ഹരീഷിന്റെ 'മീശ'യും പവിത്രന്റെ 'പര്‍ദ്ദ'യും

ബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും തലങ്ങളിലുള്ള നിശ്ചലതയ്‌ക്കെതിരെയുള്ള അടരാട്ടങ്ങളാണ് ജനസമൂഹങ്ങളെ നൂതന ചിന്താധാരകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്.
ഹരീഷിന്റെ 'മീശ'യും പവിത്രന്റെ 'പര്‍ദ്ദ'യും

വിഷ്‌കാര (അഭിപ്രായ) സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളിയും ദമ്യമല്ലാത്ത പോരാട്ടവും നടക്കുന്ന സമൂഹങ്ങളിലേ നവവിചാരങ്ങള്‍ കിളിര്‍ക്കുകയും വികസിക്കുകയും ചെയ്യൂ. മാമൂല്‍ ധാരണകളും ശീലങ്ങളും പുനഃചിന്തയ്ക്ക് വിധേയമാക്കാനും ആവശ്യമെങ്കില്‍ തിരുത്താനുമുള്ള സ്വാതന്ത്ര്യം നിലനില്‍ക്കാത്തിടത്ത് യാഥാസ്ഥിതികത്വത്തിന്റെ കട്ടപിടിച്ച ഇരുട്ട് അരങ്ങുവാഴും. വിചാരപരമായ നിശ്ചലത്വമാണ് അത്തരം സമൂഹങ്ങളില്‍ കുടിപാര്‍ക്കുക. ബൗദ്ധികതയുടേയും സര്‍ഗ്ഗാത്മകതയുടേയും തലങ്ങളിലുള്ള നിശ്ചലതയ്‌ക്കെതിരെയുള്ള അടരാട്ടങ്ങളാണ് ജനസമൂഹങ്ങളെ നൂതന ചിന്താധാരകളിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്.

മധ്യകാലത്തെന്നപോലെ ഉത്തരാധുനിക കാലത്തും പഴയ പാതവിട്ട് പുതിയ പാതയില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള പ്രവണത പലയിടങ്ങളിലും പ്രകടമാണ്. മതം, ജാതി, കക്ഷിരാഷ്ട്രീയം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍പ്പെട്ട നവവിചാരവിരോധികള്‍ തങ്ങള്‍ക്ക് രുചിക്കാത്ത ആശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമെതിരെ കത്തിയും തോക്കുമെടുത്ത് ചാടിവീഴുന്ന സ്ഥിതിവിശേഷം ഇന്ത്യയ്ക്കകത്തും പുറത്തും നിലനില്‍ക്കുന്നു. സല്‍മാന്‍ റുഷ്ദിക്കെതിരെ വധ ഫത്വയിറക്കിയ ആയത്തുല്ല ഖൊമെയ്നി മാത്രമല്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആരാച്ചാര്‍മാരായി ആധുനിക ചരിത്രത്തിലുള്ളത്. ഖൊയ്മനിക്ക് മുന്‍പും പിന്‍പും ഖൊമെയ്നിയന്‍ മനോഘടന പലരും പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലാണെങ്കില്‍ ഹൈന്ദവ, ഇസ്ലാമിക, ക്രൈസ്തവ വിഭാഗങ്ങളില്‍പ്പെടുന്ന മതമൗലികവാദികളും യാഥാസ്ഥിതിക പരിഷകളുമെന്നപോലെ കക്ഷിരാഷ്ട്രീയക്കാര്‍ക്കിടയിലെ വിജ്ഞാനവിരോധികളും കലാസൃഷ്ടികള്‍ക്കും സാഹിത്യരചനകള്‍ക്കും പുരോഗമനചിന്തയ്ക്കുമെതിരെ വാളെടുത്ത സംഭവങ്ങളും സന്ദര്‍ഭങ്ങളും ഒട്ടേറെയുണ്ട്. ഇമ്മട്ടിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധ ഇടപെടലുകള്‍ ശക്തമായി എതിര്‍ക്കപ്പെടണം എന്ന നിലപാടില്‍ നില്‍ക്കുന്നവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യ വിരുദ്ധരുടെ മതവും ജാതിയും രാഷ്ട്രീയവും പരിഗണിക്കാതെ, ഏത് കോണില്‍നിന്നു പുറപ്പെടുന്ന അഭിപ്രായാവകാശ ഹനനത്തേയും മുഖം നോക്കാതെ വിമര്‍ശിക്കുകയും തുറന്നുകാട്ടുകയും ചെയ്യണം.

അങ്ങനെ സംഭവിക്കുന്നുണ്ടോ ഇവിടെ? ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ ഒരു വിഭാഗം നടത്തുന്ന കയ്യേറ്റങ്ങളും കടന്നാക്രമണങ്ങളും രൂക്ഷമായി വിമര്‍ശിക്കപ്പെടുകയും മറ്റൊരു വിഭാഗത്തിന്റെ ഭാഗത്ത്‌നിന്നുണ്ടാകുന്ന സമാനരൂപത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യഹത്യ വിമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യുന്ന അവസ്ഥാവിശേഷത്തിന്  നമുക്ക് സാക്ഷികളാകേണ്ടി വന്നിട്ടില്ലേ? എഴുത്തുകാരുടേയും കലാകാരന്മാരുടേയും ചിന്തകരുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തികളും സംഘടനകളും പാര്‍ട്ടികളും ഈ വിഷയത്തില്‍ ഇരട്ടത്താപ്പ് നയം അവലംബിച്ചു പോന്നതിന്റെ ഒരു പരമ്പര തന്നെ നമ്മുടെ മുന്‍പാകെയുണ്ട്.
ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് എസ്. ഹരീഷിന്റെ 'മീശ' എന്ന നോവലിനും നോവലിസ്റ്റിനുമെതിരെ ഭൂരിപക്ഷ  തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായ ഭീഷണിയുടെ കാര്യത്തില്‍ പല എഴുത്തുകാരും പാര്‍ട്ടി നേതാക്കളും പ്രശസ്ത സാഹിത്യകാരന്മാരും സാംസ്‌കാരിക സംഘടനാമേധാവികളുമെല്ലാം ഹരീഷിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും സാമൂഹിക മാധ്യമങ്ങള്‍ വഴി നോവലിസ്റ്റിനെ കൊല്ലാക്കൊല നടത്തിയ ദുഷ്ടശക്തികളെ കഠിനമായി വിമര്‍ശിക്കാനും മുന്നോട്ടുവരികയുണ്ടായി. ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനു പുല്ലുവില കല്‍പ്പിക്കാതെ, മതവികാരത്തിന്റെ പേരുപറഞ്ഞ് എഴുത്തുകാരനുമേല്‍ ശകാരവര്‍ഷം നടത്തിയവര്‍ക്ക് ചുട്ട മറുപടി കൊടുക്കുന്നതില്‍ രാഷ്ട്രീയ സാരഥികളും സാഹിത്യ കുലപതികളും സാംസ്‌കാരിക പ്രവര്‍ത്തകരും കാണിച്ച ഉത്സാഹവും ഊര്‍ജ്ജസ്വലതയും അഭിനന്ദനീയമാണെന്ന കാര്യത്തില്‍ സംശയമില്ല.

പക്ഷേ, ഹരീഷിന്റെ നോവല്‍ ഖണ്ഡശ്ശഃ പുറത്തുവരാന്‍ തുടങ്ങുന്നതിന് ഏഴു മാസങ്ങളോളം മുന്‍പ്, 2017 ഡിസംബറില്‍ 'പര്‍ദ്ദ' എന്ന ശീര്‍ഷകത്തില്‍ ഒരു കവിത നമ്മുടെ ഭാഷയില്‍ വെളിച്ചം കണ്ടിരുന്നു. പവിത്രന്‍ തീക്കുനി രചിച്ചതായിരുന്നു, 'പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ്' എന്നു തുടങ്ങുന്ന ആ കവിത. ആ രചനയ്ക്കും അതിന്റെ കര്‍ത്താവിനുമെതിരെ ന്യൂനപക്ഷ മതതീവ്രവാദികള്‍ ഉറഞ്ഞുതുള്ളി. സോഷ്യല്‍ മീഡിയ വഴി പവിത്രനു നേരെ ഭീഷണിയുടെ വന്‍സ്‌ഫോടനങ്ങളുണ്ടായി. ഇടതു സഹയാത്രികന്‍ കൂടിയായ കവിക്ക് തന്റെ രചന പിന്‍വലിക്കേണ്ടിവന്നു. അന്നും കേരളത്തിലുണ്ടായിരുന്നത് ഇന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു. എസ്. ഹരീഷിനുവേണ്ടി ഇപ്പോള്‍ കളത്തിലിറങ്ങിയ എല്ലാ സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രഭുക്കളും 'പര്‍ദ്ദ'യ്ക്കും പവിത്രനും നേരെ കൊടുവാളുയര്‍ന്ന കാലത്തും മലയാളക്കരയിലുണ്ടായിരുന്നു. പക്ഷേ, അതിവിചിത്രമെന്നേ പറയേണ്ടൂ, ഭരണ മുഖ്യനോ പ്രതിപക്ഷ മുഖ്യനോ എഴുത്തുമുഖ്യന്മാരോ ഒന്നും പവിത്രനുവേണ്ടി ഒരുവാക്ക് മിണ്ടിയില്ല. 'പര്‍ദ്ദ' എന്ന കവിതയില്‍ വരുന്ന ആശയം പ്രകാശിപ്പിക്കാന്‍ കവിക്ക് അവകാശമുണ്ടെന്നു പറയാന്‍ ഇച്ചൊന്നവരുടെയൊന്നും നാവ് പൊങ്ങിയില്ല.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്
ഹരീഷിനുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം അതേ അളവില്‍ പവിത്രനുമുണ്ടായിട്ടും എന്തുകൊണ്ട് നമ്മുടെ രാഷ്ട്രീയക്കാരും സാംസ്‌കാരികക്കാരും രണ്ടാമത് പറഞ്ഞ എഴുത്തുകാരനെതിരെ ഉയര്‍ന്ന വധഭീഷണികള്‍ക്കും ശകാരപ്പെയ്ത്തിനും നേരെ നിശ്ശബ്ദത പാലിച്ചു? ഭീഷണികളുടെ സ്രോതസ്സിലുള്ള മാറ്റമാണ് അതിനു കാരണം എന്നു വല്ലവരും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഹരീഷിനെതിരെ ചാട്ടവാറെടുത്തത് ഹൈന്ദവ തീവ്രവാദികളാണ്; പവിത്രനെതിരെ ചാട്ടവാറെടുത്തത് മുസ്ലിം തീവ്രവാദികളും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരെ ന്യൂനപക്ഷമത തീവ്രവാദികള്‍ നടത്തുന്ന യുദ്ധം കാണാതിരിക്കുകയും മതതീവ്രവാദികള്‍ നടത്തുന്ന യുദ്ധം ഇരുമിഴികളും തുറന്നു കാണുകയും ചെയ്തു രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ വിരാജിക്കുന്ന ഉന്നതര്‍. ഒരു വിഭാഗം  നടത്തുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ ഹനനം മാത്രമേ അപലപനീയവും പ്രതിഷേധാര്‍ഹവുമാകൂ എന്നുണ്ടോ?

റാഷണലിസ്റ്റുകളായ സാമൂഹിക പ്രവര്‍ത്തകരുടെ വധം നടന്നപ്പോഴും ഇതേ ഇരട്ടത്താപ്പ് നാം കാണുകയുണ്ടായി. നരേന്ദ്ര ദഭോല്‍ക്കറും പ്രൊഫ. എം.എം. കല്‍ബുര്‍ഗിയും ഗോവിന്ദ് പന്‍സാരെയും ഹൈന്ദവ മതോന്മാദികളാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ നമ്മുടെ നേതാക്കള്‍ സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്  ആ ഹീനകൃത്യം നടത്തിയവരെ തുറന്നുകാട്ടാനും അവരുടെ വിദ്വേഷാധിഷ്ഠിത പ്രത്യയശാസ്ത്രത്തിനെതിരെ ആഞ്ഞടിക്കാനും രംഗത്തിറങ്ങി. അതേ സമയം, എം. ഫാറൂഖ് എന്ന മറ്റൊരു റാഷണലിസ്റ്റ് ഇസ്ലാമിക മതോന്മാദികളാല്‍ അരുംകൊല ചെയ്തപ്പോള്‍ ഘാതകരേയും അവര്‍ പിന്തുടരുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തേയും വിമര്‍ശിക്കാന്‍ ഇതേ നേതാക്കള്‍ തയ്യാറായില്ല. മുസ്ലിം സമുദായാംഗമായ റാഷണലിസ്റ്റ് മുസ്ലിം തീവ്രവാദികളാല്‍ വധിക്കപ്പെടുന്നത് അത്ര സാരമുള്ള കാര്യമല്ലെന്ന മട്ടില്‍ പെരുമാറുകയായിരുന്നു അവര്‍.

അഭിപ്രായസ്വാതന്ത്ര്യ നിഷേധത്തോടുള്ള പ്രതികരണങ്ങളില്‍ മാത്രമല്ല, ഇത്തരം ഇരട്ടത്താപ്പ് കാണുന്നത്. സാമൂഹിക പരിഷ്‌കരണത്തിന്റെ പ്രശ്‌നം വരുമ്പോഴും ഈ 'ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ്' പ്രവര്‍ത്തിക്കുന്നത് കാണാം. ഹിന്ദു സ്ത്രീകളുടെ ശബരിമലയിലെ പ്രവേശനത്തിനുവേണ്ടി വാദിക്കുന്നവര്‍ മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവിഷയത്തില്‍ ചില മുസ്ലിം സംഘടനകള്‍ തുടരുന്ന വിലക്കിനെക്കുറിച്ച് മൗനം പാലിക്കുകയാണ് പതിവ്. ഹിന്ദുക്കളുടെ കുടുംബ നിയമങ്ങളില്‍ പരിഷ്‌കരണം ആവശ്യപ്പെടുകയും 1954-1956 കാലത്ത് ഹിന്ദുകോഡ് ബില്‍ പാസ്സാക്കിയതിനെ അനുകൂലിക്കുകയും ചെയ്തവര്‍ മുസ്ലിം കുടുംബനിയമങ്ങളുടെ കാലോചിത പരിഷ്‌കരണത്തിനുവേണ്ടി ശബ്ദിക്കാന്‍ എക്കാലത്തും അമാന്തിച്ചു നിന്നിട്ടേയുള്ളൂ. ഏറ്റവും ഒടുവില്‍ ബഹുഭാര്യത്വം, നിക്കാഹ് ഹലാല തുടങ്ങിയ പ്രാകൃതാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം വേണമെന്നു മുസ്ലിം സ്ത്രീകളില്‍ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുമ്പോഴും ഹിന്ദു നിയമപരിഷ്‌കരണത്തിനു പച്ചക്കൊടി കാട്ടുന്നവര്‍ മുസ്ലിം കുടുംബ നിയമപരിഷ്‌കരണത്തിലുള്ള നിഷേധഭാവം തുടരുകതന്നെ ചെയ്യുന്നു.
അതിനവര്‍ പറയുന്ന ന്യായമാണ് വിചിത്രം. മുസ്ലിം കുടുംബനിയമങ്ങളുടെ പരിഷ്‌കരണം ആ സമുദായം മുഴുക്കെ (മുസ്ലിം സമുദായത്തിലെ മതമൗലിക സംഘടനകള്‍ എന്നു വായിക്കുക) ആവശ്യപ്പെടുന്നില്ലെന്നും അമ്മട്ടിലുള്ള ആവശ്യം ഉയരുമ്പോള്‍ മാത്രമേ അതേക്കുറിച്ച് ആലോചിക്കാനാവൂ എന്നുമുള്ള നിലപാടാണവര്‍ അവലംബിക്കുന്നത്. അങ്ങനെ ചെയ്യുന്നവര്‍, രണ്ടു നൂറ്റാണ്ടോളം മുന്‍പ് രാംമോഹന്‍ റോയിയുടെ കാലത്ത് 1829-ല്‍ അന്നത്തെ ബ്രിട്ടീഷ് ഭരണകൂടം സതി നിരോധിച്ചപ്പോള്‍ ഹിന്ദുക്കള്‍ക്കിടയിലെ മഹാഭൂരിപക്ഷം ആ പരിഷ്‌കരണത്തിന് എതിരായിരുന്നു എന്ന വസ്തുത സൗകര്യപൂര്‍വ്വം കാണാതിരിക്കുന്നു. അയിത്ത നിര്‍മാര്‍ജ്ജന നിയമം വന്നപ്പോഴും അതുതന്നെയായിരുന്നു അവസ്ഥ. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഹിന്ദുകോഡ് ബില്‍ കൊണ്ടുവരുമ്പോള്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്, പട്ടാഭി സീതാരാമയ്യ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖരും ഹിന്ദു സമൂഹത്തിലെ വന്‍ഭൂരിപക്ഷവും ആ ബില്ലിനെതിരെ രംഗത്ത് വരികയുണ്ടായി. അവരുടെയെല്ലാം എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് അന്ന് നെഹ്‌റു ഭരണകൂടം ഹിന്ദു കുടുംബനിയമങ്ങള്‍ പരിഷ്‌കരിച്ചത്.
ചുരുക്കിപ്പറഞ്ഞാല്‍, കുടുംബനിയമ പരിഷ്‌കരണത്തോടുള്ള എതിര്‍പ്പ്, ആവിഷ്‌കാര സ്വാതന്ത്ര്യഹനനം, സ്വതന്ത്ര ബുദ്ധിജീവികളുടെ ഉന്മൂലനം തുടങ്ങിയ പാതകങ്ങള്‍ ഭൂരിപക്ഷ മതമൗലിക, തീവ്രവാദ സംഘങ്ങളില്‍നിന്നുണ്ടാകുമ്പോള്‍ മാത്രമേ വിമര്‍ശിക്കപ്പെടേണ്ടൂ എന്ന നിലപാടത്രേ മതേതര, പുരോഗമന പക്ഷത്ത് നില്‍ക്കുന്നു എന്ന് അവകാശപ്പെടുന്ന സംഘടനകളും പാര്‍ട്ടികളും സാഹിത്യകാരന്മാരും കൈക്കൊള്ളുന്നത്. ഒട്ടും ശരിയല്ലാത്ത, നീതീകരണലേശമില്ലാത്ത ഈ സമീപനത്തിന്റെ ഗുണഭോക്താക്കള്‍, അന്തിമ വിശകലനത്തില്‍ ഭൂരിപക്ഷ മൗലികവാദികളാണ്. മതേതരക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നു എന്ന് ആരോപിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ അതവരെ സഹായിക്കുന്നു. ന്യൂനപക്ഷത്തിന്റെ പ്രതിലോമതയ്ക്ക് നേരെ കണ്ണടച്ചുകൊണ്ട് ഭൂരിപക്ഷത്തിന്റെ പ്രതിലോമത ചെറുക്കാനാകുമെന്ന മൗഢ്യം സെക്യുലര്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ കുടഞ്ഞെറിയുകതന്നെ വേണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com