'കിതാബി'ന്റെ ശത്രുക്കള്‍, ആണ്‍കോയ്മയുടെ മിത്രങ്ങള്‍

ഉള്ളോട്ട് ചൂഴ്ന്നുനോക്കിയാല്‍ പരിഷ്‌കരിക്കുക എന്നതിനര്‍ത്ഥം വിമര്‍ശിക്കുക എന്നാണെന്നും വിമര്‍ശിക്കുക എന്നതിനര്‍ത്ഥം പരിഷ്‌കരിക്കുക എന്നാണെന്നും മനസ്സിലാക്കാന്‍ കഴിയും.
'കിതാബി'ന്റെ ശത്രുക്കള്‍, ആണ്‍കോയ്മയുടെ മിത്രങ്ങള്‍

റബിയില്‍ 'ഇസ്ലാഹ്' എന്ന ഒരു വാക്കുണ്ട്. പരിഷ്‌കരണം എന്നാണ് അതിനര്‍ത്ഥം. ഉള്ളോട്ട് ചൂഴ്ന്നുനോക്കിയാല്‍ പരിഷ്‌കരിക്കുക എന്നതിനര്‍ത്ഥം വിമര്‍ശിക്കുക എന്നാണെന്നും വിമര്‍ശിക്കുക എന്നതിനര്‍ത്ഥം പരിഷ്‌കരിക്കുക എന്നാണെന്നും മനസ്സിലാക്കാന്‍ കഴിയും. ഇസ്ലാമില്‍ പറയുന്ന ഒട്ടേറെ പ്രവാചകന്മാരുണ്ട്. അവരുടെ നിയോഗം പരിഷ്‌കരണമായിരുന്നു-സാമൂഹിക പരിഷ്‌കരണം. നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടാണ് ഓരോ പ്രവാചകനും കടന്നുപോയത്.

പതിന്നാല് നൂറ്റാണ്ട് മുന്‍പ് വന്ന മുഹമ്മദ് നബിയോടെ പ്രവാചക പരമ്പര അവസാനിച്ചു എന്നാണ് പൊതുവേയുള്ള മുസ്ലിം വിശ്വാസം. പക്ഷേ, എന്നുവെച്ച് പരിഷ്‌കരണം അവസാനിക്കുന്നില്ല. നബിക്കുശേഷം ആ ദൗത്യം ഉലമാക്കള്‍ (പണ്ഡിതര്‍) മാത്രമല്ല, സാധാരണക്കാരും ഏറ്റെടുത്തു പോന്നതാണ് ചരിത്രം. രണ്ടാം ഖലീഫ ഉമര്‍ ഒരു പ്രഭാഷണമധ്യേ നടത്തിയ ഒരു വിധിതീര്‍പ്പിനെ സാധാരണക്കാരിയായ ഒരു സ്ത്രീ ചോദ്യം ചെയ്തത് കാണാം. വിമര്‍ശനത്തിലൂടെയുള്ള പരിഷ്‌കരണമാണ് അത്തരം ചോദ്യം ചെയ്യലുകളിലൂടെ സംഭവിക്കുന്നത്.

വിമര്‍ശനവും ചോദ്യം ചെയ്യലും പരിഷ്‌കരണവും എല്ലാവരും എല്ലായ്പോഴും ഇഷ്ടപ്പെട്ടു കൊള്ളണമെന്നോ അനുവദിച്ചുകൊള്ളണമെന്നോ ഇല്ല. പരിഷ്‌കരണം ആരെ പ്രതികൂലമായി ബാധിക്കുന്നുവോ, അവര്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ അവര്‍ ശിക്ഷിക്കുകയും ചെയ്യും. അതിനുള്ള ഉദാഹരണങ്ങളും ആദ്യകാല ഇസ്ലാമില്‍ത്തന്നെയുണ്ട്. പ്രവാചകന്റെ അനുചരനായിരുന്ന അബു ദര്‍ ഗഫാരി (മരണം സി.ഇ. 652) നാടുകടത്തപ്പെട്ടു. ഭരണവര്‍ഗ്ഗത്തില്‍പ്പെട്ട ചിലരില്‍ വളര്‍ന്നുവന്ന അവിഹിത സ്വത്ത് സമ്പാദന പ്രവണതയെ വിമര്‍ശിച്ചതിനായിരുന്നു, ഇപ്പോള്‍ സിറിയ എന്നറിയപ്പെടുന്ന ദേശത്തേക്ക് അന്ന് ഗഫാരിയെ നാടുകടത്തിയത്.

നീതിബോധത്താലും യുക്തിബോധത്താലും പ്രചോദിതരായി ഇസ്ലാമിക സമൂഹത്തിലെ നടപ്പുകളേയും രീതികളേയും കീഴ്വഴക്കങ്ങളേയും ചോദ്യം ചെയ്യുന്നവരുടെ തലമുറ മുസ്ലിം സമൂഹത്തില്‍ വേരറ്റുപോയിട്ടില്ല. വിമര്‍ശനമാണ് പരിഷ്‌കരണത്തിലേക്കുള്ള രാജപാതയെന്നു ഗ്രഹിച്ചവര്‍ ചോദ്യം ചെയ്യലുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. പതിനാറാം ശതകത്തിലെ ഇന്ത്യയില്‍ റൗഷാനിയ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കള്‍ ഉന്നയിച്ച ചോദ്യം ഇതായിരുന്നു: ''ദൈവത്തിന് എല്ലാ ഭാഷകളും അറിയാമെന്നിരിക്കെ നാമെന്തിന് പ്രാര്‍ത്ഥന അറബിയില്‍ത്തന്നെ നടത്തണം?'' അതത് ജനവിഭാഗങ്ങളുടെ മാതൃഭാഷയില്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നത് പ്രാര്‍ത്ഥനയുടെ ഉള്‍സാരത്തില്‍ പ്രാര്‍ത്ഥകനെ എത്തിക്കാന്‍ പര്യാപ്തമാകുമെന്നതിനാല്‍ സ്വഭാഷയിലെ പ്രാര്‍ത്ഥന പ്രോത്സാഹിപ്പിക്കപ്പെടണം എന്ന ആശയം (പരിഷ്‌കൃത ചിന്ത) മുന്നോട്ട് വെക്കുകയായിരുന്നു റൗഷാനിയ പ്രസ്ഥാനക്കാര്‍.
മതത്തിന്റെ ആത്മവത്തയ്ക്ക് ഒരു ക്ഷതവുമേല്‍പ്പിക്കുകയില്ലെന്ന് മാത്രമല്ല, പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും പൊരുളുമറിഞ്ഞ് അത് നിര്‍വ്വഹിക്കാന്‍ പ്രാര്‍ത്ഥകനെ പ്രാപ്തനാക്കുകയും ചെയ്യുമെന്നിരുന്നിട്ടും അറബിയേതര ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തുന്ന സമ്പ്രദായം ഇപ്പോഴും ഒരിടത്തും സ്വീകരിക്കപ്പെട്ടിട്ടില്ല. ഈ ലേഖകന്‍ ഒരു ദശകത്തോളം മുന്‍പ് എഴുതിയ ഒരുപന്യാസത്തില്‍ മുസ്ലിങ്ങളുടെ ബാങ്കുവിളി (പ്രാര്‍ത്ഥനയ്ക്കുള്ള ക്ഷണം) പ്രാദേശിക ഭാഷകളിലാകുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. പള്ളികളില്‍നിന്നു ഉച്ചഭാഷിണി വഴി പുറപ്പെടുന്ന ബാങ്ക് കേള്‍ക്കുന്ന മുസ്ലിങ്ങള്‍ക്കെന്നപോലെ അമുസ്ലിങ്ങള്‍ക്കും ബാങ്കിലടങ്ങിയ വാക്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ അതുപകരിക്കുമെന്നും അത്തരം മാറ്റം മതസത്തയെ ഒരുതരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു ഞാന്‍. ആ നിര്‍ദ്ദേശം മതയാഥാസ്ഥിതികരെ ക്ഷുഭിതരും പ്രകോപിതരുമാക്കുന്നതാണ് അന്നു കണ്ടത്.

ഇപ്പോള്‍ കോഴിക്കോട് ജില്ലയില്‍ വടകരയില്‍ നടന്ന റവന്യു ജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തില്‍ മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'കിതാബ്' എന്ന നാടകം വിവാദം സൃഷ്ടിച്ചിരിക്കയാണ്. 'വാങ്ക്' എന്ന ചെറുകഥയെ ഉപജീവിച്ച് റഫീഖ് മംഗലശ്ശേരി രചിച്ച ആ നാടകത്തില്‍ ബാങ്ക്വിളിയുടെ ഭാഷയല്ല, ബാങ്കുനിര്‍വ്വഹണത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആണ്‍കോയ്മയാണ് പ്രമേയം. ആണിനെപ്പോലെ പെണ്ണിനും ബാങ്കുവിളി നടത്തിക്കൂടേ എന്നു ചോദിക്കുന്ന ചെറുപ്പക്കാരി നാടകത്തിലെ കേന്ദ്ര കഥാപാത്രമാണ്, ബാങ്കുനിര്‍വ്വഹണത്തില്‍ മാത്രമല്ല, മുസ്ലിം സാമൂഹിക വ്യവഹാരങ്ങളുടെ പല മേഖലകളിലും അള്ളിപ്പിടിച്ചുനില്‍ക്കുന്ന ആണ്‍മേധാവിത്വപരമായ സമീപനങ്ങളിലേക്ക് നാടകം പ്രേക്ഷക ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. മതത്തെ അവഹേളിക്കലായിട്ടല്ല, മതത്തിന്റെ പേരില്‍ തല്‍പ്പരകക്ഷികള്‍ വളര്‍ത്തിയെടുത്ത മതവിരുദ്ധവും പെണ്‍വിരുദ്ധവുമായ ധാരണകളുടെ വിമര്‍ശനമായിട്ടാണ് 'കിതാബി'നെ കാണേണ്ടത്.

ഇമ്മട്ടിലുള്ള വിമര്‍ശനങ്ങളും തുറന്നുകാട്ടലുകളും പുതിയ കാര്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഇ.കെ. അയമുവിന്റേയും കെ.ടി. മുഹമ്മദിന്റേയും നാടകങ്ങളില്‍ മതാവരണമിട്ട ദുരാചാരങ്ങളിലേക്ക് വായനക്കാരുടേയും കാണികളുടേയും ശ്രദ്ധ മുക്കാല്‍ നൂറ്റാണ്ട് മുന്‍പ് ക്ഷണിക്കപ്പെട്ടതാണ്. 1960-കളുടെ ആദ്യത്തില്‍ പുറത്തുവന്ന 'കണ്ടം ബെച്ച കോട്ട്', 'കുട്ടിക്കുപ്പായം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ അനാവൃതമാക്കപ്പെട്ടിരുന്നു.

ഇസ്ലാമിക സമൂഹത്തിലെ സ്ത്രീവിരുദ്ധതയും അന്ധനിലപാടുകളും മാത്രമല്ല, ഇവ്വിധം തുറന്നുകാട്ടപ്പെട്ടത് എന്ന വസ്തുതയും കണക്കിലെടുക്കപ്പെടണം. ഒന്നേകാല്‍ നൂറ്റാണ്ട് മുന്‍പ്, 1889-ല്‍ ഒ. ചന്തുമേനോന്‍ എഴുതിയ 'ഇന്ദുലേഖ' എന്ന നോവലിലെ സൂരിനമ്പൂതിരി എന്ന കഥാപാത്രം വഴി അന്നത്തെ ബ്രാഹ്മണാധിഷ്ഠിത ഫ്യൂഡലിസ്റ്റ് ആഭാസങ്ങള്‍ നിശിതവിമര്‍ശനത്തിനു വിധേയമാക്കപ്പെട്ടു. ഇന്ദുലേഖയെന്ന നായര്‍ യുവതിക്ക് പിറകെ കാമാതുരനായി നടക്കുന്ന സൂരിനമ്പൂതിരിയെ അവതരിപ്പിച്ച ചന്തുമേനോന്‍ അന്നു ഹിന്ദുക്കള്‍ക്കിടയിലെ നമ്പൂതിരി സമൂഹം അനുവര്‍ത്തിച്ച, ജുഗുപ്‌സാവഹം എന്നു വിശേഷിപ്പിക്കേണ്ട ജാത്യാധിഷ്ഠിത ആണ്‍കോയ്മയ്‌ക്കെതിരെയാണ് തൂലിക ചലിപ്പിച്ചത്. മതവിര്‍ശനമെന്നപോലെ അതിശക്തമായ സാമൂഹിക വിമര്‍ശനവുമായിരുന്നു അത്.
ഒയ്യാരത്ത് ചന്തുമേനോന്‍ രചിച്ച 'ഇന്ദുലേഖ'യെ ഹിന്ദുമതത്തെ അവഹേളിക്കുന്ന നോവലായി ചിത്രീകരിക്കുന്നത് എത്രമാത്രം വിവേകശൂന്യമാണോ അത്രത്തോളം തന്നെ വിവേകശൂന്യമാണ് മേമുണ്ട ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച 'കിതാബി'നെ ഇസ്ലാം മതത്തെ അവഹേളിക്കുന്ന നാടകമായി അടയാളപ്പെടുത്തുന്നത്. ആ നാടകത്തെ ആ നിലയ്ക്ക് വീക്ഷിക്കുന്നവര്‍ ഇസ്ലാം മതം എന്നത് മുഴുത്ത പെണ്‍വിരുദ്ധതയും അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും ഭാണ്ഡക്കെട്ടുമാണെന്ന് സമ്മതിക്കുകയത്രേ ഫലത്തില്‍ ചെയ്യുന്നത്.

'കിതാബി'നെതിരെ തെരുവിലിറങ്ങുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്ത മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍ സമീപ ഭൂതകാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുന്നത് നല്ലതാണ്. ആധുനിക മതേതര വിദ്യാഭ്യാസം ഹറാമാണെന്നും ഇംഗ്ലീഷ് നരകഭാഷയാണെന്നും മലയാളം ആര്യനെഴുത്താണെന്നും ഇരുപതാം ശതകത്തിന്റെ ആദ്യത്തില്‍ അന്നത്തെ മുസ്ലിം മതപൗരോഹിത്യം പറഞ്ഞത് ഇസ്ലാമിന്റെ സംരക്ഷക വേഷമണിഞ്ഞായിരുന്നു. ചിത്രം വരയ്ക്കുന്നതും നൃത്തം ചവിട്ടുന്നതും ഫോട്ടോ എടുക്കുന്നതും സംഗീതം ശ്രവിക്കുന്നതും മഹാപാപമാണെന്ന വിധിയെഴുത്ത് പോയ നൂറ്റാണ്ടില്‍ അവര്‍ നടത്തിയത് കാണാം. നാടകവും സിനിമയുമെല്ലാം മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടതും ഓര്‍മ്മയിലുണ്ടാവണം. എന്നാല്‍, ഇപ്പോഴോ? ആധുനിക മതേതര വിദ്യാഭ്യാസവും ഇംഗ്ലീഷ് ഭാഷയും ചിത്രമെഴുത്തും ഫോട്ടോയും സംഗീതവും സിനിമയുമൊക്കെ സമീപകാലത്ത് 'ഹലാല്‍' (അനുവദനീയം) ആയിരിക്കുന്നു. 'അനിസ്ലാമികം' എന്നു ചാപ്പകുത്തി ദീര്‍ഘകാലം അകറ്റിനിര്‍ത്തിയ പലതും ഇപ്പോള്‍ ഇസ്ലാമികമായിത്തീര്‍ന്നിരിക്കുന്നു.

ഈ പരിവര്‍ത്തനങ്ങളൊക്കെ കണ്‍മുന്നിലുണ്ടായിട്ടും ഇസ്ലാമിന്റെ സ്വയം നിയമിത 'സുരക്ഷാഭടന്മാര്‍' കിതാബ് പോലുള്ള കലാവിഷ്‌കാരങ്ങള്‍ക്കെതിരെ ഇപ്പോഴും കത്തിയും വാളുമെടുക്കുകയാണ്. അതേ സമയം, ഇസ്ലാമിന്റെ മേല്‍വിലാസത്തില്‍ നടക്കുന്നതും മുഹമ്മദ് നബി പഠിപ്പിച്ച മതത്തിന്റെ തത്ത്വങ്ങള്‍ക്ക് കടകവിരുദ്ധമായതുമായ ആത്മീയചൂഷണങ്ങള്‍ക്കും വാണിഭത്തിനുമെതിരെ അവര്‍ ചെറുവിരല്‍ പോലുമനക്കുന്നില്ല. കോഴിക്കോട് ജില്ലയിലെ കാരന്തൂരില്‍ ആഴ്ചകള്‍ക്കു മുന്‍പ് 'മുടിവെള്ള' വിതരണം തകൃതിയായി നടക്കുകയുണ്ടായി. പ്രവാചകന്റെ തലമുടി കിടന്ന വെള്ളം എന്ന നിലയിലാണ് അവിടെ പതിനായിരങ്ങള്‍ 'കേശജലം' ഏറ്റുവാങ്ങിയത്. ഇസ്ലാമിന്റെ ചരിത്രത്തില്‍ ഒരിടത്തും ഒരുകാലത്തും കാണാത്ത ഇത്തരം ഒരേര്‍പ്പാടിനെ എതിര്‍ക്കാനുള്ള ആര്‍ജ്ജവം പ്രദര്‍ശിപ്പിക്കാത്ത മുസ്ലിം സംഘടനകള്‍ കിതാബ് എന്ന നാടകത്തിലെ ഏതാനും ദൃശ്യങ്ങള്‍ക്കെതിരെ ഖഡ്ഗമെടുക്കുന്നതിനെക്കാള്‍ പരിഹാസ്യമായി മറ്റെന്തുണ്ട്!
ഇസ്ലാം മതത്തേയും അതുമായി ബന്ധപ്പെട്ട വികാരത്തേയും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി വിലസുന്ന കുറേ മുസ്ലിം രാഷ്ട്രീയ നേതാക്കന്മാര്‍ നാട്ടിലുണ്ട്. ഇസ്ലാം മതം ഒരിക്കലും അംഗീകരിക്കാത്ത അനധികൃത ധന ഇടപാടുകള്‍ വഴി സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തവര്‍ മാത്രമല്ല, ലൈംഗിക കുറ്റകൃത്യങ്ങളിലൂടെ കടന്നുപോയവരും സ്വര്‍ണ്ണക്കടത്തും ഹവാലയുമുള്‍പ്പെടെ പലതരം മാഫിയകളുമായി ബന്ധപ്പെട്ടവരും സ്വജനപക്ഷപാതം എന്ന അഴിമതി നടത്തിയവരുമൊക്കെ അക്കൂട്ടത്തില്‍പ്പെടുന്നു. അത്തരക്കാര്‍ ഇസ്ലാം മതത്തെ ദുരുപയോഗിക്കുകയും അവഹേളിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. പക്ഷേ, കിതാബിനെതിരെ പടച്ചട്ടയണിഞ്ഞ ഒരു സംഘടനയും മേല്‍സൂചിപ്പിച്ചവര്‍ ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നവരാണെന്ന ആരോപണമുന്നയിച്ച് മാര്‍ച്ചോ പ്രകടനമോ പ്രതിഷേധ സദസ്സോ നടത്തിയ ചരിത്രമില്ല.
അതിനര്‍ത്ഥം മേമുണ്ട സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തില്‍ 'ഇസ്ലാം വിരുദ്ധത' ദര്‍ശിക്കുന്നവര്‍ക്ക് ഇസ്ലാമിക മൂല്യങ്ങളില്‍ താല്‍പ്പര്യം അശേഷമില്ലെന്നാണ്. ആള്‍ദൈവങ്ങളായി ആത്മീയവാണിഭം നടത്തുന്ന മതമേലാളന്മാരുടെ മതമൂല്യക്കശാപ്പ് അവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇസ്ലാമിക വികാരം മുതലെടുത്ത് രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ എത്തിയവര്‍ നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ജനശ്രദ്ധയില്‍നിന്നു അവര്‍ മായ്ചുകളയുന്നു. കിതാബ് പോലുള്ള കലാവിഷ്‌കാരങ്ങളും അവയുടെ രചയിതാക്കളും മാത്രമാണ് അവരുടെ കണ്ണില്‍ ശത്രുക്കള്‍. അതിനു കാരണം അവര്‍ ആണ്‍കോയ്മാ മൂല്യങ്ങളുടെ അഥവാ പുരുഷ ഇസ്ലാമിന്റെ മിത്രങ്ങളാണ് എന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com