്യൂനപക്ഷ മന്ത്രിസഭയുടെ നേതാവായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും പിന്നീടുള്ള വര്‍ഷങ്ങളിലും രാമജന്മ ഭൂമി വിഷയമോ ബാബ്‌റി മസ്ജിദിന്റെ തകര്‍ക്കലോ തന്റെ രാഷ്ട്രീയ വ്യവഹാരത്തിലും ഇന്ത്യയുടെ പൊതു രാഷ്ട്രീയ വ്യവഹാരത്തിലും വരാതിരിക്കാന്‍ വാജ്‌പേയി ശ്രദ്ധിച്ചു എന്ന് നമുക്ക് കാണാം. ഇതിനുള്ള കാരണം, വാജ്‌പേയി ഹിന്ദുത്വയുടെ അജണ്ടയെ പാടെ നിരാകരിച്ചു എന്നല്ല, നേരെ മറിച്ച്, ഇന്ത്യ എന്ന ഫെഡറല്‍ സംവിധാനത്തിനെ നിലനിറുത്തണമെങ്കില്‍ ആ ഒരു അജണ്ടയുമായി മുന്നോട്ടു പോകാന്‍ കഴിയുകയില്ല എന്ന് അദ്ദേഹത്തിന് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നത് കൊണ്ട് തന്നെയാണ്. 1991ല്‍ നരസിംഹ റാവു സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിങ് തുടങ്ങി വെച്ച ഉദാര സാമ്പത്തിക നയത്തെ മുന്നോട്ടു കൊണ്ട് പോകാന്‍ തന്നെ വാജ്‌പേയി ശ്രമിച്ചു, എന്ന് മാത്രമല്ല കോണ്‍ഗ്രെസ്സുമായി പരസ്പരം പോരടിക്കുന്ന തരത്തിലുള്ള ഒരു സന്ദര്‍ഭത്തിലും കാര്യങ്ങളെ കൊണ്ടെത്തിക്കാന്‍ അദ്ദേഹം ശ്രമിച്ചുമില്ല. ഇത് കൊണ്ട് തന്നെയാകണം വാജ്‌പേയി ബി ജെ പിയുടെ മുഖമല്ല മുഖംമൂടിയാണ് എന്ന ആരോപണം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ വന്നത്.

അടല്‍ ബിഹാരി വാജ്‌പേയി എന്ന പ്രധാനമന്ത്രിയെ വിലയിരുത്തണമെങ്കില്‍ അദ്ദേഹത്തെ ഇതര ബി ജെ പി പ്രധാനമന്ത്രിമാരുമായി ഒന്ന് താരതമ്യം ചെയ്തു നോക്കണം. അങ്ങിനെ വരുമ്പോള്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയല്ലാതെ മറ്റൊരു മാനകം നമ്മുടെ പക്കല്‍ ഇല്ല. അടല്‍ ബിഹാരി വാജ്‌പേയി സമവായത്തിന്റെ രാഷ്ട്രീയം ആണ് കാംക്ഷിച്ചത്. എന്ന് മാത്രമല്ല, അദ്ദേഹം പ്രാദേശിക പാതാ വികസനം, സര്‍വ്വ ശിക്ഷാ അഭിയാന്‍ (എല്ലാവര്ക്കും വിദ്യാഭ്യാസം) എന്നൊക്കെയുള്ള പരിപാടികള്‍ നടപ്പിലാക്കിയപ്പോള്‍ അതൊന്നും 'വികസനം' എന്ന മുദ്രാവാക്യത്തിന്റെ കീഴില്‍ ആയിരുന്നില്ല. ഒരിക്കല്‍പ്പോലും വാജ്‌പേയി എന്ന പ്രധാനമന്ത്രി തന്റെ നെഞ്ചളവോ പൗരുഷമോ എടുത്തുകാട്ടിയില്ല. പാര്‍ലമെന്റില്‍ തികഞ്ഞ സൗഹാര്‍ദ്ദത്തോടെയും മമതയോടെയും ഒരു പ്രധാനമന്ത്രിയ്ക്ക് ചേര്‍ന്ന അന്തസ്സോടെയും മാത്രമേ അദ്ദേഹം പെരുമറിയുള്ളൂ. സുരക്ഷാ സംവിധാനങ്ങള്‍ കൊണ്ടോ അമിതമായ ദേശഭക്തി കൊണ്ടോ വാജ്‌പേയി ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഒരു പ്രധാനമന്ത്രിയാണെന്ന തോന്നല്‍ ഉളവാക്കിയില്ല. വാജ്‌പേയിയുടെ കാലത്ത് പശുമാംസം സംബന്ധിച്ച പ്രശ്‌നങ്ങളോ ആള്‍ക്കൂട്ടക്കൊലകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. സിനിമാശാലകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയില്ല. അദ്ദേഹത്തിന്റെ കാലത്താണ് പൊഖ്‌റാനില്‍ ഇന്ത്യയുടെ രണ്ടാം അണുവിസ്‌ഫോടനവും കാര്‍ഗില്‍ യുദ്ധവും ഉണ്ടായത്. ഇന്ത്യയുടെ അഞ്ഞൂറോളം സൈനികരാണ് ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ബര്‍ഖാ ദത്തിനെപ്പോലുള്ള സമാധാന കാംക്ഷികള്‍ പോലും യുദ്ധരംഗത്തു നിന്ന് ഇന്ത്യയുടെ അഭിമാനം കാത്ത പട്ടാളക്കാരെക്കുറിച്ചും യുദ്ധ തന്ത്രങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്തു. പക്ഷെ കാര്‍ഗില്‍ യുദ്ധത്തിന്റെ പേരില്‍ ഇന്ത്യയില്‍ ഹിന്ദു മുസ്‌ലിം ലഹള ഉണ്ടായില്ല.

ഹൈപ്പര്‍ മാസ്‌കുലൈന്‍ പാട്രിയോട്ടിസം അഥവാ അതി പൗരുഷ ദേശസ്‌നേഹം എന്ന് പറയാവുന്ന ഒരു വികാരത്തെ എന്തുകൊണ്ട് വാജ്‌പേയി ഇളക്കി വിട്ടില്ല എന്ന് അന്വേഷിക്കുന്നത് ഇവിടെ സംഗതമാണ്. സാംസ്‌കാരികമായി വളരെ വിശാലമനസ്സു സൂക്ഷിച്ചിരുന്ന, ഗ്വാളിയാറിലെ ഒരു കുടുംബത്തിലായിരുന്നു 1924 ഡിസംബര്‍ 25 നു വാജ്‌പേയിയുടെ ജനനം. അമ്മയുടെ പേര് കൃഷ്ണാ ദേവി. അച്ഛന്റെ പേര് കൃഷ്ണ ബിഹാരി വാജ്‌പേയി. അദ്ദേഹം ഗ്വാളിയാറിലെ പ്രശസ്തനായ കവികൂടിയായിരുന്നു. വാജ്‌പേയിയ്ക്കു ഒരു വയസ്സുള്ളപ്പോളാകണം രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിതമാകുന്നത്. അതെ കാലത്തു തന്നെയാണ് കേരളത്തില്‍ വൈക്കം സത്യാഗ്രഹം ആരംഭിക്കുന്നത്. മഹാത്മാ ഗാന്ധി കോണ്‍ഗ്രസിന്റെ പ്രസിഡന്റ് പദവി ആദ്യമായും അവസാനമായും അലങ്കരിക്കുന്ന സമയം കൂടിയാണ് അത്. ബാലനായ വാജ്‌പേയി ദേശീയപ്രസ്ഥാനത്തിന്റെ ചൂടിലും ചൂരിലുമാണ് ജനിച്ചു വളര്‍ന്നത്. അന്ന് ആര്‍ എസ് എസ് ഒരു തീവ്ര ദേശീയ വാദി സംഘടനയാണ് (സ്വാതന്ത്ര്യവും അഖണ്ഡഭാരത സൃഷ്ടിയും തന്നെയായിരുന്നു അതിന്റെ ലക്ഷ്യം അന്നും. പക്ഷെ കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്തമായ ഒരു ഹിന്ദുത്വ പ്രത്യയശാസ്ത്ര അടിസ്ഥാനത്തിലാണ് അത് നിലനിന്നിരുന്നത്). ദേശസ്‌നേഹിയായ വാജ്‌പേയി വീട്ടിന്റെ മതില് ചാടി ശാഖയില്‍ പങ്കെടുക്കാന്‍ പോയിരുന്നതായി ജീവചരിത്രങ്ങള്‍ പറയുന്നു. ആര്യ സമാജത്തിലും കുറച്ചു നാള്‍ വാജ്‌പേയി പ്രവര്‍ത്തിച്ചു. പതിനഞ്ച് വയസ്സ് പ്രായമുള്ളപ്പോള്‍ ആര്‍ എസ് എസ്സിന്റെ സജീവ പ്രവര്‍ത്തകനായി. തുടര്‍ന്ന് കോളേജ് കാലഘട്ടത്തില്‍ (കാണ്‍പൂരിലെ ഡി എ വി കോളേജില്‍ നിന്ന് അദ്ദേഹം രാഷ്ട്രമീമാംസയില്‍ ബിരുദവും ബിരുദാന്തര ബിരുദവും നേടി) സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായി. തങ്ങളുടെ മികച്ച ഒരു പ്രവര്‍ത്തകനെ കൈവിട്ടു പോകുമോ എന്ന ഭയം അക്കാലത്തു ആര്‍ എസ് എസ് നേതൃത്വത്തിന് ഉണ്ടായിരുന്നുവെന്ന് 'ഷെയ്ഡ്‌സ് ഓഫ് സാഫ്‌റോണ്‍ ഫ്രം വാജ്‌പേയി ടു മോഡി എന്ന പുസ്തകം എഴുതിയ മുതിര്‍ന്ന പത്രപ്രവര്‍ത്തക സാബ നഖ്‌വി ചൂണ്ടിക്കാട്ടുന്നു.

ഒരേ സമയം ഹൈന്ദവ ദേശീയതയും അന്താരാഷ്ട്രീയ സോഷ്യലിസത്തിന്റെയും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ വാജ്‌പേയിക്ക് കഴിഞ്ഞതാകണം അദ്ദേഹം പ്രധാനമന്ത്രിയാകുമ്പോള്‍ തീവ്ര ഹൈന്ദവ പുരുഷാധിപത്യ ദേശീയതയ്ക്കു അത്രമേല്‍ പ്രാധാന്യം രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ലഭിക്കാതിരുന്നത്. റാം മനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ചിന്തകളില്‍ ആകൃഷ്ടനായിരുന്ന വാജ്‌പേയിക്ക് നെഹ്‌റുവും ഗാന്ധിയും ശത്രുക്കള്‍ ആയിരുന്നില്ല എന്ന് മാത്രമല്ല അവരോട് ആരാധന കലര്‍ന്ന ബഹുമാനവും അദ്ദേഹം വെച്ച് പുലര്‍ത്തിയിരുന്നു. 1948 ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ആര്‍ എസ് എസ് നിരോധിക്കപ്പെട്ടതോടെ അതിനു രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനായി ഒരു രാഷ്ട്രീയ രൂപം സ്വീകരിക്കേണ്ടി വന്നതിന്റെ ഫലമായി ഭാരതീയ ജനസംഘം രൂപീകരിക്കപ്പെട്ടു. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആയിരുന്നു അതിന്റെ ദേശീയ സെക്രട്ടറി. ഉത്തരേന്ത്യയുടെ ചുമതല വാജ്‌പേയിയുടെ പക്കലായിരുന്നു. തുടര്‍ന്ന് 1954ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ സെക്രട്ടറി ആയി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്തു. കാശ്മീരിനെച്ചൊല്ലിയാണ് ശ്യാമപ്രസാദ് മുഖര്‍ജി ഏറ്റവും അധികം വേദനിച്ചത്. കാശ്മീരിന് ഇന്ത്യ നല്‍കുന്ന രണ്ടാം കിട സ്ഥാനത്തില്‍ പ്രതിഷേധിച്ചാണ് മുഖര്‍ജി സത്യാഗ്രഹം നടത്തുന്നതും തുടര്‍ന്ന് മരണമടയുന്നതും. വാജ്‌പേയി പ്രധാനമന്ത്രി ആകുമ്പോള്‍ കശ്മീര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ പ്രധാനസ്ഥാനം പിടിക്കുന്നത് കാണാം. കാശ്മീരില്‍ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി വാജ്‌പേയി ഇന്ത്യക്കും പാകിസ്ഥാനും ഇടയില്‍ ഒരു 'ധാരണാ തീവണ്ടി' ഓടിച്ചു. രണ്ടു പ്രാവശ്യം പാകിസ്ഥാന്‍ സന്ദര്‍ശിച്ചു. ഒടുവില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആയിരുന്ന പര്‍വേഷ് മുഷ്‌റാഫിനെ ഇന്ത്യയില്‍ ക്ഷണിച്ചു പ്രശസ്തമായ ആഗ്രാ ഉച്ചകോടി നടത്തി (ഇന്ന് അതെ താജ്മഹലിനെ തേജോമഹലായി ചിത്രീകരിച്ചു മറ്റൊരു ബാബ്‌റി മസ്ജിദിലേക്കു നയിക്കാനുള്ള തീവ്ര ഹിന്ദുത്വയുടെ ശ്രമം കാണുമ്പോള്‍ ആരാണ് വാജ്‌പേയിയെ ഓര്‍ത്ത് പോകാത്തത്?). പക്ഷെ എല്ലാ ധാരണകളെയും കാറ്റില്‍ പറത്തിക്കൊണ്ട് തീവ്രവാദികള്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറി. അതിനെ വാജ്‌പേയി ധീരമായി നേരിട്ട് പരാജയപ്പെടുത്തി (കാര്‍ഗിലില്‍ നുഴഞ്ഞു കയറിയത് തീവ്രവാദികള്‍ അല്ല സിവിലിയന്‍ വേഷം ധരിച്ച പാകിസ്ഥാന്‍ സൈനികര്‍ തന്നെയായിരുന്നു എന്ന് സാബ നഖ്‌വി പാകിസ്താനി സ്രോതസുകള്‍ ഉദ്ധരിച്ചു കൊണ്ട് തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.). വാജ്‌പേയി പൂര്‍ണ്ണമായ ജനപിന്തുണയോടെ അഞ്ചു വര്‍ഷം അധികാരത്തിലേക്ക് തിരികെ വരുന്നതിനു പിന്നില്‍ പൊഖ്‌റാന്‍ സ്‌ഫോടനങ്ങളും ഇന്‍ഡോ  പാക് സമാധാന ശ്രമങ്ങളും കാര്‍ഗില്‍ യുദ്ധവും ഉണ്ട്. പക്ഷെ അദ്ദേഹം കശ്മീര്‍ ജനതയെ പാകിസ്ഥാന്‍ ബന്ധത്തിന്റെ പേരില്‍ ശിക്ഷിക്കുകയോ പെല്ലറ്റ് വെടിയുണ്ടകള്‍ ഉതിര്‍ത്തു കശ്മീരിലെ ചെറുപ്പക്കാരുടെ കണ്ണുകള്‍ പൊട്ടിച്ചു കളയുകയോ ചെയ്തില്ല.

വാജ്‌പേയി ഒരു തീവ്ര ഹിന്ദു അല്ല എന്ന പരാതി എക്കാലത്തും ബി ജെ പിയുടെ ഉള്ളില്‍ത്തന്നെയുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി ഭൂരിപക്ഷം നേടുകയും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ ഒരു പുതിയ ഭരണകൂടം ഉണ്ടാവുകയും ചെയ്തു. അതില്‍ ഭാരതീയ ജനസംഘത്തില്‍ ഉള്ള നേതാക്കന്മാരും ഉണ്ടായിരുന്നു. ആര്‍ എസ് എസ്സുമായി പൊക്കിള്‍ക്കൊടി ബന്ധമുള്ള ഭാരതീയ ജനസംഘത്തിലും അതെ സമയം സോഷ്യലിസ്റ്റ് ചായ്‌വുള്ള ജനതാ പാര്‍ട്ടിയിലും ഒരേ സമയം അംഗമായിരിക്കുന്നത് ശരിയല്ല എന്ന പ്രശ്‌നം ഉയര്‍ന്നതോടെ ആര്‍ എസ്സ് എസ്സുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെ സൃഷ്ടിക്കുക എന്നത് പ്രായോഗികമായ ഒരു ആവശ്യമായി വന്നു. അങ്ങിനെയാണ് ഭാരതീയ ജനതാ പാര്‍ട്ടി ഉണ്ടാകുന്നത്. 1990 ഏപ്രില്‍ 6 ന് പിറവിയെടുത്ത ബി ജെ പി യുടെ ആദ്യത്തെ ദേശീയ അധ്യക്ഷന്‍ അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ബി ജെ പിയ്ക്ക് സ്വാതന്ത്ര്യം വേണമെന്നും അതിന് ആര്‍ എസ് എസ്സിന്റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും ഉള്ള നയമാണ് വാജ്‌പേയി സ്വീകരിച്ചത്. പാര്‍ട്ടി രൂപീകരിച്ചു പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അത് അധികാരത്തില്‍ എത്തുന്നത്. അപ്പോള്‍ പ്രധാനമന്ത്രിയായി പരിഗണിക്കപ്പെട്ടു വാജ്‌പേയി പഴയ അതെ നിലപാട് തന്നെയാണ് സ്വീകരിച്ചത്. സാബ നഖ്‌വിയുടെ പുസ്തകത്തിലെ ഒരു നിരീക്ഷണം എന്റെ വിലയിരുത്തലിനെ ശരിവെക്കുന്നതാണ്. നഖ്‌വി എഴുതുന്നു: 'ഒരു സാധാരണ ആര്‍ എസ് എസ് പ്രവര്‍ത്തകനെപ്പോലായിരുന്നില്ല വാജ്‌പേയി. അദ്ദേഹം രാഷ്ട്രീയത്തെ സാധ്യമാകുന്നതിന്റെ/സാധ്യതകളുടെ കലയായി വീക്ഷിച്ചു. എന്നതിനര്‍ത്ഥം അദ്ദേഹത്തിന് ആര്‍ എസ് എസ് നേതൃത്വവുമായി അടുപ്പം ഇല്ലാതിരുന്നു എന്നല്ല. ആര്‍ എസ് എസ് സര്‍സംഘ് ചാലക് ആയിരുന്ന രാജു ഭയ്യയുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം സുവിദിതമാണ്. അങ്ങിനെ പറയുമ്പോള്‍ ഒരു കാര്യം കൂടി പറയണം, ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടു, വിജയം കാണാന്‍ കഴിയാത്ത രാഷ്ട്രീയ പ്രവര്‍ത്തകരോട് അദ്ദേഹത്തിന് വേണ്ടത്ര പുച്ഛവും ഉണ്ടായിരുന്നു.'

വാജ്‌പേയിയ്ക്കു ആര്‍ എസ് എസ് നേതൃത്വത്തോടുള്ള ഈ സമീപനത്തെ അത്രയ്ക്ക് രുചിക്കാത്ത പല നേതാക്കളും ഉണ്ടായിരുന്നു. രാമജന്മഭൂമി വിഷയത്തില്‍ സമര രംഗത്ത് തീപ്പൊരി പ്രസംഗങ്ങളുമായി നിന്നിരുന്ന വിവാദ സന്ന്യാസിനി സാധ്വി ഋതംബര വാജ്‌പേയിയെ അക്കാലത്ത് 'പകുതി കോണ്‍ഗ്രെസ്സുകാരന്‍' എന്നാണു വിശേഷിപ്പിച്ചത്. (അതെ കാലയളവിലാണ് നരസിംഹ റാവുവിനെ കോണ്‍ഗ്രെസ്സിനുള്ളിലുള്ളവര്‍ 'പകുതി ആര്‍ എസ് എസ്' എന്ന് വിശേഷിപ്പിച്ചത് എന്ന വൈപരീത്യം രസകരം തന്നെ). വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റ് ആയിരുന്ന അശോക് സിംഗാള്‍ ഇക്കാലത്ത് വാജ്‌പേയിയുമായി  സംസാരിക്കുക കൂടി ചെയ്യുമായിരുന്നില്ല എന്ന് നഖ്‌വി വെളിപ്പെടുത്തുന്നു. വാജ്‌പേയി ആദ്യമായി പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമ്പോള്‍ത്തന്നെ ഈ മുറുമുറുപ്പുകള്‍ ബി ജെ പിക്കുള്ളില്‍ തന്നെ പ്രത്യക്ഷമായിരുന്നു. 1998ല്‍ രണ്ടാമതും വാജ്‌പേയി പ്രധാനമന്ത്രി ആകുമ്പോള്‍ ഈ പ്രതിഷേധം എല്ലാ മറകളും നീക്കി പുറത്തു വന്നു. ഈ സാഹചര്യത്തിലാണ്, വാജ്‌പേയി ബി ജെ പിയുടെ 'മുഖംമൂടി' ആണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സ്വദേശി ജാഗരണ മഞ്ച് നേതാവുമായിരുന്ന ഗോവിന്ദാചാര്യ പ്രഖ്യാപിക്കുന്നത്. ഈ മുഖംമൂടി പ്രഖ്യാപനത്തിനു വിവിധ വശങ്ങളുണ്ടായിരുന്നു. ആര്‍ എസ് എസ് അജണ്ട തന്നെയാണ് വാജ്‌പേയി പിന്തുടരുന്നതെന്നും അദ്ദേഹം കേവലം ഒരു മുഖംമൂടി മാത്രമാണെന്നും ഒരര്‍ത്ഥം. വാജ്‌പേയി ഒരു മുഖംമൂടി മാത്രമാണ്, സ്വത്വം ഉള്ള ആളല്ല എന്ന് മറ്റൊരു അര്‍ഥം. എന്തായാലും അതോടെ ഗോവിന്ദാചാര്യയുടെ കഷ്ടകാലം തുടങ്ങി. പൊതുവെ വിമര്‍ശനങ്ങളെ ചിരിച്ചു കൊണ്ട് നേരിടുന്ന വാജ്‌പേയി 2000 ആണ്ടോടെ ഗോവിന്ദാചാര്യയെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിറുത്തുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീക്കി. ഒരര്‍ത്ഥത്തില്‍  ഈ മുഖം മൂടി 2014 ല്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയില്‍ പുറത്തു വരുന്നത് നാം കണ്ടു; അത് അണികള്‍ എടുത്തു ധരിച്ച നരേന്ദ്ര മോദിയുടെ മുഖം വരച്ച മുഖംമൂടികള്‍ ആയിരുന്നു എന്ന് മാത്രം.

എന്തൊക്കെ വിമര്‍ശനങ്ങള്‍ വാജ്‌പേയിയുടെ നേര്‍ക്ക് ഉയര്‍ത്തിയിരുന്നാലും അദ്ദേഹം തികച്ചും മാന്യനായ ഒരു 'ഓള്‍ഡ് സ്‌കൂള്‍' രാഷ്ട്രീയ നേതാവായിരുന്നു എന്ന് കാണാം. തെറ്റായ പാര്‍ട്ടിയിലെ ശരിയായ നേതാവ് എന്നൊക്കെ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു കേള്‍ക്കാറുണ്ട്. രാഷ്ട്രീയത്തിന് ഒരു മൂല്യ വ്യവസ്ഥിതി ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന നേതാക്കളില്‍ അവസാന കണ്ണിയാണ് അദ്ദേഹം. 1957 ല്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ തികച്ചും ആകര്ഷകങ്ങള്‍ ആയിരുന്നു. എന്നാല്‍ നെഹ്രുവിനെപ്പോലും വിമര്‍ശിക്കാന്‍ അദ്ദേഹം മടിച്ചതുമില്ല.  'ദി അണ്‍ടോള്‍ഡ് വാജ്‌പേയി' എന്ന പുസ്തകം എഴുതിയ ഉല്ലേഖ് എന്‍ പി വിശദീകരിക്കുന്നത് കാണുക.: 'ചിലപ്പോഴൊക്കെ വാജ്‌പേയിയുടെ അത്യാകര്‍ഷകമായ ഹിന്ദി പ്രസംഗങ്ങള്‍ (പാര്‍ലമെന്റില്‍) കേള്‍ക്കുന്ന നെഹ്‌റു തന്റെ സ്വാഭാവികമായ ഇംഗ്ലീഷ് മാറ്റിവെച്ച് ദേശീയ ഭാഷയിലേക്കു കടക്കും. വാജ്‌പേയിക്ക് നല്ല ഇംഗ്ലീഷ് സംസാരിക്കുന്നവരോട് വലിയ അനുഭാവവും ആഭിജാത്യവും അന്തസ്സും കാട്ടുന്നവരോട് ബഹുമാനവും ഒക്കെ ഉണ്ടായിരുന്നെങ്കിലും നെഹ്രുവിനെതിരെ വിമര്‍ശനശരങ്ങള്‍ തൊടുക്കുന്നതില്‍ നിന്ന് അതൊന്നും അദ്ദേഹത്തെ വിലക്കിയില്ല. ഒരിക്കല്‍ വാജ്‌പേയി നെഹ്രുവിനോട് പറഞ്ഞു: 'താങ്കള്‍ക്ക് ഇരട്ട വ്യക്തിത്വം ഉണ്ട്. താങ്കള്‍ ഒരേ സമയം ചര്‍ച്ചിലും ചേമ്പര്‍ലെയിനും ആണ്. ' ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി, നല്ല കാലത്തിനു വാജ്‌പേയിയോട് കയര്‍ത്തില്ല. നേരെ മറിച്ച് വാജ്‌പേയി ഒരിക്കല്‍ തന്റെ കസേരയില്‍ ഇരിക്കും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യ സന്ദര്‍ശിച്ച ഒരു വിദേശ പ്രതിനിധിയോട് വാജ്‌പേയിയെ ചൂണ്ടിക്കാട്ടി നെഹ്‌റു പറഞ്ഞു,' ഈ യുവാവ് ഒരു ദിനം ഇന്ത്യയുടെ പ്രധാനമന്ത്രി ആകും.' കൂടാതെ ഈ ചെറുപ്പക്കാരനെ 'നന്നായി ശ്രദ്ധിക്കണം' എന്ന് തന്റെ സെക്രട്ടറിമാരില്‍ ഒരാളെ ശട്ടം കെട്ടുകയും ചെയ്തു.'

വര്‍ഷം 2002. തീവ്രവാദത്തിനെതിരെ യുദ്ധം എന്ന പേരില്‍ അമേരിക്ക ഇറാഖിനെതിരെ പടയോട്ടം നടത്തുന്ന സമയം. വാജ്‌പേയിയുടെ രാഷ്ട്ര തന്ത്രജ്ഞത ഏറ്റവും അധികം തെളിഞ്ഞ ഒരു അവസരമായിരുന്നു അത്. അമേരിക്കയിലെ ബുഷ് ഭരണകൂടം 17000 ഇന്ത്യന്‍ സൈനികര്‍ അടങ്ങുന്ന ഒരു പട്ടാളത്തിന്റെ മുഴുവന്‍ പ്ലാറ്റൂണ്‍ ഇറാഖില്‍ എത്തണം എന്ന് ആവശ്യപ്പെട്ടു. എന്ന് മാത്രമല്ല ഇന്ത്യ തീവ്രവാദത്തിനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കണമെന്നും ബുഷ് പറഞ്ഞു. യുദ്ധാനന്തര ഇറാഖില്‍ ഇന്ത്യക്കു ബിസിനസ് അവസരങ്ങള്‍ ധാരാളം ഉണ്ടാകും എന്ന് ചൂണ്ടിക്കാട്ടിയ അനേകം ബി ജെ പി നേതാക്കള്‍ ഇറാഖിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കുന്നതിനെ അനുകൂലിച്ചു. അപ്പോള്‍ അമേരിക്ക സന്ദര്‍ശനം കഴിഞ്ഞു വന്ന അദ്വാനിയും ഇന്ത്യയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചന നല്‍കി. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുഖ്യ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന ബ്രജേഷ് മിശ്രയും സൈനിക ഇടപെടലിന്റെ സാധ്യതകള്‍ സൂചിപ്പിച്ചു. വാജ്‌പേയി മാത്രം ഒന്നും പറഞ്ഞില്ല. അദ്ദേഹം ചെയ്തത്, അന്ന് പാര്‍ലമെന്റില്‍ ചെറുതല്ലാത്ത സാന്നിധ്യം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളായ എ ബി ബര്‍ധനെയും ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനെയും തന്റെ ഓഫിസില്‍ വിളിച്ചു വരുത്തി. താന്‍ ഈ പ്രശ്‌നത്തില്‍ ദുര്‍ബലനാണെന്നും കമ്മ്യൂണിസ്റ്റു നേതാക്കള്‍ ഇറാഖ് വിഷയം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാബ നഖ്‌വി എഴുതുന്നു: 'തങ്ങളോട് പ്രധാനമന്ത്രി എന്താണ് ആവശ്യപ്പെടുന്നതെന്ന് കമ്മ്യൂണിസ്‌റുകാരായ മുതിര്‍ന്ന നേതാക്കള്‍ മനസ്സിലാക്കി. ...വാജ്‌പേയിയുടെ പച്ചക്കൊടി ലഭിച്ചതോടെ അവര്‍ ഇറാഖില്‍ അമേരിക്ക നടത്തുന്ന ആക്രമണത്തിനെതിരെയുള്ള നിലപാടും സമരവും ശക്തമാക്കി. അതിനാല്‍ വാജ്‌പേയി ഔപചാരികമായി അമേരിക്കയുടെ, ഇന്ത്യന്‍ സൈനികരെ ഇറാക്കില്‍ വിടണം എന്ന ആവശ്യത്തെ നിരസിച്ചപ്പോള്‍ അത് തികച്ചും യുക്തിസഹമായേ തോന്നിയുള്ളൂ.' നഖ്‌വി തുടര്‍ന്നെഴുതുന്നു: 'സ്വന്തം പാര്‍ട്ടിയെ ബുദ്ധിപൂര്‍വം പരാജയപ്പെടുത്തുക വഴിയും വളരെ നാള്‍ നീണ്ടു നിന്ന അമേരിക്കയുടെ ഇറാഖ് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുക എന്നത് ഒഴിവാക്കുകയാലും വാജ്‌പേയി തീര്‍ച്ചയായും ഇന്ത്യയെ തികച്ചും വിനാശകരമായ ഒരു ഇടപാടില്‍ നിന്ന് രക്ഷിക്കുകയാണ് ചെയ്തത്.'

ഓര്‍ത്തഡോക്ള്‍സ് എന്ന് വിളിക്കാവുന്ന ഹിന്ദുത്വയുടെ പതാക വാഹകനായ വാജ്‌പേയി പക്ഷെ ആ പാര്‍ട്ടിയോ പരമ്പരാഗത ഹിന്ദുത്വയോ ആവശ്യപ്പെടുന്ന നിയമങ്ങളൊന്നും വ്യക്തിജീവിതത്തില്‍ പാലിച്ചില്ല എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കുറച്ചധികം ആകര്‍ഷകവും നിഗൂഢവും ആക്കുന്നുണ്ട്. ഹോട്ടല്‍വ്യവസായമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രഞ്ജന്‍ ഭട്ടാചാര്യ എന്ന ബംഗാളി വ്യക്തി വാജ്‌പേയി പ്രധാനമന്ത്രിയാകാനുള്ള സാധ്യത തെളിയുന്നതോടെ അദ്ദേഹത്തിന്റെ കണ്ണും കൈയും ആയി മാറുന്നു. അധികാരത്തിന്റെ ഈ പുതിയ കേന്ദ്രം ആരെന്ന് ആളുകള്‍ അത്ഭുതപ്പെടവേ അദ്ദേഹത്തിന്റെ വളര്‍ത്തുമകള്‍ ആയ നമിതയുടെ ഭര്‍ത്താവാണ് രഞ്ജന്‍ ഭട്ടാചാര്യ എന്ന് വെളിപ്പെടുന്നു. നിത്യ ബ്രഹ്മചാരി എന്നറിയപ്പെടുന്ന വാജ്‌പേയി ബാച്ചിലര്‍ വിത്ത് മാരീഡ് എഫക്ട് ആയിരുന്നു എന്നുള്ള കാര്യം പരസ്യമായ രഹസ്യമായിരുന്നു. ചെറുപ്പകാലം മുതല്‍ക്കു തന്നെ വാജ്‌പേയിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. രാജ്കുമാരി ഹക്‌സര്‍ എന്നായിരുന്നു അവരുടെ പേര്. പ്രണയം നിലനില്‍ക്കെ തന്നെ അവര്‍ മിസ്റ്റര്‍ കൗള്‍ എന്നൊരു വ്യക്തിയെ വിവാഹം കഴിച്ചു. പക്ഷെ വാജ്‌പേയിയും ആയുള്ള ബന്ധം അതോടെ അവസാനിച്ചില്ല. വാജ്‌പേയി ആ കുടുംബവുമായി അടുത്ത ബന്ധം തുടര്‍ന്നു. കവിതയും പ്രണയവും കാമവും ലഹരിയുമായി വാജ്‌പേയിക്ക് ഒരു മുഖം കൂടിയുണ്ടായിരുന്നു. ആ മുഖം ബി ജെ പി/ആര്‍ എസ് എസ് ഹൈന്ദവ സംഘടനകള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒന്നായിരുന്നില്ല. കുട്ടികളെ ഇഷ്ടപ്പെട്ടിരുന്ന വാജ്‌പേയിയുടെ കൂട്ടുകാര്‍ നമിതയുടെ മകളായ നിഹാരികയുടെ കൂട്ടുകാര്‍ ആയിരുന്നു. ഡിസ്‌നി ലാന്‍ഡും അതിലെ കളികളും ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു വശം വാജ്‌പേയ്ക്കുണ്ട്. ത്രില്ലറുകളും ഹൊറര്‍ നോവലുകളും വായിക്കുന്ന മറ്റൊരു വശവും. വാജ്‌പേയി ഇപ്പോള്‍ ഓര്‍മ്മയായിരിക്കുന്നു. ഹിന്ദുത്വയെ നമ്മള്‍ വെറുക്കുമ്പോഴും വാജ്‌പേയിയെ നമുക്ക് വെറുക്കാന്‍ കഴിയില്ല. രണ്ടായിരത്തി രണ്ടാമാണ്ടില്‍ ഗോദ്രാ സംഭവം നടന്നപ്പോള്‍ രാജാവിന്റെ മുന്നില്‍ പ്രജകള്‍ ഒന്നാണെന്ന് വാജ്‌പേയി അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുകയും ഗോദ്ര സംഭവത്തിന് പിന്നിലെ കൈകള്‍ എന്ന ആരോപണം നേരിടുകയും ചെയ്ത നരേന്ദ്ര മോദിയെ പൊതുവേദിയില്‍ വച്ച് അനുസ്മരിപ്പിച്ചു. രാജധര്‍മ്മം എന്തായിരുന്നു എന്ന് അദ്ദേഹം പറയുകയായിരുന്നു. ഞാനും അത് തന്നെ ചെയ്യുകയാണെന്ന് മോഡി ഉത്തരം പറഞ്ഞു. തുടര്‍ന്നുള്ള സംഭവങ്ങള്‍ ചരിത്രമാണ്. ഗോവയില്‍ വെച്ച് നടന്ന ബി ജെ പി നാഷണല്‍ എക്‌സിക്യൂട്ടീവില്‍ വെച്ച് മോദിയുടെ രാജി ആവശ്യപ്പെടാന്‍ വാജ്‌പേയിക്ക് കഴിയുന്നതിനു മുന്‍പ് മോഡി സ്വയം രാജി സന്നദ്ധത പ്രകടിപ്പിക്കുകയും തന്റെ അനുയായികളെക്കൊണ്ട് അതിനെ എതിര്‍പ്പിച്ചു തന്റെ സംഘബലം തെളിയിക്കുകയും ചെയ്തു. വാജ്‌പേയിയുടെ നിഷ്‌ക്രമണവും മോദിയുടെ ഉയര്‍ച്ചയും ഇന്ത്യയിലെ ഹിന്ദുത്വ വ്യവഹാരത്തിന്റെ മാറ്റത്തെക്കൂടി അടയാളപ്പെടുത്തുന്നു എന്ന് വേണം പറയാന്‍.

പിന്നുര: പറയുമ്പോള്‍ എല്ലാം പറയണമല്ലോ. മലയാളിയുടെ മനസ്സില്‍ മറ്റൊരു വാജ്‌പേയി കൂടിയുണ്ട്. മിമിക്രി ആര്‍ട്ടിസ്റ്റായ സാജു കൊടിയന്‍ സ്‌റ്റേജുകളില്‍ അവതരിപ്പിച്ചു ഫലിപ്പിച്ച വാജ്‌പേയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com